
കവിത, തത്ത്വചിന്ത, സത്യാന്വേഷണം, മാതാ അമൃതാനന്ദമയി മഠം, പോലിസ്, ഭ്രാന്താശുപത്രി, മോര്‍ച്ചറി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട തന്റെ കൂട്ടുകാരന് നാരായണന്‍കുട്ടിയുടെ ഓര്‍മയാണ് കൊടുങ്ങല്ലൂര്ക്കാരന് ടി.എന്‍. ജോയിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ചു കൊല്ലപ്പെട്ട സത്നാംസിങിനോട് അടുപ്പിച്ചത്. തങ്ങളുടെ കൂട്ടുകാരന്റെ തനിയാവര്‍ത്തനം പോലെ ഒരു മരണം. സത്നാമിന്റെ മരണത്തിനും 23 കൊല്ലം മുന്‍പായിരുന്നു അത്.
1990 ഏപ്രില്‍ 4 കവിയുടെ മരണം- ഒന്ന്
അന്ന് ബുധനാഴ്ചയായിരുന്നു. മരണത്തിന്റെ ഗന്ധവും ഈര്‍പ്പവുമുള്ള മോര്‍ച്ചറിയില്‍ കിടന്ന നാരായണന്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് സഹോദരന് പ്രഫ. വി. അരവിന്ദാക്ഷനായിരുന്നു. കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരികരംഗത്തെ ശ്രദ്ധേയമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു നാരായണന്‍കുട്ടി. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്, മുന്‍മന്ത്രി വി.വി. രാഘവന് എന്നിവരുടെ അടുത്ത ബന്ധു. ബ്യൂറോ ഓഫ് സ്റാറ്റിസ്റിക്സ് ആന്റ് ഇക്കണോമിക്സ് ഡിപാര്‍ട്ട്മെന്റിലായിരുന്നു ജോലി.
രാഷ്ട്രീയവും തത്ത്വശാസ്ത്രവും സാഹിത്യവും സിനിമയും തുടങ്ങി സൂര്യനു കീഴെ എന്തിനെ കുറിച്ചും നാരായണന്‍കുട്ടി സംസാരിച്ചു. വലിയ വായനക്കാരനും സ്വപ്നജീവിയുമായ നാരായണന്‍കുട്ടിയെ കൂട്ടുകാര്‍ കുന്നിക്കല്‍ എന്നു കളിയാക്കുമായിരുന്നു. പരിവര്‍ത്തനവാദി കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും ഇടതുതീവ്രചിന്താഗതിക്കാരും കോണ്‍ഗ്രസ്സുകാരും അരാജകവാദികളും യുക്തിവാദികളും അടങ്ങുന്ന വിപുലമായ സൌഹൃദമുണ്ടായിരുന്നു നാരായണന്‍കുട്ടിക്ക്. കവി സച്ചിദാനന്ദന് പ്രസിദ്ധീകരിച്ചിരുന്ന ജ്വാല മാസികയില്‍ നാരായണന്‍കുട്ടി ധാരാളം കവിതകളെഴുതിയിരുന്നെന്ന് ടി.എന്‍. ജോയ് ഓര്‍ക്കുന്നു.
നാരായണന്‍കുട്ടി അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നതു യാദൃച്ഛികമായിട്ടായിരുന്നു. അരുതായ്മകളോട് എന്നും ക്ഷോഭിച്ച അദ്ദേഹം അവിടെ കലഹിച്ചതു പക്ഷേ, തികച്ചും വ്യക്തിപരമായ ഒരു കാര്യത്തിന്റെ പേരിലായിരുന്നു. കൊടുങ്ങല്ലൂരിലെ അമൃതാനന്ദമയിയുടെ മഠം സ്ഥിതിചെയ്യുന്ന സ്ഥലം നാരായണന്‍കുട്ടിയുടെ കുടുംബസ്വത്തായിരുന്നു എന്നും ആ ഭൂമി അദ്ദേഹത്തിന്റെ അമ്മയെ പ്രലോഭിപ്പിച്ച് അന്യായമായി മഠം കൈവശപ്പെടുത്തിയതാണ് എന്നും ഇപ്പോഴും നാട്ടുകാരും സുഹൃത്തുക്കളും വിശ്വസിക്കുന്നു. തനിക്കുകൂടി അവകാശപ്പെട്ട ഭൂസ്വത്ത് അമൃതാനന്ദമയി മഠം പോലൊരു സ്ഥാപനം കൈവശപ്പെടുത്തിയതിനെ നാരായണന്‍കുട്ടി അമ്മയുടെ മഠത്തില്‍ ചെന്ന് ചോദ്യം ചെയ്തതോടെയാണു പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ബോധം കെടും വരെ മര്‍ദ്ദിച്ചാണ് 'അമ്മ'യുടെ ശിഷ്യഗണങ്ങള്‍ അതിനോടു പ്രതികരിച്ചത്. തല്ലുകൊണ്ട് അവശനായ നാരായണന്‍കുട്ടിയെ അവര്‍ കരുനാഗപ്പള്ളി പോലിസിനു കൈമാറി. പോലിസ് അദ്ദേഹത്തെ ഭ്രാന്തന് എന്നാരോപിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ധിഷണാശാലിയായ ആ ആത്മാമ്പേഷിയുടെ യാത്ര മോര്‍ച്ചറിയിലാണ് അവസാനിച്ചത്.
നാരായണന്‍കുട്ടിയുടെ കൊലപാതകത്തില്‍ പോലിസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലാത്തതിന്റെ പേരില്‍ നാട്ടുകാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എം.എല്‍.എ. ആയിരുന്ന വി.കെ. രാജന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കു പരാതി നല്‍കിയെങ്കിലും അമൃതാനന്ദമയിയെ ബാധിക്കുന്ന കേസ് ആയതുകൊണ്ടാവാം, സത്യം ഒരിക്കലും പുറത്തുവന്നില്ല.
2012 ആഗസ്ത് 4 കവിയുടെ മരണം- രണ്ട്
ഹൃദയത്തില്‍ ഒരു സങ്കടത്തിന്റെ കടല്‍ അടക്കിവച്ചു ബിമല്‍ കിഷോര്‍ മോര്‍ച്ചറിക്കു മുമ്പില്‍ നില്‍ക്കുകയാണ്. ഇന്ത്യയിലെ പ്രശസ്ത ചാനലുകളില്‍ ഒന്നായ ആജ്തക്കിന്റെ ഡല്‍ഹി ലേഖകനായ അദ്ദേഹം ബിഹാറിലെ ഗയ സ്വദേശിയാണ്. ബിമല്‍ ഡല്‍ഹിയില്‍നിന്നു കേരളത്തില്‍ എത്തിയത് കരുനാഗപ്പള്ളി പോലിസ് കസ്റഡിയില്‍ വച്ചിരിക്കുന്ന തന്റെ അനിയനെ ജാമ്യത്തിലെടുത്തു നാട്ടിലേക്കെത്തിക്കാനാണ്.
സത്നാം എന്ന വാക്കിനര്‍ഥം സത്യത്തിന്റെ പേര് എന്നാണ്. വളരെ കുറച്ചേ അവന് ജീവിച്ചിരുന്നുള്ളൂവെങ്കിലും ജീവിതകാലം മുഴുവന്‍ സത്യാന്വേഷിയായി അലഞ്ഞു. ലഖ്നോ നാഷണല്‍ ലോ സ്കൂളില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ആ 23 വയസ്സുകാരന്റെ അപാരമായ ജ്ഞാനം എല്ലാവരെയും അദ്ഭുതപ്പെടുത്തി. സ്കൂള്‍ പഠനകാലത്തുതന്നെ ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍, ഗുരുഗ്രന്ഥസാഹിബ് തുടങ്ങിയ മതഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കി. അവന് സന്ദേഹിയും കവിയുമായിരുന്നു. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതി.
കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ച് അമൃതാനന്ദമയിക്ക് നേരെ സത്നാം അക്രമാസക്തനായെന്നും ആശ്രമം അധികൃതര്‍ അവനെ പോലിസില്‍ ഏല്‍പ്പിച്ചെന്നുമുള്ള വിവരം ബിമലിനു നേരത്തേ ലഭിച്ചിരുന്നു. എന്തുകൊണ്ടാ സത്നാമിനെ കാണാന്‍ കുറച്ചു സമയമേ അവര്‍ അനുവദിച്ചുള്ളൂ, വെറും 40 സെക്കന്‍ഡ്! അനുമതി തീര്‍ന്നു. സത്നാമിനു ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും വധശ്രമത്തിനു കേസ് എടുത്തിരിക്കുന്നതിനാല്‍ വിട്ടുതരാന്‍ സാധിക്കില്ലെന്നു പോലിസ് കൈമലര്‍ത്തി. വീണ്ടും ജാമ്യത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കെ അടുത്ത ദിവസം അഡ്വക്കേറ്റ് ഫോണില്‍ വിളിച്ചു: "ചാനലുകളില്‍ ഒരു ന്യൂസ് സ്ക്രോള്‍ ചെയ്യുന്നുണ്ട്. താങ്കളുടെ സഹോദരന് മരിച്ചു.''
അമ്മയറിയാന്‍

അമ്മ സുമന് സിങിന്റെ വാക്കുകള്‍ ഇളയ സഹോദരന് സുധാംശു സിങ് പറഞ്ഞു കേള്‍പ്പിക്കുമ്പോള്‍ ഹൃദയം കീറി മുറിയുന്ന വേദനയാണ് അനുഭവപ്പെട്ടതെന്നു സത്നാം സിങിന്റെ വീട്ടിലേക്കു യാത്രപോയ എട്ടംഗ സംഘത്തിന്റെ തലവന്‍ ഈസാ ബിന്‍ അബ്ദുല്‍കരീം പറയുന്നു.
ബിഹാറിലെ ഗയ ജില്ലയിലെ ശേര്ഗാട്ടി എന്ന കൊച്ചുനഗരത്തിലാണു സത്നാം സിങിന്റെ വീട്. ആ പ്രദേശത്തിന്റെ ഏതാണ്ട് 500 കി.മീ. ചുറ്റളവില്‍ വരെ അറിയപ്പെടുന്ന ഒരു സമ്പന്ന ബ്രാഹ്മണകുടുംബത്തിലെ അംഗം. സത്നാമിന്റെ വല്യച്ഛന് ശേര്ഗാട്ടിയിലെ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. പൂര്‍ണമായും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. എങ്കിലും ശക്തമായ രാഷ്ട്രീയബന്ധമുണ്ട്. നല്ല സാമ്പത്തികശേഷിയും ജീവിതസൌകര്യങ്ങളുണ്ടായിട്ടും സത്നാം ലളിതജീവിതം നയിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു.
പ്ളസ്ടുവിനു പഠിക്കുമ്പോള്‍ ഛത്തീസ്ഗഡിലെ സ്കൂളിലേക്ക് ട്രെയിനിലാണു യാത്ര. എ.സി. കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്തിരുന്ന സത്നാം ഒരിക്കല്‍ ലോക്കല്‍ ബോഗികളില്‍ സൂചികുത്താന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ മനുഷ്യര്‍ തിങ്ങിഞെരുങ്ങി യാത്രചെയ്യുന്നതു കണ്ടു. തിരക്കിനാല്‍ പുറത്തേക്കു തെറിച്ചുവീഴും എന്നു തോന്നും വിധത്തില്‍ അവര്‍ വാതിലുകളില്‍ തൂങ്ങിക്കിടക്കുന്നു. അവരില്‍ ദരിദ്രരായ തൊഴിലാളികളും കര്‍ഷകരും രോഗികളും വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. അവരുടെ ദുരിതയാത്ര കണ്ടു സത്നാം ഡയറിയില്‍ ഇങ്ങനെ എഴുതി: "പാവപ്പെട്ട ജനങ്ങള്‍ ലോക്കല്‍ ബോഗികളില്‍ തിങ്ങി ഞെരുങ്ങി യാത്രചെയ്യുമ്പോള്‍ എങ്ങനെയാണ് ഒരു രാഷ്ട്രത്തിനു സൂപ്പര്‍ പവര്‍ എന്ന് അവകാശപ്പെടാനാവുക?''’
പിറ്റേന്നു മുതല്‍ അവന് റിസര്‍വേഷന്‍ ടിക്കറ്റ് ഉപേക്ഷിച്ചു. ലോക്കല്‍ ബോഗികളില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്രചെയ്തു. എന്തിന് അങ്ങനെ ചെയ്യുന്നുവെന്ന് അച്ഛന് ചോദിച്ചപ്പോള്‍ സത്നാമിന്റെ മറുപടി ഇതായിരുന്നു: “"പപ്പാ, ലോക്കല്‍ ബോഗികളില്‍ പാവങ്ങള്‍ എങ്ങനെ യാത്രചെയ്യുന്നുവെന്ന് അറിയാനാണ് ഈ തീരുമാനമെടുത്തത്. അവരുടെ ജീവിതം പഠിക്കാന്‍.''’
ആ യാത്ര ഒരു വഴിത്തിരിവായി. മനുഷ്യരോടു കലഹിക്കാത്ത അവന് അതേച്ചൊല്ലി ദൈവത്തോടു കലഹിച്ചു: "ദൈവം സര്‍വശക്തനാണ് എങ്കില്‍ പാവങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന്? അവരുടെ വേദനകള്‍ മാറ്റാന്‍ കാരുണ്യവാനായ ദൈവത്തിനു സാധിക്കാത്തത് എന്തുകൊണ്ട്?'' ഉത്തരം കിട്ടാതെ അസ്വസ്ഥനായി. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണംതേടി ആത്മീയവഴിയില്‍ സഞ്ചരിച്ചു. വായനയും ചിന്തയും അന്വേഷണവുമായി പുതിയൊരു പാത വെട്ടിത്തുറന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു തന്റെ സമസ്യകള്‍ക്ക് ഉത്തരം തേടി സാധാരണക്കാര്‍ക്കിടയിലും ആശ്രമങ്ങളിലും അലഞ്ഞു. പാവങ്ങളോടു സംസാരിച്ചു, ആശ്രമാധിപന്മാരുമായി സംവാദങ്ങള്‍ നടത്തി. ജാര്‍ഖണ്ഡിലെ ഋക്യപീഠത്തില് ഒരു മാസക്കാലം തങ്ങി. സത്നാമിന്റെ പാവങ്ങളോടുള്ള കരുണയും സ്നേഹവും അറിവും അനുഭവിച്ചറിഞ്ഞ ആശ്രമാധിപന് സച്ചിദാനന്ദ സരസ്വതികള്‍ അവന്റെ മാതാപിതാക്കളെ ആശ്രമത്തിലേക്കു ക്ഷണിച്ച് ആദരിച്ചു.
സത്നാം കൊല്‍ക്കത്തയിലെ ബേലൂര്മഠവും വര്‍ക്കലയിലെ നാരായണഗുരുകുലവും സന്ദര്‍ശിച്ചിരുന്നു. നാരായണഗുരുകുലത്തില്‍ വച്ച് പഠനവും സംവാദവും നടത്തി. "യാതൊരു മാനസികപ്രശ്നവുമുണ്ടായിരുന്നില്ല, അവന് നല്ല ബുദ്ധിമാനായിരുന്നു'' വെന്ന് ഗുരു മുനി നാരായണപ്രസാദ് സാക്ഷ്യപ്പെടുത്തുന്നു.
സത്നാം ഓരോ യാത്രയിലും കാണുന്ന കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുമായിരുന്നു. അമൃതാനന്ദമയി ആശ്രമത്തില്‍ വച്ച് അവന്റെ നിരീക്ഷണത്തില്‍ അവിടെ നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടിട്ടുണ്ടാകും. അതു ചോദ്യം ചെയ്തതായിരിക്കും മരണത്തില്‍ കലാശിച്ചതെന്ന് അദ്ദേഹം സംശയിക്കുന്നു.
അമ്മയുടെ കാരുണ്യം കൊണ്ടാണ് സത്നാംസിങിന് നാലു ദിവസം ആയുസ്സു നീട്ടിക്കിട്ടിയതെന്ന് ഹിന്ദു ഐക്യവേദിയുടെ നേതാവായ ശശികല ടീച്ചര്‍ നാടുതോറും പ്രസംഗിച്ചുനടക്കുന്നുണ്ട്. അമ്മയുടെ ആശ്രമത്തെ അപകടപ്പെടുത്താന്‍ “ബിസ്മില്ലാഹി റഹ്മാനിര്‍റഹിം’ വായില്‍ തിരുകിയ ജിഹാദികള്‍ ശ്രമിക്കുകയാണെന്നും അവര്‍ പറയുന്നു.
“
'ബിസ്മില്ലാ' കേട്ടു ശീലിച്ച ഒരു അന്തരീക്ഷമം കൂടിയുണ്ട് സത്നാം സിങിന്. ജാതിമതചിന്തകള്‍ക്കതീതരായി ജീവിക്കുന്നവരാണു സത്നാമിന്റെ കുടുംബക്കാര്. സത്നാമിന്റെ വീടിനു പിന്നില്‍ ഒരു പഴയ മുസ്ലിം പള്ളി പൊളിഞ്ഞുകിടന്നിരുന്നു. ഒരു ആരാധനാലയം നശിച്ചു കിടക്കുന്നതു കണ്ടു വിഷമം തോന്നിയ അവന്റെ മുത്തച്ഛന് കിഷോര്‍സിങ് ആ പള്ളി പുനര്‍നിര്‍മിച്ചു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. സത്നാമിന്റെ വീട്ടിലേക്കു യാത്രപോയ അജിതന് ഓര്‍മിച്ചു.
മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന സത്നാം സിങ് എന്ന ആ മനുഷ്യസ്നേഹിയുടെ വാക്കുകളും പെരുമാറ്റവും, ഓരോ പള്ളിയും പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കു തിരിച്ചറിയാന്‍ സാധിച്ചില്ല.

തനിക്കു നേരെ കൈചൂണ്ടിയവന്‍ കൊല്ലപ്പെടണം എന്നുതന്നെ ആയിരുന്നോ വിശുദ്ധവേഷം കെട്ടിയ അമൃതാനന്ദമയിയുടെ ഉദ്ദേശ്യം? അല്ലെങ്കില്‍ അമൃതപുരിയിലെ കാവിയും വെള്ളയും ധരിച്ച കരിമ്പൂച്ചകള്‍ സത്നാമിനെ തല്ലിച്ചതയ്ക്കുമ്പോള്‍ “അരുതേ” എന്നൊരു അമൃതവാണി അശരീരിയായെങ്കിലും ഉയരുമായിരുന്നു.
സത്നാമിനെ കസ്റഡിയിലെടുത്ത് അരമണിക്കൂറിനുള്ളില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആശ്രമത്തില്‍ പാഞ്ഞെത്തി അമൃതാനന്ദമയിയെ കണ്ടു. ഇരയെ തിരിഞ്ഞു നോക്കിയതേയില്ല. കേസ് അന്വേഷിച്ചത് അമ്മയുടെ ഭക്തയായ ക്രെം ബ്രാഞ്ച് ഐ.ജി.ബി. സന്ധ്യയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഏതാനും പേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി. എന്നാല്‍, സംഭവത്തില്‍ ദൃക്സാക്ഷികളായ അമൃതാനന്ദമയി ആശ്രമത്തിലെ അന്തേവാസികള്‍, അവിടെവച്ച് സത്നാമിനെ പീഡിപ്പിച്ചവര്‍ എന്നിവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. അക്രമം നടന്ന ശേഷം സത്നാമിനെ പിടികൂടിയ പോലിസ് അടുത്തുള്ള താലൂക്ക് ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നു. പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ സത്നാമിന് തലയ്ക്ക് അടിയേറ്റിട്ടുണ്ടന്നും ഗുരുതരമായ ഇന്റേണല്‍ ഇന്ജുറിയുണ്െടന്നും ചികില്‍സ ലഭ്യമാക്കണമെന്നും പറഞ്ഞു ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പക്ഷേ, പോലിസ് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയില്ല. സഹോദരന് ബിമല്‍ കിഷോര്‍ വന്നുപറഞ്ഞിട്ടും ജാമ്യം നിഷേധിക്കുകയും ചികില്‍സയ്ക്കു കൊണ്ടുപോവാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്ന് ഈസാ ബിന്‍ അബ്ദുല്‍ കരീം പറയുന്നു.

സത്നാമിന്റെ വധത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് അച്ഛന് ഹരീന്ദര്‍ സിങും സഹോദരന് കരണ്‍ദീപ് സിങും ബന്ധുക്കളും കേരളത്തില്‍ എത്തിയത്. അവര്‍ എം.എല്‍.എ. അഡ്വ. വി.എസ്. സുനില്‍കുമാറിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും കണ്ടു. ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതു കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്നാം സിങ്-നാരായണന്‍കുട്ടി ഡിഫന്‍സ് കമ്മിറ്റിയാണ്.
"എനിക്കെന്റെ അഞ്ചു മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന് അവനായിരുന്നു. നിങ്ങള്‍ ചോദിക്കും, എല്ലാ മക്കളെയും ഒരു പോലെയല്ലേ കാണേണ്ടതെന്ന്. എന്റെ ഈ മകന് ഇരിക്കെ തന്നെ ഞാന്‍ പറയും, എനിക്കേറ്റവും പ്രിയപ്പെട്ട മകന് അവനായിരുന്നുവെന്ന്.''
കൊടുങ്ങല്ലൂരെത്തിയ സത്നാം സിങിന്റെ അച്ഛന് ഹരീന്ദര്‍ സിങ്, ഡിഫന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ വി.കെ. വിജയന് മാഷിന്റെ വീട്ടിലിരുന്നു സംസാരിക്കുകയായിരുന്നു. മകനെക്കുറിച്ചു പറയുമ്പോള്‍ ആ പിതാവ് അഭിമാനിക്കുകയും കണ്ഠമിടറുകയും ചെയ്യുന്നു.
അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് ആക്രമിക്കപ്പെടുകയും പിന്നീടു കൊല്ലപ്പെടുകയും ചെയ്ത ഒരു യുവാവിന്റെ വിധിയില്‍ അതിനു കാരണക്കാരായവര്‍ക്കോ കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനോ തെല്ലും പശ്ചാത്താപമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണു സംഭവത്തില്‍ കേരളജനതയ്ക്കു വേണ്ടി മാപ്പുപറയുക എന്ന ദൌത്യവുമായി സത്നാമിന്റെ വീട്ടിലേക്കു പോകാന്‍ ഡിഫന്‍സ് കമ്മിറ്റി തീരുമാനിക്കുന്നത്. എന്‍.ബി. അജിതന്, ഈസാ ബിന്‍ അബ്ദുല്‍കരീം, അഡ്വ. അബ്ദുല്‍ഖാദര്‍, എന്‍.ഡി. വേണു, മോഹനന്, റിയാസ് മതിലകം, സക്കീര്‍ കാതിയാളം, സജീദ് കൊല്ലം എന്നിവരാണു യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ സാമൂഹികപ്രവര്‍ത്തകയും മലയാളിയുമായ ദയാഭായ് വിഷയത്തിന്റെ പ്രാധാന്യം അറിഞ്ഞു യാത്രയില്‍ ചേര്‍ന്നിരുന്നു.
4 അഭിപ്രായങ്ങൾ:
ഇതുപോലെ മടങ്ങളിലും ഏര്‍വാടി പോലുള്ള ആത്മീയ കേന്ത്രങ്ങളിലും ആയിരങ്ങള്‍ മരിക്കുന്നുണ്ട് ചിലതെല്ലാം പുറത്തുവരും അത്രെയുല്ലൂൂ
ഇതുപോലെ മടങ്ങളിലും ഏര്‍വാടി പോലുള്ള ആത്മീയ കേന്ത്രങ്ങളിലും ആയിരങ്ങള്‍ മരിക്കുന്നുണ്ട് ചിലതെല്ലാം പുറത്തുവരും അത്രെയുല്ലൂൂ
നല്ലൊരു പോസ്റ്റ്..
ആശംസകള്‍
എന്റെ കുട്ടിക്കാത്ത് അതായത് മുപ്പതു വർഷങ്ങൾക്ക് മുമ്പ് എന്റെ അച്ഛൻ പറഞ്ഞു തന്ന കഥകൾ കേട്ട ശേഷം ഞാൻ വെറുത്തു ഈ സ്ത്രീയെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ