2012, നവംബർ 8, വ്യാഴാഴ്‌ച

മാറില്ലേ ദളിതനുള്ള അയിത്തം?



വിദ്യാഭ്യാസ ഉദ്യോഗമേഖലകളില്‍ പിന്നാക്കം പോയവരെ മുന്‍നിരയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിച്ച്‌ ഏര്‍പ്പെടുത്തിയതാണു സംവരണമെന്നത്‌. സംസ്‌ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തുമ്പോള്‍ നിര്‍ബന്ധമായും 10 ശതമാനം പട്ടിക വിഭാഗത്തിനും 40 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കണമെന്നാണു നിയമം. എന്നാല്‍ ‍, വിദ്യാഭ്യാസമേഖലയുടെ ബഹുഭൂരിപക്ഷവും എയ്‌ഡഡ്‌ മേഖലയിലാണു നിലകൊള്ളുന്നത്‌. 40 ശതമാനം പിന്നാക്കസംവരണം പോയിട്ട്‌ 10 ശതമാനം പട്ടിക വിഭാഗ സംവരണം പോലും നല്‍കാന്‍ ഒരു മാനേജ്‌മെന്റും തയാറല്ല. അതു സാധിച്ചെടുക്കാന്‍ സര്‍ക്കാരിന്‌ അഒരുവക ഇച്‌ഛാശക്‌തിയും ഇല്ല. 

സര്‍ക്കാര്‍ ഖജനാവില്‍നിന്നു ശമ്പളം നല്‍കുന്ന എയ്‌ഡഡ്‌ കോളജുകളിലെ നിയമനം പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ മുഖേനയാകണമെന്ന പ്രഫ. ജെ.എ.കെ. തരീന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ നയരൂപീകരണ സമിതിയുടെ നിര്‍ദേശം കേരളത്തിലെ സംവരണസമുദായങ്ങളുടെ ദീര്‍ഘനാളായി ഉന്നയിക്കുന്ന ആവശ്യത്തിനു മതിയായ ന്യായീകരണമാണ്‌. എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കണമെന്ന അനന്തമൂര്‍ത്തി കമ്മിഷന്‍ നിര്‍ദേശം വെളിച്ചം കാണിക്കാതെ അടച്ചുവച്ച നാട്ടില്‍ അത്ര എളുപ്പത്തില്‍ സാധ്യമാക്കിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല പുതിയ നിര്‍ദേശം. 

തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സര്‍ക്കാരുകളെ വിരട്ടി നിര്‍ത്തി മുഴുവന്‍ നേടിയെടുത്ത ശക്‌തികളാണ്‌ കേരളത്തിലെ മുഴുവന്‍ എയ്‌ഡഡ്‌ മേഖലയും നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ജാതിമതസമുദായ ശക്‌തികളുടെ സമ്മര്‍ദത്താല്‍ വീര്‍പ്പുമുട്ടുന്ന രാഷ്‌ട്രീയ സംവിധാനമാണ്‌ വലതായാലും ഇടതായാലും നിലനില്‍ക്കുന്നത്‌. 

വിദ്യാഭ്യാസ മേഖലയുടെ വന്‍കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാനാണു സ്വകാര്യസ്‌ഥാപനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള തീരുമാനമെന്നാണ്‌ ഓരോ ഘട്ടത്തിലെയും സര്‍ക്കാരുകള്‍ വിശദീകരിച്ചിരുന്നത്‌. എന്നാല്‍ പരസ്യമായ കച്ചവടത്തിനു വിദ്യാഭ്യാസമേഖലയെ തുറന്നുവയ്‌ക്കുകയായിരുന്നു യഥാര്‍ഥത്തില്‍ ചെയ്‌തത്‌. പണക്കെട്ടിന്റെ വലുപ്പം മാത്രമാണു നിയമനങ്ങളുടെ മാനദണ്ഡം നിശ്‌ചയിച്ചത്‌. പരിചയവും കഴിവും യോഗ്യതയും മാനദണ്ഡമാക്കുന്നതിലൂടെ കൈവരിക്കാവുന്ന ഗുണനിലവാരത്തെക്കുറിച്ചു യാതൊരു പരിഗണനയും നിയമനങ്ങളില്‍ ലഭിക്കാതെപോയി. 

വിദ്യാഭ്യാസ ഉദ്യോഗമേഖലകളില്‍ പിന്നാക്കം പോയവരെ മുന്‍നിരയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിച്ച്‌ ഏര്‍പ്പെടുത്തിയതാണു സംവരണമെന്നത്‌. സംസ്‌ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തുമ്പോള്‍ നിര്‍ബന്ധമായും 10 ശതമാനം പട്ടിക വിഭാഗത്തിനും 40 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കണമെന്നാണു നിയമം. എന്നാല്‍, വിദ്യാഭ്യാസമേഖലയുടെ ബഹുഭൂരിപക്ഷവും എയ്‌ഡഡ്‌ മേഖലയിലാണു നിലകൊള്ളുന്നത്‌. 40 ശതമാനം പിന്നാക്കസംവരണം പോയിട്ട്‌ 10 ശതമാനം പട്ടിക വിഭാഗ സംവരണം പോലും നല്‍കാന്‍ ഒരു മാനേജ്‌മെന്റും തയാറല്ല. അതു സാധിച്ചെടുക്കാന്‍ സര്‍ക്കാരിന്‌ ഒരുവക ഇച്‌ഛാശക്‌തിയും ഇല്ല. മറുവശത്ത്‌ ന്യൂനപക്ഷസമുദായങ്ങള്‍ നടത്തുന്ന സ്‌ഥാപനങ്ങളില്‍ സ്വന്തം സമുദായങ്ങള്‍ക്കും മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന വൈരുധ്യവും നിലനില്‍ക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പുതിയ നിര്‍ദേശത്തെ എങ്ങനെ സര്‍ക്കാരും ഭരണകക്ഷിയും നോക്കിക്കാണുമെന്നതാണു പ്രധാനകാര്യം. നിയമനാധികാരം പി.എസ്‌.സിക്കു നല്‍കുന്നതിലൂടെ എല്ലാം ശരിയാവുമെന്നു വിശ്വസിക്കാന്‍ മാത്രം മുന്നനുഭവങ്ങള്‍ അനുവദിക്കുന്നില്ല. കഴിയുന്ന വിധത്തിലൊക്കെ സംവരണവിഭാഗങ്ങളെ പുറംകാലുകൊണ്ടു തട്ടിത്തെറുപ്പിക്കാന്‍ മുന്നോക്കക്കാര്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ വിജയിപ്പിച്ചുകൊടുത്തതില്‍ പി.എസ്‌.സിക്കും പങ്കുണ്ടായിരുന്നുവെന്നതു മറ്റൊരു വശം. പി.എസ്‌.സി. നിയമനങ്ങളില്‍ സാമൂഹ്യനീതി പുലര്‍ന്ന്‌ കാണണമെങ്കില്‍ സൂക്ഷ്‌മമായ ഇടപെടലും ആവശ്യമായ നിയമനിര്‍മാണവും വേണ്ടിവരും. 

എയ്‌ഡഡ്‌ മേഖലയെപോലെതന്നെ നിയമനാധികാരം കൈയടക്കിവച്ച സര്‍വകലാശാലകളിലും ഇത്തരമൊരു നീക്കം വേണ്ടതുണ്ട്‌. അഴിമതിക്ക്‌ അവസരമൊരുക്കുംവിധവും സ്വന്തക്കാര്‍ക്കും ഇഷ്‌ടക്കാര്‍ക്കും പിന്‍വാതില്‍ തുറന്നുകൊടുക്കുന്നതും പിന്നാക്കക്കാര്‍ക്കു വാതില്‍ അടയ്‌ക്കുന്നതുമാണ്‌ കോടതികളുടെ നിയമനസംവിധാനമെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്‌. എയ്‌ഡഡ്‌ സ്‌ഥാപനങ്ങളില്‍ നിയമനം നടത്തി ആദ്യഘട്ടത്തില്‍ സാമൂഹികനീതിയുടെ അടഞ്ഞവാതില്‍ തുറന്നുവയ്‌ക്കാനുള്ള തന്റേടം സര്‍ക്കാരിനുണ്ടാകുമോ എന്നതു കണ്ടുതന്നെ അറിയണം. നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ അന്യായങ്ങളും വിവേചനങ്ങളും ആര്‍ക്കും ബോധ്യമല്ലാത്തതല്ല. കമ്മിഷനുകളും പഠനറിപ്പോര്‍ട്ടുകളും എത്രയോ കണ്ടതാണ്‌ നമ്മള്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ ഒന്നും ബാധകമല്ല നമ്മുടെ നാട്ടിലെ മേധാശക്‌തികള്‍ക്ക്‌. 

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലെയും അധ്യാപക അനധ്യാപക നിയമനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്കു സംവരണം നല്‍കണമെന്ന നിര്‍ദേശം ഉത്തരവായി 2005 ഡിസംബറില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം യു.ജി.സിക്കു നിര്‍ദേശം നല്‍കിയതാണ്‌. കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ഒരു എയ്‌ഡഡ്‌ സ്‌ഥാപനംപോലും ഇതു പാലിച്ചിട്ടില്ല. അത്തരമൊരു നിയമലംഘനം സര്‍ക്കാരോ യൂണിവേഴ്‌സിറ്റികളോ യു.ജി.സിയോ അറിഞ്ഞതായി നടിച്ചില്ല.

സംസ്‌ഥാന കോളജ്‌ വിദ്യാഭ്യാസ രംഗത്തെ മുക്കാല്‍പങ്കില്‍ കൂടുതലും എയ്‌ഡഡ്‌ മേഖലയിലാണ്‌. കോളജ്‌ അധ്യാപകരിലെ 80 ശതമാനത്തോളം എയ്‌ഡഡ്‌ മേഖലയില്‍ ജോലി നോക്കുന്നവരാണ്‌. 1971ലെ കോളജ്‌ അധ്യാപക സമരത്തിന്റെ ഒത്തുതീര്‍പ്പില്‍നിന്നാണ്‌ 1972ല്‍ നിയമനാധികാരം സ്വകാര്യ മാനേജ്‌മെന്റുകള്‍ കൈവശപ്പെടുത്തുന്നത്‌. ശമ്പളം സര്‍ക്കാര്‍ നല്‍കുകയും നിയമനം മാനേജ്‌മെന്റ്‌ നടത്തുകയും ചെയ്യുന്നതോടൊപ്പം വാര്‍ഷിക ഗ്രാന്റും മെയ്‌ന്റനന്‍സ്‌ ഗ്രാന്റും സര്‍ക്കാര്‍ നല്‍കുന്നതിനും അന്ന്‌ ധാരണയിലെത്തി. സവര്‍ണ താല്‍പര്യം സംരക്ഷിച്ചു നടപ്പാക്കപ്പെട്ട കരാറിലൂടെ പിന്നാക്കക്കാരെയും ദളിതുകളെയും ദീര്‍ഘകാലത്തേക്ക്‌ പുറത്തുനിര്‍ത്താന്‍ നടത്തിയ വന്‍ഗൂഢാലോചനക്ക്‌ സര്‍ക്കാര്‍ ചെലവില്‍ അംഗീകാരം നല്‍കി. പിന്നീട്‌ ഇങ്ങോട്ടു നടന്ന നിയമനങ്ങള്‍ മുഴുവനും ഈ വിധത്തിലായിരുന്നു. 10,212 അധ്യാപകര്‍ ജോലി ചെയ്യുന്ന എയ്‌ഡഡ്‌ ഹയര്‍സെക്കന്‍ഡറി മേഖലയിലെ ജാതി തിരിച്ചു കണക്കുകള്‍ ലഭ്യമല്ലെന്നാണ്‌ എയ്‌ഡഡ്‌ സെക്‌ടര്‍ റിസര്‍വേഷന്‍ അജിറ്റേഷന്‍ കൗണ്‍സില്‍ നടത്തിയ വസ്‌തുതാ പഠനം പറയുന്നത്‌. 35584 അധ്യാപകര്‍ ജോലി ചെയ്യുന്ന എയ്‌ഡഡ്‌ ഹൈസ്‌കൂള്‍ മേഖലയില്‍ 84 പട്ടികജാതിക്കാരനും രണ്ട്‌ പട്ടിക വര്‍ഗക്കാരനും മാത്രമാണുള്ളത്‌. 3500 പേരെങ്കിലും ഈ വിഭാഗത്തില്‍നിന്നുണ്ടാവേണ്ടതുണ്ട്‌. 

പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എയ്‌ഡഡ്‌ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ 115,140 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്‌. 2011ല്‍ ലഭിച്ച കണക്കനുസരിച്ച്‌ 447 പേര്‍ മാത്രമാണ്‌ ദളിത്‌ ആദിവാസി വിഭാഗത്തില്‍ നിന്ന്‌ ഈ മേഖലയില്‍ ഉള്ളത്‌. 11500 പേര്‍ അനിവാര്യമായും ഉണ്ടാവേണ്ട സ്‌ഥാനത്ത്‌ ഒരു ശതമാനം പോലും പ്രാതിനിധ്യം ലഭിക്കാതെ കിടക്കുകയാണ്‌.

സംസ്‌ഥാനത്തെ സര്‍ക്കാര്‍ കോളജുകളില്‍ 2335 അധ്യാപകരില്‍ 284 പേര്‍ പട്ടികജാതിക്കാരായുണ്ട്‌. 14 പേര്‍ പട്ടികവര്‍ഗക്കാരുമുണ്ട്‌. അഥവാ സംവരണതത്വം പാലിക്കപ്പെട്ട്‌ നിയമനം നടത്തിയതിലൂടെ കൈവരിച്ച നേട്ടമാണിത്‌. 

അതേസമയം, എയ്‌ഡഡ്‌ മേഖലയിലെ 7200 അധ്യാപകരില്‍ 11 പേര്‍ മാത്രമാണ്‌ ഈ ഗണത്തിലുള്ളത്‌. എയ്‌ഡഡ്‌ മേഖലയിലെ സംവരണം നിര്‍ദേശിച്ച അനന്തമൂര്‍ത്തി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇടതു സര്‍ക്കാരിനുപോലും നിലപാടു സ്വീകരിക്കാന്‍ കഴിയാതെ പോയത്‌ ജാതിശക്‌തികളുയര്‍ത്തിയ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തതുമൂലമായിരുന്നു. 

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ നേട്ടം കൊയ്‌തെടുക്കുന്നവരാരായിരിക്കുമെന്നു മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്‌. സാമൂഹികനീതിക്കു വേണ്ടിയാണ്‌ ഐക്യമെങ്കില്‍ അത്‌ അനുഭവത്തിലൂടെ ബോധ്യപ്പെടുത്താന്‍ അതിനു തുനിഞ്ഞിറങ്ങുന്നവര്‍ക്കു കഴിയേണ്ടതുണ്ട്‌. 

അധികാരത്തിന്റെ ഓരോ പടിയിലും തങ്ങളുടെ ആളുകള്‍ മാത്രം മതിയെന്ന അധികാരത്തിന്റെ ഭാഷയാണു പരക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. അവിടെ കീഴാളന്റെ പങ്കാളിത്തമൊരിക്കലും മാടമ്പിമാരുടെ മുഖ്യ പരിഗണനാ വിഷയമല്ല. ഭൂമിയും അധികാരവും ഒന്നിച്ചു കൈയടക്കിവയ്‌ക്കാന്‍ വരേണ്യവര്‍ഗം നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയാണ്‌ ഇന്നും നടക്കുന്നത്‌. കോടികളുടെ ആസ്‌തിയുള്ള ദേവസ്വങ്ങളുടെ നിയന്ത്രണവും ഇരുകൂട്ടരും ഓഹരി വച്ചെടുക്കുമ്പോള്‍ അടിയാളവര്‍ഗത്തിന്‌ എന്തു കിട്ടിയെന്നും കിട്ടുമെന്നും വിശദീകരിക്കപ്പെടേണ്ടതുണ്ട്‌. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ നാല്‌ എയ്‌ഡഡ്‌ കോളജുകളാണുള്ളത്‌. 182 അധ്യാപകര്‍. ഒരാള്‍പോലും പട്ടികജാതിക്കാരനില്ല. 135 നായരും 33 ഈഴവരും 8 നമ്പൂതിരിയും ആയാല്‍ പിന്നെ ആര്‍ക്കെന്തുണ്ടാവുമെന്നറിയാമല്ലോ? തൃശൂരിലെ കേരള വര്‍മ കോളജിലെ 89 അധ്യാപകരിലും ഒരാളും ദളിതനില്ല. സംഘടിത ശക്‌തികള്‍ വിലപേശുകയും നേട്ടങ്ങള്‍ കൊയ്‌തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിലപേശല്‍ ശക്‌തികള്‍ക്ക്‌ ഒരു അലോസരവും ഉണ്ടാവരുതെന്നാണ്‌ വലതുഇടതു ചേരികളുടെ നിലപാട്‌. സര്‍വീസ്‌ കാലാവധി തീരും മുമ്പേ അത്തരക്കാരെ മുന്‍നിര സ്‌ഥാനങ്ങളില്‍ കുടിയിരുത്താന്‍ എന്തൊരു ജാഗ്രതയാണു നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌. മുന്‍പിന്‍ ആലോചന വേണ്ടതില്ല എന്ന തീരുമാനത്തിലാണ്‌ മലയാളം സര്‍വകലാശായില്‍ അവരിലൊരാളെ വൈസ്‌ ചാന്‍സലറാക്കി ധ്രുതഗതിയില്‍ ഉത്തറവിറക്കുന്നത്‌. മലയാളം സര്‍വകലാശാലയുടെ ഉപദേശസമിതിയിലെ 15 പേരില്‍ 13 പേരും ഒരു ജനുസില്‍പ്പെടുന്നതില്‍ ഒരു അസന്തുലതത്വവും ആര്‍ക്കും അനുഭവപ്പെടുന്നില്ല. 

അടുത്ത ചരടുവലിയും പിടിമുറക്കവും നവംബര്‍ 15ന്‌ കാലാവധി തീരുന്ന എം.ജി യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ ചാന്‍സലര്‍ പദവിയിലാണ്‌. വല്ലാതെ വൈകാതെ രണ്ട്‌ ഒഴിവുകള്‍ കൂടി വരുന്നുണ്ട്‌. സ്വന്തം മകള്‍ക്കുവേണ്ടി എന്‍.എസ്‌.എസ്‌ മേധാവിയും സഭാ പ്രതിനിധികള്‍ക്കായി കത്തോലിക്കാ നേതൃത്വവും രംഗത്തുണ്ടെന്നാണു വാര്‍ത്തകള്‍. കിട്ടിയവരും നേടിയവരും വീണ്ടും വീണ്ടും പിടിമുറുക്കുന്നു. വിലപേശല്‍ ശക്‌തിയാവാന്‍ കഴിയാത്ത ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ ഒരു പരിഗണനയും ഇതിനിടയില്‍ ലഭിക്കാതെ വരുന്നു. സംവരണം നല്‍കിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ദളിത്‌വിഭാഗങ്ങള്‍ക്കു കുറച്ചെങ്കിലും മുന്നോട്ടു നടക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവരുടെ മുന്നേറ്റങ്ങള്‍ക്ക്‌ ഒരു പരിധി നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌. ചില പ്രത്യേക മേഖലകളിലേക്കു പ്രവേശനം തടയപ്പെടുന്ന അവസ്‌ഥ ഇന്നും നിലനില്‍ക്കുന്നു. 

പതിമൂന്ന്‌ സര്‍വകലാശാലയില്‍ ഒന്നില്‍ പോലും ഒരു ദലിതന്‍ വൈസ്‌ ചാന്‍സലറായിട്ടില്ല. ആറു നായരും മൂന്ന്‌ ഈഴവനും രണ്ട്‌ ക്രിസ്‌ത്യാനിയും ഓരോന്ന്‌ വീതം മുസ്ലിമിനും നമ്പൂതിരിക്കുമായി വീതംവയ്‌ക്കപ്പെട്ടിരിക്കുന്നു. സാമൂഹിക അനീതികളുടെ പ്രഭവകേന്ദ്രമാണ്‌ അധികാരരംഗമിന്ന്‌. ദീര്‍ഘനാളായി അനഭലഷണീയമായ ഒരു വീതംവെപ്പാണ്‌ തുടര്‍ന്നുപോരുന്നത്‌. നീതിപൂര്‍വമല്ലാത്ത ഈ വീതംവെപ്പില്‍ ജാതിയും സമുദായവും മതവും ആണ്‌ പരിഗണനാ മാനദണ്ഡമെന്ന്‌ വരുത്തി തീര്‍ക്കുന്നുണ്ടെങ്കിലും പ്രത്യേക ജാതിയിലും മതത്തിലും മാത്രമാണ്‌ അത്‌ ഒതുങ്ങി നില്‍ക്കുന്നത്‌. 

ഒച്ചവയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക്‌ പരിഗണ എന്നതിന്‌ അപ്പുറമുള്ള ഒരു മാനദണ്ഡവും യഥാര്‍ത്ഥത്തില്‍ നിലനിന്നു കാണുന്നില്ല. സാമൂഹികനീതിയെ അട്ടിമറിക്കുന്ന നിലവിലെ വീതംവെപ്പിന്‌ മാറ്റമുണ്ടാവണമെങ്കില്‍ ജനസംഖ്യാനുപാതികമായി മാറ്റാന്‍ തയ്യാറാവണം. 12 ശതമാനത്തില്‍ താഴെയാണ്‌ നായര്‍ ജനസംഖ്യ. മുസ്ലിം 24ഉം ഈഴവ 20 ഉം ശതമാനമുണ്ട്‌. 19 ശതമാനം ക്രിസ്‌ത്യാനികളില്‍ 9 ശതമാനം മാത്രമാണ്‌ മുന്നോക്ക ക്രിസ്‌ത്യാനികളുള്ളത്‌. പത്ത്‌ ശതമാനം ദളിതരും 2 ശതമാനത്തിനടുത്ത്‌ ആദിവാസികളുമുണ്ട്‌ കേരളത്തില്‍.

സാമൂഹ്യനീതിയെക്കുറിച്ച്‌ എല്ലാവരും വാചാലമാവുന്നുണ്ട്‌. എന്നാല്‍ , കേരളത്തിലെ 13 സര്‍വകലാശാലയില്‍ ഒരിടത്തും ഒരു ദളിതനെ കയറ്റി ഇരുത്താതിരിക്കാന്‍ എല്ലാവരും  ഒറ്റക്കെട്ടാണ്‌ താനും. പദവികളിലും സ്‌ഥാനങ്ങളിലും യോഗ്യതയാണ്‌ മാനദണ്ഡമെങ്കില്‍ ബി. രാജീവ്‌, എം. കുഞ്ഞാമന്‍, എം. ദാസന്‍, സനല്‍മോഹന്‍ തുടങ്ങി ഒട്ടേറെപേര്‍ ദളിത്‌ വിഭാഗങ്ങളില്‍നിന്ന്‌ യോഗ്യരായുണ്ട്‌. നിലപാടുകള്‍ സത്യസന്ധമെങ്കില്‍ നീതിയെക്കുറിച്ച്‌ സങ്കല്‍പങ്ങള്‍ ആത്മാര്‍ഥമെങ്കില്‍ നാം മുമ്പോട്ടുവയ്‌ക്കേണ്ട നിര്‍ദേശം അടുത്ത കേരളത്തിലെ വൈസ്‌ ചാന്‍സലര്‍ പട്ടികജാതിക്കാരനാവണ്ടേ എന്നാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"