2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

സമര്‍പ്പണത്തിന്റെ ഓര്‍മപ്പെരുനാള്‍



ഇസ്ലാമിക സമൂഹത്തിനു നിയമമാക്കപ്പെട്ട രണ്ട്‌ ആഘോഷങ്ങള്‍ മാത്രമേയുള്ളൂ. ആഘോഷങ്ങള്‍ ആരാധനയുടെ ഭാഗമാക്കിയ മതമാണ്‌ ഇസ്ലാം. വിശ്വാസികളുടെ ആഘോഷങ്ങള്‍ ദൈവപ്രീതിക്കു വേണ്ടിയാവണമെന്നു മതം നിഷ്‌കര്‍ഷിക്കുന്നു. വിശ്വാസിയുടെ ഓരോ ചലനവും ദൈവത്തെ മുന്‍നിര്‍ത്തിയാകേണ്ടതുണ്ട്‌. ആഘോഷങ്ങളെയുംഅതിനാലാണ്‌ ദൈവവുമായി ബന്ധിപ്പിച്ചുനിര്‍ത്തി പാരത്രിക മോക്ഷത്തിനു വേണ്ടിയുള്ള മാര്‍ഗമായി നിശ്‌ചയിക്കപ്പെട്ടിട്ടുള്ളത്‌. 

ലോകത്തു മുഴുവന്‍ മുസ്ലിംകളും ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന രണ്ട്‌ ആഘോഷങ്ങളാണ്‌ ചെറിയ പെരുന്നാളും ബലി പെരുന്നാളും. ഓരോ സമൂഹത്തിനും വ്യത്യസ്‌തമായ ധാരാളം ആഘോഷങ്ങള്‍ നിലവിലുണ്ട്‌. ഇസ്ലാമിക സമൂഹത്തിനു നിയമമാക്കപ്പെട്ട രണ്ട്‌ ആഘോഷങ്ങള്‍ മാത്രമേയുള്ളൂ. 

വിശാലത ഒട്ടുമില്ലാത്ത മതമെന്ന ആക്ഷേപം എമ്പാടും ഇസ്ലാമിനെതിരേ ഉന്നയിക്കപ്പെട്ടിരുന്ന ഘട്ടത്തിലാണ്‌ പ്രവാചകനായ മുഹമ്മദ്‌ നബി ദൈവീക നിര്‍ദേശപ്രകാരം തന്നെ തന്റെ സമൂഹത്തിനു രണ്ട്‌ ആഘോഷവേളകളെ നിര്‍ണയിച്ചുനല്‍കുന്നത്‌. ഒരു മാസത്തെ ത്യാഗനിര്‍ഭരമായ വ്രതാനുഷ്‌ഠാനത്തിനു ശേഷമുള്ള ആഘോഷമാണു ചെറിയ പെരുന്നാള്‍. പരീക്ഷണങ്ങളെ അതിജീവിച്ചും ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഉദാത്തമാതൃകയായി മാറിയ ദൈവീക പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും മകന്റെയും സ്‌മരണ പുതുക്കലാണ്‌ ബലിപെരുന്നാള്‍. 

തിന്മയുടെ ആധിപത്യവും മാര്‍ഗഭ്രംശവും നിലനിന്ന സമൂഹങ്ങളില്‍ സമുദ്ധാരണത്തിനു നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്‍മാര്‍. മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ധാരാളം പ്രവാചകന്‍മാര്‍ കടന്നുപോയിട്ടുണ്ട്‌. ഓരോ പ്രവാചകനും അവരവര്‍ ജീവിച്ച സാഹചര്യത്തിലെ അത്യാചാരങ്ങളും തിന്മകളുമായിരുന്നു മുഖ്യ പ്രതിപാദ്യമാക്കിയിരുന്നത്‌. സാമൂഹികസാഹചര്യങ്ങളാല്‍ സൃഷ്‌ടിക്കപ്പെട്ട സകലമാന അടിമത്തങ്ങളില്‍നിന്നും ദുരാചാരങ്ങളില്‍നിന്നും മനുഷ്യരുടെ വിമോചനവും അതിജീവനവും സാധ്യമാക്കിയെടുക്കുകയായിരുന്നു പ്രവാചകന്‍മാര്‍ നിര്‍വഹിച്ച പ്രധാന ദൗത്യം. അതിനാല്‍ത്തന്നെ സൗകര്യങ്ങളുടേതായിരുന്നില്ല പ്രവാചകന്മാരുടെ പാന്ഥാവ്‌. ജീവിച്ച കാലഘട്ടത്തിലെ ജനങ്ങള്‍ക്ക്‌ വിമോചനത്തിന്റെ വഴിയൊരുക്കിയ ഓരോ പ്രവാചകന്റെയും പരീക്ഷണങ്ങള്‍ നിറഞ്ഞതും ത്യാഗപൂര്‍ണവുമായ ജീവിതം പിന്‍തലമുറയ്‌ക്കു പകര്‍ന്നുനല്‍കുന്നതു വലിയ പാഠങ്ങളാണ്‌.

സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പരീക്ഷണങ്ങളുടെയും ജീവിതാനുഭവങ്ങള്‍ ഒട്ടേറെ നിറഞ്ഞതാണ്‌ പ്രവാചക ശ്രേഷ്‌ഠന്‍ ഇബ്രാഹീമിന്റേത്‌. സ്വേഛാധിപത്യത്തിലും ദുര്‍ഭരണത്തിലും നാടിനെ നയിച്ച നംറൂദിന്റെ നാട്ടിലെ ഇബ്രാഹീമിന്റെ ജനനവും വളര്‍ച്ചയും പോലും ദുഷ്‌കര സാഹചര്യത്തിലായിരുന്നു. ഭാവിയിലെപ്പോഴെങ്കിലും തങ്ങളുടെ ഭരണത്തിനു ഭീഷണിയാകാന്‍ ഇടയുള്ള ഒന്നിനെയും ജനതാല്‍പ്പര്യങ്ങള്‍ പരിഗണിക്കാത്ത ഒരു ഭരണകൂടം ചരിത്രത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിച്ചിട്ടില്ല. വ്യക്‌തികളുടെയും പ്രസ്‌ഥാനങ്ങളുടെയും കാര്യത്തില്‍ അതാണു സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും. അത്തരം ഭരണാധികാരികള്‍ തലമുറകളെ തന്നെ ലക്ഷ്യമിടും. 

ജനനം പോലും സാധ്യമാകാതിരിക്കാന്‍ നംറൂദും ഫറോവയും നടത്തിയ നീക്കങ്ങള്‍ ദൈവം പരാജയപ്പെടുത്തിയതിന്റെ പാഠങ്ങള്‍ മൂസാ പ്രവാചകന്റെയും ഇബ്രാഹീം പ്രവാചകന്റെയും ജനനംതൊട്ട്‌ ഇങ്ങോട്ടു കാണാന്‍ കഴിയും. 

ധിക്കാരത്തിന്റെയും സ്വേച്‌ഛാധിപത്യത്തിന്റെയും പ്രതീകമായിരുന്ന നംറൂദ്‌ രാജാവിന്റെ കൊട്ടാര വിദൂഷകന്‍ ആസറിന്റെ മകനായി പിറവിയെടുത്ത ഇബ്രാഹീം ആദര്‍ശത്തിന്റെ വഴിയില്‍ ചെറുപ്രായത്തിലേ കുടുംബത്തില്‍നിന്നു ബഹിഷകരിക്കപ്പെടുകയായിരുന്നു. 

സൃഷ്‌ടാവായ ദൈവത്തോടാണ്‌ മനുഷ്യനു വിധേയത്വം വേണ്ടത്‌. വിശ്വാസപ്രമാണങ്ങള്‍ക്ക്‌ യുക്‌തിഭദ്രതയില്ലാതെ വരുമ്പോള്‍ അപചയങ്ങള്‍ സംഭവിച്ച അനുഭവങ്ങള്‍ ധാരാളമുള്ളതാണ്‌ മനുഷ്യകുലത്തിന്റെ ചരിത്രം. ഭരണാധികാരിയും, സ്വസമുദായവും പിതാവ്‌ പോലും യുക്‌തിക്കു നിരക്കാത്ത വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ടുപോകുന്നതില്‍ സഹികെട്ട ഇബ്രാഹീം അവരെ ബാധിച്ച ജീര്‍ണതയോട്‌ സമരം പ്രഖ്യാപിച്ചു രംഗത്തെത്തി. 

ഇബ്രാഹീമിന്റെ വിപ്ലവചിന്തകളെ യുക്‌തിഭദ്രമായി നേരിടാന്‍ ഭരണാധികാരിക്കു കഴിയാതെ വന്നപ്പോള്‍ സമ്മര്‍ദത്തിന്റെയും ഭീഷണിയുടെയും വഴികള്‍ തേടുകയായിരുന്നു. തീക്കുണ്ഡത്തിലേക്ക്‌ എടുത്തെറിഞ്ഞ്‌ ഫിനിഷ്‌ ചെയ്യാമെന്നതായിരുന്നു നംറൂദിന്റെ ലക്ഷ്യം. എന്നാല്‍ ദൈവനിശ്‌ചയം മറിച്ചായിരുന്നു. സംരക്ഷണ വലയമൊരുക്കി ദൈവം ഇബ്രാഹീമിനെ നായകനായി സ്‌ഫുടം ചെയ്‌തെടുത്തു. താല്‍ക്കാലിക സൗകര്യങ്ങള്‍ ആദര്‍ശത്തിന്റെ വഴിയില്‍ തടസമാവരുതെന്ന വലിയ പാഠം ലോകത്തിന്‌ ഇബ്രാഹീം പഠിപ്പിച്ചു. ജീവിതത്തില്‍ ദൈവ സമര്‍പ്പണത്തിന്റെ വ്യത്യസ്‌ത മാതൃകതന്നെയായിരുന്നു ഇബ്രാഹീമിന്റെതും കുടുംബത്തിന്റെതും.

ആ ശീലത്തില്‍ നിന്നാണ്‌ ജീവിതത്തിന്റെ അവസാന നാളുകളില്‍ പിന്തുടര്‍ച്ചക്കാരനായി ലഭിച്ച പൊന്നോമന മകനെയും പ്രിയപ്പെട്ട സ്വന്തം പാതിയെയും ദൈവ കല്‍പ്പന അനുസരിച്ച്‌ വിജനമായ മലമടക്കില്‍ ഉപേക്ഷിച്ചു തിരിച്ചു നടക്കുന്നത്‌. ദൈവീക തീരുമാനമാണോ ഈയൊരു ഉപേക്ഷിക്കലെന്ന്‌ ഹാജറയുടെ ചോദ്യത്തോട്‌ കണ്‌ഠമിടറി അതേയെന്നു പറയുന്ന മഹാനായ പ്രവാചകന്‌ പ്രതീക്ഷയുണ്ടായിരുന്നു ദൈവം കൈവിടില്ലെന്ന്‌. ഈയൊരു പരീക്ഷണത്തില്‍ വിജയിച്ചാലുണ്ടാവുന്ന പ്രതിഫലത്തെക്കുറിച്ചും. കൊച്ചുമകനായ ഇസ്‌മായിലീനെയുമായി വിജനമായ മലയിടുക്കില്‍ നിന്നുള്ള ഹാജറയുടെ പ്രാര്‍ഥനയിലാണ്‌ സംസമിലൂടെ പുതിയ ഒരു നാഗരികതയുടെ നീരുറവ പൊട്ടിയൊലിക്കുന്നത്‌. അതില്‍ പുതിയ സമൂഹവും സംസ്‌കാരവും മക്കയെന്ന പുണ്യനഗരിയുടെ ഉല്‍ഭവവും സാധിച്ചു. വിശ്വാസികളുടെ കേന്ദ്രബിന്ദുവായി മക്ക നിലനില്‍ക്കുന്നത്‌ ഇബ്രാഹീമിന്റെയും ഇസ്‌മായിലിന്റെയും ഹാജറയുടെയും ത്യാഗങ്ങളുടെ സ്‌മരണയില്‍ തന്നെയാണ്‌. 

പുണ്യമക്ക കേന്ദ്രമായി കഅ്‌ബാലയത്തെ പടുത്തുയര്‍ത്തുന്നതും പ്രവാചകന്‍ ഇബ്രാഹീമും മകന്‍ ഇസ്‌മായീലും ഒന്നിച്ചുചേര്‍ന്നാണ്‌.

ദൈവകല്‍പനകള്‍ക്ക്‌ പൂര്‍ണവിധേനായി നീങ്ങിയ ഇബ്രാഹീം നബിയുടെ അനുസരണയുള്ള മകനായിരുന്നു ഇസ്‌മായീല്‍. തനിക്കു ശേഷം ഒരു തുടര്‍ച്ചക്കാരനെ വേണമെന്ന മനംനൊന്ത പ്രാര്‍ഥനയ്‌ക്ക് ജീവിതത്തിന്റെ അന്ത്യനാളുകളില്‍ ദൈവം നല്‍കിയ ഉത്തരമായിരുന്നു ഇസ്‌മായില്‍. അതും എണ്‍പതാം വയസില്‍. പിതാവിന്റെ പരിലാളന തുടക്കത്തില്‍ നല്‍കാതെ മാതാവിനെ ഏല്‍പ്പിക്കാനുള്ള ദൈവ നിശ്‌ചയത്തില്‍ പലപാഠങ്ങളുമുണ്ടായിരുന്നു. തുടര്‍ന്നുവരാനുള്ള പരീക്ഷണത്തില്‍ പരാജയപ്പെടാതിരിക്കാനുള്ള ഒരു പരിശീലിപ്പിക്കല്‍. കൈക്കുഞ്ഞിന്റെ പ്രായത്തില്‍ ഉപേക്ഷിച്ചുപോന്ന പൊന്നുമോനെ ശൈശവം പിന്നിടുമ്പോള്‍ കണ്‍നിറയെ ആസ്വദിക്കാനുള്ള നിര്‍ദേശമല്ല ദൈവത്തില്‍ നിന്നു ലഭിക്കുന്നത്‌. കണ്‍മണിയെ ബലി നല്‍കണമെന്നാണ്‌. കേള്‍ക്കേണ്ട താമസം ഇബ്രാഹീമിനു മറുത്തൊരു അഭിപ്രായമില്ല. മകനോടു പറയുന്നതു ദൈവം നിന്നെ ബലി നല്‍കാന്‍ കല്‍പ്പിച്ചിരിക്കുന്നുവെന്നാണ്‌. പിതാവിനെ പോലെ അര്‍ഹത നേടിയവന്‍ തന്നെ പുത്രനെന്ന്‌ ഇസ്‌മായിലും ബോധ്യപ്പെടുത്തുകയായിരുന്നു. ദൈവ നിശ്‌ചയത്തിനു മുമ്പില്‍ കൂസലില്ലാതെ നിലപാടെടുക്കാന്‍ ഇസ്‌മയില്‍ തലകുനിച്ചു നിന്നു. പിതാവിന്റെയും മകന്റെയും കുമ്പിടല്‍ ദൈവത്തെ ആഹ്ലാദിപ്പിച്ചു. തീര്‍പ്പുണ്ടായി മനുഷ്യബലി വേണ്ട.. മൃഗബലി മതിയെന്ന്‌. സമര്‍പ്പണത്തിന്റെ അത്യുന്നതിയിലേക്കു കയറിനിന്ന്‌ ഇബ്രാഹീം ദൈവത്തിന്റെ ഇഷ്‌ടതോഴനായി ഖലീലുല്ലാ എന്ന പ്രത്യേക പദവി നേടി.

പ്രവാചകന്‍ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും സമര്‍പ്പണത്തിന്റെ ദീപ്‌തമായ ഓര്‍മ പുതുക്കലാണ്‌ ഹജ്‌ജിന്റെയും ബലിപെരുന്നാളിന്റെയും കര്‍മങ്ങള്‍. ദൈവപ്രീതിയുടെ വഴിയില്‍ ജീവിതത്തില്‍ വിലപ്പെട്ടതു നല്‍കാന്‍ സന്നദ്ധമാവുമ്പോള്‍ മാത്രമാണ്‌ ഇബ്രാഹീമും ഇസ്‌്മായീലും ഹാജറയും ഉണ്ടായിത്തീരുന്നത്‌. ഏറ്റവും വിലപ്പെട്ടത്‌ ആദര്‍ശത്തിന്റെ വഴിയില്‍ സമര്‍പ്പിച്ചപ്പോഴാണ്‌ അവര്‍ യോഗ്യത നേടിയത്‌. അതുകൊണ്ടാണു സ്‌മരിക്കപ്പെടുന്നതും. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

          ഒപ്പം നേരറിവ് ബ്ലോഗിന്റെ ബലിപെരുന്നാള്‍ ആശംസകളും. 

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഹജ്ജിലെ സാമൂഹികപാഠങ്ങള്‍



വിശ്വമാനവികതയുടെ വീണ്ടടുപ്പിനുവേണ്ടി അതിരുകള്‍ ഭേദിച്ചു പുറത്തുവരാനും ഉദാത്തമായ ഒരു സാമൂഹികവ്യവസ്ഥ കെട്ടിപ്പടുക്കാനും അര്‍പ്പണബോധത്തോടെ നിലകൊള്ളാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഓരോ ഹജ്ജും കടന്നുപോവുന്നത്. അവനവന്റെ ആവശ്യങ്ങള്‍ക്കു സമൂഹത്തിന്റെ അത്യാവശ്യങ്ങളേക്കാള്‍ അര്‍ഥവും ആവേശവും കാണിക്കുന്ന പുതിയ ലോകത്തിനു ശക്തമായ തിരുത്താണ് ഹജ്ജ് ഉദ്ഘോഷിക്കുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും മഹദ്ചരിതം. ഇബ്റാഹീം (അ) തീര്‍ത്ത വഴിയടയാളങ്ങളിലൂടെ സ്വന്തം മനസ്സും ശരീരവും ചേര്‍ത്തുവച്ചു നടക്കുകയാണ് ഓരോ തീര്‍ത്ഥാടകനും ചെയ്യുന്നത്. അതിലൂടെ തന്റെ ജീവിതപരിസരത്തു പുതിയൊരു ഇബ്റാഹീമായി മാറാനുള്ള കരുത്താണ് അയാള്‍ ആര്‍ജിക്കുന്നത്. 

ബഹുദൈവവിശ്വാസം യുക്തിരഹിതമാണെന്നും ആ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ നാട്ടില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന പൌരോഹിത്യവും അസാന്മാര്‍ഗികതയും ചൂഷണവും വിവേചനവും അടിമത്തവുമെല്ലാം മുഖംനോക്കാതെ ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും ഇബ്റാഹീംനബി ഉറച്ചു വിശ്വസിച്ചു. അതിനാല്‍, അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനായി രംഗപ്രവേശം ചെയ്ത നാള്‍മുതല്‍ പരിഷ്കൃതമനുഷ്യര്‍ക്കു നിരക്കാത്ത സകല തിന്മകളെയും നിശിതമായി ചോദ്യംചെയ്തു. പുരോഹിതനായ പിതാവിനോടും തിന്മയ്ക്കു കൂട്ടുനില്‍ക്കുന്ന നാട്ടുകാരോടും സ്വേച്ഛാധിപതിയായ നംറൂദിനോടും ശക്തമായ ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട് അദ്ദേഹം സമരമുഖത്ത് ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ ന്യായയുക്തമായ ചോദ്യങ്ങള്‍ക്കും സാഹസികമായ ഇടപെടലുകള്‍ക്കും മുമ്പില്‍ പ്രകോപിതരായ സമ്പന്ന പൌരോഹിത്യ ഭരണകൂട കൂട്ടുകെട്ട് അദ്ദേഹത്തെ ഇല്ലായ്മചെയ്യാന്‍ കരിനിയമങ്ങള്‍ കൈയിലെടുത്തു, അഗ്നികുണ്ഡമൊരുക്കി. അദ്ദേഹം അല്ലാഹുവിന്റെ സഹായത്തോടെ അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ചുകൊണ്ടു പൂര്‍വാധികം ശക്തിയോടെ സാമൂഹികരംഗത്തു തിരിച്ചെത്തി. 'നമുക്കല്ലാഹു മതി; ഭരമേല്‍പ്പിക്കാനനുയോജ്യന്‍ അവന്‍തന്നെ' എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിനു കരുത്തു പകര്‍ന്നത്. 

കഅ്ബയും മഖാമുഇബ്റാഹീമും നേരില്‍ കാണുകയും ഇന്നലെകളിലേക്കു മനസ്സു പായിക്കുകയും ചെയ്യുന്ന തീര്‍ത്ഥാടകനു തന്റെ പരിസരത്തു ശക്തിപ്പെട്ടുനില്‍ക്കുന്ന തിന്മകള്‍ക്കെതിരേ ഇബ്റാഹീമീസംസ്കാരം അനുധാവനം ചെയ്തുകൊണ്ടു നിലകൊള്ളാതിരിക്കാനാവില്ല. 'സ്വയം വിഡ്ഢിയായവന്‍ മാത്രമേ ഇബ്റാഹീമീ മാര്‍ഗത്തെ അവഗണിക്കുകയുള്ളൂ' വെന്നു ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട് (2:130). പ്രവാചകന്‍ (സ) അവിടുത്തെ പ്രബോധനജീവിതത്തില്‍ ഈ ശൈലി പിന്തുടര്‍ന്നതായി കാണാം. 

പ്രവാചകന്‍ (സ) 20 വര്‍ഷത്തോളം യുക്തിദീക്ഷയോടെയും സമരസമ്മര്‍ദ്ദങ്ങളിലൂടെയും സാമൂഹികമാറ്റത്തിനുള്ള നിരന്തര ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ശേഷം ഹിജ്റ ആറ് ദുല്‍ഖഅ്ദ് ഒന്നിന് കഅ്ബാ തീര്‍ത്ഥാടനത്തിന് ഒരുങ്ങിക്കൊള്ളാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. മദീനയിലെങ്ങും ഉംറയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. 1400ഓളം വിശ്വാസികള്‍ സജ്ജരായി മക്കയിലേക്കു യാത്രതിരിച്ചു. പക്ഷേ, ഖുറൈശികളുടെ എതിര്‍പ്പുകാരണം യാത്ര തുടരാനാവാതെ ഹുദൈബിയയില്‍വച്ചു തല്‍ക്കാലം പിന്‍വാങ്ങേണ്ടിവന്നു. പിറ്റേ വര്‍ഷം മടങ്ങിച്ചെന്ന് ഉംറ നിര്‍വഹിക്കാമെന്നു സന്ധിയില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ആത്മാഭിമാനികളായ വിശ്വാസികള്‍ക്കത് അത്ര തൃപ്തികരമായില്ല. കാരണം, പ്രവാചകന്‍ അവരെ അങ്ങനെയൊരു കീഴൊതുങ്ങലിനു ശീലിപ്പിച്ചിട്ടുണ്ടായിരുന്നില്ല. വലിയൊരു രാഷ്ട്രീയഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവാചകരുടെ ഈ നിലപാടിന്റെ മഹത്ത്വം പിന്നീട് എല്ലാവര്‍ക്കും ബോധ്യമായി. എങ്കിലും ഹുദൈബിയയില്‍നിന്നു മടങ്ങിപ്പോവാന്‍ തീരുമാനിച്ചതിലൂടെ വിശ്വാസികളുടെ മനസ്സില്‍ വന്നുകൂടിയ അഭിമാനക്ഷതത്തെ പ്രവാചകന്‍ നിസ്സാരമായി കണ്ടില്ല. അതിനെ ഗൌരവത്തോടെ കണക്കിലെടുത്തുകൊണ്ടു പിറ്റേ വര്‍ഷം ഉംറ നിര്‍വഹിക്കാനുള്ള സമയമായപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: "ഹുദൈബിയാ സന്ധിയില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും ഇതില്‍ പങ്കെടുക്കേണ്ടതാണ്.'' അനന്തരം പ്രവാചകന്റെ നേതൃത്വത്തില്‍ 'ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്' എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 2000 പേര്‍ കഅ്ബയിലേക്കു സാവേശം പ്രവേശിച്ചു. അവിടെയെത്തിയപ്പോള്‍ വലതുഭുജം വെളിവാക്കിക്കൊണ്ട് ഉത്തരീയം ധരിക്കാനും ത്വവാഫിലെ ആദ്യത്തെ മൂന്നു പ്രദക്ഷിണം ദ്രുതഗതിയില്‍ നടത്താനും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, 'സ്വന്തം കായികശേഷി പ്രകടിപ്പിക്കുന്നവന് അല്ലാഹു കരുണ ചൊരിയട്ടെ' എന്നും പ്രവാചകന്‍ പ്രാര്‍ഥിച്ചു (അല്‍ബിദായ വന്നിഹായ: 4-227). സമൂഹത്തില്‍ തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേയുള്ള ശക്തിപ്രകടനമായിരുന്നു അത്. അതിജീവനശേഷി പ്രകടിപ്പിക്കുന്നതിന് ഏതൊരു സംഘവും ഇന്നും സ്വീകരിച്ചുപോരുന്ന സമരതന്ത്രമാണിത്.

ആ കര്‍മം അതേ രീതിയില്‍ ഇന്നും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അന്നതു മര്‍ദ്ദകരായ അബൂജഹ്ലുമാര്‍ക്കു മുമ്പിലെ ശക്തിപ്രകടനമായിരുന്നുവെങ്കില്‍ ഇന്നത് പുത്തന്‍ മര്‍ദ്ദകചൂഷകശക്തികള്‍ക്കു മുമ്പിലെ ഉമ്മത്തിന്റെ ശക്തിപ്രകടനം കൂടിയാണ്. ഇതു കേവലം ഒരു അനുഷ്ഠാനം എന്നതിലുപരി ആദര്‍ശസമൂഹത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്കെതിരേയുള്ള എക്കാലത്തെയും ഇസ്ലാമിന്റെ നിലപാടുകൂടിയാണു വിളംബരപ്പെടുത്തുന്നത്. ലോകമെമ്പാടും അഭിമാനക്ഷതം പേറി ഇരകളായി ജീവിച്ചുകൊണ്ടിരിക്കുന്ന പരശ്ശതം വിശ്വാസികള്‍ക്കു ഹജ്ജ്് ആത്മാഭിമാനവും ഔന്നത്യബോധവും സുരക്ഷിതത്വബോധവും പ്രതീക്ഷയുമാണു പകര്‍ന്നുനല്‍കുന്നത്. ഹജ്ജ് വിശ്വാസിയില്‍ നിന്നാവശ്യപ്പെടുന്നത് അതിരറ്റ ദൈവസ്നേഹവും സംശുദ്ധമായ സാമൂഹികപ്രതിബദ്ധതയുമാണ്. സമൂഹനന്മയ്ക്കുവേണ്ടി പുരോഹിതനായ പിതാവിനോടു കലഹിച്ചു വീടുവിട്ടിറങ്ങുകയും സ്വേച്ഛാധിപതിയായ ഭരണാധിപനോടു സമരംചെയ്തു നാടുവിട്ടുപോവുകയും ചെയ്ത ഇബ്റാഹീം മനുഷ്യനന്മയ്ക്കുവേണ്ടി സങ്കുചിതമായ വൃത്തങ്ങളില്‍നിന്നു പുറത്തു കടക്കുകയായിരുന്നു. ആത്മപൂജയും കുടുംബ-ഗോത്രപക്ഷപാതിത്വങ്ങളും രണോല്‍സുകമായ സങ്കുചിത ദേശീയതാല്‍പ്പര്യങ്ങളും മനുഷ്യനെ തന്റെ സമൂഹം അനുഭവിക്കുന്ന ജീവിതപ്രയാസങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, തീര്‍ത്ഥാടകന്‍ ഇബ്റാഹീമിനെപ്പോലെ ലക്ഷങ്ങളില്‍ ഒരുവനായി വീടിനോടും നാടിനോടും വിടചൊല്ലി അല്ലാഹുവിലേക്ക് അണയുകയും സഹജീവികളായ മനുഷ്യരുടെ മോചനത്തിനുവേണ്ടി അല്ലാഹുവിനോടു സങ്കടം പറയുകയും ചെയ്യുന്നതു നാം കാണുന്നു. പീഡിതര്‍ക്കും നിസ്സഹായര്‍ക്കും നന്മയുടെ പോരാളികള്‍ക്കും ലോകനന്മയ്ക്കും വേണ്ടി ഹറമില്‍നിന്നുയര്‍ന്നു കേള്‍ക്കുന്ന ഹൃദയഭേദകമായ പ്രാര്‍ഥന ലോകപ്രസിദ്ധമാണ്. തീര്‍ത്ഥാടകന്‍ തന്റെ കുടുംബക്കാര്‍ക്കെന്നപോലെ സമൂഹത്തിനു വേണ്ടിയും പ്രാര്‍ഥിക്കാന്‍ ശീലിക്കുകയാണ്. ഇബ്റാഹീം (അ) തന്റെ കുടുംബത്തെ കഅ്ബയ്ക്കു സമീപം താമസിപ്പിച്ചശേഷം നടത്തിയ പ്രാര്‍ഥന ശ്രദ്ധേയമാണ്: "എന്റെ നാഥാ, ഈ നാടിനെ നിര്‍ഭയത്വമുള്ള നാടാക്കേണമേ. എന്നെയും എന്റെ സന്തതികളെയും വിഗ്രഹാരാധനയില്‍നിന്നു നീ അകറ്റുകയും ചെയ്യേണമേ... ഞങ്ങളുടെ നാഥാ, എന്റെ സന്തതികളില്‍ ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തിനു സമീപം ഞാന്‍ താമസിപ്പിച്ചിരിക്കുകയാണ്. നാഥാ, അവര്‍ നമസ്കാരനിഷ്ഠയുള്ളവരാവാന്‍ വേണ്ടിയാണത്. ജനമനസ്സുകളെ നീ അവരിലേക്ക് ആകര്‍ഷിപ്പിക്കുകയും അവര്‍ക്കു നീ കായ്കനികളില്‍നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ...''(14:37).

കഅ്ബയുടെ പണി പൂര്‍ത്തിയാക്കിക്കൊണ്ട് ഇബ്റാഹീ(അ)മും മകന്‍ ഇസ്മാഈലും (അ) ഒന്നുചേര്‍ന്നു പ്രാര്‍ഥിച്ചു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു നീ (ഇത്) സ്വീകരിച്ചാലും. നിശ്ചയം, നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. നാഥാ, നീ ഞങ്ങളെ നിനക്കു സമര്‍പ്പണം ചെയ്തവരില്‍ പെടുത്തേണമേ. ഞങ്ങളുടെ സന്തതികളില്‍നിന്നു സമര്‍പ്പിതരായ ഒരു സമൂഹത്തെ സൃഷ്ടിച്ചുതരുകയും ചെയ്യേണമേ...'' (2: 127-129). സംസ്കാരസമ്പന്നതയും ധാര്‍മികവിശുദ്ധിയും വിഭവസമൃദ്ധിയും നിര്‍ഭയത്വവുമുള്ള ഒരു നാടാണ്, ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടിരുന്നതെന്ന് ഈ പ്രാര്‍ഥനകളില്‍നിന്നു നമുക്കു മനസ്സിലാക്കാം. അത്തരമൊരു നാടിനെക്കുറിച്ചു സ്വപ്നം കാണുന്നവനാണു തീര്‍ത്ഥാടകന്‍. ഇബ്റാഹീമീപാത പിന്തുടര്‍ന്ന പ്രവാചകന്‍ (സ) അങ്ങനെയൊരു നാടിനുവേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. അത്തീന്‍, ഖുറൈശ് അധ്യായങ്ങളില്‍ നിര്‍ഭയത്വമുള്ള ആ നാടിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു.  

പ്രവാചകന്‍ (സ) അവസാന ഹജ്ജ് വേളയിലെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ നടത്തിയ പ്രഖ്യാപനം ഇസ്ലാമിന്റെ ജ്വലിക്കുന്ന മാനുഷികമുഖമാണു പ്രകാശിപ്പിക്കുന്നത്. മനുഷ്യന്റെ ജീവന്‍, രക്തം, അഭിമാനം, സമ്പത്ത് എല്ലാം പരസ്പരം പവിത്രമാണെന്നും അപരിഷ്കൃത സംസ്കാരങ്ങള്‍ തന്റെ കാല്‍ച്ചുവട്ടില്‍ കുഴിച്ചുമൂടുകയാണെന്നും പലിശയും കുടിപ്പകയും നിരോധിക്കുകയാണെന്നും സ്ത്രീകളുടെ അവകാശങ്ങളില്‍ വീഴ്ചവരുത്തരുതെന്നും ഖുര്‍ആനും നബിചര്യയും മുറുകെ പിടിക്കണമെന്നും അനുഷ്ഠാനങ്ങളില്‍ വീഴ്ചവരുത്തരുതെന്നും അദ്ദേഹം പ്രത്യേക വസിയ്യത്തായി വിശ്വാസികളെ ഏല്‍പ്പിച്ചുപോയ കാര്യം ആര്‍ക്കും അജ്ഞാതമല്ല. അറഫയില്‍ നിന്നു പ്രാര്‍ഥിക്കുന്ന തീര്‍ത്ഥാടകനും അറഫാനോമ്പനുഷ്ഠിക്കുന്ന ഇതര വിശ്വാസികളും പ്രവാചകന്‍ അന്ത്യാഭിലാഷമായി ഏല്‍പ്പിച്ചുപോയ ധാര്‍മികനിഷ്ഠകള്‍ പാലിക്കുന്നതിനു പുറമേ, അദ്ദേഹം ഊന്നിപ്പറഞ്ഞ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സധീരം രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് ഉദ്കൃഷ്ട സമൂഹം (ഖൈറു ഉമ്മത്) പിറവിയെടുക്കുന്നത്.

സാമൂഹികബാധ്യതകളില്‍ വീഴ്ച സംഭവിക്കാതെ ധൈര്യസമേതം നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ ഇസ്മാഈലുകളെപ്പോലും ബലിനല്‍കാനുള്ള സന്നദ്ധത പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്്. ബലിയറുക്കുന്ന തീര്‍ത്ഥാടകനും ഉദ്ഹിയ നല്‍കുന്ന ഇതര വിശ്വാസികളും ഇബ്റാഹീമാവുകയാണ്. താന്‍ അറവു നടത്തുന്ന മൃഗം തന്റെ ഇസ്മാഈലിന്റെ പ്രതിരൂപമാണ്. കാണാതെ കാത്തിരുന്നു കിട്ടിയ ഓമനപ്പുത്രന്‍ ഇസ്മാഈല്‍പോലും അല്ലാഹുവിനേക്കാള്‍ വലുതല്ലെന്ന് ആ പുത്രന്റെ കണ്ഠത്തില്‍ കത്തിവച്ചുകൊണ്ട് ഇബ്റാഹീം (അ) തെളിയിച്ചു. ഇപ്രകാരം ബലിനല്‍കുന്ന വിശ്വാസി കേവലം മൃഗത്തെയല്ല ബലിനല്‍കുന്നത്. അല്ലാഹുവിനേക്കാള്‍ തന്റെ മനസ്സില്‍ വലുതായി വാഴുന്ന, താന്‍ എന്തിനേക്കാളുമേറെ പ്രിയപ്പെടുന്ന എന്താണോ, അതിനെയാണു ബലിനല്‍കുന്നത്. അങ്ങനെ സ്വന്തം ഇസ്മാഈലിനെ കണ്െടത്തി ബലിനല്‍കുമ്പോഴാണു വിശ്വാസികള്‍ സമ്പൂര്‍ണ സമര്‍പ്പിതരാവുന്നത്. അപ്പോഴാണ് 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് വലിയവന്‍) എന്ന തക്ബീര്‍ ഉള്ളില്‍നിന്നു പുറത്തുവരുന്നത്. ബലിമൃഗം ഇസ്മാഈലിന്റെ പ്രതിരൂപമായതുകൊണ്ടുതന്നെ അതു പ്രായംചെന്നതോ വ്രണം പിടിച്ചതോ വൈകല്യം ബാധിച്ചതോ ആവാന്‍ പാടില്ല. അത് ആകാരസൌന്ദര്യമുള്ള ഇളംപ്രായത്തിലുള്ളതാവണം. അല്ലാഹു പറയുന്നു: "അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കലെത്തുകയില്ല. എന്നാല്‍, നിങ്ങളുടെ ഭക്തിയാണ് അവങ്കലെത്തുന്നത്...'' (22:37).

വിമോചനപ്രവര്‍ത്തനങ്ങളില്‍നിന്നു വിശ്വാസികളെ പിറകോട്ടടിപ്പിക്കാന്‍ ഭൌതികമായ സംവിധാനങ്ങള്‍ക്കാവില്ലെന്നു ഹജ്ജ് പഠിപ്പിക്കുന്നു. അഗ്നികുണ്ഠത്തിന് ഇബ്റാഹീംനബിയെ കരിക്കാനോ വരണ്ടുണങ്ങിയ മരുഭൂമിക്ക് ഹാജറ അന്വേഷിച്ച ദാഹജലം നിഷേധിക്കാനോ മൂര്‍ച്ചയേറിയ കത്തിക്ക് ഇസ്മാഈലിന്റെ കണ്ഠം മുറിക്കാനോ കഴിഞ്ഞില്ല. ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബലിയും ഓരോ ഗൃഹത്തിലും പുണ്യജലമായി കരുതിവയ്ക്കുന്ന സംസവും വിശ്വാസിയോടു വിളിച്ചുപറയുന്നത്, 'സമര്‍പ്പിക്കുക; അസാധ്യമായ എന്തിനെയും സാധ്യമാക്കിത്തീര്‍ക്കുക' എന്നാണ്. സഫാ-മര്‍വകള്‍ക്കിടയില്‍ ദാഹജലം തിരക്കി ആവര്‍ത്തിച്ച് ഓടിയ ഹാജറയെപ്പോലെ സഅ്യ് നിര്‍വഹിക്കുന്ന ഹാജി വിളിച്ചുപറയുന്നത്, 'അന്വേഷിച്ചിടത്തേക്കുതന്നെ നിരാശപ്പെടാതെ വീണ്ടും വീണ്ടും പൊയ്ക്കൊണ്ടിരിക്കുക, പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടിരിക്കുക; നിനച്ചിരിക്കാത്ത വഴികളിലൂടെ വിജയം സുനിശ്ചിതമാണെന്നാണ്.' കഴുത്തുനീട്ടിയ ഇസ്മാഈലിനുപകരം അറുക്കാന്‍ ജിബ്രീല്‍ നല്‍കിയ ആട് പറയുന്നത്, 'അല്ലാഹുവിനുവേണ്ടി സമര്‍പ്പിക്കുക; നമുക്കായി നേടുക' എന്നാണ്. 

സമരോല്‍സുകമായ ഹജ്ജിന്റെ ചടുലമായ ഭാവങ്ങളെ ജീവിതത്തിലേറ്റുവാങ്ങി പ്രയോഗവല്‍ക്കരിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങേണ്ടതുണ്ട്. മറ്റ് ആരാധനാനുഷ്ഠാനങ്ങളിലെന്നപോലെ യുവാക്കളുടെ സജീവമായ പങ്കാളിത്തം ഹജ്ജ് നിര്‍വഹണരംഗത്തും ഉണ്ടാവേണ്ടിയിരിക്കുന്നു. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചയച്ച് ആരോഗ്യം നഷ്ടപ്പെട്ടു പൈസയും ബാക്കിയുണ്െടങ്കില്‍ ഒരുതരം ആത്മീയ വിനോദയാത്രപോലെ ചെയ്തുതീര്‍ക്കാനുള്ളതോ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ഹജ്ജ് ചെയ്ത് അവിടെത്തന്നെ മരിച്ചു മറമാടിത്തീരാനുള്ളതോ അല്ല ഹജ്ജ് എന്നു പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. മോഹങ്ങളും വികാരങ്ങളും പച്ചപിടിച്ചു തഴച്ചുവളരുന്ന യുവത്വത്തെ ആദര്‍ശത്തിന്റെ നിറവസന്തത്തിലേക്ക് ആവേശിപ്പിക്കാന്‍ ഹജ്ജിന് അപാരമായ ശേഷിയുണ്െടന്നു നാമോര്‍ക്കണം. അതുകൊണ്ടാണ് നിരവധി പ്രതിഭാസമ്പന്നരായ ഹജ്ജ് നിരീക്ഷകര്‍ സവിസ്തരം ഹജ്ജനുഭവങ്ങള്‍ എഴുതിയിട്ടുള്ളത്. മറ്റാരാധനകളെപ്പറ്റി ഇത്രയേറെ അനുഭവക്കുറിപ്പുകള്‍ കാണാനാവില്ല. ഹജ്ജ് പോലുള്ള അര്‍ഥസമ്പുഷ്ടമായ അനുഷ്ഠാനങ്ങള്‍ ഉപരിപ്ളവമായ ചടങ്ങുകളോ അര്‍ഥശൂന്യമായ ആചാരങ്ങളോ ആയി മാറാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ട്. ഖുര്‍ആന്റെ ചോദ്യം ഏറെ ശ്രദ്ധേയമാണ്: "തീര്‍ത്ഥാടകനു കുടിവെള്ളം നല്‍കുന്നതും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തോടു നിങ്ങള്‍ സാമ്യപ്പെടുത്തുകയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.'' (അത്തൌബ: 19). 

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

എന്ത്കൊണ്ട് പോപുലര്‍ ഫ്രണ്ട് ?

ക്ഷുഭിത മുസ്ലിം യൗവനത്തെ' ജനധിപത്യ പ്രക്രിയയില്‍ വിളക്കി ചേര്ത്ത് ദേശീയ ധാരയില്‍ ചേര്ത്ത് നിറുത്തിയത് പോപ്പുലര്‍ ഫ്രണ്ട് ദേശീയോല്ഗ്രുഥനത്തിനു നല്കി്യ ഏറ്റവും മികച്ച ചരിത്രപ്രധാനമായ സംഭാവന.

അഡ്വാനിയുടെ രഥയാത്രയും രാമജന്മഭൂമി പ്രക്ഷോഭങ്ങളും, ബാബറി ദുരന്തവും, ഇന്ത്യയില്‍ ഉടനീളം മുസ്ലിം വിരുദ്ധ കൂട്ടകുരുതികള്‍ അരങ്ങു തകര്‍ക്കുകയും, കേരളത്തില്‍ പാലക്കാട്‌ സിറാജുന്നിസ എന്ന പെണ്‍കുട്ടി വെടിയേറ്റ് മരിക്കുകയും രാമണ്‍ ശ്രീവാസ്തവ ഐ.പി.എസിന്‍റെ 'ഐ വാണ്ട് ദി ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബ്ലേഡിസ് ' എന്ന ആക്രോശം നിയമ സഭയില്‍ വരെ പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കുകയും, ഉത്തരേന്ത്യന്‍ കലാപങ്ങളില്‍ നിയമ പാലകര്‍ തന്നെ അക്രമികളുടെ പക്ഷം ചേര്‍ന്ന വാര്‍ത്തകള്‍ക്ക് പിറകെ കേരളത്തിലും സ്ഥിതി സ്ഫോടനാത്മകമാണ് എന്ന പ്രതീതി നിലനിന്നത് കടുത്ത അരക്ഷിത ബോധവും അസംതൃപ്തിയും മുസ്ലിംകള്‍ക്കിടയില്‍ വളര്‍ന്ന എണ്‍പതുകളും തൊണ്ണൂറുകളുടെ തുടക്കവും. ജ. വിതയത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയ 1971 ല്‍ ആറു മുസ്ലിംകളെ അരുംകൊല ചെയ്ത തലശ്ശേരി കലാപവും, കാട്ടൂര്‍ അലി മുസ്ലിയാര്‍ , തവലക്കര കുഞ്ഞഹമ്മദ് മുസ്ലിയാര്‍ , മഞ്ചേരി കോടതി വളപ്പില്‍ വെച്ച് തന്നെ ഇസലം സ്വീകരിച്ചത്തിന്റെ പേരില്‍ അരുംകൊല ചെയ്യപെട്ട എടവണ്ണ ചാതല്ലൂര്‍ സ്വദേശിനിയായിരുന്ന ചിരുത കുട്ടി എന്ന ആമിനകുട്ടി, കടുവിനാല്‍ അഷ്‌റഫ്‌ , പലുണ്ട മുഹമ്മദ്‌ , ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ കൊല ചെയ്യപെട്ട തിരൂര്‍ യാസര്‍ എന്നിവരുടെ വധങ്ങള്‍ തുടങ്ങി സംഘികള്‍ ഏകപക്ഷീയമായ കൊലപാതക പരമ്പരകള്‍ നടത്തികൊണ്ടിരുന്ന മൂന്നു പതിറ്റാണ്ട്. പകച്ചുപോയ മുസ്ലിം മുഖ്യധാര സംഘടനകള്‍ എല്ലാം പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തെ നേരാം വണ്ണം അഭിസംബോധന ചെയ്യതെ നിസ്സഹായത പ്രകടിപ്പിച്ചത് മുസ്ലിം യുവാക്കളില്‍ കടുത്ത പ്രതിഷേധം ആണ് ഉണ്ടാക്കിയത്. അബ്ദുന്നാസര്‍ മഅദനിയുടെ ഐ എസ എസ ആവട്ടെ ചില വൈകാരിക പ്രകടനങ്ങളും തീപ്പൊരി പ്രസംഗങ്ങളും ആയി വെറും ചായ കോപ്പയിലെ കൊടുംകാറ്റായി ഒന്ന് രണ്ടു വര്‍ഷം കൊണ്ട് പര്യവസനിക്കുകയും ചെയ്തു.

ഇത്തരം ഒരു ദശാ സന്ധിയില്‍ , ഇന്ന് നാം പേക്കിനാവുകളില്‍ മാത്രം നാം കാണുന്ന ലക്ഷര്‍ , ഹുജി , ഐ എസ ഐ തുടങ്ങി ഏതു ദേശവിരുദ്ധര്‍ര്‍ക്കും വേണമെങ്കില്‍ അന്ന് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കഴിയുമായിരുന്ന ഭീതിജനകമായ സാഹചര്യത്തില്‍ , അരക്ഷിത ബോധത്തില്‍ പൂണ്ടു കിടന്ന, മുസ്ലിം മുഖ്യധാര സംഘടനകളില്‍ ഒക്കെയും പ്രതീക്ഷ നശിച്ച ക്ഷുഭിത മുസ്ലിം യൗവനത്തിന്‍റെ ആശങ്കകളെയും വൈകാരികതകളെയും ശരിയായി അഭിസംബോധന ചെയ്ത് പക്വമായും സന്തുലിതമായും നേതൃതം നല്‍കി അവരെ ജനാധിപത്യ പ്രക്രിയയില്‍ സജീവമാക്കി ദേശീയ ധാരയില്‍ ചേര്‍ത്ത് പിടിച്ചു എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ദേശീയോല്‍ഗ്രഥനത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവന.

സവര്‍ണ ഫാസിസ്റ്റുകള്‍ അഴിച്ചു വിട്ട ഭീകരമായ അക്രമങ്ങളും കലാപ പരമ്പരകളും അവരുടെ ഒരം ചേര്‍ന്ന് നിന്ന ഭരണകൂടങ്ങളുടെയും നിയമപാലകാരുടെയും ചെയ്തികളുടെ പേരില്‍ ഈ രാഷ്ട്രത്തിനോടും നമ്മുടെ മഹത്തായ ജനാധിപത്യ മതേതര സംവിധാനത്തോടും ഉള്ള താല്‍പര്യവും അഭിനിവേഷവും മുസ്ലിം യുവാക്കളില്‍ നഷ്ടപെടാതെ കത്തിച്ചു നിറുത്തുന്നതിന് , കേവലം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വഴിപാട് ചടങ്ങ് മാത്രം ആയിരുന്ന ആഗസ്ത് 15ലെ ചടങ്ങുകള്‍ പോപ്പുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ്കളോടെ ജനകീയ ഉത്സവം ആയി മാറി.

എന്‍ ഡി എഫ് രൂപപെട്ടതിന് ശേഷം ആദ്യമായി നടത്തിയ പൊതു പരിപാടി തന്നെ ഏതെങ്കിലും മതപരമായ വൈകാരിക വിഷയം ആയിരുന്നില്ല , മറിച്ചു വെറും അക്കാദമികമായി മാത്രം ചര്‍ച്ചചെയ്യപെട്ട സംവരണത്തെ കുറിച്ച് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ ജനധിപത്യ അവകാശബോധം വളര്‍ത്തുന്നതുമായി ബന്ധപെട്ട് ആയിരുന്നു. പൌരത്വ നിഷേധത്തിനു എതിരെയും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഒക്കെ സജീവമായ ബോധവല്കരണ പ്രചരണ പരിപാടികളും ജനാധിപത്യ പ്രക്ഷോഭങ്ങളും ആയി എന്‍ ഡി എഫ് സജീവമായി. നിരന്തരമായ ഈ പ്രക്ഷോഭ പരിപാടികള്‍ക്ക് ഇടയില്‍ ഒരിക്കല്‍ പോലും സമരങ്ങള്‍ പോലീസിനെതിരെയോ പൊതു സ്ഥാപനങ്ങള്‍ക്ക് എതിരെ തിരിഞ്ഞു അക്രമത്തില്‍ കലാശിക്കുകയോ ചെയ്തല്ല. 2003 ലെ സ്പെഷല്‍ റിക്രൂട്ട്മെന്‍റ് വിഷയവും ആയി ബന്ധപെട്ടു എന്‍ ഡി എഫ് നടത്തിയ 20 മന്ത്രി മന്ദിരങ്ങളിലേക്ക് ഒരേസമയം നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് എന്‍ ഡി എഫിന്‍റ വ്യതിരിക്മമായതും സമാധാന പൂര്ണ്ണമായുതും പരിപാടിക്കശേഷം പ്രക്ഷോഭകര്‍തന്നെ നഗരം ശുചീകരിക്കുകയും ഒക്കെ ചെയ്തത് ദക്ഷിണ മേഖല ഐ ജി പത്രക്കാരോട് തന്നെ പ്രശംസിച്ച് പറഞ്ഞത് വാര്‍ത്ത‍യായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ച ഈ ഒരു മാതൃകാപരമായ പ്രവര്‍ത്തന രീതി ചര്‍ച്ച ചെയ്യപെടതിരിക്കുകയും, പൊതുസമൂഹത്തില്‍ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സജീവ പ്രസ്ഥാനം എന്നാ നിലക്ക് വളരെ പ്രാദേശികവും ഒട്ടപെട്ടതും ആയി സംഭവിച്ച്ചിരിക്കാന്‍ സാധ്യതയുള്ള അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപെടുതാവുന്നവക്ക് അമിത പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫ്രണ്ടിനു ഭീകര ച്ഛായ നല്കാന്‍ അമിതോത്സാഹം കാണിക്കുന്ന ഫാസിസ്റ്റു ദുസ്വധീനം ഉള്ള ചില മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടേയും ലക്‌ഷ്യം ജനാധിപത്യ പ്രക്രിയയല്‍ സജീവമായി മുസ്ലിംകള്‍ ഉള്‍പടെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ ശക്തീകരിക്കപെടുന്നത് തടയുക എന്ന വര്‍ഗീയ താല്പര്യം തന്നെയാണ്. കേരളത്തിലെ ഒരു ജയിലിലും ഒരു കൊലപാതകകേസിലും ശിക്ഷിക്കപെട്ടു പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഒരു പ്രവര്‍ത്തകനും കഴിയുന്നില്ല എന്നാ യഥാര്‍ത്ഥ്യം മറച്ചു വെച്ച് അപസര്‍പ്പക കഥകള്‍ സംഘടനയെ കുറിച്ച് മെനയാന്‍ ആണ് പലര്‍ക്കും താല്‍പര്യം. നിയമ സഭയില്‍ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച സംഘടന ബന്ധം ഉള്ള കൊലപാതകങ്ങളുടെ കണക്കിലും ആര്‍ എസ എസിനും, സി പി എമ്മും ആയി ബന്ധപെട്ട കൊലപാതകങ്ങളുടെ എണ്ണത്തിന്‍റെ നാലയലത്ത് വരുന്നില്ല പോപ്പുലര്‍ ഫ്രെണ്ട് പ്രവര്‍ത്തകരില്‍ ആരോപിക്കുന്ന കൊലപാതകങ്ങളുടെ എണ്ണം . 2003 ജനുവരി 11 മുതല്‍ 2011 മെയ് 13 വരെ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളില്‍ 44 എണ്ണത്തില്‍ സിപിഎമ്മുകാരും 34 എണ്ണത്തില്‍ ആര്‍ എസ് എസ് കാരും ശിക്ഷിക്കപെട്ടതായി ആണ് അഭ്യന്തരമന്ത്രിയുടെ കണക്ക്.

ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദവും ഇപ്പോള്‍ ഉള്ള പ്രവാചക നിന്ദ സിനിമ ഉള്‍പടെയുള്ള മുസ്ലിംകളില്‍ കടുത്ത മനോവേദനയും പ്രതിഷേധവും സൃഷ്‌ടിച്ച വൈകാരിക സംഭവങ്ങളെയും വളരെ സമചിത്തതയോടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് സമീപിച്ചത്. പ്രവാചക നിന്ദ സംഭവങ്ങളുടെ പേരില്‍ വൈകാരികമായ പ്രതിഷേധങ്ങള്‍ അക്രമോല്സുകമായി സംഘടിപ്പിക്കുകിയും അതില്‍ ഒക്കെ മുസ്ലിംകള്‍ തന്നെ കൊല്ലപെടുകയും പ്രവാചക നിന്ദകാര്‍ മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നത്തിലെ പരിഹസ്യത പോപ്പുലര്‍ ഫ്രണ്ട് ഡാനിഷ് കാര്‍ടൂണ്‍ വിവാദകാലത്ത് തന്നെ അണികളില്‍ ചര്‍ച്ച ചെയ്യുകയും അതിന്‍റെ പ്രസിദ്ധീകരണങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൂവാറ്റ പുഴയില്‍ പ്രവാചകനെ ഒരു അധ്യാപകന്‍ വളരെ വൃത്തികേട്ട ഭാഷയില്‍ അവഹേളിക്കുകയും, സംഭവം വിവാദം ആയതിനു ശേഷവും ധിക്കാരപരമായ സമീപനം സ്വീകരിക്കുകയും വിവാദത്തില്‍ അനുരഞ്ജനത്തിനു ശ്രമിച്ചവരോട് വരെ തട്ടികയറുകയും ചെയ്തതില്‍ പ്രകോപിതരായ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ അയാളുടെ കൈവെട്ടിമാറ്റിയ വളരെ പ്രാദേശികം ആയ ഒരു സംഭവം അതുനു മുമ്പും ശേഷയും കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന ഒരു പാട് കൈ  കാല്‍  തല വെട്ടല്‍ സംഭവങ്ങള്‍ക്ക് ഇല്ലാത്ത പ്രാധാന്യം കൊടുത്ത് പൊലിപ്പിച്ചതിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിനെ രക്ഷസീയ വല്കരിക്കാന്‍ ഉള്ള അതേ അജണ്ടയാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയ പരിസരം ഇന്ന് ഒരു സംഘടന എന്നതില്‍ നിന്ന് വളര്‍ന്നു , കുട്ടികളിലും യുവാക്കളിലും സ്ത്രീകളിലും ഉള്‍പടെ സമൂഹത്തിന്‍റെ എല്ലാ തുറകളിലും ഉള്ള ആളുകളിലേക്ക് പടര്‍ന്നു , വിവിധ സാമൂഹിക ജീവ കാരുണ്യ വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യം ആയ , വിവിധ സംഘടനകള്‍ ആയി മാറി എന്നത് കൊണ്ടും , ഒരു സംഘനടന എന്നതില്‍ നിന്ന് തന്നെ വിട്ടു ഇരുപത്തി രണ്ടു സമസ്ഥനങ്ങളില്‍ പടര്‍ന്നു പന്തലിച്ച ഒരു ജനകീയ മനോഭാവും കര്‍മ രീതിയും ആണ് എന്നത് കൊണ്ട് തന്നെ ഈ ജനകീയ മുന്നേറ്റത്തെ വരിഞ്ഞു മുറുക്കാന്‍ ഉള്ള ഏതു ജനാധിപത്യ വിരുദ്ധ നീക്കവും എട്ടു നിലയില്‍ പൊട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല . 

 പോപുലര്‍ ഫ്രണ്ട് ? 

'എന്തുകൊണ്ട് പോപുലര്‍ ഫ്രണ്ട്' എന്ന കാംപയിന്റെ പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാനുമായി എന്‍ എം സിദ്ദീഖ് നടത്തിയ അഭിമുഖം

 ? പോപുലര്‍ ഫ്രണ്ടിനെതിരേ പല വാര്‍ത്തകളും വരുന്നുണ്ടല്ലോ. ഇന്റലിജന്‍സിനെ ഉദ്ധരിച്ച് സംഘടന നിരോധിക്കപ്പെടാന്‍ പോവുന്നുവെന്നു വരെ പ്രചാരണം കൊഴുക്കുന്നു. അങ്ങനെ വല്ലതും സംഭവിക്കുമോ? അതല്ല, സംഭവിച്ചാല്‍?

പ്രതിലോമശക്തികള്‍ വ്യാജവാര്‍ത്തകളുടെ അഴുക്കുചാല്‍തുറന്നുവിട്ടുകൊണ്ട് കാത്തിരിക്കുകയാണ്. ഇന്റലിജന്‍സ്-പോലിസ്-ബ്യൂറോക്രസി തലങ്ങളില്‍ എന്തോ ഉപജാപം നടക്കുന്നുവെന്നാണ് തോന്നുന്നത്. തങ്ങള്‍ക്കു യാതൊന്നും അറിയില്ലെന്നാണ് രാഷ്ട്രീയ-ഭരണനേതൃത്വം കൈമലര്‍ത്തുന്നത്. അറിയില്ല എന്നുവരുന്നത് നിസ്സഹായാവസ്ഥയാവാം; പിടിപ്പുകേടാവാം; വെറും കാപട്യവുമാവാം. മുസ്ലിംകളെ സ്വയംശാക്തീകരണത്തിനു സജ്ജമാക്കുന്ന ഒരു പ്രവര്‍ത്തന ശൃംഖലയും ജനകീയമുന്നേറ്റവും ഉയര്‍ന്നുവരുന്നത് തടയാനും തകര്‍ക്കാനും തീരുമാനിച്ചുറച്ച ശക്തികളുടെ മേല്‍ക്കോയ്മയാണിതിനു കാരണം.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഒരു ദുര്‍ബലകാരണം പോലുമില്ല. എന്നാല്‍, അധികാരം കൈയടക്കിയവര്‍ക്ക്  നെറികേടു കാട്ടാന്‍ ഒരു കാരണവും വേണ്െടന്നതു ചരിത്രം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടിയത് നാം കണ്ടതാണ്. 

പോപുലര്‍ ഫ്രണ്ട് നിരോധനഭീഷണി ഭയന്നു പിന്നോട്ടുപോവുമെന്ന് ആരും കരുതേണ്ട. നീതിക്കുവേണ്ടിയുള്ള പോരാട്ടം മനുഷ്യചോദനയാണ്; ചരിത്രത്തിന്റെ നൈരന്തര്യവുമാണ്. തലമുറകള്‍ കൈമാറി കാത്തുസൂക്ഷിക്കുന്ന ദൌത്യം. സംഘടന ഒരു ഉപകരണം മാത്രം. നിയമവിരുദ്ധ വിലക്കുകളെ നിയമപരവും ജനാധിപത്യപരവുമായി നേരിടുകയാണ് നാളിതുവരെ സംഘടനയുടെ നയം. ആ നയം കൈയൊഴിക്കേണ്ട സാഹചര്യമില്ല.

?  പോപുലര്‍ ഫ്രണ്ടിന്റെ പുതിയ കാംപയിന്‍, സമനീതി, അതിനെക്കുറിച്ചു പറയൂ?
പത്രമാധ്യമങ്ങളില്‍ ഇന്റലിജന്‍സ്വൃത്തങ്ങളെ ഉദ്ധരിച്ചും അല്ലാതെയും വന്നുകൊണ്േടയിരിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടനയ്ക്കെതിരായ പ്രചാരവേലകള്‍ തുറന്നുകാട്ടാനും ഒരുമാസം നീളുന്ന കാംപയിനാണിത്. പ്രവര്‍ത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാംപയിന്റെ ഭാഗമായി തൃണമൂലതലത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വലിയ സമ്മേളനങ്ങളുമുണ്ടാവും. പൊതുജനങ്ങളുമായി അടുത്തിടപഴകാനും തെറ്റിദ്ധാരണകള്‍ നീക്കാനുമാവും ഊന്നല്‍.    

?   പോപുലര്‍ ഫ്രണ്ട് സത്യത്തിലെന്താണ്? സാമുദായിക സംഘടനയാണോ അതോ, രാഷ്ട്രീയപ്രസ്ഥാനമോ; അല്ലെങ്കില്‍ മുസ്ലിം ശാക്തീകരണമോ മനുഷ്യാവകാശമോ? എന്താണതിന്റെ സംഘടനാപരമായ വ്യക്തിത്വം? 

മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക-പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ ശാക്തീകരണം തന്നെയാണ് പോപുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്നത്. അടിസ്ഥാനപരമായി മുസ്ലിംകള്‍ അണിചേര്‍ന്നിരിക്കുന്ന സംഘടനയാണു പോപുലര്‍ ഫ്രണ്ട്. എന്നാല്‍, അതൊരു മതസംഘടനയോ സാമുദായികസംഘടനയോ അല്ല. മതവിഷയങ്ങളല്ല സംഘടനയുടെ അജണ്ട. സമുദായസംബന്ധിയായ വിഷയങ്ങള്‍ പോലും ഇന്ത്യയിലെ മതേതര-ജനാധിപത്യഘടനയ്ക്കുള്ളില്‍നിന്ന് ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കകത്ത് പരിഹൃതമാവണമെന്നാണു പോപുലര്‍ ഫ്രണ്ട് അഭിലഷിക്കുന്നത്. അതു തീര്‍ച്ചയായും പൌരാവകാശ-മനുഷ്യാവകാശ ബോധ്യങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടുള്ള സമീപനമാണ്. മറ്റു മതവിഭാഗങ്ങള്‍ക്കെതിരേ അസഹിഷ്ണുത വളര്‍ത്തുകയോ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുകയോ ചെയ്യുന്ന യാതൊരു നീക്കവും ഉണ്ടാവരുതെന്നാണു സംഘടനയുടെ നയം.    

? പോപുലര്‍ ഫ്രണ്ടിന്റെ അഖിലേന്ത്യാ തലത്തിലുള്ള വളര്‍ച്ച ഝടുതിയിലാണ്. ഏറക്കുറേ അസ്വാഭാവികമാണ് ആ ഗ്രാഫ്. അതിന്റെ വ്യാപ്തിയും വര്‍ത്തമാനവുമെന്താണ്? 

മുസ്ലിംകള്‍ക്കെതിരായ ഫാഷിസ്റ് പ്രചാരവേലകളുടെയും കടന്നാക്രമണങ്ങളുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെയും നിസ്സഹായതയുടെയും സാഹചര്യത്തില്‍, 90കളുടെ തുടക്കത്തില്‍ തെക്കേ ഇന്ത്യയിലാണ് ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള സംഘാടനം ആരംഭിക്കുന്നത്. പ്രതിബദ്ധതയും പ്രതികരണശേഷിയും സേവനസന്നദ്ധതയുമുള്ള യുവാക്കളുടെ കാഡര്‍നിര അടിത്തട്ടില്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനാരംഭം. മൂന്നു സംസ്ഥാനങ്ങളില്‍ സാമാന്യം വ്യാപകമായ സ്വാധീനമുണ്ടാക്കാനായശേഷം 2006ലാണ് പോപുലര്‍ ഫ്രണ്ട് വടക്കേ ഇന്ത്യയിലേക്കു കടക്കുന്നത്. സംഘടനയുടെ സാന്നിധ്യം അനിവാര്യമാക്കുന്ന സാമൂഹികസാഹചര്യങ്ങള്‍ വടക്കേ ഇന്ത്യയില്‍ കൂടുതല്‍ പ്രബലമാണെന്ന തിരിച്ചറിവാണ് അതിനു പ്രേരിപ്പിച്ചത്.        

? തീവ്രവാദ ആശയമാണോ പോപുലര്‍ ഫ്രണ്ടിന്റെ പ്രചാരത്തിന്റെ രാസത്വരകം? 

വളര്‍ച്ച ശരിയും സ്വാഭാവികവും അനിവാര്യവുമാണ്. ഇന്ത്യയിലെ ആത്മവിശ്വാസം നഷ്ടപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട, വിവേചനങ്ങള്‍ക്കിരയാവുന്ന ജനത മുന്നേറ്റത്തിനുതകുന്ന ഒരു സംഘടനയെക്കുറിച്ച പ്രതീക്ഷയിലായിരുന്നു. കാരണം, ഭയമകറ്റാന്‍ വന്നവരടക്കം മറ്റു സംഘടനകള്‍ ഭയത്തിനു കീഴ്പ്പെട്ട സന്ദര്‍ഭത്തില്‍ നിര്‍ഭയമായി, ഭീഷണികള്‍ക്ക് അടിപ്പെടാതെ വരുന്ന സംഘടനയ്ക്കു വളര്‍ച്ച സ്വാഭാവികമാണ്. തീവ്രവാദം ആര്‍ക്കെതിരേയും ആര്‍ക്കും ഉപയോഗിക്കാവുന്ന ആരോപണമാണ്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പോപുലര്‍ ഫ്രണ്ടിന് അത് അന്യമാണ്. അതേസമയം, നീതി നിഷേധിക്കപ്പെട്ടവര്‍ അനീതിക്കെതിരേ രംഗത്തുവരുമ്പോള്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്ന മനോഭാവമാണെങ്കില്‍ അതു തള്ളുകയേ നിര്‍വാഹമുള്ളൂ. ഇത് പോപുലര്‍ ഫ്രണ്ടിന്റെ മാത്രം പ്രശ്നമല്ല. ദലിതുകളും ആദിവാസികളും വരെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ തീവ്രവാദമുദ്ര ചാര്‍ത്തിക്കൊടുക്കാറുണ്ട്. 

? ഒട്ടേറെ ആരോപണങ്ങള്‍, പങ്കുള്ളതും ഇല്ലാത്തതുമാവാം. കൊലപാതങ്ങള്‍, അക്രമസംഭവങ്ങള്‍ മുതലായവ പോപുലര്‍ ഫ്രണ്ടിന്റെ അക്കൌണ്ടിലുണ്െടന്നത് സത്യം മാത്രമല്ലേ? 

പോപുലര്‍ ഫ്രണ്ടിനു മേല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ ഭൂരിഭാഗവും സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. പ്രാദേശികമായ സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ പെട്ടിട്ടില്ല എന്നല്ല പറയുന്നത്. എന്നാല്‍, സംഘടനയുടെ മേല്‍ പലപ്പോഴും പലതും ആരോപിക്കപ്പെടുകയും അടിച്ചേല്‍പ്പിക്കപ്പെടുകയുമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയുടെ പട്ടിക നിരത്തി പോപുലര്‍ ഫ്രണ്ടില്‍ തീവ്രവാദം ചാര്‍ത്തുന്നവരോട് ഞങ്ങളുയര്‍ത്തിയ പഴകിയ വെല്ലുവിളി നിലനില്‍ക്കുന്നു. കേരളത്തിലെ ക്രൈം റെക്കോഡുകളുടെയും കോടതിരേഖകളുടെയും അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക പുറത്തിറക്കുക. അങ്ങനെ ചെയ്താല്‍ അതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരേക്കാള്‍, എന്തിന്, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരേക്കാള്‍ പിന്നിലായിരിക്കും പോപുലര്‍ ഫ്രണ്ടിന്റെ സ്ഥാനം. ഇന്ത്യയിലെ ഒരു ജയിലിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാരും ശിക്ഷിക്കപ്പെട്ടു കഴിയുന്നില്ല.  

? പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ്? ഗള്‍ഫ് പണം? 

മതപ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഫണ്ടിങ്?
പോപുലര്‍ ഫ്രണ്ട് വിദേശ സഹായം സ്വീകരിക്കുന്നില്ല. അംഗങ്ങളുടെ പ്രവേശന ഫീസ്, മാസവരി, റമദാന്‍ കാലത്തെ വാര്‍ഷിക ഫണ്ട്പിരിവ്, കാംപയിനുകള്‍ക്കും പൊതുപരിപാടികള്‍ക്കുമുള്ള പ്രത്യേക ഫണ്ട്ശേഖരണം- ഇതൊക്കെയാണ് സംഘടനയുടെ വരുമാനം. മതപ്രചാരണം സംഘടനയുടെ പരിപാടിയല്ല.   

? മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തോടെ പോപുലര്‍ ഫ്രണ്ടിന് പൊതുസമൂഹത്തിലെ സ്വീകാര്യത നഷ്ടമായെന്നാണ് ഒരു വിലയിരുത്തല്‍. ആ സംഭവവും അനന്തരനാളുകളും സംഘടനയെ ആക്രമിക്കാന്‍ സര്‍ക്കാരിനും പോലിസിനും മാധ്യമങ്ങള്‍ക്കും സന്ദര്‍ഭമുണ്ടാക്കുകയായിരുന്നില്ലേ? 

മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം പോപുലര്‍ ഫ്രണ്ടിന്റെ അറിവോടെയായിരുന്നില്ല. സംഘടനയുടെ നിലപാട് ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. പ്രാദേശികമായി ചില പ്രവര്‍ത്തകര്‍ പ്രതി ചേര്‍ക്കപ്പെട്ടതു ശരിയാണ്. ആ ഒരൊറ്റ സംഭവംകൊണ്ട് പൊതുസമൂഹത്തിലും സമുദായത്തിലും അസ്വീകാര്യരായി എന്ന വിലയിരുത്തലില്ല. അതേസമയം, മാധ്യമങ്ങളും പോലിസും അന്നത്തെ ഇടതുസര്‍ക്കാരും നടത്തിയ പ്രചണ്ഡമായ പോപുലര്‍ ഫ്രണ്ട് വിരുദ്ധ കാംപയിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തക്ക ബദല്‍ശേഷിയില്ലാതിരുന്നതുകൊണ്ടുള്ള ക്ഷീണം സംഭവിച്ചിട്ടുണ്ടാവാം. 

? കായികപരിശീലനം, യൂനിഫോം,രഹസ്യാത്മകത തുടങ്ങിയ വിമര്‍ശനങ്ങള്‍ ? 

ആരോഗ്യമുള്ള മനസ്സ്, ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്ന നല്ല ഉദ്ദേശ്യമാണ് കായികപരിശീലനത്തിനു പിന്നിലുള്ളത്. യൂനിഫോമിട്ട് മാര്‍ച്ച് നടത്തുന്ന രീതി നമ്മുടെ നാട്ടില്‍ എല്ലാ സംഘടനകളും ചെയ്തുപോരുന്നതാണ്. പോപുലര്‍ ഫ്രണ്ടിനു മാത്രം അതിന് അവകാശമില്ല എന്നു വരുന്നത് കഷ്ടമല്ലേ? ഇതിലൊന്നും യാതൊരു രഹസ്യാത്മകതയുമില്ല. ഇതൊന്നും നിയമവിരുദ്ധവുമല്ല. വിമര്‍ശനങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചു മാത്രമാവുന്നതിന്റെ കാരണം വേറെയാണ്.

? എന്താണു നിങ്ങളുടെ സംഘടനയിലെ ജനാധിപത്യത്തിന്റെ സ്വഭാവം? സംഘടനാപരമായ അപചയത്തെ അതിജയിക്കാന്‍ തക്ക ഇന്നര്‍ ഡൈനാമിക്സ് അതിലുണ്േടാ? 

വിട്ടുവീഴ്ചയില്ലാത്ത ആഭ്യന്തര ജനാധിപത്യമാണ് പോപുലര്‍ ഫ്രണ്ടിന്റെ ഇന്നര്‍ ഡൈനാമിക്സ്. യൂനിറ്റ്, ഏരിയ, ഡിവിഷന്‍ കമ്മിറ്റികള്‍, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്റേറ്റ് എക്സിക്യൂട്ടീവ് കൌണ്‍സില്‍, നാഷനല്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ എന്നിങ്ങനെ ക്രമബദ്ധമായി സംഘടിപ്പിച്ചിരിക്കുന്ന പോപുലര്‍ ഫ്രണ്ടില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടത്തിയാണ് കമ്മിറ്റികളിലെയും കൌണ്‍സിലുകളിലെയും ഭാരവാഹിത്വം നിശ്ചയിക്കുന്നത്. നയപരമായ ഒരു തീരുമാനവും ബന്ധപ്പെട്ട കമ്മിറ്റിയിലോ കൌണ്‍സിലിലോ ആലോചിക്കാതെ എടുക്കാന്‍ ദേശീയ ചെയര്‍മാനുപോലും അധികാരമില്ല. സംഘടനാനേതൃത്വത്തില്‍ അണികള്‍ പുലര്‍ത്തുന്ന അചഞ്ചലമായ വിശ്വാസവും അനുസരണയും സാധ്യമാവുന്നതിന്റെ രസതന്ത്രം ഈ ജനാധിപത്യരീതിയാണ്. ഏതു കടുത്ത പരീക്ഷണത്തിലും നേതൃത്വത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നതിനു കാരണവും അതാണ്. 

? മുസ്ലിം പ്രശ്നം എപ്പോഴും ദലിതുകളുടെ പിന്നാക്കാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന പ്രവണതയുടെ സാംഗത്യമെന്താണ്? ദലിതുകളുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍  കൂടുതല്‍ ദൈന്യവും സവിശേഷവുമല്ലേ? 'സവര്‍ണ' മുസ്ലിം മനസ്സില്‍ ദലിതുകള്‍ക്കെവിടെ ഇടം?

ദലിതുകളുടെയും ആദിവാസികളുടെയും മുസ്്ലിംകളുടെയും പ്രശ്നങ്ങളില്‍ സമാനതകളും വൈജാത്യങ്ങളുമുണ്ട്. പിന്നാക്കാവസ്ഥയും വിവേചനങ്ങളുമാണ് പൊതുവായുള്ളത്. ആദിവാസികള്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നു. ചെറിയതോതില്‍ അധികാരപങ്കാളിത്തമുണ്ടായിരിക്കുമ്പോഴും ദലിതുകള്‍ പൊതുഇടങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെടുന്നു. മുസ്ലിംകള്‍ ഭയഗ്രസ്ഥരായ ഒരു സമുദായമായിരിക്കുന്നു. ഈ വ്യത്യാസങ്ങളുള്ളപ്പോഴും തങ്ങള്‍ക്കെതിരായ പൊതുശത്രു വര്‍ഗീയ മേല്‍ജാതി ഭരണവര്‍ഗമാണെന്ന തിരിച്ചറിവ് അവരെ ഒന്നിപ്പിച്ചുനിര്‍ത്തേണ്ടതാണ്. അവരില്‍നിന്നുതന്നെ നേതൃത്വങ്ങളും മുന്നേറ്റങ്ങളും ശാക്തീകരണവുമുണ്ടാവണം. 'സവര്‍ണ' മുസ്്ലിം മനസ്സ് എന്നത് പൊതുധാരയല്ല; 'സവര്‍ണ' ദലിത് മനസ്സുപോലെ അപവാദം മാത്രമാണ്. 

? കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഒടുവിലെ നാളുകളില്‍ നടപ്പാക്കിയ നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് നിങ്ങളുടെ ഡ്രാഫ്റ്റായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സമ്മര്‍ദ്ദഗ്രൂപ്പാണോ പോപുലര്‍ ഫ്രണ്ട്?

കേരളത്തില്‍ പിന്നാക്കസമുദായ സംവരണപ്രശ്നം ജനകീയമാക്കിയത് പോപുലര്‍ ഫ്രണ്ടാണ്. നരേന്ദ്രന്‍ പാക്കേജ് തയ്യാറാക്കിയതില്‍ സംവരണ വിഷയത്തില്‍ മുന്‍നിരയില്‍ നിന്ന മറ്റു ചില സംഘടനകള്‍ക്കൊപ്പം സംഘടനാനേതൃത്വവും പങ്കുവഹിച്ചിട്ടുണ്ട്. കടമ നിര്‍വഹിച്ചു എന്നേയുള്ളൂ. ഒരു സമ്മര്‍ദ്ദത്തിനും പോയിട്ടില്ല. 

? കേരളത്തില്‍ നിങ്ങള്‍ യു.ഡി.എഫിനെ സംരക്ഷിക്കുന്നുവെന്ന് ആരോപണമുണ്ട്. അങ്ങനെ ഒരു സോഫ്റ്റ് കോര്‍ണര്‍, അതിലുപരി ഒരു ഡീല്‍ യഥാര്‍ഥത്തില്‍ ഉണ്േടാ?
എല്ലാ മതേതര പാര്‍ട്ടികളുമായും മുന്നണികളുമായും തുല്യ സമീപനമാണ് ഞങ്ങളുടേത്. മറിച്ചുള്ളതെല്ലാം തെറ്റായ ആശകളോ ആശങ്കകളോ ആണ്.

എന്നാല്‍, സംഘടനയ്ക്കും സമുദായത്തിനും എതിരായ നിലപാടുകളും നീക്കങ്ങളും ഏതു സര്‍ക്കാര്‍ നടത്തിയാലും അതിനെതിരേ ജനങ്ങളെ അണിനിരത്തും. മൂവാറ്റുപുഴ സംഭവത്തിന്റെ പേരില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഞങ്ങളെ വേട്ടയാടി. ഞങ്ങളുടെ പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ അടിച്ചേല്‍പ്പിച്ചു. ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരാവട്ടെ, ഒരുപടി മുന്നിലാണ്. സംഘടനയെ ഭീകരമായി ചിത്രീകരിച്ച് ഹൈക്കോടതിയില്‍ ചോദിക്കാതെ തന്നെ റിപോര്‍ട്ട് നല്‍കി. അത് തിരുത്താന്‍ തയ്യാറല്ല. സമാനമായ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു നല്‍കിയെന്നും ഇല്ലെന്നും വന്ന വാര്‍ത്തകള്‍ ശരിയെന്നോ തെറ്റെന്നോ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കലാണിത്.    കേരളത്തില്‍ ഇരുമുന്നണികള്‍ക്കും പകരം പുതിയ രാഷ്ട്രീയശാക്തീകരണം ഉരുത്തിരിയണമെന്നതാണു  ഞങ്ങളുടെ കാഴ്ചപ്പാട്.  

? ലോകത്തു പലയിടത്തും, ഇന്ത്യയിലടക്കം, മുസ്ലിം തീവ്രവാദമെന്നത് ഒരു വാസ്തവം മാത്രമല്ലേ? ചില സ്ഫോടനങ്ങള്‍ സംഭവിച്ചില്ലേ? ന്യൂയോര്‍ക്കില്‍ ട്വിന്‍ ടവര്‍ തകര്‍ന്നതും മുംബൈആക്രമണവും മറ്റുദാഹരണങ്ങള്‍. 

സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തു പലയിടത്തും നടക്കുന്നു. ചില മുസ്ലിം ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി അത്തരം വാര്‍ത്തകള്‍ വരുന്നു. ഇക്കാര്യത്തില്‍ ഞങ്ങളുടെ നയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബോംബ് സ്ഫോടനങ്ങളുള്‍പ്പെടെ നിരപരാധികളെ ലക്ഷ്യംവയ്ക്കുന്ന ഒരു ഭീകരപ്രവര്‍ത്തനത്തെയും സംഘടന അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ ഇതുവരെയുണ്ടായ ഒരു ഭീകരാക്രമണക്കേസിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ അറസ്റിലാവുകയോ വിചാരണ നേരിടുകയോ ജയിലിലാവുകയോ ചെയ്തിട്ടില്ല. 15 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തില്‍ കുറച്ചാളുകള്‍ വഴിവിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെങ്കില്‍ തന്നെ അതിനു സമുദായം മൊത്തം വിലനല്‍കണമെന്നതു വിചിത്രമല്ലേ? ഒന്നാം മലേഗാവ് സ്ഫോടനം മുതല്‍ സംജോതാ എക്സ്പ്രസ് സ്ഫോടനം വരെ നൂറുകണക്കിനു നിരപരാധികളെ കൊന്ന 15ഓളം ഉഗ്രസ്ഫോടനങ്ങള്‍ക്കു പിന്നിലെ സംഘടനകള്‍ സ്വൈരമായി വിഹരിക്കുകയാണിപ്പോഴും. 2001ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അകാരണമായി നടത്തിയ സിമിനിരോധനം തുടരുന്നു. ഇതു പ്രകടമായ വിവേചനമല്ലേ? ഒരു മതേതര പാര്‍ട്ടിയും എന്തുകൊണ്ടു നാവനക്കുന്നില്ല?

? കേരളത്തിലെ ചില മുസ്ലിം യുവാക്കള്‍ അതിസാഹസികതയിലേക്കു പോയ സംഭവങ്ങളുമില്ലേ? ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം അപായകരമാംവിധം അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന വിപദ്സന്ധിയില്‍ അതൊക്കെ ന്യായീകരിക്കപ്പെടുമോ? 

കേരളത്തില്‍ ചില ദുരൂഹതയുളവാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലൊക്കെ ഇവിടത്തുകാര്‍ പ്രതിസ്ഥാനത്തു വരുന്നു. അതിന്റെയൊക്കെ സത്യാവസ്ഥ കോടതികളിലൂടെ പുറത്തുവരുമെന്നാശിക്കാം. മുസ്ലിം യുവാക്കളില്‍ വളരെ ചെറിയ വിഭാഗം, അതിസാഹസികതയിലേക്കു തിരിയുന്നുണ്ടാവാം. പോപുലര്‍ ഫ്രണ്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അത്തരം ചിലരെ കണ്െടത്തി തടഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ ചിലപ്പോള്‍ പോലിസ്-ഇന്റലിജന്‍സ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ കയറൂരിവിടുന്നതായും അനുഭവങ്ങളുണ്ട്. 

ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന അന്യവല്‍ക്കരണത്തിന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതരം ഭീകരപ്രവര്‍ത്തനങ്ങള്‍ പരിഹാരമല്ല. ജനാധിപത്യ-മതേതര സംവിധാനങ്ങളുടെ സാധ്യതയിലൂന്നി അതു നല്‍കുന്ന സ്വയംശാക്തീകരണത്തിനുള്ള അവകാശം ഉപയോഗപ്പെടുത്തി മുന്നേറുകയാണ് മുസ്ലിംകള്‍ക്കു മുന്നിലുള്ള വഴി. ആ മുന്നേറ്റത്തിന്റെ രാസത്വരകമാവുകയാണു പോപുലര്‍ ഫ്രണ്ടിന്റെ ദൌത്യം. 

അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോഴും സമുദായം സ്വന്തം നിലയില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ആത്മപരിശോധന നടക്കേണ്ടതുണ്ട്. ഒരു ജനതയുടെ അവസ്ഥ അവര്‍ സ്വയം മാറ്റാന്‍ തയ്യാറാവാത്ത കാലത്തോളം പ്രപഞ്ചനാഥന്‍ മാറ്റുകയില്ല എന്നതാവണം ഇന്ത്യയിലെ മുസ്ലിം ശാക്തീകരണശ്രമങ്ങളുടെ വഴികാട്ടി.

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മതനിരപേക്ഷതയുടെ പുതിയ മേഖലകള്‍


കൊളോണിയല്‍ കാലഘട്ടം വരെ നമ്മുടെ നാട്ടിലെ ജനതയ്ക്കു വര്‍ഗീയകലാപങ്ങള്‍ പരിചയമുണ്ടായിരുന്നില്ല. സാമ്രാജ്യത്വത്തിന്റെ സംഭാവനയാണ് ഇന്ത്യയിലെ വര്‍ഗീയതയും വര്‍ഗീയ കലാപങ്ങളും. അതിനു മുമ്പ് നിലനിന്ന ജന്മിത്തരാഷ്ട്രീയത്തിനു ജനങ്ങളെ  ഭിന്നിപ്പിച്ചു നിര്‍ത്തേണ്ട ആവശ്യം ഇല്ലാതിരുന്നതാവാം അതിനു കാരണം. ഇന്ത്യയിലെ പ്രമുഖ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ചാല്‍ തങ്ങളുടെ കാലുകളുറപ്പിക്കാമെന്നു കണ്െടത്തിയ ബ്രിട്ടിഷുകാര്‍ ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം ശത്രുക്കളാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതാണ് ഇവിടെ മതവൈരത്തിനു വാതില്‍ തുറന്നത്. നിരവധി മതങ്ങളും സംസ്കാരങ്ങളും ജാതികളും ഭാഷകളും താല്‍പ്പര്യങ്ങളും നിലനിന്ന ഇന്ത്യയില്‍ ശത്രുതയുടെ പരശ്ശതം സാധ്യതകള്‍ കണ്െടത്താന്‍ അധിനിവേശശക്തികള്‍ക്കു വലുതായൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. 

സ്വന്തം രാജ്യത്തിനകത്തു നിലനില്‍ക്കുന്നുവെന്നു പാശ്ചാത്യര്‍ അവകാശപ്പെടുന്ന മതനിരപേക്ഷതയ്ക്കു വിപരീതമായിരുന്നു കോളനിരാജ്യങ്ങളില്‍ ഏതുകാലത്തും അവര്‍ സ്വീകരിച്ച നിലപാട്. മതസഹവര്‍ത്തിത്വത്തെ അറപ്പുളവാക്കുന്ന രീതിയില്‍ അപകടപ്പെടുത്തുകയും ജനതയെ തമ്മിലടിപ്പിക്കുകയും ചെയ്തു ബ്രിട്ടിഷുകാര്‍. മതേതരസങ്കല്‍പ്പത്തില്‍നിന്നു വളരെ അകലെയായിരുന്നു ബ്രിട്ടിഷ് ഇന്ത്യ. ഒരു മതവിഭാഗത്തെ മറ്റൊന്നിനെതിരേ അവര്‍ ഉപയോഗിച്ചു. നമ്മുടെ സാംസ്കാരിക- വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരിച്ചു. സാമ്പത്തിക -സാങ്കേതിക -വിദ്യാഭ്യാസരംഗങ്ങളില്‍ പിന്നിലായിരുന്ന ഇന്ത്യയിലെ സാമൂഹികഘടനയുമായി ചേര്‍ന്നുനിന്ന് പരമ്പരാഗത യാഥാസ്ഥിതികതയെ പ്രോല്‍സാഹിപ്പിക്കുകയും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരെ കൂടുതല്‍ പിറകോട്ടു നയിക്കുന്ന പിന്തിരിപ്പന്‍ നിലപാടു സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ മതനിരപേക്ഷതയുടെ സന്ദേശം മുന്നോട്ടുവച്ചത് അതിന്റെ ഉപജ്ഞാതാക്കളെന്ന് അവകാശപ്പെടുന്ന പാശ്ചാത്യരല്ല;  ഇന്ത്യന്‍ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ നേതാക്കളാണ്. സാമ്രാജ്യത്വ വിരുദ്ധ ചിന്തകളില്‍ സ്വാതന്ത്യ്രം എന്ന മഹത്തായ ലക്ഷ്യത്തോടോപ്പം തന്നെ ശക്തിപ്പെട്ട ഒന്നായിരുന്നു മതനിരപേക്ഷത എന്ന ആശയവും. ബ്രിട്ടിഷുകാര്‍ സ്വാഭാവികമായും തിരശ്ശീലക്കു പിറകില്‍ അതിനെതിരേ കരുക്കള്‍ നീക്കി. സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ മുന്‍നിരയിലും അണികളിലും നിന്നവര്‍ക്കു സമൂഹത്തിലെ യജമാനവിധേയമനോഭാവത്തിനെതിരേ എന്ന പോലെത്തന്നെ വര്‍ഗീയനിലപാടിനെതിരേയും പോരാടേണ്ടി വന്നിട്ടുണ്ട്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതനിരപേക്ഷത ഒരു വെറും വാക്കല്ല. ഇന്ത്യന്‍ ജനതയെ ഒരുമിച്ചുനിര്‍ത്തുകയും ആഴത്തില്‍ പ്രതിഫലനം ഉണ്ടാക്കുകയും ചെയ്യുന്ന വിശാലമായ ആശയമാണ് അത്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും അതിനുവേണ്ടി ബലികൊടുക്കേണ്ടി വന്നു. ഭരണകൂടത്തിന്റെ മുഴുവന്‍ ശാഖകളിലും അതിന്റെ ഗൌരവബോധം ദൃശ്യമാവേണ്ടതുണ്ട്. നേതൃത്വത്തിലുള്ള ഓരോ വ്യക്തിയും ജീവിതവ്രതമെന്ന പോലെ താല്‍പ്പര്യങ്ങളോടു സമരംചെയ്ത് അതു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയിലും മതനിരപേക്ഷചിന്ത വളരാന്‍ ഭരണകൂടം നിരന്തര പദ്ധതികള്‍ മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. തങ്ങള്‍ ജീവിച്ച കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ ശില്‍പ്പികള്‍ ഈ ആശയത്തിന്റെ ആള്‍രൂപങ്ങളായി നിലകൊണ്ടു. സങ്കുചിതചിന്താഗതിക്കാരും മതഭ്രാന്തന്മാരും ജീവനുതന്നെ ഭീഷണി ഉയര്‍ത്തിയ സമയത്തും വര്‍ഗീയവിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നല്ലോ അവര്‍. 

ഗാന്ധിയും നെഹ്റുവും പ്രയോഗതലത്തില്‍ കാണിച്ച മതനിരപേക്ഷ നിലപാടാണ് ഇന്ത്യന്‍ ദേശീയതയ്ക്ക് അടിത്തറയായി കുടികൊണ്ടത്. സ്വാതന്ത്യ്രസമരത്തിലുടനീളം പ്രചോദനവും സ്വധീനശക്തിയുമായി അതു നിലനിന്നു. ശേഷം നമ്മുടെ ഭരണഘടനയുടെ ഖണ്ഡികകളില്‍ ഉള്‍ക്കൊണ്ടു എന്നു മാത്രമല്ല, ഭരണഘടനയുടെ ആത്മാവായി അതില്‍ അലിഞ്ഞുചേരുകയും ചെയ്തു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതു നിയമപരവും ഭരണഘടനാപരവുമായ ബാധ്യതയാണ് ഇന്ത്യയില്‍ ഇന്ന്. മതങ്ങളുമായുള്ള ഏറ്റുമുട്ടലിലൂടെയല്ല നമ്മുടെ രാജ്യത്തിന്റെ മതേതരത്വം സ്ഥാപിതമാവുന്നത്. എല്ലാ മതങ്ങളുടെയും ക്രിയാത്മക വളര്‍ച്ചയും അതോടൊപ്പം സഹവര്‍ത്തിത്വവും വിഭാവന ചെയ്യുന്നു ഇന്ത്യന്‍ ദേശീയത.

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള സമരക്കളത്തില്‍ പിറക്കുകയും ശക്തിപ്പെടുകയും ഇന്ത്യന്‍ സാമൂഹികഘടനയുടെയും ഭരണഘടനയുടെയും ഭാഗമായി മാറുകയും ചെയ്ത മതനിരപേക്ഷത പ്രയോഗതലത്തില്‍ ഘട്ടംഘട്ടമായി ശോഷണം നേരിടുന്നതാണ് പിന്നീടു കാണാന്‍ കഴിഞ്ഞത്. സാധാരണക്കാരന്റെ ഹൃദയങ്ങളില്‍ ആവേശംകെടുന്നതിനു രാജ്യത്തിന്റെ വിഭജനം വലിയൊരളവു വരെ കാരണമായിട്ടുണ്ടാവാം. ഭരണകൂടത്തിനു പക്ഷേ, അങ്ങനെയൊരു ന്യായീകരണം പറയാന്‍ അവകാശമില്ല. എണ്ണമറ്റ വര്‍ഗീയകലാപങ്ങള്‍ക്കു സ്വതന്ത്ര ഇന്ത്യ സാക്ഷിയായി. ഇന്ത്യന്‍ ദേശീയതയുടെ വീടായി തിളങ്ങിയ കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് അവയിലധികവും സംഭവിച്ചത്. കലാപങ്ങള്‍ കാര്യക്ഷമമായി ഒതുക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറായില്ല. മതേതരതത്വത്തില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയതു കൊണ്ടല്ല അത്. പക്ഷേ, പാര്‍ട്ടിയിലെ ചില വ്യക്തികളില്‍ വളര്‍ന്ന വര്‍ഗീയ ചായ്വിനുമുന്നില്‍ മതനിരപേക്ഷതയോടു പ്രതിബദ്ധതയുള്ളവര്‍ തോറ്റുപോവുകയായിരുന്നു. കോണ്‍ഗ്രസ്സായാലും മറ്റു മതേതര പാര്‍ട്ടികളായാലും ഭരണഘടനാ തത്ത്വങ്ങളെക്കാള്‍ അവര്‍ക്കു പ്രധാനമായത് അധികാരമായി മാറി. മതേതര ജനാധിപത്യമൂല്യങ്ങള്‍ക്ക് അതുകഴിഞ്ഞുള്ള പ്രാധാന്യമേ ലഭിച്ചുള്ളൂ. അത്തരമൊരു ഘട്ടത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്കു രാജ്യം സാക്ഷിയായി മാറിയതില്‍ അദ്ഭുതമില്ല.

അനേകം മതങ്ങളും സംസ്കാരങ്ങളും ജീവിക്കുന്ന ഈ മണ്ണില്‍ മതനിരപേക്ഷതയുടെ ആവശ്യകത ആര്‍ക്കും മനസ്സിലാക്കാം. അതിനു വിപരീതമായി ചിന്തിക്കുക എന്നതാണ് അസ്വാഭാവികം. ഇന്ത്യയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളിലധികവും പ്രത്യക്ഷത്തില്‍ ഒറ്റപ്പെട്ട കാരണങ്ങളാല്‍ തുടങ്ങിയവയാണ് എങ്കിലും അവയ്ക്കു പിറകില്‍ ഒരു മനസ്ഥിതിയും ചിന്താഗതിയും പ്രവര്‍ത്തിച്ചു എന്നു പല ഘട്ടങ്ങളിലായി തെളിഞ്ഞുകഴിഞ്ഞു. കൊള്ളയും കൊലയും നടത്തിയവരെ രാഷ്ട്രീയംതിരിച്ചു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവാം. പക്ഷേ, അവരുടെ മനോഭാവം രൂപപ്പെടുത്തുന്നതില്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ സ്വാധീനം പ്രകടമാണ്. അധികാരകേന്ദ്രങ്ങളും ഭരണയന്ത്രങ്ങളും ഈ സ്വാധീനത്തില്‍നിന്നു മുക്തമാവാതിരിക്കുന്നതു കൂടുതല്‍ അപകടം ചെയ്യുന്നു.

ഇന്ത്യയില്‍ തങ്ങളുടെ ഒന്നാം വരവില്‍ ഇവിടത്തെ പരമ്പരാഗത യാഥാസ്ഥിതികതയും വിവേചനമനോഭാവവുമായി ചേര്‍ന്നുനിന്ന് സാമൂഹികഘടനയെ അപകടപ്പെടുത്തുകയായിരുന്നു പാശ്ചാത്യശക്തികള്‍ ചെയ്തത് എങ്കില്‍, ഇപ്പോള്‍ ഈ രണ്ടാംവരവിലവര്‍ക്ക് ഒളിഞ്ഞുനിന്നു പ്രവര്‍ത്തിക്കാന്‍ സൌകര്യപ്പെടുന്ന കലങ്ങിമറിഞ്ഞ സാമൂഹികാന്തരീക്ഷം ലഭിച്ചിരിക്കുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും ഇന്ത്യയില്‍ തങ്ങളുടെ പുതിയ അജണ്ട നടപ്പാക്കുന്നതിന് തീവ്രഹിന്ദുത്വവും മൃദുലഹിന്ദുത്വവും കമ്മ്യൂണിസവും ഒളിഞ്ഞും തെളിഞ്ഞും നിന്ന് വളര്‍ത്തിയെടുത്ത മുസ്ലിംവിരോധത്തോടു ചേര്‍ന്നുനില്‍ക്കുക മാത്രമേ വേണ്ടൂ. മാധ്യമങ്ങളടക്കം ഇന്ത്യന്‍ സമൂഹത്തെ മുഴുവന്‍ ആഗോള മുസ്ലിംവേട്ടയില്‍  പങ്കാളികളാക്കുന്ന കാര്യത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു. മുസ്ലിം സ്വഭാവഹത്യയില്‍ വര്‍ഗീയവാദികളുടെ മുന്നിലാണ് ഭരണകൂടവും മാധ്യമങ്ങളും. രാജ്യത്തെ സാമുദായികാന്തരീക്ഷം ഇതിനിടയില്‍ വഷളാവുന്നത് അവര്‍ പ്രശ്നമാക്കിയില്ല; തങ്ങളുദ്ദേശിച്ചവരെ കരിവാരിത്തേക്കുന്നതിന് അതും സഹായകമാണ് എന്നതുകൊണ്ട്. സാമുദായിക സൌഹാര്‍ദത്തിന് അനുഗുണമായ സത്യസന്ധ നിലപാടുകളൊന്നും തന്നെ സര്‍ക്കാര്‍- പാര്‍ട്ടി തലങ്ങളില്‍ നിന്നുണ്ടാവാതെ വര്‍ഗീയാസ്വസ്ഥതയെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് എന്തിന്? ശക്തിയും പ്രതിരോധശേഷിയും ഇല്ലാത്തവനിലാണ്  അച്ചടക്കനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടത് എന്ന സങ്കല്‍പ്പം പ്രമാണിവര്‍ഗം എക്കാലത്തും വച്ചുപുലര്‍ത്തിയിരുന്നു. ആളും അര്‍ഥവുമുള്ളവനു ഭരണകൂടം സംരക്ഷണം നല്‍കണം, ഒരു ആയയെപ്പോലെ. അതില്‍നിന്നു വ്യത്യസ്തമായി ഒന്നും ആധുനിക മതേതര ജനാധിപത്യം ഇന്ത്യയിലെ സാധാരണക്കാരനു നല്‍കിയിട്ടില്ല. വര്‍ഗീയതയുടെ പശ്ചാത്തലത്തില്‍ ഈ കാട്ടുനിയമത്തിനു കൂടുതല്‍ വിധേയരായത് മുസ്ലിംകളാണ് എന്നു മാത്രം.

ഇന്ത്യയില്‍ പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങളാണ് ദലിതുകളും ആദിവാസികളും മുസ്ലിംകളും. ജാതിയും മതവും സമ്പത്തും രാഷ്ട്രീയവുമെല്ലാം ഈ പുറന്തള്ളലിനു കാരണമായി. ബ്രാഹ്മണരുടെ കൈകളിലൂടെ രൂപംകൊണ്ട മതനിയമങ്ങള്‍ ഹിന്ദുക്കളിലെ ദുര്‍ബല വിഭാഗങ്ങളെ പൊതുജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്തി. സവര്‍ണര്‍ക്കു ജീവിതസൌകര്യങ്ങളൊരുക്കുകയാണ് തങ്ങളുടെ ദൈവനിയുക്ത ദൌത്യമെന്നു ബ്രാഹ്മണര്‍ അവരെ വിശ്വസിപ്പിച്ചു. ദയാനന്ദ സരസ്വതി, ബി. ആര്‍. അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങി അനേകം നവോത്ഥാന പ്രവര്‍ത്തകരുടെ ശ്രമഫലമായി ചെറിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും, ഇന്ത്യയിലെ അതിവിശാല ഭൂപ്രദേശങ്ങളില്‍ ആഴത്തില്‍ വേരൂന്നുകയും വിശ്വാസത്തിന്റെ പിന്‍ബലം ആര്‍ജിക്കുകയും ചെയ്ത സാമൂഹികഘടന അടിസ്ഥാനപരമായി മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സമ്പത്ത്, ആരോഗ്യം, അധികാരം, ശക്തി, അറിവ് തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നിട്ടുനിന്ന സവര്‍ണ വിഭാഗത്തിനു പിറകോട്ടു മാറിനില്‍ക്കേണ്ട ഒരു കാരണവും ഇന്ത്യയില്‍ ഉണ്ടായിട്ടുമില്ല. മല്‍സരിക്കുന്നവരെ പിറകോട്ടുതളളാന്‍ അവര്‍ക്കു പ്രയാസമില്ലതാനും. ഭരണകൂടം ഏതായിരുന്നാലും അതിനോടിണങ്ങാനോ അതിനെ സ്വാംശീകരിക്കാനോ ഉപരിവര്‍ഗത്തിനു കഴിയും. ബ്രിട്ടിഷ് അധിനിവേശം സംജാതമാക്കിയ വ്യത്യസ്ത സാഹചര്യങ്ങളോട് അതിവേഗം ഇണങ്ങിയ സവര്‍ണ ഹിന്ദുസമൂഹം അവര്‍ പരിചയപ്പെടുത്തുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്ത രാഷ്ട്രീയ-സാംസ്കാരിക സാമ്പത്തിക വ്യവസ്ഥിതിയുടെ നടത്തിപ്പുകാരായി മാറി. മറുഭാഗത്ത്, ചെറുത്തുനില്‍പ്പിനു ശ്രമിച്ച മുസ്ലിംകള്‍ മല്‍സരത്തില്‍ പിറകിലാവുകയും ചെയ്തു. യാഥാസ്ഥിതികമനോഭാവം വിദ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ പതനത്തിന്റെ വഴിയിലായി. ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന വര്‍ഗീയാക്രമണങ്ങള്‍ അവരെ സാമൂഹികവും സാമ്പത്തികവുമായി തകര്‍ക്കുകയും ഭയത്തിന് അടിമകളാക്കുകയും ചെയ്തു. ചേരികളും കടത്തിണ്ണകളും ഇടുങ്ങിയ തെരുവുകളുമാണ് ഇന്ന് അവരുടെ കേന്ദ്രങ്ങള്‍. പുറന്തള്ളലിന്റെ ഏകദേശചിത്രമാണ് ഇത്.

സാമ്രാജ്യത്വ-മൂലധന ശക്തികളുടെ പുതിയ കടന്നുകയറ്റത്തില്‍ ഈ വിഭാഗങ്ങള്‍ കൂടുതല്‍ ആശയറ്റവരായി മാറിയിരിക്കുന്നു. സാമൂഹികനീതിക്കും സമത്വത്തിനും സാമൂഹികക്ഷേമത്തിനും കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തു സാമ്പത്തികനയം ഉദാരവല്‍ക്കരിക്കുന്നതു ദുര്‍ബലരെ കൂടുതല്‍ ദുര്‍ബലരാക്കുകയാണു ചെയ്യുക. ജാതീയതയും വംശീയതയും വര്‍ഗീയതയും ഉച്ചനീചത്വ സംസ്കാരവും ഭരണകൂടത്തിനകത്തു സ്വാധീനം ചെലുത്തുന്ന ഇന്ത്യയില്‍ അനിയന്ത്രിത സ്വകാര്യവല്‍ക്കരണം അപകടം ചെയ്യുന്നു. ചേരികളിലും ഗ്രാമങ്ങളിലും നടക്കുന്ന കുടിയൊഴിപ്പിക്കലും പരമ്പരാഗത ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും വിദ്യാഭ്യാസ-തൊഴിലവസര നിഷേധവും പുറന്തള്ളപ്പെട്ടവരെ ആഴമേറിയ കുഴികളില്‍ എത്തിക്കുകയാണു വീണ്ടും.

മതത്തിനകത്തു മനുഷ്യവിമോചനമെന്ന ആശയം ഉറക്കമുണരേണ്ട സമയം വൈകിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിശ്വാസ്യതയുള്ള കൂട്ടുകാരനാവണം മതം. അവരെ ഉള്‍ക്കൊള്ളാവുന്ന മതനിരപേക്ഷതയുടെ തട്ടകം ഇസ്ലാമിനകത്തു ലഭ്യമാണ്. ആദ്യകാല ഇസ്ലാമികമുന്നേറ്റങ്ങള്‍ക്കിടയില്‍ ചൂഷകരുടെ കൈകളില്‍നിന്നു വിമോചനം നേടിയവര്‍ മുസ്ലിംകള്‍ മാത്രമായിരുന്നില്ലല്ലോ. അവരില്‍ ആരെങ്കിലും ഇസ്ലാമിലേക്കു വന്നിട്ടുണ്െടങ്കില്‍ അതു സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. മതേതരത്വത്തിന്റെ ഭാഷയും പെരുമാറ്റച്ചട്ടവും ഈ നിലപാടുകളില്‍നിന്ന് ഉരുത്തിരിച്ചെടുക്കാം, നാട്യങ്ങളുടെ ആവശ്യം ഇല്ല.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ലീഗിന്‌ ഇങ്ങനെ ഒരധികാരം വേണോ?


ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ വിഭാഗമെന്ന നിലയില്‍ അവരുടെ ഉയര്‍ച്ചയ്‌ക്കായി കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍നിന്നു ധാരാളം ശ്രമം നടന്നിട്ടുണ്ട്‌. മറ്റുള്ളവരോടു മല്‍സരിക്കാനും ജയിക്കാനും അവരെ പ്രാപ്‌തമാക്കി, ഒപ്പമെത്തിക്കാന്‍ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഫലമാണു ചെറിയ തോതിലെങ്കിലും കേരളത്തിലെ മുസ്ലിംകളെ 

എഴുന്നേറ്റു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. പിറകിലായ ഘട്ടത്തില്‍ ഒപ്പമെത്താന്‍ നടത്തിയ നീക്കമായിരുന്നു സംവരണം. എന്നാല്‍, കിട്ടിയ ഓരോ അവസരത്തിലും അതിനെ അട്ടിമറിച്ചു. പിന്നിലേക്കുതന്നെ അടിച്ചിട്ടു. അവിടെ അര്‍ഹമായതില്‍ കൂടുതല്‍ നേടിയവരും അവര്‍ക്ക്‌ ഒത്താശ നല്‍കിയവരുംതന്നെയാണ്‌ ഇപ്പോഴും ഒറ്റക്കെട്ടായിനിന്നു മുരടനക്കുന്നത്‌. 

കേരളീയ സമൂഹത്തിന്റെ പിന്‍നടത്തത്തേക്കുറിച്ചു രണ്ടാഴ്‌ച മുമ്പ്‌ പ്രതിവാദ കോളത്തില്‍ കുറിച്ചിട്ട ആശങ്കകള്‍ ശരിവയ്‌ക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്‌ചയിലെ രാഷ്ര്‌ടീയ സംവാദങ്ങള്‍. ഭയപ്പെടുത്തുന്ന പിന്‍നടത്തങ്ങള്‍ക്കു വല്ലാത്ത ഗതിവേഗം കൈവന്നുകൊണ്ടിരിക്കുകയാണ്‌. സാമുദായികവും വര്‍ഗീയവുമായ ധ്രുവീകരണത്തിന്‌ അവസരമൊരുക്കുന്ന എണ്ണ ഒഴിക്കല്‍ നടത്തുന്നതില്‍ അപക്വത മാത്രം പ്രകടിപ്പിച്ചു ശീലമുള്ള ചില സമുദായ നേതാക്കള്‍ മാത്രമല്ല പങ്കാളിത്തം ഉറപ്പാക്കുന്നത്‌. 

ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്നു കേരളത്തിന്റെ വേറിട്ടു നില്‍ക്കല്‍ ഇപ്പോള്‍ കടുത്ത സങ്കുചിത ചിന്തകളുടെ പേരിലായി മാറിയെങ്കില്‍ അതില്‍ പങ്കാളിത്തം വഹിക്കുന്ന ഒരാളും മാപ്പര്‍ഹിക്കുന്നില്ല. ദൈനംദിനം സമൂഹത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന ധ്രുവീകരണ ശ്രമങ്ങള്‍ പകര്‍ന്നുനല്‍കുന്ന അനുഭവങ്ങളുടെ പങ്കുവയ്‌ക്കലായിരുന്നു മുന്‍ ലക്കത്തില്‍ നടത്തിയത്‌. അതിനെ സദുദ്ദേശത്തോടെ വായിച്ച ധാരാളം നല്ല സുഹൃത്തുക്കളുണ്ടായി എന്നതു സന്തോഷം പകരുന്നു. 

പൊതുരംഗത്തു നില്‍ക്കുമ്പോള്‍ കാണുന്നതും അനുഭവിക്കുന്നതും വായിക്കുന്നതും ഭയം നല്‍കുന്ന ചിത്രങ്ങളാണു പലതും. ഓരോ സമൂഹത്തിനും അവര്‍ അനുഭവിക്കുന്ന വേദനയുടെയും ദുഃഖത്തിന്റെയും ആഴം നന്നായി തിരിച്ചറിയാന്‍ കഴിയും. കുടുംബത്തിലെ പ്രശ്‌നങ്ങളേക്കുറിച്ച്‌ അയല്‍ക്കാരനേക്കാള്‍ ആഴമുള്ള അറിവ്‌ വീട്ടുകാരനുതന്നെയാവും. അതറിയണമെങ്കില്‍ കുടുംബത്തിന്റെ ഭാഗമാവണമെന്നു മാത്രം. ഭയപ്പെടുന്ന പിന്‍നടത്തത്തേക്കുറിച്ച്‌ പേരുപറയാതെ മുസ്ലിം വായനക്കാരനായി മംഗളത്തില്‍ (6102012) പ്രതികരിച്ച മാന്യസുഹൃത്തിന്റെ പ്രേരകം ചിലപ്പോള്‍ അദ്ദേഹത്തിന്റെ പരിസരം നല്‍കിയ വിദ്യാഭ്യാസമായിരിക്കും. 

രാഷ്ര്‌ടീയവും മതപരവും ജാതീയവുമായ സങ്കുചിത ചിന്തയ്‌ക്ക് അപ്പുറത്ത്‌ വിശാലതയിലേക്കു തുറന്നുപിടിക്കുന്ന കണ്ണുകള്‍ നമുക്കിടയില്‍ കുറയുന്നതിനെയാണു പിന്‍നടത്തമായി രേഖപ്പെടുത്തിയത്‌. കണ്ണടച്ചു പിടിച്ച്‌ ഇരുട്ടെന്നു വിളിച്ചുകൂവുന്നതിനപ്പുറം വെളിച്ചത്തു നില്‍ക്കുന്ന ഒരുപാട്‌ യാഥാര്‍ഥ്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്‌. 

മതം നോക്കി ശിക്ഷിക്കല്‍വരെ സംഭവിക്കുന്നുവെന്ന നിരീക്ഷണം ഗുജറാത്തിലെ ഒരു കേസ്‌ സംബന്ധിച്ച്‌ സുപ്രീം കോടതി നടത്തിയതു വെളിച്ചത്തു നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെയാണു ബോധ്യമാക്കുന്നത്‌. 

മഹാരാഷ്ര്‌ടയിലെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ മുനാഫ്‌ ഹക്കീം മുഖ്യമന്ത്രി പൃഥിരാജ്‌ ചവാനു നല്‍കിയ റിപ്പോര്‍ട്ടും ഇന്ത്യയിലെ മുസ്ലിം സമുദായത്തോടു പൊതുസമൂഹത്തില്‍ രൂപപ്പെട്ടുവന്ന മനോഭാവത്തിന്റെ ഭാഗമാണ്‌. അപകടകരമാംവിധം മുസ്ലിംകളോടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ സമീപനം വളരുന്നതായാണ്‌ ഒരുമാസം സംസ്‌ഥാനം മുഴുവന്‍ പര്യടനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ മുനാഫ്‌ ഹക്കീം ചൂണ്ടിക്കാണിക്കുന്നത്‌. പോലീസ്‌ ഉദ്യോഗസ്‌ഥരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥരുമാണ്‌ ഇതില്‍ മുന്‍പന്തിയില്‍. ഉറുദു വിദ്യാഭ്യാസ സ്‌ഥാപനങ്ങളോടു മഹാരാഷ്ര്‌ടയിലെ വിദ്യാഭ്യാസ വകുപ്പിനു വല്ലാത്ത അലര്‍ജിയാണ്‌. ലോകമൊട്ടും വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയയില്‍നിന്നാണ്‌ ഇതു പടര്‍ന്നു പന്തലിക്കുന്നത്‌. മറ്റു സംസ്‌ഥാനങ്ങളിലെ ന്യൂനപക്ഷ കമ്മിഷനുകള്‍ക്കും ജീവനുണ്ടെങ്കിലും ഒരു പര്യടനത്തിനു തുനിഞ്ഞാല്‍ രാഷ്ര്‌ടത്തേക്കുറിച്ചു ലഭിക്കുന്ന ചിത്രം അത്ര നന്നാവില്ലെന്ന്‌ അറിയുന്നതു കൊണ്ടാവും പലരും മുതിരാത്തത്‌. രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടും ഒറ്റപ്പെടുത്തലിന്റെ മുസ്ലിം അവസ്‌ഥകള്‍ നന്നായി വിവരിച്ചുതരുന്നുണ്ട്‌. 

അന്തര്‍ദേശീയദേശീയധാരയില്‍നിന്നു കേരളത്തെ വേറിട്ടു നടത്തണമെന്നു പറയാന്‍ പാടുണ്ടോ എന്നതായിരിക്കും പലരുടെയും ചിന്ത. വിവേകാനന്ദന്റെ ഭ്രാന്താലയ കേരളം വിശേഷണത്തിന്‌ അര്‍ഹത ഉറഞ്ഞുതുള്ളുന്ന വര്‍ഗീയത പ്രകടിപ്പിച്ചു നേടിയെടുക്കാനുള്ള മല്‍സരത്തിലാണിപ്പോള്‍ നമ്മള്‍.

പൊതുധാരയിലേക്കു മുസ്ലിം സമുദായം കടന്നുവരുന്നതു തടയാന്‍ എല്ലാ കക്ഷികളുടെയും യോജിച്ച മുന്നേറ്റത്തെ ഒരു മുന്നണിയാക്കിയെടുക്കേണ്ട പണിയെ ഇനി ബാക്കിയുള്ളൂ. 

മുസ്ലിം സമുദായത്തിനു ചില പരിധി നിശ്‌ചയിച്ചു നല്‍കിയിട്ടുണ്ട്‌. ആ അതിര്‍വരമ്പിന്‌ അപ്പുറത്തേക്ക്‌ അവര്‍ സഞ്ചരിക്കാന്‍ പാടില്ല. അവിടെയെല്ലാം തങ്ങള്‍ക്കുള്ളതാണ്‌. മദ്രസയും പള്ളിയും മതസ്‌ഥാപനങ്ങളും നടത്തി നിന്നാല്‍ മതി. സമൂഹവും ജനങ്ങളുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭരണവും അധികാരവുമെല്ലാം നിയന്ത്രിക്കാന്‍ ജന്മംകൊണ്ട്‌ സവിശേഷമായ ഒരു വിഭാഗത്തിനു മാത്രമാണ്‌ അവകാശം എന്ന നിലയിലൊക്കെയാണു പലരുടെയും പെരുമാറ്റം. ഇടതുവലതു മുന്നണികളിലെ കക്ഷികളില്‍ പലരും ഇത്തരം ചിന്താഗതിക്കാര്‍തന്നെയാണ്‌. 

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ വിഭാഗമെന്ന നിലയില്‍ അവരുടെ ഉയര്‍ച്ചയ്‌ക്കായി കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍നിന്നു ധാരാളം ശ്രമം നടന്നിട്ടുണ്ട്‌. മറ്റുള്ളവരോടു മല്‍സരിക്കാനും ജയിക്കാനും അവരെ പ്രാപ്‌തമാക്കി, ഒപ്പമെത്തിക്കാന്‍ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഫലമാണു ചെറിയ തോതിലെങ്കിലും കേരളത്തിലെ മുസ്ലിംകളെ എഴുന്നേറ്റു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. പിറകിലായ ഘട്ടത്തില്‍ ഒപ്പമെത്താന്‍ നടത്തിയ നീക്കമായിരുന്നു സംവരണം. എന്നാല്‍, കിട്ടിയ ഓരോ അവസരത്തിലും അതിനെ അട്ടിമറിച്ചു. പിന്നിലേക്കുതന്നെ അടിച്ചിട്ടു. അവിടെ അര്‍ഹമായതില്‍ കൂടുതല്‍ നേടിയതു തട്ടിയെടുത്തവരും അവര്‍ക്ക്‌ ഒത്താശ നല്‍കിവരുംതന്നെയാണ്‌ ഇപ്പോഴും ഒറ്റകെട്ടായിനിന്നു മുരടനക്കുന്നത്‌. 

പൊതുധാരയിലേക്ക്‌ ഇടം നേടി മുസ്ലിം സമുദായം വളരുന്നതിനെ അസഹിഷ്‌ണുതയോടെ കാണുന്നതു ലീഗിന്റെ അധികാര പങ്കാളിത്തം ഒന്നുകൊണ്ട്‌ മാത്രമല്ല. വിദ്യാഭ്യാസ രംഗത്തെയും ഉദ്യോഗരംഗത്തെയും ഉയര്‍ച്ചയാണു സാമ്പത്തികരംഗത്തെ വളര്‍ച്ചയേക്കാള്‍ കൂട്ടുകെട്ടിലേര്‍പ്പെട്ട പുതിയ സഖ്യം ഭീഷണിയായി കാണുന്നത്‌. ഭയപ്പെടുത്തിയും വിലപേശിയും അധികാരത്തിന്റെ എല്ലാ വഴികളും ഒരു ഭാഗത്തേക്കു നിര്‍ലോഭമായി ഒഴുക്കാനുള്ള ശ്രമങ്ങളെ ഇതുവരെ അധികാര നിയന്ത്രണമില്ലാത്തവരുടെ കൈയില്‍ അധികാരമെത്തിയാല്‍ സംഭവിക്കുമെന്ന ഭയപ്പാടാണ്‌ ഇത്തരം വിവാദങ്ങള്‍ക്ക്‌ ഒരു നിമിത്തം. ഒപ്പം ഓഹരിക്ക്‌ അര്‍ഹതപ്പെട്ട പുതിയ കൂട്ടരുണ്ടാവുമ്പോള്‍ പങ്കു കുറയാനും ഇടയുണ്ട്‌. 

പൊറുതിമുട്ടുന്ന ജീവിത സാഹചര്യമൊരുക്കി ഭരണം ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ ക്രിയാത്മകമായ പ്രതികരണങ്ങള്‍ പോലും ഉയര്‍ന്നുവരാന്‍ പറ്റാത്തവിധം കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിനു തിരികൊളുത്തുന്ന മല്‍സരത്തിലാണ്‌ എല്ലാവരും.

സമുദായത്തിനകത്ത്‌ ഉയര്‍ന്നുവരുന്ന ഓരോ നവോത്ഥാന നീക്കത്തെയും പ്രതിയോഗികളും ശത്രുക്കളും ഒറ്റതിരിഞ്ഞു ആക്രമിക്കുമ്പോള്‍ കുറ്റകരമായ മൗനം അവലംബിക്കുകയോ അവരോടൊപ്പമോ ഒരുമുഴം മുമ്പിലോ ഓടുകയായിരുന്നു ലീഗ്‌ ഇക്കാലമത്രയും ചെയ്‌തിരുന്നത്‌. ഇന്നു ലീഗിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുമ്പോള്‍ സമുദായം പൂര്‍ണമായും ഒപ്പം നില്‍ക്കാതെ വരുന്നതിന്റെ ഉത്തരവാദിത്തം ലീഗിനുതന്നെയാണ്‌. 

പ്രതിസന്ധിയില്‍ സമുദായത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാതെ പോയതു ലീഗിന്റെ പരാജയം. എന്നാല്‍ ഇന്നു കത്തിപ്പടരുന്ന വിവാദങ്ങള്‍ക്കു പിന്നില്‍ ഒരുപാട്‌ നിഗൂഢതാല്‍പര്യങ്ങളുണ്ട്‌. മദ്യത്തിനെതിരായ പ്രക്ഷോഭത്തിനു ദീര്‍ഘകാലത്തെ ചരിത്രമുണ്ട്‌. അതില്‍ ലീഗിന്റെ പങ്ക്‌ ഒട്ടു നിര്‍ണായകമല്ല. കേരളത്തിലെ ഗാന്ധിയന്മാര്‍ ഇന്നും സെക്രട്ടേറിയറ്റ്‌ നടയില്‍ മദ്യനിരോധനത്തിനായി സമരമിരിക്കുയാണ്‌. 

കേരള ഹൈക്കോടതി കള്ളിന്റെ നിരോധനത്തേക്കുറിച്ച്‌ പരാമര്‍ശിച്ചപ്പോള്‍ ലീഗ്‌ പ്രതികരിച്ചത്‌ മാത്രം വന്‍ പാതകമായി മാറിയതു നിഗൂഢതാല്‍പ്പര്യങ്ങള്‍കൊണ്ടാണ്‌. മതമേലധ്യക്ഷന്മാരായ ക്രൈസ്‌തവ പുരോഹിതന്‍മാരും ഗാന്ധിയന്‍മാരും പറയുന്ന മദ്യനിരോധന ആവശ്യത്തേക്കാള്‍ ലീഗിന്റെ നിലപാടിനെ ഗൗരവമായി കാണുന്നതില്‍ ഒരു കക്ഷിഭേദവുമില്ലാതെ വരുന്നുണ്ട്‌. അതിനു പിന്നിലെ താല്‍പര്യം കേരളത്തിന്റെ വന്‍കിട കള്ളുമുതലാളിമാരുടെ അനിഷ്‌ടം സമ്പാദിച്ചുകൂടെന്ന മല്‍സരബുദ്ധിയാണ്‌. കള്ളും കരിമണലും തൊട്ട്‌ കളിക്കുമ്പോള്‍ ലീഗ്‌ മാത്രമല്ല വി.എം. സുധീരനും സൂക്ഷിക്കേണ്ടതായിരുന്നു. ചിലരുടെയൊക്കെ അന്നത്തിലാണു കളിക്കുന്നതെന്ന്‌.

ലീഗിനെ വരച്ചവരയില്‍ നിര്‍ത്തി മുമ്പോട്ടു കൊണ്ടുപോവാന്‍ ഘടകക്ഷികളുടെ കൂടി ഒത്താശയുണ്ട്‌ ബാഹ്യശക്‌തികള്‍ക്ക്‌. അതല്ലെങ്കില്‍ സംഘ്‌പരിവാറിന്റെ പിന്‍സീറ്റ്‌ ഡ്രൈവിംഗില്‍ രൂപപ്പെട്ടുവന്ന നായര്‍ഈഴവ സഖ്യത്തെ തള്ളിപ്പറയാനോ അതുയര്‍ത്തുന്ന അപകടത്തേക്കുറിച്ച്‌ പ്രതികരിക്കാനോ യു.ഡി.എഫിലെ ഒരു കക്ഷിയും തയാറായിട്ടില്ല. സ്വന്തം പാര്‍ട്ടി അണികളോട്‌ ഒരു നേതാവ്‌ സംസാരിക്കുന്നതു പോലും എത്ര ഭീകരമായാണ്‌ അപ്പുറവും ഇപ്പുറവും വെട്ടിമാറ്റി ചര്‍ച്ചയാക്കുന്നത്‌. സഭ്യേതരമായ ഭാഷയില്‍ പോലും പൊതുപ്രവര്‍ത്തകരെയും രാഷ്ര്‌ടീയ നേതൃത്വത്തെ വിമര്‍ശിക്കുകയും വിഷം ചീറ്റി വര്‍ഗീയത ഇളക്കിവിടുകയും ചെയ്യുന്നവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതില്‍ ഇടതും വലതും ഒന്നായി നില്‍ക്കുകയുമാണ്‌.

അനങ്ങാന്‍ വിടില്ലെന്നവിധം എല്ലാവരും ഒന്നിച്ചു നീങ്ങുമ്പോള്‍ ലീഗിന്റെ നിലഭദ്രമാക്കേണ്ടത്‌ അവരുടെതന്നെ ചുമതലയാണ്‌. ഓട്‌ എടുത്തുമാറ്റി വന്നതല്ലെങ്കില്‍ അതുകാണിച്ചു കൊടുക്കാന്‍ ലീഗിനു കഴിയണം. മുക്രയിടുമ്പോഴും കണ്ണുരുട്ടുമ്പോഴും വിയര്‍ക്കുന്ന പഴയ നിലപാടുതന്നെയാണു തുടരുന്നതെങ്കില്‍ ലീഗിന്റെ ആവശ്യം സമുദായത്തിനില്ലെന്നു സ്വന്തം അണികള്‍പോലും പറഞ്ഞു തുടങ്ങും. 

ലീഗിന്റെ 20 എം.എല്‍.എമാരുടെ പിന്തുണയില്‍തന്നെയാണു യു.ഡി.എഫ്‌. നിലനില്‍ക്കുന്നതെന്ന ബോധം യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുണ്ടാക്കി കൊടുക്കേണ്ട പോലെ വിലപേശല്‍ ശക്‌തികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

ചവിട്ടും തൊഴിയുമേല്‍ക്കുന്നതു ചാണകം ദേഹത്താക്കി മണപ്പിച്ചു പുറത്തുപോരാനല്ല. തങ്ങളെ അധികാരത്തിലേറ്റിയവരുടെ താല്‍പര്യങ്ങളൊന്നും ന്യായമായതാണെങ്കില്‍തന്നെയും പാടില്ലെന്ന ശാഠ്യത്തിനു മുന്നില്‍ നിസഹായമാവുകയേ തരമുള്ളൂ എങ്കില്‍ ലീഗിനു നല്ലവഴി പുറത്തുനില്‍ക്കുകയാണ്‌. അഭിമാനം സംരക്ഷിക്കാന്‍ കഴിയാത്ത ഒരിടത്ത്‌ അള്ളിപ്പിടിച്ചിരിക്കുകയല്ല മാന്യന്മാരുടെ സ്വഭാവം. ആത്മാഭിമാന സംരക്ഷണത്തില്‍ പുതിയ വഴികള്‍ അപ്പോള്‍ തുറന്നുകിട്ടും. അപ്പോഴറിയാം വിരട്ടല്‍ മൂപ്പന്മാരുടെ യഥാര്‍ഥ നിറം.

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

മൈ നെയിം ഈസ് നോട്ട് ഖാന്‍


മുസ്ലിം വിചാരണത്തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രിംകോടതി ഉദ്ധരിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന ഹിന്ദി ചലച്ചിത്രം ക്ഷമാപണശീലക്കാരായ മുസ്ലിംകള്‍ക്കുവേണ്ടി നിര്‍മിച്ച ഒരു മൂന്നാംതരം ചലച്ചിത്രമാണ്. അതിലെ നായകനായ ഷാരൂഖ്ഖാന്‍, മാര്‍ക്സിസ്റ്റ് ചരിത്രകാരനായ പെറി ആന്റേഴ്സണ്‍ പൊള്ളയായ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാഴ്ചപ്പണ്ടങ്ങളിലൊന്നായി കണക്കാക്കുന്ന താരമായതു യാദൃച്ഛികമല്ല. വളരെ അധ്വാനിച്ച് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൌസില്‍ ചെന്ന് താനൊരു ഭീകരനല്ല എന്ന് അമേരിക്കയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയൊന്നും ലോകത്താര്‍ക്കുമില്ല. അങ്ങനെയൊരു വിധേയത്വം ഏതെങ്കിലും മുസ്ലിമിനുണ്െടന്നു കരുതുന്നവര്‍ എസ്റ്റാബ്ളിഷ്മെന്റിന്റെ ശേവുകക്കാരും അതിന്റെ തന്നെ നിസ്സാരമായ സൌജന്യങ്ങള്‍ അംഗീകാരത്തിന്റെ സാക്ഷ്യപത്രങ്ങളായി വീശുന്നതില്‍ അഭിമാനംകൊള്ളുന്നവരുമാണ്. 

അമേരിക്കയെ സംബന്ധിച്ച് അവരുടെ ശത്രുക്കളായ ഏവരും പ്രാകൃതരും തങ്ങളുടെ ഉദാരമായ, പരിഷ്കൃതമായ നാഗരികത കണ്ട് അസൂയപ്പെടുന്നവരുമാണ്. ഒരുകാലത്ത് ഇടുങ്ങിയ കണ്ണുള്ള ചൈനക്കാരും വിയറ്റ്നാംകാരുമായിരുന്നു പ്രാകൃതര്‍. പിന്നെയത് നീണ്ട നീണ്ട താടിയും തലപ്പാവുമുള്ള അഫ്ഗാനികളായി. ആയത്തുല്ലമാര്‍ ഭരിക്കുന്ന ഇറാനികളും സലഫികളുമാണ് ഇപ്പോള്‍ ശത്രുക്കള്‍. തങ്ങളോടുള്ള അസൂയകൊണ്ടാണു മുസ്ലിംകള്‍ അമേരിക്കയെ വെറുക്കുന്നതെന്ന് ഒരിക്കല്‍ ജോര്‍ജ് ബുഷ് പറഞ്ഞിരുന്നു. സ്വന്തം സഖ്യരാഷ്ട്രമായ പാകിസ്താനിലെ പ്രസിഡന്റ് ജന. പര്‍വേസ് മുശര്‍റഫിന്റെ പേരുപോലും ശരിയായി ഉദ്ധരിക്കാന്‍ പ്രയാസമുള്ള ഒരു അല്‍പ്പാക്ഷരനായിരുന്നു ബുഷ്; തന്റെ പട്ടാളം കൊന്നൊടുക്കുന്ന ജനങ്ങള്‍ താമസിക്കുന്ന നാടുകള്‍ ഏതെന്ന് ഭൂപടത്തില്‍ പോലും തിരിച്ചറിയാത്ത ഒരാള്‍. പക്ഷേ, ബോണ്‍ എഗയിന്‍ ക്രിസ്ത്യാനിയായ ബുഷിന് തന്റെ യുദ്ധത്തിനു ന്യായീകരണമായി ബൈബിള്‍വാക്യങ്ങള്‍ ഉച്ചരിക്കാന്‍ അറിയാമായിരുന്നു. ഓപറേഷന്‍ ഇന്‍ഫിനിറ്റ് ജസ്റിസ് എന്നായിരുന്നു പുള്ളി തന്റെ ഇറാഖ് അധിനിവേശത്തിനു പേരിട്ടിരുന്നത്- അനന്തമായ നീതി; ദൈവത്തിനു മാത്രം സാധ്യമായ ഒന്ന്. ഏതോ വിവരദോഷികള്‍ ആ വിവരദോഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബുഷിന് പേരു മാറ്റാന്‍ തോന്നിയത്. 

ഏതു യുദ്ധത്തിനും പടയാളികള്‍ തടിമറന്നു പടനിലത്തിറങ്ങാന്‍ മതമോ അല്ലെങ്കില്‍ കമ്മ്യൂണിസം, ഫാഷിസം പോലുള്ള സമഗ്രാധിപത്യ ആശയങ്ങളോ വേണ്ടിവരും. അതുകൊണ്ടുതന്നെയാണ് യു.എസ് സൈനിക പരിശീലനകേന്ദ്രങ്ങളില്‍ കമ്മ്യൂണിസത്തിനും ഇസ്ലാമിനുമെതിരായ യുദ്ധത്തിന്റെ പാഠങ്ങളും ലക്ഷ്യങ്ങളും പഠിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു മാത്രമാണ് ഗ്വണ്ടാനമോയിലും അഫ്ഗാനിലും ഖുര്‍ആന്‍ പിച്ചിച്ചീന്തുന്നതിലും മൃതദേഹങ്ങളില്‍ മൂത്രമൊഴിക്കുന്നതിലും യു.എസ് ഭടന്‍മാര്‍ സുരതസുഖം കണ്െടത്തുന്നത്; അതിന്റെ വീഡിയോദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ അപ്ലോഡ് ചെയ്യുന്നത്. 

2001 സപ്തം. 11ലെ പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം കൂട്ടക്കൊലയ്ക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ചശേഷം ജോര്‍ജ് ബുഷ് കുരിശുയുദ്ധത്തെക്കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്; നീണ്ടുനില്‍ക്കുന്ന കുരിശുയുദ്ധം. ഇത് പ്രൊട്ടസ്റന്റ് ചര്‍ച്ചുകളിലെ പള്‍പിറ്റുകളില്‍നിന്നു ബുഷും ബുഷിന്റെ ഉപദേശികളും സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന പ്രഭാഷണങ്ങളില്‍നിന്നു പകര്‍ത്തിയതായിരിക്കും എന്നതില്‍ സംശയമില്ല. യു.എസ് സംസ്കാരത്തിന്റെ ഭാഗമാണ് അത്തരം വികലചിന്തകള്‍. തീര്‍ത്ഥാടകപിതാക്കന്‍മാര്‍ അമേരിക്കന്‍ തീരത്തു കപ്പലിറങ്ങിയപ്പോള്‍ അവിടെ നിലവിലുണ്ടായിരുന്ന നാഗരികത എന്തുകൊണ്ടും വെള്ളക്കാരേക്കാള്‍ മെച്ചമായിരുന്നു എന്നാണു ചരിത്രം പറയുന്നത്. അവരെ നശിപ്പിക്കുന്നതിന് ആദ്യം അവരെ ആത്മാവില്ലാത്ത അര്‍ധമനുഷ്യരാക്കി മാറ്റേണ്ടിയിരുന്നു. ഇതൊരു തമാശയല്ല. രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുമുള്ള തദ്ദേശീയര്‍ക്ക് ആത്മാവുണ്േടാ എന്നതിനെക്കുറിച്ചു സഭാപിതാക്കന്‍മാര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നു ചരിത്രപുസ്തകങ്ങളിലുണ്ട്. സ്ത്രീകള്‍ക്ക് ആത്മാവുണ്േടാ എന്നതിനെപ്പറ്റി നൂറ്റാണ്ടുകള്‍ ചര്‍ച്ചചെയ്ത പൌരോഹിത്യത്തിന് അതില്‍ പുതുമ കാണാന്‍ വഴിയില്ല. യേശുവിനുവേണ്ടി വിശ്വാസികളെ പിടികൂടാനായിരുന്നു ഗാമയും കൊളംബസും കപ്പല്‍ കയറിയത്. കുരുമുളകും അടിമകളും അതിനു ലഭിക്കുന്ന ബോണസ്. ചുവന്ന ഇന്ത്യക്കാരുടെ ഭൂമി കവര്‍ന്നെടുക്കുന്നതിനു കുടിയേറ്റക്കാര്‍ ബൈബിളിലെ സങ്കീര്‍ത്തനഭാഗങ്ങള്‍, വിശേഷിച്ചും 'എന്നോടു ചോദിക്കുക, ഞാന്‍ ജനതകളെ നിന്റെ അവകാശമാക്കും; ഭൂമിയുടെ അതിരുകള്‍ നിന്റെ സ്വന്തമാക്കും' എന്ന വാക്യം ഉദ്ധരിച്ചതായി ചരിത്രകാരനായ ഹോവാഡ് സിന്‍ രേഖപ്പെടുത്തുന്നു. 

തങ്ങളെ എതിര്‍ക്കുന്നവരെ നേരിടാനും ബൈബിള്‍വാക്യങ്ങള്‍ തന്നെയായിരുന്നു ന്യായം. അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ബൈബിള്‍ ശിക്ഷയായിരുന്നു ചുവന്ന ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നത്. പിന്നീട് ആഫ്രിക്കയില്‍നിന്നു ബലമായി പിടികൂടി ചങ്ങലയ്ക്കിട്ടുകൊണ്ടുവന്ന കറുത്തവര്‍ഗക്കാരോടും അതേ മട്ടിലായിരുന്നു പെരുമാറ്റം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പ്രസിഡന്റായ തിയഡര്‍ റൂസ്വെല്‍റ്റിനുപോലും അന്യവംശജര്‍ കൊല ചെയ്യപ്പെടാവുന്ന പ്രാകൃതരായിരുന്നു. ന്യൂ ഓര്‍ലിയന്‍സിലെത്തിയ ഒരു സംഘം ഇറ്റാലിയന്‍ കുടിയേറ്റക്കാരെ അന്നാട്ടുകാര്‍ ഓടിച്ചുപിടിച്ചു മരക്കൊമ്പില്‍ കെട്ടിത്തൂക്കി കൊന്നപ്പോള്‍ സ്വന്തം സഹോദരിക്കയച്ച കത്തില്‍ റൂസ്വെല്‍റ്റ് 'അതു നന്നായി' എന്നാണെഴുതിയത്. മൌണ്ട് റഷ്മോറില്‍ തലയുള്ള മഹാനായ പ്രസിഡന്റുമാരിലൊരാളായിരുന്നു റൂസ്വെല്‍റ്റ് എന്നോര്‍ക്കുക. 

ഒരുപാട് ദുരൂഹതകളുള്ള നക്കൂല ബാസിലി നകൂല എന്ന കോപ്റ്റിക് ക്രിസ്ത്യാനി ഇന്ന             സെന്‍സ് ഓഫ് മുസ്ലിം എന്ന അറു തല്ലിപ്പൊളി ചലച്ചിത്രമെടുത്തത് കാനിലോ സണ്‍ ഡാന്‍സീലോ അവാര്‍ഡ് നേടാന്‍ വേണ്ടിയല്ല എന്നു വ്യക്തം. വര്‍ഷങ്ങളായി പാശ്ചാത്യനാടുകളില്‍ പൊരുന്നയിരിക്കുന്ന പരമതവിരോധത്തിന്റെ ചതുപ്പില്‍ വളര്‍ന്നുപൊങ്ങിയ വിഷവൃക്ഷങ്ങളില്‍പ്പെട്ട ഒരുവനാണ് നക്കൂല. 

ഇന്ത്യയില്‍ ആര്‍.എസ്.എസുകാര്‍ നടത്തുന്ന വോയ്സ് ഓഫ് ഇന്ത്യ അച്ചടിച്ചുവിടുന്ന മുസ്ലിംവിരുദ്ധ ചരിത്രവും അപഗ്രഥനവും തന്റെ കൂട്ടക്കൊലയുടെ ന്യായമായി കണ്ട നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബ്രെയ്വിക്കിന്റെ മറ്റൊരു രൂപം; നിരന്തരമായി മുസ്ലിംകളെ അപമാനിക്കുകയെന്നത് ചരിത്രദൌത്യമായി കാണുന്ന അയാന്‍ ഹിര്‍സി അലിയുടെ (പൌരത്വം കിട്ടാന്‍ വേണ്ടി നുണകള്‍ ചമച്ച കാര്യം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ നെതര്‍ലന്‍ഡ്സ് വിടാന്‍ നിര്‍ബന്ധിതയായ ഒരു നാട്യക്കാരി) ഗണത്തില്‍പ്പെട്ട ഒരു ക്രിമിനല്‍. നകൂലയുടെ സിനിമയ്ക്കു തിരക്കഥയെഴുതിയതോ, ദക്ഷിണ കാലഫോര്‍ണിയയിലെ തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ വിഭാഗവുമായി അടുത്ത ബന്ധമുള്ള സ്റീവന്‍ ക്ളെയിന്‍. സിനിമയെടുക്കുന്നതിനു പണമിറക്കിയവരെപ്പറ്റി കൃത്യമായ വിവരമില്ലെങ്കിലും അതില്‍ ഇസ്രായേലി ധനാഢ്യരുമുണ്െടന്ന സംശയം ന്യായമാണ്. 

വെറുപ്പിന്റെയും ഹിംസയുടെയും സൃഷ്ടിയായ ഇന്നസെന്‍സ് ചില മതഭ്രാന്തന്‍മാരുടെ കുസൃതിയാണെന്നു കരുതുന്നവരുണ്ട്. അത്തരം സിനിമകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നതിന്റെ രാഷ്ട്രീയപശ്ചാത്തലമറിയാത്തതിന്റെ കുഴപ്പമാണിത്. അയാന്‍ ഹിര്‍സി അലിയും തിയോ വാന്‍ഗോയും ചേര്‍ന്നു നിര്‍മിച്ച സബ്മിഷന്‍ എന്ന ഹ്രസ്വചിത്രത്തിലെ ഒരു പ്രധാന ദൃശ്യം, ഖുര്‍ആന്‍ വാക്യങ്ങളെഴുതിയ നഗ്നസ്ത്രീശരീരമായിരുന്നു. നിരന്തരമായ പ്രകോപനത്തിലൂടെ അന്യജനപദങ്ങളുടെ ക്രിയാശേഷി നശിപ്പിക്കുന്നത് ഒരു ഓറിയന്റലിസ്റ് തന്ത്രമാണ്. 

യൂറോപ്പ് അന്യജനവിഭാഗങ്ങളെ കണ്ടും പഠിച്ചും താരതമ്യേന പഴയ കൊളോണിയല്‍ ശീലങ്ങള്‍ ചിലതൊക്കെ മറക്കാന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, മുമ്പ് കണ്ടതുപോലെ അന്യരാജ്യങ്ങളിലേക്ക് ഒറ്റയ്ക്കു സൈന്യത്തെ അയക്കാന്‍ ശേഷിയുള്ള ഒരു യൂറോപ്യന്‍ രാഷ്ട്രവുമില്ല. ഈ നാറ്റോ എന്നൊക്കെ പറയുന്നത് അമേരിക്കയില്ലെങ്കില്‍ പൂജ്യം. അതിനാല്‍ തന്നെ പഴയ ഓറിയന്റലിസ്റുകളുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ അമേരിക്കയിലാണു സ്ഥിരവാസം. പബ്ളിക് ഇന്റലക്ച്വല്‍സ് എന്ന പട്ടമണിഞ്ഞ് അവര്‍ ഇടയ്ക്കിടെ പുസ്തകമെഴുതും. അജണ്ട പഴയതുതന്നെ- അധിനിവേശം. സിവിലൈസിങ് മിഷ്യന്‍. ഒരു കൊളോണിയല്‍ ഔട്ട്പോസ്റ്റായി ഇസ്രായേലിന്റെ നിലനില്‍പ്പ്. 1989ല്‍ സയണിസ്റ് ഓറിയന്റലിസ്റായ ബര്‍ണാഡ് ലൂയിസ് (ചിലര്‍ക്കെന്തൊരു ആയുസ്സാണ്!) എഴുതിയ 'മുസ്ലിം കോപത്തിന്റെ വേരുകള്‍' എന്ന ദീര്‍ഘോപന്യാസം ഇന്നും സര്‍വകലാശാലകളിലും ചിന്താസ്ഥാപനങ്ങളിലും സൈനികവിദ്യാലയങ്ങളിലും നിര്‍ബന്ധവായനയാണ്. പാശ്ചാത്യനാഗരികതയുടെ സര്‍വമൂല്യങ്ങള്‍ക്കുമെതിരാണ് മുസ്ലിംകള്‍ എന്നും പാശ്ചാത്യരെ കൊല്ലുന്നത് സ്വര്‍ഗം കിട്ടാനുള്ള എളുപ്പവഴിയാണെന്നും അവര്‍ കരുതുന്നുവെന്നാണ് ലൂയിസ് തട്ടിവിടുന്നത്. പാശ്ചാത്യനാഗരികതയുടെ അടിസ്ഥാനങ്ങളായ ഒട്ടുമിക്ക മൂല്യങ്ങളും മധ്യകാലത്ത് കൊര്‍ദോവയിലും ബഗ്ദാദിലും കണ്ട നാഗരികതയില്‍നിന്നു പകര്‍ത്തിയതാണെന്ന് അറിയാത്ത ആളല്ല ലൂയിസ്. തന്റെ മുന്‍ഗാമികളെ കുറ്റവിചാരണ നടത്തി തീയിലിടുന്നതിനു കത്തോലിക്കാ സഭ ചിതയൊരുക്കിയപ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കിയത് മെഡിറ്ററേനിയനു തെക്കുഭാഗത്തുള്ള മുസ്ലിം തീരങ്ങളായിരുന്നു എന്ന കാര്യവും ലൂയിസ് ഓര്‍ക്കില്ല. 

കൊര്‍ദോവയിലെ സ്നാനഗൃഹങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ അദ്ഭുതപ്പെട്ടുവെന്നാണു ചരിത്രം; ഡിസ്നിലാന്റ് കണ്ട് ഇന്നും നാം അദ്ഭുതപ്പെടുന്നപോലെ. യൂറോപ്യന്‍ രാജാക്കന്‍മാര്‍ ആയുസ്സില്‍ മൂന്നുപ്രാവശ്യമായിരുന്നു കുളിക്കാറുണ്ടായിരുന്നത്: ഒന്ന് മാമോദീസ മുക്കുമ്പോള്‍. രണ്ട്, വിവാഹവേളയില്‍. മൂന്ന്, മരണപ്പെടുമ്പോള്‍. ഇതില്‍ ഇംഗ്ളണ്ടിലെ ഹെന്റി എട്ടാമന്‍ ഒമ്പതുപ്രാവശ്യം കുളിച്ചിരിക്കാനിടയുണ്ട്. ആറു വിവാഹം കഴിച്ച വീരനാണ് ടിയാന്‍. അതില്‍ മൂന്നുപേരുടെ കഴുത്ത് വെട്ടുകയായിരുന്നു. 

ലൂയിസ് ഒരു പദ്ധതിയുടെ ഭാഗമാണ്. പര്‍വേസ് മുശര്‍റഫിന്റെ പേര് ഉച്ചരിക്കാനറിയാത്ത ബുഷിനെപ്പോലുള്ളവര്‍ ലൂയിസ് പറയുന്നതൊക്കെ അപ്പടി വിഴുങ്ങും. സാമുവല്‍ ഹണ്ടിങ്ടണ്‍ അമേരിക്കന്‍ പ്രതിരോധവകുപ്പിനു വേണ്ടി എഴുതിയ, അധിനിവേശത്തിന്റെ മുഖവുരയായി കണക്കാക്കാവുന്ന നാഗരികതകള്‍ തമ്മിലുള്ള സംഘട്ടനം അതുപോലെ ജനതതികളെ വിഭജിക്കുന്ന ഒരു കൃതിയാണ്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ശത്രുവില്ലാതെ ക്ളേശിച്ചിരുന്ന ചിന്തകര്‍ക്കും യുദ്ധക്കൊതിയന്‍മാര്‍ക്കും അതൊരു വേദപുസ്തകമായി മാറി. രണ്ടു ശതാബ്ദങ്ങള്‍ക്കിടയില്‍ അമേരിക്കയെപ്പോലെ കൂട്ടക്കൊല നടത്തിയ രാജ്യമേതുണ്ട്. അതിനെ ചെറുത്തുതോല്‍പ്പിക്കുന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ പ്രധാനമാണ്. സ്വകാര്യമായി ചോദിച്ചാല്‍ ആരും സമ്മതിക്കുംവിധം ഭൂമിയിലും കടലിലും ആകാശത്തിലും നാശം വിതറുന്ന ഒരു സാമ്രാജ്യമാണത്. 

ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ കൃഷ്ണനെ കണ്ട കുചേലനെപ്പോലെ സന്തോഷാശ്രു ഒഴുക്കിയതാണ് മുസ്ലിം ചിന്തകന്‍മാര്‍. ബറാക് ഒബാമ കെയ്റോവില്‍ പ്രസംഗിച്ചപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയരാത്ത ഏതു മുസ്ലിം രാജ്യതലസ്ഥാനമുണ്ട്?

എന്നാല്‍, ഒബാമ ഒരു മാറ്റത്തിന്റെയും പ്രതീകമായിരുന്നില്ല. രക്തസാക്ഷിയായ ഉസാമാ ബിന്‍ലാദിന്‍ ഹൌസ് നീഗ്രോ എന്ന് ഒബാമയെ വിശേഷിപ്പിച്ചത് അമേരിക്കന്‍ ഇംഗ്ളീഷില്‍ അങ്കിള്‍ ടോം എന്നതിന്റെ അര്‍ഥം ശരിക്കും അറിഞ്ഞുതന്നെയാണ്. മാന്യന്മാര്‍ മൃഷ്ടാന്നഭക്ഷണം കഴിച്ചശേഷം സൊറ പറയുമ്പോള്‍ ഐസ്ക്രീമുമായെത്തുന്ന ജമീമ അമ്മായി. ആഫ്രിക്കയില്‍നിന്നു ചങ്ങലകളില്‍ ബന്ധിതരായി വിശപ്പും ദാഹവും മാത്രമുള്ള കപ്പല്‍യാത്ര നടത്തി പൊള്ളാച്ചി ചന്തയിലെ കാലികളെപ്പോലെ പല്ലും കുളമ്പും നോക്കി യജമാനന്‍മാര്‍ വാങ്ങിയിരുന്ന കുന്‍താ കിന്‍തെമാരുടെ പിന്‍ഗാമിയല്ല ഒബാമ. ഒരു ഉയര്‍ന്ന കെനിയന്‍ ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ പഠനത്തിനു വന്നപ്പോള്‍ കൌതുകം തോന്നി വെള്ളക്കാരിയെ പ്രേമിച്ച് അവരിലുണ്ടായ പുത്രന്‍. ബറാക് അമേരിക്കന്‍ നീഗ്രോയുടെ പ്രതിനിധിയല്ല. വലതുപക്ഷ വ്യവസ്ഥയുടെ ടോം അമ്മാവന്‍ മാത്രമാണ്. 

ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടവര്‍ അറിയാതിരിക്കില്ല. ഒബാമയാണ് ബുഷിനേക്കാള്‍ മുസ്ലിംകളെ കൊന്നൊടുക്കിയത്; സ്വന്തം പൌരന്‍മാരെ വരെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലുന്നത് പതിവാക്കിയ പ്രസിഡന്റ്. അതു നിയമവിരുദ്ധമാണെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്െടങ്കിലും 'അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍' സംരക്ഷിക്കാന്‍ അതാവാമെന്നാണ് ഒബാമ കരുതുന്നത്. യമനില്‍ താമസിച്ചിരുന്ന അമേരിക്കന്‍ പൌരന്‍ അന്‍വര്‍ അല്‍ ഔലാക്കിയെ വധിച്ചത് ഡ്രോണ്‍ ആക്രമണത്തിലായിരുന്നു. ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ ഔലാക്കി അമേരിക്കന്‍നയങ്ങളെ വിമര്‍ശിച്ചു എന്ന തെറ്റ് മാത്രമാണു ചെയ്തത്. അതുകൊണ്ടും അരിശം തീരാതെ ഒബാമ ഔലാക്കിയുടെ 16കാരനായ മകനെയും 17കാരനായ സുഹൃത്തിനെയും കൊന്നൊടുക്കി. 2009ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ നിയമവിരുദ്ധമായ ഇത്തരം ആക്രമണങ്ങള്‍ പാകിസ്താനില്‍ പരിമിതമായിരുന്നു. എന്നാല്‍, ചോരയുടെ രുചിയറിഞ്ഞതോടെ ഒബാമയുടെ നിര്‍ദേശപ്രകാരം അത് സോമാലിയയിലേക്കും കെനിയയിലേക്കും അഫ്ഗാനിസ്താനിലേക്കും വ്യാപിപ്പിച്ചു. വാഷിങ്ടണ്‍ പോസ്റ്റിന്റെ കണക്കനുസരിച്ച് 400ലധികം പേര്‍ ഇങ്ങനെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാം നിരപരാധികള്‍. 

പ്രകോപനപരമായ ചലച്ചിത്രം അമേരിക്കന്‍ സ്റേറ്റ് ഡിപാര്‍ട്ട്മെന്റ് നിര്‍മിച്ചതാണെന്ന് ആരും പറയുന്നില്ല. അത്രയേറെ പ്രാകൃതമാണത് എന്നതുകൊണ്ടല്ല അത്. എന്നാല്‍, സ്റേറ്റ് ഡിപാര്‍ട്ട്മെന്റും ഒബാമയും പ്രതിനിധാനം ചെയ്യുന്ന ദേശീയനയത്തില്‍നിന്നാണതു വരുന്നത്. അമേരിക്കന്‍ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ ഭാഗമാണതെന്നും അത്തരം കൃതികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഒബാമയും യഹൂദര്‍ നിയന്ത്രിക്കുന്ന ഗൂഗ്ളും പറയുന്നുണ്ട്. ഒന്നാന്തരം കാപട്യമാണത്. തങ്ങള്‍ക്കു തോന്നിയതൊക്കെ അമേരിക്കയും ഗൂഗ്ള്‍ പോലുള്ള സൈറ്റുകളും തടയുന്നു. വിക്കിലീക്സിനെ തകര്‍ക്കാനും അതിന്റെ സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിനെ ആജീവനാന്തം ജയിലിലിടാനും പരക്കംപായുന്ന ഒബാമ തന്നെയാണ് നകൂല ഉണ്ടാക്കിയ ചലച്ചിത്രത്തിനു നിരോധനമേര്‍പ്പെടുത്താന്‍ നിയമമില്ലെന്നു പറയുന്നത്. അയാളെ ഇപ്പോള്‍ ജയിലിലിട്ടതുതന്നെ പഴയ ഒരു തട്ടിപ്പിനു ലഭിച്ച പ്രൊബേഷന്‍ ശിക്ഷയുടെ നിബന്ധനകള്‍ ലംഘിച്ചതിനാണ്. 

നടന്ന പ്രകടനങ്ങളൊക്കെ ചലച്ചിത്രത്തിനെതിരായ പ്രതിഷേധമാണ് എന്നു കരുതാനും പ്രയാസമാണ്. അമേരിക്കയോടുള്ള വിരോധമാണു പ്രശ്നം. ലിബിയയില്‍ ഖദ്ദാഫിക്കെതിരായി നടന്ന പ്രക്ഷോഭത്തിലിടപെട്ട് ആ രാജ്യത്തെ എണ്ണസമ്പത്ത് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും യു.എസും ചേര്‍ന്നു കൊള്ളയടിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ലബ്നാനില്‍ ഹിസ്ബുല്ല നടത്തിയ റാലിക്കെത്തിയത്. യഥാര്‍ഥ പ്രചോദനം ഇസ്രായേലിന്റെ ആക്രമണങ്ങള്‍. ലിബിയയില്‍ ബാഹ്യമായ ജനാധിപത്യ കൊട്ടിഘോഷങ്ങള്‍ ഏറെയുണ്െടങ്കിലും അമേരിക്കന്‍, ബ്രിട്ടീഷ്, ലിബിയന്‍ അംബാസഡര്‍മാരാണു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുസ്ലിംരാജ്യങ്ങളില്‍ നടന്ന പ്രകടനങ്ങളിലൊക്കെയും നകൂലയല്ല പ്രതി; അമേരിക്കയാണ്. അടിച്ചമര്‍ത്തിവച്ച പ്രതിഷേധം പതഞ്ഞൊഴുകിയതിന്റെ ലക്ഷണമാണത്. 

മുസ്ലിംലോകത്തെ വേദനിപ്പിക്കുന്ന ഒരു അനീതിയും പരിഹരിക്കുന്നതിനു യു.എസിന് കഴിയുന്നില്ലെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലേറ്റവും പ്രമുഖമായത് ഫലസ്തീന്‍ പ്രശ്നം. ഒബാമ പ്രസിഡന്റായതിനുശേഷമാണ് അവസാനത്തെ ഫലസ്തീന്‍ മണ്ണിലും കുടിയേറ്റകേന്ദ്രങ്ങള്‍ ഉയരുന്നത്. മാര്‍ച്ച്മാസത്തില്‍ നടന്ന അമേരിക്കന്‍-ഇസ്രായേല്‍ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയുടെ യോഗത്തില്‍ ഒബാമ പറഞ്ഞത്, അമേരിക്കയെയും അതിന്റെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാന്‍ ബലംപ്രയോഗിക്കുന്നതിനു താന്‍ മടിക്കില്ലെന്നാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍, ബലപ്രയോഗം; അതുതന്നെയാണു യഥാര്‍ഥ പ്രശ്നം. 
                                                          കലീം

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ചുവപ്പു മങ്ങിയാല്‍ കാവിയാകും



ഇടത്‌വലത്‌ അതിര്‍വരമ്പുകള്‍ നേര്‍ത്തതായി കഴിഞ്ഞിരിക്കുന്നു. ആഗോളവല്‍ക്കരണ ഭൂതത്തെ തുറന്നുവിട്ട ശക്‌തികളുടെ ലക്ഷ്യം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതും ഇടതു കക്ഷികള്‍ക്കായിരുന്നു. ആഗോളവല്‍ക്കരണത്തിനെതിരായി പൊതുമനസ്‌ രൂപപ്പെടുത്തുന്നതില്‍ ഇടതു പങ്ക്‌ ചെറുതായിരുന്നില്ല. സാമ്രാജ്യത്വ അജന്‍ഡയെയും സയണിസ്‌റ്റ് താല്‍പര്യങ്ങളെയും കുറിച്ച്‌ ഇടതു വായന ലഭിച്ച നല്ലൊരു സമൂഹം രാജ്യത്തുണ്ട്‌. പതിയെ പതിയെ നടത്തിയ വഴി മാറ്റത്തിലൂടെ ഇടതു ചേരിയെ വിശ്വാസത്തിലെടുക്കാന്‍ പറ്റാതായിക്കൊണ്ടിരിക്കുന്നു 

വലിയ തോതില്‍ നയം വ്യതിയാനം സംഭവിച്ചുള്ള സി.പി.എമ്മിന്റെ പോക്കില്‍ നിഷ്‌പക്ഷ മതികള്‍ പ്രകടിപ്പിക്കുന്ന ആശങ്കയൊന്നും പാര്‍ട്ടി നേതൃത്വത്തിന്‌ അസ്വസ്‌ഥതയുണ്ടാക്കുന്നില്ലെന്നു വേണം കരുതാന്‍. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന മര്‍മ്മ പ്രധാനമായ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തു സി.പി.എമ്മിനെ പ്രതീക്ഷിക്കുന്നവര്‍ക്കു തെറ്റുപറ്റുന്നെന്നു സമകാലിക സംഭവങ്ങളില്‍ പാര്‍ട്ടിയുടെ പോക്ക്‌ കണ്ടാല്‍ വിലയിരുത്താം. രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ജനങ്ങളുടെ പങ്ക്‌ കുറയുകയും മൂലധനശക്‌തികള്‍ പിടിമുറുക്കുകയും ചെയ്യുമ്പോള്‍ ഇടതു ചേരിയിലായിരുന്നു പ്രതീക്ഷ. ഇടതു ചേരിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദൗര്‍ബല്യങ്ങളും നികത്താന്‍ കഴിയാത്ത വലിയ വിടവാണ്‌ ഉണ്ടാക്കുക. 

രാജ്യം അകപ്പെട്ടു കഴിഞ്ഞ ഗുരുതരമായ പ്രതിസന്ധിയില്‍ അസ്വസ്‌ഥമാകുന്ന മഹാഭൂരിപക്ഷം മനസുകളുടെയും ഏകോപനത്തെ നിലപാടുകളുടെ അടിസ്‌ഥാനത്തില്‍ ആദ്യമാക്കിയെടുക്കാന്‍ കഴിയുക ഇടതുചേരിക്കാണ്‌. വലിയ കക്ഷി എന്ന നിലയില്‍ സി.പി.എമ്മിന്‌ ഇതിലേറെ പങ്കു വിഹിക്കാനുണ്ട്‌. ഇടത്‌വലത്‌ അതിര്‍വരമ്പുകള്‍ നേര്‍ത്തതായി കഴിഞ്ഞിരിക്കുന്നു. ആഗോളവല്‍ക്കരണ ഭൂതത്തെ തുറന്നുവിട്ട ശക്‌തികളുടെ ലക്ഷ്യം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതും ഇടതു കക്ഷികള്‍ക്കായിരുന്നു. ശക്‌തവും വ്യക്‌തവുമായ ഭാഷയിലും ശൈലിയിലും നല്‍കപ്പെട്ട വിദ്യാഭ്യാസത്തിലൂടെ ആഗോളവല്‍ക്കരണത്തിനെതിരായി പൊതുമനസ്‌ രൂപപ്പെടുത്തുന്നതില്‍ ഇടതു പങ്ക്‌ ചെറുതായിരുന്നില്ല. സാമ്രാജ്യത്വ അജന്‍ഡയെയും സയണിസ്‌റ്റ് താല്‍പര്യങ്ങളെയും കുറിച്ച്‌ ഇടതു വായന ലഭിച്ച നല്ലൊരു സമൂഹം രാജ്യത്തുണ്ട്‌. പതിയെ പതിയെ നടത്തിയ വഴി മാറ്റത്തിലൂടെ ഇടതു ചേരിയെ വിശ്വാസത്തിലെടുക്കാന്‍ പറ്റാതായിക്കൊണ്ടിരിക്കുന്നു. 

ആശയങ്ങളെക്കാള്‍ അധികാരത്തിന്റെ നിലനില്‍പിനുള്ള പ്രായോഗികത അന്വേഷിക്കാന്‍ സി.പി.എം. മുതിര്‍ന്നതു മുതലാണു വലതു ചേരിയിലേക്കുള്ള ഇടതു വഴിമാറ്റം എളുപ്പമായി തുടങ്ങിയത്‌. മറ്റുള്ളവര്‍ക്കു നേരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ശക്‌തമായ ശൈലിയില്‍ കടന്നാക്രമിക്കാന്‍ കഴിയാത്ത വിധമുള്ള വിധേയത്വം ബംഗാളിലെയും കേരളത്തിലെയും പാര്‍ട്ടി നേതൃത്വങ്ങളെ അധികാരത്തിന്റെ വഴിയില്‍ പിടികൂടി. ബംഗാളും കേരളവും ഒഴിച്ച്‌ നിര്‍ത്തിയാലുള്ള സി.പി.എം. എന്നതു വലിയ പൂജ്യമാകും എന്നതിനാല്‍ രണ്ടു സംസ്‌ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കാന്‍ പോളിറ്റ്‌ബ്യൂറോ ബാധ്യസ്‌ഥമാണ്‌. 

അധികാരത്തിലുള്ള സംസ്‌ഥാനങ്ങളില്‍ വികസന രംഗത്തും വ്യാവസായിക വളര്‍ച്ചയുടെ കാര്യത്തിലും വലതു ചേരിയുടെ കടംകൊള്ളല്‍ മാത്രമല്ല ചില മുന്‍നടത്തങ്ങള്‍ തന്നെ ഇടതു സര്‍ക്കാരുകള്‍ നടത്തിക്കഴിഞ്ഞിരുന്നു. മൂലധനശക്‌തികളോടുള്ള സൗഹൃദം വഴിവിട്ട ബന്ധങ്ങളുടെ മധ്യവര്‍ഗത്തെ കീഴറ്റം മുതല്‍ മേല്‍ തട്ടുവരെ സി.പി.എമ്മിനകത്ത്‌ സൃഷ്‌്ടിച്ചിട്ടുണ്ട്‌. ഇത്തരം അപചയങ്ങളുടെ വളര്‍ച്ചയാണ്‌ സി.പി.എം. പ്രതിസന്ധിയുടെ ആഴംകൂട്ടാന്‍ പ്രധാനകാരണമായത്‌. അപചയങ്ങളുടെ എത്തിപ്പെട്ട്‌ സവിശേഷ സാഹചര്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തുക എന്നതായി പാര്‍ട്ടിയുടെ ദൗത്യങ്ങളില്‍ മുഖ്യം. 

സി.പി.എമ്മിന്റെ ശക്‌തിക്ഷയങ്ങളെ തിരുത്താന്‍ കഴിയുന്ന ശേഷിയോ കൂടെ നില്‍ക്കുന്ന ഇടതു പാര്‍ട്ടികള്‍ക്ക്‌ ഇല്ലാതെ പോയി എന്നതും ന്യൂനതയാണ്‌. ആള്‍ബലവും സാമ്പത്തിക ബലവും പൊതുവെ കാരയങ്ങളുടെ മേല്‍ക്കോയ്‌മ സ്‌ഥാപിക്കുന്നതുപോലെ മുന്നണി ബന്ധങ്ങളിലും അത്രയൊക്കയെ സാധിക്കുകയുള്ളൂ. സി.പി.ഐയെ പോലെയുള്ള സാമാന്യം പൊതുസ്വീകാര്യ നിലപാടുള്ള പ്രസ്‌ഥാനങ്ങള്‍ പോലും സി.പി.എം. വരുത്തിയ പ്രതിസന്ധിയുടെ ബലിയാടുകളാണ്‌. ഇടതു ചേരി ദുര്‍ബലമാകുമ്പോഴുണ്ടാകാവുന്ന ഇരുണ്ട ഭാവിയെകുറിച്ച്‌ ബോധ്യം ആദ്യമുണ്ടാവേണ്ടതു സി.പി.എമ്മിനു തന്നെയാണ്‌. 

കോണ്‍ഗ്രസ്‌ വളരെ മോശമാണ്‌. അതിനേക്കാള്‍ മോശമാണു ബി.ജെ.പി. എന്തെങ്കിലും നന്മ പ്രതീക്ഷാക്കുന്ന ഇടതു ചേരികൂടി രണ്ടു മോശക്കാരോടൊപ്പം മല്‍സരിക്കാന്‍ തുടങ്ങുന്നു എന്നുവന്നാല്‍, എന്താണു ബാക്കിയുണ്ടാവുക എന്ന മതനിരപേക്ഷ സമൂഹത്തിന്റെ ചോദ്യം പ്രസക്‌തമാണ്‌. രാജ്യത്തോടും ജനതയോടും പ്രതിബദ്ധതയൊട്ടുമില്ലാത്ത ഭരണസംവിധാനമാണു നിലനില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം നാള്‍ക്കുനാള്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കെ ജനപക്ഷത്തുനിന്ന്‌ മുഖ്യറോള്‍ നിര്‍വഹിക്കേണ്ട പ്രധാന കക്ഷികളത്രയും അവര്‍ക്കു കവചം തീര്‍ക്കുന്ന കാഴ്‌ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ രാഷ്ര്‌ടീയ കൊലപാകങ്ങളില സി.പി.എമ്മിന്റെ പങ്ക്‌ സൃഷ്‌്ടിച്ച പ്രതിസന്ധിയെ രാഷ്‌്രടീയ കാരണങ്ങളാലും ഇടപെടല്‍കൊണ്ടും മറികടക്കാന്‍ അവര്‍ക്കു സാധിച്ചു എന്നുവരാം. 

അതേസമയം നിലപാടിലെ വ്യതിയാനത്തിലൂടെ സി.പി.എം. തീര്‍ത്ത പ്രതിസന്ധിയാണ്‌ ആശങ്ക ഉളവാക്കുന്നതും ഗൗരവമര്‍ഹിക്കുന്നതും. വിട്ടുവീഴ്‌ചയില്ലാത്ത സമീപനങ്ങളും ത്യാഗസന്നദ്ധതയും ആദര്‍ശ പ്രതിബദ്ധതയുമുള്ള മുന്‍തലമുറ പകര്‍ന്നു നല്‍കിയ സമരോത്സുകതയും വീര്യവുമാണ്‌ ഇന്നും ചെങ്കൊടി മാറോട്‌ ചേര്‍ത്തു പിടിക്കാന്‍ പതിനായിരങ്ങളെ പ്രേരിപ്പിക്കുന്നത്‌. ആ പഴയ പാര്‍ട്ടിയെ സ്വപ്‌നം കാണുന്ന നിസ്വാര്‍ഥരും നിഷ്‌കളങ്കരുമാണ്‌ അടിക്കടി പാര്‍ട്ടി നേതൃത്വം പ്രതിസന്ധികള്‍ സൃഷ്‌്ടിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയെ തോളേറ്റി നടക്കുന്നത്‌. തങ്ങളുടെ പ്രതീക്ഷയ്‌ക്കും സ്വപ്‌നങ്ങള്‍ക്കും അപ്പുറത്തുള്ള പാര്‍ട്ടിയുടെ വഴി തെറ്റലിനെ വേദനയോടെയാണ്‌ അവര്‍ നോക്കി കാണുന്നത്‌. വഴി തെറ്റിയുള്ള ഇത്തരം പോക്കിനെതിരേ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ ഇളക്കി മറിച്ചിലുകളുണ്ടാക്കുന്നില്ലെങ്കിലും ഇലയനക്കങ്ങള്‍ പോലും സി.പി.എമ്മിനു തലവേദനായായി മാറുന്നു. അണികള്‍ വിധേയരായി നില്‍ക്കണമെന്നു കാര്‍ക്കശ്യം പുലര്‍ത്തുന്ന പാര്‍ട്ടി നേതൃത്വത്തിനു മുണ്ടൂരിലും ഒഞ്ചിയത്തും ഷൊര്‍ണൂരിലും മാത്രമല്ല. നിയന്ത്രണങ്ങള്‍ നഷ്‌്ടപ്പെടുന്നത്‌. കണ്ണൂരിലെയും കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഇതു ദൃശ്യമാവുന്നുണ്ട്‌. അത്തരം നിയന്ത്രണം നഷ്‌ടപ്പെടലില്‍ നിന്നാണ്‌ അണികളുടെ വികാരത്തോടൊപ്പം നില്‍ക്കുന്ന വര്‍ഗീയ കാര്‍ഡിറക്കാനും സി.പി.എം നേതൃത്വത്തിനു പ്രേരണയാകുന്നത്‌. 

ആണവകരാറില്‍ യു.പി.എയ്‌ക്കു പിന്തുണ പിന്‍വലിച്ച പാര്‍ട്ടി നിലപാട്‌ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും കൂടംകുളത്തെ ആണവനിലയത്തെ പിന്തുണക്കുന്ന സി.പി.എം. നിലപാട്‌ വഴിമാറ്റവും ദുരൂഹതയുണര്‍ത്തുന്നതുമാണ്‌. ഈ വൈരുദ്ധ്യം എങ്ങനെ വിശദീകരിച്ചാലും സാമാന്യജനത്തിനു ബോധ്യമാവില്ല.

സാമ്രാജ്യത്വ കടന്നുകയറ്റങ്ങള്‍ക്കെതിരേ ശക്‌തമായ പ്രതികരണങ്ങളുമായി ലോകത്തെമ്പാടും മുന്‍നിരയില്‍ നില്‍ക്കുന്നതു മുസ്ലിംകളാണ്‌. കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ഇതിനോട്‌ യോജിക്കാനാണു കഴിയേണ്ടത്‌. തീവ്രവാദത്തിന്റെ പേരില്‍ ലോകമെമ്പാടും അമേരിക്കയും സഖ്യകക്ഷികളും മുസ്ലിം സമുദായ വേട്ട നടത്തുമ്പോള്‍ ഇടതുചേരി മൗനത്തിലാണ്‌. ലോകത്ത്‌ നിലനില്‍ക്കുന്ന മുസ്ലിം വിരുദ്ധതയില്‍ ഇന്ത്യന്‍ ഭരണസംവിധാനവും അവരുടെ ഭാഗധേയം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്‌. 

രാജ്യത്തെ ജയിലുകളില്‍ ആയിരക്കണക്കിനു മുസ്ലിംകള്‍ ഇരകളാക്കപ്പെട്ട്‌ കഴിയുമ്പോള്‍ അതൊന്നും പൗരാവകാശ ലംഘനം പോലുമായി ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എമ്മിനും താല്‍പര്യമില്ല. പൗരാവകാശലംഘനങ്ങളുടെയും നീതിനിഷേങ്ങളുടെയും ഇരകളില്‍ മഹാഭൂരിപക്ഷവും ദലിത്‌ ആദിവാസി മുസ്ലിം പിന്നാക്ക ജനവിഭാഗങ്ങളാണ്‌, അവരോട്‌ ചേര്‍ന്നു നില്‍ക്കാന്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്‌ത്രം തടസമുണ്ടാക്കുന്നില്ല. ചെങ്കൊടിയെ പുതിയ ഇടങ്ങളിലേക്ക്‌ ചേര്‍ത്തുകെട്ടാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളാണ്‌ പുതിയ വഴിമാറ്റമായി അനുഭവപ്പെടുന്നത്‌. ജനകീയ സമരങ്ങളിലും പാരിസ്‌ഥിതിക പ്രശ്‌നങ്ങളിലും പുത്തന്‍കൊടികളും വര്‍ണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ മുതലാളിമാരുടെ കാറിന്റെ ഡിക്കിയില്‍ പാര്‍ട്ടി പതാകയ്‌ക്ക് സുരക്ഷിത സ്‌ഥാനം കണ്ടെത്തുന്നതിനാണ്‌ പുതിയ നേതൃത്വം ഏര്‍പ്പെടുന്നുവെന്ന പരിഭവം പാര്‍ട്ടി അണികള്‍ക്കുണ്ട്‌. 

വര്‍ഗീയ കലാപങ്ങളും ബാബറി ധ്വംസനവും ഇന്ത്യന്‍ മനസിന്‌ ഏല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല. ആവര്‍ത്തിക്കപ്പെടുന്ന നീതിനിഷേധമാണ്‌ ബാബറി മസ്‌ജിദിന്റേത്‌. മസ്‌ജിദ്‌ പുനര്‍നിര്‍മാണം സി.പി.എം. ഉന്നയിക്കുന്നില്ല എന്നത്‌ തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന്‌ ആര്‍.എസ്‌.എസ്‌ നേതൃത്വത്തിന്റെ തുറന്നുപറച്ചില്‍ ഒരു സര്‍ട്ടിഫിക്കറ്റായി എ.കെ.ജി. സെന്ററില്‍ ഫ്രയിമിട്ട്‌ വച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മതനിരപേക്ഷ ചേരിയില്‍ നിന്ന്‌ പതുക്കെ പതുക്കെയുള്ള സി.പി.എമ്മിന്റെ വഴിമാറ്റം കേരളത്തിലെ പൊതുധാരയെ ചെറിയ തോതിലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്‌. മതനിരപേക്ഷ സമൂഹത്തില്‍ സി.പി.എം. ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്‌ഥാനമാണ്‌ ഉറപ്പിച്ചിരുന്നത്‌. 

സ്‌നേഹവും ബഹുമാനവും ആദരവും അംഗീകാരവും ഒരു പരിധിവരെ സി.പി.എമ്മിന്റെ വര്‍ഗീയ വിരുദ്ധനിലപാടുകൊണ്ട്‌ ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നുവെന്ന വസ്‌തുതയെ നിരാകരിക്കേണ്ടതില്ല. എന്നാല്‍ സമീപകാലത്തെ ഗതിമാറ്റത്തെ അത്തര നിസ്സാര വല്‍ക്കരിക്കുന്നതില്‍ അര്‍ഥമില്ല. ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിമിനല്‍ സംഭവങ്ങളില്‍ സി.പി.എം. പ്രതിസ്‌ഥാനത്തു വന്നപ്പോള്‍ സ്വാഭാവിക പ്രതികരണങ്ങളാണ്‌ പൊതുസമൂഹവും മാധ്യമങ്ങളും ഉയര്‍ത്തിവിട്ടത്‌. ജനകീയ അടിത്തറയുള്ള ഒരു പ്രസ്‌ഥാനത്തിന്‌ കുറ്റകൃത്യങ്ങളിലെ പങ്ക്‌ ഏറി വരുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികത മാത്രമാണത്‌. പ്രതിഷേധങ്ങളത്രയും എല്ലാവരും ചേര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ശ്രമിച്ചതിന്റെ വിശദീകരിക്കാന്‍ ശ്രമിച്ചതാണ്‌ സി.പി.എമ്മിനു പറ്റിയ തെറ്റ്‌. പ്രതിരോധശൈലിയാണ്‌ സങ്കീര്‍ണതകള്‍ വര്‍ധിപ്പിച്ചത്‌. ന്യായങ്ങള്‍ പൊതുസമൂഹത്തിന്‌ ബോധ്യമാവാതെ വന്നതിന്റെ ഉത്തരവാദിത്തം വിശദീകരിക്കുന്നവരുടെ കുറവുതന്നെയാണ്‌.

വീണുകിട്ടിയ അവസരത്തെ ഉപയോഗപ്പെടുത്തി ജനാധിപത്യാവകാശങ്ങള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ പോയത്‌ സി.പി.എമ്മിന്റെ കഴിവ്‌ കുറവു മാത്രമല്ല അവരുടെ മുന്‍ചെയ്‌തികളുടെ ഫലം കൂടിയാണ്‌. സാമ്പത്തിക ശക്‌തികളും ദല്ലാളന്മാരും മതനിരപേക്ഷ ചേരിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനെ ചെറുക്കാന്‍ ഏറ്റവും അനുയോജ്യമായ മുന്നേറ്റം സൃഷ്‌്ടിച്ചെടുക്കുക എന്ന ബുദ്ധുപൂര്‍വമായ നിലപാടിന്‌ പകരം എല്ലാറ്റിനും തലവച്ചു കൊടുക്കലാണ്‌ സി.പി.എം. ശ്രമിച്ചത്‌. സി.പി.എം. ക്ഷയിക്കുന്നത്‌ ഒരിക്കലും കോണ്‍ഗ്രസിനല്ല പ്രയോജനപ്പെടുക. തീവ്രവലതുപക്ഷ ഹിന്ദുത്വവിഭാഗം നെയ്യാറ്റിന്‍കരയില്‍ നല്ല നേട്ടങ്ങളുണ്ടാക്കിയതിന്റെ അനുഭവം മറക്കാനാവുന്നതല്ല. ഹിന്ദുത്വതീവ്രവാദ രാഷ്ര്‌ടീയത്തിന്‌ അവസരം ലഭിക്കാത്ത രാഷ്ര്‌ടീയ നിലപാടില്‍ നിന്ന്‌ പതുക്കെ പതുക്കെയുള്ള സിപിഎമ്മിന്റെ വ്യതിയാനത്തെ ശുഭസൂചനയായി കണ്ടുകൂടാ.

സവര്‍ണ താല്‍പര്യങ്ങള്‍ക്ക്‌ സംരക്ഷണം ഒരുക്കും വിധം വനിതാ ബില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബി.ജെ.പിയുടെ സുഷമാസ്വരാജും സി.പി.എമ്മിന്റെ വൃന്ദാകാരാട്ടും പരസ്‌പര ആലിംഗനം നടത്തിയത്‌ വര്‍ഗരാഷ്ര്‌ടീയത്തിന്റെ ഏത്‌ അധ്യാപനങ്ങളുടെ അടിസ്‌ഥാനത്തിലാണെന്ന്‌ വിശദീകരിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്‌. ബംഗാളിലെ ബി.ജെ.പി. സ്വാധീനമില്ലായ്‌മ സി.പി.എമ്മിന്റെ വര്‍ഗീയ വിരുദ്ധ നിലപാടിനെയല്ല കുറിക്കുന്നത്‌. ബി.ജെ.പിക്ക്‌ ഒരു റോളും നിര്‍വഹിക്കാനില്ലാത്ത വിധം എല്ലാ കാര്യങ്ങളും വൃത്തിയായി സി.പി.എം. ചയ്‌തുവച്ചിട്ടുണ്ടായിരുന്നു. മൂന്നരപതിറ്റാണ്ടിന്റെ ബംഗാള്‍ അതാണ്‌ പറഞ്ഞു തരുന്നത്‌. ബി.ജെ.പിയുടെ ഏതു നയമാണ്‌ ഒന്നിച്ച്‌ വേദി പങ്കിടാന്‍ മാത്രം സി.പി.എമ്മിന്‌ സ്വീകാര്യമായത്‌ എന്ന വിശദീകരണവും സി.പി.എമ്മില്‍ നിന്ന്‌ ലഭിക്കേണ്ടതുണ്ട്‌.

ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ സെപ്‌റ്റംബര്‍ 20 ന്‌ നടന്ന ദേശീയ ബന്ദില്‍ ഒരുമിച്ചിരിക്കും മുമ്പ്‌ വിദേശ നിക്ഷേപത്തിലും മൂലധനശക്‌തികളോടുള്ള നിലപാടിലും സാമ്രാജ്യത്വത്തോടുള്ള സമീപനത്തിലും ബി.ജെ.പി. ഒരിക്കലും മാറ്റം വരുത്തിയെന്ന്‌ സി.പി.എമ്മിനെ ബോധ്യപ്പെടുത്തിയിരുന്നില്ല. അധികാരം ലഭിച്ച നിസാര കാലഘട്ടത്തില്‍ തന്നെ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയ ചരിത്രമാണ്‌ ബി.ജെ.പിയുടേത്‌. ദേശീയ നിലപാടിനൊപ്പം ചേര്‍ന്നു നിന്നാണ്‌ കേരളത്തിലെ നേതൃത്വത്തിലും അണികളിലും കാതലായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. വര്‍ഗീയ വിരുദ്ധതയെന്നത്‌ സംഘപരിവാറിന്റെ മുസ്‌്ലിം വിരുദ്ധയിലേക്കുള്ള വഴിമാറ്റമായി അണികള്‍ പോലും എളുപ്പത്തില്‍ ഉള്‍ക്കൊണ്ട്‌ കഴിഞ്ഞിരിക്കുന്നു. താഴെ തട്ട്‌ വരെ നേതൃത്വങ്ങളുടെ മൗനാനുവാദത്തോടെ നല്ല സഹവര്‍ത്തിത്വവും ഇഴകി ചേരലും ഉണ്ടാക്കിയെടുക്കാന്‍ ആര്‍.എസ്‌.എസിനും സി.പി.എമ്മിനും കഴിഞ്ഞു എന്നു വേണം കരുതാന്‍. 

കണ്ണൂരിലെ രാഷ്ര്‌ടീയ സംഘര്‍ഷങ്ങള്‍ക്ക്‌ അറുതി വരുത്താനല്ല പുതിയ സൗഹൃദമെന്നതു ഭീതിയുളവാക്കുന്നു. സംഘര്‍ഷങ്ങളുടെ ദിശമാറിയുള്ള സഞ്ചാരത്തിന്‌ വഴിയൊരുക്കാന്‍ വേണ്ടിയാണെങ്കില്‍ വലിയ പതനമായിരിക്കും സംഭവിക്കുക. വര്‍ഗീയ ചിന്തയുടെ വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയതിന്റെ ഫലം നാദാപുരത്തും കണ്ണൂരിലെ ചില പ്രദേശങ്ങളിലും സി.പി.എമ്മില്‍ നിന്ന്‌ അനുഭവിച്ചതാണ്‌. 

തളിപറമ്പിലെ സി.പി.എം. ഓഫീസ്‌ ആക്രമിക്കപ്പെട്ട കേസില്‍ ആര്‍.എസ്‌.എസും ബി.ജെ.പിയും കക്ഷിയല്ല. എന്നിട്ടും ഒരു സഖ്യകക്ഷിയെപ്പോലെ അതിവേഗം പാര്‍ട്ടി ഓഫീസ്‌ സന്ദര്‍ശിക്കാന്‍ ആര്‍.എസ്‌.എസ്‌. കാണിച്ച താല്‍പര്യത്തെ സി.പി.എം. സ്വാഗതം ചെയ്യുന്നതും ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്റെ ശവകുടീരത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി റീത്ത്‌ വയ്‌ക്കുന്നതുമൊക്കെ സമാധാനത്തിന്റെ പുനസ്‌ഥാപന വഴിയില്‍ ആഹ്ലാദം നല്‍കുന്ന സന്ദേശമല്ല പ്രദാനം ചെയ്യുന്നത്‌. 

സംഘപരിവാര്‍ സാഘോഷം കൊണ്ടാടുന്ന ബാലഗോകുലം പരിപാടികളില്‍ പാര്‍ട്ടി അണികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം വര്‍ധിക്കുന്നത്‌ സി.പി.എമ്മിന്‌ ആശങ്കയുണ്ടാക്കുന്നില്ല. അതേസമയം നബിദിന ഘോഷയാത്രയിലെ മുസ്‌്ലിം പങ്കാളിത്തത്തെ അസ്വസ്‌ഥതയോടെ കാണാനും പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്‌ നല്ല ലക്ഷണമല്ല. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പടുത്തുയര്‍ത്തുന്ന പുതിയ സഖ്യത്തിന്റെ ആദ്യപ്രയോജനം തങ്ങള്‍ക്കാവണമെന്ന വിദൂരലക്ഷ്യത്തിന്റെ ഗൃഹപാഠവും പുതിയ സൗഹൃദത്തിന്റെ പിന്നിലുണ്ടാവാനിടയുണ്ട്‌. 

ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതിഷേധങ്ങളില്‍ ബി.ജെ.പിയുടെ പങ്കില്ലായ്‌മയും ചേര്‍ത്തു പറേേയണ്ടതുണ്ട്‌. തിരിച്ചറിയാന്‍ പല ചിഹ്നങ്ങളും പലരും ഉപയോഗപ്പെടുത്താറുണ്ട്‌. ആര്‍.എസ്‌.എസിനെ അവരുടെ തിരിച്ചറിവിന്റെ ചിഹ്നഹ്നം പൊതുവെ കാവിയാണ്‌. ചെങ്കൊടി നിറം മങ്ങി കാവിയായതല്ല വ്യാപകമായി കണ്ണൂരിലെ ഗ്രാമങ്ങളില്‍ സഖാക്കളുടെ കാവിത്തുണിയിലേക്കുള്ള മാറ്റം എന്നത്‌. 

പരസ്‌പര സൗഹൃദത്തിന്‌ പച്ചക്കൊടി കാണിച്ച്‌ ആര്‍.എസ്‌.എസ്‌. മുഖപത്രത്തിന്റെ ലേഖനത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കാത്ത സി.പി.എം നിലപാട്‌ പുതിയ ബന്ധത്തിനുള്ള മൗനസമ്മതമാണ്‌. ചരിത്രത്തിലൊരിക്കലും തിരുത്താനാവാത്ത ഭീമാബദ്ധമായിരിക്കും ഇതിലൂടെ സി.പി.എം. ഉണ്ടാക്കുന്നത്‌.

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"