2012, ഫെബ്രുവരി 19, ഞായറാഴ്‌ച

ന്യൂനപക്ഷം: പന്ത് പാര്‍ട്ടി കോര്‍ട്ടിലാണ്



വി എസ് അച്യുതാനന്ദനെ നിര്‍ത്തിപ്പൊരിച്ച് അദ്ദേഹത്തെ കാപിറ്റല്‍ പണിഷ്മെന്റിന് ശിക്ഷിച്ച്, കക്ഷി കൊലക്കയറില്‍ തൂങ്ങിനില്‍ക്കവെ പോളിറ്റ് ബ്യൂറോ മുമ്പാകെ സമര്‍പ്പിച്ച ദയാഹരജിയെ തുടര്‍ന്നു ടിയാന്‍ കഷ്ടിച്ചു മരണത്തില്‍നിന്നു രക്ഷപ്പെട്ട സംഭവം മുന്‍നിര്‍ത്തി ഒരു കമ്മ്യൂണിസ്റ് സുഹൃത്തിനോടു ചോദിച്ചു: വി എസ് വധിക്കപ്പെടേണ്ടവന്‍ തന്നെ. പക്ഷേ, കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഒരു തെറ്റും ചെയ്തിട്ടില്ലേ? സീസറുടെ ഭാര്യയെപ്പോലെ പാര്‍ട്ടി സെക്രട്ടറി സംശയത്തിന് അതീതനായിരിക്കണമെന്ന സങ്കല്‍പ്പമൊന്നും പാര്‍ട്ടിക്കുണ്ടാവില്ലെന്നറിയാം. എന്നാലും, പിശകാണെന്നറിഞ്ഞിട്ടും ആളുകള്‍ വെറുതെ സീസര്‍പത്നിയെക്കുറിച്ചു ചാരിത്യ്രവതി എന്നു പറഞ്ഞുകൊണ്ടിരിക്കുംപ്രകാരം പാര്‍ട്ടി സെക്രട്ടറിയുടെ കാര്യത്തിലും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും മൌനം ദീക്ഷിക്കുകയാണോ? ഉറക്കത്തില്‍ ബോധപൂര്‍വമല്ലാതെ കാല്‍ അരികെ കിടക്കുന്ന ആളുടെ ശരീരത്തില്‍ എടുത്തുവച്ചുപോവുക മുതലായ കൊച്ചുകൊച്ചു തെറ്റുകള്‍ പോലും പിണറായിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കും? പള്ളിയച്ചന്മാരെയും പുരോഹിതന്മാരെയും നികൃഷ്ടജീവികള്‍ എന്നും മറ്റും വിളിച്ചു കടന്നല്‍ക്കൂടിനു കല്ലെറിയുക വഴി സഭാവിശ്വാസികളെ ഒന്നടങ്കം പാര്‍ട്ടിക്കെതിരാക്കിയ നടപടി എന്തുകൊണ്ടു ചോദ്യംചെയ്യപ്പെട്ടില്ല?  



ചിരിയിലൊതുങ്ങി മറുപടി; സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി നികിതാ ക്രൂഷ്ചേവിന്റെ ആ പഴയ മറുപടി ഓര്‍മിപ്പിക്കുന്ന സ്വാഭാവികമായ ചിരി. പിണറായി സഖാവിന്റെ പിഴവുകള്‍ എടുത്തിട്ട് അദ്ദേഹത്തിന്റെ ചെയ്തികളെ വിമര്‍ശിച്ചാല്‍ പിറ്റേന്നു കാലത്ത് ചായകുടിക്കാന്‍ തല എവിടെക്കാണും മഠയാ എന്നായിരുന്നു ആ ചിരിയുടെ ചുരുക്കാര്‍ഥം. ഏരിയാതലം മുതല്‍ ജില്ലാതലം തൊട്ടു സംസ്ഥാനം വരെ എതിര്‍ശബ്ദങ്ങളെ വെട്ടിനിരത്തിയാണു പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ അരങ്ങേറ്റം നടന്നത്. സി.പി.എം ഇതര ബൂര്‍ഷ്വാ സംഘടനകളെപ്പോലെയല്ലെന്നും അതില്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും പറയവെ, പാര്‍ട്ടിയിലെ രണ്ടാം നമ്പറുകാരന്‍ നേതാവ് ചോദിച്ചു: "കോണ്‍ഗ്രസ്സില്‍ വല്ലവരും സോണിയാഗാന്ധിയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുമോ? മുസ്ലിംലീഗില്‍ പാണക്കാട് തങ്ങളെ ആരെങ്കിലും വിമര്‍ശിക്കുമോ? മാണി കോണ്‍ഗ്രസ്സില്‍ മാണിയെ വല്ലവരും വിമര്‍ശിക്കുമോ?'' ഒരു പത്രക്കാരനും തിരിച്ചുചോദിച്ചില്ല- സി.പി.എമ്മില്‍ പിണറായി വിജയന് ആരു മണികെട്ടും? 


തമാശ അതല്ല. ദേശസുരക്ഷ എന്നു പറഞ്ഞ് നിരപരാധികളായ ഒരു പ്രത്യേക സമുദായക്കാരെ വേട്ടയാടുന്നതൊഴിച്ചാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുതല്‍ ഇങ്ങേത്തല പഞ്ചായത്ത് പ്രസിഡന്റ് വരെ സകലരെയും അവരുടെ നയങ്ങളെയും തൊലിയുരിക്കാനും തലങ്ങും വിലങ്ങും വിമര്‍ശിക്കാനും സ്വാതന്ത്യ്രമുള്ള ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ. ഈ സ്വാതന്ത്യ്രം അതിന്റെ മാക്സിമം ഉപയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണു മാര്‍ക്സിസ്റ് സുഹൃത്തുക്കള്‍. കോടതികളിലെ ന്യായാസനക്കാരെ ശുംഭന്മാരെന്നു പറഞ്ഞു ചിന്നംവിളിച്ചു നടക്കാനും ബോംബ് നിര്‍മിച്ച് അകത്തായാല്‍ പോലിസ് സ്റ്റേഷനകത്തുപോലും ബോംബ് നിര്‍മിക്കുമെന്ന് വീമ്പുപറയാനും കസ്റ്റഡിയിലെടുത്തവരെ, പോലിസുകാരെ നോക്കുകുത്തികളാക്കി പിടി വിടീച്ചു കൊണ്ടുവരാനും ക്ളാസ്മുറിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെ കൊത്തിനുറുക്കി കഷണം കഷണമാക്കിയതിന് ഉത്തരവാദികളായവരെ ജയിലില്‍നിന്ന് ഇറക്കി മാലയിട്ടു സ്വീകരിക്കാനും സ്വാതന്ത്യ്രമുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ. പക്ഷേ, ഇന്ത്യയില്‍ നാം അനുഭവിക്കുന്ന ഈ സ്വാതന്ത്യ്രം 'അപ്പച്ചന്റെ വെറും തമാശ' മാത്രമാണെന്നാണു പാര്‍ട്ടിയുടെ കരടുരേഖ വിലയിരുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യം വെറും ഔപചാരികവും പൊള്ളയുമാണത്രേ. കരടുരേഖയനുസരിച്ച്, യഥാര്‍ഥ ജനാധിപത്യം മധുരമനോഹര മനോജ്ഞ ചൈനയില്‍ കളിയാടുന്നതാണ്. അതായത്, അറബ്വസന്തത്തെക്കുറിച്ചു കവിത രചിച്ച ആളെ പിടിച്ചു ജയിലിലടയ്ക്കുകയും അന്നു ടിയാനന്‍മെന്‍ സ്ക്വയറില്‍ സംഭവിച്ചപോലെ ചില ചില്ലറ പൌരസ്വാതന്ത്യ്രങ്ങള്‍ക്കായി വാദിച്ച ആയിരക്കണക്കിനു വിദ്യാര്‍ഥികളെ നിഷ്കരുണം വെടിവച്ചുതള്ളുന്നതുമാണ് യഥാര്‍ഥവും മൌലികവുമായ ജനാധിപത്യം. ഈ ജനാധിപത്യം കേരളത്തില്‍ അനുവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്ര എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ ഉടലില്‍ മുദ്രാവാക്യം വിളിക്കാന്‍ തല ബാക്കിയുണ്ടാവുമായിരുന്നുവെന്ന് ചോദിക്കരുത്. കാരണം, സോഷ്യലിസം എന്ന മഹത്തായ ലക്ഷ്യത്തിലേക്കു നടന്നുനീങ്ങണമെങ്കില്‍ ഇത്തരം ചില സംരക്ഷണങ്ങളൊക്കെ ആവശ്യമാണെന്നാണു മറുപടി. 


ഇപ്രകാരം അഭിപ്രായസ്വാതന്ത്യ്രത്തിന്റെ നാനാവിധ ദ്വാരങ്ങളും പഴുതുകളും പൂര്‍ണമായും ഉരുക്ക് ഉരുക്കിയൊഴിച്ച് അടച്ചു ഭദ്രമാക്കി, വിയോജിക്കാനിടയുണ്െടന്നു കണ്ടവരെയത്രയും കൊന്നും നാടുകടത്തിയും തടവിലിട്ടും നിരീക്ഷണത്തിനു വിധേയമാക്കിയും നീണ്ട 75 വര്‍ഷം കര്‍സേവ നടത്തി പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് സ്വര്‍ഗരാജ്യത്തിന് എന്തു സംഭവിച്ചുവെന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന കമ്മ്യൂണിസ്റ്റ് അന്തകന്‍ ഗ്ളാസ്നോസ്റ്റിന്റെ കണ്ണാടിച്ചില്ലുകള്‍ തുറന്നു കാട്ടിത്തന്നിരിക്കെ, എന്തിന് കണ്ണും മൂക്കും ഒന്നിച്ചു വരിഞ്ഞുകെട്ടുന്ന അത്തരമൊരു പരീക്ഷണത്തിന് വീണ്ടും മുതിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടതുണ്ട്. 


മതന്യൂനപക്ഷങ്ങള്‍ ഈ കെണിവലയിലേക്കു വരുന്നില്ലെന്നാണ് ആക്ഷേപം. അവരെ അടുപ്പിക്കാനുള്ള ശ്രമത്തിനു ജാഗ്രത പോരെന്നും പറയുന്നു. എന്നാല്‍, വിപണിയെയും മൂലധനത്തെയും സംബന്ധിച്ചും ബൂര്‍ഷ്വാസിയോടുള്ള നിലപാടില്‍പ്പോലും കാതലായ മാറ്റം വരുത്തി ഇതിനകം പ്രസ്ഥാനത്തെ ഒരു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാക്കി മാറ്റിയവര്‍, മതത്തെക്കുറിച്ച മൌലികസങ്കല്‍പ്പത്തില്‍ കാതലായ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധരല്ല എന്നതാണു വാസ്തവം. ദൈവം ഇപ്പോഴും മിഥ്യയാണ്; മതം മയക്കുമരുന്നും. അഭൌതികമായതെല്ലാം അന്ധവിശ്വാസവും അതിനാല്‍ എതിര്‍ത്തുതോല്‍പ്പിക്കപ്പെടേണ്ടതുമാണ്. 


വിശ്വാസികള്‍ക്ക് ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാം. തങ്ങള്‍ മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരല്ല എന്ന് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്നത് എന്തിനാണെന്ന് അറിയാത്തവരല്ല വിശ്വാസികള്‍. എന്നിട്ടും വിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം കമ്മ്യൂണിസ്റുകളുമായി സഹവസിക്കുന്നുവെങ്കില്‍ അതു കമ്മ്യൂണിസത്തിന്റെ മാനുഷികമുഖം പരിഗണിച്ചുകൊണ്ടു മാത്രമാണ്. ഇസ്ലാമിനെക്കുറിച്ചു സവിശേഷമായിപ്പറഞ്ഞാല്‍, അധഃസ്ഥിതവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ചൂഷണമുക്തമായ സമൂഹം, സാമൂഹിക സുസ്ഥിതി, നീതി, സാമ്രാജ്യത്വവിരോധം മുതലായ ഒട്ടേറെ കാര്യങ്ങളില്‍ അതിന്റെ കാഴ്ചപ്പാടും കമ്മ്യൂണിസ്റ് നയനിലപാടുകളും ഏറെ അടുത്തുനില്‍ക്കുന്നു. മര്‍ദ്ദിതരുടെയും പീഡിതരുടെയും കൈയില്‍ ഭരണത്തിന്റെ ചെങ്കോല്‍ ഏല്‍പ്പിക്കുക എന്നതാണു വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ദൌത്യമായി വിളംബരം ചെയ്യുന്നത്. 


എന്നാല്‍, ഈവക കാര്യങ്ങള്‍ കണക്കിലെടുത്ത് വിഷചഷകമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തോട് ഒരല്‍പ്പം ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചാല്‍, ഞെക്കിയോ നക്കിയോ ഉന്മൂലനത്തിനു ശ്രമിച്ചാല്‍ എന്തു ചെയ്യും? കേരളത്തില്‍ മുസ്ലിംകള്‍ തുണി പണ്േട വലത്തുനിന്ന് ഇടത്തേക്കാണ് ഉടുക്കാറ്. ബാക്കിവരുന്ന മതത്തിന്റെ തൊപ്പിയും തലേക്കെട്ടും അടക്കം സകലതും മാറ്റിവച്ചു ജീവിതത്തിന്റെ ഇടതുവശം ചേര്‍ന്നു നടക്കാമെന്നു വച്ചാല്‍പ്പോലും പാര്‍ട്ടി ഓഫിസിലെ ഗ്രീന്‍ ബുക്കില്‍ സ്ഥാനംപിടിച്ചുകളയാമെന്ന ധാരണ വെറുതെ. അബ്ദുല്ലക്കുട്ടിയെ ഉമ്മൂമ്മയുടെ മയ്യിത്ത് നമസ്കരിക്കാന്‍ അനുവദിച്ചില്ല എന്നത് വെറുതെ പറഞ്ഞതല്ല. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന പേരില്‍ പുസ്തകം എഴുതിയ ആള്‍ മഴയത്തെപ്പോഴോ പള്ളിയുടെ ഇറയത്തു കയറിനിന്നതിന്റെ പേരില്‍ അയാളും പി ടി കുഞ്ഞിമുഹമ്മദും ഒന്നും യഥാര്‍ഥ കമ്മ്യൂണിസ്റല്ല എന്ന് ദേശാഭിമാനിയുടെ അമരത്തിരിക്കുന്ന ആള്‍ പ്രസംഗിച്ചതിന്റെ രേഖ എന്റെ പക്കലുണ്ട്. എന്നുവച്ചാല്‍, ഉറ്റവര്‍ മരിച്ചാല്‍ ഒരു ആചാരം എന്ന നിലയ്ക്കു മയ്യിത്ത് നമസ്കരിക്കുന്നതുപോലും കമ്മ്യൂണിസ്റ്റ് ശരീഅത്ത് അനുസരിച്ചു ഹറാമാണ്.


ഇതു വ്യക്തികളുടെ കാര്യം. കൂട്ടായ്മകളെ സംബന്ധിച്ചിടത്തോളം കുറേക്കൂടി കര്‍ശനമാണു പ്രശ്നം. പതിനാറുവര്‍ഷമാണ് ഐ.എന്‍.എല്‍ എന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിന്റെ പാര്‍ട്ടി കൊറ്റനാടിനു പിറകെ നടന്നത്. പി.ഡി.പിയുടെ കാര്യവും വ്യത്യസ്തമല്ല. അവസാനം അവ രണ്ടും മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയതുപോലെ ആയതു മിച്ചം. 


എന്നാല്‍, മല്‍സരിക്കാന്‍ ഒരു പഞ്ചായത്ത് വാര്‍ഡോ കയറിയിരുന്ന് കാല്‍ നീട്ടാന്‍ ഒരു കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനമോ ചോദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതെ, രാഷ്ട്രീയ-രാഷ്ട്രാന്തരീയ ന്യായങ്ങളും യുക്തികളും മാത്രം കണക്കിലെടുത്ത് കൂടെ കൂടിയവരുടെ അവസ്ഥപോലും തെല്ലും വ്യത്യസ്തമായിരുന്നില്ല. എന്നല്ല, അവരുടെ കാര്യമായിരുന്നു ഏറെ ദയനീയം. തിരഞ്ഞെടുപ്പില്‍ കണ്ണും ചിമ്മി ഇടതുപക്ഷത്തിനു വോട്ട് പതിച്ചുനല്‍കാന്‍ തീരുമാനിച്ച ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണു പറയുന്നത്. ആ സംഘടനയുടെ യുവജനവിഭാഗം വ്യത്യസ്തമായ ഇടപെടലുകളിലൂടെയും വിവിധങ്ങളായ സമരമുഖങ്ങളിലൂടെയും അല്‍പ്പം സമൂഹശ്രദ്ധ പിടിച്ചുപറ്റുന്നു എന്നു കണ്ട മാത്രയില്‍ കോഴിക്കോട്ടെ കക്കോടിയിലും കിനാലൂരിലും വച്ച് അവരുടെ മേല്‍ ചാടിവീണു പൊതിരെ തല്ലുക മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ഭീകരവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിച്ച പാര്‍ട്ടിപ്പത്രം അവരെപ്പറ്റി തുടര്‍ച്ചയായ പരമ്പരകള്‍ പ്രസിദ്ധീകരിച്ച് പൊതുസമൂഹത്തിനു മുമ്പില്‍ ബന്ധപ്പെട്ടവരെ പരമാവധി നാണംകെടുത്താന്‍ പതിനെട്ടും പിന്നെ പന്ത്രണ്ടും പയറ്റി. 


ആനപ്പുറത്തു നടക്കാം; അങ്ങാടിയിലൂടെ നടക്കാം; ആരും കാണരുത് എന്നു ശഠിക്കുകയും ചെയ്യാം. പക്ഷേ, ആനയ്ക്കു ചക്കരയും പനമ്പട്ടയും നല്‍കാന്‍ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നവരുടെ നേരെ ആനയെ വിരട്ടിയോടിച്ചാല്‍ പാവങ്ങള്‍ എന്തു ചെയ്യും? എങ്കില്‍ പിന്നെ ന്യൂനപക്ഷങ്ങള്‍ അടുക്കുന്നില്ല, ഇണങ്ങുന്നില്ല എന്ന വിലാപത്തിന് എന്തര്‍ഥം? 






അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"