2012, നവംബർ 14, ബുധനാഴ്‌ച

പാലായനമല്ല ഹിജ്റ



              ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഹിജ്റ. പാലായണമെന്നും ഒളിച്ചോട്ടമെന്നും ഈ പദത്തെ വിവര്‍ത്തനം 
ചെയ്യുന്നത് അതുള്‍ക്കൊള്ളുന്ന മഹത്തായ ചരിത്ര ദൌത്യത്തെ 
വികലമാക്കുകയായിരിക്കും.പ്രവാചകനും അനുയായികളും ഭീരുത്ത്വം കൊണ്ടല്ല 280 മൈല്‍ അകലെയുള്ള മദീനയില്‍ അഭയം തേടിയത്.അമൂല്യമായ ഒരു വിശ്വാസദര്‍ശനത്തെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാനായിരുന്നു ആ വിപ്രവാസം.അത് തലമുറകളിലേക്ക് പകരാനുള്ള ദര്‍ശനമായിരുന്നു.
         മിക്ക പ്രവാചകരും ജനനായകരും എന്തെങ്കിലും വിധത്തിലുള്ള 
പ്രവാസജീവിതം നയിച്ചിട്ടുണ്ട്.ഏദന്‍ തോട്ടത്തില്‍നിന്നു ഭൂമിയിലേ ക്കുള്ള ആദംനബിയുടെ പ്രവാസത്തില്‍നിന്നായിരിക്കാം ഒരുപക്ഷേ 
അതിന്‍റെ തുടക്കം.പിന്നെ ഇബ്രാഹീം (അ),ലൂത്ത് (അ),യഅഖൂബ് (അ),
മൂസ(അ)തുടങ്ങിയ എത്രയോ പ്രവാചകന്മാര്‍......അവരെല്ലാം 
ഏകദൈവവിശ്വാസമെന്ന ദൌത്യവുമായി വന്നവരായിരുന്നു.
എന്നാല്‍ സ്വന്തം ജനതകള്‍ അവരെ വിശ്വസിച്ചില്ല.തിരസ്കരിക്ക 
പ്പെട്ട ആ പ്രബോധകന്‍മാര്‍ക്ക് മറ്റേതെങ്കിലും രാജ്യത്ത് 
അഭയം പ്രാപിക്കേണ്ടതുണ്ടായിരുന്നു.അനുകൂലമായ സാഹചര്യം 
രൂപപ്പെട്ടതിന്നുശേഷം മാത്രമാണവര്‍ സ്വദേശങ്ങളിലേക്ക് 
മടങ്ങിയത്.മുഹമ്മദ് നബി (സ)യുടെ ജീവിതത്തിലും ഈ വിപര്യയം 
കാണാം.
         മക്കയില്‍ കച്ചവടാര്‍ത്ഥം വന്ന ചില യസ് രിബുകാര്‍ പ്രവാ 
ചകന്‍റെ പ്രഭാഷണങ്ങള്‍ കേട്ടു.ഏകദൈവത്തിലുള്ള വിശ്വാസം ,
എല്ലാ മനുഷ്യരും സഹോദരന്മാരാണെന്ന സമത്ത്വബോധം,നീതി,
കരുണ,സാഹോദര്യം......അത് അവര്‍ക്ക് ആകര്‍ഷകമായി തോന്നി.
ഔസ്,ഖസ്റജ് ഗോത്രക്കാരായിരുന്നു അവര്‍ .ഗോത്രകലഹങ്ങളും 
ജൂതചൂഷണവും അവസാനിപ്പിച്ച് യസ് രിബില്‍ സമാധാനം സ്ഥാപി 
ക്കാന്‍ ഈ പ്രവാചകന്‍റെ സാന്നിധ്യം അനിവാര്യമാണെന്നവര്‍ 
തിരിച്ചറിഞ്ഞു.
        സ്വന്തം സമൂഹത്തില്‍ നിന്നു പീഡനങ്ങളും എതിര്‍പ്പുകളും 
നേരിടേണ്ടി വന്ന പ്രവാചകന്‍ ഇസ്ലാമികാദര്‍ശത്തിന്ന് പടര്‍ന്ന് 
പന്തലിക്കാന്‍ സുരക്ഷിതമായ ഒരിടം വേണമെന്നതും ഹിജ്റയ്ക്ക് 
കാരണമായി.അങ്ങനെയാണ് യസ് രിബിലേക്ക് പ്രവാചകന്‍ 
ക്ഷണിക്കപ്പെടുന്നത്.നബി തിരുമേനിയുടെ ആഗമനത്തോടെ 
യസ് രിബ് മദീനയായി.പ്രവാചകനഗരിയായി അറിയപ്പെട്ടു തുടങ്ങി.
        മദീനാവാസികളും മുസ്ലിംങ്ങളും തമ്മില്‍ ഉരുത്തിരിഞ്ഞത് 
ചരിത്രത്തില്‍ അന്നൊളമുണ്ടായിട്ടില്ലാത്തവിധം മനോഹരമായ 
സാഹോദര്യമായിരുന്നു.മക്കയില്‍നിന്നു വന്നവര്‍ മുഹാജിറുകള്‍ ,
മദീനയിലുള്ളവര്‍ അന്‍സാറുകള്‍ .ഇരുകൂട്ടരെയും പ്രവാചകന്‍ 
സഹോദരന്മാരാക്കിയപ്പോള്‍ അതു രക്തബന്ധത്തേക്കാള്‍ തീക്ഷ്ണ 
മായ ഹൃദയബന്ധമായി.മതവിശ്വാസമാണ് അവരെ ഏകോപിപ്പിച്ചത്.
മദീനയിലെ പുതുവിശ്വാസികളും അറബികളായ അമുസ്ലിംകളും 
ജൂതന്മാരും തമ്മിലുണ്ടാക്കിയ ഉടമ്പടി,മദീനയില്‍ നീണ്ടുനിന്ന 
സമാധാനം കൊണ്ടുവന്നു.അതുവരെ ഗോത്രകലഹങ്ങള്‍ കൊണ്ടു 
കലുഷിതമായ അന്തരീക്ഷമായിരുന്നു.യുദ്ധാനുകൂലമായ ഈ 
അവസ്ഥയെ അമിതപലിശ വാങ്ങി കടം കൊടുത്തിരുന്ന ജൂതന്മാര്‍ 
ചൂഷണം ചെയ്യുകയായിരുന്നു.(ഇന്നും ലോകത്ത് ആയുധക്കച്ചവടം 
കൊഴുക്കുന്നത് അങ്ങനെയാണല്ലോ).ഇതിനൊക്കെ ഒരറുതിവരു 
ത്താന്‍ പ്രവാചകസാന്നിധ്യം മദീനയെ സഹായിച്ചു.ജൂതന്മാര്‍ 
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചില്ലെങ്കിലും 
സമാധാനസന്ധികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ക്കാവുമായിരുന്നില്ല.
        ഒരു ഇസ്ലാമിക കലണ്ടറിന്നു രൂപം നല്‍കുന്നതിനെക്കുറിച്ചു 
ചര്‍ച്ചനടന്നപ്പോള്‍ അതിന്നു മാനദണ്ഡമായി സ്വീകരിച്ചത് പ്രവാ 
ചകന്‍റെ ജന്മദിനമോ മറ്റോ ആയിരുന്നില്ല.ഹിജ്റ ആയിരുന്നു.
ഈ നിര്‍ദേശം മുമ്പോട്ട് വെച്ചത് അലീ ഇബ്നു അബൂത്വാലിബും.
കാരണം,ഇസ്ലാം ഒരു വിശ്വാസസംഹിതയെന്ന നിലയിലും രാഷ്ട്ര 
മെന്ന നിലയിലും വ്യക്തമായി രൂപം പ്രാപിക്കുന്നത് മദീനാ 
പ്രവേശത്തോടെയാണ്.
       അത് ക്രിസ്തുവിന്ന് ശേഷം 622ല്‍ ആണെന്ന്‍ കണക്കാക്കപ്പെടുന്നു.
ചാന്ദ്രായണത്തെ അടിസ്ഥാനമാക്കി മുഹര്‍റം ഒന്നുമുതല്‍ 
ദുല്‍ഹജ്ജ് 30വരെ പന്ത്രണ്ടു മാസങ്ങളായി ഹിജ്റ വര്‍ഷം കണക്കാ ക്കുന്നു.
റമദാന്‍ ഒന്നുമുതല്‍ ലോകമുസ്ലീംകള്‍ ഒരു മാസത്തെ വ്രത 
മാരംഭികുന്നു.ശവ്വാല്‍ ഒന്നിന്ന് ഈദുല്‍ഫിത്വര്‍ ,ദുല്‍ഹജ്ജ് 10ന്നു 
ഈദുല്‍ അദ് ഹ അങ്ങനെ ഒരു കലണ്ടര്‍ രാഷ്ട്രീയ പ്രമാണത്തിന്റെ 
പ്രഖ്യാപനമായിത്തീര്‍ന്ന കഥയാണ് ഹിജ്റയുടേത്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"