2012, നവംബർ 25, ഞായറാഴ്‌ച

ആരായിരുന്നു യേശുക്രിസ്തു ?


മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വിത്യാസമുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണ് യേശു ക്രിസ്തു ആരായിരുന്നു എന്നുള്ളത്. യേശു ദൈവപുത്രനും ദൈവവും ആയിരുന്നു വെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുമ്പോള്‍ യേശു ദൈവത്തിന്‍റെ ദാസനും, മിശിഹയും  പ്രവാചക‍നും ആയിരുന്നുവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ ജനനം അത്ഭുതകരമായിരുന്നുവെന്നും, അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും മുസ്ലിംകളും ക്രിസ്ത്യാനികളും ഒരു പോലെ വിശ്വസിക്കുന്ന കാര്യമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, യേശുവിനെ ക്കുറിച്ച് മുസ്ലിംകള്‍ വിശ്വസിക്കുന്ന മുകളില്‍ സൂചിപ്പിച്ച എല്ലാകാര്യങ്ങളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു എന്നതാണ്. അതായത് ക്രിസ്ത്യന്‍ വിശ്വാസപ്രകാരവും യേശു മിശിഹയും, ദൈവത്തിന്‍റെ ദാസനും, ദൈവത്തില്‍ നിന്ന് നിയോഗിക്കപ്പെട്ട പ്രവാചകനും ആണ്. എന്നാല്‍ യേശു പ്രവാചകനും, ദൈവത്തിന്‍റെ ദാസനും ആയിരിക്കുന്നതോടൊപ്പം തെന്നെ  ദൈവവും കൂടിയാണ് എന്ന് വാദിക്കുന്നിടത്താണ് മുസ്ലിംകളും ക്രിസ്ത്യാനികളും ആദര്‍ശപരമായി  വഴിപിരിയുന്നത്. യേശു യഥാര്‍ത്ഥത്തില്‍ ദൈവമാണ് എന്ന് അവകാശപ്പെട്ടിട്ടുള്ളതായി നിലവിലുള്ള പുതിയ നിയമ പുസ്തങ്ങള്‍ പറയുന്നുണ്ടോ, യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ക്കുറിച്ച് അങ്ങിനെ മനസ്സിലാക്കിയുരുന്നോ എന്നീ കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം.

യേശു ആരായിരുന്നു എന്ന് ചരിത്രപരമായി മനസ്സിലാക്കാന്‍ ഇന്ന് നമ്മുക്കുള്ള ഏക ആശ്രയം പുതിയ നിയമത്തിലെ പുസ്തകങ്ങളാണ്. പുതിയ നിയമത്തിന് പുറത്ത്‌ യേശുവിനെ ക്കുറിച്ച് പറയുന്ന വിശ്വസനീയമായ ചരിത്ര രേഖകള്‍ കാര്യമായൊന്നും ഇല്ല. പുതിയനിയമ പുസ്തകങ്ങളില്‍ നാല് സുവിശേഷങ്ങള്‍ യേശുവിനെ ക്കുറിച്ചുള്ളതാണ്. പുതിയ നിയമത്തിലെ മറ്റൊരു പുസ്തകമായ അപോസ്തല പ്രവര്‍ത്തികള്‍, ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും സഭയുടെ ചരിത്രത്തെ ക്കുറിച്ചും മനസ്സിലാക്കാന്‍ ഉതകുന്ന പുസ്തകമാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ എല്ലാം തെന്നെ എഴുതപ്പെട്ടത് യേശുവിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് എന്നും ഇവയുടെ ഗ്രന്ഥകര്‍ത്താക്കള്‍ ആരും തെന്നെ യേശുവിന്‍റെ ജീവിതത്തിന് ദൃസാക്ഷികള്‍ അല്ല എന്നും മനസ്സിലാക്കേണ്ടതാണ്. ഇവയില്‍ ആദ്യം എഴുതപ്പെട്ട പുസ്തകമായ മാര്‍കോസിന്റെ സുവിശേഷം രചിക്കപ്പെട്ടത്‌ ക്രിസ്താബ്ദം 65 ല്‍ ആണ് എന്നാണ് അനുമാനം. പിന്നീട് രചിക്കപ്പെട്ട മത്തായിയും ലൂകൊസും രചന നടത്തിയത് അഉ 80 നും  90  നും മധ്യെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. മത്തായിയും ലൂകൊസും തങ്ങളുടെ രചനക്ക് മുഖ്യമായും ഉപയോഗപ്പെടുത്തിയത് അതിന് മുമ്പ് രചിക്കപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ്. മാര്‍കോസിന്റെ ഏകദേശം സുവിശേഷം മുഴുവനായും തെന്നെ മത്തായിയിലും മാര്‍കോസിലും കാണാം. എന്നാല്‍ മാര്‍കോസ് വിവരിക്കുന്ന യേശു കഥകളും, യേശുവിന്‍റെ വചനങ്ങളും മത്തായിലും ലൂകൊസിലും എത്തുമ്പോള്‍ പലപ്പോഴും, യേശുവിനെ മാര്‍കോസ് അവതരിപ്പിച്ചതില്‍ നിന്നും ഉയര്‍ന്ന സ്ഥാനത്ത് അവരോധിക്കുന്ന രീതിയില്‍ പരിണമിക്കുന്നത് കാണാം. ഈ പരിണാമം അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ   സുവിശേഷത്തില്‍  എത്തുമ്പോഴേക്കും, മാര്‍കോസ് അവതരിപ്പിച്ച യേശുവില്‍ നിന്നും വളരെ ഉയരത്തില്‍ നില്‍ക്കുന്ന തികച്ചും വിത്യസ്തനായ ഒരു യേശുവില്‍ എത്തുന്നതായാണ്  നമ്മുക്ക് കാണാന്‍ കഴിയുക. മാത്രവുമല്ല സമാന്തര സുവിശേഷങ്ങള്‍ (മാര്‍കോസ്, ,ലൂകോസ്, മത്തായി എന്നീ മൂന്ന്‍ സുവിശേഷങ്ങള്‍ പൊതുവായി സമാന്തര സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്നു) നല്‍കുന്നതില്‍ നിന്നും വിത്യസ്തമായ യേശു കഥകളാണ് പലപ്പോഴും യോഹന്നാന്‍ അവതരിപ്പിക്കുന്നത്‌. അഉ 90 നും അഉ 100  നും ഇടയ്ക്കു  എഴുതപ്പെട്ട യോഹാന്നാന്റെ സുവിശേഷം അതുകൊണ്ട് തെന്നെ ചരിത്രപരമായി യേശുവില്‍ നിന്നും ഏറ്റവും അകന്ന് നില്‍കുന്നതായി മനസ്സിലാക്കാം. സുവിശേഷങ്ങളില്‍ നിന്ന് യേശുവിനെ മനസ്സിലാക്കുന്നതിന് മുമ്പ് സുവിശേഷങ്ങളുടെ രചനാകാലഘട്ടത്തെക്കുറിച്ചും  ചരിത്രപരതയെ ക്കുറിച്ചും ‌ ഇത്രയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് ?
നാം ഈ പോസ്റ്റില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യം യേശു തെന്റെ ശിഷ്യന്മാരോട്  ചോദിക്കുന്നതായി സമാന്തര സുവിശേഷങ്ങള്‍ പറയുന്നുണ്ട്.  ആദ്യം എഴുതപ്പെട്ട സുവിശേഷമായ മാര്‍കോസിന്റെ സുവിശേഷപ്രകാരം,‍ യേശുവും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും തമ്മില്‍ നടന്ന പ്രസ്തുത സംഭാഷണം ഇങ്ങനെ വായിക്കാം.

യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു.29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.30 തെന്നെക്കുറിച്ച് ആരോടും പറയരുതെന്ന്‍ അവന്‍ അവരോടു കല്‍പിച്ചു. (മാര്‍കോസ് 8:2730)

ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നാണ് യേശു തെന്റെ ശിഷ്യന്മാരോട് അന്വേഷിക്കുന്നത്. അവര്‍ നല്‍കുന്ന മറുപടി യേശു സ്നാപക യോഹന്നാന്‍ ആണെന്നും, ഏലിയാ പ്രവാചകന്‍ ആണെന്നും അതല്ല പ്രവാചകന്മാരില്‍ ഒരുവന്‍ ആണെന്നും മറ്റും ആണ് ജനങ്ങള്‍ പറയുന്നത് എന്നാണ്. നോക്കൂ! യേശു ദൈവമാണ് എന്നാരും തെന്നെ പറഞ്ഞിരുന്നതായി ശിഷ്യന്മാര്‍ പറയുന്നില്ല. യേശു അങ്ങിനെ സൂചിപ്പിക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ കുറച്ചു പേരെങ്കിലും അങ്ങിനെ അവകാശപ്പെടുമായിരുന്നു. യേശു പിന്നീട് ശിഷ്യന്മാരോട് ചോദിക്കുന്നത്, നിങ്ങളുടെ അഭിപ്രായത്തില്‍ ഞാന്‍ ആരാണെന്നാണ്. അതിന് പത്രോസ് പറയുന്ന മറുപടി “നീ ക്രിസ്തുവാണ് (മിശിഹ)” എന്നാണ്. നോക്കൂ, യേശുവിന്‍റെ ശിഷ്യനായ പത്രോസിനും യേശു മിശിഹയാണ് എന്ന വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു ദൈവമാണ് എന്ന് കൂടി പത്രോസ് കരുതിയിരുന്നുങ്കില്‍ അതുകൂടെ ഇവിടെ സൂചിപ്പിക്കുമായിരുന്നു.

ഇനി ഈ സംഭാഷണം ലൂകൊസിലും പിന്നീട് മത്തായിയിലും എത്തുമ്പോള്‍ ഉണ്ടാകുന്ന പരിണാമം ശ്രദ്ധിക്കുക.

ആദ്യം ലൂകോസ്

ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി.19 ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു.20 അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. (ലൂകോസ് 9:1820)

നീ ക്രിസ്തുവാണ് എന്നത്  ലൂകൊസില്‍ എത്തിയപ്പോള്‍ നീ ദൈവത്തിന്‍റെ ക്രിസ്തുവാണ് എന്നായി മാറി. ഇനി ഇതേ സംഭവം മത്തായിയില്‍ വായിച്ചു നോക്കൂ.

15 അവന്‍ അവരോടു ചോദിച്ചു: എന്നാല്‍., ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?16 ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.17 യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങള., സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.(മത്തായി 16:1517)

മാര്‍കോസ് പ്രകാരം, പത്രോസ് നീ ക്രിസ്തുവാണ് എന്ന് മാത്രമാണ് പറയുന്നത്. ഇതാരോടും പറയരുത് എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിക്കുകയാണ് മാര്‍കൊസും ലൂകൊസും ചെയ്യുന്നത്.  എന്നാല്‍ ഇതേ സംഭവം മത്തായിയില്‍ എത്തിയപ്പോള്‍, നീ ക്രിസ്തുവാണ് എന്നത്, നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്നായി മാറി. യേശു സ്വര്‍ഗസ്ഥനായ പിതാവിനെ ക്കുറിച്ച് സംസാരിക്കുന്നതും പുതുതായി വന്നു. തീര്‍ച്ചയായും ദൈവ പുത്രന്‍ എന്ന ബൈബിള്‍ പ്രയോഗം ദിവ്യത്തത്തെ ക്കുറി‍ക്കുന്നതല്ല (വിശദീകരണം വഴിയെ) എന്നാലും, മത്തായി ഇവിടെ യേശുവിനെ പത്രോസ് മനസ്സിലാക്കിയത്തിലും ഉയരത്തില്‍ പ്രതിഷ്ടിക്കുകയാണ് എന്ന് കാണാന്‍ കഴിയും.


എന്നെ എന്തിന് നല്ലവന്‍ എന്ന് വിളിക്കുന്നു
സമാന്തര സുവിശേഷങ്ങള്‍ എല്ലാം തെന്നെ ഉദ്ധരിക്കുന്ന, ഒരു സംഭവം നോക്കൂ. 

17 യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?18 യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല(മാര്‍കോസ് 10:1718)

മാര്‍കോസ് എഴുതിയത് പ്രകാരം യേശു, തെന്നെ നല്ലവന്‍ എന്ന് വിളിച്ച വ്യക്തിയെ തിരുത്തികൊണ്ട് ചോദിക്കുന്നു 'എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത് എന്തിനു?  ദൈവം ഒരുവനെ നല്ലവന്‍ ആയുള്ളൂ' എന്ന്. യേശു തെന്നെ സ്വയം ദൈവത്തില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്തമായി  അവതരിപ്പിക്കുകയാണ് ഇവിടെ‌. തെന്നെ നല്ലവന്‍ എന്ന് പോലും വിളിക്കാന്‍ അനുവദിക്കാത്ത യേശു തെന്നെ ദൈവം എന്ന് വിളിക്കാന്‍ അനുവദിക്കുമോ? 

ഇനി യേശുവിന്‍റെ ഈ മറുപടി  മത്തായി ഉദ്ധരിക്കുന്നത് എങ്ങിനെയെന്നു നോക്കുക. യേശുവിന്‍റെ “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌ എന്തിന് ദൈവം അല്ലാതെ ഒരുവനും നല്ലവന്‍ ഇല്ല” എന്ന മറുപടി,  മാര്‍കോസില്‍നിന്നും വളരെ ഉയരത്തില്‍ യേശുവിനെ അവതരിപ്പിച്ച മത്തായിക്ക് പ്രയാസം സൃഷ്‌ടിക്കുന്നതാണ്.  ഈ വചനം മത്തായിയുടെ സങ്കല്പത്തിലുള്ള യേശുവിന് വിരുദ്ധമായതുകൊണ്ട് തെന്നെ അദ്ദേഹം അത് താഴെ പറയുന്ന രീതിയില്‍ ആണ് തെന്റെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നത്. മത്തായി പറയുന്നത് ഇങ്ങനെയാണ്.

16 ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?17 അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.(മത്തായി 19:1617)

നോക്കൂ, മത്തായി എങ്ങനെയാണ് യേശുവിനെ തെറ്റായി ഉദ്ധരിക്കുന്നത് എന്ന്.  'നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്', എന്ന പ്രസ്താവനയും “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നതെന്തിന് നല്ലവന്‍ ദൈവം ഒരുവന്‍ മാത്രമേയുള്ളൂ” എന്നാ പ്രസ്താവനയും എന്ത് മാത്രം വിത്യാസമുണ്ടെന്നു ആലോചിച്ചു നോക്കൂ.

ആദ്യം എഴുതപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ് ചരിത്രത്തോട് താരതമ്യേന അടുത്ത് നില്‍ക്കുന്നത് എന്ന് കരുതിയാല്‍, ഈ മറുപടിയിലൂടെ യേശു തെന്നെ ദൈവാക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും നിരാകരിക്കുന്നതയാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത്.

നസ്രത്തില്‍ നിന്നുള്ള പ്രവാചകനായ യേശു
യേശുവിന്‍റെ ക്രൂശീകരണത്തിന് ഏതാനും ദിവസം മുമ്പ് യേശു തെന്റെ ശിഷ്യന്മാരോടൊപ്പം ജെരുസലെമിലേക്ക് നടത്തിയ യാത്ര സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്.  അങ്ങിനെ യേശുവും യേശുവിനെ പിന്തുടര്‍ന്നിരുന്ന വന്‍ ജനക്കൂട്ടവും ജെരുസെലെമില്‍ പ്രവേശിച്ചപ്പോള്‍, യേശുവിനെ അറിയാത്ത ജെറുസലേമിലെ ജനങ്ങള്‍ ചോദിക്കുന്നുണ്ട് ആരാണിവന്‍ എന്ന്. യേശുവിനെയും ശിഷ്യന്മാരെയും ഗലീലിയയില്‍ നിന്നും ജെറികോയില്‍ നിന്നും ജെറുസലേം വരെ പിന്തുടര്‍ന്നിരുന്ന ആ ജനാവലി ജെറുസലേമിലെ ജനങ്ങള്‍ക്ക്‌ യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് മത്തായില്‍‍ നമ്മുക്ക് ഇങ്ങനെവായിക്കാം.

9 യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളി. ഹോസാന!10 അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.11 ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. (മത്തായി 21:911)

ശ്രദ്ധിക്കൂ, യേശുവിനെ ഗലീലിയില്‍ നിന്നും ജെരുസെലേം വരെ പിന്തുടര്‍ന്നിരുന്ന യേശുവിനെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ജനക്കൂട്ടമാണ് ഇതാരാണ് എന്ന് ചോദിക്കുമ്പോള്‍, ഇത് നസ്രത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത്.! ഇതേ ചോദ്യം ഇന്ന് ഏതെങ്കിലും ക്രിസ്ത്യാനിയോട് ചോദിച്ചാല്‍ കിട്ടുക യേശു ദൈവപുത്രനാണ് എന്നോ, ദൈവം ആണെന്നോ ത്രിത്വത്തിലെ രണ്ടാമത്തെ  ആളാണ്‌ എന്നോ ആയിരിക്കും. അത് സ്വാഭാവികവുമാണ് കാരണം യേശുവിനെ ദൈവമായിട്ട് മനസ്സിലാക്കുന്നവര്‍ അങ്ങിനെയെ പരിചയപ്പെടുത്തൂ. ഒബാമ ഇന്ത്യയില്‍ വന്നു എന്ന് സങ്കല്‍പ്പിക്കുക, അദ്ദേഹത്തിന്‍റെ ചുറ്റും ജനക്കൂട്ടത്തെ കണ്ടു ഒബാമയെ അറിയാത്ത ആരെങ്കിലും, ഇതാരാണ് എന്ന് ചോദിച്ചാല്‍, ആ ജനക്കൂട്ടം ഇത് അമേരിക്കയിലെ ഇന്ന സ്ഥലത്ത് നിന്നും വരുന്ന നിന്നും ഒരാളാണ് എന്നല്ലല്ലോ പരിചയപ്പെടുത്തുക. അമേരിക്കയുടെ പ്രസിഡന്റ് ആണ് എന്നല്ലേ പറയുക. അതെല്ലെങ്കില്‍ യേശു ഇവിടെ ഒരു നാള്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിചാരിക്കുക,  യേശുവിനെ ദൈവമായി കരുതുന്ന ഇന്നത്തെ ക്രിസ്ത്യാനികള്‍ എങ്ങനെയാകും യേശുവിനെ പരിചയപ്പെടുത്തുക? തീര്‍ച്ചയായും ഇതാ ദൈവം ഭൂമിയില്‍ അവതരിച്ചിരിക്കുന്നു എന്ന് തെന്നെയാകും പറയുക. യേശുവിന്‍റെ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് യേശു ദൈവമാണ് എന്ന് വിശ്വാസം ഇല്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ അത്തരത്തില്‍ പരിചയപ്പെടുത്താഞ്ഞത് എന്ന് തെന്നെയാണ് നമ്മുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇനി മത്തായിയില്‍ തെന്നെ, രോഹിതന്മാരും ഫരിസേയരും യേശുവിനെ ഭയപ്പെട്ടിരുന്നതിന്റെ കാരണമായി  പറയുന്നത് നോക്കൂ.

46 അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു (മത്തായി 21:46)   

ജനങ്ങള്‍ യേശുവിനെ ദൈവമായി പരിഗണിച്ചിരുന്നു എന്ന് ബൈബിളില്‍ എവിടെയും ഇല്ല എന്ന് കൂടി ഇതിനോട് ചേര്‍ത്ത്‌ വായിക്കുക.

യേശു മനുഷ്യപുത്രന്‍
യേശുവിനെ ക്കുറിച്ച് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിശേഷണമാണ് ദൈവ പുത്രന്‍ എന്നത്. എന്നാല്‍ യേശു പുതിയ നിയമത്തില്‍ ഒരിക്കല്‍ പോലും ദൈവം പുത്രന്‍ എന്ന പദം സ്വന്തത്തെ ക്കുറിക്കാന്‍ നേര്‍ക്ക്‌ നേരെ ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്. യേശു മനുഷ്യ പുത്രന്‍ എന്ന പദമാണ് സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. സുവിശേഷങ്ങളില്‍ എണ്‍പത്തിമൂന്ന് പ്രാവശ്യമാണ് മനുഷ്യ പുത്രന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ എണ്‍പത്തിരണ്ട്  പ്രാവശ്യവും ഈ പദം യേശു സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതാണ്.

ഹീബ്രു, അറബി സെമിടിക്‌ ഭാഷകകള്‍  സാമാന്യമായി   പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതാണ് മനുഷ്യപുത്രന്‍ എന്ന പ്രയോഗം. ഹീബ്രു വേദഗ്രന്ഥത്തില്‍ (ബൈബിള്‍ പഴയ നിയമത്തില്‍) വളരെയധികം പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഒരു പദമാണ് മനുഷ്യ പുത്രന്‍ എന്നത്. ഹീബ്രുവില്‍ യലി'മറമാ എന്നും അറബിയില്‍ ശയി'മറമാ (ബഹുവചനം യമിലല‘മറമാ) എന്നും ഉള്ള പ്രയോഗമാണ് മനുഷ്യ പുത്രന്‍ എന്ന് പരിഭാഷപ്പെടുത്തുന്നത്. ദൈവത്തിന് നേരെ വിപരീതമായിട്ടാണ് പഴയ നിയമത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. ഏക വചനത്തില്‍ മനുഷ്യ കുലത്തിന്റെ പ്രതിനിധി എന്ന അര്‍ത്ഥത്തിലും ബഹുവചനത്തില്‍ മനുഷ്യ കുലത്തെ ക്കുറിക്കാനും യലി'മറമാ എന്ന് ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക പാരമ്പരര്യത്തിലും, ഖുര്‍ആനിലും മനുഷ്യ കുലത്തെ ക്കുറിക്കാന്‍ ബനീ ആദം എന്ന പ്രയോഗം സാധാരണയാണ് (ഹീബ്രുവും അറബിയും സഹോദര ഭാഷയാണ്‌ ). അഥവാ യേശു ഇവിടെ പറയുന്നത് അദ്ദേഹം പൂര്‍വ പ്രവാചകന്മാരെ പോലെ മനുഷ്യ കുലത്തിലെ ഒരഗം മാത്രമാണ് എന്നാണ്.

പഴയനിയമത്തില്‍ മനുഷ്യ പുത്രന്‍ എന്ന പദം, ദൈവത്തിന്‍റെ നേരെ വിപരീതമായി മനുഷ്യന്‍റെ പരിമിതകളും ദൌര്‍ബല്യങ്ങളും കാണിക്കാനും  മനുഷ്യ കുലത്തിന്റെ ഒരു പതിനിധി എന്ന അര്‍ത്ഥത്തിലും ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. പഴയ നിയമത്തില്‍ ഈ പദം ആദ്യമായി കാണുന്നത് സംഖ്യ പുസ്തകത്തില്‍ ആണ്. പ്രസ്തുത വചനം ശ്രദ്ധിക്കുക.

19 വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ? (സംഖ്യ 23:19)

നോക്കൂ, പഴയ നിയമത്തില്‍ ദൈവം അസന്നിഗ്ദമായി പറയുന്നു ദൈവം മനുഷ്യപുത്രനല്ല എന്ന്, പുതിയ നിയമത്തില്‍ യേശു എണ്‍പത്തിരണ്ട് പ്രാവശ്യം തെന്നെ മനുഷ്യ പുത്രന്‍ എന്ന് വിളിക്കുന്ന!. ഇതില്‍ നിന്നും എത്താവുന്ന നിഗമനം യേശു ദൈവമല്ല എന്ന് തെന്നെയെല്ലേ. പഴയ നിയമത്തിലെ ഇയ്യോബ്‌, യെശയ്യ, ജെറമിയ, എസകിയേല്‍ തുടങ്ങിയ പ്രവാചകന്മാരെല്ലാം ഉപയോഗിച്ച പദമാണ് മനുഷ്യപുത്രന്‍ എന്ന്. എസകിയേല്‍ പ്രവാചകന്‍ തൊണ്ണൂറ്റി നാല് പ്രാവശ്യമാണ് മനുഷ്യപുത്രന്‍ എന്ന പദം തെന്നെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്! ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ യേശു അദ്ദേഹത്തിന് മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ പോലയുള്ള ഒരു പ്രവാചകന്‍ മാത്രമാണെന്നാണ് സ്വയം അവകാശപ്പെട്ടതും ജനങ്ങള്‍ മനസ്സിലാക്കിയതും എന്നാണ്.

പുതിയ നിയമത്തില്‍  ഉപയോഗിച്ച ദൈവ പുത്രന്‍ എന്ന വാക്കിന് വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ്‌ എന്ന് തോന്നുന്നു. സുവിശേഷങ്ങളില്‍ യേശു സ്വയം ആ വിശേഷണം ഉപയോഗിക്കുന്നില്ല എങ്കിലും സുവിശേഷ കര്‍ത്താക്കള്‍ യേശുവിനെ ദൈവ പുത്രന്‍ എന്ന് പരിചയപ്പെടുത്തുന്നുണ്ട്. ഇത് പക്ഷെ യേശുവിന്റെ ദിവ്യത്തത്തെ സൂചിപ്പിക്കാനുള്ളതായി മനസ്സിലക്കെണ്ടാതില്ല. കാരണം ബൈബിള്‍ ദൈവവുമായി പ്രത്യേക അടുപ്പമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലും പല ആളുകളെയും ദൈവ പുത്രന്‍ എന്ന് വിശേഷിപ്പിച്ചത് കാണാം. ഈ അര്‍ത്ഥത്തില്‍ അദാമിനെയും , സോളമനെയും  ദാവീദിനെയും ഒക്കെ ബൈബിള്‍ ദൈവ പുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.  രാജാക്കന്മാരെയും  മാലാഖമാരെയും ഇസ്രായേല്‍ രാഷ്ട്രത്തെ  പോലും ദൈവ പുത്രന്‍ എന്ന് ബൈബിള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. സമാധനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവ പുത്രര്‍ എന്ന് വിളിക്കപ്പെടും എന്നുള്ളത് പുതിയ നിയമത്തിലെ പ്രസിദ്ധമായ വചനമാണല്ലോ. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ ദൈവ പുത്രന്‍ എന്ന പദം, അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല എന്നും ദിവ്യത്തത്തെ ക്കുറിക്കുന്നതല്ല എന്നുമാണ്.

ദൈവത്തിന്‍റെ ദാസനായ യേശു
യേശുവിനെ അദ്ധേഹത്തിന്റെ വിതകാലത്ത് ജനങ്ങള്‍ പ്രവാചകന്‍ എന്നും മിശിഹ എന്നും വിളിച്ചിരുന്നത്‌ നാം മനസ്സിലാക്കി. യേശു രംഗം വിട്ടതിന് ശേഷം, യേശുവിനെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ ദാസന്‍ എന്ന് വിളിക്കുന്നുണ്ട് ബൈബിളില്‍. ദൈവത്തിന്‍റെ ദാസന്‍ എന്ന് പറയുന്നതും ദൈവം എന്ന് പറയുന്നതും തമ്മില്‍ ഉള്ള അന്തരം ആലോചിച്ചു നോക്കൂ. അപോസ്തല പ്രവര്‍ത്തികളില്‍ യേശു ശിഷ്യനായ പത്രോസ് പറയുന്നത് നോക്കൂ.

13 അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു (അപോസ്തല പ്രവര്‍ത്തികള്‍ 3:13)

നോക്കൂ, പത്രോസ് യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിക്കുന്നത്‌. അപോസ്തല പ്രവൃത്തികളില്‍ നമ്മുക്ക് വീണ്ടും വായിക്കാം.

27 അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തി. ഒരുമിച്ചുകൂടി (അപോസ്തല പ്രവര്‍ത്തികള്‍ 4:27)

വീണ്ടും നാം വായിക്കുന്നു.

30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്ന തിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ (അപോസ്തല പ്രവര്‍ത്തികള്‍ 4:30)

യേശുവിനെ തങ്ങളെ പോലെതെന്നെ ദൈവത്തിന്‍റെ ദാസനായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ദൈവവും അവന്‍റെ പരിശുദ്ധ ദാസന്‍ യേശുവും എന്ന വ്യക്തമായ വേര്‍തിരിവ്  ഇവിടെ നാം കാണുന്നു. യശയ്യാ പ്രവാചകന്‍റെ ഒരു വചനം യേശുവില്‍ നിവൃത്തിയായ പ്രവചനം ആണെന്ന് കാണിക്കാന്‍ മത്തായി ഉദ്ധരിക്കുന്നത് നോക്കുക

ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനുവേണ്ടിയാണ്:18   ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെ മേല്‍ എന്റെ ആത്മാവിനെ അയയ്ക്കും;(മത്തായി 12:18)

ഇവിടെയും യേശുവിനെ ദൈവത്തിന്‍റെ ദാസനും തിരഞ്ഞെടുത്തവനും ആയാണ് അവതരിപ്പിക്കുന്നത്‌.


യേശു പൂര്‍ണ മനുഷ്യനും പൂര്‍ണ ദൈവവുമോ?
യേശുവിനെ  പൂര്‍ണമായ മനുഷ്യനായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇത് ചൂണ്ടിക്കാണിച്ചാല്‍ ക്രിസ്തീയ വിശ്വാസികള്‍ പലപ്പോഴും വാദിക്കാറുള്ളത് യേശു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത്  യേശു ദൈവമാണ് എന്ന് ആദ്യമേ സ്വയം തീരുമാനിച്ചതിന് ശേഷം ബൈബിളില്‍ യേശു മനുഷ്യാണ് എന്ന് പറയുന്നുണ്ട് എന്ന് അന്ഗീകരിക്കുകയാണ് . യേശു ദൈവമാണ് എന്ന് ബൈബിളില്‍ വ്യക്തമായ രീതിയില്‍  എവിടെയും പറയുന്നില്ല. യേശു ഒരിക്കലും താന്‍ ദൈവമാണ് എന്നോ തെന്നെ ആരാധിക്കണമെന്നോ പറഞ്ഞതായി ബൈബിളില്‍ എവിടെയുമില്ല. യേശുഷിശ്യന്മാര്‍ അങ്ങിനെ മനസ്സിലാക്കിയിട്ടും ഇല്ല. അങ്ങിനെയുണ്ടായിരുന്നുവെങ്കില്‍ സുവിശേഷങ്ങളില്‍ നാം അത് വായിക്കുമായിരുന്നു. സുവിശേഷങ്ങളില്‍ ആദ്യം മുതല്‍ അവസാനം വരെ മനുഷ്യനായ യേശുവിനെയാണ് വരച്ചു കാണിക്കുന്നത്. എന്നാല്‍ പലപ്പോഴും യേശു ദൈവമാണ് എന്ന മുന്‍വിധിയോടെ ബൈബിള്‍ വായിക്കുന്ന ക്രൈസ്തവര്‍, വരികള്‍ക്കിടയില്‍ വായിച്ച് യേശുവിനെ ദൈവമായി കരുതാറാണ് പതിവ്.

മറ്റൊന്ന് ഒരേ സമയം ദൈവവും മനുഷ്യനും എന്ന് പറയുന്നത് ചതുരാകൃതിയിലുള്ള ത്രികോണം എന്ന് പറയുന്നത് പോലെ അസംബന്ധം ആണ്. കാരണം ദൈവത്തിന്റെയും മനുഷ്യന്റെയും ഗുണവിശേഷങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്. ഉദാഹരണമായി  ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്, മനുഷ്യന്‍ ദുര്‍ബലനാണ് ഒരേ സമയം ഇത് രണ്ടും ആവാന്‍ കഴിയില്ല. ദൈവം എല്ലാം അറിയുന്നവനാണ് മനുഷ്യന്‍ എല്ലാം അറിയുന്നവനല്ല ഒരേ സമയം എല്ലാം അറിയുന്നവനും അറിയാത്തവും ആകുക അസംഭവ്യമാണ്. യേശുവിനെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നില്ല എന്ന് ബൈബിളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും എന്നതും പ്രസ്താവ്യമാണ്. 

ഇത്രയും വിശദീകരിച്ചതില്‍ മനസ്സില്‍ക്കാവുന്നത് യേശുവിനെ ക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാടാണ് യുക്തി നിരക്കുന്നതും ചരിത്രത്തോട് നീതി പുലര്‍ത്തുന്നതും എന്നാണ്.

                                                                  കടപ്പാട് :ക്രിസ്തു മതം & ഇസ്ലാം മതം  

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"