2013, നവംബർ 8, വെള്ളിയാഴ്‌ച

മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗീയതയുടെ കാവല്‍ നായ്ക്കളോ?



           മാധ്യമപ്രവര്‍ത്തകരോട് ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ചില സത്യങ്ങള്‍ തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ ഉല്‍ക്കണ്ഠകളിലൂടെയാണ് സമൂഹം ഇപ്പോള്‍ കടന്നുപോവുന്നത്. നാം  നേടിയെടുത്തുവെന്ന് അവകാശപ്പെടുന്ന കേരളീയ നവോത്ഥാനം ഒരു കെട്ടുകഥ മാത്രമാണെന്നാണ് ഇപ്പോഴത്തെ പല സംഭവങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. ജാതിയിലേക്കും മതത്തിലേക്കും നാം കൂടുതല്‍ കൂടുതലായി പിന്‍വാങ്ങുകയാണ്. ഇതിനു ഞാന്‍ ജാതി-മത-സമുദായ നേതാക്കളെ കുറ്റപ്പെടുത്തുകയില്ല. 
പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരേ, നിങ്ങളാണ് സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇപ്പോള്‍ വിഭജിക്കുന്നത്. നിങ്ങളാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ അകല്‍ച്ചയും ഭയവുമുണ്ടാക്കുന്നത്. ജാതി-മതക്കോമരങ്ങളുടെ ന്യൂയിസന്‍സുകള്‍ വലിയ വെണ്ടക്കാ അക്ഷരത്തില്‍ കൊടുത്ത് നിങ്ങളാണ് അവര്‍ക്കു മൈലേജുണ്ടാക്കുന്നത്. സി.പി.എം. കണ്ണൂരില്‍ നടത്തിയ മുസ്ലിം സമ്മേളനം ഞാന്‍ ഞെട്ടലോടെയാണു വായിച്ചത്. അവിടെ നമസ്കാരപ്പായ വിരിച്ചു. ബ്രാഹ്മണരുടെ സമ്മേളനം വിളിച്ചുകൂട്ടി അവിടെ ഹോമം നടത്താനുള്ള സൌകര്യം പിണറായി വിജയന്‍ ചെയ്തുകൊടുക്കുമോ എന്നു വ്യക്തമാക്കേണ്ടതുണ്ട്. 
കമ്മ്യൂണിസ്റ്റ് സമ്മേളനം വിളിച്ചുകൂട്ടി അവിടെ ഹിന്ദുക്കളെയും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിച്ചിരുത്തുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടിയിരുന്നത്. ഒരു സര്‍വമത സമ്മേളനം- അതാണ് നമ്മുടെ കാലം ആവശ്യപ്പെടുന്നത്. എന്നാല്‍, ഇതിനു മറ്റൊരു വശമുണ്ട്. സി.പി.എം. ഇങ്ങനെയോരു മുസ്ലിം സമ്മേളനം വിളിച്ചുകൂട്ടിയതുപോലും മാധ്യമപ്രവര്‍ത്തകരേ, നിങ്ങള്‍ കാരണമാണ്. 
മാധ്യമപ്രവര്‍ത്തകര്‍ മുസ്ലിംകളെ കരിവാരിത്തേക്കുകയാണ്. അവരെ പരിഹസിക്കുന്ന വിധത്തില്‍ വാര്‍ത്തകളും കാര്‍ട്ടൂണുകളും കൊടുക്കുന്നു. കശ്മീരില്‍ മലയാളി തീവ്രവാദികള്‍ നുഴഞ്ഞുകയറിയതുപോലെ നമ്മുടെ പല മീഡിയകളിലേക്കും ഹിന്ദു വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇന്നലെ ഒരു വാര്‍ത്താ ചാനല്‍ മുസ്ലിം വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ ഈശ്വറിനെയാണ് ഒരു വലിയ ആളായി അവതരിപ്പിച്ചത്. നിങ്ങള്‍ക്കറിയാമല്ലോ ആ ചെറുപ്പക്കാരന്റെ നിലവാരം. മുസ്ലിംകളെ താറടിക്കാന്‍ രാഹുല്‍ ഈശ്വറിയുയും മാധ്യമങ്ങള്‍ കൂട്ടുപിടിക്കുന്നു. 
മാധ്യമപ്രവര്‍ത്തകരേ, ആര്‍.എസ്.എസ്. ഒരു തിന്മ ചെയ്താല്‍ അതു ദേശീയവും മറ്റൊരു സംഘം തിന്മ ചെയ്താല്‍ അതു ദേശവിരുദ്ധവുമാവുന്നത് എങ്ങയൊണ്? എല്ലാ ഹിംസകളും മനുഷ്യവിരുദ്ധമാണ്. എല്ലാ ഹിംസകളും ദേശവിരുദ്ധമാണ്. എല്ലാ ഹിംസകളും ലോകവിരുദ്ധമാണ്. മുസ്ലിം വിഷയം എഴുതുമ്പോള്‍ നിങ്ങളുടെ പേനയ്ക്ക് കത്തിയുടെ മൂര്‍ച്ചയും ആര്‍.എസ്.എസിനെ കുറിച്ചെഴുതുമ്പോള്‍ നിങ്ങളുടെ പേനയ്ക്ക് തൂവല്‍സ്പര്‍ശവുമുണ്ടാവരുത്. ഒരുപാട് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്നുണ്ട് എന്നത് നമ്മുടെ പൊതുവായ ഉല്‍ക്കണ്ഠയാവേണ്ടതുണ്ട്. 

സാംസ്കാരിക അടിയന്തരാവസ്ഥക്കാലം 

പ്രിയപ്പെട്ടവരേ, ഞാന്‍ കോഴിക്കോട്ടു നിന്നാണ് ഇതെഴുതുന്നത്. ഇവിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുസ്ലിം പുസ്തകശാലകളില്‍ റെയ്ഡ് നടക്കുകയാണ്. നമ്മുടെ സി.വി. കുഞ്ഞിരാമനും എന്റെ സുഹൃത്ത് ബി.ആര്‍.പി. ഭാസ്കറിന്റെ അച്ഛുനുമൊക്കെ എഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന അസവര്‍ണര്‍ക്കു നല്ലത് ഇസ്ലാം എന്ന പുസ്തകം പോലും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാണ് പോലിസിന്റെ കണ്ടത്തല്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായി എനിക്കിതു തോന്നി. 
മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ കൂടുതല്‍ വര്‍ഗീയവാദികളുള്ളത് പോലിസ് വകുപ്പിലാണോ എന്നുപോലും സംശയം തോന്നുന്നു. തേജസ് എന്ന പത്രം പൂട്ടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുന്നു എന്നാണ് ഞാന്‍ അറിയുന്നത്. ആ പത്രത്തോടോ ആ പത്രം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയോടോ എനിക്ക് ഒട്ടും യോജിപ്പില്ല. ഞാനൊരു മുസ്ലിം വര്‍ഗീയവാദിയുമല്ല. പക്ഷേ, ഭരണകൂടം മാധ്യമങ്ങള്‍ പൂട്ടാന്‍ വരുന്നതിനെ സാംസ്കാരിക അടിയന്തരാവസ്ഥയായി നമ്മള്‍ കാണണം. 
ഞാന്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആ സത്യം ഇതാണ്: കേരളം സാംസ്കാരിക അടിയന്തരാവസ്ഥയുടെ നിഴലിലാണ്. നാളെ ഒരു മുസ്ലിം വര്‍ഗീയവാദി വലിയൊരു ഔദ്യോഗിക സ്ഥാനത്തെത്തുമ്പോള്‍- മുസ്ലിം സമൂഹം വലിയൊരു വോട്ടുബാങ്കാണ് എന്നു നാം മറക്കരുത്- ജന്മഭൂമി പൂട്ടാന്‍ ഉത്തരവു പുറപ്പെടുവിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ത്തകളുടെയും അറിവിന്റെയും ബഹുസ്വരതയെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടനീക്കത്തെ നാം എതിര്‍ക്കണം. ജന്മഭൂമിയും തേജസും ചന്ദ്രികയും നമുക്കു വേണം. ഒരേ ഞെട്ടില്‍ വിവിധ പൂക്കള്‍. 
മാധ്യമപ്രവര്‍ത്തകരേ, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം നിങ്ങള്‍. മാധ്യമധര്‍മം അതാണ്. അത് അധര്‍മമാവരുത്. നിങ്ങളില്‍ വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുക. എല്ലാ ഹിംസകളെയും എല്ലാ തീവ്രനിലപാടുകളെയും നാം എതിര്‍ക്കുക. തടിയന്റവിട സീറിനെയും നരേന്ദ്രമോഡിയെയും നാം ഒരേ കണ്ണു കൊണ്ടു കാണുക. വി.ആര്‍. കൃഷ്ണയ്യരിലല്ല, യു.ആര്‍. അനന്തമൂര്‍ത്തിയിലാണ് എന്റെ പ്രതീക്ഷ. 
എല്ലാ വര്‍ഗീയവാദങ്ങളും തുലഞ്ഞുപോവട്ടെ. എല്ലാവര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും നല്ലതു വരട്ടെ. 
                                                             
                                                              പുനത്തില്‍ കുഞ്ഞബ്ദുല്ല 


(കടപ്പാട്: സമകാലിക മലയാളം, 2013 ഒക്ടോബര്‍ 18)
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"