2012, മാർച്ച് 24, ശനിയാഴ്‌ച

കണ്ണൂരിലെ പാര്‍ട്ടി കോടതിയും നിയമവാഴ്ചയും


കൊലപാതകവും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും കണ്ണൂരിന് പുത്തരിയല്ല. രാഷ്ട്രീയത്തിന്റെയും കൊടിയുടെയും പേരില്‍ മിണ്ടാപ്രാണികളെ വരെ തീയിട്ടും വെട്ടിയും കൊലപ്പെടുത്തിയവരാണു കണ്ണൂരിലെ രാഷ്ട്രീയക്കാര്‍. ക്രൂരതയുടെയും ഭീകരതയുടെയും എല്ലാ സീമകളും എടുത്തെറിയപ്പെട്ടിട്ടുണ്ട് രാഷ്ട്രീയ പകപോക്കലില്‍. ഇതിനെയൊക്കെ ന്യായീകരിക്കാനും അത്തരം കാര്യങ്ങള്‍ക്ക് പ്രത്യയശാസ്ത്രത്തിന്റെ ഭീമന്‍ ആവരണം നല്‍കാനും ബുദ്ധിജീവികള്‍വരെ ക്യൂവില്‍ നില്‍ക്കാറുമുണ്ട്. ഉറക്കപ്പായയില്‍നിന്നു വിളിച്ചുണര്‍ത്തി അച്ഛനമ്മമാരുടെ മുന്നിലിട്ട് വിദ്യാര്‍ഥിനേതാവിനെ വെട്ടിനുറുക്കിയവര്‍ ആര്‍.എസ്.എസുകാരാണെങ്കില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിവു പഠിപ്പിച്ചുകൊടുക്കുന്നതിനിടെ അധ്യാപകനെ കൊലപ്പെടുത്തി കുടല്‍മാല പിളര്‍ത്തത് സി.പി.എമ്മാണ്. പെരുന്നാള്‍ തലേന്ന് പള്ളിയില്‍നിന്നിറങ്ങിയ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തി വിധി നടപ്പാക്കിയതിനു പിന്നില്‍ സി.പി.എമ്മായിരുന്നുവെന്ന് അവരുടെ പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ് ചെയ്തതോടെ വ്യക്തമാവുകയും ചെയ്തു.
'പാര്‍ട്ടി കോടതി'യുടെ പേരിലാണ് ഇപ്പോള്‍ വിവാദം ആളിക്കത്തുന്നത്. എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചി അരിയിലിലെ പി അബ്ദുല്‍ ശുക്കൂറിനെ മണിക്കൂറുകളോളം തടങ്കലില്‍വയ്ക്കുകയും പിന്നീട്, അറവിനുവേണ്ടി ആടുമാടുകളെ തെളിച്ചുകൊണ്ടുപോവുന്നതുപോലെ കൊണ്ടുപോയി വെട്ടിക്കൊന്ന് വയലില്‍ താഴ്ത്തുകയും ചെയ്ത സംഭവം പാര്‍ട്ടി കോടതിയുടെ ഉത്തരവുപ്രകാരമാണെന്ന പോലിസ് കണ്െടത്തലാണ് ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലം. ശുക്കൂര്‍ വധത്തോടെ, സി.പി.എമ്മില്‍ പാര്‍ട്ടി കോടതിയുണ്െടന്നും കൊല്ലേണ്ടവരെ കാലേക്കൂട്ടി കണ്െടത്തി ഉത്തരവു നടപ്പാക്കാറാണു പതിവെന്നുമുള്ള നേരത്തേ തന്നെയുള്ള ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. വിചാരണയും ശിക്ഷയുമൊക്കെ മണിക്കൂറുകള്‍ക്കകം തന്നെ നടന്നതാണ് അരിയില്‍ അബ്ദുല്‍ ശുക്കൂറിന്റെ മരണത്തെ വ്യത്യസ്തമാക്കുന്നത്. കൂടാതെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോവുമ്പോള്‍ കണ്ടുനിന്ന പാര്‍ട്ടിഗ്രാമത്തിലെ സ്ത്രീകളും വൃദ്ധരുമടക്കമുള്ളവര്‍ എതിര്‍പ്പുപ്രകടിപ്പിക്കാതെ നിസ്സംഗരായി നിന്നതും വിശകലനവിധേയമാക്കേണ്ടതാണ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ഒരു യുവ എം.എല്‍.എയും ലീഗ് ശക്തികേന്ദ്രത്തില്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണമാണ് വിചാരണയും വധശിക്ഷയും മണിക്കൂറുകള്‍ക്കകം നടപ്പാക്കാന്‍ അണികള്‍ക്കു പ്രേരണയായതെന്നാണു പോലിസ് കണ്െടത്തല്‍.
പാര്‍ട്ടിഗ്രാമത്തിലെ കല്‍പ്പനകളും ഉത്തരവുകളും പാലിക്കാത്തവരെ ഊരുവിലക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്ന ജില്ലയാണ് കണ്ണൂരെന്നത് സുവിദിതമാണ്. സംഘര്‍ഷം അരങ്ങേറിയ ലീഗ് ശക്തികേന്ദ്രമായ അരിയിലില്‍നിന്നു കണ്ണൂരിലേക്കെത്താനായി കടവുകടന്ന് കീഴറയിലെത്തിയ ശുക്കൂറിനും കൂടെയുണ്ടായിരുന്നവര്‍ക്കും തങ്ങള്‍ പിന്തുടരപ്പെടുന്നുണ്െടന്നു മനസ്സിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കു പരിചയമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയത്. പക്ഷേ, ചെങ്കൊടി മാത്രം പാറുന്ന പാര്‍ട്ടിഗ്രാമത്തില്‍ വസിക്കുന്ന വീട്ടുകാരന് പാര്‍ട്ടിപ്രവര്‍ത്തകരുടെ ആജ്ഞ മറികടക്കാനുള്ള ത്രാണിയുണ്ടായില്ല. അതുകൊണ്ടുതന്നെ അഭയംതേടി വീട്ടിലെത്തിയ വിദ്യാര്‍ഥികളെ കൊലക്കത്തിക്കു മുന്നിലേക്ക് ഇട്ടുകൊടുക്കേണ്ടിവന്നു ആ ഹതഭാഗ്യന്. തുടര്‍ന്ന് വിട്ടുകിട്ടിയ അഞ്ചുപേരില്‍നിന്ന് തങ്ങളുടെ കൃത്യം നിറവേറ്റാന്‍ പറ്റിയവരാരെന്നു നോക്കുന്ന പ്രാഥമിക കര്‍മം. ഇതിനായി സാങ്കേതികവിദ്യയുടെ സഹായം തേടി. പിടിയിലായ അഞ്ചുപേരുടെയും ചിത്രം മൊബൈലില്‍ എം.എം.എസ് വഴി അജ്ഞാതകേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുന്നു. ഇതില്‍ തിരഞ്ഞെടുത്ത രണ്ടുപേരുടെ ചിത്രം വെരിഫിക്കേഷനുശേഷം അക്കരെയുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരിച്ചയച്ചു. ഇതോടെയാണ് അക്രമികള്‍ തടങ്കലില്‍വച്ച വീട്ടില്‍നിന്നു തൊട്ടകലെ കൂട്ടിക്കൊണ്ടുപോയി ശുക്കൂറിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അരിയിലിലുള്ള സി.പി.എം പ്രവര്‍ത്തകരോട് പിടികൂടിയവരുടെ മേല്‍വിലാസം ബോധ്യപ്പെടുത്തിയ ശേഷമാണു വധശിക്ഷ നടപ്പാക്കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 
പാര്‍ട്ടി കോടതിയുണ്െടന്ന പോലിസിന്റെ ഇപ്പോഴത്തെ കണ്െടത്തല്‍ സി.പി.എമ്മിനെ വിടാതെ പിന്തുടരുമെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടി കോടതി വാര്‍ത്ത വ്യാജമാണെന്നും പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് മെനഞ്ഞെടുത്ത കഥയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നുണ്െടങ്കിലും ആരോപണം പ്രതിരോധിക്കാന്‍ സി.പി.എമ്മിന് നന്നേ പാടുപെടേണ്ടിവരും. കാരണം, നാളിതുവരെ ജില്ലയില്‍ നടന്ന കൊലപാതകങ്ങളുടെ സി.പി.എം ട്രാക്ക് റിക്കാര്‍ഡ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്.
മുന്നേ തന്നെ, കൊലപാതകക്കേസുകള്‍ പോലിസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ ഈ കാട്ടുനീതിക്ക് അറുതിവരുത്താമായിരുന്നു. പകരം, പാര്‍ട്ടി ഓഫിസില്‍നിന്ന് അയച്ചുകൊടുക്കുന്ന പേരുകള്‍ പ്രതിസ്ഥാനത്തു ചേര്‍ത്ത് പോലിസ് അന്വേഷണം വഴിപാടാക്കി. ഇതിന്റെ പൊറുതികേടാണ് ഇപ്പോഴും ഇവിടത്തുകാര്‍ അനുഭവിക്കുന്നത്.
പാര്‍ട്ടി കോടതിയും വിചാരണയും വധശിക്ഷയുമെല്ലാം സി. പി.എമ്മിനു മാത്രം വശമായതാണെന്ന ധാരണയും തെറ്റാണെന്നു സംഘപരിവാരത്തിന്റെ പ്രവര്‍ത്തനരീതി പരിശോധിച്ചാല്‍ തെളിയും. ഇരുകൂട്ടരും തങ്ങളുടെ തിട്ടൂരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരുനില്‍ക്കുകയോ തങ്ങള്‍ ശത്രുപക്ഷമായി കണക്കാക്കിയ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ ടാര്‍ഗറ്റ് ചെയ്തു വകവരുത്താറുണ്െടന്നു ജില്ലയുടെ ഇതുവരെയുള്ള കൊലപാതകചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. പ്രദേശത്തു തന്നെ സംഘടിപ്പിക്കുന്ന പാര്‍ട്ടി പൊതുയോഗങ്ങളില്‍ കൊലപ്പെടുത്തേണ്ടവന്റെ പേര് പരസ്യപ്പെടുത്തുന്നത് ഇരുകൂട്ടരുടെയും പൊതുരീതിയാണ്. ഇതിനുപുറമെ റീത്തുകള്‍ വീട്ടിനു മുന്നില്‍ കൊണ്ടുവച്ച് മുന്നറിയിപ്പു നല്‍കുന്നതാണ് മറ്റൊരു രീതി. ബോംബ് രാഷ്ട്രീയവും കൊലക്കത്തിരാഷ്ട്രീയവും അഭിമാനപൂര്‍വം കൊണ്ടുനടക്കുകയും അതില്‍ മേനിനടിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ളവരാണ് കണ്ണൂരിലെ സി.പി.എമ്മും ആര്‍.എസ്.എസും.
സി.പി.എമ്മിന്റെ പാര്‍ട്ടി കോടതിക്കെതിരേ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍, ആര്‍.എസ്.എസിന്റെ ക്രൂരത തുറന്നുകാട്ടുന്നതിലും അതിനെതിരേ പൊതുമനസ്സാക്ഷിയെ അണിനിരത്തുന്നതിലും പലപ്പോഴും കുറ്റകരമായ നിസ്സംഗതയാണു പുലര്‍ത്താറുള്ളത്. സി.പി.എം ഇതര രാഷ്ട്രീയകക്ഷികളും ആര്‍.എസ്.എസ് ഭീകരതയെ വെള്ളപൂശുന്ന സമീപനമാണു സ്വീകരിക്കാറുള്ളതെന്നും ഖേദകരമാണ്. 

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കണമെന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുകയും എന്നാല്‍, അവര്‍ക്കെതിരേയുള്ള മനോഭാവം അണികള്‍, സംഘപരിവാര സ്റൈലില്‍ വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുമ്പോള്‍, ഇനിയും ശുക്കൂറുമാരുണ്ടാവുമെന്നുതന്നെയാണു മനസ്സിലാക്കേണ്ടത്. 
ഗുജറാത്ത് വംശീയകലാപത്തില്‍ സംഘപരിവാര അക്രമികളുടെ മുന്നില്‍ പെട്ടുപോയ ഖുത്ബുദ്ദീന്‍ അന്‍സാരിയുടെയും ശുക്കൂറിന്റെയും ഫോട്ടോ വച്ച് ഫെയ്സ് ബുക്കില്‍ നടക്കുന്ന ചര്‍ച്ച സി.പി.എം നേതൃത്വം ഗൌരവത്തോടെ കാണേണ്ടതുണ്ട്. ജീവനു യാചിച്ച ഖുത്ബുദ്ദീന്‍ അന്‍സാരിയെ സംഘപരിവാരം വിട്ടയച്ചു. എന്നാല്‍, ശുക്കൂറിനെ സി.പി.എമ്മുകാര്‍ വെറുതെവിട്ടില്ല എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്നത്. കണ്ണൂരിലെങ്കിലും ന്യൂനപക്ഷവിഭാഗങ്ങള്‍ ആര്‍.എസ്.എസിനെക്കാള്‍ സി.പി.എമ്മിനെ ഭയക്കുകയോ വെറുക്കുകയോ ചെയ്യുന്നുണ്െടന്ന വസ്തുത ഇനിയും സി.പി.എമ്മിനു മനസ്സിലാവാതെപോയാല്‍ അതു കനത്ത നഷ്ടമാണ് ഇരുവിഭാഗത്തിനും നല്‍കുക. ഈ ഒരൊറ്റ കാരണത്താലാണ് കണ്ണൂരിലെ സാധാരണ മുസ്ലിംകള്‍ മുസ്ലിംലീഗിനെത്തന്നെ അഭയകേന്ദ്രമായി കാണുന്നതും. എന്നാല്‍, സ്വന്തം പ്രവര്‍ത്തകനെ വെട്ടിനുറുക്കുന്നത് കേട്ടറിഞ്ഞിട്ടും തടയാനാവാത്ത ലീഗിന്റെ നിസ്സഹായാവസ്ഥ ഒരു വശത്തുണ്ട്. തീവ്രവാദത്തിനെതിരേ ഗീര്‍വാണങ്ങളുതിര്‍ക്കുന്ന തിരക്കില്‍ സ്വന്തം അണികളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ബാധ്യത പാര്‍ട്ടി വിസ്മരിച്ചതാവാനിടയില്ല. നാവിനു പതിനാലുമുഴം നീളമുള്ള അതേ നേതാക്കന്മാരാണല്ലോ അണികളെ ആക്രമണോല്‍സുകരാക്കിനിര്‍ത്തുന്നതും. വോളന്റിയര്‍മാരുടെ സംരക്ഷണവലയത്തില്‍ സ്റ്റേജുകളില്‍ കയറി പ്രസംഗിക്കുന്ന ഈ കുട്ടിനേതാക്കള്‍ അണികളുടെ ജീവനു പുല്ലുവില കല്‍പ്പിക്കുന്നതിന്റെ കാരണങ്ങള്‍ ലീഗ് നേതാക്കളാണു വ്യക്തമാക്കേണ്ടത്. സി. പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും മുതിര്‍ന്ന നേതാക്കളുമായി ലീഗ് നേതൃത്വം ഉണ്ടാക്കിയെടുത്ത വാണിജ്യ സൌഹൃദങ്ങളുടെ പേരിലാണോ അണികള്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നത് എന്നതും പഠനാര്‍ഹമാണ്.

---------------------------------------(കടപ്പാട്: ഹനീഫ എടക്കാട് )-----------------------------------------------------

3 അഭിപ്രായങ്ങൾ:

Pheonix പറഞ്ഞു...

പണ്ട് കോഴിക്കോട്‌ ഒരു വീട്ടുവളപ്പില്‍ ബോംബ്‌ ഒളിപ്പിച്ച സ്ഥലത്ത് വെച്ച് പൊട്ടിത്തെരിച്ചപ്പോള്‍ പരിക്കേറ്റത് മുഴുവന്‍ ലീഗിന്റെ ആളുകളല്ലേ? സി.പി.എമ്മിന്റെ അല്ലല്ലോ? അപ്പൊ സി.പി.എം മാത്രമാണ് അക്രമം നടത്തുന്നത് എന്നത് ശരിയല്ലേ? ലീഗ്കാര്‍ ബോംബ്‌ ഒളിപ്പിച്ചു വെച്ചത് ഓലപ്പന്തു കളിക്കാനോന്നുമാല്ലല്ലോ അല്ലെ?!

അജ്ഞാതന്‍ പറഞ്ഞു...

നിഷ്കളങ്കനും, ഗാന്ധിജിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും നല്ല അഹിംസാ വാദിയും, ഗുണ്ടായിസം, കുഴല്‍പണ ഇടപാട്, പാക്കിസ്താന്‍ കള്ളനോട്ട് വിതരണം, കര്‍ണാടകയില്‍ നിന്നു സ്പിരിറ്റ് കടത്ത്, അരിയില്‍ ഭാഗത്ത് താമസിക്കുന്ന സീപിയെമ്മുകാരെ ആക്രമിച്ച് കൊള്ളയടിച്ച സംഭവം എന്നിവയിലൊന്നും യാതൊരു ബന്ധവും ഇല്ലാത്ത പച്ച പാവം ആയിരുന്നു ശുക്കൂര്‍, സീപിയെമ്മുകാര്‍ക്ക് അവരുടെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബലിയര്‍പ്പിക്കാന്‍ ബക്രീദിന് ആടിനെ അറക്കാന്‍ വാങ്ങുന്ന പോലെ നല്ല ഇറച്ചിയുള്ള ഒരാളെ പിടിച്ച് കശാപ്പ് ചെയ്തതാണ്.

പ്രിയപ്പെട്ട വിനീതന്‍ "നാട്ടുകാര്‍ തല്ലിക്കൊന്ന" ശുക്കൂറിന്റെ കയ്യിലിരുപ്പു കൂടി ഒന്നു അന്വേഷിച്ച് എഴുതുക....

നിങ്ങള്‍ ഈ എഴുതിയതൊക്കെ കണ്ണൂരില്‍ ഇവന്മാര്‍ കാട്ടിയ അതിക്രമങ്ങള്‍ അറിയാത്ത, തെക്കന്‍ കേരളത്തില്‍ നിന്നുള്ള ആളുകള്‍ വിശ്വസിച്ചേക്കാം, പക്ഷേ ഇവിടെ ഈ പരിപ്പ് വേവില്ല.

Unknown പറഞ്ഞു...

ചെയ്ത തെറ്റിന് ന്യായം കണ്ടെത്തുക സ്വാഭാവികമാണ്.താങ്കളും അതുതന്നെയാണ് നടത്തുന്നത് എന്ന്‍ മനസ്സിലാക്കുന്നു.കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആദ്യത്തേത് അല്ല ഷുക്കൂറിന്‍റേത്.പക്ഷേ ഈയൊരു കൊലപാതകം പല ദുസ്സൂചനയും നല്‍കുന്നു.ശുക്കൂറിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി അത് മെസേജ് ചെയ്ത് റീപ്ലേ കിട്ടിയതിന്ന് ശേഷമാണ് കൊലനടത്തിയത്.ശുക്കൂറിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ആ പ്രദേശത്ത് ജനങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കിയിരുന്നു.കഴിഞ്ഞ തെരെഞ്ഞാടുപ്പില്‍ ശുക്കൂര് നില്‍ക്കുന്ന വാര്‍ഡും അതിനടുത്തുള്ള രണ്ട് വാര്‍ഡുകളും യു ഡി എഫ് വിജയിച്ചിരുന്നു.അതിന്ന്‍ ശുക്കൂര് നല്ല പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്.

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"