2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഭാവി ഇന്ത്യയിലേക്കുള്ള രാഷ്ട്രീയസൂചനകള്‍


  ഇ അബൂബക്കര്‍ 
"ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. വലിയൊരു പാഠമാണിതെനിക്ക്''- ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ചു രാഹുല്‍ഗാന്ധിയുടെ പ്രതികരണമാണിത്. മുസ്്ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത വീണ്െടടുത്ത് 224 സീറ്റുകളുമായി സമാജ്വാദി പാര്‍ട്ടി നേടിയ ഉജ്ജ്വലവിജയം രണ്ടു പതിറ്റാണ്ടിനിടെ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും മികച്ച ഒന്നാണ്. ജനപ്രിയനേതാവായി ഉയര്‍ന്നുവന്ന യുവനായകന്‍ അഖിലേഷ് യാദവിനും അവകാശപ്പെട്ടതാണീ വിജയം. സ്വതസ്സിദ്ധമായ ശൈലിയും തമാശകളും വഴി തൊഴിലും കംപ്യൂട്ടറുകളും ഗുണ്ടാരാജിന്റെ അന്ത്യവും വാഗ്ദാനം ചെയ്ത് അഖിലേഷ് വലിയൊരളവോളം യുവവോട്ടര്‍മാരെ ആകര്‍ഷിച്ചു. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും യു.പി. രാഷ്ട്രീയത്തില്‍ ഒന്നുമല്ലെന്നു തെളിയിക്കുന്ന ആധികാരികവിജയമായിരുന്നു എസ്.പിയുടേത്. രണ്ടാം സ്ഥാനത്തു മറ്റൊരു പ്രാദേശികകക്ഷിയായ ബി.എസ്.പിയാണുള്ളതെന്നും അറിയുക.
   അഖിലേഷ്   
    രണ്ടു പതിറ്റാണ്ടിലേറെ അധികാരത്തിനു പുറത്തുനില്‍ക്കേണ്ടിവന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരാമെന്ന മോഹത്തിനാണു കനത്ത അടിയേറ്റിരിക്കുന്നത്. കോണ്‍ഗ്രസ് രാജകുടുംബാംഗങ്ങളായ രാഹുലും സോണിയയും പ്രിയങ്കയും നേരിട്ടു നയിച്ച പോരാട്ടം പക്ഷേ, നിലം തൊട്ടില്ല. 200ലേറെ റാലികളിലും റോഡ്ഷോകളിലുമാണ് അവര്‍ പങ്കെടുത്തത്. രാഹുല്‍ കൂടുതല്‍ അക്രമാസക്തനായിരുന്നു. എസ്.പിയാവട്ടെ, ബി.എസ്.പിയാവട്ടെ, ബി.ജെ.പിയാവട്ടെ, തന്റെ വാക്ശരങ്ങളില്‍നിന്ന് രാഹുല്‍ ആരെയും വെറുതെ വിട്ടില്ല. പക്ഷേ, 28 സീറ്റുകളുമായി ദയനീയമായിരുന്നു കോണ്‍ഗ്രസിന്റെ പതനം. 




   വി പി സിങ്ങ് 
അഞ്ചുവര്‍ഷം മുമ്പു നേടിയ സീറ്റുകളേക്കാള്‍ കേവലം ആറു സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് അധികം നേടാനായത്. മോശം സാഹചര്യത്തില്‍ നേടിയ സീറ്റുകളേക്കാള്‍ കേവലം ആറെണ്ണം മാത്രം അധികം നേടാനായി എന്നതു വലിയ കാര്യമൊന്നുമല്ല. രാഹുലിന്റെ നേതൃശേഷിയെക്കുറിച്ച് ഇതു ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. രണ്ടു വര്‍ഷം മുമ്പു ബിഹാറില്‍ തുടങ്ങിയ ഈ പരാജയം യു.പിയിലെ ദയനീയപതനത്തിലെത്തുമ്പോള്‍ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പ്രതാപകാലം അസ്തമിച്ചിരിക്കുന്നു എന്ന സൂചനയാണു നല്‍കുന്നത്. രാഹുലും സോണിയയും എന്തു പാഠമാണ് ഇതില്‍നിന്നു പഠിച്ചത് എന്നു വ്യക്തമല്ലെങ്കിലും കോണ്‍ഗ്രസ് ഗൌരവപൂര്‍വം ആത്മവിചാരണ നടത്തേണ്ട സന്ദര്‍ഭമാണിത്. 
  മഹാത്മാ  ഗാന്ധി 
സ്വാതന്ത്യ്രത്തിനു ശേഷം 52 വര്‍ഷം ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. കേവലം 13 വര്‍ഷം മാത്രമാണ് മറ്റുള്ളവര്‍ക്കു ജനങ്ങള്‍ അവസരം നല്‍കിയത്. 1885ല്‍ രൂപംകൊണ്ട പാര്‍ട്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും ജനസ്വാധീനമുള്ള പ്രസ്ഥാനമായി വളരുകയായിരുന്നു. ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കും ദാരിദ്യ്രത്തിനും മതപരവും വംശപരവുമായ അതിര്‍വരമ്പുകള്‍ക്കുമെതിരേ പ്രവര്‍ത്തിച്ച് ലക്ഷക്കണക്കിനു പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഗാന്ധിക്കു സാധിച്ചു. ഇന്ത്യന്‍ ജനതയുടെ ഒരു പരിഛേദമായിരുന്നു കോണ്‍ഗ്രസ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കി ഇന്ത്യക്കാര്‍ക്കിടയില്‍ ദേശീയബോധം          വളര്‍ത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചു. 
     മൊറാര്‍ജി ദേശായി 
  1948ല്‍ ഗാന്ധി കൊല്ലപ്പെടുകയും 1950ല്‍ സര്‍ദാര്‍ പട്ടേല്‍ മരണപ്പെടുകയും ചെയ്തോടെ കോണ്‍ഗ്രസില്‍ ജനസ്വാധീനമുള്ള നേതാവായി ജവഹര്‍ലാല്‍ നെഹ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ കോണ്‍ഗ്രസിന്റെ ഭാവിയും രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വവും നെഹ്റുവില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ സംജാതമായി. നെഹ്റുവിന്റെ മതേതരത്വവും സോഷ്യലിസ്റ്റ് സാമ്പത്തികനയങ്ങളും ചേരിചേരാനയങ്ങളും ആധുനിക കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറി. ഭൂവുടമകളെയും ബിസിനസ് വര്‍ഗങ്ങളെയും നെഹ്റുവിന്റെ നയങ്ങള്‍ വെല്ലുവിളിച്ചപ്പോള്‍ മതന്യൂനപക്ഷങ്ങളുടെയും അധസ്ഥിതഹിന്ദു ജനവിഭാഗങ്ങളുടെയും അവസ്ഥയില്‍ അതു ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. സ്വാതന്ത്യ്രസമരസേനാനികളായ നേതൃത്വത്തിനു പകരം നെഹ്റുവിന്റെ തണലില്‍ വളര്‍ന്ന പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. 


          നെഹ്റു 
1952, 1957, 1962 വര്‍ഷങ്ങളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ നെഹ്റു കോണ്‍ഗ്രസിനെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു. എന്നാല്‍, 1964ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ കോണ്‍ഗ്രസിന്റെ ഭാവി ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. നെഹ്റുവിനോളം ജനകീയനായ മറ്റൊരു നേതാവും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നില്ല. രണ്ടാം തലമുറയില്‍ പെട്ട നേതാക്കള്‍ ഒത്തുകൂടി മാന്യനും മൃദുഭാഷിയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ സമവായ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുകയായിരുന്നു. 1966ല്‍ മരണപ്പെടുന്നതു വരെ ശാസ്ത്രി പ്രധാനമന്ത്രിയായി തുടര്‍ന്നു. ശേഷം നടന്ന വിശാലമായ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയെ നേതാവായി തിരഞ്ഞെടുത്തു. 



                                             ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരേ 1967ല്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പു രൂപപ്പെട്ടു. പാര്‍ട്ടി പിളരുകയും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു. ഗരീബി ഹഠാവോ(ദാരിദ്യ്രം തുടച്ചുനീക്കുക) എന്ന ജനകീയ മുദ്രാവാക്യമുയര്‍ത്തി ഇന്ദിരാ കോണ്‍ഗ്രസ് രംഗത്തെത്തി.       1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വിജയവും ബംഗ്ളാദേശിന്റെ രൂപീകരണവും അനുകൂല
     ജയപ്രകാശ്  
തരംഗമായപ്പോള്‍ ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി തൂത്തുവാരി. സാവധാനം അവര്‍ ഒരു സ്വേഛാധിപതിയുടെ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. പാര്‍ലമെന്റിലെ വന്‍ഭൂരിപക്ഷത്തെ ഉപയോഗിച്ച് അവര്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഇടയിലുള്ള അധികാരസന്തുലനത്തില്‍ കേന്ദ്രത്തിന് അനുകൂലമായി മാറ്റം വരുത്തുകയും ചെയ്തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമരാഹിത്യവും കുഴപ്പവും ആരോപിച്ച് ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം രണ്ടു തവണ പ്രസിഡന്റ് ഭരണം അടിച്ചേല്‍പ്പിച്ചു. ഇന്ദിരാഗാന്ധിയുടെ സ്വേഛാധിപത്യ നടപടികള്‍ക്കെതിരേ സ്വാതന്ത്യ്രസമര സേനാനികളായിരുന്ന ജയപ്രകാശ് നാരായണന്‍, സത്യേന്ദ്ര നാരായണ്‍ സിന്‍ഹ, ആചാര്യ കൃപലാനി എന്നിവര്‍ രാജ്യമുടനീളം സഞ്ചരിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. ഇത്തരം നീക്കങ്ങളില്‍ പങ്കാളികളായ പ്രതിപക്ഷനേതാക്കളെ അറസ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു ഇന്ദിരാഗാന്ധി 


സത്യേന്ദ്ര നാരായണന്‍ 

1971ലെ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍നിന്ന് ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടത് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതോടെ മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1975 ജൂണ്‍ 26ന് ഇന്ത്യയുടെ പ്രസിഡന്റ് ഫഖ്റുദ്ദീന്‍ അലി അഹ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. താഴേക്കിടയില്‍നിന്നു പുതിയ നേതാക്കള്‍ ഉയര്‍ന്നുവരാന്‍ ഈ സാഹചര്യങ്ങള്‍ കാരണമായി. ജനതാദളിന്റെയും ജനതാപാര്‍ട്ടിയുടെയും ബാനറില്‍ അവര്‍ ഒരുമിച്ചുകൂടുകയും 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അമ്പേ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടു വര്‍ഷത്തിനകം ജനതാപാര്‍ട്ടി സര്‍ക്കാര്‍ നിലംപൊത്തുകയും 1980ല്‍ ഇന്ദിരാഗാന്ധി ഭരണത്തില്‍ തിരിച്ചുവരുകയും ചെയ്തെങ്കിലും അതുണ്ടാക്കിയ പരിക്കുകള്‍ നിസ്സാരമായിരുന്നില്ല. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്നതും സ്ഥിരവുമായിരുന്നു അത്. ജനതാപാര്‍ട്ടിയുടെ വിവിധ കഷണങ്ങള്‍ ഒരു സംഘം പുതിയ നേതൃത്വത്തിനു ജന്‍മം നല്‍കുകയും ഒ.ബി.സി. വിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും പ്രാദേശികമായ ലക്ഷ്യങ്ങളോടെ ഒരുമിച്ചുകൂട്ടുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കുത്തകയെ വെല്ലുവിളിക്കുന്ന രൂപത്തില്‍ പുതിയ പ്രാദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതാണു പിന്നീടു നാം കണ്ടത്. 


പ്രാദേശികവാദത്തിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും വളര്‍ച്ച :
ആചാര്യ കൃപലാനി 
ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ രാജ്യമാണ് ഇന്ത്യ. നിരവധി ഭാഷകളും മതസമൂഹങ്ങളും സംസ്കാരങ്ങളും ജാതികളും ഉള്ള നാട്. തലമുറകളായുള്ള ഈ വൈവിധ്യത്തിന്റെ കൂടപ്പിറപ്പായിരുന്നു ആഭ്യന്തരസംഘര്‍ഷങ്ങളും. പ്രാദേശികവാദം എന്നത് പുതിയൊരു പ്രതിഭാസമല്ല. തമിഴ്നാട്ടില്‍ ഡി.എം.കെയും പഞ്ചാബില്‍ അകാലിദളും സ്വാതന്ത്യ്രത്തിനു മുമ്പുതന്നെ രൂപപ്പെട്ട പ്രാദേശികകക്ഷികളാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലൂടെ കോണ്‍ഗ്രസിന് അതിന്റെ അടിത്തറ നഷ്ടപ്പെട്ടപ്പോള്‍ ആ ഒഴിവു നികത്തിയത് പ്രാദേശിക പാര്‍ട്ടികളായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കേന്ദ്രീകരണസ്വഭാവം സംസ്ഥാനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. ഇന്ദിരാഗാന്ധി ഈ ആശങ്കകള്‍ കൂടുതല്‍ ശക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സാമാജികര്‍ സ്വന്തം നേതാവിനെ തിരഞ്ഞെടുക്കുന്നതിനു പകരം അതു പോലും കോണ്‍ഗ്രസ് പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന അവസ്ഥയിലെത്തി. ജനകീയ അടിത്തറയ്ക്കു പകരം നേതാക്കള്‍ക്ക് ഒരു തരം രാജകീയപരിവേഷം നല്‍കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്.       
  ഇന്ദിര ഗാന്ധി 

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്ന രൂപത്തില്‍ ഭരണപരവും ധനകാര്യപരവുമായ കാര്യങ്ങളില്‍ പൊരുത്തമില്ലാത്ത ഫെഡറലിസത്തെയാണ് തുടര്‍ച്ചയായ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രോല്‍സാഹിപ്പിച്ചത്. സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നിട്ടും ധനസഹായം വിതരണം ചെയ്യുമ്പോള്‍ എന്തോ ഔദാര്യം ചെയ്യുന്നതു പോലെയാണ് കേന്ദ്രം പെരുമാറിയത്. ന്യൂനപക്ഷങ്ങളോടും(പ്രത്യേകിച്ച് മുസ്ലിംകളോട്) ദലിത്-ആദിവാസി സമൂഹങ്ങളോടും പിന്നാക്കഹിന്ദുക്കളോടുമുള്ള മാറിമാറി വരുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ സമീപനം തീര്‍ത്തും വിവേചനപരവുമായിരുന്നു.  കോണ്‍ഗ്രസിന്റെ നയങ്ങളിലെ ഇത്തരം പരാജയങ്ങള്‍ കാരണം ഇപ്പോഴവര്‍ കേവലം ഒമ്പതു സംസ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, മേഘാലയ, മിസോറാം എന്നിവയാണ് ഈ ഒമ്പതു സംസ്ഥാനങ്ങള്‍. അസം, ഉത്തരാഖണ്ഡ്, ഗോവ, ജമ്മുകശ്മീര്‍, കേരളം, മഹാരാഷ്ട്ര തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോടൊപ്പം കോണ്‍ഗ്രസ് അധികാരം പങ്കിടുന്നു. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥിതി ഏറെ ദയനീയമാണ്. 
    ചന്ദ്രബാബു നായിഡു 
ഒറീസയില്‍ ബിജു ജനതാദള്‍, ബിഹാറില്‍ ആര്‍.ജെ.ഡി, സമതാ പാര്‍ട്ടി, യു.പിയില്‍ എസ്.പി, ബി.എസ്.പി, മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും, ആന്ധ്രപ്രദേശില്‍ തെലുഗുദേശം, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, അസമില്‍ എ.ജി.പി. തുടങ്ങി നിരവധി പ്രാദേശിക പാര്‍ട്ടികളാണ് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ രൂപംകൊണ്ടത്. സ്വത്വം, സംസ്കാരം, ഭാഷ, ഒ.ബി.സി. വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങള്‍ക്കു മാത്രമേ ഇനി പരിഹാരം ഉണ്ടാക്കാനാവൂ എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഈ പ്രാദേശിക പാര്‍ട്ടികള്‍ വിജയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത വെല്ലുവിളിയായാണു തുടക്കത്തില്‍ ഇവ രംഗപ്രവേശം ചെയ്തതെങ്കില്‍ പിന്നീട് ദേശീയരാഷ്ട്രീയത്തെത്തന്നെ നിയന്ത്രിക്കുന്ന തലങ്ങളിലേക്കവ വളരുകയായിരുന്നു. 
          മമതബാനര്‍ജി 
ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ എണ്ണം 80കളിലും 90കളിലും സാവധാനം കൂടിവന്നു. 1952ല്‍ 55ഉം 1989ല്‍ 117ഉം പ്രാദേശിക പാര്‍ട്ടികളാണ് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരരംഗത്തുണ്ടായിരുന്നതെങ്കില്‍ 2009ല്‍ ഇത് 370 ആയി കുതിച്ചുയരുകയുണ്ടായി. 2009ല്‍ മല്‍സരിച്ച ദേശീയ പാര്‍ട്ടികളുടെ എണ്ണം കേവലം ഏഴെണ്ണം മാത്രമായിരുന്നു. 1989ലും 1952ലും ഇത് എട്ടായിരുന്നുവെന്നു നാം മനസ്സിലാക്കണം. വോട്ട് ഓഹരികളുടെ കാര്യത്തിലും ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇടയില്‍ ഇക്കാലയളവില്‍ വലിയ അന്തരമാണ് ഉണ്ടായിട്ടുള്ളത്. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ചത് 48 ശതമാനം വോട്ടായിരുന്നെങ്കില്‍ 2009ല്‍ ഇത് 28.6 ശതമാണ്. എന്നാല്‍, ബി.എസ്.പി. ഉള്‍പ്പെടെയുള്ള എല്ലാ പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി 2009ല്‍ ലഭിച്ച വോട്ട് 34.6 ശതമാനമാണ്. 1984ല്‍ ഇത് 11.2 ശതമാനമായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ നേടിയ ഈ വിജയത്തിനു മറ്റൊരു വശം കൂടിയുണ്ട്. ഗ്രാമപ്രദേശങ്ങളില്‍നിന്നും പിന്നാക്കവിഭാഗങ്ങളില്‍നിന്നുമുള്ള പ്രാതിനിധ്യം വര്‍ധിച്ചു എന്നതാണത്. 1952ല്‍ 47 ശതമാനം എം. പിമാരായിരുന്നു ഗ്രാമപ്രദേശങ്ങളില്‍ നിന്നുണ്ടായിരുന്നതെങ്കില്‍ 2004ല്‍ 66 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവില്‍ നഗരങ്ങളില്‍നിന്നുള്ള പ്രതിനിധ്യം 53 ശതമാനത്തില്‍നിന്ന് 34 ശതമാനമായി കുറയുകയായിരുന്നു. പിന്നാക്കജനവിഭാഗങ്ങളില്‍നിന്നുള്ള പ്രാതിനിധ്യവും ഈ കാലയളവില്‍ വര്‍ധിക്കുകയുണ്ടായി. 1952ല്‍ 12 ശതമാനമായിരുന്നത് 2004ല്‍ 30 ശതമാനമായി ഉയര്‍ന്നു. 1952ല്‍ 24 ശതമാനമായിരുന്നു ബ്രാഹ്മണരുടെ പ്രാതിനിധ്യമെങ്കില്‍ 2004ല്‍ അത് 10 ശതമാനമായി കുറഞ്ഞുവെന്നതും ഇതിന്റെ മറ്റൊരു ഫലമായിരുന്നു. 
        രാഹുല്‍ ഗാന്ധി 
പ്രാദേശിക പാര്‍ട്ടികളുടെ ഉയര്‍ച്ചയോടെ ഗ്രാമങ്ങളും പിന്നാക്കവിഭാഗങ്ങളും കൂടുതല്‍ ശാക്തീകരിക്കപ്പെട്ടു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. മതപരവും വര്‍ഗപരവും ജാതീയവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. സമൂഹത്തിന്റെ യഥാര്‍ഥ കണ്ണാടിയാവാന്‍ അവയ്ക്കായില്ല. പ്രത്യേക പ്രദേശങ്ങളുടെയോ പ്രത്യേക ജനവിഭാഗങ്ങളുടെയോ ദീര്‍ഘകാലമായി പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്ന  ആവശ്യങ്ങളില്‍നിന്ന് പുതിയ പുതിയ പാര്‍ട്ടികള്‍ പിറന്നുകൊണ്ടിരുന്നു.
        നവീന്‍ പട്നായിക് 
പ്രാദേശിക പാര്‍ട്ടികളുടെ ഉദയം  ജനാധിപത്യപ്രക്രിയയെ മൂന്നു രൂപത്തില്‍ ശക്തിപ്പെടുത്തിയതായി കാണാനാവും. ഒന്ന്, സത്രീകള്‍, ഗോത്രവര്‍ഗവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, താഴ്ന്ന ജാതിക്കാര്‍, ഗ്രാമീണസമൂഹങ്ങള്‍ എന്നിവര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം ലഭിച്ചു. രണ്ട്, ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. മൂന്ന്, ഒരു പ്രത്യേക നേതൃത്വത്തിനു ചുറ്റും ഇന്ത്യന്‍രാഷ്ട്രീയത്തെ ബന്ദിയാക്കി നിര്‍ത്തിയിരുന്ന അവസ്ഥ മാറി ജനാധിപത്യം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരേ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് രാഹുലും സോണിയയും പോരാടിയിട്ടും അമ്പേ പരാജയപ്പെട്ടത് ഈ യാഥാര്‍ഥ്യത്തെ കൂടുതല്‍ അടവരയിടുന്നു. 
     കരുണാനിധി 
നിര്‍ദ്ദിഷ്ട ഭീകരവിരുദ്ധ കേന്ദ്ര(എന്‍.സി..ടി.സി.)ത്തിനെതിരേ പോരാട്ടം ശക്തമാക്കുന്നതിന് കോണ്‍ഗ്രസ്, ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ക്കു കൂടുതല്‍ ശക്തി പകരുന്നതാണ് യു.പിയിലെ തിരഞ്ഞെടുപ്പുഫലം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു നേരെയുള്ള കടന്നുകയറ്റമായാണ് കേന്ദ്രത്തെ സംസ്ഥാനങ്ങള്‍ പൊതുവില്‍ വീക്ഷിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിക്കുന്ന ഒരു ഫെഡറല്‍ മുന്നണിക്ക് രൂപം നല്‍കുമെന്ന ബിജു ജനതാദള്‍ അധ്യക്ഷന്‍ നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനം രാജ്യത്തിന്റെ ഭാവിരാഷ്ട്രീയത്തെക്കുറിച്ച ചില സൂചനകള്‍ നല്‍കുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. യു.പി.എക്കും എന്‍.ഡി.എക്കും ബദലായി ഫെഡറല്‍ മുന്നണിയായിരിക്കുമോ ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കക?
        ലാലു പ്രസാദ് 
ജയിച്ചാലും തോറ്റാലും എല്ലാ തിരഞ്ഞെടുപ്പും തങ്ങള്‍ക്കൊരു പാഠമാണ്. ധാരാളം നേതാക്കള്‍, തെറ്റായ സ്ഥാനാര്‍ഥി നിര്‍ണയം, പണപ്പെരുപ്പം തുടങ്ങി പല കാരണങ്ങള്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ധാരാളം നേതാക്കളായിരുന്നില്ല കോണ്‍ഗ്രസിന്റെ പ്രശ്നം. പിന്നാക്കവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിന്റെ അഭാവമായിരുന്നു അവരുടെ പ്രശ്നം. അല്ലെങ്കില്‍ കേവല വാഗ്ദാനങ്ങള്‍ക്കപ്പുറം ഈ ജനവിഭാഗങ്ങളുടെ വിശ്വാസ്യത വീണ്െടടുക്കാന്‍ കഴിയുന്ന നേതൃത്വം കോണ്‍ഗ്രസിന് ഇല്ലാതെപോയി. മുസ്ലിംകളുടെ ഏറെ നാളത്തെ ആവശ്യമായ സംവരണത്തിനു വേണ്ടിയുള്ള മുറവിളികളെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേക്കാളും അവര്‍ക്ക് പഥ്യം മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായ എസ്.പിയെ ആയിരുന്നു. ഇത്തവണത്തെ നിയമസഭയില്‍ എസ്.പിയില്‍നിന്നു മാത്രം 42 മുസ്ലിം എം.എല്‍.എമാരാണുള്ളത്. 2010ലെ ഡയരക്ട് കോഡ് ബില്‍, 2010ലെ വഖ്ഫ് ഭേദഗതി ബില്‍, 2009ലെ വിദ്യാഭ്യാസ അവകാശ ബില്‍ എന്നിവയിലെ ന്യൂനപക്ഷ വിരുദ്ധത വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിട്ടും അതു ദൂരീകരിക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ മുഖവിലയ്ക്കെടുക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആവുമായിരുന്നില്ല. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ നയനിലപാടുകളില്‍ പ്രായോഗികമാറ്റങ്ങള്‍ക്കു കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാറും.


(ഇന്ത്യന്‍ മുസ്ലിം ഒബ്സര്‍വറില്‍നിന്ന്)



2 അഭിപ്രായങ്ങൾ:

ബാസിത്ത് പറഞ്ഞു...

കേരളത്തില് കമ്യൂണിസ്റ്റ് പാ൪ട്ടികള് തകരുന്നതിന് മുബേ കോണ്ഗ്രസ് തകരുമെന്നാണ് ഇപ്പോള് നടക്കുന്ന പ്രഷ്നങള് നല്കുന്ന സൂചന.....

അജ്ഞാതന്‍ പറഞ്ഞു...

keralathilcommunistparttyavarudeaatharshathilninnumennevyathichalichirikkunnuavarinnubhoorshapaarttiyayiadhapadhichirikkunnukeralathilcommunistpaarttiyekondukittiyagunamkurevyavasayangalthakarnnuennalladhethozhilaliennumthozhilaaliyayavasheshikkunnu

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"