2013, മാർച്ച് 30, ശനിയാഴ്‌ച

ആഘോഷത്തിന്റെ മറുകരയിലുള്ളവര്‍

ഏതാണ്ട് ആറുവര്‍ഷം മുമ്പാണ്; ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന ഒരു മഴയത്തു ഞാന്‍ ആദ്യമായി അസം സന്ദര്‍ശിക്കുന്നത്. അന്ന് അസം മുസ്‌ലിംകളില്‍ നല്ല സ്വാധീനമുണ്ടായിരുന്ന യുനൈറ്റഡ് മൈനോറിറ്റി ഫ്രണ്ട് (യു.എം.എഫ്.) എന്ന സംഘടനയുടെ പ്രസിഡന്റ് അഡ്വ. ഹാഫിസ് റഷീദ് ചൗധരിയുടെ ക്ഷണപ്രകാരമാണ് അസമില്‍ എത്തുന്നത്. വളരെ മോശം കാലാവസ്ഥ. ഉള്‍പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പുപ്രചാരണം തിമര്‍ക്കുകയാണ്. 

യാത്രാസൗകര്യം തീരെയില്ലാത്തയിടങ്ങളിലും അഡ്വ. ചൗധരിയെ അവര്‍ക്കാവശ്യമുണ്ട്. തീരെ വീതികുറഞ്ഞ നിരത്തുകള്‍. ഒരു വാഹനം നേരത്തേ അതുവഴി പോയിട്ടുണ്ടെങ്കില്‍ അതു തിരിച്ചുവരുന്നതുവരെ ഇപ്പുറത്തു കാത്തിരിക്കണം. അങ്ങനെയുള്ള ഒരു പ്രദേശത്തേക്കു ഞങ്ങള്‍ പോവുകയാണ്. എട്ടുകിലോമീറ്റര്‍ ദൂരമുണ്ട്. കോണ്‍ഗ്രസ്സിന്റെ ഒരു വാഹനം പോയിരിക്കുന്നു. അതു തിരിച്ചുവരാന്‍ തുടങ്ങുന്നതിനു മുമ്പേ അവിടെയെത്തണം. ഞങ്ങള്‍ എത്തിയതു ബ്രഹ്മപുത്രാ നദിയുടെ തീരത്തുള്ള ബാഗ്ബര്‍ മാര്‍ക്കറ്റിലാണ്. റോഡ് ഇടയ്ക്കു മുറിഞ്ഞു. ഒരടി വീതിയുള്ള പാടവരമ്പിലൂടെ നടക്കണം. ബോട്ടിലാണു ചന്തയിലേക്കു സാധനങ്ങള്‍ വരുന്നത്. കാശു കൊടുത്തു വാങ്ങുന്നവരുണ്ട്. എന്നാല്‍, പഴയ ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ള വിനിമയമാണു കൂടുതല്‍ നടക്കുന്നത്. അമ്പതു വര്‍ഷം പിറകിലെ കേരളത്തിലെ ഒരുള്‍ഗ്രാമത്തിന്റെ പ്രതീതി. ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്കേസിന്റെ 'മക്കൊണ്ടൊ' പട്ടണം പോലുള്ള ഒരു ജിപ്‌സിയങ്ങാടി.അവിടെ പള്ളിക്കടുത്തു ചെറിയൊരു മൈതാനമുണ്ട്. ഞങ്ങളവിടെയെത്തുമ്പോള്‍ മൈക്കിലൂടെ പൊതുയോഗത്തിന്റെ അനൗണ്‍സ്‌മെന്റ് നടക്കുന്നു. കള്ളിത്തുണിയും ബനിയനുമിട്ട വൃദ്ധന്മാര്‍, നഗ്നരും അര്‍ധനഗ്നരുമായ കുട്ടികള്‍. അവരുടെ മുഖവും മൂക്കും തീരെ വൃത്തിയില്ലാത്തതാണ്. എവിടെയും ചളിയും ചാണകവും കൂടിക്കുഴഞ്ഞു കിടക്കുന്നു. യു.എം.എഫ്. സ്ഥാനാര്‍ഥി അഡ്വ. അബ്ദുസ്സമദിനെയും ചൗധരിയെയും കണ്ടപ്പോള്‍ ജനങ്ങളില്‍ ആവേശം. ചളിയില്‍നിന്ന് അവര്‍ പിടഞ്ഞെഴുന്നേറ്റു. അഭിവാദ്യം അര്‍പ്പിച്ചു. സിന്ദാബാദ് വിളിച്ച് ആവേശം പ്രകടിപ്പിച്ചു. 

     ദാരിദ്ര്യം ഘനീഭവിച്ചുനില്‍ക്കുന്ന ഒരിടം. പൊതുയോഗാനന്തരം ഞങ്ങളവിടെനിന്നു തിരിച്ചു. വണ്ടി നിര്‍ത്തിയേടത്തേക്കു കുറച്ചുദൂരം നടക്കണം. വഴിനീളെ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങിനില്‍ക്കുന്നു. അവര്‍ കൈ നീട്ടുന്നതു കാശിനു വേണ്ടിയാണ്. കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും കാശ് വാരിവിതറുന്നുവെന്നു ചൗധരി സാഹിബ് പരാതി പറഞ്ഞു.ഇവിടത്തെ ജനങ്ങളുടെ ദാരിദ്ര്യത്തിന്റെ സാന്ദ്രതയെക്കുറിച്ചു പറഞ്ഞപ്പോള്‍ ചൗധരി, ബൊങ്കൈഗാവില്‍ നമുക്കൊരു അഭയാര്‍ഥിക്യാംപ് സന്ദര്‍ശിക്കാനുണ്ടെന്നു പറഞ്ഞു. ദൈവമേ!, ഇനിയൊരു അഭയാര്‍ഥി ക്യാംപ് വേറെയും! അത്തരം എട്ടു ക്യാംപുകളുണ്ടെന്നു ചൗധരി. പൊതുവെ ശാന്തരും മൗനികളുമായ ബോഡോകളുടെ ദേശത്തു ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചു താമസിച്ചുവരുകയായിരുന്നു. വളരെ പെട്ടെന്നാണ് ഇവരുടെ ശാന്തതയും മൗനവും തീക്ഷ്ണമായ പരമതദ്വേഷത്തെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെന്നു മുസ്‌ലിംകള്‍ക്കു മനസ്സിലാവുന്നത്.

 1994ലെ അഭിശപ്തമായ ഒരു രാത്രിയിലാണതു സംഭവിക്കുന്നത്. കുറുവടിയും വാളും മറ്റായുധങ്ങളുമായി ബോഡോ ഗോത്രവര്‍ഗത്തില്‍പ്പെട്ട അക്രമാസക്തരായ യുവാക്കളുടെ വന്‍സംഘം ആര്‍പ്പുവിളികളോടെ മുസ്‌ലിം വീടുകള്‍ ലക്ഷ്യമാക്കി ഓടിവന്നു. വീടുകളില്‍നിന്നു മുസ്‌ലിംകളെ അടിച്ചോടിക്കുകയാണ്. അവര്‍ ജീവനുംകൊണ്ടു കിതച്ചോടുന്നു. പിറകെ വരുന്ന ബോഡോ അക്രമികളുടെ കൈയില്‍ തീപ്പന്തങ്ങള്‍. തിരിഞ്ഞുനോക്കാന്‍ ധൈര്യം ലഭിച്ചവര്‍ കണ്ടത് അവരുടെ വീടുകള്‍ കത്തിയമരുന്നതും കന്നുകാലികള്‍ വെന്തുചാവുന്നതുമാണ്. ഇവരെയാണ് അക്രമത്തിനിരയായി പന്ത്രണ്ടുവര്‍ഷത്തിനു ശേഷം ബെങ്കൈഗാവ് ജില്ലയിലെ ഹാപചെറ, ഗൊറൈമാറി, ബലഗാവു തുടങ്ങിയ ക്യാംപുകളില്‍ ഞങ്ങള്‍ക്കു കാണാനുള്ളത്. പുഴുക്കളെപ്പോലെ ജീവിക്കുന്ന ഒരു ജനത. ഇവര്‍ സമൃദ്ധിയുടെ അന്തരീക്ഷത്തില്‍ നിന്നാണു വരുന്നത്. നല്ല വീടും തൊടികളും ഉണ്ടായിരുന്നവര്‍. അവര്‍ക്കു തെങ്ങും കവുങ്ങും വാഴയും ചേമ്പും മറ്റു കാര്‍ഷികവിളകളും ഉണ്ടായിരുന്നു. ചിലര്‍ക്കെങ്കിലും വാഹനങ്ങളുമുണ്ടായിരുന്നുവത്രേ. അവരാണു ബൊങ്കൈഗാവിലെയും മറ്റും ക്യാംപുകളില്‍ തീരെ ചെറിയ കൂരകളില്‍ ‘ജീവിക്കുന്നത് (ജീവിക്കുന്നു എന്നു പറയാന്‍ പറ്റുമെങ്കില്‍). അവരാരും ഭാവിയിലേക്കു നോക്കുന്നതായി തോന്നിയില്ല. ഭൂതത്തിലേക്കു കണ്ണും നട്ടിരിക്കുന്നതു പോലെയായിരുന്നു ദൃഷ്ടികള്‍. ഏതാണ്ട് 65 വയസ്സുള്ള ഒരു സ്ത്രീയെ കണ്ടു. അവരുടെ ഒക്കത്ത് ഒരു കുഞ്ഞുമുണ്ടായിരുന്നു. അവരൊരു സാരികൊണ്ടു വസ്ത്രം ചുറ്റിയിട്ടുണ്ട്. ബ്ലൗസ് ധരിച്ചിട്ടില്ല. അവര്‍ക്കു ബ്ലൗസ് ഉണ്ടായിരിക്കില്ല. അതുമല്ലെങ്കില്‍, ഒരുപക്ഷേ, അവര്‍ക്കറിയില്ലായിരിക്കും, മുസ്‌ലിംകള്‍ എങ്ങനെയാണു വസ്ത്രം ധരിക്കേണ്ടതെന്ന്. അവരുടെ മിഴികളും ഭൂതകാല നിസ്സംഗതയില്‍ ഉടക്കിനില്‍ക്കുന്നു. ഒരു ഗ്രാമത്തിന്റെ വിലാപമായി അവര്‍ നിന്നു. 

അവര്‍ക്കു പളളിയായും പള്ളിക്കൂടമായും ആകെയുള്ളത് ഒരു ചെറിയ ഷെഡ്ഡായിരുന്നു. കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനു സൗകര്യങ്ങളില്ല. ഒരു ചൊവ്വാഴ്ചയായിരുന്നു അത്. സ്‌കൂളില്‍ പോവേണ്ടതില്ലാത്ത അവിടത്തെ കുട്ടികള്‍ ഞങ്ങളുടെ ചുറ്റുംകൂടി. ആ പ്രദേശത്തൊന്നും ഒരു ക്ലിനിക്കോ ഡോക്ടര്‍ പോലുമോ ഇല്ല. അവര്‍ക്കു റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത, ഇവര്‍ ദൂരെ പട്ടണത്തില്‍ ജോലിക്കു പോയാല്‍, ബംഗ്ലാദേശുകാരായി മാറും. പോലിസ് പിടികൂടി ജയിലിലടയ്ക്കും. ജോലിയുടെ ആ മാര്‍ഗവും അടയുന്നു. പിന്നെയുള്ള തൊഴില്‍ യാചനയാണ്. അതിനു തടസ്സമില്ലാത്തതിനാല്‍ ഇപ്പോഴും തുടരുന്നുണ്ട്. ആറുവര്‍ഷത്തിനു ശേഷം കഴിഞ്ഞ ജൂണില്‍ മുമ്പു കണ്ട ആ സ്ത്രീയെ വീണ്ടും കണ്ടു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ഏപ്രിലില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോയതായിരുന്നു. ഡോ. ബഷാറിനും ഹസ്രത്ത് അലിക്കും പുറമെ ഒ.എം.എ. സലാമും കൂടെയുണ്ടായിരുന്നു. ആ സ്ത്രീ അടുത്തു വന്നു. അവരുടെ കീറിപ്പറിഞ്ഞ മുസ്ഹഫ് ഒരു ബ്ലൗസില്‍ പൊതിഞ്ഞിട്ടുണ്ട്. ഇപ്പോഴും സാരി മാത്രമേ ധരിച്ചിട്ടുള്ളൂ. കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ അവര്‍ കരയുന്നുണ്ട്. അവരുടെ, വറ്റിയതെന്നു കരുതിയിരുന്ന കണ്ണുകളിപ്പോള്‍ സജലങ്ങളാണ്. അവരിപ്പോള്‍ സാഫല്യത്തിലാണ്. അവര്‍ക്കൊരു വീട് ലഭിച്ചിരിക്കുന്നു. അവര്‍ ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ജീവന്റെ ത്രസിപ്പിക്കുന്ന തുടിപ്പ് വീണ്ടെടുത്തിരിക്കുന്നു. അവരുടെ കണ്ണിലെ ജലബിന്ദുക്കള്‍ അതിന്റെ പ്രതിനിധാനമാണ്. അവര്‍ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന അവരുടെ മുസ്ഹഫ് മുമ്പ്, പതിനേഴു വര്‍ഷം മുമ്പ് ബോഡോ പ്രദേശത്തെ സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിയോടുമ്പോള്‍ കൂടെ കരുതിയതായിരുന്നു. അവര്‍ കരയുകയാണ്. വേറൊരു മുസ്ഹഫ് അവര്‍ക്കു വേണം. ഇവരെപ്പോലെ ഇരുപത്തിയെട്ടായിരത്തിലധികം മനുഷ്യജീവികളുടെ ഊഷരമായ ജീവിത പരിസരത്തിലൂടെയായിരുന്നു അന്നു ഞങ്ങള്‍ ഏതാനും മണിക്കൂര്‍ സഞ്ചരിച്ചത്. 

പിന്നെയും ഞങ്ങള്‍ അസമിന്റെ വിവിധ പ്രദേശങ്ങളിലൂടെ യാത്രചെയ്തു. ഈ പ്രാവശ്യം, അന്നു പോപുലര്‍ ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന  ഇപ്പോള്‍ ചെയര്‍മാന്‍  ഇ.എം. അബ്ദുര്‍റഹിമാന്‍ സാഹിബും ഉണ്ട്. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണു രണ്ടാമത്തെ യാത്ര. ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്ക്. ഉള്ളിലേക്കു പോകുന്തോറും ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും ഗഹനതയിലേക്കു ഞങ്ങള്‍ നടന്നെത്തുകയായിരുന്നു. ഒരു ജനതയുടെ അപരിഹാര്യമായ നിസ്സഹായതയിലേക്കും. ഓരോ വര്‍ഷവും കുതറിത്തെറിച്ചെത്തുന്ന പുഴവെള്ളം പ്രളയത്തിന്റെ രൗദ്രഭാവം സ്വീകരിച്ച് അതിന്റെ കരകളില്‍ കുടില്‍ കെട്ടിക്കഴിഞ്ഞു കൂടുന്ന ജനങ്ങളെ നിര്‍ദയം എടുത്തെറിഞ്ഞുകൊണ്ടിരുന്നു. അസമിലെ നദികള്‍ പലപ്പോഴും അങ്ങനെയാണ്. ഗതിമാറി ഒഴുകും. അതിന്റെ വരവില്‍ പള്ളികളും മദ്‌റസകളും വീടുകളും അതിനോടൊപ്പം ചേര്‍ന്ന് ഒഴുകും. ഇവിടെ കര നദിയായി മാറുമ്പോള്‍ അക്കരെ നദി കരയായിത്തീരും. ഇവിടെനിന്ന് ആളുകള്‍ മറുകര പ്രാപിക്കും. പലയിടത്തും നദിയുടെ വീതി എട്ടു മുതല്‍ പന്ത്രണ്ടു കിലോമീറ്റര്‍വരെയുണ്ടാവും. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനടുത്തു താമസിക്കുന്നവര്‍ പുതിയ താമസക്കാരെ അറിയില്ല. അതോടെ അവര്‍ ബംഗ്ലാദേശുകാരായി ചാപ്പ കുത്തപ്പെടുന്നു. അവര്‍ക്കു പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നുമുണ്ടാവില്ല. അങ്ങനെയാണ് അസമില്‍ ബംഗ്ലാദേശ് രൂപപ്പെടുന്നത്! 

ആഘോഷങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്നു തോന്നിയപ്പോള്‍, ഇവരെയാണെനിക്ക് ഓര്‍മ വന്നത്. ആഘോഷം നിഷേധിക്കപ്പെട്ട, ആഘോഷത്തിന്റെ, പെരുന്നാളിന്റെ മറുകരയില്‍ വസിക്കാന്‍ വിധിക്കപ്പെട്ട ജനതയെ.ഇവര്‍ക്കു പെരുന്നാള്‍ എന്താണെന്ന് അറിയാന്‍ തരമില്ല. ദാരിദ്ര്യം ഒരു ഉല്‍സവമാക്കാമെങ്കില്‍ അവര്‍ക്കു പെരുന്നാളും ആഘോഷവുമുണ്ട്. നിസ്സഹായതയും നിരക്ഷരതയും രോഗവും ആഘോഷിക്കപ്പെടാമോ? ആഘോഷം വിമോചിതസമൂഹത്തിനുള്ളതാണ്. സ്വാതന്ത്ര്യത്തെയാണതു ഘോഷിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സ്വാതന്ത്ര്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അജ്ഞത, നിരക്ഷരത, രോഗം, നിസ്സഹായത ഇവയൊക്കെ പാരതന്ത്ര്യത്തെയാണു കുറിക്കുന്നത്. നിരന്തരമായി സംശയത്തിന്റെ നിഴലില്‍ കഴിയേണ്ടിവരുന്ന സമൂഹം സ്വതന്ത്രമാണെന്നു പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സാഹചര്യംവച്ചു നോക്കുമ്പോള്‍ ആഘോഷ സാധ്യതയുള്ള വിഭാഗങ്ങള്‍ വളരെ കുറവാണെന്നു വരുന്നു. അസന്തുലിതമായ നീതിവ്യവസ്ഥയാണിവിടെ നിലനില്‍ക്കുന്നത്. അധികാരികള്‍ പൗരന്മാരോട് പ്രാഥമികമായ മര്യാദപോലും കാണിക്കുന്നില്ല. ആദിവാസി വനാന്തര്‍ഭാഗത്തു ജീവിക്കുന്നതിലൂടെ ആവാഹിച്ചെടുത്ത സസ്യാത്മകമായ സരളതയെയും മാര്‍ദവത്തെയും ഉപാസിക്കുന്നതിനു പകരം, അവരുടെ ജീവിതത്തെ ശിഥിലമാക്കി വിദൂരതയിലേക്കു കശക്കിയെറിയുകയാണു ഭരണകൂടം. അവരുടെ നേരായ ആവശ്യങ്ങളോട് ഉന്മുഖമായ സമീപനം സ്വീകരിച്ചില്ല. കുത്തകകള്‍ക്കുവേണ്ടി അധിവാസമേഖലകളില്‍നിന്നു മാവോവാദി മുദ്രചാര്‍ത്തി അവരെ അടിച്ചും വെടിവച്ചു കൊന്നും തുലയാന്‍ വിട്ടു. ഈ ആദിവാസിക്ക് എന്താഘോഷമാണുള്ളത്? ചേരികളില്‍ അടിമകളാക്കപ്പെട്ട, ഗ്രാമങ്ങളില്‍ ദരിദ്രരാക്കപ്പെട്ട, ഇപ്പോഴും അശുദ്ധം ചുമക്കുന്ന ദലിതനും ആഘോഷത്തിന്റെ മറുകരയിലാണ്. സംശയത്തിന്റെ നിഴലില്‍, ഭയത്തില്‍നിന്നു മോചനം സാധിച്ചിട്ടില്ലാത്ത മുസ്‌ലിംകളും ആഘോഷിക്കാന്‍ ഒന്നുമില്ലാത്ത നിസ്വജനതയായിത്തന്നെ തുടരുന്നു. നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലുകളിലാണ്. വെടിയുപ്പും ഭീകരതയും അല്‍പ്പം സന്ന്യാസവും ചേര്‍ന്നു സൃഷ്ടിച്ച സ്‌ഫോടനങ്ങളുടെ പേരില്‍ സംശയിക്കപ്പെട്ടവരാണവര്‍! പോലിസും പോലിസ് വേഷത്തില്‍വരുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും സവര്‍ണ ഹിന്ദുത്വ ഫാഷിസവും സമം ചേര്‍ന്ന് മാധ്യമങ്ങളെ കൂട്ടിനു ചേര്‍ത്തു തീര്‍ത്തെടുത്ത കുരുക്കുകളില്‍ പിടയുകയാണവര്‍. വിവേചനപരമായ സമീപനമാണു മുസ്‌ലിംകളോട് അധികാരികള്‍ പുലര്‍ത്തുന്നത്. എല്ലാ രംഗങ്ങളിലെയും ദൃശ്യമാണത്. 

മുസ്‌ലിം എന്നു കേള്‍ക്കുമ്പോള്‍ ഉന്മാദികളാവുന്ന പോലിസുകാര്‍. ഒറ്റപ്പെടുത്തലിന്റെയും തിരസ്‌കാരത്തിന്റെയും നോവ് അനുഭവിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥര്‍.ഇന്ത്യയിലും കേരളത്തിലും മഅ്ദനിയടക്കം ധാരാളം വിചാരണത്തടവുകാര്‍. ഒരു സമുദായം ഒന്നടങ്കം വിചാരണത്തടവുകാരായി കഴിയുന്നു എന്നു വേണമെങ്കില്‍ പറയാം. ചില ആഘോഷങ്ങള്‍ പ്രത്യേക സമുദായങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അഥവാ, ചില ആഘോഷങ്ങള്‍ നടത്തുന്നതിനു മുസ്‌ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷം മുസ്‌ലിംകള്‍ക്കു പാടില്ല. ഹിന്ദുത്വ ആര്‍.എസ്.എസിന് ആവാം. എന്തു ചെയ്യട്ടെ, മുസ്‌ലിം സമുദായത്തിനു ശ്രവണശേഷി കുറഞ്ഞുവരുന്നു; ദര്‍ശനശേഷിയും. സ്വതന്ത്രമായി വളരാനും വിരിയാനും കഴിയുന്നതെന്നോ, അന്നു മാത്രമേ നാം സ്വതന്ത്രരാവുന്നുള്ളൂ. അതുകൊണ്ടാണു മുസ്‌ലിംകളും ആഘോഷത്തിന്റെ മറുകരയിലാവുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാള്‍, ആഘോഷത്തില്‍നിന്നു അനുഷ്ഠാനത്തിലേക്കു വരുന്നു. അസ്വതന്ത്രരും നിസ്സഹായരുമായ ജനതയ്ക്ക് ആഘോഷമുണ്ടാവാറില്ല, അനുഷ്ഠാനങ്ങളേയുള്ളൂ.ചെറിയ പെരുന്നാള്‍ വരുകയാണ്. നമുക്കിടയില്‍നിന്ന് അടര്‍ത്തി മാറ്റപ്പെട്ട സഹജീവികളെ മനസ്സില്‍വച്ചു പെരുന്നാള്‍ ആഘോഷിക്കാന്‍ നാം ശ്രദ്ധിക്കുക. പെരുന്നാള്‍ അവധി മൂന്നു ദിവസമാകാം. എന്നാല്‍, പെരുന്നാള്‍ മൂന്നു ദിവസമാവരുത്. 'മധ്യസമുദായം' എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചവര്‍ 'മദ്യസമുദായം' ആവുകയുമരുത്. നാം സാഹചര്യത്തെ വായിക്കാന്‍ പഠിക്കണം. സമീപകാല ഇന്ത്യന്‍ സാഹചര്യംവച്ചു നോക്കുമ്പോള്‍ നാം പഴയ 'അനുശാസന പര്‍വത്തിലേക്ക്' അതിവേഗം കുതിക്കുകയാണോ എന്ന സംശയം ന്യായമാണ്. 
  
                                                ഇ അബൂബക്കര്‍
(എസ്.ഡി.പി.ഐ അഖിലേന്ത്യാ പ്രസിഡന്റും രിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാനുമാണു ലേഖകന്‍)
                            മുന്‍പ് തേജസ് പത്രത്തില്‍ വന്ന ലേഖനമാണ് ഇത്. 

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"