.jpg)
കഴിഞ്ഞ ഇടതു ഭരണകാലത്ത് പോലീസിന് നല്‍കിയ അമിതാധികാരം ഇന്ന് അവര്‍ക്ക് തന്നെ വിനയായി മാറിയിരിക്കുന്നു. സി.പി.എം നേതാക്കള്‍ക്ക് മിണ്ടാനും പറയാനും വയ്യാത്ത സ്‌ഥിതി വന്നു. പോലീസുദ്യോഗസ്‌ഥന്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് എളമരം കരീമിനെതിരേ കേസുകള്‍ എടുത്തുകൊണ്ടേ ഇരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് ഉദ്യോഗസ്‌ഥരുടെ പേരെടുത്തു വിമര്‍ശിച്ചതിനാണ് പി. ജയരാജനെതിരേ കേസെടുത്തത്.

നിയമവാഴ്‌ചയെ ആദരിക്കലും അനാദരിക്കലും അവഹേളിക്കലുമെല്ലാം ഭരണം ആരു നിര്‍വഹിക്കുന്നു എന്നതിനെ ബന്ധപ്പെടുത്തിയാണ് നമ്മുടെ നാട്ടില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഭദ്രവും സമാധാനപരവുമായി നാട് നിലനില്‍ക്കണമെങ്കില്‍ നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് എല്ലാ ഘടകങ്ങളും ഒരുമിച്ചാണ് ശ്രമിക്കേണ്ടത്.
നിയമവാഴ്‌ച ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങള്‍ സമകാലിക സംഭവങ്ങളെ വിലയിരുത്തി പരിശോധിക്കേണ്ടതുണ്ട്. ഒന്നാമത്തേത് നിയമം ദുരുപയോഗം ചെയ്‌ത് ഭരണകക്ഷി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നതും അതിനെ പ്രതിരോധിക്കാന്‍ സി.പി.എം നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുന്നതുമാണ്. രണ്ടാമത്തെ കാര്യം നിയമം നടപ്പാക്കേണ്ട സേനയുടെ നിയമലംഘനങ്ങളും ക്രിമിനല്‍വല്‍ക്കരണവും. നിയമവാഴ്‌ച നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പൊതുസമൂഹത്തില്‍ ഈ രണ്ടു കാര്യങ്ങളും ഏറെ ആശങ്കയാണു സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്.
രാഷ്‌ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുമ്പോള്‍ ഭരണകൂടങ്ങള്‍ പ്രതിസ്‌ഥാനത്ത് തങ്ങളുടെ പ്രതിയോഗികളാണെങ്കില്‍ നിലവിട്ടുപോവുന്നത് അത്രഭൂഷണമായ സംഗതിയല്ല. ഭരണവും അധികാരവും പോലിസിന്റെ നിയന്ത്രണവുമൊക്കെ ഇടയ്‌ക്കിടെ മാറിമാറിവരും. ഇത് യു.ഡി.എഫ് മാത്രമല്ല, എല്‍.ഡി.എഫും ഉള്‍ക്കൊള്ളേണ്ട കാര്യമാണ്. പ്രതിയോഗികളെ പ്രതിരോധിക്കുന്നേടത്ത് ആശയദാരിദ്ര്യം നേരിടുമ്പോള്‍ കൊന്നൊടുക്കല്‍ മാത്രമല്ല, നിയമങ്ങളുടെ ദുരുപയോഗം നടത്തലും ഭരണകൂടങ്ങളുടെ ശൈലിയാണ്. സി.പി.എം. ഭരിച്ച കാലത്ത് അധികാരത്തിന്റെ ബലത്തില്‍ തങ്ങള്‍ക്കു ഭാവിയില്‍ പ്രതിയോഗികളായേക്കാവുന്ന വിഭാഗങ്ങളെ ഫിനിഷ് ചെയ്യാന്‍ നടത്തിയ ഹീന തന്ത്രങ്ങള്‍ സി.പി.എം നേതൃത്വം മറന്നിരിക്കാമെങ്കിലും കേരള ജനത ഓര്‍ത്തുകൊണ്ടേയിരിക്കും. ബംഗാളിലെ മൂന്ന് പതിറ്റാണ്ടിന്റെ സി.പി.എമ്മിന്റെ ഭരണം മറ്റുള്ളവര്‍ക്ക് നല്‍കിയ തിക്‌താനുഭവങ്ങള്‍ മറച്ചുവെച്ചാണ് മമതയുടെ തേരോട്ടത്തെ സി.പി.എം വിമര്‍ശിക്കുന്നത്. സമാനതകളില്ലാത്ത മുസ്ലിം വേട്ടയ്‌ക്ക് സി.പി.എം. ഭരണത്തില്‍ കളമൊരുക്കിയവര്‍ തന്നെ സങ്കോചമില്ലാതെ സി.പി.എം വേട്ടയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ലെറ്റര്‍ബോംബ്, കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്, മൂവാറ്റുപുഴ, ബീമാപ്പള്ളി കൂട്ടക്കൊല, വര്‍ക്കല ദലിത് വേട്ട തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ മറന്നുപോവാതെ കിടക്കുന്നുണ്ട്.
കരുണാകര സര്‍ക്കാര്‍ ടാഡക്കേസില്‍ പി. ജയരാജനെ പ്രതിയാക്കിയപ്പോള്‍ കരിനിയമങ്ങള്‍ക്കെതിരേ സി.പി.എം തെരുവിലിറങ്ങി. അതേ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തപ്പോള്‍ കേരളത്തില്‍ ആദ്യമായി 2010ല്‍ 54 യുവാക്കള്‍ക്ക് നേരെ യു.എ.പി.എ. എന്ന കരിനിയമം പ്രയോഗിച്ചു. കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരേ മാത്രമാണ് ഈ കരിനിയമം പ്രയോഗിച്ചത്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ ഫിനിഷ് ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍ അതേ വേദനകള്‍ ഇന്ന് അനുഭവിക്കേണ്ടിവരുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമായേക്കാം.
അടിയന്തരാവസ്‌ഥയ്‌ക്കു സമാനമായ സാഹചര്യമാണ് കേരളത്തിലെന്ന് പരിതപിക്കുന്ന പിണറായിയും സഹപ്രവര്‍ത്തകരും ഓര്‍ക്കേണ്ട കാര്യം കഴിഞ്ഞ അഞ്ചുവര്‍ഷം മുസ്ലിംദലിത് വിഭാഗങ്ങളിലെ നവസാമൂഹിക മുന്നേറ്റപ്രസ്‌ഥാനങ്ങള്‍ അടിയന്തരാവസ്‌ഥയേക്കാള്‍ ഭീകരമായ ദിനങ്ങളായിരുന്നു അഭിമുഖീകരിച്ചത്. ശത്രുപക്ഷത്ത് നിര്‍ത്തി സി.പി.എം. സെക്രട്ടറി ആക്രമിച്ചുകൊണ്ടിരുന്ന മുസ്ലിം സംഘടനയുടെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ തടഞ്ഞുവെച്ച് ശ്വാസംമുട്ടിച്ച് പ്രതികാരം തീര്‍ക്കുക വരെ ചെയ്‌തു. എല്ലാം മത്ത്‌പിടിച്ച അധികാര ബലത്തില്‍. ഇനിയൊരിക്കലും കേരളത്തില്‍ ഭരണം മാറാനിടയില്ലെന്ന നിലക്കായിരുന്നു അന്നത്തെ സി.പി.എമ്മിന്റെ പോക്ക്.
.jpg)
കഴിഞ്ഞ ഇടതു ഭരണകാലത്ത് പോലീസിന് നല്‍കിയ അമിതാധികാരം ഇന്ന് അവര്‍ക്ക് തന്നെ വിനയായി മാറിയിരിക്കുന്നു. സി.പി.എം നേതാക്കള്‍ക്ക് മിണ്ടാനും പറയാനും വയ്യാത്ത സ്‌ഥിതി വന്നു. പോലീസുദ്യോഗസ്‌ഥന്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് എളമരം കരീമിനെതിരേ കേസുകള്‍ എടുത്തുകൊണ്ടേ ഇരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് ഉദ്യോഗസ്‌ഥരുടെ പേരെടുത്ത് വിമര്‍ശിച്ചതിനാണ് പി. ജയരാജനെതിരേ കേസെടുത്തത്.
പോലീസിനെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമാക്കിയ നിയമം കൊണ്ടുവന്നത് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ടാണ്. 2011 ലെ പോലിസ് ആക്‌ട് 117ഇ വകുപ്പ് പ്രകാരമാണ് ജയരാജനെതിരേ കേസെടുത്തത്. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കും വിധം പോലീസിന് അമിതാധികാരം നല്‍കുന്ന ആക്‌ട് കൊണ്ടുവരുമ്പോള്‍ കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച പ്രതിഷേധങ്ങളെ അവഗണിച്ചാണ് സി.പി.എം. സര്‍ക്കാര്‍ ആക്‌ട് പാസ്സാക്കിയത്. ദീര്‍ഘ വീക്ഷണമുള്ള കണ്ണൂരിലെ ചില സി.പി.എം. നേതാക്കള്‍ ഈ ആക്‌ട് അപ്പടി പാസ്സാക്കരുതെന്നു പറഞ്ഞിട്ടും വകവെക്കാതെ കോടിയേരി മുന്നോട്ടു പോവുകയായിരുന്നു. അതുകൊണ്ട് ജയരാജന്റെ പ്രതിഷേധം ഉയരേണ്ടത് തിരുവഞ്ചൂരിനു നേരെയല്ല, കോടിയേരിക്കെതിരെയാണ്.
കേരളത്തില്‍ ഏറെ ചര്‍ച്ചയായി നില്‍ക്കുന്ന മൂന്ന് കൊലപാതകക്കേസിലും സി.പി.എം അന്വേഷണങ്ങളെ ഭയപ്പെടുന്നതിനാലാണ് നിയമം കൈയിലെടുത്തുള്ള പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുന്നത്. അധികാര സ്വാധീനമുപയോഗിച്ച് തലശ്ശേരി ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം, സി.ബി.ഐ. അന്വേഷണം ആരംഭിച്ചതോടെ സി.ബി.ഐ. ആസ്‌ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
നേതാക്കളെ പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രതികളെ വിട്ടുകൊടുക്കില്ലെന്ന് ഭീഷണി മുഴക്കി. ചന്ദ്രശേഖരന്‍ വധത്തിലെ കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ തേടി വീട്ടിലെത്തിയാല്‍ മുളക് വെള്ളം ഒഴിക്കാന്‍ നിര്‍ദേശിക്കുന്ന എം.വി.ജയരാജന്‍ എ.കെ.ജി.യുടെ അടിയന്തിരാവസ്‌ഥക്കാലത്തെ ഉപദേശത്തെ അയവിറക്കിയത് കറിക്കത്തിക്കൂടി കരുതാന്‍ വേണ്ടി തന്നെയാണ്. താക്കീതായും ഭീഷണിയായും പ്രസംഗിച്ചു കൊണ്ടേയിരിക്കുകയും പ്രതികളായികൊണ്ടേയിരിക്കുകയും ചെയ്യുന്ന നേതാക്കന്‍മാര്‍ക്ക് ഏതായാലും ഒരുകാര്യം ഉറപ്പുണ്ട്. യു.ഡി.എഫ് ഭരണം തീരാന്‍ ഇനി നാലുകൊല്ലമേ ബാക്കിയുള്ളൂ. അത് കഴിഞ്ഞാല്‍ ഇതെല്ലാം ഒറ്റയടിക്ക് എഴുതി തള്ളാനാവും. അതിനാല്‍ ആര്‍ക്കും എന്തും പ്രസംഗിക്കാമെന്ന ധൈര്യം കൂടി നേതാക്കള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നുണ്ട്.
നിയമവാഴ്‌ചയെ വെല്ലുവിളിക്കുമ്പോഴും നിയമത്തെ മാനിച്ച് കോടതികളെ നിരന്തരം സി.പി.എം സമീപിച്ചുകൊണ്ടിരിക്കുന്നുണ്ട്. വെറുതെ വിടുകയും എഴുതി തള്ളുകയും ചെയ്‌ത കേസുകളുടെ പുനരന്വേഷണത്തിന്റെ സാംഗത്യത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ പാര്‍ട്ടി തങ്ങളുടെ ഭരണകാലത്ത് മുസ്ലിം പ്രതിസ്‌ഥാനത്ത് വന്ന 24 കേസുകള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേകസംഘത്തെ നിയമിച്ച കാര്യം മറന്നുപോവരുത്.
ഇടതുഭരണകാലത്ത് വൈരനിര്യാതനബുദ്ധിയോടെ പെരുമാറാന്‍ കേരള പോലിസിലെ ഒരു വിഭാഗത്തെ കയറൂരിവിട്ടത് കൊണ്ടായിരുന്നു പാര്‍ട്ടികളെയും സംഘടനകളെയും നേതൃത്വങ്ങളെയും വേട്ടയാടാനുള്ള തുടര്‍ച്ചയായ നീക്കത്തിന് പ്രോല്‍സാഹനം ലഭിച്ചത്. നിരപരാധികളായ ആറു മുസ്ലിംകളെ ബീമാപ്പള്ളിയില്‍ വെടിവച്ച് കൊന്ന സമയത്ത് തോന്നാത്ത വൈകാരികതയാണ് സ്വയം കൃതാനര്‍ഥമായ കൊലക്കേസുകളില്‍ സി.പി.എം. അന്വേഷണം നേരിടുമ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. സ്വാര്‍ത്ഥമായ പലതരം താല്‍പ്പര്യങ്ങളാല്‍ നമ്മുടെ പോലിസ് നിയന്ത്രിക്കപ്പെടുന്നതിനെകുറിച്ച് ഇതേ പംക്‌തി മുമ്പ് സൂചിപ്പിച്ചതാണ്. സേനയിലെ ഉന്നതരടക്കം 605 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന ഡി.ജി.പിയുടെ സത്യവാങ് മൂലം ഭാഗിക സത്യമേ ആവുന്നുള്ളൂ. രജിസ്‌റ്ററില്‍ രേഖപ്പെട്ട കണക്കുകള്‍ മാത്രമാണ് തുന്നിച്ചേര്‍ത്ത് ഹൈക്കോടതി മുമ്പാകെ ഡി.ജി.പി സമര്‍പ്പിച്ചത്. കൊലക്കേസും സ്‌ത്രീപീഡനവും വഞ്ചനാ കുറ്റവുമെല്ലാം പ്രതിപ്പട്ടികയിലുള്ളവരുടെ മേല്‍ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സ്‌ത്രീകളും ഇതിലുള്‍പ്പെടുന്നു.
പോലീസിനെതിരേ പരാതി നല്‍കാന്‍ പലരും തയാറാവാറില്ല. അതിനാല്‍ രേഖയില്ലാത്ത പലതും പുറത്ത് അറിയുന്നില്ല. പ്രത്യേകിച്ച് ലോക്കപ്പിലും കസ്‌റ്റഡിയിലുമുള്ള മര്‍ദ്ദനങ്ങളും കൈക്കൂലിക്കേസുകളുമെല്ലാം. ക്രിമിനല്‍ കേസില്‍ പ്രതികളായ പോലിസുകാര്‍ പലരും സര്‍വീസില്‍ തന്നെയുണ്ട്. എന്നാല്‍ ഇതേ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട നിരവധി പേര്‍ നമ്മുടെ രാജ്യത്ത് ജാമ്യം പോലും ലഭിക്കാതെ വിചാരണ തടവുകാരായി കഴിയുകയും ചെയ്യുന്നുണ്ട്. നിയമവാഴ്‌ചയെ മാനിക്കാന്‍ പൊതുസമൂഹത്തെ സജ്‌ജമാക്കേണ്ട രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെയും നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ട സേനയുടെയും വഴിതെറ്റിയുള്ള പോക്ക് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്‌ടിക്കുക. നാട്ടിലെ നിയമവാഴ്‌ച നോക്കുകുത്തിയാക്കുന്നതില്‍ എല്ലാവരും തുല്യപങ്ക് വഹിക്കുന്നുവെന്ന് സാരം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ കലാ സൃഷ്‌ടികളെ പിണറായി വിജയന്റെ കലാബോധത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കര്‍ത്തവ്യബോധമുള്ള ഒരു ഭരണാധികാരി ആയി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നിയമവാഴ്‌ചയെക്കുറിച്ച സാധാരണക്കാര്‍ക്ക് വലിയ മതിപ്പ് ഉണ്ടായേനെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ