2012, ഡിസംബർ 19, ബുധനാഴ്‌ച

ആര്‍ക്കെങ്കിലും നിങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിയുമോ?


ബിസ്മില്ലാഹിര്‍റഹ് മാനിര്‍റഹീം.

ഇന്ന് 2012 നവംബര്‍ 18ന് ഞാന്‍ ജയ്പൂരിലാണ്, നിങ്ങളോടൊപ്പം. ശിശിരത്തിലെ കുളിരോലുന്ന ഒരു പൂര്‍വാഹ്നത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോടൊപ്പം. അതിനെ സ്നേഹിക്കുന്ന പതിനായിരങ്ങളോടൊപ്പം. 

സുഹൃത്തുക്കളേ, സഹോദരന്മാരേ, 

ഞാന്‍ ഇന്ന് എന്നെക്കുറിച്ച് അഭിമാനം കൊള്ളുന്നു. നിങ്ങളോടൊപ്പം ഒരാളായിത്തീരാന്‍ കഴിഞ്ഞല്ലോ. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പോപുലര്‍ ഫ്രണ്ടിന്റെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിനു പ്രവര്‍ത്തകരോടൊപ്പം ഹൃദയം ചേര്‍ത്തുവയ്ക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞുവല്ലോ എന്നതില്‍ ഞാന്‍ നിങ്ങളെക്കുറിച്ചും അഭിമാനം കൊള്ളുന്നു. ഇന്ത്യയുടെ, നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയുടെ കിഴക്കന്‍ ചക്രവാളം മുതല്‍ പടിഞ്ഞാറന്‍ ചക്രവാളം അവസാനിക്കുന്ന രാജസ്ഥാനിലെ അവസാനത്തെ ഗ്രാമം വരെ എത്തി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണു നിങ്ങള്‍. വടക്ക് ഹിമാലയന്‍ പര്‍വതപംക്തികളില്‍ തലവച്ച്, തെക്ക്, ഏറ്റവും തെക്ക് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന കന്യാകുമാരിയിലെ സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് കാലിട്ടിളക്കി കളിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമാണു നിങ്ങള്‍. പോപുലര്‍ ഫ്രണ്ട് അവിടെ കാലിട്ടിളക്കുമ്പോഴാണ് രാജ്യത്തെയാകമാനം പ്രകമ്പനം കൊള്ളിക്കുന്ന ഹിമാലയന്‍ തിരമാലകളുയരുന്നത്. ആ തിരമാലകള്‍ ഡല്‍ഹി ദര്‍ബാറിന്റെ തീരത്തുള്ള യമുനയില്‍ അലകള്‍ തീര്‍ക്കുന്നു. അതാണ്, രാജസ്ഥാനത്തെ താര്‍ മരുഭൂമിയില്‍ ഉഷ്ണവാതമായി, ചുഴലിക്കൊടുങ്കാറ്റായിത്തീരുന്നത്. അതാണ് പശ്ചിമബംഗാളില്‍ മനുഷ്യരെ കണ്െടത്തിയത്. ആ തിരമാലകളാണ് അസമിലെ ജനങ്ങള്‍ക്ക് ആശ്വാസമാരുതനായിത്തീര്‍ന്നത്. നിങ്ങള്‍ അഭിമാനം കൊള്ളുക, സമുദ്രത്തേക്കാള്‍ വലുപ്പമുള്ള മനുഷ്യരോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍. സമുദ്രത്തിന്റെ ആഴങ്ങളേക്കാള്‍ ആഴമുള്ള ഹൃദയങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ അഭിമാനം കൊള്ളുക. ഇന്ന് ഞാന്‍ അഭിസംബോധന ചെയ്യുന്നതു മനുഷ്യരുടെ മഹാസമുദ്രത്തെയല്ല. സമുദ്രത്തേക്കാള്‍ വലുപ്പമുള്ള മഹാമനുഷ്യരെയാണ്.

നിങ്ങള്‍ അണിചേര്‍ന്നിരിക്കുന്ന ഈ പ്രസ്ഥാനത്തെക്കുറിച്ചു നിങ്ങള്‍ അഭിമാനം കൊള്ളുക. നിങ്ങള്‍ക്കിതുവരെ അറിയാത്ത, നിങ്ങളെ അറിയാത്ത മനുഷ്യരുമായി നിങ്ങള്‍ക്കു സാഹോദര്യം നല്‍കിയത് ഈ പ്രസ്ഥാനമാണ്. മലയാളിയെയും തമിഴനെയും ബംഗാളിയെയും ഒരു കൈക്കുമ്പിളിലെന്നപോലെ നിങ്ങള്‍ക്കു പരിചയപ്പെടുത്തിയത് ഈ പ്രസ്ഥാനമാണ്. 

പോപുലര്‍ ഫ്രണ്ടിനെക്കുറിച്ചു നിങ്ങള്‍ അഭിമാനം കൊള്ളുക. അന്യരുടെ ദുഃഖവും സ്വന്തം ദുഃഖമാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്കു നല്‍കിയത് ഈ പ്രസ്ഥാനമാണ്. രോദനത്തിന്റെ അക്ഷരമാലകള്‍ക്കു പകരം നിങ്ങളുടെ പദാവലികളില്‍ തീ നിറച്ചു നല്‍കിയത്, ഉദാസീനമായ നിങ്ങളുടെ മനോഗതിയെ മാറ്റി, കര്‍മണ്യതയുടെ ഉന്മത്തമായ വിഹായസ്സിലേക്കു നിങ്ങളെ ഉയര്‍ത്തിയത്, പോരാട്ടങ്ങളുടെ പര്‍വതസമാനമായ ഔന്നത്യം നിങ്ങളെ ബോധ്യപ്പെടുത്തിയത്, മനസ്സിന്റെയും ആകാശത്തിന്റെയും വിശാലതയെ കുറിച്ച് നിങ്ങള്‍ക്ക് അറിവുനല്‍കിയത്, ക്ഷമയുടെയും ഭൂമിയുടെയും ആഴങ്ങളെക്കുറിച്ചു നിങ്ങളെ പഠിപ്പിച്ചത് ഈ പ്രസ്ഥാനമാണ്. രാജ്യസ്നേഹത്തിലേക്കു നിങ്ങളെ തിരിച്ചുനടത്തിയതും സമനീതിയെക്കുറിച്ചു നിങ്ങള്‍ക്കു പാഠം നല്‍കിയതും ഈ പ്രസ്ഥാനമാണ്. നിങ്ങള്‍ അഭിമാനം കൊള്ളുക.

സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ എന്തെങ്കിലും പങ്കുവഹിക്കാനില്ലെന്നു വിശ്വസിച്ചുപോന്ന ഒരു സമുദായത്തെ "നിങ്ങള്‍ സ്വയം മാറ്റത്തിനു വിധേയരാവുക, മാറ്റം ഒരിക്കലും നിങ്ങളെ തേടിവരില്ല'' എന്ന പാഠം നല്‍കിയത് ആരാണ്?  നിങ്ങള്‍ അധീരരായിരുന്നപ്പോള്‍ 'എന്തിന്നധീരത' എന്നു ചോദിക്കാന്‍ ധൈര്യപ്പെട്ട പ്രസ്ഥാനം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ്. ഇന്ത്യ നമ്മുടേതാണെന്നും ഇന്ത്യ ഭരിക്കാനുള്ള അവകാശം ഇന്ത്യാരാജ്യത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണെന്നും നിങ്ങളെ പഠിപ്പിച്ചത് ആരാണ്? കഴിഞ്ഞ 63 വര്‍ഷക്കാലം അന്യാധീനപ്പെട്ടുപോയ ഒരു സമുദായത്തെ - മുസ്ലിംകളെ വീണ്െടടുത്തത് ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളില്‍ വേരുകളുള്ള പോപുലര്‍ ഫ്രണ്ടാണ്. 

ഇന്ത്യയിലുടനീളം ഓടിനടന്ന് ഭരിക്കാനുള്ള അവകാശം ചോദിച്ചു വാങ്ങിയത് നിങ്ങളായിരുന്നു. രാജ്യത്തു രണ്ടുതരം നീതിയാണു നടക്കുന്നതെന്നു നിങ്ങള്‍ വിളിച്ചുപറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് യു.പി.എ. ഗവണ്‍മെന്റല്ല, യു.എ.പി.എ. ആണെന്നു നിങ്ങള്‍ ഇപ്പോള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ നിയന്ത്രിക്കണം, നിങ്ങളെ നിശ്ശബ്ദരാക്കണം.

സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യാരാജ്യത്തു മുസ്ലിംകളുടെ കൊടിയ ശത്രുക്കള്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഗുജറാത്തിലും നടന്ന വംശീയ ഉന്മൂലനം. എന്നാല്‍, മുസ്്ലിംകള്‍ കൊടിയ ശത്രുക്കളാല്‍ മാത്രമല്ല,  ഉറ്റമിത്രങ്ങളായ സ്വന്തക്കാരാല്‍ കൂടിയും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ ഫാഷിസ്റുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്ഫോടനപരമ്പരകള്‍! മലേഗാവിലും ഹൈദരാബാദിലെ മക്കാമസ്ജിദിലും സംജോതാ എക്സ്പ്രസ്സിലും ജയ്പൂരിലും അജ്മീരിലും മറ്റു ദിക്കുകളിലും നടത്തിയ സ്ഫോടനങ്ങള്‍! നിരവധി മുസ്ലിംകള്‍ കൊല്ലപ്പെട്ടു. നിരപരാധികളായ മുസ്ലിംകള്‍. എന്നാല്‍, അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് മുസ്ലിംകളെ. കഴിഞ്ഞ 64 വര്‍ഷമായി മുസ്ലിംകളെ സംരക്ഷിക്കുമെന്നു നാം കരുതിപ്പോന്ന കോണ്‍ഗ്രസ്സ്, പോയ വര്‍ഷങ്ങളില്‍ ഹിന്ദുത്വ ഫാഷിസ്റുകള്‍ക്കും ബി.ജെ.പിക്കുമെതിരേ നാം ആരെ സഹായിച്ചുവോ അവര്‍, മുസ്ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തുവോ അവര്‍, ഇപ്പോഴും മുസ്ലിംകളെ ചെയ്യാത്ത കുറ്റത്തിന് അവര്‍, നമ്മുടെ ഉറ്റമിത്രങ്ങള്‍, കോണ്‍ഗ്രസ്സ് തുറുങ്കിലടച്ചിരിക്കുന്നു. ആ നിരപരാധികള്‍ക്ക് ഇതുവരെ മോചനമില്ല. ജയ്പൂരിലെ തുറുങ്കിലുമുണ്ട് മുസ്ലിം നിരപരാധികള്‍.

മുസ്ലിംകളെ വെടിവച്ചുകൊല്ലുന്നു. ഒരുവര്‍ഷം മുമ്പ് ഗോപാല്‍ഗഡില്‍ 10 മുസ്ലിംകളെ രാജസ്ഥാനിലെ കോണ്‍ഗ്രസ് പോലിസ് വെടിവച്ചു കൊന്നു. ഞങ്ങള്‍ അവിടെ പോയിരുന്നു. വെടിയേറ്റ മുസ്ലിംപള്ളി കണ്ടു. കത്തിക്കരിഞ്ഞ ജഡങ്ങളുടെ അവശിഷ്ടം. അപ്പോഴും പുകയുന്ന തലച്ചോര്‍. മുസ്ലിംകള്‍ അവരുടെ, തലച്ചോര്‍ നേരത്തേ ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ഒരിടത്തും ഉണ്ടാവുമായിരുന്നില്ല, തീര്‍ച്ച. 

സുഹൃത്തുക്കളേ, വിദ്യാഭ്യാസമുള്ള മുസ്ലിം ചെറുപ്പക്കാര്‍ എപ്പോഴും എവിടെവച്ചും പിടിക്കപ്പെടാം എന്ന സ്ഥിതിയാണു രാജ്യത്തുള്ളത്. കള്ളക്കേസുകള്‍ ചുമത്തി മുസ്ലിംകളെ കുരുക്കുന്നു- ഒരിക്കലും മോചനമില്ലാത്തവിധം. ഇന്നു മുസ്ലിം ഉമ്മയുടെ കണ്‍ചുഴികളില്‍നിന്നു പുറത്തുവരുന്നത് കണ്ണീരല്ല, മര്‍ദ്ദനങ്ങള്‍ക്കു വിധേയനായ, മുഖത്തു കരുവാളിപ്പുള്ള സ്വന്തം മകനാണ്. ഇവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. 

സുഹൃത്തുക്കളേ, നിങ്ങള്‍ ഇരകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നു. മുസ്ലിമും ദലിതനും ആദിവാസിയും പിന്നാക്കക്കാരനും ഒരേ രക്തത്തില്‍ ജനിച്ചവരാണെന്നും അതിനാല്‍ ഒരേ ബലിഷ്ഠപാശത്തില്‍ കോര്‍ത്തിണക്കപ്പെടണമെന്നും നിങ്ങളാഗ്രഹിക്കുന്നു- നിങ്ങളെ നിശ്ശബ്ദരാക്കാതിരുന്നുകൂടാ എന്നു ചിലര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. 

നിങ്ങള്‍ അമേരിക്കയെയും അതിന്റെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെയും നിരന്തരമായി എതിര്‍ക്കുന്നു. ഇസ്രായേല്‍ എന്ന ലോകത്തിലെ ഏക തെമ്മാടിരാഷ്ട്രത്തെ നിങ്ങള്‍ 'തെമ്മാടി' എന്നു വിളിക്കുന്നു. നിങ്ങള്‍ക്കുള്ള കുറ്റപത്രം ഇത്രയും മതി.

സുഹൃത്തുക്കളേ, മുസ്ലിം സമുദായത്തിനെതിരായി ഗൂഢാലോചന രൂപംകൊണ്ടിരിക്കുന്നു. അത് വിദൂരതയിലെവിടെയോ നടക്കുന്നതാണ്. ആഗോളതലത്തിലുള്ളതാണ്. ഇന്ത്യയില്‍ മുസ്ലിംസമുദായം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. തോക്കും ചെങ്കോലും നിയമവും പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയും നിങ്ങള്‍ക്കു ചുറ്റും കാവല്‍നില്‍ക്കുകയാണ്. ഇതില്‍നിന്ന് കുതറിമാറുക ഏറെ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കേ കഴിയൂ. ആ നിശ്ചയദാര്‍ഢ്യം ഞാന്‍ നിങ്ങളുടെ മുഖത്തു കാണുന്നു.

ഇന്ത്യാരാജ്യത്തു സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹത്തിന്റെ അവസാനത്തെ നാളിയും രാജ്യത്തിന്റെ നാഭിക്കെട്ടില്‍നിന്നു പിഴുതുമാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

അഴിമതി അതിന്റെ അഗ്രിമസ്ഥാനത്തെത്തി. അവസാനത്തെ ലോഡ് കല്‍ക്കരിയും നീക്കിക്കഴിയുന്നതു വരെ അഴിമതി ലേലം വിളി നടത്തും. അവസാനത്തെ ടണ്‍ കല്‍ക്കരിയും നീക്കിക്കഴിയുന്നതു വരെ സ്വന്തം കൃഷിഭൂമിക്കു വേണ്ടിയും വനഭൂമിക്കു വേണ്ടിയും സമരം ചെയ്യുന്ന ആദിവാസി മാവോവാദിയായി അറിയപ്പെടുകയും ചെയ്യും.

മുസ്ലിംകളോടുള്ള നിലപാടില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ വ്യത്യാസം ഇല്ലാത്ത പോലെത്തന്നെ, അഴിമതിയിലും രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഗഡ്കരിയും റോബര്‍ട്ട് വദ്രയെന്ന ഇന്ത്യയുടെ മരുമകനും തമ്മില്‍ വ്യത്യാസമില്ല. അഴിമതിയുടെ കാര്യത്തില്‍ ഏതാണ് ഗഡ്കരി, ആരാണ് കല്‍ക്കരി എന്ന തിരിച്ചറിവ് അസാധ്യമായിരിക്കുന്നു. പക്ഷേ, ഒരു കാര്യം സമ്മതിച്ചേ മതിയാവൂ. ഇന്ത്യയില്‍ മറ്റൊരു മുതലാളിയും ചെയ്തിട്ടില്ലാത്ത വിധം സ്വന്തം തൊഴിലാളികളെയും ഡ്രൈവര്‍മാരെയും കോടികളുടെ ആസ്തിയുള്ള മുതലാളിമാരാക്കിയിരിക്കുന്നു ബി.ജെ.പി. അധ്യക്ഷന്‍ ഗഡ്കരി. വന്ദേമാതരം! എന്നല്ലാതെ എന്തുപറയാന്‍.

സാമ്രാജ്യത്വപ്രീണനത്തിലും അഴിമതിയിലും നിറഞ്ഞാടുന്നവരും പൌരന്മാര്‍ക്കിടയില്‍ രണ്ടുതരം നീതി നടപ്പാക്കുന്നവരുമായ അധികാരികളില്‍നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ - സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായാണ് ഞാനിവിടെ സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ നയിക്കപ്പെടുന്ന ജനകീയപ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ടിനു പിന്തുണ നല്‍കാതിരിക്കാന്‍ അതുകൊണ്ടുതന്നെ എസ്.ഡി.പി.ഐക്കു സാധ്യമല്ല.

ഇവിടെ വലിയൊരു ഗൂഢപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അതു മുസ്ലിംകളിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതല്ല. മുഴുവന്‍ മുസ്ലിംകളുമാണ് അവരുടെ ലക്ഷ്യം. ഇപ്പോള്‍ 'ഞാനല്ല, നീയാണ് ' എന്നു നമുക്കു പറയാന്‍ പറ്റിയെന്നു വരും. എന്നാല്‍, ഞാനും നീയും അവനും ഇവനും എല്ലാവരും ഉള്‍പ്പെടുന്ന, ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ഒരു കുരുക്കുവീഴും. അതു വരാതിരിക്കണമെങ്കില്‍ മുസ്ലിംകള്‍ മാത്രമല്ല, എല്ലാ മര്‍ദ്ദിതവിഭാഗങ്ങളും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനതയും ഒന്നിച്ചുനില്‍ക്കേണ്ടതായിവരും. ഈ ഗൂഢാലോചനക്കാര്‍, കൊല്ലുന്നവരും കൊല്ലിക്കുന്നവരുമാണ്, ഭരണവര്‍ഗമാണ്. അവരുടെ കൂടെ ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികളും വേട്ടനായ്ക്കളുമുണ്ട്. ആശിര്‍വദിക്കാന്‍ കെല്‍പ്പുള്ള സന്ന്യാസവുമുണ്ട്. അതുകൊണ്ട് ഒന്നിച്ചുചേര്‍ന്ന് ഒന്നായ മുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ട്.

സഹോദരന്മാരേ, സഹോദരികളേ,

ഒരു ദിനം വരും.  ഉമ്മമാരുടെ കണ്ണീരും രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന യൌവനത്തിന്റെ വിയര്‍പ്പും നല്ല ജീവിതത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ രക്തസാക്ഷിയുടെ രക്തവും ഒന്നിച്ചുചേരുന്ന ഒരു ദിനം; കണ്ണീരും വിയര്‍പ്പും രക്തവും ഒന്നിച്ചുചേരുന്ന ഒരു ദിനം. ഭൂമിയുടെ പരപ്പും ആഴങ്ങളും ആകാശവും അതിന്റെ ശൂന്യത പോലും വിറ്റുമുടിക്കുന്ന അഴിമതിക്കാര്‍ വീര്‍പ്പുമുട്ടുന്ന ഒരു ദിവസമായിരിക്കുമത്. അതു വളരെ അകലയല്ല. 

പ്രിയ സഹോദരിമാരേ, അന്നേക്ക് വേണ്ടി നിങ്ങള്‍ നിങ്ങളുടെ കണ്ണീരിന് അവധി നല്‍കുക. നിങ്ങളുടെ കണ്ണിലെ കൃഷ്്്ണമണിക്ക് കാവലിരിക്കുക. അന്നു നിങ്ങളുടെ കണ്‍കോണുകളില്‍നിന്നു പുറത്തുവരുന്ന ബാഷ്പകണങ്ങള്‍ പൊട്ടിച്ചിതറി, ആയിരം പൌരുഷം ജനനം കൊള്ളട്ടെ. അവര്‍ നാടിനെ ഗഹനമായി സ്നേഹിക്കുന്നവരും നാട്ടുകാരോടു കരുണയുള്ളവരുമായിരിക്കും. അന്നു നിങ്ങളുടെ കണ്‍കുഴിയില്‍നിന്ന് ആഗ്നേയം പ്രസരിക്കട്ടെ. അത് ഇന്ത്യന്‍ ഫാഷിസത്തിന്റെ ചിതാഗ്നിയായി മാറുന്നതു നിങ്ങളിലെ കൃഷ്ണമണികള്‍ക്കു കാണാനാവും.

പ്രിയപ്പെട്ട സഹോദരന്മാരേ,

നിങ്ങള്‍ നിങ്ങളുടെ നേതാക്കളെക്കുറിച്ച് അഭിമാനം കൊള്ളുക. അവര്‍ മുമ്പ് മുതലേ പറയാറുള്ള ഒരു കാര്യം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. മൂന്നു സ്ഥലങ്ങള്‍ നമ്മുടേതാണ്, നമുക്കു സന്ദര്‍ശിക്കാനുള്ളതാണ്- ജയില്‍, ആശുപത്രി, ഖബര്‍സ്ഥാന്‍.

നിങ്ങള്‍ നിങ്ങളുടെ നേതാക്കളോടൊപ്പം നിലകൊള്ളുക. ജീവിക്കുന്നെങ്കില്‍ അവരോടൊപ്പം ജീവിക്കുക. മരിക്കുന്നെങ്കില്‍ അവരോടൊപ്പം മരിക്കുക. 

അവസാനമായി, നിശ്ചയദാര്‍ഢ്യം തുടിച്ചുനില്‍ക്കുന്ന നിങ്ങളുടെ മുഖത്തു നോക്കി ചോദിക്കട്ടെ, ആര്‍ക്കെങ്കിലും നിങ്ങളെ ഭയപ്പെടുത്താന്‍ കഴിയുമോ? നിശ്ചയദാര്‍ഢ്യം തുടിച്ചുനില്‍ക്കുന്ന നിങ്ങളുടെ മുഖത്തു നോക്കി ചോദിക്കട്ടെ, ആര്‍ക്കെങ്കിലും നിങ്ങളെ നിശ്ശബ്ദരാക്കാന്‍ സാധിക്കുമോ?

നിങ്ങള്‍ക്ക് നന്ദി- ജയ്ഹിന്ദ്

    ഇ. അബൂബക്കര്‍ (എസ്. ഡി. പി. ഐ. ദേശീയ പ്രസിഡന്റ്)

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"