2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഇനി എന്തൊക്കെ കാണേണ്ടിവരും !


    ചാനലിനും ആത്മീയതയ്ക്കും ആയുര്‍വേദത്തിനുമാണു കേരളത്തില്‍ മാര്‍ക്കറ്റെന്ന് ബ്ളോഗ് ഫലിതമുണ്ട്. വ്യത്യസ്ത മേഖലകളിലായി 40ലേറെ ചാനലുകള്‍ മലയാളത്തിലുണ്ട്. ഇവയില്‍ ഇന്ത്യാവിഷന്‍, കൈരളി പീപ്പിള്‍, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, റിപോര്‍ട്ടര്‍, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍ എന്നിവ വാര്‍ത്താചാനലുകളാണ്. ഇവയ്ക്കു പുറമേ അമൃത, സൂര്യ, ജയ്ഹിന്ദ്, ജീവന്‍, കൈരളി, ദൂരദര്‍ശന്‍ എന്നിവയും വാര്‍ത്തകള്‍ അവതരിപ്പിച്ചുവരുന്നു. മംഗളം, കേരളകൌമുദി എന്നിവയുടെ ചാനലുകള്‍ വരാനിരിക്കുന്നു. വനിതാ ചാനലായ സഖി ടി.വി, രാജ് ന്യൂസിന്റെ മലയാളം ചാനല്‍, ആര്‍.എസ്.എസിന്റെ ജനം ടി.വി, കെ. മുരളീധരന്റെ ജനപ്രിയ, സി.പി.ഐയുടെ ചാനല്‍, സീ.ടി.വിയുടെ സീ മലയാളം, ജയ് മലയാളം തുടങ്ങിയ ചാനലുകളും പ്രവര്‍ത്തനം തുടങ്ങുമെന്നു പ്രഖ്യാപിച്ചവയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഐ.ബി.സിയുടെ വരവു താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ് (അത്രയും നല്ലത്). 
ചാനലുകള്‍ക്കു പരസ്യം മാത്രമാണു വരുമാനം. പരസ്യ ഏജന്‍സികള്‍ റേറ്റിങ് നോക്കി മാത്രമേ പരസ്യം നല്‍കൂ. അതിനാല്‍ റേറ്റിങ് എങ്ങനെയെല്ലാം കൂട്ടാം എന്നതാണു ലക്ഷ്യം. ചാനല്‍ മല്‍സരങ്ങള്‍ക്കിടെ മാധ്യമധര്‍മം ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജസ്റ്റിസ് ബസന്തുമായുള്ള തീര്‍ത്തും രഹസ്യമായ ഓഫ് ദി റെക്കോഡ് സംഭാഷണം പരസ്യമാക്കിയതിലൂടെ ഇന്ത്യാവിഷന്‍ ലേഖിക ഫൌസിയ മുസ്തഫ ചെയ്തത്. പുതുതായി ചാനലുകള്‍ വരുമ്പോള്‍ അവര്‍ക്കൊക്കെ എക്സ്ക്ളൂസീവുകള്‍ വേണം. അതിനായി അവര്‍ എന്തും ചെയ്യും എന്നിടത്തെത്തി കാര്യങ്ങള്‍. അതിനാല്‍, ഒരാളുടെ കുളിമുറിയിലേക്കു കാമറ നീട്ടിവച്ച് എക്സ്ക്ളൂസീവ് പകര്‍ത്താനാവുമോ എന്ന ചോദ്യം ഉന്നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

കാളപെറ്റാല്‍...

കാളപെറ്റാല്‍ കയറു മാത്രമല്ല, തൊഴുത്തും ഒരുക്കുന്നവരാണു ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും. എന്തു വാര്‍ത്തയും അതു സത്യമാണോയെന്നു പരിശോധിക്കാതെതന്നെ എഴുതാം. ചാനലുകളാണെങ്കില്‍ സ്ക്രോളിങ് പിന്നീടു വിടാതിരുന്നാല്‍ മതി. ഓണ്‍ലൈന്‍ പത്രങ്ങളാണെങ്കില്‍ തെറ്റായ വാര്‍ത്ത ഒഴിവാക്കുകയുമാവാം. കൊച്ചിന്‍ ഹനീഫയെ പോലുള്ളവരെ ചില മാധ്യമങ്ങള്‍ ഒന്നിലധികം തവണ മരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തെക്കന്‍ ജില്ലയില്‍ ഒരപകടമുണ്ടായി. രണ്ടുവര്‍ഷം മുമ്പുമാത്രം പിറന്ന ചാനലില്‍ ബസ് പുഴയിലേക്കു മറിഞ്ഞെന്നു ബ്രേക്കിങ് ന്യൂസ്. സാധാരണ ബ്രേക്കിങ് ന്യൂസ് അല്ല. ടി.വിയുടെ ഡിസ്പ്ളേ മുഴുവനായി കാണുന്ന വിധത്തില്‍ ഗംഭീര സ്ക്രോളിങ്. ലേഖകനെ തദ്സമയം വിളിച്ച് റിപോര്‍ട്ട് പറയിക്കുകയും ചെയ്തു. 'ബസ് പുഴയിലേക്കു മറിഞ്ഞു. ആളപായവും കൂടുതല്‍ വിവരങ്ങളും അറിവായിട്ടില്ല' എന്നിങ്ങനെയായിരുന്നു വാര്‍ത്ത. ആ പ്രദേശത്തെ ഗള്‍ഫുകാരുടെ കാര്യമായിരിക്കും കഷ്്ടം. നാട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ തിരക്കേണ്ടിവരും. ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പുവരുത്തിയാലേ അവര്‍ക്കു  സമാധാനമുണ്ടാവൂ. പിന്നീടു ചാനല്‍ മാറ്റിയപ്പോഴാണ് മനസ്സിലായതു ബസ് പുഴയിലേക്കു മറിയുകയല്ല, വയലിലേക്കു ചരിയുകയായിരുന്നെന്നും ആളപായമില്ലെന്നും. പഴയ ചാനലില്‍ അപ്പോഴേക്കും ബ്രേക്കിങ് ന്യൂസ് അപ്രത്യക്ഷമായി. അവരൊന്നും അറിഞ്ഞതേയില്ല. 

മാധ്യമധര്‍മത്തിനെതിരേ

വാര്‍ത്താസമ്മേളനത്തിനെത്തുന്നവര്‍ അതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്നു കുശലം പറയുന്നതു പതിവാണ്. വി.എം. സുധീരനും പി.സി. ജോര്‍ജും പോലുള്ള നേതാക്കള്‍ ഡല്‍ഹിയിലെ കേരളഹൌസില്‍ വച്ചോ ഗസ്റ്റ്ഹൌസുകളില്‍ വച്ചോ (പ്രസ്ക്ളബ്ബില്‍ കൂടുതല്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഉള്ളതിനാല്‍ സമയപരിമിതി ഉണ്ടാവും) വാര്‍ത്താസമ്മേളനം നടത്തുകയാണെങ്കില്‍ ഔദ്യോഗികമായി പറഞ്ഞതിനുശേഷം കുറേനേരം കുശലം പറയും. സുധീരനാണു സംസാരിക്കുന്നതെങ്കില്‍ കൈരളിയുടെ റിപോര്‍ട്ടര്‍ ഉണ്െടങ്കില്‍ പോലും അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഉള്‍പ്പോരുകള്‍ വിശദമാക്കും. ഓഫ് ദി റെക്കോഡ് ആയാണ് ഇതെല്ലാം പറയുന്നതതെന്നു പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും സുധീരന്‍ പറഞ്ഞതു മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമാക്കിവയ്ക്കും. ഇതെല്ലാം വിശ്വാസ്യതയുടെ ഭാഗമാണ്. കഴിഞ്ഞവര്‍ഷം ബാലകൃഷ്ണപ്പിള്ള ജയിലില്‍ കഴിയവേ റിപോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. ജയിലില്‍ കിടക്കുന്ന താന്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതു നിയമവിരുദ്ധമാണെന്നു പറഞ്ഞാണു പിള്ള സംസാരിച്ചത്. എന്നാല്‍, പിള്ളയുമായുള്ള സംസാരം ചാനല്‍ പുറത്തുവിട്ടു. വിശ്വാസവഞ്ചനയാണു ചാനല്‍ ചെയ്തതെന്ന് അന്നു വിമര്‍ശനമുയര്‍ന്നതാണ്. പുതിയ ഇടം കണ്െടത്താന്‍ ചാനല്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം ഇങ്ങനെയൊരു എക്സ്ക്ളൂസീവ് റിപോര്‍ട്ടര്‍ ചാനലിനു വേണ്ടിയിരുന്നു. 

ഇവിടെ നഷ്ടമായതു മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് (റിപോര്‍ട്ടറിന്റെ ആ വാര്‍ത്തയ്ക്കുശേഷം ഉന്നത ഉദ്യോഗസ്ഥരെ വിളിക്കുകയാണെങ്കില്‍ അവര്‍ ഫോണിലൂടെ കുശലം പറയാന്‍ തയ്യാറാവാറില്ലെന്നു തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്). മലപ്പുറത്തു ബസന്തുമായി സംസാരിച്ച ഇന്ത്യാവിഷന്‍ ലേഖികയും വിശ്വാസവഞ്ചനയാണു ചെയ്തത്.

താന്‍ മുമ്പു പുറപ്പെടുവിച്ച വിധിന്യായത്തെപ്പറ്റി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആദ്യം മാധ്യമപ്രവര്‍ത്തകയോടു വ്യക്തമാക്കിയിരുന്നതായി ബസന്ത് പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവിടാനുള്ളതല്ലെന്ന വ്യവസ്ഥയോടെ തയ്യാറാക്കിയ സ്വകാര്യസംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്നതു ധാര്‍മികതയ്ക്കു നിരക്കാത്ത നടപടിയാണെന്നതു മാധ്യമരംഗത്തെ പ്രാഥമികപാഠമാണ്. “ഓഫ് ദി റെക്കോഡ്’ എന്ന രീതിയില്‍ പറയുന്ന വിവരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പറഞ്ഞതാരെന്നു വെളിപ്പെടുത്താതെ പുറത്തുവിടാറുണ്ട്. എന്നാലിവിടെ സംഭാഷണഭാഗങ്ങള്‍ മുഴുവന്‍ അതുപോലെ പുറത്തുവിടുകയായിരുന്നു. പറയുന്ന വിവരങ്ങള്‍ സ്വകാര്യമായിരിക്കണമെന്നു പറയുന്നവരോടു വിശ്വസ്തത പുലര്‍ത്തുകയെന്നതാണു മാധ്യമധര്‍മവും തൊഴിലിനോടു ചെയ്യാവുന്ന നീതിയും. 

സൂര്യനെല്ലി കേസിനെപ്പറ്റി തനിക്കു പറയാനുള്ളതു വിധിന്യായത്തിലുണ്െടന്നു പറഞ്ഞ ബസന്ത്, എല്ലാ അര്‍ഥത്തിലും സ്വകാര്യമായി ലേഖിക മാത്രം കേള്‍ക്കാന്‍ പറഞ്ഞ വിധിന്യായത്തിലെ പരാമര്‍ശം ആവര്‍ത്തിച്ചതിനെയാണു മാധ്യമമര്യാദകളെല്ലാം ലംഘിച്ചു പരസ്യപ്പെടുത്തിയത്. ഇന്ത്യാവിഷന്റെ നടപടിയെ അപലപിച്ചു മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി. സാമൂഹിക വെബ്സൈറ്റുകളിലും ബ്ളോഗുകളിലും അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, മാതൃഭൂമിയെ അടച്ചാക്ഷേപിച്ച് ഓണ്‍ലൈന്‍ പത്രങ്ങളില്‍ (മാത്രം) മറുപടിയെഴുതാനാണ് ചാനല്‍ പത്രാധിപര്‍ എം.പി. ബഷീര്‍ മുതിര്‍ന്നത്. 

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ മറ്റൊരു പീഡനം 

ഇന്ത്യാവിഷനുമായുള്ള സംഭാഷണത്തില്‍ ബസന്ത് പുതുതായൊന്നും പറഞ്ഞിരുന്നില്ലെന്നതാണു വസ്തുത. എട്ടുവര്‍ഷം മുമ്പു കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ ബാലവേശ്യാവൃത്തി എന്ന നിരീക്ഷണം ആവര്‍ത്തിക്കുകയാണു ബസന്ത് ചെയ്തത്. അതിന്റെ വാര്‍ത്താമൂല്യം അറിയാഞ്ഞിട്ടല്ല, ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി വേശ്യയായിരുന്നുവെന്നും പണത്തിനു വേണ്ടിയാണ് അവര്‍ 40 ഓളം പേര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടതെന്നും റിപോര്‍ട്ട് ചെയ്യുന്നതു കൂട്ടബലാല്‍സംഗത്തേക്കാള്‍ വലിയ പീഡനമാണെന്നു പക്വമതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാവുന്നതിനാലാണ് അന്നത് റിപോര്‍ട്ട് ചെയ്യാതിരുന്നത്. എന്നാല്‍, മാധ്യമ കിടമല്‍സരത്തിനിടെ ഈ മര്യാദകൂടി ഇന്ത്യാവിഷന്‍ ലംഘിച്ചു. പെണ്‍കുട്ടി വേശ്യയാണെന്നു മാലോകരെ അറിയിച്ചതിലൂടെ പെണ്‍കുട്ടിയും കുടുംബവും കൂടുതല്‍ അപമാനിതരായെന്ന വസ്തുത മറന്നുകൂടാ. പെണ്‍കുട്ടി വേശ്യയെന്ന ആക്ഷേപം പിന്നീട് കെ. സുധാകരനെപ്പോലുള്ളവര്‍ ഏറ്റെടുത്തതും ഇന്ത്യാവിഷന്റെ “ഇംപാക്ട്’ ആയി ചാനലിന് അവകാശവാദം ഉന്നയിക്കാവുന്നതാണ്. 

ലണ്ടന്‍ രാജ്ഞി ചികില്‍സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ നഴ്സായിരുന്ന മംഗലാപുരംസ്വദേശിനി ജസീന്ത ജീവനൊടുക്കിയ സംഭവം വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ്. കൊട്ടാരത്തില്‍നിന്നാണെന്നു പറഞ്ഞ് ആസ്ത്രേലിയന്‍ റേഡിയോ ജീവനക്കാരി ഫോണ്‍ വിളിച്ചപ്പോള്‍ രാജ്ഞിയുടെ ആരോഗ്യവിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദത്താലാണ് ജസീന്ത ജീവനൊടുക്കിയത്. ഒരു മാധ്യമത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേ അന്താരാഷ്ട്രപത്രങ്ങളടക്കം മുഖപ്രസംഗമെഴുതി. ജസീന്തയെ വഞ്ചിച്ച റേഡിയോ ജീവനക്കാരി മെല്‍ഗ്രേഗ് ഒടുവില്‍ പരസ്യമായി മാപ്പപേക്ഷിച്ചു പൊട്ടിക്കരഞ്ഞു. മാധ്യമധാര്‍മികത മുറുകെ പിടിക്കുകയാണെങ്കില്‍ എഡിറ്റര്‍ അവകാശപ്പെട്ടതുപോലെ ഇരകള്‍ക്കൊപ്പമാണ് ഇന്ത്യാവിഷന്‍ എങ്കില്‍ മെല്‍ഗ്രേഗിനെപ്പോലെ സ്ത്രീകൂടിയായ ഫൌസിയാ മുസ്തഫ സൂര്യനെല്ലി പെണ്‍കുട്ടിയോടു മാപ്പുചോദിക്കുകയാണു വേണ്ടത്.

                                                                   യു.എം. മുഖ്താര്‍

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"