2012, ജനുവരി 31, ചൊവ്വാഴ്ച

മരിക്കാണെളുപ്പമോ ?

   ഇസ്ലാമിന്നുവേണ്ടി ജീവിക്കുകയാണ് പ്രാധാന്യം,മരിക്കുകയെല്ലന്ന അമേരിക്കന്‍ തത്ത്വശാസ്ത്രത്തെ ഇസ്ലാമിക മേലങ്കിയണിയിച്ച് അവതരിപ്പിക്കുന്നവര്‍ ആദര്‍ശജീവിതത്തിന്റെ അകക്കാമ്പു തൊട്ടറിയാത്ത മൂഢരാണ്.ആദര്‍ശത്തിന്നുവേണ്ടി എപ്പോഴും മരിക്കാന്‍,ജീവിതത്തില്‍ നേടിയതെന്തും ത്യജിക്കാന്‍ സന്നദ്ധരല്ലാത്തവര്‍ക്ക് ഈ ലോകത്ത് സാഭിമാനം ജീവിക്കാന്‍ കഴിയില്ല.
   സഹസ്രാബ്ദങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യകുലത്തിലൂടെ ഓര്‍മയോടിച്ചു തിരഞ്ഞെങ്കിലും ചിരിച്ചുമരിച്ചു പോയവരുടെ പേരുകള്‍ അധികമൊന്നും ചികഞ്ഞെടുക്കാന്‍ കഴിയില്ല.മരണപ്പെട്ടവരില്‍ സിംഹഭാഗവും മരണത്തെ ഭയത്തോടെ,വെറുപ്പോടെ എടുത്തണിഞ്ഞവരായിരുന്നു.മരണം കാത്തുകഴിയുന്നവരുടെ കഥയും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല.അവര്‍ ആഗ്രഹിക്കാതെ മരണം അവരെ കടന്നുപിടിച്ചു.മരണത്തെ ജീവിതത്തേക്കാളേറെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മരണത്തെ വിളിച്ചുവരുത്തി സന്തോഷപൂര്‍വ്വം ചിരിച്ചു മരിക്കാന്‍ കഴിയുകയുള്ളൂ.
   ചരിത്രത്താളുകളില്‍ ജ്വലിച്ചുനില്‍ക്കുന്ന അത്തരം ചില ധീരാത്മാക്കളുണ്ട്.ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ ബുദ്ധിമാന്മാര്‍. ആ പട്ടികയിലെ അതികായകന്‍മാര്‍ രക്തസാക്ഷികള്‍ എന്നാണറിയപ്പെടുന്നത്.വിശ്വസിച്ചുറച്ച ആദര്‍ശത്തെ ഈ ലോകത്തേക്കാളേറെ സ്നേഹിച്ചവര്‍. ഭൌമപ്രതലത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങളത്രയും അവര്‍ക്ക് ആദര്‍ശത്തേക്കാള്‍ ഹൃദയഹാരിയായിരുന്നില്ല.അതിനാല്‍ ആദര്‍ശ പരിരക്ഷണത്തിനായി സ്വജീവിതം പോലും ത്യജിക്കാന്‍ അവര്‍ സന്നദ്ധരായി.രക്തസാക്ഷികളുടെ തുടിക്കുന്ന ഓര്‍മകളിലാണ് ആദര്‍ശസമൂഹങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നത്.പ്രതികൂലാവസ്ഥകളില്‍ അചഞ്ചലപാദരായി പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കുള്ള അന്തപ്രചോദനവും രക്തസാക്ഷികള്‍ സംഭാവനചെയ്ത ചോരത്തുള്ളികളാണ്.അവരുടെ വീരസ്മരണകള്‍ പച്ചയായി നിലനിര്‍ത്താന്‍ സമൂഹം ബദ്ധശ്രദ്ധ കാണിക്കുന്നു.സ്മാരകങ്ങളും സ്തൂപങ്ങളും പ്രതിമകളും രക്തസാക്ഷിദിനങ്ങളുമെല്ലാം രക്തസാക്ഷികളോടു സമൂഹത്തിനുള്ള ആദരവിന്റെ നിദര്‍ശനങ്ങളാണ്.
   രക്തസാക്ഷ്യത്തിന്ന് അനല്‍പ്പമായ പ്രചോദനവും രക്തസാക്ഷിക്ക് അതുല്യമായ പ്രതിഫലവും വാഗ്ദാനം ചെയ്ത മതമാണ് ഇസ്ലാം.മുഹമ്മദ്(സ)യുടെ കാലത്തും അതിനുശേഷവും രക്തസാക്ഷ്യ പ്രതീക്ഷയുമായി കഴിച്ചുകൂട്ടിയ പ്രതിഭാധനന്‍മാര്‍ അതിനുള്ള സാക്ഷ്യമാണ്.അവര്‍ എപ്പോഴും മരിക്കാന്‍ തയ്യാറായിരുന്നു.ചില ഉദാഹരണങ്ങള്‍ .
   സലാമത്തു ബിന്‍ അക് വഹ്(റ)സംഭവം ഇങ്ങനെ ഉദ്ധരിക്കുന്നു.'ഞാന്‍ പ്രവാചകന് അനുസരണ പ്രതിജ്ഞ(ബൈഅത്ത്)ചെയ്തശേഷം ഒരു മരത്തണലിലേക്ക് നീങ്ങിയിരുന്നു.ആളുകളുടെ തിരക്കൊഴിഞ്ഞപ്പോള്‍ തിരുമേനി(സ)എന്നോട് ചോദിച്ചു:ഇബ്നുല്‍ അക് വഹ് താങ്കള്‍ ബൈഅത്ത് ചെയ്യുന്നില്ലേ? ഞാന്‍ പ്രതിവചിച്ചു.പ്രവാചകരേ ഞാന്‍ ബൈഅത്ത് ചെയ്തല്ലോ.പ്രവാചകന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അതേ മറുവടി തന്നെ വീണ്ടും പറഞ്ഞു.അന്നേരം ശ്രോതാക്കളില്‍ ഒരാള്‍ അന്യേഷിച്ചു ,നിങ്ങള്‍ എന്തിന്നു വേണ്ടിയായിരുന്നു ബൈഅത്ത് ചെയ്തിരുന്നത് ?സലമ പറഞ്ഞു മരിക്കാന്‍' (ബുഖാരി,മുസ്ലിം,തിര്‍മുദി,നാസാഈ)
   മരിക്കാന്‍ പ്രതിജ്ഞ്ഞയെടുക്കുകയോ ?വായനക്കാര്‍ക്ക് അദ്ഭുതം തോന്നുന്നുണ്ടാവും.ആദര്‍ശമനുസരിച്ചു ജീവിക്കാനാണു നാം തയ്യാറാവേണ്ടത്.ആദര്‍ശത്തിന്റെ പേരില്‍ മരിക്കാന്‍ വളരെ എളുപ്പമാണ് എന്ന തത്ത്വശാസ്ത്രമാണല്ലോ നമ്മുടെ വിജ്ഞാനപടുക്കളും രാഷ്ട്രീയമീമാംസകരും ഇപ്പോള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്.മരിക്കാന്‍ പ്രതിജ്ഞ്ജയെടുപ്പിച്ച പ്രവാചകനും അനുസരിച്ച അനുചരന്മാരും ജീവിതത്തിന്റെ തത്ത്വദര്‍ശനമറിയാത്തവരായിരുന്നോ ?  പ്രവാചകന്‍ തിരുമേനി(സ0തന്നെ പറയുന്നത് കേള്‍ക്കുക.'എന്റെ ആത്മാവ് ആരുടെ കൈയിലാണോ,അവന്‍ തന്നെയാണ് സത്യം ! അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍  കൊല്ലപ്പെടാനും പിന്നീട് ജീവിച്ചു വീണ്ടു കൊല്ലപ്പെടാനും പിന്നേയും ജീവിച്ചു വീണ്ടും കൊല്ലപ്പെടാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു'(ബുഖാരി)
   ഉമര്‍(റ)നടത്തിയിരുന്ന ഒരു പ്രാര്‍ഥന ഇവിടെ ശ്രേദ്ധേയമാണ്.'അല്ലാഹുവേ,നിന്റെ മാര്‍ഗത്തില്‍ എനിക്കു രക്തസാക്ഷ്യം പ്രദാനം ചെയ്യേണമേ' (ബുഖാരി)
   അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)'അല്ലാഹുവേ,നാളെ ശത്രുവുമായി ഏറ്റുമുട്ടാണ്‍ അവസരമുണ്ടാവണമെന്നു ഞാന്‍ നിന്നോട് യാചിക്കുന്നു,ആ ഏറ്റുമുട്ടലില്‍ ശത്രു എന്നെ വധിക്കുകയും എന്റെ വയറ് കുത്തി കീറുകയും മൂക്കും ചെവികളും മുറിക്കുകയും ചെയ്യട്ടെ....(ഹാകിം)
   നുഅമാന്‍ ബിന്‍ മുഖര്‍റിന്‍(റ)'അല്ലാഹുവേ,ഇന്ന് എനിക്ക് രക്തസാക്ഷ്യവും മുസ്ലിംകള്‍ക്ക് വിജയവും നാല്‍കേണം'(തബ്റാനി). ബദ്ര്‍ യുദ്ധത്തിന്നുവേണ്ടി സൈന്യം പുറപ്പെടുകയാണ്.സഅദ്ബ്നു ഖൈസമയും അദ്ദേഹത്തിന്റെ പിതാവും യുദ്ധത്തിന്നു സന്നദ്ധരായി പുറത്തിറങ്ങി.വീട്ടുകാരെ പരിചരിക്കാന്‍ അവിടെ മറ്റാരുമില്ലായിരുന്നു.വിവരമറിഞ്ഞപ്പോള്‍ റസൂല്‍ (സ)പറഞ്ഞു:'നിങ്ങള്‍ രണ്ടു പേരില്‍ ഒരാള്‍ മാത്രം വന്നാല്‍ മതി'.ഇസ്ലാമിന്നുവേണ്ടി രക്തം ചിന്തി മരിക്കാന്‍ നിറഞ്ഞ മനസ്സോടെ പുറപ്പെട്ട രണ്ടുപേരിലും ഇത് അങ്കലാപ്പു സൃഷ്ടിച്ചു.പിതാവ് സഅദിനോട് അഭ്യര്‍ത്ഥിച്ചു,'നമ്മില്‍ ഒരാള്‍ ഇവിടെ നില്‍ക്കല്‍ അനിവാര്യമാണല്ലോ.അത് കൊണ്ട് നീ ഇവിടെനിന്നോളൂ.ഞാന്‍ യുദ്ധത്തിന് പോവാം'.ഉടനെ സഅദിന്റെ പ്രതികരണം വന്നു:ഞാന്‍ ഇവിടെയിരുന്നാല്‍ എനിക്കു നഷ്ടപ്പെടുന്നതു സ്വര്‍ഗ്ഗമാണ്.സ്വര്‍ഗ്ഗമല്ലാത്ത മറ്റെന്തെങ്കിലുമായിരുന്നു നഷ്ടപ്പെടുന്നതെങ്കില്‍ അത് പോട്ടെയെന്ന് കരുതി ഞാനിവിടെ ഇരിക്കുമായിരുന്നു.പക്ഷേ എനിക്കു സ്വര്‍ഗ്ഗം നഷ്ടമായിക്കൂടാ.ഞാന്‍ രക്തസാക്ഷ്യം ആഗ്രഹിക്കുന്നു'.ആര് പോവണമെന്ന കാര്യത്തില്‍ അവസാനം പിതാവും മകനും നറുക്കിട്ടു.സഅദിനാണ് നറുക്ക് വീണത്.അദ്ദേഹം ബദ്റില്‍ പങ്കെടുത്ത് രക്തസാക്ഷിയായി(ഹാകിം)
   പ്രവാചകന്റെ വിദ്യാപീഠത്തില്‍നിന്ന് ശിക്ഷണം നുകര്‍ന്ന ഇസ്ലാമിന്റെ പ്രഥമ തലമുറ രക്തസാക്ഷ്യത്തിന്നായി കുതിച്ചുനീങ്ങിയ നിരവധി സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.ഇസ്ലാമിന്നുവേണ്ടി ജീവിക്കുകയാണ് പ്രധാനം,മരിക്കുകയല്ലെന്ന അമേരിക്കന്‍ തത്ത്വശാസ്ത്രത്തെ ഇസ്ലാമിക മേലങ്കിയണിയിച്ച് അവതരിപ്പിക്കുന്നവര്‍ ആദര്‍ശജീവിതത്തിന്റെ അകക്കാമ്പുതൊട്ടറിയാത്ത മൂഢരാണ്.ആദര്‍ശത്തിന്നുവേണ്ടി എപ്പോയും മരിക്കാന്‍,ജീവിതത്തില്‍ നേടിയതെന്തും ത്യജിക്കാന്‍ സന്നദ്ധരല്ലാത്തവര്‍ക്ക് ഈ ലോകത്തു സാഭിമാനം ജീവിക്കാന്‍ കഴിയില്ല തന്നെ.ആദര്‍ശസമൂഹത്തിന്റെ സംസ്ഥാപനത്തിന്ന് അന്തസ്സാര്‍ന്ന ജീവിതം അനിവാര്യമായതുപോലെ അതിന്റെ പരിരക്ഷണത്തിനു ജീവ ത്യാഗവും അപരിത്യാജ്യമാണ്.അത് കൊണ്ടാണല്ലോ ഖുര്‍ആനില്‍ രക്തസാക്ഷ്യത്തിന്റെ മഹത്ത്വവും രക്തസാക്ഷികളുടെ മഹിമയും ഉദ്ഘോഷിച്ചിട്ടുള്ളത്.
   "  നിങ്ങള്‍ക്കിപ്പോള്‍ മുറിവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പു)അവര്‍ക്കും അതുപോലെ മുറിവുകള്‍ പറ്റിയിട്ടുണ്ട്.ആ (യുദ്ധ)ദിവസങ്ങളിലെ ജയപരാജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്.വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയാനും നിങ്ങളില്‍നിന്നു രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കാനുംകൂടിയാണിത്.അല്ലാഹു ആക്രമികളെ ഇഷ്ടപ്പെടുകയില്ല"  (ആലുഇംറാന്‍ -140)ഈ വാക്യം നല്‍കുന്ന സന്ദേശം സുവ്യക്തമാണ്.രക്തസാക്ഷികളുടെ സൃഷ്ടിപ്പ് അല്ലാഹുവിന്റെ താല്‍പ്പര്യമാണന്ന ഭാഗം ഏറെ ശ്രേദ്ധേയമാണ്.ആദര്‍ശമനുസരിച്ചു ജീവിക്കാനാണ് ആളുകളുണ്ടാവേണ്ടത്.മരിക്കാനെല്ലന്ന കപട പണ്ഡിതധോരണി ഈ വിശുദ്ധവാക്യത്തിന്നു മുമ്പില്‍ നിഷ്പ്രഭമാവുകയാണ്.
   "  തീര്‍ച്ചയായും സത്യവിശ്വാസികളില്‍നിന്നു സ്വര്‍ഗത്തിന്നു പകരമായി അവരുടെ ദേഹങ്ങളും ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു.അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യും.അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു...."   (thauba-111)ദൈവികമാര്‍ഗത്തില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതു വിശ്വാസികളുടെ കടമയാണെന്നു വളരെ വ്യക്തം.
   കണ്ണുള്ളവര്‍ കാണുമ്പോള്‍ കുരുടന്‍മാര്‍ പകല്‍വെളിച്ചത്തിലും തപ്പിനടക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"