2013, ഡിസംബർ 30, തിങ്കളാഴ്‌ച

അയോധ്യയില്‍ തെളിയുന്ന ബഹദൂര്‍ഷായുടെ മുഖം


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അയോധ്യക്ക് അതിപ്രധാനമായ മറ്റൊരു സ്ഥാനമുണ്ടെന്നതാണ് അധികം പേരും മനസ്സിലാക്കാത്ത ഒരു യാഥാര്‍ഥ്യം. സമീപകാലങ്ങളില്‍ അയോധ്യ ഒരു വിവാദഭൂമിയായതുകൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയക്കണ്ണുകളുള്ള ഹിന്ദുമത മൗലികവാദികളോ അവരെ അനുകൂലിക്കുന്ന ചരിത്രകാരന്മാരോ യാഥാര്‍ഥ്യം മനത്തപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുകൊണ്ടോ ആണ് അങ്ങനെ സംഭവിച്ചത്.
ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബര്‍ വിവാദഭൂമിയായ അയോധ്യയിലെ രാമജന്മസ്ഥാനത്തുതന്നെ ഒരു വലിയ മുസ്ലിം ദേവാലയം പണിതു എന്നത് സ്ഥാപിക്കുന്നതുവഴി മുസ്ലിം വിരോധം വളര്‍ത്തുന്നതിലൂടെ മാത്രമേ അന്തിമമായി തങ്ങളുടെ അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന സംഘ്പരിവാരശക്തികളുടെ കണക്കുകൂട്ടല്‍തന്നെയാണ് ഇതിനെല്ലാം പിന്നിലുള്ളത്.
തുര്‍ക്കികളുടെ രക്തം ശരീരത്തിലോടിയിരുന്ന അഫ്ഗാനിസ്താനിലെ രാജാവായ സഹിറുദ്ദീന്‍ മുഹമ്മദ് എന്ന ബാബറാണ് ഇന്ത്യ ആക്രമിച്ച് ഈ മണ്ണില്‍ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരെ വിദേശത്തുനിന്നുള്ള ആക്രമണകാരികളായ ഹൈന്ദവവിരോധികളായല്ല ഭാരതത്തിലെ ജനങ്ങള്‍ കണ്ടത്.
വിദേശത്തുനിന്ന് വന്ന മുസ്ലിം ആക്രമണകാരികളെപ്പോലെ ഇവിടെ ഭരണം സ്ഥാപിച്ചിരുന്ന ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബറിന്റെ പട്ടാളം ഈ മണ്ണില്‍ കൊടികുത്തുമ്പോള്‍ ഇന്ത്യയെന്നോ ഭാരതമെന്നോ പേരുവിളിക്കാവുന്ന ഒരു രാഷ്ട്രംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രവസ്തുത. ഭാരതം എന്ന സങ്കല്‍പം പുരാതനമാണെങ്കിലും അത് കേവലമൊരു സങ്കല്‍പം മാത്രമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയും കീഴ്പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും ഒരു സംഘാതമായിരുന്നു ഭാരതം. വ്യത്യസ്ത ഭക്ഷണക്രമവും വസ്ത്രധാരണരീതിയും ആചാരങ്ങളുമെല്ലാം ആ രാജ്യങ്ങളെ തികച്ചും വിഭിന്നങ്ങളായി നിര്‍ത്തിയിരുന്ന ഘടകങ്ങളുമായിരുന്നു.
ഭൂമിശാസ്ത്രപരമായി വടക്ക് ഹിമാലയ പര്‍വതനിരകളും തെക്കും പടിഞ്ഞാറും കിഴക്കും സമുദ്രങ്ങളും അതിര്‍ത്തികളായി അതിനിടയില്‍ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമടങ്ങിയ ഇന്ത്യയെന്നത് പുരാണ ഇതിഹാസ സങ്കല്‍പങ്ങളെ ആധാരമാക്കിയുള്ള ഒരു സ്വപ്നരാജ്യം മാത്രമായിരുന്നു.
ചരിത്രത്തില്‍ ഓരോ കാലത്ത് ഓരോരോ ചക്രവര്‍ത്തിമാര്‍ അവരുടേതായ സാമ്രാജ്യങ്ങള്‍ ഇവിടെ സ്ഥാപിക്കുകയുണ്ടായി എന്നത് ഒരു ചരിത്രയാഥാര്‍ഥ്യമായിരുന്നു. പക്ഷേ, അവയൊന്നും ഇന്ത്യാ ഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചിരുന്നില്ല. അശോകന്റെയും മറ്റും സാമ്രാജ്യങ്ങളുടെയും കഥയും ഇതുതന്നെയാണ്. ആ സ്ഥാപകര്‍ക്കുശേഷമാകട്ടെ ആ സാമ്രാജ്യങ്ങളെല്ലാം ചെറിയ രാജ്യങ്ങളായി പിരിയുകയും ചെയ്തു.
ഒരുപക്ഷേ, ഈ ഉപഭൂഖണ്ഡത്തില്‍ ഏറെ ഭാഗം കൈയടക്കിവെച്ച ചക്രവര്‍ത്തിമാര്‍ മുഗള്‍ സാമ്രാജ്യത്വത്തില്‍പെട്ടവരായിരുന്നു. പക്ഷേ, അപ്പോഴും വിന്ധ്യശതപുര പര്‍വതനിരകള്‍ക്ക് ഇപ്പുറത്തുള്ള ദക്ഷിണേന്ത്യ മുഗള്‍സാമ്രാജ്യത്വത്തിനു പുറത്തായിരുന്നു എന്നതാണ് വസ്തുത. ആ ദക്ഷിണേന്ത്യയിലേക്കുള്ള ചേര, ചോള, പാണ്ഡ്യ രാജ്യങ്ങള്‍ എന്നും സ്വതന്ത്രമായിരുന്നു. എന്നുവെച്ചാല്‍ വേറിട്ടുനിന്നിരുന്ന ഓരോരോ കാര്യങ്ങള്‍ക്കായി പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന രാജ്യങ്ങള്‍.
യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃത ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നത്. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യ എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാമെന്നുള്ള ബ്രിട്ടീഷുകാരുടെ സദ്ഭാവത്തിന്റെ ഭാഗമായിരുന്നു അത്. ആവുന്നിടത്തോളം വെട്ടിപ്പിടിക്കുകയും വെട്ടിപ്പിടിച്ചിടത്തോളം ഭാഗങ്ങള്‍ ഒന്നിച്ചു ഭരിക്കുകയും മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ആ വെട്ടിപ്പിടിത്തത്തെ ചെറുത്തുതോല്‍പിക്കാന്‍ ശക്തിയുള്ള നാട്ടുരാജ്യങ്ങളോ രാജാക്കന്മാരോ ഇന്ത്യയില്‍ അന്നുണ്ടായിരുന്നില്ല.
ചരിത്രം വിശകലനംചെയ്താല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. മുഗളസാമ്രാജ്യം അസ്തമിക്കുമ്പോള്‍ ഇന്ത്യയിലുണ്ടായിരുന്ന സ്ഥിതി ഏതാണ്ട് റോമാസാമ്രാജ്യം തകര്‍ന്നപ്പോള്‍ യൂറോപ്പിലുണ്ടായിരുന്ന അതേ സ്ഥിതി തന്നെയാണ്. മുഗളസാമ്രാജ്യം തകര്‍ന്നപ്പോള്‍ വെട്ടിപ്പിടിച്ചിട്ടാണെങ്കിലും ഇന്ത്യയെ ഏകഭരണത്തില്‍ കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍, റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കുശേഷം യൂറോപ്പ് അനവധി സ്വതന്ത്രരാജ്യങ്ങളായി മാറുമായിരുന്നു എന്നതില്‍ സംശയം വേണ്ട.
ഇവിടെയാണ് ഇന്ത്യയിലെ ജനങ്ങളില്‍ ഒരു ഐക്യബോധം സൃഷ്ടിക്കുന്നതില്‍ മുഗള്‍ ഭരണാധികാരികള്‍ വഹിച്ചിട്ടുള്ള പങ്ക് വിലപ്പെട്ടതായി ഉത്തരേന്ത്യയിലെ ജനങ്ങള്‍ കണക്കാക്കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്.  മതസൗഹാര്‍ദതയുടെയും സര്‍വമത സാഹോദര്യത്തിന്റെയും മാതൃകയായി മാറിയ അക്ബറെപ്പോലുള്ള ചക്രവര്‍ത്തിമാര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടുകയും ചെയ്തിരുന്നു.
അത്തരത്തിലുള്ള ആദരവിന്റെ വിളംബരമാണ് 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്രൃസമരത്തില്‍ മുഴങ്ങിയത്. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ശിപായി ലഹളയെന്ന് മുദ്രകുത്തിയ ഈ സമരം ബ്രിട്ടീഷിന്ത്യന്‍ സേനയിലെ ശിപായികളെന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ വ്യാപകമായി നടത്തിയ കലാപമായിരുന്നു.
  ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ കലാപത്തിന് പല വ്യാഖ്യാനങ്ങളും നല്‍കിയിരുന്നു. അക്കാലത്ത് പട്ടാളക്കാര്‍ക്ക് നല്‍കിയ പുതിയതരം തോക്കുകളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ഒരു വ്യാഖ്യാനം. തോക്കുകളില്‍ ഉപയോഗിക്കേണ്ട തിരകളുടെ (ബുള്ളറ്റ്) ഒരറ്റം പട്ടാളക്കാര്‍ കടിച്ചതിനുശേഷമാണ് തോക്കില്‍ വെക്കേണ്ടിയിരുന്നത്.
ആ തിരകളുടെ അറ്റത്ത് പുരട്ടിയിട്ടു ള്ളത് പശുവിന്റെയും പന്നിയുടെയും നെയ്യാണെന്നും അത് ഹിന്ദുക്കളെയും മുസ്ലിംകളെയും അശുദ്ധരാക്കി പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നുമുള്ള പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് അവരെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ വ്യാഖ്യാനം ചെയ്തത്. പക്ഷേ,  ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ വ്യാപകമായൊരു കലാപംതന്നെയായിരുന്നു 1857ല്‍ നടന്നത്. അതുകൊണ്ടാണ് അതിനെ ഒന്നാം സ്വാതന്ത്രൃസമരം തന്നെയായി പിന്നീട് ചരിത്രത്തിന് അംഗീകരിക്കേണ്ടിവന്നത്.
കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാര്‍ ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് ഇന്നത്തെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ബ്രിട്ടീഷുകാരെ വധിച്ചും സ്വത്തുക്കള്‍ നശിപ്പിച്ചുംകൊണ്ട് ദല്‍ഹിയിലേക്ക് മാര്‍ച്ച്ചെയ്യുകയാണുണ്ടായത്. ഇതില്‍ കലാപകാരികളായ ഇന്ത്യന്‍ പട്ടാളക്കാരുടെ ഒരു വലിയ വ്യൂഹം ഇന്ന് വിവാദവിഷയമായി നില്‍ക്കുന്ന അയോധ്യയില്‍നിന്നാണ് പടപ്പുറപ്പാട് ആരംഭിച്ചത്. ഈ ഒന്നാം സ്വാതന്ത്രൃസമരം ആരംഭിക്കുമ്പോള്‍തന്നെ ഇന്ത്യന്‍ പട്ടാളക്കാര്‍ തങ്ങളുടെ നേതാവായും രാജ്യത്തിന്റെ അവകാശിയായും കണ്ടിരുന്നത് അന്ന് ജീവിച്ചിരുന്ന മുഗള്‍രാജവംശത്തിലെ അന്നത്തെ അവകാശി ബഹദൂര്‍ഷാ ചക്രവര്‍ത്തിയെയാണ്. അപ്പോള്‍ അധികാരമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യാ രാജ്യത്തിന്റെ ഭരണാവകാശി ബഹദൂര്‍ഷാ ചക്രവര്‍ത്തിയാണെന്നും ബ്രിട്ടീഷുകാരെ ഇവിടെനിന്ന് തുരത്തിയാല്‍ അദ്ദേഹമായിരിക്കും ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുകയെന്നും ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ഹിന്ദുമത മൗലികവാദികള്‍ പറയുന്നതുപോലെ അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് രാമജന്മസ്ഥാനം എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് മുസ്ലിം പള്ളി നിര്‍മിച്ചതിനാല്‍ മുഗളന്മാരോട് അടങ്ങാത്ത പകയുള്ളവരായിരുന്നു ഹിന്ദുക്കളെങ്കില്‍ സ്വാതന്ത്രൃസമരത്തിനിറങ്ങിയ ഹൈന്ദവരായ ഇന്ത്യന്‍ പട്ടാളക്കാര്‍ മുഗള്‍ രാജവംശത്തില്‍ അവശേഷിച്ച ബഹദൂര്‍ഷായെ തങ്ങളുടെ നേതാവായും ഇന്ത്യയുടെ ഭാവിചക്രവര്‍ത്തിയായും പ്രഖ്യാപിക്കുമായിരുന്നോ? ചരിത്രത്തില്‍ അധികമാരും കാണാത്ത ചില ചിത്രങ്ങളാണിത്.
വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ രാജ്യം കാണുന്ന അയോധ്യയിലെ ശ്രീരാമന്‍ വാസ്തവത്തില്‍ ഒരു രാഷ്ട്രീയ ശ്രീരാമന്‍തന്നെയാണെന്ന് വിശ്വസിക്കാന്‍ യുക്തിബോധമുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നായി ഈ ചരിത്രവസ്തുതയെ കാണാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്.

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ബാബരിമസ്ജിദില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടതെങ്ങ?




   1949 ജൂണ്‍ 1 മുതല്‍ 1950 മാര്‍ച്ച് 14 വരെ ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായിരുന്നു കെ.കെ. നായര്‍. മഹന്ത് ദിഗ് വിജയ് നാഥിന്‍റെ സുഹൃത്തായിരുന്ന അദ്ദേഹം പിന്നീടു ജനസംഘത്തിന്റെ ടിക്കറ്റില്‍ ബഹ്റയില്‍നിന്നു ലോക്സഭയിലേക്കു മല്‍സരിച്ചു വിജയിക്കുകയുണ്ടായി. ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കുറഞ്ഞ കാലത്തിനിടയ്ക്ക് ഫൈസാബാദ് ജില്ലയില്‍ പല നിഗൂഢപദ്ധതികളും അദ്ദേഹം നടപ്പാക്കി. അതിലൊന്ന് ബാബരിമസ്ജിദിനെതിരായതായിരുന്നു. മറ്റു ഗൂഢീക്കങ്ങളിലൂടെ ഫൈസാബാദിന്റെ പരിസരങ്ങളിലെ ഏക്കര്‍കണക്കിനു ഭൂമിയാണു നായര്‍ കൈവശപ്പെടുത്തിയത്. 
സ്വാര്‍ഥനേട്ടേങ്ങള്‍ക്കു വേണ്ടി മാത്രം മതത്തെ കൂട്ടുപിടിക്കുന്ന ഒരു യഥാര്‍ഥ വര്‍ഗീയവാദിയായിരുന്നു നായര്‍. ഈ ഉദ്യമത്തിനു കറുപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതിന്റെ ഇരയായതോ, ഉദാസീന്‍ വിഭാഗത്തിന്റെ ഏറ്റവും പുരാതന അമ്പലങ്ങളിലൊന്നായ റാനോപാലി നാനാക്ഷാഹി ടെമ്പിളും. 
അയോധ്യയുടെ പ്രാന്തപ്രദേശത്തുള്ള റാനോപാലി നാനാക്ഷാഹി അമ്പലം ഉദാസീന്‍ വിഭാഗത്തിന്റെ മുഖ്യ ആശ്രമമാണ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ മൂത്ത മകനായ ഗുരു ശ്രീചാന്ദ് 17ാം നൂറ്റാണ്ടിലാണ് ഉദാസീന്‍ വിഭാഗത്തിനു തുടക്കമിട്ടത്. പിന്നീടു ഗുരുനാനാക്കിന്റെ അുയായികള്‍ ഉദാസീന്‍ വിഭാഗവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോള്‍ അവര്‍ ഹിന്ദുമതത്തിലേക്കു തിരിയുകയായിരുന്നു. ശങ്കരാചാര്യരുടെ തത്ത്വശാസ്ത്രമായ അദ്വൈതമാണ് അവര്‍ പിന്തുടര്‍ന്നത്. 
അവധിലെ നവാബ് ഉദാരമായി നല്‍കിയിരുന്ന ഒരുപാട് ഫലഭൂയിഷ്ഠമായ ഭൂമി 1949ല്‍ റാനോപാലി നാനാക്ഷാഹി അമ്പലത്തിനു സ്വന്തമായുണ്ടായിരുന്നു. നവാബ് അസദുദ്ദീന്‍ ദൌല (1775-97) സംഭാവനചെയ്ത ആയിരം ബിഗ വലുപ്പമുള്ള പ്ളോട്ടിന്റെ മധ്യത്തിലാണ് ഈ അമ്പലം നിര്‍മിച്ചിരിക്കുന്നത്. സരയൂനദിയുടെ മറുകരയിലും ആയിരക്കണക്കിനു ബിഗ വലുപ്പമുള്ള ഭൂമി ഈ അമ്പലത്തിനു സ്വന്തമായുണ്ടായിരുന്നു. 
ബാബരിമസ്ജിദിനെ അമ്പലമായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും നായരുടെ അത്യാര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോധ്യയിലെ പ്രമുഖ സന്ന്യാസിമാരുമായും ഹിന്ദു മഹാസഭയുടെ നേതാക്കളായ മഹന്ത് ദിഗ്വിജയ് നാഥ്, ഗോപാല്‍സിങ് വിശാരദ് എന്നിവരുമായും നായര്‍ക്ക് സൌഹൃദമുണ്ടായിരുന്നു. ഹിന്ദു മഹാസഭയും കൂട്ടരും വളരെ വിസ്തൃതമായ ഭൂമി നായര്‍ക്കു നല്‍കിയിരുന്നു. അയോധ്യയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പലരും പറയുന്നത്, ഫൈസാബാദില്‍ ജില്ലാ മജിസ്ട്രേറ്റായിരിക്കെ നായര്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായാണ് മഹാസഭയുടെ ആളുകള്‍ നായര്‍ക്കു ഭൂമി നല്‍കിയതെന്നാണ്. 
ബാബരിമസ്ജിദില്‍ 'അദ്ഭുതം' പ്രത്യക്ഷപ്പെട്ട ഉടനെ ഒരുപാടു സംഭാവനകള്‍ നായര്‍ക്കു ലഭിച്ചു. ലാഖ്പെര്‍വാബാഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വലിയ മാവിന്‍തോട്ടമായിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയം. ഒരുലക്ഷം മരങ്ങളുള്ള തോട്ടം എന്നാണ് ലാഖ്പെര്‍വാബാഗ് എന്നതിന്റെ അര്‍ഥം. ഫൈസാബാദ്-റായ്ബറേലി റോഡിനോടു ചേര്‍ന്നുള്ള ഈ തോട്ടം നായര്‍ക്കു നല്‍കിയതില്‍ മുഖ്യ പങ്കുവഹിച്ചത് രാമാനന്ദി എസ്റാബ്ളിഷ്മെന്റാണ്. 
 ഭൂപ്രഭുക്കന്മാരും ചെറുരാജാക്കന്മാരും നായര്‍ ഫൈസാബാദിലെ മജിസ്ട്രേറ്റായിരിക്കെ കടുത്ത പ്രതിസന്ധികള്‍ നേരിട്ടു. 1949-50 കാലഘട്ടത്തില്‍ നായര്‍ ഭൂസ്വത്ത് കുന്നുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ ഭൂപ്രഭുക്കളുടെയും ചെറുരാജാക്കന്മാരുടെയും സാമ്രാജ്യം തകരാന്‍ തുടങ്ങി. ഭൂപ്രഭുത്വം ഇല്ലാതാക്കാനുള്ള നിയമവും (സമീന്ദാരി അബോളിഷന്‍ ബില്‍) ഭൂപരിഷ്കരണ ബില്ലും (ലാന്‍ഡ് റിഫോം ബില്‍) 1949 ജൂലൈയില്‍ യു.പി. അസംബ്ളിയില്‍ അവതരിപ്പിക്കുകയും 1951 ജുവരി 16നു അംഗീകരിക്കപ്പെടുകയും ചെയ്തു. 1952 മെയ് 5നു സുപ്രിംകോടതി ഈ നിയമത്തിന് അംഗീകാരം നല്‍കി. 
ടാക്സ് കുന്നുകൂടിയതിനാല്‍ ഭൂപ്രഭുക്കന്മാര്‍ സമ്മര്‍ദ്ദത്തിലായ സമയമായിരുന്നു അത്. അതുകൊണ്ട് ഭൂപ്രഭുത്വം ഇല്ലാതാക്കാനുള്ള നിയമം കൊണ്ടുവരുന്നതിനു മുമ്പ് ടാക്സ് അടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ഗവണ്‍മേന്‍റിന് അധീനപ്പെടുത്താന്‍ അനുമതി നല്‍കുന്ന എന്‍കംബോഡ് എസ്റ്റേറ്റ്സ് ആക്ട് കൊണ്ടുവന്നു. 
ഫൈസാബാദില്‍ നായരുടെ സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത അഡ്വ. സാധുസരണ്‍ മിശ്ര ഓര്‍ക്കുന്നു: "ഈ അവസരം മുതലാക്കുന്നതിക്കുനെറിച്ച് നായര്‍ ചിന്തിച്ചു. ഗവണ്‍മെന്റിലേക്ക് ടാക്സ് അടയ്ക്കുന്നതില്‍ അപാകത വരുത്തിയതിനുള്ള നഷ്ടപരിഹാരമെന്ന പേരില്‍ ഈ മേഖലയിലെ വിവിധ എസ്റേറ്റുകളുടെ നിയന്ത്രണത്തിലുള്ള പ്ളോട്ടുകള്‍ നായര്‍ കൈവശപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം കൈവശപ്പെടുത്തിയതില്‍ പ്രമുഖമായ ഒന്ന് ലോര്‍പുര്‍ എസ്റേറ്റിന്റേതായിരുന്നു. ഫൈസാബാദിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ വളര്‍ന്നുവരുന്ന ഒരു കാംപസിനു മധ്യത്തിലായിരുന്നു ലോര്‍പുര്‍ ഹൌസ് എന്ന പേരിലുള്ള ആ പ്ളോട്ട് സ്ഥിതി ചെയ്തിരുന്നത്. കുറച്ചു കാലം ഇതു നായരുടെ താമസസ്ഥലമായിരുന്നു. പിന്നീട് ചെറിയ റസിഡന്‍ഷ്യല്‍ പ്ളോട്ടുകളായി വില്‍പ്പന നടത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് നായര്‍ കോളനി എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലം ഇതാണ്.''1 

അശോക് ബ്രഹ്മചാരിയുടെ പോരാട്ടം:

ഹിന്ദുമഹാസഭയുടെ അയോധ്യയുമായി ബന്ധപ്പെട്ട പദ്ധതികളിലെ അപകടം മനസ്സിലാക്കിയ കെ.കെ. നായരെ നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു അക്ഷയ് ബ്രഹ്മചാരി. അഹിംസയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം ഉറച്ച ഗാന്ധിയായിരുന്നു. 
1949ല്‍, മുപ്പത്തിമൂന്നുകാരായ അക്ഷയ് ബ്രഹ്മചാരി ഫൈസാബാദ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്റെ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയിലെ അംഗവുമായിരുന്നു. ഹിന്ദു വര്‍ഗീയവാദികള്‍ ബാബരിമസ്ജിദിനെതിരേ നീങ്ങുന്നതില്‍ ദുഃഖിതനായിരുന്നു അദ്ദേഹം. 1949 നവംബര്‍ മധ്യത്തില്‍ വര്‍ഗീയവാദികള്‍ മുസ്ലിംശ്മശാനങ്ങള്‍ തുരക്കാനും മസ്ജിദിനു പുറത്തുള്ള ശ്മശാനം അശുദ്ധമാക്കാനും തുടങ്ങിയപ്പോള്‍ ബ്രഹ്മചാരി നേരിട്ട് അവിടം സന്ദര്‍ശിക്കുകയും ജില്ലാ കലക്ടറായ കെ.കെ. നായരെ വിവരം ധരിപ്പിക്കുകയും ചെയ്തു. എല്ലാം ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍, അധികം വൈകാതെത്തന്നെ അദ്ദേഹത്തിനു യാഥാര്‍ഥ്യം ബോധ്യപ്പെട്ടു. നായരുമായി വിവരം ചര്‍ച്ചചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒരു സംഘം ബ്രഹ്മചാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും അദ്ദേഹത്തെ മൃഗീയമായി ആക്രമിക്കുകയും ചെയ്തു. ഗൂഢമാര്‍ഗത്തിലൂടെ പള്ളി കൈക്കലാക്കുന്നതിനു കേവലം ഒരു മാസം മുമ്പ്, അഥവാ 1949 വംബര്‍ 15നാണ് ഇതു സംഭവിച്ചത്. 
പള്ളിക്കകത്തു യഥാര്‍ഥത്തില്‍ വിഗ്രഹം വയ്ക്കുന്നതിനു മുമ്പുതന്നെ ഹിന്ദു മഹാസഭക്കാരുടെയും 'വിരക്ത'യുടെയും വര്‍ഗീയ കാംപയിനുകള്‍ക്കെതിരേ ബ്രഹ്മചാരി പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. ബാബരിമസ്ജിദ് വീണ്ടടുക്കാന്‍ വേണ്ടി നിയമപരമായ നടപടികളില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി അയോധ്യയിലെ മുസ്ലിംകള്‍ക്കു പുറത്തുവരാനാവാത്ത വിധമുള്ള അന്തരീക്ഷം സൃഷ്ടിച്ചതിനു ബ്രഹ്മചാരി കോണ്‍ഗ്രസ് നേതാവായ ബാബാ രാഘവ്ദാസ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചു. അഭിരാംദാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികള്‍ കടന്നുകയറി പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹം നീക്കംചെയ്ത് മുസ്ലിംകള്‍ക്കു വിട്ടുകൊടുക്കണമെന്ന് കെ.കെ. നായരെ ആദ്യമായി ഓര്‍മിപ്പിച്ചതും ബ്രഹ്മചാരിയായിരുന്നു. അന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തരമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ബ്രഹ്മചാരി 1950 ഫെബ്രുവരി 20നു സമര്‍പ്പിച്ച നിവേദനത്തില്‍, ആഗ്രഹമുണ്ടായിരുന്നെങ്കില്‍ 1949 ഡിസംബര്‍ 23നു തന്നെ നായര്‍ക്ക് എളുപ്പത്തില്‍ പള്ളിയില്‍ നിന്നു വിഗ്രഹം നീക്കം ചെയ്യാമായിരുന്നു എന്നെഴുതി: "1949 ഡിസംബര്‍ 23നു ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് ഞാന്‍ ജില്ലാ മജിസ്ട്രേറ്റിനോടൊപ്പം ബാബരിമസ്ജിദിലെത്തി. അപ്പോള്‍ അവിടെ വിഗ്രഹമുണ്ടായിരുന്നു. പള്ളിക്കടുത്ത് കുറച്ച് ആളുകള്‍ കൂട്ടംകൂടിനിന്നിരുന്നു. അപ്പോള്‍തന്നെ വിഗ്രഹം നീക്കം ചെയ്തു പള്ളിയെ എളുപ്പത്തില്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, ജില്ലാ മജിസ്ട്രേറ്റ് ഹിന്ദുത്വ ഭീകരര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.''2 
പ്രശ്ം പരിഹരിക്കുന്നതില്‍ നായര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെങ്കിലും തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ ബ്രഹ്മചാരി ഒരുക്കമല്ലായിരുന്നു. ഒറ്റയാനായി സഞ്ചരിച്ചുകൊണ്ട് അയോധ്യയിലെയും ഫൈസാബാദിലെയും ബാബരിമസ്ജിദിന്റെ എതിരാളികള്‍ക്കെതിരേയുള്ള പ്രതിഷേധം അദ്ദേഹം തുടര്‍ന്നു. അദ്ദേഹത്തിനു പിന്തുണയുമായി വരാന്‍ കഴിയാത്തവിധം ഭയപ്പെട്ടവരായിരുന്നു മുസ്ലിംകള്‍. അദ്ദേഹത്തെ ഇസ്ലാം പക്ഷപാതിയെന്നും പ്രനശ്ക്കാരനെന്നും ഹിന്ദുത്വര്‍ മുദ്രകുത്തി. ദിവസങ്ങള്‍ക്കകം ബ്രഹ്മചാരിക്ക് അയോധ്യ വിട്ടുപോകേണ്ടിവന്നു. പിന്നീട് അദ്ദേഹത്തിന്റെ വീടു കൊള്ളയടിക്കപ്പെട്ടു. 
എന്നാല്‍, ഇത് അക്രമത്തിനെതിരേ പോരാടാനുള്ള ബ്രഹ്മചാരിയുടെ കരുത്തു വര്‍ധിപ്പിച്ചതേയുള്ളൂ. ഏതെങ്കിലും സമുദായത്തിന്റെ വിശ്വാസങ്ങളുമായോ ചരിത്രവുമായോ അയോധ്യയിലെ ഇപ്പോഴത്തെ സംഭവത്തിനു ബന്ധമില്ലെന്നും എല്ലാം വലിയ രാഷ്ട്രീയപദ്ധതികളുടെ ഭാഗമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെപോയാല്‍ കൂടുതല്‍ കരുത്തു നേടുമെന്നും വര്‍ഗീയ വിദ്വേഷം ജ്വലിപ്പിക്കാന്‍ പുതിയ വിഷയങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. 
മുസ്ലിം ശ്മശാനവും ബാബരിമസ്ജിദും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളോടൊപ്പം മറ്റു ചില സംഭവങ്ങളും അയോധ്യയില്‍നിന്നും ഫൈസാബാദില്‍നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. അവയിലൊന്ന് ഒരു ദേശീയമുസ്ലിം നടത്തിയിരുന്ന ഫൈസാബാദിലെ 'സ്റാര്‍ ഹോട്ടല്‍' കെ.കെ. നായര്‍ ഒഴിപ്പിച്ചതായിരുന്നു. ഫൈസാബാദിലെ ഒരു പ്രമുഖ മുസ്ലിമിനെ അപമാനിക്കുന്നതിലൂടെ സമുദായത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുക എന്നതായിരുന്നു ലക്ഷ്യം. 1950 ആഗസ്ത് 19നു പ്രമുഖ ഗാന്ധിയും ഹരിജന്‍ വാരികയുടെ പത്രാധിപരുമായ കെ.ജി. മശ്റുവാല ഇങ്ങനെ റിപോര്‍ട്ട് ചെയ്തു: "ആ ഹോട്ടലില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടന്ന് ഒരു ദിവസം ആരോ ഒരാള്‍ കലക്ടറെ അറിയിച്ചു. ഹോട്ടല്‍ പരിശോധിച്ച അധികൃതര്‍ക്ക് അത്തരത്തിലുള്ളതൊന്നും കണ്ടത്താനായില്ല. ആ ഹോട്ടലിന്റെ പരിസരത്ത് നാലു പേരുണ്ടായിരുന്നു. അവരിലൊരാള്‍ ബിസ്കറ്റ് വാങ്ങാന്‍ വേണ്ടി സുല്‍ത്താന്‍പൂരില്‍ നിന്നു വന്നതായിരുന്നു. സെക്ഷന്‍ 109 ക്രിമിനല്‍ വകുപ്പുപ്രകാരം അദ്ദേഹം അറസ്റ് ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഹോട്ടല്‍ നടത്തിപ്പുകാരാട് അവിടന്ന് ഒഴിയാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കലക്ടറുടെ സാന്നിധ്യത്തില്‍ അപ്പോള്‍ തന്നെ ഹോട്ടല്‍ ഒഴിയുകയും ചെയ്തു. പിന്നീട് ആ ഹോട്ടലിന്റെ ഉടമസ്ഥത മറ്റൊരാള്‍ക്കു നല്‍കി. അയാള്‍ 'ഗോമതി ഹോട്ടല്‍' എന്ന പേരില്‍ ആ ഹോട്ടല്‍ തുറന്നു. അതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ ജഡ്ജിയും മറ്റു ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 'സ്റാര്‍ ഹോട്ടലി'ന്റെ ഉടമ ഒരു പഴയ ദേശീയമുസ്ലിമായിരുന്നെന്നും അതുകൊണ്ടുതന്നെ ഒരുകാലത്ത് മുസ്ലിംലീഗ് അദ്ദേഹത്തെ ബഹിഷ്കരിച്ചിരുന്നു എന്നും പറയപ്പെടുന്നു. 
പള്ളിയില്‍ വിഗ്രഹം വയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് മേല്‍ വിവരിച്ച സംഭവമുണ്ടായത്. സ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥനായിരുന്ന മുഹമ്മദ് ബഷീറിന്റെ മകനായ മുഹമ്മദ് അഹ്മദിന്റെ അഭിപ്രായത്തില്‍, ഈ സംഭവം ആ പ്രദേശത്തെ മുസ്ലിംകളില്‍ കടുത്ത ഭീതിയുണ്ടാക്കി. അതിനെത്തുടര്‍ന്ന് അവിടെ നിന്നു പലരും കിഴക്കന്‍ പാകിസ്താനിലേക്കു കുടിയേറി. 
മുസ്ലിംകളെ കിഴക്കന്‍ പാകിസ്താനിലേക്കോ പടിഞ്ഞാറന്‍ പാകിസ്താനിലേക്കോ കുടിയേറാന്‍ നിര്‍ബന്ധിതരാക്കുക എന്നതായിരുന്നു ഒരുപക്ഷേ നായരുടെയും ഹിന്ദുസംഘടനകളുടെയും ലക്ഷ്യം. എന്നാല്‍, ബഷീര്‍ വെല്ലുവിളികളെ ധീരതയോടെ നേരിട്ടു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ടിവന്നുവെങ്കിലും കഠിനാധ്വാത്തിനു ഫലമുണ്ടായി. 1998ല്‍ അദ്ദേഹം മരിക്കുന്നതിനു മുമ്പ് പുതിയൊരു ബേക്കറി തുടങ്ങി. മുഹമ്മദ് അഹ്മദിന്റെ നിയന്ത്രണത്തില്‍ ബഷീറിന്റെ പേരമക്കള്‍ നടത്തുന്ന ആ ബേക്കറി ഇന്നു ഫൈസാബാദിലെ അതിപ്രശസ്തമായ ബേക്കറികളിലൊന്നാണ്. മുമ്പ് സ്റാര്‍ ഹോട്ടല്‍ ഉണ്ടായിരുന്നതിന്റെ സമീപത്താണ് ഇതു സ്ഥിതിചെയ്യുന്നത്. 

2013, നവംബർ 8, വെള്ളിയാഴ്‌ച

മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗീയതയുടെ കാവല്‍ നായ്ക്കളോ?



           മാധ്യമപ്രവര്‍ത്തകരോട് ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ചില സത്യങ്ങള്‍ തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ ഉല്‍ക്കണ്ഠകളിലൂടെയാണ് സമൂഹം ഇപ്പോള്‍ കടന്നുപോവുന്നത്. നാം  നേടിയെടുത്തുവെന്ന് അവകാശപ്പെടുന്ന കേരളീയ നവോത്ഥാനം ഒരു കെട്ടുകഥ മാത്രമാണെന്നാണ് ഇപ്പോഴത്തെ പല സംഭവങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. ജാതിയിലേക്കും മതത്തിലേക്കും നാം കൂടുതല്‍ കൂടുതലായി പിന്‍വാങ്ങുകയാണ്. ഇതിനു ഞാന്‍ ജാതി-മത-സമുദായ നേതാക്കളെ കുറ്റപ്പെടുത്തുകയില്ല. 
പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരേ, നിങ്ങളാണ് സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇപ്പോള്‍ വിഭജിക്കുന്നത്. നിങ്ങളാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ അകല്‍ച്ചയും ഭയവുമുണ്ടാക്കുന്നത്. ജാതി-മതക്കോമരങ്ങളുടെ ന്യൂയിസന്‍സുകള്‍ വലിയ വെണ്ടക്കാ അക്ഷരത്തില്‍ കൊടുത്ത് നിങ്ങളാണ് അവര്‍ക്കു മൈലേജുണ്ടാക്കുന്നത്. സി.പി.എം. കണ്ണൂരില്‍ നടത്തിയ മുസ്ലിം സമ്മേളനം ഞാന്‍ ഞെട്ടലോടെയാണു വായിച്ചത്. അവിടെ നമസ്കാരപ്പായ വിരിച്ചു. ബ്രാഹ്മണരുടെ സമ്മേളനം വിളിച്ചുകൂട്ടി അവിടെ ഹോമം നടത്താനുള്ള സൌകര്യം പിണറായി വിജയന്‍ ചെയ്തുകൊടുക്കുമോ എന്നു വ്യക്തമാക്കേണ്ടതുണ്ട്. 
കമ്മ്യൂണിസ്റ്റ് സമ്മേളനം വിളിച്ചുകൂട്ടി അവിടെ ഹിന്ദുക്കളെയും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിച്ചിരുത്തുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടിയിരുന്നത്. ഒരു സര്‍വമത സമ്മേളനം- അതാണ് നമ്മുടെ കാലം ആവശ്യപ്പെടുന്നത്. എന്നാല്‍, ഇതിനു മറ്റൊരു വശമുണ്ട്. സി.പി.എം. ഇങ്ങനെയോരു മുസ്ലിം സമ്മേളനം വിളിച്ചുകൂട്ടിയതുപോലും മാധ്യമപ്രവര്‍ത്തകരേ, നിങ്ങള്‍ കാരണമാണ്. 
മാധ്യമപ്രവര്‍ത്തകര്‍ മുസ്ലിംകളെ കരിവാരിത്തേക്കുകയാണ്. അവരെ പരിഹസിക്കുന്ന വിധത്തില്‍ വാര്‍ത്തകളും കാര്‍ട്ടൂണുകളും കൊടുക്കുന്നു. കശ്മീരില്‍ മലയാളി തീവ്രവാദികള്‍ നുഴഞ്ഞുകയറിയതുപോലെ നമ്മുടെ പല മീഡിയകളിലേക്കും ഹിന്ദു വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇന്നലെ ഒരു വാര്‍ത്താ ചാനല്‍ മുസ്ലിം വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ ഈശ്വറിനെയാണ് ഒരു വലിയ ആളായി അവതരിപ്പിച്ചത്. നിങ്ങള്‍ക്കറിയാമല്ലോ ആ ചെറുപ്പക്കാരന്റെ നിലവാരം. മുസ്ലിംകളെ താറടിക്കാന്‍ രാഹുല്‍ ഈശ്വറിയുയും മാധ്യമങ്ങള്‍ കൂട്ടുപിടിക്കുന്നു. 
മാധ്യമപ്രവര്‍ത്തകരേ, ആര്‍.എസ്.എസ്. ഒരു തിന്മ ചെയ്താല്‍ അതു ദേശീയവും മറ്റൊരു സംഘം തിന്മ ചെയ്താല്‍ അതു ദേശവിരുദ്ധവുമാവുന്നത് എങ്ങയൊണ്? എല്ലാ ഹിംസകളും മനുഷ്യവിരുദ്ധമാണ്. എല്ലാ ഹിംസകളും ദേശവിരുദ്ധമാണ്. എല്ലാ ഹിംസകളും ലോകവിരുദ്ധമാണ്. മുസ്ലിം വിഷയം എഴുതുമ്പോള്‍ നിങ്ങളുടെ പേനയ്ക്ക് കത്തിയുടെ മൂര്‍ച്ചയും ആര്‍.എസ്.എസിനെ കുറിച്ചെഴുതുമ്പോള്‍ നിങ്ങളുടെ പേനയ്ക്ക് തൂവല്‍സ്പര്‍ശവുമുണ്ടാവരുത്. ഒരുപാട് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്നുണ്ട് എന്നത് നമ്മുടെ പൊതുവായ ഉല്‍ക്കണ്ഠയാവേണ്ടതുണ്ട്. 

സാംസ്കാരിക അടിയന്തരാവസ്ഥക്കാലം 

പ്രിയപ്പെട്ടവരേ, ഞാന്‍ കോഴിക്കോട്ടു നിന്നാണ് ഇതെഴുതുന്നത്. ഇവിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുസ്ലിം പുസ്തകശാലകളില്‍ റെയ്ഡ് നടക്കുകയാണ്. നമ്മുടെ സി.വി. കുഞ്ഞിരാമനും എന്റെ സുഹൃത്ത് ബി.ആര്‍.പി. ഭാസ്കറിന്റെ അച്ഛുനുമൊക്കെ എഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന അസവര്‍ണര്‍ക്കു നല്ലത് ഇസ്ലാം എന്ന പുസ്തകം പോലും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാണ് പോലിസിന്റെ കണ്ടത്തല്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായി എനിക്കിതു തോന്നി. 
മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ കൂടുതല്‍ വര്‍ഗീയവാദികളുള്ളത് പോലിസ് വകുപ്പിലാണോ എന്നുപോലും സംശയം തോന്നുന്നു. തേജസ് എന്ന പത്രം പൂട്ടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുന്നു എന്നാണ് ഞാന്‍ അറിയുന്നത്. ആ പത്രത്തോടോ ആ പത്രം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയോടോ എനിക്ക് ഒട്ടും യോജിപ്പില്ല. ഞാനൊരു മുസ്ലിം വര്‍ഗീയവാദിയുമല്ല. പക്ഷേ, ഭരണകൂടം മാധ്യമങ്ങള്‍ പൂട്ടാന്‍ വരുന്നതിനെ സാംസ്കാരിക അടിയന്തരാവസ്ഥയായി നമ്മള്‍ കാണണം. 
ഞാന്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആ സത്യം ഇതാണ്: കേരളം സാംസ്കാരിക അടിയന്തരാവസ്ഥയുടെ നിഴലിലാണ്. നാളെ ഒരു മുസ്ലിം വര്‍ഗീയവാദി വലിയൊരു ഔദ്യോഗിക സ്ഥാനത്തെത്തുമ്പോള്‍- മുസ്ലിം സമൂഹം വലിയൊരു വോട്ടുബാങ്കാണ് എന്നു നാം മറക്കരുത്- ജന്മഭൂമി പൂട്ടാന്‍ ഉത്തരവു പുറപ്പെടുവിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ത്തകളുടെയും അറിവിന്റെയും ബഹുസ്വരതയെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടനീക്കത്തെ നാം എതിര്‍ക്കണം. ജന്മഭൂമിയും തേജസും ചന്ദ്രികയും നമുക്കു വേണം. ഒരേ ഞെട്ടില്‍ വിവിധ പൂക്കള്‍. 
മാധ്യമപ്രവര്‍ത്തകരേ, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം നിങ്ങള്‍. മാധ്യമധര്‍മം അതാണ്. അത് അധര്‍മമാവരുത്. നിങ്ങളില്‍ വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുക. എല്ലാ ഹിംസകളെയും എല്ലാ തീവ്രനിലപാടുകളെയും നാം എതിര്‍ക്കുക. തടിയന്റവിട സീറിനെയും നരേന്ദ്രമോഡിയെയും നാം ഒരേ കണ്ണു കൊണ്ടു കാണുക. വി.ആര്‍. കൃഷ്ണയ്യരിലല്ല, യു.ആര്‍. അനന്തമൂര്‍ത്തിയിലാണ് എന്റെ പ്രതീക്ഷ. 
എല്ലാ വര്‍ഗീയവാദങ്ങളും തുലഞ്ഞുപോവട്ടെ. എല്ലാവര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും നല്ലതു വരട്ടെ. 
                                                             
                                                              പുനത്തില്‍ കുഞ്ഞബ്ദുല്ല 


(കടപ്പാട്: സമകാലിക മലയാളം, 2013 ഒക്ടോബര്‍ 18)

2013, ജൂലൈ 10, ബുധനാഴ്‌ച

നന്മയുടെ പെരുമഴയായി റമദാന്‍



കാത്തിരിപ്പിനൊടുവില്‍ കാലവര്‍ഷമെത്തി. വറ്റിപ്പോയ കിണറുകളിലും കുളങ്ങളിലും വെള്ളം നിറഞ്ഞു. ചാലും തോടും പുഴയും പരന്നൊഴുകി. ഒഴുക്കുവെള്ളം കെട്ടിനിന്ന അഴുക്കുകളെ തുടച്ചുമാറ്റി. മരിച്ചുകിടന്ന ഭൂമി എഴുന്നേറ്റു പച്ചയുടുത്തു പുഞ്ചിരിച്ചു തുടങ്ങി. സസ്യലതാദികള്‍ ഇലകള്‍ വീശി തുള്ളിച്ചാടി. മനുഷ്യമൃഗാദികള്‍ സന്തോഷത്താല്‍ കുളിരണിഞ്ഞു. പ്രകൃതിയെ കാലവര്‍ഷത്താല്‍ ഹര്‍ഷപുളകിതമാക്കിയ നാഥനത്രേ പരിശുദ്ധന്‍. 
സസ്യങ്ങള്‍ കരിഞ്ഞുണങ്ങിയും ഭൂമി വറ്റിവരണ്ടും മാലിന്യങ്ങള്‍ കുന്നുകൂടിയും മനുഷ്യജീവിതം ദുസ്സഹമാവുമ്പോള്‍ കാലവര്‍ഷത്തിലൂടെ ഭൂമിയെ സംശുദ്ധമാക്കുകയും വിഭവസമൃദ്ധമാക്കുകയും ചെയ്യുക എന്നത് പടച്ചവന്റെ നടപടിക്രമമാണ്.  ഇതുപോലെ മനസ്സുകളില്‍ നന്മയുടെ ഉറവകള്‍ വറ്റിവരണ്ടുപോവുമ്പോള്‍, ഹൃത്തടങ്ങളില്‍ അടിഞ്ഞുകൂടിയ മലിനചിന്തകള്‍ ചിറകുവിരിച്ച് അപരന്റെ ചോരയൂറ്റുമ്പോള്‍ വിശുദ്ധി വീണ്ടടുത്തും ക്ഷേമവും സമൃദ്ധിയും പുനസ്ഥാപിച്ചും മനസ്സുകളെ കുളിരണിയിക്കാനാണു ദൈവനിശ്ചയത്താല്‍ നന്മയുടെ പെരുമഴയായി റമദാന്‍ എത്തുന്നത്. 
അല്ലാഹുവില്‍നിന്ന് ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. അതേറ്റുവാങ്ങാന്‍ തുറന്നുവച്ച മനസ്സുകള്‍ ധാന്യക്കൂമ്പാരങ്ങള്‍ വിളയിച്ചെടുക്കുന്ന പാടശേഖരങ്ങള്‍ പോലെ പവിത്രമായിരിക്കും. മണ്ണിനടിയില്‍നിന്നു മുളപൊട്ടിവരുന്ന സസ്യം വളര്‍ന്നുയര്‍ന്നു ശിഖരങ്ങള്‍ വീശി പൂക്കളും കായ്കിനികളും വിളയിച്ചു ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുപോലെയാണു വിശുദ്ധവചമെന്നു ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കുത്തിച്ചൊരിയുന്ന മഴയോടു ഭൂമിയപ്പാടെ ഒന്നുപോലെയല്ല പ്രതികരിക്കുന്നതെന്നു കാണാം. പാറപോലെ ഉറച്ച ഭൂമികള്‍ വെള്ളം വലിച്ചെടുക്കാതെ കെട്ടിനിര്‍ത്തുമ്പോള്‍ ജലം തേടിയെത്തുന്ന മനുഷ്യമൃഗാദികള്‍ക്കാണ് അതു പ്രയോജപ്പെടുക. വെള്ളം വലിച്ചെടുക്കുകയോ കെട്ടിനിര്‍ത്തുകയോ ചെയ്യാത്ത ചതുപ്പുനിലങ്ങള്‍ ചളിക്കെട്ടിലൂടെ മറ്റുള്ളവരെ ഉപദ്രവിക്കുകയാണു ചെയ്യുന്നത്. എന്നാല്‍, വളക്കൂറുള്ള ഭൂപ്രദേശങ്ങള്‍ മഴവെള്ളം പൂര്‍ണമായി വലിച്ചെടുക്കുകയും പൂക്കളും കായ്കനികളും വിളയിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) പറയുന്നത് ഈ മൂന്നുതരം ഭൂമികള്‍ സന്മാര്‍ഗദര്‍ശനവുമായി വന്ന ഞാനും നിങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നാണ്.
അല്ലാഹുവില്‍നിന്നവതരിച്ച ഖുര്‍ആന്‍ പ്രവാചകന്‍ മാനവഹൃദയങ്ങളിലെത്തിച്ചു. അവിടെ പ്രസ്തുത മൂന്നുതരം ഭൂമികള്‍ പോലെ നിഷേധവും കാപട്യവും അനുസരണയും ഉണ്ടായിത്തീര്‍ന്നു. ഖുര്‍ആന്‍ മുത്തഖീങ്ങള്‍ക്കേ മാര്‍ഗമരുളൂവെന്നു ഖുര്‍ആന്‍തന്നെ പറയുന്നു. അതായത്, ഖുര്‍ആന്‍ സ്വീകരിക്കാന്‍ പാകമായ മനസ്സുള്ളവര്‍ക്കേ അതു മസ്സിലാവുകയുള്ളൂവെന്ന്. ഖുര്‍ആനികവചനങ്ങളിലേക്കു ഹൃദയം തുറന്നുവയ്ക്കാതോറും അവയെ സ്വീകരിക്കാനും പ്രാപ്തമാക്കുകയാണു റമദാന്‍ ചെയ്യുന്നത്. വ്രതം നിര്‍ബന്ധമാക്കിയതു തഖ് വയുണ്ടാവാന്‍ വേണ്ടിയാണെന്നാണു ഖുര്‍ആന്‍ പറയുന്നത്. മനസ്സുകള്‍ക്കു നന്മയോട് ആഭിമുഖ്യമുണ്ടാവാന്‍വേണ്ടി എന്നര്‍ഥം. നന്മയോട് ആഭിമുഖ്യമില്ലാത്തവര്‍ക്കു ഖുര്‍ആന്‍ പറയുന്നതു മനസ്സിലാവുകയേയില്ല.
ദൈവബോധം, സഹാനുഭൂതി, ഉദാരത, സാമൂഹികപ്രതിബദ്ധത, നീതിബോധം, ധീരത, മൂല്യബോധം, വിശുദ്ധി, ത്യാഗമനസ്ഥിതി എന്നിവയാണു വ്രതാനുഷ്ഠാനം മനുഷ്യനിലുണര്‍ത്തുന്ന മാനവവികാരങ്ങള്‍. ഈ ഗുണങ്ങള്‍ ഉടമപ്പെടുത്തിയവരെയാണ് നല്ല മനുഷ്യരായി കണക്കാക്കുന്നതും. അവര്‍ക്കേ ഖുര്‍ആന്‍ മനസ്സിലാവുകയുള്ളൂ. കാരണം, ദൈവത്തെയോ അവന്റെ വിചാരണയെയോ ഭയമില്ലാത്തവന്‍ അവന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല. സഹാനുഭൂതിയും ഉദാരമനസ്കതയുമില്ലാത്തവന്നു സഹജീവികളുടെ വിശപ്പും വേദനയും അറിയാനാവില്ല അവരുടെ അവകാശം നിന്റെ സമ്പത്തിലുണ്ടന്നു ഖുര്‍ആന്‍ പറഞ്ഞാല്‍ മനസ്സിലാവുകയുമില്ല. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ വലുതായി കാണാന്‍ കഴിയാത്തവര്‍ക്കു പ്രവാചകന്മാരുടെ ത്യാഗചരിത്രം പാഴ്വേലയായി തോന്നും. നീതിബോധവും ധൈര്യവുമില്ലാത്തവര്‍ക്ക് അവകാശപ്പോരാട്ടത്തെപ്പറ്റിയും സമര്‍പ്പണത്തെപ്പറ്റിയുമുള്ള ദൈവവാക്യങ്ങള്‍ മനസ്സിലാവില്ല. മൂല്യങ്ങളിലും ജീവിതവിശുദ്ധിയിലും വിശ്വാസമില്ലാത്തവര്‍ക്കു ഖുര്‍ആന്റെ മാനവികമൂല്യങ്ങള്‍ അാവശ്യമാണെന്നേ തോന്നൂ. 
നല്ല മനുഷ്യരൊക്കെ തങ്ങളുടെ ദൈനംദിനജീവിതത്തിലെ അന്നപാനഭോഗാദികള്‍ നിയന്ത്രിച്ച് ഉറ്റാലോചിക്കേണ്ട ജീവിതക്രമമാണു ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. 14 നൂറ്റാണ്ടിലധികം പഴക്കംചെന്ന ഒരു ഗ്രന്ഥത്തെ പ്രതിനിധാം ചെയ്യുന്ന മുസ്ലിംസമൂഹത്തെ തേജോവധം ചെയ്യാന്‍ വല്ലാതെ വിയര്‍ക്കുന്ന ശക്തികള്‍ ഇന്നും ലോകത്തെമ്പാടുമുണ്ട്. എന്നിട്ടും ഈ ഗ്രന്ഥത്തിന്റെ ആശയങ്ങളുടെ കാലികപ്രസക്തി ചോദ്യംചെയ്തുകൊണ്ട് ഈ സമൂഹത്തെ ഇല്ലായ്മ ചെയ്യുക എന്ന തരത്തിലൊരു തന്ത്രം വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കാവുന്നില്ല. അതിലുപരി ഓരോ പുതിയ റമദാന്‍ വന്നണയുമ്പോഴും നിരവധി അഭ്യസ്തവിദ്യര്‍ ഖുര്‍ആന്റെ തീരത്തണയുകയാണ് എന്നത് ആരെയും ചിന്തിപ്പിക്കേണ്ടതാണ്.  
ഖുര്‍ആനും നോമ്പും അഭേദ്യമായി ഇഴചേര്‍ന്നുകിടക്കുന്നു. നോമ്പിലൂടെ ഖുര്‍ആന്‍ നെഞ്ചേറ്റാന്‍ കഴിഞ്ഞവരാണു ഭാഗ്യവാന്മാര്‍. നോമ്പും ഖുര്‍ആും അന്ത്യനാളില്‍ വിശ്വാസിക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷിനില്‍ക്കാനെത്തുമെന്നു പ്രവാചകന്‍(സ) പറഞ്ഞത് ഓര്‍ത്തിരിക്കേണ്ടതാണ്.
 വര്‍ഷാവര്‍ഷങ്ങളില്‍ സമൂഹത്തില്‍ അടിഞ്ഞുകൂടുന്ന ജീര്‍ണതകള്‍ റമദാന്റെ പെരുമഴയില്‍ ഒഴുക്കിക്കളയാനും സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ചു സല്‍സ്വഭാവങ്ങളുടെ മുന്തിയ വിത്തിനങ്ങള്‍ കൃഷിചെയ്തു വിളയിച്ചെടുക്കാനും കഴിയുമ്പോഴാണ് ആവര്‍ത്തിച്ചെത്തുന്ന റമദാന്‍ സാര്‍ഥകമാവുന്നത്. ഇല്ലാത്തവന്റെ വിശപ്പും വേദനയും തൊട്ടറിയാന്‍ പരിശീലിപ്പിക്കുന്ന റമദാന്‍ രാജ്യത്തു പട്ടിണികിടക്കുന്നവരെ ഓര്‍ക്കാനും അവരുടെ മോചനത്തിനുവേണ്ടി അധ്വാനിക്കാനും വഴികാട്ടുകയാണ്. 
മനുഷ്യര്‍ വിദ്യാഭ്യാസമേഖലകളില്‍ ഉയര്‍ച്ച കൈവരിക്കുമ്പോഴും അനുദിനം അന്ധവിശ്വാസങ്ങളിലേക്കും സാംസ്കാരികജീര്‍ണതകളിലേക്കും അധപ്പതിച്ചുകൊണ്ടിരിക്കുകയാണ്. വായിച്ചു പ്രബുദ്ധരാവാനും വികാരങ്ങളെ നിയന്ത്രിച്ചു മുഷ്യരാവാനും ആവശ്യപ്പെടുകയാണു റമദാന്‍. സ്ത്രീപീഡനവാര്‍ത്തകളും അഴിമതിക്കഥകളും കേട്ടു മനസ്സാക്ഷി ഇനിയും മരിച്ചിട്ടില്ലാത്തവര്‍ ഞെട്ടിവിറയ്ക്കുകയാണ്. ഇവിടെ വ്രതാനുഷ്ഠാനത്തിലൂടെ ചൂഷണവും വഞ്ചനയുമില്ലാത്ത, അന്തസ്സും ആത്മാഭിമാനവുമുള്ള സാമൂഹികസ്ഥിതി വളര്‍ത്തിയെടുക്കാന്‍ വിശ്വാസികള്‍ക്കാവണം. അവകാശലംഘനവും നീതിനിഷേധവും അുഭവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ തലവിധി മാറ്റാന്‍ സമരരംഗത്തിറങ്ങുമ്പോള്‍ കരിനിയമങ്ങള്‍കൊണ്ട് അവരെ വരിഞ്ഞുകെട്ടാന്‍ ഒരുങ്ങുകയാണു മറ്റുചിലര്‍. ബദ്ര്‍ സമ്മാനിക്കുന്ന നീതിബോധത്തിലൂടെ അവകാശപ്പോരാട്ടങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ നോമ്പുകാരു കഴിയണം. അനുവദനീയമായതുപോലും കൈയെത്തും ദൂരത്ത് സ്വന്തം അധീനതയിലുണ്ടായിട്ടും ഒന്നെടുത്തു രുചിച്ചുനോക്കാന്‍ കൂട്ടാക്കാത്ത നോമ്പുകാരനെ വിലക്കപ്പെട്ട കനികള്‍ക്കോ മോഹനചിന്തകള്‍ക്കോ പ്രലോഭിപ്പിക്കാനാവില്ല. തനിക്ക് എത്രയും വേണ്ടപ്പെട്ട അടിസ്ഥാനാവശ്യങ്ങള്‍പോലും വേണ്ടന്നുവച്ച് സത്യത്തിനും നീതിക്കും ജീവന്‍ നല്‍കാന്‍ തനിക്കു മടിയില്ലെന്നു പ്രഖ്യാപിക്കുകയാണു നോമ്പുകാരന്‍. 
സ്ത്രീപീഡനങ്ങളില്ലാത്ത, അഴിമതിയും അക്രമവുമില്ലാത്ത, അനീതിയും അഴിഞ്ഞാട്ടങ്ങളുമില്ലാത്ത, ധാര്‍മികതയിലും സദാചാരത്തിലും അധിഷ്ഠിതമായ നല്ലൊരു ലോകം പടുത്തുയര്‍ത്താന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങിയേ മതിയാകൂ. അതിനായി നന്മ ആജ്ഞാപിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഉല്‍കൃഷ്ടസമൂഹമെന്നു ഖുര്‍ആന്‍ വിളിച്ച മുസ്ലിംസമൂഹത്തിലെ ഓരോ അംഗവും പ്രതിജ്ഞാബദ്ധരായേ തീരൂ. 
കാലമേറെ ദുഷിച്ചുപോയിരിക്കുന്നു. അന്ത്യനാളിന്റെ അടയാളങ്ങള്‍ തിരഞ്ഞു വിധിയെ പഴിക്കുകയല്ല വിശ്വാസി ചെയ്യേണ്ടത്, നാളെയാണ് അന്ത്യനാളെങ്കിലും കൈയിലുള്ള ചെടി നട്ട് വെള്ളമൊഴിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ വഴിയേ ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉണരേണ്ടതുണ്ട്. ജീര്‍ണസംസ്കാരങ്ങളുടെ വേലിയേറ്റങ്ങളില്‍ പ്രതിരോധമില്ലാതെ ഒഴുകിപ്പോവുന്ന പുതുതലമുറയ്ക്കൊപ്പം സ്വന്തം ആണ്‍മക്കളെയും പെണ്‍മക്കളെയും ഒഴുക്കിവിടാന്‍ ആരാണിഷ്ടപ്പെടുക. അന്തസ്സാര്‍ന്ന മുഷ്യജീവിതത്തിനു നിരക്കാത്ത ജീര്‍ണസംസ്കാരങ്ങളെ ഒഴുക്കിയെടുത്ത് അറബിക്കടലിലെറിയാന്‍ റമദാന്റെ തെളിനീര്‍ പ്രവാഹത്തിനാവണം. റമദാനില്‍ പള്ളിയിലേക്കൊഴുകി വന്നവരെ റമദാന്റ പുഴയിലൂടെത്തന്നെ ബഹുദൂരം നീന്തിത്തുടിച്ചു ലക്ഷ്യത്തിലെത്താന്‍, ഇസ്ലാം മനസ്സു കീഴടക്കുന്ന സത്യം തന്നെയാണെന്നു പഠിപ്പിച്ചുകൊടുക്കാന്‍ പണ്ഡിതന്മാരും നേതാക്കളും നന്നായി ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. സംഘടനാ സങ്കുചിതത്വങ്ങളില്‍നിന്നു മുക്തരായി വ്യക്തികള്‍ക്കും ഇസ്ലാമികസമൂഹത്തിനും ക്രിയാത്മകമായി മുന്നോട്ടുപോകാനാവുന്ന തരത്തിലുള്ള ഇസ്ലാമിന്റെ മനോഹരമായ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാനായാല്‍ ബഹളമയമായി മാറിയിരിക്കുന്ന പഠനക്ളാസുകള്‍ പ്രയോജനപ്രദമാവും. വിനയവും വിശാലമനസ്കതയും ലാളിത്യവും ആശയഗാംഭീര്യവും ഹൃദ്യതയും അവിടെ നിറഞ്ഞുനില്‍ക്കട്ടെ. പരദൂഷണവും പൊങ്ങച്ചവും അസൂയയും കോപവും പരിന്ദയുമെല്ലാം റമദാന്‍ ക്ളാസുകളില്‍ ഇടംപിടിച്ചാല്‍ ആത്മീയപ്രഭാഷണങ്ങള്‍ വിരോധാഭാസമായിമാറും. 
റമദാന്‍ പ്രകടാത്മകമായ ആത്മീയസമ്മേളനങ്ങളെയല്ല ആവശ്യപ്പെടുന്നത്. അത് അല്ലാഹുവുമായുള്ള സ്വകാര്യസംഭാഷണങ്ങള്‍ക്കും ആത്മവിചാരണകള്‍ക്കുമുള്ള അവസരമാണ്. ചിന്ത, പഠം, വിശ്വാസം, ആരാധന, പ്രവര്‍ത്തനം, നിലപാട്- ഇതെല്ലാം ഖുര്‍ആന്റെ കണ്ണാടിയില്‍ നോക്കി മുഖം മിനുക്കാനുള്ള അമൂല്യമായ അവസരമാണത്. ഖുര്‍ആന്‍ അവതരിച്ച മാസമാണല്ലോ അത്. വേദഗ്രന്ഥത്തെ കൈവിട്ടുകളിക്കുന്നവരുടെ നാടുനീളന്‍ ആദര്‍ശപ്രസംഗങ്ങളെല്ലാം വ്യര്‍ഥമായിത്തീരുന്ന ലോകമാണു പരലോകം. ഖുര്‍ആന്‍ പറയുന്നു: "അന്നു യഥാര്‍ഥമായ പരമാധികാരം കരുണാമയായ അല്ലാഹുവിനു മാത്രമായിരിക്കും. അതു നിഷേധികള്‍ക്കു പ്രയാസമേറിയ ദിനമായിരിക്കും. അക്രമി കൈകടിക്കുന്ന ദിവസമാണത്. അവന്‍ കേഴും: ഹാ, കഷ്ടം! ഞാന്‍ ദൈവദൂതനോടപ്പം സഞ്ചരിച്ചിരുന്നെങ്കില്‍, ഹാ, കഷ്ടം! ഞാന്‍ ഇന്നവനെ സുഹൃത്താക്കാതിരുന്നെങ്കില്‍. ഉദ്ബോധം വന്നുകിട്ടിയിട്ടും അയാളെന്നെ പിഴപ്പിച്ചുകളഞ്ഞുവല്ലോ. ചെകുത്താന്‍ മനുഷ്യനോടു മഹാവഞ്ചകന്‍ തന്നെ.'' ദൈവദൂതന്‍ പറയും: "എന്റെ നാഥാ, എന്റെ ജനത ഈ ഖുര്‍ആനിനെ കൈവിട്ടുകളഞ്ഞവരാകുന്നു''(അല്‍ഫുര്‍ഖാന്‍: 26-30).

2013, ജൂൺ 5, ബുധനാഴ്‌ച

യഹ് യ തടവിലായിട്ട് അഞ്ചുവര്‍ഷം; കൊണ്ടുപോയത് ഉടന്‍ തിരികെയെത്തിക്കാമെന്നു പറഞ്ഞ്


യു.എ.പി.എ. ഭീകരനിയമത്തിന്റെ ബലിയാടുകള്‍ - 4 


കോഴിക്കോട് ജില്ലയിലെ മുക്കം ഗോതമ്പ് റോഡില്‍ നിരോലിപ്പില്‍ വീരാന്‍കുട്ടിയുടെയും ഖദീജയുടെയും മകന്‍ യഹ് യ  ഇയാഷ് (കമ്മുക്കുട്ടി) ഒരുകാലത്ത് ഇന്ത്യയുടെ ഐ.ടി. നഗരമായ ബാംഗ്ളൂരിലെ സോഫ്റ്റ് വെയര്‍ കമ്പനികളുടെ കണ്ണിലുണ്ണിയായിരുന്നു. സമര്‍ഥനായ ഈ എന്‍ജിനിയറെ തങ്ങളുടെ സ്ഥാപനത്തിലെത്തിക്കാന്‍ കമ്പനികള്‍ മല്‍സരിച്ചിരുന്നു. 1995ല്‍ കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി)യില്‍നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി കാംപസില്‍നിന്നു തന്നെ ബാംഗ്ളൂരിലെ ടാറ്റാ ഇന്‍ഫോടെക്കിലേക്കു സെലക്ഷന്‍ ലഭിച്ച യഹ് യ പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഈ യുവഎന്‍ജിനിയര്‍ യു.എ.പി.എ. ചുമത്തപ്പെട്ട് ഇരുമ്പഴിയെണ്ണുകയാണ്. നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചെന്നും ബാംഗ്ളൂരില്‍ താന്‍ താമസിച്ചതിനു സമീപത്തുള്ള കെട്ടിടത്തില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുമാണ് യഹ് യയുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 

"2008 ഫെബ്രുവരി 17നു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് പണിക്കാര്‍ക്കു കൂലിയും കൊടുത്തു സന്തോഷത്തോടെ ഞങ്ങളോടു യാത്ര പറഞ്ഞുപോയതാണ് യഹ്  യയും ഗര്‍ഭിണിയായ ഭാര്യ ഫരീദയും ചെറിയ മൂന്നു കുട്ടികളും. പിന്നീട് എന്റെ മകന്‍ തിരിച്ചുവന്നിട്ടില്ല.'' പിതാവ് വീരാന്‍കുട്ടി ഗദ്ഗദത്തോടെ പറഞ്ഞു. ഫെബ്രുവരി 18നു ഓഫിസില്‍നിന്ന് തിരികെയെത്തി രാത്രി ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏതാണ്ട് 10 മണിയോടെ ഫ്ളാറ്റിലേക്ക് അപരിചിതരായ നാലാളുകള്‍ കയറിവരുന്നത്. "ചില കാര്യങ്ങള്‍ സംസാരിക്കാനായി ഞങ്ങളോടൊപ്പം വരണം. 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തിക്കാം.'' വന്നവര്‍ പറഞ്ഞു. നിങ്ങളാരാണെന്നു ചോദിച്ചപ്പോള്‍ ഐ.ബി. ഉദ്യോഗസ്ഥരാണെന്നു തെളിയിക്കുന്ന രേഖ കാണിച്ചിരുന്നതായി ഫരീദ പറയുന്നു. ഫ്ളാറ്റിനു താഴെ അവര്‍ വന്നവാഹനത്തില്‍ മറ്റുചിലര്‍ കൂടിയുണ്ടായിരുന്നു. 

എന്നാല്‍, രാത്രി ഏറെ വൈകിയിട്ടും യഹ് യ തിരിച്ചുവന്നില്ല. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുന്നു. പിറ്റേദിവസം സുഹൃത്തുക്കളെ വിവരമറിയിച്ചു. നാട്ടിലേക്കും വിളിച്ചുപറഞ്ഞു. അടുത്തദിവസം തന്നെ പിതാവും ഭാര്യാസഹോദരും ബാംഗ്ളൂരിലെത്തി. കെട്ടിട ഉടമയോടും അയല്‍ക്കാരോടുമൊക്കെ സംസാരിച്ചപ്പോള്‍ പല സംശയങ്ങളും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ബാംഗ്ളൂരില്‍നിന്നു ചിലരെ തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ വന്നിരുന്നത്. എല്ലാ പോലിസ് സ്റ്റേഷനുകളിലും അന്യേഷിച്ചെങ്കിലും യഹ് യയെ കണ്ടത്താന്‍ കഴിഞ്ഞില്ല. 

അധികമൊന്നും പരിചയമില്ലാത്ത ബാംഗ്ളൂര്‍ സിറ്റിയില്‍ വീരാന്‍കുട്ടിയും യഹ് യയുടെ ഭാര്യാസഹോദരനും ഗര്‍ഭിണിയായ ഫരീദയും യഹ് യയെത്തേടി അലഞ്ഞുനടന്നു. നാലാംദിവസം ഫെബ്രുവരി 21നു പരിചയക്കാരായ വക്കീലുമായി ബന്ധപ്പെട്ട് കേസ് കൊടുക്കാന്‍ തീരുമാനിച്ചു. യഹ് യയുടെ ചെറിയ കുട്ടികളുമായി വീരാന്‍കുട്ടി നാട്ടിലേക്കു വരാനായി ബസ്സ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ചാനലുകളില്‍ മകനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കാണുന്നത്. അപ്പോഴേക്കും 16ഓളം ആളുകളെ പലയിടങ്ങളില്‍ നിന്നുമായി ഇങ്ങനെ അറസ്റ് ചെയ്തിരുന്നു. ചാനലുകളില്‍ രാജ്യത്തെ അപകടപ്പെടുത്തിയ ഭീകരന്‍മാരെ അതിസാഹസികമായി പോലിസ് കീഴ്പ്പെടുത്തിയതിക്കുനെറിച്ച് കഥകള്‍ വന്നുകൊണ്ടേയിരുന്നു. പിന്നീടാണറിയുന്നത് ഇവരെ അറസ്റ്റ് ചെയ്യുന്നതിനു രണ്ടാഴ്ച മുമ്പുതന്നെ ബാംഗ്ളൂരില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന രീതിയില്‍ പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നുവെന്ന്. അതൊക്കെയും പോലിസ് നല്‍കിയവയായിരുന്നു. മുമ്പ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്തപ്പോള്‍ അതിനുമുമ്പായി പ്രാദേശികപത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 22നു ഫരീദയും സഹോദരനും  വക്കീലിനെ കാണാന്‍ പോയി രാത്രി മടങ്ങിവരുമ്പോള്‍ യഹ് യയും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റ് തുറന്ന് പോലിസും അവര്‍ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരും 'പരിശോധന' നടത്തുന്ന കാഴ്ചയാണ് ദൂരെനിന്നു കാണുന്നത്. 

അവിടേക്കു പോവുന്നത് പന്തിയല്ലെന്നു തോന്നി തല്‍ക്കാലം മാറിനിന്നു. ഒരുതരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും പോലിസ്. നാലാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്നവേളയില്‍ തനിക്കു നേരിടേണ്ടിവന്ന ദുരവസ്ഥകള്‍ വിവരിക്കുമ്പോള്‍ ഇപ്പോഴും ഫരീദയുടെ കണ്ണുകളില്‍ ഭീതി തെളിയുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ കേസ് ഏറ്റെടുക്കാന്‍ അഭിഭാഷകരാരും തയ്യാറായില്ല. ഇത്തരം കേസുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നു ബാര്‍ കൌണ്‍സിലുകള്‍ തീരുമാനിച്ചിരുന്ന സാഹചര്യമായിരുന്നു അത്. ഈ ഘട്ടത്തില്‍ ആദ്യമായി അറസ്റ് ചെയ്യപ്പെട്ട ഈരാറ്റുപേട്ടയിലെ ശിബിലി, ശാദുലി ആലുവയിലെ അന്‍സാര്‍ നദ് വി എന്നിവരുള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കേസുകള്‍ വാദിക്കുന്നതിനായി കഴിവുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കിയത് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ) ആയിരുന്നു. പ്രധാനമായും അഡ്വ. കെ പി മുഹമ്മദ് ശരീഫ് ആണ് സമര്‍ഥരായ വക്കീലന്‍മാരെ ഏര്‍പ്പാടാക്കിയതെന്ന് ഫരീദ പറയുന്നു. 

ആദ്യം ബല്‍ഗാം ജയിലിലേക്കാണു യഹ് യയെയും മറ്റു തടവുകാരെയും കൊണ്ടുപോയത്. ഏറ്റവും മോശമായ രീതിയിലായിരുന്നു ജയിലിലെ ഉദ്യോഗസ്ഥര്‍ അവരോടു പെരുമാറിയത്. ഖുര്‍ആന്‍ ഓതുമ്പോള്‍ തട്ടിത്തെറിപ്പിച്ചും നമസ്കരിക്കുന്നിടത്ത് കാര്‍ക്കിച്ചു തുപ്പിയും ഇവരെ ആക്ഷേപിക്കും. മതവിദ്വേഷം വച്ചുകൊണ്ടുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ അസഹ്യമായപ്പോള്‍ ദിവസങ്ങളോളം നിരാഹാരം കിടന്നും പ്രതിഷേധിച്ചുമാണ് ബല്‍ഗാം ജയിലില്‍നിന്ന് ഇവരെ ഗുല്‍ബര്‍ഗയിലേക്കു മാറ്റിയത്. ഇപ്പോള്‍ യെര്‍വാദ ജയിലിലാണ്. സാമൂഹിക സ്പര്‍ധയുണ്ടാക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ യഹ് യയെപ്പോലൊരു മാന്യന്‍ ഇടപെടുമെന്നു കരുതുന്നില്ലെന്ന് നാട്ടുകാര്‍ ഒരേസ്വരത്തില്‍ പറയുന്നു. രാജ്യത്തിന്റെ വികസത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തേണ്ട യഹ് യയെപ്പോലുള്ള സമര്‍ഥരായ എന്‍ജിനിയര്‍മാരെ അവരുടെ ഏറ്റവും നല്ല പ്രായത്തില്‍ യു.എ.പി.എ. പോലുള്ള വകുപ്പുകള്‍ ചുമത്തി ക്രൂരമായി പീഡിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. 

തുടരും .......


2013, ജൂൺ 3, തിങ്കളാഴ്‌ച

പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ തീവ്രവാദിയായ സക്കരിയ




യു എ പി എ - ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 3 


യു.എ.പി.എയുടെ രൂപത്തിലായിരുന്നു പരപ്പനങ്ങാടിയിലെ സക്കരിയ എന്ന 18കാരന്റെ ജീവിതത്തിലേക്കു ദുരന്തങ്ങള്‍ കടന്നുവന്നത്. 2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു സലാം പറഞ്ഞു പോയതാണ്. ഇനിയും തിരിച്ചുവന്നിട്ടില്ല. 

അന്ന് പതിനൊന്നരമണിക്ക് തിരൂര്‍ ഗള്‍ഫ് ബസാറില്‍ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതര്‍ അവനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെക്കുറിച്ച് സക്കരിയയുടെ ഉമ്മയുടെ സഹോദരന്റെ മകനും അടുത്ത സുഹൃത്തും ഇപ്പോള്‍ ഫ്രീ സക്കരിയാ ആക്ഷന്‍ ഫോറം കണ്‍വീനറുമായ ശുഹൈബ് പറയുന്നതിങ്ങനെ. "അന്നു വൈകുന്നേരം ഏതാണ്ട് നാലുമണി കഴിയുമ്പോഴാണ് ഞാന്‍ വിവരമറിയുന്നത്.  രാവിലെ കുറച്ചാളുകള്‍ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഉടന്‍തന്നെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. എം.എല്‍.എ. പി കെ അബ്ദുറബ്ബിനെ ചെന്നുകണ്ടു. അദ്ദേഹം പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ തുടങ്ങി സമീപത്തെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലും വിളിച്ചന്യേഷിച്ചു. ആര്‍ക്കും സംഭവത്തെക്കുറിച്ച് അറിയില്ല.'' 

പിന്നീട് ഫെബ്രുവരി 8ആം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗ്ളൂര്‍ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്നറിയുന്നത്. സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകള്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍ എന്നായിരുന്നു വാര്‍ത്ത. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതായി ശുഹൈബ് പറയുന്നു. ആരെയെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. പരിചയക്കാര്‍ കാണുമ്പോള്‍ വഴിമാറി നടക്കും. ബന്ധുക്കള്‍പോലും വീട്ടില്‍ വരില്ല. പെട്ടെന്നൊരുദിവസം എല്ലാവര്‍ക്കുമിടയില്‍ ഒറ്റപ്പെട്ടതുപോലെ. പോലിസ് നിരന്തരം വീട്ടില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇതോടെ സക്കരിയയുടെ ഉമ്മ ബീയുമ്മ വീടുപൂട്ടി സഹോദരന്റെ വീട്ടിലേക്കു താമസമാക്കി. 

പരിചയക്കാരായ പ്രാദേശിക ലേഖകന്‍മാര്‍ പോലിസിനെ ഉദ്ധരിച്ച് കഥകളെഴുതി. ഒരാള്‍പോലും വസ്തുതയെന്തെന്നന്യേഷിച്ചില്ല. ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. ശുഹൈബ് ദീര്‍ഘിനിശ്വാസത്തോടെ പറഞ്ഞു. 

പരേതനായ വാണിയമ്പറത്ത് കുഞ്ഞുമുഹമ്മദിന്റെയും ബീയുമ്മയുടെയും നാലുമക്കളില്‍ ഇളയവനാണ് സക്കരിയ. സക്കരിയക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഉപ്പ മരിച്ചു. ശേഷം വയനാട്ടില്‍നിന്നു ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലേക്കു വന്നതാണ്. എളുപ്പത്തില്‍ ജോലി തരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ ആറുമാസത്തെ മൊബൈല്‍ ടെക്നൊളജി കോഴ്സിനു ചേര്‍ന്നത്. പഠനശേഷം, പരിചയക്കാരില്‍പ്പെട്ട അബ്ദുര്‍റഹീമെന്ന അഫ്താബാണ്(അബ്ദുര്‍റഹീം പിന്നീട് കശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു പോലിസ് പറയുന്നു) കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരന്‍ ഷറഫുദ്ദീന്റെ കടയില്‍ ജോലി ഏര്‍പ്പാടാക്കിക്കൊടുത്തത്. കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരില്‍ തന്നെ മറ്റൊരു ജോലിയില്‍ കയറി.  

ഷറഫുദ്ദീനൊടൊപ്പം ബാംഗ്ളൂര്‍ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിര്‍മിച്ചുനല്‍കിയെന്നാണ് സക്കരിയക്കെതിരായ കേസ്. ആറുമാസത്തെ മൊബൈല്‍ ടെക്നൊളജി പഠിച്ച കേവലം പ്ളസ്ടുക്കാരായ സക്കരിയക്കു അതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ക്കുതന്നെ അറിയാം. മാത്രവുമല്ല, അവിടെനിന്നു ജോലിവിട്ട് ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞശേഷമാണ് അറസ്റ്റുണ്ടാവുന്നത്. 

കൂടുതല്‍ തെളിവുകളുണ്ടാക്കി സക്കരിയയുടെ കേസ് ശക്തിപ്പെടുത്താനായിരുന്നു പിന്നീട് പോലിസ് ശ്രമം. മുഖ്യസാക്ഷിയായി പോലിസ് അവതരിപ്പിക്കുന്ന ഹരിദാസന്‍ പറയുന്നത് താനിതുവരെ സക്കരിയയെ നേരില്‍ കണ്ടിട്ടില്ലെന്നാണ്. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മരമില്‍ വ്യവസായം നടത്തുന്ന ഹരിദാസന്‍ 2001ല്‍ അവിടെയൊരു വാടകവീട്ടില്‍ കുടുംബസമേതം താമസിച്ചിരുന്നു. അക്കാലത്ത് ആ വീടിന്റെ മുകളില്‍ നടന്നിരുന്ന ത്വരീഖത്ത് ക്ളാസുകളെക്കുറിച്ച് അന്യേഷണസംഘം ഹരിദാസില്‍നിന്നു മൊഴിയെടുത്തു. "2008ല്‍ നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് 2001ല്‍ ഒരു വാടകവീട്ടില്‍ താമസിച്ച എനിക്കെന്തു പറയാനാവുമെന്ന് ഹരിദാസന്‍ ചോദിക്കുന്നു.'' 

പോലിസിന്റെ തിരക്കഥയനുസരിച്ച് 2001ലെ ത്വരീഖത്ത് ക്ളാസില്‍ സക്കരിയ പങ്കെടുത്തിട്ടുണ്ടങ്കില്‍ അപ്പോള്‍ അയാള്‍ക്ക് ഒമ്പത് വയസ്സ് പൂര്‍ത്തിയാവുകയേയുള്ളൂ. 

മറ്റൊരു സാക്ഷി കൊണ്ടോട്ടിയിലെ ഷറഫുദ്ദീന്റെ സഹോദരനായ നിസാമുദ്ദീനാണ്. നിസാമിനോട് കന്നഡ ഭാഷയില്‍ എഴുതി തയ്യാറാക്കിയ ഒരു പേപ്പറില്‍ ഒപ്പിടാന്‍ പോലിസ് ആവശ്യപ്പെടുന്നു. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ "നിന്റെ ജ്യേഷ്ഠന്‍ ഉപയോഗിച്ച മൊബൈല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് നിയാണെന്നതിനുള്ള രേഖയെന്നായിരുന്നു മറുപടി.'' പിന്നീടാണ് അത് സക്കരിയക്ക് എതിരായ സാക്ഷിമൊഴിയാണെന്നറിയുന്നത്. 

ആദ്യഘട്ടത്തില്‍ പല വക്കീലന്‍മാരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നു ശുഹൈബ് പറയുന്നു. ഏറ്റെടുക്കാന്‍ തയ്യാറാവുന്നവരാവട്ടെ ചോദിക്കുന്നത് 50ഉം 60ഉം ലക്ഷവും. ബാംഗ്ളൂര്‍ വെണ്ണാര്‍ഘട്ടയിലുള്ള പരപ്പന അഗ്രഹാര ജയിലിലാണ് സക്കരിയ. കോടതിയും അവിടെത്തന്നെ. 

കേസ് വക്കീലിനു ഏല്‍പ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ഓഫിസര്‍ ഓംകാരയ്യ പരമാവധി ശ്രമിച്ചിരുന്നു. സക്കരിയയുടെ മേല്‍ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല. പിന്നെന്തിനാണ് കേസിനുപോയി പണം പാഴാക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അവസാനം മൂന്നാംമാസം കുറ്റപത്രം തയ്യാറാക്കിയപ്പോള്‍  സക്കരിയ പ്രതിപട്ടികയിലുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള സമ്മര്‍ദ്ദംകൊണ്ട് ചെയ്തതാണെന്നായിരുന്നു ഓംകാരയ്യയുടെ മറുപടി. 

 കഴിഞ്ഞപ്രാവശ്യം സക്കരിയയെ കാണാന്‍ പോയപ്പോള്‍ തന്റെ സഹതടവുകാരായ ഒരു ബിഹാരിയെക്കുറിച്ച് പറഞ്ഞു. ഇയാള്‍ എന്നും തന്റെ പെട്ടിയും സാധനങ്ങളും അടുക്കി വൃത്തിയാക്കി വയ്ക്കും. ഇന്നു തന്നെ മോചിപ്പിക്കുമെന്ന് ജയിലറും മറ്റു പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞായിരുന്നു ഇത്. വൈകുന്നേരംവരേക്കും തനിക്കു പുറത്തുപോവാനുള്ള അുമതിയും പ്രതീക്ഷിച്ച് സന്തോഷത്തോടെ കാത്തിരിക്കും. ഒടുവില്‍ രാത്രി നിരാശയോടെ രാവിലെ അടുക്കിവച്ചതെല്ലാം നിവര്‍ത്തി ഉറങ്ങാന്‍ കിടക്കും. രണ്ടുദിവസം കഴിഞ്ഞാല്‍ ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരം ഉറപ്പുല്‍കിയെന്നു പറഞ്ഞ് പഴയതിനേക്കാള്‍ സന്തോഷത്തോടെ സാധനങ്ങള്‍ അടുക്കിവച്ച് കാത്തിരിക്കും. ഇടയ്ക്കിടെ ഈ സാധു ഇതാവര്‍ത്തിക്കുന്നതു കാണുമ്പോള്‍ സക്കരിയയുടെ നെഞ്ചുപിടയും.  

സക്കരിയ അറസ്റിലായിട്ടിപ്പോള്‍ നാലുവര്‍ഷവും നാലുമാസവുമായി. സക്കരിയക്കു നീതി ലഭിക്കുന്നതിനായി സംഘടിപ്പിച്ച ഫ്രീ സക്കരിയ ആക്ഷന്‍ ഫോറവുമായി എല്ലാവരും സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ആക്ഷന്‍ ഫോറം നടത്തിയ മുഷ്യാവകാശ സംഗമത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്. പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പേ പോലിസും മാധ്യമങ്ങളും തീവ്രവാദിയാക്കിയ സക്കരിയക്കു നീതികിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഒരു നാടുമുഴുവന്‍. 

തുടരും  


2013, ജൂൺ 1, ശനിയാഴ്‌ച

എന്റെ മകനെ 15 ദിവസം അവര്‍ ഉറക്കിയില്ല



 യു.എ.പി.എ. ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 2 


ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശി അന്‍സാര്‍ നദ് വിയുടെ വീട് ഏതൊരാള്‍ക്കും അന്യേഷിച്ചുകണ്ടത്താന്‍ എളുപ്പമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ വീടെവിടെ എന്നു ചോദിച്ചാല്‍ മതി. ആരും കാണിച്ചുതരും. 2008 മാര്‍ച്ച് 23നു ഈരാറ്റുപേട്ട സ്വദേശിയായ സുഹൃത് ശാദുലിയോടൊപ്പം അവന്റെ ജ്യേഷ്ഠന്‍ ശിബിലിയുടെ അരികിലേക്കെന്നു പറഞ്ഞ് പുറപ്പെട്ടതാണ്. ഇതുവരേക്കും തിരിച്ചുവന്നിട്ടില്ല. മാര്‍ച്ച് 26നു വെളുപ്പാന്‍കാലത്ത് നാലുമണിക്ക് ഇന്‍ഡോറില്‍ ചെന്നിറങ്ങിയ അവര്‍ വിശ്രമിക്കുകയായിരുന്ന വീട്ടില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നത്രേ. നിരോധിത സംഘടയായ സിമിയുടെ പ്രവര്‍ത്തനത്തിനായി സംഘടിച്ചു എന്നായിരുന്നു അന്‍സാര്‍ നദ്  വിയുടെപേരിലും ചുമത്തിയിരുന്ന കുറ്റം. പിന്നീട് രാജ്യത്തു നടന്ന എല്ലാ സ്ഫോടനങ്ങളിലും അന്‍സാറിനെയും പ്രതിയാക്കി. മാര്‍ച്ച് 27നു പോലിസ് വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ട വിവരം താന്‍ അറിയുന്നതെന്ന് അന്‍സാറിന്റെ പിതാവ് അബ്ദുര്‍റസാഖ് പറയുന്നു. 

ഇന്‍ഡോറില്‍നിന്നാണ് അറസ്റ്റ് ചെയ്തിരുന്നതെങ്കിലും പിന്നീട് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന സ്ഫോടനങ്ങളില്‍ അന്‍സാറടക്കമുള്ള പലരേയും പ്രതികളാക്കി. അന്‍സാറിനെ കാണുന്നതിനായി ഇന്‍ഡോറിലേക്കു ഞങ്ങള്‍ പോയിരുന്നു. അവിടെയെത്തുമ്പോള്‍ കര്‍ണാടകയിലെ ഹുബ്ളിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ആരോപിച്ച് അന്‍സാറിനെ കര്‍ണാടക ബല്‍ഗാം ജയിലിലേക്കു മാറ്റിയിരിക്കുകയായിരുന്നു. മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ടന്നു പറഞ്ഞ് ആ കേസിലും ഉള്‍പ്പെടുത്തി. ബല്‍ഗാം ജയിലിലും അവരെ കാണാന്‍ പോയി. അതിനു മുന്നിലെത്തിയിട്ടും എന്റെ മകനെ ഒന്നു കാണാന്‍ അവര്‍ സമ്മതിച്ചില്ല. ജയിലിന്റെ മുന്നില്‍നിന്ന് ഇതുപോലെ പലപ്രാവശ്യം തിരിച്ചുവരേണ്ടിവന്നു. എന്തായി. ജീവനോടെയുണ്ടാ. ഒന്നുമറിയില്ല. പത്രങ്ങളിലും ചാനലുകളിലും ദിവസേനെ പ്രചരിക്കുന്ന കഥകള്‍ക്കപ്പുറം അവരെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബാംഗ്ളൂര്‍ പരപ്പ അഗ്രഹാരം, ബല്‍ഗാം, ഗുല്‍ബര്‍ഗ, യര്‍വാദ ജയിലുകളിലേക്കൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റിക്കൊണ്ടയിരുന്നു. ഗുല്‍ബര്‍ഗാ ജയിലില്‍ കഴിയുമ്പോള്‍ അവരെ വാഗമണ്‍ കേസിലുമുള്‍പ്പെടുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നു. ആ സമയത്താണ് എറണാകുളം കലക്ടറേറ്റില്‍ സ്ഫോടനം നടക്കുന്നത്. പിന്നീട് ആ കേസിലും എന്റെ മകനെ അവര്‍ പ്രതിചേര്‍ത്തുവെന്നറിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയായിരുന്നു. അന്നുരാത്രി രണ്ടുമണിക്ക് പോലിസ് വല്ലാത്ത ഭീതിസൃഷ്ടിച്ച് കുഞ്ഞുണ്ണിക്കരയില്‍ വന്നു. എന്നെയും എന്റെ ഭാര്യയെയും അറസ്റ് ചെയ്തുകൊണ്ടുപോയി. പലപ്രാവശ്യം പോലിസ് എന്റെ വീട്ടില്‍വന്നിട്ടുണ്ടങ്കിലും ഓരോപ്രാവശ്യം വരുമ്പോഴും കാടിളക്കിയാണ് വരവ്. വീട് അറിയുന്ന പോലിസുകാര്‍ തന്നെ ആലുവ മുതല്‍ ഓരോ വീട്ടിലും അന്യേഷിക്കും. എന്റെ വീടെവിടെയെന്ന്. അവനെ വിയ്യൂരില്‍പോയി കണ്ടു എന്നതായിരുന്നു ഞങ്ങളെ രാത്രി ആ സമയത്തുവന്ന് പിടിച്ചുകൊണ്ടുപോവാനുള്ള കാരണം. എന്റെ മൂത്തമകനെ അന്നുരാത്രി രണ്ടരയ്ക്ക് അവന്റെ ഭാര്യാവീട്ടില്‍നിന്നായിരുന്നു അറസ്റ് ചെയ്തത്. വിയ്യൂര്‍ ജയിലില്‍ അവനെ കാണാന്‍പോയവരുടെയൊക്കെ വീട്ടില്‍ പോലിസെത്തി. സ്കൂള്‍ പഠനശേഷം ഏറ്റവും നല്ല മാര്‍ഗത്തിലാണ് ഞാന്‍ അന്‍സാറിനെ അയച്ചത്. ആലുവാ അല്‍ അസ്ഹര്‍ അറബിക് കോളജിലും പിന്നീട് ലഖ്നോ നദ് വത്തുല്‍ ഉലമയിലേക്കും. അവിടെനിന്നു പഠംനംപൂര്‍ത്തിയാക്കി ഇസ്ലാമിക പ്രവര്‍ത്തനവും സാമൂഹികപ്രവര്‍ത്തനവുമായി അവന്‍ സജീവമാവുന്നതു കണ്‍കുളിര്‍ക്കെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. യാതൊരുവിധ ദുശ്ശീലങ്ങളുമില്ലാത്ത അന്‍സാറിനേയും ശിബിലിയെയും ശാദുലിയെയും പോലുള്ളവര്‍ക്ക് എങ്ങനെ ഭീകരവാദിയാവാന്‍ കഴിയും. അവരെ ഭീകരവാദികളാക്കുന്നത് പോലിസും മാധ്യമങ്ങളുമാണ്. രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തി ഭരണകൂടം തന്നെ ഒരു ശത്രുവിനെ സൃഷ്ടിക്കുന്നു. അന്‍സാറിന്റെ കഥകള്‍ പിതാവില്‍നിന്നു കേട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പലതരം വികാരങ്ങള്‍ മാറിമറിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ പൊട്ടിച്ചിരിക്കും. ചിലപ്പോള്‍ കണ്ണുനിറയും. ഈ വേദനകള്‍ മറ്റൊരാളോടുകൂടി പങ്കുവയ്ക്കുമ്പോള്‍ മസ്സിനോരു സമാധാമാണെന്ന് ഇടയ്ക്കിടെ അബ്ദുറസാഖ് പറഞ്ഞുകൊണ്ടിരുന്നു. കേരളത്തിലെ ജയില്‍വാസം കഴിഞ്ഞ് പിന്നീട് മഹാരാഷ്ട്രയിലെ നരസിംഹ്പൂരിലേക്കായിരുന്നു അവരെ  കൊണ്ടുപോയത്. അവിടെയെത്തുമ്പോഴാണ് അഹ്മദാബാദിലെ സബര്‍മതി ജയിലിലേക്കുകൊണ്ടുപോയെന്നറിയുന്നത്. മറ്റ് ഏതു സംസ്ഥാനങ്ങളിലെ കേസില്‍ ഉള്‍പ്പെടുത്തുന്നതിക്കോള്‍ ഭീകരമായിരുന്നു ഗുജറാത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ അവരെ പ്രതികളാക്കിയത്. അഹ്മദാബാദ് സ്ഫോടനങ്ങളിലും അവരെ പ്രതിചേര്‍ത്തു. മറ്റു നിരപരാധികളായ ധാരാളം മുസ്ലിം ചെറുപ്പക്കാരെപ്പോലെ. ഇവരുടെ കേസുമായി പോയപ്പോള്‍ പ്രശസ്തനായ അഭിഭാഷകന്‍ അഡ്വ. മുന്‍ഷി പറഞ്ഞു: "ഗുജറാത്ത് സേ മുസല്‍മാന്‍ കോയി ഇന്‍സാഫ് ഹി മിലേഗാ'' (ഗുജറാത്തില്‍നിന്നു മുസല്‍മാന് ഒരിക്കലും നീതി ലഭിക്കില്ല) എന്ന്. 

ആദ്യഘട്ടത്തില്‍ ക്രൂരമായി ഇവരെ പോലിസ് പീഡിപ്പിച്ചു. "15 ദിവസം രാവുംപകലും അവര്‍ എന്റെ മക്കളെ ഉറക്കിയില്ല'' പൊട്ടിച്ചിരിച്ചുകൊണ്ടാണ് റസാഖ് ഇതു പറഞ്ഞത്. ഈ ദുരന്തകഥകളൊക്കെ ധാരാളം കാലംകഴിഞ്ഞാണ് ഞങ്ങളറിയുന്നത്. 30 വയസ്സുപോലും തികയാത്ത എന്റെ മകനെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടയിരുന്നു. ആരും ചോദിക്കാനില്ല. അവനെക്കുറിച്ചു പുറത്തുവിടുന്ന വാര്‍ത്ത അവര്‍ ഭീകരവാദിയാണെന്നതു മാത്രം. റസാഖിന്റെ കണ്ണുകള്‍ നിറഞ്ഞു. 

2008 ഫെബ്രുവരി 28നായിരുന്നു അന്‍സാറിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് കേവലം 22 ദിവസമാണ് അവര്‍ ഒരുമിച്ചു താമസിച്ചത്. കുഞ്ഞുണ്ണിക്കര സ്വദേശിനിയായ മുഹ്സിയാണ് ഭാര്യ. 23ന്റെയന്ന് യാത്ര പറഞ്ഞുപോയതാണ്. അന്‍സാര്‍ തിരിച്ചുവരുന്നതും കാത്ത് അവളിരിക്കുകയാണ്. 

ഓരോ പ്രാവശ്യം ജയിലില്‍ പോവുമ്പോഴും അവരോടൊപ്പമുള്ള നിരപരാധികളുടെ കഥകള്‍ അന്‍സാറും ശിബിലിയും ശാദുലിയുമൊക്കെ പറഞ്ഞുതരും. ഇന്‍ഡോര്‍ കേസില്‍ത്തന്നെ കഴിയുന്ന എത്രയെത്ര ചെറുപ്പക്കാര്‍. ആ കദനകഥകള്‍ കേള്‍ക്കുമ്പോള്‍ തങ്ങളുടെ മക്കളുടേത് വളരെ ചെറുതെന്നു തോന്നിപ്പോവും. ആന്ധ്രപ്രദേശിലെ നസ്റുദ്ദീന്‍ മൌലായും അദ്ദേഹത്തിന്റെ മൂന്നു മക്കളും വര്‍ഷങ്ങളോളം ജയിലിലായിരുന്നു. വന്ദ്യവയോധികനായ നസ്റുദ്ദീന്‍ ജാമ്യത്തിലിറങ്ങി പുറത്തുവന്നപ്പോള്‍ പീഡനംമൂലം ആരോഗ്യം തകര്‍ന്നിരുന്നു. വളരെ ദാരുണമാണ് അവരുടെ ജീവിതാവസ്ഥ. ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍പാണ്ഡ്യയെ വധിച്ചത് നസ്റുദ്ദീന്‍ മൌലായുടെ പ്രസംഗം കേട്ടിട്ടാണെന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഇതുകഴിയുമ്പോള്‍ മറ്റൊന്ന് അവര്‍തന്നെ കണ്ടുപിടിക്കും. എല്ലാ കേസിലും യു.എ.പി.എ. ചുമത്തിയിരിക്കുകയാണ്.  

നസ്റുദ്ദീന്‍ മൌലായുടെ മകളുടെ മകനെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. നസ്റുദ്ദീന്‍ മൌലായും അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ കേസ് നടത്താനായി കോടതികള്‍ കയറിയിറങ്ങിയിരുന്നത് 65 വയസ്സിലധികം പ്രായമുള്ള അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. അന്ന് അവരെ സഹായിക്കാന്‍ കൂടെപോയിരുന്ന മകളുടെ മകനാണ് ഉബൈദുര്‍റഹ്മാന്‍. ഉബൈദുര്‍റഹ്മാനും ഇപ്പോള്‍ ജയിലിലാണ്. ഇങ്ങനെ അറിയുന്നവരും അറിയാത്തവരുമായി നിരവധിപേര്‍. 

അന്‍സാറിനെയും ശിബിലിയെയുമൊക്കെ ജയിലില്‍നിന്നു കോടതിയിലേക്കുകൊണ്ടുപോവുന്നതുതന്നെ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ബസ്സില്‍ മറ്റു നിരവധി പോലിസ് വാഹനങ്ങളുടെ അകമ്പടിയോടെ എല്ലാവരും മാര്‍ക്കറ്റുകളില്‍ ഉണ്ടാവുന്ന സമയത്താണ്. അതിലൂടെ ഒരു സന്ദേശമയക്കുകയാണ് പോലിസ് ലക്ഷ്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു കേസ് കൂടി ഇവരുടെമേല്‍ ചുമത്തി. സബര്‍മതി ജയിലില്‍ തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് കേസ്. ആദ്യം അഞ്ചു ദിവസവും പിന്നീട് മൂന്നു ദിവസവും ഇവരെ പോലിസ് കസ്റഡിയില്‍ വിട്ടു. പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്‍സാര്‍ നദ് വി പൊട്ടിക്കരഞ്ഞുകൊണ്ടു ചോദിച്ചു: "എന്തിനാണ് ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരെ ഇങ്ങനെ പീഡിപ്പിച്ചു കൊല്ലുന്നത്. ന്യായാധിപന്‍ നിങ്ങള്‍ക്കു നിങ്ങളുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ഞങ്ങളെ വെടിവച്ചുകൊന്നുകൂടെ. ഇങ്ങനെ ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിക്കോള്‍ ഭേദം അതാണ്'' എല്ലാം ഈ ന്യായാധിപന്‍മാര്‍ക്കു മുന്നില്‍ വനരോദനമാവുകയാണ്. കഴിഞ്ഞയാഴ്ച അന്‍സാര്‍, ശിബിലി, ഹാഫിസ് ഹുസയ്ന്‍ എന്ന കര്‍ണാടക സ്വദേശി എന്നിവരും ജയില്‍വാര്‍ഡന്‍മാരും ചേര്‍ന്നാണ് തുരങ്കമുണ്ടാക്കിയതെന്ന മറ്റൊരു കേസ്കൂടി എടുത്തിരിക്കുന്നു. ഇങ്ങനെ ജീവിതകാലം മുഴുവന്‍ അകത്തിടാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഓരോ പ്രാവശ്യം കാണാന്‍ പോവുമ്പോഴും അന്‍സാറും കൂട്ടുകാരും പാന്റും ബനിയനുമൊക്കെ വേണമെന്നു പറയും. എന്തിനാണ് നിങ്ങള്‍ക്കിത്രയും സാധനങ്ങള്‍ എന്നൊരിക്കല്‍ ചോദിച്ചപ്പോഴാണ് അവര്‍ പറയുന്നത്: ഞങ്ങള്‍ക്കല്ല, ഇവിടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പം കഴിയുന്ന ജാര്‍ഖണ്ഡ് സ്വദേശികളുണ്ട്. അവര്‍ ജയിലിലെത്തിയ ശേഷം ഇന്നുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ വന്നുകാണാന്‍ പോലും അവര്‍ക്ക് ഉറ്റവരോ ഉടയവരോ ഇല്ല. ഉള്ളവര്‍ക്ക് അന്യേഷിച്ചെത്താന്‍ മാത്രമുള്ള വിദ്യാഭ്യാസവുമില്ല. അവര്‍ക്കും കൂടിയുള്ളതാണ് ഇതൊക്കെ. ആ മനുഷ്യരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍, ഇങ്ങനെ അറിയുന്നതും അറിയാത്തവരുമായ ചെറുപ്പക്കാരുടെമേല്‍ ഇത്തരം ഭീകരനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇരുളറകളില്‍ തള്ളിയിരിക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ ചിലദുഃഖങ്ങള്‍ അലിഞ്ഞില്ലാതാവും. എല്ലാത്തിനും നീതിമാനായ തമ്പുരാന്‍ പരിഹാരം കാണുമെന്ന ശുഭാപ്തി വിശ്വാസം വര്‍ധിക്കുകയാണ്. ക്ഷമയോടെ കാത്തിരിക്കാന്‍ ഈ ചെറുപ്പക്കാരുടെ ജീവിതം എന്നെ പഠിപ്പിക്കുകയാണ്. റസാഖ് പറഞ്ഞുനിര്‍ത്തി. 

തീര്‍ന്നിട്ടില്ല ...... 


2013, മേയ് 28, ചൊവ്വാഴ്ച

ഈച്ചരവാര്യരെ പോലെ ഇവരുടെ പിതാവ് കാത്തിരിക്കുന്നു


യു.എ.പി.എ. ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 1

ഈരാറ്റുപേട്ട മറ്റയ്ക്കാട് പി എസ് അബ്ദുല്‍കരീമെന്ന റിട്ട. അധ്യാപകന്റെ രണ്ടു മക്കളെ മാത്രമല്ല, ഒരു കുടുംബത്തിന്റെയും നാ ടിന്റെയും പ്രതീക്ഷകളെ മുഴുവുമാണ് യു.എ.പി.എ. തടവിലാക്കിയത്. തെക്കന്‍കേരളത്തിലെ പൊന്നാനീ എന്നറിയപ്പെടുന്ന ഈരാറ്റുപേട്ട പഞ്ചായത്തില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങി വിജയിച്ചവരാണ് കരീമിന്റെ അഞ്ചു മക്കളും. പുത്രസൌഭാഗ്യത്താല്‍ അുഗ്രഹിക്കപ്പെട്ടവന്നൊയിരുന്നു ഒരുകാലത്ത് നാട്ടുകാരും അയല്‍ക്കാരും കരീമിനെക്കുറിച്ച് അടക്കം പറഞ്ഞിരുന്നത്. പഠനത്തിലെ മിടുക്കിനോപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും മക്കള്‍ സജീവമാകുന്നതുകണ്ട് കരീം ഏറെ സന്തോഷിച്ചു. നിരോധിക്കുന്നതിനുമുമ്പ് നാട്ടിലെ നിരവധി ചെറുപ്പക്കാരെപ്പോലെ സിമി പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തന്റെ മക്കളുമുണ്ടന്നറിഞ്ഞപ്പോള്‍ അതിലഭിമാനമായിരുന്നു കരീമിന്നു. നാട്ടില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളിലും ധാര്‍മിക അച്ചടക്കത്തോടെ ജീവിക്കുന്നതിലും നാട്ടുകാരും കുടുംബക്കാരും അവരെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നതു കരീം തല ഉയര്‍ത്തിനിന്ന് ആസ്വദിച്ചു.

പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ മക്കളെയോര്‍ത്ത് തീ തിന്നുകയാണിപ്പോള്‍ ഈ പിതാവ്. 2008 മാര്‍ച്ച് 26നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നു മൂത്തമകന്‍ ശിബ്ലിയെയും മൂന്നാമത്തെ മകന്‍ ശാദുലിയെയും അറസ്റ് ചെയ്ത് യു.എ.പി.എ. ചുമത്തി. നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തു എന്നതായിരുന്നു അറസ്റ് ചെയ്യപ്പെടുമ്പോള്‍ പോലിസ് പറഞ്ഞ കാരണം. തുടര്‍ന്ന് രാജ്യത്തു നടന്ന പല ഭീകരപ്രവര്‍ത്തനങ്ങളിലും സ്ഫോടനങ്ങളിലും പങ്കാളികളാണെന്നാരോപിച്ച് ജാമ്യം നല്‍കാതെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടുകയാണ് ഭരണകൂടം ഇവരെ.

സ്ഥലം വിറ്റും ബാങ്കില്‍നിന്നു ലോണെടുത്തുമാണ് അഞ്ചു മക്കളെയും കരീം പഠിപ്പിച്ചത്. മൂത്തമകന്‍ ശിബ്ലിയും രണ്ടാമന്‍ ഫസ്ലിയും കംപ്യൂട്ടര്‍ ആന്റ് ഹാര്‍ഡ് വെയറില്‍ ഡിസ്റിങ്ഷനോടെ ഡിപ്ളോമ പാസായി. ശാദുലിയും മകള്‍ ഫൌസിയും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിസ്റ്റിങ്ഷനോടെ തന്നെ ബിരുദം കരസ്ഥമാക്കി. ശിബ്ലി പഠനശേഷം തിരുവന്തപുരത്തും ബാംഗ്ളൂരിലും പിന്നീട് മുംബൈയിലും കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റാ എലക്സിയില്‍ ജോലിചെയ്തു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ കംപ്യൂട്ടര്‍ സാങ്കേതിക വിജ്ഞാരംഗത്തെ വിദഗ്ധനന്നു പേരെടുത്തു. നല്ല ശമ്പളത്തോടെ ഈ കമ്പനിയില്‍ ജോലിചെയ്യുമ്പോഴാണ് മുന്‍ സിമിയെന്ന യക്ഷിക്കഥയുമായി മാധ്യമങ്ങളും പോലിസും ഈ യുവ എന്‍ജിനിയറുടെ ജീവിതം വേട്ടയാടാന്‍ തുടങ്ങിയത്.

അവസാനം മുംബൈയില്‍ ജോലിചെയ്യുന്ന സമയത്താണ് 2006 ജൂലൈ 11നു മുംബൈയില്‍ സിറ്റി സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ട്രെയിന്‍ സ്ഫോടനപരമ്പര ഉണ്ടാവുന്നത്. മലേഗാവ് സ്ഫോടനത്തെ തുടര്‍ന്ന് അവിടെനിന്നു നിരവധി നിരപരാധികളെ മഹാരാഷ്ട്രാ എ.ടി.എസ്. അറസ്റ്റ് ചെയ്തതുപോലെ മുംബൈ സ്ഫോടനത്തെ തുടര്‍ന്നും ധാരാളം മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്തു. അവരൊക്കെയും മുന്‍ സിമി പ്രവര്‍ത്തകരായിരുന്നു. അവരിലാരുടെയോ കൈവശം ശിബ്ലിയുടെ ഫോണ്‍ നമ്പര്‍ കണ്ടുവെന്നതാണ് ശിബ്ലിയുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്യാനുള്ള പ്രാഥമിക കാരണം. തുടര്‍ന്ന് നാട്ടില്‍നിന്നു മാറിനിന്ന ശിബ്ലി സ്വകാര്യ ആവശ്യത്തിനായി 2008 മാര്‍ച്ചില്‍ ഇന്‍ഡോറിലേക്കു പോവുമ്പോഴാണ് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. ജ്യേഷ്ഠനെ തിരക്കി പോയതായിരുന്നു അുജന്‍ ശാദുലി. ശാദുലിയെയും നിരോധിത സംഘടനാപ്രവര്‍ത്തനത്തിനായി യോഗം ചേര്‍ന്നുവെന്ന പേരില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം നടന്ന ഏതാണ്ട് 39 സ്ഫോടനങ്ങളിലാണ് ഇവരെ ഇപ്പോള്‍ പ്രതികളാക്കിയത്. ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ഇവരുടെമേല്‍ പുതിയൊരു കുറ്റംകൂടി ഗുജറാത്ത് പോലിസ് ചുമത്തിയിരിക്കുന്നു. ജയിലില്‍ കിടങ്ങുകുഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവത്രേ. അതീവ സുരക്ഷയുള്ള ജയിലില്‍ കൂര്‍പ്പിച്ച പാത്രങ്ങളും മരക്കഷണങ്ങളും ഉപയോഗിച്ച് മീറ്ററുകളോളം നീളത്തില്‍ തുരങ്കം നിര്‍മിച്ചുവെന്നതിന്റെ വിശ്വാസ്യതയെ ബന്ധുക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്. പോലിസ് ഇവര്‍ക്കുമേല്‍ ആരോപിക്കുന്ന എല്ലാ സ്ഫോടനങ്ങളുടെയും സ്വഭാവം ഒന്ന്, സാക്ഷികള്‍ ഒന്ന്, പ്രതികള്‍ ഒന്ന്. സബര്‍മതി ജയിലില്‍ തന്നെയാണ് കോടതിയുമുള്ളത്. 1700ഓളംപേരാണ് സാക്ഷികളായി അന്യേഷണോദ്യോഗസ്ഥര്‍ ചൂണ്ടുക്കാണിക്കുന്നത്. സാക്ഷിവിസ്താരം നടന്നുകൊണ്ടിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 60 പേരെ മാത്രമാണ് കോടതി വിസ്തരിച്ചത്.

ഈ രീതി തുടര്‍ന്നാല്‍ ഇവരുടെ കേസിന്റെ പ്രാഥമിക സംഗതികള്‍ തീരുമ്പോള്‍ തന്നെ വര്‍ഷങ്ങളെടുക്കും. ശിബ്ലിക്കിപ്പോള്‍ 35 വയസ്സ് പൂര്‍ത്തിയായി. ശാദുലിക്ക് 30ഉം. ജീവിതകാലം മുഴുവന്‍ ഈ ചെറുപ്പക്കാരെ ജയിലില്‍ തള്ളുന്നതിനുള്ള ശ്രമങ്ങളാണു ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.

ജയിലില്‍ കഴിയുന്ന ഈ ചെറുപ്പക്കാരെ കുറിച്ചുള്ള വേദനയില്‍ ഒരു കുടുംബം മുഴുവന്‍ തീ തിന്നുമ്പോള്‍ സ്വന്തം ഭാവനയ്ക്കുനുസരിച്ച് വര്‍ണഫീച്ചറുകള്‍ എഴുതി വായനക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിലായിരുന്നു മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും താല്‍പ്പര്യം. അതിലേറ്റവും തന്നെ വേദിപ്പിച്ചത് നാട്ടുകാരായ പ്രാദേശിക ലേഖകന്‍ കേരളകൌമുദിയില്‍ എഴുതിയ വാര്‍ത്തയായിരുന്നുവെന്ന് കരീം പറയുന്നു. ജോലി ഉണ്ടായിരുന്ന കാലത്ത് ശിബ്ലി തുടങ്ങിവച്ച വീടുപണി ജോലി നഷ്ടപ്പെട്ടതോടെ മുടങ്ങിനില്‍ക്കുന്ന സമയത്താണ് "ശിബ്ലി ഹെലികോപ്റ്റര്‍ ഇറക്കാന്‍ സൌകര്യത്തിലുള്ള കൊട്ടാരം പണിയുന്നുവെന്ന്'' നാട്ടുകാരന്‍ വാര്‍ത്തയെഴുതിയത്.

മക്കളുടെ ജയില്‍വാസം പേരക്കുട്ടികളെപ്പോലും മാനസികമായി തളര്‍ത്തിയെന്ന് കരീം വേദനയോടെ പറയുന്നു. ശിബ്ലിയുടെ രണ്ടാമത്തെ മകന്‍ അബ്ദുല്ലാ അസ്സാമിന് 10 വയസ്സാവുന്നു. ഇപ്പോഴും മൂന്നാം ക്ളാസ്സില്‍ എത്തിയിട്ടേയുള്ളൂ. അബ്ദുല്ല ഒന്നാം ക്ളാസില്‍ പഠിക്കുന്ന കാലത്താണ് വാപ്പിച്ചിയെ അറസ്റ് ചെയ്തു ജയിലില്‍ ഇടുന്നത്. പതിവുപോലെ സ്കൂളില്‍ പോയ അബ്ദുല്ലയ്ക്ക് ഒരു ദുരുഭവമുണ്ടായി. ഒരു സഹപാഠി എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ക്ളാസ് ടീച്ചറോടു പറഞ്ഞു. "ടീച്ചറെ, ഇവന്റെ ബാപ്പ ജയിലിലാണ്'' ഉമ്മയോട് ഉണ്ടായിരുന്നതിക്കോള്‍ അടുപ്പം ബാപ്പയോടുണ്ടായിരുന്ന അബ്ദുല്ലയുടെ പഠനം ഇന്നും ശരിയായിട്ടില്ല.

ഈരാറ്റുപേട്ട കാരക്കാട് സ്കൂളില്‍ നീണ്ട 29 വര്‍ഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച സ്ഹിധിയും സഹപ്രവര്‍ത്തകര്‍ക്കു മാതൃകായോഗ്യുമായ ഈ അധ്യാപകണ്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു പിരിഞ്ഞശേഷം ഓര്‍ക്കാനുള്ളത് ദുരന്തങ്ങള്‍ മാത്രം. പോലിസ് പിടിച്ചുകൊണ്ടുപോയ മകന്‍ രാജന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്ന പ്രഫ. ഈച്ചരവാര്യരെപ്പോലെ എന്നെങ്കിലും കേസുകളൊക്കെ തീര്‍ന്നു മക്കള്‍ മടങ്ങിവരുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ അധ്യാപകന്‍. മക്കളെ കാണാനായി മാസത്തിലൊരു തവണയെങ്കിലും സബര്‍മതി ജയിലിലേക്കു പോവും. 20 മിനിറ്റുമാത്രമാണ് അവരോടു സംസാരിക്കാന്‍ അവസരം ലഭിക്കുക. പറയാന്‍ കരുതിവച്ചതൊന്നും പറഞ്ഞുതീരാതെ എന്നും മടങ്ങിവരാനാണ് കരീമിന്റെ വിധി. മക്കളുടെ മടങ്ങിവരവും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരായ കരീം സാര്‍.


തീരുന്നില്ല,കാത്തിരിക്കുക  

2013, മേയ് 18, ശനിയാഴ്‌ച

നാറാത്ത് നാടകം


 
പൌരാവലിയെ ഭരണകൂടത്തിന്‍റെ താല്‍പര്യത്തിനനുസരിച്ച് എങ്ങനെ വളച്ചെടുക്കാമെന്ന്  ഇറ്റാലിയന്‍ ചരിത്രകാരും നയതന്ത്രജ്ഞുമായ മാക്കിവല്ലി ഭരണാധികാരികളെ പഠിപ്പിക്കുന്നതാണു മേല്‍ സൂചിപ്പിച്ചത്. ചതിപ്രയോഗങ്ങള്‍ക്കും വഞ്ചനയ്ക്കും ലോകചരിത്രത്തില്‍ ഏറെ കുപ്രസിദ്ധി നേടിയ മാക്കിവല്ലിയുടെയും കൌടില്യന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തന്നെയാണു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഭരണാധികാരികളും പിന്‍പറ്റുന്നതെന്നു വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ മാസം 23ന്നു കണ്ണൂരിലെ നാറാത്തു നടന്ന പോലിസ്നാടകം. നമ്മുടെ പോലിസിന്റെ വിദഗ്ധാന്യേഷണങ്ങളെക്കുറിച്ചു പ്രചരിക്കുന്ന ധാരാളം കഥകളുണ്ട്. അവയിലൊന്ന് ഇങ്ങനെ: 
ഊണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാരെ ഒരാള്‍ വന്നു വിളിച്ചുണര്‍ത്തുന്നു. "എന്താണു കാര്യം?'' "നിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി ഞാനാരാണെന്നു ചോദിക്കുന്നു, നിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്‍ താന്‍ പോലിസുകാരാണെന്നും ഇന്‍സ്പെക്ടര്‍ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്‍ വാഹനത്തിലിരിക്കുന്ന ഇന്‍സ്പെക്ടറെ സമീപിച്ച വീട്ടുകാരോട് ഇവിടെ എവിടെയാണു വാളിന്നു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്‍സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്‍ ചിരിച്ചത് ഇന്‍സ്പെക്ടറെ പ്രകോപിതനാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശൂന്യമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് നിങ്ങളെങ്കിലും ഒന്നാലോചിക്കണ്ടേ, വാളിന്നു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്‍ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്‍ ഖത്തീബ് ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള ആ പുരയിടത്തില്‍ വ്യാപാരികള്‍ അവരുടെ ചണ്ടികള്‍ കത്തിക്കുന്ന, അപ്പോഴും പുകയുന്ന ചാരക്കൂരയില്‍ ഒരു വടിയിട്ടു രണ്ടുവട്ടം ഇളക്കിനോക്കി. വാളിന്റെ ചാരം ശേഷിച്ചിരിപ്പില്ലെന്നുറപ്പാക്കി ഇന്‍സ്പെക്ടറും സഹായിയും മടങ്ങിപ്പോയി. കഴിഞ്ഞ ഏതാനും  കാലമായി കേരളത്തിലും ഇന്ത്യയില്‍ പലയിടത്തും പതിവായി നടക്കുന്ന 'ഇരപിടിത്തത്തി'ന്റെ ഒരു രീതിയാണ് ഇത്.

"ആരോഗ്യമുള്ള ജനത; ആരോഗ്യമുള്ള രാഷ്ട്രം'' എന്ന പേരില്‍ വര്‍ഷംതോറും പോപുലര്‍ ഫ്രണ്ട് നടത്തിവരുന്ന കാംപയിനോടനുബന്ധിച്ചുള്ള യോഗാ പരിശീലനപരിപാടിയില്‍  പങ്കെടുക്കാനെത്തിയ 21 പേരെ അറസ്റ്ചെയ്തു പൊതുസമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുകയും അതു മുഖേനെ സാമുദായികസ്പര്‍ധ വളര്‍ത്തുകയും ചെയ്യുന്ന വര്‍ഗീയതാല്‍പ്പര്യങ്ങളുള്ള ചില പോലിസ്-മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ശ്രമങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത് ഈ കഥയാണ്. മാധ്യമസ്വാതന്ത്യവും  മാധ്യമനിഷ്പക്ഷതയും നാള്‍ക്കുനാള്‍ പറഞ്ഞുനടക്കുന്ന മലയാളത്തിലെ പത്രമുതലാളിമാരാണു പോലിസും രഹഷ്യാനേഷണവിഭാഗങ്ങളും തയ്യാറാക്കിക്കൊടുക്കുന്ന കഥകള്‍ അപ്പടി വിളമ്പി ജനങ്ങളെ ഭയപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. "അച്ചടിയന്ത്രങ്ങളും പത്രസ്ഥാപനങ്ങളും ആരുടെ ഉടമസ്ഥതയിലാണോ, അവരുടെ താല്‍പ്പര്യമാണു പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്'' ലോക കമ്മ്യൂണിസ്റ്റ് ആചാര്യനും വിപ്ളവകാരിയുമായ ലിനെന്‍ പറഞ്ഞിട്ടുണ്ട്. അതിനെ അന്വര്‍ഥമാക്കുന്നതായിരുന്നു സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ നാറാത്ത് സംഭവത്തെത്തുടര്‍ന്നു വന്ന ഓരോ കഥയും. 

നാറാത്തെ ജസാന്ദ്രതയേറിയ പ്രദേശത്തു നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പോലിസ് കുതിച്ചെത്തി 21 പേരോടും സ്റ്റേഷന്‍ വരെ വരണമെന്ന് ആവശ്യപ്പെടുന്നു. പോലിസിന്റെ രണ്ടാംവരവിലാണു കെട്ടിടം നില്‍ക്കുന്ന പറമ്പില്‍നിന്നു തുരുമ്പിച്ച ഒരു വാളും രണ്ടു നാടന്‍ബോംബുകളും പോലിസിന്നു ലഭിക്കുന്നത്.തുടര്‍ന്നു സംസ്ഥാത്തെ എല്ലാ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫിസുകളും പോലിസ് റെയ്ഡ് ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രീയപ്പാര്‍ട്ടിയായ എസ്.ഡി.പി.ഐയിലേക്കുള്ള ജനങ്ങളുടെ വരവു തടയുക കൂടിയായിരുന്നു ഈ അവസരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡ് ചെയ്യുകവഴിയുള്ള ഉദ്ദേശ്യം. പോപുലര്‍ ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്യാനെത്തിയ പോലിസുകാരെ ഓട്ടോറിക്ഷയില്‍ ആയുധങ്ങളുമായി കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ പെരുമാറിയതും ഇതേ കണ്ണൂരില്‍ത്തന്നെയായിരുന്നു. 

ആരെയും മണ്ടന്മാരാക്കുന്ന കഥകളാണു സാഹസിക അന്യേഷണ റിപോര്‍ട്ടുകളായി ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നാറാത്ത് സംഭവത്തെക്കുറിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ജന്മഭൂമിയിലും സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിലും വരുന്ന കഥകള്‍ സമാ സ്വഭാവമുള്ളതായിരുന്നു. ജന്മഭൂമി എഴുതിപ്പിടിപ്പിച്ചതു സംഭവസ്ഥലത്തുനിന്നു രാത്രികാലങ്ങളില്‍ മാത്രം ഉപയോഗിക്കാനാവുന്ന എമര്‍ജന്‍സി ലൈറ്റ് കിട്ടി, വിദേശരാജ്യങ്ങളില്‍നിന്നു നിരവധി കോളുകള്‍ പ്രതികളുടെ മൊബൈലിലേക്കു വരുന്നു തുടങ്ങിയവയായിരുന്നു. 

പിടിക്കപ്പെട്ടവരില്‍ പലരുടെയും കുടുംബക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവരാണ്. ആയതിനാല്‍ വിദേശങ്ങളില്‍നിന്നു പലരും വിളിക്കുമെന്നതും സ്വാഭാവികം. മലയാളികളായ പത്രപ്രവര്‍ത്തകരുടെ പൊതുബോധത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഇതിലപ്പുറം എന്തു ഫലിതമാണു വേണ്ടത്! പിടിക്കപ്പെട്ടവരില്‍ പോലിസ് രണ്ടാം പ്രതിയാക്കിയ ഫഹദിന്റെ അക്കൌണ്ടില്‍ 80 ലക്ഷം രൂപയുടെ ഇടപാടു നടത്തി എന്നാണു മറ്റൊരു കണ്ടത്തല്‍. കണ്ണൂരിടുത്തു കുടുക്കിമൊട്ടയില്‍ എന്ന സ്ഥലത്തെ 'ഷറഫിയ ടൂര്‍ ആന്റ് ട്രാവല്‍സി'ന്റെ ഉടമസ്ഥാണ് ഫഹദ്. ഇതിനോടൊപ്പം 'വെസ്റേണ്‍ യൂനിയ'ന്റെ മണി എക്സ്ചേഞ്ചും നടത്തുന്നു. ഹജ്ജ്, ഉംറ സര്‍വീസുകള്‍ നടത്തുന്ന ഷറഫിയ ട്രാവല്‍സില്‍ പലരില്‍നിന്നുമായി ഫഹദ് ബാങ്ക് മുഖേനെ നിയമാനുസൃതം പണമിടപാടു നടത്തിയതിന്റെ മുഴുവന്‍ രേഖകളും അന്യേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ രേഖകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നു സമ്മതിച്ച അന്യേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍തന്നെയാണു മാധ്യമങ്ങളെ വിളിച്ചു പ്രതികള്‍ക്കു ഹവാല ഇടപാടുകള്‍ ഉണ്ടന്നുള്ളതിന്നു തെളിവായി വാര്‍ത്തകള്‍ നല്‍കുന്നത്. കരിയര്‍ ഗൈഡന്‍സ്, വിദ്യാഭ്യാസമേഖലകളില്‍ സജീവപ്രവര്‍ത്തകനായ ഫഹദ് വിവിധ യൂനിവേഴ്സിറ്റികളില്‍ പലര്‍ക്കും അഡ്മിഷന്‍ ലഭ്യമാക്കുന്നതിന്നു സര്‍വീസ് ചാര്‍ജ് വാങ്ങാറുണ്ട് എന്നതും  പകല്‍പോലെ വ്യക്തമായതാണ്. അത്തരം ഇടപാടുകള്‍ നടത്തുന്നതുകൊണ്ടു ഫഹദിന്റെ അക്കൌണ്ടില്‍ പണമുണ്ടാവുക സ്വാഭാവികമാണെന്നും വിശദീകരിച്ചുകൊടുത്തിട്ടുണ്ട്. 

ആയുധവേട്ട തുടര്‍ക്കഥയായ കണ്ണൂരിലെ ആര്‍.എസ്.എസ്., സി.പി.എം., മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍നിന്നു നൂറുകണക്കിന്നു മാരകായുധങ്ങളും ബോംബുകളും പിടിച്ചെടുത്ത വിവരം കേരളീയര്‍ക്കു സുപരിചിതമാണ്. ക്രൂരമായ രാഷ്ട്രീയപകപോക്കലുകളുടെയും മൃഗീയമായ കൊലപാതകങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയുടെ ചരിത്രത്തില്‍ ഇന്നുവരേക്കും ഒരൊറ്റ ക്രിമിനല്‍ കേസിലെയും പ്രതികളെ യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചിട്ടില്ല.

ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡ്:

നാറാത്തുനിന്നു പിടികൂടിയ പ്രതികള്‍ക്കു അന്താരാഷ്ട്ര ഭീകരവാദ തീവ്രവാദ ബന്ധമുണ്ടാക്കുന്നതിനുള്ള ശ്രമമാണ് അധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളില്‍നിന്ന് ഇറാന്‍ പാസ്പോര്‍ട്ട് പിടിച്ചുവെന്നുള്ള വ്യാജപ്രചാരണത്തിന്നുപിന്നിലുള്ള ലക്ഷ്യവും അതുതന്നെ. 

സാധാരണ യു.എ.ഇയില്‍ വിസിറ്റിങ് വിസയ്ക്കു പോവുന്ന ആളുകള്‍ വിസ മാറ്റുന്നതിനായി രാജ്യത്തിന്നു പുറത്തുപോവണമെന്നത് അവിടത്തെ നിയമമാണ്. അതിന്നു ഭീമമായ ചെലവു വരുന്നതിനാല്‍ സാധാരണ അവിടെയെത്തുന്ന ഇന്ത്യക്കാര്‍ ചെയ്യാറുള്ളത് യു.എ.ഇക്ക് തൊട്ടടുത്തായി ഇറാന്‍ നിയന്ത്രണത്തിലുള്ള കിഷ് ദ്വീപിലേക്കു പോവുകയാണ്. അവിടേക്കു പോവാനുള്ള ചെലവു കുറഞ്ഞ ഫ്രീസോണ്‍ പാസാണു പോലിസിന്നു ലഭിച്ചത്.  മാത്രവുമല്ല,  പിടിക്കപ്പെട്ട ബഷീറിന്റെ അമ്മാവന്‍ സിദ്ദീഖിന്റെ വീട്ടിലുപേക്ഷിച്ചതാണത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഈ ഫ്രീസോണ്‍ പാസില്‍ നാഷനാലിറ്റി ഇന്ത്യയെന്നതും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതാണ് ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡായി മാറിയത്! 

ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകാരോട് ഈ പാസിന്നുടമ തന്നെ പലപ്രാവശ്യം ഇതു നേരിട്ടു വ്യക്തമാക്കിയതാണ്, ഫ്രീസോണ്‍ പാസ് ലഭിക്കുന്നതിനുള്ള നടപടികളെക്കുറിച്ച്. എന്നിട്ടും ചാനലുകാര്‍ തങ്ങളുടെ ഭാവനയ്ക്കുനുസരിച്ചു വാര്‍ത്തകള്‍ ചമച്ചപ്പോള്‍ ഇനിയും ഇതു ദുരുപയോഗപ്പെടുത്തിയാല്‍ തന്നെ അവഹേളിക്കുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലെന്ന് എഴുതിവച്ച് ആത്മഹത്യചെയ്യുമെന്നു പറഞ്ഞപ്പോഴാണു വാര്‍ത്താപ്രചാരണം ഏഷ്യാനെറ്റ് നിര്‍ത്തിയത്. 

നാറാത്ത് സംഭവത്തെ പ്രമാദമായ പല കേസുകളിലേക്കും വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചയാണു നടക്കുന്നത്. ബാംഗ്ളൂര്‍ സ്ഫോടനവുമായും ആന്ധ്രപ്രദേശ് മാവോവാദി പരിശീലനവുമായുമൊക്കെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമായി നടക്കുകയാണ്. കണ്ണൂരില്‍ മുമ്പു പല കേസുകളിലും പ്രതികളായിട്ടുള്ള ആളുകളെ നേരില്‍ക്കണ്ട് മാപ്പുസാക്ഷിയാവാന്‍ പോലിസ് ആവശ്യപ്പെടുന്നു. തങ്ങള്‍ പറഞ്ഞുതരുന്ന പ്രകാരം മൊഴി നല്‍കിയില്ലെങ്കില്‍ ഭീകരവാദക്കേസുകളില്‍ കുടുക്കുമെന്നു വരെ പോലിസിന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായി. മാത്രമല്ല, കേസില്‍ പിടിക്കപ്പെട്ടവര്‍ക്കുതന്നെ പലവിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി മാപ്പുസാക്ഷികളാവാന്‍ നിര്‍ബന്ധിക്കുന്നു. മുസ്ലിം യുവാക്കളെ കുടുക്കുന്നതിന്നു കേരളത്തിന്നു പുറത്തു പറഞ്ഞുകേട്ടിട്ടുള്ള പല കഥകളും നമ്മുടെ നാട്ടിലും പോലിസ് പരീക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണു നാറാത്ത് സംഭവം. ചരിത്രത്തിന്നു വേണ്ടി നിലകൊള്ളുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സാമൂഹികപ്രവര്‍ത്തം ഇടവേളകളില്‍ സുല്ല് പറഞ്ഞു നിര്‍ത്തിവയ്ക്കാന്നും സൌകര്യം കിട്ടുമ്പോള്‍ തുടരാനുമുള്ള വിനോദപ്രവര്‍ത്തനമല്ല. അവര്‍ തങ്ങളുടെ വിചാരവികാരങ്ങളും രക്തകണങ്ങളും വിയര്‍പ്പുതുള്ളികളും ഒരു മഹത്തായ ലക്ഷ്യത്തിന്നുവേണ്ടി നേര്‍ച്ചയാക്കിയവരാണ്. നുണകള്‍ പറഞ്ഞ് ഒരു ആദര്‍ശസമൂഹത്തെ വശംകെടുത്താമെന്നു കരുതുന്നതു മൌഢ്യമാണ്. ആ വഴിയില്‍ കരുതിവയ്ക്കുന്ന കരിനിയമങ്ങളാല്‍ ജനകീയസമരങ്ങളെ പരാജയപ്പെടുത്താമെന്നു കരുതുന്നതു വിഡ്ഢിത്തവും. ഉദ്ബുദ്ധമായ ഒരു സംസ്കാരത്തെയും പുരോഗമനപരമായ രാഷ്ട്രീയത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിചാരവിപ്ളവത്തെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് പടുവിഡ്ഢികളായ ഭരണകര്‍ത്താക്കളുടെ നിറവേറാത്ത സ്വപ്നം മാത്രമാണ്. ചരിത്രത്തിന്നുവേണ്ടി നിലകൊള്ളുന്നവര്‍ക്കാണു വിജയിക്കാനുള്ള അര്‍ഹത. നുണപ്രചാരണങ്ങള്‍ നടത്തിയും പോപുലര്‍ ഫ്രണ്ടിനെ ശിഖണ്ഡിയായി മുന്നില്‍നിര്‍ത്തിയും മുസ്ലിം സമുദായത്തെ ആകമാനം വേട്ടയാടുന്നതിന്റെ മനോവൈകൃതങ്ങളാണ് ഇത്തരം പ്രാദേശികസംഭവങ്ങളിലൂടെ നമുക്കു വായിച്ചെടുക്കാന്‍ കഴിയുന്നത്. ഒരു യുദ്ധത്തില്‍ സത്യമാണ് ആദ്യത്തെ രക്തസാക്ഷി എന്ന ആപ്തവാക്യം എത്ര അ്വര്‍ഥം!     

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ഇന്ത്യന്‍ മുജാഹിദീന്റെ ആസ്ഥാനമെവിടെയാണ്?


  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദുര്‍ബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്ന് അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം വലിയ അപകടമാണെന്നു പറഞ്ഞ രാഷ്ട്രപതി മനുഷ്യത്വരഹിതവും മാരകവുമായ ആ രോഗത്തെ ചെറുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാവണമെന്നാവശ്യപ്പെട്ടു. സ്ത്രീകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യമായിരുന്നു പ്രണബ്കുമാര്‍ മുഖര്‍ജി രണ്ടാമതായി ഊന്നിപ്പറഞ്ഞത്. 
സര്‍ക്കാരുകളോടും ഗവര്‍ണര്‍മാരോടും ജനങ്ങളോടും രണ്ടുതരം ഭീകരവാദത്തെയും ഐക്യത്തോടെ ചെറുക്കാന്‍ രാഷ്ട്രപതി പറഞ്ഞു. രണ്ടും ഭീകരപ്രവര്‍ത്തനം തന്നെ. അളവില്‍ മാത്രമേ വ്യത്യാസമുള്ളൂ. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിനു മതമില്ല. എല്ലാ ഭീകരരും മുസ്ലിംകളാണെന്നു ചിലര്‍ പറയാറുണ്ട്. പക്ഷേ, ഭീകരവാദത്തിന്റെ പേരില്‍ അറസ്റിലായവരില്‍ ഭൂരിപക്ഷവും ജീവിതത്തിലെ പ്രധാന ഭാഗം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തരായി പുറത്തുവരാറാണു പതിവ്. അവരില്‍ അധികവും മുസ്ലിംകള്‍ തന്നെ. 
കാവിഭീകരതയെപ്പറ്റി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വിശദീകരിക്കുമ്പോള്‍ മുസ്ലിം ഭീകരതയെക്കുറിച്ചു നാക്കിട്ടടിക്കുന്നവര്‍ കുപിതരാവുന്നു. 
ഷിന്‍ഡെയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടു മുതിര്‍ന്ന നേതാക്കന്മാരായ ദിഗ്വിജയ്സിങും മണിശങ്കര്‍ അയ്യരും രംഗത്തുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറി പത്രസമ്മേളനം വിളിച്ച് ഷിന്‍ഡെയുടെ പ്രസ്താവന സാധൂകരിക്കുന്ന തെളിവുകള്‍ നിരത്തി; സ്ഫോടനങ്ങള്‍ നടത്തിയ പത്തു പേരുടെ പട്ടിക അദ്ദേഹം പുറത്തുവിട്ടു. ആര്‍.എസ്.എസുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരായിരുന്നു അവര്‍. 
ഷിന്‍ഡെയുടെ പ്രസ്താവന വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണെന്നു മുസ്ലിം സംഘടനകള്‍ ആരോപിച്ചിരുന്നു. 
അങ്ങനെയല്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ തെളിവുകളുമായി മുന്നോട്ടുവരണം. ആര്‍.എസ്.എസ്. ഭീകരപ്രവര്‍ത്തനത്തിനു പരിശീലനം കൊടുക്കുന്ന ക്യാംപുകള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് എന്താണു തടസ്സം? സിമിയെ നിരോധിക്കുന്നതിന് അത്യുല്‍സാഹം കാണിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആര്‍.എസ്.എസിനെ നിരോധിക്കാത്തത്? ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ യുക്തിസഹമായ അവസാനമായിരിക്കുമത്. 
ഇക്കാര്യത്തില്‍ പ്രായോഗികമായ നടപടികളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ ഭീകരവിരുദ്ധയുദ്ധത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും. 
ആര്‍.എസ്.എസിനെ നിരോധിച്ചില്ലെങ്കില്‍ ആയിരക്കണക്കിനു കേണല്‍ പുരോഹിതുമാര്‍ പെറ്റുവീഴും. അവരുടെ ഉള്ളിലിരിപ്പെന്താണെന്നു നമുക്കറിയാം. മതിയായ തെളിവുകളുണ്ടായിട്ടും ആര്‍.എസ്.എസിനെതിരേ നടപടിയെടുക്കാത്തതിന്റെ കാരണമെന്താണ്? കേണല്‍ പുരോഹിതിനു പരിശീലനം നല്‍കിയ ഓഫിസര്‍മാര്‍ ആരാണെന്നു രാജ്യത്തിന് അറിയേണ്ടതുണ്ട്. പുരോഹിത് മലേഗാവ് സ്ഫോടനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുംബൈ എ.ടി.എസിന്റെ മുന്‍ മേധാവി കെ.പി. രഘുവന്‍ഷി കേണലുമായി സഹകരിച്ചിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. അതുപോലെ സ്ഫോടനങ്ങള്‍ നടക്കുമ്പോഴെല്ലാം അവയ്ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നു പോലിസ് പറയുന്നു. പിന്നെ മാധ്യമവിചാരണയും അറസ്റും നടക്കുന്നു. ഗവണ്‍മെന്റ് ആരാണതിന്റെ നേതാവ്? എവിടെയാണതിന്റെ ആസ്ഥാനം? അതടച്ചു പൂട്ടിയിട്ടുണ്ടാ? എന്നൊക്കെ വെളിപ്പെടുത്തണം. 1992ല്‍ ഡല്‍ഹിയില്‍ ഇസ്രായേലി എംബസി ആരംഭിച്ച ശേഷമാണ് ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ പ്രചാരവേല ശക്തിപ്പെട്ടതെന്ന കാര്യം സര്‍ക്കാരിനറിയുമോ? 

(കേന്ദ്ര കൃഷിമന്ത്രി താരിഖ് അന്‍വര്‍ രാഷ്ട്രീയ സഹാറ പത്രത്തിലെഴുതിയ ലേഖനത്തില്‍നിന്ന്)

2013, മാർച്ച് 30, ശനിയാഴ്‌ച

ആഘോഷത്തിന്റെ മറുകരയിലുള്ളവര്‍

ഏതാണ്ട് ആറുവര്‍ഷം മുമ്പാണ്; ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന ഒരു മഴയത്തു ഞാന്‍ ആദ്യമായി അസം സന്ദര്‍ശിക്കുന്നത്. അന്ന് അസം മുസ്‌ലിംകളില്‍ നല്ല സ്വാധീനമുണ്ടായിരുന്ന യുനൈറ്റഡ് മൈനോറിറ്റി ഫ്രണ്ട് (യു.എം.എഫ്.) എന്ന സംഘടനയുടെ പ്രസിഡന്റ് അഡ്വ. ഹാഫിസ് റഷീദ് ചൗധരിയുടെ ക്ഷണപ്രകാരമാണ് അസമില്‍ എത്തുന്നത്. വളരെ മോശം കാലാവസ്ഥ. ഉള്‍പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പുപ്രചാരണം തിമര്‍ക്കുകയാണ്. 

യാത്രാസൗകര്യം തീരെയില്ലാത്തയിടങ്ങളിലും അഡ്വ. ചൗധരിയെ അവര്‍ക്കാവശ്യമുണ്ട്. തീരെ വീതികുറഞ്ഞ നിരത്തുകള്‍. ഒരു വാഹനം നേരത്തേ അതുവഴി പോയിട്ടുണ്ടെങ്കില്‍ അതു തിരിച്ചുവരുന്നതുവരെ ഇപ്പുറത്തു കാത്തിരിക്കണം. അങ്ങനെയുള്ള ഒരു പ്രദേശത്തേക്കു ഞങ്ങള്‍ പോവുകയാണ്. എട്ടുകിലോമീറ്റര്‍ ദൂരമുണ്ട്. കോണ്‍ഗ്രസ്സിന്റെ ഒരു വാഹനം പോയിരിക്കുന്നു. അതു തിരിച്ചുവരാന്‍ തുടങ്ങുന്നതിനു മുമ്പേ അവിടെയെത്തണം. ഞങ്ങള്‍ എത്തിയതു ബ്രഹ്മപുത്രാ നദിയുടെ തീരത്തുള്ള ബാഗ്ബര്‍ മാര്‍ക്കറ്റിലാണ്. റോഡ് ഇടയ്ക്കു മുറിഞ്ഞു. ഒരടി വീതിയുള്ള പാടവരമ്പിലൂടെ നടക്കണം. ബോട്ടിലാണു ചന്തയിലേക്കു സാധനങ്ങള്‍ വരുന്നത്. കാശു കൊടുത്തു വാങ്ങുന്നവരുണ്ട്. എന്നാല്‍, പഴയ ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ള വിനിമയമാണു കൂടുതല്‍ നടക്കുന്നത്. അമ്പതു വര്‍ഷം പിറകിലെ കേരളത്തിലെ ഒരുള്‍ഗ്രാമത്തിന്റെ പ്രതീതി. ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്കേസിന്റെ 'മക്കൊണ്ടൊ' പട്ടണം പോലുള്ള ഒരു ജിപ്‌സിയങ്ങാടി.അവിടെ പള്ളിക്കടുത്തു ചെറിയൊരു മൈതാനമുണ്ട്. ഞങ്ങളവിടെയെത്തുമ്പോള്‍ മൈക്കിലൂടെ പൊതുയോഗത്തിന്റെ അനൗണ്‍സ്‌മെന്റ് നടക്കുന്നു. കള്ളിത്തുണിയും ബനിയനുമിട്ട വൃദ്ധന്മാര്‍, നഗ്നരും അര്‍ധനഗ്നരുമായ കുട്ടികള്‍. അവരുടെ മുഖവും മൂക്കും തീരെ വൃത്തിയില്ലാത്തതാണ്. എവിടെയും ചളിയും ചാണകവും കൂടിക്കുഴഞ്ഞു കിടക്കുന്നു. യു.എം.എഫ്. സ്ഥാനാര്‍ഥി അഡ്വ. അബ്ദുസ്സമദിനെയും ചൗധരിയെയും കണ്ടപ്പോള്‍ ജനങ്ങളില്‍ ആവേശം. ചളിയില്‍നിന്ന് അവര്‍ പിടഞ്ഞെഴുന്നേറ്റു. അഭിവാദ്യം അര്‍പ്പിച്ചു. സിന്ദാബാദ് വിളിച്ച് ആവേശം പ്രകടിപ്പിച്ചു. 

     ദാരിദ്ര്യം ഘനീഭവിച്ചുനില്‍ക്കുന്ന ഒരിടം. പൊതുയോഗാനന്തരം ഞങ്ങളവിടെനിന്നു തിരിച്ചു. വണ്ടി നിര്‍ത്തിയേടത്തേക്കു കുറച്ചുദൂരം നടക്കണം. വഴിനീളെ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങിനില്‍ക്കുന്നു. അവര്‍ കൈ നീട്ടുന്നതു കാശിനു വേണ്ടിയാണ്. കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും കാശ് വാരിവിതറുന്നുവെന്നു ചൗധരി സാഹിബ് പരാതി പറഞ്ഞു.ഇവിടത്തെ ജനങ്ങളുടെ ദാരിദ്ര്യത്തിന്റെ സാന്ദ്രതയെക്കുറിച്ചു പറഞ്ഞപ്പോള്‍ ചൗധരി, ബൊങ്കൈഗാവില്‍ നമുക്കൊരു അഭയാര്‍ഥിക്യാംപ് സന്ദര്‍ശിക്കാനുണ്ടെന്നു പറഞ്ഞു. ദൈവമേ!, ഇനിയൊരു അഭയാര്‍ഥി ക്യാംപ് വേറെയും! അത്തരം എട്ടു ക്യാംപുകളുണ്ടെന്നു ചൗധരി. പൊതുവെ ശാന്തരും മൗനികളുമായ ബോഡോകളുടെ ദേശത്തു ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചു താമസിച്ചുവരുകയായിരുന്നു. വളരെ പെട്ടെന്നാണ് ഇവരുടെ ശാന്തതയും മൗനവും തീക്ഷ്ണമായ പരമതദ്വേഷത്തെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെന്നു മുസ്‌ലിംകള്‍ക്കു മനസ്സിലാവുന്നത്.

 1994ലെ അഭിശപ്തമായ ഒരു രാത്രിയിലാണതു സംഭവിക്കുന്നത്. കുറുവടിയും വാളും മറ്റായുധങ്ങളുമായി ബോഡോ ഗോത്രവര്‍ഗത്തില്‍പ്പെട്ട അക്രമാസക്തരായ യുവാക്കളുടെ വന്‍സംഘം ആര്‍പ്പുവിളികളോടെ മുസ്‌ലിം വീടുകള്‍ ലക്ഷ്യമാക്കി ഓടിവന്നു. വീടുകളില്‍നിന്നു മുസ്‌ലിംകളെ അടിച്ചോടിക്കുകയാണ്. അവര്‍ ജീവനുംകൊണ്ടു കിതച്ചോടുന്നു. പിറകെ വരുന്ന ബോഡോ അക്രമികളുടെ കൈയില്‍ തീപ്പന്തങ്ങള്‍. തിരിഞ്ഞുനോക്കാന്‍ ധൈര്യം ലഭിച്ചവര്‍ കണ്ടത് അവരുടെ വീടുകള്‍ കത്തിയമരുന്നതും കന്നുകാലികള്‍ വെന്തുചാവുന്നതുമാണ്. ഇവരെയാണ് അക്രമത്തിനിരയായി പന്ത്രണ്ടുവര്‍ഷത്തിനു ശേഷം ബെങ്കൈഗാവ് ജില്ലയിലെ ഹാപചെറ, ഗൊറൈമാറി, ബലഗാവു തുടങ്ങിയ ക്യാംപുകളില്‍ ഞങ്ങള്‍ക്കു കാണാനുള്ളത്. പുഴുക്കളെപ്പോലെ ജീവിക്കുന്ന ഒരു ജനത. ഇവര്‍ സമൃദ്ധിയുടെ അന്തരീക്ഷത്തില്‍ നിന്നാണു വരുന്നത്. നല്ല വീടും തൊടികളും ഉണ്ടായിരുന്നവര്‍. അവര്‍ക്കു തെങ്ങും കവുങ്ങും വാഴയും ചേമ്പും മറ്റു കാര്‍ഷികവിളകളും ഉണ്ടായിരുന്നു. ചിലര്‍ക്കെങ്കിലും വാഹനങ്ങളുമുണ്ടായിരുന്നുവത്രേ. അവരാണു ബൊങ്കൈഗാവിലെയും മറ്റും ക്യാംപുകളില്‍ തീരെ ചെറിയ കൂരകളില്‍ ‘ജീവിക്കുന്നത് (ജീവിക്കുന്നു എന്നു പറയാന്‍ പറ്റുമെങ്കില്‍). അവരാരും ഭാവിയിലേക്കു നോക്കുന്നതായി തോന്നിയില്ല. ഭൂതത്തിലേക്കു കണ്ണും നട്ടിരിക്കുന്നതു പോലെയായിരുന്നു ദൃഷ്ടികള്‍. ഏതാണ്ട് 65 വയസ്സുള്ള ഒരു സ്ത്രീയെ കണ്ടു. അവരുടെ ഒക്കത്ത് ഒരു കുഞ്ഞുമുണ്ടായിരുന്നു. അവരൊരു സാരികൊണ്ടു വസ്ത്രം ചുറ്റിയിട്ടുണ്ട്. ബ്ലൗസ് ധരിച്ചിട്ടില്ല. അവര്‍ക്കു ബ്ലൗസ് ഉണ്ടായിരിക്കില്ല. അതുമല്ലെങ്കില്‍, ഒരുപക്ഷേ, അവര്‍ക്കറിയില്ലായിരിക്കും, മുസ്‌ലിംകള്‍ എങ്ങനെയാണു വസ്ത്രം ധരിക്കേണ്ടതെന്ന്. അവരുടെ മിഴികളും ഭൂതകാല നിസ്സംഗതയില്‍ ഉടക്കിനില്‍ക്കുന്നു. ഒരു ഗ്രാമത്തിന്റെ വിലാപമായി അവര്‍ നിന്നു. 

അവര്‍ക്കു പളളിയായും പള്ളിക്കൂടമായും ആകെയുള്ളത് ഒരു ചെറിയ ഷെഡ്ഡായിരുന്നു. കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനു സൗകര്യങ്ങളില്ല. ഒരു ചൊവ്വാഴ്ചയായിരുന്നു അത്. സ്‌കൂളില്‍ പോവേണ്ടതില്ലാത്ത അവിടത്തെ കുട്ടികള്‍ ഞങ്ങളുടെ ചുറ്റുംകൂടി. ആ പ്രദേശത്തൊന്നും ഒരു ക്ലിനിക്കോ ഡോക്ടര്‍ പോലുമോ ഇല്ല. അവര്‍ക്കു റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത, ഇവര്‍ ദൂരെ പട്ടണത്തില്‍ ജോലിക്കു പോയാല്‍, ബംഗ്ലാദേശുകാരായി മാറും. പോലിസ് പിടികൂടി ജയിലിലടയ്ക്കും. ജോലിയുടെ ആ മാര്‍ഗവും അടയുന്നു. പിന്നെയുള്ള തൊഴില്‍ യാചനയാണ്. അതിനു തടസ്സമില്ലാത്തതിനാല്‍ ഇപ്പോഴും തുടരുന്നുണ്ട്. ആറുവര്‍ഷത്തിനു ശേഷം കഴിഞ്ഞ ജൂണില്‍ മുമ്പു കണ്ട ആ സ്ത്രീയെ വീണ്ടും കണ്ടു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ഏപ്രിലില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോയതായിരുന്നു. ഡോ. ബഷാറിനും ഹസ്രത്ത് അലിക്കും പുറമെ ഒ.എം.എ. സലാമും കൂടെയുണ്ടായിരുന്നു. ആ സ്ത്രീ അടുത്തു വന്നു. അവരുടെ കീറിപ്പറിഞ്ഞ മുസ്ഹഫ് ഒരു ബ്ലൗസില്‍ പൊതിഞ്ഞിട്ടുണ്ട്. ഇപ്പോഴും സാരി മാത്രമേ ധരിച്ചിട്ടുള്ളൂ. കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ അവര്‍ കരയുന്നുണ്ട്. അവരുടെ, വറ്റിയതെന്നു കരുതിയിരുന്ന കണ്ണുകളിപ്പോള്‍ സജലങ്ങളാണ്. അവരിപ്പോള്‍ സാഫല്യത്തിലാണ്. അവര്‍ക്കൊരു വീട് ലഭിച്ചിരിക്കുന്നു. അവര്‍ ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ജീവന്റെ ത്രസിപ്പിക്കുന്ന തുടിപ്പ് വീണ്ടെടുത്തിരിക്കുന്നു. അവരുടെ കണ്ണിലെ ജലബിന്ദുക്കള്‍ അതിന്റെ പ്രതിനിധാനമാണ്. അവര്‍ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന അവരുടെ മുസ്ഹഫ് മുമ്പ്, പതിനേഴു വര്‍ഷം മുമ്പ് ബോഡോ പ്രദേശത്തെ സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിയോടുമ്പോള്‍ കൂടെ കരുതിയതായിരുന്നു. അവര്‍ കരയുകയാണ്. വേറൊരു മുസ്ഹഫ് അവര്‍ക്കു വേണം. ഇവരെപ്പോലെ ഇരുപത്തിയെട്ടായിരത്തിലധികം മനുഷ്യജീവികളുടെ ഊഷരമായ ജീവിത പരിസരത്തിലൂടെയായിരുന്നു അന്നു ഞങ്ങള്‍ ഏതാനും മണിക്കൂര്‍ സഞ്ചരിച്ചത്. 

പിന്നെയും ഞങ്ങള്‍ അസമിന്റെ വിവിധ പ്രദേശങ്ങളിലൂടെ യാത്രചെയ്തു. ഈ പ്രാവശ്യം, അന്നു പോപുലര്‍ ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന  ഇപ്പോള്‍ ചെയര്‍മാന്‍  ഇ.എം. അബ്ദുര്‍റഹിമാന്‍ സാഹിബും ഉണ്ട്. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണു രണ്ടാമത്തെ യാത്ര. ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്ക്. ഉള്ളിലേക്കു പോകുന്തോറും ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും ഗഹനതയിലേക്കു ഞങ്ങള്‍ നടന്നെത്തുകയായിരുന്നു. ഒരു ജനതയുടെ അപരിഹാര്യമായ നിസ്സഹായതയിലേക്കും. ഓരോ വര്‍ഷവും കുതറിത്തെറിച്ചെത്തുന്ന പുഴവെള്ളം പ്രളയത്തിന്റെ രൗദ്രഭാവം സ്വീകരിച്ച് അതിന്റെ കരകളില്‍ കുടില്‍ കെട്ടിക്കഴിഞ്ഞു കൂടുന്ന ജനങ്ങളെ നിര്‍ദയം എടുത്തെറിഞ്ഞുകൊണ്ടിരുന്നു. അസമിലെ നദികള്‍ പലപ്പോഴും അങ്ങനെയാണ്. ഗതിമാറി ഒഴുകും. അതിന്റെ വരവില്‍ പള്ളികളും മദ്‌റസകളും വീടുകളും അതിനോടൊപ്പം ചേര്‍ന്ന് ഒഴുകും. ഇവിടെ കര നദിയായി മാറുമ്പോള്‍ അക്കരെ നദി കരയായിത്തീരും. ഇവിടെനിന്ന് ആളുകള്‍ മറുകര പ്രാപിക്കും. പലയിടത്തും നദിയുടെ വീതി എട്ടു മുതല്‍ പന്ത്രണ്ടു കിലോമീറ്റര്‍വരെയുണ്ടാവും. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനടുത്തു താമസിക്കുന്നവര്‍ പുതിയ താമസക്കാരെ അറിയില്ല. അതോടെ അവര്‍ ബംഗ്ലാദേശുകാരായി ചാപ്പ കുത്തപ്പെടുന്നു. അവര്‍ക്കു പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നുമുണ്ടാവില്ല. അങ്ങനെയാണ് അസമില്‍ ബംഗ്ലാദേശ് രൂപപ്പെടുന്നത്! 

ആഘോഷങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്നു തോന്നിയപ്പോള്‍, ഇവരെയാണെനിക്ക് ഓര്‍മ വന്നത്. ആഘോഷം നിഷേധിക്കപ്പെട്ട, ആഘോഷത്തിന്റെ, പെരുന്നാളിന്റെ മറുകരയില്‍ വസിക്കാന്‍ വിധിക്കപ്പെട്ട ജനതയെ.ഇവര്‍ക്കു പെരുന്നാള്‍ എന്താണെന്ന് അറിയാന്‍ തരമില്ല. ദാരിദ്ര്യം ഒരു ഉല്‍സവമാക്കാമെങ്കില്‍ അവര്‍ക്കു പെരുന്നാളും ആഘോഷവുമുണ്ട്. നിസ്സഹായതയും നിരക്ഷരതയും രോഗവും ആഘോഷിക്കപ്പെടാമോ? ആഘോഷം വിമോചിതസമൂഹത്തിനുള്ളതാണ്. സ്വാതന്ത്ര്യത്തെയാണതു ഘോഷിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സ്വാതന്ത്ര്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അജ്ഞത, നിരക്ഷരത, രോഗം, നിസ്സഹായത ഇവയൊക്കെ പാരതന്ത്ര്യത്തെയാണു കുറിക്കുന്നത്. നിരന്തരമായി സംശയത്തിന്റെ നിഴലില്‍ കഴിയേണ്ടിവരുന്ന സമൂഹം സ്വതന്ത്രമാണെന്നു പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സാഹചര്യംവച്ചു നോക്കുമ്പോള്‍ ആഘോഷ സാധ്യതയുള്ള വിഭാഗങ്ങള്‍ വളരെ കുറവാണെന്നു വരുന്നു. അസന്തുലിതമായ നീതിവ്യവസ്ഥയാണിവിടെ നിലനില്‍ക്കുന്നത്. അധികാരികള്‍ പൗരന്മാരോട് പ്രാഥമികമായ മര്യാദപോലും കാണിക്കുന്നില്ല. ആദിവാസി വനാന്തര്‍ഭാഗത്തു ജീവിക്കുന്നതിലൂടെ ആവാഹിച്ചെടുത്ത സസ്യാത്മകമായ സരളതയെയും മാര്‍ദവത്തെയും ഉപാസിക്കുന്നതിനു പകരം, അവരുടെ ജീവിതത്തെ ശിഥിലമാക്കി വിദൂരതയിലേക്കു കശക്കിയെറിയുകയാണു ഭരണകൂടം. അവരുടെ നേരായ ആവശ്യങ്ങളോട് ഉന്മുഖമായ സമീപനം സ്വീകരിച്ചില്ല. കുത്തകകള്‍ക്കുവേണ്ടി അധിവാസമേഖലകളില്‍നിന്നു മാവോവാദി മുദ്രചാര്‍ത്തി അവരെ അടിച്ചും വെടിവച്ചു കൊന്നും തുലയാന്‍ വിട്ടു. ഈ ആദിവാസിക്ക് എന്താഘോഷമാണുള്ളത്? ചേരികളില്‍ അടിമകളാക്കപ്പെട്ട, ഗ്രാമങ്ങളില്‍ ദരിദ്രരാക്കപ്പെട്ട, ഇപ്പോഴും അശുദ്ധം ചുമക്കുന്ന ദലിതനും ആഘോഷത്തിന്റെ മറുകരയിലാണ്. സംശയത്തിന്റെ നിഴലില്‍, ഭയത്തില്‍നിന്നു മോചനം സാധിച്ചിട്ടില്ലാത്ത മുസ്‌ലിംകളും ആഘോഷിക്കാന്‍ ഒന്നുമില്ലാത്ത നിസ്വജനതയായിത്തന്നെ തുടരുന്നു. നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലുകളിലാണ്. വെടിയുപ്പും ഭീകരതയും അല്‍പ്പം സന്ന്യാസവും ചേര്‍ന്നു സൃഷ്ടിച്ച സ്‌ഫോടനങ്ങളുടെ പേരില്‍ സംശയിക്കപ്പെട്ടവരാണവര്‍! പോലിസും പോലിസ് വേഷത്തില്‍വരുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും സവര്‍ണ ഹിന്ദുത്വ ഫാഷിസവും സമം ചേര്‍ന്ന് മാധ്യമങ്ങളെ കൂട്ടിനു ചേര്‍ത്തു തീര്‍ത്തെടുത്ത കുരുക്കുകളില്‍ പിടയുകയാണവര്‍. വിവേചനപരമായ സമീപനമാണു മുസ്‌ലിംകളോട് അധികാരികള്‍ പുലര്‍ത്തുന്നത്. എല്ലാ രംഗങ്ങളിലെയും ദൃശ്യമാണത്. 

മുസ്‌ലിം എന്നു കേള്‍ക്കുമ്പോള്‍ ഉന്മാദികളാവുന്ന പോലിസുകാര്‍. ഒറ്റപ്പെടുത്തലിന്റെയും തിരസ്‌കാരത്തിന്റെയും നോവ് അനുഭവിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥര്‍.ഇന്ത്യയിലും കേരളത്തിലും മഅ്ദനിയടക്കം ധാരാളം വിചാരണത്തടവുകാര്‍. ഒരു സമുദായം ഒന്നടങ്കം വിചാരണത്തടവുകാരായി കഴിയുന്നു എന്നു വേണമെങ്കില്‍ പറയാം. ചില ആഘോഷങ്ങള്‍ പ്രത്യേക സമുദായങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അഥവാ, ചില ആഘോഷങ്ങള്‍ നടത്തുന്നതിനു മുസ്‌ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷം മുസ്‌ലിംകള്‍ക്കു പാടില്ല. ഹിന്ദുത്വ ആര്‍.എസ്.എസിന് ആവാം. എന്തു ചെയ്യട്ടെ, മുസ്‌ലിം സമുദായത്തിനു ശ്രവണശേഷി കുറഞ്ഞുവരുന്നു; ദര്‍ശനശേഷിയും. സ്വതന്ത്രമായി വളരാനും വിരിയാനും കഴിയുന്നതെന്നോ, അന്നു മാത്രമേ നാം സ്വതന്ത്രരാവുന്നുള്ളൂ. അതുകൊണ്ടാണു മുസ്‌ലിംകളും ആഘോഷത്തിന്റെ മറുകരയിലാവുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാള്‍, ആഘോഷത്തില്‍നിന്നു അനുഷ്ഠാനത്തിലേക്കു വരുന്നു. അസ്വതന്ത്രരും നിസ്സഹായരുമായ ജനതയ്ക്ക് ആഘോഷമുണ്ടാവാറില്ല, അനുഷ്ഠാനങ്ങളേയുള്ളൂ.ചെറിയ പെരുന്നാള്‍ വരുകയാണ്. നമുക്കിടയില്‍നിന്ന് അടര്‍ത്തി മാറ്റപ്പെട്ട സഹജീവികളെ മനസ്സില്‍വച്ചു പെരുന്നാള്‍ ആഘോഷിക്കാന്‍ നാം ശ്രദ്ധിക്കുക. പെരുന്നാള്‍ അവധി മൂന്നു ദിവസമാകാം. എന്നാല്‍, പെരുന്നാള്‍ മൂന്നു ദിവസമാവരുത്. 'മധ്യസമുദായം' എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചവര്‍ 'മദ്യസമുദായം' ആവുകയുമരുത്. നാം സാഹചര്യത്തെ വായിക്കാന്‍ പഠിക്കണം. സമീപകാല ഇന്ത്യന്‍ സാഹചര്യംവച്ചു നോക്കുമ്പോള്‍ നാം പഴയ 'അനുശാസന പര്‍വത്തിലേക്ക്' അതിവേഗം കുതിക്കുകയാണോ എന്ന സംശയം ന്യായമാണ്. 
  
                                                ഇ അബൂബക്കര്‍
(എസ്.ഡി.പി.ഐ അഖിലേന്ത്യാ പ്രസിഡന്റും രിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാനുമാണു ലേഖകന്‍)
                            മുന്‍പ് തേജസ് പത്രത്തില്‍ വന്ന ലേഖനമാണ് ഇത്. 

2013, മാർച്ച് 16, ശനിയാഴ്‌ച

ഒരു ഐഡന്റിറ്റി മാത്രമാണോ ഇസ്ലാം?


  സുബൈര്‍ മൌലവി പിന്നീടു വിളിച്ചിട്ടില്ല. അദ്ദേഹത്തെ ഞാന്‍ നിരാശപ്പെടുത്തി എന്നു തോന്നുന്നു. ഗള്‍ഫില്‍ ചില സുഹൃത്തുക്കളുടെ വിഷമം കണ്ടു ഫോണ്‍ ചെയ്തതായിരുന്നു അദ്ദേഹം. സജീവ ഇസ്ലാമികപ്രവര്‍ത്തകര്‍. നാട്ടിലെ ഒരു സലഫി ഗ്രൂപ്പിന്റെ ആളുകളായി ഗള്‍ഫില്‍ ജീവിക്കുന്നു. നേതാക്കള്‍ തമ്മില്‍ ഇവിടെ നടക്കുന്ന അടിപിടിയാണ് ഇപ്പോള്‍ അവരുടെ പ്രശ്നം. ഈ കോലാഹലങ്ങള്‍ എന്തിനെന്ന് അനുയായികള്‍ക്കു മനസ്സിലാവുന്നില്ല. അടിസ്ഥാനങ്ങളില്‍ വ്യത്യാസമില്ല. ലക്ഷ്യം മാറിയിട്ടുമില്ല. പിന്നെയെന്തിനീ കടിപിടിയെന്നാണ് അവരുടെ ചോദ്യം. ആര്‍ക്കെങ്കിലും ഇടപെട്ട് ഇതൊന്നു പരിഹരിക്കാന്‍ പറ്റുമോയെന്ന് അന്വേഷിക്കുന്നു അവര്‍. 

നടക്കില്ലെന്ന് ആദ്യമേ തോന്നി. ഏതായാലും നല്ലൊരു കാര്യമല്ലേ, സാധ്യത വല്ലതുമുണ്ടായെന്നു നോക്കാമല്ലോ. ഒന്നുരണ്ടു പേരോട് അന്വേഷിച്ചു. ഫലം നിരാശ. വെറുതേ സമയം കളയേണ്ട എന്നായിരുന്നു ഉപദേശം. വലിയവലിയ ആളുകള്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ആദര്‍ശവും വിശ്വാസവുമൊന്നുമല്ല പ്രശ്നം. അഹങ്കാരമാണു കാര്യങ്ങള്‍ വഷളാക്കുന്നത്. വ്യക്തികള്‍ കേന്ദ്രബിന്ദുക്കളായി മാറിയിരിക്കുന്നു. അവര്‍ക്കു ചുറ്റും ആളും പണവും തടിച്ചുകൂടുന്നു. പ്രസ്ഥാനം ഇവര്‍ക്കൊരു ഇടം മാത്രം. ഇവരുടെ വലയത്തിലാണു ജനം; പ്രസ്ഥാനത്തിലല്ല. എന്റെ നിസ്സഹായത ഞാന്‍ മൌലവിയെ അറിയിച്ചു. 

ഇസ്ലാം ഇപ്പോള്‍ ഒരു ദൌത്യമല്ലാതായി മാറിയിരിക്കുന്നു. ഒരു ജനവിഭാഗത്തിന്റെ ഐഡന്റിറ്റി മാത്രമാണിന്ന് ഇസ്ലാം. വേഷങ്ങളും വസ്ത്രങ്ങളും രൂപങ്ങളും ശബ്ദങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ആചാരങ്ങളും പ്രത്യേക ദിവസങ്ങളും ഈ ഐഡന്റിറ്റിയെ വിവിധ കോണുകളില്‍ പ്രതിനിധീകരിക്കുന്നു. ഇവയോടു ചേര്‍ന്നുനിന്ന് ഇസ്ലാമിക കടമകള്‍ നിര്‍വഹിച്ചുവെന്നു തൃപ്തിപ്പെടുകയാണു പൊതുവേ ജനം. അടിസ്ഥാന സദാചാരത്തില്‍പ്പോലും കുറവു ദൃശ്യമാവുന്ന ചില പ്രതീകങ്ങളെ അല്ലാഹുവിലേക്കു ചേരുന്ന വഴിയായി പരിഗണിക്കുന്നത് ദൈവസങ്കല്‍പ്പത്തിനേറ്റ ഇടിവല്ലാതെ മറ്റെന്താണ്? 

ഇസ്ലാമികപ്രവര്‍ത്തനത്തില്‍ പ്രസംഗത്തിനുള്ള സ്ഥാനം എന്നുമെന്നപോലെ ഇന്നും ശക്തമാണ്. വാള്‍പോസ്ററുകളിലും ഫ്ളക്സ് ബോര്‍ഡുകളിലും സി.ഡികളിലും നിറഞ്ഞുനില്‍ക്കുന്ന താരങ്ങള്‍ മതരംഗം കീഴടക്കിയിരിക്കുന്നു. പ്രസംഗം കേള്‍ക്കുകയെന്നതു കര്‍മങ്ങളില്‍ മുഖ്യമായി മാറിയത് അവരുടെ മാര്‍ക്കറ്റ് വര്‍ധിപ്പിച്ചു. ഒരു ദിവസത്തെ പ്രസംഗത്തിന് അരലക്ഷം രൂപ വരെ കൂലി വാങ്ങുന്നവരുണ്ട്. അതിനു പുറമേ, പരിപാടി നടക്കുന്ന സ്ഥലത്തു മുന്തിയ താമസസൌകര്യം, സ്വീകരിക്കാന്‍ സ്വാഗതസംഘം തുടങ്ങി മറ്റു ബഹുമതികളും. 

സംഘാടകര്‍ക്കു നഷ്ടം ഉണ്ടാവാതിരിക്കാന്‍ ചില പൊടിക്കൈകളൊക്കെയുണ്ട് പ്രസംഗ മാര്‍ക്കറ്റിങില്‍. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ജനത്തെ സംഭാവനയ്ക്കു പ്രേരിപ്പിക്കുന്നു പ്രസംഗകന്‍. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ഒന്നുരണ്ടു സ്ത്രീകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ആഭരണങ്ങള്‍ സ്റ്റേജിലേക്കു കൊടുത്തുവിടും. അതു കണ്ടു ഭക്തി കയറി ആഭരണങ്ങളും വസ്തുവകകളും പണവും ഒന്നിനു പിറകെ മറ്റൊന്നായി പ്രസംഗവേദിയിലേക്ക് ഒഴുകുകയായി. ആദ്യം വരുന്നത് ബര്‍ക്കത്തിനുവേണ്ടി, പ്രസംഗകന്‍ സംഘാടകരെ ആദ്യമേ ഏല്‍പ്പിച്ച മുക്കുപണ്ടങ്ങള്‍! പിന്നീടു വരുന്നത് ഒറിജിനല്‍. 

ഈ വഅ്ളു വിദഗ്ധരുടെ ഫോട്ടോകളും പേരുകളും സ്ഥലപ്പേരുകളും ബിരുദങ്ങളും തെരുവില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച പ്രതീകവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനു മാത്രമേ സജീവത നല്‍കുന്നുള്ളൂ. അടിസ്ഥാന നന്മകള്‍ ലക്ഷ്യമിടുന്ന മനസ്സുകളില്‍ ഈ രൂപങ്ങള്‍ ഭയവും നഷ്ടബോധവുമായിരിക്കും സൃഷ്ടിക്കുക.
ഇസ്ലാമില്‍നിന്നു മാത്രമല്ല, ഒരു ബോധവല്‍കൃത സമൂഹത്തില്‍നിന്നു പ്രതീക്ഷിക്കാവുന്ന ഒന്നല്ല വ്യക്തിപൂജ. പക്ഷേ, എല്ലാ സങ്കല്‍പ്പങ്ങളും തകര്‍ത്തുകൊണ്ട് ഇന്നതു ശക്തമാവുകയാണ്. നവോത്ഥാന കാലഘട്ടത്തിനു മുമ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വര്‍ഗത്തിലേക്കു പാസ് നല്‍കുന്ന പുരോഹിതര്‍ ഉണ്ടായിരുന്നു. അതിനു സമാനമായ അവകാശവാദങ്ങള്‍ നമ്മുടെ പള്ളികളിലും തെരുവോരങ്ങളിലും നടക്കുന്ന പ്രസംഗങ്ങളില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യവിമോചനമെന്ന ലക്ഷ്യം മറന്ന് ഐഡന്റിറ്റി എന്ന തോടിനുള്ളില്‍ വികസിക്കാന്‍ മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളും മല്‍സരങ്ങളുമാണ് ഇത്തരം പ്രവണതകള്‍ വളര്‍ത്തുന്നത്. 

ഖുര്‍ആനില്‍ നല്ല പാണ്ഡിത്യമുള്ളയാളായിരുന്നു പ്രവാചകശിഷ്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഏറ്റവും ഭയം ജനിപ്പിക്കുന്ന വചനം ഏതാണെന്ന് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ഈ വചനമാണ് അദ്ദേഹം മറുപടിയായി കേള്‍പ്പിച്ചത്: 

നിങ്ങളുടെ മോഹധാരണകളല്ല അടിസ്ഥാനം, വേദക്കാരുടെ മോഹധാരണകളുമല്ല. ആരെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടങ്കില്‍ അവന്‍ അതിന്റെ ഫലം അനുഭവിക്കും. അല്ലാഹുവല്ലാത്ത ഒരു രക്ഷകനെയും സഹായിയെയും അവന്‍ കണ്ടത്തുകയുമില്ല. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചു നല്ലതു ചെയ്യുന്നത് ആരായാലും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടു അല്‍പ്പവും അനീതി ചെയ്യുകയില്ല(ഖുര്‍ആന്‍ 4: 123, 124). 

കടമകളും കടപ്പാടുകളും മറന്നു ജാതീയതയ്ക്കു സമാനമായ ഔന്നത്യചിന്ത വച്ചുപുലര്‍ത്തുന്ന സ്വഭാവമാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. ഖുര്‍ആന്‍ അതിനെ “അമാനിയ്യത്ത്’ എന്നു വിശേഷിപ്പിക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങളിലും മിഥ്യാധാരണകളിലും അഹങ്കരിക്കുന്ന “ഇസ്ലാമിക പ്രവര്‍ത്തകര്‍’ അല്ലാഹുവിന്റെ ഈ താക്കീത് ഓര്‍ത്തിരിക്കുന്നതു നല്ലതാണ്. താടിയുടെ നീളം, കുപ്പായത്തിന്റെ ഇറക്കം, നേതാവിന്റെ പാണ്ഡിത്യം, വാക്ചാതുരി, സ്വാധീനം, സ്ഥാപനങ്ങള്‍, പണം എന്നിങ്ങനെ പലതിലും ഉടക്കിനില്‍ക്കുകയാണ് ഇസ്ലാമികപ്രവര്‍ത്തകരുടെ ഉത്തേജനത്തിന്റെ സ്രോതസ്സ്. പുതിയ ദൌത്യനിര്‍വഹണത്തിനു സമൂഹത്തെ ഒരുക്കേണ്ട നിര്‍ണായകസമയത്തും ഇവരുടെ ഇടുങ്ങിയ ലോകത്തു തൃപ്തിദായകമായത് വിഭാഗീയതയും വ്യക്തിപൂജയും തന്നെ. 

വിദേശത്തു ജോലിചെയ്യുന്ന ഒരു സുഹൃത്ത് രണ്ടുമാസം മുമ്പ് ഒരനുഭവം പറഞ്ഞു. വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ മദ്റസയില്‍ പഠിക്കുന്ന ചെറിയ മകന്‍ പറയുകയാണ്, ബാപ്പയോടു സലാം പറയാന്‍ പാടില്ലെന്ന് ഉസ്താദ് പറഞ്ഞിരിക്കുന്നു. കുടുംബത്തിനും മക്കള്‍ക്കും വേണ്ടി അധ്വാനിക്കാന്‍ വീടുവിട്ടു ജീവിക്കുന്ന ഒരു പിതാവിന്റെ മനസ്സില്‍ എത്ര മുറിവേല്‍പ്പിച്ചിട്ടുണ്ടാവണം ഈ ഉസ്താദ്. ഇതൊരു ചെറിയ ഉദാഹരണം മാത്രമായിരിക്കും. ഇസ്ലാം എന്തിനെന്ന് ഒരു പ്രാവശ്യം പോലും ചിന്തിക്കാതെ അതിന്റെ അധികാരസ്ഥാനങ്ങളിലിരുന്നു വിധി പറയുന്ന ആളുകള്‍ ഉണ്ടാക്കുന്ന മുറിവുകള്‍ വലുതും ആഴമേറിയതുമാണ്. 

കഴിഞ്ഞ ദിവസം ഒരു തമാശയുണ്ടായി. ടി.വിയില്‍ വാര്‍ത്ത കണ്ട് ഇരിക്കുകയായിരുന്നു. റിമോട്ട് കൈയിലിരിക്കുന്ന സുഹൃത്തിനോട് ആരോ പറഞ്ഞു, മലയാളം ചാനല്‍ ഇടാന്‍. കേരളത്തിലെ പീഡനവാര്‍ത്തകളൊന്നു കേള്‍ക്കട്ടെ. യാദൃച്ഛികമാവാം, ചാനല്‍ മാറ്റിയതും സ്ക്രീനില്‍ തെളിഞ്ഞുവന്നതു പീഡനവാര്‍ത്ത. ഇത്തവണ പുതിയത്. മന്ത്രി ഗണേഷ്കുമാര്‍ നായകന്‍. സമൂഹം നാറിയതിനു ചാനലുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. നാറിയ വാര്‍ത്തകളാണു ദിവസവും പുറത്തുവരുന്നത്. എഴുപതുകാരന്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ടാനച്ഛന്‍ പതിമൂന്നുകാരിയെ, അച്ഛന്‍ മകളെ, സഹോദരന്‍ സഹോദരിയെ... ചര്‍ച്ച ചെയ്യാന്‍ പോലും അറപ്പുതോന്നുന്ന സംഭവങ്ങള്‍. 
റിയാദില്‍ താമസിക്കുന്ന ഒരു കുടുംബം. അച്ഛനും അമ്മയും അവിടെ ജോലിചെയ്യുന്നു. മകള്‍ പഠിക്കുന്നു. അമ്മയ്ക്കു പെട്ടെന്നു നാട്ടില്‍ വരണം. മകളെ അച്ഛന്റെ കൂടെ തനിച്ചാക്കി പോവാന്‍ ഭയം അനുവദിക്കുന്നില്ല. സഹപ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചു അവര്‍. ഉപദേശം നല്‍കുന്നവര്‍ക്കുമില്ല ആത്മവിശ്വാസം. കുട്ടിയെ നാട്ടിലേക്കു കൊണ്ടുപോവാനാണ് അവര്‍ നിര്‍ദേശിച്ചത്. നമ്മുടെ സാംസ്കാരികനിലവാരം തകര്‍ന്നതിന്റെ ഭീകര കാഴ്ചയാണിത്. പൊതുമുതല്‍ത്തട്ടിപ്പും അധികാര ദുര്‍വിനിയോഗവും മറ്റൊരു ഭാഗത്തു സജീവം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നും ഇതില്‍നിന്നൊഴിവല്ല. ഈ പ്രവണത ഇനിയെങ്ങനെ മാറും? ഉമ്മന്‍ചാണ്ടി മാറി അച്യുതാനന്ദന്‍ വന്നാല്‍ മാറുന്നതാണോ ഇത്? അതല്ല, ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ് മാറി മുലായംസിങ് വന്നാല്‍ ഈ മുറിവ് ഉണങ്ങുമോ, ഒരു സമ്പൂര്‍ണമായ മാറ്റമില്ലാതെ? 

ലോകത്ത് ഇന്നു പ്രകോപിപ്പിക്കപ്പെടുന്നതു മുസ്ലിം സമൂഹം മാത്രമല്ല. ഇസ്ലാമും പ്രകോപിപ്പിക്കപ്പെടുന്നു. അതിനോടു പ്രതികരിക്കാന്‍ ഐഡന്റിറ്റി കേന്ദ്രീകൃത ഇസ്ലാമിനു കഴിയണം എന്നില്ല. ജീവസ്സുള്ള ഇസ്ലാമിനാണു ലോകത്ത് ഇടമുള്ളത്. നന്മയുടെ വാഴ്ചയും തിന്മയുടെ തകര്‍ച്ചയും ഉറപ്പുവരുത്താന്‍ കെല്‍പ്പുള്ള ഇസ്ലാം. വ്യതിരിക്തതയുടെ ഒരു ശാസ്ത്രമുണ്ട് ഇസ്ലാമില്‍. പല കാര്യങ്ങളിലും, പ്രത്യേകിച്ച് ഐഡന്റിറ്റിയുടെ സ്വഭാവം പുലര്‍ത്തുന്ന വിഷയങ്ങളില്‍, വേദക്കാരില്‍നിന്നും അഗ്നിയാരാധകരില്‍നിന്നും വ്യത്യാസം സൂക്ഷിക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചതായി കാണാം. മതത്തിന്റെ സത്തയില്‍നിന്ന് അകന്ന അവരെപ്പോലുള്ളവരല്ല തങ്ങളെന്നു സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ആയിരുന്നിരിക്കണം അത്. ഈ നിര്‍ദേശത്തിന്റെ അന്തസ്സത്ത ഇസ്ലാമിന്റെ സജീവത ലക്ഷ്യമിടുന്ന പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഐഡന്റിറ്റിയില്‍ ദുരഭിമാനം കൊള്ളുന്ന പ്രവണത അവര്‍ ഉപേക്ഷിക്കണം.    

2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഇനി എന്തൊക്കെ കാണേണ്ടിവരും !


    ചാനലിനും ആത്മീയതയ്ക്കും ആയുര്‍വേദത്തിനുമാണു കേരളത്തില്‍ മാര്‍ക്കറ്റെന്ന് ബ്ളോഗ് ഫലിതമുണ്ട്. വ്യത്യസ്ത മേഖലകളിലായി 40ലേറെ ചാനലുകള്‍ മലയാളത്തിലുണ്ട്. ഇവയില്‍ ഇന്ത്യാവിഷന്‍, കൈരളി പീപ്പിള്‍, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, റിപോര്‍ട്ടര്‍, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍ എന്നിവ വാര്‍ത്താചാനലുകളാണ്. ഇവയ്ക്കു പുറമേ അമൃത, സൂര്യ, ജയ്ഹിന്ദ്, ജീവന്‍, കൈരളി, ദൂരദര്‍ശന്‍ എന്നിവയും വാര്‍ത്തകള്‍ അവതരിപ്പിച്ചുവരുന്നു. മംഗളം, കേരളകൌമുദി എന്നിവയുടെ ചാനലുകള്‍ വരാനിരിക്കുന്നു. വനിതാ ചാനലായ സഖി ടി.വി, രാജ് ന്യൂസിന്റെ മലയാളം ചാനല്‍, ആര്‍.എസ്.എസിന്റെ ജനം ടി.വി, കെ. മുരളീധരന്റെ ജനപ്രിയ, സി.പി.ഐയുടെ ചാനല്‍, സീ.ടി.വിയുടെ സീ മലയാളം, ജയ് മലയാളം തുടങ്ങിയ ചാനലുകളും പ്രവര്‍ത്തനം തുടങ്ങുമെന്നു പ്രഖ്യാപിച്ചവയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഐ.ബി.സിയുടെ വരവു താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ് (അത്രയും നല്ലത്). 
ചാനലുകള്‍ക്കു പരസ്യം മാത്രമാണു വരുമാനം. പരസ്യ ഏജന്‍സികള്‍ റേറ്റിങ് നോക്കി മാത്രമേ പരസ്യം നല്‍കൂ. അതിനാല്‍ റേറ്റിങ് എങ്ങനെയെല്ലാം കൂട്ടാം എന്നതാണു ലക്ഷ്യം. ചാനല്‍ മല്‍സരങ്ങള്‍ക്കിടെ മാധ്യമധര്‍മം ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജസ്റ്റിസ് ബസന്തുമായുള്ള തീര്‍ത്തും രഹസ്യമായ ഓഫ് ദി റെക്കോഡ് സംഭാഷണം പരസ്യമാക്കിയതിലൂടെ ഇന്ത്യാവിഷന്‍ ലേഖിക ഫൌസിയ മുസ്തഫ ചെയ്തത്. പുതുതായി ചാനലുകള്‍ വരുമ്പോള്‍ അവര്‍ക്കൊക്കെ എക്സ്ക്ളൂസീവുകള്‍ വേണം. അതിനായി അവര്‍ എന്തും ചെയ്യും എന്നിടത്തെത്തി കാര്യങ്ങള്‍. അതിനാല്‍, ഒരാളുടെ കുളിമുറിയിലേക്കു കാമറ നീട്ടിവച്ച് എക്സ്ക്ളൂസീവ് പകര്‍ത്താനാവുമോ എന്ന ചോദ്യം ഉന്നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

കാളപെറ്റാല്‍...

കാളപെറ്റാല്‍ കയറു മാത്രമല്ല, തൊഴുത്തും ഒരുക്കുന്നവരാണു ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും. എന്തു വാര്‍ത്തയും അതു സത്യമാണോയെന്നു പരിശോധിക്കാതെതന്നെ എഴുതാം. ചാനലുകളാണെങ്കില്‍ സ്ക്രോളിങ് പിന്നീടു വിടാതിരുന്നാല്‍ മതി. ഓണ്‍ലൈന്‍ പത്രങ്ങളാണെങ്കില്‍ തെറ്റായ വാര്‍ത്ത ഒഴിവാക്കുകയുമാവാം. കൊച്ചിന്‍ ഹനീഫയെ പോലുള്ളവരെ ചില മാധ്യമങ്ങള്‍ ഒന്നിലധികം തവണ മരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തെക്കന്‍ ജില്ലയില്‍ ഒരപകടമുണ്ടായി. രണ്ടുവര്‍ഷം മുമ്പുമാത്രം പിറന്ന ചാനലില്‍ ബസ് പുഴയിലേക്കു മറിഞ്ഞെന്നു ബ്രേക്കിങ് ന്യൂസ്. സാധാരണ ബ്രേക്കിങ് ന്യൂസ് അല്ല. ടി.വിയുടെ ഡിസ്പ്ളേ മുഴുവനായി കാണുന്ന വിധത്തില്‍ ഗംഭീര സ്ക്രോളിങ്. ലേഖകനെ തദ്സമയം വിളിച്ച് റിപോര്‍ട്ട് പറയിക്കുകയും ചെയ്തു. 'ബസ് പുഴയിലേക്കു മറിഞ്ഞു. ആളപായവും കൂടുതല്‍ വിവരങ്ങളും അറിവായിട്ടില്ല' എന്നിങ്ങനെയായിരുന്നു വാര്‍ത്ത. ആ പ്രദേശത്തെ ഗള്‍ഫുകാരുടെ കാര്യമായിരിക്കും കഷ്്ടം. നാട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ തിരക്കേണ്ടിവരും. ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പുവരുത്തിയാലേ അവര്‍ക്കു  സമാധാനമുണ്ടാവൂ. പിന്നീടു ചാനല്‍ മാറ്റിയപ്പോഴാണ് മനസ്സിലായതു ബസ് പുഴയിലേക്കു മറിയുകയല്ല, വയലിലേക്കു ചരിയുകയായിരുന്നെന്നും ആളപായമില്ലെന്നും. പഴയ ചാനലില്‍ അപ്പോഴേക്കും ബ്രേക്കിങ് ന്യൂസ് അപ്രത്യക്ഷമായി. അവരൊന്നും അറിഞ്ഞതേയില്ല. 

മാധ്യമധര്‍മത്തിനെതിരേ

വാര്‍ത്താസമ്മേളനത്തിനെത്തുന്നവര്‍ അതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്നു കുശലം പറയുന്നതു പതിവാണ്. വി.എം. സുധീരനും പി.സി. ജോര്‍ജും പോലുള്ള നേതാക്കള്‍ ഡല്‍ഹിയിലെ കേരളഹൌസില്‍ വച്ചോ ഗസ്റ്റ്ഹൌസുകളില്‍ വച്ചോ (പ്രസ്ക്ളബ്ബില്‍ കൂടുതല്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഉള്ളതിനാല്‍ സമയപരിമിതി ഉണ്ടാവും) വാര്‍ത്താസമ്മേളനം നടത്തുകയാണെങ്കില്‍ ഔദ്യോഗികമായി പറഞ്ഞതിനുശേഷം കുറേനേരം കുശലം പറയും. സുധീരനാണു സംസാരിക്കുന്നതെങ്കില്‍ കൈരളിയുടെ റിപോര്‍ട്ടര്‍ ഉണ്െടങ്കില്‍ പോലും അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഉള്‍പ്പോരുകള്‍ വിശദമാക്കും. ഓഫ് ദി റെക്കോഡ് ആയാണ് ഇതെല്ലാം പറയുന്നതതെന്നു പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും സുധീരന്‍ പറഞ്ഞതു മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമാക്കിവയ്ക്കും. ഇതെല്ലാം വിശ്വാസ്യതയുടെ ഭാഗമാണ്. കഴിഞ്ഞവര്‍ഷം ബാലകൃഷ്ണപ്പിള്ള ജയിലില്‍ കഴിയവേ റിപോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. ജയിലില്‍ കിടക്കുന്ന താന്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതു നിയമവിരുദ്ധമാണെന്നു പറഞ്ഞാണു പിള്ള സംസാരിച്ചത്. എന്നാല്‍, പിള്ളയുമായുള്ള സംസാരം ചാനല്‍ പുറത്തുവിട്ടു. വിശ്വാസവഞ്ചനയാണു ചാനല്‍ ചെയ്തതെന്ന് അന്നു വിമര്‍ശനമുയര്‍ന്നതാണ്. പുതിയ ഇടം കണ്െടത്താന്‍ ചാനല്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം ഇങ്ങനെയൊരു എക്സ്ക്ളൂസീവ് റിപോര്‍ട്ടര്‍ ചാനലിനു വേണ്ടിയിരുന്നു. 

ഇവിടെ നഷ്ടമായതു മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് (റിപോര്‍ട്ടറിന്റെ ആ വാര്‍ത്തയ്ക്കുശേഷം ഉന്നത ഉദ്യോഗസ്ഥരെ വിളിക്കുകയാണെങ്കില്‍ അവര്‍ ഫോണിലൂടെ കുശലം പറയാന്‍ തയ്യാറാവാറില്ലെന്നു തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്). മലപ്പുറത്തു ബസന്തുമായി സംസാരിച്ച ഇന്ത്യാവിഷന്‍ ലേഖികയും വിശ്വാസവഞ്ചനയാണു ചെയ്തത്.

താന്‍ മുമ്പു പുറപ്പെടുവിച്ച വിധിന്യായത്തെപ്പറ്റി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആദ്യം മാധ്യമപ്രവര്‍ത്തകയോടു വ്യക്തമാക്കിയിരുന്നതായി ബസന്ത് പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവിടാനുള്ളതല്ലെന്ന വ്യവസ്ഥയോടെ തയ്യാറാക്കിയ സ്വകാര്യസംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്നതു ധാര്‍മികതയ്ക്കു നിരക്കാത്ത നടപടിയാണെന്നതു മാധ്യമരംഗത്തെ പ്രാഥമികപാഠമാണ്. “ഓഫ് ദി റെക്കോഡ്’ എന്ന രീതിയില്‍ പറയുന്ന വിവരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പറഞ്ഞതാരെന്നു വെളിപ്പെടുത്താതെ പുറത്തുവിടാറുണ്ട്. എന്നാലിവിടെ സംഭാഷണഭാഗങ്ങള്‍ മുഴുവന്‍ അതുപോലെ പുറത്തുവിടുകയായിരുന്നു. പറയുന്ന വിവരങ്ങള്‍ സ്വകാര്യമായിരിക്കണമെന്നു പറയുന്നവരോടു വിശ്വസ്തത പുലര്‍ത്തുകയെന്നതാണു മാധ്യമധര്‍മവും തൊഴിലിനോടു ചെയ്യാവുന്ന നീതിയും. 

സൂര്യനെല്ലി കേസിനെപ്പറ്റി തനിക്കു പറയാനുള്ളതു വിധിന്യായത്തിലുണ്െടന്നു പറഞ്ഞ ബസന്ത്, എല്ലാ അര്‍ഥത്തിലും സ്വകാര്യമായി ലേഖിക മാത്രം കേള്‍ക്കാന്‍ പറഞ്ഞ വിധിന്യായത്തിലെ പരാമര്‍ശം ആവര്‍ത്തിച്ചതിനെയാണു മാധ്യമമര്യാദകളെല്ലാം ലംഘിച്ചു പരസ്യപ്പെടുത്തിയത്. ഇന്ത്യാവിഷന്റെ നടപടിയെ അപലപിച്ചു മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി. സാമൂഹിക വെബ്സൈറ്റുകളിലും ബ്ളോഗുകളിലും അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, മാതൃഭൂമിയെ അടച്ചാക്ഷേപിച്ച് ഓണ്‍ലൈന്‍ പത്രങ്ങളില്‍ (മാത്രം) മറുപടിയെഴുതാനാണ് ചാനല്‍ പത്രാധിപര്‍ എം.പി. ബഷീര്‍ മുതിര്‍ന്നത്. 

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ മറ്റൊരു പീഡനം 

ഇന്ത്യാവിഷനുമായുള്ള സംഭാഷണത്തില്‍ ബസന്ത് പുതുതായൊന്നും പറഞ്ഞിരുന്നില്ലെന്നതാണു വസ്തുത. എട്ടുവര്‍ഷം മുമ്പു കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ ബാലവേശ്യാവൃത്തി എന്ന നിരീക്ഷണം ആവര്‍ത്തിക്കുകയാണു ബസന്ത് ചെയ്തത്. അതിന്റെ വാര്‍ത്താമൂല്യം അറിയാഞ്ഞിട്ടല്ല, ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി വേശ്യയായിരുന്നുവെന്നും പണത്തിനു വേണ്ടിയാണ് അവര്‍ 40 ഓളം പേര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടതെന്നും റിപോര്‍ട്ട് ചെയ്യുന്നതു കൂട്ടബലാല്‍സംഗത്തേക്കാള്‍ വലിയ പീഡനമാണെന്നു പക്വമതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാവുന്നതിനാലാണ് അന്നത് റിപോര്‍ട്ട് ചെയ്യാതിരുന്നത്. എന്നാല്‍, മാധ്യമ കിടമല്‍സരത്തിനിടെ ഈ മര്യാദകൂടി ഇന്ത്യാവിഷന്‍ ലംഘിച്ചു. പെണ്‍കുട്ടി വേശ്യയാണെന്നു മാലോകരെ അറിയിച്ചതിലൂടെ പെണ്‍കുട്ടിയും കുടുംബവും കൂടുതല്‍ അപമാനിതരായെന്ന വസ്തുത മറന്നുകൂടാ. പെണ്‍കുട്ടി വേശ്യയെന്ന ആക്ഷേപം പിന്നീട് കെ. സുധാകരനെപ്പോലുള്ളവര്‍ ഏറ്റെടുത്തതും ഇന്ത്യാവിഷന്റെ “ഇംപാക്ട്’ ആയി ചാനലിന് അവകാശവാദം ഉന്നയിക്കാവുന്നതാണ്. 

ലണ്ടന്‍ രാജ്ഞി ചികില്‍സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ നഴ്സായിരുന്ന മംഗലാപുരംസ്വദേശിനി ജസീന്ത ജീവനൊടുക്കിയ സംഭവം വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ്. കൊട്ടാരത്തില്‍നിന്നാണെന്നു പറഞ്ഞ് ആസ്ത്രേലിയന്‍ റേഡിയോ ജീവനക്കാരി ഫോണ്‍ വിളിച്ചപ്പോള്‍ രാജ്ഞിയുടെ ആരോഗ്യവിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദത്താലാണ് ജസീന്ത ജീവനൊടുക്കിയത്. ഒരു മാധ്യമത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേ അന്താരാഷ്ട്രപത്രങ്ങളടക്കം മുഖപ്രസംഗമെഴുതി. ജസീന്തയെ വഞ്ചിച്ച റേഡിയോ ജീവനക്കാരി മെല്‍ഗ്രേഗ് ഒടുവില്‍ പരസ്യമായി മാപ്പപേക്ഷിച്ചു പൊട്ടിക്കരഞ്ഞു. മാധ്യമധാര്‍മികത മുറുകെ പിടിക്കുകയാണെങ്കില്‍ എഡിറ്റര്‍ അവകാശപ്പെട്ടതുപോലെ ഇരകള്‍ക്കൊപ്പമാണ് ഇന്ത്യാവിഷന്‍ എങ്കില്‍ മെല്‍ഗ്രേഗിനെപ്പോലെ സ്ത്രീകൂടിയായ ഫൌസിയാ മുസ്തഫ സൂര്യനെല്ലി പെണ്‍കുട്ടിയോടു മാപ്പുചോദിക്കുകയാണു വേണ്ടത്.

                                                                   യു.എം. മുഖ്താര്‍
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"