2012, ഡിസംബർ 25, ചൊവ്വാഴ്ച

മലാല: നാടകത്തിന് പിന്നിലാര് ?

പാകിസ്താനിലെ സ്വാത് ജില്ലയിലെ മിങ്കോറ സ്വദേശിയായ മലാല യൂസുഫ് സായ് എന്ന പതിനാലുകാരിയായ ബ്ളോഗര്‍ക്കുനേരെ തഹ്രീകെ താലിബാന്‍ എന്ന സംഘടനയില്‍പ്പെട്ട അത്താഉല്ലഖാന്‍ എന്ന വ്യക്തി നിറയൊഴിച്ചതിനെതിരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വെടിവെപ്പ് നടന്നത്. പാകിസ്താനില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഒരുമാസമാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. ഏറെ വൈകാതെ സംഭവത്തിനു പിന്നിലെ ഗൂഢാലോചനകള്‍ അവിടത്തെ ബുദ്ധിജീവികളും നിരവധി പ്രസ്ഥാനങ്ങളും വെളിച്ചത്തു കൊണ്ടുവന്നു. അതോടെ പാകിസ്താനിലെ പ്രതിഷേധ നാടകങ്ങള്‍ ഔദ്യാഗിക തലത്തിലൊതുങ്ങി. ഇപ്പോള്‍ പ്രധാനമായും രണ്ടു ദേശങ്ങളില്‍ മാത്രമാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത് ലണ്ടനിലും കേരളത്തിലും! യുക്തിവാദി സംഘം, ഡി.വൈ.എഫ്.ഐ മുസ്ലിംലീഗിന്‍റ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് തുടങ്ങിയവയൊക്കെ കേരളത്തിലെ പ്രതിഷേധകരിലുണ്ട്. വനിതകളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പൊരുതുന്ന ധീരവനിത, ജീവിക്കുന്ന രക്തസാക്ഷിഎന്നൊക്കെയാണ് ഡി.വൈ.എഫ്.ഐ മലാലയെ വാഴ്ത്തുന്നത്. സത്യത്തില്‍ മേല്‍വാചകങ്ങളുടെ ‘പേറ്റന്‍റ്’ ഒബാമക്കും ഹിലരി ക്ളിന്‍റനുമാണ്. വെടിയേറ്റതിന്‍റ രണ്ടാംദിവസം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധം അറിയിക്കുകയും മലാലയെ ധീരവനിതയായി വാഴ്ത്തുകയുമൊക്കെ ചെയ്തത് ഒബാമ, ഹിലരി ക്ളിന്‍റനാദികളാണ്. (ഇസ്ലാമിക) മതഭീകരതയാണ് യുക്തിവാദി സംഘത്തിന്‍റ പ്രശ്നം. എം.എസ്.എഫുകാരായ ചില സുഹൃത്തുക്കളോട് പ്രതിഷേധ കാരണം ആരാഞ്ഞപ്പോള്‍, ഇത് മതേതരത്വത്തിന്‍റ പ്രശ്നമാണെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമുണ്ടെന്നും മാത്രമാണ് അവര്‍ക്കറിയുന്നത്. എന്തുതന്നെയായാലും തങ്ങളാണ് ആദ്യം പ്രതികരിച്ചതെന്നും ഡി.വൈ.എഫ്.ഐ തങ്ങളെ പകര്‍ത്തുകയാണുണ്ടായതെന്നും എം.എസ്.എഫുകാര്‍ അഭിമാനിക്കുന്നുണ്ട്. തീര്‍ച്ചയായും മലാലയെ ആക്രമിച്ചവരെ ശിക്ഷിക്കുകയും ‘ആക്രമിപ്പിച്ച’വരെ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. അതേസമയം, പാകിസ്താനിലെ പല ബുദ്ധിജീവികളും ചൂണ്ടിക്കാണിച്ച, മലാല സംഭവത്തിനു പിന്നിലെ ഐ.എസ്.ഐനാറ്റോ ഒളിയജണ്ട തിരിച്ചറിയാനോ പ്രശ്നത്തെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാനോ സാമ്രാജ്യത്വവിരുദ്ധ യുവജനപ്രസ്ഥാനങ്ങള്‍പോലും തയാറാവുന്നില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്. മലാല സംഭവം വിശകലനം ചെയ്യുമ്പോള്‍ സ്വാത് താഴ്വരയുടെ പ്രത്യേകതകള്‍കൂടി മനസ്സിലാക്കേണ്ടതുണ്ട്. പാക് ഗവണ്‍മെന്‍റിന് മേല്‍ക്കൈ ഇല്ലാത്ത, പാക് പട്ടാളത്തിന് തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയാത്ത ഗോത്ര, യാഥാസ്ഥിതിക മുസ്ലിംകളുടെ ഭരണമേഖലയാണ് സ്വാത്. സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പ്രദേശം കൂടിയാണിത്. അമേരിക്കക്കോ പാകിസ്താന്‍ സര്‍ക്കാറിനോ കീഴടക്കാന്‍ കഴിയാത്ത പോരാളികളുടെ നാട്. നേരിട്ടുള്ള സൈനികാക്രമണത്തിന് നാറ്റോക്ക് ധൈര്യമില്ലാത്ത പ്രദേശം. അതിനാല്‍, ഭീരുക്കളെപ്പോലെ പൈലറ്റില്ലാത്ത വിമാനങ്ങള്‍ അയച്ച് തദ്ദേശവാസികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. കല്യാണവീടെന്നോ മരണവീടെന്നോ നോക്കാതെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. ഇത്തരം ഏകപക്ഷീയ ആക്രമണങ്ങളില്‍ നിരവധി കുഞ്ഞുങ്ങളടക്കം ചിന്നിച്ചിതറി, തുണ്ടംതുണ്ടമായി കൊല്ലപ്പെടുകയാണ്. കല്യാണവീടുകളിലും മരണവീടുകളിലും കലാലയങ്ങളിലും മസ്ജിദുകളിലും ബോംബ് വര്‍ഷിക്കപ്പെട്ട് നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടാല്‍ ‘പിഴവ്’ സംഭവിച്ചതിന് അമേരിക്ക മുറപോലെ പാക് സര്‍ക്കാറിനെ ഖേദമറിയിക്കും. അതേസമയം, ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സ്വാത് താഴ്വരയില്‍ മാത്രമല്ല, പാകിസ്താനിലെങ്ങും പ്രതിഷേധം ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഡ്രോണ്‍ ആക്രമണത്തിനു ശേഷവും സ്വാത് നിവാസികള്‍ കൂടുതല്‍ ജാഗരൂകരാവുകയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ അണിചേരുകയുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ അമേരിക്കക്ക് അനുകൂലമായി ആരുതന്നെ സംസാരിച്ചാലും അവര്‍ക്ക് പൊറുക്കാനാവില്ല. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനും പാകിസ്താന്‍ സര്‍ക്കാറിനും നാറ്റോക്കും മുഖം രക്ഷിക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ട നാടകമാണ് മലാല സംഭവമെന്ന് വ്യക്തമാണ്. പാകിസ്താനിലെ ഒട്ടേറെ ബുദ്ധിജീവികള്‍ ഇത്തരമൊരു കാഴ്ചപ്പാടാണ് തെളിവുകളോടെ മുന്നോട്ടുവെക്കുന്നത്. മലാലയെ ആക്രമിച്ച സംഘടനയും സംശയത്തിന്‍റ നിഴലിലാണ്. പാകിസ്താനില്‍ ‘താലിബാന്‍’ (വിദ്യാര്‍ഥികള്‍ എന്നര്‍ഥം) എന്നപേരില്‍ ഒട്ടേറെ സംഘടനകളുണ്ട്. ഇവയില്‍ പലതും ഐ.എസ്.ഐയുടെയും സി.ഐ.എയുടെയും മൊസാദിന്‍റയും സന്തതികളാണ്. പാകിസ്താനിലെ പല താലിബാന്‍ ഗ്രൂപ്പുകള്‍ക്കും അഫ്ഗാനിലെ താലിബാനുമായി ഒരു ബന്ധവുമില്ല. തടിയന്‍റവിട നസീര്‍ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ സംഘടനപോലെ ഊരും പേരുമില്ലാത്ത ഒട്ടേറെ താലിബാന്‍ കടലാസ് സംഘടനകളില്‍ ഒന്നത്രേ തഹ്രീകെ താലിബാന്‍. ഒരു ഐ.എസ്.ഐ സന്തതി. മലാലയുടെ ബ്ളോഗ് സ്പോണ്‍സര്‍ ചെയ്യുന്നത് ബ്രിട്ടന്‍റ അധീനതയിലുള്ള ബി.ബി.സിയാണ്. അബ്ദുല്‍ഹയ്യ് കക്കര്‍ എന്ന ബി.ബി.സി റിപ്പോര്‍ട്ടറെ മലാലയെ സഹായിക്കുന്നതിനുവേണ്ടി ബി.ബി.സി നിയമിച്ചിട്ടുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ക്കും പാകിസ്താന്‍ സര്‍ക്കാറിനും അനുകൂലമായ കുറിപ്പുകള്‍ തയാറാക്കാന്‍ ബി.ബി.സി ലേഖകന്‍ മലാലയെ സഹായിക്കുന്നു. 12ാം വയസ്സിലാണ് (2009 ജനുവരി മൂന്നിന്) മലാലയുടെ ആദ്യ ഡയറിക്കുറിപ്പ് ബി.ബി.സിയില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ബി.ബി.സി സ്പോണ്‍സേഡ് പരിപാടിയാകയാല്‍ അവര്‍ ബ്ളോഗെഴുത്തിന് വന്‍ പ്രചാരം നല്‍കി. മലാലയെ ബ്ളോഗെഴുതാന്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് മറ്റു പലരെയും ബി.ബി.സി സമീപിച്ചിരുന്നു. ചതിക്കുഴി തിരിച്ചറിഞ്ഞ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ. തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സ്വന്തം പേരിലെഴുതിയാല്‍ എന്ത് സംഭവിക്കുമെന്ന് ബി.ബി.സി എഡിറ്റര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍ അപര നാമത്തില്‍ ബ്ളോഗെഴുതാന്‍ മലാല നിര്‍ബന്ധിതയായി. അങ്ങനെ പഷ്തൂണ്‍ നാടോടിക്കഥയിലെ ധീരവനിതയായ ‘ഗുല്‍മകായ്’ എന്ന ഇതിഹാസ നായികയുടെ പേര് മലാല സ്വീകരിച്ചു. വാസ്തവത്തില്‍ ഈ 12കാരിയുടെ തൂലികയിലൂടെ തങ്ങള്‍ക്ക് പറയാനുള്ളത് ഐ.എസ്.ഐയും നാറ്റോയും എഴുതുകയായിരുന്നു. മലാലയുടെ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോയാല്‍ ഇത് പകല്‍പോലെ വ്യക്തമാവും. ബ്ളോഗ് ആരംഭിച്ചതോടെ മലാലയെ ഒരു ‘സംഭവ’മാക്കി അവതരിപ്പിക്കാന്‍ സാമ്രാജ്വത്വ ശക്തികള്‍ ശ്രമമാരംഭിച്ചു. എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ പെഷാവറില്‍ നടന്ന രാഷ്ട്രീയ സെമിനാറിലും മറ്റും മലാല ക്ഷണിക്കപ്പെട്ടു. പാകിസ്താന്‍റ വിദേശനയം എന്താകണം? അമേരിക്കയോടുള്ള നയം എന്തായിരിക്കണം? എന്നൊക്കെയുള്ള നയതന്ത്രപരവും അതീവ പ്രധാനവുമായ വിഷയങ്ങള്‍ മലാലയിലൂടെ ബി.ബി.സിയും മറ്റും പറയിച്ചു. സാഹിദ് ബുനേരി, എ.എം.എന്‍ ടെലിവിഷനുവേണ്ടി മലാലയുമായി നടത്തിയ അഭിമുഖത്തില്‍, രാഷ്ട്രീയത്തില്‍ മതിപ്പുളവാക്കിയ മാതൃകാ വ്യക്തിത്വങ്ങള്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് പറയുന്ന മറുപടിയില്‍ രണ്ടു പേരുകളാണുള്ളത്: അതിലൊന്ന് ബറാക് ഒബാമയുടേതാണ്. പാകിസ്താന്‍റ വിദേശനയം എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ: ‘മികച്ച വിദേശനയം ഉണ്ടാകണം. നമ്മുടെ വിദേശ നിലപാട് അനുസരിച്ച് ഇന്ത്യ ശത്രുരാജ്യമാണ്. അഫ്ഗാനിസ്താനില്‍ ഒരിക്കലും സമാധാനമുണ്ടാകില്ല. മറ്റുള്ള രാജ്യങ്ങളുമായി സമാധാനമുണ്ടാക്കാന്‍ ഉതകുന്ന തരത്തിലുള്ള വിദേശനയം നമുക്ക് സാധ്യമാക്കണം. മറ്റുള്ള രാജ്യങ്ങളുമായി വാണിജ്യബന്ധം അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമായ തരത്തില്‍ വിദേശ നയത്തില്‍ മാറ്റംവരുത്താന്‍ കഴിയണം.’ സമാധാനത്തിനുള്ള പാകിസ്താനിലെ ദേശീയ പുരസ്കാരം നേടിയിട്ടുള്ള മലാല, ഡ്രോണ്‍ ആക്രമണങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെ: ‘അമേരിക്ക നേരിട്ട് ആക്രമിക്കാതെ, പൈലറ്റില്ലാത്ത യുദ്ധവിമാനങ്ങള്‍ അമേരിക്ക പാകിസ്താന് നല്‍കുകയും ആ സാങ്കേതികവിദ്യ തീവ്രവാദികളെ ലക്ഷ്യംവെച്ച് നടപ്പാക്കുകയും ചെയ്യുന്നതായിരിക്കും ശരി’ എന്നാണ്. അല്ലാതെ ഇത്തരം ആക്രമണങ്ങള്‍ ഇല്ലാത്ത സ്വാത് അല്ല. 2009 മാര്‍ച്ച് മൂന്നിന് മലാല എഴുതിയ കുറിപ്പില്‍ അനുജന്‍റ ഒരു പ്രാര്‍ഥന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ: ‘പടച്ചോനേ, സ്വാതില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണമേ... ഇനി അതിനു കഴിയില്ലെങ്കില്‍ യു.എസിനെയോ ചൈനയെയോ ഇവിടെഎത്തിക്കണമേ...’ ആദം ബി. ഇല്ലിക്കും ഇര്‍ഫാന്‍ അശ്റഫും ചേര്‍ന്ന് തയാറാക്കിയ  Class Dismissed; The Death of Female Education എന്ന ഡോക്യുമെന്‍ററിയിലൂടെ കടന്നുപോയാല്‍ മലാലയെ മുന്‍നിര്‍ത്തി പാക് സര്‍ക്കാറും നാറ്റോയും നടത്തുന്ന കപടനാടകത്തിന്‍റ ചുരുളുകള്‍ നിവര്‍ന്നുകാണാം. മലാലക്കുവേണ്ടി നിര്‍മിക്കപ്പെട്ട ഡോക്യുമെന്‍ററിയില്‍ തീവ്രവാദികള്‍ മാത്രമാണ് അപരര്‍. സാമ്രാജ്യത്വ ഇടപെടല്‍ പ്രശ്നവത്കരിക്കപ്പെടുന്നേയില്ല. താലിബാന്‍ തകര്‍ത്ത സ്കൂളുകളെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍, ദക്ഷിണേഷ്യയെക്കുറിച്ചുള്ള ഗവേഷകനായ അക്രം ജാവേദ് ചൂണ്ടിക്കാട്ടിയതു പോലെ, അമേരിക്കന്‍ ബോംബിങ് തകര്‍ത്തെറിഞ്ഞ കമ്പോളങ്ങളെയോ സ്കൂളുകളെയോ തകര്‍ന്ന വീടുകളെയോ റോഡുകളെയോ പറ്റി ഒന്നും പറയുന്നില്ല. സ്വാതിലെ പ്രശ്നം സ്ത്രീ വിദ്യാഭ്യാസ നിഷേധം മാത്രമാണെന്നും അതിനുത്തരവാദികള്‍ താലിബാനാണെന്നുമുള്ള ലഘൂകരണം ഇപ്പോള്‍ പ്രതിഷേധകര്‍ ഉയര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും അഫ്ഗാനിസ്താനിലെ താലിബാന്‍റ സ്ത്രീകളോടുള്ള സമീപനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ലോകത്തെ ഒരു രാജ്യവും പ്രസ്ഥാനവും മാതൃകയാക്കാത്ത കാടന്‍ സമീപനമാണ് അവരുടേത്. അതേസമയം, ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്താന്‍, അക്രം ജാവേദ് ചൂണ്ടിക്കാട്ടിയതുപോലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറ കാര്യത്തില്‍ ഏഷ്യയിലെതന്നെ ഏറ്റവും വഷളായ ഒരു രാജ്യമാണ്. 201011ലെ കണക്കുകള്‍ പ്രകാരം 40 ശതമാനം വിദ്യാര്‍ഥികളും സ്കൂളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഇത് പെണ്‍കുട്ടികളുടെ മാത്രം അവസ്ഥയല്ല എന്നോര്‍ക്കണം. മലാല സംഭവത്തോടെ മലാലയുടെ പേരില്‍ സ്കൂളുകള്‍ സ്ഥാപിക്കുമെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തീര്‍ച്ചയായും മലാല സംഭവത്തിലെ പോസിറ്റിവായ കാര്യങ്ങളിലൊന്നാണ്. പാകിസ്താനിലെന്ന പോലെ ഔദ്യാഗിക തലത്തില്‍ പ്രതിഷേധം അലയടിച്ച രാജ്യം മലാലയുടെ സ്പോണ്‍സര്‍മാരുടെ നാടായ ഇംഗ്ളണ്ടിലാണ്. വെടിയേറ്റ് ഏറെ കഴിയും മുമ്പേ പ്രത്യേക വിമാനത്തില്‍ ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോവുകയും ബര്‍മിങ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ധീരതക്കുള്ള അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങള്‍ മലാലക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. മലാലക്കും കുടുംബത്തിനും ബ്രിട്ടീഷ് പൗരത്വം നല്‍കി ലണ്ടനില്‍ സ്ഥിരതാമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഒപ്പം, വീടും കാറും ജോലിയും നല്‍കാമെന്ന വാഗ്ദാനവും ഔദ്യാഗിക തലത്തില്‍നിന്നു തന്നെ നല്‍കപ്പെട്ടിരിക്കുകയാണ്. അങ്ങനെ ഏറെ വൈകാതെ ബ്രിട്ടന്‍റ സ്വന്തം ദത്തുപുത്രി, അയാന്‍ഹിര്‍സി അലിയെപ്പോലെ വളര്‍ന്ന് ആത്മകഥയെഴുതി പ്രശസ്തയാവും.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"