2013, മാർച്ച് 16, ശനിയാഴ്‌ച

ഒരു ഐഡന്റിറ്റി മാത്രമാണോ ഇസ്ലാം?


  സുബൈര്‍ മൌലവി പിന്നീടു വിളിച്ചിട്ടില്ല. അദ്ദേഹത്തെ ഞാന്‍ നിരാശപ്പെടുത്തി എന്നു തോന്നുന്നു. ഗള്‍ഫില്‍ ചില സുഹൃത്തുക്കളുടെ വിഷമം കണ്ടു ഫോണ്‍ ചെയ്തതായിരുന്നു അദ്ദേഹം. സജീവ ഇസ്ലാമികപ്രവര്‍ത്തകര്‍. നാട്ടിലെ ഒരു സലഫി ഗ്രൂപ്പിന്റെ ആളുകളായി ഗള്‍ഫില്‍ ജീവിക്കുന്നു. നേതാക്കള്‍ തമ്മില്‍ ഇവിടെ നടക്കുന്ന അടിപിടിയാണ് ഇപ്പോള്‍ അവരുടെ പ്രശ്നം. ഈ കോലാഹലങ്ങള്‍ എന്തിനെന്ന് അനുയായികള്‍ക്കു മനസ്സിലാവുന്നില്ല. അടിസ്ഥാനങ്ങളില്‍ വ്യത്യാസമില്ല. ലക്ഷ്യം മാറിയിട്ടുമില്ല. പിന്നെയെന്തിനീ കടിപിടിയെന്നാണ് അവരുടെ ചോദ്യം. ആര്‍ക്കെങ്കിലും ഇടപെട്ട് ഇതൊന്നു പരിഹരിക്കാന്‍ പറ്റുമോയെന്ന് അന്വേഷിക്കുന്നു അവര്‍. 

നടക്കില്ലെന്ന് ആദ്യമേ തോന്നി. ഏതായാലും നല്ലൊരു കാര്യമല്ലേ, സാധ്യത വല്ലതുമുണ്ടായെന്നു നോക്കാമല്ലോ. ഒന്നുരണ്ടു പേരോട് അന്വേഷിച്ചു. ഫലം നിരാശ. വെറുതേ സമയം കളയേണ്ട എന്നായിരുന്നു ഉപദേശം. വലിയവലിയ ആളുകള്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ആദര്‍ശവും വിശ്വാസവുമൊന്നുമല്ല പ്രശ്നം. അഹങ്കാരമാണു കാര്യങ്ങള്‍ വഷളാക്കുന്നത്. വ്യക്തികള്‍ കേന്ദ്രബിന്ദുക്കളായി മാറിയിരിക്കുന്നു. അവര്‍ക്കു ചുറ്റും ആളും പണവും തടിച്ചുകൂടുന്നു. പ്രസ്ഥാനം ഇവര്‍ക്കൊരു ഇടം മാത്രം. ഇവരുടെ വലയത്തിലാണു ജനം; പ്രസ്ഥാനത്തിലല്ല. എന്റെ നിസ്സഹായത ഞാന്‍ മൌലവിയെ അറിയിച്ചു. 

ഇസ്ലാം ഇപ്പോള്‍ ഒരു ദൌത്യമല്ലാതായി മാറിയിരിക്കുന്നു. ഒരു ജനവിഭാഗത്തിന്റെ ഐഡന്റിറ്റി മാത്രമാണിന്ന് ഇസ്ലാം. വേഷങ്ങളും വസ്ത്രങ്ങളും രൂപങ്ങളും ശബ്ദങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ആചാരങ്ങളും പ്രത്യേക ദിവസങ്ങളും ഈ ഐഡന്റിറ്റിയെ വിവിധ കോണുകളില്‍ പ്രതിനിധീകരിക്കുന്നു. ഇവയോടു ചേര്‍ന്നുനിന്ന് ഇസ്ലാമിക കടമകള്‍ നിര്‍വഹിച്ചുവെന്നു തൃപ്തിപ്പെടുകയാണു പൊതുവേ ജനം. അടിസ്ഥാന സദാചാരത്തില്‍പ്പോലും കുറവു ദൃശ്യമാവുന്ന ചില പ്രതീകങ്ങളെ അല്ലാഹുവിലേക്കു ചേരുന്ന വഴിയായി പരിഗണിക്കുന്നത് ദൈവസങ്കല്‍പ്പത്തിനേറ്റ ഇടിവല്ലാതെ മറ്റെന്താണ്? 

ഇസ്ലാമികപ്രവര്‍ത്തനത്തില്‍ പ്രസംഗത്തിനുള്ള സ്ഥാനം എന്നുമെന്നപോലെ ഇന്നും ശക്തമാണ്. വാള്‍പോസ്ററുകളിലും ഫ്ളക്സ് ബോര്‍ഡുകളിലും സി.ഡികളിലും നിറഞ്ഞുനില്‍ക്കുന്ന താരങ്ങള്‍ മതരംഗം കീഴടക്കിയിരിക്കുന്നു. പ്രസംഗം കേള്‍ക്കുകയെന്നതു കര്‍മങ്ങളില്‍ മുഖ്യമായി മാറിയത് അവരുടെ മാര്‍ക്കറ്റ് വര്‍ധിപ്പിച്ചു. ഒരു ദിവസത്തെ പ്രസംഗത്തിന് അരലക്ഷം രൂപ വരെ കൂലി വാങ്ങുന്നവരുണ്ട്. അതിനു പുറമേ, പരിപാടി നടക്കുന്ന സ്ഥലത്തു മുന്തിയ താമസസൌകര്യം, സ്വീകരിക്കാന്‍ സ്വാഗതസംഘം തുടങ്ങി മറ്റു ബഹുമതികളും. 

സംഘാടകര്‍ക്കു നഷ്ടം ഉണ്ടാവാതിരിക്കാന്‍ ചില പൊടിക്കൈകളൊക്കെയുണ്ട് പ്രസംഗ മാര്‍ക്കറ്റിങില്‍. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ജനത്തെ സംഭാവനയ്ക്കു പ്രേരിപ്പിക്കുന്നു പ്രസംഗകന്‍. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ഒന്നുരണ്ടു സ്ത്രീകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ആഭരണങ്ങള്‍ സ്റ്റേജിലേക്കു കൊടുത്തുവിടും. അതു കണ്ടു ഭക്തി കയറി ആഭരണങ്ങളും വസ്തുവകകളും പണവും ഒന്നിനു പിറകെ മറ്റൊന്നായി പ്രസംഗവേദിയിലേക്ക് ഒഴുകുകയായി. ആദ്യം വരുന്നത് ബര്‍ക്കത്തിനുവേണ്ടി, പ്രസംഗകന്‍ സംഘാടകരെ ആദ്യമേ ഏല്‍പ്പിച്ച മുക്കുപണ്ടങ്ങള്‍! പിന്നീടു വരുന്നത് ഒറിജിനല്‍. 

ഈ വഅ്ളു വിദഗ്ധരുടെ ഫോട്ടോകളും പേരുകളും സ്ഥലപ്പേരുകളും ബിരുദങ്ങളും തെരുവില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച പ്രതീകവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനു മാത്രമേ സജീവത നല്‍കുന്നുള്ളൂ. അടിസ്ഥാന നന്മകള്‍ ലക്ഷ്യമിടുന്ന മനസ്സുകളില്‍ ഈ രൂപങ്ങള്‍ ഭയവും നഷ്ടബോധവുമായിരിക്കും സൃഷ്ടിക്കുക.
ഇസ്ലാമില്‍നിന്നു മാത്രമല്ല, ഒരു ബോധവല്‍കൃത സമൂഹത്തില്‍നിന്നു പ്രതീക്ഷിക്കാവുന്ന ഒന്നല്ല വ്യക്തിപൂജ. പക്ഷേ, എല്ലാ സങ്കല്‍പ്പങ്ങളും തകര്‍ത്തുകൊണ്ട് ഇന്നതു ശക്തമാവുകയാണ്. നവോത്ഥാന കാലഘട്ടത്തിനു മുമ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വര്‍ഗത്തിലേക്കു പാസ് നല്‍കുന്ന പുരോഹിതര്‍ ഉണ്ടായിരുന്നു. അതിനു സമാനമായ അവകാശവാദങ്ങള്‍ നമ്മുടെ പള്ളികളിലും തെരുവോരങ്ങളിലും നടക്കുന്ന പ്രസംഗങ്ങളില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യവിമോചനമെന്ന ലക്ഷ്യം മറന്ന് ഐഡന്റിറ്റി എന്ന തോടിനുള്ളില്‍ വികസിക്കാന്‍ മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളും മല്‍സരങ്ങളുമാണ് ഇത്തരം പ്രവണതകള്‍ വളര്‍ത്തുന്നത്. 

ഖുര്‍ആനില്‍ നല്ല പാണ്ഡിത്യമുള്ളയാളായിരുന്നു പ്രവാചകശിഷ്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഏറ്റവും ഭയം ജനിപ്പിക്കുന്ന വചനം ഏതാണെന്ന് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ഈ വചനമാണ് അദ്ദേഹം മറുപടിയായി കേള്‍പ്പിച്ചത്: 

നിങ്ങളുടെ മോഹധാരണകളല്ല അടിസ്ഥാനം, വേദക്കാരുടെ മോഹധാരണകളുമല്ല. ആരെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടങ്കില്‍ അവന്‍ അതിന്റെ ഫലം അനുഭവിക്കും. അല്ലാഹുവല്ലാത്ത ഒരു രക്ഷകനെയും സഹായിയെയും അവന്‍ കണ്ടത്തുകയുമില്ല. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചു നല്ലതു ചെയ്യുന്നത് ആരായാലും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടു അല്‍പ്പവും അനീതി ചെയ്യുകയില്ല(ഖുര്‍ആന്‍ 4: 123, 124). 

കടമകളും കടപ്പാടുകളും മറന്നു ജാതീയതയ്ക്കു സമാനമായ ഔന്നത്യചിന്ത വച്ചുപുലര്‍ത്തുന്ന സ്വഭാവമാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. ഖുര്‍ആന്‍ അതിനെ “അമാനിയ്യത്ത്’ എന്നു വിശേഷിപ്പിക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങളിലും മിഥ്യാധാരണകളിലും അഹങ്കരിക്കുന്ന “ഇസ്ലാമിക പ്രവര്‍ത്തകര്‍’ അല്ലാഹുവിന്റെ ഈ താക്കീത് ഓര്‍ത്തിരിക്കുന്നതു നല്ലതാണ്. താടിയുടെ നീളം, കുപ്പായത്തിന്റെ ഇറക്കം, നേതാവിന്റെ പാണ്ഡിത്യം, വാക്ചാതുരി, സ്വാധീനം, സ്ഥാപനങ്ങള്‍, പണം എന്നിങ്ങനെ പലതിലും ഉടക്കിനില്‍ക്കുകയാണ് ഇസ്ലാമികപ്രവര്‍ത്തകരുടെ ഉത്തേജനത്തിന്റെ സ്രോതസ്സ്. പുതിയ ദൌത്യനിര്‍വഹണത്തിനു സമൂഹത്തെ ഒരുക്കേണ്ട നിര്‍ണായകസമയത്തും ഇവരുടെ ഇടുങ്ങിയ ലോകത്തു തൃപ്തിദായകമായത് വിഭാഗീയതയും വ്യക്തിപൂജയും തന്നെ. 

വിദേശത്തു ജോലിചെയ്യുന്ന ഒരു സുഹൃത്ത് രണ്ടുമാസം മുമ്പ് ഒരനുഭവം പറഞ്ഞു. വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ മദ്റസയില്‍ പഠിക്കുന്ന ചെറിയ മകന്‍ പറയുകയാണ്, ബാപ്പയോടു സലാം പറയാന്‍ പാടില്ലെന്ന് ഉസ്താദ് പറഞ്ഞിരിക്കുന്നു. കുടുംബത്തിനും മക്കള്‍ക്കും വേണ്ടി അധ്വാനിക്കാന്‍ വീടുവിട്ടു ജീവിക്കുന്ന ഒരു പിതാവിന്റെ മനസ്സില്‍ എത്ര മുറിവേല്‍പ്പിച്ചിട്ടുണ്ടാവണം ഈ ഉസ്താദ്. ഇതൊരു ചെറിയ ഉദാഹരണം മാത്രമായിരിക്കും. ഇസ്ലാം എന്തിനെന്ന് ഒരു പ്രാവശ്യം പോലും ചിന്തിക്കാതെ അതിന്റെ അധികാരസ്ഥാനങ്ങളിലിരുന്നു വിധി പറയുന്ന ആളുകള്‍ ഉണ്ടാക്കുന്ന മുറിവുകള്‍ വലുതും ആഴമേറിയതുമാണ്. 

കഴിഞ്ഞ ദിവസം ഒരു തമാശയുണ്ടായി. ടി.വിയില്‍ വാര്‍ത്ത കണ്ട് ഇരിക്കുകയായിരുന്നു. റിമോട്ട് കൈയിലിരിക്കുന്ന സുഹൃത്തിനോട് ആരോ പറഞ്ഞു, മലയാളം ചാനല്‍ ഇടാന്‍. കേരളത്തിലെ പീഡനവാര്‍ത്തകളൊന്നു കേള്‍ക്കട്ടെ. യാദൃച്ഛികമാവാം, ചാനല്‍ മാറ്റിയതും സ്ക്രീനില്‍ തെളിഞ്ഞുവന്നതു പീഡനവാര്‍ത്ത. ഇത്തവണ പുതിയത്. മന്ത്രി ഗണേഷ്കുമാര്‍ നായകന്‍. സമൂഹം നാറിയതിനു ചാനലുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. നാറിയ വാര്‍ത്തകളാണു ദിവസവും പുറത്തുവരുന്നത്. എഴുപതുകാരന്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ടാനച്ഛന്‍ പതിമൂന്നുകാരിയെ, അച്ഛന്‍ മകളെ, സഹോദരന്‍ സഹോദരിയെ... ചര്‍ച്ച ചെയ്യാന്‍ പോലും അറപ്പുതോന്നുന്ന സംഭവങ്ങള്‍. 
റിയാദില്‍ താമസിക്കുന്ന ഒരു കുടുംബം. അച്ഛനും അമ്മയും അവിടെ ജോലിചെയ്യുന്നു. മകള്‍ പഠിക്കുന്നു. അമ്മയ്ക്കു പെട്ടെന്നു നാട്ടില്‍ വരണം. മകളെ അച്ഛന്റെ കൂടെ തനിച്ചാക്കി പോവാന്‍ ഭയം അനുവദിക്കുന്നില്ല. സഹപ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചു അവര്‍. ഉപദേശം നല്‍കുന്നവര്‍ക്കുമില്ല ആത്മവിശ്വാസം. കുട്ടിയെ നാട്ടിലേക്കു കൊണ്ടുപോവാനാണ് അവര്‍ നിര്‍ദേശിച്ചത്. നമ്മുടെ സാംസ്കാരികനിലവാരം തകര്‍ന്നതിന്റെ ഭീകര കാഴ്ചയാണിത്. പൊതുമുതല്‍ത്തട്ടിപ്പും അധികാര ദുര്‍വിനിയോഗവും മറ്റൊരു ഭാഗത്തു സജീവം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നും ഇതില്‍നിന്നൊഴിവല്ല. ഈ പ്രവണത ഇനിയെങ്ങനെ മാറും? ഉമ്മന്‍ചാണ്ടി മാറി അച്യുതാനന്ദന്‍ വന്നാല്‍ മാറുന്നതാണോ ഇത്? അതല്ല, ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ് മാറി മുലായംസിങ് വന്നാല്‍ ഈ മുറിവ് ഉണങ്ങുമോ, ഒരു സമ്പൂര്‍ണമായ മാറ്റമില്ലാതെ? 

ലോകത്ത് ഇന്നു പ്രകോപിപ്പിക്കപ്പെടുന്നതു മുസ്ലിം സമൂഹം മാത്രമല്ല. ഇസ്ലാമും പ്രകോപിപ്പിക്കപ്പെടുന്നു. അതിനോടു പ്രതികരിക്കാന്‍ ഐഡന്റിറ്റി കേന്ദ്രീകൃത ഇസ്ലാമിനു കഴിയണം എന്നില്ല. ജീവസ്സുള്ള ഇസ്ലാമിനാണു ലോകത്ത് ഇടമുള്ളത്. നന്മയുടെ വാഴ്ചയും തിന്മയുടെ തകര്‍ച്ചയും ഉറപ്പുവരുത്താന്‍ കെല്‍പ്പുള്ള ഇസ്ലാം. വ്യതിരിക്തതയുടെ ഒരു ശാസ്ത്രമുണ്ട് ഇസ്ലാമില്‍. പല കാര്യങ്ങളിലും, പ്രത്യേകിച്ച് ഐഡന്റിറ്റിയുടെ സ്വഭാവം പുലര്‍ത്തുന്ന വിഷയങ്ങളില്‍, വേദക്കാരില്‍നിന്നും അഗ്നിയാരാധകരില്‍നിന്നും വ്യത്യാസം സൂക്ഷിക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചതായി കാണാം. മതത്തിന്റെ സത്തയില്‍നിന്ന് അകന്ന അവരെപ്പോലുള്ളവരല്ല തങ്ങളെന്നു സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ആയിരുന്നിരിക്കണം അത്. ഈ നിര്‍ദേശത്തിന്റെ അന്തസ്സത്ത ഇസ്ലാമിന്റെ സജീവത ലക്ഷ്യമിടുന്ന പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഐഡന്റിറ്റിയില്‍ ദുരഭിമാനം കൊള്ളുന്ന പ്രവണത അവര്‍ ഉപേക്ഷിക്കണം.    
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"