2012, ഏപ്രിൽ 24, ചൊവ്വാഴ്ച

ജാഗ്രത കുറയരുത്‌




ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ്‌ മുഹമ്മദ്‌ അഹമ്മദ്‌ കാസിമി ഒന്നരമാസത്തോളമായി ജയിലില്‍ത്തന്നെയാണ്‌. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍നിയമം അഥവാ യു.എ.പി.എ. ചുമത്തി മാര്‍ച്ച്‌ ഏഴിനാണ്‌ ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്‌റ്റ് ചെയ്‌തത്‌. യു.പിയിലെ മീററ്റ്‌ സ്വദേശിയായ കാസിമി തലസ്‌ഥാനത്തെ അറിയപ്പെട്ട ഉറുദു പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്‌. സ്വന്തമായി വാര്‍ത്താ ഏജന്‍സി നടത്തുന്ന കാസിമി ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പശ്‌ചിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ സ്വതന്ത്രനിലപാട്‌ പുലര്‍ത്തുന്ന കാസിമി ടെഹ്‌റാന്‍ റേഡിയോ, ഇര്‍ന(ഇറാനിയന്‍ ന്യൂസ്‌ ഏജന്‍സി) എന്നിവയ്‌ക്കു വേണ്ടിയും സേവനമനുഷ്‌ഠിക്കുന്നുണ്ടായിരുന്നു.


ഒരു വിദേശ വാര്‍ത്താ ഏജന്‍സിക്കുവേണ്ടി നിഷ്‌പക്ഷമായ തന്റെ നിലപാടുകളോടെ ലേഖനങ്ങള്‍ നല്‍കി എന്നതിന്റെ പേരിലാണ്‌ ഡല്‍ഹിയിലെ ഇസ്രേലി എംബസി ഉദ്യോഗസ്‌ഥര്‍ക്കുനേരേ നടന്ന ബോംബാക്രമണക്കേസിലെ പ്രതിയാക്കി കരിനിയമം ഉപയോഗിച്ച്‌ ഭരണകൂടം തുറുങ്കിലടച്ചത്‌.


ഇന്ത്യ ദീര്‍ഘകാലമായി സ്വീകരിച്ചു പോരുന്ന ചേരിചേരാ നയങ്ങള്‍ക്കു കടകവിരുദ്ധമായി ഇസ്രയേല്‍ പക്ഷത്തേക്കു രാജ്യത്തെ കൊണ്ടുപോകാതിരിക്കാന്‍ നിതാന്തജാഗ്രത കാണിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നതു കസ്‌മിയുടെ സവിശേഷതയായി അവകാശപ്പെടാനുണ്ട്‌.


ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം നടന്ന ഉടനേ അതിന്റെ ഉത്തരവാദിത്തം ഇറാനുമേല്‍ ചാര്‍ത്തിക്കൊണ്ടുള്ള ആദ്യപ്രതികരണം ഇസ്രയേലില്‍ നിന്നാണുണ്ടായത്‌. തൊട്ടു മുമ്പ്‌ ജോര്‍ജിയയിലുണ്ടായ എംബസി ആക്രമണവും ഒന്നിച്ചു ചേര്‍ത്ത്‌ ഇറാനുമേല്‍ വച്ചുകെട്ടിയിരുന്നു. ഇസ്രയേലിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ സൂചന നല്‍കുന്നത്‌ അവരുടെ ചാരസംഘടനയായ മൊസാദിന്‌ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്‌തമായ ധാരണയുണ്ടെന്നാണ്‌. 


ഇന്ത്യയും ഇറാനും സൗഹൃദരാജ്യങ്ങളാണ്‌. അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്രാജ്യത്വ അധിനിവേശ മോഹങ്ങള്‍ക്കു തടസമായി നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇറാന്‍. ആണവോര്‍ജ സമ്പാദനത്തിന്റെ മറപിടിച്ച്‌ പൊതുബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പൂര്‍ണ വിജയം ഉണ്ടാക്കിക്കൊടുക്കേണ്ടത്‌ ഇസ്രയേലെന്ന പോറ്റുമകന്റെ കടമയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റങ്ങളിലും യുദ്ധങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും സ്വീകരിച്ച സമീപനം തന്നെയാണ്‌ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഇറാനെ നിരായുധരാക്കുന്നതിലൂടെ മാത്രമേ ഇറാഖിലെന്നപോലെ കടന്നാക്രമണം നടത്തി എണ്ണയുടെ സ്രോതസ്‌ ഊറ്റിക്കൊണ്ടുപോകാന്‍ അമേരിക്കയ്‌ക്കു കഴിയുകയുള്ളൂ. ലോകത്ത്‌ ഭീകരതയുടെ മതം സൃഷ്‌ടിച്ചത്‌ അമേരിക്കയാണ്‌. തങ്ങളുടെ അധിനിവേശമോഹങ്ങള്‍ക്ക്‌ തടസമായി വരുന്നതിനെ സഖ്യകക്ഷികളുടെ സഹായത്തോടെ ഭീകരവിരുദ്ധയുദ്ധമെന്ന പേരില്‍ അടിച്ചമര്‍ത്താനായി ആദ്യമേ പ്രചാരണങ്ങളിലൂടെ രംഗസജ്‌ജീകരണം നടത്തും. ശേഷം ആക്രമിക്കും. പാവപ്പെട്ട കര്‍ഷകനില്‍നിന്ന്‌ ആടിനെ തട്ടിയെടുക്കാന്‍ കള്ളന്മാര്‍ നടത്തിയ കുതന്ത്രം ആദ്യം അതിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി മാറ്റുകയായിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ തുടര്‍ച്ച ഇന്ത്യയിലും സാധിച്ചെടുക്കാനാണ്‌ 1992 നു ശേഷം ഇസ്രായേല്‍ ശ്രമം നടത്തുന്നത്‌.


ലോകത്ത്‌ ക്രൂരതയുടെ പര്യായമാണ്‌ ഇസ്രയേല്‍. 1948 ല്‍ ഇസ്രായേല്‍ രാജ്യം രൂപപ്പെടുത്തിയെടുക്കുന്നതിനു നടത്തിയ നിയമവിരുദ്ധ കുടിയേറ്റം മുതല്‍ നടത്തുന്ന കൊടുംക്രൂരതകള്‍ ഇന്നും തുടരുകയാണ്‌.


ഇസ്രയേല്‍ അതിക്രമത്തിന്‌ ഇരയായി കൊടുംയാതനകള്‍ പേറുന്ന പലസ്‌തീന്‍ ജനതയോട്‌ ദീര്‍ഘനാളായി ഐക്യപ്പെട്ടു നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തുണ്ടായ ഐക്യദാര്‍ഢ്യങ്ങള്‍ ഇന്ത്യന്‍ ജനതയെപ്പോലെ പലസ്‌തീന്‍ ജനതയും ഓര്‍ക്കുന്നവരാണ്‌. സ്വന്തം സഹോദരങ്ങളോടെന്നപോലെയുള്ള വല്ലാത്ത ആഭിമുഖ്യമായിരുന്നു പലസ്‌തീന്‍ ജനതയോട്‌ നമ്മുടെ ഭരണകൂടത്തിനും നമുക്കും ഉണ്ടായിരുന്നത്‌.


എന്നാല്‍ 1990 കള്‍ക്കു ശേഷം നമ്മുടെ നയനിലപാടുകള്‍ക്കു മാറ്റം വന്നു തുടങ്ങി. മറ്റു പല രാജ്യങ്ങളും ഇസ്രയേലിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടും 1950 സെപ്‌റ്റംബറില്‍ അറച്ച്‌ അറച്ചാണ്‌ ഇസ്രയേലിനെ അംഗീകരിച്ചത്‌. 1950ല്‍ അസ്‌തിത്വം അംഗീകരിച്ചെങ്കിലും 1992 വരെ യാതൊരു നയതന്ത്രബന്ധവുമില്ലാതെ മാറിനിന്ന ഇന്ത്യയെ നരസിംഹറാവുവാണ്‌ ഇസ്രയേലുമായി കൂട്ടിക്കെട്ടിയത്‌. സൈനിക, ഇന്റലിജന്‍സ്‌, സാമ്പത്തികമേഖലകളില്‍ ഇരു രാജ്യങ്ങളിലെയും ബന്ധം സുദൃഢമാകുന്നത്‌ ഹിന്ദുത്വശക്‌തികള്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ്‌.


നമ്മുടെ രാജ്യത്തിന്റെ പല മേഖലകളിലും നിയന്ത്രണമില്ലാതെ ഇടപെടാന്‍ ഇസ്രയേലിന്‌ വലിയ തോതില്‍ ഇതുമൂലം സൗകര്യമൊരുങ്ങി. ഭരണകൂടം ഒരുക്കിയ ബന്ധത്തിന്റെ മറവില്‍ സംഘപരിവാര്‍ അവിഹിതബന്ധങ്ങള്‍ വേറെയുണ്ടാക്കിയെടുത്തു. ആ ബന്ധത്തിന്റെ ദുരന്തങ്ങള്‍ നാം ഓരോന്നായി അനുഭവിച്ചു തുടങ്ങി.


1992 വരെ മുസ്ലിംകളെയും ഇതര പിന്നാക്ക വിഭാഗങ്ങളെയും പൊതുധാരയില്‍നിന്ന്‌ അകറ്റാന്‍ വര്‍ഗീയകലാപങ്ങളും ലഹളകളുമായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്‌. എന്നാല്‍ 92നു ശേഷം ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ സൃഷ്‌ടിച്ചാണു പാര്‍ശ്വവല്‍ക്കരണം തുടര്‍ന്നത്‌.


ലോകത്തിന്റെ പല ഭാഗത്തുമുണ്ടായ ഭീകരസ്‌ഫോടനങ്ങളില്‍ ഇസ്രയേലിന്റെ പങ്ക്‌ വ്യക്‌തമാക്കപ്പെട്ടതാണ്‌. അമേരിക്ക പോലുമറിയാതെയാണ്‌ ഇസ്രയേല്‍ സിറിയയുടെ ആണവകേന്ദ്രത്തില്‍ ബോംബ്‌ വര്‍ഷിച്ചത്‌. സ്‌ഫോടനങ്ങള്‍ നടത്തുകയും മറ്റുള്ളവരുടെമേല്‍ ചാര്‍ത്തുകയും ചെയ്യുകയെന്ന രീതി ഇന്ത്യന്‍ ഫാസിസത്തിനു പഠിപ്പിച്ചു കൊടുത്തതും പരിശീലനം നല്‍കിയതും ഇസ്രയേലായിരുന്നു. 


ലോകത്ത്‌ വലിയ ആയുധദാതാവായാണു ഇസ്രയേല്‍ കണക്കാക്കപ്പെടുന്നത്‌. ഒരു പരിധിവരെ ആയുധവിപണനത്തിലൂടെ സമ്പദ്‌ഘടന നിലനിര്‍ത്തുന്ന രാജ്യമാണ്‌ ഇസ്രയേല്‍. സമ്പദ്രംഗത്ത്‌ ഷൈലോക്കിന്റെ പിന്‍മുറക്കാര്‍ തന്നെയാണ്‌ ഈ ജാരരാഷ്‌ട്രം.


നമ്മുടെ രാജ്യത്ത്‌ അസ്‌ഥിരത വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇസ്രയേലിന്റെ കച്ചവടതാല്‍പര്യം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്‌. രാജ്യത്ത്‌ നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളിലും സംഘപരിവാര്‍ ശക്‌തികളുടെ പങ്ക്‌ ബോധ്യമായിരിക്കുകയാണ്‌. ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംകളുടെ മേല്‍ കെട്ടിവയ്‌ക്കുകയായിരുന്നു ആദ്യം ചെയ്‌തത്‌.


ഡല്‍ഹിയിലെ സ്‌ഫോടനം ഇറാന്റെ മേല്‍ നിമിഷങ്ങള്‍ക്കകം ചുമത്തിയ അതേതന്ത്രം തന്നെയായിരുന്നു ഇന്ത്യയില്‍ ഫാസിസവും സ്വീകരിച്ചത്‌. മാത്രമല്ല ഇന്ത്യയില്‍ നടന്ന മക്കാമസ്‌ജിദ്‌, മലേഗാവ്‌, സംഝോത എക്‌സ്പ്രസ്‌, അജ്‌മീര്‍ തുടങ്ങി പതിനാറോളം സ്‌ഫോടനങ്ങളില്‍ ഉത്തരവാദികളായി അറസ്‌റ്റ് ചെയ്യപ്പെട്ടവര്‍ നടത്തിയ വെളിപ്പെടുത്തലില്‍ തങ്ങളുടെ ഇസ്രയേല്‍ ബന്ധത്തിനു തെളിവ്‌ നല്‍കുന്നുണ്ട്‌.


ഈ പശ്‌ചാത്തലത്തില്‍ കാസ്‌മിയുടെ അറസ്‌റ്റിനെ ഗൗരവപൂര്‍വം പൊതുസമൂഹം വിലയിരുത്തേണ്ടതുണ്ട്‌. തങ്ങള്‍ക്കു നല്ല സ്വാധീനമുള്ള ഡല്‍ഹി പോലീസിനെക്കൊണ്ട്‌ ഇറാന്‍ ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ തിരഞ്ഞ്‌ പിടിച്ച്‌ അറസ്‌റ്റ് ചെയ്യിപ്പിക്കുക വഴി ബഹുമുഖ അജന്‍ഡകളാണ്‌ ഇസ്രയേലിനു നടപ്പാക്കാന്‍ സാധിക്കുന്നത്‌. ഇസ്രയേല്‍വിരുദ്ധ മനോഗതിയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണിത്‌.


എന്തായാലും ഇസ്രയേലുമായി തുടരുന്ന ബന്ധങ്ങള്‍ രാജ്യത്തിനു വലിയ ഗുണം ചെയ്യില്ലെന്നാണ്‌ ഇത്രയും കാലത്തെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ആയുധക്കച്ചവടത്തിനുള്ള നല്ല വിപണിയായി നമ്മെ ഉപയോഗപ്പെടുത്താനായി നമുക്കിടയില്‍ ശൈഥില്യം പ്രോല്‍സാഹിപ്പിക്കല്‍ ഉള്‍പ്പെടെ ചെയ്യാന്‍ ഒരു വകമൂല്യങ്ങളുമില്ലാത്ത ഇസ്രയേല്‍ ശ്രമിച്ചുകൊണ്ടിരിക്കും.


ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടനും പോര്‍ച്ചുഗീസുമെല്ലാം വ്യാപാരവിപണനതന്ത്രങ്ങളിലൂടെയാണ്‌ കടന്നുവന്നതും നമ്മെ കീഴ്‌പ്പെടുത്തിയതും. ഇപ്പോള്‍ പുതിയ അധിനിവേശത്തിന്‌ നാം വഴി തുറന്നിട്ടിരിക്കുന്നു.


പതുക്കെ നമ്മുടെ എല്ലാ മേഖലകളുടെയും നിയന്ത്രണം അമേരിക്കയുടെയും ഇസ്രയേലിന്റെയും കൈകളിലെത്തിച്ചേരും. കാര്‍ഷികമേഖലയിലും ടൂറിസംമേഖലയിലും കേരളത്തില്‍ പോലും ഇതിനകം ഇസ്രയേല്‍ കമ്പനികള്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്‌. വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ ബാംഗ്ലൂരില്‍ കോണ്‍സുലേറ്റ്‌ കൂടി സ്‌ഥാപിക്കാനുള്ള പച്ചക്കൊടി നല്‍കിയിരിക്കുന്നു. തെന്നിന്ത്യയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനുള്ള തന്ത്രമാണിത്‌. കേരളത്തിന്റെ ജലവിഭവത്തിന്റെ നിയന്ത്രണം ഇസ്രയേലിനെ ഏല്‍പ്പിക്കാനാണ്‌ പുതിയ നീക്കം. 1996 ല്‍ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ഇസ്രയേലുമായി നടത്തിയ കൂട്ടുസംരംഭങ്ങളുടെ ദുരിതം നാളികേരം, കുരുമുളക്‌ മേഖലയെ കാര്യമായി ബാധിച്ചിട്ടും നമ്മുടെ ഭരണാധികാരികള്‍ വീണ്ടും ഇസ്രയേലിനെ മടികൂടാതെ വാരിപ്പുണരുകയാണ്‌.


ബംഗാളിലെ ബുദ്ധദേവ്‌ സര്‍ക്കാര്‍ ഇസ്രയേലുമായി നടത്തിയ സഹകരണം സി.പി.എം. പോലും അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. നഷ്‌ടങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച്‌ ഭരണകൂടങ്ങള്‍ക്ക്‌ ജാഗ്രത ഉണ്ടാവണമെന്നില്ല. നമ്മുടെ നാട്‌ നമുക്ക്‌ നഷ്‌ടപ്പെടാതിരിക്കാനുള്ള സജീവ ജാഗ്രത പുലര്‍ത്താന്‍ പൊതുസമൂഹം മുമ്പോട്ടു വരേണ്ടിയിരിക്കുന്നു. 


നമ്മുടെ ആഭ്യന്തരരംഗത്തുള്ള ഇസ്രയേലിന്റെ നിയന്ത്രണങ്ങള്‍ മൂലമാണ്‌ കാസിമി ഇന്നും ജയിലില്‍ കഴിയേണ്ടി വരുന്നത്‌. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളാവും തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ ബന്ധങ്ങളിലൂടെ നാം ഏറ്റുവാങ്ങേണ്ടിവരിക.


നാസറുദീന്‍ എളമരം

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഭാവി ഇന്ത്യയിലേക്കുള്ള രാഷ്ട്രീയസൂചനകള്‍


  ഇ അബൂബക്കര്‍ 
"ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വലിയൊരു പാഠമാണിതെനിക്ക്''- ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ചു രാഹുല്‍ഗാന്ധിയുടെ പ്രതികരണമാണിത്. മുസ്്ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത വീണ്െടടുത്ത് 224 സീറ്റുകളുമായി സമാജ്വാദി പാര്‍ട്ടി നേടിയ ഉജ്ജ്വലവിജയം രണ്ടു പതിറ്റാണ്ടിനിടെ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും മികച്ച ഒന്നാണ്. ജനപ്രിയനേതാവായി ഉയര്‍ന്നുവന്ന യുവനായകന്‍ അഖിലേഷ് യാദവിനും അവകാശപ്പെട്ടതാണീ വിജയം. സ്വതസ്സിദ്ധമായ ശൈലിയും തമാശകളും വഴി തൊഴിലും കംപ്യൂട്ടറുകളും ഗുണ്ടാരാജിന്റെ അന്ത്യവും വാഗ്ദാനം ചെയ്ത് അഖിലേഷ് വലിയൊരളവോളം യുവവോട്ടര്‍മാരെ ആകര്‍ഷിച്ചു. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും യു.പി. രാഷ്ട്രീയത്തില്‍ ഒന്നുമല്ലെന്നു തെളിയിക്കുന്ന ആധികാരികവിജയമായിരുന്നു എസ്.പിയുടേത്. രണ്ടാം സ്ഥാനത്തു മറ്റൊരു പ്രാദേശികകക്ഷിയായ ബി.എസ്.പിയാണുള്ളതെന്നും അറിയുക.
   അഖിലേഷ്   
    രണ്ടു പതിറ്റാണ്ടിലേറെ അധികാരത്തിനു പുറത്തുനില്‍ക്കേണ്ടിവന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരാമെന്ന മോഹത്തിനാണു കനത്ത അടിയേറ്റിരിക്കുന്നത്. കോണ്‍ഗ്രസ് രാജകുടുംബാംഗങ്ങളായ രാഹുലും സോണിയയും പ്രിയങ്കയും നേരിട്ടു നയിച്ച പോരാട്ടം പക്ഷേ, നിലം തൊട്ടില്ല. 200ലേറെ റാലികളിലും റോഡ്ഷോകളിലുമാണ് അവര്‍ പങ്കെടുത്തത്. രാഹുല്‍ കൂടുതല്‍ അക്രമാസക്തനായിരുന്നു. എസ്.പിയാവട്ടെ, ബി.എസ്.പിയാവട്ടെ, ബി.ജെ.പിയാവട്ടെ, തന്റെ വാക്ശരങ്ങളില്‍നിന്ന് രാഹുല്‍ ആരെയും വെറുതെ വിട്ടില്ല. പക്ഷേ, 28 സീറ്റുകളുമായി ദയനീയമായിരുന്നു കോണ്‍ഗ്രസിന്റെ പതനം. 




   വി പി സിങ്ങ് 
അഞ്ചുവര്‍ഷം മുമ്പു നേടിയ സീറ്റുകളേക്കാള്‍ കേവലം ആറു സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് അധികം നേടാനായത്. മോശം സാഹചര്യത്തില്‍ നേടിയ സീറ്റുകളേക്കാള്‍ കേവലം ആറെണ്ണം മാത്രം അധികം നേടാനായി എന്നതു വലിയ കാര്യമൊന്നുമല്ല. രാഹുലിന്റെ നേതൃശേഷിയെക്കുറിച്ച് ഇതു ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. രണ്ടു വര്‍ഷം മുമ്പു ബിഹാറില്‍ തുടങ്ങിയ ഈ പരാജയം യു.പിയിലെ ദയനീയപതനത്തിലെത്തുമ്പോള്‍ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പ്രതാപകാലം അസ്തമിച്ചിരിക്കുന്നു എന്ന സൂചനയാണു നല്‍കുന്നത്. രാഹുലും സോണിയയും എന്തു പാഠമാണ് ഇതില്‍നിന്നു പഠിച്ചത് എന്നു വ്യക്തമല്ലെങ്കിലും കോണ്‍ഗ്രസ് ഗൌരവപൂര്‍വം ആത്മവിചാരണ നടത്തേണ്ട സന്ദര്‍ഭമാണിത്. 
  മഹാത്മാ  ഗാന്ധി 
സ്വാതന്ത്യ്രത്തിനു ശേഷം 52 വര്‍ഷം ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. കേവലം 13 വര്‍ഷം മാത്രമാണ് മറ്റുള്ളവര്‍ക്കു ജനങ്ങള്‍ അവസരം നല്‍കിയത്. 1885ല്‍ രൂപംകൊണ്ട പാര്‍ട്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും ജനസ്വാധീനമുള്ള പ്രസ്ഥാനമായി വളരുകയായിരുന്നു. ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കും ദാരിദ്യ്രത്തിനും മതപരവും വംശപരവുമായ അതിര്‍വരമ്പുകള്‍ക്കുമെതിരേ പ്രവര്‍ത്തിച്ച് ലക്ഷക്കണക്കിനു പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഗാന്ധിക്കു സാധിച്ചു. ഇന്ത്യന്‍ ജനതയുടെ ഒരു പരിഛേദമായിരുന്നു കോണ്‍ഗ്രസ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കി ഇന്ത്യക്കാര്‍ക്കിടയില്‍ ദേശീയബോധം          വളര്‍ത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചു. 
     മൊറാര്‍ജി ദേശായി 
  1948ല്‍ ഗാന്ധി കൊല്ലപ്പെടുകയും 1950ല്‍ സര്‍ദാര്‍ പട്ടേല്‍ മരണപ്പെടുകയും ചെയ്തോടെ കോണ്‍ഗ്രസില്‍ ജനസ്വാധീനമുള്ള നേതാവായി ജവഹര്‍ലാല്‍ നെഹ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ കോണ്‍ഗ്രസിന്റെ ഭാവിയും രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വവും നെഹ്റുവില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ സംജാതമായി. നെഹ്റുവിന്റെ മതേതരത്വവും സോഷ്യലിസ്റ്റ് സാമ്പത്തികനയങ്ങളും ചേരിചേരാനയങ്ങളും ആധുനിക കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറി. ഭൂവുടമകളെയും ബിസിനസ് വര്‍ഗങ്ങളെയും നെഹ്റുവിന്റെ നയങ്ങള്‍ വെല്ലുവിളിച്ചപ്പോള്‍ മതന്യൂനപക്ഷങ്ങളുടെയും അധസ്ഥിതഹിന്ദു ജനവിഭാഗങ്ങളുടെയും അവസ്ഥയില്‍ അതു ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. സ്വാതന്ത്യ്രസമരസേനാനികളായ നേതൃത്വത്തിനു പകരം നെഹ്റുവിന്റെ തണലില്‍ വളര്‍ന്ന പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. 


          നെഹ്റു 
1952, 1957, 1962 വര്‍ഷങ്ങളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ നെഹ്റു കോണ്‍ഗ്രസിനെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു. എന്നാല്‍, 1964ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ കോണ്‍ഗ്രസിന്റെ ഭാവി ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. നെഹ്റുവിനോളം ജനകീയനായ മറ്റൊരു നേതാവും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നില്ല. രണ്ടാം തലമുറയില്‍ പെട്ട നേതാക്കള്‍ ഒത്തുകൂടി മാന്യനും മൃദുഭാഷിയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ സമവായ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുകയായിരുന്നു. 1966ല്‍ മരണപ്പെടുന്നതു വരെ ശാസ്ത്രി പ്രധാനമന്ത്രിയായി തുടര്‍ന്നു. ശേഷം നടന്ന വിശാലമായ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയെ നേതാവായി തിരഞ്ഞെടുത്തു. 



                                             ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരേ 1967ല്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പു രൂപപ്പെട്ടു. പാര്‍ട്ടി പിളരുകയും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു. ഗരീബി ഹഠാവോ(ദാരിദ്യ്രം തുടച്ചുനീക്കുക) എന്ന ജനകീയ മുദ്രാവാക്യമുയര്‍ത്തി ഇന്ദിരാ കോണ്‍ഗ്രസ് രംഗത്തെത്തി.       1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വിജയവും ബംഗ്ളാദേശിന്റെ രൂപീകരണവും അനുകൂല
     ജയപ്രകാശ്  
തരംഗമായപ്പോള്‍ ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി തൂത്തുവാരി. സാവധാനം അവര്‍ ഒരു സ്വേഛാധിപതിയുടെ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. പാര്‍ലമെന്റിലെ വന്‍ഭൂരിപക്ഷത്തെ ഉപയോഗിച്ച് അവര്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഇടയിലുള്ള അധികാരസന്തുലനത്തില്‍ കേന്ദ്രത്തിന് അനുകൂലമായി മാറ്റം വരുത്തുകയും ചെയ്തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമരാഹിത്യവും കുഴപ്പവും ആരോപിച്ച് ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം രണ്ടു തവണ പ്രസിഡന്റ് ഭരണം അടിച്ചേല്‍പ്പിച്ചു. ഇന്ദിരാഗാന്ധിയുടെ സ്വേഛാധിപത്യ നടപടികള്‍ക്കെതിരേ സ്വാതന്ത്യ്രസമര സേനാനികളായിരുന്ന ജയപ്രകാശ് നാരായണന്‍, സത്യേന്ദ്ര നാരായണ്‍ സിന്‍ഹ, ആചാര്യ കൃപലാനി എന്നിവര്‍ രാജ്യമുടനീളം സഞ്ചരിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. ഇത്തരം നീക്കങ്ങളില്‍ പങ്കാളികളായ പ്രതിപക്ഷനേതാക്കളെ അറസ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു ഇന്ദിരാഗാന്ധി 


സത്യേന്ദ്ര നാരായണന്‍ 

1971ലെ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍നിന്ന് ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടത് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതോടെ മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1975 ജൂണ്‍ 26ന് ഇന്ത്യയുടെ പ്രസിഡന്റ് ഫഖ്റുദ്ദീന്‍ അലി അഹ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. താഴേക്കിടയില്‍നിന്നു പുതിയ നേതാക്കള്‍ ഉയര്‍ന്നുവരാന്‍ ഈ സാഹചര്യങ്ങള്‍ കാരണമായി. ജനതാദളിന്റെയും ജനതാപാര്‍ട്ടിയുടെയും ബാനറില്‍ അവര്‍ ഒരുമിച്ചുകൂടുകയും 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അമ്പേ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടു വര്‍ഷത്തിനകം ജനതാപാര്‍ട്ടി സര്‍ക്കാര്‍ നിലംപൊത്തുകയും 1980ല്‍ ഇന്ദിരാഗാന്ധി ഭരണത്തില്‍ തിരിച്ചുവരുകയും ചെയ്തെങ്കിലും അതുണ്ടാക്കിയ പരിക്കുകള്‍ നിസ്സാരമായിരുന്നില്ല. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്നതും സ്ഥിരവുമായിരുന്നു അത്. ജനതാപാര്‍ട്ടിയുടെ വിവിധ കഷണങ്ങള്‍ ഒരു സംഘം പുതിയ നേതൃത്വത്തിനു ജന്‍മം നല്‍കുകയും ഒ.ബി.സി. വിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും പ്രാദേശികമായ ലക്ഷ്യങ്ങളോടെ ഒരുമിച്ചുകൂട്ടുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കുത്തകയെ വെല്ലുവിളിക്കുന്ന രൂപത്തില്‍ പുതിയ പ്രാദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതാണു പിന്നീടു നാം കണ്ടത്. 


പ്രാദേശികവാദത്തിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും വളര്‍ച്ച :
ആചാര്യ കൃപലാനി 
ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ രാജ്യമാണ് ഇന്ത്യ. നിരവധി ഭാഷകളും മതസമൂഹങ്ങളും സംസ്കാരങ്ങളും ജാതികളും ഉള്ള നാട്. തലമുറകളായുള്ള ഈ വൈവിധ്യത്തിന്റെ കൂടപ്പിറപ്പായിരുന്നു ആഭ്യന്തരസംഘര്‍ഷങ്ങളും. പ്രാദേശികവാദം എന്നത് പുതിയൊരു പ്രതിഭാസമല്ല. തമിഴ്നാട്ടില്‍ ഡി.എം.കെയും പഞ്ചാബില്‍ അകാലിദളും സ്വാതന്ത്യ്രത്തിനു മുമ്പുതന്നെ രൂപപ്പെട്ട പ്രാദേശികകക്ഷികളാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലൂടെ കോണ്‍ഗ്രസിന് അതിന്റെ അടിത്തറ നഷ്ടപ്പെട്ടപ്പോള്‍ ആ ഒഴിവു നികത്തിയത് പ്രാദേശിക പാര്‍ട്ടികളായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കേന്ദ്രീകരണസ്വഭാവം സംസ്ഥാനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. ഇന്ദിരാഗാന്ധി ഈ ആശങ്കകള്‍ കൂടുതല്‍ ശക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സാമാജികര്‍ സ്വന്തം നേതാവിനെ തിരഞ്ഞെടുക്കുന്നതിനു പകരം അതു പോലും കോണ്‍ഗ്രസ് പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന അവസ്ഥയിലെത്തി. ജനകീയ അടിത്തറയ്ക്കു പകരം നേതാക്കള്‍ക്ക് ഒരു തരം രാജകീയപരിവേഷം നല്‍കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്.       
  ഇന്ദിര ഗാന്ധി 

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്ന രൂപത്തില്‍ ഭരണപരവും ധനകാര്യപരവുമായ കാര്യങ്ങളില്‍ പൊരുത്തമില്ലാത്ത ഫെഡറലിസത്തെയാണ് തുടര്‍ച്ചയായ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രോല്‍സാഹിപ്പിച്ചത്. സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നിട്ടും ധനസഹായം വിതരണം ചെയ്യുമ്പോള്‍ എന്തോ ഔദാര്യം ചെയ്യുന്നതു പോലെയാണ് കേന്ദ്രം പെരുമാറിയത്. ന്യൂനപക്ഷങ്ങളോടും(പ്രത്യേകിച്ച് മുസ്ലിംകളോട്) ദലിത്-ആദിവാസി സമൂഹങ്ങളോടും പിന്നാക്കഹിന്ദുക്കളോടുമുള്ള മാറിമാറി വരുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ സമീപനം തീര്‍ത്തും വിവേചനപരവുമായിരുന്നു.  കോണ്‍ഗ്രസിന്റെ നയങ്ങളിലെ ഇത്തരം പരാജയങ്ങള്‍ കാരണം ഇപ്പോഴവര്‍ കേവലം ഒമ്പതു സംസ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, മേഘാലയ, മിസോറാം എന്നിവയാണ് ഈ ഒമ്പതു സംസ്ഥാനങ്ങള്‍. അസം, ഉത്തരാഖണ്ഡ്, ഗോവ, ജമ്മുകശ്മീര്‍, കേരളം, മഹാരാഷ്ട്ര തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോടൊപ്പം കോണ്‍ഗ്രസ് അധികാരം പങ്കിടുന്നു. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥിതി ഏറെ ദയനീയമാണ്. 
    ചന്ദ്രബാബു നായിഡു 
ഒറീസയില്‍ ബിജു ജനതാദള്‍, ബിഹാറില്‍ ആര്‍.ജെ.ഡി, സമതാ പാര്‍ട്ടി, യു.പിയില്‍ എസ്.പി, ബി.എസ്.പി, മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും, ആന്ധ്രപ്രദേശില്‍ തെലുഗുദേശം, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, അസമില്‍ എ.ജി.പി. തുടങ്ങി നിരവധി പ്രാദേശിക പാര്‍ട്ടികളാണ് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ രൂപംകൊണ്ടത്. സ്വത്വം, സംസ്കാരം, ഭാഷ, ഒ.ബി.സി. വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങള്‍ക്കു മാത്രമേ ഇനി പരിഹാരം ഉണ്ടാക്കാനാവൂ എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഈ പ്രാദേശിക പാര്‍ട്ടികള്‍ വിജയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത വെല്ലുവിളിയായാണു തുടക്കത്തില്‍ ഇവ രംഗപ്രവേശം ചെയ്തതെങ്കില്‍ പിന്നീട് ദേശീയരാഷ്ട്രീയത്തെത്തന്നെ നിയന്ത്രിക്കുന്ന തലങ്ങളിലേക്കവ വളരുകയായിരുന്നു. 
          മമതബാനര്‍ജി 
ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ എണ്ണം 80കളിലും 90കളിലും സാവധാനം കൂടിവന്നു. 1952ല്‍ 55ഉം 1989ല്‍ 117ഉം പ്രാദേശിക പാര്‍ട്ടികളാണ് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരരംഗത്തുണ്ടായിരുന്നതെങ്കില്‍ 2009ല്‍ ഇത് 370 ആയി കുതിച്ചുയരുകയുണ്ടായി. 2009ല്‍ മല്‍സരിച്ച ദേശീയ പാര്‍ട്ടികളുടെ എണ്ണം കേവലം ഏഴെണ്ണം മാത്രമായിരുന്നു. 1989ലും 1952ലും ഇത് എട്ടായിരുന്നുവെന്നു നാം മനസ്സിലാക്കണം. വോട്ട് ഓഹരികളുടെ കാര്യത്തിലും ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇടയില്‍ ഇക്കാലയളവില്‍ വലിയ അന്തരമാണ് ഉണ്ടായിട്ടുള്ളത്. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ചത് 48 ശതമാനം വോട്ടായിരുന്നെങ്കില്‍ 2009ല്‍ ഇത് 28.6 ശതമാണ്. എന്നാല്‍, ബി.എസ്.പി. ഉള്‍പ്പെടെയുള്ള എല്ലാ പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി 2009ല്‍ ലഭിച്ച വോട്ട് 34.6 ശതമാനമാണ്. 1984ല്‍ ഇത് 11.2 ശതമാനമായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ നേടിയ ഈ വിജയത്തിനു മറ്റൊരു വശം കൂടിയുണ്ട്. ഗ്രാമപ്രദേശങ്ങളില്‍നിന്നും പിന്നാക്കവിഭാഗങ്ങളില്‍നിന്നുമുള്ള പ്രാതിനിധ്യം വര്‍ധിച്ചു എന്നതാണത്. 1952ല്‍ 47 ശതമാനം എം. പിമാരായിരുന്നു ഗ്രാമപ്രദേശങ്ങളില്‍ നിന്നുണ്ടായിരുന്നതെങ്കില്‍ 2004ല്‍ 66 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവില്‍ നഗരങ്ങളില്‍നിന്നുള്ള പ്രതിനിധ്യം 53 ശതമാനത്തില്‍നിന്ന് 34 ശതമാനമായി കുറയുകയായിരുന്നു. പിന്നാക്കജനവിഭാഗങ്ങളില്‍നിന്നുള്ള പ്രാതിനിധ്യവും ഈ കാലയളവില്‍ വര്‍ധിക്കുകയുണ്ടായി. 1952ല്‍ 12 ശതമാനമായിരുന്നത് 2004ല്‍ 30 ശതമാനമായി ഉയര്‍ന്നു. 1952ല്‍ 24 ശതമാനമായിരുന്നു ബ്രാഹ്മണരുടെ പ്രാതിനിധ്യമെങ്കില്‍ 2004ല്‍ അത് 10 ശതമാനമായി കുറഞ്ഞുവെന്നതും ഇതിന്റെ മറ്റൊരു ഫലമായിരുന്നു. 
        രാഹുല്‍ ഗാന്ധി 
പ്രാദേശിക പാര്‍ട്ടികളുടെ ഉയര്‍ച്ചയോടെ ഗ്രാമങ്ങളും പിന്നാക്കവിഭാഗങ്ങളും കൂടുതല്‍ ശാക്തീകരിക്കപ്പെട്ടു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. മതപരവും വര്‍ഗപരവും ജാതീയവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. സമൂഹത്തിന്റെ യഥാര്‍ഥ കണ്ണാടിയാവാന്‍ അവയ്ക്കായില്ല. പ്രത്യേക പ്രദേശങ്ങളുടെയോ പ്രത്യേക ജനവിഭാഗങ്ങളുടെയോ ദീര്‍ഘകാലമായി പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്ന  ആവശ്യങ്ങളില്‍നിന്ന് പുതിയ പുതിയ പാര്‍ട്ടികള്‍ പിറന്നുകൊണ്ടിരുന്നു.
        നവീന്‍ പട്നായിക് 
പ്രാദേശിക പാര്‍ട്ടികളുടെ ഉദയം  ജനാധിപത്യപ്രക്രിയയെ മൂന്നു രൂപത്തില്‍ ശക്തിപ്പെടുത്തിയതായി കാണാനാവും. ഒന്ന്, സത്രീകള്‍, ഗോത്രവര്‍ഗവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, താഴ്ന്ന ജാതിക്കാര്‍, ഗ്രാമീണസമൂഹങ്ങള്‍ എന്നിവര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം ലഭിച്ചു. രണ്ട്, ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. മൂന്ന്, ഒരു പ്രത്യേക നേതൃത്വത്തിനു ചുറ്റും ഇന്ത്യന്‍രാഷ്ട്രീയത്തെ ബന്ദിയാക്കി നിര്‍ത്തിയിരുന്ന അവസ്ഥ മാറി ജനാധിപത്യം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരേ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് രാഹുലും സോണിയയും പോരാടിയിട്ടും അമ്പേ പരാജയപ്പെട്ടത് ഈ യാഥാര്‍ഥ്യത്തെ കൂടുതല്‍ അടവരയിടുന്നു. 
     കരുണാനിധി 
നിര്‍ദ്ദിഷ്ട ഭീകരവിരുദ്ധ കേന്ദ്ര(എന്‍.സി..ടി.സി.)ത്തിനെതിരേ പോരാട്ടം ശക്തമാക്കുന്നതിന് കോണ്‍ഗ്രസ്, ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ക്കു കൂടുതല്‍ ശക്തി പകരുന്നതാണ് യു.പിയിലെ തിരഞ്ഞെടുപ്പുഫലം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു നേരെയുള്ള കടന്നുകയറ്റമായാണ് കേന്ദ്രത്തെ സംസ്ഥാനങ്ങള്‍ പൊതുവില്‍ വീക്ഷിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിക്കുന്ന ഒരു ഫെഡറല്‍ മുന്നണിക്ക് രൂപം നല്‍കുമെന്ന ബിജു ജനതാദള്‍ അധ്യക്ഷന്‍ നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനം രാജ്യത്തിന്റെ ഭാവിരാഷ്ട്രീയത്തെക്കുറിച്ച ചില സൂചനകള്‍ നല്‍കുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. യു.പി.എക്കും എന്‍.ഡി.എക്കും ബദലായി ഫെഡറല്‍ മുന്നണിയായിരിക്കുമോ ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കക?
        ലാലു പ്രസാദ് 
ജയിച്ചാലും തോറ്റാലും എല്ലാ തിരഞ്ഞെടുപ്പും തങ്ങള്‍ക്കൊരു പാഠമാണ്. ധാരാളം നേതാക്കള്‍, തെറ്റായ സ്ഥാനാര്‍ഥി നിര്‍ണയം, പണപ്പെരുപ്പം തുടങ്ങി പല കാരണങ്ങള്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ധാരാളം നേതാക്കളായിരുന്നില്ല കോണ്‍ഗ്രസിന്റെ പ്രശ്നം. പിന്നാക്കവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിന്റെ അഭാവമായിരുന്നു അവരുടെ പ്രശ്നം. അല്ലെങ്കില്‍ കേവല വാഗ്ദാനങ്ങള്‍ക്കപ്പുറം ഈ ജനവിഭാഗങ്ങളുടെ വിശ്വാസ്യത വീണ്െടടുക്കാന്‍ കഴിയുന്ന നേതൃത്വം കോണ്‍ഗ്രസിന് ഇല്ലാതെപോയി. മുസ്ലിംകളുടെ ഏറെ നാളത്തെ ആവശ്യമായ സംവരണത്തിനു വേണ്ടിയുള്ള മുറവിളികളെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേക്കാളും അവര്‍ക്ക് പഥ്യം മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായ എസ്.പിയെ ആയിരുന്നു. ഇത്തവണത്തെ നിയമസഭയില്‍ എസ്.പിയില്‍നിന്നു മാത്രം 42 മുസ്ലിം എം.എല്‍.എമാരാണുള്ളത്. 2010ലെ ഡയരക്ട് കോഡ് ബില്‍, 2010ലെ വഖ്ഫ് ഭേദഗതി ബില്‍, 2009ലെ വിദ്യാഭ്യാസ അവകാശ ബില്‍ എന്നിവയിലെ ന്യൂനപക്ഷ വിരുദ്ധത വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിട്ടും അതു ദൂരീകരിക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ മുഖവിലയ്ക്കെടുക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആവുമായിരുന്നില്ല. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ നയനിലപാടുകളില്‍ പ്രായോഗികമാറ്റങ്ങള്‍ക്കു കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാറും.


(ഇന്ത്യന്‍ മുസ്ലിം ഒബ്സര്‍വറില്‍നിന്ന്)



2012, ഏപ്രിൽ 17, ചൊവ്വാഴ്ച

ഉഹ്ദ് മലക്കുമുണ്ടൊരു കഥ പറയാന്‍ -1

   മരുഭൂമിയിലെ തണുത്ത പ്രഭാതം.മുഹമ്മദ്(സ)ധൃതിയിലാണ് നടന്നു നീങ്ങുന്നത്.അദ്ദേഹത്തോടൊപ്പമെത്താന്‍ അനുയായികള്‍   സാഹസപ്പെടുകയായിരുന്നു.മലമുകളില്‍നിന്നിറങ്ങിവരുന്നയാളെ പോലെയായിരുന്നു റസൂലിന്റെ സര്‍വസാധാരണമായ നടത്തമെന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.              എന്നാല്‍ മുഹമ്മദ്(സ) മ്ലാനവദനുമായിരുന്നു.
   തന്റെ പിറകില്‍ നിലയുറപ്പിച്ചവരിലും തന്നില്‍ വിശ്വസിച്ചവരിലുമൊക്കെ നടന്ന സംസ്കരണം എത്രമാത്രമുണ്ടായിരിക്കാം എന്നദ്ദേഹം ഉല്‍ക്കണ്ഠപ്പെട്ടു.നൂറ്റാണ്ടുകളിലായി ആര്‍ക്കും വഴങ്ങാത്ത ഗോത്രസംസ്കൃതിയെ ഇസ്ലാമിന്റെ മൂശയിലിട്ട് പാകപ്പെടുത്തുകയെന്നത് ചില്ലറ അധ്വാനമല്ല.കനലില്‍ ആളിക്കത്തുന്ന മൂശയിലേക്ക് ഉരുകിയൊലിക്കുന്ന  ലോഹം വാര്‍ത്തെടുക്കണം.പിന്നീട് അത് അടിച്ചു ശരിപ്പെടുത്തണം.പരീക്ഷണത്തിന്റെ അഗ്നിജ്വാലകള്‍ താണ്ടി മക്കയിലെ തെരുവീഥികളിലൂടെ നടന്നു നീങ്ങിയവരാണിവരില്‍ ഭൂരിഭാഗവും.എന്നാലും മനുഷ്യര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത പലതുമുണ്ടാകും.യുദ്ധം ജയിക്കാന്‍ അച്ചടക്കവും അനുസരണയും കൂടിയേ തീരൂ. ചടച്ച കുതിരകള്‍ ,എല്ലു പൊന്തിയ ഒട്ടകങ്ങള്‍ ,വിലകുറഞ്ഞ വാളുകള്‍ പഴക്കംച്ചെന്ന പരിചകള്‍ പിന്നെയോ ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും പരിക്ഷീണരായിരുന്ന കുറച്ചാളുകളും.പ്രവാചകന്റെ കൂടെ ഉഹ്ദിലേക്ക് മാര്‍ച്ച് ചെയ്യുന്ന സൈന്യത്തിന്റെ ഒരു ചെറുവിവരണമാണിത്.


   " നമ്മളെത്ര പേരുണ്ട്.താങ്കള്‍ക്ക് എണ്ണാനറിയാമല്ലോ അബൂബക്കര്‍ "
   " എഴുനൂറോളമുണ്ട് ദൂതരെ...."
   " അവര്‍ "
   " മൂവായിരമാണെന്നു കേട്ടു "
   കേട്ടത് പിന്നെയുമുണ്ടായിരുന്നു.സമ്പദ്സമൃദ്ധിയുടെ നെറുകയില്‍നിന്നു വരുകയാണ് മക്കയിലെ ഖുറൈശീഗോത്രം.നന്നായി ഭക്ഷണം കഴിക്കുന്നവര്‍ .ഏറ്റവും പുതിയ ആയുധങ്ങള്‍ ,മേത്തരം കുതിര കള്‍ ,ചുവന്ന പൂഞ്ഞയുള്ള ഒട്ടകങ്ങള്‍ ,ഇഷ്ടം പോലെ മദ്യം അടിമകളെക്കൊണ്ട് ചുമപ്പിച്ചുകൊണ്ട്  വരുകയാണു പോലും.അതീവസൌന്ദര്യമുള്ള അടിമസ്ത്രീകള്‍ കൂട്ടിനുണ്ട്.അവര്‍ നന്നായി പാട്ടുപാടി നൃത്തം ചെയ്യും.
   ഏതായാലും എഴുനൂറംഗസംഘം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുതന്നെ നീങ്ങുകയാണ്.മലമടക്കുകള്‍ ,മണല്‍ക്കൂനകള്‍ ,കൂര്‍ത്ത മുള്ളുള്ള കള്ളിച്ചെടികള്‍    അങ്ങനെ  പോകുന്നു വഴിയോരക്കാഴ്ച്ചകള്‍ .അങ്ങ് ദൂരെ ദൂരെ പശ്ചിമാബ്ധി യിലെവിടെയോ നീരുറവ തേടുന്ന  ഫാല്‍ക്കന്‍ പക്ഷികളുടെ ഒറ്റപ്പെട്ട ദൃശ്യങ്ങള്‍ .
   പദവിന്യാസങ്ങളുടെ ശബ്ദമല്ലാതെ ഉഹ്ദിലേക്കു നീങ്ങുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ സംഘത്തില്‍നിന്നു കാര്യമായൊന്നും കേള്‍ക്കാനില്ലായിരുന്നു.നിന്ദിതരുടെയും പീഡിതരുടെയുമായിരുന്ന ഈ സമൂഹം ഉല്‍ക്കര്‍ഷേച്ഛയുടെയും ഔന്നത്യത്തിന്റെതുമായ കൊടുമുടികള്‍ കൈയടക്കാന്‍ ആഗ്രഹിക്കുന്നു.ദൈവനിയുക്തനായ പ്രവാചകന്‍ മുഹമ്മദ് അവരുടെ കൂട്ടത്തിലുണ്ട്.അങ്ങേത്തലയ്ക്കല്‍ ഉഹ്ദ് മലഞ്ചെരുവിലെവിടെയോ ഇവരെ വിഴുങ്ങാന്‍ പാകത്തില്‍ കാത്തിരിക്കുന്നത് നാലിരട്ടിവരുന്ന  ശത്രുക്കളാണ്.പക്ഷേ ഭീതിയോ ആശങ്കയോ ഇവരില്‍ തെല്ലുപോലുമില്ല.കുറച്ചുമാസങ്ങള്‍ക്കു മുമ്പൊരു നാളില്‍ ബദ്റില്‍ വച്ചുണ്ടായ പരാജയത്തില്‍നിന്നുയിര്‍ക്കൊണ്ട വീര്യവുമായിട്ടാണ് ശത്രുപ്പടയുടെ വരവ്.വ്യക്തമായി പറഞ്ഞാല്‍ അവര്‍ മൂവായിരം പേരായിരുന്നില്ല.മൂവായിരം അണലികളായിരുന്നു.ഇന്ത്യന്‍ ചതുപ്പുകളില്‍ കാണുന്ന വര്‍ധിതവീര്യമുള്ള വിഷം ചീറ്റുന്ന അണലിപ്പാമ്പുകള്‍ .
   സംഘം ഉഹ്ദ്മലഞ്ചെരിവിലെത്തിയപ്പോള്‍ ആര്‍പ്പുവിളിക്കുന്നവരുടെ പ്രബലസംഘത്തെയാണ്  കാണാന്‍ കഴിഞ്ഞത്.മുമ്പേവന്നവര്‍ ,ശക്തന്മാര്‍ ,വമ്പന്‍മാര്‍ എല്ലാംമാണവര്‍ .ആഘോഷങ്ങളും   നൃത്തങ്ങളുമുണ്ട്.ചിലങ്കകളുടെ താളലയങ്ങള്‍ , പയറ്റുപരിശീലനത്തിനിടയില്‍ ഉയരുന്ന ആയുധങ്ങളുടെ സീല്‍ക്കാരശബ്ദങ്ങള്‍ .അങ്ങനെ ശബ്ദമുഖരിതമായ അന്തരീക്ഷം.പിന്നാലെ വന്നവരുടെ സംഘ ത്തെ പരിഹാസത്തോടെയും കൂവലോടെയും അവര്‍ സ്വീകരിച്ചു.
   മുഹമ്മദ് മലമടക്കുകള്‍ പരിശോധിച്ചു തുടങ്ങുകയായി.ഉഴരം കൂടിയതും കുറഞ്ഞതുമായ കുന്നുകളും മലകളും.ചരിത്രം രചിക്കാനും സാക്ഷിയാകാനും കാത്തിരിക്കുകയായിരുന്നു ഇതൊക്കെയും.വിഭിന്ന  വ്യക്തിത്വങ്ങളെ മുഹമ്മദ് ഉള്‍ക്കൊണ്ടിരുന്നു.യുദ്ധതന്ത്രജ്ഞ്ഞതയും.താഴ്വരയില്‍ വെച്ച് യുദ്ധം നടന്നാലുണ്ടാകുന്ന പ്രത്യാഘാതം അദ്ദേഹം വേഗത്തില്‍ ഊഹിച്ചു.പിറകുവശത്തുകൂടെ ശത്രുക്കള്‍ക്ക്  ഇരച്ചുകയറാം.മുഖത്തോടുമുഖം തിരിഞു പോരാടുന്നവര്‍ക്ക് അതൊന്നും എളുപ്പം ശ്രദ്ധിക്കാന്‍ കഴിഞെന്നു വരില്ല.മുഹമ്മദ് ചിന്താധീനനായി.
  "  ജുബൈര്‍ ,താങ്കള്‍ ഇങ്ങോട്ടുവരൂ "
  " പ്രവാചകരേ,എന്തുതന്നെയായാലും പറയൂ "
  "  താങ്കള്‍ ഈ മലയുടെ ഉച്ചിയില്‍ തന്നെ കഴറി നില്‍ക്കണം,കൂടെ ഏതാനും അമ്പെയ്ത്ത്കാരെയും കൂട്ടിക്കോളൂ,താഴ്വരയില്‍ നടക്കുന്ന യുദ്ധത്തിന്റെ ഗതി എന്തുത്തന്നെയായാലും അത് ഗൌനിക്കരുത്.നമ്മള്‍ വിജയം വരിച്ചാലും സ്ഥലം വിടരുത്.എന്‍റെ കല്‍പ്പന വരുന്നത് വരെ ഈ മലമുകളിലായിരിക്കട്ടെ ജുബൈറിന്‍റെ സ്ഥാനം.
  " അപ്പോള്‍ ഞങ്ങല്‍ക്ക് വില്ല് കുലയ്ക്കാന്‍ അധികാരമില്ല ?"
  "  ഉണ്ട്,ഇവിടെ നിന്നു താഴ്വരയിലെ അശ്വമുഖങ്ങളിലേക്ക് അമ്പെയ്യൂ,എങ്കില്‍ കുതിരകള്‍ ഒരിഞ്ച്  മുമ്പോട്ട് നീങ്ങില്ല."  
  " കല്‍പ്പനപ്പോലെ,അല്ലാഹുവിന്റെ ദൂദരേ."
മുഹമ്മദ് നിരീക്ഷിക്കുമ്പോള്‍ ശത്രുനിരയൊന്നടങ്കം എഴുന്നേല്‍ക്കുന്നതു കണ്ടു,നിരവധി ഗോത്രകലഹങ്ങളും പോരാട്ടങ്ങളും യുദ്ധങ്ങളും മുഖമുദ്രയായി സ്വീകരിച്ച ആ ജനതയ്ക്ക് എങ്ങനെ അണിയൊ ത്തു നില്‍ക്കണം എന്നു ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ലായിരുന്നു.അതവരുടെ രക്തത്തിലും 
ജീനുകളിലും ചേര്‍ന്നുനില്‍ക്കുന്നതാണ്.
   ഖുറൈശീപക്ഷത്ത് വലത്തേയറ്റത്തായി മുന്നിരയില്‍ തന്നെ സംഹാരരുദ്രനായി നില്‍ക്കുന്നയാള്‍  ഇകിരിമയാണ്.അയാള്‍ എന്തിന്നും തയ്യാറായിട്ടാണ് നില്‍പ്പ്."  നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ല "-  അയാള്‍ പലരോടും മനസ്സ് തുറന്നിരുന്നു.ബാപ്പയുടെ ജീവന്‍ ബദ്റില്‍ വെച്ച് നഷ്ടപ്പെട്ടു.അതിന്നു പ്രതികാരം ചെയ്യാതെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.ഈ യുദ്ധത്തില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ടാലും താന്‍ കൃതാര്‍ഥനായിരിക്കും.ആയുധങ്ങളുടെ മുഴുവന്‍ അഭ്യാസങ്ങളും മനപ്പാഠമാക്കിയവനാണ്  ഇകിരിമ.അയാള്‍ക്കറിയാത്ത യുദ്ധമുറകളില്ല.
   നിരയുടെ ഇടത്തേയറ്റത്ത് അജയ്യനായി വലീദിന്റെ മകന്‍ ഖാലിദ് ഉരുക്കുകൊട്ടപോലെ നിലകൊണ്ടു.ഇടതുവശത്തേക്കുള്ള ആക്രമണം മരണത്തിലേക്കുള്ള കവാടമാണെന്ന് മുസ്ലിംകള്‍ക്കുമറിയാം.ഖാലിദിനോടുള്ള കളി തീക്കളിയാണ്.മരുഭൂമിയിലെ സിംഹമായിരുന്നു വലീദ്.അയാളുടെ മകന്‍ പിന്നെ അങ്ങനെയല്ലാതെ വരുമോ ?പെരുമ്പാമ്പിന്റ്റെ അളയില്‍ അതിന്റെ കുഞ്ഞുങ്ങലല്ലാത     മുഴല്‍ക്കുട്ടികള്‍ വളരാറില്ലല്ലോ.
   അബൂസുഫ് യാന്‍റെ പത്നി ഹിന്ദ് അണികള്‍ക്കിടയിലൂടെ ഓടിനടക്കുന്നു.തലമുറകളിലൂടെ കൈമാറിവന്ന,അറബ് ജനതയുടെ വീരമൃത്യുവിനെപ്പറ്റി,മുസ്ലിംകള്‍ക്കെതിരെ താകീത് നല്‍കിയുള്ള ഉണര്‍ത്ത് പാട്ട് അവള്‍ പാടിക്കൊണ്ടേയിരിക്കുന്നു.
  മുന്‍നിരയില്‍ നിന്നു ഒരടി മുമ്പോട്ട് മാറി ഇരുകൈകള്‍ക്കൊണ്ടുംചേര്‍ത്തുപിടിച്ചകോടിയുമായിട്ടായിരുന്നു ഹുവൈത്തിന്‍റെ മകന്‍ ഉസ്സ നിലയുറപ്പിച്ചത്.ഇവിടെ മരിക്കേണ്ടിവന്നാലും ഉഹ്ദിലെ ധ്വജവാഹകനന്ന് ലോകമരിമറിയുമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു അവന്‍. ..   
   സേനയുടെ പടനായകന്‍ അബൂസുഫ് യാന്‍  നീട്ടിവളര്‍ത്തിയ താടിയുഴിഞ്ഞുക്കൊണ്ടദ്ദേഹം   മദ്ധ്യത്തിലായി നിന്നുകൊണ്ട്,തന്റെ സൂത്രകണ്ണുകളാല്‍ രംഗവീക്ഷണം നടത്തുകയായിരുന്നു.അനുഭവസമ്പത്തിലും അറിവിലും മികച്ച്നില്‍ക്കുന്നവന്‍.,ധനാഢ്യന്‍,വര്‍ത്തകമുഖ്യന്‍,നാട്ടുപ്രമാണി   ഇനിയുമെത്രയോ തൂവലുകള്‍ ചേരും അയാളുടെ കിരീടത്തിന്ന്. 
  " ഓ,മുഹമ്മദ്,എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ -"  യുദ്ധമുഖത്തുനിന്ന് അയാളുടെ ശബ്ദമുയര്‍ന്നു.എങ്ങും നിശബ്ദദ പടര്‍ന്നു,നിന്നെ എനിക്കറിയാം മുഹമ്മദ്.നിന്നെമാത്രമല്ല നിന്റെ പിതാവ് അബ്ദുള്ളയേയും അവരുടെ പിതാവ് അബ്ദുള്‍ മുത്തലിബിനെയും.അബ്ദുല്ലയുമായി വിവാഹന്യേശനത്തിന്നുവേണ്ടി വഹബ് വന്നത് എന്റെ വാപ്പയുടെ അരികിലേക്കാണ്.ആ വഹബിന്റെ മകള്‍ ആമിനയുടെ പുത്രനാണ് നീ.ഉണക്കമാംസവും ഗോതമ്പു റൊട്ടിയും കഴിച്ച് വളര്‍ണ്ണവളാണ് ആമിന.
അത്യധാനം ചെയ്ത് കച്ചവടം നടത്തിയെങ്കില്‍ മാത്രം കഴിഞ്ഞുകൂടാനുള്ള വരുമാനമേ നിന്റെ വാപ്പക്കുണ്ടായിരുന്നുള്ളൂ.കിസ്റയുടെയും കൈസറിന്റെയും ചാര്‍ച്ചക്കാരനാണ് നീയെന്ന ഭാവമുണ്ടെങ്കില്‍ അതങ്ങ് മാറ്റിവയ്ക്കുക.സര്‍വത്ര നാശത്തിലേക്ക് നാടിനെ നയിച്ചവന്‍ നീയാണ്,ഹിറാമലമുകളില്‍ നിന്ന് ഭൂതാവിഷ്ടനെപോലെ നീ ഇറങ്ങിവന്നപ്പോള്‍ നിന്ദിതനും പീഡിതനുമായി മാറിയത് ചരിത്ര 
മാണ്.ശാന്തിയും സമാധാനവും നിറഞ്ഞ അറേബ്യന്‍ ഭൂകണ്ഡത്തില്‍ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടായി തുടങ്ങിയത് നീ മൂലമാണ്.ധര്‍മത്തെപ്പറ്റിയും സത്യത്തെപ്പറ്റിയും കവലകളില്‍ പ്രസംഗിച്ചു നടക്കുന്ന മനുഷ്യാ,നിനക്കെന്തവകാശമാണ് അത്തരം പദങ്ങളുപയോഗിക്കാന്‍ ".
  " നോക്കൂ,ഹാശിംവംശജനും നിന്റെയടുത്ത ബന്ധുവുമായ അബൂജഹലിനെ ബദ്റില്‍ വെച്ച് നിന്റെ സൈന്യം വധിച്ചു,വന്ദ്യനായ ഉമയ്യത്തിനെയും അദ്ദേഹത്തിന്റെ മകനെയും വെട്ടിക്കൊന്നത് നിന്റെ ആളുകളോ അതോ ഞങ്ങളോ ?ഹിശാമിനെ അമ്പെയ്തു കൊന്നു,അസ് വദിനെ ഹംസയല്ലേ കൊന്നത് ?റബീഅ,ശൈബ,വലീദ് തുടങ്ങി ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരുടെ പട്ടിക നീണ്ടതാണ്.എന്തിന് എന്റെ സഹധര്‍മിണിയുടെ പിതാവായ ഉത്ബയെയും അളിയനെയും ബദ്റില്‍ വെച്ച് കൊലപ്പെടുത്തിയതിന്നും നിനക്കുണ്ടായിരിക്കുമല്ലോ ന്യായങ്ങള്‍ ,ഇതൊക്കെയായിരിക്കും നിന്റെ ധര്‍മ്മമാര്‍ഗം.ഇവിടെ സാത്താന്‍മാര്‍ വേദപുസ്തകം    വായിക്കുന്നു " 
   മുസ്ലിംപക്ഷത്തുനിന്നു അലി കടന്നുവന്നു.പ്രവാചകന്‍ അദ്ദേഹത്തിന്ന് അനുവാദം കൊടുത്തിരുന്നു.ഇക് രിമയുടെ കൂര്‍ത്തപരിഹാസവാക്കുകള്‍ അലിക്ക് നേരിടേണ്ടിവന്നു.
 " അലീ,എടാ തല്ലുകൊള്ളീ,നീ മാത്രമേയുള്ളോ ഇതിന്നു മറുവടിപറയാന്‍ ?"
 വീതിയുള്ള നെഞ്ചും അല്‍പ്പമൊന്നകത്തേക്ക് കുനിഞ്ഞ ശരീരവും ശത്രുവില്‍ ഭീതിജനിപ്പിക്കുന്ന വാക്ക്ചാതുരിയും താത്ത്വികന്റെ വിടര്‍ന്ന കൈകളും അല്ലാഹു അലിക്ക് കനിഞ്ഞുനല്‍കിയതാണ്.അദ്ദേഹത്തിന്റെ ശബ്ദം മരുഭൂമിയില്‍ മുഴങ്ങുന്ന സിംഹഗര്‍ജ്ജനം പോലെ പ്രതിധ്വനിച്ചു.
  " സേനാനായകന്‍ സുഫ് യാന്‍ ,ഞാന്‍ മാത്രമേ മറുവടി പറയാനുള്ളുവോ എന്നു താങ്കളുടെ സുഹൃത്ത്  എന്നോടു ചോദിക്കുന്നു.താലിബിന്റെ മകന്‍ അലി അതിന്ന് യോഗ്യന്‍ തന്നെയാണ്.അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് -ദൈവത്തിന്റെ കരുണാകടാക്ഷങ്ങള്‍ അദ്ദേഹത്തിലുണ്ടാവട്ടെ -അധര്‍മ്മങള്‍ക്കും വിഗ്രഹാരാധനയ്ക്കുമെതിരെ സമരം തുടങ്ങിയ ഒന്നാമത്തെ ദിവസം മുതല്‍ ഞാനദ്ദേഹത്തിന്റെ കൂടെയായിരുന്നു.വിഡ്ഢിത്തങ്ങളും പൊങ്ങച്ചങ്ങളും എഴുന്നള്ളിച്ച് ഞങ്ങളുടെ കൈകളാല്‍ 
വധിക്കപ്പെട്ടവനാണല്ലോ ഇക് രിമയുടെ പിതാവ് അബൂജഹല്‍ ,താങ്കളുടെ ബന്ധുക്കാരെയും ഞങ്ങള്‍ വധിച്ചിട്ടുണ്ട്.എന്തിനെന്ന് ചോദിച്ചുവോ ?ഇല്ല.അത് താങ്കള്‍ ചോദിക്കില്ല.നിങ്ങളൊക്കെ ജനിച്ചുവള ര്ന്ന മക്കാപട്ടണത്തില്‍ തന്നെയാണ് കൂട്ടരേ ഞങ്ങളും ജനിച്ചത്.അല്ലാഹുവിന്റെ ദൂതന്‍ എന്തു തെറ്റ്  ചെയ്തത്കൊണ്ടായിരുന്നു താഇഫിലേക്ക് ഓടിക്കപ്പെട്ടതെന്നു പറയാമോ ?ഞങ്ങളില്‍ ചിലരെയാല്ലാം ചുട്ടുപഴുത്ത മണല്‍പ്പരപ്പിലൂടെ നിങ്ങള്‍ വലിച്ചിട്ടുണ്ട്.അറ്റമില്ലാത്ത കാടത്താമേ,നിന്നെ ഞാന്‍ ഖുറൈശീ സംസ്കാരമെന്നു വിളിക്കട്ടെ.
 സേനാമുഖ്യാ,ആ സമയങ്ങളിലെല്ലാം എവിടെയായിരുന്നു താങ്കളുടെ ധാര്‍മികത.വിശുദ്ധഗേഹത്തി ന്റ്റെ തിരുമുറ്റത്ത് പ്രവാചകന്‍ പ്രണാമത്തിലിരിക്കെ ശിരസ്സിലേക്ക് ഒട്ടകത്തിന്റെ കുടല്‍മാലകള്‍ 
വലിച്ചിട്ടത് നിങ്ങളുടെയൊക്കെ നൈതികത കൊണ്ടായിരിക്കുമല്ലോ.മരുഭൂമിയിലെ വിജനമായ  താഴ്വരയിലേക്ക് ഞങ്ങളെ നിങ്ങളില്‍ ചിലര്‍ ആട്ടിയോടിച്ചു.അന്നൊക്കെ ഞങ്ങള്‍ വിശപ്പടക്കിയിരുന്നത് മരത്തോലുകളും ചെരിപ്പിന്‍ കഷണങ്ങളും വെള്ളത്തില്‍ കുതിര്‍ത്തു കഴിച്ചായിരുന്നു സുഹൃത്തെ ജീവന്‍ നിലനിര്‍ത്തിയത്.അവിടെയും രക്ഷയില്ലാതെ അബ്സീനിയയിലേക്ക് ചിലര്‍ മണ്ടിച്ചെന്നു.അവിടെയുമെത്തിയില്ലെ നിങ്ങള്‍ !അവസാനം ജന്മനാടായ മക്കാപട്ടണത്തെ ഞങ്ങള്‍ക്കുപേക്ഷിക്കേണ്ടി വന്നു.എന്തിനെന്നോ,പ്രവഞ്ചസൃഷ്ടാവിന്റെ ഹിതമനുസരിച്ചു ജീവിക്കാന്‍ മാത്രം.ഒരേയൊരു മുദ്രാവാക്യം ഉഴര്‍ത്തിപ്പിടിക്കാന്‍,അത് ഇത്രയുമാണ്,അല്ലാഹു അല്ലാതെ ആരാധ്യനില്ല,മുഹമ്മദ് അവന്റെ ദൂതനാകുന്നു.
  ഞങ്ങളുടെ ചാരന്മാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്.നിങ്ങളുടെ സൈന്യം ഇവിടെക്ക് വരുന്ന വഴി ഒരിടത്തു അല്പ്പം തങ്ങിയത്രെ.പ്രവാചകന്റെ ഉമ്മ ആമിനയുടെ  ഖബര്‍ അവിടെയുണ്ട്.അത് മാന്തി ജഡം പുറത്തെടുക്കാന്‍ ശ്രമിച്ചില്ലെ.ആ സ്ത്രീ ചെയ്ത തെറ്റെന്തായിരുന്നു ?മുഹമ്മദ് എന്ന കുഞ്ഞിന്നു ജന്മം കൊടുത്തതോ ?
  ഞങ്ങള്‍ക്കൊക്കെയും ഒരു ഭൂതകാലമുണ്ടായിരുന്നു കൂട്ടരേ,അതൊക്കെ നിങ്ങളുടെ വര്‍ത്തമാനകാലമാണ്.സ്വരക്തത്തില്‍ പിറന്ന കുഞ്ഞിനെ കുഴിച്ചുമൂടാത്തവരായി നിങ്ങളില്‍ എത്രപേരുണ്ട് ?നിങ്ങളിപ്പോയും ശവങ്ങള്‍ ഭക്ഷിക്കുന്നു.നിസ്സാരകാര്യത്തിന്ന് ആളെ കൊല്ലുന്നു,ലജ്ജയില്ലാതെ പരസ്യമായി വ്യഭിചരിക്കുന്നു.മദ്യത്തില്‍ മുങ്ങിത്തുടിക്കുന്നു.വിഗ്രഹങ്ങള്‍ക്കുമുന്നില്‍ തലകുനിക്കുന്നു.ഇതിനെയൊക്കെയാണോ നമ്മുടെ ജന്മം ഉപയോഗിക്കേണ്ടത് ?ഇത്തരത്തിലുള്ള സകല തിന്മകളില്‍ നിന്നും ഞങ്ങള്‍ മുക്തി നേടിയിട്ടുണ്ടെങ്കില്‍ അതിന്ന് കാരണം ദൈവനിയുക്തനായ പ്രവാചകന്‍ ഞങ്ങളിലുള്ളതാണ്.
    ഒരല്‍പ്പനേരത്തെ നിശബ്ദദ അവിടെയാകേ പരന്നു.ഇരുപക്ഷവും തങ്ങളുടെ ഭൂതകാലങ്ങളിലേക്കു  മനസ്സിനെ  പായിച്ചതായിരുന്നു.ഇരുപക്ഷത്തുമുണ്ട് രക്തബന്ധുക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തുടങ്ങാവുന്നയുദ്ധത്തില്‍ ആര്‍ക്ക് ആരെയൊക്കെ വധിക്കേണ്ടിവരും. ഏതൊക്കെ തലകളായിരിക്കും ആ മണല്‍ത്തിട്ടയില്‍ കിടന്ന് ഉരുളുന്നത് ?.
   ഈ സമയത്ത് മുഹമ്മദ് മുമ്പോട്ട് കടന്നുവന്നു.ഇതുവരെയും അദ്ദേഹം അണികള്‍ക്ക് വീര്യം നല്കിയതായിരുന്നു.അച്ചടക്കവും ക്ഷമയും കൈവിട്ടുകളഞ്ഞില്ലെങ്കില്‍ വിജയം നിങ്ങളോടൊപ്പമുണ്ടെന്ന് മുഹമ്മദ് ആവര്‍ത്തിച്ചു.പ്രവാചകന്റെ അടുത്തനീക്കമെന്തന്നറിയാന്‍ സകല മിഴികളും അവിടെക്കു കേന്ദ്രീകരി ച്ചു.കൈയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന വാള്‍ മുഹമ്മദ് നീട്ടിപ്പിടിച്ചു.
                  എന്തായിരിക്കും സംഭവിക്കുക,റസൂലിന്റെ വാള്‍ എന്ത് ചെയ്യും.                                                                        






                                                                  (തുടരും)






   

2012, ഏപ്രിൽ 15, ഞായറാഴ്‌ച

സന്തുലിതമാവാത്ത അസന്തുലിതവാദം




മുസ്ലിം ലീഗും കോണ്‍ഗ്രസുമായുള്ള കെട്ടുബന്ധത്തിനു നാലു പതിറ്റാണ്ടു കഴിഞ്ഞെന്നാണു കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ്‌ ഡല്‍ഹിയില്‍ പറഞ്ഞത്‌. ഇണങ്ങിയും പിണങ്ങിയുമുള്ള ഇരുകൂട്ടരുടെയും പോക്ക്‌ ഇതിനു മുമ്പ്‌ പലഘട്ടത്തിലും കേരളീയര്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്‌. ബാബറി പള്ളി പൊളിഞ്ഞപ്പോള്‍ ഒരു വേര്‍പിരിയലൊക്കെ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഇടയ്‌ക്കുള്ള പിണക്കത്തിന്‌ ഒരിക്കല്‍ ഇത്തിരി കട്ടികൂടിയിരുന്നെങ്കിലും തലാഖിലെത്താതെ ഒന്നായി ജീവിക്കാന്‍ രണ്ടു കൂട്ടരും തീരുമാനിച്ചു. കോണ്‍ഗ്രസില്‍നിന്ന്‌ അടിയും തൊഴിയുമൊക്കെ കിട്ടിയാലും അങ്ങനെയൊന്നും പിരിഞ്ഞുപോകാന്‍ ലീഗിനു കഴിയില്ല. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഇണക്കപിണക്കങ്ങളെ ഒരു ഫുട്‌ബോള്‍ കളികണക്കെയായിരുന്നു കേരളം കണ്ടത്‌. കാണികളാരും വല്ലാതെ കളിക്കളത്തിലിറങ്ങി കളിച്ചിരുന്നില്ല. എന്നാല്‍, അഞ്ചാം മന്ത്രിവിവാദത്തില്‍ അസ്വാഭാവികമായ ചില ഗ്യാലറി കളികള്‍ ഉയര്‍ന്നുകണ്ടു. 


പാര്‍ട്ടികളില്‍തന്നെ അധികാരത്തിനുള്ള വടംവലി ഉച്ചിയിലെത്തുന്ന കാലത്ത്‌ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാകുന്ന മുന്നണികള്‍ക്കിടയില്‍ ഇത്തരം തര്‍ക്കങ്ങള്‍ സ്വാഭാവികം മാത്രം. തെരഞ്ഞെടുപ്പിലെ സീറ്റ്‌ വിഭജനവും ബോര്‍ഡ്‌ കോര്‍പറേഷന്‍ വീതംവയ്‌ക്കലും മന്ത്രിസഭാ രൂപീകരണവും രാജ്യസഭാ സീറ്റുമെല്ലാം മുന്നണികള്‍ക്കിടയില്‍ എന്നും കീറാമുട്ടികള്‍തന്നെയായിരുന്നു. ഐക്യകേരള രൂപീകരണത്തിനു ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പു വേളകളിലും ഹ്രസ്വദീര്‍ഘകാല ചര്‍ച്ചകള്‍ ധാരാളം നടന്നുകഴിഞ്ഞു. എന്നാല്‍, അനഭിലഷണീമായ ഒരു പ്രവണതയാണ്‌ അഞ്ചാം മന്ത്രി വിവാദത്തെ മറപിടിച്ച്‌ സംസ്‌ഥാനത്ത്‌ ഉയര്‍ന്നുവന്നത്‌. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ട ചര്‍ച്ചയായിരുന്നില്ല ഇത്‌. തീര്‍ത്തും രാഷ്‌ട്രീയമായ ആവശ്യമായിരുന്നു ലീഗ്‌ ഉന്നയിച്ചത്‌. തങ്ങളുടെ ഈ രാഷ്‌ട്രീയ ആവശ്യത്തെ സാമുദായിക സന്തുലിതത്വത്തിന്റെ പരിചയുമായി മറ്റുള്ളവര്‍ നേരിട്ടപ്പോള്‍ ലീഗ്‌ നന്നായി വിയര്‍ത്തു. പ്രതിരോധിക്കാന്‍ ആയുധമില്ലാതെ വന്നു. എന്‍.എസ്‌.എസിന്റെയും എസ്‌.എന്‍.ഡി.പിയുടെയും സംഘപരിവാര ശക്‌തികളുടെയും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ക്കു രാഷ്‌ട്രീയമായി മറുപടി പറയേണ്ട ബാധ്യത ലീഗിനുണ്ടായിരുന്നു. സന്ദര്‍ഭത്തിനൊത്ത്‌ ഉയര്‍ന്നു പ്രതികരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ തയാറായത്‌ ഏതായാലും നന്നായി. ലീഗ്‌ ഉന്നയിച്ചത്‌ മതപരമോ സാമുദായികമോ ആയ ആവശ്യമല്ലെന്നും തീര്‍ത്തും രാഷ്‌ട്രീയാവശ്യമാണെന്നും പറഞ്ഞ്‌ ഗതിമാറ്റം നടത്തിയതു രമേശ്‌ ചെന്നിത്തലയാണ്‌. 


അനവസരത്തിലാണ്‌ ഇരുമുന്നണികളിലെയും പ്രബല നേതാക്കളും സമുദായസംഘടനകളും സാമുദായിക സന്തുലിതവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. ഇത്തരമൊരു വാദം നിലനില്‍ക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ സത്യസന്ധതയോടെ സമുദായ സംഘടനകളും രാഷ്‌ട്രീയ നേതൃത്വവും ഭരണകൂടവും തയാറാവണം. ആത്മാര്‍ഥതയോടെയാണ്‌ ഓരോരുത്തരുടെയും നിലപാടെങ്കില്‍ മുഴുവന്‍ മേഖലയിലെയും സന്തുലിതത്വത്തെകുറിച്ച്‌ തുറന്ന ചര്‍ച്ചകളുണ്ടാവണം. ജനസംഖ്യാനുപാതത്തില്‍ ഓഹരിവയ്‌ക്കല്‍ എപ്പോള്‍ സാധ്യമാണോ അന്നു മാത്രമാണ്‌ സന്തുലിതത്വം സാധ്യമാകൂ. 


അതുപറയാന്‍ ആര്‍ക്കുണ്ട്‌ ധൈര്യമെന്നതാണ്‌ പ്രശ്‌നം. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒട്ടും സന്തുലിതമല്ലാത്ത ഘടനയിലാണു യു.ഡി.എഫ്‌. അധികാരത്തിലിരിക്കുന്നത്‌. മൂന്ന്‌ എം.എല്‍.എമാര്‍ മാത്രമുള്ള ഈഴവ സമുദായത്തിലെ രണ്ടുപേരും മന്ത്രിമാരാണ്‌. ജനസംഖ്യയിലെ 12 ശതമാനത്തില്‍ താഴെ മാത്രമുള്ള നായര്‍ സമുദായത്തിന്‌ അഞ്ച്‌ അധികാരസ്‌ഥാനങ്ങളുണ്ട്‌. 19 ശതമാനമുള്ള ക്രൈസ്‌തവ സമൂഹത്തിന്‌ ഏഴു സ്‌ഥാനങ്ങളുണ്ട്‌. 28 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിനു സമുദായവിരുദ്ധ നിലപാടില്‍ വിട്ടുവീഴ്‌ച ചെയ്യാത്ത ആര്യാടനുള്‍പ്പെടെ അഞ്ചു പേരാണുള്ളത്‌. 


ഒരു വര്‍ഷമായി തുടരുന്ന അസന്തുലിതാവസ്‌ഥയില്‍ കോണ്‍ഗ്രസിനകത്തുനിന്നോ എന്‍.എസ്‌.എസില്‍നിന്നോ എസ്‌.എന്‍.ഡി.പിയില്‍നിന്നോ ഒരു പ്രതികരണവും ഉണ്ടായിക്കണ്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം മാത്രമല്ല ഇടതുമുന്നണി കേരളം ഭരിച്ച ഓരോ ഘട്ടത്തിലും ഇങ്ങനെയുള്ള അസന്തുലിതാവസ്‌ഥ നിലനിന്നിരുന്നു. മൂന്നില്‍ കൂടുതല്‍ മുസ്ലിംകള്‍ ഒരുകാലത്തും ഇടതുപക്ഷം ഭരിച്ചപ്പോള്‍ മന്ത്രിസ്‌ഥാനങ്ങളിലുണ്ടായിരുന്നില്ല. എന്നാല്‍ ഈഴവസമുദായവും നായര്‍ സമുദായവും ചേര്‍ന്നാണ്‌ കേരളം ഭരിക്കുന്നതെന്ന ആക്ഷേപമൊന്നും ഇടതുഭരണകാലങ്ങളില്‍ ഒന്നും ഉയര്‍ന്നുവന്നില്ല. അതിനപ്പുറം അനര്‍ഹമായത്‌ തിരിച്ചുനല്‍കി മറ്റുള്ളവരെ പരിഗണിക്കണമെന്ന വിശാല മനസ്‌ കാണിക്കാന്‍ നായര്‍  ഈഴവ സമുദായ നേതാക്കള്‍ മുമ്പോട്ടു വന്നതായും അറിവില്ല. ഇപ്പോള്‍ ഈ വിവാദത്തില്‍ നിരന്തരമായി മുസ്ലിംവിരുദ്ധ മനസ്‌ കാത്തുസൂക്ഷിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കു വിധേയനായ വി.എസും കക്ഷിചേര്‍ന്നിരിക്കുന്നു. മല്‍സരിക്കാനായി സീറ്റ്‌ വീതം വയ്‌ക്കുമ്പോഴും മന്ത്രിസഭ രൂപീകരിക്കുമ്പോഴുമൊന്നും പ്രകടിപ്പിക്കാത്ത അസന്തുലിതത്വ ചര്‍ച്ചകള്‍ അനവസരത്തില്‍ ഉയര്‍ന്നുവരുന്നതില്‍ ഉല്‍ക്കണ്‌ഠപ്പെടേണ്ടതുണ്ട്‌. 


പരസ്‌പര സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ഒരു നല്ല മണ്ണിനെയാണ്‌ വിഷലിപ്‌തമാക്കിമാറ്റിയത്‌. രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കു മതസാമുദായിക വര്‍ഗീയമാനം പകര്‍ന്ന്‌ നല്‍കുന്നതിലൂടെ നമ്മുടെ നല്ലബന്ധങ്ങളെയാണ്‌ കൊത്തിയറുക്കുന്നത്‌. പരസ്‌പര വിദ്വേഷത്തിനും അകല്‍ച്ചയ്‌ക്കും വഴിമരുന്നിടുന്ന ഇത്തരം വിവാദങ്ങള്‍ അടിസ്‌ഥാനമില്ലാത്ത വസ്‌തുതകളുടെ പേരിലാണെന്നതാണ്‌ ഏറെ ഖേദകരം. ഒരു പ്രദേശത്തുണ്ടാകുന്ന വര്‍ഗീയ ചേരിതിരിവിനെ അവിടെവച്ചുതന്നെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നുവരാം. എന്നാല്‍, തലമുറകളുടെ മനസിലേക്ക്‌ വിഷം വമിക്കുന്ന ആക്ഷേപങ്ങള്‍ ഉതിര്‍ത്ത്‌ വിടുമ്പോള്‍ പക്വമതികളായ നേതൃത്വങ്ങള്‍ രണ്ടുവട്ടമൊന്നാലോചിക്കേണ്ടിയിരുന്നു. 


മുസ്ലിം ലീഗിനു നല്‍കുന്ന സ്‌ഥാനമാനങ്ങള്‍ അത്‌ സമുദായത്തിനു നല്‍കുന്ന അംഗീകാരമാണെന്നു പ്രചരിപ്പിക്കുന്നതില്‍ അര്‍ഥമില്ല. മുസ്ലിം സമുദായത്തിന്റെ പേരില്‍ ലീഗ്‌ നേടിയെടുക്കുന്ന പലതും സമ്പന്നമധ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്‌ക്കു മാത്രമാണ്‌ പ്രയോജനപ്പെടുന്നത്‌. 


ലീഗ്‌ അധികാരത്തിലിരുന്ന ഓരോ സന്ദര്‍ഭവും പാര്‍ട്ടിയിലെയും നേതൃത്വത്തിലെയും സമ്പന്നന്മാരും ആശ്രിതവല്‍സലന്മാരും തടിച്ചുകൊഴുക്കുക മാത്രമാണ്‌ ചെയ്‌തത്‌. അലിക്കു മന്ത്രിസ്‌ഥാനം നല്‍കിയതിലൂടെ ലീഗ്‌ ഒരിക്കല്‍കൂടി തങ്ങളുടെ പ്രതിബദ്ധത സമ്പന്നവര്‍ഗത്തോടാണെന്നു ബോധ്യപ്പെടുത്തിയിരിക്കുന്നു. ലീഗ്‌ നേടിയെടുക്കുന്ന ഈ ആനുകൂല്യത്തെ മറപിടിച്ച്‌ മറ്റു സമുദായങ്ങള്‍ വിലപേശുമ്പോള്‍ അവിടെ ലീഗ്‌ മൗനം പാലിക്കുകയോ അതിനനുകൂലമായി നില്‍ക്കുകയോ ചെയ്‌ത പാരമ്പര്യമാണുള്ളത്‌. നരേന്ദ്രന്‍ കമ്മിഷന്‍ പാക്കേജിലെ മുന്നോക്ക വിഭാഗങ്ങള്‍ക്ക്‌ 10 ശതമാനം വിദ്യാഭ്യാസ സംവരണം നല്‍കിയത്‌ ലീഗിന്റെ കൈയൊപ്പോടെയാണ്‌. 2012 ലെ ബജറ്റില്‍ പിന്നാക്ക വികസന കോര്‍പറേഷന്‌ 10 കോടി രൂപ നീക്കിവച്ചപ്പോള്‍ അത്രയുംതന്നെ മുന്നാക്ക വികസന കോര്‍പറേഷനും നല്‍കിയപ്പോള്‍ ലീഗിന്റെ ഭാഗത്തുനിന്നു പ്രതികരണമില്ലാതെ പോയി. സംസ്‌ഥാന ജനസംഖ്യയുടെ 64.5 ശതമാനം പിന്നാക്കവിഭാഗങ്ങളാണ്‌. 24.41 ശതമാനമാണ്‌ മുന്നാക്ക വിഭാഗങ്ങളുള്ളത്‌. അര്‍ഹമായതിലധികം മുന്നാക്ക സമുദായങ്ങള്‍ വിവിധ മേഖലകളില്‍ ഇതിനകംതന്നെ നേടിയിരിക്കെയാണ്‌ ഭരണഘടനയുടെ അന്തസത്തയ്‌ക്കു നിരക്കാത്ത സാമ്പത്തിക സംവരണവാദം ഇരുമുന്നണികളും ഉയര്‍ത്തിക്കൊണ്ടു വരുന്നത്‌. 1982,87 ല്‍ ലീഗ്‌ അധികാരത്തിലുള്ളപ്പോഴാണ്‌ പിന്നാക്ക സംവരണ സമുദായങ്ങള്‍ക്കു സംവരണം നിഷേധിച്ച്‌ കോടതിനിയമനങ്ങള്‍ പി.എസ്‌.സിയില്‍നിന്ന്‌ എടുത്തുമാറ്റി ഹൈക്കോടതിക്കു നല്‍കിയത്‌. സ്വകാര്യമേഖലയുടെ പ്രോല്‍സാഹനം ലീഗ്‌ സ്വന്തം അജന്‍ഡയാക്കി മാറ്റിയതില്‍ സംവരണ വിഭാഗങ്ങളുടെ ശത്രുപക്ഷത്താണു ലീഗുള്ളതെന്നു ബോധ്യമായിക്കൊണ്ടിരിക്കുന്നു. 


ചുരുക്കത്തില്‍ അഞ്ചല്ല പത്തു മന്ത്രിസ്‌ഥാനം കിട്ടിയാലും ലീഗിനെ അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്‌ത സാധാരണ പ്രവര്‍ത്തകര്‍ക്കോ സ്വസമുദായത്തിനോ വലിയ നേട്ടമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. അഞ്ചാം മന്ത്രി വിവാദത്തില്‍ ഇ. അഹമ്മദിന്റെ മന്ത്രിസ്‌ഥാനത്തേക്കും കൈയേന്താന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ തുനിഞ്ഞുകണ്ടു. എന്നാല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കറിയാത്തതോ മറച്ചുവച്ചതോ ആയ മറ്റൊരു സത്യമുണ്ട്‌. യു.ഡി.എഫ്‌. സംവിധാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്‌ ലീഗിനു നല്‍കിയ പദവിയൊന്നുമായിരുന്നില്ല യഥാര്‍ഥത്തില്‍ ഇ. അഹമ്മദിന്റെ മന്ത്രിസ്‌ഥാനം. ലീഗിനകത്തെ കോണ്‍ഗ്രസ്‌ പാരമ്പര്യത്തിനു സോണിയാ ഗാന്ധിയുടെ ഒരു പ്രത്യേക സമ്മാനമാണത്‌. അതിലൊന്നും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കണ്ണുവച്ചിട്ട്‌ കാര്യമില്ല. 


ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ ജാതിയും സമുദായവുമെല്ലാം യാഥാര്‍ഥ്യമാണ്‌. ഈ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നിടത്ത്‌ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്‌. മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പരിഗണിക്കണമെന്നു പ്രഖ്യാപനങ്ങളുണ്ടാകുമ്പോഴും സി.പി.എമ്മും സി.പി.ഐയും പോലുള്ള ഇടതുപ്രസ്‌ഥാനങ്ങള്‍ അവരുടെ പരമോന്നത സഭകളിലൊന്നും ഇത്തരക്കാരെ പരിഗണിക്കുന്ന ശീലം ഇതുവരെ തുടര്‍ന്നു വന്നിട്ടില്ല. 


സി.പി.എമ്മിന്റെ വലിയ പോളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പരിശോധിച്ചാല്‍ അതു കാണാന്‍ കഴിയും. സി.പി.ഐയും തഥൈവ. കോണ്‍ഗ്രസില്‍ ലഭിക്കുന്ന പരിഗണന എന്താണെന്നു കഴിഞ്ഞ കെ.പി.സി.സി. യോഗത്തില്‍ മുസ്ലിം കോണ്‍ഗ്രസുകാര്‍ തുറന്നുപറയുകയും ചെയ്‌തു. ചുരുക്കത്തില്‍ അസന്തുലിതവാദമുയര്‍ത്തി നമ്മുടെ സമനില തെറ്റിക്കുകയാണു രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. 

നാസറുദീന്‍ എളമരം

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

ശ്രീ ശ്രീ സംസാരിക്കുന്നത് ആര്‍ക്കുവേണ്ടി ?





പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പും തദടിസ്ഥാനത്തില്‍ നടക്കുന്ന അഭിപ്രായ രൂപവല്‍ക്കരണവും അട്ടിമറിക്കപ്പെടാന്‍ ഇന്ത്യയില്‍ വിദൂരസാധ്യതയെങ്കിലുമുണ്േടാ? ഇന്ത്യന്‍ കരസേനയുടെ രണ്ടു ഡിവിഷനുകള്‍ ബന്ധപ്പെട്ട മന്ത്രാലയം പോലും അറിയാതെ ഒരു പാതിരാവില്‍ ന്യൂഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുക വഴി സംജാതമായ സംശയത്തിന്റെ മൂടല്‍മഞ്ഞ് മാത്രമല്ല ഇത്തരമൊരു ചോദ്യം പ്രസക്തമാക്കുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘപരിവാരം തോറ്റു. ഉഡുപ്പി-ചിക്മഗളൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും അവര്‍ തോറ്റമ്പി. നിലവിലെ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡ വന്‍ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്കു നിലംതൊടാനാവാതെ കോണ്‍ഗ്രസ്സിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്നത്. പിറവത്തും പറയത്തക്ക ചാക്കുപിടിത്തമോ അടിവലികളോ ഇല്ലാഞ്ഞിട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വോട്ട് കുറഞ്ഞു. 


സമീപകാല രാഷ്ട്രീയചലനങ്ങള്‍ വീക്ഷിക്കുമ്പോള്‍, ഒരു ദേശീയബദലായി സംഘപരിവാരം തിരിച്ചുവരാനുള്ള സാധ്യത വിദൂരമാണ്; വാജ്പേയി രംഗത്തുനിന്നു മാറിനിന്നശേഷം പാര്‍ട്ടി അതിഭീകരമാംവിധം നേതൃശൂന്യത അഭിമുഖീകരിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും. അതിനാല്‍ തന്നെ, ജനാധിപത്യത്തിലെ അഞ്ചും മൂന്നും എട്ടിനു പകരം ഒരു പുതിയ സമവാക്യം അണിയറയില്‍ രൂപംകൊള്ളുന്നത് ശ്രദ്ധിക്കാതിരുന്നുകൂടാ. സംഘപരിവാരത്തിന്റെ അനുഗ്രഹാശിസ്സുകളോടും അകമ്പടിയോടും കൂടി അരങ്ങേറുന്ന പ്രസ്തുത നീക്കം ജനാധിപത്യസംവിധാനങ്ങളെ നോക്കുകുത്തികളാക്കി രാജ്യത്തെ സ്വന്തം വരുതിയില്‍ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ്. 


ചില വന്‍കിട കോര്‍പറേറ്റുകളും അന്നാ ഹസാരെ, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയ, ഇടുങ്ങിയ മനസ്സിനകത്തെ കാവിനിറം പുറത്തുകാണാതിരിക്കാന്‍ ശരീരമാകെ ഖദറില്‍ പൊതിഞ്ഞുനടക്കുന്ന ചില വിരുതന്‍മാരുമാണ് ഈ നീക്കങ്ങളുടെ മനസ്സുകളായി വര്‍ത്തിക്കുന്നത്. ഇന്ത്യാമഹാരാജ്യത്തെ സവര്‍ണഫാഷിസത്തിന്റെ ആലയില്‍ കെട്ടാനുള്ള ഇവരുടെ ഗൂഢനീക്കത്തിന് അഹിംസയുടെയും ആത്മീയതയുടെയും പൊയ്മുഖങ്ങളാണുള്ളത് എന്നതിനാല്‍ അവരെ ഐഡന്റിഫൈ ചെയ്യുന്നതില്‍ സമൂഹത്തിനു തെറ്റുപറ്റുക സ്വാഭാവികം. ഡല്‍ഹിയിലെ ചെങ്കോട്ട കീഴടക്കി മുകളില്‍ കാവിക്കൊടി പറത്താന്‍ ഹസാരെയും സൈന്യവും മൂന്നുതവണ ഇതിനകം ശ്രമം നടത്തുകയുണ്ടായെങ്കിലും ഫലംകണ്ടില്ലെന്നതു നേര്. എന്നാല്‍, ആരാണു ഹസാരെയുടെ പിന്നിലെന്നത് ഇന്നൊരു രഹസ്യമല്ല. ഡല്‍ഹി വളഞ്ഞ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ബന്ദിയാക്കിപ്പിടിച്ച് തങ്ങള്‍ ഇച്ഛിക്കുന്ന സ്ഥലത്തും സ്ഥാനത്തും വിരലൊപ്പു വയ്പിക്കാനാണു ശ്രമം. പാര്‍ലമെന്റ് അക്ഷരാര്‍ഥത്തില്‍ നോക്കുകുത്തി; തിരഞ്ഞെടുപ്പും വോട്ടെടുപ്പുമെല്ലാം വെറും പ്രഹസനം. ഭൂരിപക്ഷമോ ന്യൂനപക്ഷമോ അല്ല, രാംലീലാ ഗ്രൌണ്ടിലും പരിസരത്തും ഒത്തുകൂടുന്ന ജനക്കൂട്ടമാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അന്നാ ഹസാരെയെ 'അനുഗ്രഹിക്കുക, ആശിര്‍വദിക്കുക' എന്നു പറഞ്ഞ് അഡ്വാനി-സുഷമാ സ്വരാജുമാര്‍ പാര്‍ലമെന്റിനകത്തു ബഹളംവയ്ക്കുന്നതിലൂടെ വ്യക്തമാവുന്ന വസ്തുത ഇതാണ്: പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെങ്കിലും പുറത്തുനടക്കുന്ന ബഹളം കണക്കിലെടുത്തു പ്രവര്‍ത്തിക്കാത്തപക്ഷം വരാന്‍ പോവുന്ന ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറായിക്കൊള്ളണം. 


ഒരര്‍ഥത്തില്‍ ഇതിനേക്കാള്‍ ഉല്‍ക്കണ്ഠാകുലമാണ് ശ്രീ ശ്രീ രവിശങ്കര്‍ എന്ന ശ്രീമാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പരാമര്‍ശങ്ങള്‍. ഒടുവിലത്തേത് സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടണമെന്ന ആക്രോശം. പറയപ്പെട്ട കാരണം, സര്‍ക്കാര്‍ സ്കൂളുകളിലെ വികൃതിപ്പയ്യന്‍മാര്‍ വഴിക്കാണ് മാവോയിസവും ഇതര ഭീകരവാദവും ശക്തിപ്പെടുന്നത് എന്നതാണ്. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ഈ അടുത്തിടെ നടന്ന വിദ്യാര്‍ഥിയൂനിയന്‍ തിരഞ്ഞെടുപ്പില്‍ മാവോവാദി അനുകൂലികള്‍ക്കു ലഭിച്ച മേല്‍ക്കൈ ആവണം രവിശങ്കറിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് ആസ്പദം. ഇത്തവണ ഇടത് എക്സ്ട്രീമിസ്റുകള്‍ക്കു മേല്‍ക്കൈ കിട്ടിയെങ്കില്‍ കഴിഞ്ഞ ഒരുതവണ ഈ സര്‍ക്കാര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയൂനിയന്റെ നിയന്ത്രണം ശ്രീ ശ്രീയുടെ മാനസസന്താനങ്ങള്‍ക്കായിരുന്നു എന്ന വസ്തുത ഇവിടെ അനുസ്മരിക്കുക. 


ജെ.എന്‍.യു വിദ്യാര്‍ഥികള്‍ അതതവസരങ്ങളില്‍ എങ്ങനെ ചിന്തിക്കുന്നു എന്നതായിക്കൂടാ ഏതുനിലയ്ക്കും ഒരു രാജ്യത്തെ വിദ്യാഭ്യാസനയത്തിന്റെ നിയാമക ശക്തി. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഒട്ടേറെ വിദ്യാഭ്യാസ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. കഴിവും സാധ്യതയുമനുസരിച്ചു ചെറുതും വലുതുമായ മത-ജാതിവിഭാഗങ്ങളും സാമുദായികസംഘടനകളും വരുംതലമുറകളെ വലവീശി വരുതിയില്‍ നിര്‍ത്താന്‍ പതിനെട്ടും പിന്നെ പന്ത്രണ്ടും നടത്തുന്നതിന്റെ അടയാളങ്ങളാണ് കൂണുകള്‍ കണക്കെ മുളച്ചുപൊന്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രഭാതം പൊട്ടിവിടര്‍ന്നാല്‍ നമ്മുടെ കണ്‍മുന്നിലൂടെ വിദ്യാര്‍ഥികളെയും വഹിച്ചു ചീറിപ്പറന്നോടുന്ന വാഹനങ്ങളും. ഈ വിദ്യാര്‍ഥിവാഹനങ്ങളും അവ ചെന്നുനില്‍ക്കുന്ന വിദ്യാലയമുറ്റങ്ങളും വിദ്യാര്‍ഥികളുടെ ക്ളാസ് മുറികളുമെല്ലാം ഇന്ത്യന്‍ ബഹുസ്വരതയുടെ ബഹുവര്‍ണ വിശേഷതകളാണെങ്കിലും അവ ഓരോന്നും വെള്ളംകടക്കാത്ത അറകളാണ് എന്നതാണു വാസ്തവം. മലയാളത്തിലേക്കു മൊഴിമാറ്റിപ്പറഞ്ഞാല്‍, പഴയകാല ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അതിരുകളാല്‍ വേര്‍തിരിച്ചുണ്ടാക്കിയ പര്‍ണശാലകളാണ് ഇവയത്രയും. 


തീര്‍ത്തും വ്യത്യസ്തമാണു സര്‍ക്കാര്‍ വിദ്യാലയപരിസരം. അവിടെ മതത്തിന്റെയോ ജാതിയുടെയോ ചുറ്റുമതിലുകളില്ല. ക്ളാസ്മുറികള്‍ ജാതീയതയുടെയും ഉപജാതീയതയുടെയും കനത്ത ഇരുമ്പുഷീറ്റുകള്‍ അടിച്ചു വേര്‍തിരിച്ച് നിറംതേച്ചു വ്യത്യസ്തപ്പെടുത്തിയിട്ടില്ല. മതങ്ങളും അവ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും എത്രയും മഹത്തരവും ആദരണീയവുമാണെങ്കിലും ഇന്ത്യയുടേതുപോലുള്ള ബഹുസ്വരതകൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒരു സമൂഹത്തില്‍ ജനാര്‍ദനനും ജാഫറും ജേക്കബും പരസ്പരം അറിയാതെപോവുമ്പോള്‍ അതു വരുത്തിത്തീര്‍ക്കുന്ന അനര്‍ഥങ്ങള്‍ ചില്ലറയല്ല. ഈ മൂന്നു പേരുകളും വമ്പിച്ച അര്‍ഥതലങ്ങളുള്ള കൂട്ടായ്മകളാണ്. അവയ്ക്ക് അവയുടേതായ സവിശേഷ വര്‍ണവും വേഷവിശേഷങ്ങളും ശബ്ദഘോഷങ്ങളുമുണ്ട്. വര്‍ണപരവും വേഷപരവും ശബ്ദപരവുമായ ഇവയുടെ വ്യത്യസ്തതകള്‍ അപരിചിതത്വത്തിന്റെ അടയാളങ്ങളായി മാറുമ്പോള്‍ അവയോരോന്നും ഭയാനകങ്ങളായ ചില പ്രതീകങ്ങളായി പരിണമിക്കുന്നു. പ്രഭാതനേരം അമ്പലത്തില്‍നിന്നു കുളിര്‍തെന്നലിനൊപ്പം ഒഴുകിയെത്തുന്ന ശംഖുവാദ്യവും പള്ളിമിനാരങ്ങളില്‍നിന്ന് ഉയരുന്ന ബാങ്കൊലിയും ചര്‍ച്ചില്‍ നിന്നു മുഴങ്ങുന്ന മണിനാദവും ആഹ്ളാദകരമായ ഒരനുഭവമായിത്തീരുന്നത് അവയെക്കുറിച്ച തിരിച്ചറിവും ചിരപരിചിതത്വവും മൂലമാണ്. ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം വിശ്വാസപരമായ ഐക്യത്തിന്റെയും പരമതബഹുമാനത്തിന്റെയും അനാദൃശമായ മാതൃകയാവുമ്പോള്‍ പരിഷ്കൃതരാജ്യങ്ങളായ ഫ്രാന്‍സും ഇറ്റലിയും നോര്‍വേയുമെല്ലാം ഇത്തരം ഇരട്ടശബ്ദങ്ങളെ ഭയപ്പെട്ട് അവ സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്ന അനുഭവങ്ങള്‍ നമ്മോടു പറയുന്നതും മറ്റൊന്നല്ല. 


ഈ ബഹുസ്വരത നിശ്വസിക്കുന്ന ഊര്‍ജത്തിലൂടെയാണ് ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരു ജനത ഒന്നാകെ ഉല്‍സാഹപൂര്‍വം ആവേശത്തോടെ വരവേല്‍ക്കുന്ന ആഘോഷങ്ങളായി മാറുന്നത്. അത്തരം ഉല്‍സാഹങ്ങളുടെ അഭാവത്തില്‍ വിഷുവിന്റെ പടക്കംപൊട്ടലിന്റെ ശബ്ദം അയല്‍ക്കാരനു ഭീകരമായ സ്ഫോടനമായി അനുഭവപ്പെടുകയും ഓരോ പൊട്ടല്‍ നടക്കുമ്പോഴും വിവരമറിയിക്കാന്‍ അവന്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്ക് ഓടുകയും ചെയ്യുന്നു. 


ഹോളി ദിവസം വൃത്തിയായി ഉടുത്തൊരുങ്ങി പുറപ്പെട്ട ആളെ വഴിയില്‍ തടഞ്ഞുവച്ച് ഉടുത്തതിലും ഉടലിലുമെല്ലാം ചായം വാരിപ്പൂശുന്നത് കത്തിക്കുത്തില്‍ ചെന്നവസാനിക്കാത്തത് ഇത്തരം തിരിച്ചറിവുകളുടെ ഫലമായാണ്. ഇത്തരം തിരിച്ചറിവിന്റെ ഫലമായാണു കേരളത്തിലെ ഒരു സ്കൂള്‍ ക്യാംപിലെ ഏതാനും മുസ്ലിംകുട്ടികള്‍ പ്രഭാതം തൊട്ട് പ്രദോഷം വരെ റമദാന്‍ വ്രതമനുഷ്ഠിച്ചപ്പോള്‍ കൂട്ടുകാരായ അമുസ്ലിം കുട്ടികളും അവരോടൊത്ത് പച്ചവെള്ളം പോലും കുടിക്കാതെ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതമനുഷ്ഠിച്ചത്. മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ബിന്‍ലാദിന്‍ നോല്‍ക്കുന്ന നോമ്പ് എന്നു പറഞ്ഞ് ഈ കുട്ടികള്‍ മാറ്റിനിര്‍ത്തപ്പെടുകയും കുറ്റവിചാരണ ചെയ്യപ്പെടുകയും ചെയ്യാവുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇതു സംഭവിക്കുന്നത് എന്ന വസ്തുത വിസ്മരിക്കരുത്. 


സര്‍ക്കാര്‍ സ്കൂളുകള്‍ സാര്‍വത്രികമായി അടച്ചുപൂട്ടപ്പെടുകയും വിദ്യാഭ്യാസരംഗത്തുനിന്നു സര്‍ക്കാര്‍ ഉള്‍വലിയുകയും ചെയ്താല്‍ നിലവില്‍ വരാന്‍പോവുന്ന അവസ്ഥ, പരസ്പരം പേരോ സ്വഭാവസവിശേഷതകളോ സാംസ്കാരിക അടയാളങ്ങളോ തിരിച്ചറിയാത്ത ഒരു തലമുറ പിറവിയെടുക്കുക എന്നതായിരിക്കും. 


വിദ്യാഭ്യാസം സ്വകാര്യമേഖലയില്‍ പരിമിതമാവുമ്പോള്‍ 23 രൂപ എന്ന അധികവരുമാനംകൊണ്ട് ആര്‍ഭാടജീവിതം നയിക്കുന്നവരുടെയും അതിനു താഴെയുള്ള ബി.പി.എല്ലുകാരുടെയും അനേക കോടി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസം എന്ന മോഹം എന്‍ഡോസള്‍ഫാന്‍ തളിച്ചാലെന്നപോലെ പെട്ടെന്നു വാടിക്കരിയും.  നവലിബറലിസം താല്‍പ്പര്യപ്പെടുന്നതും കോര്‍പറേറ്റുകള്‍  അതിസമര്‍ഥമായി മണ്ണൊരുക്കിക്കൊണ്ടിരിക്കുന്നതും ഇത്തരമൊരു സാഹചര്യം സംജാതമാക്കാനാണ്. ശ്രീ ശ്രീ രവിശങ്കര്‍ ഈ അധമവൃത്തിയുടെ ബ്രാന്റ് അംബാസഡറായി മാറുമ്പോള്‍, രാജാവ് നഗ്നനാണ് എന്ന യാഥാര്‍ഥ്യം ചിലരെങ്കിലും വിളിച്ചുപറയേണ്ടതായിട്ടുണ്ട്. 

കുഞ്ഞാലി മരക്കാര്‍ -2

മരക്കാര്‍മാരുടെ പോര്ച്ചുഗീസ് സേവ: ഒരു വ്യാജവാദം 
   ക്രി.ശേ.1524നു മുമ്പു മരക്കാര്‍മാര്‍ പോര്ച്ചുഗീസ്കാരോടൊപ്പം കൂടി സാമൂതിരിയുമായി പടവെട്ടിയിരുന്നു വെന്നാണ് ജോണ്‍ ഒച്ചന്‍തുരുത്തിന്റെ മറ്റൊരു വിമര്‍ശനം.ഇത് വസ്തുതാപരമായിരുന്നുവെങ്കില്‍ 
ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയിലോ ലോഗന്റെ മലബാര്‍ മാന്വലിലൊ തദ്ദേശീയമായ ചരിത്രകൃതികളിലോ ചില സൂചനകളെങ്കിലും കാണേണ്ടിയിരുന്നു.എന്നാല്‍ 1524നു മുമ്പു പോര്‍ച്ചുഗീസുകാര്‍ക്കു പ്രതികൂലമായി നിലകൊണ്ട ചില മരക്കാര്‍മാരെ കുറിച്ച സൂചനകള്‍ കേരളപ്പഴമയില്‍ കാണുന്നുണ്ട്.
'ബാലത്താല്‍ കഴിയാത്തത് കൌശലത്താല്‍ വരുത്തണം എന്ന് മാപ്പിളമാര്‍ വിചാരിച്ചു നോക്കുമ്പോള്‍ കൊച്ചിയില്‍ ഇസ്മാലിമരക്കാര്‍ പോര്‍ച്ചുഗീസനെ കൊല്ലുവാന്‍ ഒരു വഴി നിരൂപിച്ചു കൊണ്ടിരുന്നു.പശെകു അതറിഞ്ഞു.ഉപായത്തിലെ അവനെ വരുത്തി മുഖരോമങ്ങള്‍ പറിച്ചപ്പോള്‍ മാപ്പിളമാര്‍ ഭയപ്പെട്ടടങ്ങി '
   ആദ്യകാലം മുതല്‍ത്തന്നെ മുസ്ലിംകളെ വാണിജ്യരംഗത്തു നിന്ന് സമ്പൂര്‍ന്നമായും നിഷ്കാസനം ചെയ്യാനാണ് പോര്‍ച്ചുഗീസുകാര്‍ യത്നിച്ചുകൊണ്ടിരുന്നത്.അതുകൊണ്ടു തന്നെ മുസ്ലിം വര്‍ത്തക പ്രമുഖരുമായി ആരോഗ്യകരമായ വാണിജ്യബന്ധം തുടരുക എന്നത് പോര്‍ച്ചുഗീസുകാരെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.വാണിജ്യാധിപത്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിവെച്ച ആദ്യകാലത്ത് 
തന്നെ മുസ്ലിംകളുടെ കച്ചവടം തടയുക എന്നത് പോര്ച്ചുഗീസ്കാരുടെ മുഖ്യ അജണ്ടയായിരുന്നുവെന്ന് കേരളപ്പഴമയില്‍ സൂചിപ്പിക്കുന്നു."  അനന്തരം ആശീതകാലം മുഴുവനും റൊന്തമായി കടല്‍ സഞ്ചരിച്ചു കൊല്ലത്തിലെ കലഹത്തില്‍ കൂടി ചോനകള്‍ പിരിഞ്ചത്തില്‍ ഉണ്ടെന്നു കേട്ടു.ആ ഊരെ ഭസ്മമാക്കി കന്യാകുമാരിമുതല്‍ കണ്ണന്നൂര്‍ വരെ മലയാളത്തിലെ മാപ്പിളമാര്‍ക്കു കടല്‍കച്ചവടത്തെ 
മുടക്കിക്കൊണ്ടിരുന്നു."   ഇത്തരം പ്രമാണങ്ങളെ പാടെനിരാകരിച്ചു കൊണ്ട് പോര്ച്ചുഗീസ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചെടുത്ത കെട്ടുകഥകള്‍ക്ക് മുകളിലാണ് ശ്രീ ജോണ്‍ തന്റെ കുഞ്ഞാലിമാരുടെ പോര്‍ച്ചുഗീസ് സേവ സ്ഥാപിക്കുന്നത്.
വംശീയതാല്‍പ്പര്യങ്ങള്‍ 
   ഏതായാലും വാണിജ്യരംഗത്തെ പ്രതിയോഗികളോടുള്ള മത്സരപൂര്‍ണ്ണമായ ശത്രുതയായിരുന്നില്ല പോര്‍ച്ചുഗീസുകാരുടേതെന്നതിന്നു പല പ്രമാണങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്.കുരിശുയുദ്ധത്തിന്റെ കൊടിയ വംശീയവൈരം അവരുടെ മുസ്ലിംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ധാരയായിരുന്നു.1507ല്‍ മുസ്ലിംകളുടെ മുഖ്യ ആവാസകേന്ദ്രമായ പൊന്നാനിയെ ആക്രമിക്കാന്‍ 
പോര്‍ച്ചുഗീസുകാര്‍ കോപ്പുകൂട്ടുമ്പോള്‍ തികച്ചും വിഭാഗീയമായ ലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നുവെന്നതിന്നു കേരളപ്പഴമതന്നെ സാക്ഷ്യം നില്‍ക്കുന്നു."  വിശ്വാസശക്തികളോടു പൊരുതിമാരിക്കുന്നതിനെക്കാള്‍ പാപമോചനത്തിന്നും സ്വര്‍ഗപ്രാപ്തിക്കും എളുപ്പമുള്ള മറ്റൊരു വഴിയും ഇല്ല എന്ന് 
റോമാപ്പാതിരിയും വിളിച്ചുപറഞ്ഞു "  ഈ ആഹ്വാനത്തിലടങ്ങിയ മതകീയത പ്രശ്നവല്‍ക്കരിക്കാതെ കുഞ്ഞാലിമരക്കാരുടെ സമരപ്രവര്‍ത്തനങ്ങളുടെ മതകീയ പ്രചോദനം മാത്രം പ്രശ്നവല്‍ക്കരിക്കുന്നത് ക്രിസ്ത്യന്‍ മൌലികവാദത്തെ സാധൂകരിക്കുന്നതിനാണ്.ഇതുപോലെ ആല്‍ബുക്കര്‍ക്കിന്റെ 
അനുമതിയോടെ പോര്ച്ചുഗല്‍ രാജാവിനായച്ച ഒരു കത്തില്‍ ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള  കുടിപ്പക മറനീക്കി പുറത്തുവരുന്നുണ്ട്."  കുടിപ്പക നമുക്ക് മുസല്‍മാന്മാരോടേ ഉള്ളൂ.കൊല്ലത്തെ രാജാവു നിരപ്പിന്നു യാചിച്ചാല്‍ അവനോടും സന്ധിക്കേ വേണ്ടൂ.ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റേണമേ ,എന്റെ മരണത്തിന്നു മുമ്പേ മക്കത്ത് പോയി ആ കള്ള നബിയുടെ അസ്ഥികളെ കുഴിയില്‍നിന്ന് എടുത്തുകൊണ്ട് വരാന്‍ ആഗ്രഹിക്കുന്ന് ".  ജോണ്‍ വിശേഷിപ്പിക്കുന്നതു പോലെ പോര്‍ച്ചു 
ഗീസുകാരുടെ സുഗന്ധവൃജ്ഞ്ഞനങ്ങളെയും ക്രിസ്ത്യാനികളെയും തേടിയുള്ള ഈ പര്യവേക്ഷണങ്ങള്‍ കേവലം വാണിജ്യതാല്‍പ്പര്യത്താല്‍ മാത്രം പ്രചോദിതമായിരുന്നില്ല എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പ്രമാണങ്ങളാവശ്യമില്ല.
ഒരു ജൂത -മുസ്ലിം സംഘര്‍ഷം 
   കൊടുങ്ങല്ലൂരിലെ ജൂതപ്പള്ളികളും ക്രിസ്ത്യന്‍ പള്ളികളും തീവച്ചുനശിപ്പിക്കാന്‍ മരക്കാര്‍മാര്‍ പദ്ധതിയാവിഷ്കരിച്ചതായി ജോണ്‍ ആരോപിക്കുന്നുണ്ട്.മുസ്ലിംകള്‍ക്ക് പ്രാബല്യം കുറഞ്ഞ കൊടുങ്ങല്ലൂരില്‍ ഒരിക്കലുണ്ടായ ജൂത -മുസ്ലിം സംഘര്‍ഷത്തില്‍ ഒരു മുസ്ലിം മരിക്കാനിടയായ സംഭവത്തോടനുബന്ധമായാണ് കൊടുങ്ങല്ലൂരില്‍ മുസ്ലിംകളുടെ പ്രതികാരനടപടിയുണ്ടായത്.വാസ്തവത്തില്‍ 
സംഘര്‍ഷത്തിന് കാരണമായ സാമൂഹ്യസന്ദര്‍ഭം വിവരിക്കാതെ തുഹ്ഫത്തുല്‍ മുജാഹിദീനുദ്ധരിച്ചു മുസ്ലിംകളെ അക്രമണകാരികളാക്കുകയാണ് ജോണ്‍ ഒച്ചന്‍തുരുത്ത് ചെയ്യുന്നത്.തുഹ്ഫയില്‍ തന്നെ കാരണത്തെകുറിച്ച് സൂചനയുണ്ടായിരിക്കെ അദ്ദേഹം അത് മറച്ചുപിടിക്കുകയാണ്.പന്തലായനി,തിക്കോടി,കക്കാട്,ചാലിയം,കോഴിക്കോട്,തിരൂര്‍,പൊന്നാനി,വെളിയങ്കോട്,തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളെ വരുത്തി സംഘടിതമായി നേരിടാന്‍ മാത്രം പ്രാധാന്യമുള്ളതായിരുന്നു മുസ്ലിംകളെ 
സംബന്ധിച്ച് ഈ സംഘര്‍ഷം.കാരണം മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോര്ച്ചുഗീസ് ആഗമനത്തോടെ സംഘടിതമാനം കൈവന്നിരുന്നതിനാല്‍ കൊടുങ്ങല്ലൂരിലെ സംഘര്‍ഷത്തെ ഇതേ വിതാനത്തില്‍ തന്നെയാണ് മുസ്ലിംകള്‍ പരിഗണിച്ചത്.സംഘര്‍ഷത്തിനിടയ്ക്ക് ജൂതപ്പള്ളികള്‍ ആക്രമിക്കപ്പെട്ടുവെന്നത് സ്വാഭാവികമാണ്.എന്നാല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ 
ആക്രമിക്കാനുള്ള മുസ്ലിംകളുടെ ശ്രമം നായന്മാര്‍ പരാജയപ്പെടുത്തി എന്നാണ് തുഹ്ഫത്തുല്‍ മുജാഹിദീനിലുള്ളത്.ജോണാകട്ടെ ക്രിസ്ത്യന്‍ പള്ളികളും മുസ്ലിംകള്‍ തീവച്ച് നശിപ്പിച്ചുവെന്ന് തുഹ് -
ഫത്തുല്‍ മുജാഹിദീനെ പിന്‍ബലമാക്കി വാദിക്കുകയാണ്.
സാമൂതിരിയും മുസ്ലിംകളും 
   തുഹ്ഫത്തുല്‍ മുജാഹിദീനെ തെറ്റായി ഉദ്ധരിച്ച് മുസ്ലിംകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കലായിരുന്നുവെന്ന് ജോണ്‍ വളരെ കൌശലപൂര്‍വം സ്ഥാപിക്കുന്നു.തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഈ വിധത്തില്‍ പരമതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും അത് സാമൂതിരിക്ക് തന്നെ എതിരായിരുന്നുവെന്നും അദ്ദേഹം ധ്വനിപ്പിക്കുന്നുണ്ട്.ഇതിനു പ്രമാണമായി തുഹ്ഫത്തുല്‍ മുജാഹിദീനില്‍ നിന്നുള്ള ഒരു ഭാഗം അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്.അതേ ഉദ്ധരണിയുടെ തുടര്‍ച്ചയായി വരുന്ന ഭാഗത്തു തന്നെ സാമൂതിരിയോടുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്നതുമായ പരാമര്‍ശങ്ങള്‍ വരുന്നുണ്ട്.ഈ ഭാഗം ജോണ്‍ വളരെ തന്ത്രപൂര്‍വ്വം മറച്ചുപിടിച്ചാണ് തന്റെ വാദങ്ങള്‍ സ്ഥാപിക്കുന്നത്.
തുഹ്ഫയില്‍ നിന്നുള്ള ഇതിന്റെ പൂര്‍ണഭാഗം ഇവിടെ ഉദ്ധരിക്കാം."  മലബാറിലെ മുസ്ലിംകള്‍ക്ക് അവരുടെ ക്ഷേമ ഐശ്വര്യങ്ങളില്‍ താല്‍പ്പര്യപൂര്‍വം ശ്രദ്ധിക്കുന്ന അവരെ ഭരിക്കാന്‍ അധികാരമുള്ള ഒരു നേതാവ് ഇല്ലെന്ന കാര്യം വ്യക്തമാണ്.അവര്‍ അവിശ്വാസികളായ ഭരണകര്‍ത്താക്കളുടെ പ്രജകളായി കഴിയുകയാണ്.എങ്കിലും തങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിച്ചു വാഴുന്ന അവിശ്വാസികളായ  വിദേശികളോട് പൊരുതിക്കൊണ്ടു തന്നെയാണ് അവര്‍ കഴിഞ്ഞുപോന്നിട്ടുള്ളത്.മുസ്ലിംസ്നേഹിയായ സാമൂതിരിയുടെ സഹായവും അവര്‍ക്കുണ്ടായി.തുടക്കം മുതല്‍ക്കേ സാമൂതിരി മുസ്ലിംകള്‍ക്കുവേണ്ടി പണം ചെലവഴിച്ചുപോന്നു."  കുഞ്ഞാലിമരക്കാര്‍മാരുടെയും മുസ്ലിംകളുടെയും പ്രവര്‍ത്തനങ്ങള്‍ സാമൂതിരിയുടെ കൂടി അധികാരത്തിന് ഭീഷണിയാണെന്ന ജോണിന്റെ വ്യാജോക്തിയാണ് ഇവിടെ തകരുന്നത്.മുസ്ലിംകളുടെയും സാമൂതിരിയുടെയും അക്കാലത്തെ സൌഹാര്‍ദപൂര്‍ണമായ ബന്ധത്തെ 
സൂചിപ്പിക്കുന്ന മറ്റു പല പ്രമാണങ്ങളും ലഭ്യമാണ്.കോഴിക്കോട് ഖാസി മുഹമ്മദ് രചിച്ച ഫത്ഹുല്‍ മുബീന്‍ എന്ന സമരകാവ്യം സമര്‍പ്പിക്കുന്നത് തന്നെ സാമൂതിരിക്കാണ്.മാത്രമല്ല അറേബ്യന്‍ ഭരണാധികാരികള്‍ക്കിടയിലും ആഗോള മുസ്ലിംകള്‍ക്കിടയിലും മുസ്ലിംകളെ സംബന്ധിച്ച് ജിഹാദായിരുന്ന പോര്ച്ചുഗീസ് വിരുദ്ധ സമരത്തിന്ന് നേതൃത്വം നല്‍കിയ സാമൂതിരിയുടെ യശസ്സ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഈ കൃതി രചിക്കപ്പെടുന്നത്.ഫത്ഹുല്‍ മുബീനിലെ ഏതാനും പദ്യശകലങ്ങളുടെ ആശയ വിവര്‍ത്തനം ശ്രദ്ധിക്കുക."  അദ്ദേഹം നമ്മുടെ മതമായ ഇസ്ലാമിനെ സ്നേഹിക്കുന്നു,മാറ്റല്ലാവരെക്കാളും മുസ്ലിംകളെയും.നമ്മുടെ മതത്തിന്റെ സഹായി,നമ്മുടെ മതനിയമങ്ങള്‍ നടപ്പിലാക്കുന്നവന്‍.. . മാത്രമല്ല,ജുമുഅ ഖുതുബകളിലും മറ്റും നമ്മുടെ ഖലീഫയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിഷ്കര്‍ഷിക്കുന്നു."
അപകടകരമായ ചരിത്രബോധം 
   വസ്തുതകള്‍ ഇതാണെന്നിരിക്കെ കുഞ്ഞാലിമരക്കാരുടെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തിയും അന്നത്തെ സാമുദായികബന്ധങ്ങളിലെ ആരോഗ്യകരമായ ആദാനപ്രദാനങ്ങളെ നിരാകരിച്ചും ജോണ്‍ അവതരിപ്പിക്കുന്ന നിരീക്ഷണം പോര്‍ച്ചുഗീസുകാരുടെ നുണപ്രചാരണങ്ങളുടെ പിന്തുടര്‍ച്ച മാത്രമാണ്.ഒരു പക്ഷേ സാമുദായികധ്രുവീകരണത്തിന്റെ ശക്തികള്‍ക്ക് ആയുധമായിത്തീരുന്ന ഇത്തരം ഗവേഷണങ്ങള്‍ തീര്‍ച്ചയായും മാനവവിരുദ്ധമാണ്.പൌരസ്ത്യവാദപരമായ അന്തര്‍ധാര 
യോടൊപ്പം ക്രിസ്തീയ മതമൌലികവാദത്തിന്റെ കുടിലമായ ലക്ഷ്യങ്ങള്‍കൂടി സമന്വയിക്കപ്പെട്ട ഇതിലെ ചരിത്രബോധം അത്യന്തം അപകടകരമാണ്.
   പോര്ച്ചുഗീസ് അധീശത്വത്തിന്റെ കാലഘട്ടം എന്നത് ചരിത്രത്തിന്റെ രേഖീയമായ വികാസഗതിയില്‍ നിര്‍ണായകമായ ഒരു സന്ധിയെ അടയാളപ്പെടുത്തുന്നതാണെന്നും യൂറോപ്പില്‍ നിന്നുള്ള  വെളിച്ചത്തിന്റെ അനുസ്യൂതമായ പ്രസാരണത്തിന്നു വേണ്ടി തുറന്നുവച്ച ഒരു ഔദാര്യമായിരുന്നു പോര്ച്ചുഗീസ് ആഗമനമെന്നുമുള്ള ഒരു വികലധാരണ നമ്മുടെ കോളനീകരിക്കപ്പെട്ട സാബ്രദായിക  ചരിത്രബോധത്തിന്നു അന്തര്‍ധാരയായി വരുന്നുണ്ട്.ചരിത്രം എന്നത് രേഖീയമായി വികാസം പ്രാപിക്കുന്ന ഒന്നാണെന്ന ആധുനികചരിത്ര ബോധത്തിന്റെയും സിദ്ധാന്തശാഠ്യങ്ങളുടെയും അകമ്പടിയോടെ കഴിഞ്ഞകാലസംഭവങ്ങളെ കുറിച്ച വിശകലനം നാം നടത്തുമ്പോല്‍ സാമാന്യമായി,ചരിത്ര -
ത്തില്‍ സംഭവിക്കുന്ന ഓരോ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കും ആപേക്ഷിക പ്രാമുഖ്യം നല്‍കിപ്പോരുന്നാ പതിവുണ്ട്.ഒരു പക്ഷേ ഈയൊരു ആപേക്ഷിക പ്രാമുഖ്യത്തോടെയെങ്കിലും പരിമിതമായ  അര്‍ത്ഥത്തില്‍ ദേശീയവാദപരമായ അന്തര്‍ധാരകളുള്ള നമ്മുടെ സാംബ്രദായിക ചരിത്രരചനകളില്‍ കുഞ്ഞാലിമരക്കാര്‍മാരെ പോലുള്ളവര്‍ പരിഗണിക്കപ്പെട്ടിരുന്നു.തീര്‍ച്ചയായും കൊളോണിയല്‍ 
മൂല്യമണ്ഡലവും അതിന്റെ ജ്ഞ്ഞാനവ്യവസ്ഥയും ദേശീയവാദപരമായ താല്‍പ്പര്യങ്ങളുമായിച്ചേര്‍ന്ന് രൂപപ്പെട്ട ഈ ചരിത്രബോധം ദേശീയതയുടെ 'ഭൂരിപക്ഷ ' മൂല്യവ്യവസ്ഥയെയും പൊതുബോധത്തെയുമാണ് പ്രതിനിധീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നത്.എങ്കില്‍ പോലും അതിന്റെ ചില  ഗുണങ്ങള്‍ ഈ വിധത്തിലെങ്കിലും പ്രതിഫലിക്കപ്പെട്ടിരുന്നു.
   ദേശീയവാദപരമായ ആഖ്യാനങ്ങളില്‍ മുസ്ലിം പ്രതിനിധാനചരിത്രം പൊതു ഇടങ്ങളില്‍ നിന്ന്‍ പ്രാന്തവല്‍ക്കരിച്ചാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും മുസ്ലിം സ്വത്വത്തെ പരിപൂര്‍ണ്ണമായും ഒരു അപരസാന്നിധ്യമായി പ്രതിഷ്ഠിച്ചുകൊണ്ടല്ല അത്തരം ആഖ്യാനങ്ങള്‍ വികസിച്ചിട്ടുള്ളത്.(സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുമായി സമീകരിക്കപ്പെട്ടു പോരുന്ന ത്രീവദേശീയതയുടെ മുഖ്യ അപരസ്ഥനത്ത് മുസ്ലിം പ്രതിനിധാനം അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല).എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായി കൊളോണിയല്‍ താല്‍പ്പര്യങ്ങളോടെ രചിക്കപ്പെട്ട ചരിത്രകൃതികളില്‍ മുസ്ലിം 
അപരന്‍ ഒരു ഉഗ്രമൂര്‍ത്തിയുടെ ഭാവം കൈവരിക്കുന്നുണ്ട് (തീവ്രദേശീയതയുടെ ചരിത്രബോധവുമായി ഇതിനുള്ള സാദൃശ്യം ശ്രദ്ധിക്കുക).കടല്‍ക്കൊള്ളക്കാരന്‍,കാട്ടുമാപ്പിള,ലഹളക്കാരന്‍ എന്നീ പ്രാദേശി 
കമായ അപരസംജകളും  'മുര്‍ 'പോലെ ആഗോളമായി മുസ്ലിം അപരത്തെ അടയാളപ്പെടുത്തുന്ന  സംജ്ഞകളും ഇത്തരം ആഖ്യാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
   തീര്‍ച്ചയായും ഇതേ പദാവലികളെയും ന്യായയുക്തികളെയും സ്വീകരിച്ച് തികച്ചും അധീശശക്തികളുടെ താല്‍പ്പര്യത്തിന്നു വേണ്ടി നിര്‍മ്മിച്ചെടുത്ത ഗവേഷണഫലങ്ങളായാണ് ജോണിനെ പോലുള്ളവരുടെ നിരീക്ഷണങ്ങള്‍ പരിഗണിക്കേണ്ടത്.പ്രത്യക്ഷത്തില്‍ തന്നെ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയെടുത്ത കെട്ടുകഥകളെ പ്രമാണമാക്കി ചരിത്രം രചിച്ചതിന്റെ എല്ലാ വൈരുധ്യങ്ങളും അസ്വാരസ്യങ്ങളും ഇത്തരം ഗവേഷണങ്ങളുടെ മൌലികദൌര്‍ബല്യമാണ്.









2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

വിദ്യാര്‍ഥിയുടെ രാഷ്ട്രീയദൌത്യം


വ്യക്തിയുടെ വസന്തകാലമാണു യൌവ്വനം. ചരിത്രനിര്‍മിതിക്കായുള്ള ശ്രമങ്ങളുടെ തുടക്കങ്ങളൊക്കെ സംഭവിച്ചിട്ടുള്ളത് യുവാക്കളില്‍നിന്നുമാണ്. സാമൂഹികമാറ്റത്തിന്റെ ചാക്രികപ്രക്രിയ ന്യൂട്ടന്റെ പ്രതിപ്രവര്‍ത്തനസിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. ലോ ഓഫ് പേര്‍സിസ്റുവന്‍സ് ഭൌതികമണ്ഡലത്തില്‍ മാത്രമല്ല, സാമൂഹികമണ്ഡലത്തിലും സംഭവിച്ചിട്ടുണ്ട് അഥവാ, സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണു ചരിത്രവും വര്‍ത്തമാനവും നല്‍കുന്ന സൂചന. ഇവിടെ ആക്ഷനുകള്‍ എപ്പോഴും ഉണ്ടായിട്ടുള്ളത് വ്യവസ്ഥയുടെ ഭാഗത്തുനിന്നാണ്; റിയാക്ഷനുകള്‍ ഉണ്ടായിട്ടുള്ളത് യുവാക്കളില്‍നിന്നും. നിയമങ്ങളും അധികാരങ്ങളും ആയുധങ്ങളായി ഉപയോഗിച്ച വ്യവസ്ഥയ്ക്കെതിരേ ത്യാഗം കൊണ്ടും സമര്‍പ്പണം കൊണ്ടും പൊരുതിയാണ് ചരിത്രവായനയ്ക്കിടയിലെ ഇതിഹാസങ്ങള്‍ യുവാക്കള്‍ക്കു നിര്‍മിക്കാനായത്. 
തിന്മയ്ക്കെതിരേ കരമുയര്‍ത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഇസ്രായേല്യരെന്ന വലിയൊരു സമൂഹത്തിനു നേരെ പൈശാചികതയ്ക്കു നേതൃത്വം നല്‍കിയ ഫറോവയുടെ ധിക്കാരത്തെ ചോദ്യംചെയ്യാന്‍ നിയുക്തനായ മോശയില്‍നിന്നു തുടങ്ങുന്ന ഈ നിഷേധത്തിന്റെ ചരിത്രം, സയണിസ്റ്റ് ഭീകരതയെ ചോദ്യംചെയ്യുന്ന ഫലസ്തീന്‍ ബാല്യങ്ങളിലൂടെ ഇന്നും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ചരിത്രനിര്‍മിതിക്കായി വിദ്യാര്‍ഥികള്‍ നടത്തിയ കലാപത്തിന്റെയും ധിക്കാരത്തിന്റെയും പ്രോജ്വല മുഹൂര്‍ത്തങ്ങള്‍ വരാനിരിക്കുന്ന വസന്തത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജവും ആവേശവുമായി ഇന്നും അവശേഷിക്കുന്നുണ്ട്. അധികം വിദൂരത്തല്ലാത്ത ചരിത്രത്തില്‍ പോലും നമുക്കിതു കാണാനാവുന്നു. പാരിസ്, ചൈന, ഇറാന്‍ തുടങ്ങി ആസ്വാദനസുഖവും കര്‍ണഹാരിതവുമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു പിറകിലെ കഥയും തിരക്കഥയും സംവിധാനങ്ങളും നിര്‍വഹിച്ചത് വിദ്യാര്‍ഥികള്‍ അഥവാ യുവാക്കളായിരുന്നു. 


വിപ്ളവങ്ങളുടെ ചരിത്രപട്ടികയില്‍ മുന്തിയ സ്ഥാനത്തുനില്‍ക്കുന്ന ഫ്രഞ്ച് വിപ്ളവത്തിന്റെ തുടക്കം നിസ്സാരമായ ഒരു സംഭവത്തോടെയാണെങ്കിലും അധികം വൈകാതെ അതൊരു വലിയ മുന്നേറ്റമാവുകയായിരുന്നു. 1968 മാര്‍ച്ച് 22ന് പാരിസ് യൂനിവേഴ്സിറ്റി പോലിസ് സംഘം വളഞ്ഞതാണു തുടക്കം. കാംപസുകളിലെ സ്വതന്ത്രമായ രാഷ്ട്രീയചര്‍ച്ചകള്‍ക്കുമേല്‍ നിയന്ത്രണമായിരുന്നു ലക്ഷ്യം. കെട്ടിപ്പൊക്കിയ ചുവരുകള്‍ക്കുള്ളില്‍ ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. അധികാരത്തിന്റെ അരമനകളില്‍ മൃഷ്ടാന്നം ഭുജിച്ചിരുന്നവരുടെ അരുതായ്മകള്‍ സംബന്ധിച്ചു പാരിസ് യൂനിവേഴ്സിറ്റിയില്‍നിന്നു ചര്‍ച്ചകളും പ്രമേയങ്ങളും വന്നുതുടങ്ങിയപ്പോള്‍ ഭരണകൂടത്തിന് അത് അവസാനിപ്പിക്കേണ്ടിയിരുന്നു. ആ ശ്രമം പക്ഷേ, അതിശക്തമായ ഒരു മുന്നേറ്റത്തിനുള്ള തുടക്കമായി മാറുകയായിരുന്നു. 


ഒട്ടും വിഭിന്നമല്ലാത്ത ചരിത്രവര്‍ത്തമാനംതന്നെയാണു ചൈനയ്ക്കുമുള്ളത്. കമ്മ്യൂണിസ്റ്റ് ചൈനയില്‍ പോലും വിപ്ളവത്തിനായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയെന്നതില്‍ ചരിത്രപരമായ വൈരുധ്യമുണ്െടങ്കിലും സ്മരണീയമായ വിദ്യാര്‍ഥിമുന്നേറ്റമാണു ചൈനയിലും നടന്നത്. ഭരണം കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരേ ജനരോഷം ഉയരുകയായിരുന്നു. അരനൂറ്റാണ്ടു മുമ്പേ തന്നെ സോഷ്യലിസത്തില്‍നിന്നു കാപ്പിറ്റലിസത്തിലേക്ക് കമ്മ്യൂണിസ്റുകള്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയെന്നു സാരം. ഇതിനെതിരേ കമ്മ്യൂണിസ്റ് ആശയമുള്ള വിദ്യാര്‍ഥികള്‍തന്നെയാണ് സമരത്തിനു നേതൃത്വം നല്‍കിയത്. 


ടിയാനന്‍മെന്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്ന പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധതയ്ക്കെതിരേ മുഷ്ടിയുയര്‍ത്തിയപ്പോള്‍ അവര്‍ക്കു നേരെ പോലിസ് വെടിയുതിര്‍ത്തു. വ്യത്യസ്ത കണക്കുകള്‍പ്രകാരം 1200 മുതല്‍ 3000 വിദ്യാര്‍ഥികളാണ് അന്നവിടെ പിടഞ്ഞുവീണത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവമെന്നു പാഠപുസ്തകത്തില്‍ നാം വായിക്കുന്ന ചരിത്രമുന്നേറ്റത്തിനു നായകത്വം വഹിക്കാന്‍ യുവാക്കള്‍ക്കുണ്ടായിരുന്ന പ്രേരണ തിന്മയ്ക്കെതിരായ അവബോധം തന്നെയായിരുന്നു. 


തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ആളിക്കത്തിയ രോഷാഗ്നി 1979കളില്‍ ഇറാനിലെ ഭരണമാറ്റത്തിനു വഴിയൊരുക്കിയെന്നതും വിദ്യാര്‍ഥിയുടെ രാഷ്ട്രീയ ഇടപെടലുകളെയാണു സൂചിപ്പിക്കുന്നത്. രിസാഷാ പഹ്ലവിയുടെ സാമ്രാജ്യത്വവിധേയ ഭരണത്തിനെതിരേ വിപ്ളവത്തിനു നേതൃത്വം നല്‍കുമ്പോള്‍ വിദ്യാര്‍ഥികളുടെ ലക്ഷ്യം സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക മാത്രമായിരുന്നു. 


തിന്മയുടെ കാളകൂടം നിറഞ്ഞൊഴുകുന്ന ഇന്ത്യന്‍ വര്‍ത്തമാനത്തോട് വിദ്യാര്‍ഥിയുടെ പ്രതികരണം താരതമ്യേന നിസ്സാരമാണെന്നു തന്നെ പറയാം. രാജ്യത്തെ ജനാധിപത്യത്തിനു കാവല്‍ നില്‍ക്കാന്‍ ബാധ്യതയുള്ള വിദ്യാര്‍ഥിസംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളാണിന്ന്. സ്വന്തം രാഷ്ട്രീയ കരിയര്‍ വളര്‍ത്താനുള്ള ഉപാധി മാത്രമാണിന്നു മുഖ്യധാരാ വിദ്യാര്‍ഥിസംഘടനയുടെ പ്രവര്‍ത്തന ദൌത്യം. ദേശീയതലത്തില്‍ ശക്തമായ വിദ്യാര്‍ഥിമുന്നേറ്റം നമുക്കിന്നു കാണാനാവുന്നില്ല. ചില തുരുത്തുകളില്‍ മാത്രമേ വിദ്യാര്‍ഥികളുടെ സംഘടനാപ്രവര്‍ത്തനം കാണുന്നുള്ളൂ. 


സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള എളുപ്പമാര്‍ഗം കാംപസുകളെ അരാഷ്ട്രീയവല്‍ക്കരിക്കലാണെന്ന മുതലാളിത്തതന്ത്രം ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിയുടെ ചിന്തയും കഴിവുകളും എന്തിനേറെ, അവന്റെ സര്‍ഗാത്മകതപോലും അക്കാദമികകാര്യങ്ങളില്‍ തളച്ചിട്ടിരിക്കുകയാണിന്ന്. അറിവു നേടലോ പ്രബുദ്ധത കൈവരിക്കലോ അല്ല ഇന്നു പഠനത്തിന്റെ ലക്ഷ്യം. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങലാണ്. കുടുംബം, സുഹൃത്തുക്കള്‍, സമൂഹം തുടങ്ങിയവയൊക്കെ ഈ പരിശ്രമത്തിനിടയില്‍ വിദ്യാര്‍ഥിക്ക് ഒഴിവാക്കേണ്ടിവന്നു. ഒരുപക്ഷേ, സാമൂഹികബോധവും. 


പട്ടിണി, പോഷകാഹാരക്കുറവ്, നിരക്ഷരത, തൊഴിലില്ലായ്മ, അഴിമതി, സാമ്രാജ്യത്വവിധേയത്വം തുടങ്ങി കലുഷിതമായ രാഷ്ട്രവര്‍ത്തമാനങ്ങള്‍ നമ്മുടെ കാംപസുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു വിഷയമല്ലാതായിരിക്കുന്നു. 45 ശതമാനത്തോളം കുട്ടികളും നിരക്ഷരരായി കഴിയുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം മൂന്നുശതമാനത്തില്‍ താഴെയാണ്. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 40 ശതമാനം ചെലവഴിക്കുന്നത് പ്രതിരോധമേഖലയ്ക്കാണ്. ഭീകരമായ ഈ യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ യുവാക്കള്‍ക്കും കാംപസുകള്‍ക്കും ചര്‍ച്ചയാവുന്നില്ല എന്നതു ഖേദകരമാണ്. സ്വതന്ത്രമായ നിലപാടെടുക്കുന്നതില്‍ നിന്നും തിന്മയ്ക്കെതിരേ ശബ്ദിക്കുന്നതില്‍നിന്നും വിദ്യാര്‍ഥികളെ തടയുന്നത് മാതൃരാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. ഡല്‍ഹി ഒഴികെ കാംപസ് രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും ജീവനുള്ള പശ്ചിമബംഗാള്‍, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ നമുക്കിതു കാണാനാവും. സ്വന്തം ഫോട്ടോ പ്രദര്‍ശിപ്പിച്ച് 'നേതാജി' പരിവേഷം ഉണ്ടാക്കിയെടുത്ത് അധികാരക്കസേരകളിലേക്കു കയറിപ്പോവാനുള്ള എളുപ്പവഴിയാണിന്ന് മുഖ്യധാരാ വിദ്യാര്‍ഥിസംഘടനകള്‍. ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇതില്‍നിന്നു വിഭിന്നമല്ല. പകരം വരുന്നത് റാഡിക്കല്‍ ലെഫ്റ്റിസ്റ്റുകളാണ്- തീവ്ര ഇതുപക്ഷക്കാര്‍. 


സെമിനാറുകളും സിംപോസിയങ്ങളും നടത്തി പുതിയ പ്രഭാഷകരെ ഉണ്ടാക്കിയെടുക്കുകയോ ഉള്ളവരുടെ കഴിവു തെളിയിക്കാന്‍ അവസരം നല്‍കുന്നതിലോ കവിഞ്ഞ് അരുതായ്മകള്‍ക്കെതിരേ കലഹമുയര്‍ത്തുന്നതില്‍ അവര്‍ക്കും വലിയ താല്‍പ്പര്യമില്ല. ചാരുകസേരവിപ്ളവത്തില്‍ അഭിരമിച്ചിരിക്കുകയാണവര്‍. ഇടകീറി പരിശോധിച്ചാല്‍ റാഡിക്കല്‍ ലെഫ്റ്റിസ്റ്റുകളും വ്യവസ്ഥയുടെ ഭാഗമാണെന്നോ ചുരുങ്ങിയപക്ഷം അവരുടെ താല്‍പ്പര്യത്തിന്റെ കൂടെയാണെന്നോ നമുക്കു കാണാനാവും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹി വ്യത്യസ്തമാവുന്നതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. ഇന്നു മംഗലാപുരത്തു ചേരുന്ന കാംപസ് ഫ്രണ്ട് പ്രതിനിധി സമ്മേളനം ഇത്തരം വിഷയങ്ങളാണു ചര്‍ച്ചചെയ്യുന്നത്.

സി എ റഊഫ്  (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)







2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

വിദ്യാഭ്യാസമന്ത്രിയുടെ വിദേശമോഹങ്ങള്‍




എക്കാലത്തെയും വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തെങ്കിലും വിവാദങ്ങള്‍ സൃഷ്‌ടിച്ചാണ്‌ ശ്രദ്ധേയരാവാന്‍ ശ്രമിച്ചത്‌. വിദ്യാഭ്യാസ മേഖലയില്‍ താനിരിക്കുന്ന കാലം സ്‌മരിക്കപ്പെടേണ്ട മുദ്രകള്‍ ഉണ്ടാവണമെന്ന പ്രത്യേക താല്‍പ്പര്യം നല്ലതൊക്കെ തന്നെയാവും. എന്നുവച്ച്‌ നിലവിലുള്ള എല്ലാറ്റിനെയും തകര്‍ത്തെറിഞ്ഞുകൊണ്ട്‌ തന്നെയാവണമെന്ന വാശി അത്ര നല്ല ലക്ഷണമല്ല. 


           നമ്മുടെ കുട്ടികള്‍ പഠിച്ച്‌ നല്ലനിലയില്‍ എത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ മറ്റെല്ലാവരെക്കാളും പലതുകൊണ്ടും ചെറുപ്പം മുതലെ നല്ല ഗ്രാഹ്യമുള്ള പശ്‌ചാത്തലത്തില്‍ വളര്‍ന്നുവന്ന വ്യക്‌തിയാണ്‌ പി.കെ. അബ്‌ദുറബ്‌. എന്നാല്‍ അദ്ദേഹത്തെ തന്നെ അതൊക്കെ തകര്‍ത്തറിയാന്‍ നിയോഗിക്കപ്പെടുന്നുവെന്നത്‌ ഖേദകരമാണ്‌. 
          കേന്ദ്രമന്ത്രിസഭ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയ ബില്ലിന്റെ മറപിടിച്ച്‌ വിദേശ സര്‍വകലാശാലകള്‍ക്ക്‌ കോഴ്‌സുകള്‍ തുടങ്ങാന്‍ സാഹചര്യമൊരുക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രിയുടെ ഇടയ്‌ക്കിടെയുള്ള പ്രസ്‌താവനകളും അതിനായുള്ള നീക്കങ്ങളും ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. 




              92 ശതമാനം സാക്ഷരത കൈവരിച്ച ശേഷം രണ്ടുദശകങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്‌ഥാനമെന്ന പദവി ഇപ്പോഴും അലങ്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌ നമ്മുടെ കേരളം. പക്ഷേ, പുതിയ സാഹചര്യത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരവും അതിന്റെ സ്വഭാവവും അപ്പാടെ മാറിപ്പോയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനങ്ങളില്‍ കേരളത്തെക്കാളൊക്കെ സാക്ഷരതയില്‍ വളരെ പിന്നിലുള്ള ബിഹാറും തൊട്ടുപിന്നിലുള്ള കര്‍ണാടകയുമൊക്കെ കേരളത്തെ ബഹുദൂരം പിന്നിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നത്‌ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെ കുറവു തന്നെയാണ്‌.
              ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പ്രവേശനകവാടങ്ങളിലെ കോണിപ്പടികളില്‍ നല്ലൊരു ശതമാനം മലയാളി വിദ്യാര്‍ഥികള്‍ വഴുതിവീഴാനുള്ള കാരണത്തെ സഗൗരവം നാം ചര്‍ച്ചയ്‌ക്കു വിധേയമാക്കണം. ഓള്‍ഡ്‌ സിലബസ്‌, ഡി.പി.ഇ.പി, എസ്‌.എസ്‌.എ, ഇപ്പോള്‍ ആര്‍.എം.എസ്‌.എ തുടങ്ങീ നിലവാരത്തിന്റെ വിലയിരുത്തലിന്‌ നമുക്ക്‌ ധാരാളം പേരുകള്‍ ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും അക്കാദമിക പഠനത്തിന്‌ അടിത്തറ പാകാന്‍ നമ്മുടെ സമ്പ്രദായങ്ങള്‍ക്കാകുന്നില്ല എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ഇന്നും വെടിയൊച്ച നിലച്ചിട്ടില്ലാത്ത, അശാന്തിയുടെ വിളനിലമായി മാത്രം നിലനില്‍ക്കുന്ന കശ്‌മീരില്‍ നിന്ന്‌ പോലും രാജ്യത്തെ പരമോന്നത സര്‍വീസായ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ വരെയുള്ളവര്‍ ഉയര്‍ന്നുവരുമ്പോള്‍ രണ്ട്‌ ദശകം മുമ്പ്‌ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപിച്ച നമ്മുടെ സംസ്‌ഥാനത്തിന്‌ രണ്ടക്കത്തില്‍ നിന്നേ റാങ്ക്‌ എണ്ണിത്തുടങ്ങാന്‍ പറ്റുന്നുള്ളൂ. ഇത്‌ അടിസ്‌ഥാന വിദ്യാഭ്യാസത്തിന്റെ ശൈലിയും നിലവാരവും അടിസ്‌ഥാനപ്പെടുത്തി വേണം വിലയിരുത്താന്‍. 
         ഓരോ വര്‍ഷവും എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഫലം പുറത്തുവരുമ്പോള്‍ മാര്‍ക്ക്‌ വാരിക്കോരി കൊടുത്ത്‌ കുട്ടികളെ വിജയിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ 90 ശതമാനത്തിലധികം വരുന്ന വിജയത്തിളക്കം പൊലിഞ്ഞു പോകുക മാത്രമല്ല അധികാരികള്‍ വരും തലമുറയോടു ചെയ്യുന്ന നീതികേട്‌ പുറത്താകുകയുമാണ്‌ ചെയ്യുന്നത്‌. 
          വിദ്യാഭ്യാസവകുപ്പിന്റെ കാര്യക്ഷമതയെ ഉയര്‍ത്തിക്കാണിക്കാന്‍ ഓരോ വര്‍ഷവും ഉദാരമായി മാര്‍ക്ക്‌ ദാനം ചെയ്‌ത് വിജയികളുടെ എണ്ണവും വിജയശതമാനവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഇതിനര്‍ഥം ദാനം സ്വീകരിക്കാതെ വിജയിക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികളെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ പരിശ്രമിച്ചിട്ടില്ല എന്നാണ്‌. വിജയശതമാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നല്‍കിയ മറുപടി തന്റെ നര പോലെ സത്യമാണ്‌ ഈ ഫലമെന്ന്‌ പറഞ്ഞ്‌ തടിയെടുക്കുകയാണുണ്ടായത്‌. ഇത്തവണ സത്യസന്ധതയ്‌ക്ക് സാക്ഷിനില്‍ക്കാന്‍ തലയില്‍ നര അത്ര കയറാത്ത അബ്‌ദുറബ്ബ്‌ എന്ന്‌ മറുപടിയാവും നല്‍കുക.
            പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിശേഷങ്ങളാണിത്രയുമെങ്കില്‍ ഉന്നതവിദ്യാഭ്യാസം തൊട്ടതും തൊടാന്‍ വിചാരിച്ചതും വിവാദത്തിലാക്കുന്ന സാഹചര്യമാണുള്ളത്‌. 1991ല്‍ സ്വാശ്രയ കോഴ്‌സുകളും കോളേജുകളും തുടങ്ങാന്‍ തീരുമാനിച്ചത്‌ മുതല്‍ ഇന്നുവരെ അത്‌ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായിട്ടില്ല. പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്‌ മുതല്‍ ജനാധിപത്യ ഭരണകൂടം മാനേജ്‌മെന്റുകളുടെ അരമനകള്‍ക്കു മുമ്പില്‍ കാത്തുകെട്ടിക്കിടക്കുന്നത്‌ പതിവുകാഴ്‌ചയായിരിക്കുന്നു. സര്‍ക്കാര്‍ ഫീസ്‌, മാനേജ്‌മെന്റ്‌ ഫീസ്‌, സര്‍ക്കാര്‍ സീറ്റ്‌, മാനേജ്‌മെന്റ്‌ സീറ്റ്‌, എന്‍.ആര്‍.ഐ സീറ്റ്‌, എന്‍.ആര്‍.ഐ ഫീസ്‌ തുടങ്ങീ വിയോജിക്കാനും ചാനല്‍/ പ്രസ്‌താവനായുദ്ധം നടത്താനും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തും വിഷയങ്ങള്‍ക്ക്‌ ദാരിദ്ര്യമില്ല. പ്രഫഷണല്‍ കോഴ്‌സുകളുടെ ഒന്നാം സെമസ്‌റ്റര്‍ പൂര്‍ത്തിയാകാറാവുമ്പോഴും പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അടച്ചിട്ട മുറികളില്‍ സജീവമായി നടക്കുന്നതും പതിവും കാഴ്‌ചകളിലൊന്നാണന്ന്‌ പറയാതെ വയ്യ.
              യോഗ്യതയുടെ കാര്യത്തില്‍ ആക്ഷേപമുന്നയിച്ചവരെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്ന അലിഗഡ്‌ സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ബിരുദധാരിയായ പി.കെ. അബ്‌്ദുര്‍റബ്ബിന്‌ തുടക്കം തന്നെ പിഴച്ചത്‌ സ്വാശ്രയത്തില്‍ തട്ടിയാണ്‌. അരിയെത്രയെന്ന്‌ ചോദിച്ചാല്‍ അറിയില്ലെങ്കില്‍ പയറഞ്ഞാഴി എന്ന്‌ പറഞ്ഞ്‌ തടി രക്ഷപ്പെടുത്തുന്ന രാഷ്ര്‌ടീയ വിദ്യ അദ്ദേഹത്തിനത്രക്കു വശമില്ലെന്നാണ്‌ മനസ്സിലാകുന്നത്‌. അതല്ലെങ്കില്‍ ആര്‍ക്കൊക്കെയോ കയറി നിരങ്ങുന്നതിന്‌ അദ്ദേഹത്തെ നിശ്ശബ്‌ദമാക്കിയതാണോ എന്നുമറിയില്ല. ഈ വര്‍ഷത്തെ സ്വാശ്രയ വിവാദം അതിലേക്കാണ്‌ സൂചനനല്‍കുന്നത്‌. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സംസാരിച്ച്‌ സമവായത്തിലെത്താന്‍ മന്ത്രിസഭ ഒരു പ്രത്യേക സമിതിയെയുണ്ടാക്കി, അതിനധ്യക്ഷനായി കെ.എം.മാണിയെന്ന ധനകാര്യവിദഗ്‌ധനെയാണേല്‍പ്പിക്കുന്നത്‌. പിന്നെന്തിനാണൊരു വിദ്യാഭ്യാസമന്ത്രി.? 
            സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ തീരുമാനത്തില്‍ നിന്നു മനസ്സിലാകുന്നത്‌ വിദ്യാഭ്യാസമെന്നത്‌ സേവനം എന്ന ആശയത്തില്‍ നിന്നും മാറി ലാഭവും നഷ്‌്ടവും കണക്കാക്കി ചെയ്യേണ്ട ഒരു കച്ചവടമായി സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിക്കുന്നുവെന്നാണ്‌. അതുകൊണ്ടാണ്‌ സമര്‍ഥനായ സാമ്പത്തിക വിദഗ്‌ധനെ തന്നെ ഏല്‍പ്പിച്ചത്‌. കെ.എം. മാണിയെ ഇതേല്‍പ്പിച്ചത്‌. സ്വകാര്യമേഖലയ്‌ക്ക് പൂര്‍ണനിയന്ത്രണമുള്ള സ്വാശ്രയമേഖലയിലെ വിവാദങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണാന്‍ ഇന്നുവരെ സര്‍ക്കാരിനായിട്ടില്ല. 
          45 ലക്ഷത്തോളം വരുന്ന സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെയും അതിന്റെ പത്തുശതമാനത്തിലധികം വരുന്ന ഉന്നത പഠനരംഗത്തെയും പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാതെയാണ്‌ വിദേശ സര്‍വകലാശാലകള്‍ക്ക്‌ ഗ്രീന്‍ സിഗ്‌്നല്‍ നല്‍കാന്‍ അബ്‌ദുറബ്‌ പ്രഖ്യാപനം നടത്തിയത്‌. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പ്രസ്‌താവനകളിലൊന്ന്‌ വിദ്യാഭ്യാസരംഗത്തേക്ക്‌ കോര്‍പറേറ്റുകളെ സ്വാഗതം ചെയ്‌തുകൊണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയും സാധൂകരണവുമാണ്‌ വിദേശ സര്‍വകലാശാലക്കായുള്ള സ്വാഗതമാശംസയിലും കാണാന്‍ സാധിക്കുന്നത്‌.
           വിദ്യാഭ്യാസ നിലവാരത്തെ അന്താരാഷ്ര്‌ട തലത്തിലേക്ക്‌ ഉയര്‍ത്താനെന്ന ന്യായം പറഞ്ഞ്‌ വിദേശ സര്‍വകലാശാലയ്‌ക്ക് ചുവപ്പ്‌ പരവതാനി പിരിക്കുമ്പോള്‍ അത്‌ നമ്മുടെ സാമൂഹികസാംസ്‌കാരിക രംഗത്ത്‌ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങള്‍ ഭരണവര്‍ഗം വിദഗ്‌ധമായി മറച്ചുവെക്കുകയാണ്‌. സൗദി അറേബ്യയോ, ചൈനയോ വെനിസ്വേലയോ അല്ല ഇത്തരം സര്‍വകലാശാല തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്‌. ലോകരാഷ്ര്‌ടങ്ങള്‍ക്കുമേല്‍ സാമ്പത്തികവും സൈനികവും സാംസ്‌കാരികവുമായ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാഷ്‌ട്രങ്ങളാണ്‌. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നേരിട്ട്‌ നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്നതോടെ നമ്മുടെ ശീലങ്ങളെയും സംസ്‌കാരത്തെയും പാശ്‌ചാത്യ മാതൃകയില്‍ വാര്‍ത്തെടുക്കാന്‍ എത്ര നിസ്സാരമായി കഴിയുമെന്ന യാങ്കി തലച്ചോര്‍ 30 വെള്ളിക്കാശിന്റെ തിളക്കത്തില്‍ കണ്ണു മഞ്ഞളിച്ച ഭരണവര്‍ഗത്തിന്‌ തിരിച്ചറിയാന്‍ കഴിയാതെ പോയി. 
            അക്കാദമിക കാര്യത്തിലോ, നടത്തിപ്പു കാര്യത്തിലോ യാതൊരു ഇടപെടലും നടത്താന്‍ അനുവാദമില്ലാതെ വിദേശ യൂണിവേഴ്‌സിറ്റി വരുന്നതിലൂടെ സര്‍ക്കാരിനു ആകെ ലഭിക്കുന്ന മെച്ചം 50,000 ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ ലഭിക്കുന്നുവെന്നതാണ്‌. പകരം നിര്‍മിക്കപ്പെടുന്നത്‌ പ്രത്യേക സാമ്പത്തിക മേഖലക്ക്‌ സമാനമായ പ്രത്യേക വിദ്യാഭ്യാസ മേഖലകളാണ്‌ (സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സോണ്‍). തമിഴ്‌നാട്ടില്‍ നിന്ന്‌ ഡീംഡ്‌ പദവി വാങ്ങി തന്നിഷ്‌ടം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അമൃത പോലുള്ള സ്‌ഥാപനങ്ങളെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ലെന്ന്‌ കൈമലര്‍ത്തുന്ന സര്‍ക്കാരിനു യാങ്കിയുടെ യൂണിവേഴ്‌സിറ്റിയില്‍ എന്ത്‌ ഇടപെടല്‍ നടത്താനാണു കഴിയുക. 
       വിദേശ സര്‍വകലാശാല വരുമ്പോള്‍ പാര്‍ട്ടിയിലെ ബിസിനസ്‌ രാജാക്കന്‍മാര്‍ക്ക്‌ ബിസിനസ്‌ പാര്‍ട്ട്‌ണര്‍മാരാവാന്‍ അവസരം ലഭിച്ചേക്കാം. അധിനിവേശ ശക്‌തികള്‍ പുതിയരീതികളാണിപ്പോള്‍ അവലംബിക്കുന്നത്‌. അതിലൊന്നാണ്‌ ചോദ്യം ചെയ്യാന്‍ അവസരമില്ലാത്ത പ്രത്യേക കേന്ദ്രങ്ങള്‍ സ്‌ഥാപിക്കുക എന്നത്‌. അതിലൂടെ നമ്മുടെ പരമാധികാരത്തെ വരെ ഹൈജാക്ക്‌ ചെയ്യാന്‍ അധിനിവേശശക്‌തികള്‍ക്ക്‌ സാധിക്കും. പാശ്‌ചാത്യന്‍ വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നുനല്‍കുക ഒരുതരം അടിമത്വമായിരിക്കും. പ്രതികരണവും വിപ്ലവബോധവും അവകാശബോധവുമെല്ലാം നഷ്‌ടപ്പെട്ട പ്രത്യേക സംസ്‌കാരമുള്ള ഒരു ഭാവി തലമുറയെയാണ്‌ സാമ്രാജ്യത്വം ലക്ഷ്യമിടുന്നത്‌. പിന്നാക്കസമുദായങ്ങളുടെ രക്ഷയെക്കുറിച്ച്‌ അവകാശവാദമുന്നയിക്കുന്ന മുസ്ലിംലീഗ്‌ സംവരണമെന്ന സങ്കല്‍പ്പത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന ഒരു പ്രത്യേക സംവിധാനത്തിനാണ്‌ വഴിയൊരുക്കുന്നത്‌. മുമ്പ്‌ കെനിയയില്‍ പരീക്ഷിച്ചു വിജയച്ച അധിനിവേശത്തിന്റെ പുതിയ രീതിക്ക്‌ കേരളത്തിന്റെ മണ്ണിലും അവസരം നല്‍കാനുള്ള പ്രഖ്യാപനത്തെ മുന്‍പില്‍ നോക്കാതെ പിന്തുണച്ച്‌ അപകടം വിളിച്ചുവരുത്തരുത്‌. 
        ആധുനിക കാലത്തെ വിദ്യാഭ്യാസ കച്ചവടവും കോര്‍പ്പറേറ്റ്‌ സംസ്‌കാരവും മൂലം ഉണ്ടാവുന്ന ഗുണനിലവാരമില്ലായ്‌മ നമ്മുടെ സര്‍വകലാശാലകള്‍ ഭാവിയില്‍ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാവുകയും വിദേശസര്‍വകലാശാലകള്‍ വിദ്യാഭ്യാസമേഖല കൈയടക്കി ഭരിക്കുന്ന ഭരിക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്യും. ഇവ ഒഴിവാക്കാന്‍ നമ്മുടെ സര്‍വകലാശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്‌. 
  ഒപ്പം കച്ചവട താല്‍പ്പര്യക്കാര്‍ ചുമത്തുന്ന അധിക ഫീസ്‌ മൂലം രാജ്യത്തെ കോടിക്കണക്കായ പാവപ്പെട്ടവന്‌ പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുന്നതിനാല്‍ കോഴ്‌സുകളുടെ ഫീസ്‌ നിശ്‌ചയിക്കുന്നതിനും വ്യവസ്‌ഥ ഉണ്ടാവേണ്ടതാണ്‌. 
              സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ച ധാരാളം പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. നിലവിലെ സംവിധാനങ്ങളെ പൂര്‍ണമായും ശരിപ്പെടുത്തി എടുക്കുന്നതിന്‌ മുന്തിയ പരിഗണന നല്‍കേണ്ട ഭരണാധികാരികള്‍, പറക്കുന്നതിന്റെ പിന്നാലെയുള്ള പോക്ക്‌ അവസാനിപ്പിക്കുകയാണ്‌ വേണ്ടത്‌. വിദ്യാഭ്യാസമേഖലയിലെ ഏത്‌ പരിഷ്‌കരണവും മതിയായ ചര്‍ച്ചകളുടെ അടിസ്‌ഥാനത്തിലാവണം നടപ്പാക്കേണ്ടത്‌. നമ്മുടെ സംസ്‌കാരവും സ്വഭാവവും നഷ്‌ടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ ശക്‌തമായ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തും. 
--------------------------------നാസറുദീന്‍ എളമരം-------------------------------






     



   
    

   


    
    


     


    

  

















നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"