2012, ജനുവരി 28, ശനിയാഴ്‌ച

ജാഹിലിയ്യത്തിന്റെ അര്‍ത്ഥം

   പ്രവാചകത്വത്തിന്ന് മുമ്പുള്ള കാലഘട്ടത്തെയാണ് സാധാരണ അര്‍ഥത്തില്‍ ജാഹിലിയ്യാ കാലഘട്ടം എന്ന് പറയുന്നത്. ആ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ അടിമകള്‍ക്ക് അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവാചകനെ കുറിച്ചും അറിയാമായിരുന്നെങ്കിലും ദീനും ശരീഅത്തും അവര്‍ക്ക് തീര്‍ത്തൂം അജ്ഞ്ജാതമായിരുന്നു.അഹങ്കാരം,ഗോത്ര-ദേശ മഹിമ,വിഭാഗീയത എന്നിവയില്‍ മുഴുകിച്ചേര്‍ന്നതായിരുന്നു അവരുടെ ജീവിതം.സ്വത്തിന്റെയും ധനത്തിന്റെയും പേരിലും ജാഹിലീയ്യ രീതിയുടെ പേരിലും അഭിമാനം കൊള്ളല്‍ അന്ന് പതിവായിരുന്നു.ഖുര്‍ആനില്‍ പറയുന്നത് ശ്രദ്ധിയ്ക്കുക.
   " പിന്നീട് ആ ദു:ഖത്തിന് ശേഷം അല്ലാഹു നിങ്ങള്ക്ക് ഒരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു.അത് നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു.വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെ പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥമായിരുന്നു.അല്ലാഹുവിനെപ്പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു.അവര്‍ പറയുന്നു :കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ ? (നബിയേ)പറയുക :കാര്യമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു.നിന്നോട് അവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ അവര്‍ മനസ്സുകളില്‍ ഒളിച്ചു വെക്കുന്നു.അവര്‍ പറയുന്നു :കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല"   (ആലുഇംറാന്‍ :154)
   "ജാഹിലിയ്യത്തിന്റെ വിധിയാണോ അവര്‍ തേടുന്നത്.ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്"  ? (മാഇദ 50)
   "സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ജാഹിലിയ്യാ യുഗത്തിന്റെ ദുരഭിമാനം വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം"   (ഫതഹ് 26)
   മേലുദ്ധരിച്ച ഒന്നാമത്തെ ആയത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടാവിനെ സംബന്ധിച്ച് തെറ്റായ ധാരണ വെച്ചുപുലര്‍ത്തലും ജീവിത മരണങ്ങളുടെയും ലാഭനഷ്ട്ടങ്ങളുടെയും ഉടമാവകാശം അല്ലാഹുവിന് അംഗീകരിച്ചു നല്‍കാതിരിക്കുന്നതിനെയും ജാഹിലിയ്യത്ത് എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.രണ്ടാമത്തെ ആയത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവില്‍ നിന്നവതീര്‍ണമായ ശരീഅത്തിനെ ഒഴിവാക്കി പകരം മറ്റേതെങ്കിലും നിയമസംവിധാനത്തെ തേടുകയോ,ദൈവീക നിയമങ്ങളെക്കാള്‍ മറ്റേതെങ്കിലും നിയമത്തിന്നു പ്രാമുഖ്യം കല്‍പ്പിക്കുകയോ ചെയ്യുന്നതും ജാഹിലിയ്യാത്താണ്.തീര്‍ത്തൂം സത്യമായ മാര്‍ഗത്തിന്നു പകരം മറ്റേതെങ്കിലും മാര്‍ഗം തേടിപ്പോകുന്നത് ജാഹിലിയ്യാത്ഥാനന്നു മൂന്നാമത്തെ സൂക്തം പറയുന്നു.
   ഒരിക്കല്‍ തന്റെ അനുയായികളില്‍പ്പെട്ട ഒരാള്‍ മറ്റൊരാളെ "  കറുമ്പിപ്പെണ്ണിന്റെ മോനേ"   എന്നു വിളിക്കുന്നത് പ്രവാചകന്‍ (സ)കേള്‍ക്കാനിടയായി.പ്രവാചന്‍ (സ)അദ്ദേഹത്തോട് പറഞ്ഞു.
   "താങ്കളിപ്പോയും ജാഹിലിയ്യത്ത് പേറിനടക്കുന്നുവല്ലോ?"   
 ജാഹിലിയ്യത്ത് ഏതെങ്കിലും ഒരു കാലഘട്ടവുമായി മാത്രം ബന്ധപ്പെട്ടതല്ല.മറിച്ച് സത്യത്തിന്നു വിവരീതമായിട്ടുള്ള വിശ്വാസങ്ങളുടെയും ചിന്തകളുടെയും വികാരങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സ്വഭാവങ്ങളുടെയും പേരാണ് ജാഹിലിയ്യത്ത്.ഇസ്ലാം എന്നതിന്റെ നേര്‍ വിവരീതമാണിത്.ഇസ്ലാമിന്റെ അടിത്തറ വിജ്ഞ്ജാനത്തിലധിഷ്ഠിതമാണ്.സര്‍വജ്ഞ്ജാനിയായവന്റെ പക്കല്‍ നിന്നുമാണ് അത് അവതീര്‍ണമായത്.പ്രവാചകന്നു മുമ്പുള്ള അറേബ്യന്‍ കാലഘട്ടത്തെ ജാഹിലിയ്യാ കാലഘട്ടം എന്നു വിളിച്ചതിന്നു കാരണം ആ കാലഘട്ടത്തിലെ മനുഷ്യര്‍ തങ്ങളുടെ ജീവിതരീതി കെട്ടിപ്പെടുത്തത് ഊഹങ്ങളുടെയും തെറ്റുധാരകളുടെയും അനുമാനങ്ങളുടെയും ദേഹേച്ചകളുടെയും അടിസ്ഥാനത്തിലായിരുന്നു.ഇത്തരം രീതി അവലംബിക്കുന്നത് ഏത് കാലഘട്ടത്തിലായാലും അതിനെ ജാഹിലിയ്യാ രീതി എന്നുതന്നെ വിളിക്കപ്പെടും.
   ആധുനിക ഭൌതിക വിദ്യാഭ്യാസം മനുഷ്യന്ന് മാര്‍ഗദര്‍ശനം നല്‍കാന്‍ പര്യാപ്തമല്ല.ഭാഗിക വിജ്ഞ്ജാനത്തോടൊപ്പം അനുമാനങ്ങളുടെയും ദേഹേച്ചകളുടെയും ഊഹങ്ങളുടെയും ചേരുവ ചേര്ത്ത ജീവിത പദ്ധതിയാണ് ആധുനിക വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്നത്.അറേഭ്യന്‍ ജാഹിലിയ്യത്തിന്റെ പ്രവര്‍ത്തനരീതികളെ എപ്രകാരം ജാഹിലിയ്യത്ത് എന്ന് നിര്‍വചിക്കപ്പെട്ടുവോ അതേ പ്രകാരം തന്നെ ആധുനിക വിജ്ഞ്ജാനമാര്‍ഗങ്ങളും ജാഹിലിയ്യത്താണ്.
   എന്താണ് ജാഹിലിയ്യത്ത് ? എത്യോപ്യയിലേക്ക് ഹിജ്റ പോയ സംഘത്തിലെ ജഅഫര്‍ (റ)അവിടുത്തെ രാജാവായ നജ്ജാശിയുടെ മുമ്പില്‍ ജാഹിലിയ്യത്തിനെ വിവരിച്ചു കൊടുത്ത രീതി ശ്രേദ്ധേയമാണ്."  രാജാവേ ,ഞങ്ങള്‍ ജാഹിലിയ്യാ സമൂഹമായിരുന്നു,ബിംബങ്ങളെ പൂജിക്കുന്നവരും ശവം തിന്നുന്നവരുമായിരുന്നു.മ്ലേച്ചവൃത്തികള്‍ ചെയ്യുന്നവരും,രക്തബന്ധം മാനിക്കാത്തവരുമായിരുന്നു.അതുപോലെ അയല്‍വാസികളോടു ഞങ്ങള്‍ വളരെ മോശമായി പെരുമാറി.ഞങ്ങളിലെ ശക്തന്മാര്‍ ദുര്‍ബലരെ കീഴ്പ്പെടുത്തിയിരുന്നു".
  മുശ് രിക്കുകളുടെയും വേദക്കാരുടെയും ഏതല്ലാം വിശ്വാസാചാരങ്ങളെ ഖുര്‍ആന്‍ തളിപ്പറഞ്ഞിട്ടുണ്ടോ അതെല്ലാം ജാഹിലിയ്യത്തില്‍ പെട്ടതാണ്.ഒരര്‍ത്ഥത്തില്‍ ഖുര്‍ആന്‍  മുഴുവനും ജാഹിലിയ്യത്തിനോടുള്ള യുദ്ധ പ്രഖ്യാപനമാണ്.പ്രവാചകന്റെ ഇരുപത്തിമൂണ് വര്‍ഷത്തെ ജീവിതം മുഴുവനും ജാഹിലിയ്യത്തിനെതിരെ യുദ്ധത്തിലായിരുന്നു.ഒരിക്കല്‍ പോലും ഇതിനോട് രാജിയാവുകയോ അനുരഞ്ജ്ജനത്തിലേര്‍പ്പെടുകയോ ചെയ്യുന്നത് പോയിട്ട് അതിലേക്ക് ഒന്നു ചായുക പോലുമുണ്ടായിട്ടില്ല.
   "പറയുക,ഹേ സത്യവിശ്വാസികളേ,നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നവയ്ക്ക് ഞാന്‍ ഇബാദത്ത് ചെയ്യുകയില്ല"  (അല്‍ കാഫിറൂന്‍ 1-2)
   "അതിനാല്‍ അസത്യവാദികളെ  നീ അനുസരിക്കരുത്.നീ വഴങ്ങിക്കൊടുത്തിരുന്നുവെങ്കില്‍ വഴങ്ങിത്തരാമെന്നവരും ആഗ്രഹിക്കുന്നു"   (ഖലം 8-9)
   "തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചു കളയാന്‍ ഒരുങ്ങിയിരിക്കുന്നു.നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമാക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്).അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുകതന്നെ ചെയ്യും.നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പ്പമൊക്കെ ചാഞ്ഞുപോയെക്കുമായിരുന്നു.എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ,മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്.പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല"    (ഇസ്റാഹ് 73-75)
   "അപ്രകാരം നാം തെളിവുകള്‍ വിശദീകരിച്ചു തരുന്നു,കുറ്റവാളികളുടെ മാര്‍ഗം വ്യക്തമായി വേര്‍തിരിഞ്ഞു കാണുവാന്‍ വേണ്ടിയാകുന്നു അത്.പറയുക,അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു.പറയുക,നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല.അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു,സന്മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല".   (അന്‍ആം 55-56)
   ജാഹിലിയ്യത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് ആയുധം വെച്ച് കീഴടങ്ങാനോ അതിന്റെ തന്നെ അഭയം തേടാനൊ അതിനോട് രാജിയാകാനോ ആര്‍ക്കും അനുവാദമില്ലെന്ന് മേലുദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നു.മാത്രമല്ല,ജാഹിലിയ്യത്തുകളോട് മൃദുഭാവേണ പെരുമാറാനോ അതിലേക്ക് ചായാനോ ഉള്ള സാധ്യതപോലും ഈ ഖുര്‍ആനിക സൂക്തങ്ങളിലൂടെ അല്ലാഹു അടച്ചു കഴിഞ്ഞു.ഈ ബിന്ദുവില്‍ നിന്നാണ് നന്മ തിന്മകളുടെയും സംഘര്‍ഷത്തിന്റെയും സത്യാസത്യ പോരാട്ടത്തിന്റെയും ചരിത്രത്തിന്നു തുടക്കം കുറിക്കുന്നത്.ആരാണ് ദൃഢവിശ്വാസിയെന്നും ആരാണ് ദുര്‍ബലവിശ്വാസിയെന്നും തിരിച്ചറിയപ്പെടുന്നതും ഇവിടെ വെച്ചാണ്.
   ഖബ്ബാബ്നു അറത്ത് (റ)വിന്റെ ചരിത്രം കേള്‍ക്കൂ.ഒരിക്കല്‍ കഅബ ചാരിയിരിക്കുകയായിരുന്നു പ്രവാചകന്‍ (സ).തങ്ങളനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രയാസങ്ങളെയും പീഡനങ്ങളെയും കുറിച്ച് പരാതിപ്പെട്ടുകൊണ്ടു ഖബ്ബാബ് (റ)ചോദിച്ചു.,അല്ലെയോ പ്രവാചകരേ ,അങ്ങ് ഞങ്ങല്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നില്ലേ?ഇതു കേട്ട തിരുമേനി ഇപ്രകാരം അരുളി: "നിങ്ങളുടെ മുന്‍ഗാമികളെ അവരുടെ ശത്രുക്കള്‍ കുഴിയില്‍ നിര്‍ത്തി ഈര്‍ച്ചവാള്‍ കൊണ്ട് ഈര്‍ന്ന് രണ്ടായി പകുത്തിരുന്നു.ഇരുമ്പിന്ഠെ ചീര്‍പ്പുകള്‍ക്കൊണ്ട് അവരുടെ ശരീരത്തിലെ മാംസവും എല്ലും വേര്‍തിരിക്കപ്പെട്ടിരുന്നു.ഇതൊന്നും തന്നെ സ്വന്തം മതത്തില്‍നിന്ന് പിന്‍മാറാന്‍ അവരെ പ്രേരിപ്പിച്ചില്ല.ഇത്രയുമായപ്പോയെക്കും നിങ്ങള്‍ ഭയപ്പെടുന്നുവോ ?.
   ഉദാഹരണത്തിന്നുവേണ്ടി കിടങ്ങിന്റെ ആളുകളുടെ കഥ ഖുര്‍ആന്‍ വിവരിക്കുന്നു.ആക്രമികളായ കിങ്കരന്‍മാര്‍ അവരെ പിടിച്ച് തീ കുന്ധാരത്തിലേക്കു എറിഞ്ഞുകൊണ്ടിരുന്നു.അവരിലൊരാളും ദീനില്‍നിന്നു പിന്‍മാറാന്‍ തയ്യാറായില്ല.അവരില്‍ ഒരു സ്ത്രീ തന്റെ കൈക്കുഞ്ഞുമായി തീയിലേക്ക് ചാടാന്‍ അമാന്തിച്ചു നില്‍ക്കുകയായിരുന്നു,മുലകുടിപ്രായത്തിലുള്ള ആ കുട്ടിക്ക് അല്ലാഹു സംസാരശേഷി നല്കുന്നു.കുട്ടി മാതാവിനോട് പറഞ്ഞ സന്ദര്‍ഭം."  ക്ഷമിക്കൂ,ഉമ്മാ,നിങ്ങള്‍ സത്യത്തിന്റെ പാതയിലാണ്"
   അന്‍സാരിയായ ഖുബൈബി(റ)വിന്റെ ചരിത്രം ഓര്‍മയില്ലേ?കള്ളപ്രവാചകനായ മുസൈലിമ ഖുബൈബിനെ ബന്ധനസ്ഥനാക്കിയിട്ട് ചോദിച്ചു,മുഹമ്മെദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ദൃഢതയോടെ ഖുബൈബ് (റ)മറുവടി പറഞ്ഞു,"  അതേ,ഞാന്‍ വിശ്വസിക്കുന്നു".  മുസൈലിമ ചോദിച്ചു :ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുന്നില്ലേ ?ഖുബൈബ് മറുവടി പറഞ്ഞു,അതുകേള്‍ക്കാന്‍ പോലും ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.മുസൈലിമ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.നിഷേധമായിരുന്നു ഖുബൈബിന്റെ മറുവടി.ആ അന്‍സാരിയുടെ ശരീരത്തിലെ ഓരോ അവയവങ്ങള്‍ ഛേദിക്കുമ്പോയും ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.തന്റെ ജീവന്‍ ഇഞ്ചിഞ്ചായി ബലി നല്‍കേണ്ടി വരുമെന്നറിഞ്ഞിട്ട് പോലും അവസാനസ്വാസം വരെ ഖുബൈബ് (റ)സത്യമാര്‍ഗത്തില്‍ ഉറച്ചു നിന്നു.   
   ഇതാ മറ്റൊരു സുവര്‍ണ ചരിത്രം.അബ്ദുല്ലാഹിബ്നു റവാഹ (റ)യൂടെയാണ് ആ സംഭവം.റോമക്കാര്‍ ഒരു യുദ്ധത്തില്‍ അദ്ദേഹത്തെ ബന്ദിയായി പിടിച്ചു.ഉമറുല്‍ ഫാറൂഖ്(റ)വിന്റെ കാലത്താണ് സംഭവം.സൈന്യം അബ്ദുല്ലയെ റോമന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കി.ക്രിസ്തുമതം സ്വീകരിക്കാന്‍ രാജാവ് അബ്ദുല്ലയെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.ഭരണപങ്കാളിത്തവും ഒപ്പം രാജകുമാരിയെയും നാല്‍കാമെന്നുവരെ രാജാവ് വാഗ്ദാനം ചെയ്തു.ഉറച്ച ശബ്ദത്തില്‍ രാജാവിനോടായി അബ്ദുല്ല പറഞ്ഞു."  നിന്റെ രാജ്യത്തിന്റെയും മുഴുവന്‍ അറേബ്യയുടെയും ആധിപത്യം എനിക്കു നീ നല്‍കിയാലും അതിനുപകരമായി ഒരു നിമിഷത്തേക്കുപോലും മുഹമ്മെദിന്റെ ദീനില്‍നിന്നു പിന്‍മാറാന്‍ ഞാന്‍ തയ്യാറല്ല ".  രാജാവ് അബ്ദുല്ലയോട് വധഭീഷണി മുഴക്കി.അദ്ദേഹത്തിന്റെ മറുവടി "  നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യുക,ഞാന്‍ പിന്‍മാറാന്‍ തയ്യാറല്ല"  എന്നായിരുന്നു.അദ്ദേഹത്തെ കുരിശിലെറ്റാന്‍ രാജാവ് ഉത്തരവിട്ടു.അമ്പെയ്ത്ത്കാരോട് അദ്ദേഹത്തിന്നു നേരെ അമ്പെയ്യാന്‍ കല്‍പ്പിച്ചു.ഒപ്പം തന്നെ ക്രിസ്ത്യാനിയാകാന്‍ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു.അബ്ദുല്ല തയ്യാറായില്ല.അദ്ദേഹത്തെ കുരിശില്‍നിന്നിറക്കാന്‍ രാജാവ് കല്‍പ്പിച്ചു.കാവല്‍കാര്‍ അദ്ദേഹത്തെ ഇറക്കികൊണ്ട് വന്നു.പിന്നീട് അദ്ദേഹത്തിന്റെ മുന്‍പിലേക്ക് തിളച്ചുമറിയുന്ന വെള്ളം കൊണ്ടുവന്നു.അദ്ദേഹം കാണെ ഒരു മുസ്ലിം ഭടനെ അതിലേക്ക് വലിച്ചെറിഞ്ഞു.ആ വിശ്വാസിയുടെ മാംസം വെന്ത് എല്ലില്‍നിന്ന് വേര്‍പ്പെട്ട് ഇളകി മറിഞ്ഞു.ഹൃദയഭേദകമായ ഈ രംഗം കണ്ടുകൊണ്ടിരിക്കുന്ന അബ്ദുല്ലയോട് രാജാവ് പറഞ്ഞു,"  നീ ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കില്‍ ഇത് തന്നെയായിരിക്കും നിന്റെയും അവസ്ഥ."  അബ്ദുല്ല പതറിയില്ല,അചഞ്ചലനായി നിലയുറപ്പിച്ചു.അങ്ങനെ അദ്ദേഹത്തെയും തിളച്ച് മറിയുന്ന വെള്ളത്തിലേക്ക് എറിയാന്‍ ഉയര്‍ത്തപ്പെട്ടു,അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി.
   ഇതു കണ്ട് തെറ്റിദ്ധരിച്ച രാജാവ് അദ്ദേഹത്തെ കൊണ്ടുവരാന്‍ കല്‍പ്പിച്ചു.ക്രിസ്തുമതം സ്വീകരിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടു.യാതൊരു ഭാവമാറ്റവും അബ്ദുല്ലയില്‍ പ്രകടമായില്ല,അദ്ദേഹം ഉറച്ചു തന്നെ നിന്നു.അബ്ദുല്ലയോട് രാജാവ് ചോദിച്ചു,"  എന്തിനാണ് താങ്കള്‍ കരഞ്ഞത് "?"   അബ്ദുല്ല(റ)മറുവടി പറഞ്ഞു,"  താങ്കളുടെ ശിക്ഷ ഏറ്റുവാങ്ങാന്‍ ഒരൊറ്റ ജീവനല്ലേ എനിക്കുള്ളൂ,എന്റെ ശരീരത്തിലെ രോമങ്ങളുടെ എണ്ണത്തിനനുസരിച്ച് ജീവന്‍ ഉണ്ടാവുകയും അതെല്ലാം ദൈവീക മാര്‍ഗത്തില്‍ അര്‍പ്പിക്കുവാന്‍ സാധിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചു കൊണ്ടാണ് ഞാന്‍ കരഞ്ഞത്". മറുവടി കേട്ട രാജാവ് ആവശ്യപ്പെട്ടു,അബ്ദുല്ലയോട് തന്റെ തല ചുംബിക്കാന്‍.എല്ലാ മുസ്ലിം ബന്ദികളെയും വിട്ടയക്കുമെങ്കില്‍ അത് ചെയ്യാമെന്ന് അബ്ദുല്ലാഹ്ബ്ന് റവാഹ്.രാജാവ് അംഗീകരിച്ചു.എല്ലാ ബന്ദികളെയും സ്വതന്ത്രമാക്കി.
   മദീനയില്‍ തിരിച്ചെത്തിയ അബ്ദുല്ലയെ ഉമര്‍ (റ)വും സത്യവിശ്വാസികളും ആഘോഷപൂര്‍വ്വം സ്വീകരിച്ചു.എല്ലാവരോടും അബ്ദുല്ലയുടെ തല ചുംബിക്കാന്‍ ഉമര്‍ (റ)ആവശ്യപ്പെട്ടു.
   നമ്മുടെ പൂര്‍വീകരുടെ ദൃഢവിശ്വാസത്തിന്റെ നിലവാരത്തെപ്പറ്റി അധികമറിയുന്നവന്‍ അല്ലാഹു മാത്രം.അത്രയേറെ ആശ്ചര്യജനകമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ കായ്ച്ചവെച്ചത്.ജീവന്‍ ബലി നല്‍കുകയെന്നത് അവരെ സംബന്ധിച്ചേടത്തോളം വളരെ ലളിതമായ ഒന്നായിരുന്നു.തന്ത്രമെന്നും യുക്തിസഹമെന്നും പറഞ്ഞുകൊണ്ട് സൂത്രത്തില്‍ ഒഴിഞ്ഞുമാറാന്‍ അവര്‍ തയ്യാറായിരുന്നില്ല.ഇളവിന്റെയും ഒഴിവുകഴിവിന്റെയും സാധ്യതകള്‍ അവര്‍ തേടിയിരുന്നില്ല.പകരം അവരുടെ ജീവിതം പ്രയാസങ്ങളെയും അപകടങ്ങളെയും ക്ഷണിച്ചുവരുത്തി.മിഥ്യയോടുള്ള മൃദുലസമീപനവും അതിനോടുള്ള രാജിയാകലും തങ്ങളുടെ ഈമാനിനെ ബലഹീനമാക്കുമെന്ന് അവര്‍ മനസ്സിലാക്കി.
   മക്കയിലെ ജീവിത സാഹചര്യം ദുഷ്കരമായപ്പോള്‍ എത്യോപ്യയിലേക്ക് ഹിജ്റ പോവാന്‍ ഇറങ്ങി പുറപ്പെട്ടവരില്‍ അബൂബക്കര്‍ (റ)ഉം ഉണ്ടായിരുന്നു.ബര്‍ക് ഗിമാദ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഖറാ ഗോത്രത്തലവന്‍ ഇബ്നു ദുഗ്നായെ കണ്ടുമുട്ടി.അദ്ദേഹം ചോദിച്ചു:"  അബൂബക്കര്‍ എങ്ങോട്ടേക്ക് ?.അബൂബക്കര്‍ മറുവടി പറഞ്ഞു,"  എന്റെ ജനത എന്നെ പുറത്താക്കി.എവിടെയെങ്കിലും പോയി എന്റെ റബ്ബിന്ന് ഇബാദത്ത് ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു."   ഇത് കേട്ടപ്പോള്‍ ഇബ്നു ദുഗ്ന പറഞ്ഞു,"  ജനങ്ങള്‍ പ്രയാസപ്പെടുംബോള് താങ്കളവരെ സഹായിക്കുന്നു,കുടുംബബന്ധം ചേര്‍ക്കുന്നു.നിസ്സഹായന്റെ ഭാരം ചുമക്കുന്നു.ആവശ്യക്കാരന്റെ ആവശ്യം നിറവേറ്റുന്നു.അതിഥിയെ സല്‍ക്കരിക്കുന്നു.ഇത്തരത്തിലുള്ള ഒരാളെ സ്വജനതക്ക് എങ്ങനെ പുറത്താക്കാന്‍ സാധിയ്ക്കും ?താങ്കള്ക്ക് ഞാന്‍ അഭയം നല്കുന്നു ".  ഇത് പറഞ്ഞുകൊണ്ട് അബൂബക്കര്‍ (റ)വിനെ ഇബ്നു ദുഗ്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.അബൂബക്കറിന്നു അഭയം നല്‍കിയ കാര്യം ഖുറൈശികള്‍ക്ക് മുമ്പില്‍ അദ്ദേഹം പ്രഖ്യാപിച്ചു.ഖുറൈശികള്‍ അബൂബക്കറിനോട് രഹസ്യമായി ആരാധനകള്‍ നടത്താനും പരസ്യമായി ചെയ്ത് തങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു.ഇബ്നു ദുഗ്നയുടെ അഭയത്തില്‍ അബൂബക്കര്‍ (റ)തന്റെ റബ്ബിനെ ആരാധിച്ചുകൊണ്ടിരുന്നു.അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണത്തിന്റെ വശ്യതയില്‍ ഖുറൈശി സ്ത്രീകളും കുട്ടികളും വീടിന്നു ചുറ്റും നാള്‍ക്കുനാള്‍ കൂടികൂടി വന്നു.ഖുറൈശികളെ ഇത് അലോസരപ്പെടുത്തി.അവര്‍ ഇബ്നു ദുഗ്നയെ സമീപിച്ച് അബൂബക്കറിന്റെ ആരാധന അതീവ രഹസ്യമായി നടത്തണമെന്നാവശ്യപ്പെട്ടു.ആ കാര്യം അബൂബക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ ആ അഭയം തന്നെ നിഷേധിച്ച് കൊണ്ട് അവിടെനിന്നിറങ്ങി.ഈ സമയത്ത് ഒരഭയസ്ഥാനവും ഇല്ലാതിരുന്നിട്ടും തന്റെ വിശ്വാസം പണയം വെക്കാന്‍ തയ്യാറായില്ല.തന്റെ സൌകര്യത്തിന്നും സുഖത്തിന്നും വേണ്ടി മക്കയുടെ അഭയം തന്നില്‍ സ്വാധീനം ചെലുത്തുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ സഹിക്കുന്നതിലപ്പുറമായിരുന്നു.
   മറ്റൊരു സംഭവം.ഉമര്‍ (റ)ഇസ്ലാം സ്വീകരിച്ച സമയം.ജനങ്ങലോടദ്ദേഹം പറഞ്ഞു."  ഈ നാട്ടില്‍ ഉച്ചത്തില്‍ വിളിച്ച് പറയാന്‍ കഴിവുള്ളവന്‍ ആരാണ്? ജനങ്ങള്‍ പറഞ്ഞു.ജമീലുബ്നു ആമിര്‍. ,  ആമീറിന്റെ അടുത്തുചെന്ന് ഉമര്‍ പറഞ്ഞു,ഞാന്‍ ഇസ്ലാം സ്വീകരിച്ച കാര്യം ഉച്ചത്തില്‍ പ്രഖ്യാപനമെന്ന് ആവശ്യപ്പെട്ടു.ഉടന്‍ തന്നെ കഅബയുടെ അടുത്ത് ചെന്ന് ജമീല്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു."  ഖുറൈശികളേ, ഉമര്‍ ദീന്‍ ഉപേക്ഷിച്ചിരിക്കുന്നു".  ഇത് കേട്ട ഉമര്‍ പറഞ്ഞു.ഇദ്ദേഹം പറഞ്ഞത് കളവാണ്.ഞാന്‍ ഇസ്ലാം മതമാന് സ്വീകരിച്ചിരിക്കുന്നത്".  ഇത് കേള്‍ക്കേണ്ട താമസം ജനങ്ങള്‍ ഉമറിന്നു മേല്‍ ചാടിവീണു.ഉമര്‍ ചെറുത്തുനിന്നു.മര്‍ദനം തുടര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് നേരിടാനാവാതെ ഉമര്‍ തളര്‍ന്നിരുന്നു.എന്നിട്ട് പറഞ്ഞു."നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്ത് കൊള്ളുക ഞങ്ങളുടെ എണ്ണം മുന്നൂറായി കഴിഞ്ഞാല്‍ നിങ്ങളെ ഞങ്ങള്‍ ശരിയാക്കിത്തരാം.
   ഉമര്‍ (റ) വിന്റെ ഈ പ്രവര്‍ത്തനത്തെ എങ്ങനെയാണ് നാം വിലയിരുത്തുക.നമ്മുടെ ബുദ്ധികളില്‍ ഒളിഞ്ഞിരിക്കുന്ന പ്രവര്‍ത്തനതന്ത്രങ്ങള്‍ക്ക് ഇതിനോട് യാതൊരു ബന്ധവും കാണില്ല.ഇത്തരം പ്രവര്‍ത്തന രീതിയെ "  വടികൊടുത്ത് അടിവാങ്ങുക"  എന്ന രീതിയിലായിരിക്കും നമ്മുടെ ബുദ്ധിജീവികള്‍ പരിജയപ്പെടുത്തുന്നത്.നമ്മുടെ ബുദ്ധിയല്ലല്ലോ ശരിയായ ഉരക്കല്ല്.അതുപോലെ ശരിയായ പ്രവര്‍ത്തന മാതൃക നമുക്ക് യുക്തിസഹമെന്ന് തോന്നുന്നതുമല്ല.മറിച്ച്,ഏറ്റവും ശരിയായിട്ടുള്ള പ്രവര്‍ത്തന മാതൃക സ്വാലിഹീങ്ങളായ പൂര്‍വ്വികരുടേത് തന്നെയാണ്.ഇതില്‍നിന്ന് ഒരു അനുമാനത്തിലെത്താന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു,അഥവാ ഈമാന്‍ എന്ന് പറയുന്നത് ഒരു തീക്കണലാണ്.കൂടുതല്‍ സമയം വെണ്ണീരിനുള്ളില്‍ അനഞ്ഞിരിക്കാന്‍ അതിന് സാധ്യമല്ല.അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആളിക്കത്തും.പിന്നെ ആര്‍ക്കും അതിനെ തടയാന്‍ സാധിക്കില്ല.ദൃഢവിശ്വാസത്തിന്റെ ലോകം ബുദ്ധിക്കും വിവേകത്തിന്നും അപ്പുറമുള്ള മറ്റൊരു ലോകമാണ്.
   ദൃഢവിശ്വാസത്തിന്റെയും ദൈവസാമീപ്പത്തിന്റെയും എത്ര അത്യുന്നത സ്ഥാനത്താണ് ഈ പുണ്യാത്മാക്കള്‍ വിരാജിച്ചിരിക്കുന്നത് എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ.അടിയേറ്റ കണ്ണിന് തന്റെ മറ്റെ കണ്ണിനെക്കാള്‍ നല്‍കിയവര്‍ .സത്യത്തിന്ന് വേണ്ടി പീഡനമേല്‍ക്കുക എന്നത് അവര്‍ക്കത് അപമാനമോ നിന്ദ്യതയോ ആയിരുന്നില്ല.മറിച്ച് ആത്മാഭിമാനത്തിന്റെയും പ്രതാപത്തിന്റെയും കുലീനതയുടെയും അടയാളമായിരുന്നു.ഇതേ കാര്യമാണ് ഏത് ദുര്‍ഘടപ്പാതയെയും നിഷ്പ്രയാസം തരണം ചെയ്യാനുള്ള കഴിവ് അവര്‍ക്ക് നല്കിയത്.അവരുടെ ചിന്തകളൊക്കെ സ്വതന്ത്രമായിരുന്നു.ഊര്‍ജസ്വലമായിരുന്നു.അവരുടെ ഓരോ മുന്നേറ്റവും ആവേശഭരിതവും ആത്മധൈര്യത്തോടെയുമായിരുന്നു.കാര്യങ്ങളൊക്കെയും പരലോകത്തെ മാനദന്ധമാക്കിയാണ് അവര്‍ അളന്നിരുന്നത്.












   

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"