
.jpg)
വിശ്വാസി സമൂഹത്തിന്റെ കാഴ്‌ചപ്പാടനുസരിച്ചു വിവാഹമെന്നതു സ്വര്‍ഗലോകത്തേക്കു കൂടി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. വിശ്വാസികളല്ലാത്തവര്‍ക്കു ജീവിതാന്ത്യംവരെ സന്തോഷകരമായി നിലനില്‍ക്കേണ്ട ഒന്നാണു വിവാഹം. മനുഷ്യജീവിതത്തില്‍ പവിത്രതയും മാന്യതയും മഹത്വവും കല്‍പ്പിക്കപ്പെടുന്ന ഒന്നാണു കുടുംബജീവിതബന്ധം. സ്‌ത്രീപുരുഷന്‍മാര്‍ക്കിടയിലുള്ള ഒരു ബലിഷ്‌ഠകരാറാണു വിവാഹമെന്നത്. മതവിഭാഗങ്ങളും സമൂഹവും വ്യത്യസ്‌ത രീതി സ്വീകരിക്കുന്നുണ്ടെങ്കിലും വിവാഹത്തോടുള്ള സങ്കല്‍പ്പം മേല്‍പറഞ്ഞതാണ്. രണ്ടു സാമൂഹിക ചുറ്റുപാടുകളെയാണു വിവാഹങ്ങളിലൂടെ ഒന്നാക്കിത്തീര്‍ക്കുന്നത്. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഹ്ലാദകരമായി നടക്കുന്ന ഒരു മഹനീയ കര്‍മമായാണ് എല്ലാവരും വിവാഹത്തെ കണക്കാക്കുന്നത്.
ആചാരവ്യത്യസ്‌ത പുലര്‍ത്തുമ്പോഴും ആ ചടങ്ങിനോടുള്ള ആദരവും പവിത്രതയും പൊതുവേ കാത്തുസൂക്ഷിക്കപ്പെടുന്നത് ഇതിനാലാണ്. ലളിതവും സങ്കീര്‍ണത കുറഞ്ഞതുമാണു മതസങ്കല്‍പങ്ങളിലെ വിവാഹങ്ങള്‍. അതേസമയം, വിവാഹരംഗം ഏറെ സങ്കീര്‍ണമായി മാറി. കുടുംബങ്ങള്‍ക്കു താങ്ങാനാവാത്ത ഭാരമായി മാറുംവിധം അത്യാചരങ്ങളും ജീര്‍ണതയും വിവാഹച്ചടങ്ങുകളോടു ചേര്‍ന്ന് ആധിപത്യം നേടി. ദുരന്തപൂര്‍ണമായ സാമൂഹികരംഗമൊരുക്കുന്ന ഒന്നായി വിവാഹവേള മാറ്റിയെടുക്കാന്‍ ജീര്‍ണതയുടെ ഒഴുക്കിനു സാധിച്ചു. വ്യക്‌തികളുടെ നൈസര്‍ഗികവും മൗലികവുമായ ഒരാവശ്യമാണു വിവാഹമെന്നത്. എന്നാല്‍, വ്യക്‌തിയുടെ സ്വകാര്യതയും വ്യക്‌തിത്വവും പോലും ചോദ്യംചെയ്യുന്ന വലിയ തിന്മകള്‍ വിവാഹരംഗത്ത് ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ധൂര്‍ത്തും ദുര്‍വ്യയവും മാത്രമല്ല അധാര്‍മിക പ്രവണതകളും കടന്നുകയറുന്നതു മൂലം കണക്കറ്റ അനര്‍ഥങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരുവിധം മാന്യത പുലര്‍ത്തുന്നവര്‍ക്കു കുടുംബത്തോടൊപ്പം കല്യാണത്തലേന്നു വിവാഹസദസുകളിലേക്കു കടന്നുചെല്ലാന്‍ കഴിയാത്തത്ര മലീമസമായ അന്തരീക്ഷം നമുക്കു ചുറ്റുമുണ്ട്. സന്തോഷത്തിന്റെയും ആഘോഷത്തിന്റെ ഒരു ധന്യമുഹൂര്‍ത്തത്തില്‍ ഒരുക്കുന്ന ചെറിയ ചില ആസ്വാദനങ്ങളെ അല്ല വിമര്‍ശന വിധേയമാക്കുന്നത്. ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ട് ഒരുതരം പൈശാചികതയുടെ രൂപം കൈക്കൊള്ളുന്ന ചടങ്ങുകളിലെ ജീര്‍ണതയാണ് ഇന്ന് അനിയന്ത്രിത ആധിപത്യം നേടികൊണ്ടിരിക്കുന്നത്.
പരിപാവനതയും മാന്യതയും സ്വകാര്യതയും നിഴലിട്ടുനില്‍ക്കേണ്ട കുടുംബ സാമൂഹിക അന്തരീക്ഷത്തെയാണ് ഇത്തരം ജീര്‍ണതകള്‍ കടന്നാക്രമിക്കുന്നതും തകര്‍ക്കുന്നതും. മാന്യത കല്‍പ്പിക്കപ്പെടുന്ന കുടുംബബന്ധങ്ങളില്‍ ശൈഥില്യവും അസ്വസ്‌ഥതയും പകര്‍ന്നു നല്‍കുന്ന വിധമുള്ള സാംസ്‌കാരിക അധിനിവേശം നടന്നുകഴിഞ്ഞിരിക്കുന്നു. ധാര്‍മിക, സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ സ്വഭാവവിശേഷത്തെ കീഴ്‌മേല്‍ മറിക്കും വിധം മറ്റു മേഖലകളിലുണ്ടായ അധിനിവേശം കുടുംബഘടനകളെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ചെറിയ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച് അവജ്‌ഞയോടെ പെരുമാറുന്ന രീതിയാണു സാമൂഹിക തിന്മകള്‍ക്കു മേല്‍ക്കൈ നേടാന്‍ അവസരമൊക്കുന്നത്. അതുകൊണ്ടാണു വഴിവിടലുകളെ ഗൗരവപൂര്‍വം സമീപിക്കേണ്ടിവരുന്നത്.
ഒന്നു പാടിയാലെന്ത്? ഒന്നുകൂടിയാലെന്ത്? എന്ന ലളിത ചോദ്യത്തോടെ വമ്പന്‍ ജീര്‍ണതകളോടു ലാഘവ നിലപാട് സ്വീകരിക്കുന്നത് അപകടമാണു വിളിച്ചുവരുത്തുക. വാണിമേല്‍ നടന്നതു നിസാരമായ ഒന്നല്ല. സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രവണതകളില്‍ ഒന്നുമാത്രം. എന്തെല്ലാം സങ്കല്‍പ്പങ്ങളും മോഹങ്ങളുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ തകര്‍ന്നുവീഴുക. സാമ്പത്തിക നഷ്‌ടങ്ങളെക്കാള്‍ ഇരു കുടുംബങ്ങളും സഹിക്കേണ്ടിവരുന്ന മാനസിക പ്രയാസങ്ങളും അഭിമാനക്ഷതവും ഏറെ വലുതാണ്. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആഹ്ലാദപൂര്‍ണമായി പര്യവസാനിക്കേണ്ട മഹനീയവും പവിത്രവുമായ ചടങ്ങാണു കൈയാങ്കളിയില്‍ കലാശിക്കുന്നത്. ആത്മമിത്രങ്ങളായ സുഹൃത്തുക്കളാല്‍ വിളക്കിച്ചേര്‍ക്കേണ്ട ബന്ധമാണു തച്ചുടയ്‌ക്കപ്പെടുന്നത്. നഗരങ്ങളെക്കാള്‍ പലപ്പോഴും ഗ്രാമങ്ങള്‍ക്ക് ഒരു നിഷ്‌കളങ്കത നാം കല്‍പ്പിച്ചുപോരുന്നുണ്ട്. എന്നാല്‍, ഗ്രാമങ്ങളില്‍ പോലും വിവാഹവേദികളില്‍ അരങ്ങേറുന്ന ആഭാസങ്ങളും കൂത്താട്ടങ്ങളും സംസ്‌കാര സമ്പന്നമായ നമ്മെ ലജ്‌ജിപ്പിക്കും വിധത്തിലുള്ളതാണ്. ധാര്‍മികമൂല്യങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന കുടുംബങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത്ര വലിയ അത്യാചാരങ്ങളാണ് ഇന്നു നടമാടുന്നത്. സമ്പന്നകുടുംബങ്ങള്‍ ചെയ്‌തു കാണിക്കുന്ന മാതൃകകളോടു മല്‍സരിക്കാന്‍ തുനിയുന്നതു മധ്യവര്‍ഗത്തേക്കാള്‍ സാധാരണക്കാരാണ്. ഫലം കിടപ്പാടം നഷ്‌ടപ്പെടലും ബാങ്ക് ജപ്‌തിയും ആത്മഹത്യയും. ഒരു തരം ദുരഭിമാന ത്വരയാണ് ഇതിനു പ്രേരിപ്പിക്കുന്നത്.
ചില പ്രദേശങ്ങളില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങാണു വിവാഹാഘോഷം. കൊട്ടുംകുരവയും ആനയും അമ്പാരിയും കുതിരയുമെല്ലാം ഓരോരുത്തരുടെയും താന്‍പോരിമ കാണിച്ച് ഒരുതരം മല്‍സരവേദിയാക്കുകയാണ്. സമ്പത്തിന്റെയും സ്വാധീനത്തിന്റെയും വലിപ്പങ്ങളുടെ പ്രദര്‍ശനമായി മാറുകയാണ് ഇതെല്ലാം.
വിവാഹത്തലേന്നു ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകളില്‍നിന്നു നിറഞ്ഞ ബോട്ടിലുകളുമായി പ്രത്യേക വാഹനംതന്നെ കല്യാണപ്പന്തലിലേക്ക് ഏര്‍പ്പാട് ചെയ്‌തു നല്‍കുന്നില്ലെങ്കില്‍ അയാള്‍ മോശക്കാരനായാണു കണക്കാക്കപ്പെടുന്നത്.
ജീവിതാന്ത്യം വരെ സന്തോഷകരമായ ജീവിത സങ്കല്‍പ്പവുമായി സ്വന്തം സ്വകാര്യതയിലേക്കു കടന്നുവരുന്ന പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കു മുമ്പിലേക്ക് അഴിച്ചുവിട്ടുകൊടുക്കാത്തതിന്റെ പേരില്‍ വിവാഹപ്പന്തലുകളില്‍ ബഹളം സൃഷ്‌ടിക്കുന്ന വരും തലമുറ സമ്പന്നമായ നമ്മുടെ സംസ്‌കാരത്തെയാണു തകര്‍ക്കുന്നത്. കുത്തഴിഞ്ഞ ജീവിതബന്ധങ്ങളും സ്വഭാവങ്ങളും നിലനില്‍ക്കണമെന്നു വാദിക്കുന്നവര്‍ക്കു ന്യായങ്ങള്‍ ഉണ്ടായേക്കാം. അതേസമയം, ജീര്‍ണതയുടെ അതിവേഗമുള്ള സ്വാധീനം സമൂഹമനസിനെ അടിമപ്പെടുത്തുമ്പോള്‍ അത്തരം ന്യായങ്ങള്‍ക്കു നിലനില്‍ക്കാന്‍ കഴിയില്ല.
പെണ്ണുകാണല്‍ തൊട്ട് ആരംഭിക്കുന്നുണ്ട് അപചയങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിനു മാത്രം ഇഷ്‌ടപ്പെട്ടാല്‍ പോരാ ഇന്ന്. കൂട്ടുകാരുടെ ഇഷ്‌ടവും അവരോടുള്ള സമീപനവും പ്രധാനഘടകമായി മാറുന്നുണ്ട്. സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറുന്ന ജീവിതപങ്കാളിയുടെ വിദ്യാഭ്യാസത്തെയും ധാര്‍മികതയെയും സൗന്ദര്യത്തെയും കുറിച്ചുള്ള യുവാവിന്റെ സങ്കല്‍പ്പത്തിനു വലിയ പരിഗണ പലപ്പോഴും കുടുംബങ്ങളും വകവച്ചു നല്‍കുന്നില്ല. വിരൂപിയായ സഹോദരിക്കും സഹോദരന്റെ ഭാര്യയേക്കുറിച്ചു വികല സൗന്ദര്യസങ്കല്‍പ്പമാണു നിലനില്‍ക്കുന്നത്.
പെണ്ണുകാണലിലും വിവാഹമുറപ്പിക്കലിലും വിവാഹവിവാഹാനന്തര ചടങ്ങുകളിലും കടന്നുകൂടിയ ആചാരങ്ങള്‍ പൊതുഭാരമായി മാറി. സാമ്പത്തികശേഷിയോ കഴിവോ ഇല്ലാത്ത സാധാരണക്കാര്‍ ഈ ആചാരങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നു. നന്മകള്‍ കുറഞ്ഞുകൊണ്ടുള്ള ബാഹ്യപ്രകടനങ്ങളായി മാറിയിരിക്കുന്നു വിവാഹമിന്ന്.
സമാധാനപൂര്‍ണമായ ജീവിതമാഗ്രഹിച്ചാണ് എല്ലാവരും വിവാഹബന്ധത്തിലേര്‍പ്പെടുന്നത്. പരസ്‌പരം അത്താണിയായിനിന്നു ജീവിതം മുമ്പോട്ടു കൊണ്ടുപോവേണ്ട യുവദമ്പതികള്‍ പലപ്പോഴും സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഭാരങ്ങളാല്‍ തുടക്കം മുതല്‍ വേദനപേറുകയാണ്. പുരുഷന്റെ പൗരുഷം വിവാഹമാര്‍ക്കറ്റില്‍ വിലപേശി വില്‍ക്കപ്പെടുന്നു. ആണ്‍കുട്ടികളുള്ളവര്‍ ഒരു വരുമാന സ്രോതസായി വിവാഹത്തെകണക്കാക്കുന്നു. സ്‌ത്രീധനമെന്ന സാമൂഹികവിപത്ത് വരുത്തുന്ന വിന വലിയതോതില്‍ അനുഭവിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കള്‍ പലരും തെരുവില്‍ കൈനീട്ടി യാചിക്കുന്നു. സ്വന്തം പുത്രിക്കു മണിയറയില്‍ സന്തോഷം പങ്കിടാന്‍ വഴിയൊരുക്കുന്ന രക്ഷിതാക്കള്‍ പലരും കിടപ്പാടം നഷ്‌ടപ്പെട്ടവരാണ്. മകളുടെ വിവാഹത്തിനു സ്വര്‍ണം വാങ്ങാന്‍ പോയ പിതാവ് ആത്മഹത്യ ചെയ്‌ത വാര്‍ത്ത തിരുവനന്തപുരത്തുനിന്നു കേട്ടതിന് അധികകാലം പഴക്കമില്ല. വ്യവസായമോ ചൂഷണമോ ആയി മാറിയ വിവാഹം കമ്പോള സംസ്‌കാരമാണ് ആര്‍ഭാടങ്ങളുടെയും തിന്മയുടെയും കേളീരംഗമായി പാവനമായ ഒരു കര്‍മത്തെ വഴിമാറ്റിവിട്ടത്. സന്തോഷം പ്രധാനം ചെയ്യേണ്ട മഹത്തായ കര്‍മരംഗം ദുരന്തപൂര്‍ണമായി മാറാതിരിക്കാന്‍ ബോധവല്‍ക്കരണം അനിവാര്യമാണ്. കുടുംബസാമൂഹിക ബന്ധങ്ങളെ സുദൃഢമാക്കി ധൂര്‍ത്തും ദുര്‍വ്യയവും അത്യാചാരവും ജീര്‍ണതയും ഒഴിഞ്ഞുനില്‍ക്കുന്ന വിവാഹവേദികള്‍ക്കായുള്ള പൊതുബോധം ഉയര്‍ന്നുവരേണ്ടതുണ്ട്.
3 അഭിപ്രായങ്ങൾ:
യഥാര്‍ത്തത്തില്‍ ഇതുതന്നെയാണ്് നമ്മുടെ നാട്ടില്‍ നടക്കുന്നത്.ജുമഅകഴിഞ്ഞ് ഇറങ്ങി വരുപ്പോള്‍ എനിക്ക് 3 പെണ്‍മക്കളാണ് മുത്ത കുട്ടിക്ക് 30 വയസുണ്ട്, വിവാഹം നിശ്ചയുച്ചു, സ്തീധനം കൊടുക്കാന്‍ കാശില്ല, നിങ്ങളാല്‍ കഴിയുന്നത് നല്‍കി സഹായിക്കണം.............. ഇത് എത്രകാലമായി കേള്‍ക്കുന്നു. ഇവിടെ തന്റെടമുള്ള യുവാക്കളില്ലേ....ഈ ജീര്‍ണ്ണതക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍....
സ്തീധനത്തിന്റെ പേരില്‍ എതെങ്കിലും ഒരു സഹോദരി അന്യമതസ്തനായ ഒരു യുവാവിന്റെ കൂടെ പോയിട്ടുണ്ടെങ്കില്‍ യുവാക്കളെ.... നിങ്ങളാണതിന് ഉത്തരവാദികള്‍...ഇതിനെതിരെ രംഗത്ത് വരാന്‍ തയ്യാറുള്ള യുവാക്കളുടെ കൂട്ടായ്മ ഉണ്ടാക്കണം..
ഇതൊരു കാംപയിനായി യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങണം...ഏതെങ്കിലും ഒരു മുസ്‌ല്യാര്‍ വഅള് പറഞ്ഞതുകൊണ്ടോ ബ്ലോഗില്‍ എഴുതിയതുകൊണ്ടോ മാത്രം ഇതില്‍ നിന്നും മോചനം ലഭിക്കില്ല... അങ്ങനെയെങ്കില്‍ എന്നെ രക്ഷപ്പെട്ടേനെ...
സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ചവരും വിവാഹത്തിന് ഒരുങ്ങിയവരുമായ യുവാക്കള്‍ സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാടുകളുമായി സമൂഹത്തിന്റെ അടിത്തറയിലേക്ക് ഇറങ്ങിച്ചെലുക...
ഇപ്പോഴത്തെ പണ്ഡിതന്മാരാരും സ്ത്രീധനത്തിനെതിരെ പറയില്ല.. പറയുന്നവര്‍ അതുപോലെ പ്രവര്‍ത്തിക്കുന്നവരുമല്ല...
സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്ന പാവപ്പെട്ടവരായ യുവാക്കള്‍ക്ക് അവര്‍ക്കാവശ്യമായ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുകയെങ്കിലും വേണം...
സ്ത്രീധനം വാങ്ങാതെ ഞാന്‍ വിവാഹം കഴിക്കുമെന്നു പറഞ്ഞാല്‍ അവന്റെ വീട്ടുകാര്‍ അവനെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുക... നിന്റെ കൈയ്യില്‍ പണമുള്ളതുകൊണ്ടായിരിക്കാം നീ അങ്ങനെ ചെയ്യുന്നത്...എല്ലാ ചിലവും നീ തന്നെ വഹിച്ചോ... അതിനു കഴിയുമെങ്കില്‍ നീ വിവാഹം ചെയ്താല്‍ മതി എന്നൊക്കെ പറയുമ്പോള്‍ നിസ്സഹയരായ യുവാക്കള്‍ സ്ത്രീധനം വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്...
നന്നായി എഴുതിയിരിക്കുന്നു. വളരെ സാമൂഹിക പ്രാധാന്യമുള്ള പോസ്റ്റ്. വിവാഹത്തിന്റെ പേരിൽ നടക്കുന്ന ഈ ജീർണ്ണത അവസാനിപ്പിക്കണം.
ആശംസകൾ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ