2012, മേയ് 14, തിങ്കളാഴ്‌ച

ഇനിയൊരു കമ്മ്യൂണിസ്‌റ്റും കൊല്ലപ്പെടാതിരിക്കണമെങ്കില്‍


ഒഞ്ചിയത്തെ യഥാര്‍ഥ കമ്യൂണിസ്‌റ്റും വിപ്ലവനായകനുമായ ടി.പി. ചന്ദ്രശേഖരന്റെ അരുംകൊല നാടിനെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. കൊലയുടെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏതു ചെറിയ കുട്ടിക്കും അറിയാവുന്ന വസ്‌തുതയാണ്‌ എന്തിനാണു ടി.പിയെ കൊലപ്പെടുത്തിയതെന്ന്‌. അതുതന്നെയാണു ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ വെളിപ്പെടുത്തിയതും. ചന്ദ്രശേഖരനോട്‌ വിരോധമുണ്ടാവാന്‍ ഒന്നില്‍ കൂടുതല്‍ കാരണമില്ലെന്ന ഡി.ജി.പിയുടെ പ്രസ്‌താവം കൊലപാതകത്തിന്റെ യഥാര്‍ഥ കാരണത്തെ വിളിച്ചറിയിക്കുന്നുണ്ട്‌. ഏതായാലും കൊന്നവരെ അറിഞ്ഞുകഴിഞ്ഞ സ്‌ഥിതിക്ക്‌ കൊല്ലിച്ചവരെക്കുറിച്ചാണ്‌ അന്വേഷിക്കുന്നതെന്നും ഡി.ജി.പി. പറയുന്നുണ്ട്‌. രാഷ്‌ട്രീയ നീക്കുപോക്കുകളിലൂടെ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്ന പരമ്പരാഗത രീതിയാണ്‌ ഇതിലും പിന്തുടരുന്നതെങ്കില്‍ അത്ര വലിയ അദ്‌ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ല. 


ചന്ദ്രശേഖരന്റെ കൊലപാതകത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കു യു.ഡി.എഫ്‌. ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം സി.പി.എമ്മിന്റെ ദുര്‍ബല പ്രതിരോധം മാത്രമാണ്‌. ശ്രദ്ധ തിരിച്ചുവിടാനായി തീവ്രവാദികള്‍ക്കു മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ നടത്തിയ വിഫല ശ്രമം സി.പി.എമ്മിനെ കൂടുതല്‍ പരിഹാസ്യമാക്കുക മാത്രമാണു ചെയ്‌തത്‌. നേരത്തെ തലശേരിയില്‍ മുഹമ്മദ്‌ ഫസലിനെ കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്തത്‌ മുസ്ലിംകളുടെ ആഘോഷദിനമായ ചെറിയ പെരുന്നാളിന്റെ തലേന്നാളായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അന്ന്‌ ആര്‍.എസ്‌.എസിന്റെ മേല്‍ കെട്ടിവച്ച്‌ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി വരെ ശ്രമിച്ചതു മറക്കാറായിട്ടില്ല. നിയമനടപടികളിലൂടെ മുമ്പോട്ടുപോയി കേസ്‌ സി.ബി.ഐ. ഏറ്റെടുത്തപ്പോഴാണ്‌ യഥാര്‍ഥ പ്രതികളായ സി.പി.എം. പ്രവര്‍ത്തകര്‍ അറസ്‌റ്റിലാവുന്നതും നേതൃത്വത്തിന്റെ പങ്ക്‌ പുറത്തുവരുന്നതും. ഷൂക്കൂര്‍ വധത്തിലും ചില വഴിതിരിച്ചുവിടല്‍ ശ്രമം സി.പി.എം. ഭാഗത്തുനിന്ന്‌ ഉണ്ടായി. ചന്ദ്രശേഖരന്‍ വധത്തിലും ആസൂത്രണത്തിലുമെല്ലാം ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതായി കാണുന്നുണ്ട്‌. കൃത്യത്തിനുപയോഗപ്പെടുത്തിയ വാഹനത്തിലെ അറബി സ്‌റ്റിക്കറും പ്രതിസ്‌ഥാനത്ത്‌ ആദ്യം പുറത്തുവന്ന മുസ്ലിം പേരുകളുമെല്ലാം ഈ ഗൂഢാലോചനയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതില്‍ നാലു വിഭാഗം പ്രതികളുണ്ട്‌. കൃത്യം നടത്തിയ സംഘവും അവരെ പറഞ്ഞുവിട്ടവരും നേര്‍ക്കു നേര്‍ പ്രതികളാവുമ്പോള്‍ ചന്ദ്രശേഖരന്റെ ജീവനു ഭീഷണിയുണ്ടെന്നു നേരിട്ടറിവ്‌ ലഭിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനവും പോലീസ്‌ സേനയും പ്രതിസ്‌ഥാനത്തു തന്നെയാണ്‌. അതേസമയം ആദര്‍ശ പ്രചോദിതനായി പാര്‍ട്ടി വിട്ടിറങ്ങിയ ടി.പി ചന്ദ്രശേഖരനെയും അതുപോലുള്ള സഖാക്കളെയും അനാഥമാക്കി നിര്‍ത്തിയ വി.എസ്‌. അച്യുതാനന്ദന്‍ ധാര്‍മികമായി പ്രതിസ്‌ഥാനത്തു നില്‍ക്കുന്നുണ്ട്‌. ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഉയര്‍ന്നുവന്ന വാദകോലാഹലങ്ങളില്‍ നിലവധി കാര്യങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നുണ്ടെന്നു സാരം. ആദര്‍ശ ഭിന്നതയോട്‌ സഹിഷ്‌ണുത പുലര്‍ത്താന്‍ കഴിയാത്ത നിലപാടാണു സി.പി.എം. പുലര്‍ത്തിപ്പോരുന്നത്‌. പാര്‍ട്ടി കാര്‍ക്കശ്യങ്ങളാല്‍ കുടുംബ ബന്ധം തകര്‍ത്തെറിഞ്ഞ ഗൗരിയമ്മയ്‌ക്കു പിന്നീട്‌ അതേ പാര്‍ട്ടിയില്‍നിന്നു തന്നെ പുറംവഴി തേടേണ്ടിവന്നതു ചരിത്രം. എം.വി.ആറും ഗൗരിയമ്മയും ഇന്നും കമ്യൂണിസ്‌റ്റുകളായി ജീവിക്കുന്നുണ്ടെങ്കിലും അസഹിഷ്‌ണുതയുടെ കൈപ്പുനീര്‌ ഒരുപാട്‌ കുടിച്ചുതീര്‍ത്തവരാണ്‌. ഗൗരിയമ്മയോളമോ എം.വി.ആറിനോളമോ ടി.പിക്കു വളരാന്‍ കഴിഞ്ഞിരുന്നില്ല. സ്വാധീനവും ആധിപത്യവും ശക്‌തിയുമുള്ള പ്രദേശങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരു പരിധിവരെ ലീഗും മറ്റുള്ളവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു തടസംനിന്നു മുഷ്‌ക് പ്രയോഗിക്കാറുണ്ട്‌. സ്വന്തം ആശയങ്ങള്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും പരസ്‌പരം വിയോജിക്കാനുമെല്ലാം ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്‌. അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴേ ജനമനസുകളില്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ ഇടംനേടുകയുള്ളൂ. ഭിന്നാഭിപ്രായങ്ങളെ എതിര്‍ക്കേണ്ടത്‌ ആശയങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാവണം. ആശയ ദാരിദ്ര്യവും അതിജയിക്കാനുള്ള ശേഷിയും നഷ്‌ടപ്പെടുമ്പോഴാണു പേശീബലത്തിന്റെയും മുഷ്‌ക്കിന്റെയും രാഷ്‌ട്രീയം പുറത്തെടുക്കുന്നത്‌. കായിക എതിര്‍പ്പും ശാരീരിക ഉന്‍മൂലനവും അപവാദ പ്രചരണങ്ങളും ബഹിഷ്‌കരണവുമെല്ലാം തോല്‍വി സമ്മതിച്ചവന്റെ ശൈലിയാണ്‌. 


സംസ്‌ഥാനത്തുണ്ടായ ഒട്ടുമിക്ക സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും തുടക്കവും തുടര്‍ച്ചയും സി.പി.എമ്മിനെയാണു ബന്ധിപ്പിച്ചു നിര്‍ത്തുന്നത്‌. ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന കേസുകളില്‍ പ്രതികളുടെ രാഷ്‌ട്രീയ ബന്ധത്തിന്റെ കണക്കെടുത്താല്‍ സി.പി.എമ്മിനെയും ആര്‍.എസ്‌.എസിനെയും മുന്‍നിരയില്‍ കാണാന്‍ കഴിയും. ഹിംസാത്മക രാഷ്‌ട്രീയത്തില്‍ ഈ രണ്ടു വിഭാഗങ്ങളുടെയും കിടമല്‍സരമാണ്‌ കേരളത്തിന്റെ മുഖത്തെ ഇത്രയേറെ വികൃതമാക്കുന്നതില്‍ കൊണ്ടെത്തിച്ചത്‌. 


പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ സ്വാഭാവിക ഭിന്നതകളെയും സംഘര്‍ഷങ്ങളെയും കുടിപ്പകയാക്കി വളര്‍ത്തി അരുംകൊല ചെയ്യാന്‍ മുമ്പ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്ന രംഗത്തുണ്ടായിരുന്നത്‌. എന്നാല്‍ ഇതുമൂലം പാര്‍ട്ടി പ്രവര്‍ത്തന രംഗങ്ങളിലെ പ്രതിസന്ധികളെ മറികടക്കാന്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെന്ന പേരില്‍ സ്‌ഥിരം ക്രിമിനലുകളെ രംഗത്തിറക്കി എന്നുവേണം കരുതാന്‍. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കുന്നതില്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. കണ്ണൂരിലും അയല്‍പ്പക്ക പ്രദേശങ്ങളിലും ഇടക്കാലങ്ങളിലുണ്ടായ മുഴുവന്‍ കുറ്റകൃത്യങ്ങളിലും ഒരേ കൂട്ടര്‍ തന്നെയാണു പ്രതിയാക്കപ്പെടുന്നത്‌. ഇതില്‍ രണ്ടുണ്ട്‌ നേട്ടം. 


പാര്‍ട്ടി പ്രതിസന്ധി ഒഴിവാക്കാം. നേതൃത്വങ്ങള്‍ക്ക്‌ കൈയൊഴിയുകയും ചെയ്യാം. സി.പി.എം. പ്രതിസ്‌ഥാനത്തേക്കു വരാവുന്ന കേസുകളില്‍ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ ഗതിമാറ്റത്തിനു കളമൊരുക്കാന്‍ പ്രത്യേക വൈഭവത്തോടെ പാര്‍ട്ടി നേതൃത്വം രംഗത്തുവരുന്നതു കാണാന്‍ കഴിയും. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന പിണറായിയുടെ കൃത്യമായ പരാമര്‍ശം സാധാരണക്കാരില്‍ ധാരാളം സംശയം ജനിപ്പിക്കുന്നുണ്ട്‌. ആരെങ്കിലും ഏല്‍പ്പിക്കാതെ സ്വയം ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ നിര്‍വഹിക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു പ്രത്യേക വിരോധമൊന്നും ചന്ദ്രശേഖരനോടുണ്ടാവാന്‍ ഇടയില്ല. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പങ്കില്ലായ്‌മയെക്കുറിച്ച്‌ നേതൃത്വം നിരന്തരം ആണയിടുമ്പോഴും അണികളുടെ അടക്കം പറച്ചില്‍ മറ്റൊന്നാണ്‌. വിമതപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാവുകയും ക്രമേണ ഒഞ്ചിയത്തെ സഖാക്കള്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുകയും ചെയ്യുമെന്നു പാര്‍ട്ടി അണികള്‍ സ്വയം വിശ്വസിക്കുകയോ വിശ്വസിപ്പിക്കപ്പെടുകയോ ചെയ്‌തിരിക്കുന്നു. മാര്‍ക്‌സിസം ലെനിനിസം പാര്‍ട്ടിയുടെ ആന്തരിക ഘടനയില്‍നിന്നു കുടിയിറങ്ങിയതിലും ഫാഷിസ്‌റ്റ് ചിന്താഗതിയും മുതലാളിത്ത സംസ്‌കാരവും നേതൃത്വത്തെ സ്വാധീനിച്ചതിലുമുള്ള പ്രതിഷേധമായാണു 2008ല്‍ ഒഞ്ചിയത്ത്‌ ആര്‍.എം.പി. പിറവിയെടുക്കുന്നത്‌. 


അവിടന്നിങ്ങോട്ട്‌ ഒഞ്ചിയം മേഖലയില്‍ ആര്‍.എം.പി. ഉയര്‍ത്തിയ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനു സാധിച്ചില്ല. നിരവധി പേരെ ആക്രമിച്ചുകൊണ്ടുള്ള കായിക പ്രതിരോധത്തിലായിരുന്നു ഈ പ്രദേശത്ത്‌ സി.പി.എം. മുന്നോട്ടുപോയിരുന്നത്‌. ഉറച്ച കമ്യൂണിസ്‌റ്റായി നിന്നു പാര്‍ട്ടിക്കു പുറത്തേക്കു കടന്ന്‌ നിരന്തരപോരാട്ടം നടത്തിയ ടി.പിക്ക്‌ അവസാനം വരെ ഉറച്ച മറ്റൊരു വിശ്വാസമുണ്ടായിരുന്നു. തങ്ങള്‍ പുറത്തുനിന്നു പൊരുതുമ്പോള്‍ അകത്ത്‌ തങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ക്കു വേണ്ടി വി.എസ്‌. പൊരുതിക്കൊണ്ടേയിരിക്കുകയാണെന്ന്‌. 


ഇവിടെയാണ്‌ ഈ കുരുതിയില്‍ അച്യുതാനന്ദനും ധാര്‍മികമായ പങ്ക്‌ തുടങ്ങുന്നത്‌. കുലംകുത്തിയല്ല, ഉറച്ച കമ്യൂണിസ്‌റ്റാണ്‌ ടി.പി. എന്നു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന വി.എസ.്‌ അച്യുതാന്ദനില്‍നിന്ന്‌ ചുരുങ്ങിയ പക്ഷം കേരളത്തിലെ യഥാര്‍ഥ കമ്യൂണിസ്‌റ്റെന്ന്‌ അവകാശപ്പെടുന്നവര്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്‌. ആദര്‍ശത്തിന്റെ ആള്‍രൂപമായി സ്വയം അവരോധിതമായ അച്യുതാനന്ദന്‌ ഈ കാര്യത്തിലുള്ള ആത്മാര്‍ഥത ഇനി പ്രവൃത്തിയിലൂടെയാണു തെളിയിക്കേണ്ടത്‌. പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരേ അകത്തുനിന്നു നടത്തിയ പോരാട്ടത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമൊക്കെ എല്ലാവരെക്കാളും നന്നായി ബോധ്യം അച്യുതാനന്ദനു തന്നെയാണുണ്ടാവുക. ഇക്കാലമത്രയും പാര്‍ട്ടിക്കകത്ത്‌ ഒപ്പമുണ്ടായിരുന്ന പലരും ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്ന്‌ സുരക്ഷിത താവളങ്ങള്‍ കണ്ടെത്തി. എന്നാല്‍ അകത്ത്‌ കൂടുതല്‍ ഒറ്റപ്പെടുകയും കൂടുതല്‍ അപമാനിതനായി മാറുകയും ചെയ്‌തു എന്നല്ലാതെ ഒരു മാറ്റവും വി.എസിന്റെ കലഹങ്ങള്‍ കൊണ്ട്‌ സി.പി.എമ്മിനകത്ത്‌ ഉണ്ടാവാന്‍ പോകുന്നില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ ഏറെ ദുഃഖിതനായാണു വി.എസിനെ കാണുന്നത്‌. കടിച്ചമര്‍ത്തിയാണ്‌ അദ്ദേഹം പലതും പറയുന്നത്‌. പാര്‍ട്ടിക്കകത്ത്‌ അച്ചുതാനന്ദന്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ആവേശഭരിതമായി രക്‌തം തിളച്ച്‌ കലഹത്തിനു പുറപ്പെട്ട പലരും ഇന്നു പടിക്കുപുറത്താണ്‌. 


എന്നാല്‍ വി.എസ്‌.ഇപ്പോഴും വലിയ കുറ്റബോധമൊന്നുമില്ലാതെ പാര്‍ട്ടി നല്‍കിയ പദവികളില്‍ കൃതാര്‍ഥനായി കഴിയുകയും ചെയ്യുന്നു. അതിനാല്‍ വി.എസ്‌. തുടരുന്നത്‌ ആദര്‍ശപ്രചോദിത പോരാട്ടമാണോ അതല്ല നില ഭദ്രമാക്കാനുള്ള തത്രപ്പാടണോ എന്ന്‌ ഇനിയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌,. മലപ്പുറം സമ്മേളനം മുതല്‍ ഔദ്യോഗിക പക്ഷം ചിറകരിച്ചില്‍ തുടങ്ങിയതാണ്‌. തിരുവനന്തപുരത്ത്‌ കാപിറ്റല്‍ പണിഷ്‌മെന്റിന്റെ വിധി പ്രഖ്യാപനം നടന്നു. 


മേയ്‌ നാലിനു കൂട്ടുപ്രതിയില്‍ ആദ്യവധശിക്ഷ നടപ്പാക്കി താക്കീത്‌ നല്‍കി. അപമാനങ്ങള്‍ തുടര്‍ച്ചയായി ഏറ്റുവാങ്ങുമ്പോഴും തന്റെ വിശ്വസ്‌തര്‍ക്കിപ്പോഴും വി.എസില്‍ പ്രതീക്ഷ തന്നെയാണ്‌. എന്നാല്‍, സ്വന്തം അനുയായികള്‍ ജീവിതവും ജീവനും കുരുതികൊടുക്കുന്ന സാഹചര്യം, നിലപാടിലുറച്ചാണ്‌ പോരാട്ടമെങ്കില്‍ വി.എസിനെ അസ്വസ്‌ഥമാക്കേണ്ടതുണ്ട്‌. ഒരു നേതാവ്‌ സ്വീകാര്യനും ആ സ്‌ഥാനത്തിന്‌ അര്‍ഹനുമായിത്തീരുക അനുയായികളുടെ നിലകൂടി ഭദ്രമായിത്തീരുമ്പോഴാണ്‌. അണികളുടെ ആവേശവും പിന്തുണയും ഉപയോഗപ്പെടുത്തി 2006 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിയ വി.എസിനെകൊണ്ട്‌ സ്വന്തം അനുയായികള്‍ക്ക്‌ എന്തു പ്രയോജനമുണ്ടായി എന്നു പരിശോധിക്കേണ്ടതുണ്ട്‌. 


ആത്മാഭിമാനത്തോടെ കഴിയാന്‍ സ്വന്തം അനുയായികള്‍ക്ക്‌ അവസരമൊരുക്കേണ്ട ചുമതല വി.എസിനുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസഭയിലിരുന്ന്‌ സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ നടത്തിയ മുഴുവന്‍ നെറികേടുകള്‍ക്കും മൂകസാക്ഷിയായി നില്‍ക്കാനേ വി.എസിനു സാധിച്ചിട്ടുണ്ടായിരുന്നുള്ളൂ. യഥാര്‍ഥ കമ്യൂണിസ്‌റ്റായി വി.എസ്‌. ബഹുമാനിക്കുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി ഒരു കപ്പ്‌ ചായകുടിക്കാനും കൂടംകുളത്തേക്ക്‌ പോകാനുമൊക്കെ അപേക്ഷയുമായി കാത്ത്‌ കഴിയേണ്ടിവരുന്ന വി.എസിന്‌ ഈ വീര്‍പ്പുമുട്ടലുമായി എത്രകാലമാണു മുന്നോട്ടു പോകാന്‍ കഴിയുക. 


തന്റെ വിയോജിപ്പുകളെല്ലാം ഒതുക്കി നിര്‍ത്തി സന്തതസഹചാരിയായ കെ.എം. ഷാജഹാന്‍ ചുവന്ന അടയാളത്തില്‍ രേഖപ്പെടുത്തിയപോലെ ഒരു സമരസപ്പെടലിന്റെ പാതയിലാണ്‌ വി.എസ്‌. അച്യുതാനന്ദനെങ്കില്‍ ഇരുളടഞ്ഞ ഭാവിയാണു കേരളത്തിലെ യഥാര്‍ഥ കമ്യൂണിസ്‌റ്റുകാരെ കാത്തുനില്‍ക്കുന്നത്‌. അതിനാല്‍ വി.എസ്‌ ആണു തീരുമാനിക്കേണ്ടത്‌ ഇനിയൊരു യഥാര്‍ഥ കമ്യൂണിസ്‌റ്റിന്റെ ചോര ഈ മണ്ണില്‍ ഇറ്റുവീഴണമോ എന്ന്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"