
പേരും സമുദായവും നോക്കി കുറ്റകൃത്യങ്ങള്‍ ലഘുവും ഗുരുവുമായിക്കൂടാ. തിരുവനന്തപുരത്തെ മുഹ്‌സിനെ ലെറ്റര്‍ ബോംബിന്റെ പേരില്‍ കുറ്റവാളിയാക്കി അയാളുടെ ജീവിതം തകര്‍ത്തു. യഥാര്‍ത്ഥ പ്രതി പിടിക്കപ്പെട്ടപ്പോള്‍ മനോരോഗമായി ലളിതവല്‍ക്കരിച്ചു. റെയില്‍ പാളത്തിലെ ബോംബ് മുസ്ലിം സമുദായമല്ലാത്തതിനാലാണ് വ്യക്‌തിവൈരാഗ്യമായതെന്ന് ഏതു സാധാരണക്കാരനും അടക്കം പറയുന്നുണ്ടെങ്കില്‍ അതിലേക്കു കാര്യങ്ങളെത്തിച്ചതിന്റെ ഉത്തരവാദിത്തില്‍ നിന്ന് നമ്മുടെ സേനയ്‌ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല
നിയമം അനുസരിക്കേണ്ട ജനങ്ങള്‍ അതു കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് സ്വസ്‌ഥതയുണ്ടാവില്ല. അതു തടയുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന എല്ലാ നീക്കങ്ങള്‍ക്കും ജനങ്ങളുടെ സ്വാഭാവിക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിയമവാഴ്‌ച ഉറപ്പാക്കുകയും ജനങ്ങളില്‍ സുരക്ഷിതബോധം പകര്‍ന്നു നല്‍കുകയും ചെയ്യേണ്ട ബാധ്യത ആഭ്യന്തരവകുപ്പിന്റേതാണ്.
കുറ്റകൃത്യങ്ങള്‍ തടയാനും സ്വൈരജീവിതം ഉറപ്പാക്കാനും നടത്തുന്ന ആത്മാര്‍ഥവും നിഷ്‌പക്ഷവുമായ ഒരു നീക്കത്തെയും ആരും എതിര്‍ക്കുകയോ വില കുറച്ചുകാണുകയോ ചെയ്യില്ല. വിയോജിപ്പുകള്‍ക്കിടയിലും കഴിഞ്ഞ നാലഞ്ചുമാസത്തിനിടെ സംസ്‌ഥാനത്ത് അക്രമ രാഷ്‌ട്രീയത്തിനെതിരായി നടന്ന നല്ല നീക്കങ്ങള്‍ക്ക് പൊതുപിന്തുണ ലഭിച്ചതും അത്തരമൊരു മനോനിലയില്‍നിന്ന് തന്നെയാവണം. അതിനുള്ള ക്രെഡിറ്റ് മറ്റാരെക്കാളും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് തന്നെയാണ് അവകാശപ്പെടാനാവുക. അതേസമയം കാതലായ രാഷ്‌ട്രീയ വിമര്‍ശനങ്ങളുടെ അകക്കാമ്പ് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത് മറ്റൊരവസരത്തിലാവാമെന്നു തോന്നുന്നു.
ജനഹിതമറിഞ്ഞുകൊണ്ടുകൂടിയാവണം പോലീസ് മുമ്പോട്ടുപോവേണ്ടത്. പലപ്പോഴും ഇതില്‍നിന്നുളള വ്യതിയാനങ്ങള്‍ നികത്താനാവാത്ത വിടവുകളിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്. ജനായത്ത ഭരണ സംവിധാനത്തിലെ പോലീസിനൊരിക്കലും രാജഭരണത്തിന്റേയോ ഏകാധിപത്യ ഭരണത്തിന്റെയോ ശീലങ്ങള്‍ കൈവന്നുകൂടാ. നമ്മുടെ സേനയെക്കുറിച്ച് നല്ല മതിപ്പുകള്‍ ആവോളം പങ്കുവെയ്‌ക്കാനുണ്ടാവുമ്പോഴും കല്ലുകടികള്‍ അപമാനങ്ങളായിത്തന്നെ മുഴച്ചുനില്‍ക്കുന്നുണ്ട്.
നാലുവര്‍ഷത്തിനടുത്ത് കേരളത്തിന്റെ പോലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് അധികാരദണ്ഡ് പുതിയ മേധാവിക്ക് ഓഗസ്‌റ്റ് 31ന് കൈമാറി. പുതിയ മേധാവി കെ.എസ്. ബാലസുബ്രഹ്‌മണ്യത്തിന് ഭരണകാര്യങ്ങളില്‍ തനതു ശൈലിയുണ്ട്. മുന്‍ഗാമികളുടെ ശൈലി കടംകൊണ്ടാവില്ല ഓരോരുത്തരും തങ്ങളുടെ കഴിവും പ്രാവീണ്യവും തെളിയിക്കുക. പ്രത്യേകിച്ച് സേനയ്‌ക്കകത്ത് അത്തരം കീഴ്‌വഴക്കങ്ങള്‍ കുറവാണ്. നയപരമായ കാര്യങ്ങളിലൊഴികെ നൂതന പരിഷ്‌കാരങ്ങള്‍ വരുത്തി ഭരണനൈപുണ്യം തെളിയിക്കുന്നവരെയാണ് എക്കാലവും നല്ലനിലയില്‍ സ്‌മരിക്കപ്പെടുക. അതിന് അവസരമൊരുക്കാന്‍ പിന്‍ഗാമികള്‍ക്ക് കഴിയുംവിധം വഴി തുറന്നിടുന്ന ഒരു നല്ലശീലം പൊതുവായി എല്ലാവരും സ്വീകരിച്ചുകാണാറുണ്ട്.
2012 ഓഗസ്‌റ്റ് 31ന് പോലീസ് ആസ്‌ഥാനത്തുനിന്ന് 27/2012 നമ്പറില്‍ താഴേക്കുപോയ സര്‍ക്കുലര്‍ ഈയൊരു നല്ല ശീലത്തിന് കളങ്കമായില്ലേ എന്ന പ്രതിവാദം ആശങ്കയായി രേഖപ്പെടുത്താതിരുന്നുകൂടാ.
പൊതുചര്‍ച്ചയായി വരുന്ന ഒരു വിഷയത്തില്‍ പിന്‍ഗാമിക്ക് മതിയായ പഠനത്തിന് സാവകാശം നല്‍കേണ്ടതായിരുന്നു. വിശിഷ്യാ മുന്‍വിധികള്‍ കുറയുകയും കാര്യങ്ങളില്‍ ശ്രദ്ധിച്ചു നീങ്ങുകയും ചെയ്യുന്ന ഒരാള്‍ പിന്‍ഗാമിയായി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അധികാര കൈമാറ്റത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ പുറത്തുവരുന്ന ഒരു ഉത്തരവിന് പിന്നിലെ കൗശലങ്ങള്‍ പലതാവാന്‍ വഴിയുണ്ട്. ഇവ്വിധമുള്ള ഉത്തരവുകളുടെ സാംഗത്യവും നിയമപ്രാബല്യവുമെല്ലാം നിയമം ലോകം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്.
സദാചാരത്തെക്കുറിച്ച് നല്ല വിചാരങ്ങള്‍പോലും വല്ലാത്ത അസഹിഷ്‌ണുതയോടെയും മുന്‍വിധിയോടെയും കാണുന്നവര്‍ക്ക് വീണ്ടുമൊരു പ്രകോപനം സൃഷ്‌ടിക്കാനല്ല ഈ രണ്ടാംപക്ക പങ്കുവെയ്‌ക്കല്‍. പൊതുസമൂഹത്തിന് അലോസരം സൃഷ്‌ടിക്കുകയും അസ്വസ്‌ഥത പകരുകയും ചെയ്യുന്ന സദാചാരപോലീസിനെക്കുറിച്ച് പോലീസ് മേധാവിയുടെ നല്ല ചിന്തയെ വിമര്‍ശിക്കുന്നത് ശരിയല്ല.
ക്രമസമാധാനപാലനത്തിന്റെ മുഖ്യചുമതലക്കാര്‍ ആവഴി ചിന്തിക്കുകയും മുമ്പോട്ടുപോവുകയും ചെയ്യുന്നില്ലെങ്കില്‍ അയാള്‍ ആ സ്‌ഥാനത്തിന് യോഗ്യനല്ല. അതേസമയം ഒളിയമ്പുകളിലെ വിഷം സാവകാശ മരണത്തിന് വഴിയൊരുക്കുന്ന രംഗങ്ങള്‍ മുന്‍കൂട്ടി കാണാതിരുന്നുകൂടാ.
ഏതു കുറ്റകൃത്യവും തടയാനും ആവര്‍ത്തിക്കപ്പെടാതിരിക്കാനും പര്യാപ്‌തമായ വഴികള്‍ നമ്മുടെ ക്രിമിനല്‍ നിയമത്തിലുണ്ട്. അതിന്റെ പ്രായോഗികതയെക്കുറിച്ച് മതിയായതിലധികം അറിവ് നമ്മുടെ ഉദ്യോഗസ്‌ഥന്മാര്‍ക്ക് നിലവിലുണ്ടുതാനും. എന്നാല്‍ പ്രത്യേക പരിഗണന നല്‍കി ഒരു കുറ്റകൃത്യത്തിന് ഇന്നാലിന്ന വകുപ്പുകള്‍ ചാര്‍ത്തണമെന്ന കാര്‍ക്കശ്യം നിയമത്തിന്റെ തെറ്റായ ഉപയോഗത്തിലേക്കാണ് വഴിനടത്തുക. വ്യക്‌തിസ്വാതന്ത്ര്യം ഹനിക്കുംവിധം നിയമം കൈയിലെടുക്കുകയും പെരുമാറുകയും ചെയ്യുന്ന സംഭവങ്ങളെ സ്വഭാവങ്ങള്‍ക്കും ഗൗരവത്തിനും അനുസരിച്ച് വകുപ്പുകള്‍ ചേര്‍ത്ത് ശിക്ഷ ലഭിക്കാന്‍ വഴിയൊരുക്കാവുന്നതാണ്. പ്രത്യേകമായ പൊതുരീതിയും സ്വഭാവമില്ലാത്ത സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സദാചാര പോലീസ് ഇടപെടലുകളാണ് ഇത്തരമൊരു സര്‍ക്കുലറിന്റെ പിന്നിലെ പ്രേരകം. ഇതിനെ സദാചാര പോലീസ് എന്നുവിളിക്കരുതെന്ന പോസിറ്റീവായ നിര്‍ദ്ദേശവും സര്‍ക്കുലറിലുണ്ട്. ക്രിമിനല്‍ നിയമത്തിലെ 323, 324, 326, 307, 302, 383, 390, 395 വകുപ്പുകള്‍തന്നെ ഇതിനെല്ലാം മതിയായതാണ്.
ഇതിനുപുറമെ 153, 153 എ, ആ വകുപ്പുകളും ഗുണ്ടാനിയമവും പ്രയോഗിക്കാന്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗൗരവസ്വഭാവമുള്ളതാണ് നിയമത്തിന്റെ കൈയിലെടുക്കല്‍. അതു തടയാന്‍ പറ്റുംവിധം ആദ്യവകുപ്പുകള്‍തന്നെ മതിയായിരിക്കെ രണ്ടാംസെറ്റ് വകുപ്പുകള്‍ ഒരു ഏണിവെച്ചു കൊടുക്കലാണ്.
തങ്ങള്‍ ടാര്‍ജറ്റ് ചെയ്യുന്നവര്‍ക്കെതിരേ ഏണിയില്ലാതെതന്നെ ചാടിക്കയറി മികവ് കാണിച്ചവര്‍ നമ്മുടെ സേനയ്‌ക്കകത്ത് ഉള്ളതിന്റെ മുന്നനുഭവങ്ങളാണ് ഇത്തരമൊരു ആശങ്കയ്‌ക്ക് വഴിവെയ്‌ക്കുന്നത്. ലൗ ജിഹാദ് വിവാദത്തിലെല്ലാം ഇത് കേരളം ദര്‍ശിച്ചതാണ്.
പോലീസിലെ ചിലരെങ്കിലും മതരാഷ്ര്‌ടീയവര്‍ഗീയ സ്വാധീനങ്ങള്‍ക്കടിമപ്പെട്ട് നിയമത്തിന്റെ ദുരുപയോഗം നടത്തിയതിന്റെ കേടുപാടുകള്‍ മായാതെതന്നെ കിടപ്പുണ്ട്. അത്തരക്കാര്‍ക്ക് പുതിയൊരു ആയുധം നല്‍കരുതായിരുന്നു. ഒറ്റപ്പെട്ടതും പ്രാദേശികവുമായ സംഭവങ്ങളാണ് പലതും. അവയ്‌ക്ക് അനിതര സാധാരണമായ പ്രധാന്യം നല്‍കുന്നതിലൂടെ മര്‍മ്മപ്രധാനവും പ്രസക്‌തവുമായ പ്രധാന വിഷയങ്ങള്‍ പലതും ഗൗരവമില്ലാതെ പോവുകയാണുണ്ടാവുക.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്‌ഥാനത്തെ സദാചാര പോലീസ് ഇടപെടലുകള്‍ നടത്തിയ പലരും വലിയ സദാചാരികളൊന്നുമായിരിക്കില്ല. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന ആരവങ്ങളിലെ വൈകാരികതയായിരിക്കും ഒട്ടുമിക്ക സംഭവങ്ങളുടെയും അടിസ്‌ഥാന കാരണം.
നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേര്‍ന്നു നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും ഗതിമാറിപ്പോവാറാണ് പതിവ്. അതിനെല്ലാം അതിന്റെ ഗൗരവമേ ഉണ്ടാവേണ്ടതുള്ളൂ. ഇതൊരു ന്യായീകരണമായി ആരും വാളെടുക്കേണ്ടണ്ടതില്ല. നിയമത്തിന്റെ കൈയിലെടുക്കലിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല. വസ്‌തുത പറഞ്ഞെന്ന് മാത്രം. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിന് മുമ്പ് അവരുടെ മതംനോക്കി സംഘടനനോക്കി പെതുശിക്ഷ നല്‍കുന്ന ഒരു പ്രാകൃത സ്വാഭാവം നമുക്കിടയില്‍ കൈവന്നിട്ടുണ്ട്. കേരളത്തില്‍ ചര്‍ച്ചയായ ഒരു സംഭവത്തിന്റെയും പിന്നിലെ പ്രേരകം മതകീയമായ ഇടപെടല്ല എന്നു നിഷ്‌പക്ഷ അന്വേഷണത്തില്‍ ബോധ്യമാവും. കൊടിയത്തൂര്‍, വയനാട്, നെടുമങ്ങാട്, കണ്ണൂര്‍, കൊയിലാണ്ടി തുടങ്ങി പലതിന്റെയും പിന്നാമ്പുറം മറ്റു പലകാരണങ്ങളുമാണ്.
മതസ്‌പര്‍ദ്ധയുണ്ടാക്കുന്ന നടപടികളെയെല്ലാം ഒരുപോലെ കണ്ട് 153 എ വകുപ്പു പ്രയോഗിക്കേണ്ടതുണ്ട്. സദാചാര പോലീസിംഗും അങ്ങനെങ്കില്‍ ആകാവുന്നത് തന്നെയാണ്. പ്രത്യേകം എടുത്തുദ്ധരിക്കുമ്പോള്‍ ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സമുദായ വേട്ടക്ക് ഒന്നുകൂടി ശക്‌തി പകരുകയാണ് ചെയ്യുക. കേരളത്തിന്റെ മുഴുവന്‍ സൗഹൃദങ്ങളെയും തകര്‍ക്കാനായി ഭീതിയുയര്‍ത്തും വിധം വര്‍ഗീയ പ്രചാരണങ്ങള്‍ ചില ശക്‌തികള്‍ നിരന്തരം നടത്തുന്നുണ്ട്. ഒരു സ്‌കൂള്‍ അധ്യാപിക സംസ്‌ഥാന മുഴുക്കെ വിഷലിപ്‌തമായ രീതിയില്‍ പ്രസംഗം നടന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ സൗഹൃദത്തിലേര്‍പ്പെട്ട രണ്ടു സമുദായനേതാക്കളുടെ വാമൊഴികള്‍ ഓരോന്നും മതസ്‌പര്‍ദ്ധയുണ്ടാകുന്നതാണ്. നിരവധി സിഡികളും പ്രസിദ്ധീകരണങ്ങളും മതവിദ്വേഷം വളര്‍ത്തുന്നതായി വിപണിയിലുണ്ട്. അവിടേക്കൊന്നും ക്രിമിനല്‍ നിയമത്തിലെ 153 എ വകുപ്പ് തിരിഞ്ഞുകാണുന്നില്ല.
പേരും സമുദായവും നോക്കി കുറ്റകൃത്യങ്ങള്‍ ലഘുവും ഗുരുവുമായിക്കൂടാ. തിരുവനന്തപുരത്തെ മുഹ്‌സിനെ ലെറ്റര്‍ ബോംബിന്റെ പേരില്‍ കുറ്റവാളിയാക്കി അയാളുടെ ജീവിതം തകര്‍ത്തു. യഥാര്‍ത്ഥ പ്രതി പിടിക്കപ്പെട്ടപ്പോള്‍ മനോരോഗമായി ലളിതവല്‍ക്കരിച്ചു. റെയില്‍ പാളത്തിലെ ബോംബ് മുസ്ലിം സമുദായമല്ലാത്തതിനാലാണ് വ്യക്‌തിവൈരാഗ്യമായതെന്ന് ഏതു സാധാരണക്കാരനും അടക്കം പറയുന്നുണ്ടെങ്കില്‍ അതിലേക്കു കാര്യങ്ങളെത്തിച്ചതിന്റെ ഉത്തരവാദിത്തില്‍ നിന്ന് നമ്മുടെ സേനയ്‌ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല.
പ്രചാരണങ്ങളിലൂടെ പരിസരമൊരുക്കി അന്യവല്‍ക്കരണം നടത്തുന്ന പൊതുരീതിക്ക് നല്ലവളക്കൂറുള്ള മണ്ണായി കേരളം മാറുന്നതിന്റെ അപകടത്തെ പുതിയ പോലീസ് മേധാവിയെങ്കിലും ഗൗരവപൂര്‍വം കാണുമെന്നാശിക്കുകയാണ്. അവസാന വാക്കിന് സ്‌ഥാനമൊഴിഞ്ഞ ജേക്കബ് പുന്നൂസിലെ തന്നെ അവലംബിക്കട്ടെ. സത്യത്തിന്റെയും നിയമത്തിന്റെയും പക്ഷത്താവണം പോലീസ്. സത്യത്തിന്റെ പക്ഷത്തുനിന്നു മാറുമ്പോള്‍ പോലീസ് വിവാദത്തില്‍പെടും.
1 അഭിപ്രായം:
ജനങ്ങള്‍ നയമം കയിലെടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തു അരാജകത്വം ഉണ്ടാകുമെന്ന് ആദ്യം മനസ്സിലാക്കേണ്ടത് N D F ഉം R S S ഉം ആണ്
ഇന്ന് മുസ്ലിങ്ങള്‍ അനുഭവിക്കുന്നതിനു ഉത്തരവാതികള്‍ നിങ്ങള്‍ തന്നെയാണ്, വര്‍ഗിയവാതികലായ നിങ്ങളെ മുസ്ലിങ്ങള്‍ വെറുക്കുന്നു..........
ഖാലിദ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ