2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

മൈ നെയിം ഈസ് നോട്ട് ഖാന്‍


മുസ്ലിം വിചാരണത്തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രിംകോടതി ഉദ്ധരിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന ഹിന്ദി ചലച്ചിത്രം ക്ഷമാപണശീലക്കാരായ മുസ്ലിംകള്‍ക്കുവേണ്ടി നിര്‍മിച്ച ഒരു മൂന്നാംതരം ചലച്ചിത്രമാണ്. അതിലെ നായകനായ ഷാരൂഖ്ഖാന്‍, മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പെറി ആന്റേഴ്സണ്‍ പൊള്ളയായ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാഴ്ചപ്പണ്ടങ്ങളിലൊന്നായി കണക്കാക്കുന്ന താരമായതു യാദൃച്ഛികമല്ല. വളരെ അധ്വാനിച്ച് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൌസില്‍ ചെന്ന് താനൊരു ഭീകരനല്ല എന്ന് അമേരിക്കയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയൊന്നും ലോകത്താര്‍ക്കുമില്ല. അങ്ങനെയൊരു വിധേയത്വം ഏതെങ്കിലും മുസ്ലിമിനുണ്െടന്നു കരുതുന്നവര്‍ എസ്റ്റാബ്ളിഷ്മെന്റിന്റെ ശേവുകക്കാരും അതിന്റെ തന്നെ നിസ്സാരമായ സൌജന്യങ്ങള്‍ അംഗീകാരത്തിന്റെ സാക്ഷ്യപത്രങ്ങളായി വീശുന്നതില്‍ അഭിമാനംകൊള്ളുന്നവരുമാണ്. 

അമേരിക്കയെ സംബന്ധിച്ച് അവരുടെ ശത്രുക്കളായ ഏവരും പ്രാകൃതരും തങ്ങളുടെ ഉദാരമായ, പരിഷ്കൃതമായ നാഗരികത കണ്ട് അസൂയപ്പെടുന്നവരുമാണ്. ഒരുകാലത്ത് ഇടുങ്ങിയ കണ്ണുള്ള ചൈനക്കാരും വിയറ്റ്നാംകാരുമായിരുന്നു പ്രാകൃതര്‍. പിന്നെയത് നീണ്ട നീണ്ട താടിയും തലപ്പാവുമുള്ള അഫ്ഗാനികളായി. ആയത്തുല്ലമാര്‍ ഭരിക്കുന്ന ഇറാനികളും സലഫികളുമാണ് ഇപ്പോള്‍ ശത്രുക്കള്‍. തങ്ങളോടുള്ള അസൂയകൊണ്ടാണു മുസ്ലിംകള്‍ അമേരിക്കയെ വെറുക്കുന്നതെന്ന് ഒരിക്കല്‍ ജോര്‍ജ് ബുഷ് പറഞ്ഞിരുന്നു. സ്വന്തം സഖ്യരാഷ്ട്രമായ പാകിസ്താനിലെ പ്രസിഡന്റ് ജന. പര്‍വേസ് മുശര്‍റഫിന്റെ പേരുപോലും ശരിയായി ഉദ്ധരിക്കാന്‍ പ്രയാസമുള്ള ഒരു അല്‍പ്പാക്ഷരനായിരുന്നു ബുഷ്; തന്റെ പട്ടാളം കൊന്നൊടുക്കുന്ന ജനങ്ങള്‍ താമസിക്കുന്ന നാടുകള്‍ ഏതെന്ന് ഭൂപടത്തില്‍ പോലും തിരിച്ചറിയാത്ത ഒരാള്‍. പക്ഷേ, ബോണ്‍ എഗയിന്‍ ക്രിസ്ത്യാനിയായ ബുഷിന് തന്റെ യുദ്ധത്തിനു ന്യായീകരണമായി ബൈബിള്‍വാക്യങ്ങള്‍ ഉച്ചരിക്കാന്‍ അറിയാമായിരുന്നു. ഓപറേഷന്‍ ഇന്‍ഫിനിറ്റ് ജസ്റിസ് എന്നായിരുന്നു പുള്ളി തന്റെ ഇറാഖ് അധിനിവേശത്തിനു പേരിട്ടിരുന്നത്- അനന്തമായ നീതി; ദൈവത്തിനു മാത്രം സാധ്യമായ ഒന്ന്. ഏതോ വിവരദോഷികള്‍ ആ വിവരദോഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബുഷിന് പേരു മാറ്റാന്‍ തോന്നിയത്. 

ഏതു യുദ്ധത്തിനും പടയാളികള്‍ തടിമറന്നു പടനിലത്തിറങ്ങാന്‍ മതമോ അല്ലെങ്കില്‍ കമ്മ്യൂണിസം, ഫാഷിസം പോലുള്ള സമഗ്രാധിപത്യ ആശയങ്ങളോ വേണ്ടിവരും. അതുകൊണ്ടുതന്നെയാണ് യു.എസ് സൈനിക പരിശീലനകേന്ദ്രങ്ങളില്‍ കമ്മ്യൂണിസത്തിനും ഇസ്ലാമിനുമെതിരായ യുദ്ധത്തിന്റെ പാഠങ്ങളും ലക്ഷ്യങ്ങളും പഠിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു മാത്രമാണ് ഗ്വണ്ടാനമോയിലും അഫ്ഗാനിലും ഖുര്‍ആന്‍ പിച്ചിച്ചീന്തുന്നതിലും മൃതദേഹങ്ങളില്‍ മൂത്രമൊഴിക്കുന്നതിലും യു.എസ് ഭടന്‍മാര്‍ സുരതസുഖം കണ്െടത്തുന്നത്; അതിന്റെ വീഡിയോദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ അപ്ലോഡ് ചെയ്യുന്നത്. 

2001 സപ്തം. 11ലെ പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം കൂട്ടക്കൊലയ്ക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ചശേഷം ജോര്‍ജ് ബുഷ് കുരിശുയുദ്ധത്തെക്കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്; നീണ്ടുനില്‍ക്കുന്ന കുരിശുയുദ്ധം. ഇത് പ്രൊട്ടസ്റന്റ് ചര്‍ച്ചുകളിലെ പള്‍പിറ്റുകളില്‍നിന്നു ബുഷും ബുഷിന്റെ ഉപദേശികളും സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന പ്രഭാഷണങ്ങളില്‍നിന്നു പകര്‍ത്തിയതായിരിക്കും എന്നതില്‍ സംശയമില്ല. യു.എസ് സംസ്കാരത്തിന്റെ ഭാഗമാണ് അത്തരം വികലചിന്തകള്‍. തീര്‍ത്ഥാടകപിതാക്കന്‍മാര്‍ അമേരിക്കന്‍ തീരത്തു കപ്പലിറങ്ങിയപ്പോള്‍ അവിടെ നിലവിലുണ്ടായിരുന്ന നാഗരികത എന്തുകൊണ്ടും വെള്ളക്കാരേക്കാള്‍ മെച്ചമായിരുന്നു എന്നാണു ചരിത്രം പറയുന്നത്. അവരെ നശിപ്പിക്കുന്നതിന് ആദ്യം അവരെ ആത്മാവില്ലാത്ത അര്‍ധമനുഷ്യരാക്കി മാറ്റേണ്ടിയിരുന്നു. ഇതൊരു തമാശയല്ല. രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുമുള്ള തദ്ദേശീയര്‍ക്ക് ആത്മാവുണ്േടാ എന്നതിനെക്കുറിച്ചു സഭാപിതാക്കന്‍മാര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നു ചരിത്രപുസ്തകങ്ങളിലുണ്ട്. സ്ത്രീകള്‍ക്ക് ആത്മാവുണ്േടാ എന്നതിനെപ്പറ്റി നൂറ്റാണ്ടുകള്‍ ചര്‍ച്ചചെയ്ത പൌരോഹിത്യത്തിന് അതില്‍ പുതുമ കാണാന്‍ വഴിയില്ല. യേശുവിനുവേണ്ടി വിശ്വാസികളെ പിടികൂടാനായിരുന്നു ഗാമയും കൊളംബസും കപ്പല്‍ കയറിയത്. കുരുമുളകും അടിമകളും അതിനു ലഭിക്കുന്ന ബോണസ്. ചുവന്ന ഇന്ത്യക്കാരുടെ ഭൂമി കവര്‍ന്നെടുക്കുന്നതിനു കുടിയേറ്റക്കാര്‍ ബൈബിളിലെ സങ്കീര്‍ത്തനഭാഗങ്ങള്‍, വിശേഷിച്ചും 'എന്നോടു ചോദിക്കുക, ഞാന്‍ ജനതകളെ നിന്റെ അവകാശമാക്കും; ഭൂമിയുടെ അതിരുകള്‍ നിന്റെ സ്വന്തമാക്കും' എന്ന വാക്യം ഉദ്ധരിച്ചതായി ചരിത്രകാരനായ ഹോവാഡ് സിന്‍ രേഖപ്പെടുത്തുന്നു. 

തങ്ങളെ എതിര്‍ക്കുന്നവരെ നേരിടാനും ബൈബിള്‍വാക്യങ്ങള്‍ തന്നെയായിരുന്നു ന്യായം. അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ബൈബിള്‍ ശിക്ഷയായിരുന്നു ചുവന്ന ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നത്. പിന്നീട് ആഫ്രിക്കയില്‍നിന്നു ബലമായി പിടികൂടി ചങ്ങലയ്ക്കിട്ടുകൊണ്ടുവന്ന കറുത്തവര്‍ഗക്കാരോടും അതേ മട്ടിലായിരുന്നു പെരുമാറ്റം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പ്രസിഡന്റായ തിയഡര്‍ റൂസ്വെല്‍റ്റിനുപോലും അന്യവംശജര്‍ കൊല ചെയ്യപ്പെടാവുന്ന പ്രാകൃതരായിരുന്നു. ന്യൂ ഓര്‍ലിയന്‍സിലെത്തിയ ഒരു സംഘം ഇറ്റാലിയന്‍ കുടിയേറ്റക്കാരെ അന്നാട്ടുകാര്‍ ഓടിച്ചുപിടിച്ചു മരക്കൊമ്പില്‍ കെട്ടിത്തൂക്കി കൊന്നപ്പോള്‍ സ്വന്തം സഹോദരിക്കയച്ച കത്തില്‍ റൂസ്വെല്‍റ്റ് 'അതു നന്നായി' എന്നാണെഴുതിയത്. മൌണ്ട് റഷ്മോറില്‍ തലയുള്ള മഹാനായ പ്രസിഡന്റുമാരിലൊരാളായിരുന്നു റൂസ്വെല്‍റ്റ് എന്നോര്‍ക്കുക. 

ഒരുപാട് ദുരൂഹതകളുള്ള നക്കൂല ബാസിലി നകൂല എന്ന കോപ്റ്റിക് ക്രിസ്ത്യാനി ഇന്ന             സെന്‍സ് ഓഫ് മുസ്ലിം എന്ന അറു തല്ലിപ്പൊളി ചലച്ചിത്രമെടുത്തത് കാനിലോ സണ്‍ ഡാന്‍സീലോ അവാര്‍ഡ് നേടാന്‍ വേണ്ടിയല്ല എന്നു വ്യക്തം. വര്‍ഷങ്ങളായി പാശ്ചാത്യനാടുകളില്‍ പൊരുന്നയിരിക്കുന്ന പരമതവിരോധത്തിന്റെ ചതുപ്പില്‍ വളര്‍ന്നുപൊങ്ങിയ വിഷവൃക്ഷങ്ങളില്‍പ്പെട്ട ഒരുവനാണ് നക്കൂല. 

ഇന്ത്യയില്‍ ആര്‍.എസ്.എസുകാര്‍ നടത്തുന്ന വോയ്സ് ഓഫ് ഇന്ത്യ അച്ചടിച്ചുവിടുന്ന മുസ്ലിംവിരുദ്ധ ചരിത്രവും അപഗ്രഥനവും തന്റെ കൂട്ടക്കൊലയുടെ ന്യായമായി കണ്ട നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബ്രെയ്വിക്കിന്റെ മറ്റൊരു രൂപം; നിരന്തരമായി മുസ്ലിംകളെ അപമാനിക്കുകയെന്നത് ചരിത്രദൌത്യമായി കാണുന്ന അയാന്‍ ഹിര്‍സി അലിയുടെ (പൌരത്വം കിട്ടാന്‍ വേണ്ടി നുണകള്‍ ചമച്ച കാര്യം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ നെതര്‍ലന്‍ഡ്സ് വിടാന്‍ നിര്‍ബന്ധിതയായ ഒരു നാട്യക്കാരി) ഗണത്തില്‍പ്പെട്ട ഒരു ക്രിമിനല്‍. നകൂലയുടെ സിനിമയ്ക്കു തിരക്കഥയെഴുതിയതോ, ദക്ഷിണ കാലഫോര്‍ണിയയിലെ തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ വിഭാഗവുമായി അടുത്ത ബന്ധമുള്ള സ്റീവന്‍ ക്ളെയിന്‍. സിനിമയെടുക്കുന്നതിനു പണമിറക്കിയവരെപ്പറ്റി കൃത്യമായ വിവരമില്ലെങ്കിലും അതില്‍ ഇസ്രായേലി ധനാഢ്യരുമുണ്െടന്ന സംശയം ന്യായമാണ്. 

വെറുപ്പിന്റെയും ഹിംസയുടെയും സൃഷ്ടിയായ ഇന്നസെന്‍സ് ചില മതഭ്രാന്തന്‍മാരുടെ കുസൃതിയാണെന്നു കരുതുന്നവരുണ്ട്. അത്തരം സിനിമകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നതിന്റെ രാഷ്ട്രീയപശ്ചാത്തലമറിയാത്തതിന്റെ കുഴപ്പമാണിത്. അയാന്‍ ഹിര്‍സി അലിയും തിയോ വാന്‍ഗോയും ചേര്‍ന്നു നിര്‍മിച്ച സബ്മിഷന്‍ എന്ന ഹ്രസ്വചിത്രത്തിലെ ഒരു പ്രധാന ദൃശ്യം, ഖുര്‍ആന്‍ വാക്യങ്ങളെഴുതിയ നഗ്നസ്ത്രീശരീരമായിരുന്നു. നിരന്തരമായ പ്രകോപനത്തിലൂടെ അന്യജനപദങ്ങളുടെ ക്രിയാശേഷി നശിപ്പിക്കുന്നത് ഒരു ഓറിയന്റലിസ്റ് തന്ത്രമാണ്. 

യൂറോപ്പ് അന്യജനവിഭാഗങ്ങളെ കണ്ടും പഠിച്ചും താരതമ്യേന പഴയ കൊളോണിയല്‍ ശീലങ്ങള്‍ ചിലതൊക്കെ മറക്കാന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, മുമ്പ് കണ്ടതുപോലെ അന്യരാജ്യങ്ങളിലേക്ക് ഒറ്റയ്ക്കു സൈന്യത്തെ അയക്കാന്‍ ശേഷിയുള്ള ഒരു യൂറോപ്യന്‍ രാഷ്ട്രവുമില്ല. ഈ നാറ്റോ എന്നൊക്കെ പറയുന്നത് അമേരിക്കയില്ലെങ്കില്‍ പൂജ്യം. അതിനാല്‍ തന്നെ പഴയ ഓറിയന്റലിസ്റുകളുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ അമേരിക്കയിലാണു സ്ഥിരവാസം. പബ്ളിക് ഇന്റലക്ച്വല്‍സ് എന്ന പട്ടമണിഞ്ഞ് അവര്‍ ഇടയ്ക്കിടെ പുസ്തകമെഴുതും. അജണ്ട പഴയതുതന്നെ- അധിനിവേശം. സിവിലൈസിങ് മിഷ്യന്‍. ഒരു കൊളോണിയല്‍ ഔട്ട്പോസ്റ്റായി ഇസ്രായേലിന്റെ നിലനില്‍പ്പ്. 1989ല്‍ സയണിസ്റ് ഓറിയന്റലിസ്റായ ബര്‍ണാഡ് ലൂയിസ് (ചിലര്‍ക്കെന്തൊരു ആയുസ്സാണ്!) എഴുതിയ 'മുസ്ലിം കോപത്തിന്റെ വേരുകള്‍' എന്ന ദീര്‍ഘോപന്യാസം ഇന്നും സര്‍വകലാശാലകളിലും ചിന്താസ്ഥാപനങ്ങളിലും സൈനികവിദ്യാലയങ്ങളിലും നിര്‍ബന്ധവായനയാണ്. പാശ്ചാത്യനാഗരികതയുടെ സര്‍വമൂല്യങ്ങള്‍ക്കുമെതിരാണ് മുസ്ലിംകള്‍ എന്നും പാശ്ചാത്യരെ കൊല്ലുന്നത് സ്വര്‍ഗം കിട്ടാനുള്ള എളുപ്പവഴിയാണെന്നും അവര്‍ കരുതുന്നുവെന്നാണ് ലൂയിസ് തട്ടിവിടുന്നത്. പാശ്ചാത്യനാഗരികതയുടെ അടിസ്ഥാനങ്ങളായ ഒട്ടുമിക്ക മൂല്യങ്ങളും മധ്യകാലത്ത് കൊര്‍ദോവയിലും ബഗ്ദാദിലും കണ്ട നാഗരികതയില്‍നിന്നു പകര്‍ത്തിയതാണെന്ന് അറിയാത്ത ആളല്ല ലൂയിസ്. തന്റെ മുന്‍ഗാമികളെ കുറ്റവിചാരണ നടത്തി തീയിലിടുന്നതിനു കത്തോലിക്കാ സഭ ചിതയൊരുക്കിയപ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കിയത് മെഡിറ്ററേനിയനു തെക്കുഭാഗത്തുള്ള മുസ്ലിം തീരങ്ങളായിരുന്നു എന്ന കാര്യവും ലൂയിസ് ഓര്‍ക്കില്ല. 

കൊര്‍ദോവയിലെ സ്നാനഗൃഹങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ അദ്ഭുതപ്പെട്ടുവെന്നാണു ചരിത്രം; ഡിസ്നിലാന്റ് കണ്ട് ഇന്നും നാം അദ്ഭുതപ്പെടുന്നപോലെ. യൂറോപ്യന്‍ രാജാക്കന്‍മാര്‍ ആയുസ്സില്‍ മൂന്നുപ്രാവശ്യമായിരുന്നു കുളിക്കാറുണ്ടായിരുന്നത്: ഒന്ന് മാമോദീസ മുക്കുമ്പോള്‍. രണ്ട്, വിവാഹവേളയില്‍. മൂന്ന്, മരണപ്പെടുമ്പോള്‍. ഇതില്‍ ഇംഗ്ളണ്ടിലെ ഹെന്റി എട്ടാമന്‍ ഒമ്പതുപ്രാവശ്യം കുളിച്ചിരിക്കാനിടയുണ്ട്. ആറു വിവാഹം കഴിച്ച വീരനാണ് ടിയാന്‍. അതില്‍ മൂന്നുപേരുടെ കഴുത്ത് വെട്ടുകയായിരുന്നു. 

ലൂയിസ് ഒരു പദ്ധതിയുടെ ഭാഗമാണ്. പര്‍വേസ് മുശര്‍റഫിന്റെ പേര് ഉച്ചരിക്കാനറിയാത്ത ബുഷിനെപ്പോലുള്ളവര്‍ ലൂയിസ് പറയുന്നതൊക്കെ അപ്പടി വിഴുങ്ങും. സാമുവല്‍ ഹണ്ടിങ്ടണ്‍ അമേരിക്കന്‍ പ്രതിരോധവകുപ്പിനു വേണ്ടി എഴുതിയ, അധിനിവേശത്തിന്റെ മുഖവുരയായി കണക്കാക്കാവുന്ന നാഗരികതകള്‍ തമ്മിലുള്ള സംഘട്ടനം അതുപോലെ ജനതതികളെ വിഭജിക്കുന്ന ഒരു കൃതിയാണ്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ശത്രുവില്ലാതെ ക്ളേശിച്ചിരുന്ന ചിന്തകര്‍ക്കും യുദ്ധക്കൊതിയന്‍മാര്‍ക്കും അതൊരു വേദപുസ്തകമായി മാറി. രണ്ടു ശതാബ്ദങ്ങള്‍ക്കിടയില്‍ അമേരിക്കയെപ്പോലെ കൂട്ടക്കൊല നടത്തിയ രാജ്യമേതുണ്ട്. അതിനെ ചെറുത്തുതോല്‍പ്പിക്കുന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ പ്രധാനമാണ്. സ്വകാര്യമായി ചോദിച്ചാല്‍ ആരും സമ്മതിക്കുംവിധം ഭൂമിയിലും കടലിലും ആകാശത്തിലും നാശം വിതറുന്ന ഒരു സാമ്രാജ്യമാണത്. 

ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ കൃഷ്ണനെ കണ്ട കുചേലനെപ്പോലെ സന്തോഷാശ്രു ഒഴുക്കിയതാണ് മുസ്ലിം ചിന്തകന്‍മാര്‍. ബറാക് ഒബാമ കെയ്റോവില്‍ പ്രസംഗിച്ചപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയരാത്ത ഏതു മുസ്ലിം രാജ്യതലസ്ഥാനമുണ്ട്?

എന്നാല്‍, ഒബാമ ഒരു മാറ്റത്തിന്റെയും പ്രതീകമായിരുന്നില്ല. രക്തസാക്ഷിയായ ഉസാമാ ബിന്‍ലാദിന്‍ ഹൌസ് നീഗ്രോ എന്ന് ഒബാമയെ വിശേഷിപ്പിച്ചത് അമേരിക്കന്‍ ഇംഗ്ളീഷില്‍ അങ്കിള്‍ ടോം എന്നതിന്റെ അര്‍ഥം ശരിക്കും അറിഞ്ഞുതന്നെയാണ്. മാന്യന്മാര്‍ മൃഷ്ടാന്നഭക്ഷണം കഴിച്ചശേഷം സൊറ പറയുമ്പോള്‍ ഐസ്ക്രീമുമായെത്തുന്ന ജമീമ അമ്മായി. ആഫ്രിക്കയില്‍നിന്നു ചങ്ങലകളില്‍ ബന്ധിതരായി വിശപ്പും ദാഹവും മാത്രമുള്ള കപ്പല്‍യാത്ര നടത്തി പൊള്ളാച്ചി ചന്തയിലെ കാലികളെപ്പോലെ പല്ലും കുളമ്പും നോക്കി യജമാനന്‍മാര്‍ വാങ്ങിയിരുന്ന കുന്‍താ കിന്‍തെമാരുടെ പിന്‍ഗാമിയല്ല ഒബാമ. ഒരു ഉയര്‍ന്ന കെനിയന്‍ ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ പഠനത്തിനു വന്നപ്പോള്‍ കൌതുകം തോന്നി വെള്ളക്കാരിയെ പ്രേമിച്ച് അവരിലുണ്ടായ പുത്രന്‍. ബറാക് അമേരിക്കന്‍ നീഗ്രോയുടെ പ്രതിനിധിയല്ല. വലതുപക്ഷ വ്യവസ്ഥയുടെ ടോം അമ്മാവന്‍ മാത്രമാണ്. 

ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടവര്‍ അറിയാതിരിക്കില്ല. ഒബാമയാണ് ബുഷിനേക്കാള്‍ മുസ്ലിംകളെ കൊന്നൊടുക്കിയത്; സ്വന്തം പൌരന്‍മാരെ വരെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലുന്നത് പതിവാക്കിയ പ്രസിഡന്റ്. അതു നിയമവിരുദ്ധമാണെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്െടങ്കിലും 'അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍' സംരക്ഷിക്കാന്‍ അതാവാമെന്നാണ് ഒബാമ കരുതുന്നത്. യമനില്‍ താമസിച്ചിരുന്ന അമേരിക്കന്‍ പൌരന്‍ അന്‍വര്‍ അല്‍ ഔലാക്കിയെ വധിച്ചത് ഡ്രോണ്‍ ആക്രമണത്തിലായിരുന്നു. ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ ഔലാക്കി അമേരിക്കന്‍നയങ്ങളെ വിമര്‍ശിച്ചു എന്ന തെറ്റ് മാത്രമാണു ചെയ്തത്. അതുകൊണ്ടും അരിശം തീരാതെ ഒബാമ ഔലാക്കിയുടെ 16കാരനായ മകനെയും 17കാരനായ സുഹൃത്തിനെയും കൊന്നൊടുക്കി. 2009ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ നിയമവിരുദ്ധമായ ഇത്തരം ആക്രമണങ്ങള്‍ പാകിസ്താനില്‍ പരിമിതമായിരുന്നു. എന്നാല്‍, ചോരയുടെ രുചിയറിഞ്ഞതോടെ ഒബാമയുടെ നിര്‍ദേശപ്രകാരം അത് സോമാലിയയിലേക്കും കെനിയയിലേക്കും അഫ്ഗാനിസ്താനിലേക്കും വ്യാപിപ്പിച്ചു. വാഷിങ്ടണ്‍ പോസ്റ്റിന്റെ കണക്കനുസരിച്ച് 400ലധികം പേര്‍ ഇങ്ങനെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാം നിരപരാധികള്‍. 

പ്രകോപനപരമായ ചലച്ചിത്രം അമേരിക്കന്‍ സ്റേറ്റ് ഡിപാര്‍ട്ട്മെന്റ് നിര്‍മിച്ചതാണെന്ന് ആരും പറയുന്നില്ല. അത്രയേറെ പ്രാകൃതമാണത് എന്നതുകൊണ്ടല്ല അത്. എന്നാല്‍, സ്റേറ്റ് ഡിപാര്‍ട്ട്മെന്റും ഒബാമയും പ്രതിനിധാനം ചെയ്യുന്ന ദേശീയനയത്തില്‍നിന്നാണതു വരുന്നത്. അമേരിക്കന്‍ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ ഭാഗമാണതെന്നും അത്തരം കൃതികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഒബാമയും യഹൂദര്‍ നിയന്ത്രിക്കുന്ന ഗൂഗ്ളും പറയുന്നുണ്ട്. ഒന്നാന്തരം കാപട്യമാണത്. തങ്ങള്‍ക്കു തോന്നിയതൊക്കെ അമേരിക്കയും ഗൂഗ്ള്‍ പോലുള്ള സൈറ്റുകളും തടയുന്നു. വിക്കിലീക്സിനെ തകര്‍ക്കാനും അതിന്റെ സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിനെ ആജീവനാന്തം ജയിലിലിടാനും പരക്കംപായുന്ന ഒബാമ തന്നെയാണ് നകൂല ഉണ്ടാക്കിയ ചലച്ചിത്രത്തിനു നിരോധനമേര്‍പ്പെടുത്താന്‍ നിയമമില്ലെന്നു പറയുന്നത്. അയാളെ ഇപ്പോള്‍ ജയിലിലിട്ടതുതന്നെ പഴയ ഒരു തട്ടിപ്പിനു ലഭിച്ച പ്രൊബേഷന്‍ ശിക്ഷയുടെ നിബന്ധനകള്‍ ലംഘിച്ചതിനാണ്. 

നടന്ന പ്രകടനങ്ങളൊക്കെ ചലച്ചിത്രത്തിനെതിരായ പ്രതിഷേധമാണ് എന്നു കരുതാനും പ്രയാസമാണ്. അമേരിക്കയോടുള്ള വിരോധമാണു പ്രശ്നം. ലിബിയയില്‍ ഖദ്ദാഫിക്കെതിരായി നടന്ന പ്രക്ഷോഭത്തിലിടപെട്ട് ആ രാജ്യത്തെ എണ്ണസമ്പത്ത് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും യു.എസും ചേര്‍ന്നു കൊള്ളയടിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ലബ്നാനില്‍ ഹിസ്ബുല്ല നടത്തിയ റാലിക്കെത്തിയത്. യഥാര്‍ഥ പ്രചോദനം ഇസ്രായേലിന്റെ ആക്രമണങ്ങള്‍. ലിബിയയില്‍ ബാഹ്യമായ ജനാധിപത്യ കൊട്ടിഘോഷങ്ങള്‍ ഏറെയുണ്െടങ്കിലും അമേരിക്കന്‍, ബ്രിട്ടീഷ്, ലിബിയന്‍ അംബാസഡര്‍മാരാണു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുസ്ലിംരാജ്യങ്ങളില്‍ നടന്ന പ്രകടനങ്ങളിലൊക്കെയും നകൂലയല്ല പ്രതി; അമേരിക്കയാണ്. അടിച്ചമര്‍ത്തിവച്ച പ്രതിഷേധം പതഞ്ഞൊഴുകിയതിന്റെ ലക്ഷണമാണത്. 

മുസ്ലിംലോകത്തെ വേദനിപ്പിക്കുന്ന ഒരു അനീതിയും പരിഹരിക്കുന്നതിനു യു.എസിന് കഴിയുന്നില്ലെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലേറ്റവും പ്രമുഖമായത് ഫലസ്തീന്‍ പ്രശ്നം. ഒബാമ പ്രസിഡന്റായതിനുശേഷമാണ് അവസാനത്തെ ഫലസ്തീന്‍ മണ്ണിലും കുടിയേറ്റകേന്ദ്രങ്ങള്‍ ഉയരുന്നത്. മാര്‍ച്ച്മാസത്തില്‍ നടന്ന അമേരിക്കന്‍-ഇസ്രായേല്‍ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയുടെ യോഗത്തില്‍ ഒബാമ പറഞ്ഞത്, അമേരിക്കയെയും അതിന്റെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാന്‍ ബലംപ്രയോഗിക്കുന്നതിനു താന്‍ മടിക്കില്ലെന്നാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍, ബലപ്രയോഗം; അതുതന്നെയാണു യഥാര്‍ഥ പ്രശ്നം. 
                                                          കലീം

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"