2012, മാർച്ച് 4, ഞായറാഴ്‌ച

മുസ്ലിം നേതാവ്

   മതപണ്ഡിതന്മാര്‍ ഖുര്‍ആന്‍ദുര്വ്യാഖ്യാനംചെയ്യുകയാണ്. ഇസ്ലാമെന്നാല്സമാധാനമാണ് . ഖുര്‍ആനിന്റെ ശരിയായ വ്യാഖ്യാനം 'ബുഖാരിയാണ്.'മതം ആരാധനാകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല. 'ലകും ദീനുക്കും വലിയ ദീന്‍ 'എന്നാണു ഖുര്‍ആന്‍പറയുന്നത്. അതായത്,നിങ്ങള്‍ക്ക് നിങ്ങളുടെ മതം വലുത്,എനിക്കു എന്റെ മതം വലുത്.
   കുറച്ച് നാള്‍ മുമ്പു ഒരു അറബിക് കോളേജിന്റെ ബിരുദദാന ചടങ്ങില്‍  പ്രസംഗിക്കാനെത്തിയ  തദ്ദേശത്തെ ഒരു മുസ്ലിം എം.എല്‍ .എ യുടെ 'വഅളി 'ന്റെ ഒരു ഭാഗമാണിത്.
   മുസ്ലിം സാന്നിധ്യമുള്ള പൊതുവേദികളിലെ അവസരങ്ങള്‍ ഇത്തരം പുത്തന്‍ വെളിപ്പാടുകള്‍ തുറന്നടിക്കാന്‍സ്ഥിരമായി ഇദ്ദേഹം ശ്രമിക്കാറുണ്ട്.ഇദ്ദേഹം രാഷ്ട്രീയരംഗത്തെ ഒറ്റയാളല്ല.എല്ലാ മതേതര പാര്‍ട്ടികളിലും ഇതുപോലുള്ള മതപ്രഭാഷകന്മാര്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നു കൊണ്ടിരി ക്കുക യാണ്.രാഷ്ട്രീയക്കാരുടെ  മതപ്രസംഗങ്ങള്‍ തത്തമ്മയുടെ വര്‍ത്തമാനം പോലെ ആളുകള്‍ കൌതുകത്തോടെ കാനുന്നുമുണ്ട്.വിശുദ്ധ ഖുര്‍ആനെയും ഹദീസിനെയും ഇസ്ലാമിക ചരിത്രങ്ങളെയും യാതൊരു അടിസ്ഥാന യോഗ്യതയുമില്ലാതെ ദുര്‍വ്യാഖ്യാനിക്കുന്നതു മതനേതൃത്വത്തിന്റെ പോലും വിമര്‍ശനത്തിന്നു വിധേയമാവാറില്ല.'ആദര്‍ശപ്രസ്ഥാനങ്ങളുടെ 'നടുറോഡിലെ വാതപ്രതിവാദങ്ങള്‍
കണ്ടും കേട്ടും ശീലിച്ചുപോയതു കൊണ്ടാവാം മതത്തിന്റെ പേരില്‍ ഏതു വിഡ്ഢിത്തവും എഴുന്നള്ളിക്കാന്‍ ഇത്തരക്കാര്‍ക്കു ധൈര്യമുണ്ടാവുന്നത്.


   മതസൌഹാര്‍ദം,വര്‍ഗീയത,സമാധാനം,തീവ്രവാദം എന്നിങ്ങനെയുള്ള വിഷയങ്ങളാണു മതേതര  രാഷ്ട്രീയനേതാക്കന്മാര്‍ പലരും പൊതുവേദികളില്‍ വിഷയമാക്കാറുള്ളത്. ഇതൊക്കെ ഉന്നംവയ്ക്കുന്നത് നീതിക്കുവേണ്ടിയുള്ള മുസ്ലിംകളുടെ ഉറച്ചശബ്ദങ്ങളെയാണ്.മുസ്ലിംകള്‍ ഒരു കാലത്തും സൌഹാര്‍ദത്തിന്നും സമാധാനത്തിന്നും  ഭംഗമുണ്ടാക്കുന്ന സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുകയോ 
വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നതു വസ്തുതയാണ്. എന്നാല്‍ നീതി നിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരെ വിശുദ്ധ ഖുര്‍ആന്റെ തേട്ടപ്രകാരം സാമൂഹികവിമോചനപ്രവര്‍ത്തനങ്ങള്‍ക്കും മുസ്ലിംകള്‍ നിര്‍ഭയം മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നതു ചരിത്ര സത്യമാണ്.ഇങ്ങനെയൊരു മുന്നേറ്റം പേടിസ്വപ്നം പോലെയാണു രാഷ്ട്രീയ നേതൃത്വങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.കാരണം, മതന്യൂനപക്ഷങ്ങള്‍ അവരുടെ വോട്ടുബാങ്ക് വൃത്തത്തില്‍ നിന്നു പുറത്തുപോവുന്നത്  അവര്‍ക്ക് അചിന്ത്യമാണ്.'ന്യൂനപക്ഷസംരക്ഷണം ഞങ്ങളുടെ കരങ്ങളിലാണെന്ന് 'ഒരു ഭാഗത്ത്  പറയുമ്പോള്‍ ,മറുഭാഗത്ത് 'മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നു 'പറയാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇന്ത്യന്‍ ബഹുസ്വരസമൂഹത്തിലെ മുസ്ലിം രാഷ്ട്രീയാവകാശങ്ങളുടെ ദയനീയചിത്രങ്ങള്‍ അപ്രതീക്ഷിതമായി പലഭാഗത്തുനിന്നും മുസ്ലിംകള്‍ക്കു ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയും തങ്ങള്‍ ബഹുസ്വരസമൂഹത്തിലെ പൌരന്മാരാണെന്ന തിരിച്ചറിവോടെ തന്നെ അതിനെ അതിനെ ഖുര്‍ആനിക തത്ത്വങ്ങള്‍ക്കനുസരിച്ച് ആവിഷ്കരിക്കുകയും ആരോഗ്യകരമായ മുന്നേറ്റത്തിന്നു ഫലപ്രദമായ കര്‍മപദ്ധതികള്‍ കാണുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിലാണു മുസ്ലിം രാഷ്ട്രീയനേതാക്കള്‍ മതപ്രസംഗവുമായി രംഗത്തുവരുന്നത്.


     ഇരകള്‍ അവരുടെ വിമോചനത്തിന്നു വേണ്ടി സ്വയം സംഘടിച്ചുമുന്നേറുന്നത് അവരുടെസ്വത്തവും സംസ്കാരവും സ്വീകരിച്ചുകൊണ്ടാവുന്നത് അപരാധമല്ല.അങ്ങനെ ഖുര്‍ആന്‍ ഇരകളുടെ വിമോചനത്തിന്റെ കരുത്താവുമ്പോള്‍ അതേ ഖുര്‍ആനെ വേട്ടക്കാരുടെ ആക്രോശങ്ങള്‍ തമസ്കരിക്കാനും ഇരകളെ നിഷ്ക്രിയരാക്കി ക്ഷമാപണക്കാരാക്കാനും ദുര്‍വിനിയോഗം ചെയ്യുന്നതു കടുത്ത അപരാധമാവും. സമാധാനവും ശാന്തിയുമൊന്നും സമൂഹത്തില്‍ നടപ്പാക്കപ്പെടേണ്ട തത്ത്വങ്ങള്‍ മാത്രമല്ല  ആരോപിക്കപ്പെടുന്ന  മുസ്ലിംതീവ്രവാദം പൊളിച്ചുനോക്കിയാല്‍ വിമര്‍ശിക്കപ്പെടേണ്ട അപരാധവുമല്ല.


      സമൂഹത്തില്‍ സമാധാനപാലനം അര്‍ഥപൂര്‍ണമാകാന്‍ ആത്മാര്‍ഥമായി ചിന്തിക്കുന്നവര്‍ക്കു നീതി നിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കും ജാതീയതയ്ക്കും അഴിമതിക്കുമെതിരെ രംഗത്ത് വരാതിരിക്കാന്‍ നിര്‍വാഹമില്ല.സാമൂഹികനീതി ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഏതൊരു സമൂഹത്തിലും സമാധാനം കൈവരുകയുള്ളൂ. ഇസ്ലാം നീതിക്കുവേണ്ടിയാണു പണിപ്പെട്ടത്. അതുകൊണ്ട്  തന്നെ നീതിയുടെ മതമാണെന്നാണ് പറയേണ്ടത്.


  രാഷ്ട്രീയക്കാരുടെ   ഇസ്ലാമികപ്രഭാഷണത്തിന്നു മറ്റൊരു പ്രധാനകാരണം സ്വന്തം പാര്‍ട്ടിയിലെ നിലനില്‍പ്പ് എന്നതുകൂടിയാണ്.കാരണം,മിക്ക മതേതര പാര്‍ട്ടികളിലും അവര്‍ണരും മുസ്ലിംകളുമായ  തലമൂത്ത നേതാക്കള്‍ നേതൃനിരയില്‍ നിന്നു തിരഞ്ഞെടുപ്പുകളില്‍ തന്ത്രപരമായി പുറന്തളപ്പെട്ടുപോകുന്നു.ഈ സവര്‍ണ 'കറാമത്ത് 'പലരും വെളിപ്പെടുത്താന്‍ ധൈര്യമില്ലാതെ വീര്‍പ്പുമുട്ടാറുണ്ട്.ചിലരെങ്കിലും സ്വകാര്യമായി പുറത്തുപറയാറുണ്ട്.


   പ്രമുഖ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പോലും  ഇതാണു നടന്നുവരുന്നത് . ഇടതു പക്ഷത്തിന്റെ കേരള ഭരണം പോലും ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും മാത്രമേ നാടുഭരിക്കാന്‍ പാടുള്ളൂ എന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിനപ്പുറം പോയിട്ടില്ല.
പി.കെ.ബാലകൃഷ്ണന്റെ വാക്കുകളില്‍ അതു സ്പഷ്ടമാണ്.'ചാതുര്‍വര്‍ണ്യത്തിന്റെ മനസ്സുമായി പുരോഗമനത്തിന്റെ പൂരപ്പറമ്പുകളില്‍ നാം വെറുതെ ഒത്തുകൂടുക മാത്രമാണു ചെയ്യുന്നത്.'


       മതേതരപാര്‍ട്ടികള്‍ ജാതീയതയില്‍ കുളിച്ചു കുറിതൊട്ടു നില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യോഗ്യത തെളിയിച്ചു നിലവിലെ സ്ഥാനം നിലനിര്‍ത്താനോ മെച്ചമായതു നേടിയെടുക്കാനോ കഴിയണമെങ്കില്‍ രണ്ടു 'ശര്‍ത്ത് 'കൂടി മതേതര പാര്‍ട്ടിയിലെ മുസ്ലിം നേതാവ് ശ്രദ്ധിക്കണം.ഒന്നു,ഇസ്ലാമിക മൌലികചിന്തകളില്‍നിന്നു ശുദ്ധിയായിരിക്കുക.രണ്ട്,സമുദായതാല്‍പര്യങ്ങളില്‍ നിന്നു ശുദ്ധിയായിരിക്കുക.ഈ അലിഖിതമായ നിയമം പാലിക്കാന്‍ മുസ്ലിം രാഷ്ട്രീയനേതാക്കള്‍മതനിരാസത്തിന്റെ 
ഏതറ്റം വരെയും പോവാന്‍ ഒരുക്കമാണ്.അങ്ങനെയവര്‍ ഖുര്‍ആന്‍ കൊണ്ട് തന്നെ കളിക്കാനിറങ്ങി.


മുസ്ലിം സമുദായം നേരിടുന്ന നീതിനിഷേധവും അവകാശലംഘനങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ട യില്‍പ്പെടുത്താന്‍ അസാമാന്യമായ ധൈര്യവും ത്യാഗബുദ്ധിയും വേണ്ടിവരും. ഭരണഘടനയുടെ തന്നെ ഇത്തരം താല്‍പ്പര്യങ്ങള്‍ ഏറ്റടുക്കുന്നത് അനാരോഗ്യകരമാവുന്ന അന്തരീക്ഷത്തില്‍ അതിനു മുതിരുന്നവര്‍ക്കേ സമുദായത്തെ നയിക്കാനും രാഷ്ട്രത്തെ ശക്തിപ്പെടുത്താനും കഴിയൂ. ഇസ്ലാമിനെ അരാഷ്ട്രീയവല്‍ക്കരിക്കാനും മുസ്ലിംകളെ ക്ഷമാപണക്കാരാക്കാനും   മുന്നിട്ടിറങ്ങുന്ന അമേരിക്ക,മതേതരപാര്‍ട്ടികള്‍ ,മറ്റുചില മുസ്ലിം സംഘടനകള്‍ ഇവരൊക്കെ ഇസ്ലാമിക ചരിത്രത്തിന്നു നേരെ തിരിഞ്ഞുനിന്നു കൊഞ്ഞനം കുത്തുകയാണു ചെയ്യുന്നത്.മുസ്ലിം രാഷ്ട്രീയ -സാമൂഹിക മുന്നേറ്റത്തെ പലവിധേനയും ഇസ്ലാം വിരുദ്ധശക്തികള്‍ ചെറുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.ഭയപ്പെടുത്തി കീഴ്പ്പെടുത്തുക, പ്രകോപിപ്പിച്ച് അവരെകൊണ്ട് അനര്‍ഥങ്ങള്‍ സൃഷ്ടിക്കുകയും അവരെ അപകീര്‍ത്തി പ്പെടുത്തി അതിനുള്ള സാധ്യത കെടുത്തുകയും ചെയ്യുക അല്ലെങ്കില്‍ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തുക,അതുമല്ലങ്കില്‍ ഇസ്ലാമിനെ തന്നെ തെറ്റിദ്ധരിപ്പിച്ചു നിഷ്ക്രിയരാക്കുക ഇതൊക്കെയാണ് ഇപ്പോള്‍ കണ്ടുവരുന്ന പുതിയനീക്കങ്ങള്‍ .ഇങ്ങനെയൊരു പാശ്ചാത്തലത്തില്‍ പ്രവാചകവചനത്തിന്നു കൂടുതല്‍ ധൈര്യത്തോടെ ചെവി കൊടുക്കേണ്ടിയിരിക്കുന്നു."  മുസ്ലിം പ്രശ്നങ്ങള്‍ ഏറ്റടുക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും അവരോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യുന്ന ഏതൊരു നേതാവിനെയും 
അല്ലാഹു അവര്‍ക്കൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കില്ല."   (മുസ്ലിം)


    

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"