2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഭയപ്പെടുത്തുന്ന പിന്‍നടത്തം



രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി വെടിയേറ്റുവീഴുന്നത്‌ 1948 ജനുവരി മുപ്പതിനാണ്‌. ഗാന്ധിയെ കൊന്നത്‌ ഗോഡ്‌സെ. വിഭജനം കഴിഞ്ഞ്‌ അധികകാലം കഴിയുന്നതിന്‌ മുമ്പായതിനാല്‍ ഗാന്ധിയെ ആരു കൊന്നുവെന്നത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലമായിരുന്നു അത്‌. കൊലയാളി മുസ്ലിമല്ലെന്ന്‌ അറിഞ്ഞപ്പോള്‍ രാഷ്‌ട്രമൊന്നാകെ നെടുനിശ്വാസമിട്ടു. ആദ്യനിശ്വാസം സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിന്റേതായിരുന്നുവെത്രെ! ഏത്‌ ചെറിയ തീപ്പൊരിയും ആളിക്കത്താവുന്ന ഭയപ്പെടുത്തുന്ന ഒരു ചുറ്റുപാടില്‍ അത്തരമൊരു നെടുവീര്‍പ്പിന്‌ വലിയ പ്രസക്‌തിയുണ്ട്‌. 

ഇന്ത്യാ വിഭജനം ചില്ലറ വിടവല്ല സമൂഹത്തില്‍ സൃഷ്‌ടിച്ചത്‌. കാലമെടുത്ത്‌ മുറിവുണക്കാന്‍ ഒത്തിരി നല്ല നീക്കങ്ങള്‍ രാജ്യത്തുണ്ടായത്‌ മറച്ചുപിടിക്കേണ്ട കാര്യമില്ല. ആ നല്ല നീക്കങ്ങളെ തകര്‍ക്കാന്‍ എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ശ്രമങ്ങളുടെ ഫലപ്രാപ്‌തിയാണ്‌ 1992 ഡിസംബര്‍ 6ന്‌ ഉണ്ടാവുന്നത്‌. 1947ല്‍ ഭൂമിയില്‍ അതിര്‍വരമ്പുകള്‍ തീര്‍ത്ത്‌ നടത്തിയ വിഭജനത്തെക്കാള്‍ ഭയാനകവും ഭീകരവുമായിരുന്നു 1992 മനസ്സുകളില്‍ മതില്‍കെട്ടി തീര്‍ത്ത വെട്ടിമുറിക്കല്‍. 

ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയിലൂടെ വലിയ ഒരു വിടവ്‌ വീണ്ടും സൃഷ്‌ടിക്കപ്പെട്ടു. വിഭജനത്തിന്റെയും ബാബരി ധ്വംസനത്തിന്റെയും നടുക്കുന്ന ഓര്‍മകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന സമുദായമാണ്‌ മുസ്ലിംകള്‍. രണ്ട്‌ വിഭജനത്തിലൂടെയും പൊതുധാരയിലേക്ക്‌ സമുദായമെന്ന നിലയില്‍ മുസ്ലിംകള്‍ക്ക്‌ പരിമിതി ഏറെ നിശ്‌ചയിക്കപ്പെട്ടു. 

രാജ്യം വളര്‍ച്ച പ്രാപിക്കുന്നതിനോടൊപ്പം വളരാന്‍ കഴിയാതെ പോയ സമുദായങ്ങളില്‍ പ്രബലസ്‌ഥാനം മുസ്ലിംകള്‍ക്ക്‌ വന്നുചേരാന്‍ പ്രധാനമായ കാരണം ഏതോ കോണിലൂടെ നിശ്‌ചയിക്കപ്പെട്ട പരിധികളാണ്‌. ഒരു നാടിന്റെ ഭദ്രതയ്‌ക്ക് ആ നാട്ടിലെ ജനങ്ങളുടെ ഐക്യത്തിനും കെട്ടുറപ്പിനും പരസ്‌പര വിശ്വാസത്തിനും ചെറുതല്ലാത്ത പങ്ക്‌ നിര്‍വഹിക്കാനുണ്ട്‌. നൂറ്റി ഇരുപത്തിയൊന്ന്‌ കോടി ജനങ്ങള്‍ വസിക്കുന്ന നമ്മുടെ രാജ്യത്ത്‌ അത്തരമൊരു അവസ്‌ഥ കൈവരിക്കാന്‍ പര്യാപ്‌തമായ ഏറ്റവും വലിയ ഘടകം ഇന്ത്യയുടെ ഭരണഘടന തന്നെയാണ്‌. ദൗര്‍ഭാഗ്യവശാല്‍ കൈമോശം വന്നത്‌ ഭരണഘടന അന്തഃസ്സത്ത തന്നെയാണ്‌. കെട്ടുറപ്പ്‌ ഇല്ലാതാക്കുന്ന ഘടകങ്ങളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയേണ്ട ഭരണകൂടത്തിന്‌ ജനങ്ങള്‍ക്കിടയിലെ പരസ്‌പര വിശ്വാസത്തിന്‌ മാര്‍ഗം ശക്‌തിപ്പെടുത്തേണ്ട നിര്‍ബന്ധബാധ്യത നിര്‍വഹിക്കാനുണ്ട്‌. 

ഭരണകൂടം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക്‌ വലിയവില നല്‍കേണ്ടിവരുന്നത്‌ പൗരന്മാരാണ്‌. മാവോവാദമുദ്രകുത്തി വേട്ടയാടപ്പെടുന്ന ആദിവാസി ഗ്രോത്രവര്‍ഗ സമൂഹങ്ങള്‍ക്ക്‌ മാവേസേതുങ്ങിന്റെ പേരുപോലും തെറ്റുകൂടാതെ ഉച്ചരിക്കാന്‍ അറിഞ്ഞുകൊള്ളണമെന്നില്ല. നിഴലിനെ വെടിവെക്കുന്ന തെറ്റുകള്‍ തുടരുമ്പോള്‍ മുന്നോട്ട്‌ കുതിക്കേണ്ട ഒരു രാജ്യത്തിന്റെ പിന്‍നടത്തം ശക്‌തമാവുകയാണ്‌ ചെയ്യുന്നത്‌. 

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കൊന്നത്‌ മുസ്ലിമാവാത്തത്‌ വലിയ ഭാഗ്യമെന്ന്‌ ആശ്വാസം പ്രകടിപ്പിച്ച കാലഘട്ടത്തേക്കാള്‍ വലിയ നെടുവിശ്വാസങ്ങള്‍ ദിനേന നാം കേള്‍ക്കുന്നു. റെയില്‍വേ ട്രാക്കില്‍ ബോംബ്‌ വെച്ചത്‌ മുസ്ലിമായിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന ചോദ്യം അടക്കം പറച്ചിലായെങ്കിലും സാധാരണക്കാര്‍ ഉന്നയിച്ചത്‌ മറക്കാനായിട്ടില്ല. ആ ഞെട്ടല്‍ തീരുംമുമ്പേ ഇതാ പുതിയൊരു ആശ്വാസം കൂടി വന്നിരിക്കുന്നു. ബാംഗ്ലൂരിലെ ഐ.എസ്‌.ആര്‍.ഒ ആസ്‌ഥാനത്ത്‌ വ്യാജരേഖ ചമച്ച്‌ ഒരു മലയാളി പെണ്‍കൊടി കടന്നുകയറാന്‍ ശ്രമിച്ചു. ഈ വാര്‍ത്ത കണ്ടപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ര്‌ടീയ നേതാവ്‌ എന്റെ മുമ്പില്‍ വെച്ച്‌ നെടുവീര്‍പ്പിട്ടത്‌ ഇത്‌ ആയിഷയോ ആസ്യയോ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നാണ്‌. നമ്പിനാരായണനെയും രമണ്‍ശ്രീവാസ്‌തവയെയും തകര്‍ക്കാന്‍ മറിയം റഷീദയെയും ഫൗസിയ ഹസ്സനെയും ഉപകരണമാക്കിയതിന്റെ യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും കുറ്റബോധത്തോടെ ചര്‍ച്ച ചെയ്യുന്നതില്‍ ഏറെ സന്തുഷ്‌ടി തോന്നുന്നു. അന്ന്‌ നമ്പിനാരായണന്‌ നഷ്‌ടമായതൊന്നും ഇന്നത്തെ കുമ്പസാരത്തിലൂടെ തിരിച്ചുനല്‍കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ ഇനിയും നമുക്കുണ്ടായിട്ടില്ലെന്ന്‌ സമകാലിക വേട്ടയാടലുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്‌. ബ്യൂല സാമിന്റെ മനോരോഗം വളരെ വേഗം അംഗീകരിക്കപ്പെട്ട ഒന്നായപോലെ സത്നാം സിങിന്റെ മനോ വിഭ്രാന്തിയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നതിലെ വൈരുദ്ധ്യം നമ്മുടെ മനോ വൈകൃതത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. നമ്മുടെ മനോനിലയില്‍ എവിടെയോ കൃത്യമായി കോറിയിട്ട ചില തീര്‍പ്പുകളുണ്ട്‌. ആ തീര്‍പ്പുകളാണ്‌ നമ്മെ വഴി നടത്തുന്നത്‌. ബ്യൂല ഏതെങ്കിലും അറബി പദങ്ങള്‍ ഉരുവിട്ടിരുന്നെങ്കില്‍ സത്നാംസിങിന്റെ ഗതിവരുമായിരുന്നു. മുന്‍വിധിയില്‍ തീര്‍പ്പാക്കപ്പെടുന്ന ചില ശത്രുക്കളുണ്ടാവും. അതനുസരിച്ചാണ്‌ ഭീതി പരത്താന്‍ ശ്രമിക്കുന്നത്‌. 

ചീഫ്‌ സെക്രട്ടറിയുടെ ഓഫീസില്‍ കയറി ബഹളം വെച്ചതും വീഡിയോ പകര്‍ത്തിയതും മുസ്ലിമായിരുന്നെങ്കില്‍ എന്നുള്ള ചോദ്യവും ഉയര്‍ത്തപ്പെടുന്നുവെങ്കില്‍ മുസ്ലിംമിനെക്കുറിച്ച്‌ എവിടെയോ ചില തെറ്റായ സങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെ വിജയം കാണല്‍ എളുപ്പത്തില്‍ സംഭവിക്കുന്നുവെന്ന്‌ വേണം കരുതാന്‍. 

ബിജു സലീമെന്ന കീഴുദ്യോഗസ്‌ഥനെയും രഘുവര്‍മയെന്ന ഐ.പി.എസുകാരനെയും നിയമം ഒരു വഴിയില്‍ തന്നെയാണ്‌ ശിക്ഷിക്കേണ്ടത്‌. അഭികാമ്യമല്ലാത്ത ചില മനോഗതങ്ങള്‍ പൊതുഗാത്രത്തെ ഗ്രസിച്ചുവെന്ന പരിഭവം സാധാരണക്കാരില്‍ പോലും സാര്‍വത്രികമാണ്‌. ശുഭകരമല്ലാത്ത ഇത്തരം ചിന്തകളുടെ സ്വാധീനം കീഴ്‌തട്ടുവരെ വര്‍ധിച്ചുവരുന്നത്‌ നമ്മെ അലോസരപ്പെടുത്തേണ്ടതുണ്ട്‌. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റത്തിന്‌ കളമൊരുക്കുന്ന മുഴുവന്‍ ഘടകങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്‌ നമ്മുടെ ഭാവി സുരക്ഷിതമാക്കി തീര്‍ക്കുക. 

ദേശീയതലത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ വന്ന പി. പരമേശ്വരന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ തന്നെ ഏറെ അസ്വസ്‌ഥനാക്കിയതായി പ്രമുഖ സോഷ്യലിസ്‌റ്റ് എം.പി. വീരേന്ദ്രകുമാര്‍ യാത്രക്കിടയില്‍ പങ്കുവെയ്‌ക്കുകയുണ്ടായി. 

ആ ലേഖനം വായിച്ചപ്പോള്‍ ആരെയും അസ്വസ്‌ഥനാക്കുന്നതാണ്‌ അതിലെ കാര്യങ്ങള്‍. അമൃതാനന്ദമയി മഠത്തെക്കുറിച്ചാണ്‌ ലേഖനം തുടങ്ങിയത്‌. പശുവിനെക്കുറിച്ച്‌ ഉപന്യസിച്ച വിദ്യാര്‍ത്ഥി കെട്ടിയ തെങ്ങിനെക്കുറിച്ച്‌ എഴുതിയ കഥയാണ്‌ ഓര്‍മവന്നത്‌. ആത്മീയ കേന്ദ്രമായ മഠത്തില്‍ ആത്മസായൂജ്യത്തിനെത്തിയ സത്നാംസിങിന്‌ മനോവിഭ്രാന്തി വന്നപ്പോള്‍ എന്തോ ചില അറബി വാക്യങ്ങള്‍ ഉരുവിട്ടുവത്രെ. അത്‌ ജിഹാദീ മുദ്രാവാക്യമായിരുന്നെന്നും, സത്നാംസിങ്‌ മതംമാറിയിട്ടുണ്ടാവാമെന്നും ഇസ്ലാം മതാധ്യാപനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞുവെച്ചശേഷം മുസ്ലിംലീഗിനെയും സമുദായത്തെയും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തിലേക്ക്‌ കൊണ്ട്‌ ചെന്നെത്തിക്കുകയാണ്‌ പ്രസ്‌തുത ലേഖനം. 

അറബിവാക്യങ്ങള്‍ ജിഹാദീ മുദ്രാവാക്യങ്ങളായി വളരെ പെട്ടെന്നാണ്‌ പരിണമിക്കുന്നത്‌. അമൃതാനന്ദമയീ മഠത്തിന്റെ മഹത്വം പ്രചരിപ്പിക്കാനും അതിനെതിരേ വരുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സ്‌ഥാപനത്തിന്റെ അനുയായികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ അത്‌ മറ്റുള്ളവരോട്‌ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന തലത്തിലേക്ക്‌ നീങ്ങുമ്പോഴാണ്‌ അസ്വസ്‌ഥമായിത്തീരുന്നത്‌. 

സത്നാംസിങിന്റെ പ്രേരണയും അദ്ദേഹത്തിലെ സ്വാധീനഘടകങ്ങളും വല്ലതുമുണ്ടെങ്കില്‍ അത്‌ കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതിനുള്ള സാവകാശം ലഭിക്കുംമുമ്പ്‌ എല്ലാം തീര്‍ന്നു. ഐ.എസ്‌.ആര്‍.ഒയില്‍ കയറാന്‍ ശ്രമിച്ച ബ്യൂലയുടെ മനോവിഭ്രാന്തിയെ അംഗീകരിച്ചപോലെ സത്നാംസിങിന്റേതും അംഗീകരിക്കപ്പെടേണ്ടതായിരുന്നു. പകരം യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ തെരുവിലെ ചെണ്ടയാക്കി എല്ലാവരും കയറി മുസ്ലിം സമുദായത്തിനെ കൊട്ടാന്‍ ശ്രമിക്കുന്നതിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത മുറിവുകള്‍ വീണ്ടും സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. 

ഭീതിപരത്തുന്ന പിന്‍നടത്തത്തിന്‌ ഇത്തരം മുറിവുകള്‍ സൃഷ്‌ടിച്ച്‌ ആക്കം വര്‍ധിപ്പിക്കുന്നതില്‍ അറിയാതെ പലരും പങ്കുചേരുന്നുണ്ട്‌. പല കാര്യങ്ങളുടെയും നിജസ്‌ഥിതി പുറത്തുവരാതിരിക്കാന്‍ മുന്‍വിധികള്‍ കാരണമാവുന്നുണ്ട്‌. പരസ്‌പരം സംശയിക്കാനും അകലം വര്‍ധിപ്പിക്കാനും നടക്കുന്ന അപകടകരമായ പ്രവണതകളെ കരുതലോടെ സമീപിക്കാന്‍ കഴിയേണ്ടതുണ്ട്‌. 

സമീപകാലങ്ങളിലെ വര്‍ഗീയ ചേരിതിരവ്‌ രൂപപ്പെടുത്തുന്നതില്‍ മുസ്ലിംപക്ഷം എന്ത്‌ പങ്ക്‌ വഹിച്ചു എന്നത്‌ പോലും സത്യസന്ധമായി അന്വേഷിക്കാന്‍ സാധിക്കാത്ത വിധമുള്ള ഇടുക്കത്തിലേക്ക്‌ നിരപേക്ഷ സമൂഹത്തിന്റെ പ്രതിനിധാനം പോലും ചെന്നെത്തിക്കൊണ്ടിരിക്കുന്നു. സെക്കുലര്‍ മനസ്സിന്റെ ഇത്തരം നഷ്‌ടപ്പെടലിനെ ഭയാശങ്കയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. ഇടതുചേരി പോലും തിരുത്താന്‍ കഴിയാത്ത പങ്ക്‌ ഇതിലൊക്കെ നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട്‌. മുസ്ലിം വിരുദ്ധ പക്ഷത്തുള്ള നില ഉറപ്പിക്കലാണ്‌ മതനിരപേക്ഷതയെന്ന തെറ്റായ ധാരണപോലും സൃഷ്‌ടിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നു. നീതി മുസ്ലിം പക്ഷത്തായാലും സംശയിക്കപ്പെടുമോ എന്ന തെറ്റായ ചിന്തയാല്‍ മൗനികളാവുകയാണ്‌ പലരും. മാധ്യമരാഷ്‌ട്രീയഉദ്യോഗമധ്യവര്‍ഗ സമൂഹങ്ങള്‍ ഈയൊരു സ്വാധീന വലയത്തിലേക്ക്‌ നീങ്ങുന്നതും വലിയ പിന്‍നടത്തമാണ്‌. 

ജാതി തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം തീവ്രവാദസംഘടനയില്‍ അംഗമല്ലെന്ന്‌ പ്രത്യേകം എഴുതിച്ചേര്‍ത്ത എടവനക്കാട്‌ വില്ലേജ്‌ ഓഫീസര്‍ നമ്മുടെ സമൂഹത്തില്‍ രൂപപ്പെട്ടു കഴിഞ്ഞ പിന്‍നടത്തത്തിന്റെ പ്രതിനിധിയാണ്‌. ധ്രുവനാഥ പ്രഭുവെന്ന വില്ലേജ്‌ ഓഫീസര്‍ക്ക്‌ സംഭവിച്ചത്‌ അബദ്ധമല്ല. എവിടെ നിന്നോ പകര്‍ന്നു നല്‍കുന്ന കൃത്യമായ വിദ്യാഭ്യാസത്തിന്റെ ബഹിര്‍സ്‌ഫുരണമാണ്‌ പേനത്തുമ്പിലൂടെ പുറത്തെത്തിയത്‌. ഒരു സമുദായത്തെക്കുറിച്ച്‌ വില്ലേജ്‌ ഓഫീസര്‍ തൊട്ട്‌ മുകളറ്റം വരെ ഇങ്ങനെയൊരു മനോഗതി പകര്‍ന്നു നല്‍കപ്പെട്ടുവെങ്കില്‍ സമ്പന്നവും സംസ്‌കൃതവുമായ കേരളം എങ്ങോട്ടാണ്‌ പുറംതിരിഞ്ഞു നടക്കുന്നത്‌. 

കാഞ്ഞങ്ങാട്‌ നബിദിന റാലിയില്‍ ഉപയോഗിച്ച സൈനിക യൂണിഫോം കോട്ടയത്തെ കെ.സി.ബി.സി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതിനെയും ഒന്നായി കാണാന്‍ കഴിയാതെ പോവുന്നതില്‍ ഒറ്റനാട്ടില്‍ ഇരട്ടനീതിയെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നെങ്കില്‍ ആരിലാണ്‌ തകരാറ്‌. തകരാറ്‌ കാഞ്ഞങ്ങാട്ടെ മുസ്ലിംകളുടേതും കോട്ടയത്തെ ക്രിസ്‌ത്യാനികളുടെതുമല്ല. നമ്മുടെ പിന്‍നടത്തത്തിന്റേതാണ്‌. മുസ്ലിം ചെറുപ്പക്കാരെ ഭീകരമുദ്രചാര്‍ത്തി ജയിലുകളിലടക്കാന്‍ ഉപയോഗിക്കുന്നത്‌ നഴ്‌സറി പുസ്‌തകങ്ങളും കവിതകളും ഉര്‍ദുപുസ്‌തകങ്ങളും ഖുര്‍ആന്റെ പതിപ്പുകളുമാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കഴിഞ്ഞദിവസം ഒരു ദേശീയപത്രം പുറത്ത്‌ കൊണ്ടുവരികയുണ്ടായി. നിലനില്‍ക്കുന്ന കരിനിയമങ്ങളെ ഉപയോഗപ്പെടുത്തി വ്യാജതെളിവുകള്‍ ഉണ്ടാക്കി നിരപരാധികളെ ജയിലടച്ചതിന്റെ നല്ല ഉദാഹരണങ്ങളാണ്‌ പത്രം പുറത്തുവിട്ടത്‌. ഇത്തരമൊരന്വേഷണ സ്വഭാവം ഈയടുത്തായി ദേശീയ മാധ്യമങ്ങളില്‍ വെളിച്ചം കാണുന്നുണ്ടെങ്കിലും മലയാളികള്‍ ഇപ്പോഴും പുകമറയില്‍ തന്നെയാണ്‌. ബാംഗ്ലൂരില്‍ നിന്ന്‌ ആസാമിലേക്ക്‌ കൂട്ടപാലായനം നടത്തിയത്‌ എസ്‌.എം.എസിലൂടെ പരന്നവ്യാജവാര്‍ത്തയുടെ ഫലമായിട്ടായിരുന്നു. അത്തരം വാര്‍ത്ത പ്രചരിപ്പിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഇന്ത്യയില്‍ എല്ലായിടത്തും വേരോട്ടം ഉണ്ടാക്കിയെടുക്കുന്ന ഒരു സംഘടനയാണെന്ന അടിസ്‌ഥാനരഹിത വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ കര്‍ണാടകയിലെ മാധ്യമങ്ങളില്‍ അത്തരമൊരു വാര്‍ത്തയേ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇടതുസെക്കുലര്‍ മാധ്യമങ്ങളായിരുന്നു. കേരളത്തില്‍ ആസാം എസ്‌.എം.എസ്‌ വിവാദം ഏറെ പൊലിപ്പിച്ചു നിര്‍ത്തിയത്‌ മലയാളിയുടെ അപകടകരമായ പിന്‍നടത്തം ബോധ്യപ്പെടുത്തുന്നത്‌. 

വിടവുകള്‍ നികത്താന്‍ ശ്രമിക്കേണ്ട ഘടകങ്ങള്‍ക്കത്രയും ബാധിക്കുന്ന വലിയ വീഴ്‌ചകള്‍ നമ്മുടെ ചിന്തകളെ അസ്വസ്‌ഥമാക്കുന്നില്ലെങ്കില്‍ ചുടലക്കലങ്ങളുടെ കാവല്‍ക്കാരാവാനാവും നമ്മുടെ യോഗ്യത. അവസാന വാക്ക്‌ എസ്‌.പി. വേണുഗോപാലന്‍ നായരുടേതാവട്ടെ. ജാതിയും മതവും ഒന്നും ഇല്ല എന്ന്‌ നമ്മള്‍ ചിന്തിക്കുമ്പോഴും അതില്‍ നിന്ന്‌ ആത്യന്തികമായി മാറാന്‍ നമ്മള്‍ക്ക്‌ സാധിക്കുന്നില്ല. മുമ്പൊക്കെ ഞാന്‍ മുസ്ലിംമിന്റെ കടയില്‍ കയറി ഭക്ഷണം കഴിക്കില്ല. ജാതി നമ്മുടെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ സാധിക്കുന്നില്ല. നമ്മളെ ഒരു ഭ്രാന്തുപോലെ അതങ്ങ്‌ പിന്തുടരുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"