2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ഷുക്കൂര്‍ ലീഗിന്‌ അരികിലോ അകലത്തോ?


സി.പി.എമ്മിന്റെ കൂടെ കിടന്നും അല്ലാതെയും അവരെന്താണെന്ന്‌ അനുഭവിച്ചറിഞ്ഞ ലീഗ്‌ നേതൃത്വം, സാക്ഷികളുടെ കൂറുമാറ്റം സി.പി.എം ഭീഷണിയാലാണെന്ന്‌ പറയുന്നത്‌ ഉള്‍ക്കൊള്ളാന്‍ മാത്രം പാമരന്മാരായിരിക്കണമെന്നില്ല ലീഗ്‌ അണികള്‍. ഇത്തരമൊരാവശ്യം ശക്‌തമായി ഉന്നയിക്കാന്‍ കഴിയാത്ത വിധം ലീഗ്‌ സി.പി.എം നേതൃത്വങ്ങള്‍ തമ്മില്‍ ഒരു ഇഴചേരല്‍ നിലനില്‍ക്കുന്നുണ്ട്‌. ക്ലസ്‌റ്റര്‍ വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണാവേളയില്‍ കൂറുമാറ്റം നടത്തിയത്‌ സി.പി.എമ്മിന്റെ അധ്യാപക സംഘടനയുടെ പ്രധാന നേതാക്കളാണ്‌. ഇരുകൂട്ടരുമുള്ള സഹകരണത്തിന്റെ പിന്നിലെ താല്‍പര്യം വി.എസ്‌.അച്യുതാനന്ദന്‍ മാത്രമായിക്കൊള്ളണമെന്നില്ല. സംരക്ഷിച്ച്‌ നിര്‍ത്തേണ്ട പല കൂട്ടുകച്ചവടങ്ങളുടേതുകൂടിയാവാം.
നൊന്തു പെറ്റ്‌ ആറ്റുനോറ്റ്‌ വളര്‍ത്തിയ പൊന്നുമോനെ പറക്കമുറ്റും മുമ്പ്‌ കുത്തിമലര്‍ത്തിയ കശ്‌മലന്മാര്‍ക്ക്‌ മതിയായ ശിക്ഷ ലഭിക്കണമെങ്കില്‍ സി.ബി.ഐ തന്നെ വേണമെന്ന ആത്തിഖ ഉമ്മയുടെ ആശകള്‍ക്ക്‌ സാഫല്യമുണ്ടാവണമെന്നാണ്‌ കേരളീയര്‍ ആഗ്രഹിക്കുന്നത്‌. 2012 ഫെബ്രുവരി 20 ന്‌ കൊല്ലപ്പെട്ട ഷുക്കൂറിന്റെ ചരമവാര്‍ഷികത്തിന്റെ രണ്ടുനാള്‍ മുമ്പ്‌ തിരുവനന്തപുരത്ത്‌ എത്തി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ലീഗ്‌ നിയമസഭാ കക്ഷിനേതാവിനെയും നേരില്‍ കണ്ടാണ്‌ ആത്തിഖ ഉമ്മ ഇങ്ങിനെയൊരാവശ്യം മുമ്പോട്ട്‌ വച്ചത്‌. ശുക്കൂര്‍ നെഞ്ചേറ്റിയ സ്വന്തം പാര്‍ട്ടിയുടെ ഇരുപത്‌ എം.എല്‍.എമാര്‍ പിന്തുണയ്‌ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന്‌ നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്ന ആ ഉമ്മ നീതി പ്രതീക്ഷിക്കുന്നുണ്ട്‌.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ എം.എസ്‌.എഫിന്റെ മണ്ഡലം ട്രഷററായിരിക്കുമ്പോഴാണു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്‌. അങ്ങിനെ ഒരു പ്രവര്‍ത്തകന്റെ മാതാവിന്‌ നീതി വീട്ടിലെത്തിച്ചുകൊടുക്കേണ്ട ബാധ്യത നിര്‍വഹിക്കേണ്ട പാര്‍ട്ടി നേതൃത്വത്തെ തേടി തിരുവനന്തപുരത്തേക്ക്‌ വണ്ടി കയറേണ്ട സാഹചര്യം വന്നതുകൊണ്ടാവാം ആത്തിഖ ഉമ്മ പറഞ്ഞത്‌, എന്റെ മകന്റെ ഗതി ഇനിയൊരാള്‍ക്കും വരരുതെന്ന്‌. അരിയിലെ ഷുക്കൂര്‍ അരികത്ത്‌ തന്നെയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന ആ ഉമ്മക്ക്‌ ഒട്ടും സ്വാന്തനമായിരുന്നില്ലെന്ന്‌ സാരം. മകന്റെ മരണശേഷം ഒരുനാള്‍ പോലും മനസ്സറിഞ്ഞ്‌ ഉറങ്ങിയിട്ടില്ലെന്ന ഒരു മാതാവിന്റെ കണ്‌ഠമിടറല്‍ ഏത്‌ ശിലാഹൃദയങ്ങളെയും അലിയിച്ചുകളയുന്നതാണ്‌. എന്നാല്‍ അധികാരഭ്രമത്തില്‍ മയങ്ങിയുറങ്ങുന്ന ലീഗിന്‌ ഇതൊന്നും പുത്തരിയല്ല. െകെയറപ്പില്ലാതെ കൊലനടത്തി അതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള സി.പി.എം െവെഭവത്തെ വെല്ലാന്‍ കേരളത്തില്‍ ഇനി മറ്റൊരു കൂട്ടര്‍ക്കാവില്ല. ടി പി വധത്തില്‍ അതല്‍പ്പമൊന്ന്‌ പാളിയെന്ന്‌ മാത്രം.
കൊല ഒരു കലയായി കൊണ്ടുനടക്കുന്ന പ്രസ്‌ഥാനമാണ്‌ സി.പി.എം എന്നത്‌ സംഘര്‍ഷ കേരളത്തിന്റെ ചരിത്രം പഠിച്ചാല്‍ ആര്‍ക്കും ബോധ്യമാവും. പ്രതിസന്ധി ഘട്ടങ്ങളില്‍ അണികള്‍ക്കും കുടുംബത്തിനും താങ്ങായി നില്‍ക്കുക എന്നതാണ്‌ ജനകീയ പ്രസ്‌ഥാനങ്ങളുടെ ശീലം. എന്നാല്‍ ഓരോ പാര്‍ട്ടി നേതൃത്വങ്ങളും സംരക്ഷിച്ചുനിര്‍ത്തുന്ന താല്‍പര്യങ്ങള്‍ പരിശോധിച്ചാല്‍ ആരെല്ലാം ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന്‌ ബോധ്യമാകും. അണികള്‍ പരസ്‌പരം സംഘര്‍ഷത്തില്‍ കഴിയുമ്പോഴും ലീഗ്‌സി.പി.എം നേതൃത്വങ്ങള്‍ ഒരുപോലെ കാലങ്ങളായി സംരക്ഷിച്ചു പോരുന്നത്‌ ചില പ്രത്യേക കേന്ദ്രങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമാണ്‌.
എ കെ ജിക്കും ബാഫഖി തങ്ങള്‍ക്കും ശേഷം ലീഗും സി.പി.എമ്മും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌ ഒരേ ദിശയിലേക്ക്‌ തന്നെയാണ്‌. പ്രത്യയശാസ്‌ത്ര വിയോജിപ്പുകളുടെ സ്‌ഥാനം അണികള്‍ക്കു വിട്ടുകൊടുത്ത്‌ മേല്‍ത്തട്ട്‌ സഹകരണം ഭദ്രമാക്കി നിര്‍ത്താന്‍ ഇരുകൂട്ടര്‍ക്കും അനായാസേന കഴിയുന്നുണ്ട്‌. കബളിപ്പിക്കപ്പെടുന്ന അണികള്‍ക്കിടയില്‍ ചില തിരിച്ചറിവുകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും സ്വാധീനശക്‌തിയാവാന്‍ കഴിയുന്ന ഘടനയിലല്ല രണ്ടു പാര്‍ട്ടികളും. അഴിമതിയില്‍ മാത്രമല്ല കൊലപാതകങ്ങളിലും സ്‌ത്രീപീഢനങ്ങളിലും പരസ്‌പരം സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുന്നതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ ഒത്തിരിയുണ്ട്‌. സംഘര്‍ഷമില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാവാന്‍ പാര്‍ട്ടികളും കക്ഷികളും നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്‌ അപ്പുറത്തേക്ക്‌ നീണ്ടുനില്‍ക്കുന്ന കാണാചരടുകളാണ്‌ ഇതിന്റെയെല്ലാം മര്‍മ്മം.
നാദാപുരത്തും മാറാട്ടും പുറംലോകം അറിയാതെ പോയ ധാരണകള്‍ പല ഘട്ടങ്ങളിലും തോടുപൊട്ടിച്ച്‌ പുറത്തുവന്നതാണ്‌. പരിമിതികളും താല്‍പര്യങ്ങളും നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും സമുദായം അകപ്പെട്ട പ്രതിസന്ധികളില്‍ നിലപാടെടുക്കാന്‍ കഴിയാതെ ലീഗിനെ വേറിട്ട്‌ നിര്‍ത്തിയിട്ടുണ്ട്‌. അതിനാല്‍ തന്നെ മുന്‍കാല പാരമ്പര്യം ശുക്കൂര്‍ വധത്തിലും ലീഗ്‌ അനുവര്‍ത്തിക്കുന്നെങ്കില്‍ അല്‍ഭുതപ്പെടാനില്ല. മകന്‍ നഷ്‌ടപ്പെട്ടതില്‍ നൊമ്പരപ്പെട്ട്‌ കഴിയുന്ന ഒരു മാതാവിന്‌ കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മുസ്‌ലിം ലീഗ്‌ അധികാരത്തിന്റെ താക്കോല്‍ സ്‌ഥാനത്തിന്‌ തൊട്ടു താഴെയിരിക്കുമ്പോള്‍ തിരുവനന്തപുരത്തെ പ്രസ്സ്‌ ക്ലബ്ബിലെത്തി കണ്ണീര്‍ വാര്‍ക്കേണ്ടി വന്ന സാഹചര്യത്തിന്‌ എങ്ങനെ വിശദീകരിച്ചാലും മതിയായ ന്യായമാവില്ല.
സി.പി.എമ്മിന്റെ കൂടെ കിടന്നും അല്ലാതെയും അവരെന്താണെന്ന്‌ അനുഭവിച്ചറിഞ്ഞ ലീഗ്‌ നേതൃത്വം, സാക്ഷികളുടെ കൂറുമാറ്റം സി.പി.എം ഭീഷണിയാലാണെന്ന്‌ പറയുന്നത്‌ ഉള്‍ക്കൊള്ളാന്‍ മാത്രം പാമരന്മാരായിരിക്കണമെന്നില്ല ലീഗ്‌ അണികള്‍. ഇത്തരമൊരാവശ്യം ശക്‌തമായി ഉന്നയിക്കാന്‍ കഴിയാത്ത വിധം ലീഗ്‌ സി.പി.എം നേതൃത്വങ്ങള്‍ തമ്മിലുള്ള ഒരു ഇഴചേരല്‍ നിലനില്‍ക്കുന്നുണ്ട്‌. അതിന്‌ ഒരുപാട്‌ വില കേരളം മുമ്പ്‌ നല്‍കിയിട്ടുണ്ട്‌. ഭാവിയില്‍ നല്‍കേണ്ടി വരികയും ചെയ്യും. സി.പി.എം അധികാരത്തിലിരുന്നപ്പോള്‍ ലഭിച്ച വിലമതിക്കാനാവാത്ത സഹായങ്ങള്‍ക്ക്‌ പ്രത്യുപകാരം ചെയ്യാന്‍ ബാധ്യതപ്പെട്ട ലീഗ്‌ നേതൃത്വത്തിനു മുമ്പില്‍ ഇനിയും ശുക്കൂര്‍മാര്‍ കൊല്ലപ്പെട്ടാലും പ്രശ്‌നമായിക്കൊള്ളണമെന്നില്ല. ഫെബ്രുവരി 20 ന്‌ ശുക്കൂറിന്റെ കൊലപാതകം നടന്നത്‌ പകല്‍ വെളിച്ചത്തിലാണ്‌. അതും മണിക്കൂറുകളോളം ബന്ദിയാക്കി നിര്‍ത്തിയശേഷം. മരണത്തെ മുഖാമുഖം കണ്ടു നിന്ന ശുക്കൂര്‍ മുസ്‌ലിം ലീഗ്‌ നേതാക്കളുള്‍പ്പെടെ ഇരുനൂറോളം പേരെ വിളിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതാണ്‌. ആരും തിരിഞ്ഞു നോക്കിയില്ല. പട്ടിയെ കൊല്ലും പോലെ പകല്‍ വെളിച്ചത്തില്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തിയത്‌ ആരായാലും അവര്‍ക്ക്‌ മതിയായ ശിക്ഷ ലഭിക്കണമെന്നത്‌ശുക്കൂറിന്റെ കുടുംബത്തിന്റെ മാത്രം ആവശ്യമായി ചുരുങ്ങേണ്ടതില്ല. പ്രബുദ്ധകേരളമൊന്നാകെ ഉയര്‍ത്തേണ്ട ശബ്‌ദമായിരുന്നു അത്‌.
സംഭവത്തിന്‌ ശേഷം മുപ്പത്തിയാറാം നാള്‍ എട്ടുപ്രതികള്‍ കോടതി മുമ്പാകെ കീഴടങ്ങിയതല്ലാതെ ഒരാളെ പോലും പിടികൂടാന്‍ ലീഗിന്റെ അധികാര പങ്കാളിത്തം കൊണ്ട്‌ സാധ്യമായിട്ടില്ല. ശുക്കൂര്‍ കൊല്ലപ്പെട്ട്‌ രണ്ടര മാസം കഴിഞ്ഞാണ്‌ ചന്ദ്രശേഖരനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തുന്നത്‌. ചന്ദ്രശേഖരന്‍ വധം നടന്നില്ലായിരുന്നെങ്കില്‍ ശുക്കൂര്‍ വധം ഇപ്പോള്‍ എത്തിയതിനേക്കാള്‍ മോശമായ പര്യവസാനത്തിലേക്ക്‌ നീങ്ങുമായിരുന്നു. സി.പി.എമ്മിനെതിരെ ഉയര്‍ന്നുവന്ന പൊതുവികാരം ശുക്കൂര്‍ വധക്കേസിന്റെ തുടര്‍ നടപടിക്ക്‌ നിര്‍ബന്ധപ്രേരകമായി വര്‍ത്തിച്ചു. എന്നാല്‍ വിചാരണാവേളയില്‍ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ പഴുതുകള്‍ ബാക്കി വച്ചാണ്‌ കേസിന്റെ മുമ്പോട്ട്‌ പോക്കെന്ന്‌ തിരിച്ചറിവുള്ള പലരും അന്ന്‌ ചൂണ്ടിക്കാണിച്ചതാണ്‌. ആ ആശങ്ക മാത്രമാണ്‌ സാക്ഷികളുടെ കൂറുമാറ്റത്തിലൂടെ കാണാന്‍ കഴിയുന്നത്‌.
അതത്‌ പ്രദേശങ്ങളില്‍ മറ്റുള്ളവരുടെ വളര്‍ച്ച തകര്‍ക്കുക എന്നതാണ്‌ ഓരോ അക്രമങ്ങളിലും സി.പി.എം ലക്ഷ്യമാക്കിയിരുന്നത്‌. സി.പി.എമ്മിന്റെ തുടക്കം കുറിക്കലാണ്‌ ഏത്‌ സംഘര്‍ഷങ്ങളുടെയും അടിവേരെന്ന്‌ കണ്ടെത്താന്‍ പ്രയാസമില്ല. അസഹിഷ്‌ണുതയും ജനാധിപത്യധ്വംസന പ്രവണതയും സി.പി.എമ്മിനെപ്പോലെ ലീഗും സ്വാധീനമേഖലകളില്‍ പ്രകടിപ്പിച്ചു കാണുന്നുണ്ട്‌. ശുക്കൂറിന്‌ മുമ്പും ധാരാളം ലീഗ്‌ പ്രവര്‍ത്തകന്മാര്‍ കൊലക്കത്തിക്ക്‌ ഇരയായിട്ടുണ്ട്‌. അത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിന്റെ പിന്നില്‍ ലീഗ്‌ നേതൃത്വങ്ങള്‍ ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയമാണ്‌ ഘടകമായത്‌. ആര്‍.എസ്‌.എസ്‌ ആയാലും സി.പി.എം ആയാലും നേതൃതല സഹകരണത്തിന്‌ ലീഗിനുള്ള മെയ്‌വഴക്കം വേറൊന്ന്‌ തന്നെയാണ്.
ചന്ദ്രശേഖരന്റെയും ഫസലിന്റെയും പാര്‍ട്ടികള്‍ക്ക്‌ അധികാരത്തില്‍ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. എന്നിട്ടും നേതാക്കള്‍ക്ക്‌ പോലും ജാമ്യം ലഭിക്കാതെ വിചാരണാ ഘട്ടത്തിലേക്ക്‌ നീങ്ങാന്‍ കഴിയും വിധം നിയമപോരാട്ടം മുമ്പോട്ട്‌ കൊണ്ടുപോകാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞു. ടി.പി വധത്തില്‍ ഇനിയും അനേ്വഷണം നടക്കാന്‍ സാധ്യതയുണ്ട്‌. വിധിന്യായത്തിനു ശേഷം അത്തരം ചര്‍ച്ച പ്രസക്‌തമാകുമെന്നാണ്‌ തോന്നുന്നത്‌.
സമ്പത്തും അനുഭവവും കഴിവും ഇല്ലാത്ത പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്‌. അത്‌ ഏത്‌ വഴിയില്‍ ഉപയോഗപ്പെടുത്തണമെന്ന ചില നിര്‍മിത തീരുമാനങ്ങള്‍ അവര്‍ക്കുണ്ട്‌. അതനുസരിച്ചേ ഇനി ലീഗ്‌ സഞ്ചരിക്കൂ. കാസര്‍ഗോഡ്‌ വെടിയേറ്റ്‌ വീണ ലീഗ്‌ പ്രവര്‍ത്തകനും ബീമാപ്പള്ളിയില്‍ കൊല്ലപ്പെട്ട ആറു മുസ്‌ലിംകളും മാറാട്‌ കേസില്‍ ജയിലില്‍ കഴിയുന്ന 86 പേരും നിര്‍മിത തീരുമാനങ്ങള്‍ക്ക്‌ പുറത്തായതുപോലെ അരിയിലെ ശുക്കൂറും അകലത്തുതന്നെയാകൂം ലീഗ്‌ എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്‌.
ക്ലസ്‌റ്റര്‍ വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണാവേളയില്‍ കൂറുമാറ്റം നടത്തിയത്‌ സി.പി.എമ്മിന്റെ അധ്യാപക സംഘടനയുടെ പ്രധാന നേതാക്കളാണ്‌. മലപ്പുറത്തെത്തിയ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും പി.ബി അംഗം കോടിയേരി ബാലകൃഷ്‌ണനും ലീഗിനെകുറിച്ച്‌ ഒരക്ഷരം ഉരിയാടാതെ തിരിച്ചു പോയതിന്റെ നാലാംപക്കമാണ്‌ ശുക്കൂര്‍ വധത്തിന്റെ സാക്ഷികളുടെ കൂറുമാറ്റം എന്ന വാര്‍ത്ത അധികമാരും ചേര്‍ത്ത്‌ വച്ച്‌ കാണില്ല. ഇരുകൂട്ടരുമുള്ള സഹകരണത്തിന്റെ പിന്നിലെ താല്‍പര്യം വി.എസ്‌.അച്യുതാനന്ദന്‍ മാത്രമായിക്കൊള്ളണമെന്നില്ല. സംരക്ഷിച്ച്‌ നിര്‍ത്തേണ്ട പല കൂട്ടുകച്ചവടങ്ങളുടേതുകൂടിയാവാം.

നാസറുദ്ദീന്‍ എളമരം 

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"