2012, മാർച്ച് 27, ചൊവ്വാഴ്ച

പിറവം: സി.പി.എമ്മിന്റെ സെല്‍ഫ് ഗോള്‍



പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം കേവലം ഒരു ഉപതിരഞ്ഞെടുപ്പ് വിജയമെന്നതിലുപരിയായ മാനങ്ങളുള്ളതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ കടന്നുവന്ന ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിധിയെഴുത്താണെന്നു പ്രഖ്യാപിച്ചത് മുഖ്യ പ്രതിപക്ഷകക്ഷിയായ സി.പി.എം തന്നെയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയുംകൂടി ചെയ്തതോടെ പിറവത്തിനു വാര്‍ത്താപ്രാധാന്യം വര്‍ധിച്ചു. അതുകൊണ്ടുതന്നെ പിറവത്തെ വിജയം സി.പി.എമ്മിനുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. 


സാധാരണഗതിയില്‍ ഉപതിരഞ്ഞെടുപ്പുകള്‍ സി.പി.എമ്മിന് അനുകൂലമാവാറാണു പതിവ്. കേരളത്തിലിന്നോളം നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. സി.പി.എമ്മിന്റെ കാഡര്‍ ഘടനയുടെ ചിട്ടയായ പ്രവര്‍ത്തനം, വോട്ടര്‍മാര്‍ക്ക് വലിയതോതില്‍ ആവേശമില്ലാത്ത സന്ദര്‍ഭങ്ങളില്‍പ്പോലും പ്രവര്‍ത്തകരെയും അനുഭാവികളെയും പോളിങ് ബൂത്തിലെത്തിക്കാനുള്ള അവരുടെ കഴിവ്, മണ്ഡലത്തിലെ ഭൂരിപക്ഷ, ന്യൂനപക്ഷ തൂക്കങ്ങള്‍ കൃത്യമായി കണക്കാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച് മണ്ഡലത്തിലെ ഭൂരിപക്ഷത്തെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള മിടുക്ക് തുടങ്ങിയവ സി.പി.എമ്മിന് മുതല്‍ക്കൂട്ടായിരുന്നു. 


പിണറായി വിജയന്‍ നാലാമൂഴം ഉറപ്പിച്ച സംസ്ഥാനസമ്മേളനത്തിനു തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടിയുണ്ട്് ഈ തിരഞ്ഞെടുപ്പിന്. വിഭാഗീയതയുടെ നിഷ്കാസനം പൂര്‍ത്തിയാക്കിയ സമ്മേളനമായാണ് തിരുവനന്തപുരം സമ്മേളനം വിശേഷിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പാളയത്തില്‍ പടയുടെ നേരിയ ഉള്‍ഭയംപോലും സി.പി.എമ്മിനില്ലായിരുന്നു. ഔദ്യോഗികവിഭാഗത്തിന്റെ മേധാവിത്വം ചോദ്യംചെയ്യാനാവാത്തവിധം സ്ഥാപിക്കപ്പെട്ടു എന്ന് ഉറപ്പുള്ളതിനാലാണല്ലോ സംസ്ഥാന സമ്മേളനത്തില്‍ വച്ച് തേജോവധം ചെയ്യപ്പെട്ട വി എസ് അച്യുതാനന്ദനെത്തന്നെ പിറവത്തേക്ക് തേരുതെളിക്കാന്‍ സംസ്ഥാനസമിതി നിയോഗിച്ചത്. 


ടി എം ജേക്കബിന്റെ നാമമാത്രമായ മാര്‍ജിനും അനൂപ് ജേക്കബിന്റെ പരിചയക്കുറവും ചിരിയിലെ പിശുക്കും സര്‍വോപരി സ്വന്തം സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ സ്വീകാര്യതയും സി.പി.എമ്മിന്റെ പ്രതീക്ഷയ്ക്ക് കരുത്തുപകര്‍ന്നു.  


ഏറക്കുറേ തുല്യബലാബലത്തില്‍ നടന്ന പ്രചാരണത്തിന്റെ ദിശ തിരിച്ചുവിട്ടത് നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിന്റെ രാജിയാണ്. അബ്ദുല്ലക്കുട്ടി, സിന്ധു ജോയി, ശിവരാമന്‍മാരില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ഒരു ഇരുത്തംവന്ന നേതാവുതന്നെ നിര്‍ണായകമായ സന്ദര്‍ഭത്തില്‍ മറുകണ്ടം ചാടിയത് ഇടതുപാളയത്തിനേല്‍പ്പിച്ച പ്രഹരം ചില്ലറയല്ല. 


ശെല്‍വരാജിന്റെ രാജിയെക്കാളും വലിയ ആഘാതമായി അതിനോടുള്ള പാര്‍ട്ടിയുടെ പ്രതികരണം. പണത്തിനുവേണ്ടിയാണ് ശെല്‍വരാജ് പാര്‍ട്ടിയെ ഒറ്റുകൊടുത്തതെന്ന ആരോപണം സി.പി.എമ്മിന്റെ മുതിര്‍ന്ന കാഡറുകളുടെ നിലവാരത്തിനും പ്രതിബദ്ധതയ്ക്കുംമേല്‍ പാര്‍ട്ടി അടിച്ച സെല്‍ഫ് ഗോളായിപ്പോയി. മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും അവകാശപ്പെടാനാവാത്തവിധം ബ്രാഞ്ച്-ഏരിയാ തലങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെയുള്ള മുടിനാരിഴകീറി പരിശോധിക്കപ്പെട്ട സമ്മേളനങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ശെല്‍വരാജിന്റെ രാജിയെന്നോര്‍ക്കണം. ഈ സമ്മേളനങ്ങളിലോ 44 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ എപ്പോഴെങ്കിലുമോ ശെല്‍വരാജിന്റെ 'രോഗം' ചൂണ്ടിക്കാണിക്കപ്പെട്ടില്ലെന്നിരിക്കെ അദ്ദേഹം രാജിസമര്‍പ്പിച്ചപ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍ എന്ത് അര്‍ഥം?


പിറവത്തെ ഭൂരിപക്ഷ ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുനട്ട് യേശുവിനെ വിമോചനപ്പോരാളിയാക്കാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിക്ക് ആ വകയിലും കിട്ടി ഒരു സെല്‍ഫ് ഗോള്‍. യേശു വിമോചകനാണെന്നതില്‍ ക്രൈസ്തവര്‍ക്കോ അക്രൈസ്തവര്‍ക്കോ സംശയമുണ്ടായിട്ടില്ല. മതവും മതാനുഷ്ഠാനങ്ങളും ചതുര്‍ഥിയും മതമില്ലാത്ത ജീവന്‍ പഥ്യവുമായിരുന്ന ഒരു പാര്‍ട്ടിക്ക് ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ ആചാര്യന്മാരോടൊപ്പം യേശുവിനെ പ്രതിഷ്ഠിക്കണമെന്നു തോന്നുന്നതിലെ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയപ്പെട്ടു എന്നതായിരുന്നു പ്രശ്നം. ഒബാമയുടെയും കൂട്ടാളികളുടെയും പടങ്ങള്‍ മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച അന്ത്യ അത്താഴത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത് മനോരമ എരിവുകൂട്ടിയതും പിണറായിക്കും കൂട്ടര്‍ക്കും കുരിശായി. മുട്ടനാടുകളുടെ കഥയിലെ കുറുക്കന്റെ അവസ്ഥയിലായി സഭാതര്‍ക്കങ്ങളിലിടപെട്ട സി.പി.എം.  എം എ ബേബിയും കൂട്ടരും വിവിധ അരമനകള്‍ കയറിയിറങ്ങി സഭാ മേലധ്യക്ഷന്മാരെ കണ്ടു വണങ്ങി മനസ്സാക്ഷി വോട്ടിന് ആഹ്വാനംചെയ്യിച്ചെങ്കിലും കുഞ്ഞാടുകള്‍ക്ക് ഇടതിനു കുത്താന്‍ മനസ്സാക്ഷിയുണ്ടായില്ല. മറുവശത്താകട്ടെ പരമ്പരാഗതമായി ഇടതുപക്ഷ മനസ്സു പുലര്‍ത്തിയിരുന്ന മതനിരപേക്ഷ വോട്ടുകള്‍ അകലാന്‍ ഇതു കാരണമായിത്തീരുകയും ചെയ്തു. 


പിറവത്തെ ക്രൈസ്തവ വോട്ടര്‍മാരുടെ മുമ്പിലുണ്ടായിരുന്ന ചോദ്യം പ്രതിപക്ഷത്തിരിക്കുന്ന ഒരു ക്രൈസ്തവ എം.എല്‍.എയെ വേണോ അതോ ഒരു ക്രൈസ്തവ മുഖ്യമന്ത്രിക്ക് അധികാരം നീട്ടിക്കൊടുക്കണമോ എന്നുള്ളതായിരുന്നു. സൌമ്യത തന്റെ മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സഭാവ്യത്യാസങ്ങള്‍ക്കതീതമായ വിശ്വാസമാര്‍ജിച്ചതോടെ സി.പി.എമ്മിന്റെ നില പരുങ്ങലിലായി. പിറവത്തുകാര്‍ക്ക് പാരിതോഷികമായി ഒരു മന്ത്രിയെ വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തു.


കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിലടക്കം തങ്ങളുടെ ക്രൌഡ് പുള്ളറായിരുന്ന വി എസിനെ സംസ്ഥാനസമ്മേളനവേദിയില്‍വച്ച് തൊലിയുരിച്ച് നിഷ്പ്രഭനാക്കിയ സി.പി.എം അദ്ദേഹത്തെ തന്നെയാണ് പിറവത്ത് പടനയിക്കാനായി നിയോഗിച്ചത്. വി എസ് അച്യുതാനന്ദനും സെല്‍ഫ് ഗോളുകളില്‍ കുറവൊന്നും വരുത്തിയില്ല. സംസ്ഥാന സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്മെന്റ് പ്രഖ്യാപിക്കപ്പെട്ട വി എസ് കിട്ടിയ അവസരത്തില്‍ ഔദ്യോഗികവിഭാഗത്തിനു പാരപണിതതാണെന്നു കരുതുന്നവരും കുറവല്ല.


എന്‍.എസ്.എസിന്റെ സുകുമാരന്‍ നായരെപ്പോലുള്ളവര്‍ എത്ര തെറിവിളിച്ചാലും മനോനില തെറ്റാത്ത വി എസിന് സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പരാമര്‍ശിക്കുമ്പോള്‍ കൃത്യമായി നാക്കുപിഴ സംഭവിക്കുന്ന പതിവു തെറ്റിയില്ല. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂദാനം നല്‍കിയതിന്റെ പേരിലും ഏക പുത്രനെ താന്‍ പൊരുതി നേടിയ ഐ.ടി വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആര്‍.ഡിയില്‍ ഡയറക്ടറാക്കി നിയമിച്ചതിന്റെ പേരിലും കേസുകള്‍ വേട്ടയാടുന്ന അച്യുതാനന്ദന്റെ മങ്ങിയ പ്രതിച്ഛായയും യു.ഡി.എഫിന് തുണയായി. ഭരണത്തിലിരിക്കെ അഞ്ചുവര്‍ഷം പാമൊലിന്‍ കേസിനുമേല്‍ അടയിരുന്ന അച്യുതാനന്ദന്‍ തുടരന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങുന്നതിന്റെ സാംഗത്യം പിറവത്ത് ചോദ്യംചെയ്യപ്പെട്ടു. അധികാരത്തിലിരിക്കെ സഹമന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാതെ ചടുലത നഷ്ടപ്പെട്ട സര്‍ക്കാരിന് നേതൃത്വം നല്‍കിയ വി എസോ വെറും ഒമ്പതുമാസംകൊണ്ട് ജനസമ്പര്‍ക്കപരിപാടികളാലും മറ്റും ജനഹൃദയങ്ങള്‍ കവരാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയോ എന്ന ചോദ്യമുണര്‍ത്തുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. ഇലക്ഷന് തൊട്ടുമുമ്പു നടന്ന സി.പി.എം-സി.പി.ഐ സംസ്ഥാന സമ്മേളനങ്ങളോടനുബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ വാക്പയറ്റുകളും തര്‍ക്കങ്ങളും സി. പി.ഐക്ക് ക്ഷണികമായ വാര്‍ത്താപ്രാധാന്യം നല്‍കിയെങ്കിലും ഇടതുപക്ഷത്തിന്റെ മൊത്തത്തിലുള്ള ഇമേജിന് അതുണ്ടാക്കിയ കോട്ടം ചില്ലറയല്ല. 


പിറവത്തെ യു.ഡി.എഫ് വിജയം മദ്യത്തിന്റെയും പണത്തിന്റെയും ജാതിമതശക്തികളുടെയും സ്വാധീനഫലമായിട്ടാണെന്നായിരുന്നു തിരഞ്ഞെടുപ്പുഫലം വന്ന ഉടനെയുള്ള സി.പി.എം സെക്രട്ടറി പിണറായി വിജയന്റെയും വി എസിന്റെയും പ്രതികരണം. മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന വിവാദ പ്രസംഗം നടത്തിയും പാര്‍ട്ടിപത്രത്തിനുവേണ്ടി വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയും വാര്‍ത്തകളിലിടംനേടിയ ഇ പി ജയരാജനെ ഇലക്ഷന്‍ കമ്മിറ്റി മാനേജരാക്കിയതിനു ശേഷമാണ് പിണറായിയുടെ ഈ ഗാന്ധിക്ക് പഠിത്തം. മാത്രവുമല്ല, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കൂട്ടത്തില്‍ പുതിയൊരധ്യായം തീര്‍ത്തുകൊണ്ട് പുറത്തുവന്ന പാര്‍ട്ടി കോടതി വധശിക്ഷാവിധികളെക്കുറിച്ച വാര്‍ത്തകള്‍ വോട്ടര്‍മാരെ ചകിതരാക്കുകയും സി.പി.എമ്മിനോട് അകല്‍ച്ച വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്തു. പിറവം യു.ഡി.എഫ് മണ്ഡലമായിരുന്നുവെന്നും അവിടെ യു.ഡി.എഫ് വിജയിച്ചതില്‍ അസാധാരണമായൊന്നുമില്ലെന്നുമാണ് പ്രതിപക്ഷനേതാവ് ഇപ്പോള്‍ പറയുന്നത്. പക്ഷേ, അപ്പോഴും അദ്ദേഹവും പാര്‍ട്ടിയും വിശദീകരിക്കേണ്ട ഒന്നുണ്ട്. സി.പി.എം കോട്ടകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം ജെ ജേക്കബിന് രണ്ടായിരത്തോളം വോട്ടുകളുടെ ലീഡുമുണ്ടായിരുന്ന തിരുവാകുളത്തും ചോറ്റാനിക്കരയിലും ഉണ്ടായിട്ടുള്ള  വോട്ട് ചോര്‍ച്ചയുടെ കാരണമെന്താണ്? 
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"