.jpg)
ഇടത്‌വലത് അതിര്‍വരമ്പുകള്‍ നേര്‍ത്തതായി കഴിഞ്ഞിരിക്കുന്നു. ആഗോളവല്‍ക്കരണ ഭൂതത്തെ തുറന്നുവിട്ട ശക്‌തികളുടെ ലക്ഷ്യം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതും ഇടതു കക്ഷികള്‍ക്കായിരുന്നു. ആഗോളവല്‍ക്കരണത്തിനെതിരായി പൊതുമനസ് രൂപപ്പെടുത്തുന്നതില്‍ ഇടതു പങ്ക് ചെറുതായിരുന്നില്ല. സാമ്രാജ്യത്വ അജന്‍ഡയെയും സയണിസ്‌റ്റ് താല്‍പര്യങ്ങളെയും കുറിച്ച് ഇടതു വായന ലഭിച്ച നല്ലൊരു സമൂഹം രാജ്യത്തുണ്ട്. പതിയെ പതിയെ നടത്തിയ വഴി മാറ്റത്തിലൂടെ ഇടതു ചേരിയെ വിശ്വാസത്തിലെടുക്കാന്‍ പറ്റാതായിക്കൊണ്ടിരിക്കുന്നു
വലിയ തോതില്‍ നയം വ്യതിയാനം സംഭവിച്ചുള്ള സി.പി.എമ്മിന്റെ പോക്കില്‍ നിഷ്‌പക്ഷ മതികള്‍ പ്രകടിപ്പിക്കുന്ന ആശങ്കയൊന്നും പാര്‍ട്ടി നേതൃത്വത്തിന് അസ്വസ്‌ഥതയുണ്ടാക്കുന്നില്ലെന്നു വേണം കരുതാന്‍. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന മര്‍മ്മ പ്രധാനമായ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തു സി.പി.എമ്മിനെ പ്രതീക്ഷിക്കുന്നവര്‍ക്കു തെറ്റുപറ്റുന്നെന്നു സമകാലിക സംഭവങ്ങളില്‍ പാര്‍ട്ടിയുടെ പോക്ക് കണ്ടാല്‍ വിലയിരുത്താം. രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ജനങ്ങളുടെ പങ്ക് കുറയുകയും മൂലധനശക്‌തികള്‍ പിടിമുറുക്കുകയും ചെയ്യുമ്പോള്‍ ഇടതു ചേരിയിലായിരുന്നു പ്രതീക്ഷ. ഇടതു ചേരിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദൗര്‍ബല്യങ്ങളും നികത്താന്‍ കഴിയാത്ത വലിയ വിടവാണ് ഉണ്ടാക്കുക.
രാജ്യം അകപ്പെട്ടു കഴിഞ്ഞ ഗുരുതരമായ പ്രതിസന്ധിയില്‍ അസ്വസ്‌ഥമാകുന്ന മഹാഭൂരിപക്ഷം മനസുകളുടെയും ഏകോപനത്തെ നിലപാടുകളുടെ അടിസ്‌ഥാനത്തില്‍ ആദ്യമാക്കിയെടുക്കാന്‍ കഴിയുക ഇടതുചേരിക്കാണ്. വലിയ കക്ഷി എന്ന നിലയില്‍ സി.പി.എമ്മിന് ഇതിലേറെ പങ്കു വിഹിക്കാനുണ്ട്. ഇടത്‌വലത് അതിര്‍വരമ്പുകള്‍ നേര്‍ത്തതായി കഴിഞ്ഞിരിക്കുന്നു. ആഗോളവല്‍ക്കരണ ഭൂതത്തെ തുറന്നുവിട്ട ശക്‌തികളുടെ ലക്ഷ്യം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതും ഇടതു കക്ഷികള്‍ക്കായിരുന്നു. ശക്‌തവും വ്യക്‌തവുമായ ഭാഷയിലും ശൈലിയിലും നല്‍കപ്പെട്ട വിദ്യാഭ്യാസത്തിലൂടെ ആഗോളവല്‍ക്കരണത്തിനെതിരായി പൊതുമനസ് രൂപപ്പെടുത്തുന്നതില്‍ ഇടതു പങ്ക് ചെറുതായിരുന്നില്ല. സാമ്രാജ്യത്വ അജന്‍ഡയെയും സയണിസ്‌റ്റ് താല്‍പര്യങ്ങളെയും കുറിച്ച് ഇടതു വായന ലഭിച്ച നല്ലൊരു സമൂഹം രാജ്യത്തുണ്ട്. പതിയെ പതിയെ നടത്തിയ വഴി മാറ്റത്തിലൂടെ ഇടതു ചേരിയെ വിശ്വാസത്തിലെടുക്കാന്‍ പറ്റാതായിക്കൊണ്ടിരിക്കുന്നു.
ആശയങ്ങളെക്കാള്‍ അധികാരത്തിന്റെ നിലനില്‍പിനുള്ള പ്രായോഗികത അന്വേഷിക്കാന്‍ സി.പി.എം. മുതിര്‍ന്നതു മുതലാണു വലതു ചേരിയിലേക്കുള്ള ഇടതു വഴിമാറ്റം എളുപ്പമായി തുടങ്ങിയത്. മറ്റുള്ളവര്‍ക്കു നേരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ശക്‌തമായ ശൈലിയില്‍ കടന്നാക്രമിക്കാന്‍ കഴിയാത്ത വിധമുള്ള വിധേയത്വം ബംഗാളിലെയും കേരളത്തിലെയും പാര്‍ട്ടി നേതൃത്വങ്ങളെ അധികാരത്തിന്റെ വഴിയില്‍ പിടികൂടി. ബംഗാളും കേരളവും ഒഴിച്ച് നിര്‍ത്തിയാലുള്ള സി.പി.എം. എന്നതു വലിയ പൂജ്യമാകും എന്നതിനാല്‍ രണ്ടു സംസ്‌ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കാന്‍ പോളിറ്റ്‌ബ്യൂറോ ബാധ്യസ്‌ഥമാണ്.
അധികാരത്തിലുള്ള സംസ്‌ഥാനങ്ങളില്‍ വികസന രംഗത്തും വ്യാവസായിക വളര്‍ച്ചയുടെ കാര്യത്തിലും വലതു ചേരിയുടെ കടംകൊള്ളല്‍ മാത്രമല്ല ചില മുന്‍നടത്തങ്ങള്‍ തന്നെ ഇടതു സര്‍ക്കാരുകള്‍ നടത്തിക്കഴിഞ്ഞിരുന്നു. മൂലധനശക്‌തികളോടുള്ള സൗഹൃദം വഴിവിട്ട ബന്ധങ്ങളുടെ മധ്യവര്‍ഗത്തെ കീഴറ്റം മുതല്‍ മേല്‍ തട്ടുവരെ സി.പി.എമ്മിനകത്ത് സൃഷ്‌്ടിച്ചിട്ടുണ്ട്. ഇത്തരം അപചയങ്ങളുടെ വളര്‍ച്ചയാണ് സി.പി.എം. പ്രതിസന്ധിയുടെ ആഴംകൂട്ടാന്‍ പ്രധാനകാരണമായത്. അപചയങ്ങളുടെ എത്തിപ്പെട്ട് സവിശേഷ സാഹചര്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തുക എന്നതായി പാര്‍ട്ടിയുടെ ദൗത്യങ്ങളില്‍ മുഖ്യം.
സി.പി.എമ്മിന്റെ ശക്‌തിക്ഷയങ്ങളെ തിരുത്താന്‍ കഴിയുന്ന ശേഷിയോ കൂടെ നില്‍ക്കുന്ന ഇടതു പാര്‍ട്ടികള്‍ക്ക് ഇല്ലാതെ പോയി എന്നതും ന്യൂനതയാണ്. ആള്‍ബലവും സാമ്പത്തിക ബലവും പൊതുവെ കാരയങ്ങളുടെ മേല്‍ക്കോയ്‌മ സ്‌ഥാപിക്കുന്നതുപോലെ മുന്നണി ബന്ധങ്ങളിലും അത്രയൊക്കയെ സാധിക്കുകയുള്ളൂ. സി.പി.ഐയെ പോലെയുള്ള സാമാന്യം പൊതുസ്വീകാര്യ നിലപാടുള്ള പ്രസ്‌ഥാനങ്ങള്‍ പോലും സി.പി.എം. വരുത്തിയ പ്രതിസന്ധിയുടെ ബലിയാടുകളാണ്. ഇടതു ചേരി ദുര്‍ബലമാകുമ്പോഴുണ്ടാകാവുന്ന ഇരുണ്ട ഭാവിയെകുറിച്ച് ബോധ്യം ആദ്യമുണ്ടാവേണ്ടതു സി.പി.എമ്മിനു തന്നെയാണ്.
കോണ്‍ഗ്രസ് വളരെ മോശമാണ്. അതിനേക്കാള്‍ മോശമാണു ബി.ജെ.പി. എന്തെങ്കിലും നന്മ പ്രതീക്ഷാക്കുന്ന ഇടതു ചേരികൂടി രണ്ടു മോശക്കാരോടൊപ്പം മല്‍സരിക്കാന്‍ തുടങ്ങുന്നു എന്നുവന്നാല്‍, എന്താണു ബാക്കിയുണ്ടാവുക എന്ന മതനിരപേക്ഷ സമൂഹത്തിന്റെ ചോദ്യം പ്രസക്‌തമാണ്. രാജ്യത്തോടും ജനതയോടും പ്രതിബദ്ധതയൊട്ടുമില്ലാത്ത ഭരണസംവിധാനമാണു നിലനില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം നാള്‍ക്കുനാള്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കെ ജനപക്ഷത്തുനിന്ന് മുഖ്യറോള്‍ നിര്‍വഹിക്കേണ്ട പ്രധാന കക്ഷികളത്രയും അവര്‍ക്കു കവചം തീര്‍ക്കുന്ന കാഴ്‌ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ രാഷ്ര്‌ടീയ കൊലപാകങ്ങളില സി.പി.എമ്മിന്റെ പങ്ക് സൃഷ്‌്ടിച്ച പ്രതിസന്ധിയെ രാഷ്‌്രടീയ കാരണങ്ങളാലും ഇടപെടല്‍കൊണ്ടും മറികടക്കാന്‍ അവര്‍ക്കു സാധിച്ചു എന്നുവരാം.
അതേസമയം നിലപാടിലെ വ്യതിയാനത്തിലൂടെ സി.പി.എം. തീര്‍ത്ത പ്രതിസന്ധിയാണ് ആശങ്ക ഉളവാക്കുന്നതും ഗൗരവമര്‍ഹിക്കുന്നതും. വിട്ടുവീഴ്‌ചയില്ലാത്ത സമീപനങ്ങളും ത്യാഗസന്നദ്ധതയും ആദര്‍ശ പ്രതിബദ്ധതയുമുള്ള മുന്‍തലമുറ പകര്‍ന്നു നല്‍കിയ സമരോത്സുകതയും വീര്യവുമാണ് ഇന്നും ചെങ്കൊടി മാറോട് ചേര്‍ത്തു പിടിക്കാന്‍ പതിനായിരങ്ങളെ പ്രേരിപ്പിക്കുന്നത്. ആ പഴയ പാര്‍ട്ടിയെ സ്വപ്‌നം കാണുന്ന നിസ്വാര്‍ഥരും നിഷ്‌കളങ്കരുമാണ് അടിക്കടി പാര്‍ട്ടി നേതൃത്വം പ്രതിസന്ധികള്‍ സൃഷ്‌്ടിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയെ തോളേറ്റി നടക്കുന്നത്. തങ്ങളുടെ പ്രതീക്ഷയ്‌ക്കും സ്വപ്‌നങ്ങള്‍ക്കും അപ്പുറത്തുള്ള പാര്‍ട്ടിയുടെ വഴി തെറ്റലിനെ വേദനയോടെയാണ് അവര്‍ നോക്കി കാണുന്നത്. വഴി തെറ്റിയുള്ള ഇത്തരം പോക്കിനെതിരേ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ ഇളക്കി മറിച്ചിലുകളുണ്ടാക്കുന്നില്ലെങ്കിലും ഇലയനക്കങ്ങള്‍ പോലും സി.പി.എമ്മിനു തലവേദനായായി മാറുന്നു. അണികള്‍ വിധേയരായി നില്‍ക്കണമെന്നു കാര്‍ക്കശ്യം പുലര്‍ത്തുന്ന പാര്‍ട്ടി നേതൃത്വത്തിനു മുണ്ടൂരിലും ഒഞ്ചിയത്തും ഷൊര്‍ണൂരിലും മാത്രമല്ല. നിയന്ത്രണങ്ങള്‍ നഷ്‌്ടപ്പെടുന്നത്. കണ്ണൂരിലെയും കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഇതു ദൃശ്യമാവുന്നുണ്ട്. അത്തരം നിയന്ത്രണം നഷ്‌ടപ്പെടലില്‍ നിന്നാണ് അണികളുടെ വികാരത്തോടൊപ്പം നില്‍ക്കുന്ന വര്‍ഗീയ കാര്‍ഡിറക്കാനും സി.പി.എം നേതൃത്വത്തിനു പ്രേരണയാകുന്നത്.
ആണവകരാറില്‍ യു.പി.എയ്‌ക്കു പിന്തുണ പിന്‍വലിച്ച പാര്‍ട്ടി നിലപാട് ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും കൂടംകുളത്തെ ആണവനിലയത്തെ പിന്തുണക്കുന്ന സി.പി.എം. നിലപാട് വഴിമാറ്റവും ദുരൂഹതയുണര്‍ത്തുന്നതുമാണ്. ഈ വൈരുദ്ധ്യം എങ്ങനെ വിശദീകരിച്ചാലും സാമാന്യജനത്തിനു ബോധ്യമാവില്ല.
സാമ്രാജ്യത്വ കടന്നുകയറ്റങ്ങള്‍ക്കെതിരേ ശക്‌തമായ പ്രതികരണങ്ങളുമായി ലോകത്തെമ്പാടും മുന്‍നിരയില്‍ നില്‍ക്കുന്നതു മുസ്ലിംകളാണ്. കമ്യൂണിസ്‌റ്റുകള്‍ക്ക് ഇതിനോട് യോജിക്കാനാണു കഴിയേണ്ടത്. തീവ്രവാദത്തിന്റെ പേരില്‍ ലോകമെമ്പാടും അമേരിക്കയും സഖ്യകക്ഷികളും മുസ്ലിം സമുദായ വേട്ട നടത്തുമ്പോള്‍ ഇടതുചേരി മൗനത്തിലാണ്. ലോകത്ത് നിലനില്‍ക്കുന്ന മുസ്ലിം വിരുദ്ധതയില്‍ ഇന്ത്യന്‍ ഭരണസംവിധാനവും അവരുടെ ഭാഗധേയം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.
രാജ്യത്തെ ജയിലുകളില്‍ ആയിരക്കണക്കിനു മുസ്ലിംകള്‍ ഇരകളാക്കപ്പെട്ട് കഴിയുമ്പോള്‍ അതൊന്നും പൗരാവകാശ ലംഘനം പോലുമായി ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എമ്മിനും താല്‍പര്യമില്ല. പൗരാവകാശലംഘനങ്ങളുടെയും നീതിനിഷേങ്ങളുടെയും ഇരകളില്‍ മഹാഭൂരിപക്ഷവും ദലിത് ആദിവാസി മുസ്ലിം പിന്നാക്ക ജനവിഭാഗങ്ങളാണ്, അവരോട് ചേര്‍ന്നു നില്‍ക്കാന്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്‌ത്രം തടസമുണ്ടാക്കുന്നില്ല. ചെങ്കൊടിയെ പുതിയ ഇടങ്ങളിലേക്ക് ചേര്‍ത്തുകെട്ടാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളാണ് പുതിയ വഴിമാറ്റമായി അനുഭവപ്പെടുന്നത്. ജനകീയ സമരങ്ങളിലും പാരിസ്‌ഥിതിക പ്രശ്‌നങ്ങളിലും പുത്തന്‍കൊടികളും വര്‍ണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ മുതലാളിമാരുടെ കാറിന്റെ ഡിക്കിയില്‍ പാര്‍ട്ടി പതാകയ്‌ക്ക് സുരക്ഷിത സ്‌ഥാനം കണ്ടെത്തുന്നതിനാണ് പുതിയ നേതൃത്വം ഏര്‍പ്പെടുന്നുവെന്ന പരിഭവം പാര്‍ട്ടി അണികള്‍ക്കുണ്ട്.
വര്‍ഗീയ കലാപങ്ങളും ബാബറി ധ്വംസനവും ഇന്ത്യന്‍ മനസിന് ഏല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല. ആവര്‍ത്തിക്കപ്പെടുന്ന നീതിനിഷേധമാണ് ബാബറി മസ്‌ജിദിന്റേത്. മസ്‌ജിദ് പുനര്‍നിര്‍മാണം സി.പി.എം. ഉന്നയിക്കുന്നില്ല എന്നത് തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ തുറന്നുപറച്ചില്‍ ഒരു സര്‍ട്ടിഫിക്കറ്റായി എ.കെ.ജി. സെന്ററില്‍ ഫ്രയിമിട്ട് വച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മതനിരപേക്ഷ ചേരിയില്‍ നിന്ന് പതുക്കെ പതുക്കെയുള്ള സി.പി.എമ്മിന്റെ വഴിമാറ്റം കേരളത്തിലെ പൊതുധാരയെ ചെറിയ തോതിലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ സി.പി.എം. ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്‌ഥാനമാണ് ഉറപ്പിച്ചിരുന്നത്.
സ്‌നേഹവും ബഹുമാനവും ആദരവും അംഗീകാരവും ഒരു പരിധിവരെ സി.പി.എമ്മിന്റെ വര്‍ഗീയ വിരുദ്ധനിലപാടുകൊണ്ട് ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നുവെന്ന വസ്‌തുതയെ നിരാകരിക്കേണ്ടതില്ല. എന്നാല്‍ സമീപകാലത്തെ ഗതിമാറ്റത്തെ അത്തര നിസ്സാര വല്‍ക്കരിക്കുന്നതില്‍ അര്‍ഥമില്ല. ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിമിനല്‍ സംഭവങ്ങളില്‍ സി.പി.എം. പ്രതിസ്‌ഥാനത്തു വന്നപ്പോള്‍ സ്വാഭാവിക പ്രതികരണങ്ങളാണ് പൊതുസമൂഹവും മാധ്യമങ്ങളും ഉയര്‍ത്തിവിട്ടത്. ജനകീയ അടിത്തറയുള്ള ഒരു പ്രസ്‌ഥാനത്തിന് കുറ്റകൃത്യങ്ങളിലെ പങ്ക് ഏറി വരുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികത മാത്രമാണത്. പ്രതിഷേധങ്ങളത്രയും എല്ലാവരും ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ശ്രമിച്ചതിന്റെ വിശദീകരിക്കാന്‍ ശ്രമിച്ചതാണ് സി.പി.എമ്മിനു പറ്റിയ തെറ്റ്. പ്രതിരോധശൈലിയാണ് സങ്കീര്‍ണതകള്‍ വര്‍ധിപ്പിച്ചത്. ന്യായങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യമാവാതെ വന്നതിന്റെ ഉത്തരവാദിത്തം വിശദീകരിക്കുന്നവരുടെ കുറവുതന്നെയാണ്.
വീണുകിട്ടിയ അവസരത്തെ ഉപയോഗപ്പെടുത്തി ജനാധിപത്യാവകാശങ്ങള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ പോയത് സി.പി.എമ്മിന്റെ കഴിവ് കുറവു മാത്രമല്ല അവരുടെ മുന്‍ചെയ്‌തികളുടെ ഫലം കൂടിയാണ്. സാമ്പത്തിക ശക്‌തികളും ദല്ലാളന്മാരും മതനിരപേക്ഷ ചേരിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനെ ചെറുക്കാന്‍ ഏറ്റവും അനുയോജ്യമായ മുന്നേറ്റം സൃഷ്‌്ടിച്ചെടുക്കുക എന്ന ബുദ്ധുപൂര്‍വമായ നിലപാടിന് പകരം എല്ലാറ്റിനും തലവച്ചു കൊടുക്കലാണ് സി.പി.എം. ശ്രമിച്ചത്. സി.പി.എം. ക്ഷയിക്കുന്നത് ഒരിക്കലും കോണ്‍ഗ്രസിനല്ല പ്രയോജനപ്പെടുക. തീവ്രവലതുപക്ഷ ഹിന്ദുത്വവിഭാഗം നെയ്യാറ്റിന്‍കരയില്‍ നല്ല നേട്ടങ്ങളുണ്ടാക്കിയതിന്റെ അനുഭവം മറക്കാനാവുന്നതല്ല. ഹിന്ദുത്വതീവ്രവാദ രാഷ്ര്‌ടീയത്തിന് അവസരം ലഭിക്കാത്ത രാഷ്ര്‌ടീയ നിലപാടില്‍ നിന്ന് പതുക്കെ പതുക്കെയുള്ള സിപിഎമ്മിന്റെ വ്യതിയാനത്തെ ശുഭസൂചനയായി കണ്ടുകൂടാ.
സവര്‍ണ താല്‍പര്യങ്ങള്‍ക്ക് സംരക്ഷണം ഒരുക്കും വിധം വനിതാ ബില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബി.ജെ.പിയുടെ സുഷമാസ്വരാജും സി.പി.എമ്മിന്റെ വൃന്ദാകാരാട്ടും പരസ്‌പര ആലിംഗനം നടത്തിയത് വര്‍ഗരാഷ്ര്‌ടീയത്തിന്റെ ഏത് അധ്യാപനങ്ങളുടെ അടിസ്‌ഥാനത്തിലാണെന്ന് വിശദീകരിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. ബംഗാളിലെ ബി.ജെ.പി. സ്വാധീനമില്ലായ്‌മ സി.പി.എമ്മിന്റെ വര്‍ഗീയ വിരുദ്ധ നിലപാടിനെയല്ല കുറിക്കുന്നത്. ബി.ജെ.പിക്ക് ഒരു റോളും നിര്‍വഹിക്കാനില്ലാത്ത വിധം എല്ലാ കാര്യങ്ങളും വൃത്തിയായി സി.പി.എം. ചയ്‌തുവച്ചിട്ടുണ്ടായിരുന്നു. മൂന്നരപതിറ്റാണ്ടിന്റെ ബംഗാള്‍ അതാണ് പറഞ്ഞു തരുന്നത്. ബി.ജെ.പിയുടെ ഏതു നയമാണ് ഒന്നിച്ച് വേദി പങ്കിടാന്‍ മാത്രം സി.പി.എമ്മിന് സ്വീകാര്യമായത് എന്ന വിശദീകരണവും സി.പി.എമ്മില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.
ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ സെപ്‌റ്റംബര്‍ 20 ന് നടന്ന ദേശീയ ബന്ദില്‍ ഒരുമിച്ചിരിക്കും മുമ്പ് വിദേശ നിക്ഷേപത്തിലും മൂലധനശക്‌തികളോടുള്ള നിലപാടിലും സാമ്രാജ്യത്വത്തോടുള്ള സമീപനത്തിലും ബി.ജെ.പി. ഒരിക്കലും മാറ്റം വരുത്തിയെന്ന് സി.പി.എമ്മിനെ ബോധ്യപ്പെടുത്തിയിരുന്നില്ല. അധികാരം ലഭിച്ച നിസാര കാലഘട്ടത്തില്‍ തന്നെ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയ ചരിത്രമാണ് ബി.ജെ.പിയുടേത്. ദേശീയ നിലപാടിനൊപ്പം ചേര്‍ന്നു നിന്നാണ് കേരളത്തിലെ നേതൃത്വത്തിലും അണികളിലും കാതലായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. വര്‍ഗീയ വിരുദ്ധതയെന്നത് സംഘപരിവാറിന്റെ മുസ്‌്ലിം വിരുദ്ധയിലേക്കുള്ള വഴിമാറ്റമായി അണികള്‍ പോലും എളുപ്പത്തില്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞിരിക്കുന്നു. താഴെ തട്ട് വരെ നേതൃത്വങ്ങളുടെ മൗനാനുവാദത്തോടെ നല്ല സഹവര്‍ത്തിത്വവും ഇഴകി ചേരലും ഉണ്ടാക്കിയെടുക്കാന്‍ ആര്‍.എസ്.എസിനും സി.പി.എമ്മിനും കഴിഞ്ഞു എന്നു വേണം കരുതാന്‍.
കണ്ണൂരിലെ രാഷ്ര്‌ടീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനല്ല പുതിയ സൗഹൃദമെന്നതു ഭീതിയുളവാക്കുന്നു. സംഘര്‍ഷങ്ങളുടെ ദിശമാറിയുള്ള സഞ്ചാരത്തിന് വഴിയൊരുക്കാന്‍ വേണ്ടിയാണെങ്കില്‍ വലിയ പതനമായിരിക്കും സംഭവിക്കുക. വര്‍ഗീയ ചിന്തയുടെ വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയതിന്റെ ഫലം നാദാപുരത്തും കണ്ണൂരിലെ ചില പ്രദേശങ്ങളിലും സി.പി.എമ്മില്‍ നിന്ന് അനുഭവിച്ചതാണ്.
തളിപറമ്പിലെ സി.പി.എം. ഓഫീസ് ആക്രമിക്കപ്പെട്ട കേസില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കക്ഷിയല്ല. എന്നിട്ടും ഒരു സഖ്യകക്ഷിയെപ്പോലെ അതിവേഗം പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാന്‍ ആര്‍.എസ്.എസ്. കാണിച്ച താല്‍പര്യത്തെ സി.പി.എം. സ്വാഗതം ചെയ്യുന്നതും ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ശവകുടീരത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി റീത്ത് വയ്‌ക്കുന്നതുമൊക്കെ സമാധാനത്തിന്റെ പുനസ്‌ഥാപന വഴിയില്‍ ആഹ്ലാദം നല്‍കുന്ന സന്ദേശമല്ല പ്രദാനം ചെയ്യുന്നത്.
സംഘപരിവാര്‍ സാഘോഷം കൊണ്ടാടുന്ന ബാലഗോകുലം പരിപാടികളില്‍ പാര്‍ട്ടി അണികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം വര്‍ധിക്കുന്നത് സി.പി.എമ്മിന് ആശങ്കയുണ്ടാക്കുന്നില്ല. അതേസമയം നബിദിന ഘോഷയാത്രയിലെ മുസ്‌്ലിം പങ്കാളിത്തത്തെ അസ്വസ്‌ഥതയോടെ കാണാനും പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് നല്ല ലക്ഷണമല്ല. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പടുത്തുയര്‍ത്തുന്ന പുതിയ സഖ്യത്തിന്റെ ആദ്യപ്രയോജനം തങ്ങള്‍ക്കാവണമെന്ന വിദൂരലക്ഷ്യത്തിന്റെ ഗൃഹപാഠവും പുതിയ സൗഹൃദത്തിന്റെ പിന്നിലുണ്ടാവാനിടയുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതിഷേധങ്ങളില്‍ ബി.ജെ.പിയുടെ പങ്കില്ലായ്‌മയും ചേര്‍ത്തു പറേേയണ്ടതുണ്ട്. തിരിച്ചറിയാന്‍ പല ചിഹ്നങ്ങളും പലരും ഉപയോഗപ്പെടുത്താറുണ്ട്. ആര്‍.എസ്.എസിനെ അവരുടെ തിരിച്ചറിവിന്റെ ചിഹ്നഹ്നം പൊതുവെ കാവിയാണ്. ചെങ്കൊടി നിറം മങ്ങി കാവിയായതല്ല വ്യാപകമായി കണ്ണൂരിലെ ഗ്രാമങ്ങളില്‍ സഖാക്കളുടെ കാവിത്തുണിയിലേക്കുള്ള മാറ്റം എന്നത്.
പരസ്‌പര സൗഹൃദത്തിന് പച്ചക്കൊടി കാണിച്ച് ആര്‍.എസ്.എസ്. മുഖപത്രത്തിന്റെ ലേഖനത്തോട് ക്രിയാത്മകമായി പ്രതികരിക്കാത്ത സി.പി.എം നിലപാട് പുതിയ ബന്ധത്തിനുള്ള മൗനസമ്മതമാണ്. ചരിത്രത്തിലൊരിക്കലും തിരുത്താനാവാത്ത ഭീമാബദ്ധമായിരിക്കും ഇതിലൂടെ സി.പി.എം. ഉണ്ടാക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ