കവിത


1 ഒറ്റുകാരന്റെ അന്ത്യം 


സ്ഥാനത്തും
അസ്ഥാനത്തുമുപയോഗിച്ച്
വാക്കുകളുടെ
വിലകളഞ്ഞവനായിരുന്നു
കവി!

ഓര്‍ഡറനുസരിച്ച്
കവിത ചുട്ടെടുത്ത്
ചന്തയില്‍ വിറ്റവന്‍....

അക്ഷരങ്ങളെല്ലാം
ഒരിക്കലയാളെ
തേടിച്ചെന്നു;
കവിത രചിച്ച കൈകളാണ്

വട്ടിപ്പലിശയ്ക്ക്
പണം കൊടുക്കുന്ന
പണിയായിരുന്നു
അപ്പോളയാള്‍ക്ക്...

വിസര്‍ജ്യത്തെ
നേരിടുന്ന അവജ്ഞയോടെ
അക്ഷരങ്ങളെ നോക്കി
അയാളലറി...
"പോവൂ, ചാപിള്ളകളേ
വല്ല തെരുവുതെണ്ടികളുടെയു-
മരികിലേക്ക്....പോവൂ...''

അക്ഷരങ്ങള്‍ കൂട്ടത്തോടെ
അയാളെ വളഞ്ഞു
ചില്ലക്ഷരങ്ങള്‍
കണ്ണുകളിലേക്ക്
തുളഞ്ഞുകയറി

സ്വരങ്ങളും വ്യഞ്ജനങ്ങളും
വര്‍ഗവഞ്ചകനെ
സംഘം ചേര്‍ന്ന് നായാടി...

പിറ്റേന്ന്,
വാക്കുകളെ വ്യഭിചരിച്ച
ഒറ്റുകാരന്റെ ജഡം
ഉറുമ്പരിക്കപ്പെട്ട നിലയില്‍
തെരുവോരത്തു കിടന്നു



2  സബ്റയും ശാത്തീലായും


എന്റെ ജന്മദിനവും അന്നുതന്നെയായിരുന്നു
സയണിസ്റ് കശാപ്പുകാര്‍
ബെയ്റൂത്തിലും സബ്റയിലും ശാത്തീല ക്യാംപിലും
രക്തമൂറ്റാന്‍ വന്ന അതേ പുലര്‍കാലത്തില്‍
കുരുതികളുടെ വാര്‍ത്തകള്‍
ഭൂമി മുറിച്ചുകടന്ന് തിരമാലകളായി
എങ്ങും ഇരുള്‍ നിറച്ചിരുന്നു.

1982ലെ വേനലില്‍
വേനല്‍ചൂടിനൊപ്പം ഇസ്രായേലീ കിരാതര്‍
ലബ്നാനില്‍ അതിക്രമിച്ചുകടക്കുന്നത്
ഞങ്ങള്‍ നിസ്സഹായരായി കണ്ടുനിന്നു
അവര്‍
ബെയ്റൂത്തിനുമേല്‍ ബോംബുകള്‍ വര്‍ഷിച്ചു.

പി.എല്‍.ഒ. നഗരം വിടുന്നതുവരെ
അവരതു തുടര്‍ന്നുകൊണ്ടയിരുന്നു
മരിച്ചുവീണ കുട്ടികളെയും അമ്മമാരെയും കടന്ന്
അവര്‍ നൃത്തം ചെയ്തുകൊണ്ടയിരുന്നു
അമേരിക്കയുടെ വാക്കുകള്‍ക്ക്
വിശ്വാസത്തിന്റെ പൊരുള്‍ കെട്ടിരുന്നു

സബ്റയും ശാത്തീലയും വളഞ്ഞ
ജൂതകിങ്കരര്‍ വൃദ്ധരെയും
സ്ത്രീകളെയും കുട്ടികളെയും
ട്രക്കുകളില്‍ കുത്തിനിറച്ച്
അതിര്‍ത്തി കടക്കുന്നതു കണ്ടതും
ഇതേ കണ്ണുകള്‍കൊണ്ടുതന്നെയാണ്
രാത്രി വൈകുംവരെ
കുരുതി തുടര്‍ന്ന മണ്ണില്‍
ഒരിക്കലും എത്തിനോക്കിയില്ല
രാവിന്റെ ദയാനോട്ടങ്ങള്‍
രക്തച്ചൊരിച്ചിലിന്റെ തീനാമ്പുകള്‍ ഉയരുന്നത്
ആകാശം ഒരു കാഴ്ചയാക്കി.

ഓരോ വാതിലും തുറന്ന്
ജീവന്റെ തുടിപ്പുകളെ അവര്‍ തേടിക്കൊണ്ടിരുന്നു
ഇന്നിപ്പോള്‍ ഞാന്‍ ചോദിക്കുന്നു
എന്തിന് എന്തിന്...?

ഒരിക്കലും കൊലയാളികളും അവരുടെ യജമാനന്മാരും
നീതിയുടെ മുന്നില്‍ എത്തിപ്പെടുന്നില്ലല്ലോ!
അവരെ പിടികൂടി തുറുങ്കിലടയ്ക്കുന്നില്ലല്ലോ!
അവര്‍ക്കു മരണവിധി കല്‍പ്പിക്കുന്നില്ലല്ലോ!


അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"