2013, ജനുവരി 24, വ്യാഴാഴ്‌ച

മാത്യകാ പ്രവാചകന്‍


മനുഷ്യനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും വഴികാണിക്കുകയും ചെയ്യുന്ന ദൈവം തന്നെ മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ സൃഷ്‌ടിച്ചുനല്‍കിയ ഏറ്റവും നല്ല മാതൃക പ്രവാചകന്‍മാരാണ്‌. ആ പ്രവാചക ശൃംഖലയില്‍ ശ്രേഷ്‌ഠപദവി അന്ത്യദൂതന്‍ എന്ന നിലയില്‍ മുഹമ്മദ്‌ നബിയില്‍ നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നു.
ദൈവീക പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ സ്‌മരണ കൂടുതലായി അയവിറക്കുന്ന സന്ദര്‍ഭമാണിത്‌. പ്രവാചകന്‍ ജന്മംകൊണ്ട മാസത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ലോകത്ത്‌ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. പ്രവാചകജീവിതം പകര്‍ന്നുനല്‍കിയ സന്ദേശങ്ങള്‍ ഏറെ മഹത്തരമാണ്‌. ലോകം മുഴുക്കെ ആദരിക്കപ്പെടുകയും സ്‌മരിക്കപ്പെടുകയും ചെയ്യുന്ന വ്യക്‌തിത്വമാണ്‌ പ്രവാചകന്റേത്‌.
മനുഷ്യചരിത്രത്തില്‍ സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും ഉത്ഥാനപതനങ്ങള്‍ ഏറെ ദര്‍ശിക്കാന്‍ കഴിയും. ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം ആധിപത്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ സമൂഹങ്ങളുടെ ഉദ്ധാരണത്തിന്‌ ദൈവീക ഇടപെടലുകള്‍ ധാരാളമായി നടന്നിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ തന്നെ യുഗപുരുഷന്മാരെ െദെവം പ്രവാചകന്‍മാരായി തെരഞ്ഞെടുക്കുന്നു. അതൊരു ദൈവീകചര്യയാണ്‌. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്‌ത സമൂഹങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ടിട്ടുണ്ട്‌.
ഒരോ സമൂഹത്തിന്റെയും അടിത്തട്ടില്‍ വേരുറച്ചുകഴിഞ്ഞ ജീര്‍ണ്ണതയുടെ വേരറുത്തുകളയാന്‍ പ്രവാചകന്‍മാര്‍ക്ക്‌ കഠിനാധ്വാനം തന്നെ വേണ്ടിവന്നു. ആ വഴിയില്‍ അവര്‍ കഠിനമായ ഏറ്റുവാങ്ങലുകള്‍ നേരിട്ടു. ജീവന്‍പോലും ബലി നല്‍കി. കുലമഹിമയും വംശെവെറിയും താന്‍പോരിമയും അഹങ്കാരവും ലൈംഗിക അരാജകത്വവും സാമ്പത്തിക ചൂഷണവും അനാചാരങ്ങളും അന്ധവിശ്വാസവും തുടങ്ങി സമൂഹത്തെ ഗ്രസിച്ച ഓരോന്നിനോടും സന്ധിയില്ലാത്ത നിലപാട്‌ ഓരോ കാലഘട്ടത്തിലെയും പ്രവാചകന്മാര്‍ സ്വീകരിച്ചു.
പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന സമൂഹങ്ങളില്‍ തന്നെ കാലക്രമേണ അപചയങ്ങള്‍ സംഭവിച്ചു. പ്രവാചകന്‍മാര്‍ക്ക്‌ പിന്‍തുടര്‍ന്നുവന്ന തലമുറ ദൈവീക പരിവേഷം നല്‍കി. ഏതൊരു ജീര്‍ണ്ണതയില്‍ നിന്നാണോ അവരെ ശുദ്ധീകരിച്ചെടുക്കാന്‍ ശ്രമിച്ചത്‌ അതേ ജീര്‍ണ്ണതകള്‍ തന്നെ അവരുടെ പിന്‍മുറയിലും കാലാന്തരേണ നിലനിന്നു.
ഏക ദൈവ സിദ്ധാന്തത്തിന്റെ സന്ദേശം മാത്രമാണ്‌ എല്ലാ പ്രവാചകന്മാരും ഉയര്‍ത്തിപ്പിടിച്ചത്‌. പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ ഏകെദെവസങ്കല്‍പ്പത്തെ അട്ടിമറിച്ചു.പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ്‌ മുഹമ്മദ്‌ നബി. അതിന്‌ മുമ്പ്‌ വന്ന മുഴുവന്‍ പ്രവാചകന്‍മാരെയും ഗ്രന്ഥങ്ങളെയും അംഗീകരിച്ചും സത്യപ്പെടുത്തിയുമാണ്‌, ഏകെദെവ സങ്കല്‍പ്പത്തില്‍ നിന്ന്‌ ബഹുദൂരം സഞ്ചരിച്ച സമൂഹത്തിനിടയിലേക്ക്‌ െദെവം മുഹമ്മദിനെ പ്രവാചകനായി നിയോഗിക്കുന്നത്‌.
അനാഥത്വത്തിലാണ്‌ പ്രവാചകതിരുമേനിയുടെ പിറവി. സാധാരണ കുടുംബത്തില്‍ ജനിച്ച നബിയുടെ ബാല്യം മുതലേ പരുക്കന്‍ അനുഭവങ്ങള്‍ കൂടെയുണ്ടായിരുന്നു. പെണ്‍കുഞ്ഞ്‌ പിറന്നാല്‍ അപമാനമായിക്കണ്ട്‌ മണ്ണില്‍ കുഴിച്ചുമൂടിയിരുന്നു. മദ്യവും മദിരാശിയും, പലിശയും ജീവിതത്തിന്റെ മുഖ്യഘടകമായിരുന്നു. എല്ലാ നിലയിലും ഇരുള്‍ മുറ്റിയ പ്രാകൃത സമൂഹം. ഗോത്രമഹിമ നിലനിര്‍ത്താന്‍ വാള്‍മുനകള്‍ തുടച്ചുമിനുക്കി നില്‍ക്കുന്ന അപരിഷ്‌കൃതര്‍.പരുക്കന്‍ ജീവിതസാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന മുഹമ്മദ്‌ നബിയെ പിന്നീട്‌ അഭിമുഖീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ദൈവം പ്രാപ്‌തമാക്കുകയായിരുന്നു.
ബാല്യം തൊട്ടേ സാമുഹ്യ ചുറ്റുപാടുകള്‍ മുഹമ്മദില്‍ അസ്വസ്‌ഥത ജനിപ്പിച്ചിരുന്നു. അസ്വസ്‌ഥമായ ആ കുരുന്നു മനസ്സ്‌ മലീമസമായ ചുറ്റുപാടില്‍ നിന്ന്‌ ചെറുപ്പത്തിലേ മാറിനില്‍്‌ക്കാന്‍ ശ്രമിച്ചു. ജീര്‍ണ്ണമാണ്‌ സമൂഹമെങ്കിലും നന്മയുടെ വറ്റാത്ത ഉറവകളും അവിടെ നിലനിന്നിരുന്നു. ബാല്യം മുതലേ ബഹുമാന്യ വ്യക്‌തിത്വം തന്നെയായിരുന്ന പ്രവാചകന്റേത്‌. തികഞ്ഞ നിഷ്‌പക്ഷതയും നീതിബോധവും എല്ലാവരും പ്രവാചകനില്‍ ദര്‍ശിച്ചു. സമ്പത്ത്‌ സൂക്ഷിക്കാന്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നതും തര്‍ക്കങ്ങളില്‍ മധ്യസ്‌ഥനാവുന്നതും മുഹമ്മദെന്ന വിശ്വസ്‌ത ബാലനായിരുന്നു. ആരും ആകര്‍ഷിക്കപ്പെടുന്ന വ്യക്‌തിത്വത്തെയാണ്‌ മുഹമ്മദിലൂടെ െദെവം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. െദെവം പ്രവാചകനിലൂടെ മികച്ച മാതൃകയാണ്‌ ലോകത്തിന്‌ മുമ്പില്‍ സമര്‍പ്പിച്ചത്‌. മാന്യമായ സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌ താന്‍ നിയോഗിക്കപ്പെട്ടതെന്ന പ്രവാചക വചനം ഏറെ അര്‍ത്ഥവത്താണ്‌. മുമ്പ്‌ കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്‍മാരുടെയും എല്ലാ ഗുണങ്ങളും സമന്വയിച്ച ദൈവികദൂതനായിരുന്ന മുഹമ്മദ്‌ നബി.
മനുഷ്യനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും വഴികാണിക്കുകയും ചെയ്യുന്ന ദൈവം തന്നെ മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ സൃഷ്‌ടിച്ചുനല്‍കിയ ഏറ്റവും നല്ല മാതൃക പ്രവാചകന്‍മാരാണ്‌. ആ പ്രവാചക ശൃംഘലയില്‍ ശ്രേഷ്‌ഠപദവി അന്ത്യദൂതന്‍ എന്ന നിലയില്‍ മുഹമ്മദ്‌ നബിയില്‍ നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നു.
ദൈവം മുഹമ്മദ്‌ നബിയിലൂടെ മുഴുവന്‍ മനുഷ്യകുലത്തിലും മാര്‍ഗദര്‍ശനമായി നില്‍കിയതാണ്‌ വിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്‌ എന്നാണ്‌ വഴിയറിയാതെ ഉഴലുന്ന മനുഷ്യനെ ദൈവം ത്വര്യപ്പെടുത്തുന്നത്‌, ക്ഷമാപൂര്‍വ്വവും യുക്‌തിഭദ്രവുമായി ഒരു സമൂഹത്തിന്റെ സമ്പൂര്‍ണ്ണ സംസ്‌കരണം 23 കൊല്ലം കൊണ്ട്‌ സാധ്യമാക്കിയെടുക്കാന്‍ മുഹമ്മദ്‌ നബിക്ക്‌ സാധിച്ചു. യുദ്ധക്കൊതിയന്‍മാരായ അറബികളുടെ കര്‍മ്മശേഷിയെ വളരെ സമര്‍ത്ഥമായി നന്മയുടെ വഴിയിലേക്ക്‌ തിരിച്ചുവിട്ടു. നിരര്‍ത്ഥകമായ അവരുടെ വിശ്വാസപ്രമാണങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കിയെടുത്ത്‌ അവരെ ഏറ്റവും മാന്യസ്വഭാവത്തിന്റെ ഉടമകളാക്കിമാറ്റിയെടുത്തു. ഗോത്രമഹിമയുടെ ഉത്തുംഗതയില്‍ നിന്ന്‌ ഇറക്കിക്കൊണ്ടുവന്ന്‌ പരസ്‌പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു നല്‍കി. സ്‌ത്രീയെ പിറക്കാനനുവദിക്കാത്ത കാടന്‍ സംസ്‌കാരത്തെ ആ മണ്ണില്‍ത്തന്നെ കുഴിച്ചുമൂടി. ഏറ്റവും മാന്യന്‍ സ്‌ത്രീയോട്‌ നന്നായി പെരുമാറുന്നവനാണെന്ന പ്രവാചക പാഠങ്ങളും സ്‌ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ വകവച്ചുനല്‍കാനുള്ള ആജ്‌ഞയും അവരുടെ പദവി ഏറെ ഉയര്‍ത്തി.
ഓരോരുത്തരുടെയും മനസ്സറിഞ്ഞ്‌ പെരുമാറിയ പ്രവാചകന്‍ അവരുടെ ഭാഷ സ്വായത്തമാക്കി അവരുടെ ഭാഷയില്‍ അവരോട്‌ സംവദിച്ചു.എല്ലാ സമസ്യകള്‍ക്കും പൂരണം കണ്ടെത്തുക പ്രവാചകനിലായിരുന്നു. സ്‌ഫുടം ചെയ്‌തെടുത്ത വിശ്വാസത്തിന്റെ ഉടമകളായി ഓരോരുത്തരെയും മാറ്റിയെടുത്ത്‌ അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ െകെപ്പിടിച്ചുയര്‍ത്തുകയായിരുന്നു പ്രവാചകന്‍. കുടുംബം, സമൂഹം, രാഷ്‌ട്രം ഓരോന്നിലും പ്രവാചകന്‍ മാര്‍ഗദര്‍ശകനായി നിന്നു. കുടുംബത്തില്‍ പ്രവാചകന്‍ നല്ല ഭര്‍ത്താവും പിതാവുമായിരുന്നു. കുടുംബജീവിതം ആഹ്ലാദകരമായി മുമ്പോട്ടു കൊണ്ടുപോവുന്നതില്‍ ഭാര്യമാര്‍ക്കിടയില്‍ നീതിപൂര്‍വ്വം വര്‍ത്തിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വീട്ടുജോലിയില്‍ സഹായിക്കാനും ഭാര്യമാരോടൊപ്പം വിനോദത്തിലേര്‍പ്പെടാനും ശ്രമിച്ച പ്രവാചകന്‍ മക്കള്‍ക്ക്‌ ഏറ്റവും നല്ല പിതാവായിരുന്നു. വിമര്‍ശിക്കുന്ന ഭാര്യമാര്‍ക്കും അതിനവസരം നല്‍കി.
പ്രാര്‍ത്ഥനാ വേളയില്‍ പോലും പേരമക്കളോടുള്ള സ്‌നേഹവാല്‍സല്യങ്ങള്‍ ഒട്ടും കുറയാതെ നോക്കിയ പ്രവാചകന്‍ അവരെയും തോളിലേറ്റി പട്ടണത്തില്‍ കറങ്ങുമായിരുന്നു. പള്ളികളില്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കുമ്പോള്‍ അവര്‍ക്കിയിലെ നേതാവിന്റെ റോളിലും യുദ്ധമുന്നണിയില്‍ െസെനിക തലവന്റെ റോളിലും ഒരുപോലെ നിറഞ്ഞുനില്‍ക്കാന്‍ പ്രവാചകന്‌ കഴിയുമായിരുന്നു. ജീബ്‌രീല്‍ മാലാഖയുടെ മുമ്പില്‍ വിദ്യാര്‍ഥിയുടെയും സ്വഫാ കുന്നിലും മദീനാ പള്ളിയിലും അധ്യാപകന്റെയും പ്രഭാഷകന്റെയും റോളും വിജയപ്രദമായി െകെകാര്യം ചെയ്യാന്‍ പ്രവാചകന്‌ സാധിച്ചു.
അറേബ്യയിലെ ഭരണാധികാരിയായപ്പോള്‍ നീതിമാനും നയതന്ത്രജ്‌ഞനും രാഷ്‌ട്രനിപുണനുമായി പ്രവാചകന്‍ മാതൃക കാണിച്ചു. ആദര്‍ശപ്രചാരണത്തിന്റെ വഴിയില്‍ സഹിക്കേണ്ടിവന്നതെല്ലാം ക്ഷമാപൂര്‍വ്വം നേരിടും. മക്കയിലെ വരേണ്യര്‍ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ശഅബ്‌ അബീത്വാലിബില്‍ പട്ടിണി കിടന്നു. പച്ചിലകഴിച്ച്‌ മൂന്ന്‌ കൊല്ലം കഴിച്ചുകൂട്ടി. നാട്ടില്‍ നിന്ന്‌ ആട്ടിയോടിച്ച്‌ ത്വാഇഫിലെ ബന്ധുക്കളില്‍ അഭയം തേടിയെത്തിയപ്പോള്‍ സ്വീകരിക്കാതെ എറിഞ്ഞ്‌ ഓടിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വിശാലതയാണ്‌ പ്രവാചകനില്‍ ദര്‍ശിക്കാനാവുന്നത്‌.
പരമ്പരാഗത വിശ്വാസാചാരങ്ങളെ ചോദ്യംചെയ്‌ത്‌ സമൂഹത്തില്‍ മുഹമ്മദ്‌ സൃഷ്‌ടിക്കുന്ന മാറ്റങ്ങള്‍ ഖുെറെശി പ്രമുഖരെ അസ്വസ്‌ഥമാക്കി. ഭീഷണി വിലപ്പോവാതെ വന്നപ്പോള്‍ പ്രലോഭനങ്ങളുമായി എത്തി. അധികാരവും സമ്പത്തും വച്ചുനീട്ടിയപ്പോള്‍ സൂര്യനും ചന്ദ്രനും െകെയില്‍ വച്ചുതന്നാലും പിന്‍മാറില്ലെന്ന നിശ്‌ചയദാര്‍ഢ്യത്തിന്റെ നിലപാട്‌ തുടര്‍ന്നു. അധികാരം കയ്യിലെത്തിയപ്പോള്‍ പൊതു ഖജനാവിന്റെ വിനിയോഗത്തിലെ സൂക്ഷ്‌മതക്ക്‌ തുല്യതയില്ലാത്ത മാതൃക പ്രവാചകന്‍ പകര്‍ന്നുനല്‍കി. ഗോത്രമഹിമയില്‍ മുന്നില്‍ നില്‍ക്കുന്ന മഖ്‌സൂം ഗോത്രത്തിലെ സ്‌ത്രീ കളവുകേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ശുപാര്‍ശയുമായി എത്തിയവരോട്‌ പ്രവാചകന്‍ പറഞ്ഞത്‌ ഇപ്രകാരം, എന്റെ മകള്‍ ഫാത്തിമയാണ്‌ കളവ്‌ നടത്തിയതെങ്കില്‍ ഞാന്‍ അവളുടെ െകെകള്‍ വെട്ടുക തന്നെചെയ്യും. വിവേചനമില്ലാത്ത നീതി ബോധത്തിന്റെ ഉടമ.
തൊഴിലിന്റെ മഹത്വം ലോകത്തിന്‌ മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയ പ്രവാചകന്‍ ആജ്‌ഞാപിച്ചത്‌ വിയര്‍പ്പു വറ്റും മുമ്പ്‌ തൊഴിലിന്‌ വേതനം നല്‍കണമെന്നാണ്‌. സ്വന്തം അനുചരന്റെ തൊഴിലെടുത്ത്‌ തഴമ്പിച്ച െകെകള്‍ കണ്ടപ്പോള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിപ്പിടിച്ച്‌ പറഞ്ഞത്‌ അല്ലാഹുവിനും അവന്റെ ദൂതനും ഏറ്റവും പ്രിയപ്പെട്ട കരങ്ങള്‍ കാണണമെങ്കില്‍ കണ്ടോളൂ എന്നാണ്‌.
അറേബ്യയുടെ പകുതിയേറെ ഭാഗത്തിന്റെ ചക്രവര്‍ത്തി പദവി കയ്യാളുമ്പോഴും പരുപരുത്ത പനയോലകളില്‍ തലയിണിയില്ലാതെ കിടന്നുറങ്ങുമായിരുന്നു ദൈവദൂതന്‍. ആട്ടിയോടിക്കപ്പെട്ട്‌ മക്കയിലേക്ക്‌ രക്‌തരഹിത വിപ്ലവത്തിലൂടെ തിരിച്ചെത്തിയ പ്രവാചകന്‍ തന്നെ ദ്രോഹിച്ചവര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കിയ മാതൃക ലോകത്തിന്‌ മുമ്പില്‍ ഇന്നും നിലനില്‍ക്കുന്നു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ വഴിയില്‍ അനുയായികള്‍ക്ക്‌ പ്രചോദനം നല്‍കി അവരില്‍ പ്രതീക്ഷ നല്‍കി. പേര്‍ഷ്യയുടെ ഭരണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാലത്ത്‌ കിസ്‌റയുടെ വളകള്‍ കയ്യില്‍ വരുമെന്ന്‌ സുറാഖയെ പ്രചോദിപ്പിച്ചു െദെവദൂതന്‍. കൊടിയ പീഢനങ്ങളേറ്റ്‌ സഹികെട്ട സ്‌ത്രീയോട്‌ നിര്‍ഭയമായി കഴിയുന്ന ഒരു കാലം വരാനിരിക്കുന്നുവെന്ന ആശ്വാസം പകര്‍ന്നുനല്‍കുന്നത്‌ കാണാം. അതെല്ലാം പിന്നീട്‌ പുലര്‍ന്നുകണ്ടു.
പ്രവാചകനോടൊപ്പം വിശ്വാസിയായതിനാല്‍ കൊടും മര്‍ദ്ദനത്തിന്‌ വിധേയനായി നിഗ്രോ അടിമയായിരുന്നു ബിലാല്‍. മക്കാ വിജയം യാഥാര്‍ഥ്യമായപ്പോള്‍ വിജയപ്രഖ്യാപനം നടത്താന്‍ കഅ്‌ബാലയത്തിന്റെ മുകളില്‍ കയറ്റി പ്രവാചകന്‍ ആദരിച്ചത്‌ ബിലാലിനെയായിരുന്നു. അങ്ങിനെ എല്ലാ തലങ്ങളിലും സമൂഹത്തെ തൊട്ടറിഞ്ഞ പ്രവാചകന്‍ അവരുടെ വിമോചനം സാധ്യമാക്കി. ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്‌ ഭാരമിറക്കിവെച്ച്‌ മര്‍ദ്ദിതന്റെ വിമോചനം സാധ്യമാക്കിയെടുക്കുകയെന്ന സാമൂഹ്യബാധ്യതയായിരുന്നു പ്രവാചകന്‍ നിര്‍വ്വഹിച്ചത്‌. അതാവട്ടെ പ്രവാചക സ്‌മരണയുടെ കാതലായ സന്ദേശം.

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"