2012, ഏപ്രിൽ 4, ബുധനാഴ്‌ച

അണയാത്ത പ്രകാശനാളം


രണ്ടുവര്‍ഷം മുമ്പ് മുംബൈ കുര്‍ളയില്‍  ഫാഷിസ്റുകളുടെ വെടിയേറ്റാണു ശാഹിദ് അസ്മി കൊല്ലപ്പെടുന്നത്. ഒരുപക്ഷേ, ആധുനിക ഇന്ത്യാചരിത്രത്തിലെ ഏറ്റവും ധീരനായ രക്തസാക്ഷി. ഇന്ത്യയിലെ ഫാഷിസ്റ്-ഭരണകൂട-ഉദ്യോഗസ്ഥ കൂട്ടുകെട്ട് നടപ്പാക്കിക്കൊണ്ടിരുന്ന അതിനീചമായ മുസ്ലിംവിരുദ്ധ ഉപജാപങ്ങള്‍ക്കുനേരെ ശക്തമായ അമ്പെയ്തുകൊണ്ട് ഒടുവില്‍ നിഗൂഢ ശക്തികളുടെ തോക്കിനിരയായ അഭിഭാഷകന്‍. 2001 സപ്തംബര്‍ 11ന്റെ മറപിടിച്ച് അമേരിക്ക തുടക്കമിട്ട ഭീകരമായ മുസ്ലിംവേട്ടയുടെ പിന്നണിപ്പോരാളികളായിനിന്ന് ഇന്ത്യയിലെ ഭരണകൂടവും പോലിസും ചേര്‍ന്നു നടത്തിയ അതിനിഷ്ഠുരമായ മുസ്ലിംവേട്ടയ്ക്കെതിരേ നിയമത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു ശാഹിദ്. 
ഒളിഞ്ഞിരുന്നു തെരുവുകളിലും ട്രെയ്നുകളിലുമൊക്കെ ബോംബ് വയ്ക്കുകയും മുസ്ലിംചെറുപ്പക്കാരുടെ തലയിലതു കെട്ടിവയ്ക്കുകയും ചെയ്യുന്ന കുടിലശക്തികളുടെ തുണിയുരിയുക എന്ന അപകടംപിടിച്ച ഉത്തരവാദിത്തം സ്വയമേറ്റെടുത്തു നടത്തുകയായിരുന്നു അദ്ദേഹം. 'പോലിസ് ഏറ്റുമുട്ടലിനിടെ'യും ബോംബ്സ്ഫോടനക്കേസിലും അന്യായമായി മുസ്ലിംചെറുപ്പക്കാരെ പോലിസ് കഠിനപീഡനമേല്‍പ്പിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നതിന്റെ തുടര്‍ക്കഥകളാണ് അസ്മിയെ നിയമത്തിന്റെ വഴിയില്‍ പോരാടാന്‍ സജ്ജനാക്കുന്നത്. കള്ളക്കേസ് ചുമത്തപ്പെട്ടു വര്‍ഷങ്ങള്‍ ജയിലിലില്‍ കഴിയേണ്ടിവന്ന അനുഭവത്തിന്റെ തീച്ചൂള അതിനദ്ദേഹത്തെ പാകമാക്കിയിരുന്നു. സ്ഫോടനക്കേസുകളില്‍ പോലിസ് പിടിക്കുന്ന മുസ്ലിംയുവാക്കളെല്ലാം ഭീകരരാണെന്നും അതുകൊണ്ട് അവരുടെ കേസുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും അവര്‍ നിയമത്തിനും നീതിക്കും അര്‍ഹരല്ലെന്നും അഭിഭാഷകര്‍ പോലും തീരുമാനമെടുത്തു ഫാഷിസത്തിന്റെ കുഴലൂത്തുകാരായി നില്‍ക്കുമ്പോഴാണ് അസ്മി നിയമയുദ്ധവുമായി മുന്നിട്ടിറങ്ങിയത്.
 ശാഹിദ് അസ്മി ജനിച്ചുവളര്‍ന്നതു ടി.ഐ.എസ്.എസ്. എന്ന പേരിലറിയപ്പെടുന്ന സബര്‍ബ് ദിനറിലാണ്. കുടുംബം അഅ്സംഗഡിലാണ്. 1994ല്‍ ഒരു രാഷ്ട്രീയനേതാവിന്റെ കൊലപാതകത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിലാണു ശാഹിദ് അസ്മി പതിനേഴാം വയസ്സില്‍ അറസ്റ് ചെയ്യപ്പെടുന്നത്. തിഹാര്‍ ജയിലില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷയാണു ലഭിച്ചത്. തടവറയില്‍വച്ചു ശാഹിദ് അഭിഭാഷകപഠനം തുടങ്ങുകയും അതോടൊപ്പം സഹതടവുകാരെ നിയമപോരാട്ടത്തില്‍ സഹായിക്കുകയും ചെയ്തു. 2001ല്‍ ജയില്‍ മോചിതനായതിനുശേഷം പത്രപ്രവത്തനം, നിയമം എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം ഡിഫന്‍സ് ലോയര്‍ മജീദ് മേമന്റെ കൂടെ എഡിറ്ററായി ജോലിചെയ്തു. അതിനുശേഷം സ്വന്തമായി പ്രാക്റ്റീസ് ചെയ്യാന്‍ തുടങ്ങി. ഏഴുവര്‍ഷം മാത്രമാണു ശാഹിദ് അസ്മിയുടെ അഭിഭാഷകജീവിതം നീണ്ടുനിന്നത്. 
ശാഹിദ് അസ്മിയെയും അദ്ദേഹം ഏറ്റെടുത്ത ദൌത്യത്തെയും സ്നേഹിക്കുന്ന നീതിബോധമുള്ളവര്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിദിനമായ ഫെബ്രുവരി 11നു മുംബൈയിലെ മറാത്തി പത്രകാര്‍ സംഘ് ഓഫിസില്‍ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചു. പരിപാടിയില്‍ ഠവല ശഹഹൌശീിൈ രമഹഹലറ ലെരൌഹമൃശാ എന്ന തലക്കെട്ടില്‍ അഹ്മദാബാദില്‍നിന്നുള്ള പ്രശസ്ത അഭിഭാഷകനും ആക്റ്റിവിസ്റുമായ മുകുല്‍ സിന്‍ഹയാണു പ്രഭാഷണം നടത്തിയത്. ഇന്ത്യന്‍ മതേതരത്വം എന്നതു ഹിന്ദുമതേതരത്വമാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്: "മുകുല്‍ എന്നതിനു പകരം മുക്താര്‍ എന്നായിരുന്നുവെങ്കില്‍ ഇവിടെ ഈ പേപ്പര്‍ അവതരിപ്പിക്കാന്‍ ഞാനുണ്ടാവുമായിരുന്നില്ല. യൂറോപ്യന്മാര്‍ നമുക്കു സംഭാവന നല്‍കിയ രണ്ടു വാക്കുകളാണ് 'ടെററിസം, സെക്യുലറിസം.' ഇവ രണ്ടും എങ്ങനെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ടെററിസം എപ്പോഴും ഒരു പ്രത്യേക സമുദായത്തെ ഉന്നംവച്ചുകൊണ്ടാണു വളര്‍ന്നുവന്നത്. അതുമായി ബന്ധപ്പെട്ട് ഇസ്ലാമിക് ജിഹാദ് എന്ന വാക്കുണ്ടാക്കി ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചു. അതുവഴി പോലിസ് അറസ്റ് ചെയ്തവരെയെല്ലാം രാജ്യത്തിന്റെ 'ശത്രുക്ക'ളാക്കി.'' സിന്‍ഹ പറഞ്ഞു. 
"ഈ രാജ്യത്തു നടന്ന കലാപങ്ങള്‍ എടുത്തുനോക്കുകയാണെങ്കില്‍ ഇവിടത്തെ മതേതരത്വം ന്യൂനപക്ഷവിരുദ്ധമാണെന്നു പറയേണ്ടിവരും. 1983ല്‍ അസമില്‍ 5000 മുസ്ലിംകളെ വംശീയമായി ഉന്മൂലനം ചെയ്തു. ഇതിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇതിന്റെ പേരില്‍ ഇന്നുവരെ ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. ശാഹിദ് അസ്മി എന്ന അഭിഭാഷകനെ വെടിവച്ചുകൊന്നിട്ടും ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. കാരണം, അവര്‍ ഈ 'മതേതരത്വ'ത്തിന്റെ അടിമകളാണ്. 
ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവച്ചത് ജര്‍മന്‍ ഫാഷിസത്തിന്റെ മാതൃകയാണ്. "ഹിന്ദുരാഷ്ട്രനിര്‍മാണത്തിനു പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ക്കു ജര്‍മനി ഒരു മാതൃകയാണ്. എങ്ങനെയാണു ഭരിക്കേണ്ടതെന്നു ഹിറ്റ്ലര്‍ നമുക്കു കാണിച്ചുതന്നു. ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിനുവേണ്ടി എങ്ങനെയാണു മാറ്റിപ്പണിയേണ്ടതെന്നു ഹിറ്റ്ലര്‍ നമുക്കു കാണിച്ചുതരുന്നു.'' അഡ്വാനിയുടെ രഥയാത്രയും അതിനോടനുബന്ധിച്ചു ബാബരിമസ്ജിദിന്റെ തകര്‍ച്ചയും ഇത്തരത്തില്‍ നവ ഫാഷിസ്റ് അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് സ്ഫോടനപരമ്പരകളും ഇന്ത്യയില്‍ സംഭവിക്കുന്നത്''- മുകുല്‍ സിന്‍ഹ പറഞ്ഞുനിര്‍ത്തിയിടത്തുനിന്നാണു ശാഹിദ് അസ്മിയുടെ സഹോദരന്‍ ആരിഫ് അസ്മി പറഞ്ഞുതുടങ്ങിയത്: "നൂറ്റിപ്പത്തോളം പോട്ട, ടാഡ കേസുകള്‍ ശാഹിദ് അസ്മി കൈകാര്യം ചെയ്തിരുന്നു. അതില്‍ അധികപേരും ഫീസടയ്ക്കാന്‍ കഴിയാത്തവരായിരുന്നു. ഇന്നും ഉത്തരേന്ത്യന്‍ തെരുവുകളില്‍ ശാഹിദ് അസ്മി മോചിപ്പിച്ച നിരവധി പേര്‍ ജീവിച്ചിരിക്കുന്നു.'' ശാഹിദ് അസ്മിയുടെ കൊലപാതകത്തിനു 'ഫാഷിസ്റ്ശക്തികള്‍' എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നു നമുക്കു മനസ്സിലാക്കാം.
മൌലാനാ ഗുല്‍സാര്‍ അസ്മിയാണ് പിന്നീടു സംസാരിച്ചത്. മഹാരാഷ്ട്ര ജംഇയ്യത്ത് ലീഗല്‍ സെല്‍ സെക്രട്ടറിയും മുംബൈയിലെ ഭീകരാക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ക്കുവേണ്ടി സാമ്പത്തിക-നിയമസഹായങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നയാളുമാണ് ഗുല്‍സാര്‍ അസ്മി. "2006-ല്‍ ഔറംഗബാദ് (മെയ്), മുംബൈ (ജൂലൈ), മാലേഗാവ് (സപ്തംബര്‍) തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരേ തീവ്രവാദക്കേസുകള്‍ ഫയല്‍ ചെയ്തു. ഈ കേസുകളെല്ലാം ഏറ്റെടുത്ത ശാഹിദ് അസ്മിയോട് 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം കേസുകളേറ്റെടുക്കുന്നത്?' എന്നു ചോദിച്ചപ്പോള്‍ ശാഹിദ് അസ്മിയുടെ മറുപടി, "ഈ രാജ്യത്തു സമാധാനം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ അന്യായമായി ജയിലില്‍ കിടന്നവനാണ്. നിഷ്കളങ്കരായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി ജയിലിലടയ്ക്കുമ്പോള്‍ ഇന്ത്യയുടെ സമാധാനം തകരുമെന്നു വിശ്വസിക്കുന്നു, അതു ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു.
പരിപാടിയില്‍ പങ്കെടുത്തു പ്രഭാഷണം നിര്‍വഹിച്ച പ്രഫ. ജയിറസ് ബനാജി (ടഛഅട, ഡിശ്ലൃശെ്യ ീള ഘീിറീി) അറിയപ്പെടുന്ന മാര്‍ക്സിസ്റ് ചിന്തകനും തിയറി ആസ് ഹിസ്ററി എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ "രാഷ്ട്രീയപരമായ ഉന്മൂലനമായിരുന്നു അസ്മിയുടെ കൊലപാതകം. ഹേമന്ത് കര്‍ക്കരയെ കൊന്നവര്‍തന്നെയാണ് അസ്മിയുടെ കൊലപാതകത്തിനു പിന്നിലും. ഇത്തരത്തില്‍ രാഷ്ട്രീയപരമായ ഉന്മൂലനങ്ങളില്‍ ഭരണകൂടത്തിനു ഫോറന്‍സിക് റിപോര്‍ട്ടോ കോടതി വിധിയോ ആവശ്യമില്ലാതായി.  1970കളില്‍ ഇറ്റലിയില്‍ കമ്മ്യൂണിസ്റുകള്‍ക്കെതിരേ സംഭവിച്ചതുപോലെ സമാനമായ അവസ്ഥയാണ് ഇന്ത്യയില്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ചുകള്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകളുള്ള സംഘടനയായി മാറി. ഇതിനെതിരേ ചില വ്യക്തികളില്‍നിന്നല്ലാതെ കൂട്ടായ്മകളോ ഐക്യദാര്‍ഢ്യങ്ങളോ ഉണ്ടാവുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ഫാഷിസ്റുവല്‍ക്കരിക്കപ്പെടുകയാണ്''- അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രശസ്ത ഡോക്യൂമെന്ററിസംവിധായകന്‍ ശുഭ്രദീഭ് ചക്രവര്‍ത്തിയുടെ 'ഛൌ ലെലേേഹാലി' പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിതിക്കുള്ളിലെ ഫാഷിസ്റ്വല്‍ക്കരണത്തെ തുറന്നുകാട്ടുന്നതാണ് ഡോക്യൂമെന്ററി. ആന്ധ്രപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍  'തീവ്രവാദി' എന്നു മുദ്രകുത്തപ്പെട്ട അഭിഭാഷകര്‍ ഏറെയാണ്. ഒരു മുസ്ലിം അഭിഭാഷകനെ സംബന്ധിച്ചിടത്തോളം ഇത്തരം കേസുകളില്‍ ഹാജരാവുന്നതു ഭരണകൂടത്തിനെതിരേയുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടുന്നു. ഇങ്ങനെ ഭരണകൂടം അതിന്റെ എല്ലാ ഉപകരണങ്ങളുമുപയോഗിച്ചു 'തീവ്രവാദികളെ' ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്ന അവസ്ഥാവിശേഷമാണുള്ളത്്. തീവ്രവാദികള്‍ എന്നു ചാപ്പകുത്തി മുസ്ലിം ഗല്ലികളില്‍നിന്ന് അറസ്റ്ചെയ്തു കൊണ്ടുപോവുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി ഹാജരാവുന്ന അഭിഭാഷകരെ സഹ അഭിഭാഷകര്‍ ഉപദേശിക്കുന്നു, 'എന്തിനാണ് നിങ്ങള്‍ തീവ്രവാദികളുടെ കേസുകളേറ്റെടുക്കാന്‍ പോവുന്നത. ഇനി ആരെങ്കിലും കേസുകളേറ്റെടുത്താല്‍ അവരെ ഇവര്‍ ബഹിഷ്കരിക്കുന്നു, പരസ്യമായി മര്‍ദ്ദിക്കുന്നു, ഓഫിസുകള്‍ കത്തിക്കുന്നു. അവരുടെ വീടുകളാക്രമിക്കുന്നു, വക്കീല്‍ ഫീസിന്റെ ഇരട്ടി വാഗ്ദാനം ചെയ്തു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരേ പരാതികൊടുത്താല്‍ പോലിസ്സ്റേഷനുകളില്‍നിന്ന് ഒരു പ്രതികരണവുമില്ല.'' ഈ ഡോക്യൂമെന്ററി നമ്മോടു പറയുന്നു- നിങ്ങള്‍ കൊണ്ടുനടക്കുന്ന മതേതരത്വം കപടമാണ്. 
മലേഗാവ് ബോംബ്സ്ഫോടനത്തില്‍ പ്രതിയാക്കപ്പെട്ട ഹക്കീം അന്‍സാരിയുടെ കേസാണു ശാഹിദ് അസ്മി അവസാനമായി വാദിച്ചുകൊണ്ടിരുന്നത്. രാജ്യത്തു നടന്ന അനേകം സ്ഫോടനക്കേസുകളില്‍ ജയിലിലടയ്ക്കപ്പെട്ട നിരപരാധികളായ മുസ്ലിംയുവാക്കള്‍ ജയില്‍മോചനം നേടി പുറത്തുവരുമ്പോള്‍ അവര്‍ക്കുവേണ്ടി നിയമയുദ്ധം നടത്തി രക്തസാക്ഷിയായ ശാഹിദ് അസ്മി അവരുടെ മുന്നില്‍ വെളിച്ചമായി പുനര്‍ജനിക്കുകയാണ്.  


---------------------------------------(തേജസ് ദ്വൈവാരികയില്‍ വന്ന ലേഖനം)-----------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"