2013, ജൂലൈ 10, ബുധനാഴ്‌ച

നന്മയുടെ പെരുമഴയായി റമദാന്‍



കാത്തിരിപ്പിനൊടുവില്‍ കാലവര്‍ഷമെത്തി. വറ്റിപ്പോയ കിണറുകളിലും കുളങ്ങളിലും വെള്ളം നിറഞ്ഞു. ചാലും തോടും പുഴയും പരന്നൊഴുകി. ഒഴുക്കുവെള്ളം കെട്ടിനിന്ന അഴുക്കുകളെ തുടച്ചുമാറ്റി. മരിച്ചുകിടന്ന ഭൂമി എഴുന്നേറ്റു പച്ചയുടുത്തു പുഞ്ചിരിച്ചു തുടങ്ങി. സസ്യലതാദികള്‍ ഇലകള്‍ വീശി തുള്ളിച്ചാടി. മനുഷ്യമൃഗാദികള്‍ സന്തോഷത്താല്‍ കുളിരണിഞ്ഞു. പ്രകൃതിയെ കാലവര്‍ഷത്താല്‍ ഹര്‍ഷപുളകിതമാക്കിയ നാഥനത്രേ പരിശുദ്ധന്‍. 
സസ്യങ്ങള്‍ കരിഞ്ഞുണങ്ങിയും ഭൂമി വറ്റിവരണ്ടും മാലിന്യങ്ങള്‍ കുന്നുകൂടിയും മനുഷ്യജീവിതം ദുസ്സഹമാവുമ്പോള്‍ കാലവര്‍ഷത്തിലൂടെ ഭൂമിയെ സംശുദ്ധമാക്കുകയും വിഭവസമൃദ്ധമാക്കുകയും ചെയ്യുക എന്നത് പടച്ചവന്റെ നടപടിക്രമമാണ്.  ഇതുപോലെ മനസ്സുകളില്‍ നന്മയുടെ ഉറവകള്‍ വറ്റിവരണ്ടുപോവുമ്പോള്‍, ഹൃത്തടങ്ങളില്‍ അടിഞ്ഞുകൂടിയ മലിനചിന്തകള്‍ ചിറകുവിരിച്ച് അപരന്റെ ചോരയൂറ്റുമ്പോള്‍ വിശുദ്ധി വീണ്ടടുത്തും ക്ഷേമവും സമൃദ്ധിയും പുനസ്ഥാപിച്ചും മനസ്സുകളെ കുളിരണിയിക്കാനാണു ദൈവനിശ്ചയത്താല്‍ നന്മയുടെ പെരുമഴയായി റമദാന്‍ എത്തുന്നത്. 
അല്ലാഹുവില്‍നിന്ന് ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. അതേറ്റുവാങ്ങാന്‍ തുറന്നുവച്ച മനസ്സുകള്‍ ധാന്യക്കൂമ്പാരങ്ങള്‍ വിളയിച്ചെടുക്കുന്ന പാടശേഖരങ്ങള്‍ പോലെ പവിത്രമായിരിക്കും. മണ്ണിനടിയില്‍നിന്നു മുളപൊട്ടിവരുന്ന സസ്യം വളര്‍ന്നുയര്‍ന്നു ശിഖരങ്ങള്‍ വീശി പൂക്കളും കായ്കിനികളും വിളയിച്ചു ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുപോലെയാണു വിശുദ്ധവചമെന്നു ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കുത്തിച്ചൊരിയുന്ന മഴയോടു ഭൂമിയപ്പാടെ ഒന്നുപോലെയല്ല പ്രതികരിക്കുന്നതെന്നു കാണാം. പാറപോലെ ഉറച്ച ഭൂമികള്‍ വെള്ളം വലിച്ചെടുക്കാതെ കെട്ടിനിര്‍ത്തുമ്പോള്‍ ജലം തേടിയെത്തുന്ന മനുഷ്യമൃഗാദികള്‍ക്കാണ് അതു പ്രയോജപ്പെടുക. വെള്ളം വലിച്ചെടുക്കുകയോ കെട്ടിനിര്‍ത്തുകയോ ചെയ്യാത്ത ചതുപ്പുനിലങ്ങള്‍ ചളിക്കെട്ടിലൂടെ മറ്റുള്ളവരെ ഉപദ്രവിക്കുകയാണു ചെയ്യുന്നത്. എന്നാല്‍, വളക്കൂറുള്ള ഭൂപ്രദേശങ്ങള്‍ മഴവെള്ളം പൂര്‍ണമായി വലിച്ചെടുക്കുകയും പൂക്കളും കായ്കനികളും വിളയിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) പറയുന്നത് ഈ മൂന്നുതരം ഭൂമികള്‍ സന്മാര്‍ഗദര്‍ശനവുമായി വന്ന ഞാനും നിങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നാണ്.
അല്ലാഹുവില്‍നിന്നവതരിച്ച ഖുര്‍ആന്‍ പ്രവാചകന്‍ മാനവഹൃദയങ്ങളിലെത്തിച്ചു. അവിടെ പ്രസ്തുത മൂന്നുതരം ഭൂമികള്‍ പോലെ നിഷേധവും കാപട്യവും അനുസരണയും ഉണ്ടായിത്തീര്‍ന്നു. ഖുര്‍ആന്‍ മുത്തഖീങ്ങള്‍ക്കേ മാര്‍ഗമരുളൂവെന്നു ഖുര്‍ആന്‍തന്നെ പറയുന്നു. അതായത്, ഖുര്‍ആന്‍ സ്വീകരിക്കാന്‍ പാകമായ മനസ്സുള്ളവര്‍ക്കേ അതു മസ്സിലാവുകയുള്ളൂവെന്ന്. ഖുര്‍ആനികവചനങ്ങളിലേക്കു ഹൃദയം തുറന്നുവയ്ക്കാതോറും അവയെ സ്വീകരിക്കാനും പ്രാപ്തമാക്കുകയാണു റമദാന്‍ ചെയ്യുന്നത്. വ്രതം നിര്‍ബന്ധമാക്കിയതു തഖ് വയുണ്ടാവാന്‍ വേണ്ടിയാണെന്നാണു ഖുര്‍ആന്‍ പറയുന്നത്. മനസ്സുകള്‍ക്കു നന്മയോട് ആഭിമുഖ്യമുണ്ടാവാന്‍വേണ്ടി എന്നര്‍ഥം. നന്മയോട് ആഭിമുഖ്യമില്ലാത്തവര്‍ക്കു ഖുര്‍ആന്‍ പറയുന്നതു മനസ്സിലാവുകയേയില്ല.
ദൈവബോധം, സഹാനുഭൂതി, ഉദാരത, സാമൂഹികപ്രതിബദ്ധത, നീതിബോധം, ധീരത, മൂല്യബോധം, വിശുദ്ധി, ത്യാഗമനസ്ഥിതി എന്നിവയാണു വ്രതാനുഷ്ഠാനം മനുഷ്യനിലുണര്‍ത്തുന്ന മാനവവികാരങ്ങള്‍. ഈ ഗുണങ്ങള്‍ ഉടമപ്പെടുത്തിയവരെയാണ് നല്ല മനുഷ്യരായി കണക്കാക്കുന്നതും. അവര്‍ക്കേ ഖുര്‍ആന്‍ മനസ്സിലാവുകയുള്ളൂ. കാരണം, ദൈവത്തെയോ അവന്റെ വിചാരണയെയോ ഭയമില്ലാത്തവന്‍ അവന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല. സഹാനുഭൂതിയും ഉദാരമനസ്കതയുമില്ലാത്തവന്നു സഹജീവികളുടെ വിശപ്പും വേദനയും അറിയാനാവില്ല അവരുടെ അവകാശം നിന്റെ സമ്പത്തിലുണ്ടന്നു ഖുര്‍ആന്‍ പറഞ്ഞാല്‍ മനസ്സിലാവുകയുമില്ല. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ വലുതായി കാണാന്‍ കഴിയാത്തവര്‍ക്കു പ്രവാചകന്മാരുടെ ത്യാഗചരിത്രം പാഴ്വേലയായി തോന്നും. നീതിബോധവും ധൈര്യവുമില്ലാത്തവര്‍ക്ക് അവകാശപ്പോരാട്ടത്തെപ്പറ്റിയും സമര്‍പ്പണത്തെപ്പറ്റിയുമുള്ള ദൈവവാക്യങ്ങള്‍ മനസ്സിലാവില്ല. മൂല്യങ്ങളിലും ജീവിതവിശുദ്ധിയിലും വിശ്വാസമില്ലാത്തവര്‍ക്കു ഖുര്‍ആന്റെ മാനവികമൂല്യങ്ങള്‍ അാവശ്യമാണെന്നേ തോന്നൂ. 
നല്ല മനുഷ്യരൊക്കെ തങ്ങളുടെ ദൈനംദിനജീവിതത്തിലെ അന്നപാനഭോഗാദികള്‍ നിയന്ത്രിച്ച് ഉറ്റാലോചിക്കേണ്ട ജീവിതക്രമമാണു ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. 14 നൂറ്റാണ്ടിലധികം പഴക്കംചെന്ന ഒരു ഗ്രന്ഥത്തെ പ്രതിനിധാം ചെയ്യുന്ന മുസ്ലിംസമൂഹത്തെ തേജോവധം ചെയ്യാന്‍ വല്ലാതെ വിയര്‍ക്കുന്ന ശക്തികള്‍ ഇന്നും ലോകത്തെമ്പാടുമുണ്ട്. എന്നിട്ടും ഈ ഗ്രന്ഥത്തിന്റെ ആശയങ്ങളുടെ കാലികപ്രസക്തി ചോദ്യംചെയ്തുകൊണ്ട് ഈ സമൂഹത്തെ ഇല്ലായ്മ ചെയ്യുക എന്ന തരത്തിലൊരു തന്ത്രം വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കാവുന്നില്ല. അതിലുപരി ഓരോ പുതിയ റമദാന്‍ വന്നണയുമ്പോഴും നിരവധി അഭ്യസ്തവിദ്യര്‍ ഖുര്‍ആന്റെ തീരത്തണയുകയാണ് എന്നത് ആരെയും ചിന്തിപ്പിക്കേണ്ടതാണ്.  
ഖുര്‍ആനും നോമ്പും അഭേദ്യമായി ഇഴചേര്‍ന്നുകിടക്കുന്നു. നോമ്പിലൂടെ ഖുര്‍ആന്‍ നെഞ്ചേറ്റാന്‍ കഴിഞ്ഞവരാണു ഭാഗ്യവാന്മാര്‍. നോമ്പും ഖുര്‍ആും അന്ത്യനാളില്‍ വിശ്വാസിക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷിനില്‍ക്കാനെത്തുമെന്നു പ്രവാചകന്‍(സ) പറഞ്ഞത് ഓര്‍ത്തിരിക്കേണ്ടതാണ്.
 വര്‍ഷാവര്‍ഷങ്ങളില്‍ സമൂഹത്തില്‍ അടിഞ്ഞുകൂടുന്ന ജീര്‍ണതകള്‍ റമദാന്റെ പെരുമഴയില്‍ ഒഴുക്കിക്കളയാനും സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ചു സല്‍സ്വഭാവങ്ങളുടെ മുന്തിയ വിത്തിനങ്ങള്‍ കൃഷിചെയ്തു വിളയിച്ചെടുക്കാനും കഴിയുമ്പോഴാണ് ആവര്‍ത്തിച്ചെത്തുന്ന റമദാന്‍ സാര്‍ഥകമാവുന്നത്. ഇല്ലാത്തവന്റെ വിശപ്പും വേദനയും തൊട്ടറിയാന്‍ പരിശീലിപ്പിക്കുന്ന റമദാന്‍ രാജ്യത്തു പട്ടിണികിടക്കുന്നവരെ ഓര്‍ക്കാനും അവരുടെ മോചനത്തിനുവേണ്ടി അധ്വാനിക്കാനും വഴികാട്ടുകയാണ്. 
മനുഷ്യര്‍ വിദ്യാഭ്യാസമേഖലകളില്‍ ഉയര്‍ച്ച കൈവരിക്കുമ്പോഴും അനുദിനം അന്ധവിശ്വാസങ്ങളിലേക്കും സാംസ്കാരികജീര്‍ണതകളിലേക്കും അധപ്പതിച്ചുകൊണ്ടിരിക്കുകയാണ്. വായിച്ചു പ്രബുദ്ധരാവാനും വികാരങ്ങളെ നിയന്ത്രിച്ചു മുഷ്യരാവാനും ആവശ്യപ്പെടുകയാണു റമദാന്‍. സ്ത്രീപീഡനവാര്‍ത്തകളും അഴിമതിക്കഥകളും കേട്ടു മനസ്സാക്ഷി ഇനിയും മരിച്ചിട്ടില്ലാത്തവര്‍ ഞെട്ടിവിറയ്ക്കുകയാണ്. ഇവിടെ വ്രതാനുഷ്ഠാനത്തിലൂടെ ചൂഷണവും വഞ്ചനയുമില്ലാത്ത, അന്തസ്സും ആത്മാഭിമാനവുമുള്ള സാമൂഹികസ്ഥിതി വളര്‍ത്തിയെടുക്കാന്‍ വിശ്വാസികള്‍ക്കാവണം. അവകാശലംഘനവും നീതിനിഷേധവും അുഭവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ തലവിധി മാറ്റാന്‍ സമരരംഗത്തിറങ്ങുമ്പോള്‍ കരിനിയമങ്ങള്‍കൊണ്ട് അവരെ വരിഞ്ഞുകെട്ടാന്‍ ഒരുങ്ങുകയാണു മറ്റുചിലര്‍. ബദ്ര്‍ സമ്മാനിക്കുന്ന നീതിബോധത്തിലൂടെ അവകാശപ്പോരാട്ടങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ നോമ്പുകാരു കഴിയണം. അനുവദനീയമായതുപോലും കൈയെത്തും ദൂരത്ത് സ്വന്തം അധീനതയിലുണ്ടായിട്ടും ഒന്നെടുത്തു രുചിച്ചുനോക്കാന്‍ കൂട്ടാക്കാത്ത നോമ്പുകാരനെ വിലക്കപ്പെട്ട കനികള്‍ക്കോ മോഹനചിന്തകള്‍ക്കോ പ്രലോഭിപ്പിക്കാനാവില്ല. തനിക്ക് എത്രയും വേണ്ടപ്പെട്ട അടിസ്ഥാനാവശ്യങ്ങള്‍പോലും വേണ്ടന്നുവച്ച് സത്യത്തിനും നീതിക്കും ജീവന്‍ നല്‍കാന്‍ തനിക്കു മടിയില്ലെന്നു പ്രഖ്യാപിക്കുകയാണു നോമ്പുകാരന്‍. 
സ്ത്രീപീഡനങ്ങളില്ലാത്ത, അഴിമതിയും അക്രമവുമില്ലാത്ത, അനീതിയും അഴിഞ്ഞാട്ടങ്ങളുമില്ലാത്ത, ധാര്‍മികതയിലും സദാചാരത്തിലും അധിഷ്ഠിതമായ നല്ലൊരു ലോകം പടുത്തുയര്‍ത്താന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങിയേ മതിയാകൂ. അതിനായി നന്മ ആജ്ഞാപിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഉല്‍കൃഷ്ടസമൂഹമെന്നു ഖുര്‍ആന്‍ വിളിച്ച മുസ്ലിംസമൂഹത്തിലെ ഓരോ അംഗവും പ്രതിജ്ഞാബദ്ധരായേ തീരൂ. 
കാലമേറെ ദുഷിച്ചുപോയിരിക്കുന്നു. അന്ത്യനാളിന്റെ അടയാളങ്ങള്‍ തിരഞ്ഞു വിധിയെ പഴിക്കുകയല്ല വിശ്വാസി ചെയ്യേണ്ടത്, നാളെയാണ് അന്ത്യനാളെങ്കിലും കൈയിലുള്ള ചെടി നട്ട് വെള്ളമൊഴിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ വഴിയേ ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉണരേണ്ടതുണ്ട്. ജീര്‍ണസംസ്കാരങ്ങളുടെ വേലിയേറ്റങ്ങളില്‍ പ്രതിരോധമില്ലാതെ ഒഴുകിപ്പോവുന്ന പുതുതലമുറയ്ക്കൊപ്പം സ്വന്തം ആണ്‍മക്കളെയും പെണ്‍മക്കളെയും ഒഴുക്കിവിടാന്‍ ആരാണിഷ്ടപ്പെടുക. അന്തസ്സാര്‍ന്ന മുഷ്യജീവിതത്തിനു നിരക്കാത്ത ജീര്‍ണസംസ്കാരങ്ങളെ ഒഴുക്കിയെടുത്ത് അറബിക്കടലിലെറിയാന്‍ റമദാന്റെ തെളിനീര്‍ പ്രവാഹത്തിനാവണം. റമദാനില്‍ പള്ളിയിലേക്കൊഴുകി വന്നവരെ റമദാന്റ പുഴയിലൂടെത്തന്നെ ബഹുദൂരം നീന്തിത്തുടിച്ചു ലക്ഷ്യത്തിലെത്താന്‍, ഇസ്ലാം മനസ്സു കീഴടക്കുന്ന സത്യം തന്നെയാണെന്നു പഠിപ്പിച്ചുകൊടുക്കാന്‍ പണ്ഡിതന്മാരും നേതാക്കളും നന്നായി ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. സംഘടനാ സങ്കുചിതത്വങ്ങളില്‍നിന്നു മുക്തരായി വ്യക്തികള്‍ക്കും ഇസ്ലാമികസമൂഹത്തിനും ക്രിയാത്മകമായി മുന്നോട്ടുപോകാനാവുന്ന തരത്തിലുള്ള ഇസ്ലാമിന്റെ മനോഹരമായ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാനായാല്‍ ബഹളമയമായി മാറിയിരിക്കുന്ന പഠനക്ളാസുകള്‍ പ്രയോജനപ്രദമാവും. വിനയവും വിശാലമനസ്കതയും ലാളിത്യവും ആശയഗാംഭീര്യവും ഹൃദ്യതയും അവിടെ നിറഞ്ഞുനില്‍ക്കട്ടെ. പരദൂഷണവും പൊങ്ങച്ചവും അസൂയയും കോപവും പരിന്ദയുമെല്ലാം റമദാന്‍ ക്ളാസുകളില്‍ ഇടംപിടിച്ചാല്‍ ആത്മീയപ്രഭാഷണങ്ങള്‍ വിരോധാഭാസമായിമാറും. 
റമദാന്‍ പ്രകടാത്മകമായ ആത്മീയസമ്മേളനങ്ങളെയല്ല ആവശ്യപ്പെടുന്നത്. അത് അല്ലാഹുവുമായുള്ള സ്വകാര്യസംഭാഷണങ്ങള്‍ക്കും ആത്മവിചാരണകള്‍ക്കുമുള്ള അവസരമാണ്. ചിന്ത, പഠം, വിശ്വാസം, ആരാധന, പ്രവര്‍ത്തനം, നിലപാട്- ഇതെല്ലാം ഖുര്‍ആന്റെ കണ്ണാടിയില്‍ നോക്കി മുഖം മിനുക്കാനുള്ള അമൂല്യമായ അവസരമാണത്. ഖുര്‍ആന്‍ അവതരിച്ച മാസമാണല്ലോ അത്. വേദഗ്രന്ഥത്തെ കൈവിട്ടുകളിക്കുന്നവരുടെ നാടുനീളന്‍ ആദര്‍ശപ്രസംഗങ്ങളെല്ലാം വ്യര്‍ഥമായിത്തീരുന്ന ലോകമാണു പരലോകം. ഖുര്‍ആന്‍ പറയുന്നു: "അന്നു യഥാര്‍ഥമായ പരമാധികാരം കരുണാമയായ അല്ലാഹുവിനു മാത്രമായിരിക്കും. അതു നിഷേധികള്‍ക്കു പ്രയാസമേറിയ ദിനമായിരിക്കും. അക്രമി കൈകടിക്കുന്ന ദിവസമാണത്. അവന്‍ കേഴും: ഹാ, കഷ്ടം! ഞാന്‍ ദൈവദൂതനോടപ്പം സഞ്ചരിച്ചിരുന്നെങ്കില്‍, ഹാ, കഷ്ടം! ഞാന്‍ ഇന്നവനെ സുഹൃത്താക്കാതിരുന്നെങ്കില്‍. ഉദ്ബോധം വന്നുകിട്ടിയിട്ടും അയാളെന്നെ പിഴപ്പിച്ചുകളഞ്ഞുവല്ലോ. ചെകുത്താന്‍ മനുഷ്യനോടു മഹാവഞ്ചകന്‍ തന്നെ.'' ദൈവദൂതന്‍ പറയും: "എന്റെ നാഥാ, എന്റെ ജനത ഈ ഖുര്‍ആനിനെ കൈവിട്ടുകളഞ്ഞവരാകുന്നു''(അല്‍ഫുര്‍ഖാന്‍: 26-30).
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"