
ഉന്നത മതകലാലയത്തിന്റെ ബിരുദം പേരിനൊപ്പമുള്ള, ഒരു മദ്റസയുടെ പ്രധാനാധ്യാപകന്‍ റമദാനിലെ ഒരു ഇഫ്താര്‍സംഗമത്തില്‍ നടന്ന ബദ്ര്‍ അനുസ്മരണത്തില്‍ വാചാലനായതാണിത്. ശത്രുവുമായി പോരാട്ടം ഉറപ്പായപ്പോള്‍, കാര്യമായ തയ്യാറെടുപ്പില്ല എന്ന കാരണത്താല്‍ പോരാട്ടത്തിനു വൈമനസ്യം കാണിച്ച, ബദ്റിലേക്കു പുറപ്പെട്ട വിശ്വാസികളുടെ കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ പ്രവാചകനോടു തര്‍ക്കിച്ച രംഗം അനുസ്മരിപ്പിച്ചു കൊണ്ട് അല്ലാഹുവിന്റെ ഉദ്ദേശ്യം നടപ്പാക്കാന്‍ അവരെ സ്വഗൃഹങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവന്നത് അല്ലാഹുവാണ് എന്നും നിഷേധികളുടെ അടിവേര് അറുക്കലാണ് അല്ലാഹുവിന്റെ താല്‍പ്പര്യമെന്നും വ്യക്തത ഉണ്ടാക്കിക്കൊടുക്കുന്ന അന്‍ഫാലിലെ 48 വചനങ്ങള്‍ക്കാണ് ഈ പുതിയ വ്യാഖ്യാനം.
സമാനമായ മറ്റൊരു ഒത്തുചേരലില്‍, പ്രവാചകന്റെ കൊടിയ ശത്രുവും കടുത്ത നിന്ദകനുമായിരുന്ന ഖുറൈശിനേതാവ് അബൂജഹല്‍ കൊല്ലപ്പെട്ട ബദ്റില്‍ രക്തസാക്ഷികളായ സഹാബത്തിനോടാണ് മറ്റൊരു വിദ്വാന്‍ പുതിയ രക്തദാനക്കാരെ ഉപമിച്ചത്. ഈ മഹത്തവല്‍ക്കരണത്തിനു വേറൊരു സാഹചര്യമുണ്ട്. പ്രവാചകനെ അതിനീചമായി നിന്ദിച്ചത് ആവിഷ്കാരസ്വാതന്ത്യ്രമാണെന്നു വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവന് ചോര കൊടുത്തതു ശരിയായില്ലെന്ന ആക്ഷേപം അണികളില്‍ നിന്നുണ്ടാവുമ്പോള്‍ ഇത്തരം സിദ്ധാന്തങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ചരിത്രവസ്തുതകള്‍ മൂടിവച്ചും വക്രീകരിച്ചും ഖുര്‍ആന്‍സൂക്തങ്ങള്‍ അസ്ഥാനത്ത് ഉദ്ധരിച്ചും മറ്റൊരു പ്രവാചകനിന്ദ കൂടി രൂപപ്പെടുത്തുകയാണിവര്‍. വിവാദ ചോദ്യപേപ്പര്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ നടന്ന ജനകീയപ്രതിഷേധം അനാവശ്യവും അനുചിതവുമായിരുന്നുവെന്നും നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ആ പ്രദേശത്തുനിന്ന് അധികം ദൂരത്തല്ലാത്ത ഒരു ഇസ്ലാമിക കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രത്യേകബോധനം നല്‍കിയിരുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചെയ്തുകൂട്ടിയതിനൊക്കെ ന്യായങ്ങള്‍ കണ്െടത്താന്‍ ശ്രമിക്കുന്ന ലേഖനങ്ങളും ഉദ്ബോധനങ്ങളും മുറവിളികളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൃത്യമായ ലക്ഷ്യങ്ങളോടുകൂടി വക്രീകൃത ഉദ്ബോധനങ്ങള്‍ക്കുവേണ്ടി പ്രവാചകചരിത്രത്തിലെ ചില സംഭവങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കപ്പെടുമ്പോള്‍ അവയുടെ യഥാര്‍ഥവശം പരിശോധിക്കേണ്ടതുണ്ട്.
കുടല്‍മാല സംഭവം:
മക്കയിലെ ജീവിതകാലത്ത് കഅ്ബയുടെ സമീപത്തുവച്ച് പ്രവാചകന്‍ അല്ലാഹുവിനുമുമ്പില്‍ സാഷ്ടാംഗം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രവാചകനെയും വിശ്വാസികളെയും അവമതിക്കാന്‍വേണ്ടി ഖുറൈശി പ്രമാണിമാരുടെ നേതൃത്വത്തില്‍ തിരുദൂതരുടെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയിട്ട സംഭവം വളച്ചൊടിക്കപ്പെടുന്നു.
നമസ്കരിക്കുന്ന പ്രവാചകന്റെ പിരടിയിലിട്ട കുടല്‍മാലകളുടെ ഭാരം കാരണം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ വിഷമിക്കുമ്പോള്‍ അതുനോക്കി ആര്‍ത്തുചിരിക്കുകയായിരുന്നു അബൂജഹല്‍ അടക്കമുള്ള ഖുറൈശിക്കൂട്ടം. പ്രവാചകപുത്രി ഫാത്തിമ (റ)യാണ് അഴുക്കെടുത്തുമാറ്റിയത്. ഇതു ചെയ്തവര്‍ക്കു മക്കാവിജയനാളില്‍ പ്രവാചകന്‍ മാപ്പുനല്‍കിയെന്ന പുതിയ കണ്െടത്തല്‍ ഇപ്പോള്‍ വല്ലാതെ ചീഞ്ഞുനാറുന്നുണ്ട്. ഫാത്തിമ (റ) കുടല്‍മാലകള്‍ എടുത്തുമാറ്റിയ ശേഷം ശത്രുക്കള്‍ക്കുമുമ്പിലേക്കു ചെന്നു ചീത്തവിളിച്ചതായും അബുല്‍ ബഖ്തരി എന്നയാള്‍ അബൂജഹലിന്റെ തലയ്ക്കു പ്രഹരിച്ചതായും ചരിത്രത്തിലുണ്ട്.
മാത്രമല്ല, ഈ പരിഹാസത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അപമാനകരമായ നാശമുണ്ടാവാന്‍ പ്രവാചകന്‍ അവിടെവച്ചുതന്നെ പ്രാര്‍ഥിച്ചിരുന്നു. ആ അക്രമിസംഘത്തിലെ ആരും മക്കാവിജയം വരെ ജീവിച്ചില്ല. കുടല്‍മാല പ്രവാചകന്റെ കഴുത്തില്‍ ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത് ഒഴികെ നേതൃത്വം കൊടുത്ത അബൂജഹലടക്കം എല്ലാവരും ബദ്ര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ പ്രവാചകന്‍ മാറ്റിവച്ചു. ബാക്കിയുള്ളവരെ ഉപാധികളോടെ വെറുതെ വിട്ടു. മാറ്റിവയ്ക്കപ്പെട്ട രണ്ടുപേരും പ്രവാചകനെ വ്യക്തിപരമായി ദ്രോഹിക്കുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തവരായിരുന്നു. ഭരണകൂടത്തിനെതിരേയായിരുന്നില്ല, പ്രവാചകനും ഇസ്ലാമിനുമെതിരേയായിരുന്നു അവരുടെ ദ്രോഹം. അവരിലൊരാള്‍ കുടല്‍മാല സംഭവത്തിലെ വില്ലന്‍ ഉഖ്ബ ഇബ്നു അബൂ മുഐത്. അയാള്‍ ചെയ്തിരുന്ന നീചമായ ദ്രോഹം എടുത്തുപറഞ്ഞു പ്രവാചകന്‍ അയാളെ വധശിക്ഷയ്ക്കു വിധിച്ചു. തന്നെ വധിച്ചാല്‍ പിന്നെ മക്കള്‍ക്ക് ആരുണ്ട് എന്ന് ഉഖ്ബ വേവലാതിപൂണ്ടപ്പോള്‍ 'നരകം' എന്നായിരുന്നു പ്രവാചകന്റെ മറുപടി. പ്രവാചകന്‍ (സ)യുടെ നിര്‍ദേശപ്രകാരം ആസിമുബ്നു സാബിത് (റ) ഉഖ്ബയെ വധിച്ചു.
പ്രവാചകന്‍ ഖുര്‍ആന്‍ സൂക്തങ്ങളുമായി ആളുകളെ സത്യത്തിലേക്കു ക്ഷണിച്ചപ്പോള്‍, പ്രവാചകന്‍ സമീപിച്ച അതേ ആളുകളുടെയടുക്കല്‍ ചെന്ന് പേര്‍ഷ്യന്‍ യുദ്ധകാവ്യങ്ങളുടെ ഭണ്ഡാരം പൊട്ടിച്ചു ഖുര്‍ആന്‍സൂക്തങ്ങളുടെ പ്രഭയ്ക്കു മങ്ങലേല്‍പ്പിക്കാനുള്ള വിഫലശ്രമം നടത്തിയിരുന്ന നള്ര്‍ ബിന്‍ ഹാരിസ് ആയിരുന്നു മാറ്റിനിര്‍ത്തപ്പെട്ട രണ്ടാമത്തെയാള്‍. അയാളുടെ കാവ്യങ്ങള്‍ക്ക് ഖുര്‍ആന്‍സൂക്തങ്ങളെ മങ്ങലേല്‍പ്പിക്കാനുള്ള കരുത്തൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പൊതുവേ സാഹിത്യപ്രിയരായിരുന്ന മക്കയിലെ അറബികളില്‍ ചിലരിലെങ്കിലും ഖുര്‍ആനും മറ്റൊരു സാഹിത്യസൃഷ്ടിയാണെന്നു തോന്നലുണ്ടാക്കി സത്യത്തില്‍നിന്നു വഴിതെറ്റിക്കാനായിരുന്നു നള്ര്‍ ശ്രമിച്ചത്. പ്രവാചകന്റെ കല്‍പ്പനപ്രകാരം അയാളും ബദ്റില്‍നിന്നു മടങ്ങുന്ന വഴിയെ വധിക്കപ്പെട്ടു. മുഹമ്മദ് ഖുള്രിബേക്കിന്റെ നൂറുല്‍ യഖീന്‍, ഇബ്നു കസീറിന്റെ അല്‍ ബിദായ വന്നിഹായ എന്നീ ചരിത്രഗ്രന്ഥങ്ങളില്‍ ഈ സംഭവങ്ങള്‍ വിശദമായി പറയുന്നുണ്ട്.
താഇഫുകാര്‍ക്ക് മാപ്പ്:
റസൂല്‍ തിരുമേനി മക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കുന്ന കാലയളവില്‍, ഖുറൈശികളുടെ ശത്രുതാമനോഭാവവും തിരസ്കരണവും കനത്തുവന്നപ്പോള്‍ സത്യസന്ദേശത്തിന്റെ സുഗമവും സുരക്ഷിതവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സ്ഥലം തേടിയാണ് ബന്ധുക്കള്‍ കൂടിയായ താഇഫുകാരുടെ അടുക്കല്‍ പ്രവാചകനെത്തുന്നത്. അവര്‍ റസൂലിനെ നിഷേധിക്കുക മാത്രമല്ല, പരിഹസിക്കുകയും കുട്ടികളെ വിട്ടു ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കല്ലേറുകൊണ്ട് താഇഫില്‍ നിന്നുമടങ്ങുന്ന വഴിയില്‍ തളര്‍ന്നിരിക്കുമ്പോള്‍, പ്രവാചകന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉപദ്രവിച്ചവരെ ശിക്ഷിക്കാന്‍ അനുമതിതേടി തന്നെ സമീപിച്ച മാലാഖയുമായി നടത്തിയ സംഭാഷണം പ്രസിദ്ധമാണ്. കല്ലെറിഞ്ഞ് ഓടിച്ചവരുടെ പിന്‍തലമുറ വിശ്വാസികളായിരിക്കുമെന്ന ധ്വനി പ്രവാചകന്റെ പ്രതികരണത്തില്‍ കാണാം. പ്രവാചകന് അല്ലാഹു നല്‍കിയ പ്രത്യേകമായ അറിവായിരിക്കുമത്. അതോടൊപ്പം, പ്രബോധകര്‍ ചിലയവസരങ്ങളില്‍ പുലര്‍ത്തേണ്ട സംസ്കാരവും ഈ സംഭവത്തിലൂടെ പഠിപ്പി ക്കുന്നു. എന്നാല്‍, സാമൂഹികശത്രുത പുലര്‍ത്തുന്നവര്‍ക്കെതിരേ എന്നും സ്വീകരിക്കേണ്ട പൊതു നിലപാടായി അതിനെ അല്ലാഹുവോ പ്രവാചകനോ എടുത്തുകാട്ടിയിട്ടില്ല. മക്കാവിജയശേഷം ഹിജ്റ എട്ടാംവര്‍ഷം ഇതേ താഇഫുകാര്‍ക്കെതിരേ പ്രവാചകന്‍ പടനീക്കം നടത്തി. ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യം താഇഫുകാരെ അവരുടെ കോട്ടയ്ക്കകത്ത് ദിവസങ്ങളോളം ഉപരോധിച്ചു. രൂക്ഷമായ പോരാട്ടവും നടന്നു. പ്രവാചകന്‍ തന്നെ അവരുടെ കോട്ടയ്ക്കുനേരെ പീരങ്കിപോലുള്ള 'മന്‍ജനീഖ്' എന്ന ആയുധം സ്ഥാപിച്ച് അസ്ത്രവര്‍ഷം നടത്തി.
മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉപരോധമുണ്ടായാല്‍ ഒരു വര്‍ഷത്തേക്കുവേണ്ട എല്ലാ കരുതലുകളും താഇഫുകാരുടെ കോട്ടയ്ക്കകത്ത് ഉണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനുശേഷവും 12 പേര്‍ രക്തസാക്ഷികളായിട്ടും പോരാട്ടം തുടര്‍ന്ന പ്രവാചകന്റെയും മുസ്ലിംസൈന്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ശത്രുക്കള്‍ പതറി. കീഴടങ്ങുന്നവര്‍ക്കു സുരക്ഷിതത്വം വാഗ്ദാനം ചെയ്തപ്പോള്‍ അവരിലെ കരുത്തരായ പോരാളികളില്‍ പലരും കീഴടങ്ങി. ഇനി താഇഫുകാരുടെ ശല്യം ഉണ്ടാവില്ലെന്ന് ഉറപ്പുവന്ന ശേഷമാണ് പ്രവാചകന്‍ പോരാട്ടം മതിയാക്കി തിരിച്ചുപോയത്.
ഈ സമരസംഘം മദീനയിലെത്തിയപ്പോഴാണ് സഫലയാത്ര കഴിഞ്ഞുവന്നാലുള്ള പ്രത്യേക പ്രാര്‍ഥന പ്രവാചകന്‍ അനുചരരെ പഠിപ്പിച്ചത് (മുസ്ലിം). ഈ പടനീക്കത്തിനുശേഷമാണ് താഇഫുകാര്‍ ഇസ്ലാമിലേക്കുവരുന്നത്. പ്രവാചകദൌത്യത്തിന്റെ പ്രാരംഭകാലത്ത് സത്യം മനസ്സിലാകാത്ത ത്വാഇഫിലെ പാരമ്പര്യവാദികള്‍ നടത്തിയതാണ് പ്രവാചകനെതിരേ നടമാടിയ അപഹാസ്യം. അവരില്‍ പലരും പിന്നീട് (ഹിജ്റ എട്ടാം വര്‍ഷം നടന്ന ഹുനൈന്‍, ത്വാഇഫ് യുദ്ധങ്ങള്‍ക്കു ശേഷം) ഇതേ സന്ദേശത്തിന്റെ ശക്തരായ വക്താക്കളായി മാറി. അവരുടെ ഈ മാറ്റത്തെക്കുറിച്ചു വ്യക്തമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നു പ്രവാചകന്റെ നിലപാടുകളില്‍ നിന്നു വ്യക്തമായിരുന്നു. എന്നിട്ടും ശത്രുതാ നീക്കങ്ങള്‍ നടത്തിയ ത്വാഇഫുകാര്‍ക്കു നേരെ പ്രവാചകന്‍ പടനീക്കം നടത്തി ശത്രുതയെ അടിച്ചമര്‍ത്തി. ത്വാഇഫിലെ സ്വബന്ധുക്കള്‍ അിറവില്ലായ്മ മൂലമാണ് തന്നെ ദ്രോഹിച്ചതെന്നു കൂടി പറഞ്ഞാണ് പ്രവാചകന്‍ അവര്‍ക്കു മാപ്പു കൊടുത്തത്. ത്വാഇഫുകാരുടെ കാര്യത്തില്‍ പ്രവാചകന്‍ രണ്ടു നിലപാടുകള്‍ എടുത്തിട്ടുണ്ട്. രണ്ടും പ്രവാചകചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങള്‍. അതില്‍ ഒന്നാമത്തെ നിലപാടു മാത്രം പരാമര്‍ശിച്ചു പ്രതിസന്ധിഘട്ടങ്ങളില്‍ ഉള്‍വലിയുന്നവര്‍ ഹിന്ദുത്വഫാഷിസ്റുകള്‍ നടത്തിയ ഗുജറാത്ത് വംശഹത്യപോലുള്ള മുസ്ലിം ഉന്മൂലനശ്രമങ്ങളെ ന്യായീകരിക്കുന്നിടത്താണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
ജൂതപ്പെണ്‍കൊടിയുടെ ചപ്പുചവര്‍ :
പ്രവാചകനെ എന്നും തുപ്പുകയോ ചപ്പുചവര്‍ എറിയുകയോ ചെയ്തിരുന്ന ഒരു ജൂതപ്പെണ്‍കൊടിയുടെ കെട്ടുകഥ ചില കോണുകളില്‍നിന്നു വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആധികാരിക ചരിത്രഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത ഈ കഥയ്ക്ക് ധാരാളം ആസ്വാദകരുമുണ്ട്. എന്നും നടന്നുപോവുമ്പോള്‍ തിരുദൂതര്‍ക്കു നേരെ ചപ്പുചവറുകള്‍ എറിഞ്ഞിരുന്ന, തുപ്പിയിരുന്ന ഒരു ജൂതപ്പെണ്‍കൊടി ഉണ്ടായിരുന്നുവെന്നും സ്ഥിരമായി തന്റെ ശരീരത്തില്‍ വീണിരുന്ന ചപ്പുചവര്‍ ഒരു ദിവസം വരാതായപ്പോള്‍ പ്രവാചകന്‍ അവളെ അന്വേഷിച്ചെന്നും അവള്‍ക്ക് രോഗമാണെന്നുകേട്ടപ്പോള്‍ ഉടനെ അങ്ങോട്ടുപോയെന്നുമുള്ള കദനകഥ റമദാന്‍ പ്രഭാഷണങ്ങളിലും മാപ്പുസാഹിത്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അങ്ങനൊരു സംഭവം, പ്രവാചകന്റെ ചരിത്രം രേഖപ്പെടുത്തിയ ഏതെങ്കിലും ആധികാരിക സ്രോതസ്സുകളില്‍ കാണുന്നില്ല. ചില ലളിതചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കിയാല്‍ത്തന്നെ ഈ പെണ്‍കൊടിക്കഥ സാമാന്യബുദ്ധിക്കു നിരക്കാത്ത കെട്ടുകഥയാണെന്നു ബോധ്യപ്പെടും. മക്കയിലായിരുന്നോ ഈ ചവറേറു നടന്നത്? മക്കയില്‍ പ്രവാചകനെ ദ്രോഹിക്കാന്‍ ജൂതന്മാര്‍ ഉണ്ടായിരുന്നില്ല. ഇനി മദീനയില്‍ വച്ചായിരുന്നെങ്കില്‍ പ്രവാചകന്‍ പെണ്‍കൊടിയുടെ തുപ്പ് / ചവറേറു കൊള്ളാന്‍ എന്നും എവിടെനിന്ന് എങ്ങോട്ടാണു പോയിരുന്നത്?
പള്ളിയായിരുന്നു തിരുമേനിയുടെ കേന്ദ്രം. പള്ളിയില്‍ കിടന്നു തലനീട്ടിവച്ചാല്‍ വീട്ടില്‍ ഇരിക്കുന്ന പ്രവാചകപത്നിക്കു മുടി ചീകിക്കൊടുക്കാന്‍ കഴിയുന്നത്ര അടുത്തായിരുന്നു വീടും. ഇനി എന്നും പോവുന്ന ഏതോ വഴിക്കായിരുന്നു ഈ അഭിഷേകം എന്നു സങ്കല്‍പ്പിക്കുക, എങ്കില്‍ പ്രവാചകനെ എന്നും തുപ്പാന്‍, ചവര്‍ എറിയാന്‍ ഈ ജൂതപ്പെണ്‍കൊടിയെ സഹാബികള്‍ അനുവദിച്ചിരുന്നോ? എപ്പോഴും പ്രവാചകന്റെ കൂടെ ഒരു സേവകനെപ്പോലെ ഉണ്ടായിരുന്നിട്ടും മരിച്ചുപോയാല്‍ പ്രവാചകന്റെ സാമീപ്യം നഷ്ടപ്പെടുമെന്നുഭയന്ന് ചിത്തഭ്രമം പിടിച്ച തൌബാനും സ്വന്തം ജീവനേക്കാള്‍ പ്രവാചകന്റെ ജീവനും ജീവിതത്തിനും വിലകല്‍പ്പിച്ച അബൂബക്കറും ഉമറും അലിയുമെല്ലാം അടങ്ങുന്ന സഹാബികള്‍? അടുത്തകാലം വരെ കേട്ടിരുന്ന 'ചെറിയ ജിഹാദ് ടുവലിയ ജിഹാദ്' ഹദീസ് പോലെയാണ് ജൂതപെണ്‍കൊടി കഥയും. ആ ഹദീസ് വ്യാജമാണെന്നു നിസ്വാര്‍ഥനായ ഒരു പണ്ഡിതന്‍ തന്റെ സംഘടനാജിഹ്വയില്‍ തുറന്നെഴുതിയതിനുശേഷവും മിംബറുകളില്‍ നിന്നതു വീണ്ടും കേള്‍ക്കുന്നുണ്ട്.
മക്കയിലെ ക്ഷാമവും മദീനയിലെ റിലീഫും:
ഹിജ്റ അഞ്ചാംവര്‍ഷം മക്കക്കാരെ കടുത്ത ക്ഷാമം ബാധിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ പ്രവാചകന്‍ മദീനയില്‍ നിന്നു ധാന്യം ശേഖരിച്ച് അംറുബ്നു ഉമയ്യ വശം കൊടുത്തയച്ചു എന്ന് എഴുതിയതു കണ്ടു. ഹിജ്റ അഞ്ചാംവര്‍ഷം പ്രവാചകന്‍ മക്കക്കാര്‍ക്കുവേണ്ടി ഇങ്ങനെയൊരു റിലീഫ് നടത്തിയതായി ആധികാരികചരിത്രരേഖകളിലൊന്നുമില്ല. പ്രവാചകചരിത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളിലും ഹദീസുകളിലും കാണുന്നത് മറ്റൊന്നാണ് ഹിജ്റ നാലാംവര്‍ഷം മുസ്ലിംകളെ നടുക്കിയ രണ്ടുസംഭവങ്ങള്‍ നടന്നു മക്കക്കാരും അവരുടെ ചില സഖ്യഗോത്രങ്ങളും ആവശ്യപ്പെട്ട പ്രകാരം പ്രവാചകന്‍ പറഞ്ഞയച്ച രണ്ടു വ്യത്യസ്ത പ്രബോധകസംഘങ്ങളെ ചതിച്ചു കൂട്ടക്കൊല ചെയ്ത റജീഅ സംഭവവും ബിഅര്‍ മഊന സംഭവവും. റജീഅസംഭവത്തില്‍ ഖുബൈബ് (റ) അടക്കം 10 സഹാബികളും ബിഅര്‍ മഊന സംഭവത്തില്‍ 70 സഹാബികളും കൊല്ലപ്പെട്ടു. പ്രവാചകനെയും മുസ്ലിംകളെയും ഈ സംഭവങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ദുഃഖിതനായ പ്രവാചകന്‍ ശത്രുക്കള്‍ക്കെതിരേ പ്രാര്‍ഥന നടത്തി.
യൂസുഫ് നബിയുടെ നാട്ടുകാര്‍ അനുഭവിച്ചതുപോലുള്ള ക്ഷാമം അവരെ അനുഭവിപ്പിക്കണേ എന്നായിരുന്നു പ്രാര്‍ഥന. തദ്ഫലമായി മക്കയില്‍ കടുത്ത ക്ഷാമം ബാധിച്ചു. പട്ടിണികാരണം പൊറുതിമുട്ടിയ അവര്‍ പ്രവാചകനെ സമീപിച്ചു കാരുണ്യത്തിനായി തേടി (ബുഖാരി). അബൂ സുഫ്യാന്‍ പ്രവാചകനെ സമീപിച്ചുവെന്നും മുളര്‍ ഗോത്രക്കാര്‍ സമീപിച്ചുവെന്നും ഹദീസുകളില്‍ കാണാം. നിരപരാധികളായ ബന്ധുക്കളുടെ കഷ്ടപ്പാടുനീങ്ങാന്‍ പ്രവാചകന്‍ പ്രാര്‍ഥിക്കുകയും ക്ഷാമം നീങ്ങുകയും ചെയ്തു. ഇതാണ് ഹിജ്റ നാല് അഞ്ച് വര്‍ഷത്തില്‍ നടന്ന മക്കാക്ഷാമത്തിന്റെ ചുരുക്കം. ഖുര്‍ആന്‍ (44: 1016) സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ ഈ ക്ഷാമസംഭവം ചില തഫ്സീറുകളില്‍ കാണാം. പ്രവാചകന്‍ അവര്‍ക്കുവേണ്ടി പിരിവു നടത്തിയതായി ആധികാരികചരിത്രത്തില്‍ എവിടെയുമില്ല. മാത്രമല്ല, അന്നു പ്രവാചകനും മക്കക്കാര്‍ക്കുമിടയില്‍ നിലനിന്നിരുന്ന സംഘര്‍ഷസാഹചര്യവും അങ്ങനെയൊരു റിലീഫിനെ സാധൂകരിക്കുന്നതല്ല. ഹിജ്റ മൂന്നാംവര്‍ഷം നടന്ന ഉഹ്ദ് യുദ്ധത്തില്‍ മക്കക്കാര്‍ നേടിയ മേല്‍ക്കൈ കാരണം അഹങ്കരിച്ച് അടുത്തവര്‍ഷം വീണ്ടും കാണാം എന്നു മുസ്ലിംകളെ വെല്ലുവിളിച്ചാണ് അന്ന് ശത്രുനായകനായിരുന്ന അബൂ സുഫ്യാന്‍ ഉഹ്ദ് വിടുന്നത്. തുടര്‍ന്ന്, പ്രവാചകനോട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. അതിന്റെ ഭാഗമായാണ് അവര്‍ പ്രവാചകന്റെ പ്രബോധകസംഘങ്ങളെ ക്ഷണിച്ചുവരുത്തി ചതിച്ചുകൊന്നൊടുക്കിയത്. പിന്നീട് വന്‍ ശത്രുസന്നാഹങ്ങളോടെ ഹിജ്റ അഞ്ചാംവര്‍ഷം ശവ്വാല്‍ മാസത്തില്‍ മക്കക്കാര്‍ മറ്റു മുസ്ലിംവിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കി വന്‍ സന്നാഹങ്ങളോടെ നടത്തിയ അഹ്സാബ് (ഖന്‍ദഖ്) യുദ്ധം നടക്കുന്നു. മറ്റൊരു വസ്തുത കൂടിയുണ്ട്. പ്രവാചകന്‍ ധാന്യം കൊടുത്തയച്ചത് അംറുബ്നു ഉമയ്യ വശമായിരുന്നുവെന്നു പറയുന്നു. ചരിത്രം പറയുന്നത് മറ്റൊന്ന്. ഇബ്നു ഹിശാമിന്റെ സീറയില്‍ കാണുന്ന സംഭവത്തിന്റെ ചുരുക്കം ഇങ്ങനെ: ഖുബൈബ് (റ) അടക്കമുള്ളവര്‍ കൊല്ലപ്പെട്ട റജീഅസംഭവത്തിനു നേതൃത്വം കൊടുത്ത അബൂ സുഫ്യാനെ തന്ത്രപരമായി വകവരുത്താന്‍ രണ്ടുപേരെ പ്രവാചകന്‍ മക്കയിലേക്ക് അയച്ചിരുന്നു. അംറുബ്നു ഉമയ്യ, ജബ്ബാര്‍ ബിന്‍ സഖര്‍ എന്നിവരാണ് നിയോഗിക്കപ്പെട്ടവര്‍. പ്രവാചകന്‍ കൊടുത്ത ജാഗ്രതാനിര്‍ദേശത്തിനു വിരുദ്ധമായി അവര്‍ ആദ്യം കഅ്ബ പ്രദക്ഷിണം വയ്ക്കാന്‍ പോയി. അവിടെ വച്ച് ഒരു മക്കക്കാരന്‍ അംറിനെ തിരിച്ചറിഞ്ഞു. അവരുടെ വരവ് ദുരുദ്ദേശ്യപരമാണെന്നു തിരിച്ചറിഞ്ഞയാള്‍ വിളിച്ചുപറഞ്ഞു.
അവര്‍ രണ്ടുപേരും മക്കയിലെ മലയിടുക്കുകളിലേക്ക് ഓടിരക്ഷപ്പെട്ട് ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. ഗുഹയുടെ സമീപത്തെത്തിയ ഒരു ഖുറൈശി കുതിരപ്പടയാളി അവരെ കണ്െടത്തിയ വിവരം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അംറ് അയാളെ ആക്രമിച്ചു. അയാള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ മക്കക്കാര്‍ ഓടിവരാന്‍ തുടങ്ങി. അപ്പോഴേക്കും അയാള്‍ വീണിരുന്നു. അംറും കൂട്ടുകാരനും ഗുഹയില്‍ ഒളിച്ചിരുന്നു കുറച്ചകലെ നടക്കുന്ന രംഗം വീക്ഷിച്ചു. ആരാണു നിന്നെ ആക്രമിച്ചതെന്നു ചോദിച്ചപ്പോള്‍ അംറുബ്നു ഉമയ്യ എന്ന് അക്രമിക്കപ്പെട്ടയാള്‍ വിക്കിവിക്കി പറയുന്നതു കേട്ടു. അതിനപ്പുറം സംസാരിക്കാനോ അവര്‍ ഒളിച്ചിരിക്കുന്ന ഗുഹ കാണിച്ചുകൊടുക്കാനോ ശേഷിയില്ലാതെ അയാള്‍ മൃതിയടഞ്ഞു. പിന്നീട് നന്നേ ഇരുട്ടിയശേഷമാണ് അംറും കൂട്ടുകാരനും രക്ഷപ്പെട്ടത്.
ദൌത്യം പരാജയപ്പെട്ടെങ്കിലും അബൂ സുഫ്യാനും കൂട്ടരും അംറുബ്നു ഉമയ്യയെ തിരിച്ചറിഞ്ഞിരുന്നു. അംറിനെ പിടികൂടാന്‍ അബൂ സുഫ്യാന്‍ ആളുകളെ അയക്കുകയും ചെയ്തു. എന്നിട്ട്, അതേ ആള്‍ ധാന്യവുമായി അബൂ സുഫ്യാന്റെ അടുത്തേക്ക് അടുത്തവര്‍ഷം വീണ്ടും പോവുമോ? അഥവാ അദ്ദേഹത്തെത്തന്നെ പ്രവാചകന്‍ പറഞ്ഞയക്കുമോ? ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു പ്രവാചകന്‍ മാതൃകകള്‍ കാണിച്ചുതന്നിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം ഗുജറാത്തിലെ മുസ്ലിംവംശഹത്യ നടത്തുന്നതില്‍ പങ്കാളികളായവര്‍ക്കു വീടുവച്ചുകൊടുത്തുവെന്ന ആക്ഷേപത്തെ ചുളുവില്‍ മറികടക്കാനാണ്.
വാളോങ്ങിയവനു മാപ്പ്:
പ്രവാചകന്‍ (സ) അനുചരന്മാരോടൊത്ത് 'ദാതുരിഖാ' യുദ്ധംകഴിഞ്ഞു മടങ്ങിവരുകയായിരുന്നു. വഴിമധ്യേ അവര്‍ വിശ്രമിക്കാനായി ഒരു സ്ഥലത്തു തങ്ങി. അനുചരരില്‍ നിന്ന് അല്‍പ്പം അകലെയായി ഒരു മരച്ചുവട്ടില്‍ പ്രവാചകന്‍ കിടന്നു. തന്റെ വാള്‍ മരക്കൊമ്പില്‍ തൂക്കിയിട്ടിരുന്നു. ബദവികളില്‍പ്പെട്ട ഒരു ബഹുദൈവാരാധകന്‍ പതുങ്ങിവന്നു പ്രവാചകന്റെ വാളെടുത്തു. ഉറക്കില്‍ നിന്നുണര്‍ന്ന പ്രവാചകനോടയാള്‍ ചോദിച്ചു: 'നിനക്ക് ഭയമുണ്േടാ?'' ഇല്ലെന്നു പ്രവാചകന്‍ മറുപടി പറഞ്ഞപ്പോള്‍, അയാള്‍: 'എങ്കില്‍ എന്നില്‍നിന്നു നിന്നെ ആരാണിപ്പോള്‍ രക്ഷിക്കുക?'' 'അല്ലാഹു''. പ്രവാചകന്റെ മറുപടികേട്ട അയാള്‍ ഞെട്ടി, വാള്‍ താഴെ വീണു. അതു കൈയിലെടുത്തു പ്രവാചകന്‍ തിരിച്ചുചോദിച്ചു: 'എന്നില്‍നിന്നു നിന്നെ ആരാണു രക്ഷിക്കുക?'' അയാള്‍ പേടിച്ചുകൊണ്ട് പറഞ്ഞു: 'താങ്കള്‍ വാള്‍ എടുത്തവരില്‍ ഉത്തമനല്ലോ''. പ്രവാചകന്‍: 'എങ്കില്‍, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിച്ചു പ്രഖ്യാപിക്കാമോ?'' അയാള്‍: 'ഇല്ല, പക്ഷേ, താങ്കളുമായി ഞാന്‍ ഒരിക്കലും ശത്രുതയ്ക്കു വരില്ലെന്നും ശത്രുത പുലര്‍ത്തുന്നവരുടെ ഭാഗം ചേരില്ലെന്നും ഉറപ്പുതരാം.'' ആ ഉറപ്പില്‍ പ്രവാചകന്‍ അയാളെ വെറുതെവിട്ടു. രിയാദുസ്സാലിഹീന്‍, ബുഖാരി തുടങ്ങി മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും ഈ സംഭവമുണ്ട്. അല്ലാഹു ജനങ്ങളില്‍നിന്നു താങ്കളെ രക്ഷിക്കും (5: 67) എന്ന ഖുര്‍ആന്‍സൂക്തം ഈ സാഹചര്യത്തിലാണ് അവതരിച്ചതെന്നും അതോടെ തനിക്കു സുരക്ഷയുമായി കൂടെ ഉണ്ടായിരുന്ന അനുചരരെ പ്രവാചകന്‍ ആ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയെന്നുംകൂടി ഇതിന്റെ വിശദാംശങ്ങളില്‍ കാണുന്നു.
പ്രവാചകനും അനുയായികളും ഒരു സമൂഹത്തോടുള്ള യുദ്ധം കഴിഞ്ഞുവരുമ്പോഴാണ് ഈ സംഭവം. അല്ലാഹു എന്നു കേട്ടപ്പോഴേക്കും ഭയന്നുപോയവന്റെ മനശ്ശാസ്ത്രം ആര്‍ക്കാണു മനസ്സിലാവാത്തത്? ശത്രുത പുലര്‍ത്തില്ലെന്ന് ഉറപ്പുകൊടുത്ത ചകിതനെ വെറുതെവിട്ട പ്രവാചകന്റെ മഹാമനസ്കതയെ, ശത്രുത ഊതിക്കത്തിക്കാന്‍ ശ്രമിക്കുന്നതിനെതിരേ നിസ്സംഗരായിരിക്കാനുള്ള തെളിവായി ചിത്രീകരിക്കുന്നത് എത്ര അപഹാസ്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ