2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഓമാനൂര്‍ ശുഹദാക്കള്‍ -2

അമ്മാളു അമ്മയുടെ മതംമാറ്റം 
   ഈ സംഭവം നടന്ന് അധികം വൈകാതെ പാലൂയ്(പള്ളിക്കുന്ന്)എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശത്തു മറ്റൊരു സംഭവം കൂടി നടന്നു.ഏതാനും നമ്പൂതിരി ഇല്ലങ്ങളും നായര്‍ഗൃഹങ്ങളും അധഃകൃതരുടെ വാസകേന്ദ്രങ്ങളും ഏതാനും മുസ്ലിം വീടുകളുമാണ് പാലൂയ് ദേശത്തുണ്ടായിരുന്നത്.പാലൂയ് ഗ്രാമത്തിന്റെ പൌരമുഖ്യന്‍ കരുണാകരനായിരുന്നു.പ്രമാണിമാരും സമ്പന്നരുമായ പല അമുസ്ലീം കുടുംബങ്ങളും അവിടെയുണ്ടായിരുന്നു.കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കഴിഞ്ഞിരുന്ന,സാമ്പത്തികമായി ദുര്‍ബലരായ ഏതാനും മുസ്ലിം കുടുംബങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സഹവര്‍ത്തിത്വത്തോടെ അവിടെ വസിച്ചുപോണു.സാമുദായികബന്ധം ആരോഗ്യകരമായി തന്നെയാന് നിലനിന്നിരുന്നത്.ഈ ഘട്ടത്തിലാണ് പാലൂയിലെ ഒരമ്പലവും പരിസരവും പരിപാലിച്ചുകൊണ്ടിരുന്ന അമ്മാളു അമ്മ എന്ന ഒരമുസ്ലീം സ്ത്രീ ആരുടേയും പ്രേരണയില്ലാതെ ഇസ്ലാം സ്വീകരിച്ച് ഹലീമ എന്ന പേര് സ്വീകരിച്ചത്.ഇസ്ലാം സ്വീകരിച്ച ഈ സ്ത്രീയെ പാലൂയിലെ തന്നെ വലകെട്ടി ഇല്ലത്ത് അബ്ദുറഹിമാണ്‍ എന്നയാള്‍ വിവാഹം കഴിക്കുകയും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിതം ആരംഭിക്കുകയും ചെയ്തു.ഇതൊരു വലിയ പ്രശ്നമായി ആരും കണക്കാക്കിയിരുന്നില്ല.ഇത്തരം മതം മാറ്റങ്ങള്‍ നിശബ്ദമായി സംഭവിക്കുന്നതു സര്‍വ്വസാധാരണമായിരുന്നു.എന്നാല്‍ പാലൂയിലെ പൌരമുഖ്യന്‍ കരുണാകരന് ഈ മതം മാറ്റം ഉള്‍ക്കൊള്ളാനായില്ല.നായര്‍യുവാവിന്റെ പ്രശ്നത്തില്‍ മുസ്ലിംകളോട് അമര്‍ഷമുണ്ടായിരുന്ന തല്‍പ്പരകക്ഷികളായ ചിലര്‍ ഈ അവസരം മുതലെടുത്തു മുസ്ലിംകളുടെ പ്രലോഭനം മൂലമാണ് അമ്മാളു അമ്മയുടെ മതം മാറ്റമുണ്ടായതെന്നു പ്രചരിപ്പിച്ചു.
മുസ്ലിംകള്‍ക്കെതിരായ നീക്കം 
   മുസ്ലിംവിരോധം പ്രകടിപ്പിച്ചിരുന്ന തല്‍പ്പരകക്ഷികളുടെ നിലപാടിനോട് അധഃകൃതവിഭാഗങ്ങളിലും സവര്‍ണ്ണവിഭാഗങ്ങളിലും പെട്ട പല മനുഷ്യസ്നേഹികളും നീരസം പ്രകടിപ്പിച്ചിരുന്നു.ഈ പ്രചാരണങ്ങളൊക്കെ നടക്കുമ്പോഴും മുസ്ലിംകളോട് ആരോഗ്യകരമായ സൌഹൃദത്തില്‍ വര്‍ത്തിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചു.എന്നാല്‍ വര്‍ഗ്ഗീയവാദികളായ ചിലര്‍ കരുണാകരന്‍ എന്ന പൌരപ്രമുഖന്‍റെ ആശീര്‍വാദത്തോടെ,സ്വമേധയാ ഇസ്ലാം സ്വീകരിച്ച അമ്മാളു അമ്മയെ നിര്‍ബന്ധിതമായി കൈയൂക്കു മൂഖേനെ കുപ്പായം കീറി പൂര്‍വ്വമതത്തിലേക്കു തന്നെ ചേര്‍ത്തു.ഈ സംഭവം മുസ്ലിംകളെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അവര്‍ സംയമനം പാലിക്കുകയാണുണ്ടായത്.സാമുദായിക സംഘര്‍ഷത്തിന്നും ധ്രുവീകരണത്തിന്നും ആഗ്രഹിച്ച തല്‍പ്പരകക്ഷികള്‍ക്കു മുസ്ലിംകളുടെ ഈ സംയമനം നല്ല അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനായില്ല.മുസ്ലിംകള്‍ പ്രകോപിതരായി സംഘര്‍ശങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ലെങ്കിലും നാട്ടുമുഖ്യാനായ കരുണാകരന്റെ നേതൃത്വത്തില്‍ അവര്‍ മുസ്ലിംകള്‍ക്കെതിരെ ജനകീയ വികാരം സമാഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.അവര്‍ സാമൂതിരിയെ കണ്ടു മുസ്ലിംകള്‍ക്കെതിരെ പരാതി അറിയിച്ചു.എന്നാല്‍ സാമൂതിരി അവരെ അനുനയിപ്പിക്കുകയും മുസ്ലിംകള്‍ക്കെതിരായ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.സാമൂതിരിയുടെ മന്ത്രിയായ കൃഷ്ണനെ ശട്ടംക്കെട്ടി മുസ്ലിംകള്‍ക്കെതിരെയുള്ള നടപടികള്‍ക്കുവേണ്ട അനുമതി ലഭിക്കാന്‍ അവര്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു.എന്നാല്‍ ദീര്‍ഘകാലമായി മുസ്ലിംകളെയും,ഇസ്ലാമികസംസ്കാരത്തെയും അടുത്തറിയാമായിരുന്ന സാമൂതിരി അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമൊന്നും വശംവദനായില്ല.ഒടുവില്‍ രാജാവിന്റെ പിന്തുണ ലഭിക്കില്ലെന്നു വന്നപ്പോള്‍ മന്ത്രി കൃഷ്ണന്‍ അവര്‍ക്കു നിഗൂഢമായി പ്രോല്‍സാഹനം നല്‍കി.സാമുദായികസൌഹൃദത്തിന്നു ഊനം തട്ടുന്ന നടപടികള്‍ തന്റെ ഭരണക്രമത്തിന്റെ നിലനില്‍പ്പിന്നു ഭീഷണിയാവുമെന്ന സത്യം സാമൂതിരി നല്ലപോലെ തിരിച്ചറിഞ്ഞിരുന്നു.
പ്രകോപനപരമായ കുതന്ത്രങ്ങള്‍
   മുസ്ലിംകളെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ചു അവര്‍ക്കെതിരെയുള്ള ഉന്മൂലനനടപടികള്‍ക്കു നീതീകരണം ക്‍ണ്ടെത്തുക എന്നതായിരുന്നു പൌരമുഖ്യന്‍ കരുണാകരന്റെയും പരിവാരങ്ങളുടെയും കുതന്ത്രം.മന്ത്രിയുടെ പിന്തുണ കൂടിയുണ്ടായപ്പോള്‍ അവര്‍ മുസ്ലിംകല്‍ക്കെതിരെ ചില നിഗൂഢനീക്കങ്ങള്‍ നാദത്തി.കാര്‍ഷികവൃത്തി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന മുസ്ലിംകളുടെ കൃഷിയിടങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ അവര്‍ നശിപ്പിച്ചു തുടങ്ങി.എന്നാല്‍ ദുര്‍ബലരും നിരാലംബരുമായ മുസ്ലിംകുടുംബങ്ങള്‍ അക്രമികള്‍ക്കെതിരെ പ്രതിരോധിക്കാന്‍ അശക്തരായിരുന്നു.സവര്‍ണ്ണര്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്ന് അവര്‍ക്ക് ആളും അര്‍ഥവും ആയുധസന്നാഹങ്ങളുമെല്ലാം കുറവായിരുന്നു.മുസ്ലിംകളുടെ ഈ നിസ്സംഗത കണ്ടു തങ്ങളുടെ ഇംഗിതം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിഞ്ഞ സവര്‍ണ്ണകക്ഷികള്‍ അവരുടെ വൈകാരിക പ്രതീകങ്ങള്‍ക്കുമേലും കൈവച്ചു തുടങ്ങി.
   പന്നിയെ നിഷിദ്ധമായി പരിഗണിച്ചിരുന്ന മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ സവര്‍ണ്ണവിഭാഗങ്ങള്‍ ആരാധനാകേന്ദ്രമായ പരിശുദ്ധ മസ്ജിദില്‍ത്തന്നെ പന്നിത്തല കൊണ്ടിട്ടു.അത്യന്തം പ്രകോപനപരമായിരുന്നു ഈ നടപടി.ഈ സംഭവം കൂടി നടന്നതോടെ സവര്‍ണ്ണകക്ഷികളുടെ യഥാര്‍ത്ഥ മനസ്സിലിരിപ്പ് എന്താണന്നു മാപ്പിളമാര്‍ തിരിച്ചറിഞ്ഞു.സംഘര്‍ഷം മുറ്റിനിന്ന ഇത്തരമോരാന്തരീക്ഷത്തിലാണ് പാലൂയിലെ ദേവീ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ടയ്ക്ക് മുകളില്‍ പശുവിന്റെ കുടല്‍മാല പ്രത്യക്ഷപ്പെട്ടത്.ഇതില്‍ മുസ്ലിംകള്‍ക്ക് പങ്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.ദൈവമായി പരിഗണിക്കപ്പെട്ടിരുന്ന പശുവിനെ വധിക്കുന്നതു കൊടും കുറ്റമായാണ് അന്ന് പരിഗണിക്കപ്പെട്ടിരുന്നത്.ഒരേ സമയം ദേവീ വിഗ്രഹത്തെയും പശുദൈവത്തെയും നിന്ദിച്ച ഈ നടപടി സവര്‍ണ്ണര്‍ക്കിടയിലും വിഗ്രഹപൂജകരായ സാധാരണക്കാര്‍ക്കിടയിലും അത്യന്തം പ്രകോപനങ്ങള്‍ സൃഷ്ടിച്ചു.ഇങ്ങനെ സാമുദായിക ധ്രുവീകരണം ലക്ഷ്യംവെച്ച തല്‍പ്പരകക്ഷികള്‍ക്ക് അനുഗുണമാവുംവിധം സാമൂഹികയാഥാര്‍ഥ്യങ്ങള്‍ രൂപാന്തരപ്പെട്ടു.ദേവീക്ഷേത്രത്തിലെ പൂജാരി കോമരം തുള്ളി മുസ്ലിംകളെ എട്ടുകാതം അകലേക്ക് ആട്ടിപ്പായിക്കാനും മുസ്ലിംഗൃഹങ്ങള്‍ ചുട്ടെരിക്കാനും ആഹ്വാനം ചെയ്തതോടെ ഒരു തരം പൈശാചികാവേശം മുസ്ലിംകല്‍ക്കെതിരെ വ്യാപകമായി.
മുസ്ലിംകള്‍ക്കെതിരേഅക്രമികളുടെ മുന്നേറ്റം
   സാമൂതിരിയുടെ മന്ത്രിയായ കൃഷ്ണന്റെ പിന്തുണയോടെ കരുണാകരന്‍ എന്ന നാട്ടുമുഖ്യന്‍റെ നേതൃത്വത്തില്‍ അവര്‍ മുസ്ലിംകള്‍ക്കെതിരെ സന്നാഹങ്ങളൊരുക്കി.പരിസരപ്രദേശത്തുള്ള നാട്ടുമുഖ്യന്‍മാര്‍ക്കും ജന്‍മിത്ത അധികാരകേന്ദ്രങ്ങള്‍ക്കും മുസ്ലിംകള്‍ക്കെതിരെയുള്ള മുന്നേറ്റത്തില്‍ സഹായിക്കാന്‍ അവര്‍ അഭ്യര്‍ഥനകളയച്ചു.അങ്ങനെ ഒരു വമ്പിച്ച സംഗം യുദ്ധസജ്ജരായി പാലൂയ് ദേശത്ത് എത്തിച്ചേര്‍ന്നു.20 സംഗങ്ങളായി തോക്ക്,കുന്തം,അമ്പു ,വില്ല്,ചവളം,കവണ,ചവണ,ഉറുമി,വാള്‍ ,പരിച തുടങ്ങി ആയുദ്ധസന്നാഹങ്ങളോടെ അവര്‍ പാലൂയ് ദേശത്ത് തമ്പടിച്ചു.ഒരു തരം പൈശാചികമായ ആക്രമാസക്തത അവരുടെ ഓരോ ചലനങ്ങള്‍ക്കുമുണ്ടായിരുന്നു.അങ്ങനെ ദുര്‍ബലമായ മുസ്ലിംസമൂഹത്തോട് അവര്‍ അരുതാത്തതെല്ലാം ചെയ്തു.പള്ളിക്കു തീവെക്കുകയും കണ്ണില്‍ക്കണ്ടതല്ലാം ചുട്ടുചാമ്പലാക്കുകയും ചെയ്തു.കരുണാകരന്‍ എന്ന സവര്‍ണ്ണ മാടമ്പിയാണ് പള്ളിക്കു തീവെച്ചത്.മുസ്ലിം ഭവനങ്ങള്‍ തേടിപ്പിടിച്ച് അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങളും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്ത് ആക്രമിസംഗം മുന്നേറിക്കൊണ്ടിരുന്നു.കൊള്ളയും ആക്രമങ്ങളും നടത്തി നിരപരാധികളായ ധാരാളം മുസ്ലിംകളെ അവര്‍ വഴിയാധാരമാക്കി.ദേവീകോമരം മുഖേനെ ആഹ്വാനം ചെയ്ത പരാഹാരക്രിയ അക്രമാസക്തമായ മുന്നേറ്റങ്ങളിലൂടെ അവര്‍ നടപ്പാക്കിക്കൊണ്ടിരുന്നു.ദേവിയുടെ ആഹ്വാനമില്ലാത്തതിനാല്‍ ഒരു മുസ്ലിമിന്റെയും ജീവനെടുത്തില്ല.
   പാലൂയില്‍ നടന്ന സംഭവമറിഞ്ഞ് ബിംബാന്നൂരില്‍ താമസിച്ചിരുന്ന കുഞ്ഞാലിയും മരുമകന്‍ മൊയ്തീനും പാലൂയിലെത്തി.അക്രമികള്‍ തങ്ങളുടെ എല്ലാ കൃത്യങ്ങളും പൂര്‍ത്തീകരിച്ചു പിന്‍മടങ്ങിയിരുന്നു.ഇനിയും ചെറുത്തുനിന്നില്ലെങ്കില്‍ ആക്രമങ്ങള് തുടരുമെന്നവര്‍ പ്രതീക്ഷിച്ചിരുന്നു.
മറ്റൊരു കാരണം കൂടി 
   എന്തായാളും സാമുദായികധ്രുവീകരണം കനത്തുനിന്ന ഇത്തരമൊരു സാഹചര്യത്തിന്നു വൈകാതെ തന്നെ അയവുണ്ടായി.ഈ ഘട്ടത്തിലാണ് പാലൂയിലെ ഒരു നായര്‍ഭവനത്തില്‍ ഒരു മാപ്പിളയെ പണിക്കു വിളിച്ചത്.മാപ്പിളസമൂഹത്തെ എട്ടുകാതം ആട്ടിപ്പായിക്കാനുള്ള കോമരത്തിന്റെ ആഹ്വാനം മറന്നത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും മാപ്പിളമാരോട് അന്നു നിലനിന്നിരുന്ന സൌഹൃദബന്ധത്തെ ഉലൈക്കാന്‍ ഇത്തരം ഘടകങ്ങള്‍ സാര്‍വത്രികമായി പ്രവര്‍ത്തനക്ഷമമായില്ലാ എന്നും ഈ സംഭവത്തില്‍ നിന്ന് അനുമാനിക്കാം.എന്നാല്‍ നായരുടെ വീട്ടില്‍ പണിക്കു ചെന്ന മാപ്പിളയുമായി വര്‍ഗീയവാദിയായ ഒരു നായര്‍ ശണ്ഠകൂടി.മാപ്പിളമാര്‍ ഈ ഭൂമിയില്‍ പ്രവേശിക്കരുതെന്ന ദേവിയുടെ ആഹ്വാനം മറികടന്ന മാപ്പിളയെ കൈകാര്യം ചെയ്യാനടുത്ത ആ നായര്‍ക്കു ബലപ്രയോഗത്തിനിടയില്‍ മുറിവേറ്റു.താല്‍കാലികമായി ശമിച്ചിരുന്ന മുസ്ലിംവിരുദ്ധ വികാരം വീണ്ടും ആളിക്കത്താന്‍ ഈ സംഭവം നിമിത്തമായി.മുസ്ലിംകളെ പരിസരത്തുനിന്ന് ആട്ടിയോടിച്ചില്ലെങ്കില്‍ ഭാവിയില്‍ അതിന്റെ ഫലം ദുരന്തപൂര്‍ണമായിരിക്കുമെന്നു കോമരം തുള്ളി പൂജാരി വീണ്ടും ഓര്‍മിപ്പിച്ചതോടെ നിരപരാധികളായ മുസ്ലിംകള്‍ക്കെതിരെ അവര്‍ സായുധസന്നാഹങ്ങളൊരുക്കി.ഉയര്‍ന്നജാതിയില്‍പ്പെട്ടവരും അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്നുള്ള ചിലരും വീണ്ടും മുസ്ലിംകള്‍ക്കെതിരെ സംഘടിച്ചു.മുസ്ലിംകളുടെ പക്ഷത്തുനിന്ന് ആദ്യമേ തന്നെ ചെറുത്തുനില്‍പ്പ് ഇല്ലാതിരുന്നതിനാല്‍ പുതിയ ആക്രമനസന്നാഹങ്ങളൊരുക്കാന്‍ അവര്‍ അത്യാവേശം കാണിച്ചു.വിവേകശൂന്യമായ പൈശാചികാവേശത്തോടെ അവര്‍ പാലൂയിലെയും ബിംബാനൂരിലെയും ശേഷിക്കുന്ന മുസ്ലിംഭവനങ്ങളെകൂടി ആക്രമിക്കാനിറങ്ങി.പരിശീലനം സിദ്ധിച്ച നായര്‍യോദ്ധാക്കളും സവര്‍ണ്ണജന്മിമാരുമാടങ്ങുന്ന ആക്രമിസംഗം കൃഷ്ണന്‍,കരുണാകരന്‍,അച്ചുതന്‍,കുഞ്ഞുണ്ണി,സൂപ്രണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയുദ്ധസജ്ജരായാണ് രംഗത്തിറങ്ങിയത്.ഹിജ്റ 1128ദുല്‍ഹജ്ജ് നാലിനായിരുന്നു ഈ നിര്‍ണ്ണായകമായ പടപ്പുറപ്പാട്.പാലൂയില്‍ നിന്നു ബിംബനൂരിലേക്കുള്ള വഴി മധ്യേ കണ്ട മുസ്ലിംകളുടേതായ എല്ലാം അവര്‍ തീവച്ചു നശിപ്പിച്ചു.ദുല്‍ഹജ്ജ് 6 വ്യാഴായ്ച്ച കുടിച്ചുമദിച്ചു അക്രമിസംഗം ബിംബാനൂരിലെത്തി.
   പാലൂയിലെ ശേഷിക്കുന്ന മുസ്ലിംകളെകൂടി ആക്രമിച്ച് ബിംബാനൂരിലേക്ക് മുന്നേറുന്ന ശത്രുസംഘത്തെ സമ്പന്ധിച്ച വാര്‍ത്ത കുഞ്ഞാലിയുടെ ചെവിയിലുമെത്തിയിരുന്നു.ജനിച്ചുവളര്‍ന്ന നാട്ടില്‍ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത അക്രമികളോട് പൊരുതി രക്തസാക്ഷ്യം വരിക്കുകയാണ് അവരുടെ അന്യായങ്ങള്‍ക്ക് ഇരയാവുന്നതിനെക്കാള്‍ നല്ലതെന്നു കുഞ്ഞാലി തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹവും സഹോദരീപുത്രന്‍ കുഞ്ഞിപ്പോക്കറും തങ്ങളുടെ ഭൌതികമായ ബാധ്യതകളെല്ലാം അവസാനിപ്പിച്ച് അക്രമികളോട് ചെറുക്കാന്‍ രക്തസാക്ഷിത്വകാംക്ഷയോടെ സജ്ജരായി നിന്നു.
                                                                                                                              (തുടരും)

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വളരെ നല്ല വിവരണം കുറെ കാലമായി ചരിത്രന്ഘല്‍ കൂടുതല്‍ വയിച്ചുമാനസിലാകാന്‍ വാണ്ടി സൈറ്റിലൂടെ പരതാറുണ്ട്താങ്കളുടെ ബ്ലോഗില്‍ നിന്നും നല്ല ഒരു ചരിത്ര സത്യങ്ങള്‍ അറിയാന്‍ കയിഞ്ഞു മാത്രവുമല്ല പ്രതാനപെട്ട ഒരു കാര്യം അതിന്റെ ബാഗ്‌ ഗ്രൊണ്ട് തന്നെയാആനു. പച്ച . കണ്ണിനു ഒരു സുഖം തോനുന്നു കുറെ നേരം നെറ്റില്‍ ഇരിക്കാരുള്ളത് കൊണ്ടും നേരറിവില്‍ ചെന്നാല്‍ ഒരാശ്വാസം ഉണ്ട് കണ്ണിനു . താങ്കളുടെ ഇനിയുള്ള പ്രയാണത്തിന് ഈ വിനീതന്റെ ആശംസകള്‍ നേരുന്നു മുസദിക് ഇതിക്കാറ്റ്

Unknown പറഞ്ഞു...

താങ്കളുടെ അഭിപ്രായത്തിന്ന് നന്ദി.വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു.

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"