2012, മാർച്ച് 16, വെള്ളിയാഴ്‌ച

നിയമസംവിധാനം ബന്ദിയാക്കപ്പെട്ടു; നിസ്സഹായരായി രണ്ടുമണിക്കൂര്‍



"  നമ്മളെ വീടുവളഞ്ഞവരില്‍ സ്ത്രീകളും വൃദ്ധന്‍മാരുമെല്ലാമുണ്ടായിരുന്നു. ആരുടെയും മുഖത്ത് ദയയോ വെപ്രാളമോ ഒന്നുമുണ്ടായില്ല. അഞ്ചെണ്ണത്തിനെയും കൊത്തിയിടണമെന്നു പറഞ്ഞത് നമ്മുടെ ഉപ്പാനേക്കാള്‍ പ്രായമുള്ള, 65 പിന്നിട്ട രണ്ടുപേരാണ്. സക്കരിയ്യ വെട്ടേറ്റ് രക്തംവാര്‍ന്ന്, വയലിലൂടെ പോവുമ്പോള്‍ വെള്ളത്തിനു വേണ്ടി കൈനീട്ടിയെങ്കിലും ഒരാള്‍ പോലും കൊടുത്തില്ല. എല്ലാവരുടെയും മുഖത്ത് കണ്ട നിസ്സംഗഭാവമാണ് അതിശയിപ്പിച്ചത്.'' ഷുക്കൂറിനോടൊപ്പമുണ്ടായിരുന്ന അയ്യൂബിന്റെ മനസ്സില്‍നിന്ന് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. "അക്രമികള്‍ 'കൂളാ'യാണു നമ്മോടു സംസാരിച്ചത്. കടവിലേക്കെന്നു പറഞ്ഞു കൂട്ടിപ്പോവുമ്പോള്‍ അക്രമികളിലൊരാള്‍ എന്നോടു ചോദിച്ചു, നീ അക്കരെയെത്തുമെന്ന് നിനക്ക് വല്ല ഉറപ്പുമുണ്േടായെന്ന്. മാരകായുധങ്ങളുമായി ആക്രമിക്കുമ്പോള്‍ പോലും തടിച്ചുകൂടിയവരെല്ലാം അതിനെ നിസ്സാരമായി നോക്കിനില്‍ക്കുകയായിരുന്നു. 
   ഞങ്ങള്‍ക്ക് രക്ഷപ്പെടാനാവാത്ത വിധം അതിര്‍ത്തികളിലെല്ലാം സി.പി.എമ്മുകാര്‍ വടിയും ചുഴറ്റി കാവലുണ്ടായിരുന്നു. കുഴപ്പക്കാരല്ലെന്നും പരീക്ഷയുടെ ആവശ്യത്തിനാണു ഇതുവഴി വന്നതെന്നും ഷുക്കൂര്‍, ചലാന്‍ ഫോം ഉയര്‍ത്തിക്കാട്ടി വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നിട്ടും അവരിലൊരാളും ദയ കാട്ടിയില്ല. എല്ലാവരുടെയും മുഖത്ത് അക്രമവാസനയായിരുന്നു.'' പാര്‍ട്ടിഗ്രാമത്തിലകപ്പെട്ട രണ്ടു മണിക്കൂറിനെക്കുറിച്ചു പറയുമ്പോള്‍ അയ്യൂബിന്റെ മനസ്സില്‍ തെളിയുന്നതു ഗുജറാത്തിലെ ഖുത്ബുദ്ദീന്‍ അന്‍സാരിയുടെ മുഖമാണ്. ചോദ്യങ്ങള്‍ക്കെല്ലാം ധൈര്യത്തോടെ മറുപടി പറഞ്ഞപ്പോള്‍ 'നിങ്ങള്‍ തീവ്രവാദികള്‍ തന്നെ, അതാണ് ഇത്ര ധൈര്യം' എന്നായിരുന്നു മറുപടി. "നിങ്ങള്‍ക്കു കളി കൂടുന്നുണ്ട്. കളി കൂടിയപ്പോഴാണ് അന്‍വറിനെ തീര്‍ത്തത്. ഇനിയും കളിച്ചാല്‍ തീര്‍ത്തുകളയും'' എന്നാക്രോശിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. 
സി.പി.എം. നേതാക്കളുടെ വാഹനം ആക്രമിക്കപ്പെട്ട ശേഷം, 12.30ഓടെയാണ് നാലുപേരും  മീന്‍പിടിക്കാനുപയോഗിക്കുന്ന ചെറിയ തോണിയില്‍ കണ്ണപുരം ചെറുകുന്ന് മിഷന്‍ ആശുപത്രിയിലേക്കു പുറപ്പെട്ടത്. തോണി പുറപ്പെട്ടപ്പോഴാണ് ഷുക്കൂര്‍ ഇവരെ വിളിച്ച് അതില്‍ക്കയറിയത്. വീടിനു മീറ്ററുകള്‍ മാത്രം അകലെയുള്ള കടവില്‍നിന്നു തോണിയില്‍ കയറിയ ഷുക്കൂറിന്റെ അന്ത്യയാത്രയായിരിക്കും അതെന്ന് ആരും നിനച്ചിരുന്നില്ല. 15 മിനിറ്റ് തുഴഞ്ഞ് കീഴറ വള്ളുവന്‍കടവിലെത്തി. എന്നാല്‍, ഇവര്‍ അക്രമം നടത്താന്‍ വരുന്നുണ്െടന്നായിരുന്നു സി.പി.എമ്മുകാര്‍ പ്രചരിപ്പിച്ചത്. തങ്ങളെ സി.പി.എമ്മുകാര്‍ പിന്തുടരുന്നുണ്െടന്നു മനസ്സിലാക്കിയ അഞ്ചാളുകളും സമീപത്തുള്ള സുഹൃത്ത് ആലയില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അഭയംതേടി. വീടുവളഞ്ഞ സി.പി.എം. പ്രവര്‍ത്തകര്‍ ഇവരെ പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഫോണില്‍ നാട്ടിലെ ചില പ്രാദേശിക ലീഗ്നേതാക്കളെ വിവരം ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കീഴറയിലെ ചിലരെയും ബന്ധപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തങ്ങള്‍ ബന്ദിയാക്കപ്പെട്ട വിവരം ഷുക്കൂര്‍ സഹോദരന്‍ ദാവൂദിനെയും അറിയിച്ചിരുന്നു. ദാവൂദും മറ്റും പലരെയും സഹായത്തിനായി വിളിച്ചെങ്കിലും നടന്നില്ല. 
വടിയും മറ്റുമായെത്തിയ 60ലേറെ പേരാണ് വീടുവളഞ്ഞത്. പുറത്തിറക്കിയില്ലെങ്കില്‍ വീട് ബോംബിട്ടുതകര്‍ക്കുമെന്നു ഭീഷണി മുഴക്കിയതോടെ, ഗത്യന്തരമില്ലാതെ മൂന്നു പേര്‍ പുറത്തിറങ്ങി. ഇതിനിടെ അഞ്ചുപേരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും അരിയിലുള്ള സി.പി.എം. അനുഭാവികളോടു പേരുവിവരങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. 
ആക്രമിക്കില്ലെന്നു പറഞ്ഞാണു മൂന്നുപേരെ പുറത്തിറക്കിയത്. കടവിലേക്കു കൊണ്ടുവിടാനെന്നു പറഞ്ഞ് അയ്യൂബ്, സലാം, ഹാരിസ് എന്നിവരെയും കൂട്ടി ഏതാനും സി.പി.എം. പ്രവര്‍ത്തകര്‍ വയല്‍ ഭാഗത്തേക്കു നീങ്ങി. അയ്യൂബിന്റെ കണ്ണിനും കാലുകള്‍ക്കും മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ച ശേഷം നാട്ടിലേക്കു വിട്ടോളൂ എന്നു പറഞ്ഞു. ഇതിനുശേഷമാണ് ഷുക്കൂറിനെയും സക്കരിയയെയും പുറത്തിറക്കിയത്. 
യുവാക്കള്‍ ബന്ദിയാക്കപ്പെട്ട വിവരം സംഭവസ്ഥലത്തിനു നാലര കിലോമീറ്റര്‍ മാത്രം അകലെയുള്ള കണ്ണപുരം പോലിസില്‍ അറിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. പിക്ചര്‍ മെസേജ് അയച്ചുകൊടുത്ത് 'യോഗ്യത' ഉറപ്പുവരുത്തിയ ശേഷമാണ് അരുംകൊല നടത്തിയതെന്നാണു സൂചന. ഉച്ചയ്ക്കു രണ്ടരയോടെയാണു കൊലപാതകം നടന്നതെന്നു ഇടതുകണ്ണിനു സാരമായി പരിക്കേറ്റ അയ്യൂബ് പറയുന്നു. ജില്ലാ സെക്രട്ടറി ആക്രമിക്കപ്പെട്ടതിനു പകരം, കിട്ടിയതില്‍ വച്ച് ഏറ്റവും നല്ല ഇരയെന്ന നിലയിലാണ് എം.എസ്.എഫ്. നേതാവായ ഷുക്കൂറിനെ കുത്തിവീഴ്ത്തിയത്. 
ഇത്രയും മൃഗീയമായി കൊലപ്പെടുത്തിയതിനു പിന്നില്‍ സി.പി.എമ്മിനുള്ളിലെ നക്സല്‍ അനുഭാവികളാണെന്നു സംശയിക്കുന്നതായി ഷുക്കൂറിന്റെ സഹോദരനും ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്ററുമായ ദാവൂദ് അരിയില്‍ പറഞ്ഞു.
 മാതാവ് ആത്തിക്കയുടെ കണ്ണീര്‍ ഇപ്പോഴും വറ്റിയിട്ടില്ല. കണ്ണെത്തും ദൂരത്ത് തന്റെ മകന്‍ മണിക്കൂറുകളോളം പിടിച്ചുവയ്ക്കപ്പെട്ടിട്ടും ആര്‍ക്കും അവനെ രക്ഷിക്കാനായില്ലല്ലോയെന്നാണ് ഈ മാതാവിന്റെ വിലാപം. അതുകൊണ്ടുതന്നെ എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സഹപ്രവര്‍ത്തകര്‍ പോലും സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചില്ലെന്ന പരിഭവവും ദാവൂദിനുണ്ട്. അരിയിലില്‍ തീവ്രവാദികളുണ്െടന്ന് അച്ചടി നിരത്തുന്നവരോട് അവര്‍ക്ക് ഒന്നേ ചോദിക്കാനുള്ളൂ, ഷുക്കൂര്‍ മണിക്കൂറോളം ബന്ദിയാക്കപ്പെട്ടിട്ടും ഇവിടത്തെ നിയമസംവിധാനത്തിനു ഒന്നും ചെയ്യാനാവാത്ത വിധം പോലിസ്സേനയെ രാഷ്ട്രീയവല്‍ക്കരിച്ചതിന് ആരാണ് ഉത്തരവാദിയെന്ന്. 
മാത്രമല്ല, തന്റെ സഹോദരന്‍ ഏതെങ്കിലും 'തീവ്രവാദസംഘ'ത്തില്‍പ്പെട്ടവനാണെങ്കില്‍ അവന്‍ കൊല്ലപ്പെടില്ലെന്നും ഇവര്‍ വീടു സന്ദര്‍ശിക്കാനെത്തിയ മാധ്യമസുഹൃത്തുക്കളോടു പറഞ്ഞുപോയി. സുരക്ഷിതത്വബോധം നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന സ്വാഭാവിക പ്രതികരണമെന്നതിലപ്പുറം, ഒരു പൌരന്‍ ജീവനു വേണ്ടി കേഴുമ്പോള്‍, വിശ്വാസമര്‍പ്പിക്കപ്പെട്ട രാജ്യത്തെ നിയമസംവിധാനങ്ങളെല്ലാം കൈമലര്‍ത്തുന്ന ദുരന്തം ഇങ്ങു മലയാളക്കരയിലുമെത്തിയോ എന്നിവര്‍ സംശയിച്ചുപോയാല്‍ ആര്‍ക്കെങ്കിലും കുറ്റംപറയാനാവുമോ?

1 അഭിപ്രായം:

Pheonix പറഞ്ഞു...

യു.ഡി.എഫുകാര്‍ ഭരിക്കുന്ന സമയത്ത് ഈ വിഷയത്തില്‍ ഇത്രക്ക്‌ കിടന്നു തൊണ്ട പോട്ടിക്കണോ? ഉമ്മന്ചാണ്ടിയോടു പറഞ്ഞു നടപടി എടുപ്പിച്ചുകൂടെ? അതോ പേടിച്ചിട്ടാണോ നടപടി വൈകുന്നത്?

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"