2013, മാർച്ച് 30, ശനിയാഴ്‌ച

ആഘോഷത്തിന്റെ മറുകരയിലുള്ളവര്‍

ഏതാണ്ട് ആറുവര്‍ഷം മുമ്പാണ്; ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന ഒരു മഴയത്തു ഞാന്‍ ആദ്യമായി അസം സന്ദര്‍ശിക്കുന്നത്. അന്ന് അസം മുസ്‌ലിംകളില്‍ നല്ല സ്വാധീനമുണ്ടായിരുന്ന യുനൈറ്റഡ് മൈനോറിറ്റി ഫ്രണ്ട് (യു.എം.എഫ്.) എന്ന സംഘടനയുടെ പ്രസിഡന്റ് അഡ്വ. ഹാഫിസ് റഷീദ് ചൗധരിയുടെ ക്ഷണപ്രകാരമാണ് അസമില്‍ എത്തുന്നത്. വളരെ മോശം കാലാവസ്ഥ. ഉള്‍പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പുപ്രചാരണം തിമര്‍ക്കുകയാണ്. 

യാത്രാസൗകര്യം തീരെയില്ലാത്തയിടങ്ങളിലും അഡ്വ. ചൗധരിയെ അവര്‍ക്കാവശ്യമുണ്ട്. തീരെ വീതികുറഞ്ഞ നിരത്തുകള്‍. ഒരു വാഹനം നേരത്തേ അതുവഴി പോയിട്ടുണ്ടെങ്കില്‍ അതു തിരിച്ചുവരുന്നതുവരെ ഇപ്പുറത്തു കാത്തിരിക്കണം. അങ്ങനെയുള്ള ഒരു പ്രദേശത്തേക്കു ഞങ്ങള്‍ പോവുകയാണ്. എട്ടുകിലോമീറ്റര്‍ ദൂരമുണ്ട്. കോണ്‍ഗ്രസ്സിന്റെ ഒരു വാഹനം പോയിരിക്കുന്നു. അതു തിരിച്ചുവരാന്‍ തുടങ്ങുന്നതിനു മുമ്പേ അവിടെയെത്തണം. ഞങ്ങള്‍ എത്തിയതു ബ്രഹ്മപുത്രാ നദിയുടെ തീരത്തുള്ള ബാഗ്ബര്‍ മാര്‍ക്കറ്റിലാണ്. റോഡ് ഇടയ്ക്കു മുറിഞ്ഞു. ഒരടി വീതിയുള്ള പാടവരമ്പിലൂടെ നടക്കണം. ബോട്ടിലാണു ചന്തയിലേക്കു സാധനങ്ങള്‍ വരുന്നത്. കാശു കൊടുത്തു വാങ്ങുന്നവരുണ്ട്. എന്നാല്‍, പഴയ ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ള വിനിമയമാണു കൂടുതല്‍ നടക്കുന്നത്. അമ്പതു വര്‍ഷം പിറകിലെ കേരളത്തിലെ ഒരുള്‍ഗ്രാമത്തിന്റെ പ്രതീതി. ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്കേസിന്റെ 'മക്കൊണ്ടൊ' പട്ടണം പോലുള്ള ഒരു ജിപ്‌സിയങ്ങാടി.അവിടെ പള്ളിക്കടുത്തു ചെറിയൊരു മൈതാനമുണ്ട്. ഞങ്ങളവിടെയെത്തുമ്പോള്‍ മൈക്കിലൂടെ പൊതുയോഗത്തിന്റെ അനൗണ്‍സ്‌മെന്റ് നടക്കുന്നു. കള്ളിത്തുണിയും ബനിയനുമിട്ട വൃദ്ധന്മാര്‍, നഗ്നരും അര്‍ധനഗ്നരുമായ കുട്ടികള്‍. അവരുടെ മുഖവും മൂക്കും തീരെ വൃത്തിയില്ലാത്തതാണ്. എവിടെയും ചളിയും ചാണകവും കൂടിക്കുഴഞ്ഞു കിടക്കുന്നു. യു.എം.എഫ്. സ്ഥാനാര്‍ഥി അഡ്വ. അബ്ദുസ്സമദിനെയും ചൗധരിയെയും കണ്ടപ്പോള്‍ ജനങ്ങളില്‍ ആവേശം. ചളിയില്‍നിന്ന് അവര്‍ പിടഞ്ഞെഴുന്നേറ്റു. അഭിവാദ്യം അര്‍പ്പിച്ചു. സിന്ദാബാദ് വിളിച്ച് ആവേശം പ്രകടിപ്പിച്ചു. 

     ദാരിദ്ര്യം ഘനീഭവിച്ചുനില്‍ക്കുന്ന ഒരിടം. പൊതുയോഗാനന്തരം ഞങ്ങളവിടെനിന്നു തിരിച്ചു. വണ്ടി നിര്‍ത്തിയേടത്തേക്കു കുറച്ചുദൂരം നടക്കണം. വഴിനീളെ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങിനില്‍ക്കുന്നു. അവര്‍ കൈ നീട്ടുന്നതു കാശിനു വേണ്ടിയാണ്. കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും കാശ് വാരിവിതറുന്നുവെന്നു ചൗധരി സാഹിബ് പരാതി പറഞ്ഞു.ഇവിടത്തെ ജനങ്ങളുടെ ദാരിദ്ര്യത്തിന്റെ സാന്ദ്രതയെക്കുറിച്ചു പറഞ്ഞപ്പോള്‍ ചൗധരി, ബൊങ്കൈഗാവില്‍ നമുക്കൊരു അഭയാര്‍ഥിക്യാംപ് സന്ദര്‍ശിക്കാനുണ്ടെന്നു പറഞ്ഞു. ദൈവമേ!, ഇനിയൊരു അഭയാര്‍ഥി ക്യാംപ് വേറെയും! അത്തരം എട്ടു ക്യാംപുകളുണ്ടെന്നു ചൗധരി. പൊതുവെ ശാന്തരും മൗനികളുമായ ബോഡോകളുടെ ദേശത്തു ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചു താമസിച്ചുവരുകയായിരുന്നു. വളരെ പെട്ടെന്നാണ് ഇവരുടെ ശാന്തതയും മൗനവും തീക്ഷ്ണമായ പരമതദ്വേഷത്തെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെന്നു മുസ്‌ലിംകള്‍ക്കു മനസ്സിലാവുന്നത്.

 1994ലെ അഭിശപ്തമായ ഒരു രാത്രിയിലാണതു സംഭവിക്കുന്നത്. കുറുവടിയും വാളും മറ്റായുധങ്ങളുമായി ബോഡോ ഗോത്രവര്‍ഗത്തില്‍പ്പെട്ട അക്രമാസക്തരായ യുവാക്കളുടെ വന്‍സംഘം ആര്‍പ്പുവിളികളോടെ മുസ്‌ലിം വീടുകള്‍ ലക്ഷ്യമാക്കി ഓടിവന്നു. വീടുകളില്‍നിന്നു മുസ്‌ലിംകളെ അടിച്ചോടിക്കുകയാണ്. അവര്‍ ജീവനുംകൊണ്ടു കിതച്ചോടുന്നു. പിറകെ വരുന്ന ബോഡോ അക്രമികളുടെ കൈയില്‍ തീപ്പന്തങ്ങള്‍. തിരിഞ്ഞുനോക്കാന്‍ ധൈര്യം ലഭിച്ചവര്‍ കണ്ടത് അവരുടെ വീടുകള്‍ കത്തിയമരുന്നതും കന്നുകാലികള്‍ വെന്തുചാവുന്നതുമാണ്. ഇവരെയാണ് അക്രമത്തിനിരയായി പന്ത്രണ്ടുവര്‍ഷത്തിനു ശേഷം ബെങ്കൈഗാവ് ജില്ലയിലെ ഹാപചെറ, ഗൊറൈമാറി, ബലഗാവു തുടങ്ങിയ ക്യാംപുകളില്‍ ഞങ്ങള്‍ക്കു കാണാനുള്ളത്. പുഴുക്കളെപ്പോലെ ജീവിക്കുന്ന ഒരു ജനത. ഇവര്‍ സമൃദ്ധിയുടെ അന്തരീക്ഷത്തില്‍ നിന്നാണു വരുന്നത്. നല്ല വീടും തൊടികളും ഉണ്ടായിരുന്നവര്‍. അവര്‍ക്കു തെങ്ങും കവുങ്ങും വാഴയും ചേമ്പും മറ്റു കാര്‍ഷികവിളകളും ഉണ്ടായിരുന്നു. ചിലര്‍ക്കെങ്കിലും വാഹനങ്ങളുമുണ്ടായിരുന്നുവത്രേ. അവരാണു ബൊങ്കൈഗാവിലെയും മറ്റും ക്യാംപുകളില്‍ തീരെ ചെറിയ കൂരകളില്‍ ‘ജീവിക്കുന്നത് (ജീവിക്കുന്നു എന്നു പറയാന്‍ പറ്റുമെങ്കില്‍). അവരാരും ഭാവിയിലേക്കു നോക്കുന്നതായി തോന്നിയില്ല. ഭൂതത്തിലേക്കു കണ്ണും നട്ടിരിക്കുന്നതു പോലെയായിരുന്നു ദൃഷ്ടികള്‍. ഏതാണ്ട് 65 വയസ്സുള്ള ഒരു സ്ത്രീയെ കണ്ടു. അവരുടെ ഒക്കത്ത് ഒരു കുഞ്ഞുമുണ്ടായിരുന്നു. അവരൊരു സാരികൊണ്ടു വസ്ത്രം ചുറ്റിയിട്ടുണ്ട്. ബ്ലൗസ് ധരിച്ചിട്ടില്ല. അവര്‍ക്കു ബ്ലൗസ് ഉണ്ടായിരിക്കില്ല. അതുമല്ലെങ്കില്‍, ഒരുപക്ഷേ, അവര്‍ക്കറിയില്ലായിരിക്കും, മുസ്‌ലിംകള്‍ എങ്ങനെയാണു വസ്ത്രം ധരിക്കേണ്ടതെന്ന്. അവരുടെ മിഴികളും ഭൂതകാല നിസ്സംഗതയില്‍ ഉടക്കിനില്‍ക്കുന്നു. ഒരു ഗ്രാമത്തിന്റെ വിലാപമായി അവര്‍ നിന്നു. 

അവര്‍ക്കു പളളിയായും പള്ളിക്കൂടമായും ആകെയുള്ളത് ഒരു ചെറിയ ഷെഡ്ഡായിരുന്നു. കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനു സൗകര്യങ്ങളില്ല. ഒരു ചൊവ്വാഴ്ചയായിരുന്നു അത്. സ്‌കൂളില്‍ പോവേണ്ടതില്ലാത്ത അവിടത്തെ കുട്ടികള്‍ ഞങ്ങളുടെ ചുറ്റുംകൂടി. ആ പ്രദേശത്തൊന്നും ഒരു ക്ലിനിക്കോ ഡോക്ടര്‍ പോലുമോ ഇല്ല. അവര്‍ക്കു റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത, ഇവര്‍ ദൂരെ പട്ടണത്തില്‍ ജോലിക്കു പോയാല്‍, ബംഗ്ലാദേശുകാരായി മാറും. പോലിസ് പിടികൂടി ജയിലിലടയ്ക്കും. ജോലിയുടെ ആ മാര്‍ഗവും അടയുന്നു. പിന്നെയുള്ള തൊഴില്‍ യാചനയാണ്. അതിനു തടസ്സമില്ലാത്തതിനാല്‍ ഇപ്പോഴും തുടരുന്നുണ്ട്. ആറുവര്‍ഷത്തിനു ശേഷം കഴിഞ്ഞ ജൂണില്‍ മുമ്പു കണ്ട ആ സ്ത്രീയെ വീണ്ടും കണ്ടു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ഏപ്രിലില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോയതായിരുന്നു. ഡോ. ബഷാറിനും ഹസ്രത്ത് അലിക്കും പുറമെ ഒ.എം.എ. സലാമും കൂടെയുണ്ടായിരുന്നു. ആ സ്ത്രീ അടുത്തു വന്നു. അവരുടെ കീറിപ്പറിഞ്ഞ മുസ്ഹഫ് ഒരു ബ്ലൗസില്‍ പൊതിഞ്ഞിട്ടുണ്ട്. ഇപ്പോഴും സാരി മാത്രമേ ധരിച്ചിട്ടുള്ളൂ. കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ അവര്‍ കരയുന്നുണ്ട്. അവരുടെ, വറ്റിയതെന്നു കരുതിയിരുന്ന കണ്ണുകളിപ്പോള്‍ സജലങ്ങളാണ്. അവരിപ്പോള്‍ സാഫല്യത്തിലാണ്. അവര്‍ക്കൊരു വീട് ലഭിച്ചിരിക്കുന്നു. അവര്‍ ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ജീവന്റെ ത്രസിപ്പിക്കുന്ന തുടിപ്പ് വീണ്ടെടുത്തിരിക്കുന്നു. അവരുടെ കണ്ണിലെ ജലബിന്ദുക്കള്‍ അതിന്റെ പ്രതിനിധാനമാണ്. അവര്‍ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന അവരുടെ മുസ്ഹഫ് മുമ്പ്, പതിനേഴു വര്‍ഷം മുമ്പ് ബോഡോ പ്രദേശത്തെ സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിയോടുമ്പോള്‍ കൂടെ കരുതിയതായിരുന്നു. അവര്‍ കരയുകയാണ്. വേറൊരു മുസ്ഹഫ് അവര്‍ക്കു വേണം. ഇവരെപ്പോലെ ഇരുപത്തിയെട്ടായിരത്തിലധികം മനുഷ്യജീവികളുടെ ഊഷരമായ ജീവിത പരിസരത്തിലൂടെയായിരുന്നു അന്നു ഞങ്ങള്‍ ഏതാനും മണിക്കൂര്‍ സഞ്ചരിച്ചത്. 

പിന്നെയും ഞങ്ങള്‍ അസമിന്റെ വിവിധ പ്രദേശങ്ങളിലൂടെ യാത്രചെയ്തു. ഈ പ്രാവശ്യം, അന്നു പോപുലര്‍ ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന  ഇപ്പോള്‍ ചെയര്‍മാന്‍  ഇ.എം. അബ്ദുര്‍റഹിമാന്‍ സാഹിബും ഉണ്ട്. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണു രണ്ടാമത്തെ യാത്ര. ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്ക്. ഉള്ളിലേക്കു പോകുന്തോറും ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും ഗഹനതയിലേക്കു ഞങ്ങള്‍ നടന്നെത്തുകയായിരുന്നു. ഒരു ജനതയുടെ അപരിഹാര്യമായ നിസ്സഹായതയിലേക്കും. ഓരോ വര്‍ഷവും കുതറിത്തെറിച്ചെത്തുന്ന പുഴവെള്ളം പ്രളയത്തിന്റെ രൗദ്രഭാവം സ്വീകരിച്ച് അതിന്റെ കരകളില്‍ കുടില്‍ കെട്ടിക്കഴിഞ്ഞു കൂടുന്ന ജനങ്ങളെ നിര്‍ദയം എടുത്തെറിഞ്ഞുകൊണ്ടിരുന്നു. അസമിലെ നദികള്‍ പലപ്പോഴും അങ്ങനെയാണ്. ഗതിമാറി ഒഴുകും. അതിന്റെ വരവില്‍ പള്ളികളും മദ്‌റസകളും വീടുകളും അതിനോടൊപ്പം ചേര്‍ന്ന് ഒഴുകും. ഇവിടെ കര നദിയായി മാറുമ്പോള്‍ അക്കരെ നദി കരയായിത്തീരും. ഇവിടെനിന്ന് ആളുകള്‍ മറുകര പ്രാപിക്കും. പലയിടത്തും നദിയുടെ വീതി എട്ടു മുതല്‍ പന്ത്രണ്ടു കിലോമീറ്റര്‍വരെയുണ്ടാവും. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനടുത്തു താമസിക്കുന്നവര്‍ പുതിയ താമസക്കാരെ അറിയില്ല. അതോടെ അവര്‍ ബംഗ്ലാദേശുകാരായി ചാപ്പ കുത്തപ്പെടുന്നു. അവര്‍ക്കു പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നുമുണ്ടാവില്ല. അങ്ങനെയാണ് അസമില്‍ ബംഗ്ലാദേശ് രൂപപ്പെടുന്നത്! 

ആഘോഷങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്നു തോന്നിയപ്പോള്‍, ഇവരെയാണെനിക്ക് ഓര്‍മ വന്നത്. ആഘോഷം നിഷേധിക്കപ്പെട്ട, ആഘോഷത്തിന്റെ, പെരുന്നാളിന്റെ മറുകരയില്‍ വസിക്കാന്‍ വിധിക്കപ്പെട്ട ജനതയെ.ഇവര്‍ക്കു പെരുന്നാള്‍ എന്താണെന്ന് അറിയാന്‍ തരമില്ല. ദാരിദ്ര്യം ഒരു ഉല്‍സവമാക്കാമെങ്കില്‍ അവര്‍ക്കു പെരുന്നാളും ആഘോഷവുമുണ്ട്. നിസ്സഹായതയും നിരക്ഷരതയും രോഗവും ആഘോഷിക്കപ്പെടാമോ? ആഘോഷം വിമോചിതസമൂഹത്തിനുള്ളതാണ്. സ്വാതന്ത്ര്യത്തെയാണതു ഘോഷിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സ്വാതന്ത്ര്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അജ്ഞത, നിരക്ഷരത, രോഗം, നിസ്സഹായത ഇവയൊക്കെ പാരതന്ത്ര്യത്തെയാണു കുറിക്കുന്നത്. നിരന്തരമായി സംശയത്തിന്റെ നിഴലില്‍ കഴിയേണ്ടിവരുന്ന സമൂഹം സ്വതന്ത്രമാണെന്നു പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സാഹചര്യംവച്ചു നോക്കുമ്പോള്‍ ആഘോഷ സാധ്യതയുള്ള വിഭാഗങ്ങള്‍ വളരെ കുറവാണെന്നു വരുന്നു. അസന്തുലിതമായ നീതിവ്യവസ്ഥയാണിവിടെ നിലനില്‍ക്കുന്നത്. അധികാരികള്‍ പൗരന്മാരോട് പ്രാഥമികമായ മര്യാദപോലും കാണിക്കുന്നില്ല. ആദിവാസി വനാന്തര്‍ഭാഗത്തു ജീവിക്കുന്നതിലൂടെ ആവാഹിച്ചെടുത്ത സസ്യാത്മകമായ സരളതയെയും മാര്‍ദവത്തെയും ഉപാസിക്കുന്നതിനു പകരം, അവരുടെ ജീവിതത്തെ ശിഥിലമാക്കി വിദൂരതയിലേക്കു കശക്കിയെറിയുകയാണു ഭരണകൂടം. അവരുടെ നേരായ ആവശ്യങ്ങളോട് ഉന്മുഖമായ സമീപനം സ്വീകരിച്ചില്ല. കുത്തകകള്‍ക്കുവേണ്ടി അധിവാസമേഖലകളില്‍നിന്നു മാവോവാദി മുദ്രചാര്‍ത്തി അവരെ അടിച്ചും വെടിവച്ചു കൊന്നും തുലയാന്‍ വിട്ടു. ഈ ആദിവാസിക്ക് എന്താഘോഷമാണുള്ളത്? ചേരികളില്‍ അടിമകളാക്കപ്പെട്ട, ഗ്രാമങ്ങളില്‍ ദരിദ്രരാക്കപ്പെട്ട, ഇപ്പോഴും അശുദ്ധം ചുമക്കുന്ന ദലിതനും ആഘോഷത്തിന്റെ മറുകരയിലാണ്. സംശയത്തിന്റെ നിഴലില്‍, ഭയത്തില്‍നിന്നു മോചനം സാധിച്ചിട്ടില്ലാത്ത മുസ്‌ലിംകളും ആഘോഷിക്കാന്‍ ഒന്നുമില്ലാത്ത നിസ്വജനതയായിത്തന്നെ തുടരുന്നു. നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലുകളിലാണ്. വെടിയുപ്പും ഭീകരതയും അല്‍പ്പം സന്ന്യാസവും ചേര്‍ന്നു സൃഷ്ടിച്ച സ്‌ഫോടനങ്ങളുടെ പേരില്‍ സംശയിക്കപ്പെട്ടവരാണവര്‍! പോലിസും പോലിസ് വേഷത്തില്‍വരുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും സവര്‍ണ ഹിന്ദുത്വ ഫാഷിസവും സമം ചേര്‍ന്ന് മാധ്യമങ്ങളെ കൂട്ടിനു ചേര്‍ത്തു തീര്‍ത്തെടുത്ത കുരുക്കുകളില്‍ പിടയുകയാണവര്‍. വിവേചനപരമായ സമീപനമാണു മുസ്‌ലിംകളോട് അധികാരികള്‍ പുലര്‍ത്തുന്നത്. എല്ലാ രംഗങ്ങളിലെയും ദൃശ്യമാണത്. 

മുസ്‌ലിം എന്നു കേള്‍ക്കുമ്പോള്‍ ഉന്മാദികളാവുന്ന പോലിസുകാര്‍. ഒറ്റപ്പെടുത്തലിന്റെയും തിരസ്‌കാരത്തിന്റെയും നോവ് അനുഭവിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥര്‍.ഇന്ത്യയിലും കേരളത്തിലും മഅ്ദനിയടക്കം ധാരാളം വിചാരണത്തടവുകാര്‍. ഒരു സമുദായം ഒന്നടങ്കം വിചാരണത്തടവുകാരായി കഴിയുന്നു എന്നു വേണമെങ്കില്‍ പറയാം. ചില ആഘോഷങ്ങള്‍ പ്രത്യേക സമുദായങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അഥവാ, ചില ആഘോഷങ്ങള്‍ നടത്തുന്നതിനു മുസ്‌ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷം മുസ്‌ലിംകള്‍ക്കു പാടില്ല. ഹിന്ദുത്വ ആര്‍.എസ്.എസിന് ആവാം. എന്തു ചെയ്യട്ടെ, മുസ്‌ലിം സമുദായത്തിനു ശ്രവണശേഷി കുറഞ്ഞുവരുന്നു; ദര്‍ശനശേഷിയും. സ്വതന്ത്രമായി വളരാനും വിരിയാനും കഴിയുന്നതെന്നോ, അന്നു മാത്രമേ നാം സ്വതന്ത്രരാവുന്നുള്ളൂ. അതുകൊണ്ടാണു മുസ്‌ലിംകളും ആഘോഷത്തിന്റെ മറുകരയിലാവുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാള്‍, ആഘോഷത്തില്‍നിന്നു അനുഷ്ഠാനത്തിലേക്കു വരുന്നു. അസ്വതന്ത്രരും നിസ്സഹായരുമായ ജനതയ്ക്ക് ആഘോഷമുണ്ടാവാറില്ല, അനുഷ്ഠാനങ്ങളേയുള്ളൂ.ചെറിയ പെരുന്നാള്‍ വരുകയാണ്. നമുക്കിടയില്‍നിന്ന് അടര്‍ത്തി മാറ്റപ്പെട്ട സഹജീവികളെ മനസ്സില്‍വച്ചു പെരുന്നാള്‍ ആഘോഷിക്കാന്‍ നാം ശ്രദ്ധിക്കുക. പെരുന്നാള്‍ അവധി മൂന്നു ദിവസമാകാം. എന്നാല്‍, പെരുന്നാള്‍ മൂന്നു ദിവസമാവരുത്. 'മധ്യസമുദായം' എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചവര്‍ 'മദ്യസമുദായം' ആവുകയുമരുത്. നാം സാഹചര്യത്തെ വായിക്കാന്‍ പഠിക്കണം. സമീപകാല ഇന്ത്യന്‍ സാഹചര്യംവച്ചു നോക്കുമ്പോള്‍ നാം പഴയ 'അനുശാസന പര്‍വത്തിലേക്ക്' അതിവേഗം കുതിക്കുകയാണോ എന്ന സംശയം ന്യായമാണ്. 
  
                                                ഇ അബൂബക്കര്‍
(എസ്.ഡി.പി.ഐ അഖിലേന്ത്യാ പ്രസിഡന്റും രിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാനുമാണു ലേഖകന്‍)
                            മുന്‍പ് തേജസ് പത്രത്തില്‍ വന്ന ലേഖനമാണ് ഇത്. 

2013, മാർച്ച് 16, ശനിയാഴ്‌ച

ഒരു ഐഡന്റിറ്റി മാത്രമാണോ ഇസ്ലാം?


  സുബൈര്‍ മൌലവി പിന്നീടു വിളിച്ചിട്ടില്ല. അദ്ദേഹത്തെ ഞാന്‍ നിരാശപ്പെടുത്തി എന്നു തോന്നുന്നു. ഗള്‍ഫില്‍ ചില സുഹൃത്തുക്കളുടെ വിഷമം കണ്ടു ഫോണ്‍ ചെയ്തതായിരുന്നു അദ്ദേഹം. സജീവ ഇസ്ലാമികപ്രവര്‍ത്തകര്‍. നാട്ടിലെ ഒരു സലഫി ഗ്രൂപ്പിന്റെ ആളുകളായി ഗള്‍ഫില്‍ ജീവിക്കുന്നു. നേതാക്കള്‍ തമ്മില്‍ ഇവിടെ നടക്കുന്ന അടിപിടിയാണ് ഇപ്പോള്‍ അവരുടെ പ്രശ്നം. ഈ കോലാഹലങ്ങള്‍ എന്തിനെന്ന് അനുയായികള്‍ക്കു മനസ്സിലാവുന്നില്ല. അടിസ്ഥാനങ്ങളില്‍ വ്യത്യാസമില്ല. ലക്ഷ്യം മാറിയിട്ടുമില്ല. പിന്നെയെന്തിനീ കടിപിടിയെന്നാണ് അവരുടെ ചോദ്യം. ആര്‍ക്കെങ്കിലും ഇടപെട്ട് ഇതൊന്നു പരിഹരിക്കാന്‍ പറ്റുമോയെന്ന് അന്വേഷിക്കുന്നു അവര്‍. 

നടക്കില്ലെന്ന് ആദ്യമേ തോന്നി. ഏതായാലും നല്ലൊരു കാര്യമല്ലേ, സാധ്യത വല്ലതുമുണ്ടായെന്നു നോക്കാമല്ലോ. ഒന്നുരണ്ടു പേരോട് അന്വേഷിച്ചു. ഫലം നിരാശ. വെറുതേ സമയം കളയേണ്ട എന്നായിരുന്നു ഉപദേശം. വലിയവലിയ ആളുകള്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ആദര്‍ശവും വിശ്വാസവുമൊന്നുമല്ല പ്രശ്നം. അഹങ്കാരമാണു കാര്യങ്ങള്‍ വഷളാക്കുന്നത്. വ്യക്തികള്‍ കേന്ദ്രബിന്ദുക്കളായി മാറിയിരിക്കുന്നു. അവര്‍ക്കു ചുറ്റും ആളും പണവും തടിച്ചുകൂടുന്നു. പ്രസ്ഥാനം ഇവര്‍ക്കൊരു ഇടം മാത്രം. ഇവരുടെ വലയത്തിലാണു ജനം; പ്രസ്ഥാനത്തിലല്ല. എന്റെ നിസ്സഹായത ഞാന്‍ മൌലവിയെ അറിയിച്ചു. 

ഇസ്ലാം ഇപ്പോള്‍ ഒരു ദൌത്യമല്ലാതായി മാറിയിരിക്കുന്നു. ഒരു ജനവിഭാഗത്തിന്റെ ഐഡന്റിറ്റി മാത്രമാണിന്ന് ഇസ്ലാം. വേഷങ്ങളും വസ്ത്രങ്ങളും രൂപങ്ങളും ശബ്ദങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ആചാരങ്ങളും പ്രത്യേക ദിവസങ്ങളും ഈ ഐഡന്റിറ്റിയെ വിവിധ കോണുകളില്‍ പ്രതിനിധീകരിക്കുന്നു. ഇവയോടു ചേര്‍ന്നുനിന്ന് ഇസ്ലാമിക കടമകള്‍ നിര്‍വഹിച്ചുവെന്നു തൃപ്തിപ്പെടുകയാണു പൊതുവേ ജനം. അടിസ്ഥാന സദാചാരത്തില്‍പ്പോലും കുറവു ദൃശ്യമാവുന്ന ചില പ്രതീകങ്ങളെ അല്ലാഹുവിലേക്കു ചേരുന്ന വഴിയായി പരിഗണിക്കുന്നത് ദൈവസങ്കല്‍പ്പത്തിനേറ്റ ഇടിവല്ലാതെ മറ്റെന്താണ്? 

ഇസ്ലാമികപ്രവര്‍ത്തനത്തില്‍ പ്രസംഗത്തിനുള്ള സ്ഥാനം എന്നുമെന്നപോലെ ഇന്നും ശക്തമാണ്. വാള്‍പോസ്ററുകളിലും ഫ്ളക്സ് ബോര്‍ഡുകളിലും സി.ഡികളിലും നിറഞ്ഞുനില്‍ക്കുന്ന താരങ്ങള്‍ മതരംഗം കീഴടക്കിയിരിക്കുന്നു. പ്രസംഗം കേള്‍ക്കുകയെന്നതു കര്‍മങ്ങളില്‍ മുഖ്യമായി മാറിയത് അവരുടെ മാര്‍ക്കറ്റ് വര്‍ധിപ്പിച്ചു. ഒരു ദിവസത്തെ പ്രസംഗത്തിന് അരലക്ഷം രൂപ വരെ കൂലി വാങ്ങുന്നവരുണ്ട്. അതിനു പുറമേ, പരിപാടി നടക്കുന്ന സ്ഥലത്തു മുന്തിയ താമസസൌകര്യം, സ്വീകരിക്കാന്‍ സ്വാഗതസംഘം തുടങ്ങി മറ്റു ബഹുമതികളും. 

സംഘാടകര്‍ക്കു നഷ്ടം ഉണ്ടാവാതിരിക്കാന്‍ ചില പൊടിക്കൈകളൊക്കെയുണ്ട് പ്രസംഗ മാര്‍ക്കറ്റിങില്‍. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ജനത്തെ സംഭാവനയ്ക്കു പ്രേരിപ്പിക്കുന്നു പ്രസംഗകന്‍. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ഒന്നുരണ്ടു സ്ത്രീകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ആഭരണങ്ങള്‍ സ്റ്റേജിലേക്കു കൊടുത്തുവിടും. അതു കണ്ടു ഭക്തി കയറി ആഭരണങ്ങളും വസ്തുവകകളും പണവും ഒന്നിനു പിറകെ മറ്റൊന്നായി പ്രസംഗവേദിയിലേക്ക് ഒഴുകുകയായി. ആദ്യം വരുന്നത് ബര്‍ക്കത്തിനുവേണ്ടി, പ്രസംഗകന്‍ സംഘാടകരെ ആദ്യമേ ഏല്‍പ്പിച്ച മുക്കുപണ്ടങ്ങള്‍! പിന്നീടു വരുന്നത് ഒറിജിനല്‍. 

ഈ വഅ്ളു വിദഗ്ധരുടെ ഫോട്ടോകളും പേരുകളും സ്ഥലപ്പേരുകളും ബിരുദങ്ങളും തെരുവില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച പ്രതീകവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനു മാത്രമേ സജീവത നല്‍കുന്നുള്ളൂ. അടിസ്ഥാന നന്മകള്‍ ലക്ഷ്യമിടുന്ന മനസ്സുകളില്‍ ഈ രൂപങ്ങള്‍ ഭയവും നഷ്ടബോധവുമായിരിക്കും സൃഷ്ടിക്കുക.
ഇസ്ലാമില്‍നിന്നു മാത്രമല്ല, ഒരു ബോധവല്‍കൃത സമൂഹത്തില്‍നിന്നു പ്രതീക്ഷിക്കാവുന്ന ഒന്നല്ല വ്യക്തിപൂജ. പക്ഷേ, എല്ലാ സങ്കല്‍പ്പങ്ങളും തകര്‍ത്തുകൊണ്ട് ഇന്നതു ശക്തമാവുകയാണ്. നവോത്ഥാന കാലഘട്ടത്തിനു മുമ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വര്‍ഗത്തിലേക്കു പാസ് നല്‍കുന്ന പുരോഹിതര്‍ ഉണ്ടായിരുന്നു. അതിനു സമാനമായ അവകാശവാദങ്ങള്‍ നമ്മുടെ പള്ളികളിലും തെരുവോരങ്ങളിലും നടക്കുന്ന പ്രസംഗങ്ങളില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യവിമോചനമെന്ന ലക്ഷ്യം മറന്ന് ഐഡന്റിറ്റി എന്ന തോടിനുള്ളില്‍ വികസിക്കാന്‍ മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളും മല്‍സരങ്ങളുമാണ് ഇത്തരം പ്രവണതകള്‍ വളര്‍ത്തുന്നത്. 

ഖുര്‍ആനില്‍ നല്ല പാണ്ഡിത്യമുള്ളയാളായിരുന്നു പ്രവാചകശിഷ്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഏറ്റവും ഭയം ജനിപ്പിക്കുന്ന വചനം ഏതാണെന്ന് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ഈ വചനമാണ് അദ്ദേഹം മറുപടിയായി കേള്‍പ്പിച്ചത്: 

നിങ്ങളുടെ മോഹധാരണകളല്ല അടിസ്ഥാനം, വേദക്കാരുടെ മോഹധാരണകളുമല്ല. ആരെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടങ്കില്‍ അവന്‍ അതിന്റെ ഫലം അനുഭവിക്കും. അല്ലാഹുവല്ലാത്ത ഒരു രക്ഷകനെയും സഹായിയെയും അവന്‍ കണ്ടത്തുകയുമില്ല. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചു നല്ലതു ചെയ്യുന്നത് ആരായാലും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടു അല്‍പ്പവും അനീതി ചെയ്യുകയില്ല(ഖുര്‍ആന്‍ 4: 123, 124). 

കടമകളും കടപ്പാടുകളും മറന്നു ജാതീയതയ്ക്കു സമാനമായ ഔന്നത്യചിന്ത വച്ചുപുലര്‍ത്തുന്ന സ്വഭാവമാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. ഖുര്‍ആന്‍ അതിനെ “അമാനിയ്യത്ത്’ എന്നു വിശേഷിപ്പിക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങളിലും മിഥ്യാധാരണകളിലും അഹങ്കരിക്കുന്ന “ഇസ്ലാമിക പ്രവര്‍ത്തകര്‍’ അല്ലാഹുവിന്റെ ഈ താക്കീത് ഓര്‍ത്തിരിക്കുന്നതു നല്ലതാണ്. താടിയുടെ നീളം, കുപ്പായത്തിന്റെ ഇറക്കം, നേതാവിന്റെ പാണ്ഡിത്യം, വാക്ചാതുരി, സ്വാധീനം, സ്ഥാപനങ്ങള്‍, പണം എന്നിങ്ങനെ പലതിലും ഉടക്കിനില്‍ക്കുകയാണ് ഇസ്ലാമികപ്രവര്‍ത്തകരുടെ ഉത്തേജനത്തിന്റെ സ്രോതസ്സ്. പുതിയ ദൌത്യനിര്‍വഹണത്തിനു സമൂഹത്തെ ഒരുക്കേണ്ട നിര്‍ണായകസമയത്തും ഇവരുടെ ഇടുങ്ങിയ ലോകത്തു തൃപ്തിദായകമായത് വിഭാഗീയതയും വ്യക്തിപൂജയും തന്നെ. 

വിദേശത്തു ജോലിചെയ്യുന്ന ഒരു സുഹൃത്ത് രണ്ടുമാസം മുമ്പ് ഒരനുഭവം പറഞ്ഞു. വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ മദ്റസയില്‍ പഠിക്കുന്ന ചെറിയ മകന്‍ പറയുകയാണ്, ബാപ്പയോടു സലാം പറയാന്‍ പാടില്ലെന്ന് ഉസ്താദ് പറഞ്ഞിരിക്കുന്നു. കുടുംബത്തിനും മക്കള്‍ക്കും വേണ്ടി അധ്വാനിക്കാന്‍ വീടുവിട്ടു ജീവിക്കുന്ന ഒരു പിതാവിന്റെ മനസ്സില്‍ എത്ര മുറിവേല്‍പ്പിച്ചിട്ടുണ്ടാവണം ഈ ഉസ്താദ്. ഇതൊരു ചെറിയ ഉദാഹരണം മാത്രമായിരിക്കും. ഇസ്ലാം എന്തിനെന്ന് ഒരു പ്രാവശ്യം പോലും ചിന്തിക്കാതെ അതിന്റെ അധികാരസ്ഥാനങ്ങളിലിരുന്നു വിധി പറയുന്ന ആളുകള്‍ ഉണ്ടാക്കുന്ന മുറിവുകള്‍ വലുതും ആഴമേറിയതുമാണ്. 

കഴിഞ്ഞ ദിവസം ഒരു തമാശയുണ്ടായി. ടി.വിയില്‍ വാര്‍ത്ത കണ്ട് ഇരിക്കുകയായിരുന്നു. റിമോട്ട് കൈയിലിരിക്കുന്ന സുഹൃത്തിനോട് ആരോ പറഞ്ഞു, മലയാളം ചാനല്‍ ഇടാന്‍. കേരളത്തിലെ പീഡനവാര്‍ത്തകളൊന്നു കേള്‍ക്കട്ടെ. യാദൃച്ഛികമാവാം, ചാനല്‍ മാറ്റിയതും സ്ക്രീനില്‍ തെളിഞ്ഞുവന്നതു പീഡനവാര്‍ത്ത. ഇത്തവണ പുതിയത്. മന്ത്രി ഗണേഷ്കുമാര്‍ നായകന്‍. സമൂഹം നാറിയതിനു ചാനലുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. നാറിയ വാര്‍ത്തകളാണു ദിവസവും പുറത്തുവരുന്നത്. എഴുപതുകാരന്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ടാനച്ഛന്‍ പതിമൂന്നുകാരിയെ, അച്ഛന്‍ മകളെ, സഹോദരന്‍ സഹോദരിയെ... ചര്‍ച്ച ചെയ്യാന്‍ പോലും അറപ്പുതോന്നുന്ന സംഭവങ്ങള്‍. 
റിയാദില്‍ താമസിക്കുന്ന ഒരു കുടുംബം. അച്ഛനും അമ്മയും അവിടെ ജോലിചെയ്യുന്നു. മകള്‍ പഠിക്കുന്നു. അമ്മയ്ക്കു പെട്ടെന്നു നാട്ടില്‍ വരണം. മകളെ അച്ഛന്റെ കൂടെ തനിച്ചാക്കി പോവാന്‍ ഭയം അനുവദിക്കുന്നില്ല. സഹപ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചു അവര്‍. ഉപദേശം നല്‍കുന്നവര്‍ക്കുമില്ല ആത്മവിശ്വാസം. കുട്ടിയെ നാട്ടിലേക്കു കൊണ്ടുപോവാനാണ് അവര്‍ നിര്‍ദേശിച്ചത്. നമ്മുടെ സാംസ്കാരികനിലവാരം തകര്‍ന്നതിന്റെ ഭീകര കാഴ്ചയാണിത്. പൊതുമുതല്‍ത്തട്ടിപ്പും അധികാര ദുര്‍വിനിയോഗവും മറ്റൊരു ഭാഗത്തു സജീവം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നും ഇതില്‍നിന്നൊഴിവല്ല. ഈ പ്രവണത ഇനിയെങ്ങനെ മാറും? ഉമ്മന്‍ചാണ്ടി മാറി അച്യുതാനന്ദന്‍ വന്നാല്‍ മാറുന്നതാണോ ഇത്? അതല്ല, ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ് മാറി മുലായംസിങ് വന്നാല്‍ ഈ മുറിവ് ഉണങ്ങുമോ, ഒരു സമ്പൂര്‍ണമായ മാറ്റമില്ലാതെ? 

ലോകത്ത് ഇന്നു പ്രകോപിപ്പിക്കപ്പെടുന്നതു മുസ്ലിം സമൂഹം മാത്രമല്ല. ഇസ്ലാമും പ്രകോപിപ്പിക്കപ്പെടുന്നു. അതിനോടു പ്രതികരിക്കാന്‍ ഐഡന്റിറ്റി കേന്ദ്രീകൃത ഇസ്ലാമിനു കഴിയണം എന്നില്ല. ജീവസ്സുള്ള ഇസ്ലാമിനാണു ലോകത്ത് ഇടമുള്ളത്. നന്മയുടെ വാഴ്ചയും തിന്മയുടെ തകര്‍ച്ചയും ഉറപ്പുവരുത്താന്‍ കെല്‍പ്പുള്ള ഇസ്ലാം. വ്യതിരിക്തതയുടെ ഒരു ശാസ്ത്രമുണ്ട് ഇസ്ലാമില്‍. പല കാര്യങ്ങളിലും, പ്രത്യേകിച്ച് ഐഡന്റിറ്റിയുടെ സ്വഭാവം പുലര്‍ത്തുന്ന വിഷയങ്ങളില്‍, വേദക്കാരില്‍നിന്നും അഗ്നിയാരാധകരില്‍നിന്നും വ്യത്യാസം സൂക്ഷിക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചതായി കാണാം. മതത്തിന്റെ സത്തയില്‍നിന്ന് അകന്ന അവരെപ്പോലുള്ളവരല്ല തങ്ങളെന്നു സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ആയിരുന്നിരിക്കണം അത്. ഈ നിര്‍ദേശത്തിന്റെ അന്തസ്സത്ത ഇസ്ലാമിന്റെ സജീവത ലക്ഷ്യമിടുന്ന പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഐഡന്റിറ്റിയില്‍ ദുരഭിമാനം കൊള്ളുന്ന പ്രവണത അവര്‍ ഉപേക്ഷിക്കണം.    

2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഇനി എന്തൊക്കെ കാണേണ്ടിവരും !


    ചാനലിനും ആത്മീയതയ്ക്കും ആയുര്‍വേദത്തിനുമാണു കേരളത്തില്‍ മാര്‍ക്കറ്റെന്ന് ബ്ളോഗ് ഫലിതമുണ്ട്. വ്യത്യസ്ത മേഖലകളിലായി 40ലേറെ ചാനലുകള്‍ മലയാളത്തിലുണ്ട്. ഇവയില്‍ ഇന്ത്യാവിഷന്‍, കൈരളി പീപ്പിള്‍, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, റിപോര്‍ട്ടര്‍, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍ എന്നിവ വാര്‍ത്താചാനലുകളാണ്. ഇവയ്ക്കു പുറമേ അമൃത, സൂര്യ, ജയ്ഹിന്ദ്, ജീവന്‍, കൈരളി, ദൂരദര്‍ശന്‍ എന്നിവയും വാര്‍ത്തകള്‍ അവതരിപ്പിച്ചുവരുന്നു. മംഗളം, കേരളകൌമുദി എന്നിവയുടെ ചാനലുകള്‍ വരാനിരിക്കുന്നു. വനിതാ ചാനലായ സഖി ടി.വി, രാജ് ന്യൂസിന്റെ മലയാളം ചാനല്‍, ആര്‍.എസ്.എസിന്റെ ജനം ടി.വി, കെ. മുരളീധരന്റെ ജനപ്രിയ, സി.പി.ഐയുടെ ചാനല്‍, സീ.ടി.വിയുടെ സീ മലയാളം, ജയ് മലയാളം തുടങ്ങിയ ചാനലുകളും പ്രവര്‍ത്തനം തുടങ്ങുമെന്നു പ്രഖ്യാപിച്ചവയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഐ.ബി.സിയുടെ വരവു താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ് (അത്രയും നല്ലത്). 
ചാനലുകള്‍ക്കു പരസ്യം മാത്രമാണു വരുമാനം. പരസ്യ ഏജന്‍സികള്‍ റേറ്റിങ് നോക്കി മാത്രമേ പരസ്യം നല്‍കൂ. അതിനാല്‍ റേറ്റിങ് എങ്ങനെയെല്ലാം കൂട്ടാം എന്നതാണു ലക്ഷ്യം. ചാനല്‍ മല്‍സരങ്ങള്‍ക്കിടെ മാധ്യമധര്‍മം ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജസ്റ്റിസ് ബസന്തുമായുള്ള തീര്‍ത്തും രഹസ്യമായ ഓഫ് ദി റെക്കോഡ് സംഭാഷണം പരസ്യമാക്കിയതിലൂടെ ഇന്ത്യാവിഷന്‍ ലേഖിക ഫൌസിയ മുസ്തഫ ചെയ്തത്. പുതുതായി ചാനലുകള്‍ വരുമ്പോള്‍ അവര്‍ക്കൊക്കെ എക്സ്ക്ളൂസീവുകള്‍ വേണം. അതിനായി അവര്‍ എന്തും ചെയ്യും എന്നിടത്തെത്തി കാര്യങ്ങള്‍. അതിനാല്‍, ഒരാളുടെ കുളിമുറിയിലേക്കു കാമറ നീട്ടിവച്ച് എക്സ്ക്ളൂസീവ് പകര്‍ത്താനാവുമോ എന്ന ചോദ്യം ഉന്നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

കാളപെറ്റാല്‍...

കാളപെറ്റാല്‍ കയറു മാത്രമല്ല, തൊഴുത്തും ഒരുക്കുന്നവരാണു ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും. എന്തു വാര്‍ത്തയും അതു സത്യമാണോയെന്നു പരിശോധിക്കാതെതന്നെ എഴുതാം. ചാനലുകളാണെങ്കില്‍ സ്ക്രോളിങ് പിന്നീടു വിടാതിരുന്നാല്‍ മതി. ഓണ്‍ലൈന്‍ പത്രങ്ങളാണെങ്കില്‍ തെറ്റായ വാര്‍ത്ത ഒഴിവാക്കുകയുമാവാം. കൊച്ചിന്‍ ഹനീഫയെ പോലുള്ളവരെ ചില മാധ്യമങ്ങള്‍ ഒന്നിലധികം തവണ മരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തെക്കന്‍ ജില്ലയില്‍ ഒരപകടമുണ്ടായി. രണ്ടുവര്‍ഷം മുമ്പുമാത്രം പിറന്ന ചാനലില്‍ ബസ് പുഴയിലേക്കു മറിഞ്ഞെന്നു ബ്രേക്കിങ് ന്യൂസ്. സാധാരണ ബ്രേക്കിങ് ന്യൂസ് അല്ല. ടി.വിയുടെ ഡിസ്പ്ളേ മുഴുവനായി കാണുന്ന വിധത്തില്‍ ഗംഭീര സ്ക്രോളിങ്. ലേഖകനെ തദ്സമയം വിളിച്ച് റിപോര്‍ട്ട് പറയിക്കുകയും ചെയ്തു. 'ബസ് പുഴയിലേക്കു മറിഞ്ഞു. ആളപായവും കൂടുതല്‍ വിവരങ്ങളും അറിവായിട്ടില്ല' എന്നിങ്ങനെയായിരുന്നു വാര്‍ത്ത. ആ പ്രദേശത്തെ ഗള്‍ഫുകാരുടെ കാര്യമായിരിക്കും കഷ്്ടം. നാട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ തിരക്കേണ്ടിവരും. ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പുവരുത്തിയാലേ അവര്‍ക്കു  സമാധാനമുണ്ടാവൂ. പിന്നീടു ചാനല്‍ മാറ്റിയപ്പോഴാണ് മനസ്സിലായതു ബസ് പുഴയിലേക്കു മറിയുകയല്ല, വയലിലേക്കു ചരിയുകയായിരുന്നെന്നും ആളപായമില്ലെന്നും. പഴയ ചാനലില്‍ അപ്പോഴേക്കും ബ്രേക്കിങ് ന്യൂസ് അപ്രത്യക്ഷമായി. അവരൊന്നും അറിഞ്ഞതേയില്ല. 

മാധ്യമധര്‍മത്തിനെതിരേ

വാര്‍ത്താസമ്മേളനത്തിനെത്തുന്നവര്‍ അതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്നു കുശലം പറയുന്നതു പതിവാണ്. വി.എം. സുധീരനും പി.സി. ജോര്‍ജും പോലുള്ള നേതാക്കള്‍ ഡല്‍ഹിയിലെ കേരളഹൌസില്‍ വച്ചോ ഗസ്റ്റ്ഹൌസുകളില്‍ വച്ചോ (പ്രസ്ക്ളബ്ബില്‍ കൂടുതല്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഉള്ളതിനാല്‍ സമയപരിമിതി ഉണ്ടാവും) വാര്‍ത്താസമ്മേളനം നടത്തുകയാണെങ്കില്‍ ഔദ്യോഗികമായി പറഞ്ഞതിനുശേഷം കുറേനേരം കുശലം പറയും. സുധീരനാണു സംസാരിക്കുന്നതെങ്കില്‍ കൈരളിയുടെ റിപോര്‍ട്ടര്‍ ഉണ്െടങ്കില്‍ പോലും അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഉള്‍പ്പോരുകള്‍ വിശദമാക്കും. ഓഫ് ദി റെക്കോഡ് ആയാണ് ഇതെല്ലാം പറയുന്നതതെന്നു പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും സുധീരന്‍ പറഞ്ഞതു മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമാക്കിവയ്ക്കും. ഇതെല്ലാം വിശ്വാസ്യതയുടെ ഭാഗമാണ്. കഴിഞ്ഞവര്‍ഷം ബാലകൃഷ്ണപ്പിള്ള ജയിലില്‍ കഴിയവേ റിപോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. ജയിലില്‍ കിടക്കുന്ന താന്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതു നിയമവിരുദ്ധമാണെന്നു പറഞ്ഞാണു പിള്ള സംസാരിച്ചത്. എന്നാല്‍, പിള്ളയുമായുള്ള സംസാരം ചാനല്‍ പുറത്തുവിട്ടു. വിശ്വാസവഞ്ചനയാണു ചാനല്‍ ചെയ്തതെന്ന് അന്നു വിമര്‍ശനമുയര്‍ന്നതാണ്. പുതിയ ഇടം കണ്െടത്താന്‍ ചാനല്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം ഇങ്ങനെയൊരു എക്സ്ക്ളൂസീവ് റിപോര്‍ട്ടര്‍ ചാനലിനു വേണ്ടിയിരുന്നു. 

ഇവിടെ നഷ്ടമായതു മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് (റിപോര്‍ട്ടറിന്റെ ആ വാര്‍ത്തയ്ക്കുശേഷം ഉന്നത ഉദ്യോഗസ്ഥരെ വിളിക്കുകയാണെങ്കില്‍ അവര്‍ ഫോണിലൂടെ കുശലം പറയാന്‍ തയ്യാറാവാറില്ലെന്നു തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്). മലപ്പുറത്തു ബസന്തുമായി സംസാരിച്ച ഇന്ത്യാവിഷന്‍ ലേഖികയും വിശ്വാസവഞ്ചനയാണു ചെയ്തത്.

താന്‍ മുമ്പു പുറപ്പെടുവിച്ച വിധിന്യായത്തെപ്പറ്റി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആദ്യം മാധ്യമപ്രവര്‍ത്തകയോടു വ്യക്തമാക്കിയിരുന്നതായി ബസന്ത് പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവിടാനുള്ളതല്ലെന്ന വ്യവസ്ഥയോടെ തയ്യാറാക്കിയ സ്വകാര്യസംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്നതു ധാര്‍മികതയ്ക്കു നിരക്കാത്ത നടപടിയാണെന്നതു മാധ്യമരംഗത്തെ പ്രാഥമികപാഠമാണ്. “ഓഫ് ദി റെക്കോഡ്’ എന്ന രീതിയില്‍ പറയുന്ന വിവരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പറഞ്ഞതാരെന്നു വെളിപ്പെടുത്താതെ പുറത്തുവിടാറുണ്ട്. എന്നാലിവിടെ സംഭാഷണഭാഗങ്ങള്‍ മുഴുവന്‍ അതുപോലെ പുറത്തുവിടുകയായിരുന്നു. പറയുന്ന വിവരങ്ങള്‍ സ്വകാര്യമായിരിക്കണമെന്നു പറയുന്നവരോടു വിശ്വസ്തത പുലര്‍ത്തുകയെന്നതാണു മാധ്യമധര്‍മവും തൊഴിലിനോടു ചെയ്യാവുന്ന നീതിയും. 

സൂര്യനെല്ലി കേസിനെപ്പറ്റി തനിക്കു പറയാനുള്ളതു വിധിന്യായത്തിലുണ്െടന്നു പറഞ്ഞ ബസന്ത്, എല്ലാ അര്‍ഥത്തിലും സ്വകാര്യമായി ലേഖിക മാത്രം കേള്‍ക്കാന്‍ പറഞ്ഞ വിധിന്യായത്തിലെ പരാമര്‍ശം ആവര്‍ത്തിച്ചതിനെയാണു മാധ്യമമര്യാദകളെല്ലാം ലംഘിച്ചു പരസ്യപ്പെടുത്തിയത്. ഇന്ത്യാവിഷന്റെ നടപടിയെ അപലപിച്ചു മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി. സാമൂഹിക വെബ്സൈറ്റുകളിലും ബ്ളോഗുകളിലും അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, മാതൃഭൂമിയെ അടച്ചാക്ഷേപിച്ച് ഓണ്‍ലൈന്‍ പത്രങ്ങളില്‍ (മാത്രം) മറുപടിയെഴുതാനാണ് ചാനല്‍ പത്രാധിപര്‍ എം.പി. ബഷീര്‍ മുതിര്‍ന്നത്. 

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ മറ്റൊരു പീഡനം 

ഇന്ത്യാവിഷനുമായുള്ള സംഭാഷണത്തില്‍ ബസന്ത് പുതുതായൊന്നും പറഞ്ഞിരുന്നില്ലെന്നതാണു വസ്തുത. എട്ടുവര്‍ഷം മുമ്പു കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ ബാലവേശ്യാവൃത്തി എന്ന നിരീക്ഷണം ആവര്‍ത്തിക്കുകയാണു ബസന്ത് ചെയ്തത്. അതിന്റെ വാര്‍ത്താമൂല്യം അറിയാഞ്ഞിട്ടല്ല, ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി വേശ്യയായിരുന്നുവെന്നും പണത്തിനു വേണ്ടിയാണ് അവര്‍ 40 ഓളം പേര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടതെന്നും റിപോര്‍ട്ട് ചെയ്യുന്നതു കൂട്ടബലാല്‍സംഗത്തേക്കാള്‍ വലിയ പീഡനമാണെന്നു പക്വമതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാവുന്നതിനാലാണ് അന്നത് റിപോര്‍ട്ട് ചെയ്യാതിരുന്നത്. എന്നാല്‍, മാധ്യമ കിടമല്‍സരത്തിനിടെ ഈ മര്യാദകൂടി ഇന്ത്യാവിഷന്‍ ലംഘിച്ചു. പെണ്‍കുട്ടി വേശ്യയാണെന്നു മാലോകരെ അറിയിച്ചതിലൂടെ പെണ്‍കുട്ടിയും കുടുംബവും കൂടുതല്‍ അപമാനിതരായെന്ന വസ്തുത മറന്നുകൂടാ. പെണ്‍കുട്ടി വേശ്യയെന്ന ആക്ഷേപം പിന്നീട് കെ. സുധാകരനെപ്പോലുള്ളവര്‍ ഏറ്റെടുത്തതും ഇന്ത്യാവിഷന്റെ “ഇംപാക്ട്’ ആയി ചാനലിന് അവകാശവാദം ഉന്നയിക്കാവുന്നതാണ്. 

ലണ്ടന്‍ രാജ്ഞി ചികില്‍സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ നഴ്സായിരുന്ന മംഗലാപുരംസ്വദേശിനി ജസീന്ത ജീവനൊടുക്കിയ സംഭവം വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ്. കൊട്ടാരത്തില്‍നിന്നാണെന്നു പറഞ്ഞ് ആസ്ത്രേലിയന്‍ റേഡിയോ ജീവനക്കാരി ഫോണ്‍ വിളിച്ചപ്പോള്‍ രാജ്ഞിയുടെ ആരോഗ്യവിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദത്താലാണ് ജസീന്ത ജീവനൊടുക്കിയത്. ഒരു മാധ്യമത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേ അന്താരാഷ്ട്രപത്രങ്ങളടക്കം മുഖപ്രസംഗമെഴുതി. ജസീന്തയെ വഞ്ചിച്ച റേഡിയോ ജീവനക്കാരി മെല്‍ഗ്രേഗ് ഒടുവില്‍ പരസ്യമായി മാപ്പപേക്ഷിച്ചു പൊട്ടിക്കരഞ്ഞു. മാധ്യമധാര്‍മികത മുറുകെ പിടിക്കുകയാണെങ്കില്‍ എഡിറ്റര്‍ അവകാശപ്പെട്ടതുപോലെ ഇരകള്‍ക്കൊപ്പമാണ് ഇന്ത്യാവിഷന്‍ എങ്കില്‍ മെല്‍ഗ്രേഗിനെപ്പോലെ സ്ത്രീകൂടിയായ ഫൌസിയാ മുസ്തഫ സൂര്യനെല്ലി പെണ്‍കുട്ടിയോടു മാപ്പുചോദിക്കുകയാണു വേണ്ടത്.

                                                                   യു.എം. മുഖ്താര്‍

2013, മാർച്ച് 2, ശനിയാഴ്‌ച

ഈ കുടുംബങ്ങള്‍ 'അമ്മ'യോട് പൊറുക്കുമോ?



കവിത, തത്ത്വചിന്ത, സത്യാന്വേഷണം, മാതാ അമൃതാനന്ദമയി മഠം, പോലിസ്, ഭ്രാന്താശുപത്രി, മോര്‍ച്ചറി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട തന്റെ  കൂട്ടുകാരന്‍ നാരായണന്‍കുട്ടിയുടെ ഓര്‍മയാണ്  കൊടുങ്ങല്ലൂര്‍ക്കാരന്‍ ടി.എന്‍. ജോയിയെ  മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ചു കൊല്ലപ്പെട്ട സത്നാംസിങിനോട് അടുപ്പിച്ചത്. തങ്ങളുടെ കൂട്ടുകാരന്റെ തനിയാവര്‍ത്തനം പോലെ ഒരു മരണം. സത്നാമിന്റെ മരണത്തിനും 23 കൊല്ലം മുന്‍പായിരുന്നു അത്. 



1990 ഏപ്രില്‍ 4 കവിയുടെ മരണം- ഒന്ന് 

അന്ന് ബുധനാഴ്ചയായിരുന്നു. മരണത്തിന്റെ ഗന്ധവും ഈര്‍പ്പവുമുള്ള മോര്‍ച്ചറിയില്‍ കിടന്ന നാരായണന്‍കുട്ടിയുടെ  മൃതദേഹം തിരിച്ചറിഞ്ഞത് സഹോദരന്‍ പ്രഫ. വി. അരവിന്ദാക്ഷനായിരുന്നു. കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരികരംഗത്തെ  ശ്രദ്ധേയമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു നാരായണന്‍കുട്ടി. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍, മുന്‍മന്ത്രി വി.വി. രാഘവന്‍ എന്നിവരുടെ അടുത്ത ബന്ധു. ബ്യൂറോ ഓഫ് സ്റാറ്റിസ്റിക്സ് ആന്റ് ഇക്കണോമിക്സ് ഡിപാര്‍ട്ട്മെന്റിലായിരുന്നു ജോലി.

രാഷ്ട്രീയവും തത്ത്വശാസ്ത്രവും സാഹിത്യവും സിനിമയും തുടങ്ങി സൂര്യനു കീഴെ എന്തിനെ കുറിച്ചും നാരായണന്‍കുട്ടി സംസാരിച്ചു. വലിയ വായനക്കാരനും സ്വപ്നജീവിയുമായ  നാരായണന്‍കുട്ടിയെ കൂട്ടുകാര്‍ കുന്നിക്കല്‍ എന്നു കളിയാക്കുമായിരുന്നു.  പരിവര്‍ത്തനവാദി കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും  ഇടതുതീവ്രചിന്താഗതിക്കാരും  കോണ്‍ഗ്രസ്സുകാരും അരാജകവാദികളും യുക്തിവാദികളും  അടങ്ങുന്ന വിപുലമായ സൌഹൃദമുണ്ടായിരുന്നു നാരായണന്‍കുട്ടിക്ക്. കവി സച്ചിദാനന്ദന്‍ പ്രസിദ്ധീകരിച്ചിരുന്ന ജ്വാല മാസികയില്‍ നാരായണന്‍കുട്ടി ധാരാളം കവിതകളെഴുതിയിരുന്നെന്ന് ടി.എന്‍. ജോയ്  ഓര്‍ക്കുന്നു.

നാരായണന്‍കുട്ടി  അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നതു യാദൃച്ഛികമായിട്ടായിരുന്നു. അരുതായ്മകളോട് എന്നും ക്ഷോഭിച്ച അദ്ദേഹം അവിടെ കലഹിച്ചതു പക്ഷേ, തികച്ചും വ്യക്തിപരമായ ഒരു കാര്യത്തിന്റെ പേരിലായിരുന്നു. കൊടുങ്ങല്ലൂരിലെ അമൃതാനന്ദമയിയുടെ മഠം സ്ഥിതിചെയ്യുന്ന സ്ഥലം നാരായണന്‍കുട്ടിയുടെ കുടുംബസ്വത്തായിരുന്നു എന്നും ആ ഭൂമി അദ്ദേഹത്തിന്റെ അമ്മയെ പ്രലോഭിപ്പിച്ച് അന്യായമായി മഠം കൈവശപ്പെടുത്തിയതാണ് എന്നും  ഇപ്പോഴും നാട്ടുകാരും സുഹൃത്തുക്കളും വിശ്വസിക്കുന്നു. തനിക്കുകൂടി അവകാശപ്പെട്ട ഭൂസ്വത്ത് അമൃതാനന്ദമയി മഠം പോലൊരു സ്ഥാപനം കൈവശപ്പെടുത്തിയതിനെ നാരായണന്‍കുട്ടി അമ്മയുടെ മഠത്തില്‍ ചെന്ന് ചോദ്യം ചെയ്തതോടെയാണു പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ബോധം കെടും വരെ മര്‍ദ്ദിച്ചാണ് 'അമ്മ'യുടെ ശിഷ്യഗണങ്ങള്‍ അതിനോടു പ്രതികരിച്ചത്. തല്ലുകൊണ്ട് അവശനായ  നാരായണന്‍കുട്ടിയെ അവര്‍ കരുനാഗപ്പള്ളി പോലിസിനു കൈമാറി. പോലിസ് അദ്ദേഹത്തെ ഭ്രാന്തന്‍ എന്നാരോപിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ധിഷണാശാലിയായ ആ  ആത്മാമ്പേഷിയുടെ യാത്ര മോര്‍ച്ചറിയിലാണ് അവസാനിച്ചത്. 
നാരായണന്‍കുട്ടിയുടെ കൊലപാതകത്തില്‍ പോലിസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലാത്തതിന്റെ പേരില്‍ നാട്ടുകാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.  എം.എല്‍.എ. ആയിരുന്ന വി.കെ. രാജന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കു പരാതി നല്‍കിയെങ്കിലും അമൃതാനന്ദമയിയെ ബാധിക്കുന്ന കേസ് ആയതുകൊണ്ടാവാം, സത്യം ഒരിക്കലും പുറത്തുവന്നില്ല. 

2012 ആഗസ്ത് 4 കവിയുടെ മരണം- രണ്ട്

ഹൃദയത്തില്‍ ഒരു സങ്കടത്തിന്റെ കടല്‍ അടക്കിവച്ചു ബിമല്‍ കിഷോര്‍ മോര്‍ച്ചറിക്കു മുമ്പില്‍ നില്‍ക്കുകയാണ്. ഇന്ത്യയിലെ പ്രശസ്ത ചാനലുകളില്‍ ഒന്നായ ആജ്തക്കിന്റെ ഡല്‍ഹി ലേഖകനായ അദ്ദേഹം ബിഹാറിലെ ഗയ സ്വദേശിയാണ്. ബിമല്‍ ഡല്‍ഹിയില്‍നിന്നു  കേരളത്തില്‍ എത്തിയത് കരുനാഗപ്പള്ളി പോലിസ് കസ്റഡിയില്‍ വച്ചിരിക്കുന്ന തന്റെ അനിയനെ ജാമ്യത്തിലെടുത്തു നാട്ടിലേക്കെത്തിക്കാനാണ്. 
സത്നാം എന്ന വാക്കിനര്‍ഥം സത്യത്തിന്റെ പേര് എന്നാണ്. വളരെ കുറച്ചേ അവന്‍ ജീവിച്ചിരുന്നുള്ളൂവെങ്കിലും ജീവിതകാലം മുഴുവന്‍ സത്യാന്വേഷിയായി അലഞ്ഞു. ലഖ്നോ നാഷണല്‍ ലോ സ്കൂളില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ആ 23 വയസ്സുകാരന്റെ  അപാരമായ ജ്ഞാനം  എല്ലാവരെയും അദ്ഭുതപ്പെടുത്തി. സ്കൂള്‍ പഠനകാലത്തുതന്നെ ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍, ഗുരുഗ്രന്ഥസാഹിബ് തുടങ്ങിയ മതഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കി.  അവന്‍ സന്ദേഹിയും കവിയുമായിരുന്നു. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതി.

     മൂന്നു മാസം മുമ്പാണു സത്നാമിനെ വീട്ടില്‍നിന്നു കാണാതാവുന്നത്. നാട്ടിലെ പോലിസ്സ്റ്റേഷനില്‍ പരാതി കൊടുത്തു; പത്രങ്ങളില്‍ സത്നാമിനെ കാണാനില്ല എന്ന അറിയിപ്പും. അവന്‍ വീടുവിട്ടു പോയതുമുതല്‍  മനം നൊന്തു കഴിയുകയായിരുന്നു ആ കുടുംബം.   കേരളത്തില്‍ പോലിസ് കസ്റഡിയില്‍ അവനുണ്ടന്നറിഞ്ഞതു മുതല്‍ അവര്‍ ആശ്വസിച്ചു. എത്രയും പെട്ടെന്ന് മകനെ തിരിച്ചു കൊണ്ടുവരാനാണ് സത്നാമിന്റെ പിതാവ് ഹരീന്ദര്‍ സിങ് ജ്യേഷ്ഠപുത്രനായ ബിമല്‍ കിഷോറിനെ കേരളത്തിലേക്ക് അയച്ചത്. 

കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ച് അമൃതാനന്ദമയിക്ക് നേരെ സത്നാം അക്രമാസക്തനായെന്നും ആശ്രമം അധികൃതര്‍  അവനെ പോലിസില്‍ ഏല്‍പ്പിച്ചെന്നുമുള്ള വിവരം ബിമലിനു നേരത്തേ ലഭിച്ചിരുന്നു. എന്തുകൊണ്ടാ സത്നാമിനെ കാണാന്‍ കുറച്ചു സമയമേ അവര്‍ അനുവദിച്ചുള്ളൂ,  വെറും 40 സെക്കന്‍ഡ്! അനുമതി തീര്‍ന്നു. സത്നാമിനു ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും വധശ്രമത്തിനു കേസ് എടുത്തിരിക്കുന്നതിനാല്‍ വിട്ടുതരാന്‍ സാധിക്കില്ലെന്നു പോലിസ് കൈമലര്‍ത്തി. വീണ്ടും ജാമ്യത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കെ അടുത്ത ദിവസം അഡ്വക്കേറ്റ് ഫോണില്‍ വിളിച്ചു: "ചാനലുകളില്‍ ഒരു ന്യൂസ് സ്ക്രോള്‍ ചെയ്യുന്നുണ്ട്. താങ്കളുടെ സഹോദരന്‍ മരിച്ചു.'' 

അമ്മയറിയാന്‍

"ഓരോ പുലര്‍ച്ചയും കിളികള്‍ ഉണരുന്ന നേരത്ത് ഞാനും ഉണരും. ആ നിമിഷം മുതല്‍ പകലും സന്ധ്യയും രാത്രിയും പോയതറിയാതെ അവന്റെ കാലടിയൊച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും. പിന്നെ പാതിമയക്കത്തിലേക്ക്. ഇനിയുള്ള ജീവിതകാലം മുഴുവന്‍ എന്റെ മകനെയോര്‍ത്ത് ഉരുകിയുരുകി ഞാന്‍ മരിച്ചു കൊണ്േടയിരിക്കും.''

അമ്മ സുമന്‍ സിങിന്റെ  വാക്കുകള്‍ ഇളയ സഹോദരന്‍ സുധാംശു സിങ് പറഞ്ഞു കേള്‍പ്പിക്കുമ്പോള്‍ ഹൃദയം കീറി മുറിയുന്ന വേദനയാണ് അനുഭവപ്പെട്ടതെന്നു സത്നാം സിങിന്റെ വീട്ടിലേക്കു യാത്രപോയ എട്ടംഗ സംഘത്തിന്റെ തലവന്‍ ഈസാ ബിന്‍ അബ്ദുല്‍കരീം പറയുന്നു.

ബിഹാറിലെ  ഗയ ജില്ലയിലെ  ശേര്‍ഗാട്ടി എന്ന കൊച്ചുനഗരത്തിലാണു സത്നാം സിങിന്റെ വീട്. ആ പ്രദേശത്തിന്റെ ഏതാണ്ട്  500 കി.മീ. ചുറ്റളവില്‍ വരെ അറിയപ്പെടുന്ന  ഒരു സമ്പന്ന ബ്രാഹ്മണകുടുംബത്തിലെ അംഗം.  സത്നാമിന്റെ വല്യച്ഛന്‍ ശേര്‍ഗാട്ടിയിലെ  മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. പൂര്‍ണമായും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. എങ്കിലും ശക്തമായ രാഷ്ട്രീയബന്ധമുണ്ട്. നല്ല സാമ്പത്തികശേഷിയും ജീവിതസൌകര്യങ്ങളുണ്ടായിട്ടും  സത്നാം ലളിതജീവിതം നയിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു.

പ്ളസ്ടുവിനു പഠിക്കുമ്പോള്‍ ഛത്തീസ്ഗഡിലെ സ്കൂളിലേക്ക് ട്രെയിനിലാണു യാത്ര. എ.സി. കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്തിരുന്ന സത്നാം ഒരിക്കല്‍ ലോക്കല്‍ ബോഗികളില്‍ സൂചികുത്താന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ മനുഷ്യര്‍ തിങ്ങിഞെരുങ്ങി യാത്രചെയ്യുന്നതു കണ്ടു. തിരക്കിനാല്‍ പുറത്തേക്കു തെറിച്ചുവീഴും  എന്നു തോന്നും വിധത്തില്‍ അവര്‍ വാതിലുകളില്‍ തൂങ്ങിക്കിടക്കുന്നു. അവരില്‍  ദരിദ്രരായ തൊഴിലാളികളും കര്‍ഷകരും രോഗികളും വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. അവരുടെ ദുരിതയാത്ര കണ്ടു സത്നാം ഡയറിയില്‍ ഇങ്ങനെ എഴുതി: "പാവപ്പെട്ട ജനങ്ങള്‍ ലോക്കല്‍ ബോഗികളില്‍ തിങ്ങി ഞെരുങ്ങി യാത്രചെയ്യുമ്പോള്‍ എങ്ങനെയാണ് ഒരു രാഷ്ട്രത്തിനു സൂപ്പര്‍ പവര്‍ എന്ന് അവകാശപ്പെടാനാവുക?''’

പിറ്റേന്നു മുതല്‍ അവന്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഉപേക്ഷിച്ചു. ലോക്കല്‍ ബോഗികളില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്രചെയ്തു. എന്തിന് അങ്ങനെ ചെയ്യുന്നുവെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ സത്നാമിന്റെ മറുപടി ഇതായിരുന്നു: “"പപ്പാ, ലോക്കല്‍ ബോഗികളില്‍ പാവങ്ങള്‍ എങ്ങനെ യാത്രചെയ്യുന്നുവെന്ന് അറിയാനാണ് ഈ തീരുമാനമെടുത്തത്. അവരുടെ ജീവിതം പഠിക്കാന്‍.''’

ആ യാത്ര ഒരു വഴിത്തിരിവായി. മനുഷ്യരോടു കലഹിക്കാത്ത അവന്‍ അതേച്ചൊല്ലി ദൈവത്തോടു കലഹിച്ചു: "ദൈവം സര്‍വശക്തനാണ് എങ്കില്‍ പാവങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന്? അവരുടെ വേദനകള്‍ മാറ്റാന്‍ കാരുണ്യവാനായ ദൈവത്തിനു സാധിക്കാത്തത് എന്തുകൊണ്ട്?'' ഉത്തരം കിട്ടാതെ അസ്വസ്ഥനായി. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും         കാരണംതേടി ആത്മീയവഴിയില്‍ സഞ്ചരിച്ചു. വായനയും ചിന്തയും അന്വേഷണവുമായി പുതിയൊരു പാത വെട്ടിത്തുറന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു തന്റെ സമസ്യകള്‍ക്ക് ഉത്തരം തേടി സാധാരണക്കാര്‍ക്കിടയിലും ആശ്രമങ്ങളിലും അലഞ്ഞു. പാവങ്ങളോടു സംസാരിച്ചു, ആശ്രമാധിപന്മാരുമായി സംവാദങ്ങള്‍         നടത്തി. ജാര്‍ഖണ്ഡിലെ ഋക്യപീഠത്തില്‍ ഒരു മാസക്കാലം തങ്ങി. സത്നാമിന്റെ പാവങ്ങളോടുള്ള കരുണയും സ്നേഹവും അറിവും അനുഭവിച്ചറിഞ്ഞ ആശ്രമാധിപന്‍ സച്ചിദാനന്ദ സരസ്വതികള്‍ അവന്റെ മാതാപിതാക്കളെ ആശ്രമത്തിലേക്കു ക്ഷണിച്ച് ആദരിച്ചു.

സത്നാം കൊല്‍ക്കത്തയിലെ ബേലൂര്‍മഠവും വര്‍ക്കലയിലെ നാരായണഗുരുകുലവും  സന്ദര്‍ശിച്ചിരുന്നു. നാരായണഗുരുകുലത്തില്‍ വച്ച് പഠനവും സംവാദവും നടത്തി. "യാതൊരു മാനസികപ്രശ്നവുമുണ്ടായിരുന്നില്ല, അവന്‍ നല്ല  ബുദ്ധിമാനായിരുന്നു'' വെന്ന് ഗുരു  മുനി നാരായണപ്രസാദ് സാക്ഷ്യപ്പെടുത്തുന്നു.

സത്നാം ഓരോ യാത്രയിലും കാണുന്ന കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുമായിരുന്നു. അമൃതാനന്ദമയി ആശ്രമത്തില്‍ വച്ച് അവന്റെ നിരീക്ഷണത്തില്‍ അവിടെ നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടിട്ടുണ്ടാകും. അതു ചോദ്യം ചെയ്തതായിരിക്കും മരണത്തില്‍ കലാശിച്ചതെന്ന് അദ്ദേഹം സംശയിക്കുന്നു.

അമ്മയുടെ കാരുണ്യം കൊണ്ടാണ് സത്നാംസിങിന് നാലു ദിവസം ആയുസ്സു നീട്ടിക്കിട്ടിയതെന്ന് ഹിന്ദു ഐക്യവേദിയുടെ നേതാവായ ശശികല ടീച്ചര്‍ നാടുതോറും പ്രസംഗിച്ചുനടക്കുന്നുണ്ട്. അമ്മയുടെ ആശ്രമത്തെ അപകടപ്പെടുത്താന്‍ “ബിസ്മില്ലാഹി റഹ്മാനിര്‍റഹിം’ വായില്‍ തിരുകിയ ജിഹാദികള്‍ ശ്രമിക്കുകയാണെന്നും  അവര്‍ പറയുന്നു.

'ബിസ്മില്ലാ' കേട്ടു ശീലിച്ച ഒരു അന്തരീക്ഷമം കൂടിയുണ്ട് സത്നാം സിങിന്. ജാതിമതചിന്തകള്‍ക്കതീതരായി ജീവിക്കുന്നവരാണു സത്നാമിന്റെ കുടുംബക്കാര്‍. സത്നാമിന്റെ വീടിനു പിന്നില്‍ ഒരു പഴയ മുസ്ലിം പള്ളി പൊളിഞ്ഞുകിടന്നിരുന്നു. ഒരു ആരാധനാലയം നശിച്ചു കിടക്കുന്നതു കണ്ടു വിഷമം തോന്നിയ അവന്റെ  മുത്തച്ഛന്‍ കിഷോര്‍സിങ്   ആ പള്ളി പുനര്‍നിര്‍മിച്ചു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. സത്നാമിന്റെ വീട്ടിലേക്കു യാത്രപോയ അജിതന്‍ ഓര്‍മിച്ചു.

മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു  പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന സത്നാം സിങ് എന്ന ആ മനുഷ്യസ്നേഹിയുടെ വാക്കുകളും പെരുമാറ്റവും, ഓരോ പള്ളിയും പൊളിക്കാന്‍ ആഹ്വാനം  ചെയ്യുന്നവര്‍ക്കു തിരിച്ചറിയാന്‍ സാധിച്ചില്ല.

"സാംസ്കാരികമായി ഏറെ മുന്‍പന്തിയിലെന്നു പേരുകേട്ട കേരളത്തില്‍ ആത്മീയാന്വേഷണത്തിനെത്തിയ ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെടുന്നത്  തന്റെ മനസ്സിനെ പിടിച്ചുലച്ച സംഭവമാണ്. സത്നാമിന്റെ കൊലപാതകത്തില്‍ ആശ്രമാധിപയായ അമൃതാനന്ദമയിക്കും പോലിസിനും ആശുപത്രി അധികൃതര്‍ക്കും ഉത്തരവാദിത്തമുണ്ട്.  സാമൂഹിക-ആത്മീയതലങ്ങളില്‍ ഉയര്‍ന്നു   നില്‍ക്കുന്ന ഒരു  കുടുംബപശ്ചാത്തലമാണു സത്നാമിന്റേത്. അവന്റെ വീട്ടില്‍ ചെന്നപ്പോള്‍  ബോധ്യപ്പെട്ടതാണിത്. അത്തരത്തില്‍ ഒരാളെ മതതീവ്രവാദിയാക്കാനുള്ള ശ്രമവും ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ മൌനവും പ്രതിഷേധാര്‍ഹമാണ്. അന്വേഷണം പ്രഹസനമായിരുന്നു. ഈ സാഹചര്യത്തില്‍ സത്നാമിന്റെ കുടുംബം  നടത്തുന്ന നിയമപോരാട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹം പിന്തുണ നല്‍കണം...''  യാത്രാസംഘത്തോടൊപ്പം ചെന്ന് സത്നാമിന്റെ അമ്മയെയും വീട്ടുകാരെയും ആശ്വസിപ്പിച്ച  ദയാഭായി പറയുന്നു.

തനിക്കു നേരെ കൈചൂണ്ടിയവന്‍ കൊല്ലപ്പെടണം എന്നുതന്നെ ആയിരുന്നോ വിശുദ്ധവേഷം കെട്ടിയ അമൃതാനന്ദമയിയുടെ ഉദ്ദേശ്യം? അല്ലെങ്കില്‍ അമൃതപുരിയിലെ കാവിയും വെള്ളയും ധരിച്ച കരിമ്പൂച്ചകള്‍ സത്നാമിനെ തല്ലിച്ചതയ്ക്കുമ്പോള്‍ “അരുതേ” എന്നൊരു അമൃതവാണി അശരീരിയായെങ്കിലും ഉയരുമായിരുന്നു.

സത്നാമിനെ കസ്റഡിയിലെടുത്ത് അരമണിക്കൂറിനുള്ളില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശ്രമത്തില്‍ പാഞ്ഞെത്തി അമൃതാനന്ദമയിയെ കണ്ടു. ഇരയെ തിരിഞ്ഞു നോക്കിയതേയില്ല. കേസ് അന്വേഷിച്ചത് അമ്മയുടെ ഭക്തയായ ക്രെം ബ്രാഞ്ച് ഐ.ജി.ബി. സന്ധ്യയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഏതാനും പേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി. എന്നാല്‍, സംഭവത്തില്‍  ദൃക്സാക്ഷികളായ അമൃതാനന്ദമയി ആശ്രമത്തിലെ അന്തേവാസികള്‍, അവിടെവച്ച് സത്നാമിനെ പീഡിപ്പിച്ചവര്‍ എന്നിവരെ ഒഴിവാക്കിയാണ്  കുറ്റപത്രം തയ്യാറാക്കിയത്. അക്രമം നടന്ന ശേഷം സത്നാമിനെ പിടികൂടിയ പോലിസ് അടുത്തുള്ള താലൂക്ക് ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നു.  പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ സത്നാമിന് തലയ്ക്ക് അടിയേറ്റിട്ടുണ്ടന്നും ഗുരുതരമായ ഇന്റേണല്‍ ഇന്‍ജുറിയുണ്െടന്നും ചികില്‍സ ലഭ്യമാക്കണമെന്നും പറഞ്ഞു ജില്ലാ ആശുപത്രിയിലേക്ക്  റഫര്‍ ചെയ്തു. പക്ഷേ, പോലിസ് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയില്ല. സഹോദരന്‍ ബിമല്‍ കിഷോര്‍ വന്നുപറഞ്ഞിട്ടും ജാമ്യം നിഷേധിക്കുകയും ചികില്‍സയ്ക്കു കൊണ്ടുപോവാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്ന് ഈസാ ബിന്‍ അബ്ദുല്‍ കരീം പറയുന്നു.


സത്നാമിന്റെ വധത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് അച്ഛന്‍ ഹരീന്ദര്‍ സിങും സഹോദരന്‍ കരണ്‍ദീപ് സിങും ബന്ധുക്കളും കേരളത്തില്‍ എത്തിയത്. അവര്‍ എം.എല്‍.എ. അഡ്വ. വി.എസ്. സുനില്‍കുമാറിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും കണ്ടു. ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതു കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്നാം സിങ്-നാരായണന്‍കുട്ടി ഡിഫന്‍സ് കമ്മിറ്റിയാണ്.

"എനിക്കെന്റെ അഞ്ചു മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ അവനായിരുന്നു. നിങ്ങള്‍ ചോദിക്കും, എല്ലാ മക്കളെയും ഒരു പോലെയല്ലേ കാണേണ്ടതെന്ന്. എന്റെ ഈ മകന്‍ ഇരിക്കെ തന്നെ ഞാന്‍ പറയും, എനിക്കേറ്റവും പ്രിയപ്പെട്ട മകന്‍ അവനായിരുന്നുവെന്ന്.'' 

കൊടുങ്ങല്ലൂരെത്തിയ സത്നാം സിങിന്റെ അച്ഛന്‍ ഹരീന്ദര്‍ സിങ്, ഡിഫന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ വി.കെ. വിജയന്‍ മാഷിന്റെ വീട്ടിലിരുന്നു സംസാരിക്കുകയായിരുന്നു. മകനെക്കുറിച്ചു പറയുമ്പോള്‍ ആ പിതാവ് അഭിമാനിക്കുകയും കണ്ഠമിടറുകയും ചെയ്യുന്നു. 

അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് ആക്രമിക്കപ്പെടുകയും പിന്നീടു കൊല്ലപ്പെടുകയും ചെയ്ത ഒരു യുവാവിന്റെ വിധിയില്‍ അതിനു കാരണക്കാരായവര്‍ക്കോ കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനോ തെല്ലും പശ്ചാത്താപമുണ്ടായിരുന്നില്ല.  ഈ സാഹചര്യത്തിലാണു സംഭവത്തില്‍ കേരളജനതയ്ക്കു വേണ്ടി മാപ്പുപറയുക എന്ന ദൌത്യവുമായി  സത്നാമിന്റെ വീട്ടിലേക്കു പോകാന്‍ ഡിഫന്‍സ് കമ്മിറ്റി തീരുമാനിക്കുന്നത്. എന്‍.ബി. അജിതന്‍, ഈസാ ബിന്‍ അബ്ദുല്‍കരീം, അഡ്വ. അബ്ദുല്‍ഖാദര്‍, എന്‍.ഡി. വേണു, മോഹനന്‍, റിയാസ് മതിലകം, സക്കീര്‍ കാതിയാളം, സജീദ് കൊല്ലം എന്നിവരാണു യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ സാമൂഹികപ്രവര്‍ത്തകയും മലയാളിയുമായ  ദയാഭായ് വിഷയത്തിന്റെ പ്രാധാന്യം അറിഞ്ഞു യാത്രയില്‍ ചേര്‍ന്നിരുന്നു.      
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"