2012, മാർച്ച് 29, വ്യാഴാഴ്‌ച

വിലപേശാന്‍ ദൗര്‍ബല്യങ്ങള്‍ ലീഗിനെ അനുവദിക്കുന്നില്ല



ഐക്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്‌ ഇനി ഒന്നരമാസമേ ബാക്കിയുള്ളൂ. വലിയ ഘോഷത്തോടെ അധികാരമേറ്റ മുന്നണി ആദ്യനാളുകളില്‍തന്നെ അതിന്റെ പരമാവധി അനൈക്യം കാണിച്ചുകഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ വി.എസ്‌. അച്യുതാനന്ദനും ശെല്‍വരാജുമെല്ലാം കാര്യമായി സഹായിച്ചതുകൊണ്ടും കോണ്‍ഗ്രസുകാരൊന്നിച്ചു കൈമെയ്‌ മറന്ന്‌ പണിയെടുത്തതുകൊണ്ടും പിറവം ജയിച്ചുകയറി. സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമാകുന്നതേയുള്ളൂ. എന്തായാലും തട്ടിമുട്ടി അഞ്ചുകൊല്ലം എത്തിയാല്‍ ഭാഗ്യമെന്ന കോലത്തിലാണു മുന്നണിയിലെ ഓരോ കക്ഷികളുടെയും മാനസികനില. സാങ്കേതിക ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫിലെ ഓരോ കക്ഷിയുടെയും മുള്ളുപൊക്കലിനെ അതുകൊണ്ടുതന്നെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്‌. പിള്ളയേയും ഗണേശിനേയും അനുനയിപ്പിക്കേണ്ട ബാധ്യത മുന്നണിയുടേതായി മാറി. അപ്പോള്‍പിന്നെ ലീഗിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ദീര്‍ഘകാലമായി അടിയില്‍ കിടന്നിരുന്ന ലീഗിന്റെ ഗ്രാഫ്‌ അസാധാരണമായി ഉയര്‍ന്നുപൊങ്ങി.

ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനെതിരേ ജനങ്ങള്‍ നല്‍കിയ വിധിയെഴുത്തിന്റെ നല്ലഫലം കൊയ്യാന്‍ ലീഗിനു സാധിച്ചതു മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ചിട്ടയോടെ പ്രവര്‍ത്തിച്ചതു മൂലമാണ്‌. എന്നാല്‍ ലീഗിനെപ്പോലെ കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനു ദുര്‍ബലമായ പ്രകടനമാണു കാഴ്‌ചവയ്‌ക്കാനായത്‌. കോണ്‍ഗ്രസ്‌ വലിയകക്ഷിയായെങ്കിലും മുസ്ലിംലീഗിന്റെ വിലപേശാനുള്ള ശക്‌തി മതിയായതിലും കൂടുതലുണ്ടായിരുന്നു. എന്നിട്ടും ഐക്യമുന്നണി മന്ത്രിസഭയുടെ രൂപീകരണ ഘട്ടത്തില്‍ തീര്‍ത്തും ന്യായവും അര്‍ഹവുമായ ഒരാവശ്യം നേടിയെടുക്കാന്‍ ലീഗിന്‌ അന്നു കഴിയാതെ പോയത്‌ എന്തുകൊണ്ടാണെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്‌.

മുസ്ലിംലീഗിന്റെ നേതൃനിരയിലുള്ളവരും സാധാരണ പ്രവര്‍ത്തകരുമടക്കം പറയുന്ന ചില ഉള്ളുകള്ളികള്‍ അതിന്റെ പിന്നിലുണ്ടായിരുന്നു എന്നുവേണം നിരീക്ഷിക്കാന്‍. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുംമുമ്പ്‌ മുതല്‍തന്നെ നിലനിന്നിരുന്ന രാഷ്‌ട്രീയ പരിസരം ലീഗ്‌ നേതൃത്വത്തിലെ ചിലരുടെയെല്ലാം ഉറക്കം നഷ്‌ടപ്പെടുത്തിയിരുന്നു. അതിനാല്‍ മുന്നണി മന്ത്രിസഭയുടെ അധികാരമേല്‍ക്കല്‍ കോണ്‍ഗ്രസിനെക്കാള്‍ ലീഗിന്റെ ആവശ്യമായിരുന്നു. അതുകൊണ്ട്‌ കിട്ടിയതുവച്ച്‌ സെറ്റില്‍ ചെയ്‌തു. സത്യപ്രതിജ്‌ഞ സമയത്തു നടന്നു. പ്രധാന പ്രതിയോഗിയായ വി.എസിനെ അധികനാള്‍ കെയര്‍ടേക്കറായി തുടരാന്‍ അനുവദിച്ചാല്‍ ഉണ്ടാകാവുന്ന അപകടം എന്താണെന്നു കൃത്യമായ ധാരണയുള്ളവര്‍തന്നെയായിരുന്നു ലീഗിന്റെ ചുക്കാന്‍ പിടിച്ചത്‌. ഒപ്പം അധികാരമില്ലാത്ത ഒരു അഞ്ചുവര്‍ഷം കൂടി എന്നത്‌ സ്വപ്‌നം കാണാന്‍പോലും ലീഗിന്‌ സാധിക്കുമായിരുന്നില്ല.

കോണ്‍ഗ്രസ്‌ നേടിയത്‌ 38 സീറ്റ്‌. മുഖ്യമന്ത്രിയും സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറുമടക്കം 12 സ്‌ഥാനങ്ങള്‍ കോണ്‍ഗ്രസ്‌ എടുത്തപ്പോള്‍ 20 സീറ്റ്‌ നേടിയ ലീഗിന്‌ ന്യായമായും ആറു സ്‌ഥാനങ്ങളെങ്കിലും ലഭിക്കേണ്ടതായിരുന്നു. ഒന്‍പത്‌ എം.എല്‍.എമാരുള്ള കേരളാ കോണ്‍ഗ്രസ്‌ മൂന്നു സ്‌ഥാനങ്ങള്‍ കൈവശപ്പെടുത്തിയ സ്‌ഥിതിക്കു ന്യായമായ ഒരാവശ്യത്തിനുവേണ്ടി നേതൃത്വത്തിനു ശക്‌തമായി നിലകൊള്ളാന്‍ യഥാസമയം കഴിയാതെ പോയതിന്റെ പിന്നിലെ ദൗര്‍ബല്യങ്ങളാണു ലീഗ്‌ രാഷ്‌ട്രീയത്തിനിപ്പോള്‍ പ്രതിസന്ധിയായി മാറിയിരിക്കുന്നത്‌. ഈ ദൗര്‍ബല്യത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന ലീഗിന്റെ ഗ്രാഫ്‌ പാരമ്യതയില്‍നിന്നു ക്രമേണ താഴേക്കു നീങ്ങാന്‍ തുടങ്ങി. അതിനെ മറികടക്കാനാണ്‌ അഞ്ചാം മന്ത്രിവാദത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത്‌.

അധികാരത്തിന്റെ കവാടം വരെ മാത്രമേ ലീഗ്‌ നേതൃത്വത്തിലെ പലര്‍ക്കും സമുദായവും ലീഗ്‌ പ്രവര്‍ത്തകരും സമുദായ സംഘടനകളുമൊക്കെ ആവശ്യമുള്ളൂ എന്ന പരാതി ദീര്‍ഘനാളായി ലീഗിനു നേരേ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രധാന വിമര്‍ശനമാണ്‌. അതിലേറെ കഴമ്പുണ്ടെന്നു തോന്നിക്കുന്ന ഇടപെടലുകളാണ്‌ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഒരു കാലത്ത്‌ സമുദായത്തിന്റെ അഭിമാന സ്‌തംഭങ്ങളായാണ്‌ ലീഗ്‌ നേതൃത്വത്തെ കണക്കാക്കിയിരുന്നത്‌. എന്നാല്‍, ഇന്നു പല ഘട്ടങ്ങളിലും സമുദായം താക്കീതു നല്‍കി അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടും ശീലങ്ങള്‍ തിരുത്താന്‍ ലീഗ്‌ നേതൃത്വം തയാറല്ല. മുന്നണിയില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും ലീഗ്‌ നേതൃത്വത്തിന്റെ ബലക്ഷയം പ്രവര്‍ത്തകര്‍ക്ക്‌ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

ഉള്‍പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച്‌ ലീഗ്‌ മുമ്പുതന്നെ സംസാരിക്കാറില്ല. ശാഖ മുതല്‍ സംസ്‌ഥാനതലം വരെ മെമ്പര്‍ഷിപ്പ്‌ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും വീതംവയ്‌ക്കല്‍ പോലും കൃത്യമായി നടത്തിക്കൊണ്ട്‌ പോകാന്‍ കഴിയാത്തത്ര ആഭ്യന്തര പ്രതിസന്ധിയാണു പല മേഖലകളിലും ലീഗ്‌ അനുഭവിക്കുന്നത്‌. വീതംവയ്‌ക്കല്‍തന്നെ ബലാബലം തെരുവില്‍ കാണിച്ചതാണ്‌ കാസര്‍ഗോഡും കണ്ണൂരും കൊയിലാണ്ടിയിലും കണ്ടത്‌. കോണ്‍ഗ്രസിന്റെ കൂടെ കിടന്നാണ്‌ ലീഗ്‌ ഇതെല്ലാം പഠിച്ചതെന്നു വിമര്‍ശിക്കുന്നതു കോണ്‍ഗ്രസിനെ ചെറുതാക്കി കാണലാകും. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌ഥാന നേതാക്കള്‍ക്കുനേരേ നിരന്തരമായി പ്രവര്‍ത്തകന്മാര്‍ കൈയേറ്റം നടത്തുന്ന അപൂര്‍വ സംഭവങ്ങള്‍ക്കു ലീഗ്‌ സാക്ഷ്യംവഹിച്ചു തുടങ്ങി.

ബാബറി മസ്‌ജിദ്‌ തകര്‍ച്ചയിലൂടെ ലീഗിലുണ്ടായ ഭിന്നത മറികടക്കാനും ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ ലീഗിനെ തട്ടിക്കൊണ്ടുപോവാതിരിക്കാനും വേണ്ടി സംസ്‌ഥാന ലീഗിനെ വേര്‍പെടുത്തിയ അതിബുദ്ധി ലീഗിനിപ്പോള്‍ തീരാത്ത ഊരാക്കുടുക്കായി മാറിയിരിക്കുന്നു. ലീഗ്‌ നേതാക്കള്‍ പലരും പലയിടത്തുനിന്നും മേശപ്പുറത്തടിച്ചും ആണയിട്ടും അഞ്ചാം മന്ത്രിയില്ലാതെ മുമ്പോട്ടില്ലെന്നു പ്രഖ്യാപിച്ചാലും ഒരു കാര്യം ഉറപ്പാണ്‌ . അലിയെ മന്ത്രിയാക്കണമെന്ന്‌ ഉള്ളുതുറന്നു പറയേണ്ട വ്യക്‌തി അതുപറയാതെ ലീഗിന്റെ ഈ അഞ്ചാം പനി വിട്ടുമാറാന്‍ പോകുന്നില്ല. ഇടതില്‍നിന്നു കളം മാറിയെത്തിയ മഞ്ഞളാംകുഴി അലിയെയും അനുയായികളെയും (അലിയുടെ കൂടെ വന്നവരല്ല. ലീഗിലെത്തിയ ശേഷം ലീഗിനകത്തുനിന്ന്‌ അലിയുണ്ടാക്കിയെടുത്ത അനുയായികള്‍ അതാണു ലീഗിന്റെ ഘടന) അധികനാള്‍ വെയിലത്തു നിര്‍ത്താന്‍ കഴിയണമെന്നില്ല. ശെല്‍വന്‍ കളം മാറിയതില്‍ ആരോപണവിധേയനായ പി.സി. ജോര്‍ജ്‌ തന്നെയാണത്രേ അലിയെയും ലീഗിലെത്തിച്ചത്‌. പി.സിക്കും അലിക്കുമൊക്കെ അറിയാത്ത ചില ഉള്ളുകള്ളികള്‍ ലീഗിനുണ്ട്‌.

ലീഗിലെ കുടിയേറ്റക്കാരെ അത്രവേഗമൊന്നും പഴയ ജന്മിമാര്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. ലീഗില്‍ കടന്നുവന്നവര്‍ എന്നും കടന്നുവന്നവര്‍തന്നെയാണ്‌. വ്യക്‌തിപ്രഭാവവും സംഘാടക മികവും പരിചയസമ്പന്നതയും എല്ലാം ഒത്തിണങ്ങിയിട്ടും ഇ.ടി. മുഹമ്മദ്‌ബഷീര്‍ ഏക ജനറല്‍ സെക്രട്ടറിയാകാതെ പോയത്‌ ഒരു കുടിയേറ്റ പാരമ്പര്യം ബാക്കിനിന്നതുകൊണ്ടാണ്‌. ശാഖാ പ്രസിഡന്റ്‌ മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ വരെയുള്ള ഉത്തരവാദിത്തവും കേന്ദ്രമന്ത്രിസ്‌ഥാനവും ഒന്നിച്ചുവഹിക്കാന്‍ ഇ. അഹമ്മദിന്‌ അതേസമയം ഒരു തടസവുമുണ്ടാകുന്നില്ല. പഴയ അഖിലേന്ത്യാ ലീഗുകാരും പുതിയ ഐ.എന്‍.എല്ലുകാരും മുന്‍ സിമി സമദാനിയും മുന്‍ സി.പി.ഐ. റഹ്‌മത്തുല്ലയും മുന്‍ ജമാഅത്ത്‌ ഹമീദ്‌ വാണിമേലും എല്ലാം ലീഗ്‌ വെള്ളത്തില്‍ പൂര്‍ണലയനം കിട്ടാത്ത എണ്ണതന്നെയായി നില്‍ക്കുന്നുണ്ടെങ്കില്‍ ലീഗിന്റെ പരമ്പരാഗത രീതിതന്നെയാണതൊക്കെ. ഇതറിഞ്ഞാവും കെ.ടി. ജലീലിനെപ്പോലുള്ളവര്‍ നേരത്തേ തടിയെടുത്തിട്ടുണ്ടാവുക.

അതുകൊണ്ടുതന്നെ അലിയുടെ കാര്യത്തിലും ചില ചേരുംപടി ചേരായ്‌മ നിലനില്‍ക്കുന്നുണ്ട്‌. അമ്മാത്തുനിന്നിറങ്ങുമ്പോള്‍ ഇല്ലത്തെത്താന്‍ ഇത്തിരി താമസമുണ്ടാകുമെന്ന്‌ ആലോചിക്കേണ്ടതായിരുന്നു. അതിനെല്ലാം അപ്പുറത്ത്‌ വാണിജ്യ-വ്യവസായമേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന കിടമല്‍സരങ്ങളും ഒരു കീറാമുട്ടിയാണെന്ന ബോധ്യം അലിയെങ്കിലും ഗ്രഹിക്കുന്നതു നന്നാവും. അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗ്‌ നേതൃത്വം അണികള്‍ക്കു മുമ്പില്‍ പല വിശദീകരണങ്ങളും നല്‍കേണ്ടിവരുന്നുണ്ട്‌. അച്ചടക്കനടപടിക്കു വിധേയമായെങ്കിലും അങ്ങാടിപ്പുറത്തെ ലീഗ്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഘടനയില്‍ പുതിയ ശീലത്തിനു തുടക്കമിട്ടു. പാണക്കാടുനിന്ന്‌ അധികം ദൂരത്തല്ല കാരാത്തോട്‌. അവിടെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വാസസ്‌ഥലം. അവിടെ ചെന്നുനിന്നു ലീഗ്‌ അണികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ കേള്‍ക്കാതിരിക്കാന്‍ സാധ്യതയില്ല. കേരള രാഷ്‌ട്രീയത്തില്‍ മുസ്ലിംലീഗ്‌ പ്രസ്‌ഥാനം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണോ അതോ മറ്റുവല്ലതുമാണോ എന്ന ചര്‍ച്ച ദീര്‍ഘനാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു.

അഞ്ചാം മന്ത്രിസ്‌ഥാന വിവാദത്തില്‍ ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുന്നതില്‍ എന്തായാലും ആശ്വസിക്കാന്‍ വകയുണ്ട്‌. ലീഗ്‌ അധ്യക്ഷന്റെ പ്രഖ്യാപനം സാധ്യമാക്കിയെടുക്കേണ്ടത്‌ ലീഗിന്റെ മാത്രം ബാധ്യതയാണ്‌. ഏതായാലും പുതിയ വിവാദം പരമ്പരാഗതമായ ലീഗ്‌ ശീലങ്ങള്‍ക്കൊക്കെ ചില തിരുത്തുണ്ടാക്കിയിരിക്കുന്നു. ഐക്യമുന്നണി രാഷ്‌ട്രീയത്തില്‍ പാണക്കാടിനു വലിയ പ്രാധാന്യമാണ്‌ കല്‍പ്പിച്ചുപോന്നിരുന്നത്‌. മുന്നണി നേതൃത്വത്തിന്റെ മുന്നില്‍ ഇതിനു മുമ്പൊരിക്കലും ഒരാവശ്യത്തിനു വേണ്ടി ലീഗ്‌ അധ്യക്ഷന്മാര്‍ പാണക്കാട്ടെ പടിയിറങ്ങി സഞ്ചരിച്ചിരുന്നില്ല.

ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. രാഷ്‌ട്രീയ പ്രസ്‌ഥാനത്തിനപ്പുറം ആത്മീയ പരിവേഷത്തിന്റെ ആനുകൂല്യങ്ങളെകൂടി സ്വായത്തമാക്കി സമുദായ നേതൃത്വം കൈയാളുകയായിരുന്നു ലീഗ്‌ നേതൃത്വം ചെയ്‌തുപോന്നത്‌. അതുകൊണ്ടുതന്നെ സമുദായത്തിന്റെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ ലീഗിനു സാധിച്ചു. കാലക്രമേണ വാണിജ്യതാല്‍പര്യങ്ങളും വ്യവസായ താല്‍പര്യങ്ങളും കടന്നുവന്നതോടെ പരിമിതമായ ചില മേഖലകളിലേക്കു ലീഗ്‌ ഒതുങ്ങിനില്‍ക്കാന്‍ തുടങ്ങി. കഴിവിനും പ്രാപ്‌തിക്കും പരിചയസമ്പന്നതയ്‌ക്കും സമര്‍പ്പണത്തിനുമപ്പുറം മറ്റുചിലതെല്ലാം അര്‍ഹതയ്‌ക്കു മാനദണ്ഡമായി.

അര്‍ഹരായവര്‍ പരിഗണിക്കപ്പെടാതെ ഒതുക്കപ്പെട്ടു. അതുകൊണ്ടാണു താത്വികരായ പലരും ലീഗിനകത്തു വീര്‍പ്പുമുട്ടി കഴിയുന്നത്‌. സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനങ്ങളടെ വിലപേശല്‍ ശക്‌തി നാള്‍ക്കുനാള്‍ കുറയുകമൂലം അത്തരം വിഭാഗങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യം നഷ്‌ടപ്പെടുകയാണ്‌. കേരള ജനതയുടെ 40 ശതമാനത്തിലധികം ജനങ്ങള്‍ വസിക്കുന്നത്‌ ആറ്‌ ജില്ലകളുള്‍പ്പെടുന്ന മലബാര്‍ പ്രദേശത്താണ്‌. ആറു ജില്ലകളില്‍നിന്ന്‌ എട്ടു മന്ത്രിമാരുണ്ട്‌. ലീഗിന്റെ 19 എം.എല്‍.എമാരും ഈ പ്രദേശത്തുനിന്നാണ്‌. ഒരുകൊല്ലം അധികാരത്തിന്റെ താക്കോല്‍ കൈയിലുണ്ടായിട്ടും കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലെ വികസനകാര്യങ്ങള്‍ക്കു നീക്കിവച്ച ഫണ്ടിന്റെ 15 ശതമാനം മാത്രമാണ്‌ മലബാറിനുള്ളത്‌. അഥവാ സ്വാധീനശക്‌തികളുള്ള മേഖലയുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയും സ്വസമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയും ഉറച്ച നിലപാട്‌ സ്വീകരിക്കാനും പ്രതികരിക്കാനും ലീഗിനു കഴിയാതെ പോകുന്നത്‌ നാള്‍ക്കുനാള്‍ വിലപേശല്‍ ശക്‌തികുറയുന്നതുമൂലമാണ്‌.

ഹൈക്കമാന്‍ഡ്‌ ചര്‍ച്ചചെയ്‌ത് വരദാനമായി അഞ്ചാം മന്ത്രിയെ ലഭിച്ചാലും പിടികൂടിയ ദൗര്‍ബല്യങ്ങള്‍ തിരുത്താതെ വിലപേശല്‍ ശക്‌തി വര്‍ധിപ്പിക്കാന്‍ ലീഗിനു കഴിയില്ല.

-------------------------------------നാസറുദീന്‍ എളമരം ---------------------------------------------

2 അഭിപ്രായങ്ങൾ:

Vengara 4 You പറഞ്ഞു...

നന്നായിട്ടുണ്ട്. പക്ഷെ ഇത് വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.. കാരണം ഈ പേജിന്റെ കളര്‍ തന്നെ. കണ്ണ് കടയുന്നു. ഇത് വായിക്കുമ്പോഴേക്കും.. കളര്‍ ഈ ഉദിക്കുന്ന പച്ചയില്‍ നിന്ന് ഒരു മാറ്റം ഉണ്ടായാല്‍ നന്നായിരുന്നു..

Unknown പറഞ്ഞു...

താങ്കളുടെ അഭിപ്രായം പരിഗണിച്ച് നിറത്തിന്ന് അല്‍പ്പം കളര്‍ ചേഞ്ച് ചെയ്യുകയാണ്.ഒലീവിന് നന്ദി.

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"