2012, മാർച്ച് 31, ശനിയാഴ്‌ച

വ്യായാമം


  "    ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ."

ഭക്ഷണത്തെയും മരുന്നുകളെയും പോലെ പ്രധാനമാണു ശരിയായ വ്യായാമം. ഇതു ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഒരു പരിധിവരെ സ്വാധീനിക്കും. വ്യായാമത്തില്‍ ശരീരവും മനസ്സും ഒരുപോലെ വ്യാപൃതമാവണം. അത്തരത്തിലുള്ള വ്യായാമം  മാത്രമേ ഉപകാരപ്പെടുകയുള്ളൂ. ആരോഗ്യമായ ശരീരത്തിനും മനസ്സിനും ചിട്ടയായ ഭക്ഷണവും ഉറക്കവും പോലെ തന്നെ വ്യായാമവും ആവശ്യമാണ്. വൈകീട്ടും കാലത്തുമുള്ള നടത്തമാണ് ഏറ്റവും മികച്ച വ്യായാമമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. നടത്തം കൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചലിക്കുന്നു. ഇതു രക്തച്ഛംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വ്യായാമവും ആരോഗ്യവും:
ആരോഗ്യം ഉണ്ടാക്കിയെടുക്കാനും തുടര്‍ന്നു നിലനിര്‍ത്തി കൊണ്ടുപോകാനും വ്യായാമം കൊണ്ട് സാധിക്കുമെന്ന്‍ പല പഠനങ്ങളും തെളിയിച്ചിറ്റുണ്ട്.ഒട്ടും വ്യായാമം ചെയ്യുന്നില്ല എന്നത് ഒരു മോശപ്പെട്ട വാര്‍ത്തയാണ്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യായാമം കുറഞ്ഞു വരുന്നു. ജീവിത സൌകര്യം വര്‍ദ്ധിക്കുന്നതും അദ്ധ്വാനം കുറയുന്നതും കൊണ്ടാണ് ഇങ്ങനെ സമ്പവിക്കുന്നത്.  
എ.വ്യായാമമില്ലായ്മ കൊണ്ടുള്ള  ദോഷങ്ങള്‍ :
1.പേശിക്ക് ബലക്കുറവ്.
2.പൊണ്ണത്തടി.
3.ജോലിചെയ്യാനുള്ള കാര്യക്ഷമതയില്ലായ്മ.
4.ഉറക്കക്കുറവ്.
5.തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ.
6.ക്ഷീണം,അലസത.
7.ഹൃദയ സംബണ്ഡമായ അസുഖങ്ങള്‍ .
8.പ്രമേഹം,കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത.  
ബി.ഹൃദയത്തിന്ന് വരുന്ന അസുഖങ്ങള്‍ :
കൊറോണറി ഹാര്‍ട്ട് ഡിസീസ്,രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍ ,കൊളസ്ട്രോളിന്‍റെ 
അളവ് കൂടല്‍ ,ഹൃദയാഘാതം തുടങ്ങിയവ.
സി.പ്രമേഹം:  
പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുന്നു.കായ്ച്ചക്ക് തകരാര്‍ സംഭവിക്കുന്നു,വൃക്കയുടെ 
പ്രവര്‍ത്തനത്തെ ബാധിക്കുന്നു,കാലിലെ രക്തയോട്ടം കുറയുന്നു,കോശങ്ങള്‍ നശിക്കുന്നു.
ഡി.എല്ലിന്നുണ്ടാകുന്ന അസുഖങ്ങള്‍ :
എല്ലിന്റെ ദൃഢത കുറയും.
ഇ.മസിലിന് ഉണ്ടാകുന്ന അസുഖം :
മസിലിന്ന് ശോഷണം സംഭവിക്കും,മസിലിന്റെ ശക്തി കുറയും,മസിലിന്റെപ്രവര്‍ത്തനം 40വയസ്സ്    
മുതല്‍ കുറയും.
എഫ്. മാനസിക പ്രശ്നങ്ങള്‍ :
വ്യായാമം ചെയ്യുന്നവരെക്കാള്‍ ചെയ്യാത്തവരില്‍ 1.5ശതമാനം ഡിപ്രഷന്‍ കൂടുന്നു.മറവി രോഗം 
കൂടുന്നു,മാനസികാവസ്ഥയെ ബാധിക്കുന്നു.  

വ്യായാമം കൊണ്ടുള്ള ഗുണങ്ങള്‍ :
1.വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.
2. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാവുന്നു.
3.ഹൃദയമിടിപ്പ് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു.
4.രക്തസമ്മര്‍ദ്ധം കുറയുന്നു.
5.ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നു.
6.എല്ലിന്റെ ഷോശീകരണം (ബലക്ഷയം)തടയുന്നു,വളര്‍ച്ച കൂടുന്നു.
7.പ്രമേഹം,പൊണ്ണത്തടി എന്നിവ നിയന്ത്രണ വിദേയമാകുന്നു.
8.കൊളസ്ട്രോള്‍ കുറയുന്നു.
9.ഹാര്‍ട്ട് അറ്റാക്ക് തടയുന്നു.
10.കുടലിലെ കാന്‍സര്‍ സാധ്യത ഇല്ലാതാക്കുനു.
11.ടെന്‍ഷനും ഭയപ്പാടും ഇല്ലാതാക്കുന്നു.
12.ശക്തിയും ഊര്‍ജ്ജസ്വലതയും കൂടുന്നു.
13.ശരീരത്തിന്റെ ബലം സന്തുലിതമാകുന്നു.
14.സുഖമായ ഉറക്കം ലഭിക്കുന്നു.
15.ശരീര സന്ധികള്‍ക്കും കശേരുക്കള്‍കും പേശീനാഡികള്‍ക്കും കൂടുതല്‍ ആയാസവും ബലവും 
     സുഖവും കിട്ടുന്നു. 
16.ശരീരത്തിന്നും മനസ്സിന്നും സുഖം കിട്ടുന്നു.
17.മറവി രോഗം കുറയ്ക്കുന്നു.
18.പ്രായം ചെന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയും കുറയുകയും ശരീരത്തിന്നു ശക്തി കൂടുകയുംചെയ്യുന്നു.
19.നിത്യജീവിതത്തില്‍ പ്രസരിപ്പും പ്രസന്നതയും കൂടുന്നു.
 കൌമാരക്കാര്‍ക്ക് :
പേശീപുഷ്ട്ടിയും ദൃഢതയും ഉണ്ടാകുന്നു.ശരീരത്തില്‍ അടിയുന്ന കൊഴുപ്പ് കുറയ്ക്കുന്നു.എല്ലിന്ന് ബലം കൂടുന്നത് കൊണ്ട്  പിന്നീടുള്ള ജീവിതത്തില്‍ ഉപകാരപ്പെടുന്നു.രക്തസമ്മര്‍ദ്ദത്തിലുള്ള ക്രമീകരണം.
രോഗികള്‍ക്ക് :
വാതരോഗികള്‍ക്കും വികലാംഗര്‍ക്കും ഗുണം ചെയ്യും.പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഉല്‍പാദി -
പ്പിക്കപ്പെടുകയും ശരീരത്തിലെ ഗ്ലൂകോസ് നിയന്ത്രിതമാവുകയും ചെയ്യുന്നു.

ആന്തരിക ഗുണങ്ങള്‍ :
1.ഹൃദയത്തിലെ അറകള്‍ വികസിക്കും.
2.ഹാര്‍ട്ടിലെ മസിലിന്ന് ശക്തി കൂടും.
3.ബീറ്റ് ശക്തിയാകും.
4.രക്തചംക്രമണം നന്നായി നടക്കും.
5.ഹാര്‍ട്ട് റേറ്റ് കുറയും.
6.വ്യായാമം ചെയ്യുന്നവര്‍ക്ക് ചെയ്യാത്തവരെക്കാള്‍ രണ്ട് മടങ്ങ്    കൂടുതലായിരിക്കും രക്തചംക്രമനം.
7.രക്ത കുഴലുകള്‍ക്ക് ഇലാസ്തികത കൂടും.
8.രക്തധമനികളില്‍  അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയും.
9.ഹൈപ്പര്‍ ടെന്ഷന്‍ കുറയും.
ശ്വാസകോശത്തിന്ന് :
ഇതിന്റെ പ്രവര്‍ത്തനശേഷി കൂട്ടുന്നു,ഓക്സിജന്‍ വിതരണം കൂടും,കൂടുതല്‍ അദ്ധ്വാനിക്കാന്‍ സാധികും,
കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശരേരത്തില്‍നിന്ന് ഒഴിവാകും,കൂടുതല്‍ അനറോബിക്ക് വ്യായാമം 
ചെയ്യാന്‍ കഴിയും.  
മസിലുകള്‍ക്കും എല്ലുകള്‍ക്കും :
എല്ലിന്ന് നല്ല ശക്തിയും ഉറപ്പും ഉണ്ടാകുന്നു.വഴക്കവും ഇലാസ്തികതയും കിട്ടൂന്നു.മസിലിന്ന് വലിപ്പം കൂടും.മസിലിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകും.മസിലിന്ന് കഴിവും ശേഷിയും കൂടും.ടെന്‍റനും ലിഗ് മെന്റിനും കൂടുതല്‍ ശക്തികിട്ടും.
ദഹന പ്രക്രിയ:
ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയുന്നു.പോഷണം ലഭിക്കുന്നു.ശരീരത്തിന്റെ തൂക്കം കുറയുന്നു.ഇടയ്കിടെ ഭക്ഷണം കഴിക്കുന്ന പ്രവണത കുറഞ്ഞു ആവശ്യത്തിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടിയാല്‍ കൂടുതല്‍ വ്യായാമം 
ആവശ്യമാണ്. 

എങ്ങനെ നടക്കാം?

1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു മണിക്കൂറും എങ്കിലും നടക്കണം.

2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്. 

3. നടത്തം തുടങ്ങുന്നവര്‍ ആദ്യദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി. ക്രമേണ സമയവും വേഗവും കൂട്ടുക.

4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക. 
   
5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല.

6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കുന്നത് ഓടുന്നതിനു തുല്യമാണ്. മെഷീന്‍ വാങ്ങുന്നവര്‍ പരസ്യം കണ്ട് അതില്‍ വീഴരുത്. നല്ല കമ്പനിയുടേതും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാങ്ങാവൂ. ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്. ഇതു നടുവേദനയ്ക്കു കാരണമാവും. 

7. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, കാല്‍വേദന, തലവദേന തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ അമിതവേഗത്തില്‍ നടക്കുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാം. ഇത്തരക്കാര്‍ മറ്റു വല്ല വ്യായാമവും തിരഞ്ഞെടുക്കുന്നതാവും നല്ലത്. 

8. കാലുകള്‍ ഉറപ്പിച്ചു ചവിട്ടിനടന്നാല്‍ മടമ്പിനു വേദനയുണ്ടാവും. സാധാരണ നടക്കാറുള്ളതുപോലെ നടക്കുക. കനംകുറഞ്ഞ സ്പോര്‍ട്സ് ഷൂവുകള്‍ ധരിച്ചു നടക്കുന്നത് ഉചിതമായിരിക്കും.

9. നടക്കുമ്പോള്‍ മൂക്കില്‍ കൂടി മാത്രം ശ്വാസം വിടാന്‍ ശ്രദ്ധിക്കുക. നടക്കാന്‍ തുടങ്ങും മുമ്പ് കൂടുതല്‍ വെള്ളം കുടിക്കരുത്. നടക്കുന്നതിന് 20-30 മിനിറ്റെങ്കിലും മുമ്പ് മാത്രം കുടിക്കുക (രാവിലെ എഴുന്നേല്‍ക്കുന്ന സമയം വെള്ളം കുടിക്കാം). 

10. അരമണിക്കൂറാണ് നടക്കാന്‍ തീരുമാനിച്ചതെങ്കില്‍ ആ സമയം ആവുമ്പോഴേക്കും പൊടുന്നനെ നിര്‍ത്താതെ നടത്തത്തിന്റെ വേഗം കുറച്ച് വിശ്രമിക്കുക. ശേഷം മൂന്നുതവണ പാദഹസ്താസനം ചെയ്യുന്നത് നന്നാവും.

2012, മാർച്ച് 29, വ്യാഴാഴ്‌ച

വിലപേശാന്‍ ദൗര്‍ബല്യങ്ങള്‍ ലീഗിനെ അനുവദിക്കുന്നില്ല



ഐക്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്‌ ഇനി ഒന്നരമാസമേ ബാക്കിയുള്ളൂ. വലിയ ഘോഷത്തോടെ അധികാരമേറ്റ മുന്നണി ആദ്യനാളുകളില്‍തന്നെ അതിന്റെ പരമാവധി അനൈക്യം കാണിച്ചുകഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ വി.എസ്‌. അച്യുതാനന്ദനും ശെല്‍വരാജുമെല്ലാം കാര്യമായി സഹായിച്ചതുകൊണ്ടും കോണ്‍ഗ്രസുകാരൊന്നിച്ചു കൈമെയ്‌ മറന്ന്‌ പണിയെടുത്തതുകൊണ്ടും പിറവം ജയിച്ചുകയറി. സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമാകുന്നതേയുള്ളൂ. എന്തായാലും തട്ടിമുട്ടി അഞ്ചുകൊല്ലം എത്തിയാല്‍ ഭാഗ്യമെന്ന കോലത്തിലാണു മുന്നണിയിലെ ഓരോ കക്ഷികളുടെയും മാനസികനില. സാങ്കേതിക ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫിലെ ഓരോ കക്ഷിയുടെയും മുള്ളുപൊക്കലിനെ അതുകൊണ്ടുതന്നെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്‌. പിള്ളയേയും ഗണേശിനേയും അനുനയിപ്പിക്കേണ്ട ബാധ്യത മുന്നണിയുടേതായി മാറി. അപ്പോള്‍പിന്നെ ലീഗിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ദീര്‍ഘകാലമായി അടിയില്‍ കിടന്നിരുന്ന ലീഗിന്റെ ഗ്രാഫ്‌ അസാധാരണമായി ഉയര്‍ന്നുപൊങ്ങി.

ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനെതിരേ ജനങ്ങള്‍ നല്‍കിയ വിധിയെഴുത്തിന്റെ നല്ലഫലം കൊയ്യാന്‍ ലീഗിനു സാധിച്ചതു മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ചിട്ടയോടെ പ്രവര്‍ത്തിച്ചതു മൂലമാണ്‌. എന്നാല്‍ ലീഗിനെപ്പോലെ കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനു ദുര്‍ബലമായ പ്രകടനമാണു കാഴ്‌ചവയ്‌ക്കാനായത്‌. കോണ്‍ഗ്രസ്‌ വലിയകക്ഷിയായെങ്കിലും മുസ്ലിംലീഗിന്റെ വിലപേശാനുള്ള ശക്‌തി മതിയായതിലും കൂടുതലുണ്ടായിരുന്നു. എന്നിട്ടും ഐക്യമുന്നണി മന്ത്രിസഭയുടെ രൂപീകരണ ഘട്ടത്തില്‍ തീര്‍ത്തും ന്യായവും അര്‍ഹവുമായ ഒരാവശ്യം നേടിയെടുക്കാന്‍ ലീഗിന്‌ അന്നു കഴിയാതെ പോയത്‌ എന്തുകൊണ്ടാണെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്‌.

മുസ്ലിംലീഗിന്റെ നേതൃനിരയിലുള്ളവരും സാധാരണ പ്രവര്‍ത്തകരുമടക്കം പറയുന്ന ചില ഉള്ളുകള്ളികള്‍ അതിന്റെ പിന്നിലുണ്ടായിരുന്നു എന്നുവേണം നിരീക്ഷിക്കാന്‍. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുംമുമ്പ്‌ മുതല്‍തന്നെ നിലനിന്നിരുന്ന രാഷ്‌ട്രീയ പരിസരം ലീഗ്‌ നേതൃത്വത്തിലെ ചിലരുടെയെല്ലാം ഉറക്കം നഷ്‌ടപ്പെടുത്തിയിരുന്നു. അതിനാല്‍ മുന്നണി മന്ത്രിസഭയുടെ അധികാരമേല്‍ക്കല്‍ കോണ്‍ഗ്രസിനെക്കാള്‍ ലീഗിന്റെ ആവശ്യമായിരുന്നു. അതുകൊണ്ട്‌ കിട്ടിയതുവച്ച്‌ സെറ്റില്‍ ചെയ്‌തു. സത്യപ്രതിജ്‌ഞ സമയത്തു നടന്നു. പ്രധാന പ്രതിയോഗിയായ വി.എസിനെ അധികനാള്‍ കെയര്‍ടേക്കറായി തുടരാന്‍ അനുവദിച്ചാല്‍ ഉണ്ടാകാവുന്ന അപകടം എന്താണെന്നു കൃത്യമായ ധാരണയുള്ളവര്‍തന്നെയായിരുന്നു ലീഗിന്റെ ചുക്കാന്‍ പിടിച്ചത്‌. ഒപ്പം അധികാരമില്ലാത്ത ഒരു അഞ്ചുവര്‍ഷം കൂടി എന്നത്‌ സ്വപ്‌നം കാണാന്‍പോലും ലീഗിന്‌ സാധിക്കുമായിരുന്നില്ല.

കോണ്‍ഗ്രസ്‌ നേടിയത്‌ 38 സീറ്റ്‌. മുഖ്യമന്ത്രിയും സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറുമടക്കം 12 സ്‌ഥാനങ്ങള്‍ കോണ്‍ഗ്രസ്‌ എടുത്തപ്പോള്‍ 20 സീറ്റ്‌ നേടിയ ലീഗിന്‌ ന്യായമായും ആറു സ്‌ഥാനങ്ങളെങ്കിലും ലഭിക്കേണ്ടതായിരുന്നു. ഒന്‍പത്‌ എം.എല്‍.എമാരുള്ള കേരളാ കോണ്‍ഗ്രസ്‌ മൂന്നു സ്‌ഥാനങ്ങള്‍ കൈവശപ്പെടുത്തിയ സ്‌ഥിതിക്കു ന്യായമായ ഒരാവശ്യത്തിനുവേണ്ടി നേതൃത്വത്തിനു ശക്‌തമായി നിലകൊള്ളാന്‍ യഥാസമയം കഴിയാതെ പോയതിന്റെ പിന്നിലെ ദൗര്‍ബല്യങ്ങളാണു ലീഗ്‌ രാഷ്‌ട്രീയത്തിനിപ്പോള്‍ പ്രതിസന്ധിയായി മാറിയിരിക്കുന്നത്‌. ഈ ദൗര്‍ബല്യത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന ലീഗിന്റെ ഗ്രാഫ്‌ പാരമ്യതയില്‍നിന്നു ക്രമേണ താഴേക്കു നീങ്ങാന്‍ തുടങ്ങി. അതിനെ മറികടക്കാനാണ്‌ അഞ്ചാം മന്ത്രിവാദത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത്‌.

അധികാരത്തിന്റെ കവാടം വരെ മാത്രമേ ലീഗ്‌ നേതൃത്വത്തിലെ പലര്‍ക്കും സമുദായവും ലീഗ്‌ പ്രവര്‍ത്തകരും സമുദായ സംഘടനകളുമൊക്കെ ആവശ്യമുള്ളൂ എന്ന പരാതി ദീര്‍ഘനാളായി ലീഗിനു നേരേ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രധാന വിമര്‍ശനമാണ്‌. അതിലേറെ കഴമ്പുണ്ടെന്നു തോന്നിക്കുന്ന ഇടപെടലുകളാണ്‌ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഒരു കാലത്ത്‌ സമുദായത്തിന്റെ അഭിമാന സ്‌തംഭങ്ങളായാണ്‌ ലീഗ്‌ നേതൃത്വത്തെ കണക്കാക്കിയിരുന്നത്‌. എന്നാല്‍, ഇന്നു പല ഘട്ടങ്ങളിലും സമുദായം താക്കീതു നല്‍കി അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടും ശീലങ്ങള്‍ തിരുത്താന്‍ ലീഗ്‌ നേതൃത്വം തയാറല്ല. മുന്നണിയില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും ലീഗ്‌ നേതൃത്വത്തിന്റെ ബലക്ഷയം പ്രവര്‍ത്തകര്‍ക്ക്‌ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

ഉള്‍പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച്‌ ലീഗ്‌ മുമ്പുതന്നെ സംസാരിക്കാറില്ല. ശാഖ മുതല്‍ സംസ്‌ഥാനതലം വരെ മെമ്പര്‍ഷിപ്പ്‌ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും വീതംവയ്‌ക്കല്‍ പോലും കൃത്യമായി നടത്തിക്കൊണ്ട്‌ പോകാന്‍ കഴിയാത്തത്ര ആഭ്യന്തര പ്രതിസന്ധിയാണു പല മേഖലകളിലും ലീഗ്‌ അനുഭവിക്കുന്നത്‌. വീതംവയ്‌ക്കല്‍തന്നെ ബലാബലം തെരുവില്‍ കാണിച്ചതാണ്‌ കാസര്‍ഗോഡും കണ്ണൂരും കൊയിലാണ്ടിയിലും കണ്ടത്‌. കോണ്‍ഗ്രസിന്റെ കൂടെ കിടന്നാണ്‌ ലീഗ്‌ ഇതെല്ലാം പഠിച്ചതെന്നു വിമര്‍ശിക്കുന്നതു കോണ്‍ഗ്രസിനെ ചെറുതാക്കി കാണലാകും. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌ഥാന നേതാക്കള്‍ക്കുനേരേ നിരന്തരമായി പ്രവര്‍ത്തകന്മാര്‍ കൈയേറ്റം നടത്തുന്ന അപൂര്‍വ സംഭവങ്ങള്‍ക്കു ലീഗ്‌ സാക്ഷ്യംവഹിച്ചു തുടങ്ങി.

ബാബറി മസ്‌ജിദ്‌ തകര്‍ച്ചയിലൂടെ ലീഗിലുണ്ടായ ഭിന്നത മറികടക്കാനും ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ ലീഗിനെ തട്ടിക്കൊണ്ടുപോവാതിരിക്കാനും വേണ്ടി സംസ്‌ഥാന ലീഗിനെ വേര്‍പെടുത്തിയ അതിബുദ്ധി ലീഗിനിപ്പോള്‍ തീരാത്ത ഊരാക്കുടുക്കായി മാറിയിരിക്കുന്നു. ലീഗ്‌ നേതാക്കള്‍ പലരും പലയിടത്തുനിന്നും മേശപ്പുറത്തടിച്ചും ആണയിട്ടും അഞ്ചാം മന്ത്രിയില്ലാതെ മുമ്പോട്ടില്ലെന്നു പ്രഖ്യാപിച്ചാലും ഒരു കാര്യം ഉറപ്പാണ്‌ . അലിയെ മന്ത്രിയാക്കണമെന്ന്‌ ഉള്ളുതുറന്നു പറയേണ്ട വ്യക്‌തി അതുപറയാതെ ലീഗിന്റെ ഈ അഞ്ചാം പനി വിട്ടുമാറാന്‍ പോകുന്നില്ല. ഇടതില്‍നിന്നു കളം മാറിയെത്തിയ മഞ്ഞളാംകുഴി അലിയെയും അനുയായികളെയും (അലിയുടെ കൂടെ വന്നവരല്ല. ലീഗിലെത്തിയ ശേഷം ലീഗിനകത്തുനിന്ന്‌ അലിയുണ്ടാക്കിയെടുത്ത അനുയായികള്‍ അതാണു ലീഗിന്റെ ഘടന) അധികനാള്‍ വെയിലത്തു നിര്‍ത്താന്‍ കഴിയണമെന്നില്ല. ശെല്‍വന്‍ കളം മാറിയതില്‍ ആരോപണവിധേയനായ പി.സി. ജോര്‍ജ്‌ തന്നെയാണത്രേ അലിയെയും ലീഗിലെത്തിച്ചത്‌. പി.സിക്കും അലിക്കുമൊക്കെ അറിയാത്ത ചില ഉള്ളുകള്ളികള്‍ ലീഗിനുണ്ട്‌.

ലീഗിലെ കുടിയേറ്റക്കാരെ അത്രവേഗമൊന്നും പഴയ ജന്മിമാര്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. ലീഗില്‍ കടന്നുവന്നവര്‍ എന്നും കടന്നുവന്നവര്‍തന്നെയാണ്‌. വ്യക്‌തിപ്രഭാവവും സംഘാടക മികവും പരിചയസമ്പന്നതയും എല്ലാം ഒത്തിണങ്ങിയിട്ടും ഇ.ടി. മുഹമ്മദ്‌ബഷീര്‍ ഏക ജനറല്‍ സെക്രട്ടറിയാകാതെ പോയത്‌ ഒരു കുടിയേറ്റ പാരമ്പര്യം ബാക്കിനിന്നതുകൊണ്ടാണ്‌. ശാഖാ പ്രസിഡന്റ്‌ മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ വരെയുള്ള ഉത്തരവാദിത്തവും കേന്ദ്രമന്ത്രിസ്‌ഥാനവും ഒന്നിച്ചുവഹിക്കാന്‍ ഇ. അഹമ്മദിന്‌ അതേസമയം ഒരു തടസവുമുണ്ടാകുന്നില്ല. പഴയ അഖിലേന്ത്യാ ലീഗുകാരും പുതിയ ഐ.എന്‍.എല്ലുകാരും മുന്‍ സിമി സമദാനിയും മുന്‍ സി.പി.ഐ. റഹ്‌മത്തുല്ലയും മുന്‍ ജമാഅത്ത്‌ ഹമീദ്‌ വാണിമേലും എല്ലാം ലീഗ്‌ വെള്ളത്തില്‍ പൂര്‍ണലയനം കിട്ടാത്ത എണ്ണതന്നെയായി നില്‍ക്കുന്നുണ്ടെങ്കില്‍ ലീഗിന്റെ പരമ്പരാഗത രീതിതന്നെയാണതൊക്കെ. ഇതറിഞ്ഞാവും കെ.ടി. ജലീലിനെപ്പോലുള്ളവര്‍ നേരത്തേ തടിയെടുത്തിട്ടുണ്ടാവുക.

അതുകൊണ്ടുതന്നെ അലിയുടെ കാര്യത്തിലും ചില ചേരുംപടി ചേരായ്‌മ നിലനില്‍ക്കുന്നുണ്ട്‌. അമ്മാത്തുനിന്നിറങ്ങുമ്പോള്‍ ഇല്ലത്തെത്താന്‍ ഇത്തിരി താമസമുണ്ടാകുമെന്ന്‌ ആലോചിക്കേണ്ടതായിരുന്നു. അതിനെല്ലാം അപ്പുറത്ത്‌ വാണിജ്യ-വ്യവസായമേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന കിടമല്‍സരങ്ങളും ഒരു കീറാമുട്ടിയാണെന്ന ബോധ്യം അലിയെങ്കിലും ഗ്രഹിക്കുന്നതു നന്നാവും. അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗ്‌ നേതൃത്വം അണികള്‍ക്കു മുമ്പില്‍ പല വിശദീകരണങ്ങളും നല്‍കേണ്ടിവരുന്നുണ്ട്‌. അച്ചടക്കനടപടിക്കു വിധേയമായെങ്കിലും അങ്ങാടിപ്പുറത്തെ ലീഗ്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഘടനയില്‍ പുതിയ ശീലത്തിനു തുടക്കമിട്ടു. പാണക്കാടുനിന്ന്‌ അധികം ദൂരത്തല്ല കാരാത്തോട്‌. അവിടെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വാസസ്‌ഥലം. അവിടെ ചെന്നുനിന്നു ലീഗ്‌ അണികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ കേള്‍ക്കാതിരിക്കാന്‍ സാധ്യതയില്ല. കേരള രാഷ്‌ട്രീയത്തില്‍ മുസ്ലിംലീഗ്‌ പ്രസ്‌ഥാനം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണോ അതോ മറ്റുവല്ലതുമാണോ എന്ന ചര്‍ച്ച ദീര്‍ഘനാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു.

അഞ്ചാം മന്ത്രിസ്‌ഥാന വിവാദത്തില്‍ ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുന്നതില്‍ എന്തായാലും ആശ്വസിക്കാന്‍ വകയുണ്ട്‌. ലീഗ്‌ അധ്യക്ഷന്റെ പ്രഖ്യാപനം സാധ്യമാക്കിയെടുക്കേണ്ടത്‌ ലീഗിന്റെ മാത്രം ബാധ്യതയാണ്‌. ഏതായാലും പുതിയ വിവാദം പരമ്പരാഗതമായ ലീഗ്‌ ശീലങ്ങള്‍ക്കൊക്കെ ചില തിരുത്തുണ്ടാക്കിയിരിക്കുന്നു. ഐക്യമുന്നണി രാഷ്‌ട്രീയത്തില്‍ പാണക്കാടിനു വലിയ പ്രാധാന്യമാണ്‌ കല്‍പ്പിച്ചുപോന്നിരുന്നത്‌. മുന്നണി നേതൃത്വത്തിന്റെ മുന്നില്‍ ഇതിനു മുമ്പൊരിക്കലും ഒരാവശ്യത്തിനു വേണ്ടി ലീഗ്‌ അധ്യക്ഷന്മാര്‍ പാണക്കാട്ടെ പടിയിറങ്ങി സഞ്ചരിച്ചിരുന്നില്ല.

ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. രാഷ്‌ട്രീയ പ്രസ്‌ഥാനത്തിനപ്പുറം ആത്മീയ പരിവേഷത്തിന്റെ ആനുകൂല്യങ്ങളെകൂടി സ്വായത്തമാക്കി സമുദായ നേതൃത്വം കൈയാളുകയായിരുന്നു ലീഗ്‌ നേതൃത്വം ചെയ്‌തുപോന്നത്‌. അതുകൊണ്ടുതന്നെ സമുദായത്തിന്റെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ ലീഗിനു സാധിച്ചു. കാലക്രമേണ വാണിജ്യതാല്‍പര്യങ്ങളും വ്യവസായ താല്‍പര്യങ്ങളും കടന്നുവന്നതോടെ പരിമിതമായ ചില മേഖലകളിലേക്കു ലീഗ്‌ ഒതുങ്ങിനില്‍ക്കാന്‍ തുടങ്ങി. കഴിവിനും പ്രാപ്‌തിക്കും പരിചയസമ്പന്നതയ്‌ക്കും സമര്‍പ്പണത്തിനുമപ്പുറം മറ്റുചിലതെല്ലാം അര്‍ഹതയ്‌ക്കു മാനദണ്ഡമായി.

അര്‍ഹരായവര്‍ പരിഗണിക്കപ്പെടാതെ ഒതുക്കപ്പെട്ടു. അതുകൊണ്ടാണു താത്വികരായ പലരും ലീഗിനകത്തു വീര്‍പ്പുമുട്ടി കഴിയുന്നത്‌. സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനങ്ങളടെ വിലപേശല്‍ ശക്‌തി നാള്‍ക്കുനാള്‍ കുറയുകമൂലം അത്തരം വിഭാഗങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യം നഷ്‌ടപ്പെടുകയാണ്‌. കേരള ജനതയുടെ 40 ശതമാനത്തിലധികം ജനങ്ങള്‍ വസിക്കുന്നത്‌ ആറ്‌ ജില്ലകളുള്‍പ്പെടുന്ന മലബാര്‍ പ്രദേശത്താണ്‌. ആറു ജില്ലകളില്‍നിന്ന്‌ എട്ടു മന്ത്രിമാരുണ്ട്‌. ലീഗിന്റെ 19 എം.എല്‍.എമാരും ഈ പ്രദേശത്തുനിന്നാണ്‌. ഒരുകൊല്ലം അധികാരത്തിന്റെ താക്കോല്‍ കൈയിലുണ്ടായിട്ടും കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലെ വികസനകാര്യങ്ങള്‍ക്കു നീക്കിവച്ച ഫണ്ടിന്റെ 15 ശതമാനം മാത്രമാണ്‌ മലബാറിനുള്ളത്‌. അഥവാ സ്വാധീനശക്‌തികളുള്ള മേഖലയുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയും സ്വസമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയും ഉറച്ച നിലപാട്‌ സ്വീകരിക്കാനും പ്രതികരിക്കാനും ലീഗിനു കഴിയാതെ പോകുന്നത്‌ നാള്‍ക്കുനാള്‍ വിലപേശല്‍ ശക്‌തികുറയുന്നതുമൂലമാണ്‌.

ഹൈക്കമാന്‍ഡ്‌ ചര്‍ച്ചചെയ്‌ത് വരദാനമായി അഞ്ചാം മന്ത്രിയെ ലഭിച്ചാലും പിടികൂടിയ ദൗര്‍ബല്യങ്ങള്‍ തിരുത്താതെ വിലപേശല്‍ ശക്‌തി വര്‍ധിപ്പിക്കാന്‍ ലീഗിനു കഴിയില്ല.

-------------------------------------നാസറുദീന്‍ എളമരം ---------------------------------------------

2012, മാർച്ച് 27, ചൊവ്വാഴ്ച

പിറവം: സി.പി.എമ്മിന്റെ സെല്‍ഫ് ഗോള്‍



പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം കേവലം ഒരു ഉപതിരഞ്ഞെടുപ്പ് വിജയമെന്നതിലുപരിയായ മാനങ്ങളുള്ളതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ കടന്നുവന്ന ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിധിയെഴുത്താണെന്നു പ്രഖ്യാപിച്ചത് മുഖ്യ പ്രതിപക്ഷകക്ഷിയായ സി.പി.എം തന്നെയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയുംകൂടി ചെയ്തതോടെ പിറവത്തിനു വാര്‍ത്താപ്രാധാന്യം വര്‍ധിച്ചു. അതുകൊണ്ടുതന്നെ പിറവത്തെ വിജയം സി.പി.എമ്മിനുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. 


സാധാരണഗതിയില്‍ ഉപതിരഞ്ഞെടുപ്പുകള്‍ സി.പി.എമ്മിന് അനുകൂലമാവാറാണു പതിവ്. കേരളത്തിലിന്നോളം നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. സി.പി.എമ്മിന്റെ കാഡര്‍ ഘടനയുടെ ചിട്ടയായ പ്രവര്‍ത്തനം, വോട്ടര്‍മാര്‍ക്ക് വലിയതോതില്‍ ആവേശമില്ലാത്ത സന്ദര്‍ഭങ്ങളില്‍പ്പോലും പ്രവര്‍ത്തകരെയും അനുഭാവികളെയും പോളിങ് ബൂത്തിലെത്തിക്കാനുള്ള അവരുടെ കഴിവ്, മണ്ഡലത്തിലെ ഭൂരിപക്ഷ, ന്യൂനപക്ഷ തൂക്കങ്ങള്‍ കൃത്യമായി കണക്കാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച് മണ്ഡലത്തിലെ ഭൂരിപക്ഷത്തെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള മിടുക്ക് തുടങ്ങിയവ സി.പി.എമ്മിന് മുതല്‍ക്കൂട്ടായിരുന്നു. 


പിണറായി വിജയന്‍ നാലാമൂഴം ഉറപ്പിച്ച സംസ്ഥാനസമ്മേളനത്തിനു തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടിയുണ്ട്് ഈ തിരഞ്ഞെടുപ്പിന്. വിഭാഗീയതയുടെ നിഷ്കാസനം പൂര്‍ത്തിയാക്കിയ സമ്മേളനമായാണ് തിരുവനന്തപുരം സമ്മേളനം വിശേഷിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പാളയത്തില്‍ പടയുടെ നേരിയ ഉള്‍ഭയംപോലും സി.പി.എമ്മിനില്ലായിരുന്നു. ഔദ്യോഗികവിഭാഗത്തിന്റെ മേധാവിത്വം ചോദ്യംചെയ്യാനാവാത്തവിധം സ്ഥാപിക്കപ്പെട്ടു എന്ന് ഉറപ്പുള്ളതിനാലാണല്ലോ സംസ്ഥാന സമ്മേളനത്തില്‍ വച്ച് തേജോവധം ചെയ്യപ്പെട്ട വി എസ് അച്യുതാനന്ദനെത്തന്നെ പിറവത്തേക്ക് തേരുതെളിക്കാന്‍ സംസ്ഥാനസമിതി നിയോഗിച്ചത്. 


ടി എം ജേക്കബിന്റെ നാമമാത്രമായ മാര്‍ജിനും അനൂപ് ജേക്കബിന്റെ പരിചയക്കുറവും ചിരിയിലെ പിശുക്കും സര്‍വോപരി സ്വന്തം സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ സ്വീകാര്യതയും സി.പി.എമ്മിന്റെ പ്രതീക്ഷയ്ക്ക് കരുത്തുപകര്‍ന്നു.  


ഏറക്കുറേ തുല്യബലാബലത്തില്‍ നടന്ന പ്രചാരണത്തിന്റെ ദിശ തിരിച്ചുവിട്ടത് നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിന്റെ രാജിയാണ്. അബ്ദുല്ലക്കുട്ടി, സിന്ധു ജോയി, ശിവരാമന്‍മാരില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ഒരു ഇരുത്തംവന്ന നേതാവുതന്നെ നിര്‍ണായകമായ സന്ദര്‍ഭത്തില്‍ മറുകണ്ടം ചാടിയത് ഇടതുപാളയത്തിനേല്‍പ്പിച്ച പ്രഹരം ചില്ലറയല്ല. 


ശെല്‍വരാജിന്റെ രാജിയെക്കാളും വലിയ ആഘാതമായി അതിനോടുള്ള പാര്‍ട്ടിയുടെ പ്രതികരണം. പണത്തിനുവേണ്ടിയാണ് ശെല്‍വരാജ് പാര്‍ട്ടിയെ ഒറ്റുകൊടുത്തതെന്ന ആരോപണം സി.പി.എമ്മിന്റെ മുതിര്‍ന്ന കാഡറുകളുടെ നിലവാരത്തിനും പ്രതിബദ്ധതയ്ക്കുംമേല്‍ പാര്‍ട്ടി അടിച്ച സെല്‍ഫ് ഗോളായിപ്പോയി. മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും അവകാശപ്പെടാനാവാത്തവിധം ബ്രാഞ്ച്-ഏരിയാ തലങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെയുള്ള മുടിനാരിഴകീറി പരിശോധിക്കപ്പെട്ട സമ്മേളനങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ശെല്‍വരാജിന്റെ രാജിയെന്നോര്‍ക്കണം. ഈ സമ്മേളനങ്ങളിലോ 44 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ എപ്പോഴെങ്കിലുമോ ശെല്‍വരാജിന്റെ 'രോഗം' ചൂണ്ടിക്കാണിക്കപ്പെട്ടില്ലെന്നിരിക്കെ അദ്ദേഹം രാജിസമര്‍പ്പിച്ചപ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍ എന്ത് അര്‍ഥം?


പിറവത്തെ ഭൂരിപക്ഷ ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുനട്ട് യേശുവിനെ വിമോചനപ്പോരാളിയാക്കാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിക്ക് ആ വകയിലും കിട്ടി ഒരു സെല്‍ഫ് ഗോള്‍. യേശു വിമോചകനാണെന്നതില്‍ ക്രൈസ്തവര്‍ക്കോ അക്രൈസ്തവര്‍ക്കോ സംശയമുണ്ടായിട്ടില്ല. മതവും മതാനുഷ്ഠാനങ്ങളും ചതുര്‍ഥിയും മതമില്ലാത്ത ജീവന്‍ പഥ്യവുമായിരുന്ന ഒരു പാര്‍ട്ടിക്ക് ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ ആചാര്യന്മാരോടൊപ്പം യേശുവിനെ പ്രതിഷ്ഠിക്കണമെന്നു തോന്നുന്നതിലെ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയപ്പെട്ടു എന്നതായിരുന്നു പ്രശ്നം. ഒബാമയുടെയും കൂട്ടാളികളുടെയും പടങ്ങള്‍ മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച അന്ത്യ അത്താഴത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത് മനോരമ എരിവുകൂട്ടിയതും പിണറായിക്കും കൂട്ടര്‍ക്കും കുരിശായി. മുട്ടനാടുകളുടെ കഥയിലെ കുറുക്കന്റെ അവസ്ഥയിലായി സഭാതര്‍ക്കങ്ങളിലിടപെട്ട സി.പി.എം.  എം എ ബേബിയും കൂട്ടരും വിവിധ അരമനകള്‍ കയറിയിറങ്ങി സഭാ മേലധ്യക്ഷന്മാരെ കണ്ടു വണങ്ങി മനസ്സാക്ഷി വോട്ടിന് ആഹ്വാനംചെയ്യിച്ചെങ്കിലും കുഞ്ഞാടുകള്‍ക്ക് ഇടതിനു കുത്താന്‍ മനസ്സാക്ഷിയുണ്ടായില്ല. മറുവശത്താകട്ടെ പരമ്പരാഗതമായി ഇടതുപക്ഷ മനസ്സു പുലര്‍ത്തിയിരുന്ന മതനിരപേക്ഷ വോട്ടുകള്‍ അകലാന്‍ ഇതു കാരണമായിത്തീരുകയും ചെയ്തു. 


പിറവത്തെ ക്രൈസ്തവ വോട്ടര്‍മാരുടെ മുമ്പിലുണ്ടായിരുന്ന ചോദ്യം പ്രതിപക്ഷത്തിരിക്കുന്ന ഒരു ക്രൈസ്തവ എം.എല്‍.എയെ വേണോ അതോ ഒരു ക്രൈസ്തവ മുഖ്യമന്ത്രിക്ക് അധികാരം നീട്ടിക്കൊടുക്കണമോ എന്നുള്ളതായിരുന്നു. സൌമ്യത തന്റെ മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സഭാവ്യത്യാസങ്ങള്‍ക്കതീതമായ വിശ്വാസമാര്‍ജിച്ചതോടെ സി.പി.എമ്മിന്റെ നില പരുങ്ങലിലായി. പിറവത്തുകാര്‍ക്ക് പാരിതോഷികമായി ഒരു മന്ത്രിയെ വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തു.


കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിലടക്കം തങ്ങളുടെ ക്രൌഡ് പുള്ളറായിരുന്ന വി എസിനെ സംസ്ഥാനസമ്മേളനവേദിയില്‍വച്ച് തൊലിയുരിച്ച് നിഷ്പ്രഭനാക്കിയ സി.പി.എം അദ്ദേഹത്തെ തന്നെയാണ് പിറവത്ത് പടനയിക്കാനായി നിയോഗിച്ചത്. വി എസ് അച്യുതാനന്ദനും സെല്‍ഫ് ഗോളുകളില്‍ കുറവൊന്നും വരുത്തിയില്ല. സംസ്ഥാന സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്മെന്റ് പ്രഖ്യാപിക്കപ്പെട്ട വി എസ് കിട്ടിയ അവസരത്തില്‍ ഔദ്യോഗികവിഭാഗത്തിനു പാരപണിതതാണെന്നു കരുതുന്നവരും കുറവല്ല.


എന്‍.എസ്.എസിന്റെ സുകുമാരന്‍ നായരെപ്പോലുള്ളവര്‍ എത്ര തെറിവിളിച്ചാലും മനോനില തെറ്റാത്ത വി എസിന് സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പരാമര്‍ശിക്കുമ്പോള്‍ കൃത്യമായി നാക്കുപിഴ സംഭവിക്കുന്ന പതിവു തെറ്റിയില്ല. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂദാനം നല്‍കിയതിന്റെ പേരിലും ഏക പുത്രനെ താന്‍ പൊരുതി നേടിയ ഐ.ടി വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആര്‍.ഡിയില്‍ ഡയറക്ടറാക്കി നിയമിച്ചതിന്റെ പേരിലും കേസുകള്‍ വേട്ടയാടുന്ന അച്യുതാനന്ദന്റെ മങ്ങിയ പ്രതിച്ഛായയും യു.ഡി.എഫിന് തുണയായി. ഭരണത്തിലിരിക്കെ അഞ്ചുവര്‍ഷം പാമൊലിന്‍ കേസിനുമേല്‍ അടയിരുന്ന അച്യുതാനന്ദന്‍ തുടരന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങുന്നതിന്റെ സാംഗത്യം പിറവത്ത് ചോദ്യംചെയ്യപ്പെട്ടു. അധികാരത്തിലിരിക്കെ സഹമന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാതെ ചടുലത നഷ്ടപ്പെട്ട സര്‍ക്കാരിന് നേതൃത്വം നല്‍കിയ വി എസോ വെറും ഒമ്പതുമാസംകൊണ്ട് ജനസമ്പര്‍ക്കപരിപാടികളാലും മറ്റും ജനഹൃദയങ്ങള്‍ കവരാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയോ എന്ന ചോദ്യമുണര്‍ത്തുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. ഇലക്ഷന് തൊട്ടുമുമ്പു നടന്ന സി.പി.എം-സി.പി.ഐ സംസ്ഥാന സമ്മേളനങ്ങളോടനുബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ വാക്പയറ്റുകളും തര്‍ക്കങ്ങളും സി. പി.ഐക്ക് ക്ഷണികമായ വാര്‍ത്താപ്രാധാന്യം നല്‍കിയെങ്കിലും ഇടതുപക്ഷത്തിന്റെ മൊത്തത്തിലുള്ള ഇമേജിന് അതുണ്ടാക്കിയ കോട്ടം ചില്ലറയല്ല. 


പിറവത്തെ യു.ഡി.എഫ് വിജയം മദ്യത്തിന്റെയും പണത്തിന്റെയും ജാതിമതശക്തികളുടെയും സ്വാധീനഫലമായിട്ടാണെന്നായിരുന്നു തിരഞ്ഞെടുപ്പുഫലം വന്ന ഉടനെയുള്ള സി.പി.എം സെക്രട്ടറി പിണറായി വിജയന്റെയും വി എസിന്റെയും പ്രതികരണം. മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന വിവാദ പ്രസംഗം നടത്തിയും പാര്‍ട്ടിപത്രത്തിനുവേണ്ടി വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയും വാര്‍ത്തകളിലിടംനേടിയ ഇ പി ജയരാജനെ ഇലക്ഷന്‍ കമ്മിറ്റി മാനേജരാക്കിയതിനു ശേഷമാണ് പിണറായിയുടെ ഈ ഗാന്ധിക്ക് പഠിത്തം. മാത്രവുമല്ല, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കൂട്ടത്തില്‍ പുതിയൊരധ്യായം തീര്‍ത്തുകൊണ്ട് പുറത്തുവന്ന പാര്‍ട്ടി കോടതി വധശിക്ഷാവിധികളെക്കുറിച്ച വാര്‍ത്തകള്‍ വോട്ടര്‍മാരെ ചകിതരാക്കുകയും സി.പി.എമ്മിനോട് അകല്‍ച്ച വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്തു. പിറവം യു.ഡി.എഫ് മണ്ഡലമായിരുന്നുവെന്നും അവിടെ യു.ഡി.എഫ് വിജയിച്ചതില്‍ അസാധാരണമായൊന്നുമില്ലെന്നുമാണ് പ്രതിപക്ഷനേതാവ് ഇപ്പോള്‍ പറയുന്നത്. പക്ഷേ, അപ്പോഴും അദ്ദേഹവും പാര്‍ട്ടിയും വിശദീകരിക്കേണ്ട ഒന്നുണ്ട്. സി.പി.എം കോട്ടകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം ജെ ജേക്കബിന് രണ്ടായിരത്തോളം വോട്ടുകളുടെ ലീഡുമുണ്ടായിരുന്ന തിരുവാകുളത്തും ചോറ്റാനിക്കരയിലും ഉണ്ടായിട്ടുള്ള  വോട്ട് ചോര്‍ച്ചയുടെ കാരണമെന്താണ്? 

2012, മാർച്ച് 24, ശനിയാഴ്‌ച

കണ്ണൂരിലെ പാര്‍ട്ടി കോടതിയും നിയമവാഴ്ചയും


കൊലപാതകവും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും കണ്ണൂരിന് പുത്തരിയല്ല. രാഷ്ട്രീയത്തിന്റെയും കൊടിയുടെയും പേരില്‍ മിണ്ടാപ്രാണികളെ വരെ തീയിട്ടും വെട്ടിയും കൊലപ്പെടുത്തിയവരാണു കണ്ണൂരിലെ രാഷ്ട്രീയക്കാര്‍. ക്രൂരതയുടെയും ഭീകരതയുടെയും എല്ലാ സീമകളും എടുത്തെറിയപ്പെട്ടിട്ടുണ്ട് രാഷ്ട്രീയ പകപോക്കലില്‍. ഇതിനെയൊക്കെ ന്യായീകരിക്കാനും അത്തരം കാര്യങ്ങള്‍ക്ക് പ്രത്യയശാസ്ത്രത്തിന്റെ ഭീമന്‍ ആവരണം നല്‍കാനും ബുദ്ധിജീവികള്‍വരെ ക്യൂവില്‍ നില്‍ക്കാറുമുണ്ട്. ഉറക്കപ്പായയില്‍നിന്നു വിളിച്ചുണര്‍ത്തി അച്ഛനമ്മമാരുടെ മുന്നിലിട്ട് വിദ്യാര്‍ഥിനേതാവിനെ വെട്ടിനുറുക്കിയവര്‍ ആര്‍.എസ്.എസുകാരാണെങ്കില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിവു പഠിപ്പിച്ചുകൊടുക്കുന്നതിനിടെ അധ്യാപകനെ കൊലപ്പെടുത്തി കുടല്‍മാല പിളര്‍ത്തത് സി.പി.എമ്മാണ്. പെരുന്നാള്‍ തലേന്ന് പള്ളിയില്‍നിന്നിറങ്ങിയ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തി വിധി നടപ്പാക്കിയതിനു പിന്നില്‍ സി.പി.എമ്മായിരുന്നുവെന്ന് അവരുടെ പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ് ചെയ്തതോടെ വ്യക്തമാവുകയും ചെയ്തു.
'പാര്‍ട്ടി കോടതി'യുടെ പേരിലാണ് ഇപ്പോള്‍ വിവാദം ആളിക്കത്തുന്നത്. എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചി അരിയിലിലെ പി അബ്ദുല്‍ ശുക്കൂറിനെ മണിക്കൂറുകളോളം തടങ്കലില്‍വയ്ക്കുകയും പിന്നീട്, അറവിനുവേണ്ടി ആടുമാടുകളെ തെളിച്ചുകൊണ്ടുപോവുന്നതുപോലെ കൊണ്ടുപോയി വെട്ടിക്കൊന്ന് വയലില്‍ താഴ്ത്തുകയും ചെയ്ത സംഭവം പാര്‍ട്ടി കോടതിയുടെ ഉത്തരവുപ്രകാരമാണെന്ന പോലിസ് കണ്െടത്തലാണ് ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലം. ശുക്കൂര്‍ വധത്തോടെ, സി.പി.എമ്മില്‍ പാര്‍ട്ടി കോടതിയുണ്െടന്നും കൊല്ലേണ്ടവരെ കാലേക്കൂട്ടി കണ്െടത്തി ഉത്തരവു നടപ്പാക്കാറാണു പതിവെന്നുമുള്ള നേരത്തേ തന്നെയുള്ള ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. വിചാരണയും ശിക്ഷയുമൊക്കെ മണിക്കൂറുകള്‍ക്കകം തന്നെ നടന്നതാണ് അരിയില്‍ അബ്ദുല്‍ ശുക്കൂറിന്റെ മരണത്തെ വ്യത്യസ്തമാക്കുന്നത്. കൂടാതെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോവുമ്പോള്‍ കണ്ടുനിന്ന പാര്‍ട്ടിഗ്രാമത്തിലെ സ്ത്രീകളും വൃദ്ധരുമടക്കമുള്ളവര്‍ എതിര്‍പ്പുപ്രകടിപ്പിക്കാതെ നിസ്സംഗരായി നിന്നതും വിശകലനവിധേയമാക്കേണ്ടതാണ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ഒരു യുവ എം.എല്‍.എയും ലീഗ് ശക്തികേന്ദ്രത്തില്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണമാണ് വിചാരണയും വധശിക്ഷയും മണിക്കൂറുകള്‍ക്കകം നടപ്പാക്കാന്‍ അണികള്‍ക്കു പ്രേരണയായതെന്നാണു പോലിസ് കണ്െടത്തല്‍.
പാര്‍ട്ടിഗ്രാമത്തിലെ കല്‍പ്പനകളും ഉത്തരവുകളും പാലിക്കാത്തവരെ ഊരുവിലക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്ന ജില്ലയാണ് കണ്ണൂരെന്നത് സുവിദിതമാണ്. സംഘര്‍ഷം അരങ്ങേറിയ ലീഗ് ശക്തികേന്ദ്രമായ അരിയിലില്‍നിന്നു കണ്ണൂരിലേക്കെത്താനായി കടവുകടന്ന് കീഴറയിലെത്തിയ ശുക്കൂറിനും കൂടെയുണ്ടായിരുന്നവര്‍ക്കും തങ്ങള്‍ പിന്തുടരപ്പെടുന്നുണ്െടന്നു മനസ്സിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കു പരിചയമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയത്. പക്ഷേ, ചെങ്കൊടി മാത്രം പാറുന്ന പാര്‍ട്ടിഗ്രാമത്തില്‍ വസിക്കുന്ന വീട്ടുകാരന് പാര്‍ട്ടിപ്രവര്‍ത്തകരുടെ ആജ്ഞ മറികടക്കാനുള്ള ത്രാണിയുണ്ടായില്ല. അതുകൊണ്ടുതന്നെ അഭയംതേടി വീട്ടിലെത്തിയ വിദ്യാര്‍ഥികളെ കൊലക്കത്തിക്കു മുന്നിലേക്ക് ഇട്ടുകൊടുക്കേണ്ടിവന്നു ആ ഹതഭാഗ്യന്. തുടര്‍ന്ന് വിട്ടുകിട്ടിയ അഞ്ചുപേരില്‍നിന്ന് തങ്ങളുടെ കൃത്യം നിറവേറ്റാന്‍ പറ്റിയവരാരെന്നു നോക്കുന്ന പ്രാഥമിക കര്‍മം. ഇതിനായി സാങ്കേതികവിദ്യയുടെ സഹായം തേടി. പിടിയിലായ അഞ്ചുപേരുടെയും ചിത്രം മൊബൈലില്‍ എം.എം.എസ് വഴി അജ്ഞാതകേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുന്നു. ഇതില്‍ തിരഞ്ഞെടുത്ത രണ്ടുപേരുടെ ചിത്രം വെരിഫിക്കേഷനുശേഷം അക്കരെയുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരിച്ചയച്ചു. ഇതോടെയാണ് അക്രമികള്‍ തടങ്കലില്‍വച്ച വീട്ടില്‍നിന്നു തൊട്ടകലെ കൂട്ടിക്കൊണ്ടുപോയി ശുക്കൂറിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അരിയിലിലുള്ള സി.പി.എം പ്രവര്‍ത്തകരോട് പിടികൂടിയവരുടെ മേല്‍വിലാസം ബോധ്യപ്പെടുത്തിയ ശേഷമാണു വധശിക്ഷ നടപ്പാക്കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 
പാര്‍ട്ടി കോടതിയുണ്െടന്ന പോലിസിന്റെ ഇപ്പോഴത്തെ കണ്െടത്തല്‍ സി.പി.എമ്മിനെ വിടാതെ പിന്തുടരുമെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടി കോടതി വാര്‍ത്ത വ്യാജമാണെന്നും പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് മെനഞ്ഞെടുത്ത കഥയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നുണ്െടങ്കിലും ആരോപണം പ്രതിരോധിക്കാന്‍ സി.പി.എമ്മിന് നന്നേ പാടുപെടേണ്ടിവരും. കാരണം, നാളിതുവരെ ജില്ലയില്‍ നടന്ന കൊലപാതകങ്ങളുടെ സി.പി.എം ട്രാക്ക് റിക്കാര്‍ഡ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്.
മുന്നേ തന്നെ, കൊലപാതകക്കേസുകള്‍ പോലിസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ ഈ കാട്ടുനീതിക്ക് അറുതിവരുത്താമായിരുന്നു. പകരം, പാര്‍ട്ടി ഓഫിസില്‍നിന്ന് അയച്ചുകൊടുക്കുന്ന പേരുകള്‍ പ്രതിസ്ഥാനത്തു ചേര്‍ത്ത് പോലിസ് അന്വേഷണം വഴിപാടാക്കി. ഇതിന്റെ പൊറുതികേടാണ് ഇപ്പോഴും ഇവിടത്തുകാര്‍ അനുഭവിക്കുന്നത്.
പാര്‍ട്ടി കോടതിയും വിചാരണയും വധശിക്ഷയുമെല്ലാം സി. പി.എമ്മിനു മാത്രം വശമായതാണെന്ന ധാരണയും തെറ്റാണെന്നു സംഘപരിവാരത്തിന്റെ പ്രവര്‍ത്തനരീതി പരിശോധിച്ചാല്‍ തെളിയും. ഇരുകൂട്ടരും തങ്ങളുടെ തിട്ടൂരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരുനില്‍ക്കുകയോ തങ്ങള്‍ ശത്രുപക്ഷമായി കണക്കാക്കിയ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ ടാര്‍ഗറ്റ് ചെയ്തു വകവരുത്താറുണ്െടന്നു ജില്ലയുടെ ഇതുവരെയുള്ള കൊലപാതകചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. പ്രദേശത്തു തന്നെ സംഘടിപ്പിക്കുന്ന പാര്‍ട്ടി പൊതുയോഗങ്ങളില്‍ കൊലപ്പെടുത്തേണ്ടവന്റെ പേര് പരസ്യപ്പെടുത്തുന്നത് ഇരുകൂട്ടരുടെയും പൊതുരീതിയാണ്. ഇതിനുപുറമെ റീത്തുകള്‍ വീട്ടിനു മുന്നില്‍ കൊണ്ടുവച്ച് മുന്നറിയിപ്പു നല്‍കുന്നതാണ് മറ്റൊരു രീതി. ബോംബ് രാഷ്ട്രീയവും കൊലക്കത്തിരാഷ്ട്രീയവും അഭിമാനപൂര്‍വം കൊണ്ടുനടക്കുകയും അതില്‍ മേനിനടിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ളവരാണ് കണ്ണൂരിലെ സി.പി.എമ്മും ആര്‍.എസ്.എസും.
സി.പി.എമ്മിന്റെ പാര്‍ട്ടി കോടതിക്കെതിരേ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍, ആര്‍.എസ്.എസിന്റെ ക്രൂരത തുറന്നുകാട്ടുന്നതിലും അതിനെതിരേ പൊതുമനസ്സാക്ഷിയെ അണിനിരത്തുന്നതിലും പലപ്പോഴും കുറ്റകരമായ നിസ്സംഗതയാണു പുലര്‍ത്താറുള്ളത്. സി.പി.എം ഇതര രാഷ്ട്രീയകക്ഷികളും ആര്‍.എസ്.എസ് ഭീകരതയെ വെള്ളപൂശുന്ന സമീപനമാണു സ്വീകരിക്കാറുള്ളതെന്നും ഖേദകരമാണ്. 

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കണമെന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുകയും എന്നാല്‍, അവര്‍ക്കെതിരേയുള്ള മനോഭാവം അണികള്‍, സംഘപരിവാര സ്റൈലില്‍ വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുമ്പോള്‍, ഇനിയും ശുക്കൂറുമാരുണ്ടാവുമെന്നുതന്നെയാണു മനസ്സിലാക്കേണ്ടത്. 
ഗുജറാത്ത് വംശീയകലാപത്തില്‍ സംഘപരിവാര അക്രമികളുടെ മുന്നില്‍ പെട്ടുപോയ ഖുത്ബുദ്ദീന്‍ അന്‍സാരിയുടെയും ശുക്കൂറിന്റെയും ഫോട്ടോ വച്ച് ഫെയ്സ് ബുക്കില്‍ നടക്കുന്ന ചര്‍ച്ച സി.പി.എം നേതൃത്വം ഗൌരവത്തോടെ കാണേണ്ടതുണ്ട്. ജീവനു യാചിച്ച ഖുത്ബുദ്ദീന്‍ അന്‍സാരിയെ സംഘപരിവാരം വിട്ടയച്ചു. എന്നാല്‍, ശുക്കൂറിനെ സി.പി.എമ്മുകാര്‍ വെറുതെവിട്ടില്ല എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്നത്. കണ്ണൂരിലെങ്കിലും ന്യൂനപക്ഷവിഭാഗങ്ങള്‍ ആര്‍.എസ്.എസിനെക്കാള്‍ സി.പി.എമ്മിനെ ഭയക്കുകയോ വെറുക്കുകയോ ചെയ്യുന്നുണ്െടന്ന വസ്തുത ഇനിയും സി.പി.എമ്മിനു മനസ്സിലാവാതെപോയാല്‍ അതു കനത്ത നഷ്ടമാണ് ഇരുവിഭാഗത്തിനും നല്‍കുക. ഈ ഒരൊറ്റ കാരണത്താലാണ് കണ്ണൂരിലെ സാധാരണ മുസ്ലിംകള്‍ മുസ്ലിംലീഗിനെത്തന്നെ അഭയകേന്ദ്രമായി കാണുന്നതും. എന്നാല്‍, സ്വന്തം പ്രവര്‍ത്തകനെ വെട്ടിനുറുക്കുന്നത് കേട്ടറിഞ്ഞിട്ടും തടയാനാവാത്ത ലീഗിന്റെ നിസ്സഹായാവസ്ഥ ഒരു വശത്തുണ്ട്. തീവ്രവാദത്തിനെതിരേ ഗീര്‍വാണങ്ങളുതിര്‍ക്കുന്ന തിരക്കില്‍ സ്വന്തം അണികളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ബാധ്യത പാര്‍ട്ടി വിസ്മരിച്ചതാവാനിടയില്ല. നാവിനു പതിനാലുമുഴം നീളമുള്ള അതേ നേതാക്കന്മാരാണല്ലോ അണികളെ ആക്രമണോല്‍സുകരാക്കിനിര്‍ത്തുന്നതും. വോളന്റിയര്‍മാരുടെ സംരക്ഷണവലയത്തില്‍ സ്റ്റേജുകളില്‍ കയറി പ്രസംഗിക്കുന്ന ഈ കുട്ടിനേതാക്കള്‍ അണികളുടെ ജീവനു പുല്ലുവില കല്‍പ്പിക്കുന്നതിന്റെ കാരണങ്ങള്‍ ലീഗ് നേതാക്കളാണു വ്യക്തമാക്കേണ്ടത്. സി. പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും മുതിര്‍ന്ന നേതാക്കളുമായി ലീഗ് നേതൃത്വം ഉണ്ടാക്കിയെടുത്ത വാണിജ്യ സൌഹൃദങ്ങളുടെ പേരിലാണോ അണികള്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നത് എന്നതും പഠനാര്‍ഹമാണ്.

---------------------------------------(കടപ്പാട്: ഹനീഫ എടക്കാട് )-----------------------------------------------------

2012, മാർച്ച് 19, തിങ്കളാഴ്‌ച

അരിയില്‍ ഷുക്കൂര്‍വധവും അപായസൂചനകളും


കരള്‍പിളര്‍ന്നും കൊടിനാട്ടുന്ന കണ്ണൂരില്‍ വീണ്ടുമൊരു അരുംകൊലകൂടി. തളിപ്പറമ്പിനടുത്തുള്ള പട്ടുവം ഗ്രാമപ്പഞ്ചായത്തിലെ അരിയില്‍ കുതിരപ്പുറത്ത് അബ്ദുല്‍ഷുക്കൂറാണ് ഫെബ്രുവരി 20നു ഞായറാഴ്ച പട്ടാപ്പകല്‍ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവ് വയലില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. എം.എസ്.എഫ്. തളിപ്പറമ്പ് മണ്ഡലം ഖജാന്‍ജിയായ അബ്ദുല്‍ഷുക്കൂറിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ അക്രമപരമ്പരകളും ജില്ലയില്‍ നടന്ന മറ്റു രാഷ്ട്രീയകൊലപാതകങ്ങള്‍ക്കപ്പുറം ചില ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നതാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുന്ന മുസ്ലിംലീഗും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്കടുപ്പിക്കാന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രത്യേകം സമയം മാറ്റിവയ്ക്കുന്ന സി.പി.എമ്മുമാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. പോലിസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്നു ഭരണമുന്നണിയിലെ പ്രബല കക്ഷിയുടെ യുവജനവിഭാഗം വിലപിക്കുന്നതോടൊപ്പം തന്നെ, കൊലപാതകത്തിലൂടെ സി.പി.എം. നക്സലിസം തിരിച്ചുകൊണ്ടുവരുകയാണെന്നും അവര്‍ ആരോപിക്കുന്നു. മറുവശത്ത് നിരായുധനായ യുവാവിനെ മണിക്കൂറുകളോളം ബന്ദിയാക്കി കുത്തിക്കൊലപ്പെടുത്തിയവര്‍ തന്നെ, പിറ്റേന്ന് ഹര്‍ത്താലാചരിക്കുകയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും എം.എല്‍.എയുടെയും വാഹനം ആക്രമിച്ചതിനെതിരേയെന്ന പേരില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി അക്രമങ്ങള്‍ക്കു കോപ്പുകൂട്ടുകയും ചെയ്തു. ഇരുവിഭാഗങ്ങളുടെയും പ്രതികരണങ്ങള്‍ക്കിടെ ഉയര്‍ന്നുവന്ന അസ്വാഭാവിക ഭാഷാപ്രയോഗങ്ങളും ദുസ്സൂചനകളുമാണു കണ്ണൂര്‍ ജനതയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്. 
ഫെബ്രുവരി 19നു അരിയിലിനു സമീപത്തു വച്ച് പത്രവിതരണക്കാരനായ സി.പി.എം. മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി രാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതോടെയാണു സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനു കല്ലെറിയുകയും പ്രകടനക്കാര്‍ ലീഗിന്റെ കൊടിമരങ്ങളും ഫ്ളക്സുകളും മറ്റും നശിപ്പിക്കുയും ചെയ്തു. അക്രമത്തിനിരയായ പാര്‍ട്ടിപ്രവര്‍ത്തകരെയും വീടുകളും സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എം.എല്‍.എ. ടി. വി. രാജേഷും ഉള്‍പ്പെടെയുള്ളവരുടെ വാഹനം പിറ്റേന്ന് അരിയിലില്‍ വച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെയാണു സംഘര്‍ഷം ആളിക്കത്തിയത്. അകമ്പടിസേവിച്ച ദേശാഭിമാനി, കൈരളി ചാനല്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ജില്ലാ സെക്രട്ടറിയും എം.എല്‍.എയും ആക്രമിക്കപ്പെട്ടുവെന്നു ചാനലുകളില്‍ ഫ്ളാഷ് ന്യൂസ് വന്നതോടെ ജില്ലയിലാകെ ആശങ്ക പടര്‍ന്നു. ഇതിനിടെയാണു അരിയില്‍ സ്വദേശികളായ അയ്യൂബ്, സക്കരിയ, അബ്ദുസ്സലാം, ഹാരിസ്, അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ തോണിമാര്‍ഗം കണ്ണപുരത്തേക്കു പുറപ്പെട്ടത്. പോലിസ് ഓടിച്ചപ്പോള്‍ വീണു കൈക്കു പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ സമയം സമീപത്തെ തന്റെ വീട്ടില്‍ നിന്നു പരീക്ഷാ ആവശ്യാര്‍ഥം ഇന്റര്‍നെറ്റ് കഫേയില്‍ കയറാനായാണു ഷുക്കൂര്‍ ഇവരോടൊപ്പം തോണിയില്‍ കയറിയത്. കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ തോണിയിറങ്ങി നടന്നുപോവുന്നതിനിടെ, ഇവരെ സി.പി.എം. പ്രവര്‍ത്തകര്‍ പിന്തുടരുന്നുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ അഞ്ചുപേരും കീഴറയില്‍ സുഹൃത്തായ ആലയില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അഭയം തേടി. വീടുവളഞ്ഞ സംഘം ബോംബിട്ടു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ പുറത്തിറങ്ങുകയായിരുന്നു. 
മൂന്നുപേരെയും ആക്രമിക്കില്ലെന്നു പറഞ്ഞാണ് തോണിയുള്ളിടത്തേക്കു കൊണ്ടുപോയി ആക്രമിച്ചത്. സക്കരിയയും ഷുക്കൂറും പിന്നീടാണു പുറത്തിറങ്ങിയത്. ഇരുവരെയും എടോത്തുവയല്‍ കൈപ്പാട് ഭാഗത്തേക്കു കൊണ്ടുപോവുന്നതിനിടെ, മുന്നിലുള്ള സക്കരിയയെ ഒരാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതുകണ്ട ഷുക്കൂര്‍ അക്രമിസംഘത്തില്‍നിന്നു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അക്രമികളിലൊരാള്‍ നെഞ്ചില്‍ കുത്തിവീഴ്ത്തുകയായിരുന്നു. പോലിസ് എത്തുമ്പോഴേക്കും രക്തം വാര്‍ന്നു മരിച്ച നിലയിലായിരുന്നു ഷുക്കൂര്‍. 
ഷുക്കൂര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പരന്നതോടെ അരിയില്‍ ഗ്രാമവും പരിസരപ്രദേശങ്ങളും വിറങ്ങലിച്ചു. പ്രദേശവാസികള്‍ ദിവസങ്ങളോളം ചാനലുകള്‍ തുറക്കുകയോ പത്രം വായിക്കുകയോ പോലും ചെയ്തില്ലെന്നതില്‍നിന്നു തന്നെ അവിടെയുണ്ടായിരുന്ന ഭീതി വായിച്ചെടുക്കാമല്ലോ. ആറുമാസം മുമ്പ് പട്ടുവംകടവില്‍ വച്ച് അന്‍വര്‍ എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ആഘാതത്തില്‍നിന്നു മുക്തമാവും മുമ്പാണ് മറ്റൊരു യുവാവുകൂടി കൊല്ലപ്പെട്ടത്. തുടര്‍ന്നു ജില്ലയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിച്ചു. വീടുകള്‍, പാര്‍ട്ടി ഓഫിസുകള്‍, സ്തൂപങ്ങള്‍, കടകമ്പോളങ്ങള്‍ എന്നിവ അക്രമത്തിനിരയായി. പലയിടത്തും സ്വകാര്യബസ്സുകള്‍ ആക്രമിക്കപ്പെട്ടു. ഖബറടക്കച്ചടങ്ങില്‍ പോയി മടങ്ങുകയായിരുന്ന യൂത്ത്ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റും അഴീക്കോട് എം.എല്‍.എയുമായ കെ. എം. ഷാജിയുടെ വാഹനത്തിനു നേരെ ബോംബേറും കല്ലേറുമുണ്ടായി. ഖബറടക്കം നടക്കുമ്പോള്‍ പോലും സമീപവാര്‍ഡിലെ ലീഗ് പഞ്ചായത്തംഗത്തിന്റെ വീട് ആക്രമിക്കപ്പെട്ടു. ഹര്‍ത്താലും അക്രമവും അരങ്ങുവാഴുമ്പോഴും ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ സമാധാനയോഗത്തിന്റെ ചായകുടിയിലായിരുന്നു. 
സമാധാനയോഗത്തിനു ശേഷവും അക്രമങ്ങള്‍ മുറപോലെ നടന്നു. അതിനുപുറമെ, വഴിയേ പോവുന്നയാളല്ല കൊല്ലപ്പെട്ടതെന്നു പറഞ്ഞ് പി. ജയരാജന്‍ അണികളെ ന്യായീകരിക്കുകയായിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലാണു സി.പി.എം. നേതാക്കള്‍ പെരുമാറിയതെങ്കില്‍, എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു ലീഗ് നേതൃത്വം. ഷുക്കൂറിനെ അക്രമിയെന്നു വരുത്തിത്തീര്‍ക്കാനുള്ള സി.പി.എം. ശ്രമത്തെ വേണ്ടവിധം പ്രതിരോധിക്കാന്‍ ലീഗിനായില്ല. ജയരാജന്റെ വാഹനം ആക്രമിക്കുന്ന സംഘത്തില്‍ ഷുക്കൂറുണ്െടന്നായിരുന്നു സി.പി.എം. വാദം. എന്നാല്‍ ഇതു തെറ്റാണെന്നു ബോധ്യപ്പെടുത്താന്‍ ലീഗ് നേതാക്കള്‍ മുതിര്‍ന്നതുതന്നെ ചില പത്രങ്ങള്‍ സത്യാവസ്ഥ പുറത്തുവിട്ട ശേഷമാണ്. തങ്ങളുള്ളപ്പോള്‍ കേരളത്തില്‍ മുസ്ലിംവേട്ടയുണ്ടാവില്ല, നിയമവും പോലിസുമുള്ളപ്പോള്‍ അക്രമത്തെ പ്രതിരോധിക്കാന്‍ അവകാശമില്ല തുടങ്ങിയ വാചകമടിക്കാരുടെ അനുയായികള്‍തന്നെ പോലിസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്നു വിലപിക്കുകയും ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്നു വിളിച്ച് ആക്ഷേപിക്കരുതെന്നും പറഞ്ഞു രംഗത്തെത്തി. അക്രമത്തെ പ്രതിരോധിക്കുന്നതു തീവ്രവാദമല്ലെന്നുവരെ സമാധാനത്തിന്റെ മൊത്തക്കച്ചവടക്കാര്‍ വിളിച്ചുപറഞ്ഞു. യു.ഡി.എഫ്. ഭരിക്കുമ്പോള്‍ പോലും പോലിസില്‍ സി.പി.എം. ഫ്രാക്ഷനാണു ഭരണം നടത്തുന്നതെന്നായിരുന്നു സുധാകരന്റെ ആക്ഷേപം. 
കണ്ണൂരിലെ പോലിസ്സ്റ്റേഷനുകള്‍ പരാതി കൊടുക്കാന്‍ പോലും അടുപ്പിക്കാത്ത വിധം സി.പി.എം. നിയന്ത്രണത്തിലാണെന്നായിരുന്നു കെ. എം. ഷാജിയുടെ പരാതി. പ്രസംഗിക്കുന്നതുപോലെയല്ല കണ്ണൂരിലെ പ്രായോഗികരാഷ്ട്രീയം എന്ന് അടുത്തറിഞ്ഞ ഷാജി, ഇതു മനസ്സിലാക്കിയാവണം തന്നെ ബോംബെറിഞ്ഞതില്‍ പരാതി പോലും കൊടുക്കാതിരുന്നത്. ലീഗിലെ തീവ്രവാദികളാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും ഇതിനു നേതൃത്വം നല്‍കുന്നതു വയനാടന്‍ ചുരമിറങ്ങിവന്ന യൂത്ത്ലീഗ് നേതാവാണെന്നും കൂടി സി.പി.എം. പ്രഖ്യാപിച്ചതോടെ ഷാജി കൂടുതല്‍ പ്രതിരോധത്തിലായി. സമുദായത്തിലെ ഇതര സംഘടനകളെ 'തീവ്രവാദികളാ'ക്കുന്നതില്‍ അസാമാന്യപാടവം തെളിയിച്ച ഷാജി, തനിക്കെതിരേ ഇത്തരമൊരു ആരോപണം വന്നപ്പോള്‍ പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വിയര്‍ക്കുകയായിരുന്നു. 
ലീഗിലെ 'തീവ്രവാദി'കളും സി.പി.എമ്മിലെ 'നക്സലൈറ്റുകളും' പരസ്പരം പോര്‍വിളിച്ചപ്പോള്‍ പലപ്പോഴും ഇവരുടെ മതേതരമുഖംമൂടിയും അഴിഞ്ഞുവീഴുന്നുണ്ടായിരുന്നു. അക്രമത്തിനിരയായവരും ബസ്സുകളും സമുദായം തിരിച്ചുള്ളവയായിരുന്നുവെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. 
കാലങ്ങളായി സി.പി.എമ്മിനു മൃഗീയഭൂരിപക്ഷമുള്ള പഞ്ചായത്താണ് പട്ടുവം. ആകെയുള്ള 12 വാര്‍ഡുകളില്‍ ഒരെണ്ണം ലീഗിനായിരുന്നു; മുസ്ലിംഭൂരിപക്ഷമുള്ള അരിയില്‍ വാര്‍ഡ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമീപത്തെ രണ്ടു വാര്‍ഡ് കോണ്‍ഗ്രസിനു ലഭിച്ചു. സി.പി.എമ്മിന്റെ കൈയൂക്കിനെ നേരിട്ടാണു സീറ്റ് പിടിച്ചെടുത്തത്. ഇതിനു പിന്നില്‍ അരിയിലിലെ ലീഗുകാരാണെന്നു മനസ്സിലാക്കിയ സി.പി.എം. മറുപടിനല്‍കാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടുവം വാര്‍ഡില്‍ റീപോളിങിനു കാരണമായതും അരിയിലിലെ യുവാക്കളുടെ ഇടപെടലായിരുന്നു. എതിര്‍ശബ്ദങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ സി.പി.എമ്മിനു വീണുകിട്ടിയ അവസരമായിരുന്നു ജില്ലാ സെക്രട്ടറിയുടെ വാഹനം ആക്രമിക്കല്‍. 
പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബി കോളജില്‍ മതവിദ്യാഭ്യാസത്തോടൊപ്പം ബി.എ. അറബിക്കിനു പഠിച്ച ഷുക്കൂര്‍, രണ്ടാം വര്‍ഷ പരീക്ഷയില്‍ നഷ്ടപ്പെട്ട ഒരു വിഷയം എഴുതിയെടുക്കേണ്ട ആവശ്യത്തിനാണ് സംഭവദിവസം തോണിവഴി കണ്ണപുരത്തേക്കു പുറപ്പെട്ടത്. പ്രദേശത്ത് എം.എസ്.എഫിന്റെ പ്രവര്‍ത്തനം ഷുക്കൂര്‍ കൂടുതല്‍ ഊര്‍ജിതമാക്കി. എസ്.എസ്.എല്‍.സി. നൈറ്റ്ക്ളാസ്, പി.എസ്.എസി. ഫോറം പൂരിപ്പിച്ചുകൊടുക്കല്‍ തുടങ്ങിയവ ഷുക്കൂറിന്റെ ആശയമായിരുന്നു. പഠനം താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം, ഇരട്ടസഹോദരിയുടെ ഭര്‍ത്താവിന്റെ കൂടെ വെളിച്ചെണ്ണ വിതരണം ചെയ്യുന്ന ജോലിചെയ്തുവരുകയായിരുന്നു. പച്ചക്കൊടി മാത്രം പാറിയിട്ടുള്ള അരിയില്‍-കുതിരപ്പുറം വാര്‍ഡിനോട് സി.പി.എം. ഭരിക്കുന്ന പട്ടുവം പഞ്ചായത്ത് ഭരണസമിതിക്ക് എന്നും അവഗണനയായിരുന്നു. കത്താത്ത തെരുവുവിളക്കുകളും ടാറിങ് നടത്താത്ത തീരദേശ റോഡും ഇതു വിളിച്ചോതുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഷുക്കൂറിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ രംഗത്തിറങ്ങിയതും സി.പി.എമ്മിനെ അലോസരപ്പെടുത്തിയിരുന്നു. ഇത്തരം 'യോഗ്യത'കളായിരിക്കാം പിടികൂടിയവരില്‍ ഷുക്കൂറിനെ തന്നെ ഇല്ലാതാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതും.     

2012, മാർച്ച് 16, വെള്ളിയാഴ്‌ച

നിയമസംവിധാനം ബന്ദിയാക്കപ്പെട്ടു; നിസ്സഹായരായി രണ്ടുമണിക്കൂര്‍



"  നമ്മളെ വീടുവളഞ്ഞവരില്‍ സ്ത്രീകളും വൃദ്ധന്‍മാരുമെല്ലാമുണ്ടായിരുന്നു. ആരുടെയും മുഖത്ത് ദയയോ വെപ്രാളമോ ഒന്നുമുണ്ടായില്ല. അഞ്ചെണ്ണത്തിനെയും കൊത്തിയിടണമെന്നു പറഞ്ഞത് നമ്മുടെ ഉപ്പാനേക്കാള്‍ പ്രായമുള്ള, 65 പിന്നിട്ട രണ്ടുപേരാണ്. സക്കരിയ്യ വെട്ടേറ്റ് രക്തംവാര്‍ന്ന്, വയലിലൂടെ പോവുമ്പോള്‍ വെള്ളത്തിനു വേണ്ടി കൈനീട്ടിയെങ്കിലും ഒരാള്‍ പോലും കൊടുത്തില്ല. എല്ലാവരുടെയും മുഖത്ത് കണ്ട നിസ്സംഗഭാവമാണ് അതിശയിപ്പിച്ചത്.'' ഷുക്കൂറിനോടൊപ്പമുണ്ടായിരുന്ന അയ്യൂബിന്റെ മനസ്സില്‍നിന്ന് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. "അക്രമികള്‍ 'കൂളാ'യാണു നമ്മോടു സംസാരിച്ചത്. കടവിലേക്കെന്നു പറഞ്ഞു കൂട്ടിപ്പോവുമ്പോള്‍ അക്രമികളിലൊരാള്‍ എന്നോടു ചോദിച്ചു, നീ അക്കരെയെത്തുമെന്ന് നിനക്ക് വല്ല ഉറപ്പുമുണ്േടായെന്ന്. മാരകായുധങ്ങളുമായി ആക്രമിക്കുമ്പോള്‍ പോലും തടിച്ചുകൂടിയവരെല്ലാം അതിനെ നിസ്സാരമായി നോക്കിനില്‍ക്കുകയായിരുന്നു. 
   ഞങ്ങള്‍ക്ക് രക്ഷപ്പെടാനാവാത്ത വിധം അതിര്‍ത്തികളിലെല്ലാം സി.പി.എമ്മുകാര്‍ വടിയും ചുഴറ്റി കാവലുണ്ടായിരുന്നു. കുഴപ്പക്കാരല്ലെന്നും പരീക്ഷയുടെ ആവശ്യത്തിനാണു ഇതുവഴി വന്നതെന്നും ഷുക്കൂര്‍, ചലാന്‍ ഫോം ഉയര്‍ത്തിക്കാട്ടി വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നിട്ടും അവരിലൊരാളും ദയ കാട്ടിയില്ല. എല്ലാവരുടെയും മുഖത്ത് അക്രമവാസനയായിരുന്നു.'' പാര്‍ട്ടിഗ്രാമത്തിലകപ്പെട്ട രണ്ടു മണിക്കൂറിനെക്കുറിച്ചു പറയുമ്പോള്‍ അയ്യൂബിന്റെ മനസ്സില്‍ തെളിയുന്നതു ഗുജറാത്തിലെ ഖുത്ബുദ്ദീന്‍ അന്‍സാരിയുടെ മുഖമാണ്. ചോദ്യങ്ങള്‍ക്കെല്ലാം ധൈര്യത്തോടെ മറുപടി പറഞ്ഞപ്പോള്‍ 'നിങ്ങള്‍ തീവ്രവാദികള്‍ തന്നെ, അതാണ് ഇത്ര ധൈര്യം' എന്നായിരുന്നു മറുപടി. "നിങ്ങള്‍ക്കു കളി കൂടുന്നുണ്ട്. കളി കൂടിയപ്പോഴാണ് അന്‍വറിനെ തീര്‍ത്തത്. ഇനിയും കളിച്ചാല്‍ തീര്‍ത്തുകളയും'' എന്നാക്രോശിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. 
സി.പി.എം. നേതാക്കളുടെ വാഹനം ആക്രമിക്കപ്പെട്ട ശേഷം, 12.30ഓടെയാണ് നാലുപേരും  മീന്‍പിടിക്കാനുപയോഗിക്കുന്ന ചെറിയ തോണിയില്‍ കണ്ണപുരം ചെറുകുന്ന് മിഷന്‍ ആശുപത്രിയിലേക്കു പുറപ്പെട്ടത്. തോണി പുറപ്പെട്ടപ്പോഴാണ് ഷുക്കൂര്‍ ഇവരെ വിളിച്ച് അതില്‍ക്കയറിയത്. വീടിനു മീറ്ററുകള്‍ മാത്രം അകലെയുള്ള കടവില്‍നിന്നു തോണിയില്‍ കയറിയ ഷുക്കൂറിന്റെ അന്ത്യയാത്രയായിരിക്കും അതെന്ന് ആരും നിനച്ചിരുന്നില്ല. 15 മിനിറ്റ് തുഴഞ്ഞ് കീഴറ വള്ളുവന്‍കടവിലെത്തി. എന്നാല്‍, ഇവര്‍ അക്രമം നടത്താന്‍ വരുന്നുണ്െടന്നായിരുന്നു സി.പി.എമ്മുകാര്‍ പ്രചരിപ്പിച്ചത്. തങ്ങളെ സി.പി.എമ്മുകാര്‍ പിന്തുടരുന്നുണ്െടന്നു മനസ്സിലാക്കിയ അഞ്ചാളുകളും സമീപത്തുള്ള സുഹൃത്ത് ആലയില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അഭയംതേടി. വീടുവളഞ്ഞ സി.പി.എം. പ്രവര്‍ത്തകര്‍ ഇവരെ പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഫോണില്‍ നാട്ടിലെ ചില പ്രാദേശിക ലീഗ്നേതാക്കളെ വിവരം ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കീഴറയിലെ ചിലരെയും ബന്ധപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തങ്ങള്‍ ബന്ദിയാക്കപ്പെട്ട വിവരം ഷുക്കൂര്‍ സഹോദരന്‍ ദാവൂദിനെയും അറിയിച്ചിരുന്നു. ദാവൂദും മറ്റും പലരെയും സഹായത്തിനായി വിളിച്ചെങ്കിലും നടന്നില്ല. 
വടിയും മറ്റുമായെത്തിയ 60ലേറെ പേരാണ് വീടുവളഞ്ഞത്. പുറത്തിറക്കിയില്ലെങ്കില്‍ വീട് ബോംബിട്ടുതകര്‍ക്കുമെന്നു ഭീഷണി മുഴക്കിയതോടെ, ഗത്യന്തരമില്ലാതെ മൂന്നു പേര്‍ പുറത്തിറങ്ങി. ഇതിനിടെ അഞ്ചുപേരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും അരിയിലുള്ള സി.പി.എം. അനുഭാവികളോടു പേരുവിവരങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. 
ആക്രമിക്കില്ലെന്നു പറഞ്ഞാണു മൂന്നുപേരെ പുറത്തിറക്കിയത്. കടവിലേക്കു കൊണ്ടുവിടാനെന്നു പറഞ്ഞ് അയ്യൂബ്, സലാം, ഹാരിസ് എന്നിവരെയും കൂട്ടി ഏതാനും സി.പി.എം. പ്രവര്‍ത്തകര്‍ വയല്‍ ഭാഗത്തേക്കു നീങ്ങി. അയ്യൂബിന്റെ കണ്ണിനും കാലുകള്‍ക്കും മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ച ശേഷം നാട്ടിലേക്കു വിട്ടോളൂ എന്നു പറഞ്ഞു. ഇതിനുശേഷമാണ് ഷുക്കൂറിനെയും സക്കരിയയെയും പുറത്തിറക്കിയത്. 
യുവാക്കള്‍ ബന്ദിയാക്കപ്പെട്ട വിവരം സംഭവസ്ഥലത്തിനു നാലര കിലോമീറ്റര്‍ മാത്രം അകലെയുള്ള കണ്ണപുരം പോലിസില്‍ അറിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. പിക്ചര്‍ മെസേജ് അയച്ചുകൊടുത്ത് 'യോഗ്യത' ഉറപ്പുവരുത്തിയ ശേഷമാണ് അരുംകൊല നടത്തിയതെന്നാണു സൂചന. ഉച്ചയ്ക്കു രണ്ടരയോടെയാണു കൊലപാതകം നടന്നതെന്നു ഇടതുകണ്ണിനു സാരമായി പരിക്കേറ്റ അയ്യൂബ് പറയുന്നു. ജില്ലാ സെക്രട്ടറി ആക്രമിക്കപ്പെട്ടതിനു പകരം, കിട്ടിയതില്‍ വച്ച് ഏറ്റവും നല്ല ഇരയെന്ന നിലയിലാണ് എം.എസ്.എഫ്. നേതാവായ ഷുക്കൂറിനെ കുത്തിവീഴ്ത്തിയത്. 
ഇത്രയും മൃഗീയമായി കൊലപ്പെടുത്തിയതിനു പിന്നില്‍ സി.പി.എമ്മിനുള്ളിലെ നക്സല്‍ അനുഭാവികളാണെന്നു സംശയിക്കുന്നതായി ഷുക്കൂറിന്റെ സഹോദരനും ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്ററുമായ ദാവൂദ് അരിയില്‍ പറഞ്ഞു.
 മാതാവ് ആത്തിക്കയുടെ കണ്ണീര്‍ ഇപ്പോഴും വറ്റിയിട്ടില്ല. കണ്ണെത്തും ദൂരത്ത് തന്റെ മകന്‍ മണിക്കൂറുകളോളം പിടിച്ചുവയ്ക്കപ്പെട്ടിട്ടും ആര്‍ക്കും അവനെ രക്ഷിക്കാനായില്ലല്ലോയെന്നാണ് ഈ മാതാവിന്റെ വിലാപം. അതുകൊണ്ടുതന്നെ എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സഹപ്രവര്‍ത്തകര്‍ പോലും സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചില്ലെന്ന പരിഭവവും ദാവൂദിനുണ്ട്. അരിയിലില്‍ തീവ്രവാദികളുണ്െടന്ന് അച്ചടി നിരത്തുന്നവരോട് അവര്‍ക്ക് ഒന്നേ ചോദിക്കാനുള്ളൂ, ഷുക്കൂര്‍ മണിക്കൂറോളം ബന്ദിയാക്കപ്പെട്ടിട്ടും ഇവിടത്തെ നിയമസംവിധാനത്തിനു ഒന്നും ചെയ്യാനാവാത്ത വിധം പോലിസ്സേനയെ രാഷ്ട്രീയവല്‍ക്കരിച്ചതിന് ആരാണ് ഉത്തരവാദിയെന്ന്. 
മാത്രമല്ല, തന്റെ സഹോദരന്‍ ഏതെങ്കിലും 'തീവ്രവാദസംഘ'ത്തില്‍പ്പെട്ടവനാണെങ്കില്‍ അവന്‍ കൊല്ലപ്പെടില്ലെന്നും ഇവര്‍ വീടു സന്ദര്‍ശിക്കാനെത്തിയ മാധ്യമസുഹൃത്തുക്കളോടു പറഞ്ഞുപോയി. സുരക്ഷിതത്വബോധം നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന സ്വാഭാവിക പ്രതികരണമെന്നതിലപ്പുറം, ഒരു പൌരന്‍ ജീവനു വേണ്ടി കേഴുമ്പോള്‍, വിശ്വാസമര്‍പ്പിക്കപ്പെട്ട രാജ്യത്തെ നിയമസംവിധാനങ്ങളെല്ലാം കൈമലര്‍ത്തുന്ന ദുരന്തം ഇങ്ങു മലയാളക്കരയിലുമെത്തിയോ എന്നിവര്‍ സംശയിച്ചുപോയാല്‍ ആര്‍ക്കെങ്കിലും കുറ്റംപറയാനാവുമോ?

2012, മാർച്ച് 12, തിങ്കളാഴ്‌ച

ഏകാകിനികളായ പോരാളികള്‍

സ്ത്രീകള്‍ ആകാശത്തിന്റെ പാതിഭാഗം തങ്ങളോട് ചേര്‍ത്തുപിടിക്കുന്നുവെന്നാണു പറയാറുള്ളത്. പാതിയിലുമേറെ അവര്‍ ചേര്‍ത്തുപിടിക്കുന്നു എന്ന് വാശിപിടിച്ചു വാദിക്കുന്നവരുമുണ്ട്. എന്നിട്ടും എല്ലാ രാജ്യങ്ങളിലും ചരിത്രത്തിന്റെ എല്ലാ വഴികളിലും എല്ലാ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മതങ്ങളിലും ജാതി, വര്‍ഗ, വര്‍ണ വിശ്വാസങ്ങളിലും പരസ്പരം പങ്കുവയ്ക്കുന്ന ഭൂതകാലത്തിലും വൈവിധ്യമാര്‍ന്ന വര്‍ത്തമാനത്തിലും ഏതാണ്ട് എല്ലാ ജീവിതമേഖലകളിലും പുരുഷന്മാരോടു താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ യഥാര്‍ഥത്തില്‍ പിറകിലാണ്. ഭക്ഷണം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വികസനത്തില്‍ പങ്കാളികളാവാനും നേതൃത്വത്തിനും ചിന്തിക്കാനും സ്വപ്നംകാണാനും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസരങ്ങളിലും വ്യവസ്ഥാപിതമായി അവര്‍ വിവേചനമനുഭവിക്കുന്നു. അവരാണു ശരിക്കും ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷം. സഹസ്രാബ്ദങ്ങളായി അവരങ്ങനെയാണു കഴിഞ്ഞുകൂടുന്നത്.
എന്നാല്‍, പുരുഷന് ഏറ്റവും കൂടുതല്‍ ഈര്‍ഷ്യ ആണിന്റെ നിഴലിനു വെളിയില്‍ ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണിനോടാണ്. സ്വന്തമായ ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമുള്ളവരും മറ്റുള്ളവരോട് മല്‍സരിക്കുന്നവരുമായ വ്യക്തികള്‍ എന്ന നിലയില്‍ സ്ത്രീകളെ പുരുഷമേധാവിത്വം പരിഗണിക്കുന്നില്ല എന്നതാണ് അതിനു കാരണം. പകരം സ്ത്രീകള്‍ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ്. സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നവരും കുട്ടികളെ പരിചരിക്കുന്നവരും ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിത്തരുന്നവരും കുടുംബത്തിന്റെ സാമാന്യമായ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണവര്‍. പെണ്‍കുട്ടികള്‍, ഭാര്യമാര്‍, സഹോദരിമാര്‍, അമ്മമാര്‍ എന്നീ അവസ്ഥകളില്‍ പുരുഷന്മാരുടെ ഏച്ചുകെട്ടായി വര്‍ത്തിക്കുന്നവര്‍ എന്ന സാംസ്കാരിക സ്വീകാര്യതയാണ് അവര്‍ക്കുള്ളത്. അങ്ങനെയൊന്നുമല്ലെങ്കില്‍ അവര്‍ പൊതുജീവിതത്തില്‍നിന്ന് ഒഴിവാക്കപ്പെടും. അല്ലെങ്കില്‍ അവര്‍ 'വീണുപോവും.'  ഈ വൃത്തത്തിന്റെ പുറത്താണ് ഒറ്റയ്ക്കു ജീവിക്കുന്നവര്‍ കഴിയുന്നത്. 'പുരുഷസംരക്ഷണ'ത്തിന്റെ അഭാവമാണ് അതിനു കാരണം. യഥാര്‍ഥത്തില്‍ സംരക്ഷണമെന്നാല്‍ പുരുഷന്മാരുടെ നിയന്ത്രണംതന്നെയാണ്. നമ്മുടെ പുരുഷാധിപത്യസമൂഹത്തിന്റെ വിലയിരുത്തലില്‍ ഈ നിയന്ത്രണമാണ് അവരുടെ സാമൂഹികപദവി കുറയ്ക്കുന്നത്. ഒരുസ്ത്രീ മനപ്പൂര്‍വം പുരുഷസംരക്ഷണം നിരാകരിക്കുമ്പോള്‍ പുരുഷസംരക്ഷണത്തിന്റെ അഭാവം എതിര്‍ക്കപ്പെടുന്നു. സ്വന്തം ഇണ തന്റേതല്ലാത്ത കാരണത്താല്‍, അതായത് അപകടംമൂലമോ രോഗംമൂലമോ അവള്‍ക്ക് നഷ്ടപ്പെടുമ്പോഴും അവളെ അയാള്‍ ഉപേക്ഷിച്ചുപോവുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
വിധവയായിത്തീരുന്നത് നിന്ദ്യമാണെന്നാണ് മിക്ക സമുദായങ്ങളും കരുതുന്നത്. എന്നാല്‍, ഉന്നതജാതിക്കാരായ ഹിന്ദുക്കള്‍ക്കിടയിലാണ് ഇതു കൂടുതല്‍. ഹിന്ദു വിധവകള്‍ വീണ്ടും വിവാഹം കഴിക്കുന്നതിനോട് സാമൂഹികമായ എതിര്‍പ്പുകളുണ്ട്. വിധവയായ സ്ത്രീയെ ബഹുമാനത്തോടെയല്ല കണക്കാക്കുന്നത്. ഒരുപാട് നിയന്ത്രണങ്ങള്‍ അവളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇപ്പോഴും തല മുണ്ഡനംചെയ്യാനും വളരെ ലളിതമായ പരുക്കന്‍ വസ്ത്രങ്ങള്‍ അണിയാനും അവര്‍ നിര്‍ബന്ധിതരാവുന്നു. ഫലത്തില്‍ അവരെ, സ്ത്രീയല്ലാതാക്കുകയാണ് അതുമൂലം ചെയ്യുന്നത്. എല്ലാ സംസ്കാരങ്ങളിലും സ്ത്രീകള്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍വേണ്ടി 'ലഭ്യമായ' സ്ത്രീകളായി കണക്കാക്കപ്പെടുന്നു എന്ന വൈരുധ്യവും ഇതിനോടൊപ്പമുണ്ട്. സ്ഥിരം പരിപാടി എന്ന നിലയില്‍ അവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നു. സ്വന്തം ഭര്‍ത്താവിന്റെ വീട്ടിലും പുറത്തും ഈ അതിക്രമമുണ്ട്. വിശേഷിച്ചും പണിയെടുക്കാന്‍ പുറത്തുപോവുന്നുണ്െടങ്കില്‍
ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ കുടുംബം വിധവയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. കുടുംബസ്വത്തില്‍ ഒരുഭാഗത്തിന് അവകാശം ലഭിച്ചേക്കാവുന്ന അവള്‍ ഒരു ഭാരമായാണു കരുതപ്പെടുന്നത്. ഉല്‍സവവേളകളിലും കുടുംബച്ചടങ്ങുകളിലും അവളുടെ സാന്നിധ്യം ദുശ്ശകുനമായി കണക്കാക്കപ്പെടുന്നു. വിവാഹമുദ്രകള്‍ (മുടി പകുത്തിട്ട് സിന്ദൂരമണിയുന്നതുപോലെയുള്ളവ) അണിയാന്‍ അവള്‍ക്ക് അനുവാദമില്ല. വളരെ പരിമിതമായ സസ്യാഹാരം മാറിനിന്നുകൊണ്ടു കഴിക്കണം അവള്‍. മംഗളമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നതിന് അവള്‍ക്ക് വിലക്കുണ്ട്. 
ഇവയ്ക്കെല്ലാറ്റിനും പുറമെ, ഭര്‍ത്താവിന്റെ മരണത്തിനുശേഷം പുണ്യനഗരങ്ങളില്‍ മാത്രമേ വിധവകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ശക്തായ വിശ്വാസവും നിലവിലുണ്ട്. ഉദാഹരണത്തിന് പശ്ചിമബംഗാളിലെ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുകുടുംബങ്ങളില്‍ അതുപ്രകാരം സ്വന്തം മാതാ പിതാക്കളുടെയോ ഭര്‍ത്താക്കന്‍മാരുടെയോ വീടുകളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ അപൂര്‍ണ ജീവിതം നയിക്കാനല്ല വിധിയെങ്കില്‍ വൃന്ദാവനം, വാരണാസി തുടങ്ങിയ പുണ്യനഗരങ്ങളില്‍ അനാഥത്വം അടിച്ചേല്‍പ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ടവരായി കഷ്ടപ്പെടണം അവള്‍; ഒരുപക്ഷേ, അതിലേറെ മോശമായ അവസ്ഥയില്‍ തെരുവുകളില്‍ കഴിയണം. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട വിധവകളെക്കൊണ്ടും വിവാഹം കഴിച്ചയക്കപ്പെട്ട വീടുകള്‍ വിട്ടുപോന്ന സ്ത്രീകളെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ് വന്‍ പട്ടണങ്ങളിലെയും ക്ഷേത്രനഗരങ്ങളിലെയും നടപ്പാതകള്‍. ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിപ്പുണ്െടങ്കിലും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹിഷ്കൃതരാണ്.
പല വിവാഹിതകളും നിന്ദയും ശാരീരികവും മാനസികവുമായ ക്രൂരതകളും സഹിച്ചു കഴിഞ്ഞുകൂടേണ്ടിവരുന്നു. അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള കെല്‍പ്പില്ല. ഭര്‍ത്താവിന്റെ ക്രൂരതകള്‍മൂലം കഷ്ടപ്പെടുന്നുണ്െടങ്കിലും അയാളോടൊപ്പം തുടര്‍ന്നും ജീവിക്കുക എന്നത് സ്ത്രീയുടെ ചുമതലയാണെന്നു പലരും കരുതുന്നു. അതായത്, സ്ത്രീയുടെ സാമൂഹികമായ അംഗീകാരവും സമുദായത്തിലുള്ള സുരക്ഷിതത്വവും അനിവാര്യമായും വരുന്നത് വിവാഹിത എന്ന അവളുടെ പദവിയില്‍നിന്നാണെന്ന്.  ഇനി ഇത്തരം വിശ്വാസങ്ങളെ സ്വയം മറികടക്കാന്‍ സ്ത്രീക്ക് സാധിക്കുന്നു എന്നുതന്നെ വയ്ക്കുക. അപ്പോള്‍പോലും ഭര്‍ത്താവില്ലാത്ത, വിവാഹിതയായ മകളെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ മിക്കപ്പോഴും വിസമ്മതിക്കുന്നു. അതിനാല്‍ ഭര്‍ത്താവിന്റെ വീടുമായുള്ള ബന്ധം വിച്ഛേദിച്ചു വരുന്ന സ്ത്രീ തനിക്ക് എവിടെയും പോവാനില്ലാത്ത അവസ്ഥയുടെ കെണിയിലകപ്പെടുന്നു. വിദ്യാഭ്യാസമോ പ്രഫഷനല്‍ യോഗ്യതയോ ഇല്ലാത്തവളായിരിക്കാം അവള്‍. അതിന്റെ ഫലമായി സാമ്പത്തികമായി ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാം എന്ന ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. അന്തിമമായി സ്വന്തം കുട്ടികളുടെ ക്ഷേമത്തിലുള്ള താല്‍പ്പര്യംമൂലം തീര്‍ത്തും അശക്തയായിത്തീരുന്നു അവള്‍. ഈ സാഹചര്യങ്ങളില്‍ അവള്‍ നിരന്തരമായ ഹിംസകള്‍ക്കും വിടുകളിലെ നിന്ദ്യമായ അവസ്ഥകള്‍ക്കും ചൂഷണങ്ങള്‍ക്കും സാമൂഹികമായ മുന്‍വിധികള്‍ക്കും സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മയ്ക്കും വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. കഠിനവും ക്രൂരവുമായ തിരഞ്ഞെടുപ്പാണിത്. എന്നാല്‍, വീടുകളില്‍നിന്നുള്ള ഹിംസ ഇനിയും സ്വീകരിക്കാന്‍ വയ്യ എന്ന് ധൈര്യപൂര്‍വം നിലപാടെടുത്ത ചില സ്ത്രീകളുണ്ട്. അവര്‍ പുറംലോകത്തേക്കിറങ്ങിവരാറുണ്ട്; പലപ്പോഴും കുട്ടികള്‍ക്കൊപ്പം.
ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമാണു മറ്റു ചില സ്ത്രീകള്‍. എല്ലാ വര്‍ഗക്കാര്‍ക്കിടയിലും ഇവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. അതിനു ഭാഗികമായ കാരണം ആരും ഇത്തരക്കാരെ അറിയുന്നില്ല  എന്നതാണ്. മറ്റൊന്ന്, നഗരങ്ങളില്‍ സാമൂഹികനിയന്ത്രണങ്ങളിലുണ്ടായ തകര്‍ച്ചയും. ചില ഗ്രാമീണ സമൂഹങ്ങളില്‍പ്പോലും സ്ത്രീകളെ അത്തരത്തില്‍ നിരാലംബകളാക്കുന്നതിന് സാമൂഹികമായ അംഗീകാരമുണ്ട്. താരതമ്യേന പുരുഷന്‍മാര്‍ക്ക് നിയമപരമായോ സാമൂഹികമായോ ബാധ്യതകള്‍ കുറഞ്ഞ തലാഖ് സമ്പ്രദായംമൂലം മുസ്ലിം സ്ത്രീകള്‍ ഇത്തരം ദുരിതങ്ങള്‍ക്ക് കൂടുതല്‍ ഇരയാവുന്നു. മതനിയമങ്ങളെ പുരുഷകേന്ദ്രീകൃതമായി വ്യാഖ്യാനിക്കുന്നതുമൂലം ഭര്‍ത്താക്കന്‍മാരില്‍നിന്ന് ചെലവിനു കിട്ടുന്നതിനുള്ള അവരുടെ അവകാശങ്ങള്‍ ചോദ്യംചെയ്യപ്പെടുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നുള്ള പീഡനങ്ങളില്‍നിന്നും അക്രമങ്ങളില്‍നിന്നും രക്ഷപ്പെട്ട സ്ത്രീകളും ഭര്‍ത്താക്കന്‍മാര്‍ പുറത്താക്കിയ സ്ത്രീകളും- ഇരുകൂട്ടരും പുരുഷാധിപത്യപ്രവണതകള്‍ നിലനില്‍ക്കുന്നതും തങ്ങളോട് ശത്രുത പലര്‍ത്തുന്നതുമായ ലോകത്ത് ഒറ്റയ്ക്കു പിടിച്ചുനില്‍ക്കുന്നതിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. അതിനാല്‍ മനശ്ശാസ്ത്രപരമായും ശാരീരികമായും വിദ്യാഭ്യാസപരമായും അപര്യാപ്തതകള്‍ ഉള്ളവരാണ് അവര്‍.
പക്ഷേ, സന്തോഷവും പ്രത്യാശയും കൂടാതെയാണ് അവര്‍ അതു ചെയ്യുന്നത്. അടുത്തകാലത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ 'ഏകല്‍ നാരി സംഘടന്‍' എന്ന പ്രസ്ഥാനത്തിനു കീഴില്‍ സംഘടിച്ചിട്ടുണ്ട്. സ്ത്രീകളുടേതായ ഈ സാഹോദര്യത്തില്‍ അവര്‍ ശക്തിയും ചങ്ങാത്തവും ഐക്യബോധവും പ്രത്യാശയും കണ്െടത്തിയിട്ടുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമോ സാഹചര്യങ്ങളാലോ പുരുഷന്‍മാരുടെ പിന്തുണയില്ലാതെ ഒറ്റയ്ക്കു നില്‍ക്കുന്ന സ്ത്രീകളെ തങ്ങളുടേതായ നിബന്ധനകളനുസരിച്ച് ജീവിതം പടുത്തുയര്‍ത്തുന്ന കാര്യത്തില്‍ സഹായിക്കാന്‍ നമ്മുടെ നാട്ടിലെ എല്ലാ സംസ്കാരങ്ങള്‍ക്കും വൈമുഖ്യമാണുള്ളത്. ഈ സ്ത്രീകള്‍ പലപ്പോഴും ധീരമായി പ്രസ്തുത ദൌത്യം നിറവേറ്റുന്നു. 

------------------------------------------------------------------ഹര്‍ഷ് മന്ദര്‍------------------------------(സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിലെ ദീപാ സിന്‍ഹയോടൊപ്പം ചേര്‍ന്ന് എഴുതിയതാണ്   ഈ ലേഖനം.)

2012, മാർച്ച് 10, ശനിയാഴ്‌ച

സദാചാരം ചൊറിയുന്നു!


കൊയിലാണ്ടി പന്തലായിനിയിലെ ഓട്ടോ ഡ്രൈവര്‍ ബാബുവിന്റെ ആത്മഹത്യക്കും അങ്ങനെ വാര്‍ത്താപ്രാധാന്യം കൈവന്നു. സംഘം ചേര്‍ന്നുള്ള ചിലരുടെ ആക്രമണത്തില്‍ മനംനൊന്താണു ബാബു ആത്മഹത്യ ചെയ്‌തത്‌ എന്നതിനാലാണു സംഭവം വാര്‍ത്തയായത്‌. 
സംഘംചേര്‍ന്ന്‌ ഏതാനുംപേര്‍ ആക്രമിച്ചതിനേത്തുടര്‍ന്നുണ്ടായ പരുക്കില്‍ കൊടിയത്തൂരിലെ ശഹീദ്‌ ബാവ മരിച്ചത്‌ ബാബുവിന്റെ മരണത്തേക്കാള്‍ വലിയ പ്രാധാന്യവും ചര്‍ച്ചയും കൈവന്നതാണ്‌. ബാബുവിനേക്കാള്‍ ശഹീദ്‌ ബാവയ്‌ക്കു പ്രധാന്യം കൂടാന്‍ കാരണം കൊടിയത്തൂരിന്റെ താലിബാന്‍ ടച്ചാണ്‌. 
രണ്ടുപേരുടെയും മരണങ്ങള്‍ക്കു കാരണമായ ആക്രമണങ്ങള്‍ നടന്നതിനു പിന്നില്‍ സ്‌ത്രീബന്ധമുള്ളതായാണു വാര്‍ത്തകളില്‍ കാണുന്നത്‌. സ്വന്തം ഭാര്യയല്ലാത്ത സ്‌ത്രീയുടെ അടുത്ത്‌ അന്യപുരുഷനെ കാണുമ്പോള്‍ നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങളെയാണ്‌ ആധുനിക ഭാഷാശൈലിയില്‍ മാധ്യമങ്ങള്‍ സദാചാര പോലീസെന്നു വിളിക്കുന്നത്‌. വരാനിരിക്കുന്ന പത്താംക്ലാസ്‌ പരീക്ഷയില്‍ സാമൂഹികശാസ്‌ത്രത്തിന്റെയോ മലയാളത്തിന്റെയോ ചോദ്യക്കടലാസില്‍ സദാചാര പോലീസ്‌ എന്നാല്‍ എന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമെഴുതാന്‍ ഏതായാലും നമ്മുടെ കുട്ടികള്‍ അത്ര ബുദ്ധിമുട്ടേണ്ടിവരില്ല. ചാനല്‍ മല്‍സരത്തി നിടയില്‍ ഇത്തരം സ്‌തോഭജനകമായ വാര്‍ത്തകള്‍ ഇനിയും നമുക്കു പ്രതീക്ഷിക്കാന്‍ കഴിയും. 
      ദൃശ്യമാധ്യമങ്ങളുടെ കടുത്ത വാര്‍ത്താക്ഷാമങ്ങള്‍ക്ക്‌ ഇങ്ങനെയൊക്കെയേ പരിഹാരം കാണാന്‍ കഴിയൂ എന്ന്‌ വന്നിരിക്കുന്നത്‌ ഏറെ ഖേദകരമാണ്‌. ഒരാഴ്‌ചമുമ്പ്‌ മലയാളത്തിലെ മൂന്നു ചാനലുകളാണു ബാബുവിന്റെ ആത്മഹത്യയെ അധികരിച്ച്‌ പ്രൈം ടൈം ചര്‍ച്ച നടത്തിയത്‌. പരസ്‌പരം മത്സരിക്കുന്ന മൂന്നു ചാനലുകള്‍ അത്ര പ്രസക്‌തമല്ലാത്ത ഒരു വിഷയത്തില്‍ ഒരേ സ്വഭാവത്തില്‍ ചര്‍ച്ച തുറക്കുന്നത്‌ ആശ്‌ചര്യജനകമാണ്‌. ഒരു അസാധാരണസംഭവത്തില്‍ ആക്രമിക്കപ്പെട്ട വ്യക്‌തികളുടെ മരണമെന്ന നിലയില്‍ ശഹീദ്‌ ബാവയും ബാബുവുമെല്ലാം സാധാരണ വാര്‍ത്തയാവുന്നതു സ്വഭാവികം മാത്രം. 

എന്നാല്‍ അതിനപ്പുറം ഫ്‌ളോര്‍ചര്‍ച്ചയിലേക്ക്‌ ഇത്തരം വിഷയങ്ങള്‍ എത്തിക്കുമ്പോള്‍ അരാജകവാദ പ്രോല്‍സാഹനത്തിന്റെ അദൃശ്യ അജന്‍ഡ മാധ്യമങ്ങളിലേക്കു കടന്നുകയറുന്നുണ്ടോ എന്ന്‌ ഒരു സ്വയംവിലയിരുത്തല്‍ നന്നാവും. മാന്യതയും സംസ്‌കാരവും ആദര്‍ശവും പരസ്‌പര വിശ്വാസവുമൊക്കെ നിലനില്‍ക്കണമെന്ന്‌ ഏറെ ശാഠ്യങ്ങളുള്ള ഒരു പൊതുസമൂഹത്തെയാണു നാം പ്രതിനിധീകരിക്കുന്നത്‌. എന്നാല്‍ നമ്മുടെ ചാനലുകള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ തെറ്റായ ചില സന്ദേശങ്ങള്‍ പൊതുസമൂഹത്തിനു പകര്‍ന്നുനല്‍കുന്നുണ്ട്‌. അടക്കവും ഒതുക്കവും അച്ചടക്കവും നഷ്‌ടപ്പെടുത്താന്‍ പര്യാപ്‌തമായതും മാന്യതയും സംസ്‌കാരവും നഷ്‌ടപ്പെടുത്തുന്നതുമായ വികലവീക്ഷണങ്ങള്‍വരെ ഇത്തരം ചര്‍ച്ചകളില്‍ പൊന്തിവരുന്നതു ഗുണകരമായിരിക്കുകയില്ല. ശഹീദ്‌ ബാവയും ബാബുവും കൊല്ലപ്പെട്ടതിനെ ന്യായീകരിക്കാവുന്നതല്ല. 
         നിയമം കൈയിലെടുക്കാന്‍ ജനങ്ങള്‍ മുതിരുമ്പോള്‍ എല്ലാ സന്തുലിതാവസ്‌ഥയും നഷ്‌ടപ്പെടും. എന്നാല്‍ നിലനില്‍ക്കുന്ന സാമൂഹിക ഘടനയെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തല്‍ ഇല്ലാതെ പോവരുത്‌. നമ്മള്‍ പുലര്‍ത്തിപ്പോരുന്ന ചില സദാചാരധാര്‍മികബോധമുണ്ട്‌. അതു തകര്‍ക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന പ്രതികരണങ്ങളെ പക്വമായി വേണം കൈകാര്യം ചെയ്യാന്‍. സദാചാരത്തെക്കുറിച്ച്‌ ഒരുതരം അപക്വമായ ചൊറിച്ചിലാണു നമ്മുടെ മാധ്യമങ്ങളില്‍ പ്രകടമാവുന്നത്‌. നിയമവാഴ്‌ചയോടുള്ള ബഹുമാനത്താല്‍ ഉണ്ടായിവരുന്ന ആത്മരോഷത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. 
 സദാചാരബോധത്തിനു ചൂടുപിടിക്കുന്നതു നിയമം പൗരന്മാര്‍ കൈയിലെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വികാരവിക്ഷോഭത്താലാണെങ്കില്‍ ന്യായവും അംഗീകരിക്കേണ്ടതുമാണ്‌. ജീര്‍ണതയും നിയമലംഘനവും ജനകീയപ്രശ്‌നങ്ങളെയും സാമൂഹികപ്രശ്‌നങ്ങളെയുംപോലെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതു തന്നെയാണ്‌.      
സമൂഹത്തില്‍ സംഭവിച്ച ഒരു തെറ്റിനെ തുറന്നുകാണിക്കാനെന്ന പേരില്‍ പ്രത്യേകിച്ച്‌ ദൃശ്യമാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ പ്രചോദനമായി ഫലത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഒട്ടും അഭികാമ്യമല്ലാത്ത വൈകൃതമനസുകളുടെ ചാപല്യമാണ്‌ ഒരു അക്രമത്തെ മൊബൈലില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുക എന്നത്‌. ആ തെറ്റ്‌ ഏതാനും ആളുകള്‍ ചെയ്‌തതെങ്കില്‍ അവിടെ ഒതുക്കിനിര്‍ത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ അത്തരം ക്ലിപ്പിംഗുകള്‍ ലോകരെ കാണിച്ചതിന്റെ പിന്നിലെ സദുദ്ദേശ്യത്തെ ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയുകയില്ല. നീതിനിര്‍വഹണ രംഗത്ത്‌ പൊതുവേ നിഷ്‌പക്ഷനായ ഉത്തരമേഖലാ ഡി.ഐ.ജി:എസ്‌.ശ്രീജിത്ത്‌ ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ പ്രകടിപ്പിച്ച നിരീക്ഷണം ഇത്തരം വൈകൃതങ്ങളെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചായിരുന്നു. 
ഇന്ത്യയില്‍ നിലനില്‍ക്കുന്ന കുടുംബസാമൂഹിക ഘടനയേക്കുറിച്ച്‌ കൃത്യമായ ചില ധാരണകള്‍ നമുക്കുണ്ടാവേണ്ടതുണ്ട്‌. പവിത്രവും സംശുദ്ധവുമായ സങ്കല്‍പമാണത്‌. കുത്തഴിഞ്ഞ ജീവിതത്തിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സമൂഹങ്ങള്‍പോലും ഇന്നു പവിത്രമായ മൂല്യങ്ങളിലേക്കു തിരിച്ചുനടന്നുകൊണ്ടിരിക്കുകയാണ്‌. കുത്തഴിഞ്ഞതും വഴിവിട്ടതുമായ ലൈംഗികതയെ അംഗീകരിക്കുന്ന ഒരു മനസല്ല നമ്മുടെ പൊതുസമൂഹത്തിനുള്ളത്‌. ഇത്തരം ഒന്നില്‍നിന്നുവേണം കൊടിയത്തൂരും കൊയിലാണ്ടിയുമൊക്കെ പരിശോധിക്കാന്‍. പൊതുസ്‌ഥലത്തു സ്‌ത്രീ അപമാനിക്കപ്പെടുമ്പോഴും ട്രെയിനില്‍ കൈയേറ്റത്തിനു വിധേയമാവേണ്ടിവരുമ്പോഴും നമുക്ക്‌ ആത്മരോഷമുയരുന്നതു മേല്‍സൂചിപ്പിച്ച സാമൂഹിക ബോധ്യത്തിന്റെ ഭാഗംതന്നെയാണ്‌. തിരുവനന്തപുരത്തെ സി.പി.എം. നേതാവ്‌ സുന്ദരേശനെയും മഞ്ചേരിയില്‍നിന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ജനങ്ങള്‍ പിടികൂടുന്നതും നിയമപാലകര്‍ക്കു കൈമാറുന്നതും കണ്ണൂരില്‍ പി. ശശിക്കെതിരേ സി.പി.എം. നടപടിയെടുത്തതും ഈ സാമൂഹികബോധത്തില്‍ നിന്നുതന്നെയാണ്‌. അഥവാ ഈ സാമൂഹികബോധം കൈയൊഴിയണമെന്ന തെറ്റായ സന്ദേശം കൈമാറാന്‍ വേണ്ടിയാവരുത്‌ നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സദാചാര ചര്‍ച്ചകളുടെ പര്യവസാനം. 
മറിച്ച്‌, നിയമവാഴ്‌ച കൈയിലെടുക്കുന്നതിലുള്ള അരിശവും രോഷവുമൊക്കെ പ്രകടിപ്പിക്കുന്നതു നല്ലതുതന്നെ. നിയമവാഴ്‌ച ഉറപ്പാക്കാന്‍ അതിശക്‌തമായ ഒരു പോലീസ്‌ സംവിധാനംതന്നെ നമുക്കുണ്ട്‌. അതുകൊണ്ടാണു റെയില്‍വേയിലെ സ്‌ത്രീകള്‍ക്കു നേരേയുള്ള അതിക്രമം വര്‍ധിച്ചപ്പോള്‍ സുരക്ഷിതത്വത്തിനു മതിയായ പോലീസിനെ നല്‍കാന്‍ ഒരുക്കമാണെന്ന ഡി.ജി.പി. കത്ത്‌ എഴുതി റെയില്‍വേക്ക്‌ ഉറപ്പു നല്‍കിയത്‌. ശക്‌തമായ ഒരു പോലീസ്‌ സംവിധാനം ഉണ്ടായിട്ടും ജനപങ്കാളിത്തത്തോടെ ക്രമസമാധാനവും നിയമവാഴ്‌ചയും ഉറപ്പാക്കാനായി ജനകീയ പോലീസ്‌ സംവിധാനം തുടങ്ങിയ സംസ്‌ഥാനമാണു നമ്മുടേത്‌. ഇതിനുപുറമേയാണു സ്‌കൂള്‍തലംവരെ കുട്ടിപ്പോലീസിനെയും സംവിധാനിച്ചതും. 
ജനപങ്കാളിത്തം നിയമവാഴ്‌ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍തല സംവിധാനമേര്‍പ്പെടുത്തിയ നാട്ടില്‍ അതിരുവിടാത്ത ജനകീയ ഇടപെടലുകളെ നിരുല്‍സാഹപ്പെടുത്തുന്നതു കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനേ കാരണമാവുകയുള്ളൂ. കള്ളവാറ്റ്‌ പിടിക്കാനും കള്ളനെ പിടിക്കാനും പല സ്‌ഥലങ്ങളിലും നാട്ടുകാര്‍ മുന്നിട്ടിറങ്ങാറുണ്ട്‌. ഇതിനെ റിവാര്‍ഡ്‌ നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന ശീലം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്‌. 
വിദേശത്തു കഴിയുന്ന ഭര്‍ത്താവിനെയും കുടുംബത്തെയും വഞ്ചിച്ചു മക്കളെപ്പോലും വഴിയാധാരമാക്കി സ്‌ത്രീ നടത്തുന്ന അപഥസഞ്ചാരത്തെ അതു വ്യക്‌തികളുടെ സ്വകാര്യതയായി കണക്കാക്കി അവരുടെ വഴിക്കുവിടണമെന്നു വാദിക്കുന്നതു സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിനു യോജിച്ചതല്ല. ഇത്തരം വഴിവിട്ട പോക്കിലൂടെ തകരുന്ന പവിത്രമായ കുടുംബബന്ധത്തെക്കുറിച്ചോ അനാഥരാക്കപ്പെടുന്ന മക്കളെക്കുറിച്ചോ ഇങ്ങനെ വാദിക്കുന്ന ആരും ആശങ്ക പ്രകടിപ്പിച്ചു കാണാറില്ല. 
പാതിവ്രത്യം നഷ്‌ടപ്പെട്ട ഭാര്യയുമായി മാന്യതയുള്ള ഒരു ഭര്‍ത്താവും ബന്ധം നിലനിര്‍ത്തിക്കൊള്ളണമെന്നില്ല. അത്തരം ഘട്ടങ്ങളില്‍ താന്തോന്നികളായ സ്‌ത്രീകള്‍ക്കുവേണ്ടി ഭര്‍ത്താവിനെതിരേ സമരം നയിക്കാന്‍ കൊടിയുമേന്തി രംഗത്തുവന്ന യുവജനസംഘടന യഥാര്‍ഥത്തില്‍ എന്താണ്‌ സമൂഹത്തോടു വിളിച്ചുപറഞ്ഞത്‌. നാടൊട്ടുക്കും കുടുംബശൈഥില്യത്തിന്‌ ഇറങ്ങിത്തിരിക്കുന്ന ഞരമ്പുരോഗികളായവര്‍ക്കു മതിയായ സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ റെഡ്‌അലര്‍ട്ടുമായി രംഗത്തുണ്ടാവുമെന്നു തന്നെയല്ലേ? 

അമ്മയും സഹോദരിയും മകളും ഭാര്യയുമായ സ്‌ത്രീയേക്കുറിച്ച്‌ ഉയര്‍ന്നുവരുന്ന നിസാരമായ ഒരു അപഖ്യാതി പോലും ഒരു പുരുഷനു സഹിക്കാന്‍ കഴിയുന്നതിനപ്പുറത്താണ്‌. പുരോഗമനവാദത്തിന്റെ മുഖംമൂടിയുമായി രംഗത്തുവരുന്ന പലരും സ്വന്തം കുടുംബത്തില്‍ ഇത്തരം കുത്തഴിഞ്ഞുപോക്ക്‌ അനുവദിക്കുമോ എന്നതും വിശദീകരിക്കപ്പെടേണ്ടതുണ്ട്‌. ആരാന്റെ അമ്മയുടെ ഭ്രാന്ത്‌ കാണാന്‍ ഹരമാണ്‌. സ്വന്തത്തിലെത്തുമ്പോള്‍ എല്ലാവരുടെയും തനിനിറം ബോധ്യമാവും. 
അങ്ങനെയിരിക്കെ അരാജകത്വത്തെ മാന്യവല്‍കരിക്കുന്ന ഇത്തരം സംഭവങ്ങളില്‍ സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ക്കു വ്യക്‌തമായ നിലപാടു സ്വീകരിക്കാന്‍ കഴിയേണ്ടതുണ്ട്‌. ആ നിലപാടില്‍ നിന്നുവേണം നമ്മുടെ സദാചാരബോധത്തേക്കുറിച്ചുള്ള ആത്മരോഷം ഉയര്‍ന്നുവരാന്‍. സദാചാരബോധമെന്നുള്ളതു കാപട്യം നിറഞ്ഞ ഒന്നാവരുത്‌. തിന്മയുടെ കുത്തൊഴുക്കില്‍ നന്മ നിറഞ്ഞ മനസില്‍ നിന്നുണ്ടാവുന്ന നേര്‍ത്ത വെറുപ്പിനേപോലും ഭീകരമായി അവതരിപ്പിച്ചുകൊണ്ടു തല്ലിക്കെടുത്താന്‍ ശ്രമിച്ചാല്‍ ഒരു നന്മയും നാട്ടില്‍ മുളച്ചുപൊങ്ങുകയില്ല. അതേസമയം, നിയമലംഘനങ്ങളും വൈകൃതങ്ങളും ഇല്ലാതെ നോക്കുകയും വേണം. 
------------------------------------------------------  നാസറുദീന്‍ എളമരം   ----------------------------------------------                                                                             





























2012, മാർച്ച് 9, വെള്ളിയാഴ്‌ച

സമുദായവഞ്ചനയുടെ ഭൂതവും വര്‍ത്തമാനവും


സ്വകാര്യതയ്ക്കുള്ള പൌരന്റെ ഭരണഘടനാപരമായ അവകാശത്തിലേക്കു കടന്നുകയറി, അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പോലിസ്ഭരണകൂടനീക്കത്തില്‍ തികച്ചും പ്രതിരോധത്തിലായ മുസ്ലിംലീഗെന്ന 'സമുദായപ്പാര്‍ട്ടി' സ്വന്തം നഗ്നത മറയ്ക്കാനുള്ള തത്രപ്പാടിലാണ്. കേരളത്തില്‍ മുസ്ലിംവേട്ട നടക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം സാമുദായികസ്പര്‍ധ സൃഷ്ടിക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ വേലകളാണെന്നുമാണ് ലീഗ് അധ്യക്ഷനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പിച്ചുപറയുന്നത്. സമുദായത്തെ മൊത്തം ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ തങ്ങളുടെ നിലപാടുകളിലെ സമുദായവഞ്ചനയ്ക്കു മറയിടാന്‍ എന്നും എടുത്തണിയാറുള്ള രക്ഷകവേഷത്തിലേക്കു മാറാന്‍, ആത്മനിന്ദ അലങ്കാരമായി തോന്നുന്ന ലീഗിന് ഒട്ടും ആലോചിക്കേണ്ടിവന്നിട്ടുണ്ടാവില്ല. 
മുസ്ലിംലീഗ് അധികാരത്തിലിരിക്കുമ്പോള്‍ എല്ലാം സുരക്ഷിതവും ഭദ്രവുമാണെന്നും സമുദായത്തിന്റെ മൊത്തം കുത്തക തങ്ങള്‍ക്കാണെന്നുമുള്ള വീരവാദം ഇതു പുതിയതല്ല. സമുദായമെന്നാല്‍ ലീഗാണെന്നും ലീഗിന്റെ നില ഭദ്രമാണെങ്കില്‍ എല്ലാം സുരക്ഷിതമാണെന്നുമുള്ള അശ്ളീല സമവാക്യമാണിത്. എന്നാല്‍, ലീഗ് എപ്പോഴൊക്കെ അധികാരത്തിലിരുന്നിട്ടുണ്േടാ അപ്പോഴൊക്കെ നേതാക്കളുടെ നട്ടെല്ലില്ലായ്മയ്ക്കും അധികാരമോഹത്തിനും സമുദായം കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്െടന്ന യാഥാര്‍ഥ്യം വെറും വിടുവായത്തംകൊണ്ടു മറച്ചുപിടിക്കാന്‍ ഇനിയും അവര്‍ക്കാവുമെന്നു തോന്നുന്നില്ല. 
ബാബരി മസ്ജിദ് ധ്വംസനം, മാറാട് കലാപം ഉള്‍പ്പെടെയുള്ള വര്‍ഗീയസംഘര്‍ഷങ്ങള്‍, സംവരണനിഷേധം പോലുള്ള ഭരണവര്‍ഗത്തിന്റെ ഗൂഢാലോചനകള്‍, ഒടുവില്‍ ഇമെയില്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ലീഗിന്റെ രണ്ടുംകെട്ട നിലപാടുകള്‍ സമുദായത്തിനു ശാപമായിത്തീരുന്നതാണു നാം കണ്ടത്. 
ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കാനുള്ള ഫാഷിസ്റ് ഗൂഢാലോചനയില്‍ പങ്കാളികളായ കോണ്‍ഗ്രസ്സിനൊപ്പം ഭരണത്തില്‍ തുടരാന്‍ ആത്മസംയമനത്തിന്റെ മാളത്തിലൊളിച്ച പാരമ്പര്യമാണ് അവരുടേത്. ലീഗിന്റെ ഈ നിലപാടുമൂലമാണ് ബാബരി മസ്ജിദിനുശേഷം കേരളം കലാപകലുഷിതമാവാതെ രക്ഷപ്പെട്ടതെന്ന വാദം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതു കേള്‍ക്കുമ്പോള്‍ ഓക്കാനം വരും. മുംബൈ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളിലും അക്കാലത്തുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കു കാരണം ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നു മുസ്ലിംകള്‍ അക്രമാസക്തരായതാണെന്നാണു ലീഗിന്റെ വാദം കേട്ടാല്‍ തോന്നുക. 
രഥയാത്രകളിലൂടെയും ഏകതായാത്രകളിലൂടെയും അഡ്വാനിമാരും ജോഷിമാരും ഉണ്ടാക്കിയെടുത്ത വര്‍ഗീയ ചേരിതിരിവ് മുതലെടുത്ത്, ബാബരി ധ്വംസനത്തിനുശേഷം സംഘപരിവാരശക്തികള്‍ നാട്ടിലെങ്ങും കലാപങ്ങള്‍ അഴിച്ചുവിടുകയാണുണ്ടായതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആയിരങ്ങളെ കൂട്ടക്കൊല ചെയ്തും മുസ്ലിംസ്ത്രീകളെ തെരുവുകളില്‍ കൂട്ടബലാല്‍സംഗങ്ങള്‍ക്ക് ഇരയാക്കിയും അവരത് ആഘോഷിക്കുകയും ചെയ്തു. വാളും ബോംബുമായി വരുന്ന ഫാഷിസ്റ് വിഭാഗങ്ങളെ ആത്മസംയമനത്തിനും ക്ഷമയ്ക്കുമുള്ള പ്രസ്താവനകളിലൂടെ തങ്ങള്‍ തടുത്തുനിര്‍ത്തി കേരളത്തെ രക്ഷപ്പെടുത്തിയെന്ന ലീഗിന്റെ അവകാശവാദം തലച്ചോറ് പണയത്തിനു നല്‍കിയ സ്വന്തം അനുയായികള്‍ക്കു ബോധിക്കുമായിരിക്കും. സമുദായത്തെയും ലീഗിനെയും ഷണ്ഡീകരിക്കാന്‍ ശത്രുക്കള്‍ അവസരത്തിലും അനവസരത്തിലും ചൊല്ലിപ്പാടുന്ന ഈ 'മദ്ഹ്ഗാനം' കേട്ടു കൈയടിക്കാനും അത് ഏറ്റുപാടാനും വിധിക്കപ്പെട്ട നേതൃത്വം, തങ്ങള്‍ക്കു കീഴില്‍ സമുദായം വേട്ടയാടപ്പെടില്ലെന്നു കട്ടായം പറയുമ്പോള്‍ ആ ഫലിതം കേട്ടു കരച്ചിലടക്കാന്‍ അല്‍പ്പം പാടുപെടേണ്ടിവരും. 
രാജ്യത്തെ ഭരണകൂടത്തിലും നീതിന്യായനിയമപാലന സംവിധാനങ്ങളിലും വിശ്വാസമര്‍പ്പിച്ച മുസ്ലിംകളെ നടുക്കിക്കൊണ്ട് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നിലംപൊത്തിയപ്പോള്‍, അതിന്റെ വേദനയില്‍ കഴിയുന്ന സമുദായത്തിനെതിരേ മലപ്പുറത്തടക്കമുള്ള പ്രദേശങ്ങളില്‍ സംഘപരിവാരം കഠാരയൂരി രംഗത്തുവന്നിരുന്നുവെന്ന കാര്യം മറവിരോഗം ബാധിച്ചിട്ടില്ലാത്തവര്‍ക്കു നിഷേധിക്കാനാവില്ല. ഊരിയ കത്തികള്‍ ഉറയില്‍ തന്നെ വയ്ക്കാന്‍ വെറുപ്പിന്റെ ഉപാസകരെ നിര്‍ബന്ധിതരാക്കിയത് ഏതു സാഹചര്യമാണെന്നു സാമൂഹികനിരീക്ഷകര്‍ ഇതിനകം മനസ്സിലാക്കിയതാണ്. ഇതിനിടയില്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന മുസ്ലിംലീഗ്, സ്വന്തം പരാജയം മൂടിവയ്ക്കാനുള്ള വൃഥാശ്രമത്തിലാണെന്ന കാര്യം സമുദായം എന്നേ തിരിച്ചറിഞ്ഞതുമാണ്. 
രാജ്യത്തെ മുസ്ലിംകള്‍ക്കു രക്ഷ മുസ്ലിംലീഗാണെന്നു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍, അവര്‍ ഉദ്ദേശിച്ചിരിക്കുക വി എസ് അച്യുതാനന്ദന്‍ തന്റെ കുപ്രസിദ്ധമായ ഡല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ, 'മലപ്പുറം രാഷ്ട്ര'ത്തെയാവും. മലപ്പുറം ഉള്‍പ്പെടുന്ന കേരളത്തിലെ മുസ്ലിംകളില്‍ തന്നെ ഏതൊക്കെ വിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ ലീഗിനാവുന്നുണ്െടന്ന് ഇപ്പറയുന്ന നേതാക്കള്‍ ഒരാവര്‍ത്തിയെങ്കിലും ചിന്തിച്ചിട്ടുണ്േടാ ആവോ? കൈവിരലുകള്‍ നിവര്‍ത്തിപ്പിടിച്ച് എത്ര വിഭാഗം അകത്തും എത്ര വിഭാഗം പുറത്തുമെന്ന് ഒന്നു കൂട്ടിനോക്കിയാല്‍ തന്നെ, സമുദായമെന്നാല്‍ ലീഗെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവും.
ബാബരി മസ്ജിദ് ധ്വംസനത്തില്‍ ലീഗ് കൈക്കൊണ്ട വഞ്ചനാത്മകമായ നിലപാടാണ് സമുദായത്തില്‍ തുടര്‍ന്നുണ്ടായ സാമൂഹികവും രാഷ്ട്രീയവും ചിന്താപരവുമായ മാറ്റങ്ങള്‍ക്കു നിമിത്തമായതെന്ന് കിണറ്റിലെ തവളകള്‍ക്കു മനസ്സിലാവുന്നുണ്ടാവില്ല. കൊടിവച്ച കാറുകള്‍ക്കും കോര്‍പറേഷന്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാനുള്ള അധികാരത്തിനും വേണ്ടി അവര്‍ പണയംവച്ച ആത്മാഭിമാനം തിരികെയെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള നാളുകളില്‍ സമുദായം നടത്തിയത്. തിരഞ്ഞെടുപ്പിലെ വിജയമാണ് സമുദായപ്രാതിനിധ്യത്തിന്റെ മാനദണ്ഡമെങ്കില്‍ ലീഗ് അധികാരത്തിലിരിക്കുന്ന ഓരോ അഞ്ചുവര്‍ഷത്തിനുശേഷവും സമുദായം അവരെ കൈയൊഴിയുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ? നിവൃത്തികേടുകൊണ്ടാണ് സമുദായം ഈ ഭാരം ചുമലിലേറ്റുന്നതെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് ഇനിയുമുണ്ടായിട്ടില്ലെന്നതാണു പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഉറങ്ങിക്കിടക്കുന്ന സിംഹമല്ല, ചത്ത കുതിരയായി സമുദായത്തെ മാറ്റാന്‍ പെടാപ്പാടുപെടുന്നവരും ചില മുത്തശ്ശിപ്പത്രങ്ങളും ചേര്‍ന്നു കെട്ടിയേല്‍പ്പിച്ച ചങ്ങലക്കെട്ടുകള്‍ അറുത്തുമാറ്റാന്‍ വരുന്നവരോട്, അയ്യോ, അതു കൊണ്ടുപോവരുത്, ചങ്ങല എന്റേതാണെന്നു പറയുന്ന വിധേയന്‍മാരായി തുടരാന്‍തന്നെയാണു ലീഗ്നേതാക്കളുടെ ഭാവം. മുസ്ലിംലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സുലൈമാന്‍ സേട്ടുസാഹിബ് നടത്തിയ അത്തരമൊരു ശ്രമത്തെ അവര്‍ നേരിട്ടതെങ്ങനെയാണെന്നു ലോകം കണ്ടതാണ്. സേട്ടുസാഹിബിന്റെ 'ശര്‍റില്‍'നിന്ന് രക്ഷപ്പെടാന്‍ അഖിലേന്ത്യാ പാര്‍ട്ടി കേരള സംഘടനയായി മാറിയതിന്റെ സ്വയംകൃതാനര്‍ഥത്തില്‍നിന്നു രക്ഷനേടാന്‍ ഇനിയും ലീഗിനായിട്ടില്ല. 
മുസ്ലിംലീഗ് അധികാരത്തിലിരുന്നപ്പോള്‍ തന്നെയായിരുന്നു മാറാട് കലാപങ്ങളും തുടര്‍ന്നുണ്ടായ ഭീകരമായ മുസ്ലിംവേട്ടയുമെന്ന കാര്യവും ആര്‍ക്കും മറക്കാനാവില്ല. രണ്ടാം മാറാട് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍, സര്‍ക്കാരിന്റെ തന്നെ അറിവോടെയായിരുന്നു എല്ലാം നടന്നതെന്ന സൂചനയാണു നല്‍കുന്നത്. ഒമ്പതുപേര്‍ കൊല്ലപ്പെടാനിടയായ ദാരുണസംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിനു പ്രദേശവാസികളായ മുസ്ലിംകള്‍ മാറാട്ടുനിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോഴും ലീഗ്തന്നെയായിരുന്നു അധികാരത്തില്‍. 
ചെയ്യാത്ത കുറ്റത്തിനു കുടിയിറക്കപ്പെട്ട സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്നു മാത്രമല്ല, അതിനു മുന്നിട്ടിറങ്ങിയവരെ ഭീകരരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നു. ഭരണകൂടത്തെയും നിയമപാലനസംവിധാനത്തെയും വെല്ലുവിളിച്ച് ആര്‍.എസ്.എസുകാര്‍ മാറാട് പ്രദേശത്തു സ്വയംഭരണം പ്രഖ്യാപിക്കുകയും മുസ്ലിംകളെ ആട്ടിപ്പായിച്ചശേഷം വീടുകള്‍ കൊള്ളചെയ്യുകയും അടിച്ചുതകര്‍ക്കുകയും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്തപ്പോള്‍, എവിടെയായിരുന്നു ഈ രക്ഷകപ്പാര്‍ട്ടി? തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലിംവേട്ടയുണ്ടാവില്ലെന്നു വീമ്പിളക്കുന്ന 'പുലി'കളുടെ പാര്‍ട്ടി, അന്നു വേട്ടക്കാര്‍ക്കു കഞ്ഞിവയ്ക്കുന്നതായിരുന്നു നാം കണ്ടത്. 
നിയമനടപടിയുടെ പേരില്‍ കുട്ടികളും മനോരോഗികളുമടക്കം നിരപരാധികളായ നൂറിലേറെ പേര്‍ ജയിലിലടയ്ക്കപ്പെടുകയും പോലിസ് സ്റ്റേഷനുകളില്‍ ക്രൂരപീഡനത്തിന് ഇരയാവുകയും ചെയ്തപ്പോഴും ഭയന്നുവിറച്ച് മാളത്തിലൊളിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ചിലര്‍ ചേര്‍ന്നു നടത്തിയ മനുഷ്യത്വരഹിതവും കിരാതവുമായ നടപടികളില്‍പ്പെട്ടു സ്വന്തം സമുദായം നെടുവീര്‍പ്പിട്ടപ്പോഴും മുന്നിലും പിന്നിലും പോലിസ്വാഹനങ്ങളുമായി തങ്ങളുടെ മന്ത്രിപുംഗവന്‍മാര്‍ ചീറിപ്പായുന്നതിന്റെ ആത്മസായൂജ്യത്തിലായിരുന്നു 'സമുദായപ്പാര്‍ട്ടി.'
ഇടതുപക്ഷസര്‍ക്കാര്‍ ഔദ്യോഗികതീരുമാനത്തിന്റെ ഭാഗമായി നടപ്പാക്കിയ മുസ്ലിംവിരുദ്ധ നടപടികളുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു പാര്‍ട്ടി തുടര്‍ന്നത്. മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം പേയിളകിയതുപോലെ പോലിസിനെ കയറൂരിവിട്ടപ്പോഴും ബീമാപ്പള്ളിയില്‍ പ്രകോപനമില്ലാതെ മുസ്ലിംകളെ വെടിവച്ചുകൊന്നപ്പോഴും സ്വന്തം പാര്‍ട്ടിക്കാരനുള്‍പ്പെട്ട പ്രണയവിവാഹത്തിന്റെ മറപിടിച്ച് ലൌ ജിഹാദെന്ന പേരില്‍ സംഘപരിവാരവുമായി കൂട്ടുചേര്‍ന്ന് ക്രിസ്ത്യന്‍ലോബി നടത്തിയ കുരിശുയുദ്ധവേളയിലും സമുദായവഞ്ചനയുടെ ആവര്‍ത്തനംതന്നെയായിരുന്നു ലീഗിന്റെ നിലപാടുകള്‍. പുതിയ പാര്‍ട്ടി അധ്യക്ഷന് കാസര്‍കോട്ട് നല്‍കിയ സ്വീകരണപരിപാടിക്കിടെ സ്വന്തം പാര്‍ട്ടിക്കാരന്‍ വെടിയേറ്റുമരിച്ച സംഭവത്തിലും നടുവൊടിഞ്ഞ നിലപാടില്‍ മാറ്റമുണ്ടായില്ല. ബീമാപ്പള്ളി വെടിവയ്പില്‍ പോലിസുകാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്െടത്തി റിപോര്‍ട്ട് നല്‍കിയിട്ടും ലീഗിന് നിര്‍ണായക സ്വാധീനമുണ്െടന്നു ജനങ്ങള്‍ കരുതുന്ന സര്‍ക്കാരിനെക്കൊണ്ട് അവര്‍ക്കെതിരേ നടപടിയെടുപ്പിക്കാന്‍ ലീഗിനായിട്ടില്ല. 
അവസാനമായി, സ്വന്തം പാര്‍ട്ടിയുടെ ദേശീയസമിതി അംഗം ഉള്‍പ്പെടെയുള്ള മുസ്ലിംനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇമെയിലുകള്‍ തീവ്രവാദികളെന്ന മുന്‍ധാരണയോടെ ചോര്‍ത്തിയ സംഭവത്തില്‍ ലീഗ് സ്വീകരിച്ച നട്ടെല്ലില്ലാത്ത നിലപാട്, തങ്ങള്‍ ചരിത്രപരമായി കാത്തുസൂക്ഷിച്ചപോന്ന ആത്മനിന്ദയുടെയും സമുദായവഞ്ചനയുടെയും പാരമ്പര്യം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നു.


                                               നാസറുദ്ദീന്‍ എളമരം
                                                                   

2012, മാർച്ച് 6, ചൊവ്വാഴ്ച

ഹസാരെയുടെ സംഘപരിവാരം


യു.പി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ പ്രത്യക്ഷ പ്രചാരണപരിപാടികളുമായി ഹസാരെസംഘം ഇറങ്ങിത്തിരിച്ചതോടെ 'നവഗാന്ധി'യന്റെയും സംഘത്തിന്റെയും മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. ഹസാരെയുടെ അഴിമതിവരുദ്ധസമരം യഥാര്‍ഥത്തില്‍ തങ്ങളുടെ പിന്തുണയോടെയുള്ളതാണെന്നു കഴിഞ്ഞ ഒക്ടോബര്‍ 30നു മോഹന്‍ ഭാഗവത് അവകാശപ്പെട്ടപ്പോള്‍ ഹസാരെസംഘം അതിനെ വിമര്‍ശിച്ചു രംഗത്തെത്തുകയുണ്ടായി. മൂന്നുമാസത്തിനു ശേഷം ഇപ്പോഴവര്‍ പുതിയ മതേതരത്വ മുഖം സംരക്ഷിച്ചെടുക്കുന്ന തത്രപ്പാടിലാണ്. വോട്ടര്‍മാര്‍ക്ക് അവരുടെ കടമകളെക്കുറിച്ച് ഉദ്ബോധനം നല്‍കാന്‍ സംഘടിപ്പിച്ച യു.പിയിലെ ആദ്യപരിപാടിയില്‍ത്തന്നെ സംഘത്തിന്റെ പൊയ്മുഖം വെളിവായി. 
ഫെബ്രുവരി രണ്ടിന് ബാരാബങ്കി ജില്ലയിലെ ഫത്തേപൂര്‍ സബ്ഡിവിഷനിലായിരുന്നു ബോധവല്‍ക്കരണപരിപാടിയുടെ ഒന്നാംഘട്ടത്തിന്റെ തുടക്കം. നാലു റാലികളായിരുന്നു ഒന്നാം ഘട്ടത്തില്‍. കിരണ്‍ ബേദിയാണ് ഹസാരെ സംഘത്തിനുവേണ്ടി ആദ്യപാദ പ്രചാരണത്തിനു നേതൃത്വം നല്‍കിയതെങ്കിലും നാലു പരിപാടികളില്‍ മൂന്നിനും വേദിയൊരുക്കി ആര്‍.എസ്.എസാണ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്. 
ഫത്തേപൂരിലെ പൊതുയോഗം ലക്ഷണമൊത്ത ആര്‍.എസ്.എസ.് ഷോ ആയിരുന്നു. സംഘപരിവാരത്തിന്റെ പ്രാദേശികനേതാവായ രാകേഷ്കുമാര്‍ പ്രെമില്‍ ആയിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകന്‍. അഴിമതിക്കെതിരേ ഹിന്ദുക്കള്‍ പോരാടണമെന്നാണ് തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തി ഫത്തേപൂര്‍ മേഖലയില്‍ കുപ്രശസ്തനായ രാകേഷ്കുമാര്‍ പറയുന്നത്. പിന്നീട് മാനവ് ഉല്‍ക്കര്‍ഷ സേവാ സന്‍സ്താന്‍ എന്ന എന്‍.ജി.ഒ. രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സംഘടനയുടെ ആദ്യപൊതുയോഗത്തില്‍ കിരണ്‍ബേദി, മനീഷ് സിസോദ്യ, സഞ്ജയ് സിങ്, ഗോപാല്‍ റായ് എന്നിവരെക്കൂടാതെ ഹസാരെസംഘത്തിലെ മറ്റു ചില അംഗങ്ങളും പങ്കെടുത്തിരുന്നു. ആര്‍.എസ്.എസ്സിന്റെ കര്‍ഷകവിഭാഗമായ ഭാരതീയ കിസാന്‍ സംഘിന്റെ ഫത്തേപൂര്‍ യൂനിറ്റ് പ്രസിഡന്റായിരുന്ന രാംകുമാര്‍ യാദവാണ് രാകേഷ്കുമാര്‍ പ്രെമിലിനു വേണ്ട സഹായങ്ങള്‍ നല്‍കിയിരുന്നത്. 
മാനവ് ഉല്‍ക്കര്‍ഷ സേവാ സന്‍സ്താന്‍, ഭാരതീയ കിസാന്‍ സംഘ്, രാഷ്ട്ര ഭക്തവിചാര്‍ മഞ്ച് എന്നീ സംഘടനകളിലെ 50 വോളന്റിയര്‍മാര്‍ ഒരാഴ്ചയോളം അഹോരാത്രം പണിയെടുത്താണു ഹസാരെസംഘത്തിന്റെ പ്രസ്തുത പരിപാടി വിജയിപ്പിച്ചതെന്നു രാകേഷ്കുമാര്‍ പ്രെമില്‍ വെളിപ്പെടുത്തുകയുണ്ടായി. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു സംഘടനയായ ജയ്കാളി കല്യാണ്‍ സമിതി ആഗ്രയില്‍നിന്നും ശ്രോതാക്കളെ എത്തിച്ചു. ഫത്തേപൂരിലും പരിസരപ്രദേശങ്ങളിലും ആര്‍.എസ്.എസ്. നേരിട്ടു നടത്തുന്ന സരസ്വതി ശിശുമന്ദിര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജനക്കൂട്ടത്തിന്റെ ഭാഗമായി. വേദിയും ആള്‍ക്കൂട്ടവും ആര്‍.എസ്.എസ്. ഒരുക്കിയപ്പോള്‍ ഹസാരെസംഘത്തിനു കാര്യങ്ങള്‍ എളുപ്പമായി. 
          തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നു നിര്‍ദേശിക്കില്ലെന്നായിരുന്നു ഹസാരെസംഘം പറഞ്ഞിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിലെ 'അഴിമതി'യെയും സമാജ്വാദി പാര്‍ട്ടിയിലെ 'ക്രിമിനല്‍ വല്‍ക്കരണ'ത്തെയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ 'ദുര്‍ഭരണ'ത്തെയും വിമര്‍ശിച്ച ഹസാരെസംഘം 'ശക്തമായ ജനലോകായുക്ത ബില്ല്' കൊണ്ടുവന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെ കണക്കറ്റു പ്രശംസിക്കുകയും ചെയ്തതോടെ ആര്‍ക്കാണു വോട്ട് ചെയ്യേണ്ടതെന്നു ഹസാരെസംഘം പറയാതെ പറഞ്ഞുവച്ചു. 
സംഘത്തിന്റെ വേദിയില്‍ 13 ഇന നിര്‍ദേശങ്ങളടങ്ങിയ പ്രതിജ്ഞാപത്രം എന്ന പേരില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. ആര്‍ക്കു വോട്ട് ചെയ്യണമെന്നു തീരുമാനിക്കുന്നതിനു മുമ്പു 13 ഇന പ്രതിജ്ഞ പാലിക്കണമെന്നായിരുന്നു ആഹ്വാനം. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ഒന്നാമത്തെ പ്രതിജ്ഞ. "ഞാന്‍ ഇന്ത്യനാണ്. എല്ലാ ഇന്ത്യക്കാരനും എന്റെ സഹോദരന്മാരാണ്. ഇന്ത്യക്കാര്‍ എന്റെ ജീവനാണ്. ഇന്ത്യന്‍ ദേവന്‍മാരിലും ദേവതകളിലുമാണ് എന്റെ ഈശ്വരാംശം കുടികൊള്ളുന്നത്. എന്റെ കുട്ടിക്കാലത്തിന്റെ കളിയൂഞ്ഞാലും യുവത്വത്തിന്റെ പൂങ്കാവനവും വാര്‍ധക്യത്തിന്റെ കാശിയും പവിത്രസ്വര്‍ഗവും ഇന്ത്യയും ഇന്ത്യന്‍ ജനതയുമാണ്. ഇന്ത്യന്‍ മണ്ണാണ് എന്റെ ഏറ്റവും ഉന്നതമായ സ്വര്‍ഗം. ഇന്ത്യയുടെ ക്ഷേമത്തിലാണ് എന്റെ ക്ഷേമം കുടികൊള്ളുന്നത്. ഈ ജീവിതം മുഴുവന്‍ ഞാന്‍ രാവും പകലും കീര്‍ത്തനമാലപിക്കും. ഓ ഗൌരീനാഥ്, ഓ ജഗദംബേ, എന്റെ ദൌര്‍ബല്യങ്ങളും പൌരുഷഹീനതയും നീക്കി എന്നെ കൂടുതല്‍ കരുണാര്‍ദ്രമാക്കൂ.'' ഈ പ്രതിജ്ഞ എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. 
       ശേഷിക്കുന്ന 12 പ്രതിജ്ഞകള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെങ്കിലും കൂടുതല്‍ പരിഹാസ്യമാണ്. എ.സി. മുറികളില്‍ ഇരിക്കാത്തവരും താമസസ്ഥലത്തുനിന്ന് എ.സി. ഒഴിവാക്കിയവരും ആഡംബര കാറുകളില്‍ യാത്രചെയ്യാത്തവരുമായ ആളുകള്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടതെന്നാണു ഹസാരെസംഘത്തിന്റെ വോട്ടര്‍മാരോടുള്ള അഭ്യര്‍ഥന. കാറുകള്‍ക്കു പകരം ജീപ്പാവാം. എന്നാല്‍, ജീപ്പ് ഓടിക്കാന്‍ ഡ്രൈവര്‍മാരെ നിയോഗിക്കരുത്. സ്വയം ഓടിക്കണം. മാത്രമല്ല, എല്ലായ്പ്പോഴും ജനലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കണം. ഹസാരെ സ്വയം വിഡ്ഢിവേഷമണിയുന്ന നിരവധി ഉദാഹരണങ്ങള്‍ ലഘുലേഖയില്‍ ഇനിയുമുണ്ട്. ഹസാരെയുടെ അഴിമതിവിരുദ്ധ പരിഹാസക്കൂത്ത് എവിടെയെത്തി നില്‍ക്കുന്നുവെന്നു പ്രതിജ്ഞാപത്രത്തില്‍ നിന്നു കൌതുകപൂര്‍വം വായിച്ചെടുക്കാനാവും. 
       ഹസാരെസംഘത്തിന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണറാലി ഫത്തേപൂരില്‍നിന്ന് 140 കി.മീ. അകലെയുള്ള ഗോണ്ടയിലായിരുന്നു. പ്രദേശത്തെ ആര്‍.എസ്.എസ്്. നേതാവ് ദിലീപ് ശുക്ള ആയിരുന്നു മുഖ്യസംഘാടകന്‍.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ദിഗ്വിജയ് സിങ്, എസ്.പി. നേതാവ് മുലായംസിങ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയവരെ വിമര്‍ശിച്ചെങ്കിലും ബി.ജെ.പി., സംഘപരിവാരം നേതാക്കള്‍ക്കെതിരേ പതിവുപോലെ തന്ത്രപരമായ മൌനംപാലിച്ചു. എന്നാല്‍, ശക്തമായ ലോകായുക്ത ബില്ല് കൊണ്ടുവന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെ ഇടയ്ക്കിടെ പുകഴ്ത്താനും മറന്നില്ല. ആര്‍ക്കു വോട്ട് ചെയ്യണമെന്നു പറയില്ല. പക്ഷേ, തൊട്ടുകാണിക്കാം എന്നതായിരുന്നു നിലപാട്. 
      ഹസാരെസംഘത്തിന്റെ മൂന്നാമത്തെ പൊതുയോഗവേദിയില്‍ വോട്ടര്‍മാരോടുള്ള ആഹ്വാനത്തില്‍ നേരിയ വ്യത്യാസമുണ്ടായിരുന്നു. ഫത്തേപൂരിലും ഗോണ്ടയിലും സംഘാടകര്‍ ആര്‍.എസ്.എസ്. ആയിരുന്നുവെങ്കില്‍ ഇവിടെ ഇടതുപക്ഷ, ദലിത് രാഷ്ട്രീയനേതാക്കളായ ഗോപാല്‍ കൃഷ്ണവര്‍മ, അരവിന്ദ് മൂര്‍ത്തി, നിതിന്‍കുമാര്‍ മിശ്ര, വിനോദ് സിങ് തുടങ്ങിയവരായിരുന്നു. നിലവിലുള്ള വ്യവസ്ഥിതി മാറണമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസംഗം തുടങ്ങിയത്. 'ശക്തമായ' ലോകായുക്ത കൊണ്ടുവന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെ പ്രത്യക്ഷമായി പുകഴ്ത്തുന്നത് ഇവിടെമാത്രം ഒഴിവാക്കി. ലോക്പാല്‍ ബില്ല്് കൊണ്ടുവരുമെന്നു വാഗ്ദാനം ചെയ്യുന്നതുവരെ ബി.ജെ.പിക്കു വോട്ട് ചെയ്യരുതെന്നായിരുന്നു ഇവിടത്തെ ആഹ്വാനം. ബില്ലിന്റെ കാര്യത്തില്‍ വാഗ്ദാനം നല്‍കിയാല്‍ പിന്നെ ബി.ജെ.പിക്കു വോട്ട് ചെയ്യണമെന്ന്! 
രാഷ്ട്രം നേരിടുന്ന പ്രധാന വിപത്തുകളിലൊന്നായ വര്‍ഗീയതയ്ക്കെതിരേ ഹസാരെസംഘത്തിലെ ഏതാണ്ട് എല്ലാവരും മൌനംപാലിക്കുകയാണ്. സംഘാംഗമായ മുഫ്തി ഷമിം ഖാസിമി മാത്രമാണു വര്‍ഗീയരാഷ്ട്രീയത്തിനെതിരേ പോരാടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. അയോധ്യ ആര്‍ക്കും അടിപിടികൂടാനുള്ള സ്ഥലമല്ലെന്നും ഒരു പ്രത്യേക പാര്‍ട്ടി മതത്തിന്റെ പേരില്‍ ഹിന്ദു -മുസ്്ലിം ഐക്യം തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മതപരമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ നമുക്ക് അഴിമതിക്കെതിരേ പോരാടാനാവൂ എന്നും ഖാസിമി കൂട്ടിച്ചേര്‍ത്തു. 
ഒന്നാംഘട്ട പ്രചാരണത്തിന്റെ അവസാനവേദിയായ ബസ്്തിയിലും സംഘം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചു. ബസ്തിയിലെ റാലിക്കും ചുക്കാന്‍ പിടിച്ചതു സംഘപരിവാരമായിരുന്നു. ജില്ലയിലെ ഹിന്ദുത്വസംഘടനയുടെ അറിയപ്പെടുന്ന നേതാവ് 1980കളുടെ അവസാനം രൂപീകരിച്ച രാമജന്മഭൂമി മുക്തി സേവാ സമിതിയുടെ ജില്ലാ കണ്‍വീനറും കര്‍സേവക നേതാവുമായിരുന്ന അഡ്വ. ഹരിഷ്ചന്ദ്ര പ്രതാപ് സിങിന്റെ സാന്നിധ്യം ഹസാരെ സംഘത്തിന്റെ കാറ്റുവീശുന്നത് എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. 
        ആദ്യപാദ പ്രചാരണങ്ങളില്‍ വിതരണം ചെയ്ത നാലു പേജുള്ള ലഘുലേഖയിലും നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ ബി.ജെ.പി. നേതാക്കളെല്ലാം, അഴിമതിയില്‍ മുങ്ങിയ കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരിനെയും വംശഹത്യകൊണ്ടു കുപ്രസിദ്ധിനേടിയ ഗുജറാത്തിലെ ബി.ജിെ.പി. സര്‍ക്കാരിനെയും വെറുതെവിടുന്നു. 
കഴിഞ്ഞ ഏപ്രിലില്‍ അന്നാ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയപ്പോള്‍ അതു സംഘപരിവാര ഷോ ആണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. വേദിയും സദസ്സും ഹിന്ദുത്വചിഹ്്നങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. പിന്നീടു ഡല്‍ഹി രാംലീലാമൈതാനിയില്‍ രണ്ടാംഘട്ട ഷോ തുടങ്ങിയപ്പോള്‍ സ്റ്റേജില്‍ എഴുതിവച്ചിരുന്ന 'ഭാരത്മാതാ' എന്നത് ഒഴിവാക്കി പകരം ആ സ്ഥാനത്ത് ഗാന്ധിയുടെ ചിത്രം  പതിക്കുകയായിരുന്നു.                             
(ഓപണ്‍ മാഗസിനില്‍നിന്ന് 
സംഗ്രഹവിവര്‍ത്തനം)
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"