2013, ജനുവരി 8, ചൊവ്വാഴ്ച

ഉമര്‍ഖാളിയുടെ സമരവീര്യം -1

   ചരിത്രമാറ്റങ്ങള്‍ക്ക് പങ്കാളിത്തവും നേതൃത്വവും വഹിക്കുക എന്നതും അതിന് മൂകസാക്ഷിയാകുക 
എന്നതും രണ്ടുതരം പ്രവര്‍ത്തനങ്ങളാണ്.ജനസമൂഹങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതപരിതസ്ഥിതികളില്‍നിന്ന് അവരെ മുക്തരാക്കി,അന്യായമായ ആധിപത്യപ്രവണതകളോട് കലഹിച്ച്നീതിസ്ഥാപി ക്കാന്‍ ഉദ്യമിക്കുന്നതാണ്  ആദ്യത്തെ പ്രവര്‍ത്തനമെങ്കില്‍ ഈ സാമൂഹിക ദുരന്തങ്ങളോടെല്ലാംവിമുഖമായി ആധിപത്യ താല്‍പര്യങ്ങളെ നിശ്ശബ്ദം പിന്തുണച്ച് ചരിത്രത്തില്‍ കാഴ്ചക്കാരായി നില്‍ക്കുക എന്നതാണ്രണ്ടാമത്തെപ്രവര്‍ത്തനം. ഇത്തരംകാഴ്ചക്കാരുംആധിപത്യതാല്പര്യങ്ങളുടസംരക്ഷകരു മായ പലരും പില്‍കാലത്ത് വലിയ വിമോചന നവോത്ഥാന നിര്‍വ്വഹണങ്ങളുടെ പ്രായോക്താക്കളായി ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.
          കൊളോണിയലിസത്തിന്റെ സാംസ്കാരിക മൂല്യങ്ങളോട് താദാത്മ്യപ്പെട്ടവര്‍പില്‍കാലചരിത്രവായനകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവരായത് കോളണിയനന്തര ഇന്ത്യന്‍ദേശീയതരൂപപ്പെട്ടതുംവികസിച്ചതും അവരുടെതന്നെ ജ്ഞാന വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാലാണ്.ഇങ്ങനെ  കൊളോണിയലിസത്തിന്റെ ആധിപത്യ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഇടതടവില്ലാതെ വിമോചനസമരം നിര്‍വഹിച്ച ഒരു ജനസമൂഹം കലാപകാരികളും അവരുടെ ഉലമാക്കളായ നേതാക്കള്‍ കൂറ്റവാളികളുമാകുന്ന ഒരു വൈപരീത്യം ചരിത്രത്തില്‍ സംഭവിച്ചു.
   പതിനെട്ടാം നൂറ്റാണ്ട് അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലെതന്നെയും മലബാര്‍ മേഖല 
യില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്നും ജന്‍മിത്ത നാടുവായിത്ത ശക്തികളുടെ നീതിരഹിതമായ അധി 
കാരവാഴ്ച്ചക്കുമെതിരെ മാപ്പിളമാര്‍ നടത്തിയ ഇടതടവില്ലാത്ത പോരാട്ടങ്ങള്‍ ഇപ്പൊഴും മാപ്പിള കലാപങ്ങള്‍ മാത്രമായി ഇകഴ്ത്തപ്പെടുന്നത് മുകളില്‍ സൂചിപ്പിച്ച കാരണത്താല്‍ തന്നെയാണ്.
   മാപ്പിളസമരങ്ങള്‍ക്ക് പ്ര്യത്യയശാസ്ത്ര പിന്‍ബലമൊരുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത 
പ്രമുഖരായ ഉലമാക്കള്‍ക്ക് നമ്മുടെ പൊതു ചരിത്രരചനകളില്‍ ഇടംലഭിക്കാതെ പോയത് യാദൃശ്ചികമല്ല.ഇന്ത്യയിലാദ്യമായി നികുതിനിഷേധത്തെ ഒരു സമരായുധമായി പ്രയോഗിച്ചത് ഉമര്‍ഖാളി(റ)ആയിരുന്നു.മലബാറിലെ മാപ്പിള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആത്മജ്ഞ്ജാനിയും സാത്വികനുമായ ഈ മഹാന്‍ നമ്മുടെ പൊതു ചരിത്ര രചനകളില്‍ ഇടംനേടാതെ പോയത് എന്തു കൊണ്ടാണ് ?ഈ അവഗണനയുടെ കാര്യകാരണങ്ങള്‍ തിരയുന്നതിന്നു പകരം ഉമര്‍ഖാളിയുടെയും സമാനാരായ പണ്ഡിതന്‍മാരുടെയും വിമോചന നിര്‍വാഹനത്തിന്റെ യഥാര്‍ത്ഥ താല്‍പ്പര്യത്തെ ശരിയായി സ്ഥാനപ്പെടുത്തുന്ന ഗവേഷണ ഉദ്യമങ്ങള്‍ ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ചരിത്രപശ്ചാത്തലം 
   ടിപ്പുവിന്റെ അധികാരവും ആദര്‍ശപൂര്‍ണമായ അദ്ദേഹത്തിന്റെ ഭരണ നിര്‍വ്വഹനവും ഒടുവില്‍ വഞ്ചനയും ഉപചാപങ്ങളും നടത്തി അദ്ദേഹത്തിന്റെ ആധിപത്യത്തെയും പ്രതിരോധ നീക്കങ്ങളെയും ബ്രിട്ടീഷ് സാമ്രാജ്യത്വം തകര്‍ത്തതും മലബാര്‍ മേഖലയില്‍ കൂടി കൊളോണിയല്‍ അധികാരം സ്ഥാപിക്കപ്പെട്ടതും ഉമര്‍ഖാളിയുടെ യൌവ്വനകാലത്താണ്.ടിപ്പുവിന്റെ ആധിപത്യകാലത്ത് മലബാറിന്റെ ഭൂനിയമങ്ങളും സാമ്പത്തിക ഘടനയും സാംസ്കാരികാവസ്ഥകളുമെല്ലാം അടിമുടി അഴിച്ചുപണിയപ്പെട്ടു.സാമൂഹിക ഉച്ച്നീച്ചത്വത്തിന്റെയും വിശ്വാസപരമായ അടിത്തറ നല്‍കി ചരിത്രത്തില്‍ 
തുടര്‍ന്നുവന്ന ജാതീയമായ അടിമത്തത്തിന്റെയും ദുഷ്ട,ക്രൂര,നികൃഷ്ടമായ ദുരാചാരങ്ങള്‍ അരങ്ങു -
വാണിരുന്ന മലബാര്‍ മേഖലയെ ഉത്പാദനപൂര്‍ണ്ണവും സംസ്കാരസമ്പന്നവും വികസനോന്‍മുഖവു 
മായ ഭരണ നിര്‍വ്വഹണങ്ങളിലൂടെ ടിപ്പുസുല്‍ത്താന്‍ മാറ്റിക്കൊണ്ടിരുന്നപ്പോള്‍ പരമ്പരാഗത ഭൂസ്വാമികള്‍ക്കും സവര്‍ണ്ണ ഢമ്പിന്റെ കുലപതികള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി.പലരും തിരുവിതാംകൂറിലേക്ക് ഒളിച്ചോടുകയും ടിപ്പുവിന്റെ ആധിപത്യമാവസാനിപ്പിക്കാന്‍ ബ്രിട്ടീഷുകാരോടൊത്ത് ചേര്‍ന്നു ഉപചാപങ്ങള്‍ തുടരുകയും ചെയ്തു.ഇന്ത്യയില്‍ കോളണിശക്തികള്‍ക്ക് ശക്തവും ധീരോദാത്തവുമായ യഥാര്‍ത്ഥ ചെറുത്തുനില്‍പ്പ് അഭിമുഖീകരിക്കേണ്ടിവന്നത് ടിപ്പുസുല്‍ത്താനില്‍ നിന്നുമായിരുന്നല്ലോ.യഥാര്‍ത്ഥ ദേശീയ ബോധത്തിന്റെ അഭിമാനകരമായ ഈ പ്രതിരോധ ആര്‍ജ്ജവത്തിനെതിരെ ഇന്ത്യയിലെ നാട്ടുരാജ്യ അധികാരശക്തികള്‍ തന്നെ കൊളോണിശക്തികളോട് ചേര്ന്ന്‍ ഉപചാപങ്ങള്‍ നടത്തിയത് എന്തുമാത്രം ദുരന്തപൂര്‍ണമാണ്.
   ടിപ്പുവിന്റെ ധീരോദാത്തമായ രക്തസാക്ഷിത്വത്തിന്നുശേഷം മലബാര്‍ മേഖല സമ്പൂര്‍ന്നമായയും ബ്രിട്ടീഷ് നിയന്ത്രണത്തിലായി.പരമ്പരാഗത ഭൂസ്വാമികളെയും ഫ്യൂഡല്‍ അധികാരശക്തികളെയും പൂര്‍വ്വാധികം അധികാരങ്ങളോടെ കൊളോണിശക്തികള്‍ മലബാറിലേക്ക് തിരിച്ചുകൊണ്ടുവന്നു.മാപ്പിളമാരെയും കര്‍ഷകജനതയെയും സംബന്ധിച്ച് അത്യന്തം പ്രകോപനപരമായ ഭൂനിയമങ്ങളും മാപ്പിളമാരോട് വിവേചനമനുവര്‍ത്തിക്കുന്ന കരിനിയമങ്ങളും നടപ്പാക്കി.സാമൂതിരിയുടെ വാഴ്ചക്കാലത്ത് തുടര്‍ന്നുവന്ന മാപ്പിളമാര്‍ക്ക് മാത്രം ബാധകമായ മരണക്കരം വീണ്ടും പൂര്‍വ്വാധികം പ്രാബല്യത്തോടെ പുനസ്ഥാപിക്കപ്പെട്ടു.ടിപ്പുവിന്റെ ആധിപത്യകാലത്ത് മരിച്ചുപോയവര്‍ക്കുപോലും അവ -രുടെ പിന്മുറക്കാരായ മാപ്പിളമാര്‍ ഈ മരണക്കരം ഒടുക്കേണ്ടതായ നിര്‍ബന്ധിതാവസ്ഥ കൈവന്നു.
ഇങ്ങനെ ഒരേസമയം സാമ്രാജ്യത്വത്തിന്റെ രൌദ്രമായ പ്രതികാര നടപടികള്‍ക്കും തദ്ദേശീയ ഫ്യൂഡല്‍ ശക്തികളുടെ കുടിലമായ പ്രതിക്രിയകള്‍ക്കും സാധാരണ മാപ്പിളസമൂഹം വിധേയരായി.
ആദ്യകാല മുന്നേറ്റങ്ങള്‍ 
   കൊളോണിയല്‍ ഫ്യൂഡല്‍ മര്‍ദ്ദക വാഴ്ച ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ മാപ്പിളജനനായക -
ന്മാരുടെ നേതൃത്വത്തില്‍ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെട്ടിരുന്നു.മഞ്ചേരി അത്തന്‍ ഗുരുക്കള്‍ , എളമ്പുളശ്ശേരി ഉണ്ണിമൂസ മൂപ്പന്‍,ചെമ്പന്‍ പോക്കര്‍ പോലുള്ള ധീരന്മാരായ മാപ്പിള ജനനായകന്മാ 
ര്‍ ഒറ്റക്കും കൂട്ടായുമൊക്കെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പുകളാരംഭിച്ചു ആദ്യം ബ്രിട്ടീഷ് സേവ ചെയ്ത് ടിപ്പുസുല്‍ത്താനെതിരെ നില കൊണ്ട ഭരണാധികാരിയായിരുന്ന പഴശ്ശിരാജ പില്‍ക്കാലത്ത് കടുത്ത ബ്രിട്ടീഷ് വിരോധിയാകുകയും വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ചു ചില ആദിവാസി വിഭാഗങ്ങളുടെയും മുകളില്‍ സൂചിപ്പിച്ച ജനനായകന്മാരുടെയും സഹായത്തോടെ ബ്രിട്ടീഷ് വിരുദ്ധമായ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു.എന്നാല്‍ മാപ്പിള ജന നായ - കന്‍മാരെലാം ധീരോദാത്തം പൊരുതി രക്തസാക്ഷികളായപ്പോള്‍ പയശ്ശിരാജ രക്ഷയില്ലെന്ന് കണ്ട് 
സ്വന്തംകത്തി വയറ്റില്‍  കുത്തിയിറക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതേസമയം 
കൊളോണിയലിസത്തിനെതിരെയുള്ള കരുതലോടെയുള്ള മുന്നേറ്റങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി 
മമ്പുറം തങ്ങള്‍ ,ഉമര്‍ഖാളി,സയ്യിദ് ഉസൈന്‍ തങ്ങള്‍ ,മരക്കാരകത്ത് ഔകോയ മുസ്ലിയാര്‍ തുടങ്ങിയ വര്‍ രംഗത്തുണ്ടായിരുന്നു.മാപ്പിള ജനനായകന്മാരെ അടിച്ചമര്‍ത്തുകയും പയശ്ശിയുടെ ആത്മഹത്യക്കു ശേഷം ബ്രിട്ടീഷ് രാജ് സ്ഥാപിതമായ ആദ്യഘട്ടത്തില്‍ തന്നെ നീതിരഹിതമായ ഭരണക്രമങ്ങള്‍ക്കെ തിരെ നികുതി നിഷേധത്തെ പ്രതിരോധ ആയുധമാക്കി ഉമര്‍ഖാളി രംഗത്ത് വന്നു.മമ്പുറം തങ്ങളുടെ സുഹൃത്തും ശിഷ്യനുമായ ഉമര്‍ഖാളി തന്റെ ധീരോദാത്തമായ നിലപാടുകളും നടപടികളും നിമിത്തം ജയില്‍വാസം വരെ അനുഭവിച്ചു.ആ സംഭവം ഇപ്രകാരമായിരുന്നു.
                                                                                             (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"