2012, ഏപ്രിൽ 24, ചൊവ്വാഴ്ച

ജാഗ്രത കുറയരുത്‌




ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ്‌ മുഹമ്മദ്‌ അഹമ്മദ്‌ കാസിമി ഒന്നരമാസത്തോളമായി ജയിലില്‍ത്തന്നെയാണ്‌. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍നിയമം അഥവാ യു.എ.പി.എ. ചുമത്തി മാര്‍ച്ച്‌ ഏഴിനാണ്‌ ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്‌റ്റ് ചെയ്‌തത്‌. യു.പിയിലെ മീററ്റ്‌ സ്വദേശിയായ കാസിമി തലസ്‌ഥാനത്തെ അറിയപ്പെട്ട ഉറുദു പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്‌. സ്വന്തമായി വാര്‍ത്താ ഏജന്‍സി നടത്തുന്ന കാസിമി ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പശ്‌ചിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ സ്വതന്ത്രനിലപാട്‌ പുലര്‍ത്തുന്ന കാസിമി ടെഹ്‌റാന്‍ റേഡിയോ, ഇര്‍ന(ഇറാനിയന്‍ ന്യൂസ്‌ ഏജന്‍സി) എന്നിവയ്‌ക്കു വേണ്ടിയും സേവനമനുഷ്‌ഠിക്കുന്നുണ്ടായിരുന്നു.


ഒരു വിദേശ വാര്‍ത്താ ഏജന്‍സിക്കുവേണ്ടി നിഷ്‌പക്ഷമായ തന്റെ നിലപാടുകളോടെ ലേഖനങ്ങള്‍ നല്‍കി എന്നതിന്റെ പേരിലാണ്‌ ഡല്‍ഹിയിലെ ഇസ്രേലി എംബസി ഉദ്യോഗസ്‌ഥര്‍ക്കുനേരേ നടന്ന ബോംബാക്രമണക്കേസിലെ പ്രതിയാക്കി കരിനിയമം ഉപയോഗിച്ച്‌ ഭരണകൂടം തുറുങ്കിലടച്ചത്‌.


ഇന്ത്യ ദീര്‍ഘകാലമായി സ്വീകരിച്ചു പോരുന്ന ചേരിചേരാ നയങ്ങള്‍ക്കു കടകവിരുദ്ധമായി ഇസ്രയേല്‍ പക്ഷത്തേക്കു രാജ്യത്തെ കൊണ്ടുപോകാതിരിക്കാന്‍ നിതാന്തജാഗ്രത കാണിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നതു കസ്‌മിയുടെ സവിശേഷതയായി അവകാശപ്പെടാനുണ്ട്‌.


ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം നടന്ന ഉടനേ അതിന്റെ ഉത്തരവാദിത്തം ഇറാനുമേല്‍ ചാര്‍ത്തിക്കൊണ്ടുള്ള ആദ്യപ്രതികരണം ഇസ്രയേലില്‍ നിന്നാണുണ്ടായത്‌. തൊട്ടു മുമ്പ്‌ ജോര്‍ജിയയിലുണ്ടായ എംബസി ആക്രമണവും ഒന്നിച്ചു ചേര്‍ത്ത്‌ ഇറാനുമേല്‍ വച്ചുകെട്ടിയിരുന്നു. ഇസ്രയേലിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ സൂചന നല്‍കുന്നത്‌ അവരുടെ ചാരസംഘടനയായ മൊസാദിന്‌ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്‌തമായ ധാരണയുണ്ടെന്നാണ്‌. 


ഇന്ത്യയും ഇറാനും സൗഹൃദരാജ്യങ്ങളാണ്‌. അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്രാജ്യത്വ അധിനിവേശ മോഹങ്ങള്‍ക്കു തടസമായി നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇറാന്‍. ആണവോര്‍ജ സമ്പാദനത്തിന്റെ മറപിടിച്ച്‌ പൊതുബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പൂര്‍ണ വിജയം ഉണ്ടാക്കിക്കൊടുക്കേണ്ടത്‌ ഇസ്രയേലെന്ന പോറ്റുമകന്റെ കടമയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റങ്ങളിലും യുദ്ധങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും സ്വീകരിച്ച സമീപനം തന്നെയാണ്‌ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഇറാനെ നിരായുധരാക്കുന്നതിലൂടെ മാത്രമേ ഇറാഖിലെന്നപോലെ കടന്നാക്രമണം നടത്തി എണ്ണയുടെ സ്രോതസ്‌ ഊറ്റിക്കൊണ്ടുപോകാന്‍ അമേരിക്കയ്‌ക്കു കഴിയുകയുള്ളൂ. ലോകത്ത്‌ ഭീകരതയുടെ മതം സൃഷ്‌ടിച്ചത്‌ അമേരിക്കയാണ്‌. തങ്ങളുടെ അധിനിവേശമോഹങ്ങള്‍ക്ക്‌ തടസമായി വരുന്നതിനെ സഖ്യകക്ഷികളുടെ സഹായത്തോടെ ഭീകരവിരുദ്ധയുദ്ധമെന്ന പേരില്‍ അടിച്ചമര്‍ത്താനായി ആദ്യമേ പ്രചാരണങ്ങളിലൂടെ രംഗസജ്‌ജീകരണം നടത്തും. ശേഷം ആക്രമിക്കും. പാവപ്പെട്ട കര്‍ഷകനില്‍നിന്ന്‌ ആടിനെ തട്ടിയെടുക്കാന്‍ കള്ളന്മാര്‍ നടത്തിയ കുതന്ത്രം ആദ്യം അതിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി മാറ്റുകയായിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ തുടര്‍ച്ച ഇന്ത്യയിലും സാധിച്ചെടുക്കാനാണ്‌ 1992 നു ശേഷം ഇസ്രായേല്‍ ശ്രമം നടത്തുന്നത്‌.


ലോകത്ത്‌ ക്രൂരതയുടെ പര്യായമാണ്‌ ഇസ്രയേല്‍. 1948 ല്‍ ഇസ്രായേല്‍ രാജ്യം രൂപപ്പെടുത്തിയെടുക്കുന്നതിനു നടത്തിയ നിയമവിരുദ്ധ കുടിയേറ്റം മുതല്‍ നടത്തുന്ന കൊടുംക്രൂരതകള്‍ ഇന്നും തുടരുകയാണ്‌.


ഇസ്രയേല്‍ അതിക്രമത്തിന്‌ ഇരയായി കൊടുംയാതനകള്‍ പേറുന്ന പലസ്‌തീന്‍ ജനതയോട്‌ ദീര്‍ഘനാളായി ഐക്യപ്പെട്ടു നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തുണ്ടായ ഐക്യദാര്‍ഢ്യങ്ങള്‍ ഇന്ത്യന്‍ ജനതയെപ്പോലെ പലസ്‌തീന്‍ ജനതയും ഓര്‍ക്കുന്നവരാണ്‌. സ്വന്തം സഹോദരങ്ങളോടെന്നപോലെയുള്ള വല്ലാത്ത ആഭിമുഖ്യമായിരുന്നു പലസ്‌തീന്‍ ജനതയോട്‌ നമ്മുടെ ഭരണകൂടത്തിനും നമുക്കും ഉണ്ടായിരുന്നത്‌.


എന്നാല്‍ 1990 കള്‍ക്കു ശേഷം നമ്മുടെ നയനിലപാടുകള്‍ക്കു മാറ്റം വന്നു തുടങ്ങി. മറ്റു പല രാജ്യങ്ങളും ഇസ്രയേലിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടും 1950 സെപ്‌റ്റംബറില്‍ അറച്ച്‌ അറച്ചാണ്‌ ഇസ്രയേലിനെ അംഗീകരിച്ചത്‌. 1950ല്‍ അസ്‌തിത്വം അംഗീകരിച്ചെങ്കിലും 1992 വരെ യാതൊരു നയതന്ത്രബന്ധവുമില്ലാതെ മാറിനിന്ന ഇന്ത്യയെ നരസിംഹറാവുവാണ്‌ ഇസ്രയേലുമായി കൂട്ടിക്കെട്ടിയത്‌. സൈനിക, ഇന്റലിജന്‍സ്‌, സാമ്പത്തികമേഖലകളില്‍ ഇരു രാജ്യങ്ങളിലെയും ബന്ധം സുദൃഢമാകുന്നത്‌ ഹിന്ദുത്വശക്‌തികള്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ്‌.


നമ്മുടെ രാജ്യത്തിന്റെ പല മേഖലകളിലും നിയന്ത്രണമില്ലാതെ ഇടപെടാന്‍ ഇസ്രയേലിന്‌ വലിയ തോതില്‍ ഇതുമൂലം സൗകര്യമൊരുങ്ങി. ഭരണകൂടം ഒരുക്കിയ ബന്ധത്തിന്റെ മറവില്‍ സംഘപരിവാര്‍ അവിഹിതബന്ധങ്ങള്‍ വേറെയുണ്ടാക്കിയെടുത്തു. ആ ബന്ധത്തിന്റെ ദുരന്തങ്ങള്‍ നാം ഓരോന്നായി അനുഭവിച്ചു തുടങ്ങി.


1992 വരെ മുസ്ലിംകളെയും ഇതര പിന്നാക്ക വിഭാഗങ്ങളെയും പൊതുധാരയില്‍നിന്ന്‌ അകറ്റാന്‍ വര്‍ഗീയകലാപങ്ങളും ലഹളകളുമായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്‌. എന്നാല്‍ 92നു ശേഷം ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ സൃഷ്‌ടിച്ചാണു പാര്‍ശ്വവല്‍ക്കരണം തുടര്‍ന്നത്‌.


ലോകത്തിന്റെ പല ഭാഗത്തുമുണ്ടായ ഭീകരസ്‌ഫോടനങ്ങളില്‍ ഇസ്രയേലിന്റെ പങ്ക്‌ വ്യക്‌തമാക്കപ്പെട്ടതാണ്‌. അമേരിക്ക പോലുമറിയാതെയാണ്‌ ഇസ്രയേല്‍ സിറിയയുടെ ആണവകേന്ദ്രത്തില്‍ ബോംബ്‌ വര്‍ഷിച്ചത്‌. സ്‌ഫോടനങ്ങള്‍ നടത്തുകയും മറ്റുള്ളവരുടെമേല്‍ ചാര്‍ത്തുകയും ചെയ്യുകയെന്ന രീതി ഇന്ത്യന്‍ ഫാസിസത്തിനു പഠിപ്പിച്ചു കൊടുത്തതും പരിശീലനം നല്‍കിയതും ഇസ്രയേലായിരുന്നു. 


ലോകത്ത്‌ വലിയ ആയുധദാതാവായാണു ഇസ്രയേല്‍ കണക്കാക്കപ്പെടുന്നത്‌. ഒരു പരിധിവരെ ആയുധവിപണനത്തിലൂടെ സമ്പദ്‌ഘടന നിലനിര്‍ത്തുന്ന രാജ്യമാണ്‌ ഇസ്രയേല്‍. സമ്പദ്രംഗത്ത്‌ ഷൈലോക്കിന്റെ പിന്‍മുറക്കാര്‍ തന്നെയാണ്‌ ഈ ജാരരാഷ്‌ട്രം.


നമ്മുടെ രാജ്യത്ത്‌ അസ്‌ഥിരത വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇസ്രയേലിന്റെ കച്ചവടതാല്‍പര്യം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്‌. രാജ്യത്ത്‌ നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളിലും സംഘപരിവാര്‍ ശക്‌തികളുടെ പങ്ക്‌ ബോധ്യമായിരിക്കുകയാണ്‌. ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംകളുടെ മേല്‍ കെട്ടിവയ്‌ക്കുകയായിരുന്നു ആദ്യം ചെയ്‌തത്‌.


ഡല്‍ഹിയിലെ സ്‌ഫോടനം ഇറാന്റെ മേല്‍ നിമിഷങ്ങള്‍ക്കകം ചുമത്തിയ അതേതന്ത്രം തന്നെയായിരുന്നു ഇന്ത്യയില്‍ ഫാസിസവും സ്വീകരിച്ചത്‌. മാത്രമല്ല ഇന്ത്യയില്‍ നടന്ന മക്കാമസ്‌ജിദ്‌, മലേഗാവ്‌, സംഝോത എക്‌സ്പ്രസ്‌, അജ്‌മീര്‍ തുടങ്ങി പതിനാറോളം സ്‌ഫോടനങ്ങളില്‍ ഉത്തരവാദികളായി അറസ്‌റ്റ് ചെയ്യപ്പെട്ടവര്‍ നടത്തിയ വെളിപ്പെടുത്തലില്‍ തങ്ങളുടെ ഇസ്രയേല്‍ ബന്ധത്തിനു തെളിവ്‌ നല്‍കുന്നുണ്ട്‌.


ഈ പശ്‌ചാത്തലത്തില്‍ കാസ്‌മിയുടെ അറസ്‌റ്റിനെ ഗൗരവപൂര്‍വം പൊതുസമൂഹം വിലയിരുത്തേണ്ടതുണ്ട്‌. തങ്ങള്‍ക്കു നല്ല സ്വാധീനമുള്ള ഡല്‍ഹി പോലീസിനെക്കൊണ്ട്‌ ഇറാന്‍ ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ തിരഞ്ഞ്‌ പിടിച്ച്‌ അറസ്‌റ്റ് ചെയ്യിപ്പിക്കുക വഴി ബഹുമുഖ അജന്‍ഡകളാണ്‌ ഇസ്രയേലിനു നടപ്പാക്കാന്‍ സാധിക്കുന്നത്‌. ഇസ്രയേല്‍വിരുദ്ധ മനോഗതിയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണിത്‌.


എന്തായാലും ഇസ്രയേലുമായി തുടരുന്ന ബന്ധങ്ങള്‍ രാജ്യത്തിനു വലിയ ഗുണം ചെയ്യില്ലെന്നാണ്‌ ഇത്രയും കാലത്തെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ആയുധക്കച്ചവടത്തിനുള്ള നല്ല വിപണിയായി നമ്മെ ഉപയോഗപ്പെടുത്താനായി നമുക്കിടയില്‍ ശൈഥില്യം പ്രോല്‍സാഹിപ്പിക്കല്‍ ഉള്‍പ്പെടെ ചെയ്യാന്‍ ഒരു വകമൂല്യങ്ങളുമില്ലാത്ത ഇസ്രയേല്‍ ശ്രമിച്ചുകൊണ്ടിരിക്കും.


ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടനും പോര്‍ച്ചുഗീസുമെല്ലാം വ്യാപാരവിപണനതന്ത്രങ്ങളിലൂടെയാണ്‌ കടന്നുവന്നതും നമ്മെ കീഴ്‌പ്പെടുത്തിയതും. ഇപ്പോള്‍ പുതിയ അധിനിവേശത്തിന്‌ നാം വഴി തുറന്നിട്ടിരിക്കുന്നു.


പതുക്കെ നമ്മുടെ എല്ലാ മേഖലകളുടെയും നിയന്ത്രണം അമേരിക്കയുടെയും ഇസ്രയേലിന്റെയും കൈകളിലെത്തിച്ചേരും. കാര്‍ഷികമേഖലയിലും ടൂറിസംമേഖലയിലും കേരളത്തില്‍ പോലും ഇതിനകം ഇസ്രയേല്‍ കമ്പനികള്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്‌. വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ ബാംഗ്ലൂരില്‍ കോണ്‍സുലേറ്റ്‌ കൂടി സ്‌ഥാപിക്കാനുള്ള പച്ചക്കൊടി നല്‍കിയിരിക്കുന്നു. തെന്നിന്ത്യയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനുള്ള തന്ത്രമാണിത്‌. കേരളത്തിന്റെ ജലവിഭവത്തിന്റെ നിയന്ത്രണം ഇസ്രയേലിനെ ഏല്‍പ്പിക്കാനാണ്‌ പുതിയ നീക്കം. 1996 ല്‍ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ഇസ്രയേലുമായി നടത്തിയ കൂട്ടുസംരംഭങ്ങളുടെ ദുരിതം നാളികേരം, കുരുമുളക്‌ മേഖലയെ കാര്യമായി ബാധിച്ചിട്ടും നമ്മുടെ ഭരണാധികാരികള്‍ വീണ്ടും ഇസ്രയേലിനെ മടികൂടാതെ വാരിപ്പുണരുകയാണ്‌.


ബംഗാളിലെ ബുദ്ധദേവ്‌ സര്‍ക്കാര്‍ ഇസ്രയേലുമായി നടത്തിയ സഹകരണം സി.പി.എം. പോലും അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. നഷ്‌ടങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച്‌ ഭരണകൂടങ്ങള്‍ക്ക്‌ ജാഗ്രത ഉണ്ടാവണമെന്നില്ല. നമ്മുടെ നാട്‌ നമുക്ക്‌ നഷ്‌ടപ്പെടാതിരിക്കാനുള്ള സജീവ ജാഗ്രത പുലര്‍ത്താന്‍ പൊതുസമൂഹം മുമ്പോട്ടു വരേണ്ടിയിരിക്കുന്നു. 


നമ്മുടെ ആഭ്യന്തരരംഗത്തുള്ള ഇസ്രയേലിന്റെ നിയന്ത്രണങ്ങള്‍ മൂലമാണ്‌ കാസിമി ഇന്നും ജയിലില്‍ കഴിയേണ്ടി വരുന്നത്‌. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളാവും തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ ബന്ധങ്ങളിലൂടെ നാം ഏറ്റുവാങ്ങേണ്ടിവരിക.


നാസറുദീന്‍ എളമരം

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

nasarudheen elamarathinte photoykku pakaram aa pathrapravarthakante photo koduthukooddaayirunno...

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"