2012, ജൂലൈ 26, വ്യാഴാഴ്‌ച

നല്ലതു തിന്നാന്‍ കരുതലാണാവശ്യം




തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന്‌ ഷവര്‍മ കഴിച്ച്‌ സച്ചിന്‍ മാത്യു എന്ന യുവാവ്‌ മരണപ്പെട്ടതോടെ ആരംഭിച്ച കോലാഹലങ്ങള്‍ക്ക്‌ താല്‍ക്കാലിക ശമനം വന്നു തുടങ്ങിയിരിക്കുന്നു. എല്ലാ കാര്യത്തിലും നമ്മള്‍ മലയാളി സമൂഹം കാണിക്കുന്ന ഔത്സുക്യം മാത്രമേ ഇക്കാര്യത്തിലും ഉണ്ടായിട്ടുള്ളു. എപ്പോഴും സംഭവാനന്തര പ്രതികരണവും നടപടികളും എന്നതാണ്‌ കേരളത്തിന്റെ പൊതുരീതി. ദുരന്തങ്ങള്‍ക്ക്‌ ശേഷമുള്ള മാനേജ്‌മെന്റിനുവേണ്ടി നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊരംശം നേരത്തേ നടത്തിയിരുന്നെങ്കില്‍ പാഴ്‌ചെലവ്‌ മാത്രമല്ല അത്യാഹിതങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. 


കേരളത്തില്‍ ഹോട്ടല്‍ വ്യവസായരംഗം പലതരം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ കൂനിന്‍മേല്‍കുരുവായി ഭക്ഷ്യ വിഷബാധ പ്രചാരണം കൂടി രംഗംകൊഴുപ്പിച്ചത്‌. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വമ്പിച്ച വില വര്‍ധനയും വൈദ്യുതി താരിഫും തൊഴിലാളി ക്ഷാമവും വേതന വര്‍ദ്ധനവുമെല്ലാം ചേര്‍ന്ന്‌ ഒരുതരം വീര്‍പ്പുമുട്ടലിലാണ്‌ പൊതുവെ ഇടത്തരം ഹോട്ടലുടമകള്‍ എന്ന വസ്‌തുത നിരാകരിച്ചുകൂടാ. പൊതുവെ നഷ്‌ടക്കച്ചവടമാണ്‌ ചിലര്‍ക്കെങ്കിലും ഹോട്ടല്‍ വ്യവസായമിന്ന്‌. എന്നാല്‍ ഇതെല്ലാം വൃത്തിഹീന പരിസരം നിലനിര്‍ത്തുന്നതിനും പഴകിയതും മായവും വിഷാംശങ്ങളും കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ തീന്‍മേശയിലേക്ക്‌ എത്തിക്കുന്നതിനുള്ള ലൈസന്‍സായി കണ്ടുകൂടാ.


ഷവര്‍മ സംഭവാനന്തരം വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭങ്ങളില്‍ വ്യാപകമായ റെയ്‌ഡിന്‌ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥരും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും രംഗത്ത്‌ വരികയുണ്ടായി. ഇതിലൂടെ നിരവധി സ്‌ഥാപനങ്ങള്‍ താത്‌ക്കാലികമായി അടച്ചുപൂട്ടി. പലര്‍ക്കും നേരിട്ട്‌ നോട്ടീസ്‌ നല്‍കുകയും ചെയ്‌തു. മാറി വരുന്ന ഭക്ഷ്യ സംസ്‌ക്കാരത്തിനനുസരിച്ച്‌ പുതിയ പുതിയ വിഭവങ്ങള്‍ വിപണിയില്‍ മല്‍സര സ്വഭാവത്തില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഹോട്ടലുകളും ബേക്കറികളുമെല്ലാം.


രുചി ഭേദത്തിന്‌ ഹോട്ടലുകളില്‍ ചെന്ന്‌ ഭക്ഷണം കഴിക്കുന്നശീലം മലയാളികള്‍ക്കിടയില്‍ ഏറെ വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടക്കാലത്തായി വ്യാപകമായി പ്രചാരം ലഭിച്ച ഫാസ്‌റ്റ് ഫുഡിലേക്ക്‌ പുതിയ തലമുറ വല്ലാതെ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പോഴാണ്‌ ഷവര്‍മ വില്ലനായത്‌. അതോടെ ഇനിയൊരിടത്തും ഷവര്‍മ വേണ്ടന്നു തീരുമാനിക്കുകയും ചെയ്‌തു. എലിയെ പേടിച്ച്‌ ഇല്ലം തന്നെ അപ്പാടെ ചുട്ടുകളയുകയാണ്‌ എളുപ്പമെന്ന്‌ തീരുമാനം വരുകയും ചെയ്‌തു. എന്നാല്‍ ഒരു കടയില്‍നിന്ന്‌ ഷവര്‍മ കഴിച്ചുണ്ടായ വിഷബാധയ്‌ക്ക് കാരണമായ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക്‌ കടന്ന്‌ചെല്ലുന്നതിന്‌ പകരം എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയെന്ന നമ്മുടെ ശീലം ആവര്‍ത്തിക്കുകയും ചെയ്‌തു.


വിപണിയില്‍ ലഭിക്കുന്ന ഒന്നും വിശ്വസിച്ച്‌ ഭക്ഷിക്കാന്‍ കഴിയാത്ത അവസ്‌ഥയാണിപ്പോള്‍. എന്ത്‌ കഴിക്കും, എന്തു കുടിക്കും എന്നൊക്കെയാണ്‌ ഓരോരുത്തരും ചോദിച്ചുകൊണ്ടിരിക്കുന്നത്‌. അത്ര ഭയമേറുന്ന വാര്‍ത്തകളാണ്‌ വായിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം.


സപ്ലൈകോയുടെ ഭക്ഷണ സാധനങ്ങളിലും വിഷാംശങ്ങള്‍ കണ്ടെത്തിയെന്ന്‌ വാര്‍ത്തകള്‍ വരുന്നു. സര്‍ക്കാര്‍ നിയന്ത്രിത സ്‌ഥാപനങ്ങളുടെ സ്‌ഥിതിയാണിത്‌. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഉച്ചക്കഞ്ഞിയില്‍ ചത്ത എലിമാത്രമല്ല, ജീവനുള്ള എലിക്കുഞ്ഞുങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു. പഴവും മാംസവും പച്ചക്കറിയും പാലും മുട്ടയും മത്സ്യവുമെല്ലാം ആശങ്കയോടെയും സംശയത്തോടെയുമാണ്‌ ഓരോരുത്തരും വാങ്ങി ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. 


ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയ്‌ക്ക് എത്തിയാല്‍ കിട്ടുന്ന മരുന്ന്‌ പോലും വിഷാംശങ്ങള്‍ നിറഞ്ഞതാണ്‌. മായംചേര്‍ക്കലും കൃത്രിമം തടയാനും ആരോഗ്യത്തിന്‌ ഹാനികരമായ ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കാതിരിക്കാനും മതിയായ നിയമം തന്നെ നാട്ടിലുണ്ട്‌. എന്നാല്‍ നിയമങ്ങളുടെ അപര്യാപ്‌തതയല്ല. നടപ്പാക്കുന്നതിലെ ഇഛാശക്‌തിയുടെ കുറവും അഴിമതിയുടെ പിടിമുറുക്കവുമാണ്‌ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ക്ക്‌ കാരണം. 


വലിയ അധികാരങ്ങളുണ്ട്‌ ആരോഗ്യ സംരക്ഷണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌. ഭക്ഷ്യസുരക്ഷാനിയമം വന്നതോടെ കുറേക്കുടി അധികാരങ്ങള്‍ സര്‍ക്കാറിനുണ്ട്‌. ഈ അധികാരങ്ങളെല്ലാം കൈയിലുണ്ടെങ്കിലും പ്രയോഗിക്കുന്നിടത്ത്‌ വരുന്ന വിവേചനമാണ്‌ പ്രധാന പ്രശ്‌നം.


തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തിയതിന്‌ ശേഷമേ ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിപണന സ്‌ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാറുണ്ടായിരുന്നുള്ളൂ. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ രൂപീകരിക്കപ്പെട്ട കമ്മീഷണററ്റിലേക്ക്‌ അധികാരങ്ങള്‍ മാറി. ഇതോടെ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ അധികാരങ്ങളിലേക്ക്‌ സ്വാഭാവികമായും കാര്യങ്ങളുടെ നിയന്ത്രണം വരണം. 2011 ല്‍ നിയമം വന്ന്‌ ഒരു വര്‍ഷം പിന്നിടുമ്പോളും ധാരാളം അവ്യക്‌തത ഇക്കാര്യങ്ങളില്‍ നിലനില്‍ക്കുകയാണ്‌. നിയമത്തിന്റെ പ്രയോഗത്തിനിടയിലെ അധികാരത്തര്‍ക്കങ്ങള്‍ നിയമലംഘകര്‍ക്ക്‌ പഴുതുകള്‍ സൃഷ്‌ടിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.


ഭക്ഷ്യസുരക്ഷാ നിയമത്തില്‍ എല്ലാ കാര്യങ്ങളിലും കൃത്യതയും വ്യക്‌തതയും ഉണ്ടെങ്കിലും പ്രായോഗിക പ്രയാസങ്ങളില്‍ ഉടക്കിനില്‍ക്കുകയാണ്‌ കാര്യങ്ങള്‍. ചെറുകിട സ്‌ഥാപനങ്ങള്‍ക്കും പഞ്ചനക്ഷത്ര സ്‌ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്‌ നിയമമെങ്കിലും വന്‍കിട ഹോട്ടലുകള്‍ റെയ്‌ഡ് ചെയ്‌താല്‍ മണിക്കൂറുകള്‍ക്കകം ഉദ്യോഗസ്‌ഥര്‍ക്ക്‌ ശിക്ഷാനടപടി നേരിടേണ്ടിവരികയാണ്‌. ഭരണ രംഗങ്ങളില്‍ഉള്ള സ്വാധീനത്തിലൂടെ വന്‍സ്രാവുകള്‍ എല്ലാ മേഖലകളിലും പരുക്കില്ലാതെ രക്ഷപ്പെടും.


വൃത്തിയും ശുചിത്വവും നന്നായി വേണ്ടതാണ്‌ അടുക്കളകള്‍ക്ക്‌ . ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ്‌ , ഭക്ഷ്യവസ്‌തുകളുടെ ഗുണമേന്മ തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധനയ്‌ക്ക് വിധേയമാവേണ്ടതുണ്ട്‌. പാചകത്തിന്‌ എത്തുന്ന വെള്ളവും പ്രധാനമാണ്‌. ഇതെല്ലാം ഉറപ്പുവരുത്തിയാവണം നമ്മുടെ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്‌ തീര്‍പ്പുനല്‍കാന്‍ യഥാര്‍ത്ഥത്തില്‍ മതിയായ ജീവനക്കാരോ സംവിധാനമോ ഇപ്പോഴും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.


ആരോഗ്യ ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണം ആഭ്യന്തരവകുപ്പുകളുടെ സംയോജനം കൂടി സാധ്യമാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്‌. വര്‍ഷാവര്‍ഷം പൂര്‍ണ പരിശോധന നടത്തി ഫിറ്റ്‌നസ്‌ നല്‍കണമെങ്കില്‍ ഈ സംയോജന സാധ്യമാവണം. മാധ്യമങ്ങള്‍ ബഹളംകൂട്ടുമ്പോള്‍ റെയ്‌ഡ് നടത്തി അവസാനിപ്പിക്കേണ്ട ഒന്നല്ല ഭക്ഷ്യസുരക്ഷ സംവിധാനം. നൂറില്‍ താഴെ ഉദ്യോഗസ്‌ഥര്‍ മാത്രമുള്ള ഒരു സംവിധാനമാണ്‌ ഇപ്പോള്‍ ആ മേഖലയില്‍ നിലനില്‍ക്കുന്നത്‌. നമ്മുടെ സംസ്‌ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ വലിയൊരു പങ്ക്‌ നേടിത്തരുന്നതില്‍ ഹോട്ടല്‍ വ്യവസായ മേഖലയ്‌ക്ക് നിര്‍ണായക സ്വാധീനമുണ്ട്‌. അതിനെ തകര്‍ക്കുന്നതാവരുത്‌ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടല്‍. ഒരു ഹോട്ടലില്‍നിന്ന്‌ കഴിച്ച ഭക്ഷണത്തിലൂടെ വിഷബാധയേറ്റാല്‍ ആ ഹോട്ടല്‍ എറിഞ്ഞുടച്ച്‌ നമ്മുടെ പ്രതിഷേധം തീര്‍ക്കാം. 


എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട അധികാരകേന്ദ്രങ്ങളെ നാം വെറുതെ വിടുകയും ചെയ്യും. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്നവരാണ്‌ വലിയ കുറ്റവാളികള്‍. ശ്വാസംമുട്ടിക്കുന്ന നിയമങ്ങളല്ല പലരംഗത്തും നിലവിലുള്ളത്‌. എന്നാല്‍ നിയമം നടപ്പാക്കേണ്ടവരും പാലിക്കേണ്ടവരും അതിന്‌ തയാറാവുന്നില്ല. പഴുതുകള്‍ക്ക്‌ വഴിയൊരുക്കുന്നത്‌ മുലമാണ്‌ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്‌. തലതിരിഞ്ഞ നിലപാടുകളിലൂടെ പൊതുവെ ഭരണാധികാരികള്‍ കറവപ്പശുവിനെ കൊല്ലുന്ന ശീലമാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. 


സര്‍ക്കാരിന്റെ ഹോട്ടല്‍വേട്ടയില്‍ പ്രതിഷേധിച്ച്‌ ഒരു ദിനം ഹോട്ടലുകാരും അവരുടെ സംഘടിത ശക്‌തികാട്ടി കേരളത്തെ പട്ടിണിക്കിട്ടു. സംഘടിത ശക്‌തിയിലൂടെ കാണിക്കുന്ന പ്രതിഷേധം ജനങ്ങള്‍ക്കു മോശം ഭക്ഷണം നല്‍കാനുള്ള അവകാശത്തിന്‌ വേണ്ടിയാകരുത്‌. അങ്ങനെ ആവില്ലെന്ന്‌ വിശ്വസിക്കുകയും ചെയ്യാം. അതേസമയം ഗുണമേന്മ ഉറപ്പുവരുത്തി ഭക്ഷണം നല്‍കുമ്പോള്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ ഉന്നയിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനുവേണ്ടിയാവണം. 


അടുക്കളകളും പരിസരവും പരിശോധിക്കാതെ ഓഫീസുകളില്‍ ഉറക്കംതൂങ്ങിയിരുന്ന്‌ ഉദ്യോഗസ്‌ഥര്‍ ഒപ്പിട്ടു നല്‍കുന്ന ഉറപ്പിനെ, അംഗീകാരമാക്കി പ്രദര്‍ശിപ്പിക്കുന്നതിലൂടെ എല്ലാം ശരിയായി എന്ന ഹോട്ടല്‍ കച്ചവടക്കരുടെ സംഘടന തീര്‍പ്പാക്കരുത്‌. മിതമായനിരക്കിലും ഗുണനിലവാരത്തിലും ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിന്റേത്‌ തന്നെയാണ്‌. കുത്തഴിഞ്ഞ ഒരു ഭരണ നിര്‍വഹണ സംവിധാനത്തില്‍നിന്ന്‌ അതൊക്കെ പ്രതീക്ഷിക്കുന്ന ജനങ്ങളാണു യഥാര്‍ഥത്തില്‍ വിഡ്‌ഢികള്‍.

2012, ജൂലൈ 24, ചൊവ്വാഴ്ച

പറുദീസയുടെ അനന്തരാവകാശികള്‍


മനുഷ്യജീവിതം ആരംഭിച്ചതു സ്വര്‍ഗത്തിലാണ്. അക്കഥ ഹ്രസ്വമായി ഖുര്‍ആന്‍ നമുക്കു പറഞ്ഞുതരുന്നുണ്ട്: "ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്നു സുഭിക്ഷമായി ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍, ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അതിക്രമകാരികളായിത്തീരും' എന്നു നാം ആജ്ഞാപിച്ചു'' (വി.ഖു: 2:35).
ആദമിനും ഇണയ്ക്കും സ്വര്‍ഗത്തില്‍ വിശക്കാതെയും നഗ്നരാവാതെയും ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം എന്ന് (20:118-119) ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. എല്ലാ സുഖങ്ങളുടെയും സങ്കേതം എന്നാണ് പറുദീസ കൊണ്ടര്‍ഥമാക്കുന്നത്. അറബിഭാഷയില്‍ ഇതിനു ഫിര്‍ദൌസ് എന്നു ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ധാരാളം തോട്ടങ്ങളും പൂത്തടങ്ങളും ചെടികളും മറ്റുമുള്ള ഒരു പ്രവിശാല സ്ഥലം. അവര്‍ക്കു വാസസ്ഥലമായി ഫിര്‍ദൌസിലെ ഉദ്യാനങ്ങള്‍ ഉണ്ടായിരിക്കും (18:107). ലോകത്തിലെ പല ഭാഷകളിലും സമാനമായ പദമാണ് ഇതിനുപയോഗിക്കുന്നത്. പ്രവിശാലവും സുരക്ഷിതവും മനോമോഹനവും ശാന്തവുമായ ഒരഭയസങ്കേതത്തെ സൂചിപ്പിക്കാനാണ് എല്ലാ ഭാഷകളിലും ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. പറുദീസയെ ഒറ്റവാക്യത്തില്‍ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവിടെ മനുഷ്യമനസ്സുകള്‍ ആശിക്കുന്നതും ആവശ്യപ്പെടുന്നതുമെല്ലാം ഉണ്ടായിരിക്കും എന്നാണ് (41:31).
നന്മ, സന്തോഷം, സംതൃപ്തി, ശാന്തി തുടങ്ങിയവയാണ് എല്ലാ കാര്യങ്ങളിലും മനുഷ്യമനസ്സ് ആശിക്കുന്നത്. അനുഭൂതി പൂരകമായി അതവന് അനുഭവിക്കാനാവും. നഷ്ടം, ദുഃഖം, ക്ളേശം, ഭാരം, വേദന തുടങ്ങിയവ മനുഷ്യന് അനുഭവിക്കാന്‍ പ്രയാസമായതും മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തുന്നതുമാണ്. ജീവിതത്തിന്റെ പ്രാരംഭത്തില്‍ മനുഷ്യരുടെ ആദിമാതാപിതാക്കള്‍ക്കു സംതൃപ്തിയും ശാന്തിയും വിളയാടുന്ന സ്വര്‍ഗമാണ് അല്ലാഹു വാസസ്ഥലമായി നല്‍കിയത്. ആ സ്വര്‍ഗം ഭൂമിയില്‍ തന്നെയാണോ? അതോ, പരലോകത്തെ സ്വര്‍ഗമാണോ എന്നൊക്കെ പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്യുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ (സ)യുടെ ആകാശാരോഹണത്തിന്റെ നാളില്‍ ഭൌതികപ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തെ ഇലന്തമരത്തിനടുത്ത് (സിദ്റത്തുല്‍ മുന്‍തഹ) വച്ച് ജിബ്രീല്‍ മാലാഖയെ ദര്‍ശിച്ച കാര്യം പരാമര്‍ശിക്കുന്നതിനിടയില്‍ അതിനടുത്താണ് താമസിക്കാനുള്ള സ്വര്‍ഗം (53:15)  എന്ന് അല്ലാഹു പറയുന്നുണ്ട്. ആ സ്വര്‍ഗത്തില്‍ത്തന്നെയാണ് ആദമും ഹവ്വയും പാര്‍ത്തതെന്നാണ് ഭൂരിപക്ഷാഭിപ്രായം. 
മനുഷ്യസൃഷ്ടിപ്പിനു മുമ്പുതന്നെ ഭൂമിയില്‍ ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നുവെന്നാണ് അല്ലാഹു മലക്കുകളോടു പറഞ്ഞത് (2.30). പിന്നെയെങ്ങനെ ആദമിനെയും ഇണയെയും സ്വര്‍ഗത്തില്‍ വസിപ്പിച്ചു എന്ന ഒരു സംശയം സ്വാഭാവികമാണ്. ആദമിന്റെ സൃഷ്ടിപ്പിനു ശേഷം അല്ലാഹു ആദമിനു നല്‍കിയ, മലക്കുകള്‍ക്കു പോലും നല്‍കാത്ത പ്രത്യേക കഴിവുകള്‍ മലക്കുകളുടെ മുമ്പില്‍ പ്രകടിപ്പിച്ച് ആദമിന്റെ ഔന്നത്യം ബോധ്യമാകാന്‍ അവസരം നല്‍കുകയുണ്ടായി. അതോടൊപ്പം  അല്ലാഹു ആദരിച്ച മനുഷ്യസൃഷ്ടിക്ക് പ്രണാമം അര്‍പ്പിക്കാന്‍ (അത് ആരാധനയുടേതായിരുന്നില്ല; ബഹുമാനാദരവുകളുടേതുമാത്രം) മാലാഖമാരോടു കല്‍പ്പിക്കുകയും ചെയ്തു. ഇബ്ലീസൊഴികെ എല്ലാവരും ആ കല്‍പ്പന അനുസരിച്ചു. ഇബ്ലീസ് അഹങ്കാരത്തോടെ വിട്ടുനിന്നതിനാല്‍ അല്ലാഹു അവനെ ശപിക്കുകയും മനുഷ്യവര്‍ഗത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
മനസ്സിന്റെ പ്രകൃതത്തിലെ ദൌര്‍ബല്യവും അതിനു വഴിപ്പെട്ടാലുണ്ടാവുന്ന കഷ്ടനഷ്ടങ്ങളും ദുഃഖവും മനുഷ്യര്‍ക്ക് അനുഭവത്തിലൂടെ പഠിക്കാന്‍ അവസരം നല്‍കണമെന്ന ദൈവേച്ഛയാണു ജീവിതാരംഭത്തില്‍ ആദമിനെയും ഇണയെയും സര്‍വസുഖങ്ങളുടെയും സങ്കേതമായ സ്വര്‍ഗത്തില്‍ പാര്‍പ്പിക്കാന്‍ ദൈവിക തീര്‍പ്പുണ്ടാക്കിയത്. അവിടെ എവിടെയും യഥേഷ്ടം സഞ്ചരിക്കാനും ഭക്ഷിക്കാനും അവര്‍ക്ക് അനുവാദം നല്‍കിയ അല്ലാഹു ഒരു കാര്യം മാത്രം അരുതെന്ന് അവരോടു കല്‍പ്പിച്ചു. അപ്പോള്‍ മനുഷ്യന്റെ ബദ്ധശത്രുവായ ഇബ്ലീസ് ഉത്തമഗുണകാംക്ഷിയെപ്പോലെ സ്വര്‍ഗീയജീവിതത്തിലെ നിത്യതയ്ക്ക് 'വിലക്കപ്പെട്ട കനി' തിന്നാന്‍ പ്രേരിപ്പിച്ചു. അല്‍പ്പനേരം അവരിരുവരും അല്ലാഹുവിന്റെ കല്‍പ്പന മറന്നു ചെകുത്താന്റെ പ്രേരണയ്ക്കു വശംവദരായി, ആ കനി ഭക്ഷിച്ചു. ചെയ്ത തെറ്റു ബോധ്യമായ ആദം ദുഃഖിച്ചു. അല്ലാഹു പാപമോചനത്തിനായുള്ള വാക്യങ്ങള്‍ ആദമിനെ പഠിപ്പിച്ചു. അതനുസരിച്ചു പശ്ചാത്തപിച്ച ആദമിന് അല്ലാഹു മാപ്പു നല്‍കി. അല്ലാഹു നിശ്ചയിച്ചപോലെ ആ പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ ആദമിന്റെയും ഇണയുടെയും സ്വര്‍ഗീയജീവിതം അവസാനിപ്പിച്ചു. അവരെ ഭൂമിയിലേക്കു പോയ്ക്കൊള്ളാന്‍ കല്‍പ്പിച്ചു. ഇബ്ലീസില്‍നിന്നകന്ന്, അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഭൂമിയില്‍ ജീവിച്ചാല്‍ നഷ്ടപ്പെട്ടുപോയ സ്വര്‍ഗത്തില്‍ത്തന്നെ തിരിച്ചെത്താമെന്നും അവരെ അറിയിച്ചു. 
നേരത്തേ ആദം സ്വന്തം ഔന്നത്യം തിരിച്ചറിയാന്‍ കഴിയും വിധം മലക്കുകളോടു വിജ്ഞാനം പ്രകടിപ്പിച്ച് അവരുടെ അനുഭാവം പിടിച്ചുപറ്റിയ രംഗം ഒരു വശത്ത്. സുഖസുഷുപ്തിയില്‍ വിജ്ഞാനത്തിന്റെ ഔന്നത്യവും ദൈവികനിര്‍ദേശത്തിന്റെ പ്രാധാന്യവും വിസ്മരിച്ച് ചെകുത്താന്റെ ദുര്‍മന്ത്രത്തിനു മുന്നില്‍ തോറ്റുപോയ ആദം മറ്റൊരു വശത്ത്. ഭൂമിയിലെ മനുഷ്യന്റെ നിത്യജീവിതത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന ഈ രണ്ടു രംഗങ്ങളുടെയും പ്രഥമസംഘാടനം ആദിമനുഷ്യരില്‍ സംവിധാനിച്ച് മനുഷ്യവര്‍ഗത്തെയാകെ മാര്‍ഗദര്‍ശനം ചെയ്യുകയാണ് അല്ലാഹു.
അല്ലാഹു പറഞ്ഞുതരുന്ന ഈ വിവരങ്ങളില്‍ സംശയലേശമെന്യേ വിശ്വസിക്കുന്നവര്‍ സത്യവിശ്വാസികളാണ്. അവരുടെ മഹത്തായ സ്വഭാവസവിശേഷതകളെക്കുറിച്ച് ഖുര്‍ആനിലുടനീളം പരാമര്‍ശങ്ങളുണ്ട്. ''സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ പ്രാര്‍ഥനകളില്‍ വിനയാന്വിതരായിരിക്കും. വ്യഥകളില്‍നിന്നു വിട്ടുനില്‍ക്കും. സകാത്ത് നിര്‍വഹിക്കും. ചാരിത്യ്രം സൂക്ഷിക്കുന്നവരായിരിക്കും. സ്വന്തം ഭാര്യമാരെയും അടിമസ്ത്രീകളെയും അല്ലാത്തവരെ ആശിക്കാതെ, അതിരുവിടാത്തവരും അന്യസ്ത്രീകളെ സമീപിക്കാതെ സൂക്ഷിക്കുന്നതിനാല്‍ ആക്ഷേപിക്കപ്പെടാത്തവരുമായിരിക്കും. അമാനത്തുകളും കരാറുകളും പാലിക്കുന്നവരും നമസ്കാരത്തില്‍ നിഷ്ഠപുലര്‍ത്തുന്നവരുമായിരിക്കും. അവരാണ് ഉന്നതമായ പറുദീസയുടെ അനന്തരാവകാശികള്‍. അതിലെ നിത്യനിവാസികള്‍'' (23:111).
മറ്റൊരിടത്ത് ഖുര്‍ആന്‍ അവരെ വിശേഷിപ്പിക്കുന്നത് കരുണാമയന്റെ ദാസന്മാര്‍ എന്നാണ്. ഭൂമിയിലൂടെ വിനീതരായി നടക്കുന്നവര്‍. തങ്ങളെ നേരിടാന്‍ വരുന്ന അവിവേകികളോടു നല്ല വാക്കു പറയുന്നവര്‍. അവരുടെ രാവുകള്‍ സ്വന്തം രക്ഷിതാവിനു മുമ്പില്‍ പ്രാര്‍ഥനയോടെ നിന്നും പ്രണയിച്ചും കഴിച്ചുകൂട്ടുന്നവര്‍. ''നരകശിക്ഷയില്‍നിന്നു തിരിച്ചുവിടേണമേ നാഥാ, ആ ശിക്ഷ കഠോരമാണ്,  നരകം വളരെ ദുഷിച്ച താവളവും നശിച്ച പാര്‍പ്പിടവുമാണ്'' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍. ധനം ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ പിശുക്കുകാണിക്കുകയോ  ചെയ്യില്ല. രണ്ടിനിമിടയിലുള്ള മിതവ്യയം പാലിക്കുന്നവര്‍. അല്ലാഹുവിനു പുറമെ പരദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു ആദരിച്ച ഒരാളെയും അന്യായമായി വധിക്കാത്തവരുമായിരിക്കും. അവര്‍ വ്യഭിചാരത്തിലേര്‍പ്പെടുകയില്ല. കള്ളസാക്ഷ്യം നില്‍ക്കുകയില്ല. അനാവശ്യങ്ങള്‍ക്കരികിലൂടെ പോകേണ്ടിവന്നാല്‍ മാന്യമായി അവര്‍ കടന്നുപോകും. രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അന്ധരും ബധിരവുമായി അവര്‍ അതിനെതിരേ ചാടിവീഴുകയില്ല. നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ, ഞങ്ങളെ നീ ഭക്തന്മാരുടെ നേതാക്കളാക്കേണമേ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണവര്‍. അഭിവാദനങ്ങളും ആശംസകളുമായി സ്വീകരിക്കപ്പെടുന്ന പറുദീസയിലെ മണിമേടകളാണ് അവര്‍ക്കായി അല്ലാഹു തയ്യാറാക്കിവച്ചിട്ടുള്ളത് (25:6375). 
അനേകം വേറെ ഗുണങ്ങളും പറുദീസയുടെ അനന്തരാവകാശികളുടേതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ ചിന്തകളും ശ്രദ്ധയും പ്രാര്‍ഥനയും ലക്ഷ്യവും സ്വര്‍ഗത്തിലേക്കു മാത്രം തിരിയുമ്പോള്‍ അവനു സത്യവിശ്വാസവീഥിയില്‍ ഉറച്ചുനില്‍ക്കാനും ആ മാര്‍ഗത്തില്‍ ഇവിടത്തെ ജീവന്‍ വെടിയാനും വരെ അതു കരുത്തേകും. ചരിത്രം നല്‍കുന്ന പാഠമതാണ്. ഉഹ്ദ് രണാങ്കണം, രണ്ടാം പാദത്തില്‍ മുസ്ലിം പടയ്ക്ക് തിരിച്ചടിയേറ്റപ്പോള്‍ അവര്‍ പിന്തിരിഞ്ഞോടി പ്രവാചകനും ചില സഹാബികളും ഒറ്റപ്പെട്ടു. ശത്രുക്കള്‍ അവരുടെ നേരെ പാഞ്ഞുവന്നു. 
ഇതു ദൂരെനിന്നു കണ്ട അനസ് ബിന്‍ നള്ര്‍ പ്രവാചകനെ സംരക്ഷിക്കാനായി രണാങ്കണത്തിലേക്കു പായുമ്പോള്‍ പിന്തിരിഞ്ഞു പോകുന്ന സഅ്ദിനെ കണ്ടു. അന്നേരം അനസ് പറഞ്ഞു: ''എങ്ങോട്ടാണ് സഅദേ, താങ്കള്‍ പോകുന്നത്? അല്ലാഹുവാണെ ഉഹ്ദിന്റെ താഴ്വരയില്‍നിന്ന് സ്വര്‍ഗത്തിന്റെ മണം എന്റെ നാസാരന്ധ്രങ്ങളില്‍ അടിച്ചുകയറുന്നു.'' എഴുപതില്‍ പരം വെട്ടുകളേറ്റാണ് അദ്ദേഹം ശഹീദായത്. തിന്നാന്‍ എടുത്ത കാരക്ക തിന്നു തീരുന്ന സമയം കൂടി കാത്തുനില്‍ക്കാന്‍ മെനക്കെടാതെ യുദ്ധഭൂമിയിലേക്ക് പാഞ്ഞുപോയി ശഹീദായ മറ്റൊരു സഹാബിയും സ്വര്‍ഗത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരിക്കല്‍ യുദ്ധത്തിനുപോവുന്ന കാര്യത്തില്‍ ഒരു പിതാവും മകനും തര്‍ക്കത്തിലായി. നറുക്കിടാന്‍ പ്രവാചകന്‍ പറഞ്ഞു. മകനു ചെറുപ്പമല്ലേ, അവസരം ഇനിയും കിട്ടുമല്ലോ. അപ്പോഴത്തേത് പിതാവിന് കൊടുക്കാന്‍. ''ഇതു സ്വര്‍ഗത്തിന്റെ കാര്യമാണ്. പിതാവേ, മറ്റെന്തെങ്കിലുമായിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നു.'' അതു പറഞ്ഞ് യുദ്ധത്തിനു പോയ യുവാവായ മകന്‍ ശഹീദായി. പറുദീസയുടെ അനന്തരാവകാശികളെക്കുറിച്ചുള്ള അത്തരം അനേകം യഥാര്‍ഥ ജീവിതകഥകള്‍ ചരിത്രം നമുക്ക് ഓതിത്തരുന്നുണ്ട്. ഗുണപാഠത്തിനും വീണ്ടുവിചാരത്തിനുമായി. ഗൌനിക്കാന്‍ നാം തയ്യാറുണ്ടോ  എന്നതാണു പ്രധാന ചോദ്യം.

2012, ജൂലൈ 18, ബുധനാഴ്‌ച

എനിക്ക് ആരായിരുന്നു എസ്. മമ്മൂട്ടി?









1989 അവസാനം അല്ലെങ്കില്‍ 1990 ആദ്യം എസ്.എമ്മിനെ കണ്ടത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. ചെറിയൊരു തൂവാല തലയില്‍, അരക്കൈയന്‍ ഷര്‍ട്ടും തുണിയും, ഹൃദയത്തെ തൊട്ടുനില്‍ക്കുന്ന ഒരു മന്ദസ്മിതവും. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അരങ്ങുതകര്‍ത്താടുന്ന കാലം. ബാബരിമസ്ജിദ് വിഷയം കത്തിനില്‍ക്കുന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ ഇന്ത്യയിലുടനീളം അസംഖ്യം വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നു. കേരള മുസ്ലിംകളെ ബാബരിമസ്ജിദ് സംബന്ധമായി ബോധവല്‍ക്കരിക്കുന്നതിനായി ചെറിയ ശ്രമങ്ങള്‍ അങ്ങിങ്ങായി നടന്നുവരുന്നു. മുസ്ലിം ചെറുപ്പക്കാരുടെ അസംഘടിത ശ്രമങ്ങള്‍. അത്തരം പ്രാദേശിക സംഘങ്ങളെയും കൂട്ടായ്മകളെയും സംഘടിപ്പിച്ച് ഒരു കോര്‍വയില്‍ കൊണ്ടുവരുക എന്ന ചെറിയൊരു പണി എനിക്കുകിട്ടി. 'ബാബരിമസ്ജിദ് സംരക്ഷണ സമിതി' രൂപീകരിക്കപ്പെട്ടു. അങ്ങനെയാണ് ഞങ്ങള്‍ വയനാട്ടിലെത്തുന്നത്. 
1992 ഡിസംബര്‍ 6ന് ബാബരിപള്ളി രക്തസാക്ഷിയായി. 
എന്‍.ഡി.എഫ്. പിന്നീടാണ് ഔദ്യോഗികമായി രൂപീകരിക്കപ്പെടുന്നതെങ്കിലും അതിന്റെ ബീജം അന്നുതന്നെ പ്രവര്‍ത്തനങ്ങളില്‍ വളരുന്നുണ്ടായിരുന്നു. എന്‍.ഡി.എഫിന്റെ ശക്തനായ പ്രവര്‍ത്തകനായി എസ്.എം ഓടിനടന്നു. വയനാട്ടില്‍ അതിനു ഫലവും കണ്ടു. 
ഫാഷിസ്റ്റുകള്‍ മുസ്ലിംവിദ്വേഷം വിഷലാവയായി ജനമനസ്സുകളിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നു. മുസ്ലിം ചെറുപ്പക്കാരില്‍ ഒരുതരം എതിര്‍മനസ്സ് രൂപപ്പെട്ടുവന്നു. ഹിന്ദുത്വര്‍ ദേശസ്നേഹികള്‍ എന്ന ലാബലില്‍ നെഞ്ചുവിരിച്ചു. സര്‍ക്കാരുകള്‍ മുസ്ലിംകളോടു തുടര്‍ന്നുവരുന്ന അവഗണന വേറെ. മുസ്ലിം ചെറുപ്പക്കാരെ നിരാശയിലേക്കും അതുവഴി ദേശവിരുദ്ധ പ്രവൃത്തിയിലേക്കും നയിക്കുമായിരുന്ന സാഹചര്യം. 
മുസ്ലിംയുവതയെ നിരാശയില്‍നിന്നു മോചിപ്പിച്ച് രാജ്യത്തിലെ പൌരന്മാര്‍ എന്ന നിലയില്‍ ഉത്തരവാദിത്തബോധത്തിന്റെ ക്രിയാത്മകതയിലേക്ക് നയിക്കുകയായിരുന്നു എന്‍.ഡി.എഫിന്റെ ഉദ്ദേശ്യം. അന്യഥാബോധം അവസാനിക്കണം. കര്‍മനിരതമായ പുതിയൊരു മുസ്ലിം യുവചേതന രൂപപ്പെടണം. അതിനു പുതിയ കാഴ്ചപ്പാടുകളുമായി എന്‍.ഡി.എഫ് വരുമ്പോള്‍ വിടര്‍ന്ന ഹൃദയത്തോടെ മറ്റുപല ചെറുപ്പക്കാരെയും പോലെ എസ്.എം. അതിനെ എതിരേറ്റു. നമുക്കു മുന്നേറാനുള്ള വെളിച്ചം ഭൂമിയില്‍നിന്നും ആകാശത്തില്‍നിന്നും സ്വീകരിച്ച ആശയങ്ങളായിരുന്നു. അതിനെ ഭൂമിയില്‍ വേരുകളാഴ്ത്തി ആകാശത്തിലേക്കു പടര്‍ന്നു കയറി നില്‍ക്കുന്ന, ആര്‍ക്കും എപ്പോഴും ഫലം ലഭിക്കുന്ന ഒരു വന്‍വൃക്ഷമാക്കിത്തീര്‍ക്കേണ്ടതുണ്ടായിരുന്നു. 
എസ്.എം. സാധാരണക്കാരനായ ഒരു കര്‍ഷകനായിരുന്നു. എന്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കര്‍ഷകന്റെ കണിശതയോടുകൂടിത്തന്നെ ഉള്‍ക്കൊള്ളാനും ഒരു ഇമ്മിക്കുപോലും പിഴവില്ലാതെ പ്രയോഗവല്‍ക്കരിക്കാനും എസ്. എമ്മിനു കഴിഞ്ഞു.
സംഘടനയുടെ ആദ്യകാലങ്ങളില്‍തന്നെ കൂടിയാലോചനാ സമിതിയായ സുപ്രിം കൌണ്‍സിലില്‍ അദ്ദേഹം അംഗമായി. മുമ്പ് വേറെ ചില സംഘടനകളില്‍ പ്രവര്‍ത്തിച്ച എസ്.എമ്മിന് സുപ്രിം കൌണ്‍സിലില്‍ നടക്കുന്ന ഓരോന്നും പുതിയ അനുഭവങ്ങളായിരുന്നു. 
ഒരിക്കല്‍ കോയസാഹിബും ഞാനും തമ്മില്‍ ഒരുവിഷയത്തില്‍ ചൂടുപിടിച്ച വിമര്‍ശനവും വാഗ്വാദവും നടന്നു. ഉച്ചയ്ക്കു ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ എസ്.എമ്മും ഞങ്ങളുടെ കൂടെക്കൂടി. എസ്.എമ്മിന്റെ മുഖം വല്ലാതെയിരിക്കുന്നു. ഞങ്ങള്‍ പരസ്പരം തമാശപറഞ്ഞു ചിരിച്ച് ഭക്ഷണം കഴിച്ചു പിരിയുന്നതു കണ്ട് എസ്.എം. ചിരിച്ചു: 'അരമണിക്കൂര്‍ മുമ്പ് കടിച്ചു കുടഞ്ഞവരാണ് ഇപ്പോള്‍ തമാശപറഞ്ഞ് രസിച്ചു നടക്കുന്നത്. ഞാനാകെ പേടിച്ചുപോയി. ഇതെന്താ ആവുകയെന്ന്. അതുകൊണ്ടാണ് നിങ്ങളുടെ കൂടെ ഞാനും വന്നത്.''
എന്‍.ഡി.എഫില്‍നിന്നു പോപുലര്‍ ഫ്രണ്ടിലേക്കുള്ള വളര്‍ച്ച ആശയപരമായിരുന്നില്ല. ഭൂമിശാസ്ത്രപരം മാത്രമായിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ രൂപീകരണത്തിന്റെ മുന്നോടിയായി നടന്ന സൌത്ത് ഇന്ത്യാ കൌണ്‍സിലിന്റെ കണ്‍വന്‍ഷന്‍ ഡല്‍ഹി ഫിക്കി ഓഡിറ്റോറിയത്തില്‍ നടന്നു. അതില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ്  എസ്.എമ്മിലെ രോഗലക്ഷണങ്ങള്‍ ആദ്യമായി പുറത്തുവരുന്നതെന്നു തോന്നുന്നു. കഠിനമായ പനിയും തലവേദനയും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് മാനന്തവാടിയില്‍ ജില്ലാകമ്മിറ്റിയില്‍ ആധ്യക്ഷം വഹിച്ചുകൊണ്ടിരിക്കെ ശരീരത്തിലെ ഒരുഭാഗം കുഴഞ്ഞുപോവുകയായിരുന്നു. 
രോഗം മൂര്‍ച്ഛിച്ച സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ചികില്‍സാസംബന്ധമായ കാര്യങ്ങളില്‍ 'രോഗിസഹചമായ'  പിടിവാശികള്‍ കാണിക്കുമായിരുന്നു. അപ്പോള്‍ ഒരു 'ശമനൌഷധം' എന്ന നിലയില്‍ സുഹൃത്തുക്കളായ സമദും മറ്റും എന്നെ വിളിക്കുമായിരുന്നു. 
അദ്ദേഹത്തിലെ ഓരോ കോശവും സംഘടനയെ ആവാഹിച്ചു. ഓരോ ബിന്ദുവിലും പോപുലര്‍ ഫ്രണ്ട് കയറി. അതിന്റെ മാര്‍ഗത്തിലായി മൌനവും സംസാരവും. കര്‍ഷകനായ എസ്.എമ്മിന്റെ കൃഷി നിലച്ചു. എന്നാല്‍, ഒരു കര്‍ഷകന്റെ മനോഘടനയോടെ സംഘടനയെ കൃഷിചെയ്തു. വയനാടിന്റെ മണ്ണ് ഉഴുതുമറിച്ച് എസ്.എമ്മും സുഹൃത്തുക്കളും സംഘടനയെ നട്ടു, നനച്ചു, വളംചെയ്തു, വളര്‍ത്തി. സ്വന്തത്തെയും കുടുംബത്തെയും പലപ്പോഴും മറന്നുപോയി. വീട്ടിലേക്കു ദാരിദ്യ്രം പമ്മിപ്പമ്മി കയറിവന്നു. ഇതൊന്നും പക്ഷേ, പുറത്താരും അറിഞ്ഞില്ല. മറ്റുള്ളവരുടെ വിഷമതകള്‍ പറയാന്‍ എസ്.എമ്മുണ്ടായിരുന്നു. അതായിരുന്നു എസ്.എം. 
സംഘടനയില്‍ പല ഗണങ്ങളുണ്ടായിരുന്നില്ല. നേതാവും അനുയായിയും ഒരുപോലെ. എല്ലാവര്‍ക്കും ഒരേ സ്ഥാനം. നേതാവിനു ചില ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ നല്‍കുന്നു എന്നുമാത്രം. ചെയര്‍മാനും ഒരു സാധാരണ പ്രവര്‍ത്തകനും ക്യൂ നിന്ന് ഭക്ഷണം വാങ്ങണം. സംഘടനയില്‍ വന്നശേഷം എസ്.എമ്മിനെ ഏറ്റവും ആകര്‍ഷിച്ച ഒന്ന് ഈ ശീലമായിരുന്നു. 
എസ്.എമ്മിന് ഉറങ്ങുമ്പോഴും ഉണരുമ്പോഴും കിനാവുകളിലും സംഘടനയായിരുന്നു. ഈ വിധം നിരവധി സഹോദരന്മാരുടെ സ്വപ്നവും പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ചുരുങ്ങിയകാലം കൊണ്ട് പോപുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചത്. സംഘടന വളര്‍ന്നു കൊണ്ടിരുന്നു. അതനുസരിച്ചുള്ള പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. കേസുകള്‍, മര്‍ദ്ദനങ്ങള്‍, പീഡനങ്ങള്‍.. അന്നു കൂടെയുണ്ടായിരുന്ന പലസഹപ്രവര്‍ത്തകരുടെയും വിരേചനശേഷി കൂടിക്കൊണ്ടിരിക്കുന്നതായി എസ്.എം. കണ്ടു. പലരും പഴയതോ പുതിയതോ ആയ താവളങ്ങള്‍ തേടിപ്പോയി. എസ്.എം ഉറച്ചുനിന്നു. സഹോദരന്മാരെ ഉറപ്പിച്ചുനിര്‍ത്തി. 
ഓപറേഷന്‍ കഴിഞ്ഞു. തലയില്‍നിന്ന് ചിലതെല്ലാം ചുരണ്ടിയകറ്റി. എന്നാല്‍, ഭൂമിയില്‍നിന്നും ആകാശത്തില്‍നിന്നുമായി സ്വീകരിച്ച് തലച്ചോറില്‍ ശുദ്ധീകരിച്ച് സ്ഫുടംചെയ്തുവച്ചതൊന്നും നീക്കം ചെയ്യാനായില്ല ഡോക്ടര്‍ക്ക്. 
കണ്ണൂരില്‍ നടന്ന ഫ്രീഡം പരേഡില്‍ പങ്കെടുക്കാനെത്തിയിരുന്നു എസ്.എം; 'സഞ്ചാര സ്വാതന്ത്യ്രം'  ഇല്ലാതിരുന്നിട്ടു പോലും. തിരിഞ്ഞു നോക്കുമ്പോള്‍ സ്റ്റേജില്‍ ഒരു ഭാഗത്തായി ഇരിക്കുന്നു ഹൃദയത്തെ തൊട്ടുനില്‍ക്കുന്ന ആ മന്ദസ്മിതം. 
പ്രസംഗം തുടങ്ങുകയാണ്. സ്റേജില്‍ ഉപവിഷ്ടരായ നേതാക്കളെയും സദസ്സിനെയും അഭിസംബോധന ചെയ്തു. പിന്നെ, എന്റെ പ്രിയപ്പെട്ട എസ്.മമ്മൂട്ടി സാഹിബിനെയും. നിലയ്ക്കാത്ത ഹര്‍ഷാരവം. എനിക്കുറപ്പുണ്ടായിരുന്നു ഇതിലൂടെ ഞാന്‍ അഭിസംബോധന ചെയ്തത് ജീവിതത്തിന്റെ ഓരോ ബിന്ദുവിലും ജീവന്റെ ഓരോ തുടിപ്പിലും ഈ സംഘടനയെ സ്വാംശീകരിച്ച ആ സേതുഹിമാചലം പരന്നുകിടക്കുന്ന പതിനായിരക്കണക്കിനുവരുന്ന പോപുലര്‍ ഫ്രണ്ടിലെ സഹോദരന്മാരെയായിരുന്നു. അതുകൊണ്ടായിരിക്കണം സദസ്സ് നിര്‍ത്താതെ കൈയടിച്ചത്. 
2009 ജൂണ്‍ മാസത്തില്‍ എസ്.ഡി.പി.ഐ. രൂപീകൃതമായി. എസ്.ഡി.പി.ഐയില്‍ സജീവമാകാന്‍ എസ്. എമ്മിന് ആരോഗ്യം അനുവാദം നല്‍കിയില്ല. പിന്നീട് യൂനിറ്റി ഹൌസില്‍വച്ചു കണ്ടപ്പോള്‍ സ്വതസിദ്ധമായ മന്ദഹാസം. രാഷ്ട്രീയ നേതാവ് എന്ന നിലയിലല്ല സാമൂഹികരംഗത്താണ് എസ്.എം എന്നെ പ്രതീക്ഷിക്കുന്നതെന്ന് ശരീരഭാഷയില്‍നിന്ന് എനിക്കു തോന്നി.
എന്റെ കുടുംബവുമായി എസ്.എമ്മിനു നല്ല ബന്ധമായിരുന്നു. എല്ലാ മക്കള്‍ക്കും എസ്. എമ്മിനെയറിയാം. വര്‍ഷം തോറും എസ്.എം കൊടുത്തയക്കുന്ന 'തുറമാങ്ങ'  വര്‍ഷം മുഴുവന്‍ അവര്‍ രുചിക്കാറുണ്ടായിരുന്നല്ലോ.
മാനന്തവാടിയിലെ വീട്ടിലും കോഴിക്കോട്ടെ വാടക വീടുകളിലും പലതവണ ഞങ്ങള്‍ സന്ദര്‍ശിച്ചു. അപ്പോഴൊക്കെ ആ പഴയ ജിജ്ഞാസുവായ കണ്ണുകള്‍ എന്നെ നോക്കി എന്തോ പരതി. അവസാനമായി കണ്ടത് രണ്ടുമാസം മുമ്പാണ്. കരമന അശ്റഫ് മൌലവിയോടൊപ്പം. അന്ന് എസ്. എമ്മിന് സംസാരിക്കാനോ എഴുതാനോ കഴിയുമായിരുന്നില്ല. പിരിയാന്‍ നേരത്ത് ചുണ്ടുകളിലെ ഹൃദയത്തിന്റെ മന്ദസ്മിതം ക്രമേണ മായാന്‍ തുടങ്ങി. ഗദ്ഗദം മറച്ചുവയ്ക്കാനുള്ള മനസ്സിന്റെ ശ്രമം പ്രകടമാവുന്നു. ഞാന്‍ സലാം പറഞ്ഞു. എസ്.എം കൈപിടിച്ച് അമര്‍ത്തി. 
ജൂണ്‍ 7, തലേന്നു രാത്രി 9.30 വരെ തുടര്‍ന്ന മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവര്‍ ഇസ്മായീല്‍ ചോദിച്ചു: 'ഇന്ന് വളരെ വൈകിയില്ലേ. നമുക്ക് എസ്.എമ്മിനെ കാണാന്‍ നാളെ പോയാല്‍ പോരേ?'' ഞങ്ങള്‍ പറഞ്ഞുവച്ചതായിരുന്നു. രാവിലെ 6.30ന് യൂനിറ്റിയില്‍നിന്ന് ഫോണ്‍, എസ്.എം മരിച്ചു. ഇന്നാലില്ലാഹ്......
വല്ലാത്ത വേദനയോടുകൂടി ഞാന്‍ ഭാര്യയോടു വിവരം പറഞ്ഞു. കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തില്‍ 'നിങ്ങള്‍ ഇന്നലെ പോവാതിരുന്നത് മോശമായി' എന്നവള്‍ പറഞ്ഞു. ഞങ്ങള്‍ മാനന്തവാടിയിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഭാര്യാസഹോദരന്‍ കൂടുതല്‍ അലോസരപ്പെടുത്തി:' മരിക്കുന്നതിനു മുമ്പ് എസ്.എം. തീര്‍ച്ചയായും നിങ്ങളെ കാണാന്‍ ആഗ്രഹിച്ചുകാണും. എനിക്കുറപ്പാണ്.'' 
ഇനി എന്തുചെയ്യട്ടെ, പ്രാര്‍ഥിക്കുകയല്ലാതെ. എസ്.എമ്മിന്റെ മരണം സ്വര്‍ഗജീവിതത്തിലേക്കുള്ള വാതായാനം തുറക്കുക മാത്രമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയാവട്ടെയെന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 
എനിക്ക് 16 വയസ്സുള്ളപ്പോഴാണ് എന്റെ ഉമ്മ മരിക്കുന്നത്. തലേദിവസം എനിക്കിഷ്ടപ്പെട്ട ഭക്ഷണം സ്വന്തം കൈകൊണ്ട് പാകം ചെയ്തുതന്നു ഉമ്മ. രാവിലെ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയതാണ്. ഒരു ജീവനു ജന്മം നല്‍കി ഉമ്മയുടെ ജീവിതം അവസാനിച്ചു. ഉമ്മയുടെ കാതിലും കഴുത്തിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്തത് ഞാനായിരുന്നു. നമസ്കാരത്തിനു നേതൃത്വം നല്‍കിയതും ഞാന്‍തന്നെ. പക്ഷേ, ഞാന്‍ കരഞ്ഞില്ല. 
എസ്. എം. എനിക്ക് ആരായിരുന്നു?  ഞാന്‍ മയ്യത്ത് നമസ്കരിക്കുകയാണ്. മകന്‍ മുനീറാണ് നേതൃത്വം നല്‍കുന്നത്. നമസ്കാരം അവസാനിക്കാറായി. എന്റെ കണ്ണുകള്‍ സജലങ്ങളായി. കരച്ചില്‍ വരുകയാണ്. അതായിരുന്നു എനിക്ക് എസ്.എം. 


 ഇ. അബൂബക്കര്‍

2012, ജൂലൈ 14, ശനിയാഴ്‌ച

ചൂടുവെള്ളമല്ലെങ്കില്‍ പിന്നെ തിളച്ചതായിരിക്കും.....


സാമുദായിക ചേരിതിരിവും വര്‍ഗീയധ്രുവീകരണവും ശക്‌തിപ്പെടുംവിധമുള്ള വിലപേശലാണ്‌ രണ്ട്‌ സമുദായ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇക്കാലമത്രയും ഭിന്നചേരിയില്‍ നില്‍ക്കുക മാത്രമല്ല സഭ്യേതരമായ ഭാഷയില്‍ പോലും പരസ്‌പരം അധിക്ഷേപിച്ചിരുന്ന രണ്ട്‌ നേതാക്കളെ വീണ്ടും യോജിപ്പിക്കുന്നത്‌ ഒരേ ദുഃഖങ്ങളാണത്രെ.




സമുദായങ്ങളുടെ സമുദ്ധാരണത്തിലൂടെയും ശാക്‌തീകരണത്തിലൂടെയും രാജ്യത്തിന്റെ പുരോഗതിയും നന്മയും ലക്ഷ്യമിടേണ്ട സംഘടനാ നേതൃത്വങ്ങളുടെ അപക്വമായ ഇടപെടലിലൂടെ കലുഷിതമായ സാമൂഹ്യചുറ്റുപാടാണ്‌ അടുത്തിടെ കേരളത്തില്‍ രൂപപ്പെട്ടുവന്നിരിക്കുന്നത്‌. അതത്‌ സമുദായങ്ങളുടെ പുരോഗതിക്കും ഉയര്‍ച്ചയ്‌ക്കും പ്രതിജ്‌ഞാബദ്ധമായ സമുദായ സംഘടനകളാണ്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലും എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പി.യും മുസ്ലിം ലീഗുമെല്ലാം. ഈ സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ അതതു സമുദായങ്ങള്‍ക്ക്‌ എന്ത്‌ നേട്ടമുണ്ടായി എന്നത്‌ വേറെ കാര്യം. പൊതുവെ സമുദായത്തെ പരിചയാക്കി നിര്‍ത്തി പരമാവധി കച്ചവട സ്‌ഥാപനങ്ങള്‍ (ഇന്നത്തെ പ്രധാന കച്ചവടം വിദ്യാഭ്യാസമേഖലയാണ്‌) സ്വായത്തമാക്കുകയും സ്വന്തക്കാര്‍ക്കും ബന്ധുക്കളുടെയും ക്ഷേമാഐശ്വര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നാണ്‌ മുഖ്യ പ്രവര്‍ത്തന മണ്ഡലം. ഈ കച്ചവട ഇടപാടുകള്‍ക്കിടയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ക്കിടയിലെ തര്‍ക്കങ്ങളാണ്‌ ഇടക്കിടെ നമ്മുടെ ബാലന്‍സ്‌ തെറ്റിക്കുന്നത്‌. 




കച്ചവട തര്‍ക്കങ്ങള്‍ക്ക്‌ വേണ്ടി ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദകോലാഹലങ്ങള്‍ പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള കിടമല്‍സരസ്വഭാവം കൈവരിക്കുകയും ചെയ്യുന്നുണ്ട്‌. ഈ കിടമല്‍സരത്തിനിടയില്‍ ഭരണസംവിധാനങ്ങള്‍ നിസഹായമാവാറാണ്‌ പതിവ്‌. ജനാധിപത്യ വഴിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ അതിമിടുക്ക്‌ കാണിക്കാറുള്ളത്‌ പലപ്പോഴും മുന്നാക്ക സമുദായത്തിന്റെ സംഘടനാശേഷിയുള്ള പ്രസ്‌ഥാനങ്ങളാണ്‌. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക്‌ ഈ വിലപേശല്‍ ശക്‌തികള്‍ക്കു കീഴ്‌പെട്ടേ മുമ്പോട്ടുപോവാന്‍ കഴിയൂ. അതിന്‌ പ്രധാനമായ കാരണം അധികാരത്തിന്റെ മുഴുവന്‍ ശ്രേണിയിലും അവഗണിക്കാന്‍ പറ്റാത്ത പിടിമുറുക്കം മുന്നാക്കവിഭാഗങ്ങള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. അധികാര പങ്കാളിത്തം ലഭിക്കാതെ പോയ വിഭാഗങ്ങളും സമുദായങ്ങളും സംഘടിച്ച്‌ ഒറ്റശക്‌തിയാവാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ മേധാവിത്വ ശക്‌തികള്‍ ഓരോ സന്ദര്‍ഭത്തിലും സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. ആ കുതന്ത്രങ്ങളില്‍ രണ്ട്‌ രീതിയില്‍ പിന്നാക്കക്കാരന്‍ തലവെച്ചുകൊടുക്കും. ഒന്ന്‌ വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വൈകാരിക പ്രകടനത്തിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ കഥയറിയാതെ വീണുകൊണ്ട്‌. രണ്ടാമത്തേത്‌, കുറ്റബോധത്തോടെ പിന്‍മാറി. എസ്‌.എന്‍.ഡി.പി ഒന്നാം വിഭാഗത്തിലും മുസ്ലിംലീഗ്‌ രണ്ടാംവിഭാഗത്തിലും റോള്‍ നിര്‍വഹിക്കുന്നു.




സമൂഹമധ്യത്തില്‍ തെറ്റായ രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളോടൊപ്പം നിന്നുകൊടുക്കലല്ല പ്രതിബദ്ധതയുള്ള സാമൂഹികപ്രസ്‌ഥാനങ്ങളുടെ കടമ. വസ്‌തുതകള്‍ അന്വേഷിക്കുകയും നിജസ്‌ഥിതി ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌. യാഥാര്‍ഥ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താത്ത പല വിഷയങ്ങളും സത്യമെന്ന്‌ തോന്നുംവിധം അവതരിപ്പിക്കാനുള്ള മികവ്‌ സംഘപരിവാര്‍ ശക്‌തികള്‍ക്ക്‌ പ്രത്യേകമായി ഉള്ളതാണ്‌. തെറ്റായ കണക്കുകള്‍ ഉദ്ധരിച്ചാണ്‌ ഇപ്പോള്‍ കേരളത്തില്‍ പല വിവാദങ്ങളും കൊഴുക്കുന്നത്‌. സംസ്‌ഥാനത്ത്‌ ആകെ 7947 എയ്‌ഡഡ്‌ വിദ്യാലയങ്ങളാണ്‌ ഉള്ളത്‌. ഇതില്‍ കേവലം 1400 എണ്ണം മാത്രമാണ്‌ മുസ്ലിം മാനേജ്‌മെന്റിന്‌ കീഴില്‍ നിലനില്‍ക്കുന്നത്‌. ഇതൊരു കണക്കാണ്‌. മറ്റൊന്ന്‌ സംസ്‌ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവെക്കുന്ന ഫണ്ടില്‍ കുറഞ്ഞ വിഹിതം ലഭിക്കുന്ന ജില്ല മലപ്പുറമാണ്‌. സ്‌ത്രീ ജോലിക്കാര്‍ കുറവുള്ള ജില്ല മലപ്പുറമാണ്‌. പ്ലസ്‌ വണ്ണിന്‌ പഠനസൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ പുറത്ത്‌ നില്‍ക്കുന്ന ജില്ലയും മലപ്പുറമാണ്‌. ഇങ്ങനെ ഒത്തിരി വികസനമില്ലായ്‌മയുടെയും പുരോഗതി ഇല്ലായ്‌മയുടെയും നൂറുകഥകള്‍ നിരത്താനുള്ള ഒരു ജില്ലയെ ഉയര്‍ത്തിക്കാണിച്ച്‌ തെറ്റായ പ്രചാരണം നടക്കുമ്പോള്‍ നിജസ്‌ഥിതി ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്‌ഥാന സര്‍ക്കാരിനുണ്ട്‌.




കേരളത്തിന്റെ സാമുദായിക സൗഹൃദാന്തരീക്ഷം തകര്‍ത്തേ അടങ്ങൂ എന്ന്‌ തീരുമാനിച്ച വിഭാഗങ്ങളെ കയറൂരി വിടുന്നതിലെ അപകടം ആദ്യം ബോധ്യമാവേണ്ടത്‌ സര്‍ക്കാരിനാണ്‌. വലിയ ഒരു ചുമതല സര്‍ക്കാരിനുണ്ട്‌. സമുദായ സംഘടനകള്‍ക്ക്‌ അനര്‍ഹമായി ലഭിച്ചത്‌ വല്ലതുമുണ്ടെങ്കില്‍ നിജസ്‌ഥിതി ബോധ്യമാവുംവിധം സമഗ്രമായ ഒരു റിപ്പോര്‍ട്ട്‌ പുറത്തിറക്കാന്‍ തയാറാവണം. അത്തരമൊരു പഠനത്തിന്‌ സര്‍ക്കാര്‍ തുനിഞ്ഞാല്‍ തന്നെ അതിനെതിരേ ആദ്യം രംഗത്തുണ്ടാവുക ഈ വിലപേശല്‍ ശക്‌തികള്‍ ആയിരിക്കും. സമുദായസംഘടനകള്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലും നേടിയെടുക്കുന്നതിലും ആര്‍ക്കും എതിരഭിപ്രായമുണ്ടാവണമെന്നില്ല. എന്നാല്‍ തങ്ങള്‍ക്ക്‌ മാത്രമേ ലഭിക്കാവൂ, മറ്റുള്ളവര്‍ക്ക്‌ ആയിക്കൂടാ എന്ന്‌ വന്നുകൂടാ.




സാമുദായിക ചേരിതിരിവും വര്‍ഗീയധ്രുവീകരണവും ശക്‌തിപ്പെടുംവിധമുള്ള വിലപേശലാണ്‌ രണ്ട്‌ സമുദായ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇക്കാലമത്രയും ഭിന്നചേരിയില്‍ നില്‍ക്കുക മാത്രമല്ല സഭ്യേതരമായ ഭാഷയില്‍ പോലും പരസ്‌പരം അധിക്ഷേപിച്ചിരുന്ന രണ്ട്‌ നേതാക്കളെ വീണ്ടും യോജിപ്പിക്കുന്നത്‌ ഒരേ ദുഃഖങ്ങളാണത്രെ. ഹൈന്ദവസമുദായത്തിലെ പ്രബല സംഘടനകളുടെ നേതൃത്വത്തില്‍ നടക്കാന്‍ പോവുന്ന ഹിന്ദു ഏകീകരണം വലിയ കുഴപ്പത്തിനിടയാക്കിയേക്കുമെന്ന ആശങ്കയൊന്നും ഇവിടെ ആര്‍ക്കുമില്ല. പൂര്‍വചരിത്രം മറന്ന്‌ കൊണ്ടായിരിക്കില്ല പുതിയ ഏകീകരണമെന്നത്‌ പ്രത്യേകിച്ചും. സംസ്‌ഥാനത്തെ ജനസംഖ്യയിലെ 9 മുതല്‍ 11 ശതമാനം വരെയുള്ള ഒരു സമുദായത്തിന്റെ പ്രതിനിധാനം മാത്രം അവകാശപ്പെടാവുന്ന സംഘടനയാണ്‌ എന്‍.എസ്‌.എസ്‌. എന്നാല്‍ എസ്‌.എന്‍.ഡി.പി യോഗം 24 ശതമാനം വരെ എത്തുന്ന സമുദായത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന വിഭാഗമാണ്‌. 27 ശതമാനം വരും മുസ്ലിം ജനസംഖ്യ. 14 ശതമാനം വരുന്ന ദലിത്‌ വിഭാഗങ്ങളും മറ്റ്‌ പിന്നാക്ക ഹിന്ദുവിഭാഗങ്ങളും ചരിത്രപരമായ കാരണങ്ങളാല്‍ തന്നെ ഹിന്ദു ഏകതയിലേക്ക്‌ ഇഴുകിച്ചേരാന്‍ കഴിയാത്ത വിഭാഗങ്ങളാണ്‌. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള്‍ ഇവിടെ തന്നെ അഴിഞ്ഞുവീഴുന്നുണ്ട്‌. ഹൈന്ദവ ഏകീകരണശ്രമങ്ങള്‍ക്ക്‌ നായര്‍ സമുദായനേതൃത്വങ്ങള്‍ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴെല്ലാം വന്‍ചതികള്‍ അതിന്‌ പിന്നില്‍ ഒളിഞ്ഞുകിടന്നിട്ടുണ്ട്‌. 




എന്നാല്‍ മുമ്പ്‌ നായര്‍ സമുദായനേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക്‌ പിന്നിലെ പ്രേരകം രാഷ്‌ട്രീയത്തെക്കാള്‍ സാമുദായികവും കച്ചവടപരവുമായിരുന്നെങ്കില്‍ ഇന്ന്‌ ഒളിഞ്ഞിരിക്കുന്ന രാഷ്‌ട്രീയ പ്രേരകം കൂടിയുണ്ട്‌. അതിന്‌ പിന്നിലെ ചരടായല്ല മുമ്പിലെ തേരാളിയായാണ്‌ സംഘപരിവാര്‍ നേതൃത്വം നിലകൊള്ളുന്നത്‌. നെയ്യാറ്റിന്‍കര സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ്‌ ഫലത്തിലും ഇത്‌ പ്രകടമാണ്‌. നായര്‍ സമുദായനേതൃത്വത്തിന്റെ സ്വരങ്ങള്‍ക്ക്‌ മുമ്പെത്തേക്കാള്‍ കൂടുതല്‍ സംഘപരിവാരസ്വഭാവം കൈവന്നതും ശ്രദ്ധേയമാണ്‌. കേരള രാഷ്‌ട്രീയത്തില്‍ ഇടം നേടാന്‍ കഴിയാതെ വന്ന ബി.ജെ.പിക്ക്‌ അവരുടെ പ്രതലവികാസത്തിന്‌ അനുയോജ്യമായ കാലാവസ്‌ഥ ലീഗ്‌ അധികാരത്തിലുണ്ടാവുക എന്നതാണ്‌. സംഘപരിവാരമൊരുക്കുന്ന കെണിയില്‍ തലവെക്കാനൊരുങ്ങുന്ന നേതൃത്വത്തിന്റെ നീക്കത്തില്‍ സന്തുഷ്‌ടരല്ല ഏതായാലും ഈഴവ സമുദായാംഗങ്ങള്‍. ചില ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ നേതൃത്വമെന്തായാലും ബാധ്യസ്‌ഥമാവും. 1949ല്‍ ക്രിസ്‌ത്യാനികള്‍ക്കെതിരേ ഹിന്ദുമണ്ഡലം ഉണ്ടാക്കി രംഗത്തെത്തിയ എന്‍.എസ്‌.എസ്‌ നേതൃത്വം 1952ല്‍ കൊട്ടാരക്കരയിലെ തെരഞ്ഞെടുപ്പില്‍ ആര്‍. ശങ്കറിനെ തോല്‍പ്പിക്കുകയായിരുന്നു. 1960ല്‍ പിന്നാക്കക്കാര്‍ക്ക്‌ സംവരണം ലഭിക്കുന്ന ഘട്ടം വന്നപ്പോള്‍ വീണ്ടും ഐക്യമുണ്ടാക്കി. ആ സഖ്യത്തിന്റെ ഫലം 1964ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയെ ക്രിസ്‌ത്യാനികളെ കൂട്ടുപിടിച്ചു മറിച്ചിട്ടു.




1891ല്‍ തന്നെ ചതി ആരംഭിച്ചതാണ്‌. മലയാളി മെമ്മോറിയലിന്റെ വഞ്ചന തിരിച്ചറിഞ്ഞാണ്‌ 1896ല്‍ ഡോ. പല്‍പ്പു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നത്‌. 1930കളില്‍ അധികാര പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും വേണ്ടി നടത്തിയ നിവര്‍ത്തനപ്രക്ഷോഭത്തെ അട്ടിമറിച്ചത്‌ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെയായിരുന്നു. അങ്ങനെ കിട്ടുന്ന അവസരമെല്ലാം പിന്നില്‍ കുത്തിയ പാരമ്പര്യം പ്രകടിപ്പിച്ചവരോടൊപ്പം കൈകോര്‍ക്കുമ്പോള്‍ വെള്ളാപ്പള്ളി വീണ്ടും ചൂടുവെള്ളത്തില്‍ നിന്ന്‌ തിളച്ചവെള്ളത്തിലേക്ക്‌ ചാടുകയാണോ എന്നാണ്‌ രക്‌തമൊന്നായ സമൂഹങ്ങള്‍ ആശങ്കിക്കുന്നത്‌. 




2005ല്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിക്കുള്ള ചര്‍ച്ചകളെ അട്ടിമറിക്കാനായിരുന്നു എസ്‌.എന്‍.ഡി.പിയെ എന്‍.എസ്‌.എസ്‌ നേതൃത്വം കൂടെ കൂടിയത്‌. ഈഴവ സമുദായത്തെക്കൂടി പരിചയാക്കി നിര്‍ത്തി യു.ഡി.എഫില്‍ നിന്ന്‌ 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുക്കാന്‍ എന്‍.എസ്‌.എസിന്‌ സാധിച്ചു. 




തങ്ങള്‍ നേടേണ്ടതത്രയും നേടിയപ്പോള്‍ പുറംകാലുകൊണ്ട്‌ പൂര്‍വകാലത്തെ സ്‌മരിപ്പിക്കും വിധം തൊഴിച്ചത്‌ കണ്ടപ്പോള്‍ കേരളത്തിലെ പിന്നാക്കക്കാര്‍ ഒരിക്കലും സന്തോഷിക്കുകയായിരുന്നില്ല ചെയ്‌തത്‌, സഹതപിക്കുകയായിരുന്നു. ദലിത്‌ആദിവാസിപിന്നാക്ക വിഭാഗങ്ങളുടെ അസ്‌തിത്വത്തെ അംഗീകരിക്കാന്‍ ഒരിക്കലും മേലാളവിഭാഗങ്ങള്‍ക്ക്‌ കഴിയില്ല. യോജിപ്പിന്‌ മുമ്പ്‌ അടിസ്‌ഥാനപരമായ നിരവധി കാര്യങ്ങളിലെ നിലപാടില്‍ വ്യക്‌തത ഉണ്ടാക്കിയെടുക്കാന്‍ പിന്നാക്ക ഹിന്ദുവിഭാഗത്തിനൊപ്പം നില്‍ക്കാന്‍ ബാധ്യസ്‌ഥനായ വെള്ളാപ്പള്ളിക്ക്‌ കഴിയേണ്ടതുണ്ട്‌. 




പിന്നാക്കക്കാരന്റെ സംവരണത്തിനെതിരേ ഇന്നും എന്‍.എസ്‌.എസ്‌ സുപ്രീംകോടതിയിലാണ്‌. ആ കേസ്‌ പിന്‍വലിച്ചെങ്കില്‍ മാത്രമേ ഈഴവ സമുദായത്തിന്‌ പ്രയോജനമുണ്ടാവൂ. ക്രിമീലെയറിന്റെ പരിധി നാലര ലക്ഷത്തില്‍ നിന്ന്‌ ആറുലക്ഷമാക്കണമെന്ന പിന്നാക്കക്കാരുടെ ആവശ്യത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുള്ള ഒരു സംയുക്‌ത പ്രസ്‌താവന പെരുന്നയില്‍നിന്ന്‌ എന്ന്‌ ഉണ്ടാവുമെന്നാണ്‌ സംവരണ സമുദായങ്ങള്‍ കാതോര്‍ത്തിരിക്കുന്നത്‌. ഈഴവ സമുദായത്തിന്റെ വിപ്ലവ നേതൃത്വമായിരുന്ന ഡോ.പല്‍പ്പുവിനും സി.കേശവനും ആര്‍.ശങ്കറിനുമെല്ലാം നേരിടേണ്ടിവന്ന തിക്‌താനുഭവങ്ങളെ ചരിത്രമറിയുന്ന സമുദായാംഗങ്ങള്‍ക്ക്‌ മുമ്പില്‍ മറച്ചുവെച്ചുകൊണ്ട്‌ സാധിച്ചെടുക്കാവുന്നതല്ല സമുദായ സമുദ്ധാരണം. 




അയിത്ത ജാതിക്കാരനെ മാന്യതനേടിക്കൊടുക്കാന്‍ പടനയിച്ച മഹാത്മാ അയ്യങ്കാളിയെയും സഹോദരന്‍ അയ്യപ്പനെയും എങ്ങനെയായിരുന്നു ഇന്ന്‌ ഹിന്ദു ഐക്യത്തിന്‌ വേണ്ടി പടനയിക്കുന്ന നായര്‍ സമുദായം ബഹുമാനിച്ചാദരിച്ചതെന്ന ചരിത്രവും പിന്നാക്കക്കാര്‍ക്ക്‌ മനപ്പാഠമാണ്‌. അതിനാല്‍ സാമൂഹ്യ പ്രസ്‌ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രം മുന്നോട്ട്‌ നടത്താനുള്ള പ്രേരകഘടകവും ചാലകശക്‌തിയുമായാണ്‌ നിലകൊള്ളേണ്ടത്‌. ഘടികാരത്തിന്റെ സൂചിയെ പിന്നോട്ട്‌ തിരിച്ചുവെച്ചോ പിടിച്ചുനിര്‍ത്തിയോ സാധിപ്പിച്ചെടുക്കേണ്ടതല്ല വിപ്ലവം.

2012, ജൂലൈ 10, ചൊവ്വാഴ്ച

പച്ച ലീഗിന്റെ സ്വന്തമല്ല


വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക്‌ ഇത്രയേറെ കൂട്ടിക്കൊണ്ടുവരുന്നതു കേരളത്തിന്റെ ഹരിതഭംഗിയാണ്‌. പ്രകൃതിയുടെ വരദാനമായ ഒരു നിറത്തെ രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ അവമതിക്കുന്നത്‌ കാണുമ്പോഴുള്ള ദുഃഖം കൊണ്ടാണ്‌ ഇതു കുറിക്കുന്നത്‌. കണ്‍കുളിര്‍മ നല്‍കുന്ന ഒരു നിറത്തെ എന്തിനാണ്‌ നമ്മളിങ്ങനെ വെറുക്കാന്‍ പഠിപ്പിക്കുന്നത്‌ എന്ന്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. മുസ്ലിംലീഗ്‌ എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം അവരുടെ കൊടിക്കു പച്ചനിറം നല്‍കി എന്നതുകൊണ്ട്‌ മാത്രം ഏതു പച്ചയും ലീഗിന്റെ പച്ചയാണെന്ന്‌ എങ്ങനെയാണ്‌ പറയാനാവുക? 


പച്ചപുതച്ചുകിടക്കുന്ന മാമല നാട്ടിലെ മലയാളിക്കു പച്ചയോട്‌ ഇങ്ങനെ വെറുപ്പു തോന്നാന്‍ തുടങ്ങിയാല്‍ കാര്യം ഇത്തിരി അപകടമാണ്‌. അടങ്ങാത്ത പച്ച വിരോധത്തിന്റെ പേരില്‍ ഇനി ഈ പച്ചപ്പൊന്നും വേണ്ടെന്നു തോന്നി വല്ല കടുംകൈയും അത്തരക്കാര്‍ കാണിച്ചുപോവുമോ എന്നാണ്‌ ഇപ്പോള്‍ ഭയം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പച്ചപ്പിനെ പാടിപ്പുകഴ്‌ത്തിയ മഹാരഥന്‍മാരെയൊക്കെ കുഴിമാടങ്ങള്‍ മാന്തി പുറത്തെടുത്തു ശിക്ഷിക്കാതിരിക്കാനുള്ള വിശാലതയെങ്കിലും കാണിക്കണമെന്ന അഭ്യര്‍ഥന മാത്രമേയുള്ളൂ പച്ചവിരോധികളോട്‌. 


വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക്‌ ഇത്രയേറെ കൂട്ടിക്കൊണ്ടുവരുന്നതു കേരളത്തിന്റെ ഹരിതഭംഗിയാണ്‌. പ്രകൃതിയുടെ വരദാനമായ ഒരു നിറത്തെ രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ അവമതിക്കുന്നതു കാണുമ്പോഴുള്ള ദുഃഖം കൊണ്ടാണ്‌ ഇതു കുറിക്കുന്നത്‌. കണ്‍കുളിര്‍മ നല്‍കുന്ന ഒരു നിറത്തെ എന്തിനാണ്‌ നമ്മളിങ്ങനെ വെറുക്കാന്‍ പഠിപ്പിക്കുന്നത്‌ എന്ന്‌ എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. മുസ്ലിംലീഗ്‌ എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം അവരുടെ കൊടിക്കു പച്ചനിറം നല്‍കി എന്നതുകൊണ്ട്‌ മാത്രം ഏതു പച്ചയും ലീഗിന്റെ പച്ചയാണെന്ന്‌ എങ്ങനെയാണ്‌ പറയാനാവുക? 


നമ്മുടെ ദേശീയ പതാകയിലെ മൂവര്‍ണങ്ങളിലൊന്നു പച്ചയാണ്‌. ഈ പച്ച മണ്ണിനെയും സസ്യജാലങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നാണു മുന്‍ രാഷ്‌ട്രപതി ഡോ. എസ്‌, രാധാകൃഷ്‌ണന്‍ വ്യാഖ്യാനിച്ചു പഠിപ്പിച്ചത്‌. ദേശീയ പാര്‍ട്ടികളില്‍ പലതും അവരുടെ കൊടികളില്‍ പച്ച നിറം സ്വീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി, ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്‌, ബോഡോലാന്റ്‌ പീപ്പിള്‍സ്‌ പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, എന്‍.സി.പി, ആര്‍.ജെ.ഡി, എസ്‌.ഡി.പി.ഐ, ജനക്രാന്തി പാര്‍ട്ടി തുടങ്ങി നിരവധി അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതാകകളില്‍ പച്ചനിറമുണ്ട്‌. 


അതേസമയം, ലീഗിനോടുള്ള കടുത്ത വിരോധത്താല്‍ പച്ചയെന്നത്‌ അറപ്പുള്ളവാക്കുന്ന നിറമാക്കി മാറ്റിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ മഞ്ഞക്കണ്ണടയുടെ സ്‌ഥാനത്തിപ്പോള്‍ പച്ചക്കണ്ണട കയറ്റിവയ്‌ക്കുന്നതായാണ്‌ അനുഭവപ്പെടുന്നത്‌. ലീഗിനെതിരെയാണ്‌ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നതെങ്കിലും പ്രതിരോധിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദത്തിലകപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്‌ ലീഗ്‌ നേതൃത്വമിപ്പോള്‍. അനാവശ്യ വിവാദങ്ങള്‍ക്കു മുമ്പില്‍ എന്തുകൊണ്ടാണ്‌ കുറ്റബോധത്തോടെ നില്‍ക്കേണ്ടിവരുന്നതെന്നു ലീഗ്‌ നേതൃത്വവും അണികളും ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. 


സര്‍വശിക്ഷ അഭയാന്‍ സംസ്‌ഥാനതല പരിപാടിയില്‍ പങ്കെടുക്കുന്ന ബ്ലോക്ക്‌ റിസോഴ്‌സ് സെന്ററിലെ അധ്യാപികമാര്‍ സെറ്റുസാരിയും പച്ചബ്ലൗസും ധരിച്ചു വരണമെന്ന നിര്‍ദേശം ആരോ വാര്‍ത്തയാക്കിയതോടെയാണു പച്ച വിരോധികള്‍ രംഗത്തെത്തിയത്‌. വകുപ്പു ഭരിക്കുന്നത്‌ ലീഗ്‌ ആയതിനാലും പ്രൊജക്‌ട് ഓഫീസര്‍ കെ.എം. അലിയാര്‍ എന്ന വ്യക്‌തിയായതിനാലുമാണ്‌ ഇത്ര കൊഴുത്ത വിവാദം സൃഷ്‌ടിക്കപ്പെട്ടത്‌. വാര്‍ത്ത വന്നതോടെ വിദ്യാഭ്യാസമന്ത്രി പ്രൊജക്‌ട് ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌ത് അന്വേഷണത്തിന്‌ ഉത്തരവു നല്‍കി. 


അപകടരമായ രണ്ടു പ്രവണതകള്‍ ഈ സംഭവത്തില്‍ ചേര്‍ന്ന്‌ നില്‍ക്കുന്നുണ്ട്‌. ഒന്ന്‌ അധ്യാപികമാര്‍ പര്‍ദ ധരിക്കണമെന്നു പറയാതെ കേരളത്തനിമ വിളിച്ചോതുന്ന സെറ്റ്‌ സാരി ധരിക്കണമെന്നാണു നിര്‍ദേശം. അതിലെ ബ്ലൗസ്‌ പച്ചയാകുമ്പോള്‍ അപകാത ദര്‍ശിക്കുന്നവര്‍ സെറ്റ്‌ സാരിയില്‍ അപാകത കാണാതിരിക്കുന്നതിലെ രോഗലക്ഷണം വളരെ വ്യക്‌തമാണ്‌. രണ്ടാമത്തെ കാര്യം ഒരു ആരോപണം ഉയര്‍ന്നപാടെ കുറ്റബോധത്തോടെ തെറ്റ്‌ സംഭവിച്ചെന്നുള്ള വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രിയുടെയും നിലപാട്‌. ഈ രീതിയിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഭരണരംഗത്ത്‌ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അനാവശ്യ കീഴൊതുങ്ങലാണിത്‌. 


കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളും മറന്നുകൊണ്ട്‌ ഭയപ്പെടുത്തലിനു മുമ്പില്‍ ഭരണാധിപര്‍ കീഴടങ്ങിനിന്നുകൂടാ. കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ തിരുവാതിര കളിയില്‍ സെറ്റ്‌ സാരികള്‍ ഉപയോഗിക്കുന്ന മലയാളിപ്പെണ്‍കൊടികള്‍ നിറമെന്ന നിലയില്‍ പച്ച ധാരാളമായി ഉപയോഗിക്കാറുണ്ട്‌. പ്രധാന ചടങ്ങുകളില്‍ വിശിഷ്‌ടാതിഥികളെ സ്വീകരിക്കാന്‍ താലപ്പൊലിയുമായി നില്‍ക്കുന്ന മലയാളി മങ്കമാരും ഇത്തരം വേഷങ്ങളണിഞ്ഞു കാണാറുണ്ട്‌. യൂണിഫോമിറ്റിക്ക്‌ ഒരു കളര്‍ നിര്‍ദേശിക്കുന്ന രീതി നമ്മുടെ നാട്ടില്‍ സര്‍വത്രമാണ്‌. 


കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പച്ചയും വെള്ളയും യുണിഫോം ഉപയോഗിക്കാനാരംഭിച്ചിട്ട്‌ വര്‍ഷങ്ങളായി. ലീഗ്‌ ഭരിക്കുമ്പോള്‍ ബ്ലൗസിനു പച്ചയും സി.പി.എം. ഭരിക്കുമ്പോള്‍ ബ്ലൗസിന്‌ ചുവപ്പു നിറവും നല്‍കുക എന്ന ഉദ്ദേശത്തോടെയാവില്ല ഇത്തരം നിര്‍ദേശം നല്‍കപ്പെട്ടിട്ടുണ്ടാവുക. സ്വാഭാവികമായ സംഭവത്തിന്‌ അനാവശ്യമായ മറ്റു തലങ്ങള്‍ നല്‍കുന്നതിലൂടെ യഥാര്‍ഥത്തില്‍ നമ്മള്‍ ചെറുതാവുകയും ഒരു പരിഷ്‌കൃത സമൂഹത്തില്‍ പരിഹാസ്യരാവുകയുമാണു ചെയ്യുന്നത്‌. 


രാഷ്‌ട്രീയ സംഘടനകള്‍ക്കും സാമൂഹിക പ്രസ്‌ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറ്റെടുത്തു കൈകാര്യം ചെയ്യാന്‍ നമ്മുടെ രാജ്യത്തു ജീവല്‍ സ്‌പര്‍ശിയായ എന്തെല്ലാം വിഷയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ട്‌. അവിടേക്കു പ്രവേശിക്കാന്‍ സമയം കണ്ടെത്താതെ നടത്തുന്ന ഇത്തരം അധരവ്യായാമത്തിലൂടെ ഒളിച്ചോട്ടം നടത്തുകയാണ്‌ എല്ലാവരും ചെയ്യുന്നത്‌. 


ബി.ജെ.പി. നേതൃത്വമാണ്‌ പച്ചവിരോധത്തിന്‌ ഊടുംപാവും നല്‍കി രംഗത്തുള്ളത്‌. ചില്ലറ സംശയങ്ങള്‍ക്കു കൂട്ടത്തില്‍ അവര്‍ വിശദീകരണം കൂടി കണ്ടെത്തുന്നതു നന്നാവും. പച്ചയോടാണ്‌ വിരോധമെങ്കില്‍ സ്വന്തം പാര്‍ട്ടി പതാകയെന്തു ചെയ്യാനാണുദ്ദേശിക്കുന്നത്‌. ലീഗിന്റെ ദേശീയ നിര്‍വാഹക സമിതിയായിരിക്കില്ല ബി.ജെ.പി പതാകയ്‌ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടാവുക. കേരളത്തിലെ ബി.ജെ.പിക്കാരുടെ സ്വന്തം രാജേട്ടന്‍ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍നിന്ന്‌ ഒരു നൂറുതവണയെങ്കിലും പച്ചക്കൊടി വീശിക്കാണിച്ചിട്ടുണ്ടാവും. ഇ. അഹമ്മദ്‌ റെയില്‍വേ വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ പ്രത്യേകമായി ആരംഭിച്ചതല്ലല്ലോ ട്രെയിനുകള്‍ പുറപ്പെടാനുള്ള പച്ച സിഗ്നല്‍. രാജ്യത്തെ ദേശീയ പാതകളിലെ സൈന്‍ബോര്‍ഡിന്റെ നിറം പച്ചയായതിന്റെ ഉത്തരവാദിത്തം എന്തായാലും നമുക്ക്‌ ഇബ്രാഹിം കുഞ്ഞിനു പതിച്ചുനല്‍കാന്‍ കഴിയില്ല. നിരവധി ഘട്ടങ്ങളില്‍ പച്ചപ്പതാക ശുഭാരംഭത്തിന്റെ ചിഹ്നമായി സ്വീകരിക്കുന്ന പൊതുസ്വഭാവമുള്ള നാട്ടില്‍, കുടുസായ ഇത്തരം ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ സ്വയം അപമാനിതരാവുകയാണ്‌ അത്തരക്കാര്‍. 


ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഭരണരംഗത്തെ എല്ലാ വിധമുള്ള കെടുകാര്യസ്‌ഥതകളെയും തുറന്നു കാണിക്കേണ്ടതുണ്ട്‌. അതില്‍ ലീഗിന്റെ വകുപ്പുകളെപ്പോലെ മറ്റെല്ലാ വകുപ്പും ഉള്‍പ്പെടണം. സദുദ്ദേശത്തോടെ ഉയര്‍ന്നുവരുന്ന ഏതു വിലയിരുത്തലുകള്‍ക്കും നല്ല ഫലം സൃഷ്‌ടിച്ചെടുക്കാന്‍ കഴിയും. കൊതുകിനു ക്ഷീരമുള്ള അകിട്ടില്‍ പഥ്യം ചോരയായിരിക്കും. എന്നാല്‍, പ്രതിബദ്ധതയും സാമൂഹികബോധവുമുള്ള മനുഷ്യര്‍ക്കങ്ങനെ ആയിക്കൂടാ. 


രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും മാധ്യമങ്ങളും പ്രത്യേക അജന്‍ഡയോടെ തുടങ്ങിവയ്‌ക്കുന്ന അനാരോഗ്യകരമായ ചര്‍ച്ചകള്‍ സമാധാനപൂര്‍ണമായ പരിസരങ്ങളിലേക്കു കത്തിച്ചെറിയുന്ന തീപ്പന്തമായി മാറിക്കൊണ്ടിരിക്കുന്നതു കാണാതിരുന്നു കൂടാ. കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത ഇത്തരം തീപ്പന്തമൊരുക്കാന്‍ ബ്രേക്കിംഗ്‌ ന്യൂസിനു വേണ്ടി ക്യാമറയും മൈക്കുമായി തെരുവിലേക്കു പറഞ്ഞുവിടുന്നവര്‍ക്ക്‌ ശീതീകരിച്ച റൂമിലിരുന്നു തുന്നിച്ചേര്‍ക്കാന്‍ കഴിയുന്നതല്ല ഇതിന്റെയൊക്കെ ഭവിഷ്യത്തുകള്‍. 


ലീഗിന്റെ ഭരണരംഗത്തെ അപാകതകളും കുറവുകളും ഉത്തരം നല്‍കേണ്ടത്‌ അവരുടെ മാത്രം ബാധ്യതയാണ്‌. അനാവശ്യമായി പ്രതിയോഗികള്‍ക്കു നിരന്തരം അവസരം സൃഷ്‌ടിച്ചു നല്‍കുന്ന ലീഗ്‌ നേതൃത്വത്തിന്റെ കഴിവുകേടുകള്‍ ഒരു സമുദായത്തെ അന്യായമായി വേട്ടയാടാന്‍ കാരണമായിക്കൂടാ. 


കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ മതിയായ ഇടം ലഭിക്കാതെ പോയ സംഘപരിവാര ശക്‌തികള്‍ക്ക്‌ അതിന്‌ ആവശ്യമായ കളം ഒരുക്കുന്നതില്‍ ഒന്നുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണു ചിലരെല്ലാം. വിദ്വേഷത്തിന്റെ അടിത്തറയില്‍ രൂപപ്പെടുത്തിയ ഒരു രാഷ്‌ട്രീയ സംവിധാനത്തെ പൊതുഅംഗീകാരത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ത്തികൊണ്ടുവരാന്‍ ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ഈ ഘടകങ്ങള്‍ ചെയ്യുന്നതു തീക്കൊള്ളി എടുത്ത്‌ തലചൊറിയുകയാണ്‌. 


സമുദായത്തിനും ലീഗിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കോലാഹലങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന്‌ അതിന്റെ മറയില്‍ സംഘപരിവാര വിഭാഗവും ജാതി സംഘടനകളും പിന്‍വാതിലൂടെ സര്‍ക്കാരില്‍നിന്നു പലതും കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. കള്ളനെ പിടിക്കാനുള്ള കൂട്ടയോട്ടത്തിനിടയില്‍ ഒന്നായി വാരിയെടുത്ത്‌ കൊണ്ടുപോവുന്നത്‌ ഇതിനിടയില്‍ ആരും കാണുന്നില്ല. യഥാര്‍ഥ കള്ളന്‍മാരെ പൊതുസമൂഹത്തില്‍ മറച്ചുവയ്‌ക്കുകയാണ്‌ മാധ്യമങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും ചെയ്യുന്നത്‌. 


പിറവത്തെ തെരഞ്ഞെടുപ്പുവേളയില്‍ എന്‍.എസ്‌.എസ്‌. കൈക്കലാക്കിയ സൗകര്യങ്ങള്‍ അത്രയേറെ വലുതാണ്‌. ഇന്റര്‍ ചര്‍ച്ചും എസ്‌.എന്‍.ഡി.പിയും ഒട്ടും പിന്നിലല്ല. ഭീഷണികളിലൂടെയും കുതന്ത്രങ്ങളിലൂടെയും പരമാവധി സര്‍ക്കാര്‍ സൗകര്യങ്ങള്‍ നേടിയെടുക്കുകയാണ്‌ ഇത്തരക്കാര്‍ ചെയ്യുന്നത്‌. എന്‍.എസ്‌.എസിന്റെ മുഴുവന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സര്‍ക്കാരിന്റെ സഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്‌. 


പുതിയ വിവാദങ്ങള്‍ തീരുമ്പോള്‍ വിലപേശല്‍ ശക്‌തികള്‍ക്കു വീണ്ടും കച്ചവടം നടത്താന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നല്‍കുകയോ ഭൂമി പതിച്ചു നല്‍കുകയോ പാട്ടക്കുടിശിക എഴുതിത്തള്ളുകയോ ചെയ്യും. ഇതൊന്നും ഒരു മേഖലയിലും ചര്‍ച്ചയായി ഉയര്‍ന്നുവരരുതെന്ന്‌ ഏറെ നിര്‍ബന്ധബുദ്ധിയുള്ളവരാണ്‌ മുസ്ലിം സമുദായത്തിന്റെ വിഷയത്തില്‍ ഇരട്ടമുഖം പ്രകടിപ്പിക്കുന്നത്‌. ഇത്തരം ഇരട്ട നീതികളാണ്‌ ശരിയായ അസന്തുലിതാവസ്‌ഥയ്‌ക്കു കാരണമാവുക. അതിനാല്‍, യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ച്‌ നമുക്ക്‌ പച്ചയെ വെറുതേ വിടാം. പച്ച ലീഗിന്റെ സ്വന്തമല്ല.
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"