2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

ഓമാനൂര്‍ ശുഹദാക്കള്‍ -1

കീഴാള പ്രതിരോധത്തിന് ഒരാമുഖം 
   കേരള ചരിത്രത്തില്‍ മാപ്പിളപ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടെയും ഘട്ടം അവലോകനം ചെയ്യുമ്പോള്‍ പൊതുപരിഗണന ലഭിക്കാതെപോയ വലിയൊരു മേഖലയാണ് മാപ്പിളപ്പടകളുടേത്.മാപ്പിളസമൂഹത്തിന്റെ മുന്‍കൈയോടെ രൂപപ്പെട്ട സാമ്രാജ്യത്വവിരുദ്ധ-സ്വാതന്ത്രസമര പ്രവര്‍ത്തനങ്ങളെപ്പോലും അത്യന്തം പ്രതിലോമകാരമായ മതഭ്രാന്തായി അവമതിച്ച ചരിത്രരചനകള്‍ ,ജന്‍മിത്ത-നാടുവാഴിത്ത ശക്തികള്‍ക്കെതിരായി വികസിച്ചുവന്ന മാപ്പിളപ്പടകളെ നീതിപൂര്‍വ്വം പരിഗണിക്കാതിരുന്നത് യാദൃച്ഛികമല്ല.
   നാലുനൂറ്റാണ്ടോളം വിദേശമേല്‍ക്കോയ്മയുടെ സര്‍വവിധ നൃശംസതകള്‍ക്കും വിധേയമായ ഒരു ജനത അസാമാന്യധീരതയോടെ ഒരേ സമയം തദ്ദേശീയവും വൈദേശികവുമായ മര്‍ദ്ദക-അധികാരരൂപങ്ങളോടു ചെറുത്തുനിന്നിട്ടുണ്ട്.സ്വാതന്ത്ര്യസാക്ഷാല്‍ക്കാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ഇത്രയധികം കാലം സ്ഥൈര്യത്തോടെ നിലകൊണ്ട മറ്റൊരു സമുദായവും കേരളത്തിലുണ്ടായിട്ടില്ല എന്നു വ്യക്തമാണ്.വിദേശശക്തികളില്‍ നിന്നു നാടിനെ മോചിപ്പിക്കാനുള്ള മാപ്പിളസമൂഹത്തിന്റെ നിഷ്കളങ്കമായ സമരസന്നദ്ധതയ്ക്കു സാമൂതിരിയെപ്പോലുള്ള നാട്ടുരാജ്യ അധികാരകേന്ദ്രങ്ങള്‍ നല്‍കിയ പിന്തുണ വിസ്മരിക്കാവതല്ല.എന്നാല്‍ പുതിയ വാണിജ്യശക്തികളുടെ ആക്രമണങ്ങളും ശക്തമായ സാമൂഹികസമ്മര്‍ദ്ദങ്ങളും നിമിത്തം വൈദേശികശക്തികളുമായി ചില അവിശുദ്ധ അനുരഞ്ജ്ജനങ്ങള്‍ക്ക്ചെറുത്തുനിന്ന ഇത്തരം നാട്ടുരാജ്യകേന്ദ്രങ്ങള്‍ക്കൂടി വിധേയമായതോടെ വിമോചനമുന്നേറ്റങ്ങളില്‍ മാപ്പിളസമൂഹം ഒറ്റപ്പെട്ടു.സാമൂതിരിയെപ്പോലുള്ള നാട്ടുരാജാക്കന്മാര്‍ കൈയോയിഞ്ഞതോടെ പൊതുമണ്ഡലത്തില്‍ മുസ്ലിങ്ങള്‍ക്കുണ്ടായ നിര്‍ണായകസ്ഥാനം നഷ്ടമാവുകയും അവരുടെ ഭൌതികമായ സകല അഭയസങ്കേതങ്ങളും നിഷേധിക്കപ്പെടുകയും ചെയ്തു.
ചരിത്രപശ്ചാത്തലം
   ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട സാമൂതിരിയുടെ അധികാരപരിധിയിലുള്ള കിഴക്കന്‍ പ്രദേശങ്ങളിലേക്കു പുതിയ മേച്ചില്‍പ്പുറം തേടിപ്പോവാന്‍ 17യാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാപ്പിളമാര്‍ നിര്‍ബന്ധിതരായി.ജാതീയമായ ഉച്ചനീച്ചത്വങ്ങളോട് ഇഴുകിച്ചേരാത്ത മാപ്പിളസമൂഹത്തിന്റെ വൃതിരിക്തത,കിഴക്കന്‍ പ്രദേശങ്ങളിലെ ജന്‍മിത്ത-നാടുവാഴിത്ത ശക്തികള്‍ക്ക് അത്രവേഗം ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല.17യാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ കേരത്തില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ശേഷിച്ച പോര്‍ച്ചുഗീസുകാര്‍ തീരദേശത്തുള്ള പല മുസ്ലിംകേന്ദ്രങ്ങള്‍ക്ക് നേരെയും മിന്നലാക്രമണം നടത്തിയതായി പറയപ്പെടുന്നുണ്ട്.എന്നാല്‍ ആക്രമിച്ച് എളുപ്പം പിന്‍മാറുന്ന അവര്‍കെതിരെ പ്രത്യാക്രമണ സജ്ജരാകുമ്പോയേക്കും അവര്‍ കടണുകളയുന്നതിനാല്‍ പോര്‍ച്ചുഗീസുകാരുടെ പല ദുഷ്ടചെയ്തികള്‍ക്കും പശ്ചാത്തലമൊരുക്കുന്നുവെന്നു മാപ്പിളമാര്‍ ധരിച്ച ക്രിസ്ത്യന്‍ അധിവാസകേന്ദ്രങ്ങള്‍ക്ക് നേരെയാണ് അവര്‍ പ്രതികാരം ചെയ്തത്.ഇത്തരം സാമുദായികസംഘര്‍ഷങ്ങള്‍ക്ക് അരങ്ങൊരുങ്ങിയ ഒരു സവിശേഷ ഘട്ടമായിരുന്നു 17യാം നൂറ്റാണ്ടിന്റെ അവസാനം.വൈദേശികശക്തികള്‍ക്ക് ഒറ്റുകാരായി വര്‍ത്തിച്ച ജന്‍മിത്ത-നാടുവായിത്ത ശക്തികളോടും മാപ്പിളസമൂഹം ചെറുത്തുനില്‍കേണ്ടി വന്നു എന്നതിനാല്‍ വല്ലാത്തൊരു അരക്ഷിതാവസ്ഥ തീര്‍ദേശങ്ങളില്‍ നിലനിന്നിരുന്നു.
   സാമൂഹിക്-രാഷ്ട്രീയസമ്മര്‍ദ്ദങ്ങളാല്‍ മാപ്പിളസമൂഹം സമുദ്രവ്യാപാരത്തില്‍നിന്നു കാര്‍ഷികവൃത്തിയിലേക്കും ചെറുകിട ഉള്‍നാടന്‍ വാണിജ്യങ്ങളിലേക്കും മാറാന്‍ നിര്‍ബന്ധിതമായ ഘട്ടമായിരുന്നു 17യാം നൂറ്റാണ്ടിന്റെ അവസാനം.കിഴക്കന്‍ പ്രദേശങ്ങളിലേക്കു പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ചെകേറിയ മാപ്പിളസമൂഹം അങ്ങിങ്ങായി ചെറിയ ആവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവിടങ്ങളിലെ എല്ലാ വിഭാഗം ജനങ്ങളോടും സൌഹൃദപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്തു.മനുഷ്യന്റേതായ യാതൊരു പരിഗണനയും നല്‍കാതെ സമൂഹത്തിന്റെ പ്രാന്തങ്ങളില്‍ അധിവസിച്ചിരുന്ന അധഃകൃത ജനവിഭാഗങ്ങളെ സംബന്ധിച്ച്,മനുഷ്യപ്പറ്റുള്ള മുസ്ലിംകളോടൊത്തുള്ള അധിവാസം ഒരു പുതിയ അനുഭവം തന്നെയായിരുന്നു.തീര്‍ദേശങ്ങളിലുള്ളതിനെക്കാള്‍ ജാതീയമായ അസമത്ത്വങ്ങളും വിവേചനപൂര്‍ണമായ ആചാരവിശേഷങ്ങളും കൂടുതലുണ്ടായിരുന്നതു കിഴക്കന്‍ പ്രദേശങ്ങളിലായിരുന്നു.മാപ്പിളമാരുടെ ആഗമനത്തോടെ സാമൂഹികമായ ഉച്ചനീച്ചത്വത്തിന്റെ ഈ സംവിധാനങ്ങള്‍ക്കപ്പുറം അധഃകൃത വിഭാഗങ്ങള്‍ക്കു പുതിയ സാമൂഹിക ഇടം രൂപപ്പെട്ടു.മാപ്പിളക്കുടികളില്‍ ഏത് അയിത്തജാതിക്കാരനും പ്രവേശനമനുവദിക്കപ്പെട്ടതിനാല്‍ മുസ്ലിങ്ങളോട് ആദരവുള്ള ഒരു സമീപനം അധഃകൃതവിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു.ഈ സമീപനത്തിന്റെ വികാസമായാണ് ഇസ്ലാമിലേക്കുള്ള അധഃകൃത വിഭാഗങ്ങളുടെ പ്രവേശനം സംഭവിക്കുന്നത്.
   സാമൂഹികബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശബ്ദമായ ഈ പരിവര്‍ത്തനങ്ങളോടു ജന്‍മിത്ത-നാടുവായിത്ത ശക്തികള്‍ നീരസം പ്രകടിപ്പിച്ചിരുന്നുവെന്നതു സ്വാഭാവികമായിരുന്നു.18ആം നൂറ്റാണ്ടിന്റെ ആരംഭ ഘട്ടത്തില്‍ മുസ്ലിംകളോടുള്ള ഈ നീരസം വെറുപ്പും ശത്രുതയുമായി രൂപാന്തരപ്പെടുകയും ചില സാമൂഹികസംഘര്‍ഷങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തു.ജന്‍മിത്ത-നാടുവായിത്ത ശക്തികള്‍ മതവികാരം ഇളക്കിവിട്ട് മുസ്ലിംകള്‍ക്കെതിരെ സംഘടിത ഉന്മൂലനത്തിന്നു മുതിര്‍ന്ന ഇത്തരം ചില സംഭവങ്ങളാണ് മാപ്പിളപ്പടകളുടെ ചരിത്രം അനാവരണം ചെയ്യുമ്പോള്‍ കണ്ടെത്താനാവുന്നത്.ഹിജ്റ 1128 (ക്രി.ശേ 1716)ല്‍ സംഭവിച്ച ഓമാനൂര്‍പ്പട ഈ ഗണത്തില്‍ സവിശേഷ ശ്രേദ്ധയര്‍ഹിക്കുന്ന ഒരു ചരിത്രസംഭവമാണ്.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാടുത്ത ഓമാനൂര്‍ എന്ന പ്രദേശത്തു നടന്ന സവര്‍ണ്ണ-ജന്‍മിത്ത ആക്രമണങ്ങളെ ധീരോദാത്തം നേരിട്ട മാപ്പിളവീറിന്റെ ഈ ചരിത്രം പുതിയ തലമുറയ്ക്കു പരിപൂര്‍ണ്ണമായും അജ്ഞാത മാണ്.
18 ആം നൂറ്റാണ്ട് ആരംഭം:ഒരു സംക്ഷിപ്തചിത്രം 
   സാമൂതിരിരാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ ഡച്ചുകാരുമായുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സാമൂതിരിയുടെ അധികാരപരിധിയില്‍ത്തന്നെയുള്ള ഓമാനൂര്‍ ദേശത്തു നിര്‍ണ്ണായകമായ ചില സംഭവങ്ങളുണ്ടാകുന്നത്.സാമൂതിരിയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്‍ 125ഓളം വരുന്ന നാടുവാഴികളുടെ അധീനതയിലായിരുന്നു.നാടുവാഴികളും ജന്മിമാരും ചേര്‍ണ്ണ ഒരു അധികാരശ്രേണിയാണ് അക്കാലത്തു നിലവിലുണ്ടായിരുന്നത്.ബിംബനൂര്‍ (ഓമാനൂര്‍ )    പാലുയ്(പള്ളിക്കുന്ന്)പോലുള്ള പ്രദേശങ്ങള്‍ അന്നു നാട്ടുമുഖ്യാനായ കരുണാകരന്‍ എന്ന സവര്‍ണ്ണ ജന്മിയുടെ അധികാരപരിധിയില്‍പ്പെട്ട പ്രദേശമായിരുന്നു.
   സാമൂതിരിയുടെ മേല്‍കോയ്മയ്ക്കു പുതിയ ഭീഷണിയായി ഡച്ചുകാര്‍ ആധിപത്യം സ്ഥാപിച്ചുക്കൊണ്ടിരുന്ന നിര്‍ണ്ണായകമായ ഒരു സന്ദര്‍ഭമായിരുന്നു അത്.ഡച്ചുകാരുടെ കൂടി സഹായത്തോടെയാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള അന്തിമമുന്നേറ്റങ്ങള്‍ മാപ്പിളനാവികര്‍ നടത്തിയതെങ്കിലും പില്‍ക്കാലത്തു ഡച്ചുസാനിധ്യം സാമൂതിരിക്കും മാപ്പിളസമൂഹത്തിന്നും ഭീഷണിയായി ഭവിക്കുകയാണുണ്ടായത്.സാമൂതിരിക്കുവേണ്ടി ഡച്ചുകാരുമായി യുദ്ധം ചെയ്യാന്‍ മാപ്പിളനാവികര്‍ രംഗത്തുണ്ടായിരുന്നു.എങ്കിലും കച്ചവടരംഗത്തു മുസ്ലിംകള്‍ക്കുണ്ടായിരുന്ന ആധിപത്യം ക്ഷയിക്കുകയും രാജ്യത്തിന്റെ സാമ്പത്തികോദ്ഗ്രഥനത്തെ നിര്‍ണ്ണയിക്കുന്ന ശക്തികളെന്ന നിലയ്ക്കുള്ള മുസ്ലിംകളുടെ സ്ഥാനം തിരോഭവിക്കുകയും ചെയ്തപ്പോള്‍ അവരോടുള്ള നാട്ടുരാജ്യ അധികാരകേന്ദ്രങ്ങളുടെ പരമ്പരാഗതസമീപനവും മാറി.സാമൂതിരിയെ സംബന്ധിച്ച് നാവികരെന്നനിലയ്ക്കുള്ള മുസ്ലിംകളുടെ സേവനം തുടര്‍ന്നും അനിവാര്യമായതിനാല്‍ മുസ്ലിംകളോടു സഹാനുകമ്പയോടെ വര്‍ത്തിക്കുന്നതിനെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു.എന്നാല്‍ ഈ പരിഗണന കിഴക്കന്‍ പ്രദേശങ്ങളിലുള്ള നാടുവായിത്ത-ജന്മിത്ത അധികാരകേന്ദ്രങ്ങളില്‍ നിന്ന് അതേ അനുപാതത്തില്‍ അവര്‍ക്കു ലഭിക്കുകയുണ്ടായില്ല.അക്കാലത്തു ഒരു മുസ്ലിം ആവാസകേന്ദ്രം വികസിച്ചുവരുന്നതില്‍ പല നാട്ടുമുഖ്യന്‍മാര്‍ക്കും നീരസമുണ്ടാവാന്‍ മറ്റുചില കാരണങ്ങള്‍കൂടിയുണ്ടായിരുന്നു.
മാപ്പിളസംസ്കാരവും പുതിയ സാമൂഹികബന്ധങ്ങളും 
   മാപ്പിള കച്ചവടക്കാര്‍ പടിഞ്ഞാറന്‍ത്തീരത്ത് അധഃകൃത വിഭാഗങ്ങളോടു കാണിച്ച ഔദാര്യപൂര്‍ണ്ണമായ സമീപനം കിഴക്കന്‍ പ്രദേശങ്ങളിലും തുടര്‍ന്നുവന്നിരുന്നതിനാല്‍ അധഃകൃത വിഭാഗങ്ങള്‍ക്കു മുസ്ലിംകളോട് അനുഭാവപൂര്‍ണ്ണമായ ഒരാഭിമുഖ്യം വളര്‍ന്നുവന്നു.ഈ സാംസ്കാരികസവിശേഷതകള്‍ തല്‍പ്പരകക്ഷികളില്‍ ചിലര്‍ക്ക് അസഹിഷ്ണുതയുളവാക്കി.അടിമകള്‍ക്കു തുല്യം പണിയെടുത്ത് ജന്മിത്തത്തെയും നാടുവാഴിത്തത്തെയും കൊഴുപ്പിക്കുകയും വരേണ്യവിഭാഗങ്ങളുടെ ദൃഷ്ടിയില്‍പ്പോലുംപ്പെടാന്‍ അനര്‍ഹരാവുകയും ചെയ്ത അധഃകൃത വിഭാഗങ്ങള്‍ അത്തരം സാമൂഹികമാമൂലുകള്‍ ആചരിച്ചു നിശ്ചലരായി നിലകൊള്ളുകയായിരുന്നു.മാപ്പിളകര്‍ഷകരാകട്ടെ തങ്ങള്‍ക്കു ലഭ്യമായ കാര്‍ഷികവിളവിന്റെയും മറ്റു സാമ്പത്തിക വിഭവസ്രോതസ്സുകളുടെയും പ്രായോജകര്‍ കൂടിയായി അധഃകൃതവിഭാഗങ്ങളെ പരിഗണിച്ചിരുന്നു.ഒരു മാപ്പിള കര്‍ഷകന്റെ കൃഷിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന നെല്ലിന്നു മുഴുവന്‍ പത്തിന്ന് ഒന്ന് എന്ന തോതിലുള്ള സകാത്ത് കഴിച്ചേ,പാട്ടവും രാജ്യഭാഗവും മറ്റു റവന്യൂകളും നല്‍കൂ എന്ന ചില മാപ്പിളകര്‍ഷകരുടെ നിലപാട് ചില പ്രശ്നങ്ങളുണ്ടാക്കി.പാട്ടം അളക്കുന്ന അറുനൂറ്റവരുമായി (നായന്മാര്‍  )ഈ വിഷയകമായ തര്‍ക്കം സര്‍വ്വസാധാരണമായി.തര്‍ക്കം മൂത്തപ്പോള്‍ ജന്മിമാര്‍ ഇടപെട്ടു.മാപ്പിളമാരെ സംബന്ധിച്ച് സകാത്ത് അവരുടെ വിശ്വാസപരമായ ബാധ്യതയും വൈകാരികവിഷയവുമാണന്നു തിരിച്ചറിഞ്ഞ ജന്മിമാര്‍ വിട്ടുവീഴ്ച്ചചെയ്യാന്‍ തയ്യാറായി.ആകെ ഉല്പ്പാദനത്തിന്റെ പത്തിന്റെ ഒന്ന് കിഴിച്ച് മറ്റുഭാഗങ്ങള്‍ കണക്കാക്കിയാല്‍ മതിയെന്നു ജന്മിമാര്‍ തീരുമാനത്തിലെത്തുകയും ചെയ്തു.ഇങ്ങനെ നീക്കിവെയ്ക്കപ്പെടുന്ന സകാത്ത് അക്കാലത്തു താഴ്ന്ന ജാതിക്കാര്‍ക്കും ലഭിച്ചിരുന്നു.
   ഈ സവിശേഷതകള്‍ നിമിത്തം മാപ്പിളമാര്‍ അധഃകൃതവിഭാഗങ്ങള്‍ക്കിടയില്‍ സര്‍വാംഗീകൃതമായ ആദരവു നേടി.സവര്‍ണ്ണ മേലാളന്മാരോട് സാമൂഹികസംവിധാനങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം ആദരവു പുലര്‍ത്താന്‍ നിര്‍ബന്ധിതമായ അധഃകൃത വിഭാഗങ്ങള്‍ക്കു മുസ്ലിങ്ങളോടുള്ള ആദരവ് നിര്‍വ്യാജമായിരുന്നു.ഈ ആദരവ് വികസിച്ച് അത് ഇസ്ലാമിലേക്കുള്ള മതം മാറ്റം തന്നെയായി രൂപാന്തരപ്പെട്ടപ്പോയാണ് സവര്‍ണ്ണ -നാടുവാഴിത്ത ശക്തികളില്‍ അസ്വാരസ്യങ്ങള്‍ ഉളവായിത്തുടങ്ങിയത്.
   ശവര്‍ണ്ണമാനസ്സില്‍ ഉരുണ്ടുകൂടിയിരുന്ന മാപ്പിളവിരുദ്ധമായ ഈ നീരസം ചെറിയ പ്രശ്നങ്ങളുടെ പേരില്‍ വെറുപ്പും ശത്രുതയുമായി രൂപാന്തരപ്പെട്ടു.വളരെ അപ്രധാനമായ കാരണങ്ങളെച്ചൊല്ലി അവര്‍ മാപ്പിളസമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.ഓമാനൂര്‍ സംഭവങ്ങള്‍ക്കു കാരണമായ ഒരു നായര്‍ യുവാവിനു മുസ്ലിം സംരക്ഷണം നല്‍കിയ സംഭവം അനാവരണം ചെയ്താല്‍ ഈ യാഥാര്‍ഥ്യം വ്യക്തമാവും.ഒരു സാമൂഹികസംഘര്‍ഷത്തിന്റെ കാരണമായി വികസിക്കാന്‍ മാത്രം പ്രാധാന്യമില്ലാത്ത ആ സംഭവം ഇപ്രകാരമായിരുന്നു.
ആദ്യകാരണം 
   തിരൂരിലെ നായര്‍സമുദായത്തില്‍പ്പെട്ട ഒരുയര്‍ന്ന കുടുംബത്തിലെ സ്ത്രീയെ അവരുടെ സമുദായാംഗമായ ഒരു നായര്‍ യുവാവ് മാനഭംഗപ്പെടുത്തി.ലൈംഗികതയും സദാചാരമാനദന്ധങ്ങളുമെല്ലാം സവര്‍ണ്ണ -ബ്രാഹ്മണതാല്‍പര്യങ്ങള്‍ക്കനുഗുണമായി നിര്‍വ്വചിക്കപ്പെട്ടിരുന്ന അക്കാലത്തു ചാരിത്രത്തിന്നു നേരെയുള്ള കൈയേറ്റത്തെക്കാള്‍ കൂടുതല്‍ ബ്രാഹ്മണരുടെ സാമൂഹികസ്വത്തിന്നു നേരെയുള്ള കൈയേറ്റമായാണ് ഈ സംഭവം പരിഗണിക്കപ്പെട്ടത്.അതുകൊണ്ടുതന്നെ സാമൂഹികവ്യവസ്ഥയെയും പരമ്പരാഗത മാമൂലുകളെയും ചോദ്യംചെയ്ത നായര്‍യുവാവ് ശവര്‍ണ്ണമേധാവിത്വ വ്യവസ്ഥയ്ക്ക് അനഭിമതനാവുകയും സാമൂഹികഭൃഷ്ട് അടക്കമുള്ള ശിക്ഷാനടപടികള്‍ക്കു വിധേയനാവുകയും ചെയ്തു.മര്‍ദ്ദനവും ബഹിഷ്കരണവും സഹിച്ച് ഒറ്റപ്പെട്ട ആ യുവാവ് തന്റെ ജീവന്നു തന്നെ ഭീഷണി നേരിട്ടപ്പോള്‍ ആ പ്രദേശത്തുനിന്നു ഒളിച്ചോടാന്‍ നിര്‍ബന്ധിതനായി.അക്കാലത്തു മാപ്പിളമാര്‍ കൂടി അധിവസിച്ചിരുന്ന ബിംബനൂര്‍ ദേശത്തെ കുഞ്ഞാലിയുടെ അടുത്താണ് യുവാവ് അഭയം തേടിയെത്തിയത്.ദയയും കനിവും സഹോദരസമുദായസ്നേഹവുമുണ്ടായിരുന്ന കുഞ്ഞാലി തികച്ചും മാനുഷികപരിഗണനവച്ച് അയാള്‍ക്ക് അഭയം നല്‍കി.മുസ്ലിംകളുടെ ഏതാനും കുടുംബങ്ങള്‍ മാത്രമേ അന്നു ബിംബനൂര്‍ പ്രദേശത്തു ഉണ്ടായിരുന്നുള്ളൂ.
   തിരൂരിലെ നായര്‍ക്കു മാപ്പിള കുഞ്ഞാലി അഭയം നല്‍കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ തിരൂരിലെ നായന്മാരില്‍ ചിലര്‍ ബിംബന്നൂരിലെ ചില സവര്‍ണരേയുംകൂട്ടി കുഞ്ഞാലിയുടെ അടുത്തെത്തി.അവര്‍ കുഞ്ഞാലിയുടെ വീട് വളയുകയും നായര്‍യുവാവിനെ വിട്ടുതരാണ്‍ ആവശ്യപ്പെടുകയും ചെയ്തു.നായര്‍യുവാവിനെതിരെ അവര്‍ ആരോപിച്ച കുറ്റങ്ങളെകുറിച്ചു കേട്ടറിഞ്ഞ കുഞ്ഞാലി അയാള്‍ക്ക് മാപ്പ് നല്‍കാനും അയാളെ ജീവിക്കാനനുവദിക്കാനും ആവശ്യപ്പെട്ടു.എന്നാല്‍,തങ്ങളുടെ സാമൂഹികവ്യവസ്ഥയെ ധിക്കരിച്ച നായര്‍യുവാവിന്റെ വക്കാലത്ത് ഏറ്റടുക്കുകയാണ് മാപ്പിള കുഞ്ഞാലി എന്നാണവര്‍ ധരിച്ചത്.കുഞ്ഞാലിയാവട്ടെ മാനുഷികമായപരിഗണന മാത്രം മുന്‍നിര്‍ത്തി താന്‍ അഭയം നല്‍കിയ നായര്‍യുവാവിനെ ഇത്തരമൊരു നിര്‍ണ്ണായകഘട്ടത്തില്‍ കൈവിടാന്‍ തയ്യാറല്ലായിരുന്നു.കുഞ്ഞാലിയുടെ ഈ വിസമ്മതം അവരില്‍ കൂടുതല്‍ ശത്രുതയുളവാക്കി.തല്‍ക്കാലം അവര്‍ പിന്തിരിഞ്ഞെങ്കിലും വൈകാതെ തന്നെ നിഗൂഢമായ നീക്കത്തിലൂടെ അവര്‍ നായര്‍യുവാവിനെ പിടികൂടി വദിച്ചുകളയുകയാനുണ്ടായത്.സമാധാനം കാംക്ഷിച്ച കുഞ്ഞാലി ഈ സംഭവം ഒരു കുഴപ്പത്തിന്നു കാരണമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവച്ചു.
                                                                                                                                                ( തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"