2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മലബാര്‍ മാപ്പിള എന്തിനു തലകുനിക്കണം?





വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുണ്ട്. പേര് മന്നാ ആന്റ് ശങ്കാ. കഥയുടെ കാലം 1950.
"ക്രിസ്തുവിനു ശേഷം രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതിനു പിന്നെയും അമ്പതു കൊല്ലമുണ്ടായിരുന്നു''
  കഥാരംഭത്തിലെ ഈ പ്രസ്താവനയില്‍നിന്നാണ് കാലം കണക്കാക്കിയത്. ഈ കാലത്തിന് ഒരു പ്രത്യേകതയുണ്ട്. അതുവഴിയേ മനസ്സിലാവും. കഥാസന്ദര്‍ഭമിതാണ്: കഥാകാരന്റെ അയല്‍പക്കക്കാരനായ മാത്തുമാപ്പിളയില്‍നിന്നു ചക്കാത്തിനു കിട്ടിയ റൊട്ടിക്കപ്പ, മറ്റൊരു അയല്‍ക്കാരനായ ശങ്കരന്‍നായര്‍ ഉണ്ടാക്കിക്കൊണ്ടുവന്നു കൊടുത്ത, കാന്താരിമുളക് ഉടച്ചതും ഉപ്പും ചേര്‍ത്ത്, വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തിയും കൂട്ടി ശാപ്പിട്ടുകൊണ്ടിരിക്കുമ്പോള്‍, ബഷീറിന്റെ മുമ്പില്‍ ഒരാള്‍ ആഗതനാവുന്നു. ഇബ്രാഹീം മൌലവിയെന്നും കിറുക്കന്‍ ഇബ്രാഹീം എന്നും സംഭാഷണമധ്യേ പരിചയപ്പെടുത്തിയ ആള്‍ 'ഞാന്‍ നിങ്ങളെ കൊല്ലാന്‍ വന്നിരിക്കുകയാണ്' എന്നു പറഞ്ഞ് പൊടുന്നനെ കീശയില്‍നിന്നു രണ്ടു കഠാരികളെടുത്തു ബഷീറിനെ കാണിച്ചു. 'വധശിക്ഷ'യില്‍ നിന്നൊഴിവാകാന്‍ അയാള്‍ ബഷീറിനു മുന്നില്‍ രണ്ട് ഉപാധികള്‍ വച്ചു. 
ഇനി കഥാഭാഗത്തില്‍നിന്ന്: 
"നിങ്ങള്‍ ഇസ്ലാമിന് അനുകൂലമായി രണ്ടു ലേഖനങ്ങളെഴുതണം! 1. ഷേക്സ്പിയര്‍ മുതല്‍ മുണ്ടശ്ശേരി വരെ.             2. മന്നാ ആന്റ് ശങ്കാ. 
'.......... ആദ്യമായി മന്നാ ആന്റ് ശങ്കാ എഴുത്. നായര്‍ പ്രമാണികളായ മന്നത്തു പത്മനാഭപിള്ള മുതല്‍ പേര്‍ ആര്‍. ശങ്കറോട് ചേര്‍ന്നു പിള്ള, നായര്‍, മേനോന്‍, പണിക്കര്‍, കുറുപ്പ് മുതലായ സ്ഥാനപ്പേരുകള്‍ ഉപേക്ഷിച്ച വിവരം അറിഞ്ഞിട്ടുണ്േടാ?'' 
'ഇല്ല.' 
"എന്നാല്‍, അറിഞ്ഞോളൂ. മുസ്ലിം സമുദായത്തിന് ഒരു നല്ല അവസരം വന്നുചേര്‍ന്നിരിക്കുന്നു. ഇതും മുസ്ലിംലോകത്തെ അറിയിക്കണം.''
"അറിയിക്കാം.''
"ക്രിസ്ത്യാനികള്‍ ഇതില്‍ കൈവയ്ക്കും മുമ്പു നമുക്കു സംഗതികള്‍ ശരിപ്പെടുത്തണം.'' 
മറ്റുചില സംഭാഷണങ്ങള്‍ക്കു ശേഷം ബഷീര്‍ ചോദിച്ചു:
"മന്നാ ആന്റ് ശങ്കാ എന്താണെന്നു പറഞ്ഞില്ല?'' 
"ശരിയാണ്. ഭാവിയില്‍ നമ്മുടെ കേരളത്തില്‍ നാലു സമുദായമാണുണ്ടായിരിക്കുക. നായരു കാണുകയില്ല. നമ്പൂതിരി, മാരാര്, പ്ഷാരടി, പണിക്കര്‍, വാര്യര്‍, പിള്ള, തിയ്യര്‍, ഈഴവര്‍, തണ്ടാന്‍, പുലയന്‍, കുറവന്‍, പറയന്‍, ഗണകന്‍, ചോകോന്‍, പൊതുവാള്‍ ഇത്തരം ഒന്നും ഉണ്ടായിരിക്കുകയില്ല. ക്രിസ്ത്യാനിയുണ്ടാവും, മുസല്‍മാനുണ്ടാവും. ബാക്കി പിന്നെ ഹിന്ദുക്കള്‍, ഇവരില്‍ രണ്ടു സമുദായവും ഉണ്ടാവും.''
'അതായത്?'
'മന്നാ ആന്റ് ശങ്കാ', സംഗതി മനസ്സിലായോ? ഭാവിയില്‍ നായരെയും ഈഴവനെയും എങ്ങനെ തിരിച്ചറിയാമെന്നറിയാമോ? എ. ബാലകൃഷ്ണപിള്ള ഭാവിയില്‍- എ. ബാലകൃഷ്ണ മന്നാ. സി. കേശവന്‍ - സി. കേശവ ശങ്കാ. കാരൂര്‍ നീലകണ്ഠപ്പിള്ള- കാരൂര്‍ നീലകണ്ഠമന്നാ. കെ. അയ്യപ്പന്‍-കെ. അയ്യപ്പ ശങ്കാ- ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാട്- ഇ.എം. ശങ്കരമന്നാ.'' 
"ഇതുകൊണ്ട് ഇസ്ലാമിനെന്താ ഗുണം?'' 
"നമ്മള്‍ നമ്പൂതിരി, തണ്ടാന്‍, നായര്‍, പൊതുവാള്‍, മാരാര്... എന്നീ ജാതിപ്പേരുകള്‍ നമ്മോടു കൂട്ടിച്ചേര്‍ക്കണം. നിങ്ങള്‍ക്കേതാണിഷ്ടം?'' 
"വൈക്കം മുഹമ്മദ് ബഷീര്‍ നമ്പൂതിരിപ്പാട്.'' 
ബഷീറിന്റെ കഥയിലെ ചരിത്രസന്ദര്‍ഭം അനുസ്മരിക്കാന്‍ ഒരു അപൂര്‍വ അവസരം കൂടി കേരളീയസമൂഹത്തിനു കൈവന്നിരിക്കുകയാണ്. നായര്‍നേതാവ് മന്നത്തു പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട നായരീഴവ ഐക്യത്തെ ആക്ഷേപഹാസ്യത്തിന്റെ വശ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിത്രീകരിക്കുകയാണ് ബഷീര്‍ ഈ കഥയില്‍. ജാതിപ്പേരു സൂചിപ്പിക്കുന്ന വാല്‍ മുറിച്ചുമാറ്റി ഹൈന്ദവസമത്വം സ്ഥാപിക്കാനൊരുങ്ങുന്ന പാഴ്വേലയെ കണക്കിനു കളിയാക്കുകയാണ് ബഷീര്‍.
ഹിന്ദു ഐക്യം കാട്ടി ക്രിസ്ത്യാനികളെ വിരട്ടാനും ദേവസ്വം ബോര്‍ഡ് പിടിച്ചടക്കാനും 1949 ല്‍ തട്ടിക്കൂട്ടിയ 'നായരീഴവ ഐക്യ'ത്തിന്റെ ഗുണഫലം എന്‍.എസ്.എസിനാണു കിട്ടിയത്. കാര്യം കണ്ടുകഴിഞ്ഞപ്പോള്‍ ഈഴവര്‍ പടിക്കുപുറത്ത്. 'ഈഴവര്‍ പന്നിപെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണെന്നു' പറഞ്ഞ മന്നം, ഈഴവനേതാവ് ആര്‍. ശങ്കറെ 1952ല്‍ കൊട്ടാരക്കരയില്‍ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും പിന്നീട് 1962ല്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ രാവണഭരണമെന്നും തൊപ്പിപ്പാളക്കാരന്റെ ഭരണമെന്നും പറഞ്ഞ് ആക്ഷേപിക്കുക മാത്രമല്ല, ക്രൈസ്തവരെ കൂട്ടുപിടിച്ച് 1964ല്‍ ശങ്കര്‍ മന്ത്രിസഭയെ മറിച്ചിടുകയും ചെയ്തു. 1960കളുടെ തുടക്കത്തില്‍ സജീവമായി ഉയര്‍ന്നുവന്ന പിന്നാക്കസംവരണത്തെ അട്ടിമറിക്കാന്‍ വീണ്ടുമൊരു നായരീഴവ ഐക്യവുമായി എന്‍.എസ്.എസ്. രംഗത്തുവന്നു. ഏതാനും ഉദ്യോഗങ്ങള്‍ക്കുവേണ്ടി പരസ്പരം കടിപിടി നടത്തുന്ന ഉദ്യമങ്ങളില്‍നിന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഈഴവസമുദായം വിരമിക്കണമെന്നും ഹൈന്ദവജനത ഏകീകൃത സംഘടനയില്‍ അണിനിരക്കണമെന്നും മന്നത്തു പത്മനാഭന്‍ ഈഴവരെ ആഹ്വാനം ചെയ്തു. മൂന്നാമതു തവണ ഹിന്ദുഐക്യത്തിനു മുന്‍കൈയെടുത്തതു വെള്ളാപ്പള്ളി നടേശനാണ്. 'നമ്പൂതിരിമുതല്‍ നായാടി വരെയുള്ളവര്‍ ഒന്നിക്കുക' എന്ന ആഹ്വാനവുമായി, അന്തരിച്ച എന്‍.എസ്.എസ്. മുന്‍ ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കരുമായി കൂട്ടുചേര്‍ന്ന് ഹിന്ദുഐക്യം വിളംബരം ചെയ്തു രംഗത്തുവന്നത് പിന്നാക്കസമുദായങ്ങളുടെ സംവരണനഷ്ടത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്റെ റിപോര്‍ട്ട് അട്ടിമറിക്കാന്‍  വേണ്ടിയാണ്. മധുവിധുവിന്റെ ലഹരി തീരും മുമ്പേ അതും തകര്‍ന്നു. 
ഇപ്പോള്‍ നാലാം തവണയാണ് എന്‍. എസ്. എസിന്റെ താല്‍പ്പര്യാര്‍ഥം ഹിന്ദു ഐക്യമന്ത്രവുമായി രണ്ടു സമുദായസംഘടനകളും കത്തിവേഷമാടുന്നത്.
രണ്ടുകൂട്ടരും തങ്ങള്‍ക്കിടയിലെ സകല വിരോധങ്ങളും മാറ്റിവച്ചു കൈകോര്‍ത്തു നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. എക്കാലത്തും തങ്ങള്‍ ബാലി-സുഗ്രീവന്മാരായി കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും തങ്ങള്‍ക്കിടയിലെ എല്ലാ പിണക്കങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ചുവെന്നുമുള്ള ശുഭവൃത്താന്തവും വെള്ളാപ്പള്ളി മാലോകരെ അറിയിച്ചു. അതിനവര്‍ക്ക് അടിയന്തര പ്രകോപനമായി മാറിയത് കേന്ദ്രസര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ മേഖലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള യു.ഡി.എഫ്. സര്‍ക്കാറിന്റെ തീരുമാനമാണ്. 
മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിവിവാദം മുതല്‍ അന്തരീക്ഷത്തില്‍ ഘനീഭവിച്ചുനില്‍ക്കുന്ന മുസ്ലിംവിരോധം ഒട്ടും മറയില്ലാതെ നാനാകോണുകളില്‍നിന്നും പുറത്തുചാടിയ സന്ദര്‍ഭം കൂടിയായിരുന്നു ഇത്. ഇനി ഹിന്ദുക്കളെല്ലാവരും പെട്ടിയും പായയുമെടുത്ത് ഇന്ത്യാരാജ്യം വിടേണ്ട ഗതികേടിലാണെന്നും കേരളസര്‍ക്കാരിന്റെ സെക്രട്ടറിയേറ്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസും മലപ്പുറത്തേക്കു മാറ്റണമെന്നും പെരുന്നയില്‍നിന്നു വെളിപാടുണ്ടായി. മലപ്പുറത്തുകാര്‍ക്കു മാത്രമുള്ളതായി വിദ്യാഭ്യാസവകുപ്പ് മാറി, ഇനി കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നു കണിച്ചുകുളങ്ങരയില്‍നിന്ന് നടേശഗുരുസ്വാമിയുടെ ഉദീരണങ്ങള്‍! 'ഒരു പ്രത്യേക സമുദായം ധരിക്കുന്ന തൊപ്പിധരിച്ചേ കേരളത്തില്‍ ഇറങ്ങാനാവൂ' എന്നു പ്രസ്താവനകളിലൂടെ മാത്രം ജീവിതനിയോഗം സാക്ഷാല്‍ക്കരിക്കാന്‍ സൌഭാഗ്യം സിദ്ധിച്ച, ബി.ജെ.പി. മുന്‍ സംസ്ഥാനാധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ജിയുടെ വിലാപം. മലപ്പുറത്തെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി മുസ്ലിംലീഗുകാര്‍ക്കു കോഴ വാങ്ങാനുള്ള സുവര്‍ണാവസരമൊരുക്കുകയാണെന്ന വിലപ്പെട്ട കണ്ടുപിടിത്തവുമായി യു.ഡി.എഫിലെ പിള്ളേര്കോണ്‍ഗ്രസ് മുതല്‍ എല്‍.ഡി.എഫിലെ വല്യേട്ടനായ സി.പി.എം. വരെ ഗോദയിലിറങ്ങിയ ചരിത്രമുഹൂര്‍ത്തം. മേല്‍പ്പറഞ്ഞ 35 സ്കൂളുകളൊഴിച്ചു കേരളത്തില്‍ സഭകളുടെയും എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും മാനേജ്മെന്റിനു കീഴിലുളള ബാക്കി സകലമാന എയ്ഡഡ് സ്കൂളുകളും നയാപ്പൈസ കോഴവാങ്ങാതെയും സുതാര്യമായും അധ്യാപകനിയമനം നടത്തി വിദ്യാഭ്യാസക്കച്ചവടത്തിനെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന മഹനീയ മാതൃകകളായങ്ങനെ വിലസിനില്‍ക്കുകയാണെന്നു തോന്നും, കോഴയെക്കുറിച്ചുള്ള ഈ വര്‍ത്തമാനം കേട്ടാല്‍. എണ്ണായിരത്തോളം വരുന്ന എയ്്ഡഡ് സ്കൂളുകളില്‍ 1400ല്‍ താഴെ മാത്രമാണ് മുസ്്ലിം മാനേജ്മെന്റിനു കീഴിലുള്ളത്. അപ്പോള്‍ പിന്നെ ആരാണ് കൂടുതല്‍ കോഴവാങ്ങുന്നതെന്നും കച്ചവടം നടത്തുന്നതെന്നും ഊഹിക്കാമല്ലോ? എയ്്ഡഡ് സ്കൂളുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് ശമ്പളം നല്‍കുന്നത്. എന്നാലിനി നിയമനവും പി.എസ്.സി. തന്നെ നടത്തട്ടെ. എന്താ സമ്മതമാകുമോ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കും.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ, ഓടുപൊളിച്ചല്ല ലീഗിന്റെ 20 എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത്. അഞ്ചു മന്ത്രിമാര്‍ സാമാന്യ ന്യായപ്രകാരം ലീഗിന്റെ അവകാശവുമായിരുന്നു. പക്ഷേ, തല്‍പ്പരകക്ഷികള്‍ അതു വിവാദമാക്കി. ലീഗിനു പുതുതായൊന്നും കിട്ടയതുമില്ല. സാമുദായികസന്തുലനം തകര്‍ത്തെന്ന പഴി കേള്‍ക്കുകയും ചെയ്തു. കേരളനിയമസഭയുടെയും മന്ത്രിസഭയുടെയും ചരിത്രത്തില്‍ സാമുദായികസന്തുലനം പാലിച്ച ഏതു കാലമാണുണ്ടായിട്ടുള്ളത്? രണ്ടു മുസ്ലിം മന്ത്രിമാരായിരുന്നു കഴിഞ്ഞ ഇടതുപക്ഷഭരണത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ രാജ്യസഭയില്‍ കേരളത്തില്‍നിന്നുള്ള മുസ്ലിം പ്രാതിനിധ്യം വട്ടപ്പൂജ്യം. ആര്‍ക്കും ഒരു പ്രശ്നവുമില്ല. അപ്പോള്‍ ലീഗല്ല, മുസ്ലിമാണു പ്രശ്നം. 
ആക്രിക്കച്ചവടം ചെയ്തും കുടനന്നാക്കിയും മുസ്ലിംസമുദായത്തിലെ അംഗങ്ങള്‍ എക്കാലവും കഴിഞ്ഞുകൊള്ളണമെന്ന് എന്‍.എസ്.എസ്സിന് ആഗ്രഹിക്കാം. ഖജനാവിലേക്കൊഴുകുന്ന നികുതിയുടെ ആനുപാതിക ഗുണം (ചുരുങ്ങിയതു നാലിലൊന്നെങ്കിലും) മുസ്ലിംകള്‍ക്കു കിട്ടണമെന്നത് അവരുടെ അവകാശമാണ്. മരുഭൂമിയില്‍ എല്ലുമുറിയെ പണിചെയ്തും ഉടുമുണ്ട് മുറുക്കിയുടുത്തും നാട്ടിലേക്കയച്ച പണത്തില്‍നിന്നു പശിയകറ്റാന്‍ മാത്രമല്ല, മക്കളെ പഠിപ്പിക്കാനും ഒരോഹരി ഗള്‍ഫുകാരുടെ കുടുംബങ്ങള്‍ നീക്കിവച്ചു. വിദ്യാഭ്യാസരംഗത്തു മുസ്ലിം സമൂഹത്തിലുണ്ടായ പുത്തനുണര്‍വിനു വിത്തുപാകിയത് ഈ ഗള്‍ഫ് കുടിയേറ്റമാണ്. മലബാറില്‍ പെണ്‍കുട്ടികളിലടക്കം സമീപകാലത്തു വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റം മുസ്ലിംസമുദായത്തിലെ പുതിയ തലമുറയുടെ ഉല്‍ക്കര്‍ഷേച്ഛയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. നാളിതുവരെ അവഗണനയുടെ ഭാണ്ഡവും പേറിക്കഴിഞ്ഞിരുന്ന ഒരു സമുദായം സ്വപരിശ്രമം കൊണ്ടു നേടിയ വളര്‍ച്ചയെ മറ്റുള്ളവരുടേത് അനര്‍ഹമായി കൈയടക്കി വച്ചതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം എത്രമാത്രം അസംബന്ധമാണ്! 
നായരീഴവ ഐക്യത്തിനു നിമിത്തമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നത്തിന്റെ യാഥാര്‍ഥ്യമെന്തെന്നു കൂടി അന്വേഷിക്കണം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമിന്റെ ഭാഗമായി തീരുമാനിച്ചിരുന്നു. മുസ്ലിംകളെ മാത്രമല്ല, നിയോ ബുദ്ധിസ്റുകളെയും ഇതിന്റെ പരിധിയില്‍പ്പെടുത്തിയിരുന്നു. 
ഇങ്ങനെ തുടങ്ങിയ സ്കൂളുകള്‍ നടത്തിക്കൊണ്ടു പോവുകയെന്നതു മാനേജ്മെന്റുകള്‍ക്ക് വന്‍ ബാധ്യതയായി. വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കിയാണ് കേരളത്തില്‍ ഈ സ്കൂളുകള്‍ കുറേയൊക്കെ മുന്നോട്ടു കൊണ്ടുപോയത്. 
2005ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഈ സ്കൂളിലെ അധ്യാപകര്‍ക്ക് 2003 ജനുവരി 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കാന്‍ ഉത്തരവിട്ടു. തുടര്‍ന്നുണ്ടായ ചില വ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രിംകോടതി തീര്‍പ്പുപ്രകാരം അടിസ്ഥാനശമ്പളം, ക്ഷാമബത്ത, വീട്ടുവാടക എന്നിവ നല്‍കിത്തുടങ്ങി. പിന്നീട് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.  ബേബിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടി മാത്രമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടത്. ഇതിന്റെ പേരിലാണു മലപ്പുറത്തിന് മുഴുവന്‍ വാരിക്കോരിക്കൊടുത്തു എന്നു മുറവിളി കൂട്ടി പ്രശ്നത്തിനു വര്‍ഗീയമാനം ചാര്‍ത്തുകയും ഇനി കേരളത്തില്‍ ഹിന്ദുക്കള്‍ക്കു രക്ഷയില്ലെന്ന പല്ലവി പാടി ഹിന്ദു ഐക്യത്തിന് ഒരുങ്ങിപ്പുറപ്പെടുകയും ചെയ്തത്. 
ഇനി മലപ്പുറത്തിന് യഥാര്‍ഥത്തില്‍ എന്താണു കിട്ടിയത് എന്നു ചില കണക്കുകള്‍ വച്ചു പരിശോധിക്കുക. 
മലബാറിലെ ജനസംഖ്യ 1.47 കോടി (44%). കേരളത്തിലെ ബാക്കി ജനസംഖ്യ 1.87 കോടി(56%). മെഡിക്കല്‍ കോളജ്; ഗവ:/ എയ്ഡഡ് കോളജ്, ഗവ/എയ്ഡഡ് ഹൈസ്കൂള്‍, വിദ്യാഭ്യാസജില്ല എന്നിവ മലബാറിനു യഥാക്രമം 1 (20%), 60(32%), 817(34%),13(34%). ഇതരമേഖലയില്‍ അതു യഥാക്രമം 4(80%),130(68%), 1618(66%), 25(66%) എന്നിങ്ങനെയാണ്.  അതായത്, ജനസംഖ്യയുടെ ഏതാണ്ടു പകുതിവരുന്ന പ്രദേശത്തെ ജനവിഭാഗത്തിനു കിട്ടിയതു മൂന്നിലൊന്നു മാത്രം.
60,000ത്തിലധികം കുട്ടികള്‍ ഇത്തവണ മലപ്പുറം ജില്ലയില്‍ മാത്രം പ്ളസ്വണ്ണിനു പ്രവേശനം കിട്ടാതെ ഭാവിയെ നോക്കി പകച്ചുനില്‍ക്കുന്നു. മലപ്പുറം ജില്ല ഇന്ത്യാരാജ്യത്തിനുതന്നെ പുറത്താണെന്ന രീതിയിലാണ്  പല കേന്ദ്രങ്ങളുടെയും പ്രചാരണം. ജില്ല രൂപീകരിച്ച കാലം മുതല്‍ തുടങ്ങിയതാണു മലപ്പുറത്തിനും മുസ്ലിംകള്‍ക്കും നേരേയുള്ള കുതിരകയറ്റം.
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കൈവശത്തിലിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചും പാട്ടക്കാലാവധി നീട്ടിവാങ്ങിയും പാട്ടക്കുടിശ്ശിഖ എഴുതിത്തള്ളിച്ചും പാട്ടഭൂമിയില്‍ സ്വതന്ത്രാവകാശം സ്ഥാപിച്ചും പിന്‍വാതിലിലൂടെ എന്‍.എസ്.എസ്. ഉണ്ടാക്കിയ നേട്ടത്തിന്റെ കണക്കുകള്‍ കൂടി പറഞ്ഞിട്ടുമതി മുസ്്ലിംകള്‍ എല്ലാം കൊണ്ടുപോവുന്നുവെന്ന് ആര്‍ത്തു വിളിക്കാന്‍.
മുസ്ലിംലീഗിനും പങ്ക്
ഇന്നു നാനാഭാഗത്തുനിന്നും മുസ്ലിംസമുദായത്തെ ആഞ്ഞുവീക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടായതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുസ്ലിംലീഗിനും കൈകഴുകാനാവില്ല. വര്‍ഗീയപ്പാര്‍ട്ടി, ചത്തകുതിര, പാകിസ്താന്‍വാദികള്‍ എന്നിങ്ങനെ പല വിശേഷണങ്ങളും തരാതരം പോലെ ലീഗിനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ആര്‍ജവവും നട്ടെല്ലുമുണ്ടായിരുന്ന ആദ്യകാല നേതാക്കന്മാര്‍ ഇത്തരം പരിഹാസങ്ങളെ ചങ്കൂറ്റത്തോടെ നേരിടുകയും വിമര്‍ശകര്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുകയും ചെയ്തിരുന്നു.
അധികാരത്തിന്റെ ശീതളിമയില്‍ സുഖനിദ്ര കൊതിച്ച പില്‍ക്കാല നേതൃത്വമാകട്ടെ, ബാബരിമസ്ജിദ് തകര്‍ച്ചയുടെ വേളയില്‍ പോലും നിഷ്ക്രിയത്വത്തിന്റെയും കീഴൊതുങ്ങലിന്റെയും സുഖപ്രദമായ വഴിയാണു തേടിയതും ഇന്നും കൊതിക്കുന്നതും. മുസ്ലിംകളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച നവസാമൂഹികപ്രസ്ഥാനങ്ങളെ മുസ്ലിം വിരുദ്ധര്‍ തീവ്രവാദികളാക്കിയപ്പോള്‍ അവരോടൊപ്പമല്ല, അവര്‍ക്കുമുന്നിലായി ലീഗുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അധികാരത്തോടൊപ്പം ചില ചില്ലറ അവകാശങ്ങള്‍ കൂടി ചോദിക്കാന്‍ ലീഗ് 'ധൃഷ്ട'മായപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവാണ് മുസ്ലിംലീഗ് എന്നു വാഴ്ത്തിയവര്‍ തന്നെ ലീഗിനെ വര്‍ഗീയതയുടെ വൈതാളികരാക്കുന്നു! ഇതു ചരിത്രത്തത്തിന്റെ കാവ്യനീതിയാവാം. സമുദായത്തിന്റെ മുന്നേറ്റത്തിനു മുമ്പില്‍ വല്ലാതെ വഴിതടഞ്ഞു നില്‍ക്കാന്‍ ഇനി ലീഗിനുമാവില്ല. കാരണം, നവ ജാഗരണസംഘങ്ങള്‍ സമുദായത്തിന്റെ കര്‍മശേഷിയെ ദിശതിരിച്ചുവിടുകയും ശാക്തീകരണശ്രമങ്ങള്‍ക്കു പുത്തന്‍ചാലുകള്‍ കീറുകയും ചെയ്യുമ്പോള്‍ അതിനു വിലങ്ങുതടിയാകാന്‍ ആഗ്രഹിച്ചാല്‍ പോലും ലീഗിനു സാധ്യമാവില്ല. അപ്പോള്‍ ലീഗിനു മുമ്പില്‍ ഒരു വഴിയേയുള്ളു. കഷ്ടപ്പെടാതെ നേടിയെടുത്ത മതേതര-മിതവാദി പ്രതിച്ഛായ അല്‍പ്പമൊക്കെ കളഞ്ഞുകുളിച്ചായാലും സമുദായമനസ്സിനൊപ്പം സഞ്ചരിക്കുക. ഇല്ലെങ്കില്‍ ചരിത്രത്തില്‍നിന്നുതന്നെ പടിയിറക്കപ്പെടുമെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ലീഗ്  നേതൃത്വത്തിനുണ്ടാവാതിരിക്കില്ല.  

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"