.jpg)
വിശ്വമാനവികതയുടെ വീണ്ടടുപ്പിനുവേണ്ടി അതിരുകള്‍ ഭേദിച്ചു പുറത്തുവരാനും ഉദാത്തമായ ഒരു സാമൂഹികവ്യവസ്ഥ കെട്ടിപ്പടുക്കാനും അര്‍പ്പണബോധത്തോടെ നിലകൊള്ളാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഓരോ ഹജ്ജും കടന്നുപോവുന്നത്. അവനവന്റെ ആവശ്യങ്ങള്‍ക്കു സമൂഹത്തിന്റെ അത്യാവശ്യങ്ങളേക്കാള്‍ അര്‍ഥവും ആവേശവും കാണിക്കുന്ന പുതിയ ലോകത്തിനു ശക്തമായ തിരുത്താണ് ഹജ്ജ് ഉദ്ഘോഷിക്കുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും മഹദ്ചരിതം. ഇബ്റാഹീം (അ) തീര്‍ത്ത വഴിയടയാളങ്ങളിലൂടെ സ്വന്തം മനസ്സും ശരീരവും ചേര്‍ത്തുവച്ചു നടക്കുകയാണ് ഓരോ തീര്‍ത്ഥാടകനും ചെയ്യുന്നത്. അതിലൂടെ തന്റെ ജീവിതപരിസരത്തു പുതിയൊരു ഇബ്റാഹീമായി മാറാനുള്ള കരുത്താണ് അയാള്‍ ആര്‍ജിക്കുന്നത്.
ബഹുദൈവവിശ്വാസം യുക്തിരഹിതമാണെന്നും ആ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ നാട്ടില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന പൌരോഹിത്യവും അസാന്മാര്‍ഗികതയും ചൂഷണവും വിവേചനവും അടിമത്തവുമെല്ലാം മുഖംനോക്കാതെ ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും ഇബ്റാഹീംനബി ഉറച്ചു വിശ്വസിച്ചു. അതിനാല്‍, അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനായി രംഗപ്രവേശം ചെയ്ത നാള്‍മുതല്‍ പരിഷ്കൃതമനുഷ്യര്‍ക്കു നിരക്കാത്ത സകല തിന്മകളെയും നിശിതമായി ചോദ്യംചെയ്തു. പുരോഹിതനായ പിതാവിനോടും തിന്മയ്ക്കു കൂട്ടുനില്‍ക്കുന്ന നാട്ടുകാരോടും സ്വേച്ഛാധിപതിയായ നംറൂദിനോടും ശക്തമായ ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട് അദ്ദേഹം സമരമുഖത്ത് ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ ന്യായയുക്തമായ ചോദ്യങ്ങള്‍ക്കും സാഹസികമായ ഇടപെടലുകള്‍ക്കും മുമ്പില്‍ പ്രകോപിതരായ സമ്പന്ന പൌരോഹിത്യ ഭരണകൂട കൂട്ടുകെട്ട് അദ്ദേഹത്തെ ഇല്ലായ്മചെയ്യാന്‍ കരിനിയമങ്ങള്‍ കൈയിലെടുത്തു, അഗ്നികുണ്ഡമൊരുക്കി. അദ്ദേഹം അല്ലാഹുവിന്റെ സഹായത്തോടെ അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ചുകൊണ്ടു പൂര്‍വാധികം ശക്തിയോടെ സാമൂഹികരംഗത്തു തിരിച്ചെത്തി. 'നമുക്കല്ലാഹു മതി; ഭരമേല്‍പ്പിക്കാനനുയോജ്യന്‍ അവന്‍തന്നെ' എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിനു കരുത്തു പകര്‍ന്നത്.
കഅ്ബയും മഖാമുഇബ്റാഹീമും നേരില്‍ കാണുകയും ഇന്നലെകളിലേക്കു മനസ്സു പായിക്കുകയും ചെയ്യുന്ന തീര്‍ത്ഥാടകനു തന്റെ പരിസരത്തു ശക്തിപ്പെട്ടുനില്‍ക്കുന്ന തിന്മകള്‍ക്കെതിരേ ഇബ്റാഹീമീസംസ്കാരം അനുധാവനം ചെയ്തുകൊണ്ടു നിലകൊള്ളാതിരിക്കാനാവില്ല. 'സ്വയം വിഡ്ഢിയായവന്‍ മാത്രമേ ഇബ്റാഹീമീ മാര്‍ഗത്തെ അവഗണിക്കുകയുള്ളൂ' വെന്നു ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട് (2:130). പ്രവാചകന്‍ (സ) അവിടുത്തെ പ്രബോധനജീവിതത്തില്‍ ഈ ശൈലി പിന്തുടര്‍ന്നതായി കാണാം.
പ്രവാചകന്‍ (സ) 20 വര്‍ഷത്തോളം യുക്തിദീക്ഷയോടെയും സമരസമ്മര്‍ദ്ദങ്ങളിലൂടെയും സാമൂഹികമാറ്റത്തിനുള്ള നിരന്തര ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ശേഷം ഹിജ്റ ആറ് ദുല്‍ഖഅ്ദ് ഒന്നിന് കഅ്ബാ തീര്‍ത്ഥാടനത്തിന് ഒരുങ്ങിക്കൊള്ളാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. മദീനയിലെങ്ങും ഉംറയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. 1400ഓളം വിശ്വാസികള്‍ സജ്ജരായി മക്കയിലേക്കു യാത്രതിരിച്ചു. പക്ഷേ, ഖുറൈശികളുടെ എതിര്‍പ്പുകാരണം യാത്ര തുടരാനാവാതെ ഹുദൈബിയയില്‍വച്ചു തല്‍ക്കാലം പിന്‍വാങ്ങേണ്ടിവന്നു. പിറ്റേ വര്‍ഷം മടങ്ങിച്ചെന്ന് ഉംറ നിര്‍വഹിക്കാമെന്നു സന്ധിയില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ആത്മാഭിമാനികളായ വിശ്വാസികള്‍ക്കത് അത്ര തൃപ്തികരമായില്ല. കാരണം, പ്രവാചകന്‍ അവരെ അങ്ങനെയൊരു കീഴൊതുങ്ങലിനു ശീലിപ്പിച്ചിട്ടുണ്ടായിരുന്നില്ല. വലിയൊരു രാഷ്ട്രീയഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവാചകരുടെ ഈ നിലപാടിന്റെ മഹത്ത്വം പിന്നീട് എല്ലാവര്‍ക്കും ബോധ്യമായി. എങ്കിലും ഹുദൈബിയയില്‍നിന്നു മടങ്ങിപ്പോവാന്‍ തീരുമാനിച്ചതിലൂടെ വിശ്വാസികളുടെ മനസ്സില്‍ വന്നുകൂടിയ അഭിമാനക്ഷതത്തെ പ്രവാചകന്‍ നിസ്സാരമായി കണ്ടില്ല. അതിനെ ഗൌരവത്തോടെ കണക്കിലെടുത്തുകൊണ്ടു പിറ്റേ വര്‍ഷം ഉംറ നിര്‍വഹിക്കാനുള്ള സമയമായപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: "ഹുദൈബിയാ സന്ധിയില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും ഇതില്‍ പങ്കെടുക്കേണ്ടതാണ്.'' അനന്തരം പ്രവാചകന്റെ നേതൃത്വത്തില്‍ 'ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്' എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 2000 പേര്‍ കഅ്ബയിലേക്കു സാവേശം പ്രവേശിച്ചു. അവിടെയെത്തിയപ്പോള്‍ വലതുഭുജം വെളിവാക്കിക്കൊണ്ട് ഉത്തരീയം ധരിക്കാനും ത്വവാഫിലെ ആദ്യത്തെ മൂന്നു പ്രദക്ഷിണം ദ്രുതഗതിയില്‍ നടത്താനും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, 'സ്വന്തം കായികശേഷി പ്രകടിപ്പിക്കുന്നവന് അല്ലാഹു കരുണ ചൊരിയട്ടെ' എന്നും പ്രവാചകന്‍ പ്രാര്‍ഥിച്ചു (അല്‍ബിദായ വന്നിഹായ: 4-227). സമൂഹത്തില്‍ തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേയുള്ള ശക്തിപ്രകടനമായിരുന്നു അത്. അതിജീവനശേഷി പ്രകടിപ്പിക്കുന്നതിന് ഏതൊരു സംഘവും ഇന്നും സ്വീകരിച്ചുപോരുന്ന സമരതന്ത്രമാണിത്.
ആ കര്‍മം അതേ രീതിയില്‍ ഇന്നും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അന്നതു മര്‍ദ്ദകരായ അബൂജഹ്ലുമാര്‍ക്കു മുമ്പിലെ ശക്തിപ്രകടനമായിരുന്നുവെങ്കില്‍ ഇന്നത് പുത്തന്‍ മര്‍ദ്ദകചൂഷകശക്തികള്‍ക്കു മുമ്പിലെ ഉമ്മത്തിന്റെ ശക്തിപ്രകടനം കൂടിയാണ്. ഇതു കേവലം ഒരു അനുഷ്ഠാനം എന്നതിലുപരി ആദര്‍ശസമൂഹത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്കെതിരേയുള്ള എക്കാലത്തെയും ഇസ്ലാമിന്റെ നിലപാടുകൂടിയാണു വിളംബരപ്പെടുത്തുന്നത്. ലോകമെമ്പാടും അഭിമാനക്ഷതം പേറി ഇരകളായി ജീവിച്ചുകൊണ്ടിരിക്കുന്ന പരശ്ശതം വിശ്വാസികള്‍ക്കു ഹജ്ജ്് ആത്മാഭിമാനവും ഔന്നത്യബോധവും സുരക്ഷിതത്വബോധവും പ്രതീക്ഷയുമാണു പകര്‍ന്നുനല്‍കുന്നത്. ഹജ്ജ് വിശ്വാസിയില്‍ നിന്നാവശ്യപ്പെടുന്നത് അതിരറ്റ ദൈവസ്നേഹവും സംശുദ്ധമായ സാമൂഹികപ്രതിബദ്ധതയുമാണ്. സമൂഹനന്മയ്ക്കുവേണ്ടി പുരോഹിതനായ പിതാവിനോടു കലഹിച്ചു വീടുവിട്ടിറങ്ങുകയും സ്വേച്ഛാധിപതിയായ ഭരണാധിപനോടു സമരംചെയ്തു നാടുവിട്ടുപോവുകയും ചെയ്ത ഇബ്റാഹീം മനുഷ്യനന്മയ്ക്കുവേണ്ടി സങ്കുചിതമായ വൃത്തങ്ങളില്‍നിന്നു പുറത്തു കടക്കുകയായിരുന്നു. ആത്മപൂജയും കുടുംബ-ഗോത്രപക്ഷപാതിത്വങ്ങളും രണോല്‍സുകമായ സങ്കുചിത ദേശീയതാല്‍പ്പര്യങ്ങളും മനുഷ്യനെ തന്റെ സമൂഹം അനുഭവിക്കുന്ന ജീവിതപ്രയാസങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, തീര്‍ത്ഥാടകന്‍ ഇബ്റാഹീമിനെപ്പോലെ ലക്ഷങ്ങളില്‍ ഒരുവനായി വീടിനോടും നാടിനോടും വിടചൊല്ലി അല്ലാഹുവിലേക്ക് അണയുകയും സഹജീവികളായ മനുഷ്യരുടെ മോചനത്തിനുവേണ്ടി അല്ലാഹുവിനോടു സങ്കടം പറയുകയും ചെയ്യുന്നതു നാം കാണുന്നു. പീഡിതര്‍ക്കും നിസ്സഹായര്‍ക്കും നന്മയുടെ പോരാളികള്‍ക്കും ലോകനന്മയ്ക്കും വേണ്ടി ഹറമില്‍നിന്നുയര്‍ന്നു കേള്‍ക്കുന്ന ഹൃദയഭേദകമായ പ്രാര്‍ഥന ലോകപ്രസിദ്ധമാണ്. തീര്‍ത്ഥാടകന്‍ തന്റെ കുടുംബക്കാര്‍ക്കെന്നപോലെ സമൂഹത്തിനു വേണ്ടിയും പ്രാര്‍ഥിക്കാന്‍ ശീലിക്കുകയാണ്. ഇബ്റാഹീം (അ) തന്റെ കുടുംബത്തെ കഅ്ബയ്ക്കു സമീപം താമസിപ്പിച്ചശേഷം നടത്തിയ പ്രാര്‍ഥന ശ്രദ്ധേയമാണ്: "എന്റെ നാഥാ, ഈ നാടിനെ നിര്‍ഭയത്വമുള്ള നാടാക്കേണമേ. എന്നെയും എന്റെ സന്തതികളെയും വിഗ്രഹാരാധനയില്‍നിന്നു നീ അകറ്റുകയും ചെയ്യേണമേ... ഞങ്ങളുടെ നാഥാ, എന്റെ സന്തതികളില്‍ ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തിനു സമീപം ഞാന്‍ താമസിപ്പിച്ചിരിക്കുകയാണ്. നാഥാ, അവര്‍ നമസ്കാരനിഷ്ഠയുള്ളവരാവാന്‍ വേണ്ടിയാണത്. ജനമനസ്സുകളെ നീ അവരിലേക്ക് ആകര്‍ഷിപ്പിക്കുകയും അവര്‍ക്കു നീ കായ്കനികളില്‍നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ...''(14:37).
കഅ്ബയുടെ പണി പൂര്‍ത്തിയാക്കിക്കൊണ്ട് ഇബ്റാഹീ(അ)മും മകന്‍ ഇസ്മാഈലും (അ) ഒന്നുചേര്‍ന്നു പ്രാര്‍ഥിച്ചു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു നീ (ഇത്) സ്വീകരിച്ചാലും. നിശ്ചയം, നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. നാഥാ, നീ ഞങ്ങളെ നിനക്കു സമര്‍പ്പണം ചെയ്തവരില്‍ പെടുത്തേണമേ. ഞങ്ങളുടെ സന്തതികളില്‍നിന്നു സമര്‍പ്പിതരായ ഒരു സമൂഹത്തെ സൃഷ്ടിച്ചുതരുകയും ചെയ്യേണമേ...'' (2: 127-129). സംസ്കാരസമ്പന്നതയും ധാര്‍മികവിശുദ്ധിയും വിഭവസമൃദ്ധിയും നിര്‍ഭയത്വവുമുള്ള ഒരു നാടാണ്, ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടിരുന്നതെന്ന് ഈ പ്രാര്‍ഥനകളില്‍നിന്നു നമുക്കു മനസ്സിലാക്കാം. അത്തരമൊരു നാടിനെക്കുറിച്ചു സ്വപ്നം കാണുന്നവനാണു തീര്‍ത്ഥാടകന്‍. ഇബ്റാഹീമീപാത പിന്തുടര്‍ന്ന പ്രവാചകന്‍ (സ) അങ്ങനെയൊരു നാടിനുവേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. അത്തീന്‍, ഖുറൈശ് അധ്യായങ്ങളില്‍ നിര്‍ഭയത്വമുള്ള ആ നാടിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു.
പ്രവാചകന്‍ (സ) അവസാന ഹജ്ജ് വേളയിലെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ നടത്തിയ പ്രഖ്യാപനം ഇസ്ലാമിന്റെ ജ്വലിക്കുന്ന മാനുഷികമുഖമാണു പ്രകാശിപ്പിക്കുന്നത്. മനുഷ്യന്റെ ജീവന്‍, രക്തം, അഭിമാനം, സമ്പത്ത് എല്ലാം പരസ്പരം പവിത്രമാണെന്നും അപരിഷ്കൃത സംസ്കാരങ്ങള്‍ തന്റെ കാല്‍ച്ചുവട്ടില്‍ കുഴിച്ചുമൂടുകയാണെന്നും പലിശയും കുടിപ്പകയും നിരോധിക്കുകയാണെന്നും സ്ത്രീകളുടെ അവകാശങ്ങളില്‍ വീഴ്ചവരുത്തരുതെന്നും ഖുര്‍ആനും നബിചര്യയും മുറുകെ പിടിക്കണമെന്നും അനുഷ്ഠാനങ്ങളില്‍ വീഴ്ചവരുത്തരുതെന്നും അദ്ദേഹം പ്രത്യേക വസിയ്യത്തായി വിശ്വാസികളെ ഏല്‍പ്പിച്ചുപോയ കാര്യം ആര്‍ക്കും അജ്ഞാതമല്ല. അറഫയില്‍ നിന്നു പ്രാര്‍ഥിക്കുന്ന തീര്‍ത്ഥാടകനും അറഫാനോമ്പനുഷ്ഠിക്കുന്ന ഇതര വിശ്വാസികളും പ്രവാചകന്‍ അന്ത്യാഭിലാഷമായി ഏല്‍പ്പിച്ചുപോയ ധാര്‍മികനിഷ്ഠകള്‍ പാലിക്കുന്നതിനു പുറമേ, അദ്ദേഹം ഊന്നിപ്പറഞ്ഞ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സധീരം രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് ഉദ്കൃഷ്ട സമൂഹം (ഖൈറു ഉമ്മത്) പിറവിയെടുക്കുന്നത്.
സാമൂഹികബാധ്യതകളില്‍ വീഴ്ച സംഭവിക്കാതെ ധൈര്യസമേതം നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ ഇസ്മാഈലുകളെപ്പോലും ബലിനല്‍കാനുള്ള സന്നദ്ധത പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്്. ബലിയറുക്കുന്ന തീര്‍ത്ഥാടകനും ഉദ്ഹിയ നല്‍കുന്ന ഇതര വിശ്വാസികളും ഇബ്റാഹീമാവുകയാണ്. താന്‍ അറവു നടത്തുന്ന മൃഗം തന്റെ ഇസ്മാഈലിന്റെ പ്രതിരൂപമാണ്. കാണാതെ കാത്തിരുന്നു കിട്ടിയ ഓമനപ്പുത്രന്‍ ഇസ്മാഈല്‍പോലും അല്ലാഹുവിനേക്കാള്‍ വലുതല്ലെന്ന് ആ പുത്രന്റെ കണ്ഠത്തില്‍ കത്തിവച്ചുകൊണ്ട് ഇബ്റാഹീം (അ) തെളിയിച്ചു. ഇപ്രകാരം ബലിനല്‍കുന്ന വിശ്വാസി കേവലം മൃഗത്തെയല്ല ബലിനല്‍കുന്നത്. അല്ലാഹുവിനേക്കാള്‍ തന്റെ മനസ്സില്‍ വലുതായി വാഴുന്ന, താന്‍ എന്തിനേക്കാളുമേറെ പ്രിയപ്പെടുന്ന എന്താണോ, അതിനെയാണു ബലിനല്‍കുന്നത്. അങ്ങനെ സ്വന്തം ഇസ്മാഈലിനെ കണ്െടത്തി ബലിനല്‍കുമ്പോഴാണു വിശ്വാസികള്‍ സമ്പൂര്‍ണ സമര്‍പ്പിതരാവുന്നത്. അപ്പോഴാണ് 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് വലിയവന്‍) എന്ന തക്ബീര്‍ ഉള്ളില്‍നിന്നു പുറത്തുവരുന്നത്. ബലിമൃഗം ഇസ്മാഈലിന്റെ പ്രതിരൂപമായതുകൊണ്ടുതന്നെ അതു പ്രായംചെന്നതോ വ്രണം പിടിച്ചതോ വൈകല്യം ബാധിച്ചതോ ആവാന്‍ പാടില്ല. അത് ആകാരസൌന്ദര്യമുള്ള ഇളംപ്രായത്തിലുള്ളതാവണം. അല്ലാഹു പറയുന്നു: "അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കലെത്തുകയില്ല. എന്നാല്‍, നിങ്ങളുടെ ഭക്തിയാണ് അവങ്കലെത്തുന്നത്...'' (22:37).
വിമോചനപ്രവര്‍ത്തനങ്ങളില്‍നിന്നു വിശ്വാസികളെ പിറകോട്ടടിപ്പിക്കാന്‍ ഭൌതികമായ സംവിധാനങ്ങള്‍ക്കാവില്ലെന്നു ഹജ്ജ് പഠിപ്പിക്കുന്നു. അഗ്നികുണ്ഠത്തിന് ഇബ്റാഹീംനബിയെ കരിക്കാനോ വരണ്ടുണങ്ങിയ മരുഭൂമിക്ക് ഹാജറ അന്വേഷിച്ച ദാഹജലം നിഷേധിക്കാനോ മൂര്‍ച്ചയേറിയ കത്തിക്ക് ഇസ്മാഈലിന്റെ കണ്ഠം മുറിക്കാനോ കഴിഞ്ഞില്ല. ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബലിയും ഓരോ ഗൃഹത്തിലും പുണ്യജലമായി കരുതിവയ്ക്കുന്ന സംസവും വിശ്വാസിയോടു വിളിച്ചുപറയുന്നത്, 'സമര്‍പ്പിക്കുക; അസാധ്യമായ എന്തിനെയും സാധ്യമാക്കിത്തീര്‍ക്കുക' എന്നാണ്. സഫാ-മര്‍വകള്‍ക്കിടയില്‍ ദാഹജലം തിരക്കി ആവര്‍ത്തിച്ച് ഓടിയ ഹാജറയെപ്പോലെ സഅ്യ് നിര്‍വഹിക്കുന്ന ഹാജി വിളിച്ചുപറയുന്നത്, 'അന്വേഷിച്ചിടത്തേക്കുതന്നെ നിരാശപ്പെടാതെ വീണ്ടും വീണ്ടും പൊയ്ക്കൊണ്ടിരിക്കുക, പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടിരിക്കുക; നിനച്ചിരിക്കാത്ത വഴികളിലൂടെ വിജയം സുനിശ്ചിതമാണെന്നാണ്.' കഴുത്തുനീട്ടിയ ഇസ്മാഈലിനുപകരം അറുക്കാന്‍ ജിബ്രീല്‍ നല്‍കിയ ആട് പറയുന്നത്, 'അല്ലാഹുവിനുവേണ്ടി സമര്‍പ്പിക്കുക; നമുക്കായി നേടുക' എന്നാണ്.
സമരോല്‍സുകമായ ഹജ്ജിന്റെ ചടുലമായ ഭാവങ്ങളെ ജീവിതത്തിലേറ്റുവാങ്ങി പ്രയോഗവല്‍ക്കരിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങേണ്ടതുണ്ട്. മറ്റ് ആരാധനാനുഷ്ഠാനങ്ങളിലെന്നപോലെ യുവാക്കളുടെ സജീവമായ പങ്കാളിത്തം ഹജ്ജ് നിര്‍വഹണരംഗത്തും ഉണ്ടാവേണ്ടിയിരിക്കുന്നു. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചയച്ച് ആരോഗ്യം നഷ്ടപ്പെട്ടു പൈസയും ബാക്കിയുണ്െടങ്കില്‍ ഒരുതരം ആത്മീയ വിനോദയാത്രപോലെ ചെയ്തുതീര്‍ക്കാനുള്ളതോ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ഹജ്ജ് ചെയ്ത് അവിടെത്തന്നെ മരിച്ചു മറമാടിത്തീരാനുള്ളതോ അല്ല ഹജ്ജ് എന്നു പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. മോഹങ്ങളും വികാരങ്ങളും പച്ചപിടിച്ചു തഴച്ചുവളരുന്ന യുവത്വത്തെ ആദര്‍ശത്തിന്റെ നിറവസന്തത്തിലേക്ക് ആവേശിപ്പിക്കാന്‍ ഹജ്ജിന് അപാരമായ ശേഷിയുണ്െടന്നു നാമോര്‍ക്കണം. അതുകൊണ്ടാണ് നിരവധി പ്രതിഭാസമ്പന്നരായ ഹജ്ജ് നിരീക്ഷകര്‍ സവിസ്തരം ഹജ്ജനുഭവങ്ങള്‍ എഴുതിയിട്ടുള്ളത്. മറ്റാരാധനകളെപ്പറ്റി ഇത്രയേറെ അനുഭവക്കുറിപ്പുകള്‍ കാണാനാവില്ല. ഹജ്ജ് പോലുള്ള അര്‍ഥസമ്പുഷ്ടമായ അനുഷ്ഠാനങ്ങള്‍ ഉപരിപ്ളവമായ ചടങ്ങുകളോ അര്‍ഥശൂന്യമായ ആചാരങ്ങളോ ആയി മാറാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ട്. ഖുര്‍ആന്റെ ചോദ്യം ഏറെ ശ്രദ്ധേയമാണ്: "തീര്‍ത്ഥാടകനു കുടിവെള്ളം നല്‍കുന്നതും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തോടു നിങ്ങള്‍ സാമ്യപ്പെടുത്തുകയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.'' (അത്തൌബ: 19).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ