2012, ഡിസംബർ 10, തിങ്കളാഴ്‌ച

ബാബരി നീതിതേടുന്നു


 1949 ഡിസംബറിലാണ്‌ ബാബരി തര്‍ക്ക മന്ദിരമായി മാറിയത്‌. അതിനുമുമ്പ്‌ 423 വര്‍ഷക്കാലം മുസ്ലിംകള്‍ ആരാധനയ്‌ക്ക് ഉപയോഗപ്പെടുത്തിയിരുന്ന പള്ളിക്ക്‌ അവകാശവാദം ഉയര്‍ന്നുവന്നപ്പോള്‍ നീതിയോടൊപ്പം നില്‍ക്കാന്‍ ഭരണസംവിധാനത്തിനു കഴിയാതെ പോയി എന്നു ബാബരിയുടെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും.
ഒരു കറുത്ത ദിനത്തിന്റെ ഓര്‍മപുതുക്കുകയാണ്‌ രാഷ്‌ട്രം ഇന്ന്‌. തുല്യ നീതിയും പൗരാവകാശവും ഉയര്‍ത്തിപ്പിടിച്ച്‌ ലോകത്തിനു മുന്നില്‍ തലയെടുപ്പോടെനിന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖം വികൃതമായതിന്റെ ഓര്‍മ പുതുക്കല്‍. ബഹുസ്വര മതനിരപേക്ഷ സമൂഹത്തില്‍ പരസ്‌പര വിശ്വാസത്തില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ അതിരിടാതെ വിഭജനം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ഷികം.
ഇരുപതു വര്‍ഷങ്ങള്‍ മുമ്പ്‌ 1992 ഡിസംബര്‍ ആറിനാണ്‌ ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികക്കുടങ്ങളെ ഒരു സംഘം ക്രിമിനലുകള്‍ തകര്‍ത്ത്‌ താഴെയിട്ടത്‌. ആ തകര്‍ത്തിടലില്‍ നിലം പൊത്തിയത്‌ നാലര നൂറ്റാണ്ട്‌ പഴക്കമുള്ള ഒരു കെട്ടിടം മാത്രമായിരുന്നില്ല. നിയമവാഴ്‌ചയും ഭരണഘടനാ മൂല്യങ്ങളും പരസ്‌പര വിശ്വാസവും മതനിരപേക്ഷതയും രാഷ്‌ട്രത്തിന്റെ യശസുമായിരുന്നു. നിയമവാഴ്‌ച ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിച്ചവരുടെ എല്ലാ കണക്കുകൂട്ടലുകളും അന്നു തകിടം മറിഞ്ഞു. ബാബറി പള്ളിയുടെ ഓരോ കല്ലിന്‍ കഷണങ്ങളും നിലംപൊത്തുമ്പോഴും സ്വന്തം രാഷ്‌ട്രം തകരുകയാണെന്ന്‌ രാജ്യസ്‌നേഹികള്‍ ആകുലപ്പെട്ടു.
463 വര്‍ഷം പഴക്കമുണ്ടായിരുന്ന പള്ളി തച്ചുതകര്‍ക്കാന്‍ ഒരു നാള്‍ പൊടുന്നനെ ഇറങ്ങിപുറപ്പെട്ടതായിരുന്നില്ല സംഘപരിവാര്‍ ശക്‌തികള്‍. ദീര്‍ഘനാളത്തെ രാഷ്‌ട്രീയ ചരടുവലിയുടെ അന്ത്യത്തിലാണ്‌ ബാബറിയുടെ മിനാരങ്ങള്‍ തകര്‍ന്നു വീഴുന്നത്‌. മുസ്ലിംകളുടെ ആരാധനാലയം തകര്‍ത്ത്‌ അവിടെ ശ്രീരാമ ക്ഷേത്രം പണിയുക എന്നത്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളുടെ മതപരമായ ആവശ്യമായിരുന്നില്ല ഒരുകാലത്തും. ഹൈന്ദവ വിശ്വാസികളുടെ മഹാഭൂരിപക്ഷത്തിനും അത്തരം ഒരാശയത്തോട്‌ യോജിക്കാനും കഴിയുമായിരുന്നില്ല. ഹിന്ദുത്വശക്‌തികളുടെ രാഷ്‌ട്രീയ അജന്‍ഡ ഒന്നുമാത്രമായിരുന്നു രാമക്ഷേത്ര നിര്‍മാണ പദ്ധതി. ആ അജന്‍ഡ സാധ്യമാക്കിയെടുക്കുന്നതില്‍ ദീര്‍ഘകാലത്തെ അടിസ്‌ഥാനരഹിത പ്രചാരണങ്ങളിലൂടെ ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്താനും മതേതര കക്ഷിയായി അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസിനെപോലും സമ്മര്‍ദത്തിലാക്കി വിറപ്പിച്ചു നിര്‍ത്താനും സാധിച്ചതിലൂടെയാണ്‌ ബാബറി തകര്‍ച്ച എളുപ്പമാക്കാന്‍ സാധിച്ചത്‌. ബാബറി മസ്‌്ജിദ്‌ തകര്‍ത്തതാരാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
പള്ളി തകര്‍ത്തവരെകുറിച്ച്‌ കൃത്യമായ തെളിവുകളുണ്ടായിട്ടും രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കഴിയാത്ത വിധം വിറങ്ങിലിച്ചു നില്‍ക്കുകയാണ്‌ നമ്മുടെ ഭരണനീതിന്യായ സംവിധാനം. തുടര്‍ച്ചയായ നീതിനിഷേധത്തിന്റെയും വഞ്ചനയുടെയും രാഷ്‌ട്രീയ കുതന്ത്രങ്ങളുടെയും കഥയാണ്‌ ബാബറി മസ്‌്ജിദിനു പറയാനുള്ളത്‌. മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം അവധിലെ (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാക്കി 1528 ല്‍ പണികഴിപ്പിച്ചതാണ്‌ ബാബറി മസ്‌ജിദ്‌. അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി വസ്‌തുതകളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ തെളിയിക്കാന്‍ ഇന്നേവരെ ആ വാദമുന്നയിക്കുന്നവര്‍ക്ക്‌ സാധിച്ചിട്ടില്ല. തികഞ്ഞ സൗഹൃദത്തിലായിരുന്ന അവധ്‌ പ്രദേശത്തെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലകറ്റുന്നതിന്‌ ബ്രിട്ടീഷുകാരന്‍ ബാബറിയെ ഉപയോഗിച്ച്‌ ഭിന്നിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഫലം കാണാതെ പോകുകയാണുണ്ടായത്‌. സൗഹൃദത്തിലുള്ള മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മില്‍ അകറ്റിയാലേ തങ്ങളുടെ അധീശത്വം സാധ്യമാക്കാന്‍ കഴിയൂ എന്നു മനസിലാക്കിയ ഡഫ്രിന്‍ പ്രഭുവിന്റെ കാലത്താണ്‌ 1886 ല്‍ കള്ളക്കഥ സൃഷ്‌്ടിച്ച്‌ ബാബറിയുടെമേല്‍ അവകാശതര്‍ക്കത്തിനു തുനിഞ്ഞതെങ്കിലും മുഴുവന്‍ വ്യവഹാരങ്ങളും തെളിവില്ലാത്തതിനാല്‍ കോടതി തള്ളിക്കളഞ്ഞു. വിഭജനനാന്തരം അയോധ്യയിലെ വലിയ വിഭാഗം മുസ്ലിംകള്‍ പാകിസ്‌താനിലേക്കു കുടിയേറിയതോടെ മുസ്ലിം ജനസംഖ്യ കുറഞ്ഞു. തുടര്‍ന്ന്‌ ഹിന്ദുശക്‌തികള്‍ രംഗത്തെത്തിയതോടെയാണ്‌ അയോധ്യയിലെ ബാബറി മസ്‌ജിദ്‌ തര്‍ക്കത്തിനു തുടക്കമിടുന്നത്‌. 1949 ഡിസംബര്‍ 22 ന്‌ അര്‍ധരാത്രി ബാബറി മസ്‌ജിദിനകത്ത്‌ ബലമായി അതിക്രമിച്ച്‌ കടന്ന്‌ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചു.
അന്നത്തെ ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളിയായ കെ.കെ. നായരുടെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള ഉപജാപം നടന്നത്‌. പിറ്റേദിവസംതന്നെ അതേ മജിസ്‌ട്രേറ്റ്‌ പള്ളി പൂട്ടിയിടാനും സര്‍ക്കാര്‍ ചെലവില്‍ ഹിന്ദുക്കള്‍ക്ക്‌ പൂജാരിയെ നിശ്‌ചയിച്ചു നല്‍കാനും ഉത്തരവിടുകയും ചെയ്‌തു. ഭാവിയില്‍ രാജ്യത്തുണ്ടാകാവുന്ന ദുരന്തങ്ങളെകുറിച്ച്‌ ദീര്‍ഘവീക്ഷണമുള്ള സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ സമൂഹം ഇതിനെതിരേ രംഗത്തുവന്നിരുന്നു. ഹിന്ദു സന്യാസിയായ അക്ഷയ്‌ ബ്രഹ്‌മചാരി നിരാഹാരസമരം നടത്തി ഇതിനെതിരേ പ്രതികരിച്ചു.
1949 ഡിസംബര്‍ മുതല്‍ മാത്രമാണ്‌ ബാബറി തര്‍ക്ക മന്ദിരമായി മാറുന്നത്‌. അതിനുമുമ്പ്‌ 423 വര്‍ഷം മുസ്ലിംകള്‍ ആരാധനയ്‌ക്ക് ഉപയോഗപ്പെടുത്തിയിരുന്ന പള്ളിക്ക്‌ അവകാശവാദം ഉയര്‍ന്നുവന്നപ്പോള്‍ നീതിയോടൊപ്പം നില്‍ക്കാന്‍ ഭരണസംവിധാനത്തിനു കഴിയാതെ പോയി എന്നു ബാബറിയുടെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും. നിയമവ്യവഹാരം തുടങ്ങുന്നതിനിടയില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി രാമക്ഷേത്രനിര്‍മാണ പ്രസ്‌ഥാനത്തെ ഉപയോഗപ്പെടുത്താന്‍ ഹിന്ദുത്വ ശക്‌തികള്‍ തീരുമാനിച്ചിടം മുതലാണ്‌ രാജ്യം കാലുഷ്യത്തിലേക്കു നീങ്ങിയത്‌. ബാബറിയെ കേന്ദ്രബിന്ദുവാക്കി നിര്‍ത്തി ബി.ജെ.പി. നടത്തിയ രാഷ്‌ട്രീയ പ്രചരണം രാജ്യത്ത്‌ എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ക്കും രക്‌തചൊരിച്ചിലിനും വഴിമരുന്നിട്ടു.
എണ്‍പതുകളുടെ മധ്യത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും നടത്തിയ രഥയാത്രകള്‍ ഇതിന്‌ ശക്‌തിയേകി. ഹിന്ദുത്വ അജന്‍ഡ ഉള്‍പ്പെടുത്തിയുള്ള സംഘപരിവാരത്തിന്റെ രാഷ്‌ട്രീയ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനു പകരം അധികാരം കൈയാളിയിരുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി മൃദുഹിന്ദുത്വ സമീപനത്തിലൂടെ ബി.ജെ.പിയോടൊപ്പമാണു സഞ്ചരിക്കുന്നത്‌. ബാബറി മസ്‌ജിദിന്റെ വിഷയത്തില്‍ അന്യായങ്ങളോരോന്നും നടന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ പൂര്‍ണാര്‍ഥത്തില്‍ ഹിന്ദുക്കള്‍ക്കു ലഭിക്കുകയുണ്ടായി. 49ല്‍ പള്ളിക്കകത്ത്‌ ബലമായി അതിക്രമിച്ചു കടന്ന്‌ വിഗ്രഹം സ്‌ഥാപിക്കുമ്പോള്‍ യു.പി. ഭരിച്ചിരുന്നത്‌ ഗോവിന്ദവല്ലഭ പന്തും രാജ്യം ഭരിച്ചിരുന്നത്‌ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌്റുവുമായിരുന്നു.
1986 ഫെബ്രുവരി ഒന്നിന്‌ ഏകപക്ഷീയമായി പള്ളിയുടെ കവാടങ്ങള്‍ ഹിന്ദുക്കള്‍ക്കു തുറന്നു കൊടുത്തപ്പോഴും 1989 നവംബര്‍ ഒന്‍പതിനു പള്ളിയുടെ കോമ്പൗണ്ടില്‍ കൈയേറി ശിലാന്യാസം നടത്തിയപ്പോഴും ഇന്ത്യ ഭരിച്ചത്‌ രാജീവ്‌ ഗാന്ധിയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം പോലും അയോധ്യയില്‍ ിന്ന്‌ ആരംഭിച്ചതിനു പിന്നില്‍ കൃത്യമായ പ്രീണനരാഷ്‌ട്രീയമായിരുന്നു.
1992 ഡിസംബര്‍ ആറിന്‌ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയായി നിര്‍ത്തി പള്ളി തകര്‍ക്കുന്നതിനു പൂര്‍ണസൗകര്യമൊരുക്കികൊടുത്തത്‌ നരസിംഹറാവു എന്ന കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിയായിരുന്നു. പള്ളി തകര്‍ക്കപ്പെടല്‍ പ്രക്രിയ ആരംഭിച്ച നിമിഷം മുതല്‍ പൂജാമുറിയില്‍ ധ്യാനനിരതനായ റാവു തന്റെ പൂര്‍വബന്ധം ഒളിച്ചുവയ്‌ക്കാന്‍ തയാറായിരുന്നില്ല. ബാബറി തകര്‍ച്ചയെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം അപലപിച്ചപ്പോഴും ഇന്ത്യയില്‍ പൊതുവികാരം കോണ്‍ഗ്രസിനെതിരായി ഉയര്‍ന്നുവന്നപ്പോഴും സങ്കോചമില്ലാതെ നില്‍ക്കാന്‍ റാവുവിനെ പ്രേരിപ്പച്ചത്‌ അദ്ദേഹത്തിന്റെ പൂര്‍വബന്ധങ്ങളായിരുന്നു. ബാബറി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ വിഭജനത്തെക്കാള്‍ വലിയ അരക്ഷിതാവസ്‌ഥയാണ്‌ രാജ്യത്തുണ്ടായത്‌. ജന്മനാട്ടില്‍ തന്നെ അന്യവല്‍ക്കരിക്കപ്പെട്ട നിലയിലേക്കും അരക്ഷിതബോധത്തിലേക്കും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം എടുത്തെറിയപ്പെടുകയായിരുന്നു. ദീര്‍ഘനാള്‍ ദൈവത്തെ ആരാധിച്ചിരുന്ന ആരാധനാലയം തകര്‍ത്തതിലെ വേദന കടിച്ചമര്‍ത്തിക്കഴിഞ്ഞ സമുദായത്തിന്മേല്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌്ടിച്ച്‌ കൂടുതല്‍ അരക്ഷിതത്വം പ്രധാനം ചെയ്‌തു. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മാത്രമല്ല കേരളത്തില്‍ പോലും വര്‍ഗീയകോമരങ്ങള്‍ തമിര്‍ത്താടി.
മുംബൈ നഗരത്തില്‍ 1992 ഡിസംബര്‍ ആറിനും 1993 ജനുവരി പത്തിനുമിടയില്‍ നടന്ന വംശീയ ഉന്മൂലത്തില്‍ മൂവായിരത്തിലേറെ ജീവനാണു നഷ്‌്ടപ്പെട്ടത്‌. സൂററ്റില്‍ സ്‌ത്രീകളെ നഗ്നരാക്കി നടുറോഡിലൂടെ ഓടിച്ച്‌ ബലാല്‍സംഗം ചെയ്‌തു. അങ്ങനെ എണ്ണമറ്റ കൊടുംക്രൂരതകള്‍ ബാബറി തകര്‍ച്ചയുടെ തുടര്‍ച്ചയില്‍ രാജ്യത്ത്‌ അരങ്ങേറി. അവിടെ നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ടവര്‍ കലാപകാരികളോടൊപ്പം നില്‍ക്കുന്ന കാഴ്‌ചയാണു കണ്ടത്‌. ബാബറിയുടെ തകര്‍ച്ചയിലൂടെ സംഘപരിവാര്‍ ശക്‌തികള്‍ക്ക്‌ സാധിച്ചെടുക്കേണ്ട രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ പലതായിരുന്നു. അധികാരത്തിലേക്കുള്ള കുറുക്കുവഴികള്‍ ഒരുക്കുന്നതോടൊപ്പം രാജ്യത്തെ ദലിത്‌ വിഭാഗങ്ങളെയും കീഴാള സമൂഹത്തെയും തങ്ങളുടെ ചട്ടുകമാക്കി നിര്‍ത്തേണ്ടതുണ്ടായിരുന്നു.
പള്ളി തകര്‍ക്കുമ്പോള്‍ ദലിതനായ കല്യാണ്‍സിംഗ്‌ യു.പിയുടെ മുഖ്യമന്ത്രിയാകുന്നത്‌ യാദൃശ്‌ചികമായിരുന്നില്ല. സാമൂഹികനീതിയുടെ കാഹളം മുഴക്കി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വി.പി. സിംഗ്‌ എടുത്ത രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയിലൂടെ പുതിയൊരു രാഷ്‌ട്രീയം ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്നത്‌ തടയുക എന്നതും മന്ദിര്‍ രാഷ്‌ട്രീയത്തിന്റെ അടിസ്‌ഥാനങ്ങളിലൊന്നായിരുന്നു. രാഷ്‌ട്രശില്‍പി ബി.ആര്‍. അംബേദ്‌കറിന്റെ ചരമദിനത്തെ ബാബറി പള്ളി പൊളിച്ചുമാറ്റാന്‍ അനുയോജ്യ ദിനമായി തെരഞ്ഞെടുത്തത്‌ ഭാവിയിലുരുത്തിരിഞ്ഞു വരാവുന്ന രാഷ്‌ട്രീയ ധ്രുവീകരണത്തെ ലക്ഷ്യമിട്ടു കൊണ്ടു തന്നെയാണ്‌. രാഷ്‌ട്രത്തിന്‌ അംബേദ്‌്കര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിക്കാന്‍ ഒരു ഘട്ടത്തിലും തയാറാകാത്ത ശക്‌തികള്‍ക്ക്‌ അദ്ദേഹം വിസ്‌്മൃതിയിലേക്കു പോകുന്നതില്‍ ഒട്ടും വേദനയുണ്ടാകില്ല.
മതപരമായിരുന്നില്ല രാമക്ഷേത്രനിര്‍മാണ മുന്നേറ്റമെന്ന്‌ ബൃഹത്തായ ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വ്യക്‌തമായി സമര്‍ഥിക്കുന്നുണ്ട്‌. മതപരവും രാഷ്‌ട്രീയവും വ്യക്‌തിപരവും ആരാധനാപരവുമായ സ്വാതന്ത്ര്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ രാജ്യത്തെ പൗരന്മാരോട്‌ രാജ്യം നീതിചെയ്‌തു എന്നു പറയാനാവുക. ബാബറിയുടെ ഒരു ഘട്ടത്തിലും അങ്ങിനെ ഒരു നീതി ചെയ്യലിന്‌ രാഷ്‌ട്രം ഭരിച്ചവര്‍ തുനിഞ്ഞു കണ്ടിട്ടില്ല. ദീര്‍ഘനാളത്തെ വ്യവഹാരങ്ങള്‍ക്കൊടുവില്‍ അലാഹാബാദ്‌ ഹൈക്കോടതിയുടെ തീര്‍പ്പാക്കലും നീതി നിഷേധത്തിന്റെ ആവര്‍ത്തനം മാത്രമാണ്‌. ബാബറി ഉയര്‍ത്തുന്ന പ്രധാന ചോദ്യം രാജ്യത്തൊരു നിയമസംവിധാനം നിലനില്‍ക്കുന്നുണ്ടോ എന്നാണ്‌. അതിനുത്തരം നല്‍കേണ്ടത്‌ നീതിബോധമുള്ള ഭരണസംവിധാനത്തിന്റെ ബാധ്യതയാണ്‌.
ബാബറി മസ്‌ജിദ്‌ തകര്‍ച്ചയെകുറിച്ച്‌ അന്വേഷിച്ച ലിബറാന്‍ കമ്മിഷന്‍ നീണ്ട 17 വര്‍ഷത്തിനുശേഷം നല്‍കിയ റിപ്പോര്‍ട്ടിന്‌ മൂന്നു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടാകുന്നില്ല. ഇത്രയേറെ ഭീതിതമായ അവസ്‌ഥയിലേക്ക്‌ രാജ്യത്തെ നയിച്ച കുറ്റകൃത്യങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരാരെന്ന്‌ ലിബറാന്‍ കമ്മിഷന്‍ അക്കമിട്ടു പറഞ്ഞു തരുന്നുണ്ട്‌. സംഘപരിവാര നേതാക്കളും ഭരണത്തലവന്മാരും പോലീസുദ്യോസ്‌ഥന്മാരും തുടങ്ങി 68 പേര്‍ കുറ്റവാളികളാണ്‌. എന്നാല്‍ രോമത്തിനുപോലും പോറലേല്‍ക്കാതിരിക്കാന്‍ പ്രത്യേക സുരക്ഷാസംവിധാനമൊരുക്കി അവര്‍ ആദരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ മേന്മ. നീറിപ്പുകയുകയും പരിഹരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു പ്രശ്‌നമായിരുന്നില്ല ബാബറി. കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികള്‍ അവിടേക്കു വളര്‍ത്തുകയായിരുന്നു.
രാഷ്‌ട്രപിതാവിന്റെ ക്രൂരമായ കൊലപാതകത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ശരിയായ ഭീകരകൃത്യം ബാബറി ധ്വംസനമാണ്‌. രണ്ടുപതിറ്റാണ്ടിനു ശേഷവും ഈ ഭീകരകൃത്യത്തിലെ കുറ്റവാളികളെ നിയമം ശിക്ഷിക്കുന്നില്ലെങ്കില്‍ രാജ്യത്ത്‌ അരക്ഷിതാവസ്‌ഥ വളരുക മാത്രമേ ചെയ്യുകയുള്ളൂ. കോണ്‍ഗ്രസ്‌ വാക്ക്‌ പാലിച്ച ശീലം ബാബറിയുടെ കാര്യത്തില്‍ ഒരു സന്ദര്‍ഭത്തിലും ഇല്ലാത്തതുകൊണ്ടുതന്നെ 1992 ഡിസംബര്‍ 11 ന്‌ നരസിംഹ റാവു ആണയിട്ടു കൊണ്ട്‌ രാഷ്‌ട്രത്തോടു പറഞ്ഞ പള്ളി പുനര്‍നിര്‍മിക്കുമെന്ന വാഗ്‌ദാനം പാഴ്‌വാക്കു തന്നെയാണെന്ന്‌ അന്നേ വിലയിരുത്തപ്പെട്ടതാണ്‌. ബാബറി ധ്വംസനം പതുക്കെ വിസ്‌്മൃതിയിലേക്കു നീങ്ങുകയാണ്‌. മുസ്ലിംകളുടെ രാഷ്‌ട്രീയ കക്ഷിയായ മുസ്ലിംലീഗുതന്നെയും ബാബറി മറക്കണമെന്നാണ്‌ പുതിയ തലമുറയെ പഠിപ്പിക്കുന്നത്‌. ഇതാണ്‌ എന്നും ഹിന്ദുത്വര്‍ക്ക്‌ വളക്കൂറുള്ള മണ്ണാക്കി രാജ്യത്തെ മാറ്റുന്നതില്‍ പങ്ക്‌ വഹിക്കുന്നത്‌. നമ്മുടെ മറവിയിലാണ്‌ ഫാഷിസം കൂടുകൂട്ടുകയും കരുത്താര്‍ജിക്കുകയും ചെയ്യുന്നത്‌. എന്നു ബാബറി മസ്‌്ജിദ്‌ പുനര്‍നിര്‍മിച്ച്‌ നല്‍കുന്നോ അന്നു മാത്രമാണു രാഷ്‌ട്രം നീതി ചെയ്‌തു എന്നു പറയാനാവുക.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"