2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഭയപ്പെടുത്തുന്ന പിന്‍നടത്തം



രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി വെടിയേറ്റുവീഴുന്നത്‌ 1948 ജനുവരി മുപ്പതിനാണ്‌. ഗാന്ധിയെ കൊന്നത്‌ ഗോഡ്‌സെ. വിഭജനം കഴിഞ്ഞ്‌ അധികകാലം കഴിയുന്നതിന്‌ മുമ്പായതിനാല്‍ ഗാന്ധിയെ ആരു കൊന്നുവെന്നത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലമായിരുന്നു അത്‌. കൊലയാളി മുസ്ലിമല്ലെന്ന്‌ അറിഞ്ഞപ്പോള്‍ രാഷ്‌ട്രമൊന്നാകെ നെടുനിശ്വാസമിട്ടു. ആദ്യനിശ്വാസം സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിന്റേതായിരുന്നുവെത്രെ! ഏത്‌ ചെറിയ തീപ്പൊരിയും ആളിക്കത്താവുന്ന ഭയപ്പെടുത്തുന്ന ഒരു ചുറ്റുപാടില്‍ അത്തരമൊരു നെടുവീര്‍പ്പിന്‌ വലിയ പ്രസക്‌തിയുണ്ട്‌. 

ഇന്ത്യാ വിഭജനം ചില്ലറ വിടവല്ല സമൂഹത്തില്‍ സൃഷ്‌ടിച്ചത്‌. കാലമെടുത്ത്‌ മുറിവുണക്കാന്‍ ഒത്തിരി നല്ല നീക്കങ്ങള്‍ രാജ്യത്തുണ്ടായത്‌ മറച്ചുപിടിക്കേണ്ട കാര്യമില്ല. ആ നല്ല നീക്കങ്ങളെ തകര്‍ക്കാന്‍ എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ശ്രമങ്ങളുടെ ഫലപ്രാപ്‌തിയാണ്‌ 1992 ഡിസംബര്‍ 6ന്‌ ഉണ്ടാവുന്നത്‌. 1947ല്‍ ഭൂമിയില്‍ അതിര്‍വരമ്പുകള്‍ തീര്‍ത്ത്‌ നടത്തിയ വിഭജനത്തെക്കാള്‍ ഭയാനകവും ഭീകരവുമായിരുന്നു 1992 മനസ്സുകളില്‍ മതില്‍കെട്ടി തീര്‍ത്ത വെട്ടിമുറിക്കല്‍. 

ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയിലൂടെ വലിയ ഒരു വിടവ്‌ വീണ്ടും സൃഷ്‌ടിക്കപ്പെട്ടു. വിഭജനത്തിന്റെയും ബാബരി ധ്വംസനത്തിന്റെയും നടുക്കുന്ന ഓര്‍മകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന സമുദായമാണ്‌ മുസ്ലിംകള്‍. രണ്ട്‌ വിഭജനത്തിലൂടെയും പൊതുധാരയിലേക്ക്‌ സമുദായമെന്ന നിലയില്‍ മുസ്ലിംകള്‍ക്ക്‌ പരിമിതി ഏറെ നിശ്‌ചയിക്കപ്പെട്ടു. 

രാജ്യം വളര്‍ച്ച പ്രാപിക്കുന്നതിനോടൊപ്പം വളരാന്‍ കഴിയാതെ പോയ സമുദായങ്ങളില്‍ പ്രബലസ്‌ഥാനം മുസ്ലിംകള്‍ക്ക്‌ വന്നുചേരാന്‍ പ്രധാനമായ കാരണം ഏതോ കോണിലൂടെ നിശ്‌ചയിക്കപ്പെട്ട പരിധികളാണ്‌. ഒരു നാടിന്റെ ഭദ്രതയ്‌ക്ക് ആ നാട്ടിലെ ജനങ്ങളുടെ ഐക്യത്തിനും കെട്ടുറപ്പിനും പരസ്‌പര വിശ്വാസത്തിനും ചെറുതല്ലാത്ത പങ്ക്‌ നിര്‍വഹിക്കാനുണ്ട്‌. നൂറ്റി ഇരുപത്തിയൊന്ന്‌ കോടി ജനങ്ങള്‍ വസിക്കുന്ന നമ്മുടെ രാജ്യത്ത്‌ അത്തരമൊരു അവസ്‌ഥ കൈവരിക്കാന്‍ പര്യാപ്‌തമായ ഏറ്റവും വലിയ ഘടകം ഇന്ത്യയുടെ ഭരണഘടന തന്നെയാണ്‌. ദൗര്‍ഭാഗ്യവശാല്‍ കൈമോശം വന്നത്‌ ഭരണഘടന അന്തഃസ്സത്ത തന്നെയാണ്‌. കെട്ടുറപ്പ്‌ ഇല്ലാതാക്കുന്ന ഘടകങ്ങളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയേണ്ട ഭരണകൂടത്തിന്‌ ജനങ്ങള്‍ക്കിടയിലെ പരസ്‌പര വിശ്വാസത്തിന്‌ മാര്‍ഗം ശക്‌തിപ്പെടുത്തേണ്ട നിര്‍ബന്ധബാധ്യത നിര്‍വഹിക്കാനുണ്ട്‌. 

ഭരണകൂടം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക്‌ വലിയവില നല്‍കേണ്ടിവരുന്നത്‌ പൗരന്മാരാണ്‌. മാവോവാദമുദ്രകുത്തി വേട്ടയാടപ്പെടുന്ന ആദിവാസി ഗ്രോത്രവര്‍ഗ സമൂഹങ്ങള്‍ക്ക്‌ മാവേസേതുങ്ങിന്റെ പേരുപോലും തെറ്റുകൂടാതെ ഉച്ചരിക്കാന്‍ അറിഞ്ഞുകൊള്ളണമെന്നില്ല. നിഴലിനെ വെടിവെക്കുന്ന തെറ്റുകള്‍ തുടരുമ്പോള്‍ മുന്നോട്ട്‌ കുതിക്കേണ്ട ഒരു രാജ്യത്തിന്റെ പിന്‍നടത്തം ശക്‌തമാവുകയാണ്‌ ചെയ്യുന്നത്‌. 

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കൊന്നത്‌ മുസ്ലിമാവാത്തത്‌ വലിയ ഭാഗ്യമെന്ന്‌ ആശ്വാസം പ്രകടിപ്പിച്ച കാലഘട്ടത്തേക്കാള്‍ വലിയ നെടുവിശ്വാസങ്ങള്‍ ദിനേന നാം കേള്‍ക്കുന്നു. റെയില്‍വേ ട്രാക്കില്‍ ബോംബ്‌ വെച്ചത്‌ മുസ്ലിമായിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന ചോദ്യം അടക്കം പറച്ചിലായെങ്കിലും സാധാരണക്കാര്‍ ഉന്നയിച്ചത്‌ മറക്കാനായിട്ടില്ല. ആ ഞെട്ടല്‍ തീരുംമുമ്പേ ഇതാ പുതിയൊരു ആശ്വാസം കൂടി വന്നിരിക്കുന്നു. ബാംഗ്ലൂരിലെ ഐ.എസ്‌.ആര്‍.ഒ ആസ്‌ഥാനത്ത്‌ വ്യാജരേഖ ചമച്ച്‌ ഒരു മലയാളി പെണ്‍കൊടി കടന്നുകയറാന്‍ ശ്രമിച്ചു. ഈ വാര്‍ത്ത കണ്ടപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ര്‌ടീയ നേതാവ്‌ എന്റെ മുമ്പില്‍ വെച്ച്‌ നെടുവീര്‍പ്പിട്ടത്‌ ഇത്‌ ആയിഷയോ ആസ്യയോ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നാണ്‌. നമ്പിനാരായണനെയും രമണ്‍ശ്രീവാസ്‌തവയെയും തകര്‍ക്കാന്‍ മറിയം റഷീദയെയും ഫൗസിയ ഹസ്സനെയും ഉപകരണമാക്കിയതിന്റെ യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും കുറ്റബോധത്തോടെ ചര്‍ച്ച ചെയ്യുന്നതില്‍ ഏറെ സന്തുഷ്‌ടി തോന്നുന്നു. അന്ന്‌ നമ്പിനാരായണന്‌ നഷ്‌ടമായതൊന്നും ഇന്നത്തെ കുമ്പസാരത്തിലൂടെ തിരിച്ചുനല്‍കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ ഇനിയും നമുക്കുണ്ടായിട്ടില്ലെന്ന്‌ സമകാലിക വേട്ടയാടലുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്‌. ബ്യൂല സാമിന്റെ മനോരോഗം വളരെ വേഗം അംഗീകരിക്കപ്പെട്ട ഒന്നായപോലെ സത്നാം സിങിന്റെ മനോ വിഭ്രാന്തിയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നതിലെ വൈരുദ്ധ്യം നമ്മുടെ മനോ വൈകൃതത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. നമ്മുടെ മനോനിലയില്‍ എവിടെയോ കൃത്യമായി കോറിയിട്ട ചില തീര്‍പ്പുകളുണ്ട്‌. ആ തീര്‍പ്പുകളാണ്‌ നമ്മെ വഴി നടത്തുന്നത്‌. ബ്യൂല ഏതെങ്കിലും അറബി പദങ്ങള്‍ ഉരുവിട്ടിരുന്നെങ്കില്‍ സത്നാംസിങിന്റെ ഗതിവരുമായിരുന്നു. മുന്‍വിധിയില്‍ തീര്‍പ്പാക്കപ്പെടുന്ന ചില ശത്രുക്കളുണ്ടാവും. അതനുസരിച്ചാണ്‌ ഭീതി പരത്താന്‍ ശ്രമിക്കുന്നത്‌. 

ചീഫ്‌ സെക്രട്ടറിയുടെ ഓഫീസില്‍ കയറി ബഹളം വെച്ചതും വീഡിയോ പകര്‍ത്തിയതും മുസ്ലിമായിരുന്നെങ്കില്‍ എന്നുള്ള ചോദ്യവും ഉയര്‍ത്തപ്പെടുന്നുവെങ്കില്‍ മുസ്ലിംമിനെക്കുറിച്ച്‌ എവിടെയോ ചില തെറ്റായ സങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെ വിജയം കാണല്‍ എളുപ്പത്തില്‍ സംഭവിക്കുന്നുവെന്ന്‌ വേണം കരുതാന്‍. 

ബിജു സലീമെന്ന കീഴുദ്യോഗസ്‌ഥനെയും രഘുവര്‍മയെന്ന ഐ.പി.എസുകാരനെയും നിയമം ഒരു വഴിയില്‍ തന്നെയാണ്‌ ശിക്ഷിക്കേണ്ടത്‌. അഭികാമ്യമല്ലാത്ത ചില മനോഗതങ്ങള്‍ പൊതുഗാത്രത്തെ ഗ്രസിച്ചുവെന്ന പരിഭവം സാധാരണക്കാരില്‍ പോലും സാര്‍വത്രികമാണ്‌. ശുഭകരമല്ലാത്ത ഇത്തരം ചിന്തകളുടെ സ്വാധീനം കീഴ്‌തട്ടുവരെ വര്‍ധിച്ചുവരുന്നത്‌ നമ്മെ അലോസരപ്പെടുത്തേണ്ടതുണ്ട്‌. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റത്തിന്‌ കളമൊരുക്കുന്ന മുഴുവന്‍ ഘടകങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്‌ നമ്മുടെ ഭാവി സുരക്ഷിതമാക്കി തീര്‍ക്കുക. 

ദേശീയതലത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ വന്ന പി. പരമേശ്വരന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ തന്നെ ഏറെ അസ്വസ്‌ഥനാക്കിയതായി പ്രമുഖ സോഷ്യലിസ്‌റ്റ് എം.പി. വീരേന്ദ്രകുമാര്‍ യാത്രക്കിടയില്‍ പങ്കുവെയ്‌ക്കുകയുണ്ടായി. 

ആ ലേഖനം വായിച്ചപ്പോള്‍ ആരെയും അസ്വസ്‌ഥനാക്കുന്നതാണ്‌ അതിലെ കാര്യങ്ങള്‍. അമൃതാനന്ദമയി മഠത്തെക്കുറിച്ചാണ്‌ ലേഖനം തുടങ്ങിയത്‌. പശുവിനെക്കുറിച്ച്‌ ഉപന്യസിച്ച വിദ്യാര്‍ത്ഥി കെട്ടിയ തെങ്ങിനെക്കുറിച്ച്‌ എഴുതിയ കഥയാണ്‌ ഓര്‍മവന്നത്‌. ആത്മീയ കേന്ദ്രമായ മഠത്തില്‍ ആത്മസായൂജ്യത്തിനെത്തിയ സത്നാംസിങിന്‌ മനോവിഭ്രാന്തി വന്നപ്പോള്‍ എന്തോ ചില അറബി വാക്യങ്ങള്‍ ഉരുവിട്ടുവത്രെ. അത്‌ ജിഹാദീ മുദ്രാവാക്യമായിരുന്നെന്നും, സത്നാംസിങ്‌ മതംമാറിയിട്ടുണ്ടാവാമെന്നും ഇസ്ലാം മതാധ്യാപനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞുവെച്ചശേഷം മുസ്ലിംലീഗിനെയും സമുദായത്തെയും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തിലേക്ക്‌ കൊണ്ട്‌ ചെന്നെത്തിക്കുകയാണ്‌ പ്രസ്‌തുത ലേഖനം. 

അറബിവാക്യങ്ങള്‍ ജിഹാദീ മുദ്രാവാക്യങ്ങളായി വളരെ പെട്ടെന്നാണ്‌ പരിണമിക്കുന്നത്‌. അമൃതാനന്ദമയീ മഠത്തിന്റെ മഹത്വം പ്രചരിപ്പിക്കാനും അതിനെതിരേ വരുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സ്‌ഥാപനത്തിന്റെ അനുയായികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ അത്‌ മറ്റുള്ളവരോട്‌ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന തലത്തിലേക്ക്‌ നീങ്ങുമ്പോഴാണ്‌ അസ്വസ്‌ഥമായിത്തീരുന്നത്‌. 

സത്നാംസിങിന്റെ പ്രേരണയും അദ്ദേഹത്തിലെ സ്വാധീനഘടകങ്ങളും വല്ലതുമുണ്ടെങ്കില്‍ അത്‌ കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതിനുള്ള സാവകാശം ലഭിക്കുംമുമ്പ്‌ എല്ലാം തീര്‍ന്നു. ഐ.എസ്‌.ആര്‍.ഒയില്‍ കയറാന്‍ ശ്രമിച്ച ബ്യൂലയുടെ മനോവിഭ്രാന്തിയെ അംഗീകരിച്ചപോലെ സത്നാംസിങിന്റേതും അംഗീകരിക്കപ്പെടേണ്ടതായിരുന്നു. പകരം യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ തെരുവിലെ ചെണ്ടയാക്കി എല്ലാവരും കയറി മുസ്ലിം സമുദായത്തിനെ കൊട്ടാന്‍ ശ്രമിക്കുന്നതിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത മുറിവുകള്‍ വീണ്ടും സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. 

ഭീതിപരത്തുന്ന പിന്‍നടത്തത്തിന്‌ ഇത്തരം മുറിവുകള്‍ സൃഷ്‌ടിച്ച്‌ ആക്കം വര്‍ധിപ്പിക്കുന്നതില്‍ അറിയാതെ പലരും പങ്കുചേരുന്നുണ്ട്‌. പല കാര്യങ്ങളുടെയും നിജസ്‌ഥിതി പുറത്തുവരാതിരിക്കാന്‍ മുന്‍വിധികള്‍ കാരണമാവുന്നുണ്ട്‌. പരസ്‌പരം സംശയിക്കാനും അകലം വര്‍ധിപ്പിക്കാനും നടക്കുന്ന അപകടകരമായ പ്രവണതകളെ കരുതലോടെ സമീപിക്കാന്‍ കഴിയേണ്ടതുണ്ട്‌. 

സമീപകാലങ്ങളിലെ വര്‍ഗീയ ചേരിതിരവ്‌ രൂപപ്പെടുത്തുന്നതില്‍ മുസ്ലിംപക്ഷം എന്ത്‌ പങ്ക്‌ വഹിച്ചു എന്നത്‌ പോലും സത്യസന്ധമായി അന്വേഷിക്കാന്‍ സാധിക്കാത്ത വിധമുള്ള ഇടുക്കത്തിലേക്ക്‌ നിരപേക്ഷ സമൂഹത്തിന്റെ പ്രതിനിധാനം പോലും ചെന്നെത്തിക്കൊണ്ടിരിക്കുന്നു. സെക്കുലര്‍ മനസ്സിന്റെ ഇത്തരം നഷ്‌ടപ്പെടലിനെ ഭയാശങ്കയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. ഇടതുചേരി പോലും തിരുത്താന്‍ കഴിയാത്ത പങ്ക്‌ ഇതിലൊക്കെ നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട്‌. മുസ്ലിം വിരുദ്ധ പക്ഷത്തുള്ള നില ഉറപ്പിക്കലാണ്‌ മതനിരപേക്ഷതയെന്ന തെറ്റായ ധാരണപോലും സൃഷ്‌ടിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നു. നീതി മുസ്ലിം പക്ഷത്തായാലും സംശയിക്കപ്പെടുമോ എന്ന തെറ്റായ ചിന്തയാല്‍ മൗനികളാവുകയാണ്‌ പലരും. മാധ്യമരാഷ്‌ട്രീയഉദ്യോഗമധ്യവര്‍ഗ സമൂഹങ്ങള്‍ ഈയൊരു സ്വാധീന വലയത്തിലേക്ക്‌ നീങ്ങുന്നതും വലിയ പിന്‍നടത്തമാണ്‌. 

ജാതി തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം തീവ്രവാദസംഘടനയില്‍ അംഗമല്ലെന്ന്‌ പ്രത്യേകം എഴുതിച്ചേര്‍ത്ത എടവനക്കാട്‌ വില്ലേജ്‌ ഓഫീസര്‍ നമ്മുടെ സമൂഹത്തില്‍ രൂപപ്പെട്ടു കഴിഞ്ഞ പിന്‍നടത്തത്തിന്റെ പ്രതിനിധിയാണ്‌. ധ്രുവനാഥ പ്രഭുവെന്ന വില്ലേജ്‌ ഓഫീസര്‍ക്ക്‌ സംഭവിച്ചത്‌ അബദ്ധമല്ല. എവിടെ നിന്നോ പകര്‍ന്നു നല്‍കുന്ന കൃത്യമായ വിദ്യാഭ്യാസത്തിന്റെ ബഹിര്‍സ്‌ഫുരണമാണ്‌ പേനത്തുമ്പിലൂടെ പുറത്തെത്തിയത്‌. ഒരു സമുദായത്തെക്കുറിച്ച്‌ വില്ലേജ്‌ ഓഫീസര്‍ തൊട്ട്‌ മുകളറ്റം വരെ ഇങ്ങനെയൊരു മനോഗതി പകര്‍ന്നു നല്‍കപ്പെട്ടുവെങ്കില്‍ സമ്പന്നവും സംസ്‌കൃതവുമായ കേരളം എങ്ങോട്ടാണ്‌ പുറംതിരിഞ്ഞു നടക്കുന്നത്‌. 

കാഞ്ഞങ്ങാട്‌ നബിദിന റാലിയില്‍ ഉപയോഗിച്ച സൈനിക യൂണിഫോം കോട്ടയത്തെ കെ.സി.ബി.സി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതിനെയും ഒന്നായി കാണാന്‍ കഴിയാതെ പോവുന്നതില്‍ ഒറ്റനാട്ടില്‍ ഇരട്ടനീതിയെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നെങ്കില്‍ ആരിലാണ്‌ തകരാറ്‌. തകരാറ്‌ കാഞ്ഞങ്ങാട്ടെ മുസ്ലിംകളുടേതും കോട്ടയത്തെ ക്രിസ്‌ത്യാനികളുടെതുമല്ല. നമ്മുടെ പിന്‍നടത്തത്തിന്റേതാണ്‌. മുസ്ലിം ചെറുപ്പക്കാരെ ഭീകരമുദ്രചാര്‍ത്തി ജയിലുകളിലടക്കാന്‍ ഉപയോഗിക്കുന്നത്‌ നഴ്‌സറി പുസ്‌തകങ്ങളും കവിതകളും ഉര്‍ദുപുസ്‌തകങ്ങളും ഖുര്‍ആന്റെ പതിപ്പുകളുമാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കഴിഞ്ഞദിവസം ഒരു ദേശീയപത്രം പുറത്ത്‌ കൊണ്ടുവരികയുണ്ടായി. നിലനില്‍ക്കുന്ന കരിനിയമങ്ങളെ ഉപയോഗപ്പെടുത്തി വ്യാജതെളിവുകള്‍ ഉണ്ടാക്കി നിരപരാധികളെ ജയിലടച്ചതിന്റെ നല്ല ഉദാഹരണങ്ങളാണ്‌ പത്രം പുറത്തുവിട്ടത്‌. ഇത്തരമൊരന്വേഷണ സ്വഭാവം ഈയടുത്തായി ദേശീയ മാധ്യമങ്ങളില്‍ വെളിച്ചം കാണുന്നുണ്ടെങ്കിലും മലയാളികള്‍ ഇപ്പോഴും പുകമറയില്‍ തന്നെയാണ്‌. ബാംഗ്ലൂരില്‍ നിന്ന്‌ ആസാമിലേക്ക്‌ കൂട്ടപാലായനം നടത്തിയത്‌ എസ്‌.എം.എസിലൂടെ പരന്നവ്യാജവാര്‍ത്തയുടെ ഫലമായിട്ടായിരുന്നു. അത്തരം വാര്‍ത്ത പ്രചരിപ്പിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഇന്ത്യയില്‍ എല്ലായിടത്തും വേരോട്ടം ഉണ്ടാക്കിയെടുക്കുന്ന ഒരു സംഘടനയാണെന്ന അടിസ്‌ഥാനരഹിത വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ കര്‍ണാടകയിലെ മാധ്യമങ്ങളില്‍ അത്തരമൊരു വാര്‍ത്തയേ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇടതുസെക്കുലര്‍ മാധ്യമങ്ങളായിരുന്നു. കേരളത്തില്‍ ആസാം എസ്‌.എം.എസ്‌ വിവാദം ഏറെ പൊലിപ്പിച്ചു നിര്‍ത്തിയത്‌ മലയാളിയുടെ അപകടകരമായ പിന്‍നടത്തം ബോധ്യപ്പെടുത്തുന്നത്‌. 

വിടവുകള്‍ നികത്താന്‍ ശ്രമിക്കേണ്ട ഘടകങ്ങള്‍ക്കത്രയും ബാധിക്കുന്ന വലിയ വീഴ്‌ചകള്‍ നമ്മുടെ ചിന്തകളെ അസ്വസ്‌ഥമാക്കുന്നില്ലെങ്കില്‍ ചുടലക്കലങ്ങളുടെ കാവല്‍ക്കാരാവാനാവും നമ്മുടെ യോഗ്യത. അവസാന വാക്ക്‌ എസ്‌.പി. വേണുഗോപാലന്‍ നായരുടേതാവട്ടെ. ജാതിയും മതവും ഒന്നും ഇല്ല എന്ന്‌ നമ്മള്‍ ചിന്തിക്കുമ്പോഴും അതില്‍ നിന്ന്‌ ആത്യന്തികമായി മാറാന്‍ നമ്മള്‍ക്ക്‌ സാധിക്കുന്നില്ല. മുമ്പൊക്കെ ഞാന്‍ മുസ്ലിംമിന്റെ കടയില്‍ കയറി ഭക്ഷണം കഴിക്കില്ല. ജാതി നമ്മുടെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ സാധിക്കുന്നില്ല. നമ്മളെ ഒരു ഭ്രാന്തുപോലെ അതങ്ങ്‌ പിന്തുടരുകയാണ്‌.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

സമരങ്ങള്‍ നടക്കട്ടെ



ഇന്ത്യന്‍ രാഷ്‌ട്രീയം ആകെ ഇളകി മറിയുകയാണ്‌. മമതാ ബാനര്‍ജിയെന്ന പെണ്‍സിംഹം സടകുടഞ്ഞെഴുന്നേറ്റ്‌ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. പെട്രോള്‍ വില വര്‍ധനവിന്റെ ചെറിയ ഇടവേളക്ക്‌ ശേഷം ഡീസലിന്‌ അഞ്ച്‌ രൂപ കൂട്ടിയതും പാചക വാതക സിലിണ്ടറിന്‌ നിയന്ത്രണം വരുത്തിയതും ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവുമാണ്‌ ദീദിയെ പ്രകോപിപ്പിച്ചത്‌.

രാഷ്‌ട്രീയ ലക്ഷ്യമിട്ട്‌ കൃത്യമായി ചുവടുവെക്കാന്‍ മമതക്കുള്ള കഴിവ്‌ ഒന്നു കൂടി ബോധ്യപ്പെടുത്തുന്ന നീക്കമാണെങ്കിലും ജനവികാരത്തെ സന്ദര്‍ഭോചിതമായി പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞുവെന്നു വേണം കരുതാന്‍. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പലതരം സമരതന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടാറുണ്ട്‌. അത്തരമൊരു സമര തന്ത്രം സ്വീകരിക്കുന്നതിലൂടെ രണ്ടുണ്ട്‌ കാര്യം. ബംഗാളിലേക്കുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കാനാവുമെന്നതും ജനവികാരം ഉള്‍ക്കൊള്ളുന്ന നേതാവെന്ന ഖ്യാതിയും.

പാചക വാതക നിയന്ത്രണവും ഡീസല്‍ വില വര്‍ധനവും രാജ്യത്ത്‌ വലിയ പ്രതിഷേധത്തിന്‌ വഴിവെച്ചിട്ടുണ്ട്‌. പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവിനേക്കാള്‍ ആദ്യഘട്ടത്തില്‍ തന്നെ സാധാരണക്കാരെ ബാധിക്കുന്നതാണ്‌.ഡീസലിന്റെ വര്‍ധന. പാചക വാതക നിയന്ത്രണവും അതുപോലെ തന്നെയാണ്‌. ഡീസല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്ന അന്ന്‌ മുതല്‍ തന്നെ സകലമാന മേഖലയിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി തുടങ്ങി. മുഴുവന്‍ അവശ്യ മേഖലകളിലേക്കും അതിന്റെ അനുരണനം കണ്ടുതുടങ്ങിയിരുന്നു. കച്ചവടക്കാരും, ലോറിബസ്‌ ഉടമകളും, ഓട്ടോ ജീവനക്കാരും, ടാക്‌സിക്കാരും ഹോട്ടലുകാരും ആനുപാതിക വര്‍ധനവിന്റെ ആവശ്യമുയര്‍ത്തി സമര രംഗം തുറന്നിരിക്കുന്നു. പൊതുവെ ജീവിത വില നിലവാര സൂചികയിലുണ്ടായ മാറ്റങ്ങള്‍ കാരണം രണ്ടറ്റം മുട്ടിക്കാന്‍ സാധാരണക്കാര്‍ ഏറെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ കൂനിന്‍മേല്‍ കുരുകൂടി ഉണ്ടായിരിക്കുന്നത്‌.

സമര രംഗത്തുള്ള ലോറി മുതലാളിമാര്‍ ഒറ്റ ദിവസം കൊണ്ട്‌ ഉന്നയിച്ച ആവശ്യത്തിന്റെ പകുതിയിന്‍മേല്‍ നേടി സമരം തീര്‍ത്തു. അതേപോലെ മറ്റുള്ളവരുടെ ആവശ്യത്തിലും തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാവും. ഒരു സമരത്തിലും ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്ന പാരമ്പര്യമില്ലാത്തതിനാല്‍ പകുതിയോ അതിന്‌ തൊട്ടുമുകളിലോ മറ്റുള്ളവരും സമരം തീര്‍ത്തുവെന്ന്‌ വരാം. 

സ്വകാര്യ ബസ്‌ പ്രസ്‌ഥാനം ഒരു ധര്‍മ്മ സ്‌ഥാപനമല്ലാത്ത സ്‌ഥിതിക്ക്‌ എല്ലാ ഭാരവും അവര്‍ വഹിക്കണമെന്ന്‌ പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ലക്ഷക്കണക്കിന്‌ കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിച്ച്‌ കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ പാവപ്പെട്ട കോര്‍പ്പറേറ്റുകള്‍ പോലും തങ്ങളുടെ ലാഭത്തില്‍ വരുന്ന ഒരു കുറവിലും വിട്ടു വീഴ്‌ച ചെയ്യാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഒരേ സമയം കനത്ത മറ്റൊരു പ്രഹരം കൂടി ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയിരിക്കുന്നു. ലക്ഷക്കണക്കായ ഇടത്തരക്കാരുടെ കഞ്ഞിയില്‍ മണ്ണ്‌ വാരിയിടുന്ന തീരുമാനമാണ്‌ ചില്ലറ വ്യാപാര മേഖലയിലെ അമ്പത്തി ഒന്ന്‌ ശതമാനം വരെയുള്ള വിദേശ നിക്ഷേപം. മൊത്ത വ്യാപാര മേഖലയുടെ നിയന്ത്രണം നേരത്തെ കൈവിട്ടതിന്റെ കെടുതികള്‍ വേണ്ടത്ര നമ്മള്‍ അനുഭവിുതീര്‍ന്നിട്ടില്ല. സംസ്‌ഥാനത്ത്‌ അത്തരമൊന്ന്‌ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഒരു ആശ്വാസ വാക്ക്‌ മാത്രമായേ കരുതാന്‍ നിര്‍വാഹമുള്ളൂ. എല്ലാ സംസ്‌ഥാനങ്ങളും ഒരു പോലെ നടപ്പാക്കുന്ന ഒരു കേന്ദ്ര തീരുമാനത്തില്‍ പങ്ക്‌ ചേരാതെ അധികകാലമൊന്നും മാറി നില്‍ക്കാന്‍ മാത്രം ഇഛാശക്‌തിയൊന്നും മുന്‍കാലത്ത്‌ തന്നെ നമ്മള്‍ കാണിച്ചിട്ടില്ല. 

ജനദ്രോഹനിലപാടുകള്‍ അടിക്കടി എടുക്കാന്‍ വേണ്ടത്ര ജനകീയ അടിത്തറ ഇല്ലാതിരുന്നിട്ടും യു.പി.എ സര്‍ക്കാറിന്‌ കഴിയുന്നുവെന്നത്‌ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്‌.

വിദേശ നിക്ഷേപത്തിനെതിരായ പ്രതിഷേധം മമതാ ബാനര്‍ജി നേരത്തെ ഉയര്‍ത്തിയതാണ്‌. മുന്‍ തീരുമാനമില്ലാതെ അജണ്ടയില്‍ ഉള്‍പ്പെടുത്തി മതിയായ കൂടിയാലോചന നടത്താതെ മുമ്പോട്ട്‌ പോവാന്‍ കാണിക്കുന്ന ധാര്‍ഷ്‌ഠ്യത്തിന്‌ പിന്നിലെ പ്രേരകങ്ങള്‍ മറ്റ്‌ പലതുമാണ്‌. സാമ്പത്തിക അടിമത്വം ഒന്നാം യു.പി.എ കാലത്ത്‌ തന്നെ ശക്‌തമായി തുടങ്ങിവെച്ചതാണ്‌. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ പ്രതിഛായയില്‍ നിന്ന്‌ സ്വേഛാധിപതികളുടെ ഭരണ രീതിയിലേക്ക്‌ പ്രധാനമന്ത്രി മാറി സഞ്ചരിക്കുന്നെങ്കില്‍ ചില ശൈലികളുടെ കടം കൊള്ളല്‍ അതില്‍ നിഴലിച്ചിട്ടുണ്ട്‌.

ബുഷിന്റെയും ഒബാമയുടെയും ശൈലികളുടെ കടം കൊള്ളലാണെന്ന ആക്ഷേപത്തെ നിസ്സാരവല്‍ക്കരിക്കേണ്ടതില്ല. മുതലാളിത്ത രാജ്യങ്ങളുടെ ഇംഗിതങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട പാവകളെയല്ല രാഷ്ര്‌ടത്തിന്റെ നേതൃപദവിയില്‍ ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്‌. സര്‍ക്കാര്‍ എന്നതിനപ്പുറം ഒരു കോര്‍പ്പറേറ്റ്‌ സ്‌ഥാപനം പോലെയാണ്‌ ഭരണരംഗം അടിമുടി സംവിധാനിക്കപ്പെട്ടിരിക്കുന്നത്‌. ഓരോ കണിപ്പിനേയും ചലിപ്പിക്കാന്‍ അത്തരം എണ്ണയാണ്‌ ഒഴിച്ചുകൊടുക്കുന്നത്‌. 

മൂലധനശക്‌തികളുടെ കച്ചവടതാല്‍പര്യം മാത്രം പരിഗണിച്ചു മുമ്പോട്ടുപോവുന്ന സര്‍ക്കാരുകള്‍ക്ക്‌ ഒരിക്കലും ജനവികാരത്തെ വായിച്ചെടുക്കുവാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിലൂടെ ജനകീയ കോടതിയില്‍നിന്നു ലഭിക്കുന്ന വിധിയാണ്‌ ജനാംഗീകാരത്തിന്റെ പൊതു മാനദണ്ഡം. പ്രധാനമന്ത്രിതൊട്ട്‌ ക്യാബിനറ്റില്‍ എത്രപേര്‍ ഈ ജനാംഗീകാരം നേടി അധികാരത്തിലെത്തിയവരായുണ്ട്‌. അത്തരം രാഷ്ര്‌ടീയക്കാരും ബ്യൂറോക്രസിയും ഒന്നുചേര്‍ന്നാല്‍ എവിടെയാണ്‌ ജനവികാരം ഒപ്പിയെടുക്കാന്‍ കഴിയുന്നത്‌. 

അങ്ങനെയൊരു സംവിധാനം നിലനില്‍ക്കുമ്പോള്‍ ജനകീയ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്‌ണുത വളരുക സ്വാഭാവികമാണ്‌. തീക്ഷ്‌ണമായ ജീവിതസാഹചര്യങ്ങളാണ്‌ ഓരോ സമൂഹത്തെയും സമരരംഗത്തേക്കു നയിക്കുന്നത്‌. പ്രശ്‌നങ്ങളുടെ തീക്ഷ്‌ണതയാണ്‌ സമരങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതും സജീവത കൈവരുത്തുന്നതും. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേറിട്ട സമരങ്ങള്‍ ലോകത്ത്‌ അംഗീകൃതമായി നിലനില്‍ക്കുന്നുണ്ട്‌. സത്യാഗ്രഹവും ഉപവാസവും നിയമലംഘനങ്ങളും ഉപരോധവും ബന്ദും ഹര്‍ത്താലും വഴിതടയലും തുടങ്ങി പലവഴികളും സ്വീകരിക്കപ്പെടാറുണ്ട്‌. എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ന രീതിയില്‍ത്തന്നെ സമരം ചെയ്യണമെന്ന നിഷ്‌കര്‍ഷ ഒന്നിനും വച്ചുകൂട. തെരുവിലിറങ്ങി സമരം നടത്താന്‍ ഒരുകൂട്ടര്‍ തീരുമാനിച്ചാല്‍ അവരോടു നിങ്ങള്‍ മൗനവ്രതമാണ്‌ നടത്തേണ്ടതെന്ന്‌ ഉപദേശിക്കുന്നതിനാല്‍ അര്‍ത്ഥമില്ല.

ഒരു സമൂഹത്തിനും അവരുടെ ന്യായമായതെല്ലാം തളികയില്‍ എത്തിച്ചുകൊടുത്ത അനുഭവമില്ല. നിരന്തര പോരാട്ടത്തിലൂടെയാണ്‌ ഓരോ സമൂഹത്തിനും അര്‍ഹമായത്‌ നേടാന്‍ സാധിച്ചിട്ടുള്ളൂ. അതിനൊന്നും ഏകമാനസ്വഭാവം കാണാന്‍ കഴിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടവും അത്‌ വിളിച്ചു പറയുന്നുണ്ട്‌. നിഷേധിക്കപ്പെടുന്നവര്‍ ന്യായമായ ആവശ്യങ്ങള്‍ക്ക്‌ എക്കാലത്തും സമരരംഗത്തുണ്ടാവും. അതിനെ സഹിഷ്‌ണുതയോടെ കാണാന്‍ ഭരണാധികാരിക്കു കഴിയുമ്പോഴാണ്‌ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ.

നമ്മുടെ മനസ്സില്‍ ഒരു സമരവിരുദ്ധത രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഭരണകൂടവും മൂലധനശക്‌തികളും വിജയിക്കുന്നെങ്കില്‍ ജനാധിപത്യപ്രതലം എളുപ്പത്തില്‍ തകരുകയാവും ചെയ്യുക. ഹര്‍ത്താല്‍ വിരുദ്ധതയിലും ഈയൊരു മനസ്‌ഥിതിയുണ്ടോ എന്ന്‌ സംശയിക്കപ്പെടുകയാണ്‌. ഹര്‍ത്താലിന്റെ മറവിലെ അക്രമങ്ങള്‍ക്ക്‌ ന്യായീകരണം ഉണ്ടായിക്കൂടാ. ഒരു സര്‍ക്കാര്‍ നിരന്തരം ജീവിക്കാന്‍ അനുവദിക്കാത്തവിധം പൊറുതിമുട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അവസാനത്തെ സമരായുധംപ്രയോഗിക്കുമ്പോള്‍ അതിനോട്‌ അസഹിഷ്‌ണുത പുലര്‍ത്തുന്നത്‌ സമരവീര്യത്തെ ഐസ്‌കട്ട വച്ചു തണുപ്പിക്കലാണ്‌. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ ക്രിയാത്മകമായി തന്നെ ജനാധിപത്യ വഴിയില്‍ ഉപയോഗിക്കാന്‍ കഴിയേണ്ടതുണ്ട്‌. 

കൊടിയ അക്രമം നടത്തുന്ന സര്‍ക്കാരിന്റെ നിലപാടുകളെ തിരുത്തിക്കാന്‍ സ്വീകരിക്കുന്ന സമരവഴികളെ തകര്‍ക്കുന്നതിന്‌്്്‌ വ്യത്യസ്‌ഥ രീതികളിലൂടെ ശ്രമിക്കാറുണ്ട്‌. ജനങ്ങള്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ബാധ്യത സര്‍ക്കാരിനു തന്നെ. അതിന്റെ മറപിടിച്ച്‌ ഒരുസമരവും പാടില്ലെന്ന നിലപാട്‌ ഉണ്ടായിവന്നാല്‍ വലിയ അപകടമാണ്‌. സമരം നടത്തുന്നവര്‍ സമാധാനഭംഗക്കാരും മുതലാളിമാരും ഭരണകൂടവും സമാധാനത്തിന്റെ കൊടിവാഹകരുമാണെന്നു വിശ്വസിപ്പിക്കാന്‍ വ്യാജശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. 

സമരമുഖത്ത്‌ ആരു പ്രത്യക്ഷപ്പെടുന്നു എന്നതു നോക്കി അതിനെ തകര്‍ക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ ഒത്താശ നല്‍കാന്‍ ബാധ്യസ്‌ഥരെന്ന നിലയിലാണ്‌ സ്വാധീന ശക്‌തികളായ രാഷ്ര്‌ടീയ പ്രസ്‌ഥാനങ്ങള്‍ ശ്രമിക്കുന്നത്‌. മലിനീകരണത്തിനെതിരായ വ്യവസായ മേഖലയായ ഏലൂരിലെ സമരത്തില്‍ മുന്‍നിരയില്‍ പ്രത്യേക സമുദായക്കാരായതിനാല്‍ തീവ്രവാദമുഖം നല്‍കി വി എം സുധീരനെപ്പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്‌ അടുത്ത നാളുകളിലാണ്‌. ഏതുസമര മുഖത്തേയും തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങളാണ്‌ മാവോവാദം, തീവ്രവാദം, വിദേശ ബന്ധം, വിദേശപണം.. കൂടംകുളത്തും ചെങ്ങറയിലും പാലിയേക്കരയിലും വിളപ്പില്‍ശാലയിലും മാവൂരിലും ഭൂസമരങ്ങളിലുമെല്ലാം ഇതെല്ലാം സന്ദര്‍ഭാനുസരണം ഉപയോഗിച്ച മരുന്നുകളാണ്‌. വിഭിന്ന സ്വഭാവത്തിലൂടെ സമരമുഖങ്ങളെ ഭരണകൂടത്തിന്റെ ഒത്താശയോടെ തകര്‍ക്കാന്‍ മൂലധനശക്‌തികള്‍ ശ്രമിക്കുമ്പോള്‍ മലയാളിയും അറിയാതെ ഹാലേലുയ പാടുകയാണ്‌. 

ഡീസല്‍ വിലവര്‍ധനവില്‍ കേരളത്തില്‍ നടന്ന ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തുവെന്ന വാര്‍ത്തയാണ്‌ സമരങ്ങളോടുള്ള സമീപനങ്ങളിലെ വ്യതിയാനം ചര്‍ച്ചക്കെടുത്തത്‌. ഭരണകൂട ഭീകരതക്കും പൗരാവകാശ ലംഘനങ്ങള്‍ക്കും ഇരയാവുന്ന സാധാരണ ജനങ്ങളുടെ വേദനക്കു പരിഹാരമാവേണ്ട മനുഷ്യാവകാശ കമ്മിഷന്റെ പുതിയ കീഴ്‌ വഴക്കം സൃഷ്‌ടിക്കല്‍ അത്ഭുതമുളവാക്കുന്നതാണ്‌. 

സര്‍ക്കാര്‍ ചെയ്‌തികളെയെല്ലാം സംരക്ഷിക്കുകയെന്ന ദൗത്യനിര്‍വ്വഹണമാണ്‌ കമ്മിഷന്‍ ഏറ്റെടുക്കുന്നതെങ്കില്‍ സാധാരണക്കാര്‍ക്ക്‌ എവിടെച്ചെന്നാണ്‌ കാര്യങ്ങള്‍ ഉണര്‍ത്താനുണ്ടാവുക. മുന്‍ഗണനാ മേഖലകളില്‍ നിന്ന്‌ ഓരോ സര്‍ക്കാര്‍ സംവിധാനവും വേറിട്ടു നടക്കുമ്പോള്‍ സാധാരണപൗരന്‍ ആരെയാണ്‌ ആശ്രയിക്കുക. ജനങ്ങള്‍ സമരം ചെയ്യട്ടെ, അതിരുവിടുന്നതു നോക്കാന്‍ ആഭ്യന്തരവകുപ്പുണ്ട്‌്. നിരന്തര മനുഷ്യാവകാശ ലംഘനങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത്‌ ഉണ്ടാവുമ്പോള്‍ അവിടെയാണ്‌ അവകാശ സംരക്ഷണ കമ്മീഷനുകളുടെ മുന്‍ഗണനാമേഖല.

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ഒരു രക്തസാക്ഷ്യത്തിന്റെ ദീപ്തമായ ഓര്‍മകളില്‍

"സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറില്‍ ഒരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല'' (അഹ്സാബ്-23).
അബൂബക്കര്‍ മാസ്ററുടെ രക്തസാക്ഷ്യത്തിന് ഈ സപ്തംബര്‍ 20ന് ഇരുപതുവര്‍ഷം പൂര്‍ത്തിയാവുകയാണ്. രണ്ടു പതിറ്റാണ്ടിന്റെ ദീപ്തമായ ഓര്‍മകളില്‍ ഒരു വഴിവിളക്കു പോലെ ആ രക്തബിന്ദുക്കള്‍ ജനഹൃദയങ്ങളില്‍ ഒളിവിതറിനില്‍ക്കുന്നു. ഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്കു പടരുന്ന ഊര്‍ജപ്രവാഹം പോലെ ആ ഓര്‍മകള്‍ തലമുറകളെ ആവേശഭരിതമാക്കുകയും മുന്നോട്ടു കുതിക്കാനുള്ള പ്രചോദനമായി വര്‍ത്തിക്കുകയും ചെയ്യുന്നു. 
ഒരു സമര്‍പ്പിതമനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനു ദൈവികമായ സമ്മതി ലഭിച്ചാല്‍ എന്തു സംഭവിക്കുമോ, അതായിരുന്നു അബൂബക്കര്‍ മാസ്റ്ററുടെ ജീവിതം. ജാടകളേതുമില്ലാതെ, കണ്ടുമുട്ടുന്നവരോടെല്ലാം ചിരിച്ചും അവരെയെല്ലാം ചിരിപ്പിച്ചും അതിരില്ലാത്ത നിഷ്കളങ്കതയോടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. നല്ലതിനെയെല്ലാം പിന്തുണച്ചു. അരുതായ്മകളോടെല്ലാം ശിശുതുല്യമായ നിഷ്കപടതയോടെ കലഹിച്ചു. ദൈവം നല്‍കിയ ആരോഗ്യവും സമ്പത്തും തനിക്കു വേണ്ടി മാത്രമുള്ളതല്ലെന്നു വിശ്വസിച്ചതിനാല്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ശങ്കിച്ചുനില്‍ക്കാതെ സ്വന്തം ചുമലിലേറ്റി. ശമ്പളം കിട്ടിയാല്‍ അതിലൊരു വിഹിതം ആര്‍ക്കൊക്കെയോ വീതംവച്ചു കൊടുക്കാന്‍ ധൃതിപ്പെടുമായിരുന്നു ശിഷ്യരുടെ ആ പ്രിയഗുരുനാഥന്‍. അപ്രകാരം രഹസ്യമായി സഹായം കിട്ടിയിരുന്നവരിലൊരാള്‍ ഘാതകരിലൊരാളുടെ ക്ഷയരോഗിയായ അച്ഛനായിരുന്നുവെന്നു പിന്നീടാണറിയുന്നത്. അവസരങ്ങള്‍ ഇനി അധികമില്ല എന്നു തിരിച്ചറിഞ്ഞതു പോലെ നന്മകളില്‍നിന്നു നന്മകളിലേക്ക് ആ യുവാവ് ഓടിക്കൊണ്േടയിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ഭാഗമായതിനാല്‍, വലിയ വീടുകളില്‍നിന്ന് അദ്ദേഹത്തിനു വിവാഹാന്വേഷണങ്ങള്‍ വന്നു. അവയൊന്നും അദ്ദേഹത്തിനു സ്വീകാര്യമായില്ല. "പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. അങ്ങനെയായാല്‍ ഒരു കുടുംബം രക്ഷപ്പെടുമല്ലോ''- ഇതായിരുന്നു വാദം. കുടുംബത്തില്‍ പലര്‍ക്കും ആ നിലപാടു സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ 27ാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ ബാധ്യതകളോ കടപ്പാടുകളോ ഒന്നും ബാക്കിവച്ചില്ല. ഒരു ദൈവനിശ്ചയം പോലെ സ്വതന്ത്രമായ, വിജയശ്രീലാളിതമായ യാത്ര! 
വന്‍ ജനാവലിയുടെ അകമ്പടിയില്‍ ജനാസ വീട്ടിലെത്തിയപ്പോള്‍ വീടിനു പിറകില്‍നിന്നു കണ്ണീര്‍ വാര്‍ക്കുന്ന ലക്ഷ്മിയമ്മയെ പലരും കണ്ടിരുന്നു. രോഗിയായ ആ അമ്മയ്ക്കു സ്ഥിരമായി മരുന്നും പാലും വാങ്ങിക്കൊടുത്തിരുന്നത് അബൂബക്കര്‍ മാസ്ററായിരുന്നുവെന്ന് അപ്പോഴാണു ജനമറിയുന്നത്. നന്മനിറഞ്ഞ ഈ മനുഷ്യനെ സഹിക്കാന്‍ മാത്രമുള്ള ശേഷി പിശാചുക്കള്‍ക്കുണ്ടായിരുന്നില്ല. അതിനാലവര്‍ രാത്രിയുടെ ഇരുളുകളില്‍ പതിയിരുന്നു; ആ ചുടുരക്തത്തിനായി ദാഹിച്ചു. അതിനപ്പുറം മറ്റൊരു ന്യായീകരണവും അതിനു പറയാനില്ലായിരുന്നു. ഒരു സംഘര്‍ഷത്തിലും അബൂബക്കര്‍ മാസ്റര്‍ പങ്കുചേര്‍ന്നിട്ടില്ല. ഒരാളോടും വഴക്കിട്ടിരുന്നില്ല. ഒരാളെയും ഉപദ്രവിച്ചിരുന്നില്ല. പിശാചുക്കളുടെ ഈ ലോകത്തു നന്മനിറഞ്ഞ ഒരു ജീവിതംതന്നെ വലിയൊരു പ്രതിസന്ധിയും പ്രകോപനവുമാണെന്നു നാമറിയുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. 
ഇരുപതുകള്‍ പിന്നിടാത്ത ജീവിതത്തിന്റെ ഒരു വസന്തകാലം, മോഹങ്ങളും അഭിലാഷങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരു ജീവിതം ആദര്‍ശവഴിയില്‍ ബലിയായി നല്‍കുന്നതിനേക്കാള്‍ വലിയ മറ്റൊരു പ്രതിബദ്ധതയുണ്േടാ? നമ്മുടെ സഹോദരന്‍ ചെയ്തത് അതാണ്. ചരിത്രവഴിയില്‍ സ്വന്തം ഹൃദയരക്തത്തില്‍ ചാലിച്ചെഴുതിയ ആ ജീവിതസന്ദേശം ഒരിക്കലും മാഞ്ഞുപോകാത്ത വഴിയടയാളങ്ങളായി ഈ ദൌത്യത്തെ മുന്നോട്ടു നയിക്കുമെന്നതു സത്യം. 
"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരെ മരിച്ചവരെന്നു നിങ്ങള്‍ കരുതരുത്. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്, അല്ലാഹു നല്‍കിയ ഔദാര്യങ്ങളില്‍ സന്തുഷ്ടരായി...'' (ഖുര്‍ആന്‍).                

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

വികസനം അടിമത്തത്തിന്‌ വേണ്ടിയല്ല


പത്തു വര്‍ഷത്തിനിടയില്‍ പല സ്വപ്‌നപദ്ധതികള്‍ക്കു വേണ്ടി പതിച്ചുനല്‍കുകയും പാട്ടത്തിനു നല്‍കുകയും ചെയ്‌ത ഭൂമിയും സൗകര്യങ്ങളും വീണ്ടുമൊരു നിക്ഷേപസംഗമം നടക്കുമ്പോള്‍ പരിഹാസപൂര്‍വം പല്ലിളിച്ചു നില്‍ക്കുന്നത്‌ കാണാതെ പോവരുത്‌. ഏതു പദ്ധതികളിലേക്കും നിക്ഷേപക ആകര്‍ഷിക്കപ്പെടണമെങ്കില്‍ ലാഭത്തെക്കുറിച്ച്‌ ശരിയായ ധാരണയുണ്ടാവണം. അതുകൊണ്ട്‌ ഏതു നിക്ഷേപകന്റെയും കണ്ണ്‌ അവനു ലഭിക്കുന്ന ലാഭത്തിലാണ്‌. 

വികസന മേഖലയിലെ മുന്നേറ്റത്തിലും കുതിപ്പിലും കേരളം പിന്നിലാവണമെന്ന്‌ ഒരു കേരളീയനും ആഗ്രഹിക്കില്ല. യുക്‌തിസഹവും കാര്യബോധ്യത്തോടെയുമുള്ള ഏത്‌ വികസന സംരംഭങ്ങളോടും പോസിറ്റീവായ പ്രതികരണമാണ്‌ നമ്മുടെ നാട്ടില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളൂ. അതേസമയം, എമെര്‍ജിംഗ്‌ കേരള എന്ന വികസന കവാടത്തെ സംശയദൃഷ്‌ടിയോടെ നോക്കിക്കാണുന്നതും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നതും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം വികസനവിരുദ്ധതയാവണമെന്നില്ല. 

അവ്യക്‌തത നിറഞ്ഞതും സുതാര്യവുമല്ലാത്ത പലകാര്യങ്ങളും അതിനകത്തുള്ളതിനാലാണ്‌ ഇത്രയേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ കാരണം. വികസനത്തിന്റെയും വളര്‍ച്ചയുടെയുമെല്ലാം ആദ്യാവസാന ഗുണഭോക്‌താക്കളാവേണ്ടത്‌ ജനങ്ങള്‍ തന്നെയാണ്‌. എന്നാല്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ എല്ലാറ്റിന്റെയും ആദ്യഗുണഭോക്‌താക്കള്‍ ഭരിക്കുന്ന കക്ഷികളിലെ നേതാക്കളും, അവരുടെ ബന്ധുക്കളും ആശ്രിതരും ബ്യൂറോക്രാറ്റുകളും അവരുടെ ബിനാമികളുമാണ്‌. പൊതുവായി വിലയിരുത്തുമ്പോള്‍ ജനങ്ങള്‍ വികസനത്തിന്റെ ഇരകള്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമൊരു മുന്നനുഭവമാണ്‌ വികസനത്തിന്റെ മറവില്‍ എമെര്‍ജിംഗ്‌ കേരളയിലൂടെ ഉണ്ടായേക്കാവുന്ന വഴിവിടലുകളെക്കുറിച്ച്‌ ആശങ്കയുണര്‍ത്തുന്നത്‌. 

കൊച്ചിയിലെ ആഗോള നിക്ഷേപസംഗമത്തിന്റെ പര്യവസാനം ഏത്‌ വിധത്തിലായാലും പല അക്കൗണ്ടുകളിലേക്കും വന്‍സംഖ്യകളുടെ മെര്‍ജിങ്‌ ഇതിനകം തന്നെ നടന്നുകഴിഞ്ഞിട്ടുണ്ടാവും. സാമൂഹിക പ്രതിബദ്ധതയുള്ള പൗരാവകാശ മാധ്യമപരിസ്‌ഥിതി പ്രവര്‍ത്തകരുടെയും ധീരമായ പോരാട്ടങ്ങള്‍ അതുകൊണ്ട്‌ തന്നെ വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. യാഥാര്‍ഥ്യബോധം കൈവിട്ടുകൊണ്ടാവരുത്‌ വികസനശ്രമങ്ങള്‍ നടത്തേണ്ടത്‌. 

നമ്മുടെ വിഭവങ്ങളുടെ ആദ്യപ്രയോജനം ലഭിക്കുന്നത്‌ നമുക്ക്‌ തന്നെയാവണം. സുതാര്യമായി കാര്യങ്ങള്‍ അവതരിപ്പിച്ച്‌ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ മുമ്പോട്ട്‌ പോകുന്നതിന്‌ പകരം തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന ധാര്‍ഷ്‌ഠ്യം പ്രകടിപ്പിക്കാന്‍ മാത്രം ജനപിന്തുണയുള്ള സര്‍ക്കാരല്ല നിലനില്‍ക്കുന്നതെന്ന്‌ മറന്നുകൊണ്ടാണ്‌ പലപ്പോഴും ഭരണസാരഥികള്‍ മുന്നോട്ട്‌ പോവുന്നത്‌. അത്തരമൊരു നിലപാടിലെത്താന്‍ ഭരണാധികാരികള്‍ക്ക്‌ ധൈര്യം പകരുന്ന ഘടകങ്ങളിലൊന്ന്‌ പ്രധാന പ്രതിപക്ഷമായ സി.പി.എമ്മിന്റെ കൂടി മൗനാനുവാദങ്ങളാണ്‌. പുറംലോകം അറിയാതെ ഇരുമുന്നണികളെയും യോജിപ്പിച്ച്‌ നിര്‍ത്തുന്ന ചില അദൃശ്യസ്വാധീന ഘടകങ്ങള്‍ ജനവിരുദ്ധമായ നിലപാടുകളില്‍ ഇരുവിഭാഗത്തിന്റെയും ആശ്വാസകേന്ദ്രങ്ങളാണ്‌. 

പ്രകൃതിസ്‌നേഹികളും പൗരസമൂഹവും മാധ്യമങ്ങളിലെ നല്ല പങ്കും എമെര്‍ജിംഗ്‌ കേരളയിലെ ചതിക്കുഴികള്‍ ഓരോന്ന്‌ അക്കമിട്ട്‌ നിരത്തി രംഗത്തുവരുമ്പോഴും ഭരണപക്ഷത്തിനെതിരെയുള്ള ആയുധത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സി.പി.എമ്മിനെ കഴിയാതെ പോയി. ഇത്‌ ഒരു പരിധിവരെ അവരുടെ വാലും അമ്മിക്കടിയില്‍ കിടക്കുന്നത്‌ മൂലമാണ്‌. കോണ്‍ഗ്രസിലെ മുതിര്‍ന്ന പലനേതാക്കള്‍ക്കും നിയമസഭാ സാമാജികരില്‍ പലര്‍ക്കും യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷികള്‍ക്കും ബോധ്യമാവാത്ത ഒരു പ്രധാനപദ്ധതിയും പരിപാടിയുമായി ഭരണകക്ഷി മുന്നോട്ട്‌ പോവുമ്പോള്‍ പ്രതിപക്ഷ നിരയുടെ കുറ്റകരമായ മൗനം ആശങ്കയുണര്‍ത്തുന്നുണ്ട്‌. ഉദ്ദേശ്യശുദ്ധിയെ സംശയിക്കാന്‍ പാകത്തിലുള്ളതായിരുന്നു എമെര്‍ജിങ്‌ കേരളയുടെ ഓരോ ചുവടുകളും. ഉദ്യോഗസ്‌ഥരുടെ താന്തോന്നിത്തരത്തിന്‌ മുന്നില്‍ എക്കാലത്തെയും പോലെ ഭരണാധികാരികള്‍ക്ക്‌ നിസ്സഹായാമാവാനേ സാധിക്കുമായിരുന്നുള്ളൂ. ഉത്തരവാദിത്ത്വബോധമുള്ള പ്രതിപക്ഷത്തിന്റെ പിന്നാക്കം പോകലിനെ സംശയദൃഷ്‌ടിയോടെ നോക്കിക്കാണേണ്ടിവരുന്നു. 

തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്ത്‌ വികസനം സാധ്യമാക്കിയെടുക്കാന്‍ മുന്നോട്ടുവരുന്ന ശക്‌തികള്‍ ആരാണെന്നും അവരുടെ പിന്നിലെ പ്രേരകങ്ങള്‍ എന്തെല്ലാമാണെന്നും തിരിച്ചറിയാതെ കത്തിയും കയറുമെല്ലാം ഒന്നിച്ചുനല്‍കിയാല്‍ ഒരുകാലത്തും നഷ്‌ടങ്ങള്‍ നികത്താനാവില്ല. ഒരു തരത്തിലുള്ള തൊഴില്‍ നിയമങ്ങളും ബാധകമാവാത്ത നീതിന്യായ സംവിധാനങ്ങള്‍ക്ക്‌ പോലും ഇടപെടാന്‍ കഴിയാത്ത പ്രത്യേക സാമ്പത്തികമേഖലയുടെ കണക്കറ്റ ശൃംഖലകളാണ്‌ സൃഷ്‌ടിച്ചെടുക്കപ്പെടുന്നതെങ്കില്‍ വികസനത്തിലൂടെ പുതിയൊരു അടിമത്തം ഏറ്റുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. വികസന കുത്തിപ്പിനായി പല പരീക്ഷണങ്ങളും നടത്തിയ സംസ്‌ഥാനമാണ്‌ കേരളം. അതിനായി പല വണ്ടികളും ഇതിനുമുമ്പുള്ള ഭരണാധികാരികള്‍ റോഡിലിറക്കിയിട്ടുണ്ട്‌. 

വികസനത്തിന്റെ അവസാന വണ്ടിയോടിച്ചത്‌ എ.കെ. ആന്റണി ജിമ്മിലൂടെയായിരുന്നു. അതിനേക്കാള്‍ മെച്ചപ്പെട്ടതൊന്നും ഉമ്മന്‍ചാണ്ടി നിരത്തിലറക്കുന്ന അതിവേഗ വണ്ടിയില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. ദിക്ഷണാശാലിയും വികസനകാഴ്‌ചപാടില്‍ മുന്‍ നിരക്കാരനുമായ എ.പി.ജെ. അബ്‌ദുല്‍കലാമിനെ ഏഴ്‌ വര്‍ഷം മുമ്പ്‌ വേഷം കെട്ടിച്ച്‌ നമ്മള്‍ റോഡിലിറക്കിയിട്ടുണ്ട്‌. ആ മഹാപ്രതിഭയുടെ വിഷന്‍ 2010 എവിടെപ്പോയെന്ന്‌ ആര്‍ക്കും അറിയില്ല. അഥവാ ആരവത്തോടെയും ആഘോഷത്തോടെയും കെട്ടിയെഴുന്നുള്ളിച്ച പല വികസനപദ്ധതികളും മറുകരയില്‍ എത്തിക്കാന്‍ കഴിയാതെ സ്വന്തം പരാജയം ലോകരെ വിളിച്ചറിയിച്ചവരാണ്‌ കേരളീയര്‍. 

പത്ത്‌ വര്‍ഷത്തിനിടയില്‍ പല സ്വപ്‌നപദ്ധതികള്‍ക്ക്‌ വേണ്ടിയും പതിച്ചുനല്‍കുകയും പാട്ടത്തിന്‌ നല്‍കുകയും ചെയ്‌ത ഭൂമികളും സൗകര്യങ്ങളും വീണ്ടുമൊരു നിക്ഷേപസംഗമം നടക്കുമ്പോള്‍ പരിഹാസപൂര്‍വം പല്ലിളിച്ച്‌ നില്‍ക്കുന്നത്‌ കാണാതെ പോവരുത്‌. ഏത്‌ പദ്ധതികളിലേക്കും നിക്ഷേപര്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ ലാഭത്തെക്കുറിച്ച്‌ ശരിയായ ധാരണയുണ്ടാവണം. അതുകൊണ്ട്‌ ഏത്‌ നിക്ഷേപകന്റെയും കണ്ണ്‌ അവന്‌ ലഭിക്കുന്ന ലാഭത്തിലാണ്‌. 

ലാഭത്തിന്‌ വേണ്ടിമാത്രം നിലകൊള്ളുന്ന സാമ്പത്തിക ശക്‌തികള്‍ക്ക്‌ അവരുടെ ലാഭനഷ്‌ടത്തിനപ്പുറം നമ്മുടെ വികാസത്തെക്കുറിച്ചോ പുരോഗതിയെക്കുറിച്ചോ ഒരുവിധ വിശാലതയുമുണ്ടാവാന്‍ ഇടയില്ല. കൊച്ചിയിലെ നിക്ഷേപസംഗമത്തില്‍ 52 രാഷ്‌ട്ര പ്രതിനിധികള്‍ എത്തിയിട്ടുണ്ട്‌. 2500ഓളം പ്രതിനിധികളും. ഇന്ത്യന്‍ കമ്പനികളും സംരംഭകരും പൊതുമേഖലാ സ്‌ഥാപനങ്ങളും രംഗത്തുണ്ടെങ്കിലും വിദേശമൂലധന ശക്‌തികള്‍ക്കാവും മേല്‍ക്കൈ ലഭിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. നല്ല മനസ്സോടെ വന്ന അതിഥികളോട്‌ അപമര്യാദയായി പെരുമാറിയ യാതൊരു പാരമ്പര്യവും നമ്മള്‍ കേരളീയര്‍ക്കില്ല. അതിനാല്‍ നിക്ഷേപസംഗമത്തിലെ അതിഥികളോടും ആ പാരമ്പര്യം കേരളീയര്‍ കാത്തുസൂക്ഷിക്കും. 

അതേസമയം, നമ്മുടെ അന്തകരുടെയും ചൂഷകരുടെയും ശരിയായ മുഖം തിരിച്ചറിയാനും കഴിയേണ്ടതുണ്ട്‌. കൊച്ചിയിലെത്തിയെ സംരംഭകരില്‍ പലര്‍ക്കും പലതിലുമായിരിക്കും താല്‍പ്പര്യം. അമേരിക്കയില്‍ നിന്ന്‌ 22 കമ്പനികള്‍ എത്തിയിട്ടുണ്ട്‌. മര്‍മ്മപ്രധാനമായ പലതിലും അവര്‍ക്ക്‌ വലിയ കണ്ണുണ്ട്‌. വിദ്യാഭ്യാസം, ഐടി, അടിസ്‌ഥാനസൗകര്യവികസനവും അനുബന്ധമേഖലകളുമെല്ലാം അവരുടെ താല്‍പ്പര്യഘടകങ്ങളാണ്‌. ബ്രിട്ടന്‌ ആരോഗ്യത്തിലാണ്‌ താല്‍പ്പര്യം. കുടിവെള്ളത്തിലും കൃഷിയിലും ഇസ്രായേല്‍ നേരത്തേ കണ്ണുവെച്ചതാണ്‌. പിന്നെ നമ്മുക്ക്‌ എന്ത്‌ എന്ന്‌ ആരും ചോദിക്കരുത്‌. അങ്ങനെ ചോദിച്ചാല്‍ അത്‌ വികസന വിരുദ്ധതയും അപമര്യാദയുമായിത്തീരും. ബി.ജെ.പിയും കോണ്‍ഗ്രസും നേരത്തെ തന്നെ കേന്ദ്ര അധികാരത്തിലിരുന്ന്‌ സുപ്രധാനമായ പല മേഖലകളിലും മേധാവിത്ത ശക്‌തികളോട്‌ ധാരണയിലെത്തിയിട്ടുണ്ട്‌. അതിന്റെ ഭാഗമായി പല തന്ത്രപ്രധാനമായ മേഖലകളുടെയും നിയന്ത്രണം ഇത്തരം ശക്‌തികള്‍ക്ക്‌ ലഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കപ്പെട്ടതാണ്‌ നിലവിലുള്ള ദേശീയ ഘടന. 

സാമ്പത്തിക മേഖലയുടെ സമ്പൂര്‍ണ അടിമത്വത്തിന്‌ ശേഷം ആഭ്യന്തര മേഖലയുടെ നിയന്ത്രണം പോലും ആ വഴിയിലേക്ക്‌ നീങ്ങുന്ന അപകടകരമായ ഒരു ദേശീയ ചുറ്റുപാടും നമ്മുടെ രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. യുദ്ധത്തിന്റെ മാര്‍ഗത്തേക്കാള്‍ എളുപ്പത്തില്‍ കച്ചവടത്തിന്റെ വഴിയിലൂടെയാണ്‌ അധിനിവേശ ശക്‌തികള്‍ രാജ്യത്തെ കീഴ്‌പ്പെടുത്തിയത്‌. 

ആ ചരിത്രത്തിന്റെ ആവര്‍ത്തനത്തിന്‌ പുതിയ തന്ത്രങ്ങളിലൂടെ എളുപ്പവഴികള്‍ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ഇടതുവലതു ശക്‌തികളുടെ കലവറയില്ലാത്ത പിന്തുണയോടെയാണ്‌ നമ്മുടെ വിഭവങ്ങള്‍ ഊറ്റിയെടുക്കാനും നമ്മുടെ സ്വഭാവത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കാനും അധിനിവേശ ശക്‌തികള്‍ക്ക്‌ കഴിഞ്ഞുകൊണ്ടിരിക്കുന്നത്‌. അമേരിക്കന്‍ സ്‌ഥാനപതി നാന്‍സി പവലിനെ മുഖ്യാതിഥിയായി നിക്ഷേപസംഗമത്തിലേക്ക്‌ ക്ഷണിച്ചതില്‍ അരിശംപ്രകടിപ്പിക്കുന്ന സി.പി.എം സെക്രട്ടറി പിണറായിയുടെ നിലപാടിലും തരിമ്പും ആത്മാര്‍ഥത ദര്‍ശിക്കാന്‍ കഴിയുന്നില്ല. 

മലയാളിയുടെ സ്വബോധത്തെ ഇങ്ങനെ പരിഹസിക്കാന്‍ കഴിയുക പിണറായിക്ക്‌ മാത്രമാണ്‌. ചെന്നൈയിലെ അമേരിക്കാന്‍ കോണ്‍സുലേറ്റ്‌ നമ്മുടെ നാട്ടിന്റെ ഓരോ സ്‌പന്ദനങ്ങളും ഒപ്പിയെടുക്കുക മാത്രമല്ല ചെയ്‌തതിരുന്നത്‌. വ്യക്‌തമായ ഒരു അമേരിക്കന്‍ മനസ്സ്‌ സകലമാന മേഖലയിലും രൂപപ്പെടുത്തിയെടുക്കാന്‍ വര്‍ഷങ്ങളായി നിതാന്തജാഗ്രതയോടെ നീങ്ങിയ ഒരു ചാരസങ്കേതം പോലെയായിരുന്നു. അവരുടെ ഒളിയജണ്ട തിരിച്ചറിയാതെ തലവെച്ച്‌ കൊടുത്തത്‌ പിണറായിയും സി.പി.എം നേതൃത്വവുമായിരുന്നെന്ന്‌ നിഷേധത്തിന്‌ വകയില്ലാത്തവിധം 2011 ഓഗസ്‌റ്റില്‍ വിക്കിലീക്‌സ് വെളിപ്പെടുത്തിയതാണ്‌. ഇത്‌ പിണറായിക്ക്‌ മറക്കാനാവുമെങ്കിലും കേരളത്തിന്‌ മറക്കാനാവില്ല. അമേരിക്കന്‍ സൗഹൃദം തെറ്റല്ലെന്ന്‌ പുതിയ സിദ്ധാന്തം തന്നെ കേന്ദ്രതലത്തില്‍ ആവഷ്‌കരിച്ച സി.പി.എമ്മിന്‌ കേരളത്തിലെ നിക്ഷേപസംഗമത്തില്‍ അമേരിക്കന്‍ സ്‌ഥാനപതിയുടെ സാന്നിധ്യത്തെ വിമര്‍ശിക്കാന്‍ എന്തര്‍ഹതയാണുള്ളത്‌. ഇപ്പോഴും പോളിറ്റ്‌ബ്യൂറോയില്‍ തുടരുന്ന ബുദ്ധദേവ്‌ ഭട്ടാചാര്യ ബംഗാളില്‍ തുടങ്ങിയതിന്റെ തുടര്‍ച്ച മമത ഏറ്റെടുത്ത്‌ നിര്‍വഹിക്കുമ്പോള്‍ അമേരിക്കന്‍ അംബാസിഡര്‍ എങ്ങനെയാണ്‌ അനഭിമതമായി തീരുന്നത്‌. 

അമേരിക്കന്‍ പ്രതിനിധികളെ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലിരുത്തി നന്നായി സല്‍ക്കരിച്ച ശേഷം കൊക്കോള സമരത്തില്‍ കുമ്പസാരം നടത്തിയത്‌ കേന്ദ്രനേതാക്കളായ പിണറായിയും ബേബിയും തോമസ്‌ ഐസക്കും ഒന്നിച്ചായിരുന്നു. വിപ്ലവകാരിയായ സീതാരാം യെച്ചൂരിക്കും അമേരിക്കന്‍ പ്രതിനിധികളോട്‌ സൗഹൃദം വെക്കുന്നതില്‍ തെറ്റൊന്നും തോന്നിയിരുന്നില്ല. അധികാരത്തിലിരിക്കുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക്‌ ഏത്‌ ചെകുത്താനും സ്വീകാര്യമായതിന്റെ ചരിത്രം സി.പി.എമ്മിന്റെമേല്‍ എത്രയോ രേഖപ്പെടുത്തപ്പെട്ടതായിട്ടുണ്ട്‌. 

ഡി.പി.ഇ.പിയും എന്‍റോനും, എ.ഡി.ബി വായ്‌പയും ഇസ്രായേല്‍ ബന്ധവും നന്ദീഗ്രാം കൂട്ടക്കൊലയും സി.പി.എമ്മിന്റെ സാമ്രാജ്യത്വ മൂലധനശക്‌തി വിരോധത്തിന്റെ നല്ല മാതൃകകള്‍ തന്നെയാണ്‌. മൂലധനകേന്ദ്രീകൃത ഘടനയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ചെറുത്ത്‌ നില്‍പ്പിന്റെ ഇടതു സ്വരങ്ങള്‍ ഏറെ നേര്‍ത്തതായി മാറിയെന്ന്‌ സാരം. ലോകം വെട്ടിവിഴുങ്ങാന്‍ ആര്‍ത്തിപൂണ്ട്‌ നടക്കുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയുമെല്ലാം വ്യാമോഹങ്ങള്‍ക്ക്‌ തടസ്സമില്ലാതെ വഴിവെട്ടിക്കൊടുക്കുന്നതില്‍ ഇടതുചേരിയും സങ്കോചമില്ലാതെ പങ്കാളിയായി മാറിക്കൊണ്ടിരിക്കുന്നു. 

വികസനത്തിന്‌ അമേരിക്കന്‍ മാതൃകയെ കണ്ണടച്ച്‌ അനുകരിക്കാന്‍ തുനിയുന്ന ഭരണസംവിധാനങ്ങള്‍ക്ക്‌ ഇതെല്ലാം എങ്ങനെ നമ്മുടെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. തങ്ങള്‍ക്ക്‌ ശേഷം പ്രളയമായാലും തരക്കേടില്ലെന്ന മനസോടെയാണ്‌ എല്ലാകാര്യങ്ങളുടെയും പോക്ക്‌. മതആത്മീയ രംഗങ്ങള്‍ വരെ അമേരിക്കന്‍ നിയന്ത്രിതമാവുന്ന കാലത്ത്‌ അശുഭ ചിന്തകളൊന്നും സീറോ ടവറില്‍ മെഴുകിതിരി കത്തിച്ചവരുടെ പിന്മുറക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്ക, അവരുടെ മേധാവിത്ത്വത്തിന്‌ വേണ്ടിയുള്ള ഒരു ലോക പരിസരം സൃഷ്‌ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. 

ഗൂഢമായ പലനീക്കങ്ങളിലൂടെ കുറേയേറെ വിജയിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നത്‌ കഥയറിയാതെ നിന്നുകൊടുക്കുന്ന ഭരണസംവിധാനങ്ങള്‍ ഉള്ളിടത്താണ്‌. അതില്‍ നമ്മളും പെട്ടുപോവുന്നുണ്ട്‌. ഇത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞ്‌ തുറന്നുകാണിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ഹീനമായ പ്രചാരവേലകള്‍ നടത്തിയാണ്‌ മേല്‍ക്കൈ ഉണ്ടാക്കിയെടുക്കുന്നത്‌. 

വിവേചനങ്ങളെയും ജനവിരുദ്ധതയെയും തുറന്ന്‌ എതിര്‍ക്കുന്ന പ്രസ്‌ഥാനങ്ങളെ അമര്‍ച്ച ചെയ്യാനും ജനകീയസമരങ്ങളെ തകര്‍ക്കാനും അടിച്ചൊതുക്കാനും ഭരണകൂടങ്ങള്‍ക്ക്‌ പ്രേരണയും പ്രോല്‍സാഹനവും ലഭിക്കുന്നത്‌ അമേരിക്കന്‍ഇസ്രായേല്‍ തന്ത്രങ്ങളും പരിശീലനങ്ങളുമാണ്‌. ജനഹിതം മാനിക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ കഴിയാതെ പോവുന്നത്‌ ഇത്തരം പരിശീലനം ലഭിച്ച ഉദ്യോഗസ്‌ഥരുടെ നിയന്ത്രണം മൂലമാണ്‌. ഇത്തരം അപകടങ്ങളെല്ലാം വികസനപ്പാച്ചിലിനിടയില്‍ കാണാതിരുന്നാല്‍ നമ്മുടെ ഭാവി ഇരുണ്ടതായിത്തീരും.

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ഒളിയമ്പിലെ വിഷം



പേരും സമുദായവും നോക്കി കുറ്റകൃത്യങ്ങള്‍ ലഘുവും ഗുരുവുമായിക്കൂടാ. തിരുവനന്തപുരത്തെ മുഹ്‌സിനെ ലെറ്റര്‍ ബോംബിന്റെ പേരില്‍ കുറ്റവാളിയാക്കി അയാളുടെ ജീവിതം തകര്‍ത്തു. യഥാര്‍ത്ഥ പ്രതി പിടിക്കപ്പെട്ടപ്പോള്‍ മനോരോഗമായി ലളിതവല്‍ക്കരിച്ചു. റെയില്‍ പാളത്തിലെ ബോംബ്‌ മുസ്ലിം സമുദായമല്ലാത്തതിനാലാണ്‌ വ്യക്‌തിവൈരാഗ്യമായതെന്ന്‌ ഏതു സാധാരണക്കാരനും അടക്കം പറയുന്നുണ്ടെങ്കില്‍ അതിലേക്കു കാര്യങ്ങളെത്തിച്ചതിന്റെ ഉത്തരവാദിത്തില്‍ നിന്ന്‌ നമ്മുടെ സേനയ്‌ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല

നിയമം അനുസരിക്കേണ്ട ജനങ്ങള്‍ അതു കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത്‌ സ്വസ്‌ഥതയുണ്ടാവില്ല. അതു തടയുന്നതിന്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുന്ന എല്ലാ നീക്കങ്ങള്‍ക്കും ജനങ്ങളുടെ സ്വാഭാവിക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിയമവാഴ്‌ച ഉറപ്പാക്കുകയും ജനങ്ങളില്‍ സുരക്ഷിതബോധം പകര്‍ന്നു നല്‍കുകയും ചെയ്യേണ്ട ബാധ്യത ആഭ്യന്തരവകുപ്പിന്റേതാണ്‌. 

കുറ്റകൃത്യങ്ങള്‍ തടയാനും സ്വൈരജീവിതം ഉറപ്പാക്കാനും നടത്തുന്ന ആത്മാര്‍ഥവും നിഷ്‌പക്ഷവുമായ ഒരു നീക്കത്തെയും ആരും എതിര്‍ക്കുകയോ വില കുറച്ചുകാണുകയോ ചെയ്യില്ല. വിയോജിപ്പുകള്‍ക്കിടയിലും കഴിഞ്ഞ നാലഞ്ചുമാസത്തിനിടെ സംസ്‌ഥാനത്ത്‌ അക്രമ രാഷ്‌ട്രീയത്തിനെതിരായി നടന്ന നല്ല നീക്കങ്ങള്‍ക്ക്‌ പൊതുപിന്തുണ ലഭിച്ചതും അത്തരമൊരു മനോനിലയില്‍നിന്ന്‌ തന്നെയാവണം. അതിനുള്ള ക്രെഡിറ്റ്‌ മറ്റാരെക്കാളും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്‌ തന്നെയാണ്‌ അവകാശപ്പെടാനാവുക. അതേസമയം കാതലായ രാഷ്‌ട്രീയ വിമര്‍ശനങ്ങളുടെ അകക്കാമ്പ്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. അത്‌ മറ്റൊരവസരത്തിലാവാമെന്നു തോന്നുന്നു.

ജനഹിതമറിഞ്ഞുകൊണ്ടുകൂടിയാവണം പോലീസ്‌ മുമ്പോട്ടുപോവേണ്ടത്‌. പലപ്പോഴും ഇതില്‍നിന്നുളള വ്യതിയാനങ്ങള്‍ നികത്താനാവാത്ത വിടവുകളിലേക്ക്‌ കൊണ്ടെത്തിച്ചിട്ടുണ്ട്‌. ജനായത്ത ഭരണ സംവിധാനത്തിലെ പോലീസിനൊരിക്കലും രാജഭരണത്തിന്റേയോ ഏകാധിപത്യ ഭരണത്തിന്റെയോ ശീലങ്ങള്‍ കൈവന്നുകൂടാ. നമ്മുടെ സേനയെക്കുറിച്ച്‌ നല്ല മതിപ്പുകള്‍ ആവോളം പങ്കുവെയ്‌ക്കാനുണ്ടാവുമ്പോഴും കല്ലുകടികള്‍ അപമാനങ്ങളായിത്തന്നെ മുഴച്ചുനില്‍ക്കുന്നുണ്ട്‌. 

നാലുവര്‍ഷത്തിനടുത്ത്‌ കേരളത്തിന്റെ പോലീസ്‌ മേധാവിയായിരുന്ന ജേക്കബ്‌ പുന്നൂസ്‌ അധികാരദണ്ഡ്‌ പുതിയ മേധാവിക്ക്‌ ഓഗസ്‌റ്റ് 31ന്‌ കൈമാറി. പുതിയ മേധാവി കെ.എസ്‌. ബാലസുബ്രഹ്‌മണ്യത്തിന്‌ ഭരണകാര്യങ്ങളില്‍ തനതു ശൈലിയുണ്ട്‌. മുന്‍ഗാമികളുടെ ശൈലി കടംകൊണ്ടാവില്ല ഓരോരുത്തരും തങ്ങളുടെ കഴിവും പ്രാവീണ്യവും തെളിയിക്കുക. പ്രത്യേകിച്ച്‌ സേനയ്‌ക്കകത്ത്‌ അത്തരം കീഴ്‌വഴക്കങ്ങള്‍ കുറവാണ്‌. നയപരമായ കാര്യങ്ങളിലൊഴികെ നൂതന പരിഷ്‌കാരങ്ങള്‍ വരുത്തി ഭരണനൈപുണ്യം തെളിയിക്കുന്നവരെയാണ്‌ എക്കാലവും നല്ലനിലയില്‍ സ്‌മരിക്കപ്പെടുക. അതിന്‌ അവസരമൊരുക്കാന്‍ പിന്‍ഗാമികള്‍ക്ക്‌ കഴിയുംവിധം വഴി തുറന്നിടുന്ന ഒരു നല്ലശീലം പൊതുവായി എല്ലാവരും സ്വീകരിച്ചുകാണാറുണ്ട്‌. 

2012 ഓഗസ്‌റ്റ് 31ന്‌ പോലീസ്‌ ആസ്‌ഥാനത്തുനിന്ന്‌ 27/2012 നമ്പറില്‍ താഴേക്കുപോയ സര്‍ക്കുലര്‍ ഈയൊരു നല്ല ശീലത്തിന്‌ കളങ്കമായില്ലേ എന്ന പ്രതിവാദം ആശങ്കയായി രേഖപ്പെടുത്താതിരുന്നുകൂടാ. 

പൊതുചര്‍ച്ചയായി വരുന്ന ഒരു വിഷയത്തില്‍ പിന്‍ഗാമിക്ക്‌ മതിയായ പഠനത്തിന്‌ സാവകാശം നല്‍കേണ്ടതായിരുന്നു. വിശിഷ്യാ മുന്‍വിധികള്‍ കുറയുകയും കാര്യങ്ങളില്‍ ശ്രദ്ധിച്ചു നീങ്ങുകയും ചെയ്യുന്ന ഒരാള്‍ പിന്‍ഗാമിയായി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അധികാര കൈമാറ്റത്തിന്‌ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ പുറത്തുവരുന്ന ഒരു ഉത്തരവിന്‌ പിന്നിലെ കൗശലങ്ങള്‍ പലതാവാന്‍ വഴിയുണ്ട്‌. ഇവ്വിധമുള്ള ഉത്തരവുകളുടെ സാംഗത്യവും നിയമപ്രാബല്യവുമെല്ലാം നിയമം ലോകം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്‌.

സദാചാരത്തെക്കുറിച്ച്‌ നല്ല വിചാരങ്ങള്‍പോലും വല്ലാത്ത അസഹിഷ്‌ണുതയോടെയും മുന്‍വിധിയോടെയും കാണുന്നവര്‍ക്ക്‌ വീണ്ടുമൊരു പ്രകോപനം സൃഷ്‌ടിക്കാനല്ല ഈ രണ്ടാംപക്ക പങ്കുവെയ്‌ക്കല്‍. പൊതുസമൂഹത്തിന്‌ അലോസരം സൃഷ്‌ടിക്കുകയും അസ്വസ്‌ഥത പകരുകയും ചെയ്യുന്ന സദാചാരപോലീസിനെക്കുറിച്ച്‌ പോലീസ്‌ മേധാവിയുടെ നല്ല ചിന്തയെ വിമര്‍ശിക്കുന്നത്‌ ശരിയല്ല. 

ക്രമസമാധാനപാലനത്തിന്റെ മുഖ്യചുമതലക്കാര്‍ ആവഴി ചിന്തിക്കുകയും മുമ്പോട്ടുപോവുകയും ചെയ്യുന്നില്ലെങ്കില്‍ അയാള്‍ ആ സ്‌ഥാനത്തിന്‌ യോഗ്യനല്ല. അതേസമയം ഒളിയമ്പുകളിലെ വിഷം സാവകാശ മരണത്തിന്‌ വഴിയൊരുക്കുന്ന രംഗങ്ങള്‍ മുന്‍കൂട്ടി കാണാതിരുന്നുകൂടാ.

ഏതു കുറ്റകൃത്യവും തടയാനും ആവര്‍ത്തിക്കപ്പെടാതിരിക്കാനും പര്യാപ്‌തമായ വഴികള്‍ നമ്മുടെ ക്രിമിനല്‍ നിയമത്തിലുണ്ട്‌. അതിന്റെ പ്രായോഗികതയെക്കുറിച്ച്‌ മതിയായതിലധികം അറിവ്‌ നമ്മുടെ ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ നിലവിലുണ്ടുതാനും. എന്നാല്‍ പ്രത്യേക പരിഗണന നല്‍കി ഒരു കുറ്റകൃത്യത്തിന്‌ ഇന്നാലിന്ന വകുപ്പുകള്‍ ചാര്‍ത്തണമെന്ന കാര്‍ക്കശ്യം നിയമത്തിന്റെ തെറ്റായ ഉപയോഗത്തിലേക്കാണ്‌ വഴിനടത്തുക. വ്യക്‌തിസ്വാതന്ത്ര്യം ഹനിക്കുംവിധം നിയമം കൈയിലെടുക്കുകയും പെരുമാറുകയും ചെയ്യുന്ന സംഭവങ്ങളെ സ്വഭാവങ്ങള്‍ക്കും ഗൗരവത്തിനും അനുസരിച്ച്‌ വകുപ്പുകള്‍ ചേര്‍ത്ത്‌ ശിക്ഷ ലഭിക്കാന്‍ വഴിയൊരുക്കാവുന്നതാണ്‌. പ്രത്യേകമായ പൊതുരീതിയും സ്വഭാവമില്ലാത്ത സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സദാചാര പോലീസ്‌ ഇടപെടലുകളാണ്‌ ഇത്തരമൊരു സര്‍ക്കുലറിന്റെ പിന്നിലെ പ്രേരകം. ഇതിനെ സദാചാര പോലീസ്‌ എന്നുവിളിക്കരുതെന്ന പോസിറ്റീവായ നിര്‍ദ്ദേശവും സര്‍ക്കുലറിലുണ്ട്‌. ക്രിമിനല്‍ നിയമത്തിലെ 323, 324, 326, 307, 302, 383, 390, 395 വകുപ്പുകള്‍തന്നെ ഇതിനെല്ലാം മതിയായതാണ്‌. 

ഇതിനുപുറമെ 153, 153 എ, ആ വകുപ്പുകളും ഗുണ്ടാനിയമവും പ്രയോഗിക്കാന്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഗൗരവസ്വഭാവമുള്ളതാണ്‌ നിയമത്തിന്റെ കൈയിലെടുക്കല്‍. അതു തടയാന്‍ പറ്റുംവിധം ആദ്യവകുപ്പുകള്‍തന്നെ മതിയായിരിക്കെ രണ്ടാംസെറ്റ്‌ വകുപ്പുകള്‍ ഒരു ഏണിവെച്ചു കൊടുക്കലാണ്‌. 

തങ്ങള്‍ ടാര്‍ജറ്റ്‌ ചെയ്യുന്നവര്‍ക്കെതിരേ ഏണിയില്ലാതെതന്നെ ചാടിക്കയറി മികവ്‌ കാണിച്ചവര്‍ നമ്മുടെ സേനയ്‌ക്കകത്ത്‌ ഉള്ളതിന്റെ മുന്നനുഭവങ്ങളാണ്‌ ഇത്തരമൊരു ആശങ്കയ്‌ക്ക് വഴിവെയ്‌ക്കുന്നത്‌. ലൗ ജിഹാദ്‌ വിവാദത്തിലെല്ലാം ഇത്‌ കേരളം ദര്‍ശിച്ചതാണ്‌. 

പോലീസിലെ ചിലരെങ്കിലും മതരാഷ്ര്‌ടീയവര്‍ഗീയ സ്വാധീനങ്ങള്‍ക്കടിമപ്പെട്ട്‌ നിയമത്തിന്റെ ദുരുപയോഗം നടത്തിയതിന്റെ കേടുപാടുകള്‍ മായാതെതന്നെ കിടപ്പുണ്ട്‌. അത്തരക്കാര്‍ക്ക്‌ പുതിയൊരു ആയുധം നല്‍കരുതായിരുന്നു. ഒറ്റപ്പെട്ടതും പ്രാദേശികവുമായ സംഭവങ്ങളാണ്‌ പലതും. അവയ്‌ക്ക് അനിതര സാധാരണമായ പ്രധാന്യം നല്‍കുന്നതിലൂടെ മര്‍മ്മപ്രധാനവും പ്രസക്‌തവുമായ പ്രധാന വിഷയങ്ങള്‍ പലതും ഗൗരവമില്ലാതെ പോവുകയാണുണ്ടാവുക. 

റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സംസ്‌ഥാനത്തെ സദാചാര പോലീസ്‌ ഇടപെടലുകള്‍ നടത്തിയ പലരും വലിയ സദാചാരികളൊന്നുമായിരിക്കില്ല. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന ആരവങ്ങളിലെ വൈകാരികതയായിരിക്കും ഒട്ടുമിക്ക സംഭവങ്ങളുടെയും അടിസ്‌ഥാന കാരണം. 

നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേര്‍ന്നു നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും ഗതിമാറിപ്പോവാറാണ്‌ പതിവ്‌. അതിനെല്ലാം അതിന്റെ ഗൗരവമേ ഉണ്ടാവേണ്ടതുള്ളൂ. ഇതൊരു ന്യായീകരണമായി ആരും വാളെടുക്കേണ്ടണ്ടതില്ല. നിയമത്തിന്റെ കൈയിലെടുക്കലിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല. വസ്‌തുത പറഞ്ഞെന്ന്‌ മാത്രം. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ നിയമത്തിന്‌ മുമ്പിലെത്തിക്കുന്നതിന്‌ മുമ്പ്‌ അവരുടെ മതംനോക്കി സംഘടനനോക്കി പെതുശിക്ഷ നല്‍കുന്ന ഒരു പ്രാകൃത സ്വാഭാവം നമുക്കിടയില്‍ കൈവന്നിട്ടുണ്ട്‌. കേരളത്തില്‍ ചര്‍ച്ചയായ ഒരു സംഭവത്തിന്റെയും പിന്നിലെ പ്രേരകം മതകീയമായ ഇടപെടല്ല എന്നു നിഷ്‌പക്ഷ അന്വേഷണത്തില്‍ ബോധ്യമാവും. കൊടിയത്തൂര്‍, വയനാട്‌, നെടുമങ്ങാട്‌, കണ്ണൂര്‍, കൊയിലാണ്ടി തുടങ്ങി പലതിന്റെയും പിന്നാമ്പുറം മറ്റു പലകാരണങ്ങളുമാണ്‌. 

മതസ്‌പര്‍ദ്ധയുണ്ടാക്കുന്ന നടപടികളെയെല്ലാം ഒരുപോലെ കണ്ട്‌ 153 എ വകുപ്പു പ്രയോഗിക്കേണ്ടതുണ്ട്‌. സദാചാര പോലീസിംഗും അങ്ങനെങ്കില്‍ ആകാവുന്നത്‌ തന്നെയാണ്‌. പ്രത്യേകം എടുത്തുദ്ധരിക്കുമ്പോള്‍ ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സമുദായ വേട്ടക്ക്‌ ഒന്നുകൂടി ശക്‌തി പകരുകയാണ്‌ ചെയ്യുക. കേരളത്തിന്റെ മുഴുവന്‍ സൗഹൃദങ്ങളെയും തകര്‍ക്കാനായി ഭീതിയുയര്‍ത്തും വിധം വര്‍ഗീയ പ്രചാരണങ്ങള്‍ ചില ശക്‌തികള്‍ നിരന്തരം നടത്തുന്നുണ്ട്‌. ഒരു സ്‌കൂള്‍ അധ്യാപിക സംസ്‌ഥാന മുഴുക്കെ വിഷലിപ്‌തമായ രീതിയില്‍ പ്രസംഗം നടന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ സൗഹൃദത്തിലേര്‍പ്പെട്ട രണ്ടു സമുദായനേതാക്കളുടെ വാമൊഴികള്‍ ഓരോന്നും മതസ്‌പര്‍ദ്ധയുണ്ടാകുന്നതാണ്‌. നിരവധി സിഡികളും പ്രസിദ്ധീകരണങ്ങളും മതവിദ്വേഷം വളര്‍ത്തുന്നതായി വിപണിയിലുണ്ട്‌. അവിടേക്കൊന്നും ക്രിമിനല്‍ നിയമത്തിലെ 153 എ വകുപ്പ്‌ തിരിഞ്ഞുകാണുന്നില്ല. 

പേരും സമുദായവും നോക്കി കുറ്റകൃത്യങ്ങള്‍ ലഘുവും ഗുരുവുമായിക്കൂടാ. തിരുവനന്തപുരത്തെ മുഹ്‌സിനെ ലെറ്റര്‍ ബോംബിന്റെ പേരില്‍ കുറ്റവാളിയാക്കി അയാളുടെ ജീവിതം തകര്‍ത്തു. യഥാര്‍ത്ഥ പ്രതി പിടിക്കപ്പെട്ടപ്പോള്‍ മനോരോഗമായി ലളിതവല്‍ക്കരിച്ചു. റെയില്‍ പാളത്തിലെ ബോംബ്‌ മുസ്ലിം സമുദായമല്ലാത്തതിനാലാണ്‌ വ്യക്‌തിവൈരാഗ്യമായതെന്ന്‌ ഏതു സാധാരണക്കാരനും അടക്കം പറയുന്നുണ്ടെങ്കില്‍ അതിലേക്കു കാര്യങ്ങളെത്തിച്ചതിന്റെ ഉത്തരവാദിത്തില്‍ നിന്ന്‌ നമ്മുടെ സേനയ്‌ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. 

പ്രചാരണങ്ങളിലൂടെ പരിസരമൊരുക്കി അന്യവല്‍ക്കരണം നടത്തുന്ന പൊതുരീതിക്ക്‌ നല്ലവളക്കൂറുള്ള മണ്ണായി കേരളം മാറുന്നതിന്റെ അപകടത്തെ പുതിയ പോലീസ്‌ മേധാവിയെങ്കിലും ഗൗരവപൂര്‍വം കാണുമെന്നാശിക്കുകയാണ്‌. അവസാന വാക്കിന്‌ സ്‌ഥാനമൊഴിഞ്ഞ ജേക്കബ്‌ പുന്നൂസിലെ തന്നെ അവലംബിക്കട്ടെ. സത്യത്തിന്റെയും നിയമത്തിന്റെയും പക്ഷത്താവണം പോലീസ്‌. സത്യത്തിന്റെ പക്ഷത്തുനിന്നു മാറുമ്പോള്‍ പോലീസ്‌ വിവാദത്തില്‍പെടും.

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മലബാര്‍ മാപ്പിള എന്തിനു തലകുനിക്കണം?





വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുണ്ട്. പേര് മന്നാ ആന്റ് ശങ്കാ. കഥയുടെ കാലം 1950.
"ക്രിസ്തുവിനു ശേഷം രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതിനു പിന്നെയും അമ്പതു കൊല്ലമുണ്ടായിരുന്നു''
  കഥാരംഭത്തിലെ ഈ പ്രസ്താവനയില്‍നിന്നാണ് കാലം കണക്കാക്കിയത്. ഈ കാലത്തിന് ഒരു പ്രത്യേകതയുണ്ട്. അതുവഴിയേ മനസ്സിലാവും. കഥാസന്ദര്‍ഭമിതാണ്: കഥാകാരന്റെ അയല്‍പക്കക്കാരനായ മാത്തുമാപ്പിളയില്‍നിന്നു ചക്കാത്തിനു കിട്ടിയ റൊട്ടിക്കപ്പ, മറ്റൊരു അയല്‍ക്കാരനായ ശങ്കരന്‍നായര്‍ ഉണ്ടാക്കിക്കൊണ്ടുവന്നു കൊടുത്ത, കാന്താരിമുളക് ഉടച്ചതും ഉപ്പും ചേര്‍ത്ത്, വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തിയും കൂട്ടി ശാപ്പിട്ടുകൊണ്ടിരിക്കുമ്പോള്‍, ബഷീറിന്റെ മുമ്പില്‍ ഒരാള്‍ ആഗതനാവുന്നു. ഇബ്രാഹീം മൌലവിയെന്നും കിറുക്കന്‍ ഇബ്രാഹീം എന്നും സംഭാഷണമധ്യേ പരിചയപ്പെടുത്തിയ ആള്‍ 'ഞാന്‍ നിങ്ങളെ കൊല്ലാന്‍ വന്നിരിക്കുകയാണ്' എന്നു പറഞ്ഞ് പൊടുന്നനെ കീശയില്‍നിന്നു രണ്ടു കഠാരികളെടുത്തു ബഷീറിനെ കാണിച്ചു. 'വധശിക്ഷ'യില്‍ നിന്നൊഴിവാകാന്‍ അയാള്‍ ബഷീറിനു മുന്നില്‍ രണ്ട് ഉപാധികള്‍ വച്ചു. 
ഇനി കഥാഭാഗത്തില്‍നിന്ന്: 
"നിങ്ങള്‍ ഇസ്ലാമിന് അനുകൂലമായി രണ്ടു ലേഖനങ്ങളെഴുതണം! 1. ഷേക്സ്പിയര്‍ മുതല്‍ മുണ്ടശ്ശേരി വരെ.             2. മന്നാ ആന്റ് ശങ്കാ. 
'.......... ആദ്യമായി മന്നാ ആന്റ് ശങ്കാ എഴുത്. നായര്‍ പ്രമാണികളായ മന്നത്തു പത്മനാഭപിള്ള മുതല്‍ പേര്‍ ആര്‍. ശങ്കറോട് ചേര്‍ന്നു പിള്ള, നായര്‍, മേനോന്‍, പണിക്കര്‍, കുറുപ്പ് മുതലായ സ്ഥാനപ്പേരുകള്‍ ഉപേക്ഷിച്ച വിവരം അറിഞ്ഞിട്ടുണ്േടാ?'' 
'ഇല്ല.' 
"എന്നാല്‍, അറിഞ്ഞോളൂ. മുസ്ലിം സമുദായത്തിന് ഒരു നല്ല അവസരം വന്നുചേര്‍ന്നിരിക്കുന്നു. ഇതും മുസ്ലിംലോകത്തെ അറിയിക്കണം.''
"അറിയിക്കാം.''
"ക്രിസ്ത്യാനികള്‍ ഇതില്‍ കൈവയ്ക്കും മുമ്പു നമുക്കു സംഗതികള്‍ ശരിപ്പെടുത്തണം.'' 
മറ്റുചില സംഭാഷണങ്ങള്‍ക്കു ശേഷം ബഷീര്‍ ചോദിച്ചു:
"മന്നാ ആന്റ് ശങ്കാ എന്താണെന്നു പറഞ്ഞില്ല?'' 
"ശരിയാണ്. ഭാവിയില്‍ നമ്മുടെ കേരളത്തില്‍ നാലു സമുദായമാണുണ്ടായിരിക്കുക. നായരു കാണുകയില്ല. നമ്പൂതിരി, മാരാര്, പ്ഷാരടി, പണിക്കര്‍, വാര്യര്‍, പിള്ള, തിയ്യര്‍, ഈഴവര്‍, തണ്ടാന്‍, പുലയന്‍, കുറവന്‍, പറയന്‍, ഗണകന്‍, ചോകോന്‍, പൊതുവാള്‍ ഇത്തരം ഒന്നും ഉണ്ടായിരിക്കുകയില്ല. ക്രിസ്ത്യാനിയുണ്ടാവും, മുസല്‍മാനുണ്ടാവും. ബാക്കി പിന്നെ ഹിന്ദുക്കള്‍, ഇവരില്‍ രണ്ടു സമുദായവും ഉണ്ടാവും.''
'അതായത്?'
'മന്നാ ആന്റ് ശങ്കാ', സംഗതി മനസ്സിലായോ? ഭാവിയില്‍ നായരെയും ഈഴവനെയും എങ്ങനെ തിരിച്ചറിയാമെന്നറിയാമോ? എ. ബാലകൃഷ്ണപിള്ള ഭാവിയില്‍- എ. ബാലകൃഷ്ണ മന്നാ. സി. കേശവന്‍ - സി. കേശവ ശങ്കാ. കാരൂര്‍ നീലകണ്ഠപ്പിള്ള- കാരൂര്‍ നീലകണ്ഠമന്നാ. കെ. അയ്യപ്പന്‍-കെ. അയ്യപ്പ ശങ്കാ- ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാട്- ഇ.എം. ശങ്കരമന്നാ.'' 
"ഇതുകൊണ്ട് ഇസ്ലാമിനെന്താ ഗുണം?'' 
"നമ്മള്‍ നമ്പൂതിരി, തണ്ടാന്‍, നായര്‍, പൊതുവാള്‍, മാരാര്... എന്നീ ജാതിപ്പേരുകള്‍ നമ്മോടു കൂട്ടിച്ചേര്‍ക്കണം. നിങ്ങള്‍ക്കേതാണിഷ്ടം?'' 
"വൈക്കം മുഹമ്മദ് ബഷീര്‍ നമ്പൂതിരിപ്പാട്.'' 
ബഷീറിന്റെ കഥയിലെ ചരിത്രസന്ദര്‍ഭം അനുസ്മരിക്കാന്‍ ഒരു അപൂര്‍വ അവസരം കൂടി കേരളീയസമൂഹത്തിനു കൈവന്നിരിക്കുകയാണ്. നായര്‍നേതാവ് മന്നത്തു പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട നായരീഴവ ഐക്യത്തെ ആക്ഷേപഹാസ്യത്തിന്റെ വശ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിത്രീകരിക്കുകയാണ് ബഷീര്‍ ഈ കഥയില്‍. ജാതിപ്പേരു സൂചിപ്പിക്കുന്ന വാല്‍ മുറിച്ചുമാറ്റി ഹൈന്ദവസമത്വം സ്ഥാപിക്കാനൊരുങ്ങുന്ന പാഴ്വേലയെ കണക്കിനു കളിയാക്കുകയാണ് ബഷീര്‍.
ഹിന്ദു ഐക്യം കാട്ടി ക്രിസ്ത്യാനികളെ വിരട്ടാനും ദേവസ്വം ബോര്‍ഡ് പിടിച്ചടക്കാനും 1949 ല്‍ തട്ടിക്കൂട്ടിയ 'നായരീഴവ ഐക്യ'ത്തിന്റെ ഗുണഫലം എന്‍.എസ്.എസിനാണു കിട്ടിയത്. കാര്യം കണ്ടുകഴിഞ്ഞപ്പോള്‍ ഈഴവര്‍ പടിക്കുപുറത്ത്. 'ഈഴവര്‍ പന്നിപെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണെന്നു' പറഞ്ഞ മന്നം, ഈഴവനേതാവ് ആര്‍. ശങ്കറെ 1952ല്‍ കൊട്ടാരക്കരയില്‍ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും പിന്നീട് 1962ല്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ രാവണഭരണമെന്നും തൊപ്പിപ്പാളക്കാരന്റെ ഭരണമെന്നും പറഞ്ഞ് ആക്ഷേപിക്കുക മാത്രമല്ല, ക്രൈസ്തവരെ കൂട്ടുപിടിച്ച് 1964ല്‍ ശങ്കര്‍ മന്ത്രിസഭയെ മറിച്ചിടുകയും ചെയ്തു. 1960കളുടെ തുടക്കത്തില്‍ സജീവമായി ഉയര്‍ന്നുവന്ന പിന്നാക്കസംവരണത്തെ അട്ടിമറിക്കാന്‍ വീണ്ടുമൊരു നായരീഴവ ഐക്യവുമായി എന്‍.എസ്.എസ്. രംഗത്തുവന്നു. ഏതാനും ഉദ്യോഗങ്ങള്‍ക്കുവേണ്ടി പരസ്പരം കടിപിടി നടത്തുന്ന ഉദ്യമങ്ങളില്‍നിന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഈഴവസമുദായം വിരമിക്കണമെന്നും ഹൈന്ദവജനത ഏകീകൃത സംഘടനയില്‍ അണിനിരക്കണമെന്നും മന്നത്തു പത്മനാഭന്‍ ഈഴവരെ ആഹ്വാനം ചെയ്തു. മൂന്നാമതു തവണ ഹിന്ദുഐക്യത്തിനു മുന്‍കൈയെടുത്തതു വെള്ളാപ്പള്ളി നടേശനാണ്. 'നമ്പൂതിരിമുതല്‍ നായാടി വരെയുള്ളവര്‍ ഒന്നിക്കുക' എന്ന ആഹ്വാനവുമായി, അന്തരിച്ച എന്‍.എസ്.എസ്. മുന്‍ ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കരുമായി കൂട്ടുചേര്‍ന്ന് ഹിന്ദുഐക്യം വിളംബരം ചെയ്തു രംഗത്തുവന്നത് പിന്നാക്കസമുദായങ്ങളുടെ സംവരണനഷ്ടത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്റെ റിപോര്‍ട്ട് അട്ടിമറിക്കാന്‍  വേണ്ടിയാണ്. മധുവിധുവിന്റെ ലഹരി തീരും മുമ്പേ അതും തകര്‍ന്നു. 
ഇപ്പോള്‍ നാലാം തവണയാണ് എന്‍. എസ്. എസിന്റെ താല്‍പ്പര്യാര്‍ഥം ഹിന്ദു ഐക്യമന്ത്രവുമായി രണ്ടു സമുദായസംഘടനകളും കത്തിവേഷമാടുന്നത്.
രണ്ടുകൂട്ടരും തങ്ങള്‍ക്കിടയിലെ സകല വിരോധങ്ങളും മാറ്റിവച്ചു കൈകോര്‍ത്തു നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. എക്കാലത്തും തങ്ങള്‍ ബാലി-സുഗ്രീവന്മാരായി കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും തങ്ങള്‍ക്കിടയിലെ എല്ലാ പിണക്കങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ചുവെന്നുമുള്ള ശുഭവൃത്താന്തവും വെള്ളാപ്പള്ളി മാലോകരെ അറിയിച്ചു. അതിനവര്‍ക്ക് അടിയന്തര പ്രകോപനമായി മാറിയത് കേന്ദ്രസര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ മേഖലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള യു.ഡി.എഫ്. സര്‍ക്കാറിന്റെ തീരുമാനമാണ്. 
മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിവിവാദം മുതല്‍ അന്തരീക്ഷത്തില്‍ ഘനീഭവിച്ചുനില്‍ക്കുന്ന മുസ്ലിംവിരോധം ഒട്ടും മറയില്ലാതെ നാനാകോണുകളില്‍നിന്നും പുറത്തുചാടിയ സന്ദര്‍ഭം കൂടിയായിരുന്നു ഇത്. ഇനി ഹിന്ദുക്കളെല്ലാവരും പെട്ടിയും പായയുമെടുത്ത് ഇന്ത്യാരാജ്യം വിടേണ്ട ഗതികേടിലാണെന്നും കേരളസര്‍ക്കാരിന്റെ സെക്രട്ടറിയേറ്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസും മലപ്പുറത്തേക്കു മാറ്റണമെന്നും പെരുന്നയില്‍നിന്നു വെളിപാടുണ്ടായി. മലപ്പുറത്തുകാര്‍ക്കു മാത്രമുള്ളതായി വിദ്യാഭ്യാസവകുപ്പ് മാറി, ഇനി കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നു കണിച്ചുകുളങ്ങരയില്‍നിന്ന് നടേശഗുരുസ്വാമിയുടെ ഉദീരണങ്ങള്‍! 'ഒരു പ്രത്യേക സമുദായം ധരിക്കുന്ന തൊപ്പിധരിച്ചേ കേരളത്തില്‍ ഇറങ്ങാനാവൂ' എന്നു പ്രസ്താവനകളിലൂടെ മാത്രം ജീവിതനിയോഗം സാക്ഷാല്‍ക്കരിക്കാന്‍ സൌഭാഗ്യം സിദ്ധിച്ച, ബി.ജെ.പി. മുന്‍ സംസ്ഥാനാധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ജിയുടെ വിലാപം. മലപ്പുറത്തെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി മുസ്ലിംലീഗുകാര്‍ക്കു കോഴ വാങ്ങാനുള്ള സുവര്‍ണാവസരമൊരുക്കുകയാണെന്ന വിലപ്പെട്ട കണ്ടുപിടിത്തവുമായി യു.ഡി.എഫിലെ പിള്ളേര്കോണ്‍ഗ്രസ് മുതല്‍ എല്‍.ഡി.എഫിലെ വല്യേട്ടനായ സി.പി.എം. വരെ ഗോദയിലിറങ്ങിയ ചരിത്രമുഹൂര്‍ത്തം. മേല്‍പ്പറഞ്ഞ 35 സ്കൂളുകളൊഴിച്ചു കേരളത്തില്‍ സഭകളുടെയും എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും മാനേജ്മെന്റിനു കീഴിലുളള ബാക്കി സകലമാന എയ്ഡഡ് സ്കൂളുകളും നയാപ്പൈസ കോഴവാങ്ങാതെയും സുതാര്യമായും അധ്യാപകനിയമനം നടത്തി വിദ്യാഭ്യാസക്കച്ചവടത്തിനെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന മഹനീയ മാതൃകകളായങ്ങനെ വിലസിനില്‍ക്കുകയാണെന്നു തോന്നും, കോഴയെക്കുറിച്ചുള്ള ഈ വര്‍ത്തമാനം കേട്ടാല്‍. എണ്ണായിരത്തോളം വരുന്ന എയ്്ഡഡ് സ്കൂളുകളില്‍ 1400ല്‍ താഴെ മാത്രമാണ് മുസ്്ലിം മാനേജ്മെന്റിനു കീഴിലുള്ളത്. അപ്പോള്‍ പിന്നെ ആരാണ് കൂടുതല്‍ കോഴവാങ്ങുന്നതെന്നും കച്ചവടം നടത്തുന്നതെന്നും ഊഹിക്കാമല്ലോ? എയ്്ഡഡ് സ്കൂളുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് ശമ്പളം നല്‍കുന്നത്. എന്നാലിനി നിയമനവും പി.എസ്.സി. തന്നെ നടത്തട്ടെ. എന്താ സമ്മതമാകുമോ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കും.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ, ഓടുപൊളിച്ചല്ല ലീഗിന്റെ 20 എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത്. അഞ്ചു മന്ത്രിമാര്‍ സാമാന്യ ന്യായപ്രകാരം ലീഗിന്റെ അവകാശവുമായിരുന്നു. പക്ഷേ, തല്‍പ്പരകക്ഷികള്‍ അതു വിവാദമാക്കി. ലീഗിനു പുതുതായൊന്നും കിട്ടയതുമില്ല. സാമുദായികസന്തുലനം തകര്‍ത്തെന്ന പഴി കേള്‍ക്കുകയും ചെയ്തു. കേരളനിയമസഭയുടെയും മന്ത്രിസഭയുടെയും ചരിത്രത്തില്‍ സാമുദായികസന്തുലനം പാലിച്ച ഏതു കാലമാണുണ്ടായിട്ടുള്ളത്? രണ്ടു മുസ്ലിം മന്ത്രിമാരായിരുന്നു കഴിഞ്ഞ ഇടതുപക്ഷഭരണത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ രാജ്യസഭയില്‍ കേരളത്തില്‍നിന്നുള്ള മുസ്ലിം പ്രാതിനിധ്യം വട്ടപ്പൂജ്യം. ആര്‍ക്കും ഒരു പ്രശ്നവുമില്ല. അപ്പോള്‍ ലീഗല്ല, മുസ്ലിമാണു പ്രശ്നം. 
ആക്രിക്കച്ചവടം ചെയ്തും കുടനന്നാക്കിയും മുസ്ലിംസമുദായത്തിലെ അംഗങ്ങള്‍ എക്കാലവും കഴിഞ്ഞുകൊള്ളണമെന്ന് എന്‍.എസ്.എസ്സിന് ആഗ്രഹിക്കാം. ഖജനാവിലേക്കൊഴുകുന്ന നികുതിയുടെ ആനുപാതിക ഗുണം (ചുരുങ്ങിയതു നാലിലൊന്നെങ്കിലും) മുസ്ലിംകള്‍ക്കു കിട്ടണമെന്നത് അവരുടെ അവകാശമാണ്. മരുഭൂമിയില്‍ എല്ലുമുറിയെ പണിചെയ്തും ഉടുമുണ്ട് മുറുക്കിയുടുത്തും നാട്ടിലേക്കയച്ച പണത്തില്‍നിന്നു പശിയകറ്റാന്‍ മാത്രമല്ല, മക്കളെ പഠിപ്പിക്കാനും ഒരോഹരി ഗള്‍ഫുകാരുടെ കുടുംബങ്ങള്‍ നീക്കിവച്ചു. വിദ്യാഭ്യാസരംഗത്തു മുസ്ലിം സമൂഹത്തിലുണ്ടായ പുത്തനുണര്‍വിനു വിത്തുപാകിയത് ഈ ഗള്‍ഫ് കുടിയേറ്റമാണ്. മലബാറില്‍ പെണ്‍കുട്ടികളിലടക്കം സമീപകാലത്തു വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റം മുസ്ലിംസമുദായത്തിലെ പുതിയ തലമുറയുടെ ഉല്‍ക്കര്‍ഷേച്ഛയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. നാളിതുവരെ അവഗണനയുടെ ഭാണ്ഡവും പേറിക്കഴിഞ്ഞിരുന്ന ഒരു സമുദായം സ്വപരിശ്രമം കൊണ്ടു നേടിയ വളര്‍ച്ചയെ മറ്റുള്ളവരുടേത് അനര്‍ഹമായി കൈയടക്കി വച്ചതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം എത്രമാത്രം അസംബന്ധമാണ്! 
നായരീഴവ ഐക്യത്തിനു നിമിത്തമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നത്തിന്റെ യാഥാര്‍ഥ്യമെന്തെന്നു കൂടി അന്വേഷിക്കണം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമിന്റെ ഭാഗമായി തീരുമാനിച്ചിരുന്നു. മുസ്ലിംകളെ മാത്രമല്ല, നിയോ ബുദ്ധിസ്റുകളെയും ഇതിന്റെ പരിധിയില്‍പ്പെടുത്തിയിരുന്നു. 
ഇങ്ങനെ തുടങ്ങിയ സ്കൂളുകള്‍ നടത്തിക്കൊണ്ടു പോവുകയെന്നതു മാനേജ്മെന്റുകള്‍ക്ക് വന്‍ ബാധ്യതയായി. വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കിയാണ് കേരളത്തില്‍ ഈ സ്കൂളുകള്‍ കുറേയൊക്കെ മുന്നോട്ടു കൊണ്ടുപോയത്. 
2005ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഈ സ്കൂളിലെ അധ്യാപകര്‍ക്ക് 2003 ജനുവരി 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കാന്‍ ഉത്തരവിട്ടു. തുടര്‍ന്നുണ്ടായ ചില വ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രിംകോടതി തീര്‍പ്പുപ്രകാരം അടിസ്ഥാനശമ്പളം, ക്ഷാമബത്ത, വീട്ടുവാടക എന്നിവ നല്‍കിത്തുടങ്ങി. പിന്നീട് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.  ബേബിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടി മാത്രമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടത്. ഇതിന്റെ പേരിലാണു മലപ്പുറത്തിന് മുഴുവന്‍ വാരിക്കോരിക്കൊടുത്തു എന്നു മുറവിളി കൂട്ടി പ്രശ്നത്തിനു വര്‍ഗീയമാനം ചാര്‍ത്തുകയും ഇനി കേരളത്തില്‍ ഹിന്ദുക്കള്‍ക്കു രക്ഷയില്ലെന്ന പല്ലവി പാടി ഹിന്ദു ഐക്യത്തിന് ഒരുങ്ങിപ്പുറപ്പെടുകയും ചെയ്തത്. 
ഇനി മലപ്പുറത്തിന് യഥാര്‍ഥത്തില്‍ എന്താണു കിട്ടിയത് എന്നു ചില കണക്കുകള്‍ വച്ചു പരിശോധിക്കുക. 
മലബാറിലെ ജനസംഖ്യ 1.47 കോടി (44%). കേരളത്തിലെ ബാക്കി ജനസംഖ്യ 1.87 കോടി(56%). മെഡിക്കല്‍ കോളജ്; ഗവ:/ എയ്ഡഡ് കോളജ്, ഗവ/എയ്ഡഡ് ഹൈസ്കൂള്‍, വിദ്യാഭ്യാസജില്ല എന്നിവ മലബാറിനു യഥാക്രമം 1 (20%), 60(32%), 817(34%),13(34%). ഇതരമേഖലയില്‍ അതു യഥാക്രമം 4(80%),130(68%), 1618(66%), 25(66%) എന്നിങ്ങനെയാണ്.  അതായത്, ജനസംഖ്യയുടെ ഏതാണ്ടു പകുതിവരുന്ന പ്രദേശത്തെ ജനവിഭാഗത്തിനു കിട്ടിയതു മൂന്നിലൊന്നു മാത്രം.
60,000ത്തിലധികം കുട്ടികള്‍ ഇത്തവണ മലപ്പുറം ജില്ലയില്‍ മാത്രം പ്ളസ്വണ്ണിനു പ്രവേശനം കിട്ടാതെ ഭാവിയെ നോക്കി പകച്ചുനില്‍ക്കുന്നു. മലപ്പുറം ജില്ല ഇന്ത്യാരാജ്യത്തിനുതന്നെ പുറത്താണെന്ന രീതിയിലാണ്  പല കേന്ദ്രങ്ങളുടെയും പ്രചാരണം. ജില്ല രൂപീകരിച്ച കാലം മുതല്‍ തുടങ്ങിയതാണു മലപ്പുറത്തിനും മുസ്ലിംകള്‍ക്കും നേരേയുള്ള കുതിരകയറ്റം.
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കൈവശത്തിലിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചും പാട്ടക്കാലാവധി നീട്ടിവാങ്ങിയും പാട്ടക്കുടിശ്ശിഖ എഴുതിത്തള്ളിച്ചും പാട്ടഭൂമിയില്‍ സ്വതന്ത്രാവകാശം സ്ഥാപിച്ചും പിന്‍വാതിലിലൂടെ എന്‍.എസ്.എസ്. ഉണ്ടാക്കിയ നേട്ടത്തിന്റെ കണക്കുകള്‍ കൂടി പറഞ്ഞിട്ടുമതി മുസ്്ലിംകള്‍ എല്ലാം കൊണ്ടുപോവുന്നുവെന്ന് ആര്‍ത്തു വിളിക്കാന്‍.
മുസ്ലിംലീഗിനും പങ്ക്
ഇന്നു നാനാഭാഗത്തുനിന്നും മുസ്ലിംസമുദായത്തെ ആഞ്ഞുവീക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടായതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുസ്ലിംലീഗിനും കൈകഴുകാനാവില്ല. വര്‍ഗീയപ്പാര്‍ട്ടി, ചത്തകുതിര, പാകിസ്താന്‍വാദികള്‍ എന്നിങ്ങനെ പല വിശേഷണങ്ങളും തരാതരം പോലെ ലീഗിനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ആര്‍ജവവും നട്ടെല്ലുമുണ്ടായിരുന്ന ആദ്യകാല നേതാക്കന്മാര്‍ ഇത്തരം പരിഹാസങ്ങളെ ചങ്കൂറ്റത്തോടെ നേരിടുകയും വിമര്‍ശകര്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുകയും ചെയ്തിരുന്നു.
അധികാരത്തിന്റെ ശീതളിമയില്‍ സുഖനിദ്ര കൊതിച്ച പില്‍ക്കാല നേതൃത്വമാകട്ടെ, ബാബരിമസ്ജിദ് തകര്‍ച്ചയുടെ വേളയില്‍ പോലും നിഷ്ക്രിയത്വത്തിന്റെയും കീഴൊതുങ്ങലിന്റെയും സുഖപ്രദമായ വഴിയാണു തേടിയതും ഇന്നും കൊതിക്കുന്നതും. മുസ്ലിംകളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച നവസാമൂഹികപ്രസ്ഥാനങ്ങളെ മുസ്ലിം വിരുദ്ധര്‍ തീവ്രവാദികളാക്കിയപ്പോള്‍ അവരോടൊപ്പമല്ല, അവര്‍ക്കുമുന്നിലായി ലീഗുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അധികാരത്തോടൊപ്പം ചില ചില്ലറ അവകാശങ്ങള്‍ കൂടി ചോദിക്കാന്‍ ലീഗ് 'ധൃഷ്ട'മായപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവാണ് മുസ്ലിംലീഗ് എന്നു വാഴ്ത്തിയവര്‍ തന്നെ ലീഗിനെ വര്‍ഗീയതയുടെ വൈതാളികരാക്കുന്നു! ഇതു ചരിത്രത്തത്തിന്റെ കാവ്യനീതിയാവാം. സമുദായത്തിന്റെ മുന്നേറ്റത്തിനു മുമ്പില്‍ വല്ലാതെ വഴിതടഞ്ഞു നില്‍ക്കാന്‍ ഇനി ലീഗിനുമാവില്ല. കാരണം, നവ ജാഗരണസംഘങ്ങള്‍ സമുദായത്തിന്റെ കര്‍മശേഷിയെ ദിശതിരിച്ചുവിടുകയും ശാക്തീകരണശ്രമങ്ങള്‍ക്കു പുത്തന്‍ചാലുകള്‍ കീറുകയും ചെയ്യുമ്പോള്‍ അതിനു വിലങ്ങുതടിയാകാന്‍ ആഗ്രഹിച്ചാല്‍ പോലും ലീഗിനു സാധ്യമാവില്ല. അപ്പോള്‍ ലീഗിനു മുമ്പില്‍ ഒരു വഴിയേയുള്ളു. കഷ്ടപ്പെടാതെ നേടിയെടുത്ത മതേതര-മിതവാദി പ്രതിച്ഛായ അല്‍പ്പമൊക്കെ കളഞ്ഞുകുളിച്ചായാലും സമുദായമനസ്സിനൊപ്പം സഞ്ചരിക്കുക. ഇല്ലെങ്കില്‍ ചരിത്രത്തില്‍നിന്നുതന്നെ പടിയിറക്കപ്പെടുമെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ലീഗ്  നേതൃത്വത്തിനുണ്ടാവാതിരിക്കില്ല.  
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"