2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

പോലീസിന് അമിതാധികാരം ആവശ്യമോ ?




നാസറുദ്ദീന്‍ എളമരം


വിവാദങ്ങള്‍ സൃഷ്ടിച്ചു ഭരണവും വികസനവും ജനക്ഷേമപ്രവര്‍ത്തനങ്ങളും തടസപ്പെടുത്തി ജനകീയ സമരങ്ങളെ തകര്‍ക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന കേരളീയരുടെ പതിവു ശീലങ്ങള്‍ക്ക് അടുത്ത ഭാവിയിലൊന്നും മാറ്റംവരാന്‍ സാധ്യതയില്ല. കണ്ണൂരിലെ പോസ്റ്ററും ഫഌ്‌സും കോണ്‍ഗ്രസിലെ ഗ്രൂപ്പും വക്കം റിപ്പോര്‍ട്ടും മാറാടും ചേര്‍ത്തുവച്ചാല്‍ ഈ ആഴ്ച കുഴപ്പമില്ലാതെ തീരും. ജനപ്രതിനിധിയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ. സുധാകരന്റെ പേശീബലമുള്ള ചിത്രം കണ്ടതിനു കണ്ണൂരിലെ പോലീസ് സൂപ്രണ്ടിനു കലിയിളകേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിഴുപ്പലക്കാന്‍ എന്നും മല്‍സരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി മാത്രം കണ്ണൂര്‍ വിവാദത്തെ ഒതുക്കിനിര്‍ത്തുന്നത് അല്‍പത്തമാണ്. കഥയറിയാതെ ആടുന്നവര്‍ക്കു പിന്നാമ്പുറത്തെ കരുനീക്കങ്ങള്‍ അത്ര എളുപ്പം പിടികിട്ടിയെന്നു വരില്ല. ആര്‍ക്കും എന്തും എപ്പോഴും എങ്ങനെയും വിളിച്ചുപറയാന്‍ തുല്യാവകാശമുള്ള കോണ്‍ഗ്രസിനകത്തുള്ള തൊഴുത്തില്‍ കുത്തില്‍നിന്നുള്ള തര്‍ക്കവുമല്ല ഇത്. അറിയാതെ പോവുന്ന ചില നിഗൂഢലക്ഷ്യങ്ങള്‍ ഇതിനെല്ലാത്തിലും പിന്നിലുണ്ട്. കുറ്റമറ്റ രീതിയില്‍ നിലനില്‍ക്കണമെന്ന് എല്ലാവരും കൊതിക്കുന്ന ജനാധിപത്യ മതേതര പ്രതലത്തിന്റെ അറിയാത്ത പതനവും കൂടി ഇതിനിടയില്‍ സംഭവിക്കുന്നുണ്ട്.


കണ്ണൂരിലെ മങ്ങാട്ടുപറമ്പിലെ പോലീസ് ക്യാമ്പില്‍ കുളംകുഴിക്കാന്‍ സുധാകരന്‍ എം.പി. ഫണ്ട് നല്‍കിയതു കേരളത്തിലെ കോണ്‍ഗ്രസിനെ കുളംതോണ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെ ആവാന്‍ ഒരിക്കലും വഴിയില്ല. ഒന്നു നീന്തിക്കുളിക്കാനുള്ള ആവേശത്തില്‍ പോലീസിന്റെ സംഘടനാ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ അത്ര പിടിപാടില്ലാത്ത പോലീസുകാര്‍ അസോസിയേഷന്റെ പേരില്‍ ഒരു അഭിവാദ്യബോര്‍ഡ് സ്ഥാപിച്ചതു സാധാരണ നാട്ടുനടപ്പായി കണ്ടാല്‍ മതിയായിരുന്നു. നാടുമുഴുക്കെ ജനനായകരുടെ ഫഌ്‌സും പോസ്റ്ററും നിറഞ്ഞുനില്‍ക്കുമ്പോള്‍ നമ്മുടെ പോലീസുകാര്‍ക്കുമുണ്ടാവില്ലേ ചില ആഗ്രഹങ്ങള്‍? 


പോലീസ് അസോസിയേഷന്‍കാരുടെ ആദ്യ അപരാധമായി കണ്ടുകൊണ്ട് ഇതിനെതിരേയുണ്ടായ നടപടി സാധാരണക്കാരില്‍ പോലും ചര്‍ച്ചയാവുന്നുണ്ട്. കോഴിക്കോട് എ.ആര്‍. ക്യാമ്പിലെ പോലീസുകാര്‍ സമാനകാലത്തുതന്നെ ഉമ്മന്‍ചാണ്ടിക്കു വേണ്ടിയും ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തങ്ങളുടെ സംഘബോധം കാട്ടിയിട്ടുണ്ട്. നാട്ടിലെ മറ്റു മുഴുവന്‍ സര്‍വീസ് സംഘടനകള്‍ക്കും സംഘടനാ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുക്കെ കട്ടൗട്ടും ഫ്‌ളെക്‌സും സ്ഥാപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, ഈ നാട്ടുനടപ്പു പോലീസിനു മാത്രം വിലക്കുന്നതു വല്ലാത്ത വിവേചനംതന്നെയാണ്. 


സമര്‍ഥനും പൊതുവേ നിഷ്പക്ഷനുമായി അറിയപ്പെട്ടിരുന്ന അനൂപ് കുരുവിള ജോണ്‍ എന്ന ഐ.പി.എസുകാരന്റെ സ്വയം തീരുമാനമായി കണ്ണൂരിലെ ബോര്‍ഡ് മാറ്റത്തെ ചെറുതാക്കി കാണുന്നതില്‍ അര്‍ഥമില്ല. രണ്ടാഴ്ചയോളം യാതൊരു ചട്ടലംഘനവും ദര്‍ശിക്കാതെ എ.ആര്‍. ക്യാമ്പിന്റെ മുന്നില്‍ സ്ഥാപിച്ച ഫഌ്‌സ് ബോര്‍ഡിനു നേരേ അരിശം തോന്നാന്‍ പൊട്ടിമുളച്ച പ്രത്യേക പ്രകോപനങ്ങളൊന്നും ഉണ്ടായതായി അറിയില്ല. ഒരു മേലുത്തരവിന്റെയോ മേല്‍നോട്ടത്തിന്റെയോ പിന്‍ബലവും ശക്തിയുമില്ലാതെ കരുത്തനായ ജനപ്രതിനിധിക്കു നേരേ ഇത്ര ധൈര്യത്തില്‍ കൈപൊങ്ങാന്‍ ഇടയില്ല. ജില്ലാ പോലീസ് മേധാവി മാത്രം നല്‍കിയാല്‍ മതിയാവുന്ന വിശദീകരണമല്ല ഇതിനു ലഭിക്കേണ്ടത്. ചട്ടലംഘനമാണു നടന്നതെങ്കില്‍ കണ്ണൂരിലേത് ആദ്യത്തെ സംഭവമാണോ നടന്നതെന്നു വിശദീകരിക്കപ്പെടേണ്ടതുണ്ട്. 


പോലീസ് സേന തീര്‍ത്തും നിഷ്പക്ഷമാവണം. സ്വതന്ത്രമാവണം. നീതിപൂര്‍വമാവണം. മതേതര കാഴ്ചപ്പാട് പുലര്‍ത്തുന്നതാവണം. അക്കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. അത്തരമൊരു വിശാല നിലപാടില്‍നിന്നാണോ കണ്ണൂര്‍ വിവാദത്തിനു തുടക്കമിടുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്തു നിലനില്‍ക്കുന്ന ഭരണരാഷ്ട്രീയ സംവിധാനം ഏതെങ്കിലും ഘട്ടത്തില്‍ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നോ നിലനിന്നിരുന്നത്. സ്വതന്ത്രമാക്കിയ പോലീസിനു മേല്‍ യാതൊരുവിധ നിയന്ത്രണവും ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെന്നതിന്റെ ജീവിക്കുന്ന തെളിവുകള്‍ ധാരാളം നമുക്കു മുമ്പിലുണ്ട്. 


ജനഹിതമനുസരിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന്് നല്‍കിയ അമിതാധികാരം മൂലം ഭരണകൂടങ്ങള്‍ക്കു കഴിയുന്നില്ല. നിയന്ത്രണമില്ലെന്നു മാത്രമല്ല, പോലിസിന്റെ മുഴുവന്‍ ചെയ്തികളെയും ന്യായീകരിക്കേണ്ട നിര്‍ബന്ധബാധ്യതയും ഭരണത്തലവനു വന്നുചേരുകയും ചെയ്യുന്നു. കസ്റ്റഡിമരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും കള്ളക്കേസുകളും വെടിവയ്പ്പുകളും കേസ് അട്ടിമറികളും മൊഴിമാറ്റലുകളും ഭരണകോട്ടങ്ങളായി വരുന്നത് ഇങ്ങനെയാണ്. ജനാധിപത്യസംവിധാനത്തെ വകവയ്ക്കാത്ത സമാന്തരഭരണസംവിധാനത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പോലീസിനു നല്‍കുന്ന അമിതാധികാരം നികത്താനാവാത്ത നഷ്ടമായിരിക്കും വരുത്തിവയ്ക്കുക. പോലീസിനു മേലുള്ള അമിതാധികാരവും സ്വാതന്ത്ര്യവും നിയന്ത്രണവും ഇതിനു മുമ്പും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഒരു സര്‍ക്കാര്‍ അന്തിമമായി സംരക്ഷിച്ചുനിര്‍ത്തേണ്ടത് ജനഹിതത്തെയാണ്. അതിനായിരിക്കണം പോലീസിനെയും ഭരണസംവിധാനത്തെയും ഉപയോഗപ്പെടുത്തേണ്ടത്. അതേസമയം, നിഷ്പക്ഷമായി നിര്‍ത്തുന്ന എന്ന വ്യാജേന പ്രത്യുപകാര സംരക്ഷണവും ഗ്രൂപ്പ് താല്‍പ്പര്യ മേല്‍ക്കോയ്മയും സംരംക്ഷിക്കുന്നതിനു വേണ്ടിയാണു ശ്രമമെങ്കില്‍ ഇതിനേക്കാള്‍ വലിയ പൊട്ടിത്തെറിയിലായിരിക്കും കാര്യങ്ങള്‍ എത്തിച്ചേരുക. 


ഭരിക്കുന്ന പാര്‍ട്ടിയും പോലീസ് സംവിധാനവും തമ്മിലുള്ള ഉടക്ക് എക്കാലത്തുമുണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ പാര്‍ട്ടി വിജയിക്കുകയും വ്യക്തികള്‍ തോല്‍ക്കുകയും ചെയ്ത കെ. കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മുന്നനുഭവങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് അറിയാതെ പോവേണ്ടതില്ല. പോലീസിലെ രാഷ്ട്രീയ ചേരിതിരിവിന് ആക്കംപകര്‍ന്നുനല്‍കിയത് ഇടതുഭരണകാലത്തെ സി.പി.എം. ഓറിയന്റേഷന്‍ മുഖേനയാണ്. സെല്‍ഭരണ പാരമ്പര്യം ഇപ്പോഴും തുടരുന്നതിലെ അതൃപ്തിയുടെ അണപൊട്ടിയൊഴുക്ക് കഴിഞ്ഞ കെ.പി.സി.സി. യോഗത്തില്‍ ഉണ്ടായതിനു തൊട്ടുതന്നെയാണ് കണ്ണൂര്‍ വിവാദത്തിനു തുടക്കമാവുന്നത്. ചത്ത പശുവിന്റെ മോരിന്റെ പുളിപ്പ് ഇപ്പോഴും മാറുന്നില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപത്തെ മുഖ്യമന്ത്രി അത്ര ഗൗനിച്ചുകണ്ടില്ല. 


നാട്ടിലുണ്ടാവുന്ന എല്ലാ വിവാദങ്ങളിലും കക്ഷിയായി ഉത്തരം നല്‍കേണ്ട ബാധ്യത പ്രത്യേക വാശിയായി മുഖ്യമന്ത്രി എടുക്കേണ്ടതില്ല. ഭരണത്തലവന്‍ എന്ന നിലയിലും കക്ഷിനേതാവ് എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമൊക്കെ പ്രതീക്ഷിക്കുക ഒരു മധ്യമനിലപാടിനെയാണ്. പോലീസിനെതിരേ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രതിപക്ഷവും പൗരാവകാശപ്രവര്‍ത്തകരും ഉന്നയിക്കുന്ന ആക്ഷേപങ്ങളിലെ കഴമ്പ് പരിശോധിക്കുന്നതിനു പകരം മുന്‍സര്‍ക്കാരുകളും ചില മുന്‍ഗാമികളും ചെയ്തതു പോലെ കലവറയില്ലാത്ത പിന്തുണയുമായി ഉദ്യോഗസ്ഥരുടെ പിന്നാലെ പോയാല്‍ ജനകീയനായ മുഖ്യമന്ത്രിക്ക് അതിവേഗം ബഹുദൂരം ഓടാന്‍ കഴിയില്ല. മതപരമോ സമുദായപരമോ രാഷ്ട്രീയപരമോ ആയ ഒരുതരം പ്രീണനത്തിനോ പക്ഷപാതിത്വത്തിനോ പ്രലോഭനത്തിനോ പോലീസ് സേന വശംവദമായിക്കൂടാ. മതചിഹ്നങ്ങളും രാഷ്ട്രീയപ്രചാരണായുധങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ചുമരുകളിലും ഓഫിസ് മുറികളിലും മതില്‍കെട്ടിനകത്തും സ്ഥിതിചെയ്യുന്നതിലെ ചട്ടലംഘനങ്ങള്‍ ഇതുവരെ ഒരു സര്‍ക്കാരും ഗൗരവമായി എടുത്തിട്ടില്ല. ചട്ടലംഘനം ആരു നടത്തിയാലും നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലെ ആത്മാര്‍ഥതയും ഉത്തരവാദിത്തബോധവും ഇനിയും തെളിയിക്കേണ്ടതുണ്ട്. ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ തുടങ്ങി സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തെ മുറിയില്‍ വരെ സംരക്ഷിച്ചുനിര്‍ത്തുന്ന മതചിഹ്നങ്ങള്‍ ഏതു ചട്ടങ്ങള്‍ക്കു വിധേയമായിക്കൊണ്ടാണെന്നു വിശദീകരിക്കേണ്ട ബാധ്യതയും മുഖ്യമന്ത്രിയില്‍ വന്നുചേരുന്നു. 


മതേതര പ്രതിച്ഛായയുള്ള നമ്മുടെ സേനയ്ക്കു യോജിച്ചതാണോ ഇതെല്ലാമെന്ന ഒരു ചര്‍ച്ചയും ആരും ഉയര്‍ത്തിക്കാണുന്നുമില്ല. പേരിലും പ്രവര്‍ത്തിയിലും സ്വഭാവത്തിലും ഏറെ കീര്‍ത്തി നമ്മുടെ സേനയ്ക്ക് ഉണ്ടായിരുന്നു. അമിതമായ രാഷ്ട്രീയ ഇടപെടല്‍ മൂലം ഇന്നതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സി.പി.എമ്മിന്റെയും സംഘപരിവാരത്തിന്റെയും സെല്‍യോഗങ്ങള്‍ മുടങ്ങാതെ നടക്കുകയും പ്രത്യേക ഫ്രാക്ഷനുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന പോലീസ് സേനയ്ക്കു നിഷ്പക്ഷ ആവരണം നല്‍കാനുള്ള ശ്രമം പാഴ്‌വേലയാണ്. രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറത്ത് മതപരമായ ചേരിതിരിവിന്റെ കാണാത്ത ഉള്‍ധാരപോലും അറിയാതെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളെ ലളിതമായി കണ്ടുകൂട. 


എല്ലാവിധ കെട്ടുപാടുകളില്‍നിന്നും പോലീസ് സേനയെ മുക്തമാക്കാനുള്ള ആര്‍ജവും തന്റേടവും ഇന്നു നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തില്‍നിന്നു പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല. കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കു സുധാകരനെ വിട്ട് കളിക്കാനാവില്ല. കോണ്‍ഗ്രസിനെതിരേ അവിശുദ്ധസഖ്യം സി.പി.എമ്മും സംഘപരിവാരവും തമ്മില്‍ അപ്രഖ്യാപിതമായി നിലനില്‍ക്കുന്നുവെന്ന അടക്കംപറച്ചില്‍ കണ്ണൂരിലെ സാധാരണക്കാരില്‍ വരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മാത്രമല്ല, സി.പി.എമ്മിന്റെ രാഷ്ട്രീയകുതന്ത്രങ്ങളെ മാത്രമല്ല, പേശീബല രാഷ്ട്രീയത്തെയും സുധാകരന്റെ തണലുള്ളതിനാലാണു കോണ്‍ഗ്രസ് മറികടക്കുന്നത്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കേ സുധാകരനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോവുക എന്നതു കോണ്‍ഗ്രസിന് അസാധ്യമാണ്. വിവാദങ്ങളില്‍ തലയിടാതെ പി.സി.സി. അധ്യക്ഷന്‍ പുലര്‍ത്തുന്ന മൗനം അതുകൊണ്ടുതന്നെ അര്‍ഥഗര്‍ഭമാണ്. 


കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തില്‍നിന്നു തരംതിരിച്ചെടുക്കേണ്ട ചില പതിരുകളുണ്ട്. ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ആത്മാഭിമാന സംരക്ഷണ ചുമതല ഭരണത്തലവനുണ്ടോ എന്നതാണ് ഒന്നാമത്തെ കാര്യം. പോലീസിനു നല്‍കുന്ന അമിതാധികാരത്തിലൂടെ ജനാഭിലാഷങ്ങള്‍ അട്ടിമറിച്ച് ഭരണമുഖം വികൃതമാവുന്നതും ഏറെ ഗൗരവമുള്ളതാണ്. 


സെക്യുലര്‍ ഡമോക്രാറ്റിക് സ്‌റ്റേറ്റ് എന്നതിനു പകരം പരമാധികാര പോലീസ് സ്‌റ്റേറ്റായി കേരളത്തിനെ മാറ്റുന്നതിന് ഒപ്പംനിന്നുകൊടുക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ടോ? നിലനില്‍ക്കുന്ന സാമൂഹികസാഹചര്യത്തില്‍ പാര്‍ട്ടിയും ജനങ്ങളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഘടകമാണെന്ന യാഥാര്‍ഥ്യം ഈ വിവാദം ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്നുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"