2012, മേയ് 31, വ്യാഴാഴ്‌ച

മഅദനി നീതി തേടുന്നു

ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന്‌ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന നീതിനിഷേധങ്ങളും അതിക്രമങ്ങളും കടുത്ത പ്രതികരണങ്ങളിലേക്കു ജനങ്ങളെ വഴിതിരിച്ചുവിടുന്നുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കു തന്നെയാണ്‌. തിരുത്തേണ്ടത്‌ ഭരണകൂട നിലപാടുകളാണ്‌. ദേശസ്‌നേഹത്തിനും ദേശദ്രോഹത്തിനുമൊക്കെ നല്‍കുന്ന വിവക്ഷകളും വിശദീകരണങ്ങളും നമ്മുടെ നല്ല സൗഹൃദങ്ങളെയും രാജ്യത്തിന്റെ ഭദ്രതയെയും തകര്‍ക്കാന്‍ വേണ്ടിയുള്ളതാവരുത്‌. 


അടുത്തിടെ വിവാഹ വീട്ടില്‍ വെച്ച്‌ 80 പിന്നിട്ട ഒരു സാധാരണക്കാരനായ വ്യക്‌തി വളരെ വേദനയോടെ ഒരു ചോദ്യം ഉന്നയിച്ചു. എന്താ അബ്‌ദുള്‍ നാസര്‍ മഅദനി പുറത്തുവരില്ലേ? ആരും ഒന്നും ചെയ്യുന്നില്ലേ? എന്തു ചെയ്‌തിട്ടും ഫലമില്ലെങ്കില്‍, ബംഗുളുരു ജയിലിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത് അവിടുന്നു പിടിച്ചിറക്കി കൊണ്ടുവന്നാലെന്താ?. ഞാനും വരാം. കണ്ണുകള്‍ നിറച്ചു വികാരം പ്രകടിപ്പിച്ച അദ്ദേഹത്തിന്‌ അല്‍പ്പം ശാന്തത കൈവന്നപ്പോള്‍ പതുക്കെ ഉത്തരം പറയാന്‍ ശ്രമിച്ചുനോക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്‌. നമ്മുടെ നാട്ടില്‍ നിയമ വ്യവസ്‌ഥയുണ്ട്‌. അതനുസരിച്ചല്ലേ മുന്നോട്ടു പോവാന്‍ കഴിയൂ. ഈ ഉത്തരം അദ്ദേഹത്തെ തണുപ്പിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ കൂടുതല്‍ വികാര ഭരിതനാക്കി. നിയമവും വ്യവസ്‌ഥയും ശരിയാണെങ്കില്‍ ആ പാവം ഇങ്ങനെ കഷ്‌ടപ്പെടുമോ. രോഗിയായ അദ്ദേഹത്തിനു മതിയായ ചികില്‍സ പോലും ഉറപ്പാക്കാന്‍ കഴിയാത്ത ഏതു നിയമത്തെക്കുറിച്ചാണു നിങ്ങള്‍ ഈ പറയുന്നത്‌. 


മഅദനിയുടെ രണ്ടാം കാരാഗൃഹവാസത്തിന്‌ രണ്ടാണ്ടു തികയാന്‍ ഇനി രണ്ടര മാസമേ ബാക്കിയുള്ളൂ. ആദ്യ ജയില്‍വാസത്തിന്റെ അവസാന നാളുകളില്‍ ഉയര്‍ന്നുപൊങ്ങിവന്ന പ്രതികരണമൊന്നും ഇപ്പോള്‍ മഅദനി വിഷയത്തില്‍ പ്രകടമായി കാണുന്നില്ല. അതുകൊണ്ടാണു സാധാരണക്കാരുടെ മനസുകള്‍ അസ്വസ്‌ഥമാവുന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും. എനിക്കു പരിചയമില്ലാത്ത എന്നെ അറിയുന്ന പലരും മഅദനിയുടെ ജയില്‍വാസത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഇടയ്‌ക്കിടെ വിവിധയിടങ്ങളില്‍ വച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്‌. മഅദനിയുടെ പാര്‍ട്ടിക്കാരനോ മഅദനിയുടെ രാഷ്‌ട്രീയ ശൈലികളോട്‌ യോജിച്ചു നില്‍ക്കുന്ന വ്യക്‌തിയോ അല്ല ഞാന്‍. എന്നാല്‍ മഅദനിക്കു നേരേയുണ്ടായ അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച്‌ പൊതുസമൂഹത്തില്‍ ശക്‌തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ പുലര്‍ത്തുന്നതു കൊണ്ടാവാം ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. 2010ന്റെ തുടക്കം മുതലാണു രണ്ടാംതവണ മഅദനിയെ അകത്തു കിടത്താനുള്ള ഗൂഢാലോചനകള്‍ ആരംഭിക്കുന്നത്‌. അതിനുള്ള രംഗസജീകരണം ഒരുക്കുന്നതില്‍ അതിസമര്‍ഥമായി കരുക്കള്‍ നീക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനു സാധിച്ചു. ക്രമസമാധാന പ്രശ്‌നമായി മഅദനിയുടെ രണ്ടാം അറസ്‌റ്റ് മാറാതിരിക്കാന്‍ കോടിയേരിയുടെ പോലീസ്‌ വളരെ കരുതലോടു കൂടിയാണു നീങ്ങിയത്‌. 2010 ഓഗസ്‌റ്റ് 17നു മഅദനിയെ പിടിച്ചുകൊടുത്തതില്‍ രക്‌തരഹിത വിപ്ലവമായി ഇടതുനേതാക്കള്‍ അഭിമാനിക്കുന്നത്‌ അതുകൊണ്ടാണ്‌.


മഅദനിയുടെ രണ്ടാം അറസ്‌റ്റിന്‌ കളമൊരുക്കാനുള്ള വാര്‍ത്താവിന്യാസത്തിനിടയില്‍ ശ്രദ്ധേയമായ മറ്റൊരു അനുഭവം അക്കാലത്ത്‌ നടന്നത്‌ ഓര്‍മയില്‍ മായാതെ കിടക്കുന്നു. ഒരു മുസ്ലിം മാനേജ്‌മെന്റിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രശസ്‌തനായ പത്രപ്രവര്‍ത്തകനോട്‌ അമ്മ നല്‍കിയ ഒരു ഉപദേശം മോനെ, ആ മഅദനിക്കു വേണ്ടി എഴുതി കെണിയില്‍ പോയി ചാടരുതെന്നാണ്‌. തികഞ്ഞ ഭക്‌തയായ ആ മാതാവ്‌ രാമായണം വായിക്കുന്നത്‌ ഇടയ്‌ക്കു മാറ്റിവെച്ച്‌ കേരളത്തിലെ ഒരു പ്രമുഖ പത്രം സ്‌ഥിരമായി വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണു മഅദനി എന്ന ഭീകരനേക്കുറിച്ച്‌ അറിയുന്നത്‌. 


പ്രായം ചെന്ന രണ്ടുപേരുടെ രണ്ടു വിധത്തിലുള്ള ആശങ്കകളെയാണു മുകളില്‍ കുറിച്ചിട്ടിത്‌. ഈ രണ്ടിനെയും വലിയ ഭയപ്പാടോടുകൂടി വേണം നോക്കിക്കാണാന്‍. അറ്റമില്ലാത്ത നീതിനിഷേധങ്ങള്‍ നടക്കുമ്പോള്‍ ഏതു സാധാരണക്കാരന്റെ മനസിലും അണപൊട്ടിവരുന്ന വികാരമാണ്‌ 80കാരന്‍ പ്രകടിപ്പിച്ചത്‌. പണ്ഡിതനും പൊതുപ്രവര്‍ത്തകനുമായ വ്യക്‌തിയോട്‌ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത വിവേചനങ്ങള്‍ ഏതൊരാളിലും എത്തിച്ചേക്കാവുന്ന പ്രതികരണം മാത്രമാണത്‌. 
ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന്‌ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന നീതിനിഷേധങ്ങളും അതിക്രമങ്ങളും കടുത്ത പ്രതികരണങ്ങളിലേക്കു ജനങ്ങളെ വഴിതിരിച്ചുവിടുന്നുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കു തന്നെയാണ്‌. തിരുത്തേണ്ടത്‌ ഭരണകൂട നിലപാടുകളാണ്‌. ദേശസ്‌നേഹത്തിനും ദേശദ്രോഹത്തിനുമൊക്കെ നല്‍കുന്ന വിവക്ഷകളും വിശദീകരണങ്ങളും നമ്മുടെ നല്ല സൗഹൃദങ്ങളെയും രാജ്യത്തിന്റെ ഭദ്രതയെയും തകര്‍ക്കാന്‍ വേണ്ടിയുള്ളതാവരുത്‌. അനാവശ്യമായ ഭീതി സൃഷ്‌ടിച്ച്‌ ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല ദേശക്കൂറ്‌. ജനങ്ങളുടെ താല്‍പ്പര്യങ്ങളെ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ജനഹൃദയങ്ങളില്‍ ദേശത്തോടുള്ള കൂറ്‌ രൂഢമൂലമായിരിക്കും. പത്രപ്രവര്‍ത്തകന്റെ വൃദ്ധയായ മാതാവിന്റെ മനസ്സില്‍ മുളപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്‌ ഭീതി സൃഷ്‌ടിച്ചുള്ള ദേശക്കൂറാണ്‌. വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ നിര്‍മല മനസുകളിലേക്കു കടത്തിവിട്ട്‌ രാഷ്‌ട്രീയ ലക്ഷ്യം സാധിക്കാന്‍ സൃഷ്‌ടിക്കുന്ന പലതരം പ്രതീകങ്ങളില്‍ ഒന്നായി മഅദനിയെ പ്രതിഷ്‌ഠിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങളുടെ നേരടയാളമാണ്‌ ആ അമ്മയില്‍നിന്നു കേട്ടത്‌. 


പ്രതീകങ്ങളെ സൃഷ്‌ടിച്ച്‌ ശത്രുവായി കണക്കാക്കി നിഗ്രഹിക്കുന്ന പൊതുരീതി നമ്മളറിയാതെ നമ്മെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്‌. ഇതൊരു ഫാഷിസ്‌റ്റ് ഒളിയജണ്ടയാണ്‌. മഅദനിയുടെ രീതിയോടും ശൈലിയോടും വിയോജിക്കുമ്പോള്‍ തന്നെ മഅദനി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ച രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെ അങ്ങനെ നിരാകരിക്കേണ്ടതല്ല. അത്തരമൊരു രാഷ്‌ട്രീയ കാഴ്‌ചപ്പാടിന്റെ പ്രസക്‌തിയെയാണു മഅദനി വേട്ടയിലൂടെ തകര്‍ക്കാന്‍ തുടക്കം കുറിച്ചത്‌. ന്യൂനപക്ഷമായ സവര്‍ണ ചിന്താധാരയുടെ കടിഞ്ഞാണില്‍ നിയന്ത്രിതമായ രാഷ്‌ട്രീയ സംവിധാനങ്ങള്‍ക്കു കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നതായിരുന്നു മഅദനി പറയാന്‍ ശ്രമിച്ച രാഷ്‌ട്രീയം. അധികാരത്തില്‍നിന്ന്‌ അകറ്റിനിര്‍ത്തപ്പെട്ട മഹാഭൂരിപക്ഷത്തിന്‌ അധികാരം നേടിക്കൊടുക്കുന്ന അധഃസ്‌ഥിതന്റെ രാഷ്‌ട്രീയം. ഈയൊരു കാഴ്‌ചപ്പാട്‌ ചെറിയ ആകുലതയല്ല സവര്‍ണകേന്ദ്രങ്ങളില്‍ സൃഷ്‌ടിച്ചത്‌. സവര്‍ണവിഭാഗത്തിന്‌ പൂര്‍ണാധികാരമുള്ള ഘട്ടത്തില്‍ തന്നെ മറ്റൊരു പിന്തുണയോടും കൈയൊപ്പോടും കൂടി ആ രാഷ്‌ട്രീയത്തിന്‌ അന്ത്യം കുറിക്കാന്‍ തുടക്കം കുറിച്ചതാണ്‌ 98ലെ മഅദനി അറസ്‌റ്റില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്‌. പിന്നീടുണ്ടായ സിമി നിരോധനവും അതിന്റെ ഭാഗം തന്നെയായിരുന്നു. 98ല്‍ മഅദനിയെ പിടിച്ചു കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അകത്തിട്ടപ്പോള്‍ കേരളം അക്ഷരാര്‍ഥത്തില്‍ നിശബ്‌ദമാവുകയും പരിഭ്രമിക്കുകയും ചെയ്‌തു. ആര്‍.എസ്‌.എസിനെതിരേ സംഘടനയുണ്ടാക്കിയവനെ ഒതുക്കാന്‍ ആദ്യാവസരം തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. അതിനായി പ്രചാരണങ്ങളിലൂടെ നേരത്തെ തന്നെ രംഗസജീകരണം നടത്തുകയും ചെയ്‌തിരുന്നു. അതുകൊണ്ടാണ്‌ അറസ്‌റ്റ് നടന്നപ്പോള്‍ എല്ലാവരും പരിഭ്രാന്തരായി മാറിനിന്നത്‌. മതിയായ ഇടപെടലുകളും പ്രതികരണങ്ങളും തുടക്കത്തിലേ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വീണ്ടുമൊരിക്കല്‍ മഅദനി ക്രൂശിക്കപ്പെടുമായിരുന്നില്ല. വളരെ സമര്‍ഥമായാണ്‌ അന്നത്തെ ഇടതുസര്‍ക്കാര്‍ മഅദനിയെ തമിഴ്‌നാട്‌ പോലിസിനു കൈമാറുന്നത്‌. സി.പി.എമ്മിനും ദേശാഭിമാനിക്കും 98 മാര്‍ച്ച്‌ 31ന്‌ മഅദനിയെ അറസ്‌റ്റ് ചെയ്യുമ്പോള്‍ കൃത്യമായ ധാരണയുണ്ടായിരുന്നു. മറ്റു പത്രങ്ങളെല്ലാം കോഴിക്കോട്‌ നടന്ന പ്രസംഗത്തിന്റെ പേരിലാണു മഅദനിയെ അറസ്‌റ്റ് ചെയ്‌തതെന്നു വാര്‍ത്ത എഴുതിയപ്പോള്‍ ദേശാഭിമാനി മാത്രമാണു കോയമ്പത്തൂര്‍ കേസില്‍ പ്രതിയാണ്‌ മഅദനിയെന്നു നേരത്തെ അറിയിച്ചത്‌. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഇടതുവലതു മുന്നണികള്‍ ആവശ്യാനുസരണം അബ്‌ദുള്‍ നാസര്‍ മഅദനിയെ ഉപയോഗപ്പെടുത്തി. സമര്‍ഥമായി അകത്താക്കിയ ശേഷം ഇരുകൂട്ടരും കൈയൊഴിഞ്ഞു. കൂടെ നിന്ന പലരും മറ്റു കൂടുകള്‍ തേടിപ്പോയി. മഅദനിയുടെ പേര്‌ ഉച്ചരിക്കാന്‍ പോലും ഭയമായിരുന്ന ആദ്യഘട്ടത്തില്‍ തന്നെ നിശബ്‌ദത ഭേദിച്ച്‌ ഗ്രോ വാസുവിന്റെയും മുകുന്ദന്‍ സി.മേനോന്റെയും നേതൃത്വത്തില്‍ ഒരും സംഘം ആളുകള്‍ രംഗത്തുവന്നതു കൊണ്ടു മാത്രമാണു കാലക്രമേണ മഅദനിക്കു നേരേയുള്ള കൊടുംക്രൂരത പുറംലോകം അറിയുന്നതും നിയമപോരാട്ടങ്ങളുടെ വഴി ശക്‌തമാവുന്നതും. മൂന്നരക്കൊല്ലത്തിനു ശേഷം മഅദനിക്കു വേണ്ടി സംസാരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ഭയം സാധിച്ചത്‌ ഇത്തരമൊരു ചുവടുവയ്‌പ്പിന്റെ ഭാഗമായിട്ടായിരുന്നു. 


പിന്നീട്‌ പതുക്കെ മതസാമൂഹിക രാഷ്‌ട്രീയ സംഘടനകള്‍ ഒന്നിച്ചു രംഗത്തെത്തിയെങ്കിലും രണ്ടാം അറസ്‌റ്റിന്റെ ഘട്ടമെത്തിയപ്പോഴും പഴയ അവസ്‌ഥയിലേക്കു തന്നെ കാര്യങ്ങള്‍ തിരിഞ്ഞെത്തിയിരുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒമ്പതര കൊല്ലം കഴിഞ്ഞ്‌ മഅദനി പുറത്തിറങ്ങി വരുമ്പോള്‍ പരവതാനി ചുവപ്പ്‌ തന്നെയാവണമെന്ന സി.പി.എമ്മിന്റെ കൂശാഗ്രബുദ്ധി തിരിച്ചറിയാന്‍ മഅദനിക്കു കഴിയാതെ പോയത്‌ ചരിത്രം. പിടിച്ചുകൊടുത്തതിലെ കുറ്റബോധമായിരുന്നില്ല മുമ്പിലെത്തിയിരിക്കുന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പു മാത്രമായിരുന്നു ലക്ഷ്യം. കോയമ്പത്തൂരില്‍നിന്നു പുറത്തിറങ്ങിയ മഅദനിയെ ഇടതുചേരി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ആവോളം ഉപയോഗിച്ചെങ്കിലും അവര്‍ക്കു വിജയിക്കാനായില്ല. 2009ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചകളെത്രയും മഅദനിയില്‍ മാത്രം കെട്ടുപിണഞ്ഞു കിടന്നു. രാജ്യത്തിന്റെ ഭാവിയോ വികസനമോ അന്നു കേരളം ചര്‍ച്ച ചെയ്‌തില്ല. തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും പരാജയത്തിന്റെ പാഠവും മുന്നണി ബന്ധങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന സൗഹൃദക്കൂട്ടായ്‌മയുടെ സൗകര്യവും ഉപയോഗപ്പെടുത്തി വീണ്ടും മഅദനിയെ കുരുക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവഷ്‌കരിക്കപ്പെട്ടു. കേരള രാഷ്‌ട്രീയത്തില്‍ മഅദനി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കണമെന്ന നിര്‍ബന്ധം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെയുണ്ടായിരുന്നു. അതുകൊണ്ട്‌ അവര്‍ ഒന്നിച്ചു ചിന്തിച്ച്‌ മൂന്നാം കക്ഷിയുടെ സഹായം തേടി കര്‍ണാടകയിലേക്ക്‌ ഏല്‍പ്പിക്കുന്നത്‌. ബി.ജെ.പി. അവര്‍ക്ക്‌ ലഭിച്ച അവസരത്തെ ശരിയാവണ്ണം ഉപയോഗപ്പെടുത്തി. അഴിയാത്ത കുരുക്കുകള്‍ ഓരോന്നായി തീര്‍ത്തുകൊണ്ടിരുന്നു. ബംഗളുരുവില്‍ ഒരാള്‍ പോലും കൊല്ലപ്പെടാത്ത ഒരു സ്‌ഫോടനത്തിന്റെ മറവില്‍ അനന്തമായ തടവറ ജീവിതം നല്‍കാന്‍ നടത്തിയ ഗൂഢാലോചന പൂര്‍ണമായും വിജയിച്ചുവെന്നു വേണം കരുതാന്‍. 


രോഗിയും വികലാംഗനുമായ മഅദനി ചെറിയ ഇടവേളയ്‌ക്കു ശേഷം നീതി തേടി കോടതികള്‍ കയറിയിറങ്ങുന്നു. എല്ലാത്തിനും തീര്‍പ്പുകല്‍പ്പിച്ചു വരുമ്പോഴേക്കു മഅദനിയെ ബാക്കിയായി കിട്ടുമോ എന്ന സാഹിത്യകാരന്‍ സക്കറിയായുടെ ചോദ്യത്തിന്‌ ഏറെ ഗൗരവം കൈവന്നിട്ടുണ്ട്‌. ഒറ്റ ഭരണഘടനയുള്ള നാട്ടില്‍ ഇരട്ടനീതിയാണോ നടക്കുന്നതെന്ന ചോദ്യം ഒറ്റപ്പെട്ടെങ്കിലും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്‌. 


ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചും രാജ്യം തകര്‍ക്കുന്ന സ്‌ഫോടനങ്ങള്‍ നടത്തിയും ബാബരി മസ്‌ജിദ്‌ തകര്‍ത്തും വര്‍ഗീയ കലാപങ്ങളും വംശീയഹത്യയും നടത്തി രാജ്യത്തിനു ഭീഷണിയായി തീരുന്ന ശക്‌തികള്‍ സ്വൈര്യവിഹാരം നടത്തുമ്പോള്‍ അതു മഅദനിയോടു മാത്രം കാണിക്കുന്ന അനീതി നീതീകരിക്കപ്പെടാവുന്ന ഒന്നല്ല. കീഴ്‌ക്കോടതിയും പരമോന്നത കോടതിയും രാജ്യത്തെ പൗരന്മാര്‍ക്ക്‌ അവസാനത്തെ അത്താണിയാണ്‌. 


എന്നാല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന നീതിനിഷേധങ്ങളോട്‌ നീതിന്യായ പീഠങ്ങള്‍ പോലും ഗൗരവമായി സമീപിക്കാത്തതു ആശങ്കയാണു സൃഷ്‌ടിക്കുക. കുറ്റവാളിയാണെങ്കില്‍ മാത്രമാണ്‌ ഒരാള്‍ ശിക്ഷിക്കപ്പെടേണ്ടതുള്ളൂ. എന്നാല്‍ മഅദനിയുടെ കാര്യത്തില്‍ ശിക്ഷയ്‌ക്കു ശേഷമാണു വിചാരണ നടക്കുന്നത്‌. 


നമ്മളിലൊരുവനായ ഒരു വ്യക്‌തിയെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി തുടര്‍ച്ചയായി പീഡിപ്പിക്കുമ്പോള്‍ അതിനോടു നിസംഗമായിരിക്കുന്നതു കുറ്റകൃത്യമാണ്‌. കൊലപാതകക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി ഒരു സര്‍ക്കാര്‍ എങ്ങനെയാണ്‌ ഇടപെടുന്നതെന്നു നമ്മള്‍ കേരളീയര്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്നു. പൗരബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും നീതിബോധം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത്‌ ഇത്തരമൊരു സന്ദര്‍ഭത്തിലൊക്കെയാണ്‌. മഅദനിക്ക്‌ സംഭവിച്ചത്‌ നാളെ മറ്റൊരാള്‍ക്കും സംഭവിച്ചു കൂടാ. കൊന്നുകൊണ്ട്‌ രാഷ്‌ട്രീയ പ്രതിയോഗികളെ ഒതുക്കുന്നതു പോലെ തന്നെയാണു തടവറയിലിട്ട്‌ പീഡിപ്പിച്ച്‌ വകരുത്താന്‍ ശ്രമിക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

2012, മേയ് 26, ശനിയാഴ്‌ച

ലൈംഗികതയുടെ പെരുമാറ്റച്ചട്ടങ്ങള്‍


 അല്ലാഹു ആദ്യം മനുഷ്യനെ മണ്ണില്‍ നിന്നുണ്ടാക്കി. ജീവനും മനസ്സും സംവിധാനിച്ച് അല്ലാഹുവില്‍നിന്നുള്ള ആത്മാംശവും ഊതി അവനെ സമ്പൂര്‍ണ മനുഷ്യനാക്കി. പിന്നെ അവനില്‍നിന്ന് ഇണയെ സൃഷ്ടിച്ചു. ഇണയും തുണയും ചേര്‍ന്ന് ലൈംഗികബന്ധത്തിലൂടെ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ വ്യവസ്ഥയും സിശ്ചയിച്ചു. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ ആകര്‍ഷണം അവരുടെ ജൈവഘടനയില്‍ ഉദ്ഭൂതമാക്കപ്പെട്ട ഒന്നാണ്. ജീവിതത്തിന്റെ വികാസത്തിനും ഭൂമിയില്‍ മനുഷ്യന്റെ ദൈവികപ്രാതിനിധ്യ സാക്ഷാല്‍ക്കാരത്തിനും അല്ലാഹു ഏര്‍പ്പെടുത്തിയ അത്യദ്ഭുതകരവും അനുഭൂതിദായകവുമായ ഒരു സംവിധാനമാണത്. ഇതു മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ട ഒരു വികാരമാണ്്. ഇത്തരം ഒരു വികാരത്തെ വരിഞ്ഞുമുറുക്കി അടിച്ചമര്‍ത്താനല്ല, അനുവദനീയമായ മാര്‍ഗത്തിലൂടെ അതിന്റെ സ്വാഭാവികമായ നിയോഗപൂര്‍ത്തീകരണത്തിനു വഴിയൊരുക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. വ്യക്തിയുടെ സ്വഭാവശുദ്ധിയും കുടുംബത്തിന്റെ ധാര്‍മികശുദ്ധിയും സമൂഹത്തിന്റെയും നേതൃത്വത്തിന്റെയും സംസ്കാരശുദ്ധിയും ഉന്നംവച്ച വ്യക്തമായൊരു സാമൂഹികശിക്ഷണമാണ് ഇക്കാര്യത്തില്‍ ഇസ്ലാം  മുന്നോട്ടുവയ്ക്കുന്നത്. നിത്യേന സ്ത്രീപീഡനസംഭവങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സമകാലികത്തില്‍ ഇസ്്ലാം നിര്‍ദേശിക്കുന്ന ലൈംഗികസദാചാര പെരുമാറ്റരീതിയെക്കുറിച്ച് പൊതുസമൂഹത്തില്‍ ഗൌരവപൂര്‍ണമായ ചര്‍ച്ചനടത്തുന്നതിനും പ്രായോഗികനടപടികള്‍ സ്വീകരിക്കുന്നതിനും ഇക്കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടതു സത്യവിശ്വാസിസമൂഹത്തിന്റെ ബാധ്യതയാണ്. 


പരിപാവനമായ ഒരു വികാരത്തെ കേവല ഭൌതിക നൈമിഷികാനുഭൂതിക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നതിനെ കുറ്റകരമായും കഠിനശിക്ഷയര്‍ഹിക്കുന്ന പാപമായും അല്ലാഹു നിശ്ചയിച്ചു. വിവാഹേതര ലൈംഗികബന്ധങ്ങളില്‍ നൈമിഷിക ഭൌതിക സുഖാസ്വാദനത്തിനപ്പുറം മറ്റ് അനുഭൂതികളൊന്നുമില്ല. അതില്‍ ആത്മീയതയില്ല; മൂല്യങ്ങളില്ല; പ്രജനന ലക്ഷ്യങ്ങളില്ല; വൈയക്തികാഭിമാനമോ സാമൂഹികമര്യാദകളോ ഇല്ല, സുരക്ഷിതത്വബോധമോ സംരക്ഷണ ബാധ്യതയോ ഇല്ല. മറിച്ച്, അധര്‍മപ്രവര്‍ത്തനത്തിന്റെ മനസ്സാക്ഷിക്കുത്തും ലജ്ജയില്ലായ്മയും സമൂഹത്തിന്റെ നിന്ദ്യതയും കുടുംബങ്ങളില്‍ അവസാനിക്കാത്ത പ്രശ്നക്കുരുക്കുകളും ഉണ്ടാവുകയും ചെയ്യും. മാനുഷികതയ്ക്കും ജീവിതമൂല്യങ്ങള്‍ക്കും ഇത്രമാത്രം വിരുദ്ധമായതുകൊണ്ടാണ് ഇതിനെ അല്ലാഹു നീചവൃത്തികളുടെ പട്ടികയില്‍ പെടുത്തിയതും കഠിനശിക്ഷ നിര്‍ദേശിച്ചതും. 


'പ്രകാശം'എന്ന അര്‍ഥം വരുന്ന സൂറത്തുന്നൂറിലാണ് ലൈംഗികസദാചാര പെരുമാറ്റരീതികളെക്കുറിച്ച് ഏറെ പരാമര്‍ശങ്ങള്‍ വരുന്നത്. അല്ലാഹുവിന്റെ സത്തയെ പ്രതീകവല്‍ക്കരിക്കുന്ന പ്രകാശത്തെക്കുറിച്ച മനോഹരമായ ഒരു ചിത്രീകരണം ഈ അധ്യായത്തിലുണ്ട്. പ്രപഞ്ചത്തിന്റെ പ്രകാശമാണ് അല്ലാഹു എന്ന യാഥാര്‍ഥ്യം വ്യക്തമാക്കുമ്പോള്‍ ആ പ്രകാശത്തിന്റെ പ്രകടനങ്ങളും അടയാളങ്ങളും മനുഷ്യാത്മാക്കളിലും ഹൃദയങ്ങളിലും പരന്നൊഴുകി സ്വഭാവത്തിലും സംസ്കാരത്തിലും സ്വാധീനം ചെലുത്തി ജീവിതത്തെ മൊത്തം പ്രകാശമാനമാക്കുന്ന വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ സദാചാര പെരുമാറ്റച്ചട്ടങ്ങളാണ് ഈ അധ്യായത്തിലൂടെ ഖുര്‍ആന്‍ നമുക്കു നല്‍കുന്നത്. കുറ്റം ചെയ്യുവോളം കാത്തിരുന്നു ശിക്ഷ നടപ്പാക്കാനല്ല. കുറ്റകൃത്യങ്ങളില്‍നിന്നു സമൂഹത്തെ കാത്തുരക്ഷിക്കാനുള്ള രക്ഷാനടപടികള്‍ സ്വീകരിക്കാനാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 


മനുഷ്യന്റെ സ്വകാര്യതകളും മാനാഭിമാനങ്ങളും സുരക്ഷിതമാക്കുന്ന ഒരിടമായാണു വീടിനെ അല്ലാഹു നിശ്ചയിച്ചത്; വേദനയോടും വിഷമത്തോടും ചുമലിലേറ്റി നടന്ന എല്ലാ ഭാരങ്ങളും അമര്‍ത്തിവച്ച സകല മോഹങ്ങളും ഇറക്കിവയ്ക്കാനുള്ള ഒരിടം; പ്രയാസങ്ങളില്‍നിന്നു മടങ്ങിച്ചെല്ലാനുള്ള ശാന്തിയുടെ കേന്ദ്രം. ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിച്ച് അവിടം സുരക്ഷിതമാക്കാനാണ് ഈ ഗണത്തില്‍ ഖുര്‍ആന്‍ ആദ്യ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നത്. തങ്ങളുടേതല്ലാത്ത വീടുകളില്‍ പ്രവേശിക്കാനുദ്ദേശിക്കുമ്പോള്‍ അതു വീട്ടുകാര്‍ക്ക് അഭിവാദ്യം പറയുകയും പ്രവേശനാനുമതി വാങ്ങുകയും ചെയ്തല്ലാതെ ആവരുതെന്നു ഖുര്‍ആന്‍ വിലക്കുന്നു. ആരെയും കണ്ടില്ലെങ്കില്‍ അനുവാദം കിട്ടുംവരെ അകത്തു പ്രവേശിക്കരുത്. മടങ്ങിപ്പോവാന്‍ പറഞ്ഞാല്‍ ഉടന്‍ മടങ്ങിപ്പോവണം. അതാണ് ഏറെ ശുദ്ധമായ നടപടി. ഇതു പറഞ്ഞതോടൊപ്പം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നായി അറിയുന്നുണ്െടന്ന കാര്യവും ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നു(24:27:28). 


ഏതു വീട്ടിലും ആര്‍ക്കും ഏതു സമയത്തും കയറിച്ചെല്ലാവുന്ന അവസ്ഥയുണ്ടാക്കുന്ന വൈഷമ്യങ്ങള്‍ വിവരിക്കാതെതന്നെ വ്യക്തമാണ്. ഓരോ വീട്ടുകാര്‍ക്കും അവരവരുടേതായ സ്വകാര്യതകള്‍ ഉണ്ടാവും; മറ്റുള്ളവര്‍ അറിയുന്നത് അവരിഷ്ടപ്പെടാത്ത കാര്യങ്ങള്‍. മനുഷ്യന്റെ നഗ്നത മാത്രമല്ല ഇവിടെ ഉദ്ദേശ്യം. ഭക്ഷണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും തുടങ്ങി എല്ലാറ്റിനും നഗ്നതയുണ്ട്. ഓരോന്നും അതതിന്റെ പാകത്തിലായിരിക്കില്ല പലപ്പോഴും. സന്ദര്‍ശകര്‍ വരുന്നതിനു മുമ്പേ അവയൊക്കെ ശരിപ്പെടുത്തി ഭംഗിയാക്കേണ്ടതുണ്ടാവും. മനുഷ്യന്റെ ജീവിതമാര്‍ഗദീപമായ ഖുര്‍ആന്‍ സാമൂഹികജീവിതത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും ഗൌരവമായി കണ്ടുകൊണ്ടാണ് മാര്‍ഗദര്‍ശനം നടത്തുന്നത്. പൊതു ഉപയോഗത്തിനുവേണ്ടി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാത്തിടത്തു പ്രവേശിക്കുന്നതിനു പ്രത്യേക അനുമതി വാങ്ങുന്ന കാര്യത്തില്‍ ഇസ്ലാം ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. 


ഒരു പരിഷ്കൃതസമൂഹത്തിനാവശ്യമായ സന്ദര്‍ശന മര്യാദകള്‍ പഠിപ്പിച്ച് വീടുകളുടെ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ കല്‍പ്പിച്ച ഖുര്‍ആന്‍ ലൈംഗികപ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും ശക്തമായി തടയാനായി കൂടുതല്‍ വിശുദ്ധിയുടെ പെരുമാറ്റച്ചട്ടം വിവരിക്കുന്നു: "ദൃഷ്ടികള്‍ താഴ്ത്താനും ചാരിത്യ്രം സൂക്ഷിക്കാനും സത്യവിശ്വാസികളോടു നീ പറയുക. അതാണു വിശുദ്ധിയുടെ മാര്‍ഗം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നു. ദൃഷ്ടികള്‍ താഴ്ത്താനും ചാരിത്യ്രം സൂക്ഷിക്കാനും സ്വയം വെളിവായതൊഴികെയുള്ള തങ്ങളുടെ സൌന്ദര്യം മറച്ചുവയ്ക്കാനും  സത്യവിശ്വാസിനികളോടു നീ പറയുക. ശിരോവസ്ത്രം താഴ്ത്തിക്കൊണ്ട് അവര്‍ മാറിടങ്ങളും മറയ്ക്കട്ടെ. ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, മറ്റു സ്ത്രീകള്‍, അടിമകള്‍, ലൈംഗികമോഹം നശിച്ച ഭൃത്യന്മാര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാവാത്ത കുട്ടികള്‍ എന്നിവരൊഴിച്ചുള്ള ആരുടെ മുന്‍പിലും അവര്‍ സൌന്ദര്യം വെളിപ്പെടുത്തരുത്. മറച്ചുവച്ച സൌന്ദര്യം മറ്റുള്ളവര്‍ കാണട്ടെ എന്ന വിധത്തില്‍ കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്. നിങ്ങളെല്ലാവരും അല്ലാഹുവിനോടു പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയികളായേക്കാം'' (24:30-31). ലൈംഗിക അരാജകത്വമില്ലാത്ത സംശുദ്ധസമൂഹത്തിന്റെ നിര്‍മിതിക്കായി ഖുര്‍ആന്‍ ഗൌരവപൂര്‍വം നിര്‍ദേശിക്കുന്ന മുന്‍കരുതലുകളാണിവ. 


ഒരു നോട്ടം, ഒരു ചിരി, ഒരംഗവിക്ഷേപം, ഒരു സംസാരം ചിലപ്പോള്‍ ഏതെങ്കിലും ഒന്നുമതി സ്ത്രീപുരുഷന്മാരില്‍ പരസ്പരം ലൈംഗികവികാരം ഉണര്‍ത്താന്‍. അതു തുടര്‍ന്നാലുണ്ടായിത്തീരുന്ന അപകടത്തെ മുളയിലേ നുള്ളിക്കളയാന്‍ കല്‍പ്പിക്കുകയാണു സര്‍വജ്ഞനായ അല്ലാഹു. സ്ത്രീപുരുഷബന്ധങ്ങളെ അതിന്റെ ശുദ്ധവും സ്വാഭാവികവും സുരക്ഷിതവും ആരോഗ്യകരവും പരിപാവനവുമായ പ്രകൃതിയില്‍ നിലനിര്‍ത്താനാണു രക്ഷിതാവിന്റെ ഈ നിര്‍ദേശങ്ങള്‍. പുരുഷനും സ്ത്രീയും ചേര്‍ന്നതാണു മനുഷ്യന്‍. അതില്‍ സ്ത്രീക്കു മാര്‍ദ്ദവത്വം ഏറെയാണ്. കണ്ണിനു പ്രത്യേക പരിരക്ഷണം എന്നപോലെ സ്ത്രീക്കും സംരക്ഷണം കൂടുതലായി വേണം. ജീവിതത്തില്‍ അവളുടെ പങ്ക് ഏറെ വലുതും സദാ സംരക്ഷണം ആവശ്യമായതുമായാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. സൌന്ദര്യം അവളുടെ പ്രകൃതിയുടെ ആവശ്യമാണ്. അതിനാല്‍ അണിഞ്ഞൊരുങ്ങാനും അതു കാട്ടാനും അവള്‍ തല്‍പ്പരയുമായിരിക്കും. അതിനു വിലങ്ങിടാനൊന്നും അല്ലാഹു നിശ്ചയിച്ചില്ല. സാമൂഹികജീവിതത്തിന്റെ സുഗമമായ ഒഴുക്കിനായി സൌന്ദര്യപ്രദര്‍ശനത്തിന്  ചില ചിട്ടവട്ടങ്ങള്‍ നിശ്ചയിച്ചു എന്നു മാത്രം. സ്രഷ്ടാവ് നിശ്ചയിച്ചു കാട്ടുന്ന വഴിയിലാണ് ആസ്വാദനത്തിലെ അനുഭൂതിയുണ്ടാവുക. നിരോധിച്ച വഴികളില്‍ എപ്പോഴും അപകടം നിറഞ്ഞിരിക്കും. യാതൊരു നിയന്ത്രണവുമില്ലാതെ നഗ്നതാപ്രദര്‍ശനത്തിനും ആണ്‍-പെണ്‍ സങ്കലനത്തിനും സൌകര്യം ലഭിച്ചേടത്തൊക്കെ കുത്തഴിഞ്ഞ ലൈംഗികസംസ്കാരവും തുടര്‍ അപകടങ്ങളും കൂടുക മാത്രമാണുണ്ടായത് എന്നതിനു ലോകംതന്നെ സാക്ഷി. 


വിവാഹപ്രായമായവരെ വിവാഹം കഴിപ്പിക്കാനുള്ള കല്‍പ്പന, വാല്യക്കാരികളെ അഴിഞ്ഞാടാന്‍ വിടുന്നതിനെതിരേയുള്ള താക്കീതുകള്‍, പതിവ്രതകളായ പെണ്ണുങ്ങളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിലുള്ള കര്‍ശനമായ വിലക്ക്, അതിനുള്ള കടുത്ത ശിക്ഷയുടെ താക്കീത് തുടങ്ങി മറ്റു പലതും ഇതോടൊപ്പം സൂറത്തുന്നൂറില്‍ അല്ലാഹു വിവരിക്കുന്നു. അവതരിപ്പിക്കുകയും നിയമമാക്കുകയും ചെയ്തിരിക്കുന്നു എന്ന പ്രത്യേക ആമുഖത്തോടെയാണു  മറ്റ് അധ്യയനങ്ങളില്‍നിന്നു വ്യത്യസ്തമായി നൂര്‍ അധ്യായം അവതരിപ്പിച്ചത്. അതില്‍നിന്നുതന്നെ അതിന്റെ ഗൌരവം വ്യക്തമാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിച്ച് അതിനു  സാക്ഷിയാവുമ്പോള്‍ പൊതുസമൂഹത്തെ വലിയൊരളവോളം അതു സ്വാധീനിക്കാതിരിക്കില്ല. ചരിത്രം നമുക്കു നല്‍കുന്ന പാഠമതാണ്.

2012, മേയ് 24, വ്യാഴാഴ്‌ച

ഹ്യദയമലിയും: ശിലയൊരിക്കലും അലിയില്ല


രണ്ടു ധീര രക്‌തസാക്ഷികളുടെ വിധവകളുടെ കൈപ്പടയില്‍ മലയാളി വായിച്ചെടുത്ത ചിന്തകള്‍ വിശകലന വിധേയമാവേണ്ടതുണ്ട്‌. പാര്‍ട്ടിക്കു വേണ്ടി രക്‌തംചിന്തിയ സഖാവ്‌ അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ പാര്‍ട്ടിയാല്‍ രക്‌തസാക്ഷിയാക്കപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്ക് മറുപടിക്കത്ത്‌ നല്‍കിയതിലെ സാംഗത്യമാണു പൊതുവിമര്‍ശനം വിളിച്ചുവരുത്തിയിട്ടുള്ളത്‌. രണ്ടു കത്തിനും ഒരേ വായനയല്ല ലഭിച്ചത്‌. ഹൃദയഭേദകമായ രമയുടെ അക്ഷരങ്ങള്‍ക്ക്‌ രാഷ്‌ട്രീയമായ ഒരു മറുപടി എന്നതു സി.പി.എം. പ്രതിരോധ തന്ത്രമാണ്‌. 


ഈ രണ്ടു തുറന്ന കത്തുകളും ചര്‍ച്ചയ്‌ക്കെത്തുന്നതിനിടയിലാണ്‌ അച്യുതാനന്ദന്റെ തുറക്കാത്ത കത്തിനെ പ്രതിരോധിക്കാന്‍ സി.പി.എം. നിന്നു വിയര്‍ക്കുന്നത്‌. ചന്ദ്രശേഖരന്‍ വധത്തിലെ കുറ്റബോധത്തില്‍ നിന്നാണു വി.എസിന്റെ കത്തെങ്കില്‍ വിശദീകരണങ്ങള്‍ മാത്രമല്ല, നിലപാടും വ്യക്‌തമായി കിട്ടേണ്ടത്‌ വി.എസ്‌. അച്യുതാനന്ദനില്‍ നിന്നു തന്നെയാണ്‌. ക്രൂരമായ കൊലപാതകങ്ങളില്‍ ചാലിട്ടൊഴുകിയ രക്‌തം കണ്ടതിലുള്ള മനഃസ്‌താപമാണെങ്കില്‍ അഞ്ചുകൊല്ലം മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോഴെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. തുറക്കാത്ത കത്ത്‌ പി.ബി. തുറന്നു ചര്‍ച്ച ചെയ്യുമ്പോള്‍ പൊളിഞ്ഞുവീഴുന്നത്‌ ഇമേജ്‌ ക്രിയേഷന്‍ സൂത്രമാണെങ്കില്‍ വി.എസില്‍ വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തേണ്ടതില്ല. സി.പി.എം. അടുത്ത കാലത്ത്‌ അഭിമുഖീകരിച്ച ആഭ്യന്തര പ്രതിസന്ധിയില്‍ പാര്‍ട്ടിയില്‍ നിന്ന്‌ അണികള്‍ വിട്ടുപോവാതെ നിലനിര്‍ത്താനുള്ള രാഷ്‌ട്രീയ തന്ത്രവും വി.എസ്‌. പ്രയോഗിച്ചു കൂടായ്‌കയില്ല. നേതൃമാറ്റ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മുഖ്യമന്ത്രി സ്‌ഥാനത്തിരുന്നു മറ്റുള്ളവരുടെ നെറികേടുകള്‍ക്കു കൂട്ടുനിന്ന പോലെ, അതേ നെറികേടുകാരുടെ നേതാവായിരിക്കാനും വി.എസ്‌. മടികാണിച്ചു കൊള്ളണമെന്നില്ല. നെയ്യാര്‍ കടന്നു കേന്ദ്രകമ്മിറ്റി തീരുമ്പോള്‍ അറിയാം വി.എസ്‌ ആദര്‍ശത്തിന്റെ യഥാര്‍ഥ സ്‌ഥിതിയും ഗതിയുമെല്ലാം. 


മൂന്നാഴ്‌ച പിന്നിടുമ്പോഴും ടി.പി വധത്തിന്റെ യഥാര്‍ഥചിത്രം പൂര്‍ണമാകുന്നില്ല. ഗതിവേഗമുണ്ടായിരുന്ന അന്വേഷണത്തിനു വേഗത കുറയുകയും അതിജീവനത്തിനു സി.പി.എം. നടത്തുന്ന ശ്രമങ്ങള്‍ക്കു വേഗത കൂടുകയും ചെയ്യുമ്പോഴാണു ടി.പിയുടെ ഭാര്യ രമ തുറന്ന കത്തെഴുതിയത്‌. രാഷ്‌ട്രീയകക്ഷി ബന്ധങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന പോലീസ്‌ സേനയ്‌ക്കു കേസന്വേഷണത്തില്‍ ഏറെ പ്രതിബന്ധങ്ങളുണ്ട്‌. ആ പ്രതിബന്ധങ്ങള്‍ കൂടി രമയുടെ പ്രതിഷേധ കൈപ്പടയില്‍ നിഴലിട്ടു നില്‍ക്കുന്നുണ്ട്‌. 


45ാം വയസില്‍ വിധവയാക്കപ്പെട്ട രമയുടെ കത്തിനെ പ്രതിരോധിക്കാന്‍ സഖാവ്‌ അഴീക്കോടന്റെ ഭാര്യയെ തന്നെ സി.പി.എം രംഗത്തിറക്കിയതിലൂടെ വികൃതമായ തങ്ങളുടെ മുഖത്തിന്റെ വീണ്ടെടുപ്പിന്‌ പാര്‍ട്ടി ഏതറ്റം വരെയും പോവുമെന്നു സാരം. ബഹുമാനാദരങ്ങളോടെ നോക്കിക്കാണുന്ന ഉജ്‌ജ്വലനായ വിപ്ലവകാരിയുടെ ഭാര്യയാണെങ്കിലും ഒരുപാടു സ്വകാര്യദുഃഖങ്ങള്‍ പേറുന്ന സ്‌ത്രീയെ ഒരു പരിചയാക്കുമ്പോള്‍ അഴീക്കോടന്റെ ആത്മാവിനെക്കുറിച്ചെങ്കിലും സി.പി.എം. നേതൃത്വം ചിന്തിക്കേണ്ടതായിരുന്നു. അതേസമയം, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.എം. പ്രതിരോധത്തിന്റെ മറ്റൊരടയാളം മാത്രമാണു ടീച്ചറുടെ കത്ത്‌. കത്താതെ പോയ പടക്കമായിരുന്നു അത്‌. 


പൊതുസമൂഹത്തോടും കമ്യൂണിസ്‌റ്റ് സഖാക്കളോടും സംവദിക്കാന്‍ രമ സ്വീകരിച്ച വഴിയില്‍ അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞു എന്നതാണു സി.പി.എം. പ്രതിരോധിക്കാന്‍ രംഗത്തുവന്നതിലൂടെ ബോധ്യപ്പെടുന്നത്‌. ധീരരായ രണ്ടു രക്‌തസാക്ഷികളുടെ സഹധര്‍മിണിമാര്‍ അധീരരാവുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. വേദനകളുടെയും പ്രയാസങ്ങളുടെയും ഇടയില്‍ നിന്നു കാണിക്കുന്ന നിശ്‌ചയദാര്‍ഢ്യങ്ങളോടു ആദരവുണ്ട്‌. അതിനിടയില്‍ തിരിച്ചറിയാതെ പോകരുതെന്ന സദുദ്ദേശ്യത്തില്‍ പൊതുസമൂഹവും രമയും മീനാക്ഷി ടീച്ചറും അറിയേണ്ട ചിലതെല്ലാം ബാക്കിനില്‍ക്കുന്നുണ്ട്‌. 


മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സഖാക്കളോടെന്ന മുഖവുരയിലാണു രമയുടെ തുടക്കം. അഥവാ അങ്ങനെ ഒരുപാട്‌ പേര്‍ സി.പി.എമ്മിനകത്ത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന അവരുടെ സമാശ്വാസമാണു പ്രകടമായി കാണുന്നത്‌. ആശയപരമായ വിയോജിപ്പു ധാരാളമുള്ള ഒരാളാണെങ്കിലും മാനുഷികതയുടെ മുഖം പ്രകടിപ്പിക്കുന്ന രംഗങ്ങളില്‍ കമ്യൂണിസത്തോടു യോജിക്കാവുന്ന വഴികളെ അടച്ചുപിടിക്കേണ്ടതില്ലെന്ന കാഴ്‌ചപ്പാടു പുലര്‍ത്തുന്ന വലിയൊരു വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണു ഞാന്‍. സാമ്രാജ്യത്വത്തോടും ഫാസിസത്തോടും വിയോജിക്കുക മാത്രമല്ല ശക്‌തമായ പ്രതിരോധം തീര്‍ക്കല്‍ അനിവാര്യമാണെന്ന ബോധത്തിന്റെ ഭാഗം കൂടിയാണത്‌. കമ്യൂണിസ്‌റ്റുകളുടെ ഭൗതികവാദത്തോടു വിയോജിക്കുമ്പോള്‍ തന്നെ മതത്തിന്റെ ആത്മീയവാദത്തിനു യോജിച്ചുനില്‍ക്കാന്‍ കഴിയുന്നത്‌. ഉറച്ച കമ്യൂണിസ്‌റ്റ് വിശ്വാസം പുലര്‍ത്തുമ്പോഴും രമയുടെ നിലപാടുകളോടു യോജിക്കാവുന്നതും ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌. 


ഫാസിസത്തോടും സാമ്രാജ്യത്വത്തോടുമുള്ള നിലപാടില്‍ വ്യതിയാനം വന്നതോടെ മാനുഷിക മുഖം സി.പി.എമ്മിനു നഷ്‌ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നു മാനുഷികതയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന രമയ്‌ക്കും ബോധ്യപ്പെടുമെന്നു കരുതുന്നു. ആശയപ്രതിബന്ധതക്കപ്പുറം അനുഭവിച്ചറിഞ്ഞ അധികാരത്തിന്റെ സുഖലോലുപതയും സഹകരണസ്‌ഥാപനങ്ങളുടെ വായ്‌പകളുടെ ബന്ധങ്ങളുണ്ടാക്കുന്ന കടപ്പാടുകളുമൊക്കെയാണു വലിയൊരു വിഭാഗത്തെ ഇന്നും പാര്‍ട്ടിക്കൊപ്പം നടത്തുന്നത്‌. അതിനാല്‍ ബന്ധനങ്ങള്‍ അഴിച്ചുമാറ്റി വരാന്‍ സന്നദ്ധയുള്ളവരില്‍ നിന്നു പ്രതീക്ഷിക്കാവുന്നത്‌ മാത്രമാണു മാനുഷികതയെന്നത്‌. ഹൃദയഭേദകമായ കുറിമാനങ്ങളിലൂടെ അലിയിച്ചെടുക്കാന്‍ കഴിയാത്ത ശിലാഹൃദയങ്ങളെയാണ്‌ ഇന്നത്തെ പാര്‍ട്ടി നേതൃത്വം പാകപ്പെടുത്തിയെടുക്കുന്നതെന്ന്‌ രമ അറിയാതെ പോവരുത്‌.


അത്തരമൊരു ശിലാഹൃദയത്തിനാണു വികൃതമായി എന്ന്‌ ഉറപ്പാവും വരെ ടി.പിയുടെ മുഖത്ത്‌ ആഞ്ഞാഞ്ഞു വെട്ടാന്‍ കഴിയുക. ആ വികൃതമാക്കലിനെ ന്യായങ്ങള്‍ നിരത്തി വിശദീകരിക്കാന്‍ കഴിയുക മനസില്‍ വൈകൃതങ്ങള്‍ പേറി കഴിയുന്നവര്‍ക്കാണ്‌. 


മനസാക്ഷി പാര്‍ട്ടികേന്ദ്രങ്ങളില്‍ അടിമപ്പെടുത്തിയ കൊലയാളിസംഘങ്ങള്‍ രമയെപ്പോലെ ഒരുപാടു പേരെ വിധവകളാക്കിയിട്ടുണ്ട്‌. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും ഒരുവക പരിഗണനയും അത്തരക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ടി.പിയുടെ വധത്തില്‍ ഉയര്‍ന്നുവന്ന ഒരു പേര്‌ രമയും ഓര്‍ക്കുന്നുണ്ടാവും. അന്ത്യേരി സുര. അയാളുടെ പശ്‌ചാത്തലം നന്നായി അറിയുന്നവരാണു പാര്‍ട്ടി നേതാക്കള്‍. സ്വന്തം അയല്‍ക്കാരനും എപ്പോഴും സഹായിയുമായ വയോധികനായ നാദാപുരത്തെ മൊയ്‌തുഹാജിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസിലാണു സുരയും കൂട്ടരും ജയിലില്‍ കഴിയുന്നത്‌. പാര്‍ട്ടി നല്‍കിയ വിദ്യാഭ്യാസത്തില്‍ അയല്‍പ്പക്കബന്ധത്തിനും സുഹൃബന്ധത്തിനുമൊന്നും സ്‌ഥാനമില്ല. അതിനാല്‍ ടി.പിയെ ആത്മമിത്രം രവീന്ദ്രന്‍ ഒറ്റുകൊടുക്കുന്നതില്‍ അദ്‌ഭുതപ്പെടാനില്ല. സാമാന്യബുദ്ധിയെ വെല്ലുവിളിച്ചു പാര്‍ട്ടി നേതൃത്വം നടത്തുന്ന വ്യാജപ്രചാരണങ്ങളിലും രമ ആശങ്കിക്കേണ്ടതില്ല. മൃഗീയമായ കൊടുംക്രൂരതകള്‍ നടത്തി മറ്റുള്ളവരുടെമേല്‍ കുറ്റം ചാര്‍ത്തുന്ന ഫാസിസ്‌റ്റുരീതി വര്‍ഷങ്ങളായി സി.പി.എം. പ്രയോഗിച്ചു തുടങ്ങിയിട്ട്‌. വര്‍ഗീയ ലഹളപോലും നടന്നാല്‍ കുഴപ്പമില്ലെന്ന മനസുപോലും അവര്‍ക്കുണ്ട്‌. രമയെപോലെ വേദന പേറി കഴിയുന്ന തലശേരി ഫസലിന്റെ ഭാര്യയുടെ ധീരമായ തീരുമാനം ടി.പിയുടെ കുടുംബത്തിന്‌ ആത്മവിശ്വാസം പകരുമെന്നു പ്രതീക്ഷിക്കുന്നു.


ടി.പി. വധക്കേസിന്റെ മുഴുവന്‍ വസ്‌തുതകളും പുറത്തെത്താന്‍ നിലവിലുള്ള അന്വേഷണ സംവിധാനത്തിന്‌ എത്രകണ്ടു കഴിയുമെന്നു രമയും ബന്ധുക്കളും ആലോചിക്കേണ്ടതുണ്ട്‌. യു.ഡി.എഫിന്റെ തിക്കുംതിരക്കിന്‌ ഒരതിര്‍ത്തിയുണ്ട്‌. അത്‌ ജൂണ്‍ രണ്ടിന്‌ അപ്പുറം നീളാന്‍ വഴിയില്ല. വി.എസിനും അതിരുകള്‍ ഉണ്ട്‌. അത്‌ കേന്ദ്രകമ്മിറ്റി വരെയാണ്‌. 


ഇതിനെല്ലാമപ്പുറം ടി.പിയുടെ പാര്‍ട്ടിയും കുടുംബവും അറിയേണ്ട മറ്റ്‌ ഒരു കാര്യമുണ്ട്‌. കേരളത്തില്‍ മുന്നണി ബന്ധത്തിന്‌ അതീതമായ നിലനില്‍ക്കുന്ന ഒരു സഖ്യമുണ്ട്‌. അതിനാല്‍ സി.പി.എം. നേതൃത്വം ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ അകത്തുപോവാതിരിക്കാന്‍ ഈ സഖ്യം യോജിച്ചാണു നീങ്ങുക. ചില പ്രത്യുപകാരരാഷ്‌ട്രീയവും ഉണ്ട്‌. നായനാരും വി.എസും മുഖ്യമന്ത്രിമാരായി ഇരുന്നപ്പോള്‍ മറ്റു പലരെയും അകത്തുപോവാതെ കാത്തതിന്റെ പ്രത്യുപകാരം കണ്ണൂര്‍ ലോബി പ്രതീക്ഷിക്കുന്നുണ്ട്‌. ഇതിനു പുറമെയാണു കച്ചവടബന്ധങ്ങള്‍. അണികള്‍ പരസ്‌പരം കൊന്നും കൊലവിളിച്ചും നടക്കുമ്പോള്‍ നേതൃത്വങ്ങള്‍ റിസോര്‍ട്ടുകളില്‍ ഒരുമിച്ചിരുന്നും ബിനാമികള്‍ വഴിയും ഇന്ത്യക്കകത്തും പുറത്തും തകൃതിയായ ബിസിനസുകള്‍ നടത്തുന്നു. ലീഗ്‌ബി.ജെ.പിസി.പി.എം നേതൃത്വങ്ങള്‍ക്കിടയിലെ പരസ്‌പര സഹകരണത്തെ യഥാവിധി തിരിച്ചറിയാതെ പോയാല്‍ കഴിഞ്ഞ കൊലപാതകങ്ങള്‍ എന്നല്ല നടക്കാനിരിക്കുന്നതും പൂര്‍ണതയില്‍ തെളിയിക്കപ്പെടണമെന്നില്ല. ലാഭനഷ്‌ടങ്ങളുടെ കണക്ക്‌ നോക്കിയാണ്‌ എല്ലാവരും പ്രതികരിക്കുന്നതും നിലപാട്‌ സ്വീകരിക്കുന്നതും. 


തളിപ്പറമ്പിലെ ഷുക്കൂര്‍ കൊല്ലപ്പെട്ട്‌ മൂന്നു മാസം പിന്നിട്ടിട്ടും കേസന്വേഷണം എവിടെയും എത്തിയിട്ടില്ല. ലീഗ്‌ നേതൃത്വത്തിന്‌ ഒരു പരിഭവവുമില്ല. അകത്തായ പ്രതികള്‍ക്കു കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം ലഭിക്കാന്‍ പോവുന്നു. സി.പി.എമ്മിന്റെ കൊലക്കത്തിയുടെ മൂര്‍ച്ച നന്നായി അറിഞ്ഞവരാണു സംഘപരിവാര പ്രവര്‍ത്തകര്‍. ടി.പി. വധത്തില്‍ സംഘപരിവാര്‍ പക്ഷത്തു നിന്നു പ്രതികരണം വേണ്ടത്ര ഇല്ല എന്നതു മാത്രമല്ല, സി.പി.എമ്മിനെ സഹായിക്കുക കൂടി ചെയ്യുകയാണ്‌. മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ ഒ. രാജഗോപാല്‍ പ്രതികരിച്ചത്‌ ഇവിടെ മൂന്നാം ലോക മഹായുദ്ധം സംഭവിച്ചിട്ടുണ്ടോ എന്നാണ്‌. കെട്ടുപിണഞ്ഞു കിടക്കുന്ന ഈ രാഷ്‌ട്രീയബന്ധങ്ങള്‍ പരിഗണിച്ചു ടി.പി. വധം അട്ടിമറിക്കപ്പെടാതിരിക്കണമെങ്കില്‍ രമയും കുടുംബവും ഫസലിന്റെ ഭാര്യയുടെ വഴിയില്‍ നിഷ്‌പക്ഷ അന്വേഷണത്തിന്‌ സി.ബി.ഐയെ ലഭിക്കാന്‍ കോടതിയെ സമീപിക്കുന്നതാണ്‌ അഭികാമ്യം.


ഒരു വിധവയുടെ ആത്മരോദനമായി മാത്രം കണക്കാക്കി രമയുടെ കൈപ്പടയെ ചെറുതായി കണ്ടുകൂടാ. വരും നാളുകളില്‍ കേരള രാഷ്‌ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ചില ആഴമേറിയ ചിന്തകള്‍ അതിലുണ്ട്‌. അങ്ങനെ വേണമായിരുന്നു ആദരണീയയായ മീനാക്ഷി ടീച്ചറും ഇതിനോടു സമീപിക്കാന്‍. ഒരു മാതൃഹൃദയത്തിന്റെ യഥാര്‍ഥ സ്‌നേഹം, രമയേയും നന്ദുവിനെയും ആശ്വസിപ്പിക്കുമ്പോള്‍ ടീച്ചര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. അനുഭവത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും അടിസ്‌ഥാനത്തില്‍ രമ ഉന്നയിച്ച കാര്യങ്ങളെ രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ളതായും ശത്രുവിനെ സഹായിക്കുന്നതായും വിലയിരുത്തിയ ടീച്ചര്‍ക്കു സംഭവിച്ചത്‌ പൊറുക്കാനാവാത്ത തെറ്റാണ്‌. അഴീക്കോടനെ കൊലപ്പെടുത്തിയ ശത്രുവിനെക്കുറിച്ച്‌ ടീച്ചര്‍ പുലര്‍ത്തുന്ന അതേ സങ്കല്‍പ്പവും നിഗമനങ്ങളുമൊക്കെ വെച്ചുപുലര്‍ത്താനുള്ള അവകാശം രമക്കും വകവെച്ചു നല്‍കുന്നതല്ലേ യാഥാര്‍ത്ഥത്തില്‍ സാമാന്യ നീതി. സി.പി.എമ്മിന്റെ കൈയിലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ വ്യാജപ്രചാരണങ്ങളിലൂടെ മറ്റുള്ളവരെ കുത്തിനോവിക്കുന്നതും തകര്‍ക്കാര്‍ ശ്രമിക്കുന്നതും ടീച്ചറും കാണാതിരിക്കില്ല.


പാര്‍ട്ടിക്കു നേരെ ഉയര്‍ന്നുവന്ന മൂന്നു കൊലപാതക ആരോപണങ്ങളെയും ഒരു അധ്യാപിക എന്ന നിലയില്‍ മുന്‍വിധിയില്ലാതെ പഠിക്കേണ്ടതായിരുന്നു. ഈ കൊലപാതകങ്ങളുടെ മറയില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കാതെ പോയത്‌ കേരളത്തെ ദൈവം രക്ഷിച്ചത്‌ കൊണ്ടാണ്‌.


അഴീക്കോടന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ പഴയകാല നേതാക്കളെ ബഹുമാനാദരങ്ങളോടെ നോക്കിക്കാണുകയും ഉറച്ച കമ്മ്യൂണിസ്‌റ്റായി നിലനില്‍ക്കുകയും ചെയ്യുന്ന രമയും കുടുംബവും ഇന്ന്‌ ഇത്രയേറെ വേദനിക്കാനുണ്ടായ യഥാര്‍ത്ഥകാരണത്തെ ഇത്ര ചെറുതായി കാണാന്‍ ഒരു അധ്യാപികയായ അമ്മക്കെങ്ങനെ കഴിയും.


ശക്‌തമായ ഇടതുപക്ഷ ചേരി തകരരുത്‌ എന്ന ടീച്ചറുടെ ആഗ്രഹം ന്യായവും ബഹുമാനിക്കപ്പെടേണ്ടതുമാണ്‌. എന്നാല്‍ അതു തകരാതെ കാത്തുസൂക്ഷിക്കേണ്ടതു മാധ്യമങ്ങളോ പ്രതിയോഗികളോ അല്ലെന്ന്‌ ഓര്‍മപ്പെടുത്തി നിലവിലെ പാര്‍ട്ടി നേതൃത്വത്തിന്‌ ഒരു കത്തു കൊടുക്കുകയായിരുന്നു മീനാക്ഷി ടീച്ചര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്‌. പാര്‍ട്ടികളും പ്രസ്‌ഥാനങ്ങളും തീര്‍ക്കുന്ന മതില്‍ക്കെട്ടില്‍ ഹൃദയവിശാലത നമുക്ക്‌ നഷ്‌ടമായിക്കൂടാ. ഒരേ വേദന പങ്കുവെക്കുന്നവര്‍ ഒരേ ദിശയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്‌ വേണ്ടത്‌. പകരം പാര്‍ട്ടി തിട്ടൂരങ്ങള്‍ക്ക്‌ കൈയൊപ്പു ചാര്‍ത്തുന്നവരായി മാറിക്കൂടാ. വിശിഷ്യാ മാതൃഹൃദയങ്ങള്‍!

2012, മേയ് 22, ചൊവ്വാഴ്ച

അരുംകൊലകളുടെ രാഷ്ട്രീയം


വിപ്ളവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ കൊന്നുതിന്നുമെന്നു പറയുന്നതു വെറുതെയല്ല. കമ്മ്യൂണിസത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം  ഈ കൊന്നുതിന്നലിന്റേതു കൂടിയാണ്. അങ്ങനെയേ സംഭവിക്കൂ. കാരണം മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിയ ധര്‍മനിഷ്ഠമായ ഒരു മൂല്യബോധത്തില്‍നിന്നല്ല കമ്മ്യൂണിസം അതിന്റെ മാനവികതയെയും മനുഷ്യബന്ധങ്ങളെയും നിര്‍വചിച്ചത്. അതുകൊണ്ടുതന്നെ ഒരു സമരസന്ദര്‍ഭത്തിന്റെ തീഷ്ണതയില്‍ പരസ്പരം ഒരുമിച്ചു നിര്‍ത്തുന്ന ഒരുതരം വൈകാരികത എന്നതിനപ്പുറം അതിനു വേരുകളില്ല. ആ ബന്ധമാവട്ടെ, അതതു കാലഘട്ടങ്ങളുടെയും പരിസരങ്ങളുടെയും പരിണാമഗതിക്കൊത്ത് എങ്ങനെയും വ്യാഖ്യാനിക്കാവുന്നവിധം അവ്യക്തവുമാണ്. നേതൃത്വത്തിന്റെ ചിന്തകള്‍ക്കും ധാരണകള്‍ക്കുമപ്പുറം, അതെത്രമാത്രം പ്രതിലോമപരവും സ്വാര്‍ഥഭരിതവും ജനവിരുദ്ധവുമായാലും ഒരു മറുചിന്തയ്ക്കു സ്വന്തം തലച്ചോര്‍ ഉപയോഗിച്ചാല്‍ മാത്രം മതി കമ്മ്യൂണിസ്റ്റ് മാനവികതയുടെ വിശകലനപരിധിയില്‍നിന്ന് ഒരാള്‍ പുറത്താവാന്‍. അതോടെ അവന്‍ വര്‍ഗശത്രുവോ കുലംകുത്തിയോ ആയി മാറും. അവനു ജീവിക്കാനുള്ള അവകാശവും നഷ്ടമാവും.
കേരളത്തിലെ സി.പി.എം. എന്ന കമ്മ്യൂണിസ്റ് പ്രസ്ഥാനം പ്രയോഗിച്ചുവരുന്ന ഈ നിയമശാസനത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറുകണക്കിനു മനുഷ്യരാണ് അതിന്റെ ഇരകളായി മാറിയത്. തങ്ങളല്ലാത്തവര്‍ക്കൊന്നും ജീവിക്കാനോ നിലനില്‍ക്കാനോ അവകാശമില്ലെന്ന വന്യമായ ഒരു ബോധം ഗോപ്യമായി മനസ്സില്‍ സൂക്ഷിക്കുന്ന സി.പി.എം. മേല്‍വിവരിച്ച പ്രത്യയശാസ്ത്ര അപചയത്തെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്നു എന്നു പറയാം. സംസ്കൃത ചിത്തരായ ഒരു ജനാധിപത്യസമൂഹത്തിന് ഇണങ്ങുന്ന ശരീരഭാഷയോ സംസാരശൈലിയോ സി.പി.എം. നേതാക്കള്‍ക്കില്ലാതെ പോയത് അതുകൊണ്ടാണ്. നട്ടുച്ചവെയിലിലിരുന്നു പോലും അവര്‍ സൂര്യനെ നിഷേധിച്ചുകളയും. അതൊരു ധീരകൃത്യമാണെന്ന് സ്വയം കരുതുകയും ചെയ്യും. സ്വന്തം അപഹാസ്യതയെ അരക്കിട്ടുറപ്പിക്കുകയാണു തങ്ങളെന്നു ചിന്തിച്ചറിയാനുള്ള വിനയമോ പരിസരബോധമോ അവര്‍ക്കുണ്ടാവാറില്ല. ഒരു ഹിംസ്രജന്തുവിനെപ്പോലെ ശക്തിയുടെ പ്രഹരശേഷിയില്‍ അവര്‍ മതിമറന്നു പോയിരിക്കുന്നു. ഈ മതിഭ്രമത്തിന്റെ രാഷ്ട്രീയം ചോരയൂമ്പിയെറിഞ്ഞെന്നു കരുതപ്പെടുന്ന ഒരു ശവശരീരം കൂടി കഴിഞ്ഞയാഴ്ച കേരളത്തിലെ ജനങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. വള്ളിക്കാട്ടെ തെരുവോരത്തുനിന്ന്. സംസ്ഥാനത്തെ മനുഷ്യത്വമുള്ളവരെല്ലാം ആ നടുക്കത്തിലാണ്.
സഖാവ് ടി.പി. ചന്ദ്രശേഖരന്‍ എന്ന പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ ചെയ്ത തെറ്റെന്തെന്നറിയാന്‍ വിപ്ളവത്തിന്റെ ഏതു നീതിപുസ്തകമാണു നാം തിരയേണ്ടത്? പയ്യോളിയിലെയും പട്ടുവത്തെയും നിലവിളികള്‍ അടങ്ങുംമുമ്പെ മറ്റൊരു മനുഷ്യനെ കൂടി വെട്ടിനുറുക്കാന്‍ കൈയറുപ്പില്ലാതെ പോയ പൈശാചികത രാഷ്ട്രീയത്തിന്റെ മേല്‍വിലാസമണിഞ്ഞു നമുക്കിടയില്‍ കഴിയുന്നു എന്നതിനേക്കാള്‍ ഞെട്ടലുളവാക്കുന്നതായി മറ്റെന്തുണ്ട്? വാടകക്കൊലയാളികള്‍ കാവല്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേക്കാള്‍ മനുഷ്യവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായി മറ്റെന്തുണ്ട്?

2012, മേയ് 17, വ്യാഴാഴ്‌ച

നന്മകള്‍ കുറയുന്ന വിവാഹരംഗം


പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ഒതുങ്ങിയതിനാല്‍ കേരളം മുഴുക്കെ വായിക്കാതെ പോയ ഒരു വാര്‍ത്ത നമ്മുടെ കുടുംബ സാമൂഹികതലങ്ങളെ ഏറെ സ്‌പര്‍ശിക്കുന്ന ഒന്നായതിനാല്‍ ഒരു പൊതുവായന നന്നായിരിക്കുമെന്നു തോന്നുന്നു. കോഴിക്കോട്‌ ജില്ലയിലെ വാണിമേല്‍നിന്നാണു വാര്‍ത്ത. വരന്റെ കൂട്ടുകാര്‍ വധുവിന്റെ വീട്ടില്‍ അതിക്രമം കാണിച്ചതിനാല്‍ വധുവിനെ വരനൊപ്പം അയച്ചില്ല. വിവാഹത്തലേന്നു രാത്രി വരന്റെ കൂട്ടുകാരായ ചിലര്‍ വധുവിന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചതു നാട്ടുകാര്‍ ചോദ്യംചെയ്‌തതില്‍ പ്രതിഷേധിച്ചു വിവാഹദിവസം വരന്റെ സംഘം ഭക്ഷണം കഴിക്കാതെ പോവുകയായിരുന്നു. ഇതിനെയും നാട്ടുകാര്‍ ചോദ്യംചെയ്‌തതു സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നാണു വധുവിനെ അയയ്‌ക്കാതിരുന്നത്‌. 


നിസാരമെന്നു തോന്നിയേക്കാവുന്ന ഈ വാര്‍ത്താശകലത്തില്‍ ഒരു പാടു സാമൂഹികകാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സമൂഹഗാത്രത്തെ ഗ്രാസിച്ച വലിയ ജീര്‍ണതയുടെ സാമ്പിള്‍ മാത്രമാണിത്‌. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഇത്തരം ജീര്‍ണതകളോടു പ്രതികരിക്കാന്‍ കഴിയാതെ വലിയൊരു വിഭാഗം നിസംഗമായി കഴിയുകയോ താദാത്മ്യപ്പെടുകയോ ചെയ്‌തിരിക്കുന്നു. ഭദ്രമായ ഒരു സമൂഹസൃഷ്‌ടിയുടെ തുടക്കം വിവാഹത്തിലൂടെ ഉണ്ടായിത്തീരുന്ന കുടുംബബന്ധങ്ങളിലൂടെയാണ്‌. ആ തുടക്കംതന്നെ പിഴയ്‌ക്കുന്നതിലൂടെ അതിന്റെ കേടുപാടുകളത്രയും സമൂഹത്തെയാണു ബാധിക്കുന്നത്‌. 


വിശ്വാസി സമൂഹത്തിന്റെ കാഴ്‌ചപ്പാടനുസരിച്ചു വിവാഹമെന്നതു സ്വര്‍ഗലോകത്തേക്കു കൂടി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്‌. വിശ്വാസികളല്ലാത്തവര്‍ക്കു ജീവിതാന്ത്യംവരെ സന്തോഷകരമായി നിലനില്‍ക്കേണ്ട ഒന്നാണു വിവാഹം. മനുഷ്യജീവിതത്തില്‍ പവിത്രതയും മാന്യതയും മഹത്വവും കല്‍പ്പിക്കപ്പെടുന്ന ഒന്നാണു കുടുംബജീവിതബന്ധം. സ്‌ത്രീപുരുഷന്‍മാര്‍ക്കിടയിലുള്ള ഒരു ബലിഷ്‌ഠകരാറാണു വിവാഹമെന്നത്‌. മതവിഭാഗങ്ങളും സമൂഹവും വ്യത്യസ്‌ത രീതി സ്വീകരിക്കുന്നുണ്ടെങ്കിലും വിവാഹത്തോടുള്ള സങ്കല്‍പ്പം മേല്‍പറഞ്ഞതാണ്‌. രണ്ടു സാമൂഹിക ചുറ്റുപാടുകളെയാണു വിവാഹങ്ങളിലൂടെ ഒന്നാക്കിത്തീര്‍ക്കുന്നത്‌. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഹ്ലാദകരമായി നടക്കുന്ന ഒരു മഹനീയ കര്‍മമായാണ്‌ എല്ലാവരും വിവാഹത്തെ കണക്കാക്കുന്നത്‌. 


ആചാരവ്യത്യസ്‌ത പുലര്‍ത്തുമ്പോഴും ആ ചടങ്ങിനോടുള്ള ആദരവും പവിത്രതയും പൊതുവേ കാത്തുസൂക്ഷിക്കപ്പെടുന്നത്‌ ഇതിനാലാണ്‌. ലളിതവും സങ്കീര്‍ണത കുറഞ്ഞതുമാണു മതസങ്കല്‍പങ്ങളിലെ വിവാഹങ്ങള്‍. അതേസമയം, വിവാഹരംഗം ഏറെ സങ്കീര്‍ണമായി മാറി. കുടുംബങ്ങള്‍ക്കു താങ്ങാനാവാത്ത ഭാരമായി മാറുംവിധം അത്യാചരങ്ങളും ജീര്‍ണതയും വിവാഹച്ചടങ്ങുകളോടു ചേര്‍ന്ന്‌ ആധിപത്യം നേടി. ദുരന്തപൂര്‍ണമായ സാമൂഹികരംഗമൊരുക്കുന്ന ഒന്നായി വിവാഹവേള മാറ്റിയെടുക്കാന്‍ ജീര്‍ണതയുടെ ഒഴുക്കിനു സാധിച്ചു. വ്യക്‌തികളുടെ നൈസര്‍ഗികവും മൗലികവുമായ ഒരാവശ്യമാണു വിവാഹമെന്നത്‌. എന്നാല്‍, വ്യക്‌തിയുടെ സ്വകാര്യതയും വ്യക്‌തിത്വവും പോലും ചോദ്യംചെയ്യുന്ന വലിയ തിന്മകള്‍ വിവാഹരംഗത്ത്‌ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌. ധൂര്‍ത്തും ദുര്‍വ്യയവും മാത്രമല്ല അധാര്‍മിക പ്രവണതകളും കടന്നുകയറുന്നതു മൂലം കണക്കറ്റ അനര്‍ഥങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. 


ഒരുവിധം മാന്യത പുലര്‍ത്തുന്നവര്‍ക്കു കുടുംബത്തോടൊപ്പം കല്യാണത്തലേന്നു വിവാഹസദസുകളിലേക്കു കടന്നുചെല്ലാന്‍ കഴിയാത്തത്ര മലീമസമായ അന്തരീക്ഷം നമുക്കു ചുറ്റുമുണ്ട്‌. സന്തോഷത്തിന്റെയും ആഘോഷത്തിന്റെ ഒരു ധന്യമുഹൂര്‍ത്തത്തില്‍ ഒരുക്കുന്ന ചെറിയ ചില ആസ്വാദനങ്ങളെ അല്ല വിമര്‍ശന വിധേയമാക്കുന്നത്‌. ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ട്‌ ഒരുതരം പൈശാചികതയുടെ രൂപം കൈക്കൊള്ളുന്ന ചടങ്ങുകളിലെ ജീര്‍ണതയാണ്‌ ഇന്ന്‌ അനിയന്ത്രിത ആധിപത്യം നേടികൊണ്ടിരിക്കുന്നത്‌. 


പരിപാവനതയും മാന്യതയും സ്വകാര്യതയും നിഴലിട്ടുനില്‍ക്കേണ്ട കുടുംബ സാമൂഹിക അന്തരീക്ഷത്തെയാണ്‌ ഇത്തരം ജീര്‍ണതകള്‍ കടന്നാക്രമിക്കുന്നതും തകര്‍ക്കുന്നതും. മാന്യത കല്‍പ്പിക്കപ്പെടുന്ന കുടുംബബന്ധങ്ങളില്‍ ശൈഥില്യവും അസ്വസ്‌ഥതയും പകര്‍ന്നു നല്‍കുന്ന വിധമുള്ള സാംസ്‌കാരിക അധിനിവേശം നടന്നുകഴിഞ്ഞിരിക്കുന്നു. ധാര്‍മിക, സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ സ്വഭാവവിശേഷത്തെ കീഴ്‌മേല്‍ മറിക്കും വിധം മറ്റു മേഖലകളിലുണ്ടായ അധിനിവേശം കുടുംബഘടനകളെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്‌. ചെറിയ ചെറിയ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച്‌ അവജ്‌ഞയോടെ പെരുമാറുന്ന രീതിയാണു സാമൂഹിക തിന്മകള്‍ക്കു മേല്‍ക്കൈ നേടാന്‍ അവസരമൊക്കുന്നത്‌. അതുകൊണ്ടാണു വഴിവിടലുകളെ ഗൗരവപൂര്‍വം സമീപിക്കേണ്ടിവരുന്നത്‌. 


ഒന്നു പാടിയാലെന്ത്‌? ഒന്നുകൂടിയാലെന്ത്‌? എന്ന ലളിത ചോദ്യത്തോടെ വമ്പന്‍ ജീര്‍ണതകളോടു ലാഘവ നിലപാട്‌ സ്വീകരിക്കുന്നത്‌ അപകടമാണു വിളിച്ചുവരുത്തുക. വാണിമേല്‍ നടന്നതു നിസാരമായ ഒന്നല്ല. സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രവണതകളില്‍ ഒന്നുമാത്രം. എന്തെല്ലാം സങ്കല്‍പ്പങ്ങളും മോഹങ്ങളുമാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ തകര്‍ന്നുവീഴുക. സാമ്പത്തിക നഷ്‌ടങ്ങളെക്കാള്‍ ഇരു കുടുംബങ്ങളും സഹിക്കേണ്ടിവരുന്ന മാനസിക പ്രയാസങ്ങളും അഭിമാനക്ഷതവും ഏറെ വലുതാണ്‌. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന്‌ ആഹ്ലാദപൂര്‍ണമായി പര്യവസാനിക്കേണ്ട മഹനീയവും പവിത്രവുമായ ചടങ്ങാണു കൈയാങ്കളിയില്‍ കലാശിക്കുന്നത്‌. ആത്മമിത്രങ്ങളായ സുഹൃത്തുക്കളാല്‍ വിളക്കിച്ചേര്‍ക്കേണ്ട ബന്ധമാണു തച്ചുടയ്‌ക്കപ്പെടുന്നത്‌. നഗരങ്ങളെക്കാള്‍ പലപ്പോഴും ഗ്രാമങ്ങള്‍ക്ക്‌ ഒരു നിഷ്‌കളങ്കത നാം കല്‍പ്പിച്ചുപോരുന്നുണ്ട്‌. എന്നാല്‍, ഗ്രാമങ്ങളില്‍ പോലും വിവാഹവേദികളില്‍ അരങ്ങേറുന്ന ആഭാസങ്ങളും കൂത്താട്ടങ്ങളും സംസ്‌കാര സമ്പന്നമായ നമ്മെ ലജ്‌ജിപ്പിക്കും വിധത്തിലുള്ളതാണ്‌. ധാര്‍മികമൂല്യങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന കുടുംബങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത്ര വലിയ അത്യാചാരങ്ങളാണ്‌ ഇന്നു നടമാടുന്നത്‌. സമ്പന്നകുടുംബങ്ങള്‍ ചെയ്‌തു കാണിക്കുന്ന മാതൃകകളോടു മല്‍സരിക്കാന്‍ തുനിയുന്നതു മധ്യവര്‍ഗത്തേക്കാള്‍ സാധാരണക്കാരാണ്‌. ഫലം കിടപ്പാടം നഷ്‌ടപ്പെടലും ബാങ്ക്‌ ജപ്‌തിയും ആത്മഹത്യയും. ഒരു തരം ദുരഭിമാന ത്വരയാണ്‌ ഇതിനു പ്രേരിപ്പിക്കുന്നത്‌. 


ചില പ്രദേശങ്ങളില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങാണു വിവാഹാഘോഷം. കൊട്ടുംകുരവയും ആനയും അമ്പാരിയും കുതിരയുമെല്ലാം ഓരോരുത്തരുടെയും താന്‍പോരിമ കാണിച്ച്‌ ഒരുതരം മല്‍സരവേദിയാക്കുകയാണ്‌. സമ്പത്തിന്റെയും സ്വാധീനത്തിന്റെയും വലിപ്പങ്ങളുടെ പ്രദര്‍ശനമായി മാറുകയാണ്‌ ഇതെല്ലാം. 


വിവാഹത്തലേന്നു ബിവറേജ്‌ കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകളില്‍നിന്നു നിറഞ്ഞ ബോട്ടിലുകളുമായി പ്രത്യേക വാഹനംതന്നെ കല്യാണപ്പന്തലിലേക്ക്‌ ഏര്‍പ്പാട്‌ ചെയ്‌തു നല്‍കുന്നില്ലെങ്കില്‍ അയാള്‍ മോശക്കാരനായാണു കണക്കാക്കപ്പെടുന്നത്‌. 


ജീവിതാന്ത്യം വരെ സന്തോഷകരമായ ജീവിത സങ്കല്‍പ്പവുമായി സ്വന്തം സ്വകാര്യതയിലേക്കു കടന്നുവരുന്ന പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കു മുമ്പിലേക്ക്‌ അഴിച്ചുവിട്ടുകൊടുക്കാത്തതിന്റെ പേരില്‍ വിവാഹപ്പന്തലുകളില്‍ ബഹളം സൃഷ്‌ടിക്കുന്ന വരും തലമുറ സമ്പന്നമായ നമ്മുടെ സംസ്‌കാരത്തെയാണു തകര്‍ക്കുന്നത്‌. കുത്തഴിഞ്ഞ ജീവിതബന്ധങ്ങളും സ്വഭാവങ്ങളും നിലനില്‍ക്കണമെന്നു വാദിക്കുന്നവര്‍ക്കു ന്യായങ്ങള്‍ ഉണ്ടായേക്കാം. അതേസമയം, ജീര്‍ണതയുടെ അതിവേഗമുള്ള സ്വാധീനം സമൂഹമനസിനെ അടിമപ്പെടുത്തുമ്പോള്‍ അത്തരം ന്യായങ്ങള്‍ക്കു നിലനില്‍ക്കാന്‍ കഴിയില്ല. 


പെണ്ണുകാണല്‍ തൊട്ട്‌ ആരംഭിക്കുന്നുണ്ട്‌ അപചയങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിനു മാത്രം ഇഷ്‌ടപ്പെട്ടാല്‍ പോരാ ഇന്ന്‌. കൂട്ടുകാരുടെ ഇഷ്‌ടവും അവരോടുള്ള സമീപനവും പ്രധാനഘടകമായി മാറുന്നുണ്ട്‌. സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറുന്ന ജീവിതപങ്കാളിയുടെ വിദ്യാഭ്യാസത്തെയും ധാര്‍മികതയെയും സൗന്ദര്യത്തെയും കുറിച്ചുള്ള യുവാവിന്റെ സങ്കല്‍പ്പത്തിനു വലിയ പരിഗണ പലപ്പോഴും കുടുംബങ്ങളും വകവച്ചു നല്‍കുന്നില്ല. വിരൂപിയായ സഹോദരിക്കും സഹോദരന്റെ ഭാര്യയേക്കുറിച്ചു വികല സൗന്ദര്യസങ്കല്‍പ്പമാണു നിലനില്‍ക്കുന്നത്‌. 


പെണ്ണുകാണലിലും വിവാഹമുറപ്പിക്കലിലും വിവാഹവിവാഹാനന്തര ചടങ്ങുകളിലും കടന്നുകൂടിയ ആചാരങ്ങള്‍ പൊതുഭാരമായി മാറി. സാമ്പത്തികശേഷിയോ കഴിവോ ഇല്ലാത്ത സാധാരണക്കാര്‍ ഈ ആചാരങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നു. നന്മകള്‍ കുറഞ്ഞുകൊണ്ടുള്ള ബാഹ്യപ്രകടനങ്ങളായി മാറിയിരിക്കുന്നു വിവാഹമിന്ന്‌. 


സമാധാനപൂര്‍ണമായ ജീവിതമാഗ്രഹിച്ചാണ്‌ എല്ലാവരും വിവാഹബന്ധത്തിലേര്‍പ്പെടുന്നത്‌. പരസ്‌പരം അത്താണിയായിനിന്നു ജീവിതം മുമ്പോട്ടു കൊണ്ടുപോവേണ്ട യുവദമ്പതികള്‍ പലപ്പോഴും സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഭാരങ്ങളാല്‍ തുടക്കം മുതല്‍ വേദനപേറുകയാണ്‌. പുരുഷന്റെ പൗരുഷം വിവാഹമാര്‍ക്കറ്റില്‍ വിലപേശി വില്‍ക്കപ്പെടുന്നു. ആണ്‍കുട്ടികളുള്ളവര്‍ ഒരു വരുമാന സ്രോതസായി വിവാഹത്തെകണക്കാക്കുന്നു. സ്‌ത്രീധനമെന്ന സാമൂഹികവിപത്ത്‌ വരുത്തുന്ന വിന വലിയതോതില്‍ അനുഭവിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കള്‍ പലരും തെരുവില്‍ കൈനീട്ടി യാചിക്കുന്നു. സ്വന്തം പുത്രിക്കു മണിയറയില്‍ സന്തോഷം പങ്കിടാന്‍ വഴിയൊരുക്കുന്ന രക്ഷിതാക്കള്‍ പലരും കിടപ്പാടം നഷ്‌ടപ്പെട്ടവരാണ്‌. മകളുടെ വിവാഹത്തിനു സ്വര്‍ണം വാങ്ങാന്‍ പോയ പിതാവ്‌ ആത്മഹത്യ ചെയ്‌ത വാര്‍ത്ത തിരുവനന്തപുരത്തുനിന്നു കേട്ടതിന്‌ അധികകാലം പഴക്കമില്ല. വ്യവസായമോ ചൂഷണമോ ആയി മാറിയ വിവാഹം കമ്പോള സംസ്‌കാരമാണ്‌ ആര്‍ഭാടങ്ങളുടെയും തിന്മയുടെയും കേളീരംഗമായി പാവനമായ ഒരു കര്‍മത്തെ വഴിമാറ്റിവിട്ടത്‌. സന്തോഷം പ്രധാനം ചെയ്യേണ്ട മഹത്തായ കര്‍മരംഗം ദുരന്തപൂര്‍ണമായി മാറാതിരിക്കാന്‍ ബോധവല്‍ക്കരണം അനിവാര്യമാണ്‌. കുടുംബസാമൂഹിക ബന്ധങ്ങളെ സുദൃഢമാക്കി ധൂര്‍ത്തും ദുര്‍വ്യയവും അത്യാചാരവും ജീര്‍ണതയും ഒഴിഞ്ഞുനില്‍ക്കുന്ന വിവാഹവേദികള്‍ക്കായുള്ള പൊതുബോധം ഉയര്‍ന്നുവരേണ്ടതുണ്ട്‌.

2012, മേയ് 14, തിങ്കളാഴ്‌ച

ഇനിയൊരു കമ്മ്യൂണിസ്‌റ്റും കൊല്ലപ്പെടാതിരിക്കണമെങ്കില്‍


ഒഞ്ചിയത്തെ യഥാര്‍ഥ കമ്യൂണിസ്‌റ്റും വിപ്ലവനായകനുമായ ടി.പി. ചന്ദ്രശേഖരന്റെ അരുംകൊല നാടിനെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. കൊലയുടെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏതു ചെറിയ കുട്ടിക്കും അറിയാവുന്ന വസ്‌തുതയാണ്‌ എന്തിനാണു ടി.പിയെ കൊലപ്പെടുത്തിയതെന്ന്‌. അതുതന്നെയാണു ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ വെളിപ്പെടുത്തിയതും. ചന്ദ്രശേഖരനോട്‌ വിരോധമുണ്ടാവാന്‍ ഒന്നില്‍ കൂടുതല്‍ കാരണമില്ലെന്ന ഡി.ജി.പിയുടെ പ്രസ്‌താവം കൊലപാതകത്തിന്റെ യഥാര്‍ഥ കാരണത്തെ വിളിച്ചറിയിക്കുന്നുണ്ട്‌. ഏതായാലും കൊന്നവരെ അറിഞ്ഞുകഴിഞ്ഞ സ്‌ഥിതിക്ക്‌ കൊല്ലിച്ചവരെക്കുറിച്ചാണ്‌ അന്വേഷിക്കുന്നതെന്നും ഡി.ജി.പി. പറയുന്നുണ്ട്‌. രാഷ്‌ട്രീയ നീക്കുപോക്കുകളിലൂടെ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്ന പരമ്പരാഗത രീതിയാണ്‌ ഇതിലും പിന്തുടരുന്നതെങ്കില്‍ അത്ര വലിയ അദ്‌ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ല. 


ചന്ദ്രശേഖരന്റെ കൊലപാതകത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കു യു.ഡി.എഫ്‌. ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം സി.പി.എമ്മിന്റെ ദുര്‍ബല പ്രതിരോധം മാത്രമാണ്‌. ശ്രദ്ധ തിരിച്ചുവിടാനായി തീവ്രവാദികള്‍ക്കു മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ നടത്തിയ വിഫല ശ്രമം സി.പി.എമ്മിനെ കൂടുതല്‍ പരിഹാസ്യമാക്കുക മാത്രമാണു ചെയ്‌തത്‌. നേരത്തെ തലശേരിയില്‍ മുഹമ്മദ്‌ ഫസലിനെ കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്തത്‌ മുസ്ലിംകളുടെ ആഘോഷദിനമായ ചെറിയ പെരുന്നാളിന്റെ തലേന്നാളായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അന്ന്‌ ആര്‍.എസ്‌.എസിന്റെ മേല്‍ കെട്ടിവച്ച്‌ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി വരെ ശ്രമിച്ചതു മറക്കാറായിട്ടില്ല. നിയമനടപടികളിലൂടെ മുമ്പോട്ടുപോയി കേസ്‌ സി.ബി.ഐ. ഏറ്റെടുത്തപ്പോഴാണ്‌ യഥാര്‍ഥ പ്രതികളായ സി.പി.എം. പ്രവര്‍ത്തകര്‍ അറസ്‌റ്റിലാവുന്നതും നേതൃത്വത്തിന്റെ പങ്ക്‌ പുറത്തുവരുന്നതും. ഷൂക്കൂര്‍ വധത്തിലും ചില വഴിതിരിച്ചുവിടല്‍ ശ്രമം സി.പി.എം. ഭാഗത്തുനിന്ന്‌ ഉണ്ടായി. ചന്ദ്രശേഖരന്‍ വധത്തിലും ആസൂത്രണത്തിലുമെല്ലാം ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതായി കാണുന്നുണ്ട്‌. കൃത്യത്തിനുപയോഗപ്പെടുത്തിയ വാഹനത്തിലെ അറബി സ്‌റ്റിക്കറും പ്രതിസ്‌ഥാനത്ത്‌ ആദ്യം പുറത്തുവന്ന മുസ്ലിം പേരുകളുമെല്ലാം ഈ ഗൂഢാലോചനയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതില്‍ നാലു വിഭാഗം പ്രതികളുണ്ട്‌. കൃത്യം നടത്തിയ സംഘവും അവരെ പറഞ്ഞുവിട്ടവരും നേര്‍ക്കു നേര്‍ പ്രതികളാവുമ്പോള്‍ ചന്ദ്രശേഖരന്റെ ജീവനു ഭീഷണിയുണ്ടെന്നു നേരിട്ടറിവ്‌ ലഭിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനവും പോലീസ്‌ സേനയും പ്രതിസ്‌ഥാനത്തു തന്നെയാണ്‌. അതേസമയം ആദര്‍ശ പ്രചോദിതനായി പാര്‍ട്ടി വിട്ടിറങ്ങിയ ടി.പി ചന്ദ്രശേഖരനെയും അതുപോലുള്ള സഖാക്കളെയും അനാഥമാക്കി നിര്‍ത്തിയ വി.എസ്‌. അച്യുതാനന്ദന്‍ ധാര്‍മികമായി പ്രതിസ്‌ഥാനത്തു നില്‍ക്കുന്നുണ്ട്‌. ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഉയര്‍ന്നുവന്ന വാദകോലാഹലങ്ങളില്‍ നിലവധി കാര്യങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നുണ്ടെന്നു സാരം. ആദര്‍ശ ഭിന്നതയോട്‌ സഹിഷ്‌ണുത പുലര്‍ത്താന്‍ കഴിയാത്ത നിലപാടാണു സി.പി.എം. പുലര്‍ത്തിപ്പോരുന്നത്‌. പാര്‍ട്ടി കാര്‍ക്കശ്യങ്ങളാല്‍ കുടുംബ ബന്ധം തകര്‍ത്തെറിഞ്ഞ ഗൗരിയമ്മയ്‌ക്കു പിന്നീട്‌ അതേ പാര്‍ട്ടിയില്‍നിന്നു തന്നെ പുറംവഴി തേടേണ്ടിവന്നതു ചരിത്രം. എം.വി.ആറും ഗൗരിയമ്മയും ഇന്നും കമ്യൂണിസ്‌റ്റുകളായി ജീവിക്കുന്നുണ്ടെങ്കിലും അസഹിഷ്‌ണുതയുടെ കൈപ്പുനീര്‌ ഒരുപാട്‌ കുടിച്ചുതീര്‍ത്തവരാണ്‌. ഗൗരിയമ്മയോളമോ എം.വി.ആറിനോളമോ ടി.പിക്കു വളരാന്‍ കഴിഞ്ഞിരുന്നില്ല. സ്വാധീനവും ആധിപത്യവും ശക്‌തിയുമുള്ള പ്രദേശങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരു പരിധിവരെ ലീഗും മറ്റുള്ളവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു തടസംനിന്നു മുഷ്‌ക് പ്രയോഗിക്കാറുണ്ട്‌. സ്വന്തം ആശയങ്ങള്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും പരസ്‌പരം വിയോജിക്കാനുമെല്ലാം ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്‌. അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴേ ജനമനസുകളില്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ ഇടംനേടുകയുള്ളൂ. ഭിന്നാഭിപ്രായങ്ങളെ എതിര്‍ക്കേണ്ടത്‌ ആശയങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാവണം. ആശയ ദാരിദ്ര്യവും അതിജയിക്കാനുള്ള ശേഷിയും നഷ്‌ടപ്പെടുമ്പോഴാണു പേശീബലത്തിന്റെയും മുഷ്‌ക്കിന്റെയും രാഷ്‌ട്രീയം പുറത്തെടുക്കുന്നത്‌. കായിക എതിര്‍പ്പും ശാരീരിക ഉന്‍മൂലനവും അപവാദ പ്രചരണങ്ങളും ബഹിഷ്‌കരണവുമെല്ലാം തോല്‍വി സമ്മതിച്ചവന്റെ ശൈലിയാണ്‌. 


സംസ്‌ഥാനത്തുണ്ടായ ഒട്ടുമിക്ക സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും തുടക്കവും തുടര്‍ച്ചയും സി.പി.എമ്മിനെയാണു ബന്ധിപ്പിച്ചു നിര്‍ത്തുന്നത്‌. ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന കേസുകളില്‍ പ്രതികളുടെ രാഷ്‌ട്രീയ ബന്ധത്തിന്റെ കണക്കെടുത്താല്‍ സി.പി.എമ്മിനെയും ആര്‍.എസ്‌.എസിനെയും മുന്‍നിരയില്‍ കാണാന്‍ കഴിയും. ഹിംസാത്മക രാഷ്‌ട്രീയത്തില്‍ ഈ രണ്ടു വിഭാഗങ്ങളുടെയും കിടമല്‍സരമാണ്‌ കേരളത്തിന്റെ മുഖത്തെ ഇത്രയേറെ വികൃതമാക്കുന്നതില്‍ കൊണ്ടെത്തിച്ചത്‌. 


പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ സ്വാഭാവിക ഭിന്നതകളെയും സംഘര്‍ഷങ്ങളെയും കുടിപ്പകയാക്കി വളര്‍ത്തി അരുംകൊല ചെയ്യാന്‍ മുമ്പ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്ന രംഗത്തുണ്ടായിരുന്നത്‌. എന്നാല്‍ ഇതുമൂലം പാര്‍ട്ടി പ്രവര്‍ത്തന രംഗങ്ങളിലെ പ്രതിസന്ധികളെ മറികടക്കാന്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെന്ന പേരില്‍ സ്‌ഥിരം ക്രിമിനലുകളെ രംഗത്തിറക്കി എന്നുവേണം കരുതാന്‍. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കുന്നതില്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. കണ്ണൂരിലും അയല്‍പ്പക്ക പ്രദേശങ്ങളിലും ഇടക്കാലങ്ങളിലുണ്ടായ മുഴുവന്‍ കുറ്റകൃത്യങ്ങളിലും ഒരേ കൂട്ടര്‍ തന്നെയാണു പ്രതിയാക്കപ്പെടുന്നത്‌. ഇതില്‍ രണ്ടുണ്ട്‌ നേട്ടം. 


പാര്‍ട്ടി പ്രതിസന്ധി ഒഴിവാക്കാം. നേതൃത്വങ്ങള്‍ക്ക്‌ കൈയൊഴിയുകയും ചെയ്യാം. സി.പി.എം. പ്രതിസ്‌ഥാനത്തേക്കു വരാവുന്ന കേസുകളില്‍ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ ഗതിമാറ്റത്തിനു കളമൊരുക്കാന്‍ പ്രത്യേക വൈഭവത്തോടെ പാര്‍ട്ടി നേതൃത്വം രംഗത്തുവരുന്നതു കാണാന്‍ കഴിയും. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന പിണറായിയുടെ കൃത്യമായ പരാമര്‍ശം സാധാരണക്കാരില്‍ ധാരാളം സംശയം ജനിപ്പിക്കുന്നുണ്ട്‌. ആരെങ്കിലും ഏല്‍പ്പിക്കാതെ സ്വയം ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ നിര്‍വഹിക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു പ്രത്യേക വിരോധമൊന്നും ചന്ദ്രശേഖരനോടുണ്ടാവാന്‍ ഇടയില്ല. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പങ്കില്ലായ്‌മയെക്കുറിച്ച്‌ നേതൃത്വം നിരന്തരം ആണയിടുമ്പോഴും അണികളുടെ അടക്കം പറച്ചില്‍ മറ്റൊന്നാണ്‌. വിമതപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാവുകയും ക്രമേണ ഒഞ്ചിയത്തെ സഖാക്കള്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുകയും ചെയ്യുമെന്നു പാര്‍ട്ടി അണികള്‍ സ്വയം വിശ്വസിക്കുകയോ വിശ്വസിപ്പിക്കപ്പെടുകയോ ചെയ്‌തിരിക്കുന്നു. മാര്‍ക്‌സിസം ലെനിനിസം പാര്‍ട്ടിയുടെ ആന്തരിക ഘടനയില്‍നിന്നു കുടിയിറങ്ങിയതിലും ഫാഷിസ്‌റ്റ് ചിന്താഗതിയും മുതലാളിത്ത സംസ്‌കാരവും നേതൃത്വത്തെ സ്വാധീനിച്ചതിലുമുള്ള പ്രതിഷേധമായാണു 2008ല്‍ ഒഞ്ചിയത്ത്‌ ആര്‍.എം.പി. പിറവിയെടുക്കുന്നത്‌. 


അവിടന്നിങ്ങോട്ട്‌ ഒഞ്ചിയം മേഖലയില്‍ ആര്‍.എം.പി. ഉയര്‍ത്തിയ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനു സാധിച്ചില്ല. നിരവധി പേരെ ആക്രമിച്ചുകൊണ്ടുള്ള കായിക പ്രതിരോധത്തിലായിരുന്നു ഈ പ്രദേശത്ത്‌ സി.പി.എം. മുന്നോട്ടുപോയിരുന്നത്‌. ഉറച്ച കമ്യൂണിസ്‌റ്റായി നിന്നു പാര്‍ട്ടിക്കു പുറത്തേക്കു കടന്ന്‌ നിരന്തരപോരാട്ടം നടത്തിയ ടി.പിക്ക്‌ അവസാനം വരെ ഉറച്ച മറ്റൊരു വിശ്വാസമുണ്ടായിരുന്നു. തങ്ങള്‍ പുറത്തുനിന്നു പൊരുതുമ്പോള്‍ അകത്ത്‌ തങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ക്കു വേണ്ടി വി.എസ്‌. പൊരുതിക്കൊണ്ടേയിരിക്കുകയാണെന്ന്‌. 


ഇവിടെയാണ്‌ ഈ കുരുതിയില്‍ അച്യുതാനന്ദനും ധാര്‍മികമായ പങ്ക്‌ തുടങ്ങുന്നത്‌. കുലംകുത്തിയല്ല, ഉറച്ച കമ്യൂണിസ്‌റ്റാണ്‌ ടി.പി. എന്നു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന വി.എസ.്‌ അച്യുതാന്ദനില്‍നിന്ന്‌ ചുരുങ്ങിയ പക്ഷം കേരളത്തിലെ യഥാര്‍ഥ കമ്യൂണിസ്‌റ്റെന്ന്‌ അവകാശപ്പെടുന്നവര്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്‌. ആദര്‍ശത്തിന്റെ ആള്‍രൂപമായി സ്വയം അവരോധിതമായ അച്യുതാനന്ദന്‌ ഈ കാര്യത്തിലുള്ള ആത്മാര്‍ഥത ഇനി പ്രവൃത്തിയിലൂടെയാണു തെളിയിക്കേണ്ടത്‌. പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരേ അകത്തുനിന്നു നടത്തിയ പോരാട്ടത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമൊക്കെ എല്ലാവരെക്കാളും നന്നായി ബോധ്യം അച്യുതാനന്ദനു തന്നെയാണുണ്ടാവുക. ഇക്കാലമത്രയും പാര്‍ട്ടിക്കകത്ത്‌ ഒപ്പമുണ്ടായിരുന്ന പലരും ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്ന്‌ സുരക്ഷിത താവളങ്ങള്‍ കണ്ടെത്തി. എന്നാല്‍ അകത്ത്‌ കൂടുതല്‍ ഒറ്റപ്പെടുകയും കൂടുതല്‍ അപമാനിതനായി മാറുകയും ചെയ്‌തു എന്നല്ലാതെ ഒരു മാറ്റവും വി.എസിന്റെ കലഹങ്ങള്‍ കൊണ്ട്‌ സി.പി.എമ്മിനകത്ത്‌ ഉണ്ടാവാന്‍ പോകുന്നില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ ഏറെ ദുഃഖിതനായാണു വി.എസിനെ കാണുന്നത്‌. കടിച്ചമര്‍ത്തിയാണ്‌ അദ്ദേഹം പലതും പറയുന്നത്‌. പാര്‍ട്ടിക്കകത്ത്‌ അച്ചുതാനന്ദന്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ആവേശഭരിതമായി രക്‌തം തിളച്ച്‌ കലഹത്തിനു പുറപ്പെട്ട പലരും ഇന്നു പടിക്കുപുറത്താണ്‌. 


എന്നാല്‍ വി.എസ്‌.ഇപ്പോഴും വലിയ കുറ്റബോധമൊന്നുമില്ലാതെ പാര്‍ട്ടി നല്‍കിയ പദവികളില്‍ കൃതാര്‍ഥനായി കഴിയുകയും ചെയ്യുന്നു. അതിനാല്‍ വി.എസ്‌. തുടരുന്നത്‌ ആദര്‍ശപ്രചോദിത പോരാട്ടമാണോ അതല്ല നില ഭദ്രമാക്കാനുള്ള തത്രപ്പാടണോ എന്ന്‌ ഇനിയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌,. മലപ്പുറം സമ്മേളനം മുതല്‍ ഔദ്യോഗിക പക്ഷം ചിറകരിച്ചില്‍ തുടങ്ങിയതാണ്‌. തിരുവനന്തപുരത്ത്‌ കാപിറ്റല്‍ പണിഷ്‌മെന്റിന്റെ വിധി പ്രഖ്യാപനം നടന്നു. 


മേയ്‌ നാലിനു കൂട്ടുപ്രതിയില്‍ ആദ്യവധശിക്ഷ നടപ്പാക്കി താക്കീത്‌ നല്‍കി. അപമാനങ്ങള്‍ തുടര്‍ച്ചയായി ഏറ്റുവാങ്ങുമ്പോഴും തന്റെ വിശ്വസ്‌തര്‍ക്കിപ്പോഴും വി.എസില്‍ പ്രതീക്ഷ തന്നെയാണ്‌. എന്നാല്‍, സ്വന്തം അനുയായികള്‍ ജീവിതവും ജീവനും കുരുതികൊടുക്കുന്ന സാഹചര്യം, നിലപാടിലുറച്ചാണ്‌ പോരാട്ടമെങ്കില്‍ വി.എസിനെ അസ്വസ്‌ഥമാക്കേണ്ടതുണ്ട്‌. ഒരു നേതാവ്‌ സ്വീകാര്യനും ആ സ്‌ഥാനത്തിന്‌ അര്‍ഹനുമായിത്തീരുക അനുയായികളുടെ നിലകൂടി ഭദ്രമായിത്തീരുമ്പോഴാണ്‌. അണികളുടെ ആവേശവും പിന്തുണയും ഉപയോഗപ്പെടുത്തി 2006 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിയ വി.എസിനെകൊണ്ട്‌ സ്വന്തം അനുയായികള്‍ക്ക്‌ എന്തു പ്രയോജനമുണ്ടായി എന്നു പരിശോധിക്കേണ്ടതുണ്ട്‌. 


ആത്മാഭിമാനത്തോടെ കഴിയാന്‍ സ്വന്തം അനുയായികള്‍ക്ക്‌ അവസരമൊരുക്കേണ്ട ചുമതല വി.എസിനുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസഭയിലിരുന്ന്‌ സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ നടത്തിയ മുഴുവന്‍ നെറികേടുകള്‍ക്കും മൂകസാക്ഷിയായി നില്‍ക്കാനേ വി.എസിനു സാധിച്ചിട്ടുണ്ടായിരുന്നുള്ളൂ. യഥാര്‍ഥ കമ്യൂണിസ്‌റ്റായി വി.എസ്‌. ബഹുമാനിക്കുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി ഒരു കപ്പ്‌ ചായകുടിക്കാനും കൂടംകുളത്തേക്ക്‌ പോകാനുമൊക്കെ അപേക്ഷയുമായി കാത്ത്‌ കഴിയേണ്ടിവരുന്ന വി.എസിന്‌ ഈ വീര്‍പ്പുമുട്ടലുമായി എത്രകാലമാണു മുന്നോട്ടു പോകാന്‍ കഴിയുക. 


തന്റെ വിയോജിപ്പുകളെല്ലാം ഒതുക്കി നിര്‍ത്തി സന്തതസഹചാരിയായ കെ.എം. ഷാജഹാന്‍ ചുവന്ന അടയാളത്തില്‍ രേഖപ്പെടുത്തിയപോലെ ഒരു സമരസപ്പെടലിന്റെ പാതയിലാണ്‌ വി.എസ്‌. അച്യുതാനന്ദനെങ്കില്‍ ഇരുളടഞ്ഞ ഭാവിയാണു കേരളത്തിലെ യഥാര്‍ഥ കമ്യൂണിസ്‌റ്റുകാരെ കാത്തുനില്‍ക്കുന്നത്‌. അതിനാല്‍ വി.എസ്‌ ആണു തീരുമാനിക്കേണ്ടത്‌ ഇനിയൊരു യഥാര്‍ഥ കമ്യൂണിസ്‌റ്റിന്റെ ചോര ഈ മണ്ണില്‍ ഇറ്റുവീഴണമോ എന്ന്‌. 

2012, മേയ് 12, ശനിയാഴ്‌ച

ദഅവത്തും ജിഹാദും തമ്മില്‍ ബന്ധമുണ്ടോ ? -1

        സര്‍വ്വശക്തിയും മാര്‍ഗങ്ങളുമുപയോഗിച്ച് ജാഹിലിയ്യത്തിനെതിര പോരാടണമെന്ന്ഖുര്‍ആനും
പ്രവാചകാധ്യാപനങ്ങളും നമ്മോടാവശ്യപ്പെടുന്നു.ഹൃദയത്തെയും മനസ്സിനേയും ജാഹിലിയ്യത്തില്‍
നിന്ന്‍ അകറ്റി നിര്‍ത്തുകയും ഭൌതികാഢംബരങ്ങളില്‍ നിന്ന്‍ ശുദ്ധമാക്കുകയും ചെയ്യുന്ന പ്രവര്‍ത്ത
നങ്ങളെ ആത്മസംസ്കരണം(തസ്കിയത്തുന്നഫ്സ്),ഗ്രന്ഥം പഠിപ്പിക്കല്‍ (തഅലീമുല്‍കിത്താബ്) എന്നീ പേരുകളില്‍ വിളിക്കുന്നു.ജാഹിലിയ്യത്തിനെതിരെ പൊതുജനാഭിപ്രായം  സംഘടിപ്പിക്കുകയുംഅതിന്റെ ദുഃസ്വാധീനത്തില്‍ നിന്ന്‍ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുന്ന ശ്രമങ്ങളിലേര്‍പ്പെടുന്നതിനെസുവിശേഷം(തബ്ഷീര്‍ ), അല്ലാഹുവിലേക്കുള്ള ക്ഷണം(ദഅവത്ത്) എന്നീ പേരുകളിലറിയപ്പെടുന്നു.
കുറച്ചുകൂടി മുന്നോട്ട് പോയി ജാഹിലിയ്യത്തിന്‍റെ സ്വാധീനവും അടയാളങ്ങളും ഇല്ലായ്മ ചെയ്യാനും
ആധിപത്യം തകര്‍ക്കാനും അതിന്റെ വാഹകരുടെ കൈക്കുപിടിച്ച് നിര്‍ത്താനും സത്യമാര്‍ഗ്ഗത്തിലത്
സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ തട്ടിമാറ്റാനും നടത്തുന്ന ശ്രമങ്ങള്‍ ജിഹാദ്,ഖിത്താല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.സാങ്കേതികമായി ഈ പദപ്രയോഗങ്ങളെല്ലാം ജാഹിലിയ്യത്തിനെതിരെ നടത്തുന്ന ആദര്‍ശ പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളെയും രീതികളെയുമാണ് സൂചിപ്പിക്കുന്നത്.
        ഇസ്ലാമിക ശരീഅത്ത് ഘട്ടംഘട്ടമായാണ് പൂര്‍ത്തിയായത്.ഉദാഹരണത്തിന്ന് നമസ്കാരം
ആദ്യം രണ്ട് റകഅത്തും നോമ്പു മുഹര്‍റം പത്തിനുമായിരുന്നു അനുഷ്ഠിച്ചിരുന്നത്.മദ്യം നിഷിദ്ധമാ
ക്കിയത് പടിപടിയായിട്ടായിരുന്നു.ഇതേ പ്രകാരം തന്നെ ജാഹിലിയ്യത്തിനെതിരെയുള്ള യുദ്ധനിയമവും ഘട്ടംഘട്ടമായാണ് പൂര്‍ണ്ണത പ്രാപിച്ചത്.അങ്ങനെ ജിഹാദ് എന്ന നാമം സമ്പൂര്‍ന്നമാക്കപ്പെട്ടു.
        പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ രഹസ്യ പ്രബോധനത്തിനായിരുന്നു പ്രവാചകന്ന് അനുമതി ലഭിച്ചത്.പിന്നീട് അല്‍പ്പകാലത്തിന്നകം പരസ്യപ്രബോധനമാരംഭിച്ചു. മാര്‍ദനപീഡനങ്ങലേറ്റപ്പോള്‍ ക്ഷമിച്ചു.തിരിച്ചടിക്കാന്‍ അനുമതിയില്ലായിരുന്നു.പിന്നീട് പ്രതിരോധത്തിനുള്ള അനുമതി ലഭിച്ചു. "നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് തിരിച്ചങ്ങോട്ടും യുദ്ധം ചെയ്തുകൊള്ളുക."  അവസാനം യുദ്ധത്തിന്ന്  അനുമതി നല്‍കപ്പെട്ടു."ഭൂമിയില്‍ ഫിത്ന അവസാനിക്കുന്നതുവരെ സത്യനിഷേധികളോട് യുദ്ധംചെയ്യുക."  നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്,ദഅവത്തിന്റെ പ്രചാരണങ്ങളെ അപേക്ഷിച്ച്  ജിഹാദിന്റെ നിയമ സാധുത പരിപൂര്‍ണവുംഅവസാനത്തേതുമാണ്.വിദ്യാഭ്യാസം,സംസ്കരണം,മുന്നറിയിപ്പ്,സന്തോഷവാര്‍ത്ത,ദഅവത്ത്,യുദ്ധം ഇവയൊക്കെയും ജിഹാദിന്റെ ഭാഗമാണ്.ചുരുക്കത്തില്‍ ദീനിനെ സഹായിക്കാനും ജാഹിലിയ്യത്തിനെ ഇല്ലായ്മ ചെയ്യാനും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും അവസാനമായി കിട്ടുന്ന നിയമം ജിഹാദിന്റെതാണ്.ഇക്കാര്യത്തെ സംബന്ധിച്ചാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍
പറഞ്ഞത്,ജിഹാദിന്ന് രണ്ട് ഭാഗമുണ്ട്.ഒന്ന്‍ പ്രബോധനവും,രണ്ടാമത്തേത് യുദ്ധവും.
       ശരീഅത്തിലെ എല്ലാ വിധികളും അതിന്റെ അവസാന കല്‍പനയ്ക്കനുസരിച്ചാണ് വിധി
കല്‍പ്പിക്കപ്പെടുക.ഒരാള്‍ ഇങ്ങിനെ പറയുന്നുവെന്ന്‍ കരുതുക: "മദ്യം നിഷിദ്ധം തന്നെയാണ്.പക്ഷേ
അത് ഘട്ടംഘട്ടമായാണ് നിറുത്തലാക്കിയത്.അതുകൊണ്ട് മദ്യപാനം ഘട്ടംഘട്ടമായി നിര്‍ത്തുവാനാണ് ഞാനാഗ്രഹിക്കുന്നത്.അതുപോലെ നമസ്കാരം ആദ്യം രണ്ട് റകഅത്തുമാത്രമാണ് നിര്‍ബന്ധമാക്കിയിരുന്നത്.അതുകൊണ്ട് ഇപ്പോള്‍ രണ്ടു റകഅത്തു മാത്രമേ
ഞാന്‍ നമസ്കരിക്കുകയുള്ളൂ.കുറച്ചു നാളുകള്‍ക്ക് ശേഷമേ നമസ്കാരം മുറപോലെ അനുഷ്ഠിക്കേണ്ടതുള്ളൂ.നിങ്ങളാരും ഇതിനെ എതിര്‍ക്കേണ്ടതില്ല." മറ്റൊരാള്‍ പറയുന്നു."ഞാന്‍
ആശൂറാ നോമ്പു മാത്രമേ അനുഷ്ഠിക്കുകയുള്ളൂ.പതിമൂന്ന് വര്‍ഷത്തിന്നുശേഷമാണ് റമളാനിലെ
നോമ്പു നിര്‍ബന്ധമാക്കപ്പെട്ടത്.ഇത്രയും കാലം കഴിഞ്ഞേ റമളാനിലെ നോമ്പു ഞാന്‍ അനുഷ്ഠിക്കുകയുള്ളൂ." ഈ വാദങ്ങളൊന്നും ഇസ്ലാമിക ദൃഷ്ട്യാ ശരിയല്ലെന്ന് നാമോരോരുത്തരും
മനസ്സിലാക്കുന്നു.ഇതെപ്രകാരം തന്നെയാണ് ജിഹാദിന്റെയും വിധി.ഇത് മക്കി കാലഘട്ടമാണ്.
അതുകൊണ്ടിപ്പോള്‍ ജിഹാദ് നിര്‍ബന്ധമില്ല എന്നു പറയുന്നതും ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ്.
'ഇത് പ്രബോധനത്തിന്റെ കാലഘട്ടമാണ്,ജിഹാദിന്റെ സമയം ആയിട്ടില്ല'. 'ജിഹാദിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ ദഅവത്തിന്ന് തടസ്സമാകും'തുടങ്ങിയ വാദങ്ങളും തെറ്റാണ്.
        ഇത്തരക്കാരുടെ പ്രബോധനരീതിയും ഖുര്‍ആന്‍ കാണിച്ചുതരുന്ന പ്രബോധന മാതൃകയും
തമ്മില്‍ അജഗജാന്തരമുണ്ട്.ഫിര്‍ഔനിനോടും നംറൂദിനോടും ആബൂജഹലിനോടും അബൂലഹബിനോടും പ്രവാചകന്മാര്‍ അനുവര്‍ത്തിച്ച രീതിയിലല്ല ഇന്നത്തെ പ്രബോധനം. മുന്‍ഗാമികളുടെ പ്രബോധനഫലമായി നംറൂദിന്റെ അഗ്നികുണ്ഡം ആളിക്കത്തിക്കപ്പെട്ടു.മൂസ(അ)ക്കു
ഈജിപ്തില്‍ നിന്ന്‍ പാലായനം ചെയ്യേണ്ടി വന്നു.അബൂജഹലും അബൂലഹബും നെറ്റി ചുളിച്ചു.
അന്ത്യപ്രവാചകന്റെ പ്രബോധനത്തിന്റെ പരിണിതഫലമായാണ് ബനൂഹാശിം കുടുംബം
ഒന്നടങ്കം ശിഹ്ബു അബീത്വാലിബില്‍ ഉപരോധിക്കപ്പെട്ടത്.മക്കയിലെ ദാറുന്നദുവയില്‍ ഒത്തു
ചേര്‍ന്ന് പ്രവാചകനെ വധിക്കാന്‍ മുശ് രിക്കുകള്‍ നടത്തിയ ഗൂഢാലോചനയും ഡഅവത്തിന്റെ
ഫലമായിരുന്നു.ഇതേ കാരണത്താലായിരുന്നു ബദ്ര്‍ ,ഹുനൈന്‍ യുദ്ധങ്ങള്‍ നടന്നത്.പ്രബോധന
ശൈലിയുടെ ഉജ്ജ്വലരൂപമായിരുന്നു കഅബയില്‍ നിന്ന്‍ മുന്നൂറ്റി അറുപത് വിഗ്രഹങ്ങളെ
പുറത്തേക്ക് വലിച്ചെറിഞ്ഞത്.
       നമ്മുടെ ഇന്നത്തെ ദഅവത്ത് ഇല്ലല്ലാഹ്(അല്ലാഹു അല്ലാതെ)എന്നു മാത്രമാണ്.ലാഹിലാഹ
(ഒരു ആരാധ്യനുമില്ല) എന്നതിനെ സ്മരിക്കാറില്ല.ഇന്ന്‍ നമ്മള്‍ അല്ലാഹുവിനെ ആരാധിക്കാന്‍
തയ്യാറാണ്.എന്നാല്‍ ബിംബങ്ങളെ വെറുക്കാന്‍ തയ്യാറല്ല.റഹ് മാനെ(കാരുണ്യവാന്‍) നാം
സ്മരിക്കുന്നു.ഒപ്പം രാമനെ കുറിച്ചും ചര്‍ച്ചചെയ്യുന്നു.ദീനീ പ്രബോധനം നടത്താന്‍ നാം തയ്യാറാണ്.
എന്നാല്‍ മിഥ്യയുടെ മതങ്ങളെ തള്ളിപ്പറയാന്‍ നമ്മള്‍ സന്നദ്ധരല്ല.മുഹമ്മദ് (സ)നബിയുടെ
ഉത്തമ മാതൃക പിന്‍പറ്റണമെന്നു നാം പ്രസംഗിക്കും.പക്ഷേ,പൂര്‍വ്വപിതാക്കളെ നാം അമിതമായി സ്നേഹിക്കുകയും പിന്പ്പറ്റുകയും ചെയ്യും.ഖുര്‍ആനിക നിയമങ്ങളുടെ നന്മകള്‍ നാം വിശദീകരിക്കുന്നു.പക്ഷേ,ഒപ്പം  മതേതര നിയമങ്ങളെ പുകയ്ത്തിപ്പറയും. മുസ്ലിംങ്ങളായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നു.എന്നാല്‍ കുഫ് റിന്റെയും ശിര്‍ക്കിന്റെയും ശീതളച്ഛായ ഒഴി
വാക്കാന്‍ നാം തയ്യാറല്ല.ചുരുക്കത്തില്‍ ജാഹിലിയ്യത്തിനോടുള്ള സമരമല്ലാത്ത എല്ലാ കാര്യങ്ങളും
ചെയ്തു തീര്‍ക്കാന്‍ നാം സന്നദ്ധരാണ്.മറിച്ചായിരുന്നെങ്കില്‍ ജനങ്ങള്‍ ഇങ്ങനെ കുത്തുവാക്ക്
പറയുമായിരുന്നു.'അവരുടെ ദീന്‍ അവരെ വഞ്ചിച്ചു കളഞ്ഞു' എന്ന്‍.അതായത്,വെറുംകൈയോടെ
നടക്കുന്നവര്‍ ജിഹാദിനെ കുറിച്ച് ഗീര്‍വാണം നടത്തുന്നു'. 'അവരുടെ മതബോധം അവരുടെ ബുദ്ധി
യെയും വിവേകത്തെയും ഇല്ലാതാക്കി'. 'സ്വന്തം ആവേശത്തില്‍ അവര്‍ മതിമറന്നു'. 'മതത്തിന്റെ
ആത്മാവിനെ കുറിച്ചോ മതസ്പിരിറ്റിനെ കുറിച്ചോ അവര്‍ ബോധവാന്‍മാരല്ല'. 'മതത്തിന്റെ ദീര്‍ഘ
ദൃഷ്ടിയെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും അവര്‍ തീര്‍ത്തൂം അഞ്ജരാണ്'.എന്നു തുടങ്ങി പലതരം
വിമര്‍ശനങ്ങള്‍ക്ക് അവര്‍ വിധേയരാവേണ്ടി വന്നേനെ.
     
വിധിനിയമങ്ങളില്‍ വ്യത്യാസത്തിനുള്ള കാരണം:

     "നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുക"
     "തന്ത്രപൂര്‍വ്വം നിന്റെ റബ്ബിന്‍റെ മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുക"
     "എണീക്കൂ,മുന്നറിപ്പ് നല്‍കൂ"
     "നിന്നിലേക്ക് ഇറക്കപ്പെട്ടതിനെ പ്രബോധനം ചെയ്യുക"
     "അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യൂ,താഗൂത്തില്‍നിന്ന് വിട്ടുനില്‍ക്കുക"
     "അവനോട് വസീലത്തിനെ തേടുക.അവന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുക"
     "അവര്‍ക്കെതിരെ ശക്തി സംഭരിക്കുക"
     "കുഴപ്പം അവസാനിക്കുന്നതുവരെ അവരോടു യുദ്ധം ചെയ്യുക"
        മേലുദ്ധരിച്ച എല്ലാ ആയത്തുകളിലെയും വിധികള്‍ കല്‍പ്പനാരൂപത്തിലാണ് അവതരിച്ചിരിക്കുന്നത്.എന്നാല്‍ ഇന്ന്‍ മുസ്ലിം സമൂഹം വൈജ്ഞ്ജാനികവും പ്രായോഗികവുമായ
തലത്തില്‍ പല വിധികളും ഒഴിവാക്കുകയും ചിലതിന്ന് മറ്റു ചിലതിനെക്കാള്‍ പ്രാമുഖ്യം കല്‍പ്പിക്കു
കയും ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്.ആരുംതന്നെ ഈ കല്‍പ്പനകളെയെല്ലാം ഒരേ പ്രാധാ
ന്യത്തോടെ ഉള്‍ക്കൊള്ളുന്നില്ല.ജനങ്ങളിലധികവും നമസ്കാരം കൃത്യമായി നിലനിര്‍ത്തുന്നവരാ
ണെന്ന്‍ നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ ഇതേ ആളുകളില്‍ അധികപേരും സകാത്തിന്റെ
കാര്യത്തില്‍ അത്ര കണിശത പുലര്‍ത്താറില്ല.വേറെ ചിലയാളുകള്‍ നമസ്കാരത്തിലും സക്കാത്തിലും ശ്രദ്ധ ചെലുത്തുന്നു.എന്നാല്‍ ഇസ്ലാമിക പ്രബോധനത്തെ പറ്റെ അവഗണിക്കുന്നു.
മറ്റുചിലര്‍ നമസ്കാരം,നോമ്പു എന്നിവ കൃത്യമായി അനുഷ്ഠിക്കുന്നതോടൊപ്പം ജീവിതത്തിന്റെ
ചില പ്രത്യേക മേഖലകളില്‍ സുന്നത്തും ബിദ്അത്തും അനുവദനീയവും നിഷിദ്ധവും തൌഹീദും
ശിര്‍ക്കുമൊക്കെ വളരെയധികം ശ്രദ്ധിക്കുന്നവര്‍ രാഷ്ട്രീയ മേഖലയില്‍ ഇതിനെല്ലാം എതിരു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
       'താഗൂത്തില്‍നിന്ന് വിട്ടുനില്‍ക്കുക'എന്ന കല്‍പ്പന കേള്‍ക്കാന്‍ പോലും അവര്‍ ഇഷ്ടപ്പെടുന്നില്ല.പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ബഹളം വെച്ച് നടക്കുന്നവരാണ് ഇനിയും
ചിലര്‍.അവരോട് ഇസ്ലാമിന്റെ ശത്രുക്കളോട് ഏറ്റുമുട്ടാനോ അതിന് സജ്ജരാകാനോ ആവശ്യപ്പെടു
ന്നതുപോലും അനിസ്ലാമിക കൃത്യമായി ഇക്കൂട്ടര്‍ എണ്ണുന്നു.പ്രസംഗവും ഉപദേശവും ഖുര്‍ആന്‍ -
ഹദീസ് പഠന ക്ലാസുകളും സംഘടിപ്പിക്കുന്നവരോട് ജിഹാദിനെ കുറിച്ച് പറഞ്ഞാല്‍ 'ദീനീ സദസ്സിന്നു കുഴപ്പം സൃഷ്ടിക്കുന്നവര്‍ എന്ന നിലക്കായിരിക്കും പ്രതികരണം.നാം മനസ്സിലാക്കണം,
നോമ്പും ഹജ്ജും സകാത്തും പോലെ ദീനിന്റെ ഒരു സ്തംഭമാണ് ജിഹാദും.പിന്നെന്തിനാണ്
ജിഹാദിനോടുമാത്രം നാം നീരസം പ്രകടിപ്പിക്കുന്നത് ?.യഹൂദികളെ ഗ്രസിച്ച രോഗം നമ്മെയും ബാധിച്ചോ ?ഖുര്‍ആന്‍ അവരോട് ഇങ്ങനെ ചോദിക്കുന്നു.
        "വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റുചിലത് നിങ്ങള്‍ തള്ളിക്കളയുകയു
മാണോ ?എന്നാല്‍ നിങ്ങളില്‍ നിന്ന്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോക ജീവിതത്തില്‍
അപമാനമല്ലാതെ മറ്റൊന്നും കിട്ടാനില്ല.ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാവട്ടെ അതികഠിനമായ
ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും.നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും
അല്ലാഹു അശ്രദ്ധരല്ല."    (ബഖറ:85)
      "നിങ്ങള്‍ക്ക് നോമ്പു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു."
      "നിങ്ങളുടെ മേല്‍ യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.അത് നിങ്ങള്‍ക്ക് അനിഷ്ടകരമാണെ
ന്നിരിക്കെ തന്നെ."
മേല്‍ സൂചിപ്പിച്ച സൂക്തങ്ങളില്‍ രണ്ട് നിര്‍ബന്ധകാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. അതിന്റെ ഘടനയും ശൈലിയും വാക്കുകളും ഒരേപോലെയാണ്.എന്നാല്‍ ഈ രണ്ടു കല്‍പ്പനകള്‍
ക്കുമിടയില്‍ പ്രവൃത്തിപദത്തില്‍ നാം വ്യത്യാസം കാണിക്കുന്നു.നോമ്പിന്റെ കല്‍പ്പന ഏതുപ്രകാര
മാണോ അതെപ്രകാരം തന്നെയാണ് ജിഹാദിനുള്ള കല്‍പ്പനയും ഖുര്‍ആനില്‍ വന്നതെന്ന്‍ മേല്‍
സൂക്തങ്ങള്‍ വിവരിക്കുന്നു.
      നോമ്പിന്റെ ശ്രേഷ്ഠതകളും ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വളരെ ഗൌരവത്തില്‍ തന്നെ
നാം വീക്ഷിക്കാറുണ്ട്.എന്നാല്‍ പോരാട്ടത്തിന്റെ കാര്യത്തില്‍ ഇതൊക്കെ മറക്കാനാണ് നമുക്ക്
താല്പ്പര്യം.നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക അഥവാ ജിഹാദ് തുടരുക എന്നത് ഈമാനിന്റെ തേട്ടമായി തന്നെ പരാമര്‍ശിക്കപ്പെട്ട കാര്യമാണ്.പക്ഷേ,ഇതിനെ കുറിച്ചുള്ള
ചര്‍ച്ചക്കുതന്നെ ഈമാനിന്റെ വാക്താക്കളെന്ന് പറയുന്നവര്‍ക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു.നന്മ
കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന കാര്യത്തോടു വിമുഖത കാണിച്ചാലുണ്ടാ
കുന്ന പരിണാതികളൊക്കെ ജിഹാദിനോട് വിമുഖത കാണിച്ചാലും സംജാതമാകുമെന്ന് ചുരുക്കം.
നിന്ദ്യതയും പരിത്വവുമൊക്കെയായിരിക്കും അതിന്റെ പരിണതി.
       "സത്യവിശ്വാസികള്‍ സഹോദരങ്ങള്‍ തന്നെയാണ്".ഈ പരാമര്‍ശത്തെ കുറിച്ച ചര്‍ച്ചയില്‍ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്തിക്കേണ്ടതു
മാണെന്ന്‍ നാം പറയും.എന്നാല്‍ വിശ്വസിച്ചവര്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന തോടൊപ്പം തന്നെ ജിഹാദുകൂടി നടത്തേണ്ടതുണ്ടെന്ന ചര്‍ച്ചയ്ക്ക് നാം ധൈര്യം കാണിക്കാറില്ല.
       "അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും അതില്‍ യാതൊരു സംശയവും വെച്ചു
പുലര്‍ത്താതിരിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ ജീവനും സ്വത്തും നല്‍കി ജിഹാദ്
ചെയ്യുന്നവരും മാത്രമാണ് വിശ്വാസികള്‍ ".(ഹുജുറാത്ത്:15) ഈ വിഷയം ഇതേ ഗൌരവത്തോടെ
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നുണ്ട്.
       "(നബിയെ) പറയുക,നിങ്ങളുടെ പിതാക്കളും,പുത്രന്മാരും,സഹോദരങ്ങളും,ഇണകളും ബന്ധു
ക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നഷ്ടം വരുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവട
ങ്ങളും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ
മാര്‍ഗ്ഗത്തിലുള്ള ജിഹാദിനെക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു കല്‍പ്പന
കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക.അല്ലാഹു ധിക്കാരികളായ ആളുകളെ നേര്‍വഴിയില്‍
ആക്കുകയില്ല".(തൌബ:24)
       ഈ വചനത്തില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്നേഹത്തിന്റെ തുല്ല്യപദവി
തന്നെയാണ് ജിഹാദിന്നും നല്‍കിയിട്ടുള്ളത്.എന്നാല്‍ ജിഹാദിന്ന് ഖുര്‍ആന്‍ നല്‍കിയ ഈ പദവി
നല്‍കാന്‍ നാം തയ്യാറാകുന്നില്ല എന്നതാണ് സത്യം.ഇനി വാക്യത്തിന്റെ വിവക്ഷ സാന്ദര്‍ഭികമോ
താല്‍കാലികമോ ആയ രൂപത്തിലാണെന്നാണ് വാദമെങ്കില്‍ അതിന്നു വ്യക്തമായ തെളിവ് വേണം.ഇനി, ഒരു പൊതുനിയമവും സ്ഥിരപ്രതിഷ്ഠ നേടിയതുമാണ് മേല്‍ വിധിയെങ്കില്‍ അല്ലാഹു
വിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നതിനെ കുറിച്ച് ഒരു മണിക്കൂര്‍ പ്രസംഗിക്കുമ്പോള്‍ പത്തുമിന്നിട്ടെങ്കിലും ജിഹാദിനെകുറിച്ച് പറയാന്‍ നാം ബാധ്യസ്ഥരാണ്. ഇതിനൊക്കെ  വിരുദ്ധരായി പിശാചിന്റെ മാര്‍ഗ്ഗത്തില്‍ രാവും പകലും പണിയെടുക്കുന്നവര്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നവരില്‍ എണ്ണപ്പെടുന്നത് ഇത്തരം
തെറ്റായ തുലനം ചെയ്യലുകളുടെ അനന്തരഫലമാണ്.അവന്റെ സ്നേഹപ്രകടന വാദഗതിയില്‍
ആര്‍ക്കും എതിരഭിപ്രായമില്ലാത്തവരും ഇതുകൊണ്ടു തന്നെയാണ്.

മക്കാ മദീനാ കാലഘട്ട വ്യത്യാസം:
        'നമ്മള്‍ ജീവിക്കുന്നതു മാക്കീ കാലഘട്ടത്തിന്നു തുല്യമായ അവസ്ഥയിലാണ്.ജിഹാദ് നിര്‍ബ
ന്ധമായത് മദീനാ കാലഘട്ടത്തിലാണ്.അതുകൊണ്ട് ജിഹാദ് നമുക്ക് നിര്‍ബന്ധമില്ല' എന്നു വാദി
ക്കുന്ന ചിലരുണ്ട്.അത്തരക്കാരോടുള്ള ചോദ്യമിതാണ് - ശരീഅത്തിന്റെ വിധികളില്‍ മക്കീ -മദീനീ
വേര്‍തിരിവിന്ന് എന്ത് അടിസ്ഥാനമാണുള്ളത് ?ഖുര്‍ആനില്‍ വിധി നിയമങ്ങള്‍ മക്കീ -മദീനി എന്ന
രീതിയിലല്ല ക്രമപ്പെടുത്തിയിരിക്കുന്നത്.മറിച്ച് മദീനി സൂറത്തുകളാണ് ആദ്യം സ്ഥാനം നേടിയിട്ടുള്ളത്.അതിലാകട്ടെ സാമൂഹ്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ഒട്ടനവധി നിയമങ്ങള്‍
അവതീര്‍ണമാനുതാനും.ഖുര്‍ആനിലോ അതിന്റെ വ്യാഖ്യാനങ്ങളിലോ ഹദീസിലോ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലോ എവിടേയും മക്കീ -മദീനി വേര്‍തിരിവ് ദൃശ്യമല്ല.ഇനി ഇതിനെ ആരെങ്കിലും
ഒരടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ ഫലം വളരെ ഭയാനകമായിരിക്കും.
അത്തരക്കാര്‍ക്ക് മദീനി ഘട്ടത്തില്‍ അവതീര്‍ണ്ണമായ സാമൂഹിക നിയമങ്ങളില്‍ നിന്നും അതുവഴി
വിട്ടുനില്‍ക്കാന്‍ സാധിയ്ക്കും.മദീനി ഘട്ടത്തില്‍ നിഷിദ്ധമാക്കിയ പല കാര്യങ്ങളും ഇപ്പോളവര്‍ക്ക്
അനുഷ്ഠിക്കേണ്ടി വരില്ല.ചുരുക്കത്തില്‍ നിര്‍ബന്ധ ബാധ്യതകളില്‍ നിന്നു വിട്ടുനില്‍ക്കാനും
നിഷിദ്ധമായത് ചെയ്യാനുമുള്ള പാത ഇവര്‍ക്ക് തുറന്നുകിട്ടുമെന്നര്‍ഥം.
         മക്ക -മദീനി വേര്‍തിരിവിന്ന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് സത്യം.മറിച്ച്,
അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പ്പനകള്‍ അംഗീകരിക്കലും അത് പ്രാവര്‍ത്തികമാക്കലും
സത്യവിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാണ്.നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിവുള്ള ഓരോ
വ്യക്തിയും ഇസ്ലാമിക വിധികള്‍ അനുസരിക്കണം.നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതുകൊണ്ടും
കഴിവില്ലാത്തവര്‍ക്കും ഇസ്ലാം ഇളവ് അനുവദിക്കുന്നുണ്ട്.ചില ആളുകളുടെ മേലോ അല്ലെങ്കില്‍
ഏതെങ്കിലും പ്രദേശത്തൊ ശരീഅത്തിന്റെ ഏതെങ്കിലും വിധി നടപ്പാക്കുന്നതില്‍ ഇളവുണ്ടെങ്കില്‍
പോലും ദീനിന്റെ മുഴുവന്‍ ഭാഗങ്ങളും വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
        ഏതെങ്കിലും ഒരു ഭാഗം മാറ്റി നിറുത്താന്‍ പാടില്ല.എന്തുകൊണ്ടെന്നാല്‍ കഴിവും നിബന്ധനയും
എപ്പോള്‍ പൂര്‍ത്തിയാക്കുന്നുവോ അപ്പോഴത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ കഴിയണം.
മറ്റൊരു പ്രധാന കാര്യം പല നിബന്ധനകളും നാം സ്വയം പൂര്‍ത്തിയാകേണ്ട കാര്യങ്ങളാണ്.
ഉദാഹരണമായി നമസ്കാരം ശരിയാകണമെങ്കില്‍ അംഗശുദ്ധി വരുത്തണം.അംഗശുദ്ധിക്ക്
വേണ്ടത് നാം സ്വയം കണ്ടത്തണം.നമസ്കാരം നിര്‍ബന്ധമായ ഒരാളുടെ ബാധ്യതയാണിത്.
ജിഹാദിനെ സംബന്ധിച്ചുള്ള വിധിയും ഇങ്ങനെ തന്നെയാണ്.


       


2012, മേയ് 10, വ്യാഴാഴ്‌ച

സത്യവിശ്വാസികള്‍ സഹോദരങ്ങള്‍

   'ഹേ,വിശ്വസിച്ചവരെ,ഒരു ജനത(വേറെ)ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്.ഇവര്‍  (പരിഹ - സിക്കപ്പെടുന്നവര്‍ )അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.സ്ത്രീകള്‍ സ്ത്രീകളെപ്പറ്റിയും അരുത്.ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ )അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.നിങ്ങള്‍ നിങ്ങളെത്തന്നെ (തമ്മതമ്മില്‍ )കുറവാക്കുകയും ചെയ്യരുത്.(അസഭ്യമായ)അര്‍ഥപ്പേരുകളില്‍ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്.സത്യവിശ്വാസത്തിന്ന് ശേഷം ദുഷ്ടപ്പേര്  (ഉപ - യോഗിക്കല്‍ )എത്ര ചീത്ത.ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികള്‍ '.
    'ഹേ,വിശ്വസിച്ചവരേ,ഊഹത്തില്‍ നിന്ന് മിക്കതിനെയും നിങ്ങള്‍ വര്‍ജിക്കുവീന്‍.(കാരണം)നിശ്ച 
മായും ഊഹത്തില്‍ ചിലത് കുറ്റ(കര)മായിരിക്കും.നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്.നിങ്ങ 
ളില്‍ ചിലര്‍ ചിലരെപ്പറ്റി (അവരുടെ അഭാവത്തില്‍ )ദൂഷണം പറയുകയും അരുത്.തന്റെ സഹോദരന്‍ മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിന്നു നിങ്ങളിലൊരാള്‍ ഇഷ്ടപ്പെടുമോ ?എന്നാല്‍ അത് നിങ്ങള്‍ വെറുക്കുന്നു.(അതുപോലെ ഒന്നത്രെ പരദൂഷണവും) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.നിശ്ചയമായും അല്ലാഹു പാശ്ചാതാപം സ്വീകരിക്കുന്നവനാണ്.കരുണാനിധിയാണ്.'  (സൂറ:ഹുജുറാത്.11,12)
   ഖൌമ് എന്ന വാക്കിന് ജനത,ജനങ്ങള്‍ എന്നൊക്കെയാണ് വാക്കര്‍ത്ഥം.പക്ഷേ,പുരുഷന്മാരെ 
മാത്രം ഉദ്ദേശിച്ചും സ്ത്രീകളെയുംകൂടി ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടാറുണ്ട്.ഒരാള്‍ക്ക് എന്തെങ്കി ലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം.അതേ സമയത്ത് അയാള്‍ക്ക് മറ്റു ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും.ഒരാള്‍ പ്രത്യക്ഷത്തില്‍ കുറ്റമറ്റവനാണെങ്കിലും യഥാര്‍ഥത്തില്‍ ദുഷിച്ചവനായിരിക്കാം.ചുരുക്കത്തില്‍ ആരെല്ലാമാണ് ഉത്തമരെന്നും ആരെല്ലാമാണ് അധമരെന്നും തീര്‍ച്ചപ്പെടുത്തുവാന്‍ വയ്യ.അതുകൊണ്ട് പുരുഷനായാലും സ്ത്രീയായാലും ഒരാല്‍ക്ക് ഒരാളെ പരിഹസിക്കുവാന്‍ അര്‍ഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.
   സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരന്മാരുമാണെന്ന്‍ ഖുര്‍ആന്‍ പറയുന്നു.ഒരു ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീസില്‍ നബി (സ)മുസ്ലിംകളെ ഉപമിച്ചി -
രിക്കുന്നത്.എന്നിരിക്കെ ഒരാള്‍ മറ്റൊരാളെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുമ്പോള്‍ 
ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു.നിങ്ങള്‍ 
നിങ്ങളെത്തന്നേ കുറവാക്കരുത്.എന്ന പ്രയോഗം വഴി ഇങ്ങിനെയുള്ള വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയര്‍ച്ചയോ തായ്ച്ചയോ കുറിക്കുന്ന പേരുകള്‍ക്കാണ് അര്‍ഥ 
പേരുകള്‍ എന്ന്‍ പറയുന്നത്.ഹാസ്യനാമങ്ങള്‍ ,പരിഹാസപ്പേരുകള്‍ മുതലായവ ഉപയോഗിച്ച് നിന്ദി ക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്.നേരെ മറിച്ച് യോഗ്യതയെയോ സ്നേഹത്തെയോ കുറിക്കുന്ന പേരുകള്‍ ഉപയോഗിക്കുന്നതിന്നു വിരോധമില്ല.അത് നല്ലതും കൂടിയാകുന്നു. 
   സത്യവിശ്വാസം സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ദുഷിച്ചപേരുകള്‍ ഉപയോഗിക്കുന്നത് വളരെ ചീത്തയാണ്.നബി (സ)അരുള്‍ ചെയ്തതായി ഇബ്നുമസ്ഊദ് (റ)പറയുന്നു.'സത്യവിശ്വാസി കുത്തിപറയുന്നവനായിരിക്കില്ല.ശപിച്ച്പറയുന്നവനുമായിരിക്കയില്ല.ദുഷ്ടനുമായിരിക്കയില്ല.
അസഭ്യം  പുലമ്പുന്നവനുമായിരിക്കില്ല.' (തി.ബ) 
   ഒരാളുടെ പക്കല്‍നിന്ന് അങ്ങിനെ വല്ല വീഴ്ചയും വന്നുപോയാല്‍ ഉടനെ പശ്ചാത്തപിച്ചുമടങ്ങ ണം.എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കും.മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാര്‍ഹവുമാണ്.മനുഷ്യര്‍ തമ്മതമ്മില്‍ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും.അവയില്‍ ഏതാനും ചിലത് ശരിയായിരിക്കുവാന്‍ ഇടയും ഉണ്ടാവാം.ചിലതല്ലാം യഥാര്‍ഥത്തില്‍ തെറ്റായതും കുറ്റകരമായ തുമായിരിക്കും.രണ്ടും വ്യക്തമായി വേര്‍തിരിച്ചറിയുവാന്‍ സാധിക്കയില്ല.ഇങ്ങിനെയുള്ള ധാരണകള്‍ 
വെച്ചുപുലര്‍ത്തുന്നവര്‍ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും,സം 
സാരിക്കുന്നതും.ഇതിന്റെ അനന്തരഫലമോ ?പലപ്പോഴും ദൂരവ്യാപകവും വമ്പിച്ചതുമായിരിക്കും.
അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വര്‍ജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്‍പ്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോള്‍ തെറ്റു പിണഞ്ഞേക്കാവുന്ന വിഷയത്തില്‍ പ്രവേശിക്കുന്നതും തെറ്റുതന്നെ.ഇവിടെ മാത്രമല്ല എവിടേയും ഓര്‍മ്മിക്കേണ്ടുന്ന   ഒരു തത്ത്വമാണിത്.
   നബി(സ)പറയുന്നു,'നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക.ഊഹം വര്‍ത്തമാനങ്ങളില്‍ വെച്ച് ഏറ്റവും 
കളവായതാകുന്നു.നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്.ഗൂഢാന്യേഷണം നടത്തുകയും അരുത്.അന്യോന്യം വഴക്കുകൂടുകയും അരുത്.അസൂയപ്പെടുകയും അരുത്.വിദ്വോഷം വെക്കുകയും 
അരുത്.(സഹകരിക്കാതെ)പിന്നോക്കം വെക്കുകയും അരുത്.അല്ലാഹുവിന്റെ അടിയാന്‍മാരേ,  നിങ്ങള്‍ സഹോദരന്മാരായിരിക്കണം.' (ബു.മു)
   ഉമര്‍ (റ)ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.സത്യവിശ്വാസിയായ നിന്റെ സഹോദരനില്‍നിന്ന് പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്.
നല്ലനിലയിലുള്ള ഒരു അര്‍ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്.(ഇബ്നുകഥീര്‍ )
   തെറ്റായ ധാരണ,നീചമായ മനസ്ഥിതി,മാന്യന്മാരെ അപമാനിക്കുന്നതിലുള്ള താല്‍പര്യം ആദിയായ ദുര്‍ഗുണങ്ങളില്‍നിന്ന് ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല.അഥവാ അന്യന്റെ 
രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക.അതിനായി ഇറപാര്‍ത്തൂം ഗൂഢാന്യേഷണങ്ങള്‍ നടത്തി -
യുംകൊണ്ടിരിക്കുക മുതലായവ.ഇതിന്റെ അനന്തരഫലം അജ്ഞ്ജാതമല്ല.ജനമധ്യേ കുഴപ്പവും 
ശത്രുതയും ഉണ്ടാക്കുവാന്‍ മാത്രേമേ ഇത് പര്യാപ്തമാവുകയുള്ളൂ.അല്പം മാന്യതയോ സല്‍ബുദ്ധിയോ 
ഉള്ളവരാരും അതിന് മുതിരുകയില്ലതന്നെ.വിശ്വസിച്ചവരേ,എന്ന്‍ വിളിച്ച്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കയാല്‍ ഓരോ മുസ്ലിമും 
അവയുടെ ഗൌരവത്തെപ്പറ്റി സദാ ഓര്‍മ്മവെച്ചിരിക്കേണ്ടതാണ്.
   സല്‍ക്കര്‍മ്മങ്ങള്‍ കാര്‍ന്നുതിന്നുന്നതും ഏറെക്കുറെ മിക്ക ആളുകളിലും കണ്ടെക്കുന്നതുമായ ഒരു 
ദുഃസ്വഭാവമത്രെ ഗീബത്ത് അഥവാ പരദൂഷണം.ഒരാള്‍ തന്റെ സഹോദരന്റെ മരണശേഷം അവന്റെ മാംസം തിന്നുന്നതിന്നു തുല്യമാണ് പരദൂഷണം എന്ന്‍ അല്ലാഹു ഖുര്‍ആനില്‍ ചൂണ്ടിക്കാട്ടുന്നു.എത്ര ഭയങ്കര പാപമാണ് അതെന്ന്‍ ഈ ഉപമയില്‍നിന്ന് മനസ്സിലാക്കാം. മുസ്ലിംകളില്‍ ഏറ്റ്വും ശ്രേഷ്ഠന്‍ ആരാണെന്ന്‍ ചോദിക്കപ്പെട്ടപ്പോള്‍ നബി(സ)ഇങ്ങിനെ പറഞ്ഞു.
 " ഏതൊരുവന്റെ നാവില്‍നിന്നും കയ്യില്‍നിന്നും മുസ്ലിംകള്‍ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ് "
ഒന്നിലധികം മാര്‍ഗങ്ങളില്‍കൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങിനെ 
വായിയ്ക്കാം.അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാള്‍ സംസാരിക്കുമ്പോള്‍ അതിന് ഒരു നിലയും 
വിലയും ഉള്ളതായി അവന്‍ ധരിച്ചിരിക്കയില്ല.എങ്കിലും അതുമൂലം അല്ലാഹു അവന് പല പദവികള്‍ 
ഉയര്‍ത്തിക്കൊടുക്കുന്നതായിരിക്കും.ഒരാള്‍ അല്ലാഹു കോപിക്കുന്ന ഒരു വാക്ക് സംസാരിക്കുമ്പോള്‍ 
അയാള്‍ അതിന് ഒരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല.എങ്കിലും അതുമൂലം അവന്‍ നര 
കത്തില്‍  ആഴ്ന്നുപോയേക്കും.വാചകങ്ങളില്‍ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും മുസ്ലിമും മറ്റും ഈ ഹദീസ് ഉദ്ധരിച്ചു കാണാം.സംസാരത്തില്‍ പൊതുവേയും മറ്റൊരാളെപ്പറ്റി ഗുണദോ
ഷിക്കുമ്പോള്‍ പ്രത്യേകിച്ചും വളരെ ഗൌനിക്കേണ്ടതുണ്ടെന്നു ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ട 
താകുന്നു.ഒരിക്കല്‍ നബി(സ)യുടെ പ്രിയപത്നി ആയിശ(റ)തന്റെ സഹകളത്രമായ ഹഫ്സ്വാ(റ)
പറ്റി കുറിയവള്‍ എന്ന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓര്‍മിച്ചിരിക്കേണ്ടതാണ്.
 "  സമുദ്രജലത്തില്‍  കലര്‍ത്തിയാല്‍ അതിനെ കലക്കുമാറുള്ള ഒരു വാക്കാണ് നീ പറഞ്ഞത് "
ഇങ്ങിനെയുള്ള കാര്യങ്ങള്‍ നാം പ്രത്യേകം മനസ്സിലാക്കി പ്രവര്‍ത്തിക്കുക. 







2012, മേയ് 6, ഞായറാഴ്‌ച

മൊബൈലിൽ മലയാളം വായിക്കാൻ

opera mini ഇല്ലാതെ അൻഡ്രൊയിഡ് മൊബൈലിൽ മലയാളം വായിക്കാൻ
ഞാൻ ഇപ്പോൾ പറയുന്നത്  ആൻഡ്രൊയിഡ് ഫോണീൽ എങ്ങിനെ മലയാളം വായിക്കം എന്നാണു.
ആദ്യമെ തന്നെ  നിങ്ങളുടെ ഫോണിൽ നൊണ്മാർക്കറ്റ് അപ്ലിക്കേഷൻ എനേബിൾ ചെയ്യണം. അതിനുവേണ്ടി SETTINGS—APPLICATIONS—UNKNOWN SOURCE എന്നതിൽ മാർക്ക് ചെയ്യുക
ഇനി താഴെ കാണുന്ന ഫൊണ്ടുകൾ ഫോണിലേക്ക്  ഡൌൺലോഡ് ചെയ്യുക
കമ്പ്യുട്ടറിൽ നിന്നും ഡൌൺലോഡ് ചെയ്തതിനു ശേഷം മെമ്മറി കാർഡിലേക്ക് മാറ്റിയാലും മതി

ഡൌണ്‍ ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ പോകുക

അക്ഷര്‍  യുണീകോഡ്
അഞ്ജലി ഓൾഡ് ലിപി
ദ്യുതി
രചന
രഘു മലയാളം

ഡൌൺ ലോഡു കഴിഞ്ഞാൽ ഡൌൺലോഡ് ലൊക്കേഷനിലെത്തി ഈ ഫൊണ്ടുകളെല്ലാം ഇൻസ്റ്റാൾ ചെയ്യണം
ഇൻസ്റ്റാളേഷൻ  കഴിഞ്ഞാൽ ഫോൻഡ് സെറ്റിങ്ങ്സിൽ മെനുവിൽ എത്തി
(SETTINGS-DISPLAY-FONT STYLE) ഇഷ്ട്മുള്ള ഫൊണ്ട് സെലെക്റ്റ് ചെയ്തു ഒ കെ കൊടുക്കുക
അതിനു ശേഷം ഫോണ്‍  ഒന്നു റീസ്റ്റാർട്ട് കൊടുക്കണം.
ഇനി സുഹ്രുതു ഒന്നു ഓപെൺ ചെയ്തു നൊക്കു………………………
ഒരു കാര്യം കൂടി പറയട്ടെ, ഇൻസ്റ്റാൾ ചെയ്ത ഫോണ്ടുകളിൽ ഏതാണൊ നിങ്ങൾക്കു കൂടുതൽ കംഫർട്ടബിൾ ആകുന്നതു എന്നു നോക്കി ഇഷ്ടമുള്ള ഫോണ്ട് ഉപയോഗിക്കുക. ഞാൻ ഉപയോഗിക്കുന്നതു രഘുമലയാളം ആണു


പിൻകുറിപ്പ്;  എന്തെങ്കിലും  തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കില്‍  സുഹ്രുത്തുക്കളെ എന്നോടു ക്ഷമിക്കുക……….
അഭിപ്രായങ്ങൾ അറിയിക്കുക
.
മുൻകൂറ് ജാമ്യം
ഞാൻ ഇതു എന്റെ മൊബൈലിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ.(GALAXY-WONDE) മറ്റു മോഡലുകളിൽ നോക്കിയിട്ടില്ല……………… അതുകൊണ്ട് പരീക്ഷിച്ചിട്ട് പറ്റിയില്ലെൻകിൽ എന്നെ ഒന്നും പറയരുത്.……

2012, മേയ് 4, വെള്ളിയാഴ്‌ച

ഇതു നുഴഞ്ഞുകയറ്റത്തിന്റെ കാലം


വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന ചര്‍ച്ചകള്‍ക്കൊണ്ടാണു കഴിഞ്ഞയാഴ്‌ചയിലെ രാഷ്‌ട്രീയ കേരളം സജീവമായത്‌. മതസംഘടനകളിലും സ്‌ഥാപനങ്ങളിലും മാത്രമായി പരിമിതപ്പെട്ടിരുന്ന തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം രാഷ്‌ട്രീയത്തിലും സജീവമായി ഇടപെടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ആക്ഷേപത്തിന്‌ ആക്കം കൂടിയത്‌ അഞ്ചാം മന്ത്രി വിവാദത്തിന്റെ ചുവടുപിടിച്ചാണ്‌. 


നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദികള്‍ ആരാണെന്നു കൂടുതല്‍ വിശദീകരിക്കേണ്ടാത്തവിധം ശരിയായ ചിത്രം നമ്മുടെ മാധ്യമങ്ങള്‍ നേരത്തെ നല്‍കിയിരുന്നതിനാല്‍ ആര്‍ക്കും ആളെ തിരിയാത്ത പ്രശ്‌നമുണ്ടാവില്ല. 


തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ഒരു സമുദായത്തിനോടു ചേര്‍ത്തുപറഞ്ഞു രംഗം നേരത്തെ ക്ലിയര്‍ ചെയ്‌തുകഴിഞ്ഞതാണ്‌. അതിനാല്‍ തീവ്രവാദി എന്നു കേള്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ തെളിഞ്ഞു വരുന്ന ചിത്രം താടിയും തലപ്പാവുമുള്ള ഒരു മനുഷ്യരൂപമാണ്‌. ഈ വരച്ചു നല്‍കിയ ചിത്രം മുമ്പിലുള്ളതിനാല്‍ അന്താരാഷ്‌ട്രതലം മുതല്‍ ഇങ്ങു കേരളക്കരവരെ തീവ്രവാദികള്‍ക്കു സ്‌ഥലകാല മാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ. 


ആര്‍ക്കും ആരേയും തീവ്രവാദിയാക്കി മാറ്റാം. അതിനാല്‍ തീവ്രവാദ പ്രചാരണത്തിന്റെ മറുവശത്തെകുറിച്ചു സംസാരിക്കുന്നതും എഴുതുന്നതും ഏറെ ആശങ്കയോടെ ആവേണ്ടി വരികയാണ്‌. അംഗീകൃത തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട സമുദായത്തില്‍ നിന്നാവുമ്പോള്‍ പ്രത്യേകിച്ചും. തീവ്രവാദത്തെകുറിച്ചു നിര്‍വചനം തന്നെ ആപേക്ഷികമാണ്‌. 


മനുഷ്യകുലത്തിന്റെ സമാധാനജീവിതത്തിനും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്‌ടിക്കും വിധം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ലോകത്തു പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങളുടെ അടിവേരു പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ലോകത്ത്‌ അമേരിക്കയും സഖ്യരാഷ്‌ട്രങ്ങളും പ്രത്യേകിച്ച്‌ ഇസ്രായേലും ചേര്‍ന്നു നടത്തുന്ന അധിനിവേശം ഏറെ ശക്‌തമാണ്‌. 


മനുഷ്യത്വരഹിതമായ ക്രൂരതകളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈ കടന്നുകയറ്റങ്ങളില്‍ പൊറുതിമുട്ടിയ ജനത നടത്തിയ അതിശക്‌തമായ ചെറുത്തുനില്‍പിനെ അതിജയിക്കാന്‍ കഴിയാതെവന്ന ഘട്ടത്തില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിനു സമ്മാനിച്ച പദപ്രയോഗമാണ്‌ തീവ്രവാദമെന്നത്‌. 


അവിടം മുതലാണു സാര്‍വത്രികമായ ഈ പദം പ്രയോഗം ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നത്‌. അമേരിക്കയും അവരുടെ താല്‍പര്യങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ എവിടെയെല്ലാം സ്വാധീനം നേടിയെടുത്തിട്ടുണ്ടോ അവര്‍ ഈ പ്രയോഗം രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഭാവിയില്‍ അവരുടെ താല്‍പര്യങ്ങള്‍ക്കെതിരായി വന്നേക്കാവുന്ന ഏതു മുന്നേറ്റങ്ങള്‍ക്കെതിരേയും പ്രയോഗിച്ചു പൊതുബഹിഷ്‌കരണത്തിനു രംഗസജ്‌ജീകരണം നടത്തിക്കൊണ്ടിരിക്കും. 


ഭരണകൂടങ്ങളുടെ കെടുകാര്യസ്‌ഥതയേയും നെറികേടുകളേയും തുറന്നെതിര്‍ത്തവരേയും അവരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളേയും ചരിത്രത്തില്‍ എക്കാലത്തും പൊതുധാരയില്‍നിന്ന്‌ അകറ്റാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ ഇന്നും നടന്നുവരുന്നത്‌. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ധീരോധാത്തം പൊരുതിയ സ്വാതന്ത്ര്യസമരസേനാനികളെയും ജീവന്‍ നല്‍കിയ രക്‌തസാക്ഷികളേയും നമ്മള്‍ അഭിമാനപൂര്‍വം നെഞ്ചേറ്റുമ്പോള്‍ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്‌ അവര്‍ തീവ്രവാദികളും കണ്ണിലെ കരടുമായിരുന്നു. 


സാമ്രാജ്യത്വത്തേയും ഫാസിസത്തേയും തുറന്നെതിര്‍ത്തും വിവേചനങ്ങള്‍ക്കെതിരേയും മര്‍ദിതന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദിച്ചും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കിടയില്‍നിന്ന്‌ ഉയര്‍ന്നുവന്ന പ്രസ്‌ഥാനങ്ങള്‍ക്കെതിരേ തീവ്രവാദ ആരോപണങ്ങളുന്നയിക്കുന്ന നിലവിലെ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ പലതും അവരുടെ പൂര്‍വകാല അതിജീവനത്തിന്റെ ചരിത്രം മറന്നുകൊണ്ടാണു പുതിയ തലമുറയിലെ നേതാക്കള്‍ സംസാരിക്കുന്നത്‌. 


സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ കോണ്‍ഗ്രസ്‌, ഭരണകൂടത്തിന്റെ മുമ്പിലെ നല്ല പുള്ളിയായിരുന്നില്ല. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളെ ഏറ്റവും വലിയ വിധ്വംസക വിഭാഗമായാണ്‌ അന്നത്തെ മുഖ്യധാര കണക്കാക്കിയിരുന്നത്‌. അക്കാലത്ത്‌ ഏറ്റവും വെറുക്കപ്പെട്ടവരായിരുന്ന കമ്യൂണിസ്‌റ്റുകള്‍ക്കു നെഹ്‌റു സര്‍ക്കാര്‍ ഉദ്യോഗം വരെ നല്‍കിയിരുന്നില്ല. മാത്രമല്ല, അക്കാലത്തു കോടതികളില്‍ നല്‍കിയിരുന്ന അന്യായങ്ങളില്‍ പരമാവധി ശിക്ഷ കിട്ടാന്‍ വേണ്ടി മുഖ്യപ്രതി സര്‍വോപരി കമ്മ്യൂണിസ്‌റ്റുകാരന്‍ കൂടിയാണെന്ന പ്രയോഗം വരെ നടത്തിയിരുന്നതു പഴയ തലമുറ മറന്നുകാണില്ല. കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ആഭ്യന്തരമന്ത്രി കോടിയേരിയുടെ പ്രത്യേക നിര്‍ദേശത്താല്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രങ്ങളിലും മുസ്ലിം യുവാക്കളെകുറിച്ചു വെറുപ്പുളവാക്കാന്‍ ഇത്തരം ധാരാളം പ്രയോഗങ്ങള്‍ നടത്തിയതു പ്രത്യേകം ചേര്‍ത്തുവായിക്കേണ്ടതാണ്‌. 


സംഘടിത മുസ്ലിം രാഷ്‌ട്രീയ ശക്‌തിയായി ഉയര്‍ന്നുവന്ന മുസ്ലിം ലീഗിനു നേരേ ഇന്നും വര്‍ഗീയതീവ്രവാദ ആരോപണങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു. 


സംഘടിത മേല്‍ജാതി നിയന്ത്രിത രാഷ്‌ട്രീയ സാമൂഹികഘടനയാണു നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്‌. ആ ഘടനയാണു മുഴുവന്‍ മേഖലയുടെയും നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളത്‌. അയഥാര്‍ഥമായ പ്രചാരണങ്ങള്‍ നടത്തി വംശവെറി കൂട്ടാന്‍ ഫാസിസവും നാസിസവും ലോകത്തു നടത്തിയ തന്ത്രങ്ങള്‍ തന്നെയാണ്‌ ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരേ പ്രയോഗിക്കപ്പെടുന്നത്‌. 1933 ല്‍ ജര്‍മന്‍ പാര്‍ലമെന്റ്‌ മന്ദിരം തീയിട്ടതു കമ്യൂണിസ്‌റ്റുകാരാണെന്നു പ്രചരിപ്പിക്കാന്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറും ജോസഫ്‌ ഗീബല്‍സും നടത്തിയ അതേ തന്ത്രങ്ങളുടെ പുനരാവിഷ്‌കാരമാണു നമ്മുടെ നാട്ടിലും ആവര്‍ത്തിക്കുന്നത്‌. 


സ്വത്വബോധം മര്‍ദിത സമൂഹങ്ങളിലേക്കു തിരിച്ചെത്തുന്നതു നിലവില്‍ ആധിപത്യം ഉറപ്പിച്ച മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ എപ്പോഴും ഭയപ്പാടോടെയാണു കാണുന്നത്‌. ദലിത്‌മുസ്ലിം പിന്നാക്ക സ്വത്വബോധത്തിന്റെ ഉയര്‍ന്നെഴുന്നേല്‍പ്പിനെ തകിടം മറിക്കാന്‍ കക്ഷിബന്ധങ്ങള്‍ക്കതീതമായ അവിശുദ്ധസഖ്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ട്‌. ആ കൂട്ടുകെട്ടാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിക്കു രണ്ടാമതും കാരാഗൃഹം സമ്മാനിച്ചത്‌. ദലിത്‌ സ്വത്വബോധത്താല്‍ രംഗപ്രവേശനം ചെയ്‌ത ഡി.എച്ച്‌.ആര്‍.എമ്മിനെ വേട്ടയാടുന്നതും പോപ്പുലര്‍ ഫ്രണ്ട്‌, ജമാഅത്ത്‌ പ്രസ്‌ഥാനങ്ങളെ ലക്ഷ്യമിടുന്നതും ഈ കൂട്ടുകെട്ടാണ്‌. 


അധോലോക സംഘങ്ങള്‍ ബിസിനസ്‌ സാമ്രാജ്യത്വത്തിന്റെ വിപുലീകരണത്തിനും നിലനില്‍പിനും വേണ്ടി നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ പലതും മതം ചേര്‍ത്തു തീവ്രവാദമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ദാവൂദ്‌ ഇബ്രാഹിമും ഛോട്ടാരാജനുമെല്ലാം ഇതിന്റെ പ്രതീകങ്ങളാണ്‌. സ്വൈരജീവിതത്തിനും സമാധാനത്തിനും വിഘ്‌നം സൃഷ്‌ടിക്കുന്ന പലതരത്തിലുള്ള ഹിംസാത്മക പ്രവര്‍ത്തനങ്ങളും നമ്മുടെ രാജ്യത്തു നടക്കുന്നുണ്ട്‌. 


ഇവയില്‍ പലതും കള്ളക്കടത്തിന്റെയും കച്ചവടതാല്‍പര്യത്തിന്റെയും അധോലോക കുടിലതയുടെ പേരിലുള്ളതാണ്‌. സാമ്പത്തിക മോഹങ്ങളുടെയും അസമത്വങ്ങളുടെയും ഭാഗമായും അസ്വസ്‌ഥതകള്‍ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ഇതിനപ്പുറമുള്ളതാണു രാഷ്‌ട്രീയ വൈരങ്ങളുടേത്‌. രാഷ്‌ട്രീയ നേട്ടത്തിനും വിജയത്തിനും വേണ്ടി വര്‍ഗീയ കലാപങ്ങള്‍ വരെ സൃഷ്‌ടിച്ച പാരമ്പര്യവും ഇന്ത്യാ രാജ്യത്ത്‌ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കുണ്ട്‌. 


ആഭ്യന്തര ശൈഥില്യം സൃഷ്‌ടിച്ച്‌ ആയുധങ്ങള്‍ക്ക്‌ വിപണിയൊരുക്കാന്‍ സാമ്രാജ്യത്വം നടത്തുന്ന ഇടപെടലുകളും നമ്മുടെ നാട്ടില്‍ അസ്വസ്‌ഥകള്‍ക്കു കാരണമാവുന്നുണ്ട്‌. പുകയുന്ന ആഭ്യന്തരരംഗ സൃഷ്‌ടിപ്പിനു വിലയ്‌ക്കെടുക്കുന്ന തീവ്രവാദികളെ രംഗത്തെത്തിക്കുന്നതില്‍ ഐ.ബിയുടെ പങ്കും ചേര്‍ന്നുനില്‍ക്കുന്നുണ്ട്‌. ഇങ്ങനെയുള്ള നിരവധി വസ്‌തുതകളെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിവേണം തീവ്രവാദത്തെ വേട്ടയാടാന്‍. അതോടൊപ്പം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയുമായ ഫാഷിസത്തെകുറിച്ച്‌ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചുകൊണ്ടാണു നിഴലിന്റെ പിന്നാലെ പലരും സഞ്ചരിക്കുന്നത്‌. 


സ്വന്തം മുഖം വികൃതമാവുമ്പോഴും ജനങ്ങള്‍ക്കുമുമ്പില്‍ ന്യായങ്ങള്‍ നിരത്താന്‍ ഇല്ലാതെ വരുമ്പോഴുമാണു മറ്റുള്ളവരുടെ മേല്‍ ചാടിക്കയറി നുഴഞ്ഞുകയറ്റവും സ്വാധീനമുറപ്പിക്കലുമൊക്കെ ആരോപിക്കുന്നത്‌. ആശയദാരിദ്ര്യവും സമൂഹത്തോടു സംവദിക്കാനുള്ള കെല്‍പുമില്ലാത്തവര്‍ മറ്റുള്ളവരില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുക സ്വാഭാവികം മാത്രം. 


തങ്ങളുടെ പാര്‍ട്ടിയിലേക്ക്‌ മറ്റുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്ന്‌ വേവലാതിപ്പെടുന്ന ലീഗും സി.പി.എമ്മും കോണ്‍ഗ്രസുമെല്ലാം സ്വയം കുറ്റസമ്മതം നടത്തുകയാണ്‌. തങ്ങളുടെ പരാജയത്തിന്റെ സ്വയം പ്രഖ്യാപനമാണത്‌. അമേരിക്കന്‍ കോണ്‍സുലേറ്റുമായി നല്ല സൗഹൃദമുള്ളവരും ഐ.ബിയുടെ ഉറ്റബന്ധുക്കളുമായ ചില രാഷ്‌ട്രീയ നേതാക്കന്മാര്‍ തന്നെ നിരന്തരം ബ്രാന്‍ഡ്‌ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നതും തീവ്രവാദവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്‌. മുസ്ലിം ലീഗിലേക്കുള്ള നുഴഞ്ഞുകയറ്റമാണ്‌ ഏറ്റവും മികച്ചുനില്‍ക്കുന്ന ചര്‍ച്ച. 


സര്‍വാംഗീകൃത തീവ്രവാദപ്രസ്‌ഥാനങ്ങള്‍ ഒന്നും നാട്ടില്‍ രംഗത്തെത്താത്ത കാലത്താണു മലപ്പുറം വെടിവയ്‌പ് നടന്നത്‌. ലീഗണികളുടെ മേല്‍ നേതൃത്വത്തിന്‌ ഒരു കാലത്തും ഒരുവക നിയന്ത്രണവുമില്ലാത്ത അനുഭവങ്ങള്‍ കണ്ണൂരും ചെറുവത്തൂരും കാസര്‍ഗോഡും കോഴിക്കോട്‌ എയര്‍പോര്‍ട്ടിലും നേതാക്കളെ സ്വീകരിച്ചു അണികള്‍ കാണിച്ചുകൊടുത്തതാണ്‌. സ്വന്തം കഴിവുകുറവുകളെ മറച്ചു മറ്റുള്ളവരുടെ മേല്‍ കുറ്റമാരോപിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു ലീഗ്‌. 


സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലെ സര്‍വാധിപത്യവും പാര്‍ട്ടി കോടതി നടപ്പാക്കലും തുടര്‍ന്നുകൊണ്ടാണു മിശിഹാ പരിവേഷം അണിയുന്നത്‌. രണ്ടു പതിറ്റാണ്ടിലധികമായി നിലവില്‍ തീവ്രവാദം ആരോപിക്കുന്ന മുസ്ലിം വിഭാഗത്തിലെ സംഘങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ട്‌. പ്രാദേശിക രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ ഇത്തരം വിഭാഗങ്ങള്‍ ചിലപ്പോഴെങ്കിലും കക്ഷിയായി വരാറുണ്ട്‌. അതേസമയം ദേശവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതിന്‌ ആരോപണങ്ങള്‍ക്കപ്പുറം തെളിവുകള്‍ ഇത്തരം വിഭാഗത്തിനു നേരേ നിരത്തുന്നതിനു വിമര്‍ശകര്‍ പരാജയപ്പെടുന്നു. 


താല്‍ക്കാലിക രാഷ്‌ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ഒരു നാടിന്റെ നല്ല അന്തരീക്ഷത്തെ തകര്‍ക്കുന്ന വിധത്തിലേക്കു ചര്‍ച്ചകള്‍ നീങ്ങുന്നതു ഭയപ്പാടോടെയാണു നാം കാണേണ്ടത്‌. ശൈഥില്യത്തിനു കളമൊരുക്കുന്ന യഥാര്‍ഥ ശക്‌തികള്‍ക്ക്‌ അവരുടെ ദൗത്യം നിര്‍വഹിക്കാന്‍ അറിയാതെ അവസരമൊരുക്കുകയാണ്‌ അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ ചെയ്യുന്നത്‌. ഗൂഢലക്ഷ്യങ്ങളുള്ളവര്‍ നമുക്കിടയില്‍ സ്‌പര്‍ധ വളര്‍ത്താന്‍ വിലയ്‌ക്കെടുത്തു പലരേയും രംഗത്തിറക്കി കളിക്കുന്നുണ്ടാവാം. ബാഹ്യവും ആഭ്യന്തരവുമായ ഘടകങ്ങള്‍ ഇതിനുപിന്നിലുണ്ട്‌. അതു മനസ്സിലാക്കപ്പെടാതെ പോവരുത്‌. 


ഊഹാപോഹപ്രചാരണങ്ങളിലൂടെ തകരുന്നതു നല്ല സൗഹൃദബന്ധങ്ങളാണ്‌. ഭരണപ്രതിസന്ധിയും ആശയദാരിദ്ര്യവും അനുഭവപ്പെടുമ്പോള്‍ നാട്ടില്‍ ശൈഥില്യം വളര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങളാണു നമ്മുടെ ശാപം. 


നാസറുദീന്‍ എളമരം

2012, മേയ് 1, ചൊവ്വാഴ്ച

ശത്രുക്കളുടെ കൈയടി വാങ്ങുന്നവര്‍

വലിയവരുടെ കൈകളെ സൂക്ഷിക്കുക.ദുര്‍ബലനു നല്ലത് അതാണ്.അസന്തുലിതസമൂഹത്തില്‍ ശക്തനെതിരെ സംസാരിക്കരുത്.അവനെ ചോദ്യം ചെയ്യരുത്.കൂടുതല്‍ ആവശ്യപ്പെടരുത്.അടി വാങ്ങുന്നത് ബുദ്ധിമോശമാണ്.ചോദിക്കാതെ കിട്ടുന്നത് തടയാനാവില്ല.അതിന്നു പുറമെ ചോദിച്ചു വാങ്ങുകകൂടി വേണോ ?
അടിമകളുടെ മനോവ്യാപാരമാണിത്.താത്ത്വികപരിവേശം നല്‍കിയാല്‍ ഇതിന്ന്‍ ഇന്നും മാന്യതയുണ്ട്.വിപണനസാധ്യതയുമുണ്ട്.പുതിയ ലോകത്തിന്റെ വെല്ലുവിളികള്‍ കണ്ടില്ല എന്ന്‍ നടിക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ പ്രതിലോമചിന്തകള്‍ക്കു താത്ത്വികമാനം നല്‍കി സ്വാംശീക
രിച്ച് സമീപന ശൈലിയൊരുക്കുകയാണ് മുസ്ലിംലോകം.പ്രവാചകദൌത്യത്തിന്റെ തുടര്‍നടപടിക്കാ രെന്നവകാശപ്പെടുന്നവര്‍ക്ക് അതുവഴി 'സമാധാനം' കൈവരിക്കാനാവുമെന്ന പ്രതീക്ഷ പുലരാനിടയില്ല.അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന തത്ത്വത്തെ കൈയൂക്കുള്ളവര്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്ന ആധുനികസമൂഹം തങ്ങള്‍ ഇപ്പോളെത്തിനില്‍ക്കുന്നതു കാടന്‍ നിയമങ്ങളിലാണെന്ന് സമ്മതിക്കുന്നില്ല എന്നേയുള്ളൂ.താല്‍പര്യസംരക്ഷണത്തിന്നു പ്രാകൃതസ്വഭാവം കൈവന്നപ്പോള്‍ ക്രമീകൃത നിയമങ്ങള്‍ ദുര്‍ബലമായി.ബാബരിയും അഫ്ഗാനും ഇറാഖുമെല്ലാം തകര്‍ക്കപ്പെട്ട സാഹചര്യം അതാണ്.നിയമവാഴ്ചയുടെയും പരസ്പര ധാരണയുടെയും പതനം യാഥാര്‍ഥ്യ ബോധത്തോടെ നോക്കിക്കാണാന്‍ ഇരകള്‍ക്കെങ്കിലും കഴിയണം.ഈ തകര്‍ച്ച യാദൃച്ഛികമല്ല.ഒറ്റപ്പെട്ട പ്രകോപനങ്ങള്‍ മൂലം സംഭവിക്കുന്നതുമല്ല.
            ബദല്‍സംവിധാനമില്ലാത്ത ലോകത്തു വന്‍ശക്തികള്‍ തങ്ങളുടെ സ്ഥാനം തിരിച്ചറിഞ്ഞിരിക്കുന്നു.പ്രത്യശാസ്ത്ര ചര്‍ച്ചകളില്‍ ഇടമില്ലാതെ മുതലാളിത്തത്തിന്നു പിറകില്‍ ഒളിഞ്ഞിരുന്ന ജൂത -ക്രൈസ്തവ സങ്കുചിത മതവിഭാഗങ്ങള്‍ രംഗം കൈയിലെടുക്കുകയും ചെയ്തിരിക്കുന്നു.ഈ സന്ധിയിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന് തന്റെ ചെയ്തികള്‍ ദൈവികദൌത്യമാനന്നു വെളിപാടുണ്ടാവുന്നത്.ഇന്ത്യന്‍ മതേതരത്വത്തിന്നു നിറപ്പകര്‍ച്ച സംഭവിക്കുന്നതും ഈ സാഹചര്യത്തില്‍ തന്നെ.നന്മയുടെ അച്ചുതണ്ടും തിന്മയുടെ അച്ചുതണ്ടുമായി സമകാലിക ലോകത്തെ വേര്‍തിരിച്ചതു 'മതമൌലികവാദി' കളല്ല,'തീവ്രവാദികളു' മല്ല.സാക്ഷാല്‍ അന്നത്തെ ജോര്‍ജ് ബുഷ്  ആണത് ചെയ്തത്.അയാളുടെ ആംഗ്യത്തിനൊപ്പം അളവുകോല്‍ കീഴ്മേല്‍ പിടിക്കുന്ന ലോകം പൂജ്യത്തില്‍ നൂറും നൂറില്‍ പൂജ്യവും രേഖപ്പെടുത്തുന്നു.
വിശ്വാസവും നിഷേധവും വേര്‍തിരിയുന്നതിന്നു സമാന്തരമായി മറ്റൊരു വിടവുകൂടി സംഭവിക്കുന്നുണ്ട്  എന്ന്‍ തോന്നുന്നു.അന്തര്‍ധാരയിലെ ചെറുത്തുനില്‍പ്പു താല്‍പര്യങ്ങളെ അവഗണിച്ച് ബാഹ്യധാരയില്‍ ശക്തിപ്പെടുന്ന കീഴടങ്ങല്‍ പ്രവണത അതാണ് സൂചിപ്പിക്കുന്നത്.
ന്യായീകരണശ്രമങ്ങള്‍ക്കിടയില്‍ ശത്രുസങ്കേതങ്ങള്‍ സംഭാവന ചെയ്ത വികലചിന്തകളുടെ
പൈതൃകം സ്വന്തം ആചാര്യന്മാരില്‍തന്നെ ആരോപിക്കുന്നതിന്നു പിറകിലെ ചേതോവികാരം
എന്താണ് ?പ്രസ്ഥാനങ്ങളെ അടിവേരോടെ ശത്രുപക്ഷത്തേക്കു ചരിച്ചുപിടിക്കുകയായിരിക്കുമോ
ഉദ്ദേശ്യം ?നിഷേധത്തിന്റെ ശക്തിപ്രഭാവത്തിന്നു തണലില്‍ പുതിയ വീക്ഷണ തലങ്ങളൊരുങ്ങുമ്പോള്‍ പുനരാഖ്യാനങ്ങളും പുനര്‍വ്യാഖ്യാനങ്ങളും ആവശ്യമായിവരുന്നു.തിരിഞ്ഞോ
ട്ടത്തിന്നിടയില്‍ മദീന,മക്ക,ഹിറ,മൂസാ എന്നല്ലാം പറഞ്ഞുനോക്കാമെങ്കിലും എവിടേയും നിലയുറപ്പു
ണ്ടാവുമെന്നു തോന്നുന്നില്ല.
          മുസ്ലിം സമുദായത്തിലെ കക്ഷിമല്‍സരത്തിന്ന് ആശയവ്യത്യാസങ്ങളേക്കാള്‍ ബാഹ്യതാല്‍പര്യങളാണ് കാരണമെന്നതിന്നു നിരീക്ഷകര്‍ക്കു സംശയമുണ്ടാവാനിടയില്ല.ഓരോ
പാര്‍ട്ടിക്കും ഓരോ മുസ്ലിം ഘടകം എന്ന അവസ്ഥയാണു രാജ്യത്തിന്റെ ചിലയിടങ്ങളില്‍ കാണുന്നത്.പരോക്ഷമായെങ്കിലും ഈ സ്വഭാവം നമ്മുടെ സംസ്ഥാനത്തും കാണപ്പെടുന്നുണ്ട്. തമ്മിലടിച്ചു കൈയടി വാങ്ങുന്ന ഇവര്‍ ശത്രുവിന്നു വേണ്ടി ഒന്നിക്കുകയും ചെയ്യുന്നു.തീവ്രവാദവിരുദ്ധ
ക്യാംപുകളില്‍ കാണുന്ന യോജിപ്പ് ശാക്തീകരണരംഗത്ത് ഉണ്ടാവാതിരിക്കുന്നതു യാദൃച്ഛികമല്ല,
യജമാനന്മാര്‍ അതിന്നു സമ്മതിക്കില്ല.ലോകതലത്തില്‍ മുതലാളിത്തവും ദേശീയതലത്തില്‍ ഹിന്ദുത്വവും ശത്രുത വെളിപ്പെടുത്തിയപ്പോള്‍ സ്നേഹിക്കാനൊരു ശത്രുവിനെ കിട്ടിയ സന്തോഷ
മാണു പലര്‍ക്കും.കൂന്താലിയെ കൂന്താലി എന്നു തന്നെ വിളിക്കണമെന്ന ആദര്‍ശ ശാഠ്യം ആ സമയ
വും ബാക്കി തന്നെ.ഇതിന്നു പേരു വിവേകം എന്നാണെങ്കില്‍ അത് അശ്ലീലമാണ്.മാത്രമല്ല
അവിഹിത വേഴ്ച്ച കൂടിയാണ്.
          മക്കയില്‍ കടുത്ത സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും പ്രീണന ശ്രമങ്ങള്‍ക്കും
നടുവില്‍ പ്രവാചകനും അനുചരന്മാരും ജീവിക്കുമ്പോള്‍ ഇറങ്ങിയ ചില ഖുര്‍ആന്‍ വചനങ്ങള്‍ ഇവിടെ കുറിക്കട്ടെ.
        "കല്‍പ്പിക്കപ്പെട്ടതുപോലെ,താങ്കളും താങ്കളോടൊപ്പവും ഖേദിച്ചു മടങ്ങിയവരും നേര്‍ക്കുനേരെ
നിലകൊള്ളുക.നിങ്ങള്‍ വഴിവിട്ടു പ്രവര്‍ത്തിക്കരുത്.നിങ്ങള്‍ ചെയ്യുന്നതെല്ലാം തീര്‍ച്ചയായും അവന്‍
കാണുന്നുണ്ട്.അക്രമം കാണിച്ചവരിലേക്കു നിങ്ങള്‍ അനുകൂല ചായ്വു കാണിക്കരുത്.അപ്പോള്‍
നിങ്ങളെ നരകാഗ്നി സ്പര്‍ശിക്കും.അല്ലാഹുവല്ലാത്ത ഒരു രക്ഷാധികാരിയും നിങ്ങള്‍ക്കില്ല.അതിനു
ശേഷം നിങ്ങള്‍ സഹായിക്കപ്പെടുന്നതുമല്ല.പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ അത്യത്തിലും നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക.സദ്കര്‍മ്മങ്ങള്‍ ദുഷ്ടതയെ നീക്കം ചെയ്യുന്നതാണ് ചിന്തിക്കുന്നവര്‍ക്ക് ഒരുദ്ബോധനമാണ് അത്.താങ്കള്‍ സ്ഥൈര്യം കൈക്കൊള്ളുക.നന്മ ചെയ്യുന്നവരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല.അക്രമം തടയുന്ന പാരമ്പര്യമുള്ള
ഒരു വിഭാഗം നിങ്ങള്‍ക്ക് മുമ്പുള്ള തലമുറയില്‍ നിന്നു ലോകത്തെന്തുകൊണ്ടുണ്ടായില്ല. അവരില്‍നിന്നു നാം രക്ഷപ്പെടുത്തിയെടുത്ത അല്‍പ്പം ചിലരൊഴികെ ?എന്നാല്‍ ,അക്രമികള്‍ അവര്‍ക്കു കിട്ടിയ സുഖാഡംബരങ്ങള്‍ക്കു പിറകെ പോവുകയാണുണ്ടായത്.അവര്‍ കുറ്റവാളികളുമായിരുന്നു.നാട്ടുകാര്‍ നല്ലതു ചെയ്യുന്നവരായിരിക്കെ ഒരു രാജ്യത്തെയും നിന്റെ നാഥന്‍
നശിപ്പിക്കുകയില്ല.നിന്റെ നാഥനുദ്ദേശിച്ചിരുന്നുവെങ്കില്‍ ജനത്തെ മുഴുവന്‍ ഒറ്റ സമൂഹമാക്കുമായിരുന്നു.പക്ഷേ,നിന്റെ നാഥന്‍ കരുണ ചെയ്തവരൊഴികെ,അവര്‍ ഭിണിച്ചു
കൊണ്ടേയിരിക്കും.അവരെ സൃഷ്ടിച്ചത് അതിനാണ്.ജിന്നുകളും മനുഷ്യരുമായി നരകം നിറയുമെന്ന
നിന്റെ നാഥന്റെ വാക്കു നിറവേറ്റപ്പെട്ടിരിക്കുന്നു."(11:112 -119)
       പാപപങ്കില സമൂഹത്തില്‍ നിന്നു മനസ്സുമാറി അല്ലാഹുവില്‍ അഭയം തേടിയവര്‍ ഒരു കാരണ
വശാലും പാപികളുടെ സൌഹൃദത്തിന്നു നില്‍ക്കരുതെന്ന് അല്ലാഹു താക്കീത് ചെയ്യുകയാണ്.
അക്രമിയുടെ ഉപദ്രവം ഭയന്ന്‍ അവന് അനുകൂലനിലപാട് സ്വീകരിച്ചാല്‍ ദൈവിക സഹായത്തിന്ന്
എന്നന്നേക്കും അര്‍ഹത നഷ്ടപ്പെടും.പാരത്രിക ജീവിതത്തിലാവട്ടെ,കടുത്ത ശിക്ഷ അനുഭവിക്കുകയും ചെയ്യും.അല്‍പ്പം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അക്രമിക്കെതിരായ സാമൂഹികനിലപാട് നഷ്ടക്കച്ചവടമാനന്നു ധരിക്കരുത്.നന്മയുടെ വഴിയില്‍ ഉറച്ചുനിന്നാല്‍ അന്തിമഫലം കാണാതെ വരില്ല.പരമ്പരാഗത നിലപാടുകളിലുറച്ചുനിന്ന് ഒഴുക്കിനനുസരിച്ച് നീങ്ങിയാല്‍ അക്രമികളെ തടയണമെന്ന തിരിച്ചറിവു ലഭിക്കണമെന്നില്ല.ലോകചരിത്രത്തില്‍
അങ്ങനെയുണ്ടായിട്ടില്ല.ദൈവിക പാതയിലൂടെ വഴിമാറി സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കു
മാത്രമാണ് ആ തിരിച്ചറിവ് ലഭിച്ചത്.താല്‍കാലിക സുഖസൌകര്യങ്ങള്‍ കൈവടിയാന്‍ മനസ്സു
വരാതിരിക്കുന്നവര്‍ക്കു ഈ തിരിച്ചറിവുണ്ടാവില്ല.സത്യത്തില്‍ അവര്‍ അക്രമികളും കുറ്റവാളികളുമാണ്.നന്മ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്‍തൂക്കമുണ്ടെങ്കില്‍ ഏതൊരു രാജ്യവും ദൈവശിക്ഷയില്‍നിന്ന് ഒഴിവായിരിക്കും.മറ്റൊരര്‍ഥത്തില്‍ ,അക്രമികളെ തടയുന്ന ഒരു വിഭാഗവും
ജനത്തിനിടയിലില്ലെങ്കില്‍ ദൈവികശിക്ഷ പ്രതീക്ഷിക്കാം.നന്മയും തിന്‍മയും വേര്‍തിരിയുന്നത്
ഒരു കുറ്റകൃത്യമല്ല.ശത്രുവിനെ മിത്രമാക്കിയതുകൊണ്ടോ സ്നേഹം കൊണ്ടു മൂടിയതുകൊണ്ടോ
അവന്റെ മനസ്സു മാറുകയില്ല.ഈ വേര്‍തിരിവു ദൈവികതീരുമാനമാണ്.മനുഷ്യപ്രകൃതം തന്നെ അങ്ങനെയായിരിക്കെ അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയുകയില്ല.തിന്‍മകള്‍ക്കിടയില്‍
നന്മ ഉയര്‍ത്തി വൃതിരിക്തത കാണിക്കുന്നവരെ അന്യേഷിക്കുകയാണ് അല്ലാഹു.ഈ വചനങ്ങളില്‍ നിന്ന്‍ ഉള്‍ക്കൊള്ളാനുള്ള ആശയമാണ് ഇവ.
          അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കരുത്.മക്കയിലാണ് ഈ
കല്‍പ്പനയുണ്ടായത്.ഓരോ വിശ്വാസിക്കും അവരുടെ സമൂഹത്തിന്നും ഉണ്ടാവേണ്ട ഈ ഗുണം
തുടക്കത്തിലേ അല്ലാഹു വ്യക്തമാക്കിക്കഴിഞ്ഞു.കാലഭേദങ്ങളുടെ പേരില്‍ അതിലൊരു മാറ്റത്തിന്നു സാധ്യതയില്ല.ദൈവദത്ത പ്രകൃതത്തിന്നു വിരുദ്ധമായ ഒരു സാമൂഹികമാറ്റം പ്രതീക്ഷിക്കുകയും
ചെയ്യേണ്ടതില്ല.
            ഖുറൈശികളുടെ മൃഗീയ പകയ്ക്ക് ഇരയായ ഖബ്ബാബ് (റ)ഒരിക്കല്‍ പ്രവാചകനെ(സ) സമീപിച്ചു.കഅബയുടെ തണലില്‍ അല്‍പ്പനേരം വിശ്രമിക്കാന്‍ കിടക്കുകയായിരുന്നു തിരുമേനി.തന്റെ ശരീരത്തിലെ മുറിവുകള്‍ അദ്ദേഹത്തെ കാണിച്ച് ഖബ്ബാബ് ചോദിച്ചു:"ദൈവദൂതരേ,ഞങ്ങളുടെ ഈ ദൈന്യത താങ്കള്‍ കാണുകയില്ലേ,താങ്കള്‍ ഞങ്ങള്‍ക്കു
വേണ്ടി പ്രാര്‍ഥിക്കുന്നില്ലേ?"
            ഗൌരവമേറിയ ചില കാര്യങ്ങള്‍ ആ സമയം പ്രവാചകന്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു.
  "നിങള്‍ക്ക് മുമ്പു വിശ്വാസികള്‍ ഇതിലും മോശമായി കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്.ഇരുമ്പിന്റെ
ചീര്‍പ്പുകൊണ്ട് ശരീരത്തില്‍ നിന്നു മാംസം വാര്‍ന്നെടുക്കുമായിരുന്നു.ഈര്‍ച്ചവാള്‍ക്കൊണ്ടു മൂര്‍ധാവു
മുതല്‍ താഴോട്ട് ശരീരം പിളര്‍ത്തിക്കളയുമായിരുന്നു.തീര്‍ച്ചയായും,ഈ ദൌത്യം വിജയിക്കും.
സന്‍ആഹ് മുതല്‍ ഹളറമൌത്ത് വരെ അല്ലാഹുവിനെയും ആടിനെ പിടിക്കുന്ന ചെന്നായ്ക്കളെയും അല്ലാതെ മറ്റൊന്നും ഭയപ്പെടാനില്ലാത്ത വിധം സമാധാനം പുലരും.നിങ്ങള്‍ ധൃതി കാണിക്കുകയാണ്."
          വിശ്വാസികള്‍ക്കുമേല്‍ സാമൂഹികസമ്മര്‍ദ്ദവും ഉപദ്രവങ്ങളുമുണ്ടാവുന്നത് അവരുടെ നിലപാടുവൈകല്യം കൊണ്ടല്ല.ഏതുകാലത്തും അതുണ്ടായിട്ടുണ്ട്.പ്രവാചകന്റെ സംസാരം അതിലേക്ക് വിരല്‍ചൂണ്ടുന്നു.നയപരമായ പെരുമാറ്റം കൊണ്ട് അതു തടയാനാവണമെന്നില്ല.
ഒരു പ്രാര്‍ഥനനടത്തി തിരിച്ചയച്ചിരുന്നുവെങ്കില്‍ ഖബ്ബാബ് (റ)തൃപ്തനാകുമായിരുന്നു.അതിന്നു മുതിരാതെ വരാനിരിക്കുന്ന ചില സാമൂഹികമാറ്റങ്ങളെ കുറിച്ച് അദ്ദേഹത്തിന്നു പ്രതീക്ഷ നല്‍കുകയായിരുന്നു തിരുദൂതര്‍ .സമാദാനത്തിന്റെ കടന്നുവരവിന്നു വഴിതുറന്നത് എങ്ങനെ എന്നു
പ്രവാചകന്റെ ജീവിതത്തില്‍ നിന്നു പഠിക്കണം.
         ഖബ്ബാബും പ്രവാചകനും തമ്മിലുണ്ടായ ഈ സംസാരത്തിന്റെ പശ്ചാത്തലമുള്ള ഒരു വചനം
ഖുര്‍ആനിലുണ്ട്.സംഭവം നടന്നതു മക്കയിലാണങ്കിലും മദീനയിലെ മദീനയിലെ വചനങ്ങളോടൊപ്പ
മാണ് ഖുര്‍ആനില്‍ അത് ക്രമീകരിച്ചിട്ടുള്ളത്.സായുധപോരാട്ടത്തിനുള്ള കല്‍പനകളുടെ കൂടെ.
         "സ്വര്‍ഗ്ഗത്തില്‍ കടക്കുമെന്നു നിങ്ങള്‍ കരുതുണ്ടോ ?നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കുണ്ടായതിന്നു
തുല്യമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കും എത്തുന്നതുവരെ ?കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവരെ
വന്നുമൂടി.ദൈവസഹായം ഇനിയെപ്പോഴായിരിക്കുമെന്നു ദൈവദൂതരും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും ചോദിക്കുന്നതുവരെ അവര്‍ വിറപ്പിക്കപ്പെട്ടു.അറിയുക,അല്ലാഹുവിന്റെ സഹായം
അടുത്തുതന്നെയുണ്ട്.തങ്ങള്‍ ചെലവു ചെയ്യേണ്ടതെന്താനന്നു താങ്കളോടവര്‍ ചോദിക്കുന്നു.പറയുക:
നന്മയുദ്ദേശിച്ചു നിങ്ങള്‍ ചെലവു ചെയ്യുന്നത് മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും
അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും വേണ്ടിയാവട്ടെ.നിങ്ങള്‍ എന്തു ചെയ്താലും
അല്ലാഹു അത് കണ്ടറിയുന്നവനാണ്.നിങ്ങളുടെ മേല്‍ യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ക്ക് അത് ഇഷ്ടമില്ല എന്നിരിക്കെ തന്നെ ഒരു കാര്യം നിങ്ങള്‍ക്ക് ഗുണകരമായിരിക്കെ
നിങ്ങളിലതു വെറുപ്പു തോന്നിച്ചേക്കും.മറ്റൊരു കാര്യം നിങ്ങള്‍ക്കുപദ്രവകരമായിരിക്കെ നിങ്ങളതിഷ്ടപ്പെടുകയും ചെയ്തേക്കാം.വസ്തുതകളറിയുന്നവന്‍ അല്ലാഹുവാണ്.നിങ്ങളാകട്ടെ
അറിവുള്ളവരല്ലതാനും."(2:214 -216)
       സാമൂഹികപരീക്ഷണങ്ങള്‍ മനുഷ്യര്‍ക്കൊഴിവാക്കാനാവില്ല.ബാഹ്യവ്യത്യാസങ്ങളുണ്ടാവാമെങ്കിലും വിശ്വാസികളുടെ ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവം ഒന്നുതന്നെയാണ്.പീഡസ്മരണയും യുദ്ധകല്‍പ്പനയും
ഒരുമിച്ചു ചേര്‍ത്തത് ഈ തത്ത്വം ഉയര്‍ത്തിപ്പിടിക്കാനായിരിക്കാം.കടുത്ത തോതില്‍ പരീക്ഷിക്ക
പ്പെട്ടതിന്നു ശേഷമാണ് ആദ്യ വിഭാഗം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചത് എങ്കില്‍ ശേഷം വരുന്നവരും
അതില്‍ നിന്നൊഴിവാകാന്‍ നിവൃത്തിയില്ല.ഈ പ്രശ്നമാണ് അല്ലാഹു ഇവിടെ ഉന്നയിക്കുന്നത്.
പീഡനമുറകളിലേതു കേവലപരീക്ഷണം മാത്രമാണെങ്കില്‍ യുദ്ധക്കളത്തില്‍ അതിന്നു ബഹുമുഖ
ഫലമുണ്ട്.യുദ്ധം പ്രകൃതത്തില്‍ വെറുക്കപ്പെട്ടതാണ്.പക്ഷേ,വിശ്വാസികളുടെ മേല്‍ അതു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.കാരണം,അതില്‍ പരീക്ഷണമുണ്ട്.അതല്ലാത്ത വേറെയും ചില
ലക്ഷ്യങ്ങള്‍ അതിലൂടെ അല്ലാഹുവിന്നു പൂര്‍ത്തിയാക്കാനുണ്ട്.ഒരു കാര്യം സംശയമില്ല.സംഘര്‍ഷ സാഹചര്യം വിശ്വാസികളെ തേടിയെത്തിക്കൊണ്ടേയിരിക്കും.




നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"