2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

മാറുന്ന മലബാര്‍



 യശശ്ശരീരനായ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ തീവണ്ടിയാത്രയ്ക്കിടെ സഹയാത്രികന്റെ കൈവശമുണ്ടായിരുന്ന പത്രം വായിക്കാനായി ചോദിച്ച കഥയുണ്ട്. ഇത് ഇംഗ്ളീഷ് പത്രമാണു മുസ്ല്യാരേ എന്നു യാത്രക്കാരന്‍ അവജ്ഞയോടെ പറഞ്ഞപ്പോള്‍, അതുകൊണ്ടാണെടോ ഞാന്‍ ചോദിച്ചത് എന്ന് ഇ.കെ. മറുപടി നല്‍കി. മതം പഠിപ്പിക്കുന്ന/പഠിക്കുന്നവര്‍ക്ക് അക്ഷരാഭ്യാസമില്ലെന്ന സാമാന്യബോധത്തിനു കേരളത്തിലെ മുസ്ലിംകളില്‍നിന്നുള്ള ആദ്യ കൊട്ടായിരുന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ നല്‍കിയത്. ഇ.കെ. ഇന്നില്ലെങ്കിലും തൊപ്പിയും തലപ്പാവും ധരിച്ച ഒരാള്‍ ഇന്ന് ഇംഗ്ളീഷ്പത്രം വായിക്കുന്നത് അപൂര്‍വകാഴ്ച അല്ലാതായി. കാസര്‍കോട്ടുനിന്ന് എറണാകുളത്തേക്കു തീവണ്ടികയറിയാല്‍ തൊപ്പിയും തലപ്പാവും ധരിച്ച  മതവിദ്യാര്‍ഥികള്‍ ഇംഗ്ളീഷ് പത്രം വായിച്ചു യാത്രചെയ്യുന്ന കാഴ്ച സാധാരണയാണ്. 
സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദ/ബിരുദാനന്തര പരീക്ഷാകേന്ദ്രങ്ങളില്‍ വരുന്നവരില്‍ തൊപ്പിധരിച്ച വിദ്യാര്‍ഥികളെ ധാരാളം കാണാം. കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷയെഴുതിയവരില്‍ കേരളത്തിലെ മതസ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമുണ്ടായിരുന്നു. പറഞ്ഞുവരുന്നത് മതവിദ്യാര്‍ഥികളിലെ മാത്രം മാറ്റമല്ല, മലബാറിലെ മൊത്തം മാറ്റമാണ്. മലബാറിലെ ഒരു മുസ്ലിംയുവതി ഐ.ഐ.എം. പരീക്ഷയില്‍ ഉന്നതവിജയം നേടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. 40 വര്‍ഷം മുമ്പുവരെ രാവിലെയും വൈകിട്ടും കഞ്ഞിയും കപ്പയും മാത്രം ഭക്ഷിച്ചു ശീലിച്ചവരുടെ രണ്ടാം തലമുറ ഇന്നു സായംസന്ധ്യകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത വന്‍കിട ഹോട്ടലുകളില്‍ കെ.എഫ്.സി. ചിക്കന്‍ കടിച്ചുചവയ്ക്കുന്നു. ബ്രിട്ടിഷ്, പോര്‍ച്ചുഗീസ് അധിനിവേശശക്തികളോടുള്ള എതിര്‍പ്പുകാരണം അവരുമായി ബന്ധപ്പെട്ട സംസ്കാരവും ഭാഷയും ഉള്‍പ്പെടെ എല്ലാം ബഹിഷ്കരിച്ചവരുടെ പിന്മുറക്കാര്‍, ലോകകപ്പ് മല്‍സരകാലത്ത് ഈ രാജ്യങ്ങളുടെ പതാകകള്‍ വീശി പ്രകടനം നടത്തുന്ന വിധമുള്ള മാറ്റവും ഇതോടൊപ്പം മലബാറില്‍ ഉണ്ടായി. 

കേരളത്തിലെ പശ്ചിമേഷ്യ
 
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ എന്നറിയപ്പെടുന്ന ആറു ജില്ലകള്‍ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ 45 ശതമാനവും ജനസംഖ്യയില്‍ 44 ശതമാനവുമാണ്. അന്താരാഷ്ട്രതലത്തില്‍ പശ്ചിമേഷ്യയെ പോലെയാണു മലബാര്‍. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും (പ്രത്യേകിച്ച് വാര്‍ത്താചാനലുകളില്‍) മലബാറില്‍നിന്നുള്ള ഗുണപരമായ വാര്‍ത്തകളൊന്നും ഉണ്ടാവാറില്ല. അന്താരാഷ്ട്ര പേജുകളിലെ നല്ല വാര്‍ത്തകള്‍ തൊണ്ണൂറുശതമാനവും അമേരിക്കയില്‍നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നോ ആയിരിക്കും. പശ്ചിമേഷ്യയില്‍നിന്നു സ്ഫോടനത്തിന്റെയും ആക്രമണത്തിന്റെയും വാര്‍ത്തകള്‍ മാത്രമേ ഉണ്ടാവൂ. 70 കാരനായ അഫ്ഗാന്‍ വൃദ്ധന്‍ 15 കാരിയെ നാലാംഭാര്യയാക്കാന്‍ ശ്രമിക്കുന്നതുപോലുള്ള നെഗറ്റീവ് ഇനത്തിലുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ ദക്ഷിണേഷ്യയില്‍നിന്നുണ്ടാവും. ഇതുപോലെത്തന്നെയാണു മലബാറിനോടുള്ള മാധ്യമസമീപനങ്ങളും. 
മേഖലയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഉത്തരമലബാറില്‍ സ്ഥാപിച്ച കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങള്‍ പത്തനംതിട്ടയിലെ തിരുവല്ലയിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നതാണ്. മെഡിക്കല്‍ കോളജ് കാസര്‍കോട്ടുതന്നെ സ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്െടങ്കിലും ഇതുസംബന്ധിച്ചു മലബാറുകാരുടെ ആശങ്ക തീര്‍ന്നിട്ടില്ല. മലബാര്‍ ജില്ലകള്‍ക്കിപ്പോഴും ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്. ഈയവസ്ഥയിലാണു കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാല വരുന്നത്. എന്നാല്‍, ഇതിലെ പ്രധാന വിഭാഗങ്ങള്‍ തെക്കന്‍ ജില്ലയിലേക്കു മാറ്റാനുള്ള ഗൂഢാലോചനയ്ക്കെതിരേ മലബാറില്‍നിന്നു ശക്തമായ പ്രതിഷേധസ്വരം പോലും ഉയര്‍ന്നുവന്നില്ല. ഇക്കാര്യം പലരുടെയും ശ്രദ്ധയില്‍ പോലും പെട്ടില്ലെന്നതാണു വസ്തുത. 
പോര്‍ച്ചുഗീസുകാരുടെയും തുടര്‍ന്നു ബ്രിട്ടിഷുകാരുടെയും അധിനിവേശമാണു മലബാറുകാരുടെ പിന്നാക്കാവസ്ഥയ്ക്കു പ്രധാന കാരണം. അധിനിവേശശക്തികളുമായി നീക്കുപോക്കിനു തയ്യാറാവാതെ അവരുമായി മലബാറുകാര്‍ യുദ്ധം പ്രഖ്യാപിച്ചു. പോരാട്ടത്തിന്റെ ഭാഗമായി അധിനിവേശശക്തികളുടെ ഭാഷയെയും സംസ്കാരത്തെയും അവര്‍ ബഹിഷ്കരിച്ചു. ഇംഗ്ളീഷ് നിഷിദ്ധമാണെന്നുവരെ ചില പണ്ഡിതര്‍ മതവിധി പുറപ്പെടുവിച്ചു. സമരം ഈ പ്രദേശത്തുകാരെ സാമൂഹികമായും സാമ്പത്തികമായും ആരോഗ്യപരമായും തകര്‍ത്തുകളഞ്ഞു. പോര്‍ച്ചുഗീസുകാരും ബ്രിട്ടിഷുകാരും മലബാറിലെ ജനങ്ങളോടു പ്രതികാരബുദ്ധിയോടെയാണു പെരുമാറിയത്. 

പോരാട്ടവീര്യം
 
ദൈവത്തിന്റെ ഭൂമിക്കു നികുതിയില്ലെന്നു പറഞ്ഞ് 18ാം നൂറ്റാണ്ടില്‍ ഇന്ത്യയിലാദ്യമായി നികുതിനിഷേധപ്രസ്ഥാനത്തിനു തുടക്കമിട്ട ഉമര്‍ ഖാസിയുടെ ചരിത്രം കേട്ടു വളരുന്ന തലമുറയാണു മലബാറിലുള്ളത്. 1857ലെ സ്വാതന്ത്യ്രസമരത്തിനു മുമ്പു തന്നെ മലബാറിന് ബ്രിട്ടിഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ നൂറുകണക്കിനു കഥകള്‍ പറയാനുണ്ട്. അനീതിക്കെതിരായ പ്രതിഷേധത്വരയും സ്വാതന്ത്യ്രദാഹവും അവര്‍ക്കു തലമുറകളായി ലഭിച്ചതാണ്. കോണ്‍ഗ്രസ്സുകാരായാലും മുസ്്ലിംലീഗുകാരായാലും പാര്‍ട്ടിയില്ലാത്തവരായാലും എന്നും പ്രതികരികക്കക്കാനനുള്ള മനസ്സായിരുന്നു അവര്‍ക്ക്. കേരളത്തില്‍ കര്‍ഷകപ്രക്ഷോഭങ്ങള്‍ ഏറ്റവുമധികം കൊടുമ്പിരിക്കൊണ്ടതു മലബാറിലായിരുന്നല്ലോ. മുസ്ലിംകള്‍ക്കു ഗണ്യമായ സ്വാധീനമുണ്ടായിരുന്നെങ്കിലും മലബാറില്‍ സര്‍വേന്ത്യാ മുസ്ലിംലീഗിനു ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ചേരിക്കൊപ്പമായിരുന്നു മലബാറിന്റെ മനസ്സ്. പുന്നപ്രയിലും വയലാറിലും കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉയരുന്നതിനു മുമ്പുതന്നെ മലബാറില്‍ ജന്മിമാര്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. 
ടിപ്പുവിന്റെ കാലത്തുതന്നെ ഇവിടെ വന്‍ഭൂവുടമകള്‍ക്കെതിരേ ലഹളകള്‍ നടന്നു.  –ജന്മിമാര്‍ ടിപ്പുവിന്റെ ഭരണകാലത്തു തിരുവിതാകൂറിലേക്ക് ഓടിപ്പോയെങ്കിലും ബ്രിട്ടിഷുകാര്‍ ടിപ്പുവിനെ വഞ്ചിച്ചുകൊലപ്പെടുത്തിയ ശേഷം അവര്‍ മലബാറില്‍ തിരിച്ചെത്തി. ബ്രിട്ടിഷുകാരുടെ പിന്‍ബലത്തോടെ ജന്മിമാര്‍ മലബാറില്‍ വ്യാപക കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. സവര്‍ണഭൂവുടമകള്‍ക്കും മറ്റ് അധികാരകേന്ദ്രങ്ങള്‍ക്കുമെതിരേ മലബാറില്‍ വന്‍പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍, പുന്നപ്ര-വയലാര്‍ സമരങ്ങളെപ്പോലെ മലബാര്‍സമരങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. അവ വര്‍ഗീയലഹളകളായാണു ചിത്രീകരിക്കപ്പെട്ടത്. 1920കളില്‍ മലബാറില്‍ ഉയര്‍ന്ന കര്‍ഷകസമരങ്ങള്‍ക്കു കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടായെങ്കിലും സമരാനന്തരം ബ്രിട്ടിഷുകാര്‍ ജനങ്ങളെ വേട്ടയാടിയപ്പോള്‍ സഹായിക്കുന്നതിനു പകരം അവരെ തള്ളിപ്പറയുകയാണു പാര്‍ട്ടി ചെയ്തത്. ഈ സംഭവത്തിനുശേഷമാണു മലബാറുകാര്‍ കോണ്‍ഗ്രസ്സുമായി തെറ്റുന്നതും ലീഗുമായി അടുക്കുന്നതും. അന്നു മാപ്പിളമാര്‍ക്കൊപ്പം കോണ്‍ഗ്രസ് നിന്നിരുന്നെങ്കില്‍ ഒരു പക്ഷേ, മലബാറില്‍ ലീഗിന് ഇന്നുള്ളതു പോലെ സ്വാധീനം ഉണ്ടാകുമായിരുന്നില്ല. 
അറബികളുമായുള്ള സഹവാസം മലബാറുകാരുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. അറബികളുടെ സത്യസന്ധതയും മാന്യതയുമാണു മലബാറുകാരെ സ്വാധീനിച്ച ഘടകം. അറബികളുടെ സ്വാധീനഫലമായി ഇസ്ലാം സ്വീകരിച്ചവരുടെ പിന്മുറക്കാരാണു പ്രദേശത്തെ നല്ലൊരു ശതമാനവും. എന്നാല്‍, മതം മാറിയെങ്കിലും പലരും തങ്ങളുടെ പാരമ്പര്യം കൈവെടിഞ്ഞില്ല. ഇക്കാരണത്താലാവണം, മലബാറിലെ മുസ്ലിംകള്‍ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെ മുസ്്ലിംകളേക്കാളും ഹൈന്ദവ ആചാരങ്ങളുമായും അവരുടെ സാമൂഹിക-സാംസ്കാരിക ധാരകളുമായും സാദൃശ്യം പുലര്‍ത്തുന്നത്. മലബാറിലെ പുരാതനവും പ്രമുഖവുമായ പൊന്നാനി പള്ളിയിലേതുള്‍പ്പെടെയുള്ള വിളക്കുകളും കൊണ്ടാട്ടിനേര്‍ച്ചപോലുള്ള ആചാരങ്ങളും ഇതിനുദാഹരണമാണ്. മരം കൊണ്ടു നിര്‍മിച്ച പുരാതനമായ പല മുസ്ലിംപള്ളികളും ഹൈന്ദവക്ഷേത്രങ്ങളുടെ നിര്‍മാണരീതി കടമെടുത്തതായി കാണാം. ഹൈന്ദവര്‍ക്കിടയിലെ മരുമക്കത്തായ സമ്പ്രദായം ചില പ്രദേശങ്ങളിലെ മുസ്്ലിംകളിപ്പോഴും സ്വീകരിച്ചുവരുന്നുണ്ട്. 


കുതിപ്പ്

ഗള്‍ഫ് കുടിയേറ്റത്തിനു മലബാറിനെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഗള്‍ഫിലെ ഭര്‍ത്താവിന്റെ/മകന്റെ കത്തുവായിക്കാന്‍ അല്ലെങ്കില്‍ അവര്‍ക്കു മറുപടിയെഴുതാന്‍ കഴിയാതെ തന്റെ വിചാരവികാരങ്ങളത്രയും ഓഡിയോ കാസറ്റുകളില്‍ റെക്കോഡ് ചെയ്ത് അയക്കുന്ന പതിവില്‍നിന്നു ബ്ളാക്ബെറി ചാറ്റിങ്ങിലേക്കും വീഡിയോ ചാറ്റിങ്ങിലേക്കും സ്കെയ്പ് കോളിലേക്കും പുതുതലമുറ മാറി. ഗള്‍ഫിലെ ഉറ്റവരുമായി ആശയവിനിമയം നടത്താന്‍ മലയാളം പഠിക്കണമെന്ന ആവശ്യമാണ് മക്കളെ വിദ്യയഭ്യസിപ്പിക്കാന്‍ രക്ഷിതാക്കളെ ആദ്യം പ്രേരിപ്പിച്ചത്. ഗള്‍ഫില്‍ ഷൂസും കോട്ടും ധരിച്ച അന്യദേശക്കാരനെപ്പോലെ ആവണമെന്ന ചിന്ത ഓരോ പ്രവാസിയെയും സ്വന്തം മക്കളെ കോളജിലേക്കു പറഞ്ഞുവിടാന്‍ നിര്‍ബന്ധിതനാക്കി. ഈ ചിന്തകളാണു പടിപടിയായി വിദ്യാഭ്യാസ-സാമ്പത്തിക ഉണര്‍വിനു കാരണമായത്. 
മിക്ക ദമ്പതിമാര്‍ക്കും പത്തില്‍ കൂടുതല്‍ മക്കളുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന്, ഓരോരുത്തര്‍ക്കും രണ്േടാ മൂന്നോ ഏറിവന്നാല്‍ നാലോ മക്കളായി ചുരുങ്ങി. കുട്ടി ആണെന്നോ പെണ്ണെന്നോ നോക്കാതെ എല്ലാവരുടെയും വിദ്യാഭ്യാസകാര്യത്തില്‍ അക്ഷരാഭ്യാസമില്ലാതിരുന്ന രക്ഷിതാക്കള്‍ ശ്രദ്ധിച്ചു. എനിക്ക് ഏതായാലും പഠിക്കാന്‍ കഴിഞ്ഞില്ല; വിദ്യാഭ്യാസമില്ലാത്ത കുറവ് മക്കള്‍ക്ക് ഒരിക്കലും ഉണ്ടാവരുതെന്ന് അവര്‍ ചിന്തിച്ചു. 10-15 വര്‍ഷം മുമ്പുവരെ ഹൈസ്കൂള്‍ പഠനത്തിനിടെ കെട്ടിച്ചയക്കുകയായിരുന്നു പതിവെങ്കില്‍ ഇന്ന് 95 ശതമാനം പെണ്‍കുട്ടികളും പ്ളസ്ടു പൂര്‍ത്തിയാക്കിയവരാണ്. യു.പി. സ്കൂള്‍ ആണ് ഒന്നരപ്പതിറ്റാണ്ടു മുമ്പ് പെണ്‍കുട്ടികളുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയെങ്കില്‍ ഇപ്പോഴത് പ്ളസ്ടുവോ അതിനു മുകളിലോ ആണ്. 

മാറ്റത്തിന്റെ മറ്റൊരു മുഖം

ബ്രിട്ടിഷുകാരോടും പോര്‍ച്ചുഗീസുകാരോടും പൊരുതി ധീരരക്തസാക്ഷികളായവരുടെ ഇളംതലമുറയില്‍പ്പെട്ടവര്‍ ഇതേ രാജ്യങ്ങളുടെ ആരാധകരായി അവരുടെ പതാക സ്വന്തം നാട്ടില്‍ ഉയര്‍ത്തുകയും ഫ്ളക്സ്ബോര്‍ഡ് 
സ്ഥാപിക്കുകയും ചെയ്യുന്ന മാറ്റം കേവലം ആരോഗ്യകരമായ പന്തുകളിപ്രേമമായി കാണാവുന്നതാണ്. എന്നാല്‍, മാറിയ മലബാറിലെ ആഡംബരത്തിന്റെ ബാക്കിപത്രമായി ഇതിനെ കാണുന്നവരുമുണ്ട്. മധ്യകേരളത്തിലെ പ്രമുഖ ഉല്ലാസ പാര്‍ക്കുകളിലും അയല്‍സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദങ്ങളിലും നല്ലൊരു ശതമാനം തൃക്കരിപ്പൂരിലെയും നാദാപുരത്തെയും കൊടുവള്ളിയിലെയും മഞ്ചേരിയിലെയും തിരൂരിലെയും കുടുംബങ്ങളെ കാണാം. ദക്ഷിണേന്ത്യയിലെ മികച്ച വസ്ത്രവ്യാപാര കമ്പനികള്‍ക്ക് കോഴിക്കോട്ട് ബ്രാഞ്ചുകളുണ്ടങ്കിലും വീട്ടിലെ കല്യാണത്തിന് ചെന്നൈയിലും കോയമ്പത്തൂരിലും അല്ലെങ്കില്‍ കൊച്ചിയിലെങ്കിലും പോയി ഷോപ്പിങ് നടത്തിയാലേ മാറിയ മലബാറുകാര്‍ക്കു തൃപ്തിയാവൂ. 
മലബാറില്‍ കല്യാണങ്ങളുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തും ആഡംബരങ്ങളും രോഗാതുരമായ അവസ്ഥയെയാണു സൂചിപ്പിക്കുന്നത്.       

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"