2012, ജൂൺ 17, ഞായറാഴ്‌ച

മറക്കാനാവാത്ത വശ്യസ്മിതം


2012 ജൂണ്‍ ഏഴിനു പുലര്‍ച്ചെ 6.11നു എസ്.ഡി.പി.ഐ. സംസ്ഥാന പ്രസി. നാസറുദ്ദീന്‍ സാഹിബിന്റെ ഫോണ്‍ വന്നപ്പോഴാണ് ആ ശോകവാര്‍ത്തയറിയുന്നത്; ഞങ്ങള്‍ എസ്.എം. എന്നു വിളിക്കുന്ന എസ്.മമ്മൂട്ടി സാഹിബ് ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ആകസ്്മികമോ അപ്രതീക്ഷിതമോ  ആയിരുന്നില്ല; കുറച്ചുകാലമായി അദ്ദേഹം അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. 
ആംബുലന്‍സില്‍ ജനാസയെ അനുഗമിക്കുമ്പോള്‍ എസ്.എമ്മിനെ കുറിച്ചുള്ള ഓര്‍മകള്‍ പലതും തികട്ടിവന്നു. ആദ്യമായി എസ്.എമ്മിനെ കണ്ടരംഗം മനസ്സില്‍ ഓടിയെത്തി. 1995ല്‍ നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ടിന്റെ ദ്വിദിന ജനറല്‍ കൌണ്‍സിലില്‍ സുപ്രിം കൌണ്‍സിലിലേക്ക് എസ്.എമ്മിന്റെ പേരും നാമനിര്‍ദേശം ചെയ്യപ്പെട്ടു. എസ്.എം. സദസ്സിനു മുമ്പാകെ പതിഞ്ഞ ശബ്ദത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു: 'ഞാന്‍ പാമരനാണ്. ഭൌതിക വിദ്യാഭ്യാസവും മതവിദ്യാഭ്യാസവുമില്ലാത്ത ഒരു നാടന്‍ കര്‍ഷകന്‍'. എന്നാല്‍, പതിനഞ്ചംഗ സുപ്രിം കൌണ്‍സിലംഗങ്ങളുടെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ എസ്.എമ്മിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 
മുസ്ലിംലീഗിലൂടെ പൊതുപ്രവര്‍ത്തന രംഗത്തുവന്ന എസ്.എം. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലെത്തിയത് അദ്ദേഹത്തിന്റെ സംഘാടക മികവിന്റെ തെളിവാണ്. ഒരിക്കല്‍ എറണാകുളത്ത് വ്യക്തിപരമായ ഒരു സന്ദര്‍ശനത്തിനു വന്ന സമയത്ത് അവിടെ നടക്കുന്ന ഒരു സംഘടനാ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. 'എന്റെ വയനാടന്‍ വര്‍ത്തമാനം വിദ്യാസമ്പന്നരായ എറണാകുളത്തുകാര്‍ക്കു മനസ്സിലാവില്ലെ'ന്നു പറഞ്ഞ് അദ്ദേഹം ഒഴിയാന്‍ ശ്രമിച്ചു. നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം സദസ്സിനെ അഭിമുഖീകരിച്ചു; ഹൃദയസ്പൃക്കായ ഭാഷയില്‍ പ്രവര്‍ത്തകര്‍ക്ക് ആത്്മവിശ്വസവും ഉത്തേജനവും ലഭിക്കുന്ന ലഘുപ്രസംഗം. 
എസ്.എം. എന്‍.ഡി.എഫ്. സെക്രട്ടറിയായി യൂനിറ്റി ഹൌസില്‍ കഴിയുന്ന കാലം. മറ്റുചില ചുമതലകളുമായി ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വ്യക്തിബന്ധത്തിന്റെ ഇഴയടുപ്പം കൂടിയ ദിനങ്ങളായിരുന്നു അത്. ഓഫിസിലെ സിമന്റ് തറയില്‍ പായവിരിച്ച് ഒരുമിച്ചുറങ്ങിയ കുറെ രാത്രികള്‍! ലാളിത്യവും വിനയവും സ്വതസിദ്ദമായ അദ്ദേഹത്തിന്റെ വിജ്ഞാനദാഹവും അടുത്തറിയാന്‍ അവസരം ലഭിച്ചത് ഇക്കാലത്താണ്. 
കോയ സാഹിബില്‍നിന്നു ലഭിക്കാവുന്ന പുസ്തകങ്ങള്‍ പലപ്പോഴായി സംഘടിപ്പിച്ചു വായിക്കുകയും ദുര്‍ഗ്രാഹ്യമായ ഏതെങ്കിലും ഭാഗങ്ങളുണ്െടങ്കില്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. സംഘടനാ സാഹിത്യങ്ങളുടെ ചുമതല എസ്.എമ്മിനായിരുന്നു. സൂക്ഷ്മമായ വ്യാകരണപ്പിശകു പോലും തിരുത്തി കുറ്റമറ്റതാക്കിയശേഷം മാത്രമേ അച്ചടിക്കു വിടുമായിരുന്നുള്ളൂ. രോഗത്തിന്റെ അവശതയില്‍ കഴിയുന്ന അവസാന നാളുകളില്‍ നാവിനു വാക്കുകള്‍ വഴങ്ങാതെ വന്നപ്പോഴും സ്ഫുടമായി സലാം മടക്കുമായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്തും വാചാലമായ നോട്ടത്തിലൂടെയും പുഞ്ചിരിയിലൂടെയും എസ്.എമ്മിന്റെ ഹൃദയവികാരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. പലപ്പോഴും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഹസ്്തദാനത്തിന്റെ ബലം മനസ്സിന്റെ കരുത്ത് ഇനിയും ചോര്‍ന്നുപോയിട്ടില്ലെന്നു വിളംബരം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. 
ശയ്യാവലംബിയായ ശേഷം ഒരിക്കല്‍ എസ്.എമ്മിനെ കാണാന്‍ എത്തിയപ്പോള്‍ നമസ്കാരത്തിനായി ഒരുങ്ങുകയായിരുന്നു. ഓര്‍മകള്‍ മുറിഞ്ഞുള്ള നമസ്്കാരത്തില്‍ പലപ്പോഴും ലഫ്്ളുകള്‍ ഉറക്കെ പറഞ്ഞു കൊടുക്കേണ്ടി വന്നു. ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ സജലങ്ങളാവും. കണ്ണീര്‍ പൊടിയുന്നത് വേദനകൊണ്േടാ രോഗത്തിന്റെ അവശത കൊണ്േടാ ആയിരുന്നില്ല. സംഘനാ രംഗത്തു സജീവമാകാന്‍ കഴിയാത്തതിലുള്ള ദുഖമായിരുന്നു ആ കണ്ണീര്‍ എന്നുറപ്പ്. അവസാനകാലംവരെ അവശതകള്‍ അവഗണിച്ചും പ്രധാനപ്പെട്ട സംഘടനാ പരിപാടികളില്‍ സന്നിഹിതനായിരുന്നു. 
ആഗ്രഹങ്ങള്‍ ബാക്കിവച്ചു പോവുന്നവരാണ് മനുഷ്യരില്‍ പലരും. പക്ഷേ, എസ്.എമ്മിനു ബാക്കിവയ്ക്കാന്‍ ഈ ലോകത്ത് ഏറെ ആഗ്രഹങ്ങളുണ്ടായിരുന്നില്ല. ഇസ്ലാമിക-സംഘടനാ പ്രവര്‍ത്തനങ്ങളോടുള്ള പ്രണയമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ എന്നും നിറഞ്ഞുനിന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"